Links

വി.എസ്. അച്യുതാനന്ദന്‍ വീണ്ടും ബോംബ് പൊട്ടിച്ചു.......


ലാവലിന്‍ കേസില്‍ പിണറായി സഖാവ് തടവിലാകുമെന്ന് വി.എസ്സിന് തീര്‍ച്ചയുണ്ടായിരിക്കണം. അതിന് വേണ്ടി തന്നാലാകുന്നത് വി.എസ്സ്. ശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍ ലാവലിന്‍ കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്നത്കൊണ്ട് അദ്ദേഹത്തിന്റെ പ്രതീക്ഷ വേഗത്തില്‍ സഫലമാകണമെന്നില്ല. അതിനിടയിലാണ് ടി.പി.വധക്കേസ് വി.എസ്സിന് പിടിവള്ളിയായത്. ആ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ടി.പി.യുടെ ഭാര്യ രമയുടെ ആവശ്യം ന്യായമാണെന്ന് പ്രതികരിച്ച വി.എസ്സ്. വധത്തില്‍ സി.പി.എം. ഉന്നതര്‍ക്ക് പങ്കുണ്ടെന്ന രമയുടെ സംശയം ദൂരീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ചുമതലയാണെന്നും പറഞ്ഞുവെച്ചു. സി.പി.എമ്മില്‍ ഉന്നതന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലൊ.

സി.പി.എം. ഇപ്പോള്‍ നാനാഭാഗത്ത് നിന്നും പ്രത്യാക്രമണങ്ങള്‍ നേരിടുകയാണ് പോലും. അത്കൊണ്ടാണത്രെ പാര്‍ട്ടിക്കോട്ടയായ മട്ടന്നൂരില്‍ പോലും വോട്ട് ചോര്‍ന്നത്. എന്നാല്‍ സി.പി.എം. ഏറ്റവും വലിയ പ്രത്യാക്രമണം നേരിടുന്നത് ആ പാര്‍ട്ടിയുടെ സമുന്നത നേതാവും കേന്ദ്രക്കമ്മറ്റി അംഗവുമായ വി.എസ്സ്. അച്യുതാനന്ദനില്‍ നിന്നാണെന്ന് സി.പി.എം.കാര്‍ മനസ്സിലാക്കുന്നില്ലേ? മനസ്സിലാക്കിയാലും ഒരു പ്രയോജനവുമില്ല. വി.എസ്സിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ജനം വി.എസ്സിന്റെ കൂടെയും ആസ്തികള്‍ പിണറായിയുടെ കൈവശത്തിലും ആയിരിക്കും എന്നതാണ് ഇപ്പോള്‍ കേരളത്തില്‍ സി.പി.എം. നേരിടുന്ന പ്രതിസന്ധി.

ടി.പി.വധക്കേസ് സി.ബി.ഐ. അന്വേഷിക്കണം എന്ന കാര്യത്തില്‍ സര്‍ക്കാരിനും എതിര്‍പ്പുണ്ടാകാന്‍ വഴിയില്ല. അങ്ങനെയെങ്കില്‍ ആ കേസില്‍ എങ്കിലും പിണറായി കുടുങ്ങുകില്ലേ എന്നായിരിക്കും വി.എസ്സിന്റെ ഇപ്പോഴത്തെ പ്രതീക്ഷ. പേരെടുത്ത് പറഞ്ഞില്ലെങ്കിലും അന്വേഷണം പിണറായിലേക്ക് നീളണം എന്നാണ് കെ.കെ.രമയും ആഗ്രഹിക്കുന്നത്. അതാണ് വി.എസ്സും ശരി വെക്കുന്നത്. അതായത് ടി.പി.വധത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടോ എന്ന് പാര്‍ട്ടി അന്വേഷിക്കും എന്ന സി.പി.എം. നിലപാടില്‍ വി.എസ്സിന് വിശ്വാസമില്ല എന്നര്‍ത്ഥം.

ഈ പ്രതിസന്ധിയെ സി.പി.എം. പാര്‍ട്ടി മാനേജര്‍മാര്‍ എങ്ങനെ നേരിടും എന്നറിയില്ല. വി.എസ്സിനെ പുറത്താക്കി പാര്‍ട്ടിയെ കുളം തോണ്ടാന്‍ അവര്‍ മുതിരുമോ എന്ന് കണ്ടറിയണം. ന്യായമായി ചെയ്യേണ്ടത്, ടി.പി.യെയും ഫസലിനെയും ഷുക്കൂറിനെയും കൊന്ന കേസില്‍ പെട്ട മുഴുവന്‍ പേരെയും കൊലവെറി പ്രസംഗം നടത്തിയ എം.എം.മണിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി.പി.എമ്മിനെ ശുദ്ധീകരിക്കുകയാണ്.

പോര, കൊലപാതകരാഷ്ട്രീയം ഞങ്ങള്‍ ഉപേക്ഷിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും വേണം. സി.പി.എം. എന്നാല്‍ നേതാക്കളല്ല, ലക്ഷക്കണക്കിന് സാധാരണക്കാരാണ്. അവരാരും കൊലപാതകം ഇഷ്ടപ്പെടുന്നവരല്ല. മാത്രമല്ല ശുദ്ധഹൃദയരും നല്ലവരും പാവങ്ങളുമാണ്. പാര്‍ട്ടി വളര്‍ത്താന്‍ ക്രിമിനലിസവും കൊലപാതകവും മാര്‍ഗ്ഗമാക്കുന്ന ഒരു പിടി നേതാക്കള്‍ക്ക് വേണ്ടി ലക്ഷക്കണക്കിന് നിരപരാധികളായ സാധാരണക്കാരുടെ ആശ്രയവും പ്രതീക്ഷയുമായ പാര്‍ട്ടിയെ തകര്‍ക്കണമോ എന്നാണ് സി.പി.എം. ഉത്തരം കാണേണ്ടതായ ചോദ്യം. എന്നാല്‍ തങ്ങളാണ് പാര്‍ട്ടി എന്നും തങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടാലോ ജയിലില്‍ പോകേണ്ടി വന്നാ‍ലോ പാര്‍ട്ടി തകര്‍ന്നുപോകും എന്ന് കരുതുന്ന കണ്ണൂര്‍ ലോബി സി.പി.എമ്മിനെ നയിക്കുന്ന കാ‍ലത്തോളം ഇതിന് ഉത്തരം കാണുക എളുപ്പമല്ല. ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുടെ ഗതി അധോഗതി ആയിരിക്കും എന്ന് എല്ലാ സി.പി.എം.കാര്‍ക്കും ഏതാണ്ട് മനസ്സിലായിക്കാണും എന്ന് തീര്‍ച്ച.

സി.പി.എമ്മിനെതിരെ വൈകി വന്ന പരാതി

സി.പി.എം. എന്ന പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. ആ പാര്‍ട്ടി കാലാകാലങ്ങളായി ജനങ്ങളെ പറ്റിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ ജനാധിപത്യപാര്‍ട്ടി ആണെന്നും ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നുമാണ് ആ പാര്‍ട്ടി പറയുന്നത്. അപ്പറയുന്നത് വഞ്ചനയാണ്. ഇക്കഴിഞ്ഞ സി.പി.എം.പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പോലും അവര്‍ വ്യക്തമാക്കിയത്, തങ്ങള്‍ ജനകീയ ജനാധിപത്യ വിപ്ലവം നടത്താനുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു എന്നാണ്. എന്തിനാണ് ജനകീയ ജനാധിപത്യ വിപ്ലവം നടത്തുന്നത്? വിപ്ലവം നടത്തി, നിലവിലെ ഭരണഘടന അട്ടിമറിച്ച് പകരം അവരുടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ വേണ്ടി. സി.പി.എമ്മിന്റെ പരിപാടിയില്‍ പാര്‍ട്ടിയുടെ ലക്ഷ്യമായി ഇന്നും പറയുന്നത് ഈ സര്‍വ്വാധിപത്യസംസ്ഥാപനമാണ്.

അപ്പോള്‍ , നിലവിലെ ഭരണഘടനയും ഭരണഘടനസ്ഥാപനങ്ങളും അട്ടിമറിച്ചുകൊണ്ട് തങ്ങളുടെ ഏകാധിപത്യം സ്ഥാപിക്കും എന്ന് പാര്‍ട്ടിപരിപാടിയില്‍ പറയുന്ന ഒരു സംഘടനയ്ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ നിയമപരമായി അവകാശമുണ്ടോ? ഇക്കാര്യം ഇത് വരെ ആരും ഗൌരവമായി ആലോചിച്ചില്ല. എന്നാല്‍ ഇപ്പോള്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ ബാര്‍ അസോസിയേഷന്‍ സെക്രട്ടരി അഡ്വ: ഹരീഷ് ഇക്കാര്യം ഉന്നയിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയച്ചിരിക്കുകയാണ്. തങ്ങള്‍ ജനകീയ ജനാധിപത്യ വിപവം നടത്തും എന്ന് പാര്‍ട്ടി പരിപാടിയില്‍ എഴുതി വെക്കുന്നത് രാജ്യത്തോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്നും   അത്കൊണ്ട് ജനപ്രാതിനിധ്യ നിയമപ്രകാരം സി.പി.എമ്മിന്റെ റജിസ്ട്രേഷന്‍ റദ്ധാക്കണമെന്നുമാണ് ഹരീഷിന്റെ ആവശ്യം.

സി.പി.എം. നമ്മുടെ ഭരണഘടനയും ബഹുകക്ഷി പാര്‍ലമെന്ററി സിസ്റ്റവും അംഗീകരിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടിയുടെ ഭരണഘടനയും പരിപാടിയും ഭേദഗതി ചെയ്ത്  അംഗീകരിക്കണമെന്നും, അക്കാര്യം പൊതുസമൂഹത്തെ അറിയിക്കണമെന്നും അല്ലാത്ത പക്ഷം സി.പി.എം. ജനാധിപത്യപാര്‍ട്ടിയാവുകയില്ലെന്നും ഞാന്‍ നിരന്തരമായി എഴുതിവരുന്നത് സാധൂകരിക്കുകയാണ് ഹരീഷിന്റെ ഹരജി. യഥാര്‍ത്ഥത്തില്‍ , തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഇപ്പോഴും സപ്നം കാണുകയും അതേ സമയം പാര്‍ലമെന്ററി സമ്പ്രദായത്തില്‍ പൂര്‍ണ്ണമായി മുഴുകി പ്രവര്‍ത്തിക്കേണ്ടി വരികയും ചെയ്യുന്ന ആശയപ്രതിസന്ധിയിലാണ് സി.പി.എം. വിപ്ലവം കാലഹരണപ്പെട്ടെന്ന് തിരിച്ചറിഞ്ഞ്  ജനാധിപത്യപാര്‍ട്ടിയായി മാറി, പാര്‍ലമെന്ററി ജനാധിപത്യത്തെ പുഷ്ടിപ്പെടുത്താനുള്ള ആര്‍ജ്ജവമായിരുന്നു സി.പി.എം.കാര്‍ക്ക് ഉണ്ടാകേണ്ടിയിരുന്നത്.  ആ സത്യസന്ധത സി.പി.എമ്മില്‍ നിന്ന് പ്രതീക്ഷിക്കാന്‍ വയ്യ. 

റഫറന്‍സ് : മനോരമ

പുതിയ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുന്നു, സഹകരിക്കുക!


ഫേസ്‌ബുക്കിലൂടെ പുതിയ ഒരു രാഷ്ട്രീയപാര്‍ട്ടി തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി എങ്ങനെയായിരിക്കരുത് എന്നതിന് ഉദാഹരണങ്ങളാണ് ഇന്ന് നിലവിലുള്ള പാര്‍ട്ടികള്‍ എന്ന നിരീക്ഷണത്തില്‍ നിന്നാണ് ഇങ്ങനെയൊരാശയം എനിക്ക് ഉണ്ടായത്. ഫേസ്‌ബുക്ക് തന്നെയായിരിക്കും പുതിയ പാര്‍ട്ടിയുടെ ഹെഡ് ഓഫീസ്. ഒരു മുല്ലപ്പൂ വിപ്ലവത്തിന് ഇന്ത്യയില്‍ പ്രസക്തിയില്ല. എന്നാല്‍ ഒരു ജനാധിപത്യവിപ്ലവം ഇന്ത്യയില്‍ നടക്കേണ്ടതുണ്ട്. അത്തരമൊരു വിപ്ലവത്തിന് നിലവിലെ എല്ലാ പാര്‍ട്ടികളും വിലങ്ങ്തടികളാണ്.

ഓരോ വ്യക്തിയും ഓരോ റെസ്പോണ്‍സബിള്‍ സിറ്റിസണ്‍ ആകേണ്ടതുണ്ട്. മാറ്റമോ നവീകരണമോ ആദ്യം അവനവനില്‍ തുടങ്ങണം. രാഷ്ട്രീയപ്രവര്‍ത്തനം എന്നത് ഒരു തൊഴിലോ വരുമാനമാര്‍ഗ്ഗമോ അല്ല. ഓരോ പൌരനും അവനവന്‍ ജീവിക്കാന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ കൂട്ടത്തില്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും അല്പം സമയം നീക്കിവെക്കണം. അതാണ് അത് മാത്രമാണ് രാഷ്ട്രീയപ്രവര്‍ത്തനം. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തകര്‍ വേണ്ട. സമുഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് പ്രവര്‍ത്തകര്‍ വേണ്ടത്.

ഒരു പ്രവര്‍ത്തകന്റെ പ്രതിബദ്ധത സഹപൌരന്മാരോട് മാത്രമാണ് ഉണ്ടായിരിക്കേണ്ടത്. അല്ലാതെ പാര്‍ട്ടിയോടോ കൊടിയോടോ ചിഹ്നത്തോടോ സിദ്ധാന്തത്തോടോ ആയിരിക്കരുത്. പാര്‍ട്ടി ഒരു ഉപകരണം മാത്രമാണ്. ജനങ്ങള്‍ക്ക് വേണ്ടിയല്ലെങ്കില്‍ ഉപകരണത്തിന് പ്രസക്തിയില്ല. ഉപകരണത്തിന് സ്വന്തം നിലയില്‍ താല്പര്യങ്ങളില്ല. സര്‍ക്കാര്‍ എന്നത് ഏറ്റവും ഉയര്‍ന്ന സാമൂഹ്യസംഘടനയാണ്. പൌരന്മാര്‍ ചേര്‍ന്ന് രൂപം നല്‍കുന്നതാണ് ആ സംഘടന.

രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് ആരും വരുമാനമോ ആദായമോ ഉണ്ടാക്കിക്കൂട. അതൊക്കെ സ്വന്തം നിലയില്‍ തൊഴില്‍ ചെയ്ത് ആര്‍ജ്ജിക്കേണ്ടതാണ്. രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ആരും പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ പറ്റിക്കൂട. നേതാവ് എന്ന സങ്കല്പം തന്നെ കാ‍ലഹരണപ്പെടേണ്ടതാണ്. സ്വയം നയിക്കപ്പെടാന്‍ ഓരോ പൌരനും പ്രാപ്തനാകേണ്ടതുണ്ട്.

പുതിയ പാ‍ര്‍ട്ടി വളരുമോ, മാറ്റങ്ങള്‍ ഉണ്ടാക്കുമോ എന്ന് ആരും വേവലാതിപ്പെടേണ്ടതില്ല. ആളുകള്‍ക്ക് ആവശ്യമാണെങ്കില്‍ വളരും നിലനില്‍ക്കും എന്നേയുള്ളൂ. അത്കൊണ്ട് ധൃതിയോ അസഹിഷ്ണുതയോ ആവശ്യമില്ല. ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയും. നിലവിലെ ഒരു പാര്‍ട്ടിയും സംഘടനയും ശത്രുക്കള്‍ അല്ല. മറ്റുള്ളവരെ വിമര്‍ശിക്കാനല്ല പുതിയ പാര്‍ട്ടി. ശരിയായ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെക്കാനാണ്. ആളുകള്‍ക്ക് ആ കാ‍ഴ്ചപ്പാട് ശരിയാണെങ്കില്‍ അംഗീകരിക്കും എന്നേയുള്ളൂ.

പുതിയ പാര്‍ട്ടി ജനങ്ങളെ സമഗ്രമായാണ് കാണുക. ജനങ്ങളെ വീതം വെച്ച് എടുക്കുകയില്ല. അത്കൊണ്ട് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കുന്ന മെമ്പര്‍മാര്‍ മാത്രമേ ഉണ്ടാകൂ. അനുഭാവികളോ വിശ്വാസികളോ വോട്ട് ബാങ്കോ ഉണ്ടാവില്ല. എതിര്‍ക്കാന്‍ വേണ്ടി ഒരു പ്രവര്‍ത്തകനും ഊര്‍ജ്ജം ചെലവാക്കുകയില്ല. പോസിറ്റീവായി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുക മാത്രമേ ചെയ്യൂ.

സാമൂഹ്യപ്രവര്‍ത്തന സന്നദ്ധത ഒരാളില്‍ സ്വമേധയാ ഉണ്ടാകേണ്ടതാണ്. സാമൂഹ്യപ്രവര്‍ത്തനം തന്നെയാണ് രാഷ്ട്രീയപ്രവര്‍ത്തനം. രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ നേതാക്കള്‍ക്ക് അധികാരവും ഫണ്ടും സ്വരൂപിച്ച് നല്‍കുന്ന ദല്ല്ലാള്‍ പണിയല്ല. അത് മനുഷ്യസ്നേഹ പ്രചോദിതമായ സാമൂഹ്യസേവനം മാത്രമാണ്.

പുതിയ പാര്‍ട്ടിയുടെ പ്രചരണത്തിനും സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും ഫേസ്‌ബുക്കില്‍ ഗ്രൂപ്പ് ആരംഭിക്കും. സമാനചിന്താഗതിയുള്ള സുഹൃത്തുക്കളില്‍ നിന്നും അഭിപ്രായം ക്ഷണിക്കുന്നു. തുടങ്ങിവെക്കുക എന്നത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്. പ്രസക്തമാണെങ്കില്‍ ആരെങ്കിലുമൊക്കെ ഏറ്റെടുത്തോളും എന്ന പ്രതീക്ഷ മാത്രമേ എനിക്കുള്ളൂ.

കല്‍ക്കരിപ്പാടത്ത് കൊയ്യുന്നവര്‍


ബി.ജെ.പി.യും സി.പി.എമ്മും കോണ്‍ഗ്രസ്സ് വിരോധപാര്‍ട്ടികള്‍ എന്ന നിലയില്‍ യോജിക്കാനുള്ള അവസരം പലപ്പോഴും അവര്‍ക്ക് ലഭിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ കല്‍ക്കരിപ്പാടക്കൊയ്ത്താണ് ലഭിച്ചിരിക്കുന്നത്. ഇത്തവണ പ്രധാനമന്ത്രി മന്‍‌മോഹന്‍‌സിങ്ങിനെ തന്നെ നേരിട്ട് അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള സുവര്‍ണ്ണാവസരവും കിട്ടിയിരിക്കുന്നു. അഴിമതിത്തുകയും നിസ്സാരമല്ല. 2ജിയെക്കാളും വലിയ അഴിമതി. 1.86ലക്ഷം കോടി രൂപ പ്രധാനമന്ത്രി അഴിമതി നടത്തിയെന്നും അത്കൊണ്ട് ഇനി പ്രധാനമന്ത്രി രാജിവെക്കുന്നത് വരെ സമരം എന്നുമാണ് ബി.ജെ.പി.യുടെ നിലപാട്.

സി.പി.എം.കാര്‍ക്കും മറിച്ചൊരു നിലപാട് ഉണ്ടാകാന്‍ വഴിയില്ല. അങ്ങനെ ഈ അഴിമതി വിരുദ്ധസമരം ഫലപ്രാപ്തിയില്‍ എത്തിയാല്‍ അടുത്ത തവണ നരേന്ദ്രമോഡി പ്രധാനമന്ത്രിയാവാനുള്ള സാധ്യത ഏറെക്കുറെ ഉറപ്പാണ്. സി.പി.എമ്മില്‍ ഇനി പ്രധാനമന്ത്രിയാകാന്‍ പറ്റിയ ആരും ഇല്ല, ഉണ്ടാവുകയും ഇല്ല. ഒരിക്കല്‍ ജ്യോതി ബസുവിന് അവസരം ലഭിച്ചപ്പോള്‍ അവര്‍ തട്ടി തെറിപ്പിച്ചതാണ്. പിന്നെ ഉണ്ടായിരുന്ന നേതാവ് സോമനാഥ് ചാറ്റര്‍ജി ആയിരുന്നു. അദ്ദേഹം സി.പി.എമ്മുകാര്‍ക്ക് അനഭിമതനാവുകയും ചെയ്തു. ഇപ്പോള്‍ പ്രധാനമന്ത്രികുപ്പായം തുന്നിവെച്ചിരിക്കുന്ന ഒരേയൊരാള്‍ മോഡിയാണ്. അത് സാധിച്ചു കൊടുക്കാന്‍ സി.പി.എമ്മുകാരും സഹായിക്കുമായിരിക്കും. രണ്ട് സീറ്റ് മാ‍ത്രം പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന ബി.ജെ.പി.യെ ഇക്കാണുന്ന രീതിയില്‍ വളര്‍ത്താന്‍ സി.പി.എം. പെട്ട പാട് ചില്ലറയല്ല.

കല്‍ക്കരിപ്പാടം ലഭിക്കുക വഴി സ്വകാര്യ കമ്പനികള്‍ 1.86ലക്ഷം കോടി ലാഭം ഉണ്ടാക്കി എന്നാണ് സി.എ.ജി.യുടെ കണക്ക്. അതേ തുക 1.86.ലക്ഷം കോടി പ്രധാനമന്ത്രി അഴിമതി നടത്തി അടിച്ചുമാറ്റി എന്നാണ് ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും കണക്ക്. ഇത്രയും തുകയ്ക്ക് എത്ര പൂജ്യം ഉണ്ട് എന്നറിയാത്ത സാധാരണക്കാരുടെ മുന്നില്‍ മന്‍‌മോഹന്‍ സിങ്ങിനെ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത്. സി.ഏ.ജി. കണക്ക് വേദവാക്യമായി എടുക്കുന്ന പ്രതിപക്ഷം സി.എ.ജി. പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല എന്ന കാര്യം വിസ്മരിക്കുന്നു. അഴിമതിയുടെ പുകമറ ഉണ്ടാക്കി മോഡിയെ അധികാരമേല്‍പ്പിക്കണം എന്നതില്‍ കവിഞ്ഞ ഒരു നോട്ടവും അവര്‍ക്കില്ല.

എന്നാല്‍ യാഥാര്‍ഥ്യം എന്താണ്? കേന്ദ്ര കല്‍ക്കരി സെക്രട്ടരിയും മറ്റ് ഒന്‍പത് മന്ത്രാലയങ്ങളിലെ സെക്രട്ടരിമാരും അടങ്ങിയ സ്ക്രീനിങ്ങ് കമ്മറ്റിയാണ് 194 കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചുകൊണ്ട് രാജസ്ഥാന്‍, ബംഗാള്‍, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ജാര്‍ക്കണ്ട്, ഒഡീഷ മുതലായ സംസ്ഥാനങ്ങളെ അറിയിച്ചത്. ആ കല്‍ക്കരി ബ്ലോക്കുകള്‍ ഏതൊക്കെ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത് അതത് സംസ്ഥാനങ്ങളാണ്. മാത്രമല്ല, സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും മുഖ്യമന്ത്രിമാര്‍ ബുദ്ധദേവ് ഭട്ടാചാര്യ, വസുന്ധരരാജ് സിന്ധ്യ, അര്‍ജ്ജുന്‍ മുണ്ട എന്നിവരൊക്കെ കല്‍ക്കരിപ്പാടം ലേലം വേണ്ട എന്നും സ്ക്രീനിങ്ങ് കമ്മറ്റി ഉണ്ടാക്കി ആ കമ്മറ്റി അനുവദിച്ചാല്‍ മതി എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ആ സ്ക്രീനിങ്ങ് കമ്മറ്റി സുതാര്യമായല്ല തീരുമാനങ്ങള്‍ എടുത്തതെന്ന് സി.എ.ജി. പറഞ്ഞിട്ടുമുണ്ട്. ഇതൊന്നും സി.പി.എമ്മുകാര്‍ക്കും ബി.ജെ.പി.ക്കാര്‍ക്കും വിഷയമല്ല. അവര്‍ക്ക് ഒരു രാഷ്ട്രീയ ഇര വേണം എന്നേയുള്ളൂ.

അങ്ങനെ, ഇത് വരെയിലും ആരാലും അഴിമതിയാരോപണം ഉന്നയിക്കാന്‍ കഴിയാതിരുന്ന മന്‍‌മോഹന്‍ സിങ്ങിനെ തന്നെ ഇന്ത്യാരാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ആയുധം ബി.ജെ.പി.ക്കും സി.പി.എമ്മുകാര്‍ക്കും എറിഞ്ഞുകൊടുത്ത സി.എ.ജി.യുടെ മനസ്സിലിരുപ്പ് മോഡിയെ പ്രധാനമന്ത്രിയാക്കണം എന്ന് തന്നെയായിരിക്കും എന്ന് കരുതാന്‍ ന്യായമുണ്ട്. ഇന്ത്യയില്‍ ഇത് വരെയിലും പ്രധാനമന്ത്രിയാകാന്‍ കൊതിച്ച എല്ലാവര്‍ക്കും ആ സൌഭാഗ്യം കൈവന്നിട്ടുണ്ട്. അദ്വാനിക്കൊഴികെ. നരേന്ദ്രമോഡിക്ക് അദ്വാനിയുടെ ഗതി വരാതിരിക്കട്ടെ എന്നായിരിക്കും ബി.ജെ.പി.യിലെ അദ്വാനിവിരുദ്ധ വിഭാഗത്തിന്റെയും സി.പി.എമ്മിന്റെയും മോഹം.

കോതമംഗലം കേസിനെ പറ്റി ...


കോതമംഗലത്ത് സമരം ചെയ്ത മൂന്ന് നഴ്‌സുമാര്‍ക്കെതിരെ ആത്മഹത്യശ്രമത്തിന് കേസ് എടുത്തതിലും അത്പോലെ തന്നെ സമരത്തെ സഹായിച്ച ഏതാനും പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ കേസെടുത്തതിലും ആളുകള്‍ക്ക് പ്രതിഷേധം തോന്നാം. എന്നാല്‍ നിയമവാഴ്ച ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട പോലീസിന് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ കേസെടുക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല്ല.

നമ്മുടെ ജനാധിപത്യ സമ്പ്രദായത്തില്‍ പൌരന്മാര്‍ക്ക് മൌലികമായ അവകാശങ്ങളും അത്പോലെ തന്നെ മൌലികമായ കടമകളുമുണ്ട്. ഏത് പാര്‍ട്ടി ഭരിച്ചാലും ഏത് പൌരനും ഇത് ബാധകമാണ്. അല്ലെങ്കില്‍ ബാധകമാവേണ്ടതാണ്. സമരങ്ങള്‍ നടത്തുന്നതിന് വ്യവസ്ഥാപിതമായ ജനാധിപത്യരീതികളുണ്ട്. ആരെങ്കിലും അടുത്ത് വന്നാല്‍ താഴേക്ക് ചാടി ആത്മഹത്യ ചെയ്യും എന്ന് പരസ്യമായി ഭീഷണി മുഴക്കിയ സമരക്കാര്‍ക്കെതിരെ ആത്മഹത്യശ്രമത്തിന് പോലീസ് കേസെടുത്തതില്‍ അസ്വാഭാവികതയില്ല. കേസിന്റെ ന്യായാന്യായതകള്‍ പരിശോധിക്കേണ്ടത് കോടതിയാണ്.

ദിവസങ്ങളോളം നഴ്‌സുമാര്‍ ജീവിയ്ക്കാന്‍ വേണ്ടി സമരം ചെയ്തിട്ടും ആരും തിരിഞ്ഞുനോക്കിയില്ലല്ലോ, ഒടുവില്‍ അങ്ങനെ സമ്മര്‍ദ്ധ സമരം നടത്തിയത്കൊണ്ടല്ലെ ഒത്തുതീര്‍പ്പിന് വഴി തെളിഞ്ഞത് എന്ന മാനുഷികയുക്തി നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. നിയമത്തിന് അതിന്റെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. അത്കൊണ്ട്, നഴ്‌സുമാരോട് അനുഭാവം പ്രകടിപ്പിക്കുമ്പോള്‍ തന്നെ പോലീസ് കേസിനെ വിവേകത്തോടെ കാണണം.

അത്പോലെ തന്നെ സമരത്തോടനുബന്ധിച്ച് അക്രമങ്ങള്‍ നടത്തിയാലും പൊതുമുതല്‍ നശിപ്പിച്ചാലും പോലീസിന് കേസ് എടുക്കേണ്ടി വരും. സമരത്തിന് ആധാരമായ കാരണങ്ങള്‍ ന്യായമായാലും സമരത്തിന് അവലംബിക്കുന്ന മാര്‍ഗ്ഗവും ന്യായീകരിക്കത്തക്കതാവണം. എന്നെങ്കില്‍ മാത്രമേ സമൂഹം ജനാധിപത്യവല്‍ക്കൃതമാവുകയുള്ളൂ. സമരത്തില്‍ തെറ്റായ മാര്‍ഗ്ഗം സ്വീകരിച്ച ഏതാനും പേര്‍ക്കെതിരെ കേസെടുക്കുമ്പോള്‍, അതിനെ സമരത്തെ സഹായിച്ച നാ‍ട്ടുകാര്‍ക്കെതിരെ കേസെടുത്തു എന്ന മട്ടില്‍ വാര്‍ത്ത കൊടുക്കുന്ന മാധ്യമക്കാരും പ്രതികരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരും നിരുത്തരവാദപരമായാണ് അങ്ങനെ ചെയ്യുന്നത്. നമ്മുടെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വസ്തുതാപരമല്ലാതാവുമ്പോള്‍ നാം ജനാധിപത്യത്തെ ദുര്‍ബ്ബലമാക്കുകയാണ് ചെയ്യന്നത്.

2G യും കല്‍ക്കരിയും പിന്നെ അഴിമതിയാരോപണാഘോഷങ്ങളും!


ഇപ്പോഴത്തെ കല്‍ക്കരി ഇടപാട് വിവാദത്തെ പറ്റി ഞാന്‍ ഫേസ്‌ബുക്കില്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു. ആ പോസ്റ്റില്‍ എന്റെ സുഹൃ ത്ത് വി.ബി.രാജന്‍  എഴുതിയ കമന്റില്‍ ഇപ്രകാരം ചോദിച്ചു:  “അപ്പോള്‍ സര്‍ക്കാര്‍ 3G ലേലം ചെയ്തത് ശരിയായില്ലന്നാണോ താങ്കള്‍ പറയുന്നത്?” അതിന് മറുപടി എഴുതി വന്നപ്പോള്‍ അതൊരു നോട്ട് ആയി മാറി. അത് താഴെ വായിക്കുമല്ലൊ:

തീര്‍ച്ചയായും, 3G ലേലം ചെയ്യരുതായിരുന്നു എന്ന് തന്നെയാണ് എന്റെ സുചിന്തിതമായ അഭിപ്രായം. പൊന്മുട്ട ഇടുന്ന താറാവിനെ കൊന്ന്  ഉള്ള മുട്ടകള്‍ ഒറ്റയടിക്ക് കൈക്കലാക്കുന്ന അതിസാമര്‍ത്ഥ്യമായിരുന്നു 3ജി ലേലം. സര്‍ക്കാര്‍ വകുപ്പുകളില്‍ ആരുടെയോ തലയില്‍ ഉദിച്ച ബുദ്ധിയായിരുന്നു അത്. അത് കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ സര്‍ക്കാരിന് ഒരുമിച്ച് ഒരുപാ‍ട് പണം ലഭിക്കുകയും 3ജി സാധാരണക്കാര്‍ക്ക് കിട്ടാക്കനിയാവുകയും ചെയ്തു.

ലേലം ചെയ്യാതെ 2ജി സ്പെക്ട്രം അനുവദിച്ചത്കൊണ്ട് സാധാരണക്കാര്‍ക്ക് സെക്കന്റ് പള്‍സില്‍ ഇന്ത്യയില്‍ എവിടെയും ഫോണില്‍ സംസാരിക്കാനും എസ്.എം.എസ്സ്. അയക്കാനും കഴിയുന്നു. 3ജിയും അങ്ങനെ അനുവദിച്ചിരുന്നുവെങ്കില്‍ ഇന്ന് ഹൈസ്പീഡ് മൊബൈല്‍ ഇന്റര്‍നെറ്റ് ഏത് സാധാരണക്കാരനും   വളരെ കുറഞ്ഞ നിരക്കില്‍ ലഭിക്കുമായിരുന്നു.  അതിനര്‍ത്ഥം ഏത് സാധാരണക്കാരനും ഇന്റര്‍നെറ്റുമായി സദാ കണക്ടഡ് ആയിരുന്നിരിക്കും എന്നാണ്. ഒരു ഇന്റര്‍നെറ്റ് വിപ്ലവം രാജ്യത്ത് നടക്കുമായിരുന്നത് 3ജി ലേലത്തോടെ പെരുവഴിയിലായി എന്നതാണ് വാസ്തവം.

3ജിക്ക് ലേലത്തില്‍ കിട്ടിയ തുക കണ്ട് സര്‍ക്കാരിന്റെ മാത്രമല്ല, സി.എ.ജിയുടെയും കണ്ണ് തള്ളിപ്പോയി. ആ കണക്കിന്റെ അടിസ്ഥാനത്തിലാണ് 2ജിയും ലേലം ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാരിന് ഒന്നേമുക്കാ‍ല്‍ ലക്ഷംകോടി രൂപ അധികവരുമാനം ലഭിക്കുമായിരുന്നു എന്ന് സി.എ.ജി കവടി നിരത്തിയത്. 3ജിക്ക് കിട്ടിയ കണക്ക് വെച്ച് രണ്ട് കൊല്ലം മുന്‍പ് 2ജി ലേലം ചെയ്തിരുന്നുവെങ്കില്‍ ഒന്നേമുക്കാല്‍ ലക്ഷം കോടിയും കൂടി കിട്ടുമായിരുന്നു എന്ന് കവടി നിരത്താതെ എങ്ങനെയാണ് സി.എ.ജി.ക്ക് പറയാന്‍ കഴിയുക? അങ്ങനെ ആര്‍ക്കും കിട്ടാത്ത ആ ഒന്നേമുക്കാല്‍ ലക്ഷം കോടി അഴിമതിയായി, പിന്നെ കോണ്‍ഗ്രസ്സ് അടിച്ചുമാറ്റലായി.

അഴിമതി എന്നത് വേറെ വിഷയമാണ്.  ഒരു വസ്തു പോക്ക് വരവ് ചെയ്ത് കിട്ടാന്‍ വില്ലേജ് ആഫീസര്‍ക്ക് എത്ര കുറഞ്ഞാലും രണ്ടായിരം രൂപ കൈമടക്ക് കൊടുക്കണമെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏത് വകുപ്പിലാണ് അഴിമതി ഇല്ലാത്തത്. ആളുകള്‍ക്ക് പക്ഷെ ബ്യൂറോക്രാറ്റുകളുടെ അഴിമതി പ്രശ്നമല്ല. 2ജി അനുവദിക്കുന്ന കാര്യത്തിലും സ്വാഭാവികമായി കൈക്കൂലിയും അഴിമതിയും ഉണ്ടാകും. അത് പക്ഷെ സി.എ.ജി. പറഞ്ഞ ആ ഒന്നേമുക്കാല്‍ ലക്ഷം കോടിയല്ല. അതൊരു കവടിക്കണക്കാണ്.

3ജിയിലേക്ക് തന്നെ വരാം. ലേലം എന്ന് വരുമ്പോള്‍ കമ്പനികള്‍ മത്സരിക്കും. അങ്ങനെ വമ്പന്‍ തുക മുടക്കി സ്പെക്ട്രം വാങ്ങിയ കമ്പനികള്‍ 3ജി സൌകര്യം മാര്‍ക്കറ്റ് ചെയ്തപ്പോള്‍ വാങ്ങാന്‍ ആളുണ്ടായില്ല. എന്തെന്നാല്‍ ആര്‍ക്കും താങ്ങാന്‍ കഴിയാത്തതായിരുന്നു 3ജി ഡാറ്റാ താരിഫ്. ആളുകള്‍ ഭൂരിപക്ഷവും ഇപ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നത് ഫോണ്‍ വിളിക്കാന്‍ മാത്രമാണ്. പ്രതീക്ഷിച്ച വരിക്കാരെ കിട്ടാത്തത്കൊണ്ട് കമ്പനികള്‍ ഇപ്പോള്‍ ഡാറ്റ താരിഫില്‍ 80% വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. എന്നിട്ടും ആ നിരക്ക് പോലും സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല. ഇങ്ങനെ 3ജി സാര്‍വ്വത്രികമായി സ്വീകരിക്കപ്പെടാത്തത്കൊണ്ട് കമ്പനികള്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കാനും കഴിഞ്ഞില്ല. BSNL-കാരന്‍ സര്‍ക്കാര്‍ മേഖലയല്ലേ എന്ന ആലസ്യത്തിലുമാണ്. അത്കൊണ്ടാണ് വികസിതരാജ്യങ്ങളില്‍ ഔട്ട്ഡേറ്റഡ് ആയ 3ജി ഇന്ത്യയില്‍ പെരുവഴിയില്‍ ആയി എന്ന് ഞാന്‍ പറഞ്ഞത്.

കല്‍ക്കരിയുടെ കാര്യത്തില്‍ ഇപ്പോള്‍ സി.എ.ജി. പറഞ്ഞ കണക്കും കൃത്രിമക്കണക്കാണ്.  കല്‍ക്കരിപ്പാടം കുറഞ്ഞ നിരക്കില്‍ കമ്പനികള്‍ വാങ്ങിയത്കൊണ്ട്, അവര്‍ കല്‍ക്കരി ഖനനം ചെയ്ത് വിറ്റ വകയില്‍ 1.80 ലക്ഷം കോടി അധികലാഭം ഉണ്ടാക്കിയെന്നും അത്രയും തുക സര്‍ക്കാരിന് നഷ്ടമായി എന്നുമാണ് സി.എ.ജി.യുടെ കണക്ക്. ഇങ്ങനെ കണക്ക് കൂട്ടാന്‍ സി.എ.ജി.യെ ആരും അധികാരപ്പെടുത്തിയിട്ടില്ല. സര്‍ക്കാരിന്റെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്യലാണ് സി.എ.ജി.യുടെ പണി. രാജ്യത്ത് തട്ടുകടക്കാരന്‍ മുതല്‍ വന്‍‌‌കിട കമ്പനികള്‍ വരെ പ്രതിദിനം കോടാനുകോടി ലാഭമുണ്ടാക്കുന്നുണ്ട്. ആ ലാഭമൊക്കെയും സര്‍ക്കാരിന്റെ നഷ്ടം എന്ന് എങ്ങനെയാണ് പറയാന്‍ പറ്റുക. സ്വകാര്യ മേഖല ലാഭമുണ്ടാക്കിയാല്‍ അതിന്റെ വികസനം രാജ്യത്ത് കാണാന്‍ കഴിയും. സര്‍ക്കാര്‍ മേഖലയില്‍ ആണെങ്കിലോ? ടെലികോം മേഖല ഇന്നും സര്‍ക്കാര്‍ മേഖലയില്‍ മാത്രം ആയിരുന്നുവെങ്കില്‍ എന്തായിരുന്നിരിക്കും  അവസ്ഥ?

കല്‍ക്കരി ഉല്പാദിക്കുന്ന പൊതുമേഖല സ്ഥാപനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. രാജ്യത്ത് ആവശ്യമുള്ള കല്‍ക്കരിയുടെ 60ശതമാനം മാത്രമാണ് കോള്‍ ഇന്ത്യ കമ്പനി ഖനനം ചെയ്യുന്നത്. അത്കൊണ്ടാണ് കല്‍ക്കരി ഖനനം ചെയ്യാന്‍ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്ത്, സി.എ.ജി. പറഞ്ഞ ആ 1.8ലക്ഷം കോടി കൂടി സര്‍ക്കാരിന് കിട്ടിയിരുന്നുവെങ്കില്‍ അതിലും അധികം കമ്പനികളും ലാഭമുണ്ടാക്കി അങ്ങനെ കല്‍ക്കരിയുടെ വില എത്രയോ ഉയരുമായിരുന്നു. ആ വിലയ്ക്ക് കല്‍ക്കരി വാങ്ങി ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില എത്രയായിരിക്കും? സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനത്തിന്റെ ഭാരം ആത്യന്തികമായി ഉപഭോക്താക്കളുടെ തലയിലാണ് വരിക എന്നത് സിമ്പിള്‍ അരിത്‌മെറ്റിക്കാണ്. വൈദ്യുതി ഉല്പാദനത്തിന് മാത്രമല്ല കല്‍ക്കരി ഉപയോഗിക്കുന്നത്. കല്‍ക്കരിപാ‍ടങ്ങള്‍ ഉള്ള സംസ്ഥാനങ്ങളില്‍ കല്‍ക്കരി അനുബന്ധിച്ചുള്ള വ്യവസായങ്ങളാണ് കൂടുതലും ഉള്ളത്. ആ വ്യവസായങ്ങളും തകരും.

പ്രകൃതിവിഭവങ്ങള്‍ ലേലം ചെയ്യണോ, അതല്ല ഒരു നിശ്ചിത വിലയ്ക്ക് വില്‍ക്കണോ എന്നതൊക്കെ തീരുമാനിക്കാനുള്ള അവകാശം ഭരിക്കുന്ന ജനകീയ സര്‍ക്കാരിന് മാത്രമാണ്. കോടതികള്‍ക്കോ , സി.എ.ജി.ക്കോ, വകുപ്പ് മേധാവികള്‍ക്കോ അതിന് അധികാരമില്ല. ഓരോ ഭരണഘടന സ്ഥാപനവും അതിനനുവദിച്ചിട്ടുള്ള പരിധിക്കകത്ത് നിന്ന് വേണം പ്രവര്‍ത്തിക്കാന്‍. സര്‍ക്കാരിനാണ് ജനങ്ങളോട് നേരിട്ട് ബാധ്യതയുള്ളത്. കക്ഷിരാഷ്ട്രീയാന്ധ്യം ബാധിച്ച്,  നമ്മുടെ പ്രധാന മന്ത്രി 2ജിയില്‍ ഒന്നേമുക്കാല്‍ ലക്ഷം കോടിയും കല്‍ക്കരിയില്‍ 1.80ലക്ഷം കോടിയും അടിച്ചുമാറ്റി എന്ന് മുറവിളി കൂട്ടിയാല്‍ അന്തര്‍ദ്ദേശീയ രംഗത്ത് നാണക്കേട് നമ്മുടെ രാജ്യത്തിനാണ്.

അഴിമതി ഇന്ന് ഒരു ദേശീയ രോഗമാണ്. അത് സര്‍വ്വത്ര വ്യാപിച്ചിട്ടുണ്ട്. കൈക്കൂലി കൊടുക്കാതെ ഒരു കാര്യവും സാധാരണക്കാരന് സാധിച്ച് കിട്ടുന്നില്ല. അഴിമതിയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്തി അതിനെ പ്രതിരോധിക്കാന്‍ കഴിയുകയാണ് വേണ്ടത്. രാഷ്ട്രീയനേട്ടത്തിന് വേണ്ടി അഴിമതി വിരുദ്ധത ഭരിക്കുന്ന സര്‍ക്കാരിനെതിരെ മാത്രം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് ആഘോഷമാക്കി മാറ്റുമ്പോള്‍ യഥാര്‍ഥ അഴിമതിക്കാര്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്.  എത്രയോ കാര്യങ്ങളില്‍ നമുക്ക് രാഷ്ട്രീയ സമവായം ആവശ്യമുണ്ട്. കക്ഷിരാഷ്ട്രീയപരമായി ചേരി തിരിഞ്ഞ് പരസ്പരം പഴിചാരിയാലും ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിച്ചാലും നാം എവിടെയും എത്തുകയില്ല. നമ്മുടെ എല്ലാ വാദങ്ങളും തര്‍ക്കങ്ങളും വസ്തുതാപരമായിരിക്കണം. വെറുതെ അരിശം തീര്‍ക്കാനായിരിക്കരുത്.

സി.പി.എമ്മും കള്ളക്കേസും


സി.പി.എമ്മിനെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ടി.പി.വധക്കേസും അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്ന ഷുക്കൂര്‍ വധക്കേസും കള്ളക്കേസുകളാണ്. എങ്ങനെയാണ് ഈ രണ്ട് കേസും കള്ളക്കേസ് ആകുന്നത് എന്നല്ലേ? ഈ രണ്ട് വധക്കേസിലും പോലീസാണ് പ്രതികളെ അന്വേഷണം നടത്തി കണ്ടുപിടിക്കുന്നത്. പോലീസ് നേരിട്ട് പ്രതികളെ പിടിക്കുമ്പോള്‍ അതിന് തിരക്കഥ വേണം. തിരക്കഥയാവുമ്പോള്‍ അതിന് ഒരു സിനിമ ടച്ചും വേണം. അങ്ങനെയാണ് സി.പി.എം. നേതാക്കളെ നടുറോഡില്‍ വളഞ്ഞിട്ട് പിടിക്കുന്നത്. സി.പി.എമ്മിനെ തകര്‍ക്കുക എന്നതാണ് ഈ തിരക്കഥയുടെ ലക്ഷ്യം.

സി.പി.എമ്മിനെതിരെ കേസ് എടുക്കാം. അത് പക്ഷെ നല്ല കേസ് ആയിരിക്കണം. കള്ളക്കേസ് പാടില്ല. എന്താണ് നല്ല കേസ്? സി.പി.എമ്മിന് എതിരാളിയുടെ കയ്യും കാലും മുട്ടും ഒക്കെ തല്ലിയൊടിക്കേണ്ടി വരും. ചിലപ്പോള്‍ ഉന്മൂലനവും ചെയ്യേണ്ടി വരും. സമരങ്ങള്‍ നടത്തി പൊതുമുതല്‍ നശിപ്പിക്കേണ്ടി വരും. അപ്പോഴൊക്കെ പേരിന് കേസെടുക്കാം. പക്ഷെ പ്രതികളുടെ പട്ടിക സി.പി.എം. പാര്‍ട്ടി ഓഫീസില്‍ നിന്ന് തരും. പട്ടികയില്‍ പറഞ്ഞ പ്രതികളെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയും തരും. അത് പ്രകാരം പോലീസ് റജിസ്റ്റര്‍ ചെയ്യുന്ന കേസാണ് നല്ല കേസ്.

ഈ കീഴ്വഴക്കത്തിന് വിരുദ്ധമായാണ് ഇപ്പോള്‍ പോലീസ് തന്നെ പ്രതികളെ കണ്ടെത്താന്‍ തിരക്കഥയുമായി രംഗത്തിറങ്ങുക എന്ന പുതിയ കീഴ്വഴക്കം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഇങ്ങനെയായാല്‍ എങ്ങനെയാണ് സി.പി.എമ്മിന് മുന്നോട്ട് പോകാന്‍ കഴിയുക? ഈ തിരക്കഥ രചനയിലും പുതിയ അന്വേഷണരീതിയിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടല്‍ എന്തോ കാണാന്‍ കഴിയുന്നില്ല. അതാണ് ആശ്വാസം. മുന്‍പ് ഇങ്ങനെയായിരുന്നില്ല. എന്ത് തിരക്ക് ഉണ്ടെങ്കിലും കേരളത്തില്‍ സി.പി.എമ്മിനെ തകര്‍ക്കാന്‍ കിട്ടുന്ന ഏത് അവസരവും അമേരിക്ക പാഴാക്കിയിരുന്നില്ല.

സി.പി.എമ്മിന് ഇപ്പോള്‍ വന്നു ഭവിച്ചിരിക്കുന്ന ഈ ആപത്തില്‍ ഒരുവകപ്പെട്ട ബുദ്ധിജീവികളെല്ലാം ആശങ്കയിലാണ്. പതിവനുസരിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ജയിച്ചാല്‍ ഈ കേസുകളെല്ലാം പിന്‍‌വലിക്കാമെന്നും അഥവാ പ്രതികള്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ തന്നെ അവരെയെല്ലാം വെറുതെ വിടാമല്ലൊ എന്നും ചില ബുദ്ധിജീവികള്‍ സി.പി.എമ്മിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നും ശ്രുതിയുണ്ട്. യു.ഡി.എഫിനെ അധികാരത്തില്‍ കയറ്റാന്‍ സി.പി.എം. ശ്രമിക്കുന്ന പോലെ വീണ്ടും സി.പി.എമ്മിനെ കയറ്റാന്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളും ശ്രമിക്കാതിരിക്കില്ല എന്നാണ് അവരുടെ പ്രതീക്ഷ.

വാല്‍ക്കഷണം: രാഷ്ട്രീയമായി പ്രതികൂല വിധി ഉണ്ടാകുമ്പോള്‍ ജഡ്ജിമാരെ പ്രതീകാത്മകമായി നാട് കടത്താറുള്ള സി.പി.എം.കാര്‍ക്ക് ഇപ്പോള്‍ കോടതികളോട് എന്താ ഒരു ബഹുമാനം! ഇവിടത്തെ ബൂര്‍ഷ്വാകോടതികള്‍ തല്‍ക്കാലത്തേക്ക് ജനകീയ കോടതികള്‍ ആയത് പോലെ.