Links

സി.പി.എം. ക്രിമിനലൈസേഷന്‍ ചെറുക്കണം!


ഷുക്കൂര്‍ വധം അങ്ങേയറ്റം പ്രാകൃതമായും നീചമായും നടപ്പാക്കിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം സി.പി.എം. കണ്ണൂര്‍ ജില്ല സെക്രട്ടരിക്കും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സി.പി.എം. എം.എല്‍.എക്കും ആണെന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ ധാര്‍മ്മിക ഉത്തരവാദിത്തത്തിന്റെ പേരില്‍ കേസെടുക്കാന്‍ വകുപ്പില്ല. എന്നാല്‍ പി.ജയരാജന്‍റെയും ടി.വി.രാജേഷ് എം.എല്‍.എ യുടെയും സാന്നിധ്യത്തിലാണ് ഗൂഢാലോചന നടന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന വകുപ്പ് പ്രകാരമാണ് ജയരാജനെയും രാജേഷിനെയും പോലീസ് പ്രതിയാക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാമെങ്കിലും അവരുടെ മേല്‍ ചുമത്തിയിരിക്കുന്ന ഈ വകുപ്പ് വളരെ ബലഹീനമാണ്. സമര്‍ത്ഥനായ ക്രിമിനല്‍ വക്കീലിന് അവരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയെടുക്കാന്‍ പറ്റിയേക്കാം. അത്രയും ഉദാരമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ. എന്നിട്ടും ജയരാജനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ കേരളം മൊത്തം കലാപമുണ്ടാക്കാനാണ് സി.പി.എമ്മിന്റെ അണികള്‍ ഒരുമ്പെടുന്നത്.

രാഷ്ട്രീയ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് അസംഭവ്യമായ കാര്യമല്ല. ഇന്ദിരാഗാന്ധിയും, ജയലളിതയും, കരുണാനിധിയും, യെദ്ദ്യൂരപ്പയും അങ്ങനെ എത്രയോ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും ബന്ധപ്പെട്ട നേതാക്കളുടെ പാര്‍ട്ടി ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്  സാര്‍വ്വത്രികമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. കേരളം അതിനും സാക്ഷ്യം വഹിക്കുകയാണ്. തങ്ങള്‍ ആരെയും കൊല്ലും എന്തും ചെയ്യും എന്നാല്‍ അതിന്റെ പേരില്‍ തങ്ങളെ നിയമപ്രകാരം അറസ്റ്റ് ചെയ്യാനോ ശിക്ഷിക്കാനോ പാടില്ല എന്ന സന്ദേശം സമൂഹത്തിന്റെ മുന്നില്‍ വെക്കുകയാണ് സി.പി.എം. ചെയ്യുന്നത്. തങ്ങളുടെ പ്രാദേശിക നേതാക്കള്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടാല്‍ കേരളത്തില്‍ ഒരുത്തനും സ്വൈര്യമായി കിടന്നുറങ്ങാമെന്ന് കരുതണ്ട എന്ന മുന്നറിയിപ്പും സി.പി.എം. ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ദീര്‍ഘകാലം ഭരിച്ച രാജ്യങ്ങളില്‍ അവിടത്തെ ഭരണാധികാരികളെ ജനങ്ങള്‍ പിടിച്ചുകെട്ടി ജനകീയ വിചാരണയ്ക്ക് വിധേയമാക്കിയത് നാം കണ്ടതാണ്. 75കൊല്ലം ഭരിച്ച സോവിയറ്റ് റഷ്യയില്‍, ബോറിസ് യെത്‌സണും കൂട്ടരും അവിടത്തെ പാര്‍ലമെന്റ് വളഞ്ഞ് അധികാരം പിടിച്ചെടുത്തപ്പോള്‍ ഒരു പ്രകടനം നടത്താന്‍ പോലും അവിടത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞില്ല എന്ന ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്തിനേറെ പറയുന്നു, 34കൊല്ലം ഭരിച്ച പശ്ചിമ ബംഗാളില്‍ ഇന്ന് സി.പി.എമ്മിന് അവിടത്തെ ഗ്രാമങ്ങള്‍ മിക്കതിലും പ്രവര്‍ത്തിക്കാന്‍ ബ്രാഞ്ച് കമ്മറ്റികള്‍ ഇല്ല. ഇതൊക്കെ അറിയാവുന്ന കേരളത്തിലെ മാര്‍ക്സിസ്റ്റുകാര്‍ ഒന്നും പഠിക്കുന്നില്ല.

എന്നിട്ട്, സി.പി.എമ്മിനെ എല്ലാവരും ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നേ എന്നാണ് ഒരുവകപ്പെട്ട നേതാക്കളെല്ലാം മാധ്യമങ്ങളിലൂടെ വിലപിക്കുന്നത്. എന്താണ് ഈ തകര്‍ക്കല്‍? സി.പി.എമ്മിന്റെ ചെയ്തികള്‍ എല്ലാം മാ‍ധ്യമങ്ങളില്‍ വരുന്നു അത്ര തന്നെ. എന്നാല്‍ പിന്നെ നിങ്ങള്‍ക്ക് കൊലപാതകങ്ങളിലും അക്രമങ്ങളിലും ഏര്‍പ്പെടാതെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തുകൂടേ? അങ്ങനെയാവുമ്പോള്‍ ആരും നിങ്ങളെ തകര്‍ക്കുകയില്ലാലോ.  കൊല്ലുകയും വേണം, പ്രതികളായാല്‍ കേസ് വന്നാല്‍ തീപ്പന്തമായി നാട് മുഴുവന്‍ അക്രമം അഴിച്ചുവിടുകയും വേണം അതൊന്നും ആരും വാര്‍ത്തയാക്കരുത് എന്നൊക്കെ പറഞ്ഞാല്‍ ഒരു ജനാധിപത്യരാജ്യത്ത് നടക്കുമോ? ചൈനയില്‍ ആണെങ്കില്‍ പാര്‍ട്ടിയും സര്‍ക്കാരും അറിയിക്കുന്നത് മാ‍ത്രമേ ജനങ്ങള്‍ അറിയൂ. ഇന്റര്‍നെറ്റിന് പോലും കര്‍ശനമായ സെന്‍സറിങ്ങ് ആണ്.

സി.പി.എമ്മിന്റെ ക്രിമിനലൈസേഷന്‍ പൂര്‍ണ്ണമാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. എത്ര കൊലപാതകങ്ങള്‍ സി.പി.എം. നടത്തി എന്ന കണക്ക് അവിടെയിരിക്കട്ടെ. ഇപ്പോള്‍ അന്വേഷണത്തില്‍ ഇരിക്കുന്ന ഫസല്‍ , ചന്ദ്രശേഖരന്‍, ഷുക്കൂര്‍ വധക്കേസുകളില്‍ സി.പി.എം. നേതാക്കള്‍ അടക്കം പ്രതികളാണ്. ഇക്കാര്യത്തില്‍ മറ്റ് പാര്‍ട്ടിക്കാരും പൊതുജനങ്ങളും നിരപരാധികളാണ്. എന്നിട്ടാണ് കേസ് അന്വേഷണത്തില്‍ നേതാക്കള്‍ അറസ്റ്റില്‍ ആകുമ്പോള്‍ അക്രമം അഴിച്ചുവിടുന്നതും ഹര്‍ത്താലിന്റെ പേരില്‍ ജനങ്ങളെ ബന്ദികളാക്കുന്നത്. ഈ സംഭവങ്ങള്‍ തീര്‍ച്ചയായും ജനങ്ങളുടെയിടയില്‍ അവമതിപ്പ് ഉണ്ടാക്കുന്നതും സി.പി.എമ്മിനെ തകര്‍ക്കാന്‍ പര്യാപ്തവുമായ കാര്യങ്ങളാണ്.

സത്യത്തില്‍ ആരാണ് സി.പി.എമ്മിനെ തകര്‍ക്കുന്നത്? അത് ചെയ്യുന്നത് മാധ്യമങ്ങളോ മറ്റ് പാര്‍ട്ടിക്കാരോ ജനങ്ങളോ അല്ല. മറിച്ച് സി.പി.എമ്മിലെ തന്നെ ക്രിമിനലുകളാണ്. മറ്റ് പാര്‍ട്ടിക്കാരുടെ ആഫീസുകള്‍ തകര്‍ക്കുക, പള്ളികള്‍ക്ക് കല്ലെറിയുക, പൊതുമുതല്‍ നശിപ്പിക്കുക എന്നതൊക്കെ ക്രിമിനലുകള്‍ ചെയ്യുന്ന പണിയാണ്. അത്തരം ക്രിമിനലുകളാണ് ശരിക്കും സി.പി.എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. എങ്ങനെയെന്നാല്‍ സി.പി.എമ്മിന്റെയോ എല്‍.ഡി.എഫിന്റെയോ ഉറച്ച വോട്ടുകള്‍ കൊണ്ട് മാത്രം ഒരിക്കലും സി.പി.എമ്മിന് ഭരണത്തില്‍ കയറാന്‍ കഴിയില്ല. അങ്ങനെയല്ലായിരുന്നെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ജയിക്കണമല്ലൊ. നിഷ്പക്ഷ ചിന്താഗതിക്കാരുടെ വോട്ട് കൂടി ലഭിച്ചാലേ എല്‍.ഡി.എഫിന് ജയിക്കാന്‍ പറ്റൂ. ആ നിഷ്പക്ഷ വിഭാഗത്തെ വെറുപ്പിക്കാനും, വെറുക്കുന്നവരുടെ എണ്ണം കൂട്ടാനും മാത്രമേ സി.പി.എം. ക്രിമിനലുകളുടെ പ്രവര്‍ത്തനം സഹായിക്കുകയുള്ളൂ. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിലും സി.പി.എമ്മിന്റെ ഗതി ‘ഗോവിന്ദാ‘ ആയിരിക്കും.

അപ്പോള്‍ സി.പി.എം. തകരുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? സി.പി.ഐ.ക്ക് പോലും ഇക്കാര്യത്തില്‍ സംശയമുണ്ടാവില്ല. സി.പി.എം. ക്രിമിനലൈസേഷന്‍ ചെറുക്കാന്‍ ആ പാര്‍ട്ടിയിലെ നല്ലവര്‍ക്ക് മാത്രമേ കഴിയൂ. അത്കൊണ്ട്, പൊതുസമൂഹത്തില്‍ സി.പി.എമ്മിനെ ന്യായീകരിക്കുന്നതിന് പകരം ആ പാര്‍ട്ടിയിലെ ക്രിമിനലുകളെ തുറന്നെതിര്‍ക്കാനാണ് ആ പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷികള്‍ മുന്നോട്ട് വരേണ്ടത്. തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ്സ്-ലീഗ് ഓഫീസുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും പുനര്‍നിര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും. പക്ഷെ സി.പി.എം. തകര്‍ന്നാല്‍ അതിനെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ല. ഈ വസ്തുത സി.പി.എം. സഹയാത്രികര്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ പരിഗണിക്കണം.

വാല്‍ക്കഷണം: ഇത് വായിക്കുന്ന സി.പി.എം.കാരന്റെ വായയില്‍ തെറി തികട്ടി വന്നാല്‍ ഞാന്‍ ഉത്തരവാദിയല്ല.

മാധ്യമവിചാരണ എന്ത്കൊണ്ട് ?

സഖാക്കള്‍, ഇടത് സഹയാത്രികര്‍ , ബുദ്ധിജീവികള്‍ ഒരു കാര്യം മനസ്സിലാക്കണം. വലത്പക്ഷമാധ്യമങ്ങളും മറ്റുള്ളവരും എല്ലാം ചേര്‍ന്ന് സി.പി.എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണല്ലൊ നിങ്ങള്‍ പറയുന്നത്. ടി.പി.ചന്ദ്രശേഖരനെ കൊന്നതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന് വിശദീകരിക്കാന്‍ വേണ്ടി നാടൊട്ടാകെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മണക്കാട് ചേര്‍ന്ന മീറ്റിംഗിലാണ് എം.എം.മണി കുപ്രസിദ്ധമായ വണ്‍ റ്റൂ ത്രീ ഫോര്‍ പ്രസംഗം നടത്തിയത്.

ടി.പി.വധക്കേസില്‍ രജീഷും മറ്റ് കൊലയാളികളും പോലീസിന്റെ പിടിയില്‍ ആയപ്പോള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയകൃഷ്ണന്‍ മാഷ് വധവും അത്പോലെ മറ്റ് പല കേസുകളും തുടരന്വേഷണത്തിനുള്ള സാധ്യതകള്‍ തുറന്നു വന്നിട്ടുള്ളത്. ഇതിന്റെയൊക്കെ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വരുന്നത്. ഈ വാര്‍ത്തകള്‍ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കും അറിയിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കും ഉണ്ട്. ഇല്ലേ? കാരണം നമ്മുടേത് ഒരു ക്ലോസ്ഡ് സൊസൈറ്റി അല്ല. പരിഷ്കൃത ജനാധിപത്യസമൂഹമാണ്.

മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതാണല്ലൊ പാര്‍ട്ടിക്കാരായ നിങ്ങളുടെ ഒക്കെ പ്രശ്നം. എന്നാല്‍ ഒന്നാലോചിക്കുക. ടി.പി.ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ കുടത്തില്‍ നിന്ന് തുറന്നുവിടപ്പെട്ട ഭൂതത്തെ പോലെ ഇത്രയധികം കേസുകള്‍ ഇപ്പോള്‍ സി.പി.എമ്മിനെ വേട്ടയാടുമായിരുന്നോ? സി.പി.എമ്മിനെതിരെ ഇങ്ങനെ മാധ്യമ വിചാരണ നടക്കുമായിരുന്നോ? ഇല്ല അല്ലേ?  അപ്പോള്‍ ടി.പി.ചന്ദ്രശേഖരനെ കൊല്ലേണ്ടിയിരുന്നില്ല എന്നോ കൊന്നത് തെറ്റായിപ്പോയി എന്നോ നിങ്ങള്‍ക്ക് തോന്നേണ്ടതല്ലേ?

അപ്പോഴും നിങ്ങള്‍ പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. ടി.പി.യെ കൊന്നതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന്. ഇപ്പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ? ഇല്ല.സി.പി.എമ്മിന്റെ ചില നേതാക്കള്‍ പാര്‍ട്ടിക്ക് വേണ്ടി നടത്തിയ രാഷ്ട്രീയക്കൊലയാണ് ടി.പി.ചന്ദ്രശേഖരന്റേത് എന്ന് പകല്‍ പോലെ വ്യക്തം. മോഹനന്‍ മാഷ് ഗൂഢാലോചന നടത്തിയെങ്കില്‍ അതോ, കൊടി സുനിയും കൂട്ടരും 51വെട്ട് വെട്ടി ടി.പി.യെ കൊന്നതോ ആരുടെയും വ്യക്തിപരമായ ആവശ്യത്തിന് അല്ലായിരുന്നു. പാര്‍ട്ടിക്ക് വേണ്ടിയാണ്. ആ പാപമാണ് പാര്‍ട്ടിയെ വേട്ടയാടുന്നത്. അല്ലാതെ മാധ്യമങ്ങളല്ല.

ഇനി നിങ്ങളുടെ മുന്നിലുള്ള വഴി എന്താണ്? പാര്‍ട്ടിയോ പാര്‍ട്ടിക്കാരോ മൊത്തം അറിഞ്ഞിട്ടോ അറിയിച്ചിട്ടോ അല്ല ഓരോ കൊലയും നടക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി ചിലര്‍ കൊല്ലുന്നു. അപ്പോള്‍ കൊലപാതകികളെയും ആസൂത്രകരെയും പാര്‍ട്ടി സംരക്ഷിക്കുന്നു. പാര്‍ട്ടി അണികള്‍ ന്യായീകരിക്കുന്നു. ഇതാണ് നടന്നു വരാറുള്ളത്. ഈ സമീപനം നിങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറുണ്ടോ? സംഭവിച്ചതെല്ലാം പറ്റിപോയി. കുറ്റം ചെയ്തവര്‍ അതിന്റെ ശിക്ഷ അനുഭവിക്കട്ടെ. പാര്‍ട്ടി കൊലപാതകരാഷ്ട്രീയം ഒഴിവാക്കുന്നു. ഇനി കൊല ചെയ്തു വരുന്ന ആരെയും പാര്‍ട്ടി സംരക്ഷിക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറുണ്ടോ? ഇതാണ് വര്‍ത്തമാനകാലം നിങ്ങളോട് ചോദിക്കുന്നത്.

ഉത്തരം പോസിറ്റീവായാല്‍ പാര്‍ട്ടിക്ക് നല്ലത്. നെഗറ്റീവായാല്‍ തകര്‍ച്ചയെ നേരിടും. അപ്പോള്‍ മറ്റുള്ളവരാണ് തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കുന്നത് എന്ന് വിലപിക്കരുത്.

കൊലക്കത്തികളുടെ കൊളീസിയം

മുഖവുര ആവശ്യമില്ല.


സി.പി.എമ്മിനെ മെരുക്കണം ..

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഒന്ന് മെരുക്കിയെടുക്കാനാണ്, മാര്‍ക്സിസ്റ്റ് അനുഭാവികളും മാര്‍ക്സിസ്റ്റ് വിരുദ്ധരുമായ എല്ലാവരും ചേര്‍ന്ന പൊതുസമൂഹം ശ്രമിക്കേണ്ടത്. എന്തെന്നാല്‍ ഇത് പോലെ പ്രാകൃതശൈലിയുള്ള ഒരു പാര്‍ട്ടി ആധുനിക കേരളത്തിന് ഭൂഷണമല്ല.  തങ്ങള്‍ക്ക് എന്തും ചെയ്യാം എന്തും പറയാം ആരുണ്ടിവിടെ ചോദ്യം ചെയ്യാന്‍ എന്ന നിലപാടിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ പെരുമാറുന്നത്. തങ്ങള്‍ എന്ത് പറഞ്ഞാലും പ്രവര്‍ത്തിച്ചാലും പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകരുത് എന്നവര്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ ഉണ്ടായാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും പാര്‍ട്ടി തീപ്പന്തമാകുമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാകും എന്നൊക്കെയാണ് അതിന്റെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നത്. അണികളാണെങ്കില്‍ കോടതിയെ വരെ കല്ലെറിയുന്നു.

തങ്ങളുടെ ചെയ്തികളെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വരരുത് എന്നവര്‍ പ്രതീക്ഷിക്കുന്നു. അപ്രകാരം വാര്‍ത്തകള്‍ വരുന്നത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള വലത്പക്ഷ മാധ്യമ ഗൂഢാലോചന ആണത്രെ. അതേ സമയം അവര്‍ക്ക് അനുകൂലമാകുന്ന വാര്‍ത്തകളും അവരുടെ പ്രസ്താവനകളും മാധ്യമങ്ങളില്‍ വരികയും വേണം.  തങ്ങള്‍ പറയുന്നത് എന്തായാലും  അതൊക്കെ നല്ല വറ്റ് തിന്നുന്നവര്‍  ഈ ഇലക്ട്രോണിക്ക് യുഗത്തിലും  വിശ്വസിച്ചുകൊള്ളുമെന്ന് അവര്‍ കരുതുന്നു. ഈ ആധുനികകാലത്ത് ഒരു കാര്യവും രഹസ്യമാക്കി വെക്കാന്‍ കഴിയില്ല എന്നും സത്യം ഞൊടിയിടക്കുള്ളില്‍ ലോകം മുഴുക്കെ പരക്കുമെന്നും നുണ പറഞ്ഞാല്‍ തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും മാര്‍ക്സിസ്റ്റ് നേതാക്കള്‍ മനസ്സിലാക്കുന്നില്ല.  ആശയനവീകരണക്ഷമത ഇല്ലാതെ പഴയ ഫ്യൂഡല്‍ ബോധത്തില്‍ നിന്ന് മാര്‍ക്സിസ്റ്റ് നേതാക്കള്‍ മോചിതരാകാത്തത്കൊണ്ടാണിത്. അമ്മാതിരി ആളുകളാണ് ആ പാര്‍ട്ടിയില്‍ നേതൃത്വശ്രേണിയില്‍ എത്തിപ്പെടുന്നത്.

ജനാധിപത്യ സംവിധാനങ്ങളെ പരമാവധി ദുരുപയോഗം ചെയ്യാനും അതേ സമയം ആ സംവിധാനങ്ങളെ കളങ്കപ്പെടുത്താനും ഒരേ സമയം പാര്‍ട്ടി ശ്രമിക്കുന്നു.  തനിക്കെതിരെയുള്ള FIR തള്ളിക്കളയാന്‍ എം.എം. മണി സുപ്രീം കോടതിയെ വരെ സമീപിക്കുന്നു. അതേ സമയം ടി.പി.വധക്കേസില്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്താനും തെളിവെടുപ്പിന് പോലീസ് പോകുമ്പോള്‍ അണികളെ നിരത്തി പ്രതിരോധിക്കുകയും ചെയ്യുന്നു.  ഫസലിനെ വധിച്ചിട്ട് അത് ആറെസ്സെസ്സിന്റെ തലയില്‍ കെട്ടിവെക്കാനും അങ്ങനെ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനും ശ്രമിച്ചു. ഫസലിന്റെ വിധവ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയപ്പോള്‍ അതിനെ എതിര്‍ത്ത് ഇടത്പക്ഷ സര്‍ക്കാര്‍ , ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സുപ്രീം കോടതി വരെ പോയി എന്നത് കേരളീയര്‍ ലജ്ജിക്കേണ്ട സംഗതിയാണ്.

നാട്ടില്‍ ആളുകള്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടിയെ പറ്റി പറയാന്‍ ഭയപ്പെടുന്നു.ആ ഒരു ഭയമാണ് സിപി‌എമ്മിന്റെ നിലനില്പിനാധാരം. ഒരു ജനതയെ ഒന്നടങ്കം ഭയത്തിന്റെ പുതപ്പിനടിയില്‍ കിടത്തിയിട്ട് പ്രാകൃതമായ രീതിയില്‍ പാര്‍ട്ടി നടത്തിക്കൊണ്ടുപോയി , തങ്ങള്‍ പുരോഗമനക്കാരാണെന്ന് പറയുന്നത് കാപട്യവും തട്ടിപ്പുമാണ്. നേരെ ചൊവ്വെ, സുതാര്യമായും  ജനങ്ങളോട് കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞും പാര്‍ട്ടി നടത്തിക്കൂടേ? അതിന് പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഉപകരണമായിരിക്കണം. ഇപ്പോള്‍ സി.പി.എം. എന്ന പാര്‍ട്ടി അതിന്റെ മെമ്പര്‍മാര്‍ക്കും നേതാക്കള്‍ക്കും ലാഭം ഉണ്ടാക്കിത്തരുന്ന ഒരു വ്യവസായസ്ഥാപനമായി മാറിയിട്ടുണ്ട്. അത്കൊണ്ടാണ് എന്തും ചെയ്തും പാര്‍ട്ടിയെ നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ഒരു ഇടത്പക്ഷം വേണമെന്ന് ആഗ്രഹിക്കുകയും സി.പി.എമ്മിന്റെ സഹയാത്രികരായിരിക്കുകയും ചെയ്യുന്ന ശുദ്ധാത്മാക്കള്‍ ഈ വ്യതിയാനം തിരിച്ചറിഞ്ഞിട്ടില്ല.

സി.പി.എം. തകരണമെന്ന് ആര്‍ക്കും ആഗ്രഹമുണ്ടാവുകയില്ല. ഇവിടെ എത്ര പാര്‍ട്ടികളുണ്ട്. ഏത് പാര്‍ട്ടിക്കും ജനാധിപത്യത്തില്‍ ഇടം ഉണ്ടാകണം. അതാണ് ജനാധിപത്യത്തിന്റെ സൌന്ദര്യം. ഈ യാഥാര്‍ഥ്യം സി.പി.എമ്മിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിയണം. അങ്ങനെ അംഗീകരിച്ചിരുന്നുവെങ്കില്‍ ആര്‍.എം.പി.യുടെ നേതാവ് ചന്ദ്രശേഖരനെ അവര്‍ വധിക്കുമായിരുന്നില്ല. ആ ജനാധിപത്യം ഉള്ളത്കൊണ്ടല്ലേ സി.പി.ഐ.യില്‍ നിന്ന് പിളര്‍ന്ന് വന്ന് സി.പി.എമ്മിനും പ്രവര്‍ത്തിക്കാനായത്. അത്കൊണ്ട് സി.പി.എമ്മിനെ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയായി മെരുക്കിയെടുക്കാനും നവീകരിക്കാനും അതിനെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാവരും ശബ്ദം ഉയര്‍ത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.  ഏത് ചന്ദ്രശേഖരനും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നു എന്ന പേരില്‍ ഇനി കേരളത്തില്‍ 51 വെട്ടുകളേറ്റ് കൊല്ലപ്പെട്ടുകൂട. സി.പി.എമ്മിന്റെ പ്രാകൃതത്വത്തിന് ആ പാര്‍ട്ടി മാത്രമല്ല ഒരോ കേരളീയനും ഉത്തരവാദിയാണ്.

മാറാന്‍ സി.പി.എമ്മും മാ‍റ്റാന്‍ ജനങ്ങളും തയ്യാറെടുക്കുക. അതിനായി ജനങ്ങള്‍ ഭയം വെടിഞ്ഞ് ഉച്ചത്തില്‍ സംസാരിക്കുക. ആ സംസാരം കേട്ട് പ്രകോപിതരാകാതെ ആത്മവിമര്‍ശനത്തിന് സി.പി.എം. അണികളും നേതാക്കളും തയ്യാറാവുക.

കോണ്‍ഗ്രസ്സ് പിരിച്ചുവിട്ടിരുന്നുവെങ്കില്‍ ....

കോണ്‍ഗ്രസ്സിനെ കുറിച്ച് പറയുമ്പോള്‍ ചില കുട്ടി സഖാക്കള്‍ ഇപ്പോഴും ഉന്നയിക്കുന്ന ഒരു വാദമുണ്ട്. ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു ആ വാദം സജീവമായി നിലനിര്‍ത്തിയിരുന്നത്. സ്വാതന്ത്ര്യം ലഭിച്ച ഉടനെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടണം എന്ന് മഹാത്മാ ഗാന്ധിജി നിര്‍ദ്ദേശിച്ചിട്ടും കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയെ പിരിച്ചു വിട്ടില്ല എന്നാണ് ആ വാദം. ഗാന്ധിജി പറഞ്ഞിട്ടും എന്തേ പിരിച്ചു വിട്ടില്ല എന്നാണ് സഖാക്കള്‍ ഇപ്പോഴും ചോദിക്കുന്നത്.  ഇന്ത്യയില്‍ എത്രയോ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും മറ്റൊരു പാര്‍ട്ടിയും ഇങ്ങനെയൊരു ചോദ്യം കോണ്‍ഗ്രസ്സിനോട് ചോദിച്ചിട്ടില്ല. എന്ത്കൊണ്ടാണ് കോണ്‍ഗ്രസ്സ് അന്നേ പിരിച്ച് വിടാത്തതില്‍ നമ്പൂതിരിപ്പാടിന്റെ ശിഷ്യന്മാര്‍ക്ക് ഇന്നും ഇത്ര ബേജാറ്? കോണ്‍ഗ്രസ്സ് അന്നു പിരിച്ചു വിട്ടിരുന്നുവെങ്കില്‍ രാജ്യം കുട്ടിച്ചോറായേനേ. അത് സംഭവിച്ചില്ല, അതാണ് സഖാക്കളുടെ കുണ്ഡിതം.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസ്സ് പിരിച്ചു വിട്ടിരുന്നുവെങ്കില്‍ അന്ന് രാജ്യം ഭരിക്കാന്‍ വേറെ ഏത് പാര്‍ട്ടിക്കായിരുന്നു കഴിയുക? ജനസംഘമോ അല്ലെങ്കില്‍ ആറെസ്സെസ്സോ ഒരുപക്ഷെ അധികാരം കരസ്ഥമാക്കിയേക്കാം. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഇന്ത്യയെ അവര്‍ ഒരു ഹിന്ദു രാഷ്ട്രമാക്കിയേനേ. മുസ്ലീം വികാരം ഉയര്‍ത്തിക്കൊണ്ടുവന്ന് പാക്കിസ്ഥാന്‍ എന്നൊരു രാജ്യം നിലവില്‍ വന്നതിനാല്‍ അങ്ങനെയൊരു സാധ്യതയ്ക്ക് ഇന്ത്യയില്‍ അവസരം ഒരുങ്ങുമായിരുന്നു. കമ്മ്യൂണിസ്റ്റുകാരെ എന്തായാലും അധികാരം ഏല്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരില്ലായിരുന്നു. കാരണം കമ്മ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തത് അന്ന് ജനങ്ങള്‍ മറന്നിട്ടില്ലായിരുന്നു.  സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഒരു ഘട്ടമായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം.

ആ സമരത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടന്റെ കൂടെ ചേരുകയും കോണ്‍ഗ്രസ്സിന്റെ സമര ഭടന്മാരെ ബ്രിട്ടീഷ് പട്ടാളത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ രാജ്യദ്രോഹികള്‍ എന്ന ലേബല്‍ പതിഞ്ഞ ഒരു പാര്‍ട്ടിയെ ആരെങ്കിലും അധികാരം ഏല്പിക്കുമോ? മാത്രമല്ല, 1947 ആഗസ്റ്റ് 15ന് ഇന്ത്യന്‍ ജനത സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്നു കരിദിനമായാണ് ആചരിച്ചത്. അത് മറ്റൊരു വഞ്ചനയുടെ ചരിത്രം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നും ബ്രിട്ടന്റെ ബൂര്‍ഷ്വാസി ഇന്ത്യന്‍ ബൂര്‍ഷ്വാസിക്ക് അധികാരം ഏല്‍പ്പിച്ചത് മാത്രമാണ് നടന്നിട്ടുള്ളത് എന്നുമാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അന്നു അണികളെ ധരിപ്പിച്ചത്. അങ്ങനെ സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങള്‍ ഒന്നടങ്കം ത്രിവര്‍ണ്ണ പതാക പാറിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ കറുപ്പ് കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു.

മാത്രമല്ല, ഒരു കൊല്ലം കഴിയുന്നതിന് മുന്നെ 1948ല്‍ കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യയില്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ബൂര്‍ഷ്വാസിയില്‍ നിന്ന് അധികാരം പിടിച്ചു പറ്റാന്‍ കൈയ്യില്‍ കിട്ടിയ ആയുധവുമായി തെരുവിലിറങ്ങാന്‍ അണികളോട് നിര്‍ദ്ദേശിച്ചു. കല്‍ക്കത്താ തീസീസ് എന്നാണ് ആ ആഹ്വാനം അറിയപ്പെടുന്നത്.  കോണ്‍ഗ്രസ്സ് പിരിച്ചുവിട്ട് രാജ്യത്ത് അരാജകത്വം നടമാടിയിരുന്നുവെങ്കില്‍ അന്നേ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിച്ചേനേ എന്ന സങ്കടവും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇപ്പോഴുമുണ്ടാവാം.  വാരിക്കുന്തവുമായി സഖാക്കള്‍ രാജ്യം പിടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇന്ത്യാ ഗവണ്മേണ്ട് നിരോധിച്ചു. നേതാക്കളെല്ലാം ഒളിവില്‍ പോയി. അതാണ് ഇപ്പോഴും ചിലര്‍ അയവിറക്കുന്ന ഒളിവിലെ ഓര്‍മ്മകളുടെ പുരാണം.

ഞാന്‍ പറഞ്ഞുവരുന്നത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പേ തന്നെ രാജ്യം കുട്ടിച്ചോറാകണം എന്നാഗ്രഹിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അത് ഇന്നോളം ആയില്ല. അത്കൊണ്ടാണ്, യാതൊരു യുക്തിയും ഇല്ലെങ്കിലും എന്തേ കോണ്‍ഗ്രസ്സ് പിരിച്ചു വിടാത്തേ എന്ന് ഇന്നും ചോദിക്കുന്നത്. എന്തെങ്കിലും ചെയ്യുന്നെങ്കില്‍ അത് നമ്മള്‍ മാത്രമേ ചെയ്യാവൂ, മറ്റാരും ചെയ്യരുത് അഥവാ ചെയ്യാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ കുട്ടിച്ചോറാക്കും എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ മനോഭാവം. അത്കൊണ്ടാണ് ജനാധിപത്യബോധം ഇന്നും അവര്‍ക്ക് ഏശാത്തത്.

അതിരിക്കട്ടെ, എന്ത്കൊണ്ടാണ് 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ബ്രിട്ടന്റെ കൂടെ ചേര്‍ന്നതും കോണ്‍ഗ്രസ്സിനെ ഒറ്റ് കൊടുത്തതും? അതാണ് ബഹുതമാശ.  1939 ലാണല്ലൊ രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭം. 45ല്‍ ആണത് പര്യവസാനിക്കുന്നത്.  നാസി ജര്‍മ്മനിയും  ജാപ്പാനും മുസ്സോളിനിയുടെ ഇറ്റലിയും ഒരു ഭാഗത്തും അമേരിക്കയും ബ്രിട്ടനും മറുഭാഗത്തും ആയി രണ്ട് ചേരികളാണ് യുദ്ധത്തില്‍ അണിനിരന്നത്. തുടക്കത്തില്‍ സോവിയറ്റ് യൂനിയന്‍ യുദ്ധത്തില്‍ കക്ഷി ചേര്‍ന്നിരുന്നില്ല. മാത്രമല്ല, സ്റ്റാലിനും ജര്‍മ്മനിയുടെ ചാന്‍സലര്‍ ഹിറ്റ്ലറുമായി ഒരു അനാക്രമണ സന്ധിയില്‍ ഒപ്പ് വെച്ചിരുന്നു. നമ്മള്‍ പരസ്പരം ആക്രമണം വേണ്ട എന്നതാണ് ആ ഉടമ്പടി.

യുദ്ധം തുടരുന്നതിനിടയില്‍ റഷ്യയുടെ സഖ്യകക്ഷി ആയിരുന്ന പോളണ്ടിനെ ജര്‍മ്മന്‍ സേന ആക്രമിച്ചു. അങ്ങനെ റഷ്യയും യുദ്ധത്തില്‍ എടുത്തുചാടി. സ്റ്റാലിന്‍ അമേരിക്കയും ബ്രിട്ടനും നയിക്കുന്ന സഖ്യകക്ഷിയില്‍ ചേര്‍ന്നു. അങ്ങനെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടന്റെ കൂടെ ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ബ്രിട്ടനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ബ്രിട്ടന്റെ ശത്രുവായ കോണ്‍ഗ്രസ്സിനെ ശത്രുവായി കാണുകയും ചെയ്തു. കോണ്‍ഗ്രസ്സ് ആണെങ്കില്‍ ഈ സമയം സമരം ശക്തിപ്പെടുത്തി ബ്രിട്ടനെ ഇന്ത്യയില്‍ നിന്ന് കെട്ട് കെട്ടിക്കാനാണ് തീരുമാനമെടുത്തത്.  എന്തായാലും 45ല്‍ രണ്ടാം ലോക മഹായുദ്ധം അവസാനിക്കുകയും അമേരിക്ക നേതൃത്വം നല്‍കിയ, സോവിയറ്റ് യൂനിയനും ബ്രിട്ടനും പങ്കാളികളായിരുന്ന സഖ്യകക്ഷികള്‍ ജയിക്കുകയും ചെയ്തു.  അന്ന് ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റ് കൊടുത്ത് ബ്രിട്ടന്റെ കൂടെ കൂടുകയും 47 ആഗസ്റ്റ് 15ന് കരിദിനം ആചരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാര്‍ പിന്നീട് അവകാശപ്പെട്ടത് സോവിയറ്റ് യൂനിയന്‍ സഹായിച്ചത് കൊണ്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നായിരുന്നു. യജമാനഭക്തി എന്നല്ലാതെ എന്ത് പറയാന്‍!

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം നാഷനല്‍ കോണ്‍ഗ്രസ്സിന്റെ കൈയ്യില്‍ ഇന്ത്യയുടെ ഭരണാധികാരം കിട്ടിയത്കൊണ്ടാ‍ണ് നാം ഇന്ന് കാണുന്ന മതേതര-ജനാധിപത്യ ഇന്ത്യ നിലവില്‍ വരാന്‍ കാരണം. കോണ്‍ഗ്രസ്സിന് പകരം ജനസംഘമായിരുന്നെങ്കിലോ, ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങളുടെ ഗതി എന്തായിരുന്നിരിക്കും?  സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിന് ലഭിക്കുകയോ അല്ലെങ്കില്‍ 48ലെ കല്‍ക്കത്താ തീസീസ് വിജയിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? കമ്മ്യൂണിസ്റ്റ്കാര്‍ അല്ലാത്തവരെ മൊത്തം ഉന്മൂലനം ചെയ്ത് ഇവിടെ പാര്‍ട്ടിരാജ്യം സ്ഥാപിച്ചിരിക്കും.

അത്കൊണ്ട്, ഗാന്ധിജി പറഞ്ഞിട്ടും കോണ്‍ഗ്രസ്സ് പിരിച്ചു വിട്ടില്ലല്ലോ എന്ന് ഇന്നും കമ്മ്യൂണിസ്റ്റുകാര്‍ പരിതപിക്കാന്‍ കാരണം ഞങ്ങള്‍ക്ക് അധികാരം പിടിച്ചുപറ്റാന്‍ കഴിഞ്ഞില്ലല്ലൊ എന്നും എന്നിട്ടും ഇക്കണ്ട പുരോഗതി രാജ്യം ആര്‍ജ്ജിച്ചല്ലോ എന്നുമുള്ള സങ്കടം നിമിത്തമാണ്.  കോണ്‍ഗ്രസ്സ് എന്ന സംഘടന അന്നു പിരിച്ചു വിട്ടിരുന്നുവെങ്കില്‍ ഇന്ത്യ ഇന്ന് കാണുന്ന രൂപത്തില്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ഏത് കുട്ടിക്കും അറിയാമായിരിക്കെ,  പിരിച്ചുവിടാത്തതില്‍ കുണ്ഡിതപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരന്റെ ചോദ്യത്തിന് മറ്റൊരു അര്‍ത്ഥമില്ല. ഇന്നും ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടപ്പെട്ടാല്‍ രാജ്യം അനാഥമാകും എന്നതാണ് അവസ്ഥ. അപ്പോള്‍ അന്നോ? ചിന്തിക്കണം സുഹൃത്തുക്കളേ .......

സി.പി.എം. രാ‍ഷ്ട്രീയ മാന്യത കാട്ടുമോ ?


പോലീസിന്റെ തികച്ചും  ശാസ്ത്രീയമായ അന്വേഷണ രീതി നിമിത്തം ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് കേരളത്തില്‍ അപൂര്‍വ്വമായ ഒരു കേസന്വേഷണമായി മാറിയിരിക്കുകയാണ്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഡി.ജി.പി. പറഞ്ഞു, ഈ കേസില്‍ കൊന്നവരെയും കൊല്ലിച്ചവരെയും പോലീസ് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന്. ഇന്നും ഡി.ജി.പി. അതേ വാക്ക് ആവര്‍ത്തിക്കുകയുണ്ടായി. കൊന്നവരെയും കൊല്ലിച്ചവരെയും കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നത്. അന്വേഷണത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ കാര്യത്തില്‍ സി.പി.എം. നേതാക്കളുടെ ഞഞ്ഞാമിഞ്ഞ വര്‍ത്തമാനം മാര്‍ക്സിസ്റ്റുകാരല്ലാത്തവര്‍ ആരും തന്നെ വിശ്വസിക്കുകയില്ല.  വി.എസ്സ്. അച്യുതാനന്ദന്‍ തന്നെ വിശ്വസിക്കുന്നില്ല. പിന്നെയല്ലെ മറ്റുള്ളവരുടെ കാര്യം.

ഉത്തരവാ‍ദപ്പെട്ട പാര്‍ട്ടിയാണ് സി.പി.എം. എങ്കില്‍ ആ പാര്‍ട്ടി ചെയ്യേണ്ടത്, ഈ കേസിന്റെ പര്യവസാനം ക്ഷമയോടെ കാത്തിരിക്കുകയാണ്. അന്വേഷണവും പ്രതിപ്പട്ടികയും വിചാ‍രണയും എന്ത് തന്നെയായാലും തെളിവില്ലാതെ ഇന്ത്യയിലെ കോടതികള്‍ ഒരാളെയും ശിക്ഷിച്ച ചരിത്രം ഇല്ല. ഇത് സി.പി.എമ്മിനും അറിയാം. എത്രയെത്ര കേസുകളില്‍ സി.പി.എം. പ്രതികള്‍ തെളിവിന്റെ അഭാവത്തില്‍ വെറുതെ വിടപ്പെട്ടിരിക്കുന്നു. ഈ കേസിലും അത്ര മാത്രമേ സംഭവിക്കുകയുള്ളൂ.  അതിനിടയില്‍ സി.പി.എം. നടത്തുന്ന പ്രതിക്ഷേധങ്ങളും കോലാഹലങ്ങളും ഒക്കെ ആ പാര്‍ട്ടിക്കാര്‍ക്ക് ആശ്വാസം പകരുമെങ്കിലും പൊതുസമൂഹത്തിന് ആ പാര്‍ട്ടിയെ പറ്റി അവമതിപ്പ് ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ.

ഇത് വരെയുള്ള അന്വേഷണം വെച്ചു നോക്കുമ്പോള്‍ കൊന്നവരും കൊല്ലിച്ചവരും ആയ പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അങ്ങനെ ശിക്ഷിക്കപ്പെടുന്നവരില്‍ സി.പി.എം. അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതോ സംരക്ഷിക്കുന്നതോ സി.പി.എമ്മിന്റെ മാത്രം കാര്യമാണ്. കേരളത്തില്‍ ഇനി മേലില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ കേസ് കാരണമാകുമോ എന്ന കാര്യത്തില്‍ മാത്രമേ പൊതുസമൂഹത്തിന് താല്പര്യമുള്ളൂ. കാരണം ആളുകള്‍ക്ക് സമാധാനം വേണം.

കള്ളക്കേസാണ് , രാഷ്ട്രീയ വൈരാഗ്യമാണ്, തിരക്കഥയാണ് എന്നൊക്കെ പറഞ്ഞോണ്ടിരുന്നാല്‍ അന്നാഹാരം കഴിക്കുന്ന ആരും വിശ്വസിക്കുകയില്ല. അപ്പോള്‍ അറിയാനുള്ളത് കേസിന്റെ സ്വാഭാവിക പരിണാമം സി.പി.എം.കാര്‍ സഹിഷ്ണുതയോടെ അഭിമുഖീകരിക്കുമോ എന്ന് മാത്രമാണ്. അതല്ലാതെ കല്ലോ വടിയോ ഒക്കെ എടുത്ത് തെരുവിലിറങ്ങി പോലീസിനെയും കോടതിയെയും എറിഞ്ഞ് ക്രമസമാധാന പ്രശ്നം ഉണ്ടാക്കി കേസില്‍ നിന്ന് തപ്പിക്കാന്‍ നോക്കണ്ട. അത് തടുക്കാനുള്ള സന്നാഹവും കോപ്പും ഒക്കെ ഇവിടത്തെ സര്‍ക്കാരിനുണ്ട്. ഈ കേസില്‍ സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന മാന്യമല്ലാത്ത ഓരോ പ്രതികരണവും അതിന്റെ നാശത്തിന് മാത്രമേ ആക്കം കൂട്ടുകയുള്ളൂ എന്ന് ഓര്‍ത്താല്‍ നന്ന്.

ടി.പി.വധത്തിന് ശേഷം ഇനിയെന്ത് ?

ടി.പി. വധത്തിനു പിന്നില്‍ സി.പി.എം ആണെന്നും പാര്‍ട്ടി വിട്ടതിലുള്ള വിരോധമാണ്‌ റവല്യൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു കാരണമെന്നും, സി.പി.എം. നേതാക്കളുടെ നിര്‍ദേശപ്രകാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുമിച്ചാണു കൊല നടത്തിയതെന്നും  സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.  അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി ദണ്ഡപാണിയാണ് കോടതിയെ ഇപ്രകാരം അറിയിച്ചത്.

ഇങ്ങനെ ഔദ്യോഗികമായി തന്നെ സി.പി.എം. എന്ന പാര്‍ട്ടിയാണ് ടി.പി.ചന്ദ്രശേഖരനെ 51വെട്ടുകള്‍ വെട്ടി അരുംകൊല ചെയ്തത് എന്ന് പ്രസ്താവിക്കപ്പെട്ടപ്പോള്‍ ഇപ്പോഴൊന്നും ആരും ഈ പ്രസ്താവനയെ എതിര്‍ക്കുന്നില്ല. നെയ്യാറ്റിന്‍‌കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പാര്‍ട്ടി ഇതിന് മുതിരുമായിരുന്നോ എന്ന സംശയവും ഇപ്പോള്‍ ആര്‍ക്കും ഇല്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി തന്നെ കൊലപാതകങ്ങള്‍ സംഘടിപ്പിക്കാറുണ്ട് എന്ന് ഇപ്പോള്‍ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു.

ഇനി എന്ത്? രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുക എന്ന നയത്തിന്റെ പേരില്‍ നക്സലൈറ്റുകളെ എതിര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം. അതേ പാര്‍ട്ടിയും നക്സൈലൈറ്റുകളുടെ രീതിയാണ് ഇത്രയും കാലമായി പിന്തുടര്‍ന്നു വന്നിരുന്നത് എന്നും വ്യക്തമായിരിക്കുന്നു. ഒരു വ്യത്യാസമുണ്ട്. നക്സലുകള്‍ വധിച്ചത് ജന്മിമാരെ ആയിരുന്നെങ്കില്‍ സി.പി.എം. വധിച്ചതെല്ലാം സാധാരണക്കാരെയായിരുന്നു. നക്സലുകള്‍ വര്‍ഗ്ഗശത്രുവായി കണ്ടത് ജന്മിമാരെ ആയിരുന്നെങ്കില്‍ സി.പി.എം. വര്‍ഗ്ഗശത്രുക്കള്‍ ആയി കണ്ടത് പാര്‍ട്ടിക്ക് ശല്യമായി തോന്നിയവരെയാണ്. അങ്ങനെയാണ് ടി.പി.യും വധിക്കപ്പെടുന്നത്.

സി.പി.എമ്മിനെ ന്യായീകരിക്കാന്‍ ഇപ്പോള്‍ വിരലിലെണ്ണാന്‍ കഴിയുന്ന ബുദ്ധിജീവികള്‍ മാത്രമേ രംഗത്ത് വരുന്നുള്ളൂ. ഇത്തരുണത്തില്‍ പാര്‍ട്ടി തിരുത്തി, ശുദ്ധീകരിച്ച് മുന്നോട്ട് പോകണമെന്നും സി.പി.എം. എന്ന പാര്‍ട്ടി കേരളത്തില്‍ വേണമെന്നും ചില കോണ്‍ഗ്രസ്സുകാര്‍ പോലും പറയുന്നുണ്ട്. എന്നാല്‍ എന്തിനാണ് സി.പി.എം. അങ്ങനെ ശുദ്ധീകരിക്കപ്പെടുന്നത്. അല്ലെങ്കില്‍ തന്നെ അത് സാധ്യമാണോ? അഴുക്കും മാലിന്യങ്ങളും നിറഞ്ഞ ഒരു പൊട്ടക്കുളം നന്നാക്കാന്‍ പാഴ്ശ്രമം നടത്തുന്നതിനേക്കാളും നല്ല്ലത് പുതിയ ഒന്ന് കുഴിക്കുന്നതാണ് എന്ന് ലെനിന്‍ തന്നെ പറഞ്ഞിട്ടുണ്ട്. നിക്ഷിപ്തതാല്പര്യക്കാരുടെ കൂടാരമാണ് ഇന്ന് സി.പി.എം. അത്കൊണ്ടാണ് പാര്‍ട്ടി എന്ന സ്ഥാപനം നിലനിര്‍ത്താന്‍ അവര്‍ എന്ത് ഹീനമായ മാര്‍ഗ്ഗങ്ങളും അവലംബിക്കുന്നത്. ജനപക്ഷത്ത് നിന്നുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രസ്ഥാനം വേണമെന്നുള്ളവര്‍ അങ്ങനെയൊന്ന് പുതുതായി വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അങ്ങനെ വളര്‍ത്തുന്നവര്‍ക്ക് സി.പി.എമ്മിന്റെ അപചയവും പതനവും ഒരു പാഠമായിരിക്കുകയും വേണം.

കേരളം ഭരിക്കാന്‍ യു.ഡി.എഫ്. തന്നെ മതി. അല്ലറച്ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും യു.ഡി.എഫ്. ഭരണം നന്നായി പോകുന്നുണ്ട്. കേരളത്തിലെ റോഡുകള്‍ തന്നെ ഒന്ന് നോക്കിയാല്‍ ആ വ്യത്യാസം മനസ്സിലാകും. സാമൂഹ്യപ്രവര്‍ത്തനത്തിന് ഇന്ന് ആളുകള്‍ ഇല്ല. അവിടെയാണ് പുതിയൊരു ഇടത്പക്ഷ പ്രസ്ഥാനത്തിന്റെ ആവശ്യം വരുന്നത്. അങ്ങനെയൊരു പ്രസ്ഥാനം ഉയര്‍ന്നുവരുന്നതിന് പ്രതിബന്ധം ഇന്നത്തെ നിലയില്‍ സി.പി.എം. മാത്രമാണ്. മദ്യപാനം ഇന്ന് കേരളത്തെ മൊത്തം വിഴുങ്ങിയെന്ന് പറയാം. വൈകുന്നേരമായാല്‍ വെള്ളമടിക്കാത്ത നാലുപേരെ കാണാന്‍ പ്രയാസമായിട്ടുണ്ട്. മദ്യപാനവും ലോട്ടറിയും  എങ്ങനെ നോക്കിയാലും സാമൂഹ്യതിന്മയാണ്. ആരോഗ്യകരമായ മനസ്സുള്ള ഒരാള്‍ മദ്യം കഴിക്കുകയോ ലോട്ടറിടിക്കറ്റ് വാങ്ങുകയോ ഇല്ല എന്ന് ഞാന്‍ പറയും. ലോട്ടറി അടിക്കുന്ന കാശ് കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാം എന്നു കരുതുന്നത് തെറ്റാണ്. സര്‍ക്കാര്‍ ജനങ്ങളെ ഇപ്രകാരം വ്യാമോഹത്തിന് അടിമകളാക്കരുതായിരുന്നു. ഈ രണ്ട് തിന്മകളും നാട്ടില്‍ പ്രചരിപ്പിച്ചത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആയിരുന്നു എന്നും ഇവ രണ്ടും ഇപ്പോള്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും നിരോധിച്ചിട്ടുണ്ട് എന്നു കൂടി പറയട്ടെ.

മദ്യം വിറ്റ് കിട്ടുന്ന കാശ് കൊണ്ട് സബ്സിഡി കൊടുത്ത് ഒരു രൂപയ്ക്ക് ഒരു കിലോ അരി ലഭ്യമാക്കുന്നതില്‍ എന്ത് ജനക്ഷേമമാണ് ഉള്ളത്. 50രൂപയ്ക്ക് ബീയര്‍ വാങ്ങി അതിന്റെ കുപ്പി രണ്ട് രൂപയ്ക്ക് വിറ്റ് രണ്ട് കിലോ അരി വാങ്ങാം, പിന്നെ എന്തിനാണ് ആളുകള്‍ പണിക്ക് പോകുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യഘടന ആകമാനം താറുമാറായിപ്പോയിരിക്കുന്നു. ചാനലുകളില്‍ രാഷ്ട്രീയക്കാരും സാംസ്ക്കാരികക്കാരും ചര്‍ച്ച ചെയ്യുന്നതൊന്നും ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളല്ല. ശരിയായ പ്രശ്നങ്ങള്‍ മനസ്സിലാക്കി ജനങ്ങളോടൊപ്പം നില്‍ക്കുന്ന ജനപക്ഷ രാഷ്ട്രീയം നല്ലതായിരുന്നു. എന്നാല്‍ അധികാരം ഏത് പ്രസ്ഥാനത്തെയും പെട്ടെന്ന് തന്നെ  ദുഷിപ്പിക്കുമെന്നും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

കൊലപാതകം രാഷ്ട്രീയ അജണ്ടയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സി.പി.എമ്മിന് ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ല. നക്സലുകള്‍ ഉന്മൂലനസിദ്ധാന്തം നടപ്പാക്കുമ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ പറഞ്ഞതും ഇതേ ന്യായമായിരുന്നുവല്ലൊ. മാര്‍ക്സിസ്റ്റുകാരുടെ കൊലപാതകങ്ങളെ പറ്റി പറയുമ്പോള്‍ മറ്റ് പാര്‍ട്ടിക്കാരും കൊന്നിട്ടില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഇന്ത്യയില്‍ എത്രയോ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും സി.പി.എമ്മിന് മാത്രമാണ് പാര്‍ട്ടിക്കോടതികള്‍, പാര്‍ട്ടി വിചാരണ, പാര്‍ട്ടിക്വട്ടേഷന്‍ സംഘങ്ങള്‍  പോലുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ ഉള്ളത്.  നിക്ഷിപ്തതാല്പര്യക്കാരുടെ കൂടാരം മാത്രമായി സി.പി.എം. ഇന്ന് അധ:പതിച്ചുപോയിരിക്കുന്നു. കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ അധ:പതിക്കുന്തോറും അത് കൂടുതല്‍ കൂടുതല്‍ ഫാസിസ്റ്റായി പരിണമിക്കുകയാണ് ചെയ്യുക.

പാര്‍ട്ടിയുടെ ആശയപ്രചാരണത്തിന് സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഓണ്‍‌ലൈന്‍ വേദികളും ഉപയോഗിക്കണമെന്ന് പ്രവര്‍ത്തകരോട് സി.പി.എം. നേതൃത്വം ആഹ്വാനം ചെയ്യുകയുണ്ടായി. എന്നാല്‍ എന്ത് ആശയമാണ് ഇത്തരം വേദികളിലൂടെ പ്രചരിപ്പിക്കാന്‍ സഗാക്കള്‍ക്കുള്ളത്? പാര്‍ട്ടിയെ ആരെങ്കിലും ക്രിയാത്മകമായി പോലും വിമര്‍ശിച്ചാല്‍ അവരെ മാര്‍ക്സിസ്റ്റ് വിരുദ്ധന്‍ എന്നു മുദ്രകുത്തി വെട്ടുകിളികളെ പോലെ കൂട്ടത്തോടെ വന്നു തെറി പറയുക, പരിഹസിക്കുക, ഭീഷണിപ്പെടുത്തുക എന്നതൊഴിച്ച് എന്ത് നല്ല ആശയങ്ങളും കാഴ്ചപ്പാടുകളുമാണ് അവര്‍ക്ക് പങ്ക് വയ്ക്കാനുള്ളത്? ചാനലുകളില്‍ തന്നെ മാധവന്‍ കുട്ടിയും ശക്തിധരനും ഭാസുരേന്ദ്രബാബുവും ഒക്കെ ഇങ്ങനെ ഉറഞ്ഞുതുള്ളേണ്ടി വരുന്നത് എന്ത്കൊണ്ടാണ്? നല്ലതും ശരിയായതും ‘നേരെ വാ നേരെ പോ’ എന്ന മട്ടില്‍ ഉള്ളതുമായ അഭിപ്രായങ്ങള്‍ അവരുടെ പക്കല്‍ ഇല്ല എന്നത്കൊണ്ട് മാത്രമാണ്.

ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ന്നത് അതിന്റെ തന്നെ സ്വയംകൃതാനര്‍ത്ഥങ്ങള്‍ നിമിത്തമാണ്. ബംഗാളില്‍ സംഭവിച്ചതും കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നതും അങ്ങനെ തന്നെ.  വിമര്‍ശകര്‍ക്ക് എന്തെങ്കിലും പറയാനോ അല്ലെങ്കില്‍ എഴുതാനോ മാത്രമല്ലേ കഴിയൂ. അല്ലാതെ ഒളിക്യാമറകള്‍ സ്ഥാപിക്കാന്‍ കഴിയില്ലാലോ. അത്കൊണ്ട് സി.പി.എമ്മിന് വേണ്ടി ആരും സഹതാപക്കണ്ണീര്‍ ഒഴുക്കിയിട്ട് കാര്യമില്ല. ആ പാര്‍ട്ടി ശുദ്ധീകരിക്കപ്പെടുമെന്നോ തിരുത്തപ്പെടുമെന്നോ ആരും കരുതേണ്ടതുമില്ല.  മറ്റുള്ളവരെ നോക്കി കൊലവിളി നടത്താന്‍ ആ പാര്‍ട്ടിക്ക് ഇനി കഴിയരുത്.  അതിനായി മുഴുവന്‍ ജനാധിപത്യ വിശ്വാസികളും യോജിക്കേണ്ടതുണ്ട്.