ഇപ്പോഴത്തെ കല്‍ക്കരി ഇടപാട് വിവാദത്തെ പറ്റി ഞാന്‍ ഫേസ്‌ബുക്കില്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു. ആ പോസ്റ്റില്‍ എന്റെ സുഹൃ ത്ത് വി.ബി.രാജന്‍ എഴുതിയ കമന്റില്‍ ഇപ്രകാരം ചോദിച്ചു: “അപ്പോള്‍ സര്‍ക്കാര്‍ 3G ലേലം ചെയ്തത് ശരിയായില്ലന്നാണോ താങ്കള്‍ പറയുന്നത്?” അതിന് മറുപടി എഴുതി വന്നപ്പോള്‍ അതൊരു നോട്ട് ആയി മാറി. അത് താഴെ വായിക്കുമല്ലൊ:
തീര്‍ച്ചയായും, 3G ലേലം ചെയ്യരുതായിരുന്നു എന്ന് തന്നെയാണ് എന്റെ സുചിന്തിതമായ അഭിപ്രായം. പൊന്മുട്ട ഇടുന്ന താറാവിനെ കൊന്ന് ഉള്ള മുട്ടകള്‍ ഒറ്റയടിക്ക് കൈക്കലാക്കുന്ന അതിസാമര്‍ത്ഥ്യമായിരുന്നു 3ജി ലേലം. സര്‍ക്കാര്‍ വകുപ്പുകളില്‍ ആരുടെയോ തലയില്‍ ഉദിച്ച ബുദ്ധിയായിരുന്നു അത്. അത് കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ സര്‍ക്കാരിന് ഒരുമിച്ച് ഒരുപാട് പണം ലഭിക്കുകയും 3ജി സാധാരണക്കാര്‍ക്ക് കിട്ടാക്കനിയാവുകയും ചെയ്തു.
ലേലം ചെയ്യാതെ 2ജി സ്പെക്ട്രം അനുവദിച്ചത്കൊണ്ട് സാധാരണക്കാര്‍ക്ക് സെക്കന്റ് പള്‍സില്‍ ഇന്ത്യയില്‍ എവിടെയും ഫോണില്‍ സംസാരിക്കാനും എസ്.എം.എസ്സ്. അയക്കാനും കഴിയുന്നു. 3ജിയും അങ്ങനെ അനുവദിച്ചിരുന്നുവെങ്കില്‍ ഇന്ന് ഹൈസ്പീഡ് മൊബൈല്‍ ഇന്റര്‍നെറ്റ് ഏത് സാധാരണക്കാരനും വളരെ കുറഞ്ഞ നിരക്കില്‍ ലഭിക്കുമായിരുന്നു. അതിനര്‍ത്ഥം ഏത് സാധാരണക്കാരനും ഇന്റര്‍നെറ്റുമായി സദാ കണക്ടഡ് ആയിരുന്നിരിക്കും എന്നാണ്. ഒരു ഇന്റര്‍നെറ്റ് വിപ്ലവം രാജ്യത്ത് നടക്കുമായിരുന്നത് 3ജി ലേലത്തോടെ പെരുവഴിയിലായി എന്നതാണ് വാസ്തവം.
3ജിക്ക് ലേലത്തില്‍ കിട്ടിയ തുക കണ്ട് സര്‍ക്കാരിന്റെ മാത്രമല്ല, സി.എ.ജിയുടെയും കണ്ണ് തള്ളിപ്പോയി. ആ കണക്കിന്റെ അടിസ്ഥാനത്തിലാണ് 2ജിയും ലേലം ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാരിന് ഒന്നേമുക്കാല്‍ ലക്ഷംകോടി രൂപ അധികവരുമാനം ലഭിക്കുമായിരുന്നു എന്ന് സി.എ.ജി കവടി നിരത്തിയത്. 3ജിക്ക് കിട്ടിയ കണക്ക് വെച്ച് രണ്ട് കൊല്ലം മുന്‍പ് 2ജി ലേലം ചെയ്തിരുന്നുവെങ്കില്‍ ഒന്നേമുക്കാല്‍ ലക്ഷം കോടിയും കൂടി കിട്ടുമായിരുന്നു എന്ന് കവടി നിരത്താതെ എങ്ങനെയാണ് സി.എ.ജി.ക്ക് പറയാന്‍ കഴിയുക? അങ്ങനെ ആര്‍ക്കും കിട്ടാത്ത ആ ഒന്നേമുക്കാല്‍ ലക്ഷം കോടി അഴിമതിയായി, പിന്നെ കോണ്‍ഗ്രസ്സ് അടിച്ചുമാറ്റലായി.
അഴിമതി എന്നത് വേറെ വിഷയമാണ്. ഒരു വസ്തു പോക്ക് വരവ് ചെയ്ത് കിട്ടാന്‍ വില്ലേജ് ആഫീസര്‍ക്ക് എത്ര കുറഞ്ഞാലും രണ്ടായിരം രൂപ കൈമടക്ക് കൊടുക്കണമെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏത് വകുപ്പിലാണ് അഴിമതി ഇല്ലാത്തത്. ആളുകള്‍ക്ക് പക്ഷെ ബ്യൂറോക്രാറ്റുകളുടെ അഴിമതി പ്രശ്നമല്ല. 2ജി അനുവദിക്കുന്ന കാര്യത്തിലും സ്വാഭാവികമായി കൈക്കൂലിയും അഴിമതിയും ഉണ്ടാകും. അത് പക്ഷെ സി.എ.ജി. പറഞ്ഞ ആ ഒന്നേമുക്കാല്‍ ലക്ഷം കോടിയല്ല. അതൊരു കവടിക്കണക്കാണ്.
3ജിയിലേക്ക് തന്നെ വരാം. ലേലം എന്ന് വരുമ്പോള്‍ കമ്പനികള്‍ മത്സരിക്കും. അങ്ങനെ വമ്പന്‍ തുക മുടക്കി സ്പെക്ട്രം വാങ്ങിയ കമ്പനികള്‍ 3ജി സൌകര്യം മാര്‍ക്കറ്റ് ചെയ്തപ്പോള്‍ വാങ്ങാന്‍ ആളുണ്ടായില്ല. എന്തെന്നാല്‍ ആര്‍ക്കും താങ്ങാന്‍ കഴിയാത്തതായിരുന്നു 3ജി ഡാറ്റാ താരിഫ്. ആളുകള്‍ ഭൂരിപക്ഷവും ഇപ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നത് ഫോണ്‍ വിളിക്കാന്‍ മാത്രമാണ്. പ്രതീക്ഷിച്ച വരിക്കാരെ കിട്ടാത്തത്കൊണ്ട് കമ്പനികള്‍ ഇപ്പോള്‍ ഡാറ്റ താരിഫില്‍ 80% വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. എന്നിട്ടും ആ നിരക്ക് പോലും സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല. ഇങ്ങനെ 3ജി സാര്‍വ്വത്രികമായി സ്വീകരിക്കപ്പെടാത്തത്കൊണ്ട് കമ്പനികള്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കാനും കഴിഞ്ഞില്ല. BSNL-കാരന്‍ സര്‍ക്കാര്‍ മേഖലയല്ലേ എന്ന ആലസ്യത്തിലുമാണ്. അത്കൊണ്ടാണ് വികസിതരാജ്യങ്ങളില്‍ ഔട്ട്ഡേറ്റഡ് ആയ 3ജി ഇന്ത്യയില്‍ പെരുവഴിയില്‍ ആയി എന്ന് ഞാന്‍ പറഞ്ഞത്.
കല്‍ക്കരിയുടെ കാര്യത്തില്‍ ഇപ്പോള്‍ സി.എ.ജി. പറഞ്ഞ കണക്കും കൃത്രിമക്കണക്കാണ്. കല്‍ക്കരിപ്പാടം കുറഞ്ഞ നിരക്കില്‍ കമ്പനികള്‍ വാങ്ങിയത്കൊണ്ട്, അവര്‍ കല്‍ക്കരി ഖനനം ചെയ്ത് വിറ്റ വകയില്‍ 1.80 ലക്ഷം കോടി അധികലാഭം ഉണ്ടാക്കിയെന്നും അത്രയും തുക സര്‍ക്കാരിന് നഷ്ടമായി എന്നുമാണ് സി.എ.ജി.യുടെ കണക്ക്. ഇങ്ങനെ കണക്ക് കൂട്ടാന്‍ സി.എ.ജി.യെ ആരും അധികാരപ്പെടുത്തിയിട്ടില്ല. സര്‍ക്കാരിന്റെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്യലാണ് സി.എ.ജി.യുടെ പണി. രാജ്യത്ത് തട്ടുകടക്കാരന്‍ മുതല്‍ വന്‍കിട കമ്പനികള്‍ വരെ പ്രതിദിനം കോടാനുകോടി ലാഭമുണ്ടാക്കുന്നുണ്ട്. ആ ലാഭമൊക്കെയും സര്‍ക്കാരിന്റെ നഷ്ടം എന്ന് എങ്ങനെയാണ് പറയാന്‍ പറ്റുക. സ്വകാര്യ മേഖല ലാഭമുണ്ടാക്കിയാല്‍ അതിന്റെ വികസനം രാജ്യത്ത് കാണാന്‍ കഴിയും. സര്‍ക്കാര്‍ മേഖലയില്‍ ആണെങ്കിലോ? ടെലികോം മേഖല ഇന്നും സര്‍ക്കാര്‍ മേഖലയില്‍ മാത്രം ആയിരുന്നുവെങ്കില്‍ എന്തായിരുന്നിരിക്കും അവസ്ഥ?
കല്‍ക്കരി ഉല്പാദിക്കുന്ന പൊതുമേഖല സ്ഥാപനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. രാജ്യത്ത് ആവശ്യമുള്ള കല്‍ക്കരിയുടെ 60ശതമാനം മാത്രമാണ് കോള്‍ ഇന്ത്യ കമ്പനി ഖനനം ചെയ്യുന്നത്. അത്കൊണ്ടാണ് കല്‍ക്കരി ഖനനം ചെയ്യാന്‍ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്ത്, സി.എ.ജി. പറഞ്ഞ ആ 1.8ലക്ഷം കോടി കൂടി സര്‍ക്കാരിന് കിട്ടിയിരുന്നുവെങ്കില്‍ അതിലും അധികം കമ്പനികളും ലാഭമുണ്ടാക്കി അങ്ങനെ കല്‍ക്കരിയുടെ വില എത്രയോ ഉയരുമായിരുന്നു. ആ വിലയ്ക്ക് കല്‍ക്കരി വാങ്ങി ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില എത്രയായിരിക്കും? സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനത്തിന്റെ ഭാരം ആത്യന്തികമായി ഉപഭോക്താക്കളുടെ തലയിലാണ് വരിക എന്നത് സിമ്പിള്‍ അരിത്‌മെറ്റിക്കാണ്. വൈദ്യുതി ഉല്പാദനത്തിന് മാത്രമല്ല കല്‍ക്കരി ഉപയോഗിക്കുന്നത്. കല്‍ക്കരിപാടങ്ങള്‍ ഉള്ള സംസ്ഥാനങ്ങളില്‍ കല്‍ക്കരി അനുബന്ധിച്ചുള്ള വ്യവസായങ്ങളാണ് കൂടുതലും ഉള്ളത്. ആ വ്യവസായങ്ങളും തകരും.
പ്രകൃതിവിഭവങ്ങള്‍ ലേലം ചെയ്യണോ, അതല്ല ഒരു നിശ്ചിത വിലയ്ക്ക് വില്‍ക്കണോ എന്നതൊക്കെ തീരുമാനിക്കാനുള്ള അവകാശം ഭരിക്കുന്ന ജനകീയ സര്‍ക്കാരിന് മാത്രമാണ്. കോടതികള്‍ക്കോ , സി.എ.ജി.ക്കോ, വകുപ്പ് മേധാവികള്‍ക്കോ അതിന് അധികാരമില്ല. ഓരോ ഭരണഘടന സ്ഥാപനവും അതിനനുവദിച്ചിട്ടുള്ള പരിധിക്കകത്ത് നിന്ന് വേണം പ്രവര്‍ത്തിക്കാന്‍. സര്‍ക്കാരിനാണ് ജനങ്ങളോട് നേരിട്ട് ബാധ്യതയുള്ളത്. കക്ഷിരാഷ്ട്രീയാന്ധ്യം ബാധിച്ച്, നമ്മുടെ പ്രധാന മന്ത്രി 2ജിയില്‍ ഒന്നേമുക്കാല്‍ ലക്ഷം കോടിയും കല്‍ക്കരിയില്‍ 1.80ലക്ഷം കോടിയും അടിച്ചുമാറ്റി എന്ന് മുറവിളി കൂട്ടിയാല്‍ അന്തര്‍ദ്ദേശീയ രംഗത്ത് നാണക്കേട് നമ്മുടെ രാജ്യത്തിനാണ്.
അഴിമതി ഇന്ന് ഒരു ദേശീയ രോഗമാണ്. അത് സര്‍വ്വത്ര വ്യാപിച്ചിട്ടുണ്ട്. കൈക്കൂലി കൊടുക്കാതെ ഒരു കാര്യവും സാധാരണക്കാരന് സാധിച്ച് കിട്ടുന്നില്ല. അഴിമതിയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്തി അതിനെ പ്രതിരോധിക്കാന്‍ കഴിയുകയാണ് വേണ്ടത്. രാഷ്ട്രീയനേട്ടത്തിന് വേണ്ടി അഴിമതി വിരുദ്ധത ഭരിക്കുന്ന സര്‍ക്കാരിനെതിരെ മാത്രം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് ആഘോഷമാക്കി മാറ്റുമ്പോള്‍ യഥാര്‍ഥ അഴിമതിക്കാര്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. എത്രയോ കാര്യങ്ങളില്‍ നമുക്ക് രാഷ്ട്രീയ സമവായം ആവശ്യമുണ്ട്. കക്ഷിരാഷ്ട്രീയപരമായി ചേരി തിരിഞ്ഞ് പരസ്പരം പഴിചാരിയാലും ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിച്ചാലും നാം എവിടെയും എത്തുകയില്ല. നമ്മുടെ എല്ലാ വാദങ്ങളും തര്‍ക്കങ്ങളും വസ്തുതാപരമായിരിക്കണം. വെറുതെ അരിശം തീര്‍ക്കാനായിരിക്കരുത്.
