Links

ത്രിപുര നൽകുന്ന പാഠം

ഹിന്ദുത്വ-വർഗ്ഗീയ-ഫാസിസം-ശൂലം ഗർഭിണി പോലുള്ള ക്ലീഷേകൾ കൊണ്ടൊന്നും കോൺഗ്രസ്സ് അടക്കമുള്ള വ്യാജമതേതര പാർട്ടികൾക്ക് ബി.ജെ.പി.യെ ഇന്ത്യയിൽ പരാജയപ്പെടുത്താൻ കഴിയില്ല. ഹിന്ദുത്വത്തിൽ വർഗ്ഗീയതയില്ല എന്ന തിരിച്ചറിവ് കൊണ്ടാണ് വടക്ക് കിഴക്കൻ മേഖലകളിൽ പോലും ബി.ജെ.പി.ക്ക് സ്വീകാര്യത ഏറുന്നത്. ജനങ്ങൾ ബി.ജെ.പി. ഭരണത്തെ വിലയിരുത്തുന്നുണ്ട്. ഒരു ഫാസിസവും വർഗ്ഗീയതയും കഴിഞ്ഞ ഒൻപത് വർഷത്തെ മോദി ഭരണത്തിൽ ജനങ്ങൾക്ക് കാണാൻ കഴിയുന്നില്ല. കേന്ദ്രത്തിൽ അഴിമതിയും ആർക്കും ആരോപിക്കാൻ കഴിയുന്നില്ല. അതേ സമയം രാജ്യം അഭിവൃദ്ധിയുടെയും വികസനത്തിൻ്റെയും പുരോഗതിയുടെയും പാതയിൽ ആണ് താനും. ഇതൊക്കെ ജനങ്ങൾ കാണുന്നില്ലേ? അവരോട് പോയിട്ട് വർഗ്ഗീയതയും ഫാസിസവും ശൂലവും ഗർഭിണിയും ചാണകവും പറഞ്ഞുകൊണ്ടിരുന്നാൽ ജനങ്ങൾ പൊട്ടന്മാരാണോ? നേരായ രീതിയിൽ പറയാൻ ഒരാശയവും ഇല്ല. കേന്ദ്രസർക്കാരിൽ ഭരണവിരുദ്ധവികാരം ഉണ്ടാക്കാൻ ഒരു അഴിമതിക്കഥയും കിട്ടുന്നില്ല. ആകെയുള്ള കച്ചിത്തുരുമ്പാണ് ഹിന്ദുത്വയും പശുവും ശൂലവും. ഇത് എത്ര നാൾ പറഞ്ഞുകൊണ്ടിരിക്കും? പറയുന്തോറും കോൺഗ്രസ്സ് ഉപ്പ് വെച്ച കലം പോലെയാകും. 

കേരളത്തിൻ്റെ സ്ഥിതി എന്താണ്? കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഇത്രയും കാലമായി മാറി മാറി ഭരിച്ചതിൻ്റെ ബാക്കിപത്രം എന്നത് ഇവിടെ ജനിക്കുന്ന ആൺകുട്ടികൾക്ക് ഒരു തൊഴിൽ കിട്ടണമെങ്കിൽ നാട് വിട്ട് പോകണം എന്നതാണ്. എൻ്റെ മകന് കേരളത്തിൽ ഒരു ജോലി കിട്ടും എന്ന് ഏതെങ്കിലും രക്ഷിതാവിന് പ്രതീക്ഷിക്കാൻ കഴിയുമോ? കേരളത്തെ ഇമ്മട്ടിൽ നശിപ്പിച്ചത് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തുന്നതും താങ്ങി നിർത്തുന്നതും കോൺഗ്രസ്സ് പാർട്ടിയാണ്. കോൺഗ്രസ്സുകാരുടെ ഭീരുത്വവും നിഷ്ക്രിയത്വവും ആണ് മാർക്സിസ്റ്റ് പാർട്ടിക്ക് വളം വെച്ചു കൊടുക്കുന്നത്. കേരളത്തിനു പുറത്ത് പോയി ജീവിതം പണയം വെച്ച് പ്രവാസികൾ അയക്കുന്ന പണം കൊണ്ടാണ് കേരളം ജീവിച്ചു പോകുന്നത്. എന്നിട്ട് നമ്പർ വൺ എന്നും സാക്ഷരർ എന്നും പ്രബുദ്ധർ എന്നും മേനി നടിക്കുന്നു. ഇവിടെ ബാംഗ്ലൂരിലുള്ള ഒരു മലയാളി സുഹൃത്ത് എന്നോട് പറഞ്ഞത് കേരളം കരാളം ആണെന്നാണ്. കാരണം കേരളത്തിൽ ആർക്കെങ്കിലും പേടി കൂടാതെ സംസാരിക്കാനോ നടക്കാനോ കഴിയുമോ? ഓരോ മലയാളിയും മാർക്സിസ്റ്റുകാരെ പേടിച്ചിട്ടാണ് കേരളത്തിൽ ജീവിയ്ക്കുന്നത്. ഈ പേടിയാണ് പാർട്ടിഫണ്ടായും അധികാരമായും മാർക്സിസ്റ്റുകാർ കൊയ്തെടുക്കുന്നത്. 

കേരളത്തിനും ഒരു മാറ്റം വേണ്ടേ? കേരളത്തിൽ വ്യവസായം വരണ്ടേ? കേരളത്തിൽ ജനിക്കുന്ന കുട്ടികൾക്ക് നാട്ടിൽ തന്നെ തൊഴിൽ കിട്ടണ്ടേ? കേരളത്തിൽ ആളുകൾക്ക് പേടി കൂടാതെ ജീവിയ്ക്കണ്ടേ? പേടി കൂടാതെ സംസാരിക്കാനും പുറത്തിറങ്ങി നടക്കാനും കഴിയണ്ടേ? മലയാളിയുടെ സ്വതസിദ്ധമായ ഭീരുത്വത്തിൽ നിന്ന് മോചനം വേണ്ടേ? കേരളം ഒരു വൃദ്ധസദനം ആയി മാറാതിരിക്കണ്ടേ? അടച്ചിട്ട വീടുകളിൽ ജീവിതം തളിരിടണ്ടേ? ഇതൊക്കെ വേണമെങ്കിൽ കേരളവും ബി.ജെ.പി.യെ പരീക്ഷിക്കണം. കേരളം ബി.ജെ.പി.ക്ക് ബാലികേറാമല ഒന്നുമല്ല. അതിനു ആദ്യമായി ജനങ്ങളുടെ പേടി മാറ്റുകയാണ് വേണ്ടത്. ഇതൊക്കെ പറഞ്ഞുകൊണ്ട് കേരളത്തിലെ ബി.ജെ,പി. നേതൃത്വത്തിനു എന്തുകൊണ്ട് തിരുവനന്തപുരം മുതൽ കാസർക്കോട് വരെ ഒരു പദയാത്ര നടത്തിക്കൂടാ? വേണമെങ്കിൽ ആ പദയാത്രയിൽ ഞാനും പങ്കെടുക്കാം. ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഞാൻ സംസാരിക്കാം. എനിക്ക് ബി.ജെ.പി.യിൽ അംഗത്വമോ പദവിയോ ഒന്നും വേണ്ട. കാര്യം പറഞ്ഞാൽ ജനങ്ങൾക്ക് മനസ്സിലാകുകയും അവരത് അംഗീകരിക്കുകയും ചെയ്യും എന്ന് എനിക്കുറപ്പുണ്ട്. 

അടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പിലും മോദി തന്നെയാണ് പൂർവ്വാധികം ഭൂരിപക്ഷത്തോടെ വിജയിച്ച് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നത്. അപ്പോഴും അധികാരത്തിൻ്റെ ശീതളച്ഛായയിൽ രാജ്യത്ത് യാതൊരു ഹിന്ദുത്വ വർഗ്ഗീയതയും ഫാസിസവും ഗർഭിണിശൂലവും ബി.ജെ.പി.സർക്കാർ നടപ്പാക്കാൻ പോകുന്നില്ല. എന്നാലോ കപട മതേതരക്കാർക്ക് അപ്പോഴും ഈ പഴകിപ്പുളിച്ച ക്ലീഷേ മാത്രമേ ബി.ജെ.പി.ക്കെതിരെ പറയാൻ കഴിയുകയുള്ളൂ താനും. അതേ സമയം രാജ്യത്തിൻ്റെ പുരോഗതിയും വികസനവും അഭംഗുരം മുന്നോട്ട് പോയി ഇന്ത്യ ലോകത്തെ നമ്പർ വൺ സാമ്പത്തികശക്തി ആവുകയും ചെയ്യും. ഇത് കേരളത്തിൽ പ്രവർത്തിക്കാനും ജനങ്ങളുടെ പിന്തുണ വർദ്ധിപ്പിക്കാനും അനുകൂലമായ സാഹചര്യം ബി.ജെ.പി.ക്ക് നൽകും. പരമ്പരാഗതശൈലി വിട്ട് ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ജനങ്ങളോട് സംസാരിക്കാൻ ബി.ജെ.പി. പ്രവർത്തകർ തയ്യാറായാൽ മതി. ബി.ജെ.പി.യോട് സഹകരിക്കാൻ മാനസികമായി തയ്യാറുള്ള നിരവധി ആളുകളുണ്ട്. പേടി കൊണ്ടാണ് അവർ പുറത്ത് വരാത്തത്. ആ പേടി മാറ്റാൻ കഴിയണം. അത് കഴിയുക തന്നെ ചെയ്യും. ബി.ജെ.പി,ക്കാർ തയ്യാറുണ്ടോ എന്നത് മാത്രമാണ് ഒരേയൊരു ചോദ്യം.

ജീവിതത്തിനൊരു ലക്ഷ്യം

 നിറയെ പണവും സ്വത്തുക്കളും സമ്പാദിച്ച് വെച്ചാൽ അതൊന്നും ഒരു പ്രായത്തിൽ ആർക്കും ഉതകാൻ പോകുന്നില്ല. ഒരു പ്രായം എന്നാൽ എല്ലാം വിട്ടുകൊടുത്ത് ഒരു കസേരയിൽ ഇരുന്ന് വിദൂരതയിലേക്ക് നോക്കി ഓർമ്മകൾ അയവിറക്കുന്ന ഒരു കാലം എല്ലാവരും അഭിമുഖീകരിക്കേണ്ടി വരുമല്ലോ ആ പ്രായത്തെ കുറിച്ചാണ് പറയുന്നത്. അപ്പോൾ നമുക്ക് ഉതകുക നമ്മുടെ ഓർമ്മകളായിരിക്കും. അതുകൊണ്ട് കുറെ ഓർമ്മകൾ ഇപ്പോഴേ കലക്റ്റ് ചെയ്ത് വെക്കുന്നത് നല്ലതാണ്. ഭാര്യയെയും മക്കളെയും കൂട്ടി യാത്രകൾ ചെയ്യുക. അത് മക്കൾക്കും നല്ല ഓർമ്മകളായിരിക്കും. ലോകവും മനുഷ്യരും എത്ര സുന്ദരമാണ്.

പണം സമ്പാദിക്കാൻ ഓടുന്നത് വ്യർത്ഥമാണ്. ജീവിതം എന്തെങ്കിലും സമ്പാദിച്ച് കൂട്ടാനുള്ളതല്ല. മക്കളെ ജീവിയ്ക്കാൻ പ്രാപ്തരാക്കിയാൽ മതി. അവർക്ക് വേണ്ടി സമ്പാദിച്ച് കൂട്ടിയാൽ അവർ അതിൻ്റെ മൂല്യം മനസ്സിലാക്കാതെ ധൂർത്തടിക്കുകയാണ് ചെയ്യുക. ആവശ്യത്തിനാണ് പണം സമ്പാദിക്കേണ്ടത്. ആവശ്യം എന്നത് അനാവശ്യമോ ധൂർത്തോ അല്ല. അവനവന് എന്തൊക്കെ ആവശ്യങ്ങൾ എന്ന് നിർണ്ണയിക്കേണ്ടതുണ്ട്. മറ്റുള്ളവർ എന്ത് ചെയ്യുന്നു, എന്തൊക്കെ സമ്പാദിക്കുന്നു എന്നല്ല നോക്കേണ്ടത് അവനവൻ്റെ സൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്താൻ എന്തൊക്കെ വേണം എന്നാണ് ചിന്തിക്കേണ്ടത്. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി ജീവിയ്ക്കരുത്. നേരെ മറിച്ച് മറ്റുളവരെ ബോധ്യപ്പെടുത്താനും, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വേവലാതിപ്പെട്ടും ആണ് ഇന്ന് ആളുകൾ ജീവിയ്ക്കുന്നത്. അത് ജീവിതമല്ല. അങ്ങനെ ജീവിച്ചാൽ ഓർക്കാനും ഒന്നും ഉണ്ടാവില്ല.
ജീവിതത്തിനു സ്വയമേവ ഒരു ലക്ഷ്യമോ ഉദ്ദേശമോ ഒന്നും ഇല്ല. എല്ലാവരും വളരെ യാദൃഛികമായി ജനിച്ചു പോകുന്നതാണ്. അതുകൊണ്ട് സ്വന്തം ജീവിതത്തിന് ഒരു ലക്ഷ്യം, ഒരു ഗോൾ അവനവൻ തന്നെ തീരുമാനിച്ചുറപ്പിച്ച് ആ ലക്ഷ്യത്തിലേക്കുള്ള പ്രായണമായിരിക്കണം ജീവിതം. അവനവൻ്റെ കൊക്കിൽ ഒതുങ്ങുന്ന ലക്ഷ്യം മാത്രം മതി. എല്ലാവർക്കും അമേരിക്കൻ പ്രസിഡണ്ട് ആകാൻ കഴിയില്ലല്ലോ. നല്ല മക്കളെ വളർത്തലും നല്ല കുടുംബം നയിക്കലും ഒരു ലക്ഷ്യമാണ്. ഈ ജീവ്തകാലത്തേക്ക് ഒരു ലക്ഷ്യം, അങ്ങനെ ഈ വർഷം ഇന്നതൊക്കെ ചെയ്യും നാളെ ഇന്നത് ചെയ്യും എന്നൊക്കെ ഇന്ന് തീരുമാനിക്കുക. എന്നിട്ട് സമയം പാഴാക്കാതെ, ഒന്നും നീട്ടി വെക്കാതെ എല്ലാം സമയബന്ധിതമായി പൂർണ്ണമായി ചെയ്യുക. അങ്ങനെ ജീവിച്ചാൽ നേരത്തെ പറഞ്ഞ കസേരയിൽ ഇരിക്കുന്ന പ്രായം വളരെ മനോഹരമായിരിക്കും.
സംതൃപ്തിയും സന്തോഷവും സമാധാനവും ആയിരിക്കണം ജീവിതത്തിൻ്റെ പരമമായ ലക്ഷ്യം. അനാവശ്യമായ വിവാദങ്ങളിലോ ഗുലുമാലുകളിലോ പോയി തല വെച്ചു കൊടുക്കേണ്ടതല്ല. നമ്മുടെ ജീവിതം നമ്മുടെ മാത്രം ആവശ്യവും ഉത്തരവാദിത്വവുമാണ്. നമ്മൾ ഈ ലോകത്ത് ഒരു സംഭവമേയല്ല. നമ്മൾ ഇല്ലെങ്കിലും ഈ ലോകത്തിനു ഒന്നും സംഭവിക്കില്ല. നമ്മൾ ഇല്ലെങ്കിലും ഈ ലോകം പതിവ് പോലെ മുന്നോട്ട് പോകും. ഈ ഒരു എളിമ നമ്മുടെ മനസ്സിൽ എപ്പോഴും വേണം. നമ്മൾ ആരേക്കാളും മുന്തിയവരോ വലിയവരോ അല്ല. അത് പോലെ നമ്മെക്കാളും മുന്തിയവരും വലിയവരും ആരുമില്ല. എന്തെങ്കിലും വലിപ്പം ഒരാളിൽ തോന്നുന്നെങ്കിൽ അത് അയാളിൽ സമൂഹം ആരോപിക്കുന്നതാണ്. ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങൾ എല്ലാവർക്കും ഒരു പോലെയാണ്, അത് പോലെ ജീവിതാന്ത്യവും. ആരും ജീവിതത്തിൽ നിന്ന് ഒന്നും അധികം എടുക്കുന്നില്ല.
മറ്റുള്ളവരോട് പകയും വിരോധവും വെറുപ്പും വെച്ചു പുലർത്തുമ്പോൾ അത് നമ്മുടെ മനസ്സിനെ തന്നെയാണ് അസ്വസ്ഥമാക്കുക. നമ്മുടെ വെറുപ്പിന് പാത്രമായവർ അതറിയുന്നേയില്ല. അവരപ്പോൾ ഉല്ലസിക്കുകയായിരിക്കും. നമ്മൾ ശത്രുവിനെ ഓർത്ത് വിഷമിക്കുക, ശത്രു അപ്പോൾ ഉല്ലസിക്കുക എന്തൊരു കഷ്ടമാണത്. അതുകൊണ്ട് മനസ്സിൽ ആരെയും ശത്രുക്കളായി പ്രതിഷ്ഠിക്കാതിരിക്കുക. ദ്വേഷ്യവും കോപവും വഴക്കും ഒന്നും നമുക്ക് ഒഴിവാക്കാൻ കഴിയില്ല. പക്ഷെ അതൊക്കെ അപ്പപ്പോൾ ക്ലോസ് ചെയ്യുക. എന്നിട്ട് മനസ്സിനെ ക്ലീയർ ആക്കുക. ഒന്നും ഓർമ്മയിൽ ചുമക്കേണ്ടതില്ല. നല്ല ഓർമ്മകൾ മാത്രം മനസ്സിൽ സൂക്ഷിക്കുക.
പരിണാമപരവും ജനിതകപരവുമായി മൃഗീയ വാസനകളും ചോദനകളും നമ്മൾ എല്ലാവരിലും ഉണ്ട്. നമ്മൾ ശൂന്യതയിൽ നിന്ന് പൊട്ടിമുളച്ചതല്ല. നമ്മൾ ജനിതകത്തുടർച്ചയുടെ ഒരു കണ്ണിയാണ്. അതുകൊണ്ട് നമ്മൾ നമ്മളെ തന്നെ അനവരതം സംസ്ക്കരിക്കുകയും നവീകരിക്കുകയും വേണം. അന്നന്ന് ചെയ്ത തെറ്റുകൾ ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പ് വരുത്തണം. നല്ല വ്യക്തിത്വം, നല്ല കുടുംബം, നല്ല മക്കൾ, എല്ലാറ്റിലും ലാളിത്യം, എല്ലാറ്റിലും വിനയം എളിമ ഇതൊക്കെ ആരെയാണ് അസൂയപ്പെടുത്താത്തത് അല്ലേ? പണവും ആർഭാടവും ആഡംബരവും കൊണ്ടല്ല നമ്മൾ മറ്റുള്ളവരെ അസൂയപ്പെടുത്തേണ്ടത് മേല്പറഞ്ഞ സൽഗുണങ്ങൾ കൊണ്ടാണ്. അപ്പോൾ ഈ ജീവിതം അതീവമനോഹരവും ആസ്വാദ്യകരവുമായിരിക്കും. ഇക്കാര്യങ്ങൾ കഴിയുമെങ്കിൽ നിങ്ങളും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുമല്ലോ..

കൊളസ്ട്രോളിൻ്റെ കെമിസ്ട്രി

കൊളസ്ട്രോൾ ഒരു രോഗം ആണെന്ന് പൊതുസമൂഹവും ഡോക്ടർമാരും ഇന്നും കരുതുന്നത് എന്തൊരു കഷ്ടമാണ്. ആരോഗ്യത്തെ പറ്റി പറയുന്ന എല്ലാ ലേഖനങ്ങളിലും കൊളസ്ട്രോൾ അപകടകാരി ആണെന്നും കൊളസ്ട്രോൾ നിയന്ത്രിക്കണമെന്നും നിർദ്ദേശിക്കുന്നു. ഡോക്ടർമാർ പോലും അവർക്ക് തോന്നിയ പോലെ കൊളസ്ട്രോളിനെ വ്യാഖ്യാനിക്കുന്നു. കൊളസ്ട്രോളും ഹൃദ്രോഗവും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് കണ്ടെത്തിയതിൻ്റെ ഫലമായി യു.എസ്. ഗവണ്മേണ്ട് 2015 ൽ തന്നെ nutrients of concern list ൽ നിന്ന് കൊളസ്ട്രോളിനെ നീക്കം ചെയ്തിരുന്നു. 50 വർഷമായി വെച്ചു പുലർത്തിയിരുന്ന തെറ്റായ ഒരു നിഗമനമാണ് അമേരിക്കൻ സർക്കാർ അന്ന് ഔദ്യോഗികമായി തന്നെ തിരുത്തിയത്. പക്ഷെ ഇവിടെ ഇപ്പോഴും കൊളസ്ട്രോൾ ഒരു രോഗകാരണമാണ്. ഈ അന്ധവിശ്വാസം എന്നാണ് സമൂഹവും പ്രത്യേകിച്ച് ഡോക്ടമാരും തിരുത്താൻ പോകുന്നത് എന്നറിയില്ല.

എന്താണ് കൊളസ്ട്രോൾ? അത് കൊഴുപ്പ് പോലത്തെ ഒരു പദാർത്ഥം ആണെങ്കിലും ഫാറ്റ് എന്ന് പറയുന്ന കൊഴുപ്പല്ല. കൊഴുപ്പ് വേറെ, കൊളസ്ട്രോൾ വേറെ ആണ്. കൊളസ്ട്രോളിൻ്റെ തന്മാത്ര ഫോർമ്യുല C₂₇H₄₆O ആണ്. ഇതൊരു സിമ്പിൾ തന്മാത്രയാണ്. അതേ സമയം കൊഴുപ്പിൻ്റെ ലഘുവായ തന്മാത്ര ഫാറ്റി ആസിഡുകളാണ്. നാം കഴിക്കുന്ന ആഹാരത്തിലെ കൊഴുപ്പ് ഫാറ്റി ആസിഡുകളായി ദഹിച്ചിട്ടാണ് രക്തത്തിൽ കലരുന്നത്. ഫാറ്റി ആസിഡുകളുടെ ജനറൽ ഫോർമ്യുല CH₃(CH₂)n COOH ആണ്. ഇതിൻ്റെ വിശദാംശങ്ങൾ ഇവിടെ വിവരിക്കുന്നില്ല. കൊഴുപ്പും കൊളസ്ട്രോളും ഒന്നല്ല എന്ന് സൂചിപ്പിക്കാൻ മാത്രമാണ് ഈ രണ്ട് സമവാക്യങ്ങളും എഴുതിയത്.
നമ്മുടെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോൾ നമ്മുടെ ലിവർ തന്നെയാണ് നിർമ്മിക്കുന്നത്. മുട്ട, ഇറച്ചി, മീൻ പോലുള്ള മാംസാഹാരങ്ങളിൽ നിന്ന് കിട്ടിയാലും അതൊക്കെ ചേർന്ന് ശരീരത്തിന് ആവശ്യമുള്ള കൊളസ്ട്രോളിൻ്റെ 20 ശതമാനം മാത്രമേ ലഭിക്കുകയുള്ളൂ. ബാക്കി 80 ശതമാനം കൊളസ്ട്രോളും ലിവർ നിർമ്മിക്കുകയാണ് ചെയ്യുന്നത്. കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് സദാസമയവും ആവശ്യമായത് കൊണ്ട് ലിവർ അത് സദാ നിർമ്മിച്ചു കൊണ്ടിരിക്കുന്നു. നാം കഴിക്കുന്ന ചോറിൽ നിന്ന് തന്നെയാണ് ലിവർ കൊളസ്ട്രോളും നിർമ്മിക്കുന്നത്. ചോറ് ദഹിച്ച് ഗ്ലൂക്കോസ് ആയിട്ടാണ് രക്തത്തിൽ കലരുന്നത്. ഗ്ലൂക്കോസിൻ്റെ തന്മാത്ര ഫോർമ്യുല C₆H₁₂O₆ ആണ്. ഗ്ലൂക്കോസിൻ്റെയും കൊളസ്ട്രോളിൻ്റെയും സാമ്യം ഈ രണ്ട് സമവാക്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയും.
ചോറ് ദഹിച്ച് രക്തത്തിൽ കലരുന്ന ഗ്ലൂക്കോസിൻ്റെ ഒരു ഭാഗം ശരീരത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമായി മാറുന്നു. ബാക്കി ലിവറിൽ വെച്ച് കൊളസ്ട്രോളായും ട്രൈഗ്ലിസറൈഡായും മാറുന്നു. ട്രൈഗ്ലിസറൈഡ് എന്നത് ഊർജ്ജത്തിൻ്റെ കരുതൽ ശേഖരമായി സൂക്ഷിക്കാനുള്ളതാണ്. പക്ഷെ കൊളസ്ട്രോൾ ശരീരത്തിൻ്റെ വിവിധ പ്രവർത്തനങ്ങൾക്ക് നിത്യവും ആവശ്യമുള്ളതാണ്. പ്രത്യേകിച്ചും പുതിയ കോശങ്ങളുടെ നിർമ്മിതിക്കും തലച്ചോറിൻ്റെ പ്രവർത്തനങ്ങൾക്കും വൈറ്റമിൻ D യുടെ ഉല്പാദനത്തിനും കൊളസ്ട്രോൾ കൂടിയേ തീരൂ. മനുഷ്യൻ്റെയും മറ്റ് ജീവജാലങ്ങളുടെയും കോശങ്ങൾക്ക് ഒരു ബാഹ്യാവരണം ഉണ്ട്. ഇതിനെ സെൽ മെംബ്രൈൻ അല്ലെങ്കിൽ കോശസ്തരം എന്ന് പറയും. ഈ ആവരണത്തിൻ്റെ പ്രധാന നിർമ്മാണ ഘടകം കൊളസ്ട്രോൾ ആണ്. പുതിയ കോശനിർമ്മിതി ശരീരത്തിൽ വാർദ്ധക്യം വരെ തുടരുന്ന അനുസ്യൂത പ്രക്രിയയാണ്. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിൻ്റെ ഉല്പാദനം ലിവർ സദാസമയവും ഉറപ്പ് വരുത്തുന്നു.
LDL-ഉം HDL ഉം
******************
നല്ലതും ചീത്തയും അങ്ങനെ രണ്ട് തരം കൊളസ്ട്രോൾ ഇല്ല. കൊളസ്ട്രോൾ ഒന്നേയുള്ളൂ. സസ്യാഹാരത്തിൽ കൊളസ്ട്രോൾ ഇല്ല. കാരണം സസ്യകോശങ്ങൾക്ക് കോശസ്തരത്തിനു പുറമേ കോശഭിത്തി കൂടിയുണ്ട്. അവയുടെ കോശസ്തരത്തിന് കൊളസ്ടോൾ ആവശ്യമില്ല. പ്രകൃതിയിൽ കൊളസ്ട്രോൾ നിർമ്മിക്കപ്പെടുന്നത് ജന്തുക്കളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും ലിവറിൽ വെച്ച് മാത്രമാണ്. -ഉം HDL ഉം വേറെ വേറെ കൊളസ്ട്രോൾ അല്ല. LDL എന്നത് ഒരു പായ്ക്കറ്റ് ആണ്. അതിൻ്റെ പൂർണ്ണരൂപം Low Density lipoprotein എന്നാണ്. അതായത് ലിവറിൽ നിർമ്മിക്കുന്ന കൊളസ്ടോളും ട്രൈഗ്ലിസറൈഡും ഒരു മാതിരി പ്രോട്ടീൻ കൊണ്ട് പൊതിഞ്ഞ് പായ്ക്ക് ചെയ്യുന്നതാണ് LDL അല്ലെങ്കിൽ Low Density lipoprotein. ലിവർ തന്നെയാണ് ഇങ്ങനെ പായ്ക്ക് ചെയ്യുന്നതും. കൊളസ്ടോളും ട്രൈഗിസറൈഡും രക്തത്തിലൂടെ ഒഴുകുകയില്ല. അതുകൊണ്ടാണ് പ്രോട്ടീൻ കൊണ്ട് പൊതിയുന്നത്. ശരീരത്തിൻ്റെ ഓരോ കോശത്തിലും കൊളസ്ട്രോളും ചില പ്രത്യേക കോശങ്ങളിൽ ട്രൈഗ്ലിസറൈഡും എത്തിക്കാൻ വേണ്ടിയാണ് ലിവർ ഈ LDL എന്ന പായ്ക്കറ്റിനെ രക്തത്തിലൂടെ ഒഴുക്കി വിടുന്നത്. ഇതിനെയാണ് ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നത്. എന്ത് അസംബന്ധം ആണെന്ന് ചിന്തിച്ചു നോക്കൂ.
എന്താണ് HDL?
LDL - നെ ഒരു ചരക്ക് ലോറിയായി സങ്കൽപ്പിച്ചാൽ LDL അതിൻ്റെ അകത്തുള്ള കൊളസ്ട്രോളിനെയും ട്രൈഗ്ലിസറൈഡ്സിനെയും കോശങ്ങളിൽ ഇറക്കി വെച്ചതിന് ശേഷം മിച്ചം വരുന്ന കൊളസ്ട്രോളിനെ മാത്രം തിരികെ ലിവറിൽ എത്തിക്കുന്ന പായ്കറ്റ് ആണ് HDL അഥവാ High-density lipoprotein എന്നത്. പോകുമ്പോൾ പ്രോട്ടീൻ്റെ ഡെൻസിറ്റി കുറവ് അതുകൊണ്ട് Low Density lipoprotein , തിരികെ വരുമ്പോൾ പ്രോട്ടീൻ്റെ ഡെൻസിറ്റി അധികം അതുകൊണ്ട് High-density lipoprotein എന്ന് പറയുന്നു. അതായത് LDL-ഉം HDL ഉം രണ്ടല്ല. LDL ൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്സും ഉള്ളത് കൊണ്ട് പ്രോട്ടീൻ്റെ ഡെൻസിറ്റി കുറവ്, തിരികെ വരുമ്പോൾ മിച്ചം കൊളസ്ട്രോൾ മാത്രം ഉള്ളത് കൊണ്ട് പ്രോട്ടീൻ ഡെൻസിറ്റി അധികം ആയതിനാൻ LDL നെ HDL എന്ന് പറയുന്നു എന്ന് മാത്രം. മിച്ചം വരുന്ന കൊളസ്ട്രോളിനെ ലിവറിൽ തിരികെ എത്തിക്കുന്നത് അതിൻ്റെ പുനരുപയോഗത്തിനാണ് അല്ലാതെ ശരീരത്തിൽ നിന്ന് പുറന്തള്ളാനല്ല. അത്ര അമൂല്യമാണ് കൊളസ്ട്രോൾ.
ചുരുക്കി പറഞ്ഞാൽ LDL-ഉം HDL ഉം കൊളസ്ട്രോൾ അല്ല. കൊളസ്ട്രോളിനെ ലിവറിൽ നിന്ന് കോശങ്ങളിലേക്കും ബാക്കിയുള്ളതിനെ തിരികെ ലിവറിലേക്കും എത്തിക്കുന്ന ചരക്ക് വാഹനമാണ്. രക്തത്തിൽ കൊളസ്ട്രോൾ സ്വതന്ത്രമായി നിൽക്കില്ല. എപ്പോഴും ഇപ്പറഞ്ഞ പ്രോട്ടീൻ ആവരണത്തിനകത്ത് ആയിരിക്കും. ശരീരത്തിൻ്റെ കൊളസ്ട്രോൾ ആവശ്യം ലിവർ എപ്പോഴും മോണിട്ടർ ചെയ്ത് ബാലൻസ് നിലനിർത്തുന്നു. ഒരിക്കലും അധികമോ കുറവോ ആവില്ല.
കൊളസ്ട്രോൾ ഹൃദയ ധമനിയിൽ ബ്ലോക്ക് ഉണ്ടാക്കും എന്ന പ്രചരണത്തിൽ പേടിച്ച് ചിലർ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യാൻ മെഡിക്കൽ ലാബുകളെ സമീപിക്കുന്നു. നിലവിൽ സെറ്റ് ചെയ്തിരിക്കുന്ന സ്റ്റാൻഡേർഡിൽ അധികം കണ്ടാൽ ഡോക്ടറെ സമീപിക്കുന്നു. ഡോക്ടർ സ്റ്റാറ്റിൻ മരുന്നു കുറിച്ചു കൊടുക്കുന്നു. എന്തിന്? ലിവറിൻ്റെ കൊളസ്ട്രോൾ ഉല്പാദനത്തെ തടസ്സപ്പെടുത്താൻ. ഇങ്ങനെ ദീർഘകാലം സ്റ്റാറ്റിൻ മരുന്ന് കഴിച്ച് കൊളസ്ട്രോളിൻ്റെ ഉല്പാദനം ലിവർ കുറച്ചാൽ സംഭവിക്കുക വിഷാദരോഗം, ആത്മഹത്യാ പ്രവണത, ഓർമ്മശക്തി നശിക്കൽ എന്നിവയാണ്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മരുന്ന് സ്റ്റാറ്റിനാണ്. ഇത് മനുഷ്യവംശത്തോട് ചെയ്യുന്ന ക്രൂരതയാണ്.
ഹാർട്ടിൽ ബ്ലോക്ക് ഉണ്ടാകാൻ കാരണം രക്തധമനികളിലെ ക്രോണിക്ക് ഇൻഫ്ലമേഷൻ ആണ്. അതിൻ്റെ കാരണം പ്രമേഹം, ബി.പി. പിന്നെ നിരന്തരമായ മാനസിക സമ്മർദ്ധം ഒക്കെയാണ്. രക്തത്തിലെ അധിക ഷുഗർ ആണ് ശരിക്കുള്ള വില്ലൻ. എന്നിട്ട് ഓക്സിജൻ പോലെ ഒഴിച്ചുകൂടാൻ പാടില്ലാത്ത കൊളസ്ട്രോളിനെ പ്രതിസ്ഥാനത്ത് നിർത്തുന്നു. ബയോളജിയും മെഡിസിനും പഠിച്ച ഡോക്ടർമാർ അൺ സയൻ്റിഫിക്ക് ആയ ഈ അബദ്ധ ധാരണ ഇനിയെങ്കിലും തിരുത്തുമോ? അമേരിക്ക 2015 ലേ തിരുത്തിയല്ലോ?
റഫറൻസ് ലിങ്ക് ഒരുപാടുള്ളത് കൊണ്ട് ഇവിടെ ഒന്നും ചേർക്കുന്നില്ല. ചിന്തിക്കുന്നവർക്ക് ഞാൻ എഴുതിയതിലെ ലോജിക്ക് ബോധ്യപ്പെടേണ്ടതാണ്.

ഗോർബച്ചേവിനെ വിലയിരുത്തുമ്പോൾ ....

ഗോർബച്ചേവ് എന്ന മഹാനായ വ്യക്തിയെ ശരിയായല്ല ഇവിടെ വിലയിരുത്തപ്പെട്ടതും മനസ്സിലാക്കപ്പെട്ടതും. അദ്ദേഹത്തെ കമ്മ്യൂണിസത്തിന്റെയും സോവിയറ്റ് യൂനിയന്റെയും അന്തകൻ എന്നാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ വിലയിരുത്തിയത്. അത് മറ്റുള്ളവരും ഏറ്റുപിടിക്കുകയായിരുന്നു. സോവിയറ്റ് യൂനിയൻ എന്ന സാമ്രാജ്യം റഷ്യയുടെ അയല്പക്ക രാജ്യങ്ങളെയും പിടിച്ചടക്കി കൂട്ടിച്ചേർത്ത് ലെനിൻ സ്ഥാപിച്ചതായിരുന്നു. ചൈന തിബത്തിനെ പിടിച്ചടക്കിയ പോലെയായിരുന്നു അത്. ഇന്നും തിബത്തൻ ജനതയുടെ മനസ്സുകളിൽ സ്വാതന്ത്ര്യദാഹം കനലായി എരിയുന്നുണ്ട്. അതേ സ്വാതന്ത്ര്യദാഹം സോവിയറ്റ് യൂനിയന്റെ ഘടക റിപ്പബ്ലിക്കുകളിലെ ജനങ്ങളുടെ മനസ്സിലും എരിയുന്നുണ്ടായിരുന്നു.

ഇതിനെല്ലാമുപരി റഷ്യയിലെയും സോവിയറ്റ് യൂനിയനിലെ ഇതര ഘടക റിപ്പബ്ലിക്കുകളിലെയും പോളണ്ട് അടക്കമുള്ള കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെയും ജനങ്ങളിൽ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരെ രോഷവും അമർഷവും പുകയുന്നുണ്ടായിരുന്നു. ചൈനക്കാരുടെ മനസ്സിലും ജനാധിപത്യ സ്വാതന്ത്ര്യമോഹം ഉണ്ട്. അത് പക്ഷെ അവിടത്തെ ഏകാധിപത്യ ഭരണകൂടത്താൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. ടിയാനൻമെൻ സ്ക്വയർ സംഭവം ഓർക്കുക. ജനങ്ങൾക്ക് കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണത്തോട് ഇത്രയും വെറുപ്പ് ഉണ്ടെന്ന് ഗോർബച്ചേവിന് മനസ്സിലായില്ല. സോവിയറ്റ് യൂനിയനിലെ ഇരുമ്പ് മറ നീക്കി സമൂഹത്തിൽ സുതാര്യത ഉറപ്പാക്കാനാണ് അദ്ദേഹം ഗ്ലാസ്‌നോസ്റ്റും പെരിസ്ട്രോയ്‌കയും പ്രഖ്യാപിച്ചത്. കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിക്ക് മാനവിക മുഖം നൽകുക എന്ന ഉദ്ദേശ്യം മാത്രമേ അദ്ദേഹത്തിനു ഉണ്ടായിരുന്നുള്ളൂ.
പക്ഷെ സംഭവിച്ചത് ഗ്ലാസ്‌നോസ്റ്റ്, പെരിസ്ട്രോയ്‌ക എന്നീ രണ്ട് പരിഷ്ക്കാരങ്ങളോടെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു സോവിയറ്റ് യൂനിയനിൽ പ്രവേശിച്ചപ്പോൾ ഗോർബച്ചേവിൽ നിന്ന് മാത്രമല്ല സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പോലും എല്ലാം കൈവിട്ട് പോയി എന്നതാണ്. അത് ഗോർബച്ചേവ് പ്രതീക്ഷിച്ചതല്ല. ജനങ്ങളിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണത്തോടുള്ള വെറുപ്പാണ് അവിടത്തെ ഭരണത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും കടപുഴക്കിയെറിഞ്ഞത്. അത് വരെ ഭരിച്ച കമ്മ്യൂണിസ്റ്റ് ഏകാധിപതികളാണ് ആ വെറുപ്പ് ജനമനസ്സുകളിൽ വിതച്ചിരുന്നത്. വേണമെങ്കിൽ ഗോർബച്ചേവിനും ഒരേകാധിപതിയായി ജനങ്ങളെ അടിച്ചമർത്തി ഭരിക്കാമായിരുന്നു. പക്ഷെ അദ്ദേഹം ആ ഏകാധിപത്യം ആഗ്രഹിച്ചില്ല. ജനങ്ങൾക്ക് മുന്നിലെ ഇരുമ്പുമറ നീക്കം ചെയ്യാനേ അദ്ദേഹം ആഗ്രഹിച്ചിരുന്നുള്ളൂ. അത് ജനങ്ങൾ തന്നെ കമ്മ്യൂണിസ്റ്റ് ഭരണത്തെ ചവുട്ടി പുറത്താക്കുന്നതിൽ കലാശിച്ചതാണ്. ഇതിൽ കമ്മ്യൂണിസ്റ്റ് സർവ്വാധിപത്യത്തെ അനുകൂലിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക് മാത്രമേ ഗോർബച്ചേവിൽ കുറ്റം കാണാൻ കഴിയൂ. ജനാധിപത്യത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് അല്ലാത്ത നമുക്ക് ഗോർബച്ചേവിനെ ഒരു മഹാനായ മനുഷ്യസ്നേഹിയായി മാത്രമാണ് കാണാൻ കഴിയുക.
സോവിയറ്റ് യൂനിയൻ തകർന്നത് ഏകാധിപത്യം ഉപയോഗിച്ച് പിടിച്ചു നിർത്തിയിരുന്ന ഘടക റിപ്പബ്ലിക്കുകൾ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പിരിഞ്ഞ് പോയപ്പോഴാണ്. അത് പോലെ പോളണ്ട്, റുമേനിയ, കിഴക്കൻ ജർമ്മനി പോലുള്ള രാജ്യങ്ങളിലെയും ജനങ്ങൾ അതാതിടത്തെ കമ്മ്യൂണിസ്റ്റ് സർവാധിപതികളെ ചവുട്ടി പുറത്താക്കി സ്വാതന്ത്ര്യം പ്രഖാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ജനങ്ങൾ സ്വമേധയാ നടത്തിയ ജനാധിപത്യ വിപ്ലവം ആയിരുന്നു അതൊക്കെ. ചൈനയിലും എന്നെങ്കിലും ഇത് പോലത്തെ ജനാധിപത്യ വിപ്ലവം തീർച്ചയായും അരങ്ങേറുക തന്നെ ചെയ്യും. കാരണം ജനങ്ങളുടെ മേൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഏകാധിപത്യ ഭരണം അടിച്ചേൽപ്പിക്കുന്നതിനു ഒരു നീതീകരണവും ഇല്ല. ഇതൊന്നും കാറൽ മാർക്സ് ഉദ്ദേശിച്ചതും ആയിരുന്നില്ല. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും റഷ്യയിലെ ജനങ്ങൾക്ക് ജനാധിപത്യം അതിന്റെ അർത്ഥത്തിൽ അനുഭവിക്കാൻ കഴിഞ്ഞില്ല. ജനാധിപത്യത്തിന്റെ ലേബലിൽ പുടിൻ എന്ന ഏകാധിപതിയാണ് അവിടെ ഭരിക്കുന്നത്. പക്ഷെ ഒന്നുണ്ട് സർവാധിപത്യം ലക്ഷ്യം വയ്ക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ അവിടെ ഇല്ല. അവശിഷ്ട കമ്മ്യൂണിസ്റ്റുകൾ ഒന്ന് ചേർന്ന് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം ഉപേക്ഷിച്ച് പാർലമെന്ററി ജനാധിപത്യം അംഗീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി അവിടെയുണ്ട്. പക്ഷെ ജനപിന്തുണ കുറവാണ് എന്ന് മാത്രം.
അപ്പോൾ പറഞ്ഞു വന്നത് കമ്മ്യൂണിസം എന്നത് സർവ്വാധിപത്യ ഭരണകൂടങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യം വയ്ക്കുന്ന സിദ്ധാന്തമാണ്. അതിന്റെ ഉപജ്ഞാതാവ് ലെനിൻ ആണ്. അതുകൊണ്ടാണ് ആ സിദ്ധാന്തത്തെ മാർക്സിസം-ലെനിനിസം എന്ന് പറയുന്നത്. ഈ സിദ്ധാന്തവും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടികളും തകരേണ്ടത് ജനാധിപത്യത്തിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്. ജനാധിപത്യ സമ്പ്രദായമാണ് നീതിയുക്തമായ വ്യവസ്ഥിതി. അതുകൊണ്ട് കമ്മ്യൂണിസം തകരുന്നത് അതിന്റെ ജനാധിപത്യ വിരുദ്ധത കൊണ്ടും ഏകാധിപത്യരീതി കൊണ്ടും ആണ്. അത് തകർന്നേ പറ്റൂ. ആയതിനാൽ നമ്മൾ ഗോർബച്ചേവിനെ വിലയിരുത്തേണ്ടത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനു അല്പം അയവ് വരുത്താൻ ശ്രമിച്ച് തോറ്റുപോയ ഒരു മഹാൻ എന്ന നിലയിലാണ്. ആ തോൽവിക്കും കാരണം അവിടത്തെ സിസ്റ്റത്തോട് ജനങ്ങൾ മനസ്സിൽ സൂക്ഷിച്ച വെറുപ്പ് ആയിരുന്നു എന്നും മനസ്സിലാക്കുക. എന്നിട്ട് ചൈനയിലും എന്നെങ്കിലും ഒരു ഗോർബച്ചേവ് അവതരിക്കാതിരിക്കില്ല എന്ന പ്രത്യാശ വെച്ചു പുലർത്തുക. ജനാധിപത്യം വിജയിക്കട്ടെ, അത് ഇനിയുമിനിയും സമ്പുഷ്ടമാകട്ടെ. ജനങ്ങളാണ് അധികാരികൾ, അവകാശികൾ എന്ന സിദ്ധാന്തം പ്രചരിക്കട്ടെ.

കൊളസ്ട്രോൾ ടെസ്റ്റ് എന്ന പൊട്ടത്തരം


കൊളസ്ട്രോൾ ടെസ്റ്റ് എന്നത് പൊട്ടത്തരം മാത്രമല്ല തട്ടിപ്പ് കൂടിയാണ്. ആധുനിക മെഡിക്കൽ സയൻസിൽ ഈ പൊട്ടത്തരം കടന്നു കൂടിയത് ആൻസൽ കീസ് (Ancel Keys) എന്ന അമേരിക്കൻ ഫിസിയോളജിസ്റ്റിന്റെ ഹൈപ്പോതീസീസിൽ നിന്നാണ്. കൊളസ്ട്രോൾ ഹൃദയ ധമനിയിൽ ബ്ലോക്ക് ഉണ്ടാക്കും എന്ന അദ്ദേഹത്തിന്റെ ഹൈപ്പോതീസീസാണ് ഇപ്പോഴും ഡോക്ടർമാർ വിശ്വസിക്കുന്നത്. ഹൈപ്പോതീസീസ് എന്നത് അനുമാനമാണ്. അത് തെളിയിക്കപ്പെട്ടാൽ മാത്രമേ സയൻസ് ആകൂ. എന്നാൽ കൊളസ്ട്രോളാണ് ബ്ലോക്ക് ഉണ്ടാക്കുന്നത് എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. തെളിയിക്കാനും കഴിയില്ല. എന്തുകൊണ്ട്? തുടർന്ന് വായിക്കുക.

HDL നല്ല കൊളസ്ട്രോൾ ആണെന്നും  LDL ചീത്ത കൊളസ്ട്രോൾ ആണെന്നും അതുകൊണ്ട് ആരോഗ്യത്തിനു LDL കുറച്ചു കൊണ്ടുവന്ന് HDL അധികമാക്കണം എന്നാണല്ലോ പൊതുബോധവും വിശ്വാസവും. എന്നാൽ ഈ  LDL , HDL  തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാൽ ഇതിലെ പൊള്ളത്തരവും കോളസ്ട്രോൾ ടെസ്റ്റിലെ തട്ടിപ്പും ആർക്കും മനസ്സിലാകും. LDL എന്നാൽ ലോ ഡെൻസിറ്റി ലിപോപ്രോട്ടീൻ, HDL എന്നാൽ ഹൈ ഡെൻസിറ്റി ലിപോപ്രോട്ടീൻ. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം പ്രോട്ടീനിന്റെ അളവിൽ മാത്രമാണ്. അതായത് LDL-ൽ പ്രോട്ടീൻ കുറവ്, HDL-ൽ പ്രോട്ടീൻ കൂടുതൽ. ഇത്രയേ വ്യത്യാസമുള്ളൂ. ഈ അളവുമായി കൊളസ്ട്രോളിനു ഒരു ബന്ധവും ഇല്ല. പിന്നെ എങ്ങനെയാണ്  LDL ചീത്ത കൊളസ്ട്രോളും HDL നല്ല കൊളസ്ട്രോളും എന്ന് പറയാൻ കഴിയുക? ഇപ്പറയുന്നത് നിഷേധിക്കാൻ ഞാൻ ഡോക്ടർമാരെ വെല്ലുവിളിക്കുകയാണ്. 

എന്താണ് ലിപോ പ്രോട്ടീൻ? ലിപിഡ്‌സും പ്രോട്ടീനും ചേർന്ന ജൈവ തന്മാത്ര. എന്തൊക്കെയാണ് അതിലെ ലിപിഡ്‌സ്? ട്രൈഗ്ലിസറൈഡ്‌സും ഫോസ്‌ഫോലിപിഡ്‌സും കൊളസ്ട്രോളും. 

ലോ ഡെൻസിറ്റി ലിപോ പ്രോട്ടീൻ എന്നാൽ അതിൽ പ്രോട്ടീനിന്റെ സാന്ദ്രത (ഡെൻസിറ്റി) കുറവ് ലിപിഡ്‌സിന്റെ സാന്ദ്രത അധികം. ഹൈ ഡെൻസിറ്റി ലിപോപ്രോട്ടീൻ എന്നാൽ അതിൽ പ്രോട്ടീനിന്റെ സാന്ദ്രത അധികം ലിപിഡിന്റെ സാന്ദ്രത കുറവ്. ചുരുക്കി പറഞ്ഞാൽ പ്രോട്ടീനിന്റെ അളവിനെ സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ് HDL എന്നും  LDL എന്നും പറയുന്നത്. കൊളസ്ട്രോളിന്റെ അളവുമായി ഇതിനു ഒരു ബന്ധവും ഇല്ല. എന്നിട്ടും പറയുന്നു LDL ചീത്ത കൊളസ്ട്രോളും HDL നല്ല കൊളസ്ട്രോളും ആണെന്ന്. എന്തൊരു തെറ്റിദ്ധരിപ്പിക്കലാണിത്. ഇതിലെ വസ്തുത പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറാകുന്നില്ല എന്നത് കൊണ്ടാണ് LDL കുറയ്ക്കാൻ എന്ന പേരിൽ സ്റ്റാറ്റിൻ മരുന്ന് കുറിച്ചു കൊടുക്കുന്നത്. ആ മരുന്നുകൾ ദീർഘകാലം കഴിച്ചാൽ ശരീരത്തിനു ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.

ഇനി എന്തുകൊണ്ടാണ് LDL-ൽ പ്രോട്ടീനിന്റെ അളവ് കുറവും  HDL-ൽ അധികവും എന്ന് നോക്കാം. അതിന് ആദ്യമായി ലിപോപ്രോട്ടീനിന്റെ ഘടനയും ആവശ്യവും മനസ്സിലാക്കണം. കഴിഞ്ഞ പോസ്റ്റിൽ എഴുതിയത് പോലെ നമ്മുടെ ലിവർ നിർമ്മിക്കുന്ന ഒരു പായ്ക്കറ്റ് ആണ് ലിപോ പ്രോട്ടീൻ. രക്തം വാട്ടർ ബെയിസ് ആയത് കൊണ്ട് കൊഴുപ്പുകൾ രക്തത്തിൽ സഞ്ചരിക്കില്ല. എല്ലാ കോശങ്ങളിലേക്കും ട്രൈഗ്ലിസറൈഡ്‌സ് എന്ന കൊഴുപ്പും കൊഴുപ്പിന്റെ സ്വഭാവമുള്ള കൊളസ്ട്രോളും ഒരു പ്രത്യേകതരം പ്രോട്ടീനിന്റെ  ആവരണം കൊണ്ട് പൊതിയുന്നു. അപ്പോൾ അതിനു രക്തത്തിലൂടെ സഞ്ചരിക്കാൻ സാധിക്കുന്നു. ഇതിൽ പ്രോട്ടീനിന്റെ ആവശ്യം കൊഴുപ്പിനെ പൊതിയാൻ വേണ്ടി മാത്രമാണ്. 

ലിപോപ്രോട്ടീനിനെ ഒരു ചരക്ക് ലോറിയോട് ഉപമിക്കാം. ലോറി രണ്ട് വസ്തുക്കൾ ഓരോ ഷോപ്പിലും ഇറക്കി മിച്ചമുള്ളത് വഹിച്ച് തിരികെ പുറപ്പെട്ട സ്ഥാനത്ത് തിരിച്ചെത്തുന്നു. അത് പോലെ ലിപോ‌പ്രോട്ടീൻ ലിവറിൽ നിന്ന് പുറപ്പെടുന്നു. അതിൽ പ്രോട്ടീനിന്റെ അളവിനെ അപേക്ഷിച്ച് ലിപിഡ്‌സും കൊളസ്ട്രോളും കൂടുതൽ ഉണ്ട്. അതുകൊണ്ട് LDL എന്ന് പേര്. ഈ LDL രക്തത്തിലൂടെ സഞ്ചരിച്ച് ഓരോ കോശത്തിലും കൊളസ്ട്രോൾ ഇറക്കി വെയ്ക്കുന്നു. ട്രൈഗ്ലിസറൈഡ് അതിനായുള്ള കോശങ്ങളിലും ഇറക്കുന്നു. അപ്പോൾ അതേ ലിപോപ്രോട്ടീൻ തന്മാത്രയുടെ അകത്ത് മിച്ചമായ കൊളസ്ട്രോൾ ഉണ്ടാകും. അത് തിരികെ ലിവറിൽ എത്തിക്കുന്നു. അതാണ് HDL. അങ്ങനെ പറയാൻ കാരണം പ്രോട്ടീൻ എവിടെയും ഇറക്കിയിട്ടില്ല. എന്നാൽ ട്രിഗ്ലിസറൈഡ്‌സും കൊളസ്ട്രോളും ഇറക്കി. ബാക്കി മിച്ചമുള്ള കൊളസ്ട്രോൾ മാത്രമേയുള്ളൂ. അതുകൊണ്ട് പ്രോട്ടീൻ അതേ പടി ഉണ്ടാവുകയും കൊളസ്ട്രോളിനെ അപേക്ഷിച്ച് അളവ് കൂടുതലും ആയിരിക്കും. അത് കൊണ്ട് മാത്രം HDL എന്ന് പറയുന്നു. ഇതിനെയാണ് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും എന്ന് നുണ പറഞ്ഞ് ആളുകളെ പറ്റിക്കുന്നതും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ എന്ന് പറഞ്ഞ് മരുന്ന് കുറിച്ചു കൊടുക്കുന്നതും.

ഡോക്ടർമാർ ഇത് ചെയ്യുന്നത് മന:പൂർവ്വം അല്ല. അവർ ഇതിനെ പറ്റി ചിന്തിക്കാത്തത് കൊണ്ടാണ്. ആൻസൽ കീസ് തുടങ്ങി വെച്ച ഒരു അന്ധവിശ്വാസം 60 കൊല്ലത്തോളമായി പിന്തുടരുകയാണ്. പണ്ട് അരിസ്റ്റോട്ടിൽ പറഞ്ഞു മനുഷ്യർക്ക് 30 പല്ല് ആണുള്ളത്. നൂറ്റാണ്ടുകളോളം അതൊരു വിശ്വാസമായി പഠിപ്പിച്ചു. ആരും എണ്ണി നോക്കാൻ തുനിഞ്ഞില്ല. പിന്നെയാണ് പ്രായപൂർത്തിയായ ആൾക്ക് 32 പല്ല് ഉണ്ട് എന്ന് ആരോ എണ്ണിനോക്കിയത്. അത് പോലെയാണ് ലിപോപ്രോട്ടീനിന്റെ കാര്യവും. LDL ചീത്ത HDL നല്ലത് എന്ന് വിശ്വസിക്കുമ്പോൾ എന്താണ് അത് തമ്മിലുള്ള വ്യത്യാസം എന്ന് ചിന്തിക്കാൻ ഡോക്ടർമാർ തയ്യാറാകുന്നില്ല. സാധാരണക്കാർക്ക് ചിന്തിക്കാൻ ഈ അറിവുകളിലേക്ക് അവർ എത്തുന്നുമില്ല. 

കൊളസ്ട്രോൾ രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടാക്കില്ല. ബ്ലോക്ക് ഉണ്ടാകുന്നതിന്റെ കാരണങ്ങൾ കഴിഞ്ഞ പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. നമ്മുടെ ശരീരകോശങ്ങളുടെ ബാഹ്യ കോശസ്തരം കൊളസ്ട്രോൾ കൊണ്ടാണ് നിർമ്മിതമായിരിക്കുന്നത്. നമ്മുടെ മാത്രമല്ല എല്ലാ ജന്തുക്കളുടെയും. അതുകൊണ്ടാണ് നമ്മുടെ ശരീരത്തിനു മാർദ്ധവം ഉള്ളത്. അതേ സമയം സസ്യങ്ങളുടെ കോശങ്ങളിൽ കൊളസ്ട്രോൾ ഇല്ല, ജന്തുക്കളുടേത് പോലെ കോശസ്തരവും ഇല്ല. അതുകൊണ്ടാണ് സസ്യങ്ങൾക്കും വൃക്ഷങ്ങൾക്കും ഇത്ര ഉറപ്പ്. 

കൊളസ്ട്രോൾ ശരീരത്തിൽ നിർവ്വഹിക്കുന്ന ധർമ്മങ്ങൾ നിരവധിയാണ്. നമ്മുടെ സ്കിൻ സൂര്യപ്രകാശത്തിൽ വൈറ്റമിൻ D നിർമ്മിക്കുന്നത് കൊളസ്ട്രോൾ കൊണ്ടാണ്. അതുകൊണ്ട് കൊളസ്ട്രോളിനെ പേടിക്കാതിരിക്കൂ. അത് ഒരിക്കലും അധികമാവില്ല. ലിവർ കൊളസ്ട്രോളിനെ ബാലൻസ് ചെയ്യുന്നു. അതേ പോലെ കൊളസ്ട്രോൾ ടെസ്റ്റ് എന്ന കെണിയിൽ വീഴാതിരിക്കൂ. ആ ടെസ്റ്റ് അസംബന്ധമാണ്. LDL ഉം HDL ഉം ട്രൈഗ്ലിസറൈഡ്സിന്റെ അഞ്ചിൽ ഒരു ഭാഗവും കൂട്ടിയാണ് ടോട്ടൽ കൊളസ്ട്രോൾ കണക്കാക്കുന്നത്. എന്തിനാണ് അങ്ങനെ കണക്കാക്കുന്നത് എന്ന് ആലോചിച്ചാൽ നിങ്ങൾക്ക് തന്നെ ചിരി വരും.



NB : കൊളസ്ട്രോൾ നല്ലതോ ചീത്തയോ എന്ന് ഒരു ചർച്ച സംഘടിപ്പിക്കാൻ ഏതെങ്കിലും ടിവി ചാനൽ തയ്യാറാകണം.

കൊളസ്ട്രോൾ ഫോബിയ അവസാനിപ്പിക്കുക

 

ഡോക്ടർമാരും ഡയറ്റീഷ്യന്മാരും ആണ് ഇപ്പോഴും കൊളസ്ട്രോൾ ഫോബിയ പ്രചരിപ്പിക്കുന്നത് എന്നത് അത്യന്തം ദൗർഭാഗ്യകരവും അപകടകരവുമാണ്. എന്തെന്നാൽ കൊളസ്ട്രോൾ ഇല്ലാതെ മനുഷ്യർക്ക് ഒരു ദിവസം പോലും ജീവിച്ചിരിക്കാൻ കഴിയില്ല. അത്രയും പ്രധാനപ്പെട്ട ഒരു ജൈവ തന്മാത്രയാണ് കൊളസ്ട്രോൾ. ഇതിനെ ഒരു കൊഴുപ്പ് എന്ന് പറയാമെങ്കിലും കെമിക്കലി ഇതൊരു ആൽക്കഹോൾ ആണ്. കൊളസ്ട്രോൾ ഫോബിയ നിമിത്തം നിങ്ങൾ മുട്ട മുതലായ മാംസാഹാരങ്ങൾ കഴിച്ചില്ലെങ്കിലും കുഴപ്പമില്ല, ശരീരത്തിനു ആവശ്യമായ കൊളസ്ട്രോൾ ലിവർ നിർമ്മിച്ചുകൊള്ളും. ഇപ്പോൾ തന്നെ ആഹാരത്തിൽ നിന്ന് കിട്ടുന്ന കൊളസ്ട്രോളിനു പുറമെ മൂന്ന് നാലിരട്ടി കൊളസ്ട്രോൾ ഏതൊരാളുടെയും ലിവർ നിർമ്മിക്കുന്നുണ്ട്. കുഴപ്പവും അപകടവും എവിടെയാണെന്ന് ചോദിച്ചാൽ കൊളസ്ട്രോൾ ടെസ്റ്റ് ചെയ്ത് അധികമാണെന്ന് പറഞ്ഞ് അത് കുറക്കാൻ ഡോക്ടർമാർ സ്റ്റാറ്റിൻ മരുന്ന് പ്രിസ്ക്രൈബ് ചെയ്യുന്നതും നിങ്ങൾ അത് കഴിക്കുന്നതുമാണ്. കൊളസ്ട്രോൾ നിർമ്മിക്കാനുള്ള ലിവറിന്റെ സ്വാഭാവിക കഴിവിനെയാണ് അത് ബാധിക്കുന്നത്. സ്റ്റാറ്റിൻ മരുന്നുകൾ ഒരു കാരണവശാലും കഴിക്കാൻ പാടില്ല.

കൊളസ്ട്രോളിന്റെ പ്രാധാന്യം അറിയണമെങ്കിൽ ശരീരത്തിന്റെ ഘടന മനസ്സിലാക്കണം. കോശങ്ങളാണ് ശരീരത്തിന്റെ ബിൽഡിങ്ങ് ബ്ലോക്ക്. അതായത് ഇഷ്ടികകൾ ചേർത്ത് വെച്ച് കെട്ടിടങ്ങൾ നിർമ്മിച്ചത് പോലെ കോശങ്ങൾ അടുക്കി വെച്ചതാണ് ശരീരം. ഇതിലെ കോശങ്ങൾ കെട്ടിടങ്ങളിലെ ഇഷ്ടിക പോലെ സ്ഥിരമല്ല. നിലവിലെ കോശങ്ങൾ നശിച്ചു കൊണ്ടിരിക്കുകയും പുതിയ കോശങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അപ്രകാരം ശരീരം അനവരതം പുതുപ്പിക്കപ്പെടുന്നു. നമ്മുടെ ഓരോ കോശത്തിന്റെയും പുറമെ ഒരു സംരക്ഷണ കവചം ഉണ്ട്. കോശസ്തരം എന്ന് പറയാം. ഈ കോശസ്തരം നിർമ്മിതമാകുന്നത് കൊളസ്ട്രോൾ തന്മാത്ര കൊണ്ടാണ്. ഈ കൊളസ്ട്രോൾ കൊണ്ടാണ് ഓരോ കോശവും വാട്ടർ പ്രൂഫ് ആകുന്നത്. കോശങ്ങൾക്ക് ദൃഢത നൽകുന്നത് കൊളസ്ട്രോൾ ആണ്. കൊളസ്ട്രോൾ ഇല്ലെങ്കിൽ പുതിയ കോശം ഉണ്ടാവില്ല. പുതിയ കോശങ്ങൾ ദിവസവും ഉണ്ടാകുന്നില്ലെങ്കിൽ നമുക്ക് ജീവിതം തുടരാനും കഴിയില്ല. 

LDL എന്ന് പറഞ്ഞാൽ ലിവറിൽ നിന്ന് കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്‌സും ഒരുമാതിരി പ്രോട്ടീനിൽ പൊതിഞ്ഞ് ഓരോ കോശങ്ങളിലേക്കും അയയ്ക്കുന്ന പായ്ക്കറ്റ് ആണ്. ലിവർ ആണ് ഈ പായ്ക്കറ്റ് തയ്യാറാക്കുന്നത് എന്ന് പറയേണ്ടല്ലൊ. ഈ പായ്ക്കറ്റിനെ ലിപോപ്രോട്ടീൻ എന്ന് പറയുന്നു. അതായത് അകത്ത് കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്‌സും പുറത്ത് പ്രോട്ടീൻ ആവരണവും. LDL എന്നതിന്റെ പൂർണ്ണരൂപം ലോ ഡെൻസിറ്റി ലിപോപ്രോട്ടീൻ എന്നാണ്. ഇതിൽ പ്രോട്ടീന്റെ ഡെൻസിറ്റി ലോ അല്ലെങ്കിൽ കുറവ് ആയിരിക്കും. അത്രേയുള്ളൂ. ഇതിനെ ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നത് എന്തൊരു വിഡ്ഡിത്തം ആണെന്ന് ആലോചിച്ചു നോക്കൂ. ഈ LDL -ൽ നിന്ന് ഓരോ കോശവും കൊളസ്ട്രോൾ സ്വീകരിക്കുന്നു. ഓരോ ഫാറ്റ് ടിഷ്യൂവിലും  ട്രൈഗിസറൈഡ്‌സ് ഇറക്കി വയ്ക്കുന്നു. അങ്ങനെ  LDL മിക്കവാറും കാലിയാകുന്നു. എന്നാൽ കുറച്ച് കൊളസ്ട്രോൾ മിച്ചം ആകുന്നു. ആ കൊളസ്ട്രോളിനെ തിരിച്ച് ലിവറിലേക്ക് എത്തിക്കുന്നു. അതിനെയാണ് HDL എന്ന് പറയുന്നത്. അതായത് ഹൈ ഡെൻസിറ്റി ലിപോപ്രോട്ടീൻ. ഇതിൽ ട്രൈഗിസറൈഡ് തീരെയില്ല. ഉള്ളത് മിച്ചമുള്ള കൊളസ്ട്രോൾ മാത്രം, പുറമെയുള്ള ആവരണത്തിൽ തുടക്കത്തിലുള്ള പ്രോട്ടീൻ അതേ പോലെയും. അതുകൊണ്ട് ഇതിൽ പ്രോട്ടീന്റെ ഡെൻസിറ്റി ഹൈ അല്ലെങ്കിൽ അധികമായിരിക്കും. ഹൈഡെൻസിറ്റി ലിപോപ്രോട്ടീൻ എന്നാൽ ഇത്രയേയുള്ളൂ അർത്ഥം. 

HDL നല്ലതാണ് എന്ന അന്ധവിശ്വാസത്തിനു കാരണം അധികമുള്ള കൊളസ്ട്രോളിനെ പുറന്തള്ളി കളയാനാണ് ലിവറിലേക്ക് തിരികെ കൊണ്ടുപോകുന്നത് എന്ന അബദ്ധ ധാരണയാണ്. വാസ്തവത്തിൽ തിരികെ എത്തുന്ന കൊളസ്ട്രോളിനെ ലിവർ വീണ്ടും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതായത് തിരികെ എത്തിയ കൊളസ്ട്രോളും ആഹാരത്തിൽ നിന്ന് കിട്ടുന്ന പരിമിത കൊളസ്ട്രോളും നിർമ്മിക്കുന്ന കൊളസ്ട്രോളും എല്ലാം ചേർത്ത് ഒപ്പം ട്രൈഗ്ലിസൈറൈഡ്‌സും കൂട്ടി ലിവർ LDL എന്ന പായ്ക്ക് ചെയ്ത് ഓരോ കോശത്തിലേക്കും അയയ്ക്കുകയാണ്. ഈ പ്രക്രിയ നമ്മുടെ ശ്വാസോച്ഛ്വാസം പോലെ അനവരതം നടന്നു കൊണ്ടിരിക്കുന്നു. ഇതിൽ നിന്ന് നിങ്ങൾ മനസ്സിലാക്കേണ്ട സത്യം LDL എന്നും  HDL എന്നും രണ്ട് കൊളസ്ട്രോൾ ഇല്ല. ആ പേരുകൾ പ്രോട്ടീൻ കൂടിയും കുറഞ്ഞുമുള്ള ലിപോപ്രോട്ടീനിനെയാണ് സൂചിപ്പിക്കുന്നത്. കൊളസ്ട്രോൾ ഒന്നേയുള്ളൂ. കൊളസ്ട്രോളിനെ ലിവർ നിർമ്മിക്കുന്നേയുള്ളൂ പുറന്തള്ളുന്നില്ല. അതുകൊണ്ട് ചീത്ത ലിപോപ്രോട്ടീൻ (LDL)  നല്ല ലിപോപ്രോട്ടീൻ (HDL) എന്ന വർഗീകരണം തെറ്റാണ്, അസംബന്ധം ആണ്. 

രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടാകാൻ കാരണം കുഴലിന്റെ ഭിത്തിയിൽ ക്രോണിക് ഡാമേജ് ഉണ്ടാകുന്നതാണ്. അപ്പോൾ അവിടെ ക്രോണിക്ക് ഇൻഫ്ലമേഷൻ ഉണ്ടാകുന്നു. അതായത് ഡാമേജ് നിമിത്തം കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. അവ പരിഹരിക്കാൻ പുതിയ കോശങ്ങൾ നിർമ്മിക്കപ്പെടണം. അതിനാണ് കൊളസ്ട്രോളും അവിടേക്ക് എത്തിക്കപ്പെടുന്നത്. കൊളസ്ട്രോൾ ഇല്ലാതെ പുതിയ കോശം ഉണ്ടാവില്ലല്ലൊ. തുടക്കത്തിലെ ഡാമേജ് ഒക്കെ ഇങ്ങനെ പരിഹരിക്കപ്പെടുന്നു. എന്നാൽ ഡാമേജ് ക്രോണിക് ആകുമ്പോൾ അവിടെ ബ്ലോക്ക് രൂപപ്പെടും. ഇതിൽ കൊളസ്ട്രോളിന്റെ റോൾ പുതിയ കോശനിർമ്മിതിക്ക് വേണ്ടി മാത്രമാണ്. 

ചുരുക്കി പറഞ്ഞാൽ ബ്ലോക്കിന് കാരണം ഹൃദയ രക്തക്കുഴലിൽ ഡാമേജ് ഉണ്ടാകുന്നതാണ്. ഡാമേജിനു പ്രധാന കാരണം പ്രമേഹം, ഹൈ ബ്ലഡ് പ്രഷർ, മാനസികമായ സ്ട്രെസ്സ്, പുകവലി, മദ്യപാനം ഒക്കെയാണ്. കോശങ്ങൾക്ക് പരിക്ക് പറ്റി അവ റിപ്പയർ ചെയ്യാനാണ് കൊളസ്ട്രോളിനെ ശരീരം ഉപയോഗപ്പെടുത്തുന്നത്. അത് അകാരണമായി ധമനിയിൽ പോയി അടിഞ്ഞുകൂടി ബ്ലോക്ക് ഉണ്ടാക്കും എന്ന അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ഡോക്ടർമാരും ഡയറ്റീഷ്യന്മാരും അവസാനിപ്പിക്കണം. അത് പോലെ കൊളസ്ട്രോൾ ഫോബിയ നിമിത്തം പോയി ടെസ്റ്റ് ചെയ്യുന്നത് നിങ്ങളും നിർത്തണം. 

അധിക വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

എന്താണ് ഹൈപോനട്രേമിയ (hyponatremia)

രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്നതാണ് ഹൈപോനട്രേമിയ അഥവാ hyponatremia. സോഡിയം എന്നാൽ ആവർത്തനപ്പട്ടികയിലെ പതിനൊന്നാമത്തെ മൂലകം ആണ്. ഇത് ജൈവം അല്ല. നല്ല സൊയമ്പൻ കെമിക്കൽ മൂലകം ആണ്. താഴെ കാണുന്ന ആവർത്തനപ്പട്ടികയിലെ കെമിക്കൽ മൂലകങ്ങൾ അല്ലാതെ ഈ പ്രപഞ്ചത്തിൽ വേറെ ഒന്നും ഇല്ല. ഇത് ഉൾക്കൊള്ളാൻ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ സത്യം ഇതാണ്. ജൈവം എന്ന് പറഞ്ഞാൽ കാർബൺ എന്ന മൂലകം കേന്ദ്രീകരിച്ച് ഉണ്ടാകുന്ന സംയുക്തങ്ങൾ മാത്രമാണ്. ഉദാഹരണത്തിന് കാർബോഹൈഡ്രേറ്റ്, സെല്ലുലോസ് എന്നിവ. ഇതിൽ സെല്ലുലോസിനെയാണ് നമ്മൾ ഭക്ഷണത്തിലെ ഫൈബർ എന്ന് പറയുന്നത്. 

ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജൈവസംയുക്തം സെല്ലുലോസ് ആണ്. സസ്യകോശങ്ങളുടെ കോശഭിത്തി നിർമ്മിതമായിരിക്കുന്നത് സെല്ലുലോസ് കൊണ്ടാണ്. അതാണ് നാം കഴിക്കുന്ന ഫൈബർ. ഇത് നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ദഹിപ്പിക്കാൻ കഴിയില്ല. കാർബോഹൈഡ്രേറ്റ് എന്ന് പറഞ്ഞാൽ നാം കഴിക്കുന്ന ചോറ് തന്നെ. സോഡിയം നമുക്ക് കിട്ടുന്നത് ഉപ്പിൽ നിന്നാണ്. ഉപ്പും ജൈവം അല്ല. അത് സോഡിയം ക്ലോറൈഡ് എന്ന കെമിക്കൽ സംയുക്തം ആണ്. അതുകൊണ്ട് കെമിക്കൽ പേടി ഉള്ളവർ ആ പേടി ഉപേക്ഷിക്കണം. 

രക്തത്തിലെ സോഡിയത്തിന്റെ നോർമൽ അളവ് 135 മുതൽ 145 വരെ  milliequivalents per liter (mEQ/L) ആണ്. ചുരുക്കി പറഞ്ഞാൽ രക്തത്തിൽ സോഡിയം 135 mEQ/L ൽ താഴുന്നതാണ് ഹൈപോനട്രേമിയ എന്ന അവസ്ഥ. സോഡിയം 145 ൽ കൂടിയാലും അപകടമാണ്. ഈ അവസ്ഥയ്ക്കും ഹൈപോനട്രേമിയ എന്ന് തന്നെയാണ് പറയുക. പക്ഷെ നിങ്ങൾ ഇതൊന്നും ഓർത്ത് പരിഭ്രമിക്കേണ്ട. രക്തത്തിൽ സോഡിയത്തിന്റെ അളവ് സാധാരണ ഗതിയിൽ നമ്മുടെ ശരീരം തന്നെ ബാലൻസ് ചെയ്യുന്നുണ്ട്. അധികമായി വെള്ളം കുടിച്ചാൽ രക്തത്തിലെ സോഡിയം ഡൈല്യൂട്ട് ആയിപ്പോവുകയും അപ്പോൾ കോശങ്ങളിൽ അധികം വെള്ളം സംഭരിക്കപ്പെടുകയും ചെയ്യും. ശരീരത്തിൽ ജലാംശം കൺട്രോൾ ചെയ്യുന്നത്, ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നത് ഒക്കെ സോഡിയം ആണ്. അതുകൊണ്ട് മറ്റേത് പോഷക മൂലകങ്ങളെ പോലെ സോഡിയവും ശരീരത്തിനു അത്യാന്താപേക്ഷിതമാണ്. 

പൊതുവെ പ്രായം കൂടുമ്പോഴാണ് ഹൈപോനട്രേമിയ വരാനുള്ള സാധ്യത കൂടുന്നത്. കിഡ്‌നിയുടെ പ്രവർത്തനക്ഷമത കുറയുന്നതാണ് കാരണം. നമ്മുടെ അവയവങ്ങൾക്ക് എല്ലാം പ്രവർത്തനക്ഷമതയ്ക്ക് ഒരു പരിധിയുണ്ട്. അതുകൊണ്ട് ഒന്നിനും ഹെവി വർക്ക് കൊടുക്കരുത്. പ്രത്യേകിച്ചും കിഡ്‌നിക്ക്. അധികമായും അനാവശ്യമായും എന്ത് കഴിക്കുന്നതും കിഡ്‌നിക്ക് അധിക വർക്ക് ലോഡ് ആണ്. പ്രത്യേകിച്ച് മദ്യം. തുടർന്ന് ഇതൊക്കെ കഴിച്ചാൽ 80 കൊല്ലം പ്രവർത്തിക്കുമായിരുന്ന കിഡ്‌നി 60 കൊല്ലം മാത്രമേ പ്രവർത്തിക്കൂ. അധിക ജോലി കൊടുക്കുന്നത് കൊണ്ട് 20 കൊല്ലം കിഡ്‌നിക്ക് നഷ്ടപ്പെടുകയാണ്. പിന്നെ കുറച്ചു കാലം ഡയാലിസിസ് കൊണ്ട് നമ്മുടെ ആയുസ്സ് നീട്ടാം എന്ന് മാത്രം. ആദ്യമേ കിഡ്‌നിയെ ഹെവി വർക്ക് കൊടുക്കാതെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ ഗതികേട് വരില്ലായിരുന്നു. 

രക്തത്തിൽ ഒരു അനാവശ്യ പദാർത്ഥവും തങ്ങി നിൽക്കില്ല. വേണ്ടാത്തതൊക്കെ അപ്പപ്പോൾ നമ്മുടെ കിഡ്‌നി ഫിൽട്ടർ ചെയ്ത് പുറന്തള്ളുന്നുണ്ട്. അതുകൊണ്ട് രക്തം എപ്പോഴും മാലിന്യമുക്തവും  ശുദ്ധവുമാണ്. രക്തത്തെ പറ്റി മനസ്സിലാക്കാൻ അതിനെ ഒരു ചരക്ക് വണ്ടിയോട് ഉപമിക്കാം. ഓരോ ശരീര കോശത്തിലേക്കും ആവശ്യമായ പോഷകഘടകങ്ങളും, ശ്വസനത്തിലൂടെ ഉള്ളിലേക്ക് കടക്കുന്ന വായുവിലെ ഓക്സിജനും വഹിച്ചു കൊണ്ടു പോയി കോശങ്ങളിൽ ഇറക്കി വെക്കുകയും കോശങ്ങളിലെ മെറ്റബോളിക് പ്രവർത്തനങ്ങൾ മൂലം അവശേഷിക്കുന്ന മാലിന്യങ്ങളും കാർബൺ ഡൈ‌ഓക്സൈഡും പുറന്തള്ളാൻ വേണ്ടി എടുത്തുകൊണ്ട് തിരികെ പോരുകയും ചെയ്യുക എന്നതാണ് രക്തം ചെയ്യുന്നത്. 

നമ്മുടെ ശരീരം വളരുന്നതും നിലനിൽക്കുന്നതും കോശങ്ങൾ വിഭജിച്ച് പുതിയ കോശങ്ങൾ ഉണ്ടാകുന്നതിലൂടെയും പഴയ കോശങ്ങൾ നശിക്കുന്നതിലൂടെയുമാണ്. ഈ പ്രക്രിയ അനവരതം നടന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ ഈ കോശവിഭജനം അനന്തമായി തുടരാവുന്ന സംഗതിയല്ല. കോശവിഭജനത്തെ നിയന്ത്രിക്കുന്ന ജീനുകൾ ഉണ്ട്. ജീനുകൾ ആണ് ശരീരത്തിന്റെ ബ്ലൂ പ്രിന്റ്. ഒരു പരിധി കഴിഞ്ഞാൽ കോശവിഭജനം നിലയ്ക്കുന്നു. ആ അവസ്ഥയാണ് വാർദ്ധക്യം എന്നത്. ഹൈപോനട്രേമിയയിൽ തുടങ്ങി എവിടെയോ എത്തുന്നു അല്ലേ? എങ്കിലും നിങ്ങൾ മനസ്സിലാക്കേണ്ടതായ കൊച്ചു കൊച്ചു സംഗതികൾ ആണ് പറഞ്ഞത്. നമ്മുടെ സ്വന്തം ശരീരം എന്താണ് എന്നും എങ്ങനെ പ്രവർത്തിക്കുന്നു എന്നുമൊക്കെ അറിയാൻ നിങ്ങൾ ശ്രമിക്കണം എന്ന് പറഞ്ഞുകൊണ്ട് ഈ കുറിപ്പ് ഇവിടെ നിർത്തുന്നു.