Links

എന്താണ് മതം?

സെമിറ്റിക് മതങ്ങൾ എന്ന് പറഞ്ഞ് പ്രത്യേക മതങ്ങൾ ഇല്ല. അങ്ങനെ പറയുമ്പോൾ സെമിറ്റിക്കും അല്ലാത്തതുമായ മതങ്ങൾ ഉണ്ട് എന്ന തെറ്റിദ്ധാരണ ഉണ്ടാകും. സെമിറ്റിക് എന്ന് പറഞ്ഞാൽ ഹീബ്രു, അറബിക് , അറാമിക് മുതലായ ഭാഷകളെ പരാമർശിക്കാൻ ഉപയോഗിക്കുന്ന പദമാണ്. ഈ ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങളിൽ രൂപം കൊണ്ട മതങ്ങളെ സെമിറ്റിക് മതങ്ങൾ എന്ന് പറയുന്നു എന്നല്ലാതെ ആ മതങ്ങൾക്ക് വേറെ പ്രത്യേകത ഒന്നുമില്ല. പലരും ഹിന്ദുവും ഒരു മതം ആണ് എന്ന് വരുത്തിത്തീർക്കാനാണ് സെമിറ്റിക് മതങ്ങൾ എന്ന വിശേഷണം ഉപയോഗിക്കുന്നത്.

ഏത് മതവും മതം തന്നെയാണ്. സെമിറ്റിക് ഭാഷകൾ സംസാരിക്കുന്ന ആഫ്രോ ഏഷ്യൻ രാജ്യങ്ങളിൽ രൂപം കൊണ്ട ജൂത-ക്രിസ്ത്യൻ-മുസ്ലീം മതങ്ങൾ ആയാലും ഇന്ത്യയിൽ രൂപം കൊണ്ട സിഖ്-ബൗദ്ധ-ജൈന മതങ്ങൾ ആയാലും എല്ലാം മതങ്ങൾ തന്നെയാണ്. ഒരു മതം ഉണ്ടാകണമെങ്കിൽ ഒരു സിദ്ധനെയും ഒരു ഗ്രന്ഥത്തെയും മുൻ നിർത്തി ഒരു കൂട്ടം ആൾക്കാരെ ചേർത്ത് രൂപീകരിക്കപ്പെടണം. അല്ലാതെ തനിയെ മതം ഉണ്ടാകില്ല. സിദ്ധൻ എന്ന് പറഞ്ഞാൽ ദൂതൻ എന്നോ പ്രവാചകൻ എന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടാം. ഏത് മതത്തിനും ഇപ്രകാരം ഒരേയൊരു സിദ്ധൻ അല്ലെങ്കിൽ ഗുരു അതുമല്ലെങ്കിൽ ഒരു ദൂതനോ പ്രവാചകനോ ഉണ്ടാകും. അത് പോലെ ഒരേയൊരു വിശുദ്ധ ഗ്രന്ഥവും ഉണ്ടാകും. വിശ്വാസികൾക്ക് ആ ഒരൊറ്റ ദൂതനും ആ ഒരൊറ്റ ഗ്രന്ഥവും പാവനവും അലംഘനീയവും ആയിരിക്കും. ഇതൊക്കെ ഉള്ള ഒരു വിശ്വാസി സമൂഹത്തെയാണ് മതം എന്ന് പറയുന്നത്.
ഹിന്ദു എന്നൊരു മതം ആരെങ്കിലും രൂപീകരിച്ചിരുന്നോ? ഹിന്ദുക്കൾക്ക് ഒരേയൊരു സിദ്ധനോ ഗുരുവോ ദൂതനോ പ്രവാചകനോ ഉണ്ടോ? ഹിന്ദുക്കൾക്ക് ഒരേയൊരു വിശുദ്ധഗ്രന്ഥം ഉണ്ടോ? ഇല്ല. ഇല്ലേയില്ല. ഹിന്ദുക്കൾ എന്നാൽ ഒരു പൊതുവായ പേരാണ്. ആദിവാസികൾ തൊട്ട് അനേകം ജാതി ഉപജാതി വിഭാഗങ്ങളെ മൊത്തത്തിൽ പറയുന്ന പേരാണ് ഹിന്ദുക്കൾ എന്നത്. അതൊരു മതം ആണെന്ന് ഒരു തരത്തിലും പറയാൻ കഴിയില്ല. ലോകത്ത് പല മതങ്ങൾ രൂപീകരിക്കപ്പെട്ടു. ഇന്ത്യയിലും മതങ്ങൾ ഉണ്ടാക്കപ്പെട്ടു. അത്തരം മതങ്ങളിൽ കുറേ ഹിന്ദുക്കൾ ചേർന്നു. മഹാഭൂരിപക്ഷം ഹിന്ദുക്കളും ഒരു മതത്തിലും ചേരാതെ അവരവരുടെ ജാതികളിൽ ഉറച്ചു നിന്നു. ആ ജാതി സമൂഹങ്ങളിൽ പെടുന്ന മൊത്തം ജനങ്ങളെയാണ് ഹിന്ദുക്കൾ എന്ന് പറയുന്നത്.
ഇനി മതങ്ങളുടെ സിദ്ധന്മാരെയും ദൂതന്മാരെയും പ്രവാചകന്മാരെയും നോക്കാം. അതൊക്കെ വെറും അവകാശവാദങ്ങൾ മാത്രമാണ്. അത്ഭുത സിദ്ധിയുള്ള ഒരു മനുഷ്യക്കുഞ്ഞിനെയും ഒരു സ്ത്രീയും പ്രസവിച്ചിട്ടില്ല. സ്ത്രീയും പുരുഷനും ഇണചേർന്ന് ഉണ്ടാകുന്ന ഭ്രൂണം വളർന്നാണ് ഒരു ശിശു ജനിക്കുന്നത്, ആ ശിശു ആണ് ഒരു മനുഷ്യവ്യക്തിയായി വളരുന്നത്. അങ്ങനെയുള്ള ഒരു വ്യക്തിയിലും സിദ്ധത്വമോ ദിവ്യത്വമോ ഉണ്ടാകില്ല. ഒരു അത്ഭുത മനുഷ്യനും ഭൂമിയിൽ ജനിച്ചിട്ടില്ല ജനിക്കാനും പോകുന്നില്ല. അതുകൊണ്ട് മതങ്ങളുടെ അവകാശവാദങ്ങൾ മുഴുവനും പൊള്ളയാണ് നുണകളാണ്.
ഇന്നത്തെ കാലത്ത് ആളുകളുടെ കൂട്ടായ്മകളിൽ രാഷ്ട്രീയപാർട്ടികൾ ഉണ്ടാക്കുന്നത് പോലെ പണ്ട് കാലത്ത് മതങ്ങൾ ഉണ്ടാക്കി എന്നല്ലാതെ മതങ്ങൾക്കോ മതവിശ്വാസങ്ങൾക്കോ ഒരു പാവനത്വവും ഇല്ല. മതം ഉണ്ടാക്കുന്ന പണിയും മതങ്ങൾ തന്നെയും കാലഹരണപ്പെട്ടു കഴിഞ്ഞതാണ്. ഇനി ആരും മതം ഉണ്ടാക്കില്ല. ഇന്നത്തെ ജനാധിപത്യ യുഗത്തിൽ മനുഷ്യർക്ക് മതം എന്ന നുണക്കൂട്ടായ്മകൾ ആവശ്യവും ഇല്ല. മനുഷ്യർ മനുഷ്യർ എന്ന വിശാല കൂട്ടായ്മയുടെ ഭാഗമായാൽ മതി.
നമ്മൾ സഞ്ചരിക്കുന്നത് ഭാവിയെ നോക്കിയിട്ടാണ്. അതുകൊണ്ട് ഭാവിയിൽ പ്രസക്തമാകുന്ന ചിന്തകളും കാഴ്ചപ്പാടുകളും ദർശനങ്ങളുമാണ് നമുക്ക് വേണ്ടത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്തിൽ ജീവിച്ചുകൊണ്ട് അമ്പിൻ്റെയും വില്ലിൻ്റെയും ഭൂതകാലത്തിലേക്ക് തിരിഞ്ഞു നടന്നത് കൊണ്ട് ഒരു നേട്ടവും ഇല്ല. വർത്തമാന കാലത്തെ സത്യങ്ങളെ മനസ്സിലാക്കി ഭാവിയുടെ വെല്ലുവിളികളെ ഏറ്റെടുക്കാൻ ബുദ്ധിയെയും വിവേകത്തെയും സജ്ജമാക്കുകയാണ് വേണ്ടത്.

ലവ് ജിഹാദും 32,000 ൻ്റെ കണക്കും

ലവ് ജിഹാദിന് സംഘടനയോ ഭാരവാഹികളോ മിനിറ്റ്സ് ബുക്കോ ഒന്നും ഇല്ല. അതുകൊണ്ട് ലവ് ജിഹാദ് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നും, ഇല്ലേ ഇന്ന് ചോദിച്ചാൽ ഉണ്ട് എന്നും പറയേണ്ടി വരും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതും അല്ല. പണ്ട് നാട്ടിൽ ഒരു ജിഹാദിൻ്റെ കഥ പറഞ്ഞ് ഞങ്ങൾ ചിരിക്കുമായിരുന്നു. ആ കഥ ഇങ്ങനെ:

നെല്ല് കച്ചവടക്കാരൻ ഒരു മാപ്പിള അവിൽ ഇടിക്കാൻ നെല്ലിന് പതിവായി പീടികയിൽ വന്നിരുന്ന ഒരു ഹിന്ദു യുവതിയെ മൂന്നാം കെട്ട് കെട്ടി ബീവിയാക്കി. അച്ഛൻ കൃഷ്ണൻ ചാറ്റൽ മഴയുള്ള ഒരു ദിവസം കുടയുമെടുത്ത് മകളെ കാണാൻ പോയി. മോളെ കണ്ട് സുഖവിവരം അന്വേഷിച്ച് തിരിച്ചു നടന്ന കൃഷ്ണനെ പുത്തൻ ബീവി പിന്നിൽ നിന്ന് വിളിച്ച്, കിട്ടാ കൊട അങ്ങെടുത്തോ എന്ന് പറഞ്ഞു. കുട വെച്ച് മറന്നു പോയ കൃഷ്ണൻ തല കുനിച്ചുകൊണ്ട് കുടയും എടുത്ത് വീട്ടിലേക്ക് നടന്നു. ഇതാണ് കഥ. അന്നൊക്കെ മുസ്ലീം കുട്ടികൾ പോലും പ്രായമുള്ള ഹിന്ദുക്കളെ പേരാണ് വിളിച്ചിരുന്നത്, അങ്ങനെയാണ് അച്ഛൻ കൃഷ്ണൻ മതം മാറിയ മോൾക്ക് കിട്ടൻ ആയത്.
പ്രേമിക്കുക കല്യാണം കഴിക്കുക മതം മാറ്റുക ഇങ്ങനെ മതത്തിലേക്ക് ആളെ കൂട്ടുന്നതിനാണ് ലവ് ജിഹാദ് എന്ന പേര് വന്നത്. അപ്പോൾ അന്ന് എൻ്റെ നാട്ടിലെ കൃഷ്ണൻ്റെ മകൾ മുതൽ ഇന്ന് വരെ എത്ര പേരെ കേരളത്തിൽ മതം മാറ്റിയിരിക്കും. കണക്ക് നോക്കിയാൽ 32,000 ഒന്നുമായിരിക്കില്ല. വിവരാവകാശ നിയമപ്രകാരം കിട്ടിയ കണക്കാണ് ഈ 32,000 എന്നാണത്രെ കേരള സ്റ്റോറിയുടെ നിർമ്മാതാക്കൾ പറയുന്നത്. മാധവിക്കുട്ടി എന്ന മലയാളത്തിൻ്റെ പ്രിയങ്കരിയായ കവയിത്രി തന്നെ ഈ ലവ് ജിഹാദിൻ്റെ ഇരയായിരുന്നില്ലേ? പ്രണയാർദ്രമായ മനസ്സിൻ്റെ ഉടമയായിരുന്ന അവരെ ലവ് ജിഹാദിൽ പെടുത്തി വഞ്ചിക്കുകയല്ലേ ചെയ്തത്. പിന്നീട് അവർക്ക് സ്വന്തം പൈതൃകത്തിലേക്ക് തിരിച്ചു വരാനും പറ്റിയില്ല. ചുറ്റും കാവൽ നിൽക്കുകയായിരുന്നല്ലോ ജിഹാദി കാവലാളുകൾ. മരണപ്പെട്ടപ്പോൾ മൃതദേഹത്തിന് പോലും കാവൽ. എത്ര ദു:ഖം കടിച്ചിറക്കിയിട്ടായിരിക്കും ആ അനുപമ സാഹിത്യകാരി മരണത്തിന് കീഴടങ്ങിയിരിക്കുക.
ലവ് ജിഹാദ് ഒരു സാമൂഹ്യപ്രശ്നം ആയി കേരളത്തിൽ നീറിപ്പുകയാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷെ ലവ് ജിഹാദ് എന്ന് മിണ്ടാൻ പാടില്ല. ഹിന്ദുക്കളും കൃസ്ത്യാനികളും ഇത് സഹിച്ചോളണം. സ്വന്തം മകളെ, സഹോദരിയെ ലവ് ജിഹാദിന് ഇരയാക്കിക്കൊടുത്തോളണം. മറുത്തൊന്നും മിണ്ടരുത്. ലവ് ജിഹാദിനെ കരുതിയിരിക്കണം എന്ന് സ്വന്തം സമൂഹത്തോട് പറഞ്ഞ ബിഷപ്പിനെതിരെ എന്തൊരു കടന്നാക്രമണം ആണ് നടത്തിയത്. മുസ്ലീങ്ങൾക്കും കോൺഗ്രസ്സുകാർക്കും മാർക്സിസ്റ്റുകാർക്കും ലവ് ജിഹാദ് എന്ന് കേൾക്കുമ്പോൾ ചൊറിഞ്ഞു കയറുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ മകൾ ലവ് ജിഹാദിന് ഇരയായപ്പോൾ കരയുന്ന ആ അച്ഛനോട് മാർക്സിസ്റ്റ് കോൺഗ്രസ്സ് മതേതരർ പറഞ്ഞത് നീ നിൻ്റെ മകളെ വളർത്തിയില്ലേ അവൾക്ക് പ്രായപൂർത്തിയായില്ലേ ഇനി അവൾ തോന്നിയ പോലെ പോകും മിണ്ടരുത് എന്നാണ്.
മൂന്ന് തട്ടമിട്ട യുവതികൾക്ക് നടുവിൽ തട്ടമിടാത്ത ഒരു ഹിന്ദു പെൺകുട്ടി, പിന്നെ ആ ഹിന്ദു പെൺകുട്ടി തട്ടമിട്ട് മുസ്ലീം വരനെ നിക്കാഹ് ചെയ്യുന്നു. ഇക്കഴിഞ്ഞ ദിവസം കണ്ട ഫോട്ടോ ആണ്. ഈ ഫോട്ടോ പെൺമക്കൾ ഉള്ള ഹിന്ദു കൃസ്ത്യൻ കുടുംബങ്ങളിൽ ആശങ്ക ഉണ്ടാക്കില്ലേ? വല വീശുകയാണ്, മസ്തിഷ്ക്ക പ്രക്ഷാളനം ചെയ്യുകയാണ് എന്നിട്ട് കല്യാണം കഴിച്ച് മതം മാറ്റുകയാണ്. ഈ സംഗതിക്കാണ് ആരോ ലവ് ജിഹാദ് എന്ന് പേരിട്ടത്. ഈ ആശങ്ക പങ്ക് വെക്കുമ്പോൾ ചോദിക്കുകയാണ് ലവ് ജിഹാദിന് തെളിവുണ്ടോ എന്ന്. എങ്ങനെ തെളിവ് കൊടുക്കാനാണ്. ഇരയാക്കപ്പെടുന്ന പെണ്ണ് പോലും അറിയുന്നില്ലല്ലോ ഞാൻ ലവ് ജിഹാദിൻ്റെ ഇരായാകാൻ പോകുകയാണെന്ന്. പ്രായത്തിൻ്റെ അപക്വത മൂലം പ്രണയത്തിൽ പെട്ടുപോവുകയാണ് പെൺകുട്ടികൾ. പക്ഷെ പ്രണയം നടിച്ച് വശത്താക്കുന്ന യുവാവ് മനസ്സിൽ ഉറപ്പിക്കുന്നു ഇവളെ ഞാൻ എൻ്റെ മതത്തിന് മുതൽക്കൂട്ടും എന്ന്. ആ യുവാവിൻ്റെ മനസ്സിലുള്ള പ്ലാൻ ആണ് ലവ് ജിഹാദ്. അതിനെങ്ങനെ തെളിവ് കൊടുക്കാനാണ്. മാനുഷിക പ്രേമം ആയിരുന്നെങ്കിൽ എന്തിന് മതം മാറ്റണം. പ്രേമത്തിൽ മതം കയറ്റിയാൽ അതെന്ത് പ്രേമമാണ്. അത് ചതിയല്ലേ.
ഇത് ഒരു മാതിരി അധിനിവേശം തന്നെയല്ലേ? മതം വ്യാപിപ്പിക്കൽ എന്ന അധിനിവേശം. അതിൽ മറ്റുള്ളവർക്ക് ആശങ്കപ്പെടാൻ പോലും അവകാശമില്ല എന്ന് പറയുന്നത് എന്ത് തരം മതേതരത്വവും മതസൗഹാർദ്ധവുമാണ്. മത സൗഹാർദ്ധം വേണമെങ്കിൽ കല്യാണം കഴിക്കുന്ന മുസ്ലീം വരൻ്റെ കൂടെ വധുവായ ഹിന്ദു/കൃസ്ത്യൻ യുവതിക്ക് മതം മാറാതെ ഒന്നിച്ച് ജീവിയ്ക്കാൻ കഴിയണ്ടേ? അത് പറ്റില്ല. മതം മാറലും തട്ടമിടീക്കലും ഒപ്പം മതസൗഹാർദ്ദവും നിർബ്ബന്ധമാണ്. വിട്ടുവീഴ്ചയില്ലാത്ത മതനിർബന്ധങ്ങളും മതസൗഹാർദ്ധവും ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങനെ സാധ്യമാകും?
മതപരിവർത്തനം നിയമം മൂലം നിരോധിക്കാനും ജനാധിപത്യത്തിൽ സാധ്യമല്ല. അതുകൊണ്ട് ലവ് ജിഹാദ് എന്ന പ്രതിഭാസം പല കുടുംബങ്ങളിലും അശാന്തിയും നിരന്തര കണ്ണീരും ഉണ്ടാക്കുന്ന സംഗതിയാണ്. പെൺമക്കൾ ഉള്ള രക്ഷിതാക്കൾ അവരുടെ മക്കളുടെ കൂട്ടുകാരികൾ ആരൊക്കെയാണ് എന്ന് നിരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നതാണ് കേരള സ്റ്റോറി എന്ന സിനിമ. ആ സിനിമയോടുള്ള എതിർപ്പിന് കാരണവും ആ പ്രേരണ തന്നെ. പക്ഷെ ആ എതിർപ്പ് തന്നെ മറ്റുള്ളവർക്ക് സ്വീകാര്യമാകുന്നതിനും കാരണമാകുന്നു. കേരള സ്റ്റോറി അതുകൊണ്ട് തന്നെ വൻ വിജയം ആകാനാണ് പോകുന്നത്. #TheKeralaStory

ഏകീകൃത സിവിൽ നിയമം വരുന്നു, സാഗതം ചെയ്യാം നമുക്ക് ..


കോൺഗ്രസ്സ് പാർട്ടിയുടെ ശവപ്പെട്ടിയിൽ അടിക്കാനുള്ള അവസാനത്തെ ആണിയും അണിയറയിൽ തയ്യാറാവുകയാണ്. അതാണ് യൂനിഫോം സിവിൽ കോഡ്. അതൊരു ബിൽ ആയി അവതരിപ്പിച്ച് പാർലമെൻ്റിൽ പാസ്സാക്കിയെടുക്കാനാണ് ബെ.ജെ.പി. ഉദ്ദേശികുന്നത്. അങ്ങനെ അടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയം ഏകീകൃത സിവിൽ നിയമം ആയിരിക്കും. അതോടെ രാജ്യത്തെ കോൺഗ്രസ്സുകാർക്ക് ഹാലിളകും. മാർക്സിസ്റ്റുകാർക്ക് എന്ത് ഇളകിയാലും ആ ഇളക്കം കേരളം എന്ന ഇട്ടാവട്ടത്തിൽ മാത്രമല്ലേ ഉണ്ടാകൂ. അല്ലെങ്കിലും കേരളത്തിലെ 20 പാർലമെൻ്റ് സീറ്റുകളും ശരീയത്തിന് അനുകൂലമായിരിക്കും. തൃശൂരിൽ ജയിക്കും എന്ന് ബി.ജെ.പി.ക്കാർ പ്രതീക്ഷ വയ്ക്കുന്നുണ്ട്. അത് കണ്ട് കൊണ്ട് അറിയണം. എന്തായാലും ഇക്കാര്യത്തിൽ സി.പി.എമ്മിന് ഒന്നും സംഭവിക്കാനില്ല. പക്ഷെ കോൺഗ്രസ്സുകാർ ശരീയത്തിന് അനുകൂലമായി തെരുവിൽ ഇറങ്ങുന്നതോടെ ആ പാർട്ടി രാജ്യത്ത് നിന്ന് തുടച്ചു നീക്കപ്പെടാൻ പോവുകയാണ്.

ഏകീകൃത സിവിൽ നിയമത്തെ മഹാഭൂരിപക്ഷം ഹിന്ദുക്കളും കൃസ്ത്യാനികളും പിന്നെ എല്ലാ പുരോഗമന ചിന്തകരും അംഗീകരിക്കും. കൂടാതെ അത് നടപ്പാക്കണം എന്ന് ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശക തത്വങ്ങളിൽ എഴുതി വെക്കുകയും സുപ്രീം കോടതി അക്കാര്യം കേന്ദ്രസർക്കാരിനെ ഓർമ്മപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2014 ലും 2019 ലും ഈ നിയമം നടപ്പാക്കും എന്ന് ബി.ജെ.പി. വാഗ്ദാനം ചെയ്തതാണ്. ഇനി വാഗ്ദാനമില്ല. ഏകീകൃത സിവിൽ കോഡ് പാർലമെൻ്റിൽ അവതരിപ്പിച്ചിട്ടാണ് 2024 ലെ തെരഞ്ഞെടുപ്പിനെ ബി.ജെ.പി. നേരിടുക. അതോടെ ദേശവിരുദ്ധർ പേടിക്കുന്ന മൂന്നിൽ രണ്ട് ഭൂരിപക്ഷം ബി.ജെ.പി.ക്ക് കിട്ടുകയും കോൺഗ്രസ്സ് ഇല്ലാതാവുകയും ചെയ്യും. ഏകീകൃത സിവിൽ നിയമത്തെ അനുകൂലിക്കുകയാണെങ്കിൽ കോൺഗ്രസ്സിന് പിടിച്ചു നിൽക്കാൻ പറ്റും. പക്ഷെ മുസ്ലീങ്ങളെ സുഖിപ്പിക്കുക എന്ന അജണ്ടയല്ലാതെ മറ്റൊരു നിലപാടും ഇല്ലാത്ത കോൺഗ്രസ്സിന് അത് കഴിയില്ല.
ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഈ രാജ്യത്ത് എല്ലാ പൗരന്മാർക്കും ഒരൊറ്റ സിവിൽ ക്രിമിനൽ നിയമങ്ങൾ മാത്രമേ പറ്റൂ. പക്ഷെ ഈ മതേതരത്വം നടപ്പാക്കാൻ സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. അതും ബി.ജെ.പി. ഒരൊറ്റ പാർട്ടി എന്ന നിലയിൽ വളർന്നു വരികയും ആരെയും ആശ്രയിക്കാതെ ഭരിക്കാൻ കഴിയും എന്ന നിലയിൽ ജനപിന്തുണ ആർജ്ജിച്ചത് കൊണ്ട് മാത്രം. കോൺഗ്രസ്സ് എന്ന മുസ്ലീം പ്രീണന, ഹിന്ദു വിരുദ്ധ പാർട്ടിയാണ് ഇപ്പോഴും ഭരിക്കുന്നതെങ്കിൽ ഈ നിയമത്തെ പറ്റി സംസാരിക്കാൻ പോലും കഴിയില്ലായിരുന്നു. ശരീയത്ത് ഇല്ലാതെ ജീവിയ്ക്കാൻ കഴിയില്ല എന്ന കടുത്ത നിലപാടുള്ള മുസ്ലീങ്ങൾക്ക് ഇന്ത്യ വിട്ട് പോകേണ്ടി വരും. കോൺഗ്രസ്സുകാർ എവിടെ പോകും എന്നറിയില്ല. ഇവിടെ എല്ലാ പൗരന്മാരും ഒരൊറ്റ നിയമം അനുസരിച്ച് ജീവിയ്‌ക്കേണ്ടി വരും.
എന്താണ് ഈ ശരീയത്ത് നിയമം? അത് ആറാം നൂറ്റാണ്ടിൽ മുഹമ്മദ് നബി എന്ന ഭരണാധികാരി അറേബ്യയിൽ സ്വേച്ഛാപരമായി നടപ്പാക്കിയതാണ്. ആ പ്രാകൃത നിയമത്തിന് ഈ ആധുനിക കാലത്ത് ഇന്ത്യയിൽ എന്ത് പ്രസക്തിയാണുള്ളത് എന്ന് ചിന്തിക്കാൻ കോൺഗ്രസ്സുകാർക്ക് കഴിയണ്ടേ? ശരീയത്ത് എന്നാൽ അള്ളാ ഇറക്കി തന്ന നിയമം ആണെന്ന് മുസ്ലീങ്ങൾ അവകാശപ്പെടുന്നുണ്ട്. ആ അവകാശവാദം മുസ്ലീങ്ങളും കോൺഗ്രസ്സുകാരും അല്ലാതെ മറ്റൊരാളും മുഖവിലയ്ക്ക് എടുക്കുകയില്ല. ഇനി ആരാണ് ഈ അള്ളാ എന്നറിയണ്ടേ? ആറാം നൂറ്റാണ്ടിൽ അറേബ്യയിൽ അനേകം ഗോത്രങ്ങളും ഓരോ ഗോത്രത്തിനും ആരാധിക്കാൻ ഓരോ ഗോത്ര ദേവനും ഉണ്ടായിരുന്നു. അങ്ങനെ മുഹമ്മദിൻ്റെ ഗോത്രം ആരാധിച്ചിരുന്ന ദേവൻ ആയിരുന്നു അള്ളാ. മുഹമ്മദ് അറേബ്യയിൽ അധികാരം കൈക്കലാക്കിയപ്പോൾ മറ്റെല്ലാ ഗോത്രദേവന്മാരെയും ആരാധിക്കുന്നത് നിരോധിച്ചു. എൻ്റെ ഗോത്രദേവൻ ആയ അള്ളാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് ഉത്തരവിറക്കി. ഇത് ചരിത്രത്തിലെ ഒരു യാദൃച്ഛിക സംഭവം മാത്രമാണ്. മുഹമ്മദിന് പകരം മറ്റൊരു ഗോത്രക്കാരൻ ആയിരുന്നു അധികാരം പിടിച്ചതെങ്കിൽ ആ ഗോത്രക്കാരൻ്റെ ദേവൻ ആരാധിക്കപ്പെടുമായിരുന്നു. സാർവ്വലൗകികമായ ദൈവം എന്ന സങ്കല്പവുമായി അള്ളാഹുവിന് ഒരു ബന്ധവും ഇല്ല.
കോൺഗ്രസ്സുകാരും ഫെയിക്ക് മതേതരവാദികളും എന്തിനാണ് ആറാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസങ്ങളെ ഇത്രമാത്രം താലോലിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. എന്തായാലും നമുക്ക് നമ്മുടെ ഹൈന്ദവ സംസ്ക്കാരത്തെ ആധുനിക വിജ്ഞാനവുമായി സമന്വയിപ്പിച്ച് പരിപോഷിപ്പിക്കേണ്ടതുണ്ട്. ഹിന്ദു എന്നാൽ ഇന്ത്യയിൽ ജനിച്ച ഓരോ ഇന്ത്യൻ പൗരൻ്റെയും വിളിപ്പേര് ആണെന്ന് ആറെസ്സെസ്സും ബി.ജെ.പി.യും ആവർത്തിച്ച് പറയുന്നുണ്ട്. എല്ലാ മതക്കാരും ഹിന്ദു എന്ന സംജ്ഞയിൽ വരും. പക്ഷെ ആ ഹിന്ദു വേറെ ബി.ജെ.പി.യുടെയും ആറെസ്സെസ്സിൻ്റെയും ഹിന്ദു വേറെ എന്ന് മുസ്ലീങ്ങളും കോൺഗ്രസ്സുകാരും പറയുന്നുണ്ട്. അങ്ങനെയൊരു പ്രത്യേക ഹിന്ദു ഇവിടെയില്ല. ബി.ജെ.പി.യും ആർ.എസ്.എസ്സും ഇവിടെയുള്ള ഹൈന്ദവ സംസ്ക്കാരവും ദേശീയതയും സംരക്ഷിക്കാനും , ഹൈന്ദവതക്കെതിരെയുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനുമാണ് നിലകൊള്ളുന്നത് എന്നത് നേരാണ്. അത് മുസ്ലീങ്ങൾക്കും കോൺഗ്രസ്സുകാർക്കും സഹിക്കുന്നില്ലെങ്കിൽ സഹിച്ചേ പറ്റൂ എന്ന് പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ട് ഏകീകൃത സിവിൽ നിയമം വരട്ടെ, അതിനെതിരെ തെരുവിൽ നിലവിളിക്കാൻ പോകുന്ന കോൺഗ്രസ്സുകാരെയോർത്ത് നമുക്ക് സഹതപിക്കാം.

വിരുദ്ധാഹാരം വിഷമോ?

പഴയ വിശ്വാസങ്ങൾ ആളുകളെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. പണ്ടത്തെ വിശ്വാസങ്ങൾ പലതും ശരിയല്ലെന്നും അവയൊക്കെ അന്നത്തെ ഊഹങ്ങളും അനുമാനങ്ങളും ആണെന്നും ഇന്ന് അവയെ പറ്റി കാര്യകാരണ സഹിതം വിശദീകരിക്കുന്ന അറിവുകൾ സയൻസിൽ ഉണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ട്. സയൻസ് എന്ന് പറയുന്നത് പ്രകൃതിയിലും പ്രപഞ്ചത്തിലും നടക്കുന്ന പ്രതിഭാസങ്ങളുടെ കാര്യകാരണങ്ങളുടെ കണ്ടെത്തലാണ്. തെളിയിക്കപ്പെട്ട വിവരങ്ങളാണ് സയൻസിൽ ഉള്ളത്. എന്നാൽ വിശ്വാസങ്ങളിൽ തെളിയിക്കപ്പെട്ട വിവരങ്ങൾ ഒന്നുമില്ല എന്ന് പറയേണ്ടി വരും.

അങ്ങനെയുള്ള വിശ്വാസങ്ങളിൽ ഒന്നാണ് വിരുദ്ധാഹാരം എന്നത്. ഈ വിശ്വാസപ്രകാരം ചില ആഹാരങ്ങൾ ഒരുമിച്ച് കഴിച്ചാൽ അത് വിഷം ആവുകയും ആ വിഷം ശരീരത്തിൽ കെട്ടിക്കിടന്ന് രോഗങ്ങളായി പുറത്ത് വരികയും ചെയ്യുന്നു. ഈ അന്ധവിശ്വാസത്തിൻ്റെ കാരണം എന്താണ് ആഹാരത്തിൻ്റെ ദഹനം എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ്. ആദ്യമായി മനസ്സിലാക്കേണ്ടത് വായ മുതൽ ഗുദം വരെയുള്ള ദഹന നാള (digestive tract) ത്തിൻ്റെ ഉൾഭാഗം ശരീരത്തിൻ്റെ അകമല്ല പുറംഭാഗമാണ് എന്നതാണ്. അതായത് ശരീരത്തിൽ കൂടി കടന്നു പോകുന്ന ഒരു കുഴൽ ആണിത്. ഇതിൻ്റെ രണ്ടറ്റവും പുറത്തേക്കാണ് തുറന്നിരിക്കുന്നത്. (ചിത്രം നോക്കുക) നമ്മൾ കഴിക്കുന്ന ആഹാരം ശരീരത്തിൻ്റെ അകത്ത് കടക്കുന്നത് ഈ ദഹനനാളത്തിൻ്റെ ഒരു ഭാഗമായ ചെറുകുടലിൽ ഉള്ള നേരിയ സുഷിരങ്ങളിൽ കൂടിയാണ്.
ഇങ്ങനെ ചെറുകുടലിലെ ഭിത്തിയിലുള്ള സുഷിരങ്ങളിൽ കൂടി കടക്കണമെങ്കിൽ ആഹാരം വിഘടിക്കപ്പെടേണ്ടതുണ്ട്. ആ പ്രക്രിയയെ ആണ് ദഹിക്കൽ അഥവാ ദഹനം എന്ന് പറയുന്നത്. ഓരോ ആഹാരപദാർത്ഥവും ദഹിക്കാൻ ഓരോ തരം എൻസൈമുകൾ ശരീരത്തിലെ അതാത് ഗ്രന്ഥികൾ സ്രവിക്കുന്നു. നമ്മൾ ആഹാരം ചവയ്ക്കുമ്പോൾ തന്നെ വായയിൽ വെച്ച് ഈ ദഹന പ്രക്രിയ തുടങ്ങുന്നു. പിന്നീട് ആമാശയവും കടന്ന് ചെറുകുടലിൽ എത്തുമ്പോൾ ദഹനം പൂർത്തിയായി അവിടെ വെച്ച് സുഷിരങ്ങൾ വഴി രക്തത്തിലാണ് ചേരുന്നത്. നമ്മൾ കഴിക്കുന്ന ആഹാരത്തിലെ കാർബോഹൈഡ്രേറ്റ് അഥവാ അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇതൊന്നും നേരിട്ട് രക്തത്തിൽ കലരാൻ പാടില്ല.
എന്ത് കഴിച്ചാലും ഭക്ഷണത്തിൽ കൂടി നമ്മുടെ ശരീരത്തിനു കിട്ടുന്നത് അന്നജം, പ്രോട്ടീൻ, കൊഴുപ്പ്. വൈറ്റമിനുകൾ, ധാതുലവണങ്ങൾ, വെള്ളം എന്നിങ്ങനെ ആറ് ഘടകങ്ങൾ മാത്രമാണ്. അതായത് ഈ ആറ് ഘടകങ്ങൾ മാത്രമാണ് ശരീരത്തിന് വേണ്ടത്. ഇതിൽ മൂന്ന് ഘടകങ്ങൾ അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ നേരിട്ട് രക്തത്തിൽ കലരാൻ പാടില്ല എന്ന് പറഞ്ഞല്ലോ. അന്നജം ഗ്ലൂക്കോസ് ആയും പ്രോട്ടീൻ അമിനോ ആസിഡുകളായും കൊഴുപ്പ് ഫാറ്റി ആസിഡുകളായും വിഘടിക്കപ്പെട്ടാണ് രക്തത്തിൽ കലരുന്നത്. അതായത് എന്ത് കഴിച്ചാലും ശരീരത്തിൽ കടക്കുന്നത് ഗ്ലൂക്കോസ് , അമിനോ ആസിഡ്സ് , ഫാറ്റി ആസിഡ് , വിവിധ വൈറ്റമിനുകൾ, മിനറൽസ് ആൻഡ് സാൾട്ട്സ്, വെള്ളം എന്നിവ മാത്രമാണ്.
കഴിക്കുന്ന എന്തും ആമാശയത്തിൽ വെച്ച് ഒരു മിശ്രിതം ആയിട്ടാണ് താഴോട്ട് ചെറുകുടലിൽ എത്തുന്നത്. അതൊക്കെ ദഹിച്ച് ഗ്ലൂക്കോസും അമിനോ ആസിഡുകളും ഫാറ്റി ആസിഡും ആയി രക്തത്തിൽ കലരുമ്പോൾ ഇത് മാംസത്തിൽ നിന്നാണോ അരിയിൽ നിന്നാണോ പരിപ്പിൽ നിന്നാണോ പാലിൽ നിന്നാണോ മുട്ടയിൽ നിന്നാണോ തൈരിൽ നിന്നാണോ എന്നൊന്നും ശരീരത്തിന് അറിയില്ല. അതുകൊണ്ടാണ് പറയുന്നത് വിരുദ്ധാഹാരം എന്നൊന്നില്ല. ഒന്നും ശരീരത്തിൽ കെട്ടിക്കിടക്കുകയും ഇല്ല. കാരണം രക്തം ഓരോ സെക്കൻ്റിലും ശുദ്ധീകരിക്കപ്പെടുകയും അനാവശ്യമായവ അപ്പപ്പോൾ പുറന്തള്ളുകയും ചെയ്യുന്നുണ്ട്. ഒരു വിഷവും ശരീരത്തിൽ നിൽക്കില്ല. അതിനാണ് നമ്മുടെ കിഡ്നിയും ലിവറും ഒക്കെ സദാ ജാഗരൂഗതയോടെ പ്രവർത്തിക്കുന്നത്.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് കൊളസ്ട്രോളിനെ പറ്റിയും രണ്ട് വാക്ക് പറയാം. ഡോക്ടർമാർക്കിടയിൽ ഇപ്പോഴും ഉള്ള അന്ധവിശ്വാസമാണ് നല്ലതും ചീത്തയും എന്ന് രണ്ട് തരം കൊളസ്ട്രോൾ ഉണ്ട് എന്നത്. അത് തെറ്റാണ് കൊളസ്ട്രോൾ ഒന്നേയുള്ളൂ. അത് കൊഴുപ്പല്ല. കൊഴുപ്പ് പോലത്തെ പദാർത്ഥമാണ്. മാംസാഹാരത്തിൽ മാത്രമേ കൊളസ്ട്രോൾ ഉള്ളൂ. അത് ദഹിക്കാനൊന്നുമില്ല. കൊളസ്ട്രോൾ നേരിട്ട് രക്തത്തിൽ കലരുകയാണ്. കൊളസ്ട്രോൾ ശരീരത്തിൻ്റെ വിവിധ ആവശ്യങ്ങൾക്ക് അനിവാര്യമാണ്. പ്രത്യേകിച്ച് പുതിയ കോശങ്ങൾ ഉണ്ടാകാൻ. നിങ്ങൾ മാംസാഹാരം ഒന്നും കഴിച്ചില്ലെങ്കിലും, ലിവർ ആവശ്യമുള്ള കൊളസ്ട്രോൾ നിർമ്മിക്കും. അതായത് ഗ്ലൂക്കോസ് കൊണ്ട് തന്നെ ലിവർ കൊളസ്ട്രോൾ ഉണ്ടാക്കിക്കോളും. HDL , LDL എന്ന് പറയുന്നത് കൊളസ്ട്രോൾ അല്ല, രക്തത്തിൽ കൂടി കോശങ്ങളിലേക്ക് കൊളസ്ട്രോൾ വഹിച്ചു കൊണ്ട് പോകുന്ന പായ്ക്കറ്റുകളാണ് അവ . കോളസ്ട്രോൾ ഒരിക്കലും അധികമോ കുറവോ ആകില്ല. ഇതിനെ പറ്റി മറ്റൊരു പോസ്റ്റിൽ എഴുതിയത് കൊണ്ട് ഇവിടെ ആവർത്തിക്കുന്നില്ല. അന്ധവിശ്വാസങ്ങൾ അകറ്റാൻ സയൻസ് മാത്രം. അതുകൊണ്ട് ചിലർ സയൻസിനെ വെറുക്കുന്നത് കഷ്ടമാണ്.

ത്രിപുര നൽകുന്ന പാഠം

ഹിന്ദുത്വ-വർഗ്ഗീയ-ഫാസിസം-ശൂലം ഗർഭിണി പോലുള്ള ക്ലീഷേകൾ കൊണ്ടൊന്നും കോൺഗ്രസ്സ് അടക്കമുള്ള വ്യാജമതേതര പാർട്ടികൾക്ക് ബി.ജെ.പി.യെ ഇന്ത്യയിൽ പരാജയപ്പെടുത്താൻ കഴിയില്ല. ഹിന്ദുത്വത്തിൽ വർഗ്ഗീയതയില്ല എന്ന തിരിച്ചറിവ് കൊണ്ടാണ് വടക്ക് കിഴക്കൻ മേഖലകളിൽ പോലും ബി.ജെ.പി.ക്ക് സ്വീകാര്യത ഏറുന്നത്. ജനങ്ങൾ ബി.ജെ.പി. ഭരണത്തെ വിലയിരുത്തുന്നുണ്ട്. ഒരു ഫാസിസവും വർഗ്ഗീയതയും കഴിഞ്ഞ ഒൻപത് വർഷത്തെ മോദി ഭരണത്തിൽ ജനങ്ങൾക്ക് കാണാൻ കഴിയുന്നില്ല. കേന്ദ്രത്തിൽ അഴിമതിയും ആർക്കും ആരോപിക്കാൻ കഴിയുന്നില്ല. അതേ സമയം രാജ്യം അഭിവൃദ്ധിയുടെയും വികസനത്തിൻ്റെയും പുരോഗതിയുടെയും പാതയിൽ ആണ് താനും. ഇതൊക്കെ ജനങ്ങൾ കാണുന്നില്ലേ? അവരോട് പോയിട്ട് വർഗ്ഗീയതയും ഫാസിസവും ശൂലവും ഗർഭിണിയും ചാണകവും പറഞ്ഞുകൊണ്ടിരുന്നാൽ ജനങ്ങൾ പൊട്ടന്മാരാണോ? നേരായ രീതിയിൽ പറയാൻ ഒരാശയവും ഇല്ല. കേന്ദ്രസർക്കാരിൽ ഭരണവിരുദ്ധവികാരം ഉണ്ടാക്കാൻ ഒരു അഴിമതിക്കഥയും കിട്ടുന്നില്ല. ആകെയുള്ള കച്ചിത്തുരുമ്പാണ് ഹിന്ദുത്വയും പശുവും ശൂലവും. ഇത് എത്ര നാൾ പറഞ്ഞുകൊണ്ടിരിക്കും? പറയുന്തോറും കോൺഗ്രസ്സ് ഉപ്പ് വെച്ച കലം പോലെയാകും. 

കേരളത്തിൻ്റെ സ്ഥിതി എന്താണ്? കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഇത്രയും കാലമായി മാറി മാറി ഭരിച്ചതിൻ്റെ ബാക്കിപത്രം എന്നത് ഇവിടെ ജനിക്കുന്ന ആൺകുട്ടികൾക്ക് ഒരു തൊഴിൽ കിട്ടണമെങ്കിൽ നാട് വിട്ട് പോകണം എന്നതാണ്. എൻ്റെ മകന് കേരളത്തിൽ ഒരു ജോലി കിട്ടും എന്ന് ഏതെങ്കിലും രക്ഷിതാവിന് പ്രതീക്ഷിക്കാൻ കഴിയുമോ? കേരളത്തെ ഇമ്മട്ടിൽ നശിപ്പിച്ചത് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തുന്നതും താങ്ങി നിർത്തുന്നതും കോൺഗ്രസ്സ് പാർട്ടിയാണ്. കോൺഗ്രസ്സുകാരുടെ ഭീരുത്വവും നിഷ്ക്രിയത്വവും ആണ് മാർക്സിസ്റ്റ് പാർട്ടിക്ക് വളം വെച്ചു കൊടുക്കുന്നത്. കേരളത്തിനു പുറത്ത് പോയി ജീവിതം പണയം വെച്ച് പ്രവാസികൾ അയക്കുന്ന പണം കൊണ്ടാണ് കേരളം ജീവിച്ചു പോകുന്നത്. എന്നിട്ട് നമ്പർ വൺ എന്നും സാക്ഷരർ എന്നും പ്രബുദ്ധർ എന്നും മേനി നടിക്കുന്നു. ഇവിടെ ബാംഗ്ലൂരിലുള്ള ഒരു മലയാളി സുഹൃത്ത് എന്നോട് പറഞ്ഞത് കേരളം കരാളം ആണെന്നാണ്. കാരണം കേരളത്തിൽ ആർക്കെങ്കിലും പേടി കൂടാതെ സംസാരിക്കാനോ നടക്കാനോ കഴിയുമോ? ഓരോ മലയാളിയും മാർക്സിസ്റ്റുകാരെ പേടിച്ചിട്ടാണ് കേരളത്തിൽ ജീവിയ്ക്കുന്നത്. ഈ പേടിയാണ് പാർട്ടിഫണ്ടായും അധികാരമായും മാർക്സിസ്റ്റുകാർ കൊയ്തെടുക്കുന്നത്. 

കേരളത്തിനും ഒരു മാറ്റം വേണ്ടേ? കേരളത്തിൽ വ്യവസായം വരണ്ടേ? കേരളത്തിൽ ജനിക്കുന്ന കുട്ടികൾക്ക് നാട്ടിൽ തന്നെ തൊഴിൽ കിട്ടണ്ടേ? കേരളത്തിൽ ആളുകൾക്ക് പേടി കൂടാതെ ജീവിയ്ക്കണ്ടേ? പേടി കൂടാതെ സംസാരിക്കാനും പുറത്തിറങ്ങി നടക്കാനും കഴിയണ്ടേ? മലയാളിയുടെ സ്വതസിദ്ധമായ ഭീരുത്വത്തിൽ നിന്ന് മോചനം വേണ്ടേ? കേരളം ഒരു വൃദ്ധസദനം ആയി മാറാതിരിക്കണ്ടേ? അടച്ചിട്ട വീടുകളിൽ ജീവിതം തളിരിടണ്ടേ? ഇതൊക്കെ വേണമെങ്കിൽ കേരളവും ബി.ജെ.പി.യെ പരീക്ഷിക്കണം. കേരളം ബി.ജെ.പി.ക്ക് ബാലികേറാമല ഒന്നുമല്ല. അതിനു ആദ്യമായി ജനങ്ങളുടെ പേടി മാറ്റുകയാണ് വേണ്ടത്. ഇതൊക്കെ പറഞ്ഞുകൊണ്ട് കേരളത്തിലെ ബി.ജെ,പി. നേതൃത്വത്തിനു എന്തുകൊണ്ട് തിരുവനന്തപുരം മുതൽ കാസർക്കോട് വരെ ഒരു പദയാത്ര നടത്തിക്കൂടാ? വേണമെങ്കിൽ ആ പദയാത്രയിൽ ഞാനും പങ്കെടുക്കാം. ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഞാൻ സംസാരിക്കാം. എനിക്ക് ബി.ജെ.പി.യിൽ അംഗത്വമോ പദവിയോ ഒന്നും വേണ്ട. കാര്യം പറഞ്ഞാൽ ജനങ്ങൾക്ക് മനസ്സിലാകുകയും അവരത് അംഗീകരിക്കുകയും ചെയ്യും എന്ന് എനിക്കുറപ്പുണ്ട്. 

അടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പിലും മോദി തന്നെയാണ് പൂർവ്വാധികം ഭൂരിപക്ഷത്തോടെ വിജയിച്ച് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നത്. അപ്പോഴും അധികാരത്തിൻ്റെ ശീതളച്ഛായയിൽ രാജ്യത്ത് യാതൊരു ഹിന്ദുത്വ വർഗ്ഗീയതയും ഫാസിസവും ഗർഭിണിശൂലവും ബി.ജെ.പി.സർക്കാർ നടപ്പാക്കാൻ പോകുന്നില്ല. എന്നാലോ കപട മതേതരക്കാർക്ക് അപ്പോഴും ഈ പഴകിപ്പുളിച്ച ക്ലീഷേ മാത്രമേ ബി.ജെ.പി.ക്കെതിരെ പറയാൻ കഴിയുകയുള്ളൂ താനും. അതേ സമയം രാജ്യത്തിൻ്റെ പുരോഗതിയും വികസനവും അഭംഗുരം മുന്നോട്ട് പോയി ഇന്ത്യ ലോകത്തെ നമ്പർ വൺ സാമ്പത്തികശക്തി ആവുകയും ചെയ്യും. ഇത് കേരളത്തിൽ പ്രവർത്തിക്കാനും ജനങ്ങളുടെ പിന്തുണ വർദ്ധിപ്പിക്കാനും അനുകൂലമായ സാഹചര്യം ബി.ജെ.പി.ക്ക് നൽകും. പരമ്പരാഗതശൈലി വിട്ട് ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ജനങ്ങളോട് സംസാരിക്കാൻ ബി.ജെ.പി. പ്രവർത്തകർ തയ്യാറായാൽ മതി. ബി.ജെ.പി.യോട് സഹകരിക്കാൻ മാനസികമായി തയ്യാറുള്ള നിരവധി ആളുകളുണ്ട്. പേടി കൊണ്ടാണ് അവർ പുറത്ത് വരാത്തത്. ആ പേടി മാറ്റാൻ കഴിയണം. അത് കഴിയുക തന്നെ ചെയ്യും. ബി.ജെ.പി,ക്കാർ തയ്യാറുണ്ടോ എന്നത് മാത്രമാണ് ഒരേയൊരു ചോദ്യം.

ജീവിതത്തിനൊരു ലക്ഷ്യം

 നിറയെ പണവും സ്വത്തുക്കളും സമ്പാദിച്ച് വെച്ചാൽ അതൊന്നും ഒരു പ്രായത്തിൽ ആർക്കും ഉതകാൻ പോകുന്നില്ല. ഒരു പ്രായം എന്നാൽ എല്ലാം വിട്ടുകൊടുത്ത് ഒരു കസേരയിൽ ഇരുന്ന് വിദൂരതയിലേക്ക് നോക്കി ഓർമ്മകൾ അയവിറക്കുന്ന ഒരു കാലം എല്ലാവരും അഭിമുഖീകരിക്കേണ്ടി വരുമല്ലോ ആ പ്രായത്തെ കുറിച്ചാണ് പറയുന്നത്. അപ്പോൾ നമുക്ക് ഉതകുക നമ്മുടെ ഓർമ്മകളായിരിക്കും. അതുകൊണ്ട് കുറെ ഓർമ്മകൾ ഇപ്പോഴേ കലക്റ്റ് ചെയ്ത് വെക്കുന്നത് നല്ലതാണ്. ഭാര്യയെയും മക്കളെയും കൂട്ടി യാത്രകൾ ചെയ്യുക. അത് മക്കൾക്കും നല്ല ഓർമ്മകളായിരിക്കും. ലോകവും മനുഷ്യരും എത്ര സുന്ദരമാണ്.

പണം സമ്പാദിക്കാൻ ഓടുന്നത് വ്യർത്ഥമാണ്. ജീവിതം എന്തെങ്കിലും സമ്പാദിച്ച് കൂട്ടാനുള്ളതല്ല. മക്കളെ ജീവിയ്ക്കാൻ പ്രാപ്തരാക്കിയാൽ മതി. അവർക്ക് വേണ്ടി സമ്പാദിച്ച് കൂട്ടിയാൽ അവർ അതിൻ്റെ മൂല്യം മനസ്സിലാക്കാതെ ധൂർത്തടിക്കുകയാണ് ചെയ്യുക. ആവശ്യത്തിനാണ് പണം സമ്പാദിക്കേണ്ടത്. ആവശ്യം എന്നത് അനാവശ്യമോ ധൂർത്തോ അല്ല. അവനവന് എന്തൊക്കെ ആവശ്യങ്ങൾ എന്ന് നിർണ്ണയിക്കേണ്ടതുണ്ട്. മറ്റുള്ളവർ എന്ത് ചെയ്യുന്നു, എന്തൊക്കെ സമ്പാദിക്കുന്നു എന്നല്ല നോക്കേണ്ടത് അവനവൻ്റെ സൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്താൻ എന്തൊക്കെ വേണം എന്നാണ് ചിന്തിക്കേണ്ടത്. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി ജീവിയ്ക്കരുത്. നേരെ മറിച്ച് മറ്റുളവരെ ബോധ്യപ്പെടുത്താനും, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വേവലാതിപ്പെട്ടും ആണ് ഇന്ന് ആളുകൾ ജീവിയ്ക്കുന്നത്. അത് ജീവിതമല്ല. അങ്ങനെ ജീവിച്ചാൽ ഓർക്കാനും ഒന്നും ഉണ്ടാവില്ല.
ജീവിതത്തിനു സ്വയമേവ ഒരു ലക്ഷ്യമോ ഉദ്ദേശമോ ഒന്നും ഇല്ല. എല്ലാവരും വളരെ യാദൃഛികമായി ജനിച്ചു പോകുന്നതാണ്. അതുകൊണ്ട് സ്വന്തം ജീവിതത്തിന് ഒരു ലക്ഷ്യം, ഒരു ഗോൾ അവനവൻ തന്നെ തീരുമാനിച്ചുറപ്പിച്ച് ആ ലക്ഷ്യത്തിലേക്കുള്ള പ്രായണമായിരിക്കണം ജീവിതം. അവനവൻ്റെ കൊക്കിൽ ഒതുങ്ങുന്ന ലക്ഷ്യം മാത്രം മതി. എല്ലാവർക്കും അമേരിക്കൻ പ്രസിഡണ്ട് ആകാൻ കഴിയില്ലല്ലോ. നല്ല മക്കളെ വളർത്തലും നല്ല കുടുംബം നയിക്കലും ഒരു ലക്ഷ്യമാണ്. ഈ ജീവ്തകാലത്തേക്ക് ഒരു ലക്ഷ്യം, അങ്ങനെ ഈ വർഷം ഇന്നതൊക്കെ ചെയ്യും നാളെ ഇന്നത് ചെയ്യും എന്നൊക്കെ ഇന്ന് തീരുമാനിക്കുക. എന്നിട്ട് സമയം പാഴാക്കാതെ, ഒന്നും നീട്ടി വെക്കാതെ എല്ലാം സമയബന്ധിതമായി പൂർണ്ണമായി ചെയ്യുക. അങ്ങനെ ജീവിച്ചാൽ നേരത്തെ പറഞ്ഞ കസേരയിൽ ഇരിക്കുന്ന പ്രായം വളരെ മനോഹരമായിരിക്കും.
സംതൃപ്തിയും സന്തോഷവും സമാധാനവും ആയിരിക്കണം ജീവിതത്തിൻ്റെ പരമമായ ലക്ഷ്യം. അനാവശ്യമായ വിവാദങ്ങളിലോ ഗുലുമാലുകളിലോ പോയി തല വെച്ചു കൊടുക്കേണ്ടതല്ല. നമ്മുടെ ജീവിതം നമ്മുടെ മാത്രം ആവശ്യവും ഉത്തരവാദിത്വവുമാണ്. നമ്മൾ ഈ ലോകത്ത് ഒരു സംഭവമേയല്ല. നമ്മൾ ഇല്ലെങ്കിലും ഈ ലോകത്തിനു ഒന്നും സംഭവിക്കില്ല. നമ്മൾ ഇല്ലെങ്കിലും ഈ ലോകം പതിവ് പോലെ മുന്നോട്ട് പോകും. ഈ ഒരു എളിമ നമ്മുടെ മനസ്സിൽ എപ്പോഴും വേണം. നമ്മൾ ആരേക്കാളും മുന്തിയവരോ വലിയവരോ അല്ല. അത് പോലെ നമ്മെക്കാളും മുന്തിയവരും വലിയവരും ആരുമില്ല. എന്തെങ്കിലും വലിപ്പം ഒരാളിൽ തോന്നുന്നെങ്കിൽ അത് അയാളിൽ സമൂഹം ആരോപിക്കുന്നതാണ്. ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങൾ എല്ലാവർക്കും ഒരു പോലെയാണ്, അത് പോലെ ജീവിതാന്ത്യവും. ആരും ജീവിതത്തിൽ നിന്ന് ഒന്നും അധികം എടുക്കുന്നില്ല.
മറ്റുള്ളവരോട് പകയും വിരോധവും വെറുപ്പും വെച്ചു പുലർത്തുമ്പോൾ അത് നമ്മുടെ മനസ്സിനെ തന്നെയാണ് അസ്വസ്ഥമാക്കുക. നമ്മുടെ വെറുപ്പിന് പാത്രമായവർ അതറിയുന്നേയില്ല. അവരപ്പോൾ ഉല്ലസിക്കുകയായിരിക്കും. നമ്മൾ ശത്രുവിനെ ഓർത്ത് വിഷമിക്കുക, ശത്രു അപ്പോൾ ഉല്ലസിക്കുക എന്തൊരു കഷ്ടമാണത്. അതുകൊണ്ട് മനസ്സിൽ ആരെയും ശത്രുക്കളായി പ്രതിഷ്ഠിക്കാതിരിക്കുക. ദ്വേഷ്യവും കോപവും വഴക്കും ഒന്നും നമുക്ക് ഒഴിവാക്കാൻ കഴിയില്ല. പക്ഷെ അതൊക്കെ അപ്പപ്പോൾ ക്ലോസ് ചെയ്യുക. എന്നിട്ട് മനസ്സിനെ ക്ലീയർ ആക്കുക. ഒന്നും ഓർമ്മയിൽ ചുമക്കേണ്ടതില്ല. നല്ല ഓർമ്മകൾ മാത്രം മനസ്സിൽ സൂക്ഷിക്കുക.
പരിണാമപരവും ജനിതകപരവുമായി മൃഗീയ വാസനകളും ചോദനകളും നമ്മൾ എല്ലാവരിലും ഉണ്ട്. നമ്മൾ ശൂന്യതയിൽ നിന്ന് പൊട്ടിമുളച്ചതല്ല. നമ്മൾ ജനിതകത്തുടർച്ചയുടെ ഒരു കണ്ണിയാണ്. അതുകൊണ്ട് നമ്മൾ നമ്മളെ തന്നെ അനവരതം സംസ്ക്കരിക്കുകയും നവീകരിക്കുകയും വേണം. അന്നന്ന് ചെയ്ത തെറ്റുകൾ ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പ് വരുത്തണം. നല്ല വ്യക്തിത്വം, നല്ല കുടുംബം, നല്ല മക്കൾ, എല്ലാറ്റിലും ലാളിത്യം, എല്ലാറ്റിലും വിനയം എളിമ ഇതൊക്കെ ആരെയാണ് അസൂയപ്പെടുത്താത്തത് അല്ലേ? പണവും ആർഭാടവും ആഡംബരവും കൊണ്ടല്ല നമ്മൾ മറ്റുള്ളവരെ അസൂയപ്പെടുത്തേണ്ടത് മേല്പറഞ്ഞ സൽഗുണങ്ങൾ കൊണ്ടാണ്. അപ്പോൾ ഈ ജീവിതം അതീവമനോഹരവും ആസ്വാദ്യകരവുമായിരിക്കും. ഇക്കാര്യങ്ങൾ കഴിയുമെങ്കിൽ നിങ്ങളും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുമല്ലോ..

കൊളസ്ട്രോളിൻ്റെ കെമിസ്ട്രി

കൊളസ്ട്രോൾ ഒരു രോഗം ആണെന്ന് പൊതുസമൂഹവും ഡോക്ടർമാരും ഇന്നും കരുതുന്നത് എന്തൊരു കഷ്ടമാണ്. ആരോഗ്യത്തെ പറ്റി പറയുന്ന എല്ലാ ലേഖനങ്ങളിലും കൊളസ്ട്രോൾ അപകടകാരി ആണെന്നും കൊളസ്ട്രോൾ നിയന്ത്രിക്കണമെന്നും നിർദ്ദേശിക്കുന്നു. ഡോക്ടർമാർ പോലും അവർക്ക് തോന്നിയ പോലെ കൊളസ്ട്രോളിനെ വ്യാഖ്യാനിക്കുന്നു. കൊളസ്ട്രോളും ഹൃദ്രോഗവും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് കണ്ടെത്തിയതിൻ്റെ ഫലമായി യു.എസ്. ഗവണ്മേണ്ട് 2015 ൽ തന്നെ nutrients of concern list ൽ നിന്ന് കൊളസ്ട്രോളിനെ നീക്കം ചെയ്തിരുന്നു. 50 വർഷമായി വെച്ചു പുലർത്തിയിരുന്ന തെറ്റായ ഒരു നിഗമനമാണ് അമേരിക്കൻ സർക്കാർ അന്ന് ഔദ്യോഗികമായി തന്നെ തിരുത്തിയത്. പക്ഷെ ഇവിടെ ഇപ്പോഴും കൊളസ്ട്രോൾ ഒരു രോഗകാരണമാണ്. ഈ അന്ധവിശ്വാസം എന്നാണ് സമൂഹവും പ്രത്യേകിച്ച് ഡോക്ടമാരും തിരുത്താൻ പോകുന്നത് എന്നറിയില്ല.

എന്താണ് കൊളസ്ട്രോൾ? അത് കൊഴുപ്പ് പോലത്തെ ഒരു പദാർത്ഥം ആണെങ്കിലും ഫാറ്റ് എന്ന് പറയുന്ന കൊഴുപ്പല്ല. കൊഴുപ്പ് വേറെ, കൊളസ്ട്രോൾ വേറെ ആണ്. കൊളസ്ട്രോളിൻ്റെ തന്മാത്ര ഫോർമ്യുല C₂₇H₄₆O ആണ്. ഇതൊരു സിമ്പിൾ തന്മാത്രയാണ്. അതേ സമയം കൊഴുപ്പിൻ്റെ ലഘുവായ തന്മാത്ര ഫാറ്റി ആസിഡുകളാണ്. നാം കഴിക്കുന്ന ആഹാരത്തിലെ കൊഴുപ്പ് ഫാറ്റി ആസിഡുകളായി ദഹിച്ചിട്ടാണ് രക്തത്തിൽ കലരുന്നത്. ഫാറ്റി ആസിഡുകളുടെ ജനറൽ ഫോർമ്യുല CH₃(CH₂)n COOH ആണ്. ഇതിൻ്റെ വിശദാംശങ്ങൾ ഇവിടെ വിവരിക്കുന്നില്ല. കൊഴുപ്പും കൊളസ്ട്രോളും ഒന്നല്ല എന്ന് സൂചിപ്പിക്കാൻ മാത്രമാണ് ഈ രണ്ട് സമവാക്യങ്ങളും എഴുതിയത്.
നമ്മുടെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോൾ നമ്മുടെ ലിവർ തന്നെയാണ് നിർമ്മിക്കുന്നത്. മുട്ട, ഇറച്ചി, മീൻ പോലുള്ള മാംസാഹാരങ്ങളിൽ നിന്ന് കിട്ടിയാലും അതൊക്കെ ചേർന്ന് ശരീരത്തിന് ആവശ്യമുള്ള കൊളസ്ട്രോളിൻ്റെ 20 ശതമാനം മാത്രമേ ലഭിക്കുകയുള്ളൂ. ബാക്കി 80 ശതമാനം കൊളസ്ട്രോളും ലിവർ നിർമ്മിക്കുകയാണ് ചെയ്യുന്നത്. കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് സദാസമയവും ആവശ്യമായത് കൊണ്ട് ലിവർ അത് സദാ നിർമ്മിച്ചു കൊണ്ടിരിക്കുന്നു. നാം കഴിക്കുന്ന ചോറിൽ നിന്ന് തന്നെയാണ് ലിവർ കൊളസ്ട്രോളും നിർമ്മിക്കുന്നത്. ചോറ് ദഹിച്ച് ഗ്ലൂക്കോസ് ആയിട്ടാണ് രക്തത്തിൽ കലരുന്നത്. ഗ്ലൂക്കോസിൻ്റെ തന്മാത്ര ഫോർമ്യുല C₆H₁₂O₆ ആണ്. ഗ്ലൂക്കോസിൻ്റെയും കൊളസ്ട്രോളിൻ്റെയും സാമ്യം ഈ രണ്ട് സമവാക്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയും.
ചോറ് ദഹിച്ച് രക്തത്തിൽ കലരുന്ന ഗ്ലൂക്കോസിൻ്റെ ഒരു ഭാഗം ശരീരത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമായി മാറുന്നു. ബാക്കി ലിവറിൽ വെച്ച് കൊളസ്ട്രോളായും ട്രൈഗ്ലിസറൈഡായും മാറുന്നു. ട്രൈഗ്ലിസറൈഡ് എന്നത് ഊർജ്ജത്തിൻ്റെ കരുതൽ ശേഖരമായി സൂക്ഷിക്കാനുള്ളതാണ്. പക്ഷെ കൊളസ്ട്രോൾ ശരീരത്തിൻ്റെ വിവിധ പ്രവർത്തനങ്ങൾക്ക് നിത്യവും ആവശ്യമുള്ളതാണ്. പ്രത്യേകിച്ചും പുതിയ കോശങ്ങളുടെ നിർമ്മിതിക്കും തലച്ചോറിൻ്റെ പ്രവർത്തനങ്ങൾക്കും വൈറ്റമിൻ D യുടെ ഉല്പാദനത്തിനും കൊളസ്ട്രോൾ കൂടിയേ തീരൂ. മനുഷ്യൻ്റെയും മറ്റ് ജീവജാലങ്ങളുടെയും കോശങ്ങൾക്ക് ഒരു ബാഹ്യാവരണം ഉണ്ട്. ഇതിനെ സെൽ മെംബ്രൈൻ അല്ലെങ്കിൽ കോശസ്തരം എന്ന് പറയും. ഈ ആവരണത്തിൻ്റെ പ്രധാന നിർമ്മാണ ഘടകം കൊളസ്ട്രോൾ ആണ്. പുതിയ കോശനിർമ്മിതി ശരീരത്തിൽ വാർദ്ധക്യം വരെ തുടരുന്ന അനുസ്യൂത പ്രക്രിയയാണ്. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിൻ്റെ ഉല്പാദനം ലിവർ സദാസമയവും ഉറപ്പ് വരുത്തുന്നു.
LDL-ഉം HDL ഉം
******************
നല്ലതും ചീത്തയും അങ്ങനെ രണ്ട് തരം കൊളസ്ട്രോൾ ഇല്ല. കൊളസ്ട്രോൾ ഒന്നേയുള്ളൂ. സസ്യാഹാരത്തിൽ കൊളസ്ട്രോൾ ഇല്ല. കാരണം സസ്യകോശങ്ങൾക്ക് കോശസ്തരത്തിനു പുറമേ കോശഭിത്തി കൂടിയുണ്ട്. അവയുടെ കോശസ്തരത്തിന് കൊളസ്ടോൾ ആവശ്യമില്ല. പ്രകൃതിയിൽ കൊളസ്ട്രോൾ നിർമ്മിക്കപ്പെടുന്നത് ജന്തുക്കളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും ലിവറിൽ വെച്ച് മാത്രമാണ്. -ഉം HDL ഉം വേറെ വേറെ കൊളസ്ട്രോൾ അല്ല. LDL എന്നത് ഒരു പായ്ക്കറ്റ് ആണ്. അതിൻ്റെ പൂർണ്ണരൂപം Low Density lipoprotein എന്നാണ്. അതായത് ലിവറിൽ നിർമ്മിക്കുന്ന കൊളസ്ടോളും ട്രൈഗ്ലിസറൈഡും ഒരു മാതിരി പ്രോട്ടീൻ കൊണ്ട് പൊതിഞ്ഞ് പായ്ക്ക് ചെയ്യുന്നതാണ് LDL അല്ലെങ്കിൽ Low Density lipoprotein. ലിവർ തന്നെയാണ് ഇങ്ങനെ പായ്ക്ക് ചെയ്യുന്നതും. കൊളസ്ടോളും ട്രൈഗിസറൈഡും രക്തത്തിലൂടെ ഒഴുകുകയില്ല. അതുകൊണ്ടാണ് പ്രോട്ടീൻ കൊണ്ട് പൊതിയുന്നത്. ശരീരത്തിൻ്റെ ഓരോ കോശത്തിലും കൊളസ്ട്രോളും ചില പ്രത്യേക കോശങ്ങളിൽ ട്രൈഗ്ലിസറൈഡും എത്തിക്കാൻ വേണ്ടിയാണ് ലിവർ ഈ LDL എന്ന പായ്ക്കറ്റിനെ രക്തത്തിലൂടെ ഒഴുക്കി വിടുന്നത്. ഇതിനെയാണ് ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നത്. എന്ത് അസംബന്ധം ആണെന്ന് ചിന്തിച്ചു നോക്കൂ.
എന്താണ് HDL?
LDL - നെ ഒരു ചരക്ക് ലോറിയായി സങ്കൽപ്പിച്ചാൽ LDL അതിൻ്റെ അകത്തുള്ള കൊളസ്ട്രോളിനെയും ട്രൈഗ്ലിസറൈഡ്സിനെയും കോശങ്ങളിൽ ഇറക്കി വെച്ചതിന് ശേഷം മിച്ചം വരുന്ന കൊളസ്ട്രോളിനെ മാത്രം തിരികെ ലിവറിൽ എത്തിക്കുന്ന പായ്കറ്റ് ആണ് HDL അഥവാ High-density lipoprotein എന്നത്. പോകുമ്പോൾ പ്രോട്ടീൻ്റെ ഡെൻസിറ്റി കുറവ് അതുകൊണ്ട് Low Density lipoprotein , തിരികെ വരുമ്പോൾ പ്രോട്ടീൻ്റെ ഡെൻസിറ്റി അധികം അതുകൊണ്ട് High-density lipoprotein എന്ന് പറയുന്നു. അതായത് LDL-ഉം HDL ഉം രണ്ടല്ല. LDL ൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്സും ഉള്ളത് കൊണ്ട് പ്രോട്ടീൻ്റെ ഡെൻസിറ്റി കുറവ്, തിരികെ വരുമ്പോൾ മിച്ചം കൊളസ്ട്രോൾ മാത്രം ഉള്ളത് കൊണ്ട് പ്രോട്ടീൻ ഡെൻസിറ്റി അധികം ആയതിനാൻ LDL നെ HDL എന്ന് പറയുന്നു എന്ന് മാത്രം. മിച്ചം വരുന്ന കൊളസ്ട്രോളിനെ ലിവറിൽ തിരികെ എത്തിക്കുന്നത് അതിൻ്റെ പുനരുപയോഗത്തിനാണ് അല്ലാതെ ശരീരത്തിൽ നിന്ന് പുറന്തള്ളാനല്ല. അത്ര അമൂല്യമാണ് കൊളസ്ട്രോൾ.
ചുരുക്കി പറഞ്ഞാൽ LDL-ഉം HDL ഉം കൊളസ്ട്രോൾ അല്ല. കൊളസ്ട്രോളിനെ ലിവറിൽ നിന്ന് കോശങ്ങളിലേക്കും ബാക്കിയുള്ളതിനെ തിരികെ ലിവറിലേക്കും എത്തിക്കുന്ന ചരക്ക് വാഹനമാണ്. രക്തത്തിൽ കൊളസ്ട്രോൾ സ്വതന്ത്രമായി നിൽക്കില്ല. എപ്പോഴും ഇപ്പറഞ്ഞ പ്രോട്ടീൻ ആവരണത്തിനകത്ത് ആയിരിക്കും. ശരീരത്തിൻ്റെ കൊളസ്ട്രോൾ ആവശ്യം ലിവർ എപ്പോഴും മോണിട്ടർ ചെയ്ത് ബാലൻസ് നിലനിർത്തുന്നു. ഒരിക്കലും അധികമോ കുറവോ ആവില്ല.
കൊളസ്ട്രോൾ ഹൃദയ ധമനിയിൽ ബ്ലോക്ക് ഉണ്ടാക്കും എന്ന പ്രചരണത്തിൽ പേടിച്ച് ചിലർ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യാൻ മെഡിക്കൽ ലാബുകളെ സമീപിക്കുന്നു. നിലവിൽ സെറ്റ് ചെയ്തിരിക്കുന്ന സ്റ്റാൻഡേർഡിൽ അധികം കണ്ടാൽ ഡോക്ടറെ സമീപിക്കുന്നു. ഡോക്ടർ സ്റ്റാറ്റിൻ മരുന്നു കുറിച്ചു കൊടുക്കുന്നു. എന്തിന്? ലിവറിൻ്റെ കൊളസ്ട്രോൾ ഉല്പാദനത്തെ തടസ്സപ്പെടുത്താൻ. ഇങ്ങനെ ദീർഘകാലം സ്റ്റാറ്റിൻ മരുന്ന് കഴിച്ച് കൊളസ്ട്രോളിൻ്റെ ഉല്പാദനം ലിവർ കുറച്ചാൽ സംഭവിക്കുക വിഷാദരോഗം, ആത്മഹത്യാ പ്രവണത, ഓർമ്മശക്തി നശിക്കൽ എന്നിവയാണ്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മരുന്ന് സ്റ്റാറ്റിനാണ്. ഇത് മനുഷ്യവംശത്തോട് ചെയ്യുന്ന ക്രൂരതയാണ്.
ഹാർട്ടിൽ ബ്ലോക്ക് ഉണ്ടാകാൻ കാരണം രക്തധമനികളിലെ ക്രോണിക്ക് ഇൻഫ്ലമേഷൻ ആണ്. അതിൻ്റെ കാരണം പ്രമേഹം, ബി.പി. പിന്നെ നിരന്തരമായ മാനസിക സമ്മർദ്ധം ഒക്കെയാണ്. രക്തത്തിലെ അധിക ഷുഗർ ആണ് ശരിക്കുള്ള വില്ലൻ. എന്നിട്ട് ഓക്സിജൻ പോലെ ഒഴിച്ചുകൂടാൻ പാടില്ലാത്ത കൊളസ്ട്രോളിനെ പ്രതിസ്ഥാനത്ത് നിർത്തുന്നു. ബയോളജിയും മെഡിസിനും പഠിച്ച ഡോക്ടർമാർ അൺ സയൻ്റിഫിക്ക് ആയ ഈ അബദ്ധ ധാരണ ഇനിയെങ്കിലും തിരുത്തുമോ? അമേരിക്ക 2015 ലേ തിരുത്തിയല്ലോ?
റഫറൻസ് ലിങ്ക് ഒരുപാടുള്ളത് കൊണ്ട് ഇവിടെ ഒന്നും ചേർക്കുന്നില്ല. ചിന്തിക്കുന്നവർക്ക് ഞാൻ എഴുതിയതിലെ ലോജിക്ക് ബോധ്യപ്പെടേണ്ടതാണ്.