ഈ നിഷ്ക്കളങ്കരെയും ശുദ്ധഹൃദയരെയും മനുഷ്യാവകാശപ്രവർത്തകരെയും കൊണ്ട് തോറ്റു. ഇപ്പോൾ ശ്രീലങ്കയാണു പ്രശ്നം. അവിടെ നടന്നത് വംശഹത്യയും യുദ്ധക്കുറ്റവും ആണത്രെ. കൊല്ലപ്പെട്ട ചില കുട്ടികളുടെ ഫോട്ടോകളും തൂക്കിപ്പിടിച്ചുകൊണ്ടാണു ഫേസ്‌ബുക്കിലൂടെയും മറ്റ് സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിലൂടെയും മഷ്യസ്നേഹികളുടെ വിലാപയാത്ര. യുദ്ധക്കുറ്റം എന്ന് പറയുമ്പോൾ ഈ പുലിപ്രഭാകരൻ ആരായിരുന്നു? മഹീന്ദ രജപക്‌ഷയെ പോലെ വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയോ?
സ്വന്തം വംശക്കാരോട് പോലും സമാനതകളില്ലാത്ത ക്രൂരതകൾ പുലിപ്രഭാകരൻ കാട്ടുമ്പോൾ ഈ മനുഷ്യഷ്യാവകാശ പ്രവർത്തകർ എവിടെയായിരുന്നു? അമൃതലിംഗം പോലുള്ള എത്രയോ ശ്രീലങ്കൻ തമിഴ്‌നേതാക്കളെ പ്രഭാകരൻ കൊന്നൊടുക്കി. എന്നിട്ട് തമിഴർ ജീവിക്കുന്ന പ്രദേശം തന്റെ നിയന്ത്രണത്തിലാക്കി. അവിടെ തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചു. ഓരോ തമിഴ് കുടുംബവും ഒരു കുട്ടിയെ അത് ആണായാലും പെണ്ണായാലും LTTE യെ ഏൽപ്പിക്കണം. ആ കുട്ടിയെ ചാവേറായി അരയിൽ ബോംബും കെട്ടി നടക്കുന്ന മനുഷ്യബോംബായി വളർത്തും. ഒരു ബോംബിനെ നിരീക്ഷിക്കാൻ മറ്റൊരു ബോംബ്. കൊല്ല്ലാനും ചാകാനും മാത്രം നിയുക്തമാകുന്ന ബോംബുകൾ. ലോകത്ത് സമാനതകളില്ലാത്ത ഭീകരപ്രസ്ഥാനം.
പുലികളുടെ ഫാസിസം സഹിക്കാനാകാതെ തമിഴർ ആരെങ്കിലും ആ തമിഴ്മേഖലയിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ തങ്ങളുടെ വസ്തുവകകൾ എല്ലാം LTTE യെ ഏൽപ്പിച്ച് വെറുംകൈയോടെ ജീവനും കൊണ്ട് പോകാം. പ്രഭാകരൻ പറയുന്നതാണു നിയമം നീതി എല്ലാം. മാർക്സിസത്തിൽ നിന്നാണു പ്രഭാകരൻ ഗറില്ലാരീതി അഭ്യസിച്ചതെങ്കിലും പ്രഭാകരനെ പോലെ ഒരു പ്രാകൃതഫാസിസ്റ്റ് കമ്മ്യൂണിസ്റ്റുകളിൽ പോലും ഇല്ല.
എല്ലാ ശ്രീലങ്കൻ തമിഴ് ദേശീയ പ്രസ്ഥാനങ്ങളെയും പ്രവർത്തകരെയും നേതാക്കളെയും ഇല്ലാതാക്കിയ പുലിപ്രഭാകരൻ, തമിഴർക്ക് എന്തെങ്കിലും പ്രശ്നം അവിടെ ഉണ്ടായിരുന്നെങ്കിൽ അതൊക്കെ ചർച്ചയിലൂടെ പരിഹരിക്കാനുള്ള സാധ്യതകൾ എന്നെന്നേക്കുമായി അടക്കുകയായിരുന്നു. തനിക്കും കുടുംബത്തിനും കൈവശം വെച്ച് അനുഭവിക്കാൻ ശ്രീലങ്കയുടെ ഒരു കഷണം മുറിച്ചു തരണം എന്ന മിനിമം ആവശ്യത്തിൽ നിന്ന് മനുഷ്യബോംബുകളുടെ സർവ്വസൈന്യാധിപനായിരുന്ന ആ കാട്ടാളനേതാവ് പിന്മാറാൻ തയ്യാറല്ലായിരുന്നു. ശ്രീലങ്കയിലെ ഒരു ഭരണാധികാരിക്കും പുലികളെ തളക്കാനായില്ല. അങ്ങനെ ശ്രമിച്ച ഭരണാധികാരികളെല്ലാം കൊല്ലപ്പെട്ടു. അപ്പോഴാണു ശ്രീലങ്കയിൽ ധീരനായ ഒരു ജനനേതാവ് മഹീന്ദ രജപക്ഷെ അധികാരം ഏൽക്കുന്നത്. ആ സമയത്ത് തന്നെ പുലിപ്പടയിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന പുലിക്കേണൽ കരുണ LTTE വിടുകയും മറ്റൊരു തമിഴ് മിതവാദ പുലിപ്രസ്ഥാനത്തിനു രൂപം നൽകുകയും ചെയ്തു. തന്റെ ജീവൻ രക്ഷിക്കാൻ കരുണയ്ക്ക് മഹീന്ദ രജപക്‌ഷെയുടെ അടുത്ത് അഭയം തേടേണ്ടി വരികയും ചെയ്തു.
പ്രഭാകരന്റെ പതനം അവിടെ തുടങ്ങുന്നു. പുലിപ്രസ്ഥാനം ഉന്മൂലനം ചെയ്യപ്പെടേണ്ടത് ലോകസമാധാനത്തിനു തന്നെ അനിവാര്യമായിരുന്നു. എന്തെന്നാൽ മനുഷ്യബോംബ് എന്ന ഭീകരവാദരീതി മറ്റ് ചില തീവ്രവാദ സംഘടനകളും മാതൃകയാക്കാൻ തുടങ്ങിയിരുന്നു. ആ ചരിത്രനിയോഗം അർപ്പിക്കപ്പെട്ടത് മഹീന്ദ രജപക്ഷെയിലായിരുന്നു. അദ്ദേഹത്തിന്റെ പേരു ശ്രീലങ്കൻ ചരിത്രത്തിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെടും.
ഇന്ത്യ എന്ന രാജ്യം ഇന്ത്യക്കാരുടേത് ആണെങ്കിൽ ശ്രീലങ്ക എന്ന രാജ്യം സിംഹളരുടേത് ആണെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. എന്റെ മാതൃരാജ്യമായ ഇന്ത്യ വെട്ടിമുറിക്കപ്പെടരുത് എന്ന പോലെ തന്നെ ശ്രീലങ്കയും വിഭജിക്കപ്പെടരുത് എന്ന് അന്നേ എനിക്ക് അഭിപ്രായമുണ്ടായിരുന്നു. ശ്രീലങ്കയിൽ നടന്നത് യുദ്ധക്കുറ്റമോ വംശഹത്യയോ അല്ല. ലോകം കണ്ട ഏറ്റവും മാരകമായ ഒരു ഭീകരവാദസംഘടനയെ നശിപ്പിക്കൽ ആയിരുന്നു അത്. ആ യജ്ഞത്തിൽ എത്രയോ നിരപരാധികളും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. അവരെയൊക്കെ ഭീരുവായ പുലിപ്രഭാകരൻ മനുഷ്യക്കവചമായി ഉപയോഗിച്ചതാണു അതിനു കാരണം. LTTE യെ തകർക്കാൻ നടത്തിയ ഓപ്പറേഷനുകളിൽ സംഭവിച്ച ഏത് മനുഷ്യാവകാശലംഘനവും ആ ദൗത്യത്തിന്റെ പേരിൽ ന്യായീകരിക്കപെടും. കാരണം ശ്രീലങ്കൻ സർക്കാരിന്റെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു.







