Links

പുകയുല്പാദിപ്പിക്കുന്ന അടുപ്പുകള്‍ ..

ഞങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ ഒരു തരം അടുപ്പുകള്‍ പ്രചരിച്ചു വരുന്നുണ്ട്. പുകയില്ലാത്ത അടുപ്പുകള്‍ എന്ന പേരില്‍ നിര്‍മ്മിക്കപ്പെടുന്ന പുക സമൃദ്ധമായി ഉല്പാദിപ്പിക്കുന്ന അടുപ്പുകളാണ് അവ. ഏത് വീട്ടില്‍ നോക്കിയാലും ഇമ്മാതിരി പുകയടുപ്പുകള്‍ കാണാം. കത്തിക്കാന്‍ തുടങ്ങിയാല്‍ അവരുടെ അടുക്കളയിലും , പുകക്കുഴലിലൂടെ പുറത്തേക്ക് വമിക്കുന്നതുമായി ധാരാളം പുക കാണാം. പുകയില്ലാത്ത അടുപ്പുകള്‍ എന്ന പേര് പറഞ്ഞ് ഇത്തരം അടുപ്പുകള്‍ ഉണ്ടാക്കിക്കൊടുക്കുന്നത് ചില അടുപ്പ് കമ്പനിക്കാരാണ്.  എളുപ്പത്തിന് വേണ്ടിയാണ് അവര്‍ അപ്രകാരം ചെയ്യുന്നത്. എന്നാല്‍ വീട്ടുകാരെ സംബന്ധിച്ച് ഇത് വലിയൊരു ചതിയാണ്.

പല വീടുകളിലും നല്ല ചിമ്മിണിയും പരമ്പരാഗതമായി പെരുതേരി (Mason) നിര്‍മ്മിച്ച അടുപ്പും നിലനില്‍ക്കെയാണ് ഈ അടുപ്പ് സ്ഥാപിക്കുന്നത്. ഇതിന് വേണ്ടി പഴയ അടുപ്പ് പൊളിക്കുകയും പുതിയത് സ്ഥാപിക്കുകയും ചെയ്യുന്നു. ചിമ്മിണി ഉപയോഗശൂന്യമായി നില്‍ക്കുകയും അതിന്റെ ഓരം ചേര്‍ന്ന് പുതിയ അടുപ്പിന്റെ പുകക്കുഴല്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. ശരിയായ രീതിയില്‍ പുകയില്ല്ലാത്ത അടുപ്പ് തന്നെയാണ് ഇങ്ങനെ നിര്‍മ്മിക്കുന്നതെങ്കില്‍ വളരെ നല്ലത് തന്നെ. എന്നാല്‍ വീട്ടുടമയുടെ അജ്ഞത മുതലെടുത്ത് തെറ്റായ രീതിയിലുള്ള അടുപ്പാണ് നിര്‍മ്മിച്ചുകിട്ടുന്നതെങ്കില്‍ അത് വല്ലാത്ത പൊല്ലാപ്പാണ്. അടുക്കളയിലും പരിസരത്തും സദാ പുകയായിരിക്കും. ഇങ്ങനെ കഷ്ടപ്പെടുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും സംഗതി പിടി കിട്ടിയിട്ടില്ല.  ചുരുക്കം വീടുകളില്‍ ശരിയായ അടുപ്പ് , പുക അശേഷം ഇല്ലാത്തത് ഉണ്ടാക്കികിട്ടിയവരും ഉണ്ട്.  എന്റെ അഞ്ചരക്കണ്ടിയിലെ വീട്ടില്‍ അപ്രകാരമുള്ള പുകയില്ലാത്ത അടുപ്പാണ് ഉള്ളത്. എന്നാല്‍ മകളുടെ പുതിയ വീട്ടില്‍ ഇപ്പറഞ്ഞ പുക ഉല്പാദിപ്പിക്കുന്ന അടുപ്പാണുള്ളത്.  അത്കൊണ്ട് മകളുടെ വീട്ടില്‍ ഇപ്പോള്‍ ഗ്യാസ് ആണ് പാചകത്തിന് ഉപയോഗിക്കുന്നത്.  ചിമ്മിണിയും പുകയടുപ്പും ചുമ്മാ കിടക്കുന്നു.

എന്താണ് ഈ അടുപ്പുകള്‍ തമ്മിലുള്ള വ്യത്യാസം എന്ന് മനസ്സിലാക്കുന്നതിന് മുന്‍പ് എന്ത്കൊണ്ടാണ് പുക ഉണ്ടാകുന്നത് എന്ന് നോക്കാം.  പുക എന്നാല്‍ കത്തിത്തീരാ‍ത്ത വിറകാണെന്ന്  ഒറ്റ വാക്കില്‍ പറയാം.  ഏത് ഇന്ധനവും കത്തുക എന്ന് പറഞ്ഞാല്‍  അന്തരീക്ഷത്തിലെ ഓക്സിജനും ആ ഇന്ധനത്തിലെ കാര്‍ബണും യോജിക്കുക എന്നാണ് അര്‍ത്ഥം. അങ്ങനെ യോജിക്കുമ്പോള്‍ താപോര്‍ജ്ജവും കാര്‍ബണ്‍ ഡൈയോക്സൈഡും ഉണ്ടാകുന്നു. കാര്‍ബണ്‍ ഡൈയോക്സൈഡ് എന്ന വാതകത്തിന് നിറമില്ല. അത്കൊണ്ടാണ് പൂര്‍ണ്ണമായി ഇന്ധനം കത്തുമ്പോള്‍ പുക ഇല്ലാത്തത്. എന്നാല്‍ ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വരുമ്പോഴോ മറ്റ് കാരണങ്ങളാ‍ലോ ഇന്ധനം മുഴുവനും കത്താതിരിക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് ഉണ്ടാകുന്നു. അതാണ് പുക. പുക ഉണ്ടാവുമ്പോള്‍ നമുക്ക് ഇന്ധനനഷ്ടം ഉണ്ടാകുന്നു.

നമ്മള്‍ അടുപ്പില്‍ കത്തിക്കുന്ന വിറകിന് ഇഷ്ടാനുസരണം ഓക്സിജന്‍ ലഭ്യമാക്കിയാല്‍ പൂര്‍ണ്ണമായി കത്തുകയും പുക തീരെ ഇല്ലാതിരിക്കുകയും ചെയ്യും. വിറക് കുറച്ച് ഉപയോഗിച്ചാല്‍ മതിയാവുകയും ചെയ്യും.  കേരളത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്താണ് ഈ ആശയം മുന്നോട്ട് വെച്ചതും പുകയില്ലാത്ത അടുപ്പ് രൂപകല്പന ചെയ്തതും.  ഇമ്മാതിരി അടുപ്പുകള്‍ അക്കാലത്ത് എത്രയോ പേര്‍ക്ക് ഉപകാരപ്രദവും അനുഗ്രഹവുമായിട്ടുണ്ട്.  ക്രമേണ പരിഷത്ത് ജനങ്ങളില്‍ നിന്ന് അകലുകയും ഇപ്പോള്‍ തീരെ നിഷ്ക്രിയമാവുകയും ചെയ്തല്ലൊ.  എനിക്ക് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്ന ഒരു സംഘടനയായിരുന്നു പരിഷത്ത് എന്ന് നഷ്ടബോധത്തോടെ ഇവിടെ സ്മരിക്കട്ടെ.

Smokeless oven -1പിന്നീട് , പരിഷത്തിന്റെ അടുപ്പിന് മോടി കൂട്ടി ചില ചെറുകിട കമ്പനികള്‍ രംഗത്ത് വന്നു.  അത് നന്നായിരുന്നു താനും. കാണാനും നല്ല ചന്തം. പരിഷത്തിന്റെ സയന്‍സ് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിട്ടാണ് അവര്‍ അടുപ്പ് ആധുനിക രൂ‍പത്തില്‍ നിര്‍മ്മിച്ച് ,  വീടുകളില്‍ സ്ഥാ‍പിച്ചുകൊടുത്തിരുന്നത്.  ഇക്കാണുന്നതാണ് ആ അടുപ്പ്. (ഫോട്ടോ ക്ലിക്ക് ചെയ്ത് വലിപ്പത്തില്‍ കാണുക) അടുപ്പില്‍ വിറക് വെക്കാന്‍ മേലെ ദ്വാരമുള്ളത് പോലെ , ഇഷ്ടം പോലെ ഓക്സിജന്‍ അടുപ്പില്‍ പ്രവേശിക്കാന്‍ താഴെയും ദ്വാരം ഉണ്ട് എന്നതാണ് ഈ അടുപ്പിന്റെ പ്രത്യേകതയും സയന്‍സും.  കത്തിത്തുടങ്ങിയാല്‍ പിന്നെ ഊതേണ്ടതായ ആവശ്യമില്ല. വിറക് തീരുന്നത് വരെ കത്തികൊണ്ടേയിരിക്കും. രണ്ട് ചീള് നേരിയ വിറക് മതി.  പുക തീരെ ഉണ്ടാവില്ല. താഴെയുള്ള ദ്വാരത്തിലൂടെ ഓക്സിജന്‍ ധാരാളമായി അടുപ്പില്‍ എത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അത്കൊണ്ട് പുകയില്ലാത്ത അടുപ്പ് നിങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ ഈ ഫോട്ടോയില്‍ ഉള്ളത് പോലെ അടുപ്പില്‍ വായു കടക്കാനുള്ള ദ്വാരം കൂടി ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം.

xxxxxxxxxx

അടുപ്പിന്റെ മുകള്‍ ഭാഗം ശ്രദ്ധിക്കുക. താഴെയുള്ള ദ്വാരത്തില്‍ നിന്നും ഓക്സിജന്‍ അടുപ്പില്‍ കടക്കാനും , വിറക് കത്തിത്തീരുമ്പോള്‍ ഉണ്ടാകുന്ന അല്പമാത്രമായ വെണ്ണീര് താഴെ വീഴാനുമുള്ള കവാടം കണ്ടോ. ഇങ്ങനെയാണ് പുകയില്ലാത്ത അടുപ്പ് നിര്‍മ്മിക്കേണ്ടത്. എന്നാല്‍ ഇക്കാര്യം പലര്‍ക്കും അറിയില്ല. ഫലമോ ,  നിര്‍മ്മാതാക്കള്‍ വന്ന് പുക ധാരാളമുണ്ടാക്കുന്ന അടുപ്പും നിര്‍മ്മിച്ച് കാശും വാങ്ങി പോകുന്നു. അടുക്കളയില്‍ പണിയെടുക്കുന്ന വീട്ടമ്മമാര്‍ കഷ്ടപ്പെടുകയും ചെയ്യുന്നു. ഇക്കാര്യം അടുപ്പ് പണിയുന്നവര്‍ക്ക് അറിയാ‍ത്തതല്ല.  എങ്ങനെയും പറ്റിച്ച് പണമുണ്ടാക്കുക എന്നതാ‍ണ് ഇപ്പോള്‍ നാട്ടുനടപ്പ്. ആര്‍ക്കും ആരോടും ഒന്നിനോടും ആത്മാര്‍ത്ഥതയില്ല. ചെയ്യുന്ന തൊഴിലില്‍ നീതി പുലര്‍ത്തണമെന്നോ , അതിനോട് കൂറ് വേണമെന്നോ ആര്‍ക്കുമില്ല.  ചുരുക്കം ചിലര്‍ക്ക് ഉണ്ടാവാം. അതല്ലല്ലൊ കാര്യം.

aduppu-1ഇതാണ് പുക ഉല്പാദിപ്പിക്കുന്ന ആ സാധനം. ഇമ്മാതിരി അടുപ്പുകളില്‍ നിന്ന്  യഥേഷ്ടം പുക ഉയരുമെന്ന് മേലെ വായിച്ച ആര്‍ക്കും മനസ്സിലാകുമല്ലൊ.  ഇത്തരത്തിലുള്ള തട്ടിപ്പ് അടുപ്പുകളാണ് ഇപ്പോള്‍ നാട്ടില്‍ സര്‍വ്വത്ര പണിഞ്ഞുകൊടുക്കപ്പെടുന്നത്. അടുപ്പ് ശ്രദ്ധിക്കുക. മേലെ പാത്രവും , താഴെയുള്ള ദ്വാരത്തില്‍ വിറകും വെച്ചാല്‍ ഓക്സിജന്‍ എങ്ങനെയാണ് അടുപ്പില്‍ കടക്കുക? ഇതിനേക്കാളും എത്രയോ ഭേദമാണ് നമ്മുടെ പഴയ അടുപ്പുകള്‍ .  അതിന് മൂന്ന് ഭാഗത്ത് വിടവുണ്ടാകുമല്ലൊ. ഒന്നില്‍ വിറക് കയറ്റി വെച്ചാലും ഓക്സിജന്‍ കടക്കാന്‍ പിന്നെയും രണ്ട് കണ്ണ് ബാക്കിയുണ്ട്. ഈ അടുപ്പ് എളുപ്പത്തില്‍ ഉണ്ടാക്കാം.  ആദ്യം പറഞ്ഞ അടുപ്പിനാവശ്യമായ സാമഗ്രികളും വേണ്ട.

aduppu-2

മേല്‍ ഭാഗം കണ്ടില്ലേ, ഓക്സിജന്‍ കടക്കാനും ചാരം വീഴാനും ഒന്നും ഇല്ല.  അഞ്ചരക്കണ്ടിയിലായാലും മകളുടെ വീട്ടിലായാലും ഉമ്മറത്ത് ഇരിക്കുമ്പോള്‍ അയല്‍പ്പക്കത്തെ വീടുകളില്‍ നിന്ന് ഉയരുന്ന കട്ട പിടിച്ച പുക കുറെയായി കാണുന്നത്കൊണ്ടാണ് ഇങ്ങനെയൊരു ലേഖനം എഴുതിയത്. ആരെങ്കിലും പുകയില്ലാത്ത അടുപ്പ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ,  അവര്‍ക്ക് ഈ പോസ്റ്റ് ഉപകാരപ്രദമായെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനാ‍യി.

കമ്മ്യൂണിസത്തിന്‌ ഇന്ത്യന്‍പതിപ്പ്‌ എന്നത് നടക്കാത്ത കാര്യം

ഇന്ത്യയിലെ രണ്ട് മുഖ്യധാര കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളില്‍ സി.പി.ഐ.യുടെ പാര്‍ട്ടി കോണ്‍ഗ്രസ്സ് നടന്നു കഴിഞ്ഞു. സി.പി.എമ്മിന്റെ കോണ്‍ഗ്രസ്സ് ഇപ്പോള്‍ നടക്കുകയാണ്.  കിട്ടിയേടത്തോളം റിപ്പോര്‍ട്ടുകള്‍ വെച്ചു നോക്കുമ്പോള്‍ ശ്രദ്ധേയമായ ഒരേയൊരു അഭിപ്രായം വന്നിട്ടുള്ളത് സി.പി.ഐ.യുടെ നേതാവ് ഗുരുദാസ് ഗുപ്തയുടെ ഭാഗത്ത് നിന്നാണ്.  ഇടത് ഐക്യം ശക്തിപ്പെടുത്താന്‍ സോഷ്യലിസ്റ്റ് കൂട്ടായ്മയല്ല വിശാല ജനാധിപത്യ സഖ്യമാണ്  വേണ്ടത് എന്നാണ് ഗുപ്തയുടെ ഒന്നാമത്തെ അഭിപ്രായം.  പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ ഗുരുദാസ് ഗുപ്ത വിഭാവനം ചെയ്യുന്ന വിശാല ജനാധിപത്യ സഖ്യത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ഇടമുണ്ടാവും.  കോണ്‍ഗ്രസ്സ് കൂടി ഉള്‍പ്പെടുന്ന വിശാല ജനാധിപത്യ സഖ്യം എന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയിലെ ഒരു പുരോഗമന സഖ്യം ആയിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. വര്‍ഗ്ഗരാഷ്ട്രീയത്തിന് പകരം സ്വത്വരാഷ്ട്രീയമാണ് ഇന്ത്യന്‍ സമൂഹത്തില്‍ പ്രസക്തമായിട്ടുള്ളത് എന്നാണ് ഗുപ്തയുടെ രണ്ടാമത്തെ അഭിപ്രായം.  വര്‍ഗ്ഗവൈരുദ്ധ്യമല്ല മറിച്ച് ജാതിവൈരുദ്ധ്യങ്ങളാണ് ഇന്ത്യന്‍ സമൂഹത്തിന്റെ ശാപം എന്ന് ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും.  എന്നാല്‍ ഗുരുദാസ് ഗുപ്തയുടെ ഭേദഗതി സി.പി.ഐ. നേതൃത്വം അപ്പാടെ തള്ളിക്കളഞ്ഞു. നേരു പറയുന്നവര്‍ക്ക് ഇക്കാലത്ത് കമ്മ്യൂണിസ്റ്റുപാര്‍ട്ടികളില്‍ പോലും സ്ഥാനമില്ല.

എന്ത്കൊണ്ടാണ് ഗുപ്തയുടെ ബദല്‍ രേഖ സി.പി.ഐ. തള്ളിക്കളഞ്ഞിട്ടുണ്ടാവുക? കാരണം വ്യക്തമാണ്. ആ ബദല്‍ നിര്‍ദ്ദേശം സി.പി.എം. മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ രേഖയ്ക്ക് വിരുദ്ധമാണ്. സി.പി.എമ്മിന് വിശാല ജനാധിപത്യ സഖ്യവും സ്വത്വരാഷ്ട്രീയവും പറ്റില്ല. സി.പി.എമ്മിന്റെ കൂടെ മുന്നണിയില്‍ നില്‍ക്കണമെങ്കില്‍ ഗുരുദാസ് ഗുപ്തയുടെ ബദല്‍ രേഖ തള്ളിക്കളഞ്ഞേ പറ്റൂ.  സി.പി.എമ്മിന്റെ കൂടെ നിന്ന് ഇഞ്ചിഞ്ചായി മരിക്കുന്നതാണ്, സ്വന്തം നിലയില്‍ പരിപാടിയും നയങ്ങളുമായി പ്രവര്‍ത്തിച്ച് പാര്‍ട്ടി വളര്‍ത്തുന്നതിനേക്കാളും എളുപ്പം എന്ന് സി.പി.ഐ.യുടെ നേതൃത്വം തീരുമാനിച്ചാല്‍ പിന്നെ എന്ത് ചെയ്യാന്‍ പറ്റും? പാവം ഗുരുദാസ് ഗുപ്തയോട് സഹതപിക്കാനേ കഴിയൂ.

ഭയങ്കരപ്പെട്ട വാചാടോപങ്ങളുമായാണ് പ്രകാശ് കാരാട്ട് അവരുടെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കത്തിക്കയറുന്നത്. എതിര്‍ വാക്കുകള്‍ പറയാന്‍ മാത്രം ആ പാര്‍ട്ടിയില്‍ മൌലികമായി ചിന്തിക്കുന്ന ഭാവനാശാലികള്‍ വേറെ ആരും തന്നെ ഇല്ലല്ലൊ. അത്കൊണ്ട് കാരാട്ട് സഖാവ് പറയുന്നത് യാന്ത്രികമായി അംഗീകരിക്കപ്പെടാനാണ് സാധ്യത. എന്തൊക്കെയാണ് പ്രകാശ് കാരാട്ടിന്റെ പുതിയ വെളിപാടുകള്‍? ലോകത്ത് എല്ലാ രാജ്യങ്ങളിലെയും കമ്മ്യൂണിസത്തിന് തെറ്റ് പറ്റിയിരിക്കുന്നു. അത്കൊണ്ട് ഒരു രാജ്യത്തെയും കമ്മ്യൂണിസം മാതൃകയാക്കാന്‍ പറ്റില്ല. ആയതിനാല്‍ കമ്മ്യൂണിസത്തിന് ഇന്ത്യന്‍ പതിപ്പ് ഉണ്ടാക്കണം.  പിന്നെ, സോഷ്യലിസത്തിന്റെ കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതണം. 21ആം നൂറ്റാണ്ടിലെ സോഷ്യലിസം ഒരിക്കലും 20ആം നൂറ്റാണ്ടിലെ സോഷ്യലിസമാകാന്‍ കഴിയില്ല. മുതലാളിത്ത ഉടമസ്ഥതയ്ക്ക് പകരം സ്റ്റേറ്റിന്റെ ഉടമസ്ഥത എന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ തീരുമാനമെടുത്തത് തെറ്റെന്ന് വ്യക്തമായി. സാമൂഹിക ഉടമസ്ഥത എന്നതാകണം ഇതിനുള്ള പരിഹാരം. അതെങ്ങനെയെന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണം.

ഇതൊക്കെ തന്നെയല്ലേ സഖാവേ ഞങ്ങള്‍ പണ്ടുമുതലേ പറഞ്ഞുവരുന്നത്. ഇങ്ങനെയൊക്കെ പറയുന്നത്കൊണ്ടല്ലേ ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരായി ചാപ്പ കുത്തപ്പെട്ടത്.  കമ്മ്യൂണിസത്തിന്റെ ഇന്ത്യനൈസേഷന്‍ ചിന്തിക്കുന്നവര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ഉടമസ്ഥത സ്റ്റേറ്റിന്റെ കൈയ്യില്‍ ആകുന്നത് ഫലത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും പാര്‍ട്ടി ഭാ‍രവാഹികളും ആയ പുത്തന്‍ മുതലാളി വര്‍ഗ്ഗത്തെ സൃഷ്ടിക്കലാകുമെന്നും വിവരമുള്ളവര്‍ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. അന്നൊക്കെ ഇതൊന്നും തലയില്‍ കയറാതെ ഇപ്പോള്‍ പറയുന്നത്കൊണ്ട് എന്താണ് പ്രയോജനം? എങ്ങനെയാണ് കമ്മ്യൂണിസത്തിന് ഇന്ത്യന്‍ മാതൃക കണ്ടെത്തുക എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയുന്ന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ ഇപ്പോള്‍ ആരെങ്കിലും താങ്കളുടെ പാര്‍ട്ടിയിലുണ്ടോ? ഏതെങ്കിലും ഒരു പി.ബി.അംഗത്തിന് ഇതിനെ പറ്റി കമാ എന്നൊരക്ഷരം പറയാന്‍ പറ്റുമോ? വളരെ വൈകിപ്പോയി സഖാവേ. മൌലികമായി ചിന്തിക്കാന്‍ കഴിയുന്ന ഒരൊറ്റ സൈദ്ധാന്തികനും ഇപ്പോള്‍ താങ്കളുടെ പാ‍ര്‍ട്ടിയില്‍ ഇല്ല. അത്കൊണ്ട് മാര്‍സ്ക്സിസത്തിന്റെയോ കമ്മ്യൂണിസത്തിന്റെയോ ഇന്ത്യനൈസേഷന്‍ വെറുത പറയാമെന്നല്ലാതെ നടക്കാന്‍ പോകുന്നില്ല.

സോഷ്യലിസത്തിന് താങ്കള്‍ നിര്‍ദ്ദേശിക്കുന്ന തിരുത്തലും അതിനേക്കാളും അപ്രായോഗികമാണ്.  സ്റ്റേറ്റ് ഉടമസ്ഥത തെറ്റാണെന്ന് താങ്കള്‍ ഇപ്പോള്‍ കണ്ടെത്താന്‍ കാരണമെന്താണ്? അവശേഷിക്കുന്ന ചുരുക്കം കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും സ്റ്റേറ്റ് ഉടമസ്ഥത ക്രമേണ ഒഴിവാക്കിക്കൊണ്ടു വരുന്നത്കൊണ്ടല്ലേ.  സ്റ്റേറ്റ് ഉടമസ്ഥത എന്ന സമ്പ്രദായത്തില്‍ ആളുകള്‍ക്ക് ഉല്പാദനത്തില്‍ താല്പര്യം ഉണ്ടാവുകയില്ല എന്നും അങ്ങനെ, അധ്വാനത്തില്‍ നിന്ന് ആളുകള്‍ അന്യവല്‍ക്കരിക്കപ്പെട്ട് ഉല്പാദനമുരടിപ്പ് ഏര്‍പ്പെട്ട് സമൂഹത്തിന് മുന്നോട്ട് പോകാനാവാതെ സ്തംഭനം ഏര്‍പ്പെടുമെന്നും ചിന്തിക്കുന്നവര്‍ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ. അത് തന്നെയല്ലേ സംഭവിച്ചതും. ഇപ്പോള്‍ താങ്കള്‍ പറയുന്നു, അതൊക്കെ തെറ്റിപ്പോയി ഇനി സാമൂഹിക ഉടമസ്ഥതയെ പറ്റി ചര്‍ച്ച ചെയ്യണമെന്ന്. ആരൊക്കെ ചര്‍ച്ച ചെയ്യാന്‍? അത്രയും ധിഷണയുള്ളവര്‍ ആരാണ് താങ്കളുടെ പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉള്ളത്.  പാര്‍ട്ടിയുടെ സ്വത്ത് എന്ന് തോന്നും വിധം  സ്വകാര്യസ്വത്ത് സമ്പാദിച്ചുകൂട്ടുന്ന നേതാക്കള്‍ക്ക് എങ്ങനെയാണ് സാമൂഹിക ഉടമസ്ഥത എന്ന ആശയം തലയില്‍ കയറുക? സാമൂഹ്യ ഉടമസ്ഥതയുടെ പ്രാഥമിക രൂപമായി സഹകരണ ഉടമസ്ഥതയെ കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ സഹകരണ മേഖലയില്‍ നിന്ന് മാറി ട്രസ്റ്റുകള്‍ സംഘടിപ്പിച്ച് വ്യവസായ സംരഭങ്ങള്‍ നടത്തുകയല്ലേ താങ്കളുടെ പാര്‍ട്ടിയിലെ പി.ബി.അംഗങ്ങള്‍ പോലും? അവര്‍ക്ക് സാമൂഹിക ഉടമസ്ഥതയുടെ പ്രായോഗിക രൂപം ചിന്തിക്കാന്‍ പോലും സാധിക്കുമോ?  സാമൂഹിക ഉടമസ്ഥത എന്ന ആശയവും ഒരിക്കലും നടക്കില്ല സഖാവേ.

മൂന്നാം മുന്നണി എന്ന ഏര്‍പ്പാട് അവസാനിപ്പിച്ച് രാജ്യത്ത് കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ബദലായി ഇടത്പക്ഷ ജനാധിപത്യ സഖ്യം കെട്ടിപ്പടുക്കുക എന്നൊരു ആശയവും പ്രകാശ് കാരാട്ട് അവതരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ്സ് കൂടിയത്കൊണ്ട് തോന്നിയ ഒരു കിനാവാണത്.  ആ നിര്‍ദ്ദിഷ്ട സഖ്യത്തിന് ഇടത്പക്ഷം നേതൃത്വം നല്‍കുകയും വേണം പോലും. രാജ്യത്ത് എവിടെയാണ് ഇപ്പോള്‍ ഇടത്പക്ഷമുള്ളത്?  ഉള്ളതെല്ലാം കുറേശ്ശെ കോണ്‍ഗ്രസ്സും ബി.ജെ.പി.യും പിന്നെ പ്രാദേശിക പാര്‍ട്ടികളും.  പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിങ്ങളുടെ നേതൃത്വം വേണ്ടല്ലൊ.  എന്ത്കൊണ്ടാണ് ഇടത്പക്ഷങ്ങള്‍ക്ക് ഈ ഗതികേട് വന്നത്?  താങ്കള്‍ക്ക് ഇപ്പോള്‍ തെറ്റ് എന്ന് തോന്നിയില്ലേ, അതൊക്കെ മുന്‍പേ തോന്നാത്തത്കൊണ്ട്.  തെറ്റാണ് എന്ന് അന്നേ ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങളെ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ആക്കിയത്കൊണ്ട്. മനസ്സിലായോ? ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നാത്ത ഒരു തെറ്റ് എന്താണെന്ന് പറയട്ടേ?  ഈ ഇടത് പക്ഷ ജനാധിപത്യ സഖ്യവും ഇന്ത്യയില്‍ നടക്കുകയില്ല.  എന്നാല്‍ ഗുരുദാസ് ഗുപ്ത പറഞ്ഞ വിശാല ജനാധിപത്യ സഖ്യം നടക്കുമായിരുന്നു. താങ്കളുടെ പാര്‍ട്ടിയെ പേടിച്ച് ആ നിര്‍ദ്ദേശം സി.പി.ഐ. പുറത്തെടുത്തില്ല.

രാഷ്ട്രീയമായ അസ്തിത്വം വേണമെങ്കില്‍ നിങ്ങളുടെ മുന്നില്‍ ഉള്ള ഒരേയൊരു വഴി, വിശാല ജനാധിപത്യ സഖ്യം എന്നൊരു കാഴ്ചപ്പാട് സ്വീകരിച്ചിട്ട് ബി.ജെ.പി.യുടെയോ കോണ്‍ഗ്രസ്സിന്റെയോ മുന്നണിയില്‍ ചേരുക എന്നതാണ്. അവിടെ നേതൃത്വം വേണമെന്ന ദുര പുറത്ത് കാണിക്കുകയുമരുത്. ബി.ജെ.പി.യുടെ കൂടെ ചേരാന്‍ പ്രയാസമുണ്ടെങ്കില്‍ കോണ്‍ഗ്രസ്സിന്റെ കൂടെ ചേരുക.  ഇത് പറയുമ്പോള്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധന്റെ വിലാപമായി നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നില്ലേ?  എന്നാല്‍ ഒരു മൂന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സ് കൂടി കഴിയുമ്പോള്‍ ഞാന്‍ പറഞ്ഞതാണ് ശരി എന്നു നിങ്ങള്‍ക്ക് തോന്നും. അന്ന് വീണ്ടും കുറെ തെറ്റുകള്‍ ഏറ്റുപറയും. പക്ഷെ അപ്പോള്‍ തിരുത്താന്‍ പാര്‍ട്ടി ഉണ്ടായെന്ന് വരില്ല.  ലാല്‍ സലാം!

മൈദ ; സത്യവും മിഥ്യയും

മൈദയെക്കുറിച്ചുള്ള ആരോപണങ്ങളില്‍ ഒന്ന് അത് ഗോദമ്പില്‍ നിന്ന് ആട്ടയും മറ്റും ഉണ്ടാക്കി ബാക്കി വരുന്ന വേസ്റ്റ് അല്ലെങ്കില്‍ ചണ്ടിയാണ് എന്നതാണ്.  ഇതിന്റെ സത്യാവസ്ഥ ഒന്ന് പരിശോധിക്കാം.  ഗോദമ്പ് ഉള്‍പ്പെടെ ഏത് ധാന്യത്തിനും ഉമി എന്നു പറയുന്ന പുറംതൊലി മാറ്റിയാല്‍ മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. തവിട് എന്ന ആവരണം , പിന്നെ Germ എന്നു പറയുന്ന അതിന്റെ ബീജം പിന്നെ എന്‍ഡോസ്പേം എന്നു പറയുന്ന കേന്ദ്രഭാഗം.
ഇതില്‍ തവിടും Germ എന്നു പറയുന്ന ബീജവും ഒഴിവാക്കി ഗോദമ്പിന്റെ എന്‍ഡോസ്പേം എന്ന് പറയുന്ന കേന്ദ്രഭാഗം പൊടിച്ചുണ്ടാക്കുന്നതാണ് മൈദ.  ഒരു ഗോദമ്പ് മണിയുടെ 85 ശതമാനവും ഈ എന്‍ഡോസ്പേം ആണെന്ന് ഓര്‍ക്കണം. ഗോദമ്പ് മുഴുവനുമായി പൊടിക്കുന്നതാണ് ആട്ട. അതേ ഗോദമ്പില്‍ നിന്ന് 15 ശതമാനം വരുന്ന തവിടും മറ്റും നീക്കം ചെയ്ത് ബാക്കി 85ശതമാനമുള്ള മധ്യഭാഗം പൊടിച്ചെടുക്കുന്ന മൈദ എങ്ങനെയാണ് ചണ്ടി അല്ലെങ്കില്‍ വേസ്റ്റ് ആ‍വുക? അത്കൊണ്ട് മൈദ വേസ്റ്റ് ആണെന്ന വാദം ആദ്യം തന്നെ തള്ളിക്കളയേണ്ടതുണ്ട്.

പിന്നെ പറയുന്നത് മൈദയില്‍ പോഷകഘടകങ്ങള്‍ ഒന്നുമില്ല എന്നതാണ്.  എന്തെല്ലാമാണ് ഈ പോഷകഘടകങ്ങള്‍? നാം കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്ന് അഞ്ച് തരത്തിലുള്ള പോഷകഘടകങ്ങളാണ് നമുക്ക് ലഭിക്കേണ്ടത്.  കാര്‍ബോഹൈഡ്രേറ്റ് എന്നു പറയുന്ന അന്നജം, പ്രോട്ടീന്‍ എന്ന് പറയുന്ന മാംസ്യം, വൈറ്റമിന്‍‌സ് എന്ന് പറയുന്ന ജീവകങ്ങള്‍,  ഇരുമ്പ് - കാല്‍‌സ്യം പോലുള്ള ധാതുക്കളും ലവണങ്ങളും (മിനറല്‍‌സ്) , പിന്നെ ജലം. ഇതാണ് അഞ്ച് ഘടകങ്ങള്‍. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് എന്ന് പറയുന്ന അന്നജത്തില്‍ നിന്നാണ് നമുക്ക് പ്രവര്‍ത്തി ചെയ്യാനും ശ്വസിക്കാന്‍ പോലും ആവശ്യമുള്ള ഊര്‍ജ്ജം ലഭിക്കുന്നത്.  അത്കൊണ്ട് അന്നജമാണ് നമുക്ക് കൂടുതല്‍ അളവില്‍ വേണ്ടത്. ധാന്യത്തിന്റെ കേന്ദ്രത്തിലുള്ള എന്‍ഡോസ്പേമില്‍ ഉള്ളത് ഈ അന്നജമാണ്. സ്റ്റാര്‍ച്ച് എന്നാണ് പറയുക. അതായത് സ്റ്റാര്‍ച്ച് എന്നു പറയുന്ന അന്നജം അല്ല്ലെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ് നമുക്ക് പ്രധാനമായി ആവശ്യമുള്ള ഒരു പോഷകഘടകമാണ്.

ശരീരത്തില്‍ ഊര്‍ജ്ജം അനവരതം ഉല്പാദിപ്പിക്കപ്പെടേണ്ടതുണ്ട്. ഈ ഊര്‍ജ്ജം സ്റ്റാര്‍ച്ചില്‍ നിന്നാണ് ലഭിക്കുന്നത്. ഗോദമ്പില്‍ നിന്ന് തവിടും മറ്റും നീക്കം ചെയ്യുന്നത്കൊണ്ട് അതിലുള്ള ജീവകങ്ങള്‍ മുതലായ പോഷകഘടകങ്ങള്‍ നഷ്ടപ്പെടുന്നുണ്ട് എന്നത് നേരാണ്. പക്ഷെ നമ്മള്‍ വെറും മൈദ മാത്രം കഴിച്ചിട്ടല്ലല്ലൊ ജീവിയ്ക്കുന്നത്.  ആട്ട മാത്രം കഴിച്ചിട്ടും അല്ല. ധാന്യങ്ങളോടൊപ്പം പയര്‍ വര്‍ഗ്ഗങ്ങളും പച്ചക്കറികളും പഴങ്ങളും മറ്റ് പദാര്‍ത്ഥങ്ങളും ഒക്കെ നമ്മള്‍ കഴിക്കുന്നുണ്ടല്ലൊ. എല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളെയും ചേര്‍ത്താണ് സമീകൃതാഹാരം എന്ന് പറയുന്നത്. ഊര്‍ജ്ജദായനിയായ സ്റ്റാര്‍ച്ച് ആണ് മൈദ എന്നത്കൊണ്ട് അതില്‍ പോഷകഘടകം ഇല്ല എന്ന വാദം തെറ്റാണ്.  ഇങ്ങനെയാണെങ്കിലും മൈദയില്‍ മറ്റ് പോഷകഘടങ്ങള്‍ തീരെ ഇല്ല എന്നു പറഞ്ഞാലും ശരിയാവില്ല. ഒരു ധാ‍ന്യത്തില്‍ സ്റ്റാര്‍ച്ച് മാത്രം വേര്‍തിരിച്ചെടുത്ത് ഒരറയിലെന്ന പോലെ സൂക്ഷിക്കാന്‍ പറ്റില്ലല്ലൊ. കുറഞ്ഞ അളവില്‍ മറ്റ് പോഷകഘടങ്ങളും ഗോദമ്പിന്റെ കേന്ദ്രഭാഗമായ എന്‍ഡോസ്പേമില്‍ ഉണ്ട്.  സ്റ്റാര്‍ച്ചാണ് ധാന്യത്തില്‍ കൂടുതല്‍ ഉള്ളത് എന്നതിനാലും  അത് മധ്യഭാഗത്താണ് കേന്ദ്രീകരിച്ചത് എന്നത്കൊണ്ടും മൈദയില്‍ സ്റ്റാര്‍ച്ച് മാത്രമേയുള്ളൂ എന്നു പറയുന്നതാണ്.

മൈദയില്‍ ഫൈബര്‍ ഇല്ല അത്കൊണ്ട് ദോഷമാണ് എന്നാണ് മറ്റൊരു വാദം.  ഈ ഫൈബര്‍ എന്നു പറഞ്ഞാല്‍ അതും കാര്‍ബോഹൈഡ്രേറ്റ് ആണ്. സ്റ്റാര്‍ച്ചിന്റെ മറ്റൊരു വകഭേദം. സെല്ലുലോസ് എന്ന വസ്തുവിനെയാണ് ഫൈബര്‍ എന്നു പറയുന്നത്. സസ്യങ്ങളുടെ കോശഭിത്തി സെല്ലുലോസ് കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. നാരിന്റെ സ്വഭാവം കാണിക്കുന്നത്കൊണ്ട് ഫൈബര്‍ എന്നു പറയുന്നു എന്നേയുള്ളൂ.  തന്മാത്രഘടനയിലുള്ള വ്യത്യാസം കൊണ്ടാണ് സ്റ്റാര്‍ച്ച് ഫൈബര്‍ അഥവാ സെല്ലുലോസ് ആകുന്നത്. ഈ സെല്ലുലോസിനെ ദഹിപ്പിക്കാന്‍ മനുഷ്യന് കഴിയില്ല. അത്കൊണ്ട് ഫൈബര്‍ മനുഷ്യന് ഒരു പോഷകഘടകമായല്ല ഉപയോഗപ്പെടുന്നത്.  നമ്മള്‍ കഴിക്കുന്ന ഫൈബര്‍ ഒക്കെയും ദഹനപ്രക്രിയയ്ക്ക് വിധേയമാവാതെ അന്നനാളത്തിലൂടെ സഞ്ചരിച്ച് പുറത്തേക്ക് പോവുകയാണ് ചെയ്യുന്നത്. പക്ഷെ വന്‍‌കുടലില്‍ ജലാംശം നില്‍ക്കാനും  ദഹനാവശിഷ്ടത്തിന്റെ സഞ്ചാരം വേഗത്തിലാക്കാനും മലബന്ധം ഒഴിവാക്കാനും ഫൈബര്‍ സഹായിക്കുന്നുണ്ട്. പിന്നെ ചെറുകുടലില്‍ ദഹിക്കുന്ന ആഹാരത്തില്‍ നിന്ന്  ആന്ത്രകോശങ്ങളിലേക്ക് ഗ്ലൂക്കോസ് പതിയെ മാത്രം സ്വതന്ത്രമാക്കാനും ഫൈബറുകളുടെ സാന്നിധ്യം കാരണമാകുന്നുണ്ട്.

ദഹിക്കുക എന്ന് പറഞ്ഞാല്‍ നമ്മുടെ ചെറുകുടലില്‍ വെച്ച് എന്‍സൈമുകളുടെ സാന്നിദ്ധ്യത്തില്‍ ആഹാരപദാര്‍ത്ഥങ്ങളിലെ സങ്കീര്‍ണ്ണമായ തന്മാത്രകള്‍ വിഘടിച്ച് ലഘുതന്മാത്രകള്‍ ആവുക എന്നാണ് അര്‍ത്ഥം. ഉദാഹരണത്തിന് സ്റ്റാര്‍ച്ച് എന്ന് പറഞ്ഞാല്‍ അത് കൂറ്റന്‍ തന്മാത്രയാണ്. ചോറ് നമ്മള്‍ എത്ര ചവച്ചരച്ചാലും അത് സ്റ്റാര്‍ച്ചായിട്ടാണ് ചെറുകുടലില്‍ എത്തുന്നത്. ആ സ്റ്റാര്‍ച്ച് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടണമെങ്കില്‍ ഗ്ലൂക്കോസ് എന്ന ലഘുതന്മാത്രയായി വിഘടിക്കേണ്ടതുണ്ട്. അതേ പോലെ പ്രോട്ടീന്‍ എന്നു പറയുന്ന മാംസ്യം അമിനോ ആസിഡുകള്‍ എന്ന ലഘുതന്മാത്രകള്‍ ആയിട്ട് മാത്രമേ ചെറുകുടലില്‍ നിന്ന് ആഗിരണം ചെയ്യുകയുള്ളൂ. മൈദ ദഹിക്കുകയില്ല എന്നും പ്രചരിപ്പിക്കുന്നുണ്ട്. ഗോദമ്പ് മാവോ ആട്ടയോ കൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ ദഹിക്കുമെന്നും മൈദകൊണ്ട് ഉണ്ടാക്കുന്നത് ദഹിക്കുകയില്ല എന്നും പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. ചോറായാലും പറോട്ടയായാലും ചപ്പാത്തിയായാലും സ്റ്റാര്‍ച്ച് അല്ലെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ് ആയാണ് ചെറുകുടലില്‍ എത്തുന്നത്. അവിടെ വെച്ച് അന്നജത്തെ ദഹിപ്പിക്കുന്ന എന്‍സൈം അവയെ ഗ്ലൂക്കോസ് ആക്കി മാറ്റുന്നു. ദഹനവും ഒരു രാസപ്രവര്‍ത്തനമാണ് എന്ന് പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്.

എന്തായാലും  ഭക്ഷണത്തില്‍ ഫൈബര്‍ വേണം എന്നത് അത്യാവശ്യമാണ്.  മൈദയില്‍ ഇപ്പറഞ്ഞ ഫൈബര്‍ അല്ലെങ്കില്‍ സെല്ലുലോസ് ഇല്ല എന്നതും വസ്തുതയാണ്. പക്ഷെ നമ്മള്‍ വെറും മൈദ മാത്രം അല്ലല്ലൊ കഴിക്കുന്നത്. മാത്രമല്ല മുഴുവന്‍ ഗോദമ്പോ ആട്ടയോ കഴിച്ചാലും ആവശ്യമുള്ളത്രയും ഫൈബര്‍ കിട്ടില്ല. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും മറ്റും കഴിച്ചേ പറ്റൂ. അത്കൊണ്ട് മൈദയില്‍ ഫൈബര്‍ ഇല്ല എന്ന് വാദത്തില്‍ കഴമ്പില്ല.

പിന്നെ പറയുന്നത്, മൈദ പശയാണ് അത് കഴിച്ചാല്‍ നമ്മുടെ ആമാശയത്തിലും അന്നനാളത്തിലും ഒക്കെ ഒട്ടിപ്പിടിക്കും എന്നാണ്. ഒട്ടുക എന്നത് സ്റ്റാര്‍ച്ചിന്റെ ഒരു ഭൌതികഗുണമാണ്. അതിന്റെ തന്മാത്ര ഘടനയാണ് കാരണം. എപ്പോഴാണ് മൈദ ഒട്ടുക. അതില്‍ ചൂടുവെള്ളം ഒഴിച്ച് തിക്കായി പരുവപ്പെടുത്തിയാലാണ് ഒട്ടിപ്പിടിക്കുന്ന പശയായി ഉപയോഗിക്കാന്‍ പറ്റുക. ചോറും ഇങ്ങനെ പശയായി ഉപയോഗപ്പെടുത്താലോ. നമ്മള്‍ കടലാസ് ഒട്ടിക്കാന്‍ വറ്റ് ഉപയോഗിക്കാറില്ലേ? എന്ന് വെച്ച് ചോറ് കഴിച്ചാല്‍ അത് അന്നനാളത്തില്‍ എവിടെയെങ്കിലും ഒട്ടിപ്പിടിക്കുമോ? അതേ സമയം മൈദ കൊണ്ട് ഉണ്ടാക്കുന്ന പറോട്ടയോ റൊട്ടിയോ ബിസ്ക്കറ്റോ ചോറ് പോലെ പശയായി ഉപയോഗിക്കാന്‍ പറ്റില്ല എന്നും മനസ്സിലാക്കണം. മൈദ ചൂടുവെള്ളം കലക്കി കട്ടിയായി എടുത്ത് നമ്മുടെ അന്നനാളത്തില്‍ ആരെങ്കിലും തേച്ച് പിടിപ്പിച്ചാല്‍ ഒരു പക്ഷെ അതവിടെ ഒട്ടുമായിരിക്കും. അതല്ലാതെ മൈദ കൊണ്ട് ഉണ്ടാക്കുന്ന ഒരു പലഹാരവും കഴിച്ചാല്‍ എവിടെയും ഒട്ടിപ്പിടിക്കില്ല. മൈദയെ പശയായി മാത്രം കാണുന്നത്കൊണ്ട് തോന്നുന്നതാണത്.

എന്തിനാണ് ഗോദമ്പിലെ തവിടും  അതിലടങ്ങിയിട്ടുള്ള പോഷകഘടകങ്ങളും  എല്ലാം  മാറ്റി മൈദ ഉപയോഗിക്കുന്നത്, മുഴുവന്‍ ധാന്യവും പൊടിച്ച് ആട്ടയോ ഗോദമ്പ് മാ‍വ് തന്നെയോ ഉപയോഗിച്ചുകൂടേ എന്ന് ചോദിക്കാം. ചോദ്യം ന്യായമാണ് താനും.  എന്നാല്‍ ഗോതമ്പില്‍ നിന്ന് മൈദയുണ്ടാക്കുന്നത് പ്രധാനമായും സാംസ്കാരിക - രുചി ശീലങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നതാണ് അതിനുള്ള ഉത്തരം. മൈദ കൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ ഗോദമ്പ് മാവ് കൊണ്ട് ഉണ്ടാക്കാന്‍ പറ്റില്ല. ബേക്കറി ഉല്പന്നങ്ങള്‍ എല്ലാം മൈദ ഉപയോഗിച്ചിട്ടാണ് ഉണ്ടാക്കുന്നത്. നമ്മള്‍ സാധാരണ കഴിക്കുന്ന ബ്രഡ് അഥവാ റൊട്ടിയുടെ കാര്യം എടുക്കാം.  മൈദ കൊണ്ട് ഉണ്ടാക്കുന്ന വൈറ്റ് ബ്രഡ് ആണ് എല്ലാവര്‍ക്കും ഇഷ്ടം. ആട്ട കൊണ്ടു ഉണ്ടാക്കുന്ന ബ്രൌണ്‍ റൊട്ടിയുടെ രുചി പലര്‍ക്കും ഇഷ്ടമല്ല.  ബേക്കറിയില്‍ പോയാല്‍ വൈറ്റ് റൊട്ടി മാത്രമേ ആളുകള്‍ വാങ്ങുകയുള്ളൂ. ഗോദമ്പ് മാവ് കൊണ്ടോ ആട്ട കൊണ്ടോ ഉണ്ടാക്കാന്‍ കഴിയാത്ത പല പലഹാരങ്ങള്‍ മൈദ കൊണ്ട് ഉണ്ടാക്കാന്‍ കഴിയും. അത്കൊണ്ടാണ് മൈദയെ All purpose flour എന്നു പറയുന്നത്.

ഗോതമ്പിന്റെ അന്നജഭാഗം വേര്‍തിരിച്ച്, പൊടിച്ച് കുറെനാള്‍ സൂക്ഷിച്ചതിനുശേഷം റൊട്ടിയും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതായിരുന്നു ആദ്യകാലരീതി. മൈദയുടെ സ്വാഭാവിക നിറം ശുദ്ധവെളുപ്പ് അല്ല.  അത്പോലെ തന്നെ മൈദ ശുദ്ധ അന്നജവുമല്ല. അതില്‍ ചില പ്രോട്ടീനുകളും വര്‍ണ്ണകങ്ങളുമുണ്ട്. അത്കൊണ്ട് മൈദയുടെ സ്വാഭാവികനിറം മഞ്ഞ കലര്‍ന്നതാണ്.  ഗോദമ്പിലെ അന്നജഭാഗം വേര്‍തിരിച്ച് പൊടിച്ച് ആ മാവ് സൂക്ഷിച്ചിരുന്ന കാലത്ത് അതിന് സ്വാഭാവികമായ ഓക്സീകരണം സംഭവിക്കുകയും ഗ്ലൂട്ടനിന്‍ എന്ന പ്രോട്ടീനുകള്‍ തമ്മില്‍ ഡൈസള്‍ഫൈഡ് രാസബന്ധങ്ങള്‍ രൂപപ്പെടുകയും അങ്ങനെ മാവിനു ഒരു തരം പശിമ ലഭിക്കുകയും ചെയ്തിരുന്നു. കൂടാതെ മാവില്‍ ഉള്ള കരോട്ടിനോയ്ഡ് എന്ന   വര്‍ണകങ്ങള്‍ക്ക് (Carotenoid pigments) ഓക്സീകരണം സംഭവിച്ച് അവയുടെ സ്വാഭാവികമായ മഞ്ഞനിറം നഷ്ടപ്പെട്ട് വെള്ളനിറമായി മാറുകയും ചെയ്തിരുന്നു.

ഈ രാസമാറ്റങ്ങളെ വ്യാവസായികമായി ഉപയോഗിക്കാന്‍ പില്‍ക്കാലത്ത് വിവിധങ്ങളായ രാസവസ്തുക്കള്‍ ഉപയോഗിച്ച് മാവ് ബ്ലീച്ച് ചെയ്യാന്‍ തുടങ്ങി. ഇങ്ങനെ ബ്ലീച്ച് ചെയ്ത മാവാണ് മൈദയായി അറിയപ്പെടാന്‍ തുടങ്ങിയത്.  ഇങ്ങനെ ബ്ലീച്ച് ചെയ്യുന്നത് കൊണ്ടാണ് മൈദ കൊണ്ടുണ്ടാക്കുന്ന കേക്ക്, റൊട്ടി പോലുള്ള ബേക്കറി സാധനങ്ങള്‍ പതഞ്ഞ് വീര്‍ത്ത രൂപത്തില്‍ ഇരിക്കുന്നത്. അതായത് മൈദയെ വെളുപ്പിക്കാന്‍ വേണ്ടി മാത്രമല്ല ബ്ലീച്ച് ചെയ്യുന്നത്. മാവിനെ അതിമൃദുവായ പരുവത്തിലാക്കുക എന്നതാണു ബ്ലീച്ചിങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ബ്ലീച്ച് ചെയ്യുന്നത്കൊണ്ട് മാവ് പുളിപ്പിക്കുമ്പോള്‍ നല്ല പതുപതുത്ത് വീര്‍‌ത്തുവരും‌, മാത്രവുമല്ല പെട്ടെന്ന് സെറ്റ് ആകുകയും ചെയ്യും.‌ അങ്ങനെയാണ് ബ്രഡും കേക്കുകളും മറ്റും ഉണ്ടാക്കുന്നത്.

മൈദയില്‍ അലോക്സാന്‍ ( Alloxan) അടങ്ങിയിട്ടുണ്ട്, അത് പ്രമേഹം ഉണ്ടാക്കും എന്നാണ് മറ്റൊരു വാദം. മൈദ ബ്ലീച്ച് ചെയ്യുമ്പോള്‍ സ്വാഭാവികമായി അതില്‍ അല്പം അലോക്സാന്‍ ഉണ്ടാകാം എന്നത് നേരാണ്. എന്നാല്‍ ബ്ലീച്ച് ചെയ്യാനോ മൈദയ്ക്ക് മൃദുത്വം ലഭിക്കാനോ അലോക്സാന്‍ ചേര്‍ക്കുന്നില്ല എന്നതാണ് വസ്തുത. അതായത് ബ്ല്ലീച്ചിങ്ങിന്റെ ഒരു ഘട്ടത്തിലും അലോക്സാന്‍ ഉപയോഗിക്കുന്നില്ല. ഗോതമ്പ് മാവ് കുറെ നാള്‍ വെച്ചുകൊണ്ടിരുന്നാലും അന്തരീക്ഷവായുവിലെ ഓക്സിജനുമായുള്ള സമ്പര്‍ക്കത്തില്‍ മാവിലെ കരോട്ടിനോയ്ഡ് വര്‍ണകങ്ങള്‍ക്ക് ഓക്സീകരണം സംഭവിച്ച് അവയുടെ സ്വാഭാവികമായ മഞ്ഞനിറം നഷ്ടപ്പെട്ട് വെള്ളനിറമായി മാറും. അതായത് മാവ്‌ ബ്ലീച്ച് ചെയ്താല്‍ മാത്രമല്ല, ഏറെനാള്‍ സൂക്ഷിച്ചുവെച്ചാലും നേരിയ അളവില്‍ അലോക്സാന്‍ ഉണ്ടാകുമെന്നതാണു വസ്തുത. ധാന്യപ്പൊടികള്‍ക്ക് മൃദുത്വവും വെളുപ്പുനിറവും രുചിയും നല്‍കാനുള്ള കഴിവൊന്നും അലോക്സാനില്ല. അതുകൊണ്ടുതന്നെ, വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ധാന്യപ്പൊടികളിലെല്ലാം അലോക്സാന്‍ ചേര്‍ക്കുന്നു എന്ന പ്രചാരണവും വാസ്തവവിരുദ്ധമാണ്.

മെഡിക്കല്‍ ഗവേഷണങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നൊരു രാസപദാര്‍ത്ഥമാണ് അലോക്സാന്‍ (Alloxan). ഇത് ആഗ്നേയഗ്രന്ഥിയിലെ ഇന്‍‌സുലിന്‍ ഉല്പാദിപ്പിക്കുന്ന കോശങ്ങളെ കൊല്ലും എന്നതിനാല്‍ എലികളില്‍ ഡയബറ്റീസ് ഉണ്ടാക്കിയിട്ട് അവയില്‍ ഡയബറ്റീസ് മരുന്നുകള്‍ പരീക്ഷിക്കാനാണു അലോക്സാന്‍ മെഡിക്കല്‍ ഗവേഷണത്തില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ അലോക്സാന്‍ എലികളില്‍ അല്ലാതെ മനുഷ്യരില്‍ ഡയബറ്റീസ് ഉണ്ടാക്കുന്നില്ല.  ഗ്ലൂക്കോസിനോട് രൂപസാമ്യമുള്ള അലോക്സാന്‍ ശരീരത്തിലെത്തുമ്പോള്‍ എലികളിലെ ആഗ്നേയഗ്രന്ഥിയിലെ (Pancreas) ഇന്‍സുലിന്‍ ഉല്പാദക കോശങ്ങളില്‍ ഇത് കടക്കുന്നതും മനുഷ്യനില്‍ ഇത് കടക്കുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട് എന്നതാണു കാരണം.

അലോക്സാന്‍  രാസസ്ഥിരത ഇല്ലാത്ത  (Chemical stability) ഒരു വസ്തുവാണ്‌. ദ്രാവകരൂപത്തില്‍ ഒന്നര മിനിറ്റ് ആണതിന്റെ  അര്‍ദ്ധായുസ്സ്. അതായത് ദ്രാവകാവസ്ഥയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ സാധനം അലോക്സാനിക് ആസിഡ് ആയി വിഘടിച്ചുപോകുമെന്നര്‍ത്ഥം. അതായത് മൈദയിലുള്ള അലോക്സാന്‍ വെള്ളം തട്ടിയാല്‍ വേഗം തന്നെ അലോക്സാനിക് ആസിഡ് ആയി മാറുന്നു എന്നര്‍ത്ഥം. രാസപദാര്‍ത്ഥം എന്നു കേട്ടാല്‍ തന്നെ അതെന്തോ ഒരു ഭീകരസംഭവമാണെന്ന് ഇന്ന് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ശരീരത്തിലും നമ്മുടെ ചുറ്റുപാടും നടക്കുന്നത് അനവരതമായ രാസപ്രവര്‍ത്തങ്ങള്‍ തന്നെയാണ്. ആഹാരം ദഹിക്കുക എന്നതും ഒരു രാസപ്രവര്‍ത്തനമാണ്. ധാന്യങ്ങളിലെ സ്റ്റാര്‍ച്ച് ചെറുകുടലില്‍ വെച്ച് ദഹിച്ച് ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലര്‍ന്ന് എല്ലാ കോശങ്ങളിലുമെത്തി, പിന്നീട് കോശങ്ങളില്‍ വെച്ച് ആ ഗ്ലൂക്കോസ് വിഘടിച്ച് ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നതും രാസപ്രവര്‍ത്തനമല്ലാതെ മറ്റൊന്നല്ല.

പരീക്ഷണത്തിന്റെ ഭാഗമായി എലികളില്‍ അലോക്സാന്‍ കുത്തിവെച്ച് അവയ്ക്ക് കൃത്രിമമായി ഡയബറ്റീസ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അലോക്സാന്‍ എന്ന പദാര്‍ത്ഥം ഗ്ലൂക്കോസിനോട് സാമ്യമുള്ള പദാര്‍ത്ഥമാണെന്ന് പറഞ്ഞു. ഗോദമ്പ് മാവില്‍ തന്നെ കുറെ കഴിയുമ്പോള്‍ ആ മാവിലുള്ള കരോട്ടിനോയ്‌ഡ് വര്‍ണ്ണകങ്ങളും ഓക്സിജനുമായി സംയോജിച്ച് അലോക്സാന്‍ സ്വാഭാവികമായി ഉണ്ടാവുമെന്നും അപ്പോള്‍ മാവിന് വെളുപ്പ് നിറം ഉണ്ടാവുമെന്നും പറഞ്ഞല്ലൊ. മൈദ ബ്ലീച്ച് ചെയ്യാനുള്ള കണ്ടുപിടുത്തം പ്രകൃത്യാ നടക്കുന്ന ഈ പ്രതിഭാ‍സം കണ്ടിട്ടാണെന്നും പറഞ്ഞു. ബ്ലീച്ച് ചെയ്യുമ്പോള്‍ മൈദയില്‍ അലോക്സാന്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും അല്ലാതെ അലോക്സാന്‍ ചേര്‍ത്ത് ബ്ലീച്ച് ചെയ്യുന്നില്ല എന്നും പറഞ്ഞുകഴിഞ്ഞു. അലോക്സാന്‍  രാസസ്ഥിരത ഇല്ലാത്ത പദാര്‍ത്ഥമാണെന്നും ജലത്തിന്റെ സാന്നിദ്ധ്യത്തില്‍ അത് അലോക്സാനിക് ആസിഡായി വിഘടിച്ചുപോകും എന്നും പറഞ്ഞുവല്ലൊ. അങ്ങനെയാവുമ്പോള്‍ എലികള്‍ക്ക് അലോക്സാന്‍ കുത്തിവെച്ചിട്ട് ഡയബറ്റീസ് ഉണ്ടാകുന്ന പോലെ മൈദയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന അലോക്സാന്‍ ഭക്ഷണത്തില്‍ ഉണ്ടായാല്‍ ഒരു തരത്തിലും മനുഷ്യര്‍ക്ക് പ്രമേഹം ഉണ്ടാവുകയില്ല എന്ന് ഇനിയും വിശദീകരിക്കേണ്ടല്ലൊ.

മൈദ ബ്ലീച്ച് ചെയ്യാന്‍ പ്രധാനമായി ഉപയോഗിക്കുന്നത് ബെന്‍സോയ്‌ല്‍ പെറോക്സൈഡ് (Benzoyl peroxide) ആണ്. എന്ത്കൊണ്ടാണ് ബ്ലീച്ച് ചെയ്യാന്‍ ബെന്‍സോയ്‌ല്‍ പെറോക്സൈഡ് ഉപയോഗിക്കുന്നത്. ഗോദമ്പ് മാവ് കുറെക്കാലം വെച്ചുകൊണ്ടിരുന്നാല്‍ അതില്‍ ഉള്ള കരോട്ടിനോയ്ഡ് വര്‍ണകങ്ങള്‍ക്ക് ഓക്സീകരണം സംഭവിച്ച് ക്രമേണ മാവ് വെള്ളനിറം ആവുമെന്ന് നേരത്തെ പറഞ്ഞല്ല്ലൊ. ബെന്‍സോയ്‌ല്‍ പെറോക്സൈഡ് കൊണ്ട് വ്യാവസായികാടിസ്ഥാനത്തില്‍ ബ്ലീച്ച് ചെയ്യുമ്പോഴും സംഭവിക്കുന്നത് മൈദയില്‍ ഉള്ള കരോട്ടിനോയ്ഡ് വര്‍ണ്ണകങ്ങള്‍ക്ക് ഓക്സീകരണം സംഭവിച്ച് വെളുപ്പ് നിറം കൈവരുന്നു എന്നതാണ്.  മൈദ കൊണ്ട് ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുമ്പോള്‍  അതില്‍  കലര്‍ന്നിട്ടുള്ള ബെന്‍സോയ്‌ല്‍ പെറോക്സൈഡ്  ബെന്‍സോയ്ക് ആസിഡായി (Benzoic acid) മാറുന്നു. ഈ പറയുന്ന ബെന്‍സോയ്ക് ആസിഡ് മിക്ക ഭക്ഷണപദാര്‍ത്ഥങ്ങളിലും പ്രിസര്‍വേറ്റീവായി( Preservative) സാധാരണയായി ഉപയോഗിക്കുന്നതാണ്.  ആഹാരത്തില്‍ കൂടി നമ്മുടെ വയറില്‍ എത്തുന്ന ബെന്‍സോയ്‌ക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ആസിഡ് എന്നു കേള്‍ക്കുമ്പോള്‍ ഭയപ്പെടേണ്ടതില്ല. നമ്മള്‍ കഴിക്കുന്ന നാരങ്ങയില്‍ സിട്രിക്ക് ആസിഡും ബെറി പഴങ്ങളില്‍ ബെന്‍സോയ്‌ക് ആസിഡും വാളന്‍ പുളിയില്‍ ടാര്‍ടാറിക് ആസിഡുമുണ്ട്. പൊതുവെ പുളിപ്പ് രസമുള്ളത് എല്ലാം ആസിഡാണ്.

ബെന്‍സോയ്‌ല്‍ പെറോക്സൈഡ് ക്യാന്‍സറിന് കാരണമാകുമെന്ന് ഈ രംഗത്ത് ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര ഏജന്‍സികള്‍ പറഞ്ഞിട്ടില്ല.  യു,എസ്സ്.ഏ. , ക്യാനഡ , ആസ്ത്രേലിയ, ചൈന , ന്യൂസ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബ്ലീച്ച് ചെയ്യാന്‍ ബെന്‍സോയ്‌ല്‍ പെറോക്സൈഡ് ഉപയോഗിക്കുന്നുണ്ട്.  ഉപയോഗിക്കുന്ന അളവിന് ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട് എന്ന് മാത്രം.  എന്തിനെയും ദോഷൈക ദൃക്കോടെ വീക്ഷിക്കുന്നവര്‍ക്ക് നമ്മുടെ രാജ്യത്ത് മൈദ ബ്ലീച്ച് ചെയ്യാന്‍ കണ്ടമാനം ബെന്‍സോയ്‌ല്‍ പെറോക്സൈഡ് ഉപയോഗിക്കുന്നുണ്ട് എന്ന് വെറുതെ അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയും എന്ന് മാത്രം.  കമ്പനികള്‍ ആളുകളെ കൊല്ലാന്‍ വേണ്ടിയാണ് പ്രോഡക്റ്റുകള്‍ ഉണ്ടാക്കുന്നത് എന്ന മട്ടിലാണ് ചിലര്‍ വാദിക്കുന്നതും പ്രചരിപ്പിക്കുന്നതും. ചുരുക്കത്തില്‍ മൈദയോ അത്കൊണ്ട് ഉണ്ടാക്കുന്ന പറോട്ട, ബിസ്ക്കറ്റ്, ബ്രഡ്, കേക്ക് മുതലായ ഒന്നും തന്നെ ചിലര്‍ പ്രചരിപ്പിക്കുന്ന പോലെ വിഷമോ ആരോഗ്യത്തിന് ഹാനികരമോ അല്ല എന്നാണ് എന്റെ വാദം. 

മൈദ വിഷമല്ല , അന്നജമാണ് അന്നജം !

പ്രകൃതിചികിത്സക്കാര്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ നല്ല മാര്‍ക്കറ്റും പ്രചാരണവും ലഭിച്ചു വരുന്നതായാണ് കാണുന്നത്.  കുറേയായി അവര്‍ ഈ മണ്ണില്‍ വേരു പിടിപ്പിക്കാന്‍ അശ്രാന്തപരിശ്രമം നടത്തുകയായിരുന്നു. ഇപ്പോള്‍ ചാനലുകളും യൂട്യൂബ് പോലുള്ള സോഷ്യല്‍ കമ്മ്യൂണിറ്റികളും അവരുടെ സഹായത്തിനുണ്ട്. കുറെ മുന്‍പ് പെട്ടെന്ന് മെലിഞ്ഞ് ശോഷിച്ച ചിലരെ നാട്ടിന്‍‌പുറങ്ങളിലും നഗരങ്ങളിലും ഒക്കെ കാണാമായിരുന്നു. കാരണം എന്തെന്ന് തിരക്കേണ്ടിയില്ലായിരുന്നു. അവരൊക്കെ പ്രകൃതിചികിത്സാക്യാമ്പുകളില്‍ പങ്കെടുത്തവരായിരുന്നു. നേരാംവണ്ണം ഒന്നും കഴിക്കാന്‍ പ്രകൃതിചികിത്സാപ്രചാരകര്‍ അവരെ അനുവദിച്ചിരുന്നില്ല.  പച്ചവെള്ളം തിളപ്പിക്കാന്‍ പാടില്ല. തിളപ്പിച്ചാല്‍ വെള്ളത്തിന്റെ ജീവന്‍ നഷ്ടപ്പെടുമത്രെ. പയറും ധാന്യവും ഒരുമിച്ച് കഴിച്ചാല്‍ വിഷമാണത്രെ. ഉദാഹരണത്തിന് ഇഡ്ഡലിയോ ദോശയോ കഴിക്കരുത്. ഇവ രണ്ടും, ഉഴുന്നുപരിപ്പും അരിയും ഒരുമിച്ച് അരച്ചു പുളിക്കാന്‍ വെച്ചു ഉണ്ടാക്കുന്നതാണല്ലൊ. നാം കഴിക്കുന്ന ഭക്ഷണം വിഷമായി ശരീരത്തില്‍ കുമിഞ്ഞുകൂടി പെട്ടെന്ന് വെടിക്കുന്നതാണ് രോഗം എന്നതാണ് പ്രകൃതിചികിത്സയുടെ അടിസ്ഥാനം. ഭയം കൂടാതെ കഴിക്കാവുന്നത് പഴവും പച്ചവെള്ളവും മാത്രം. ഇങ്ങനെ പഴവും പച്ചവെള്ളവും മാത്രം കഴിച്ചവരാണ് ഞാന്‍ മുകളില്‍ പറഞ്ഞ മെലിഞ്ഞ് ശോഷിച്ചവര്‍.  എന്നാല്‍ രണ്ടാഴ്ച പ്രകൃതിജീവനം ജീവിച്ച എല്ലാവരും പിന്നീട് സ്വാഭാവികജീവിതത്തിലേക്ക് ഭയം ഉപേക്ഷിച്ച് മടങ്ങി. പിന്നീട് പ്രകൃതി ചികിത്സക്കാരെ പറ്റി അധികം കേട്ടിട്ടില്ല. ഇതിനിടയില്‍ പ്രകൃതിചികിത്സയില്‍ ഡോക്റ്റര്‍ ബിരുദം ചില യൂനിവേഴ്സിറ്റികളില്‍ ആരംഭിച്ചു. കേരളത്തില്‍ ഉണ്ടോ എന്നറിയില്ല. മംഗലാപുരത്ത് പോയി പലരും ഇപ്പോള്‍ നാച്വറോപ്പതിയില്‍ ബിരുദം എടുക്കുന്നുണ്ട്. ആയുഷ് എന്ന കേന്ദ്രപദ്ധതിപ്രകാരം ആശുപത്രികളില്‍ ഇപ്പോള്‍ നാച്വറോപ്പതി ഡോക്ടറും വേണം.

മൈദ വിഷമാണ് എന്ന പ്രചാരണവും പ്രക്ഷോഭവുമായാണ് പ്രകൃതിജീവനക്കാര്‍ ഇപ്പോള്‍ കേരളത്തില്‍ അവരുടെ രണ്ടാം വരവ് ആഘോഷിക്കുന്നത്. എന്തായാലും  മൈദവിരുദ്ധ പ്രചാരണം ക്ലച്ച് പിടിച്ച മട്ടാണ്. ഗൂഗിളില്‍ മൈദ വിരുദ്ധ ലിങ്കുകള്‍ വന്നു നിറഞ്ഞു. ഓണ്‍‌ലൈനുകളിലും മൈദ വിരുദ്ധ തരംഗം.  മൈദ എന്നാല്‍ വിഷം തന്നെ എന്ന് ഓണ്‍‌ലൈന്‍ പുരോഗമനക്കാരും മനുഷ്യസ്നേഹികളും ഒരുപോലെ ആണയിടുന്നു. മൈദയെ അനുകൂലിച്ച് എഴുതിയാല്‍ ഇന്നത്തെ നിലയില്‍ ആളുകളുടെ ശത്രുത ചോദിച്ചു വാങ്ങുന്ന പോലെയാണ്. എന്താണ് മൈദയുടെ ദോഷം?  ഇന്നയിന്ന കാരണത്താല്‍ മൈദ വിഷമാണ് എന്ന് മൈദവിരുദ്ധ പ്രകൃതി ജീവനക്കാര്‍ ലഘുലേഖ ഇറക്കിയിട്ടുണ്ട്. ആ ലഘുലേഖയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന് സമര്‍ത്ഥിച്ചുകൊണ്ട് ഡോ.സൂരജും മറ്റ് രണ്ട് പേരും ചേര്‍ന്ന് തയ്യാറാക്കിയ ലേഖനം സൂരജ് തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് ഇവിടെ നിന്ന് വായിക്കാം.

മൈദയെ പറ്റി പ്രധാനമായും രണ്ട് ആരോപണങ്ങളാണ് ഉള്ളത്. ഒന്ന് മൈദയില്‍ പോഷകഘടകങ്ങള്‍ ഒന്നും ഇല്ല എന്നത്. മറ്റൊന്ന് മൈദ വെളുത്ത നിറത്തിലുള്ള മാവ് ആക്കിമാറ്റാന്‍  ബ്ലീച്ച് ചെയ്യുമ്പോള്‍ അലോക്സാന്‍ എന്ന പദാര്‍ത്ഥം ചേര്‍ക്കുന്നു എന്നതാണ്. ഇതില്‍ അലോക്സാന്‍ അനുവദനീയമായ അളവില്‍ ചേര്‍ത്താല്‍ ഒരു ദോഷവും ഇല്ല എന്ന് സൂരജ് വിശദീകരിച്ചത്കൊണ്ട് ഞാന്‍ ആ ഭാഗത്തേക്ക് കടക്കുന്നില്ല. എന്നാല്‍ മൈദയില്‍ പോഷകഘടകം ഒന്നും ഇല്ല എന്ന് പറയുന്നത് എന്താണ് പോഷണം എന്ന് മനസ്സിലാക്കാത്തത്കൊണ്ടാണ്.  മനസ്സിലാക്കാത്തത് എന്ന് പറയുമ്പോള്‍ എട്ടാം ക്ലാസ്സിലെ ജീവശാസ്ത്ര പുസ്തകത്തില്‍ ഇതൊക്കെയുണ്ട്. പത്താം ക്ലാ‍സില്‍ പഠിക്കുമ്പോഴേക്കും എന്താണ് നമ്മുടെ ശരീരം, അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊക്കെ ഒരു സാമാന്യവിവരം കിട്ടും. എന്നാല്‍ പാഠപുസ്തകങ്ങളിലെ വിഷയങ്ങള്‍ പരീക്ഷ എഴുതാന്‍ വേണ്ടി മാത്രമാണ്. അതൊന്നും നമ്മുടെ ജീവിതവുമായി ബന്ധമില്ല എന്നാണ് ഇപ്പോഴത്തെ പൊതുധാരണ. മാത്രമല്ല അത്തരം ശാസ്ത്രവിഷയങ്ങളെ തീര്‍ത്തും നിഷേധിക്കുന്നതാണ് പ്രകൃതിജീവനക്കാരുടെ സിദ്ധാന്തവും.

എന്താണ് പോഷണം? അഥവാ എന്തൊക്കെയാണ് പോഷകഘടകങ്ങള്‍? നമ്മുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും ആവശ്യമായ അഞ്ച് തരം പോഷകഘടകങ്ങളാണ് ഉള്ളത്.  അന്നജം, മാംസ്യം, ജീവകങ്ങള്‍, ധാതുലവണങ്ങള്‍, ജലം എന്നിങ്ങനെ അഞ്ച് ഘടകങ്ങളാണ് നമുക്ക് ആഹാരത്തില്‍ നിന്ന് കിട്ടേണ്ടത്. അത്കൊണ്ടാണ് വൈവിധ്യമാര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നാം ആഹരിക്കേണ്ടി വരുന്നത്. എല്ലാം തികയുന്ന ആഹാരത്തെ നാം സമ്പൂര്‍ണ്ണാഹാരം എന്നു പറയുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ മാത്രം കഴിച്ചാല്‍ പോര എന്ന് സാരം. ഈ അഞ്ച് ഘടകങ്ങളില്‍ ഏറ്റവും പ്രധാനം അന്നജമാണ്. എന്തെന്നാല്‍ അന്നജം കിട്ടിയില്ലെങ്കില്‍ മറ്റ് നാലും കിട്ടിയിട്ട് കാര്യമില്ല. നമ്മുടെ ശരീരത്തില്‍ അനവരതം ഊര്‍ജ്ജോല്പാ‍ദനം നടക്കേണ്ടതുണ്ട്. നാം കഴിക്കുന്ന ആഹാരങ്ങളിലെ അന്നജമാണ് നമുക്ക് ഊര്‍ജ്ജം തരുന്നത്. അന്നജം ഏറ്റവും കൂടുതല്‍ ഉള്ളത് ധാന്യങ്ങളിലാണ്. അത്കൊണ്ടാണ് ധാന്യങ്ങള്‍ നമ്മുടെ മുഖ്യാഹാരമാകുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭക്ഷിക്കുന്ന ധാ‍ന്യം ഗോദമ്പാണ്.

പൊതുവെ ധാന്യങ്ങളുടെ പുറം പാളികളിലാണ് മാംസ്യം, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ ഉണ്ടാവുക. അന്നജം ധാന്യങ്ങളുടെ ന്യൂക്ലിയസ്സില്‍ അല്ല്ലെങ്കില്‍ കേന്ദ്രഭാഗത്തായിരിക്കും ഉണ്ടാവുക. അരിയുടെ തവിടിലാണ് ഇപ്പറഞ്ഞ പോഷകഘടകങ്ങള്‍ ഉള്ളത്. അതൊക്കെ കളഞ്ഞ് പോളീഷ് ചെയ്ത അരിയുടെ അന്നജം മാത്രമുള്ള ഭാഗമാണ് നാം ചോറിനായി ഉപയോഗിക്കുന്നത്. അരി പോളീഷ് ചെയ്ത് വെളുപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. നാം അങ്ങനെ ശീലിച്ചുപോയി എന്നു മാത്രം. പക്ഷെ നാം ചോറ് മാത്രമല്ലല്ലൊ കഴിക്കുന്നത്. അത്കൊണ്ട് നമുക്ക് പോഷകദാരിദ്ര്യം നേരിടുന്നില്ല. അത്പോലെ തന്നെയാണ് മൈദയും. നെല്ലിനെക്കാളും പോഷകഗുണം ഉള്ള ധാന്യമാണ് ഗോദമ്പ്. ഗോദമ്പ് നമുക്ക് അതിന്റെ ഉമിയോടുകൂടി ആഹരിക്കാന്‍ പറ്റും എന്നതാണ് അതിന്റേ സവിശേഷത. മൈദ എന്നു പറയുന്നത് ഗോദമ്പിന്റെ പുറം പാളികള്‍ നീക്കം ചെയ്ത് മധ്യഭാഗം മാത്രം  പൊടിച്ച് മാവ് ആക്കുന്നതാണ്. അതായത് മൈദയില്‍ അന്നജം മാത്രമാണ് ഉള്ളത് എന്നു സാരം.  അന്നജം എന്നത് നമുക്ക് ഏറ്റവും പ്രധാനപ്പെട്ട പോഷകഘടകമാണെന്നിരിക്കെ, മൈദ എന്നാല്‍ വെറും അന്നജം അഥവാ സ്റ്റാര്‍ച്ച് ആണെന്നിരിക്കെ, മൈദയ്ക്ക് യാതൊരു പോഷകഗുണവുമില്ല എന്ന വാദം എത്ര മഹാപാപമാണെന്ന് നോക്കൂ. പോഷകഗുണം എന്നാല്‍ വെറും വിറ്റാമിനും പ്രോട്ടീനും മാത്രമാണ് എന്ന മിഥ്യാധാരണയും ഈ വാദത്തിന് പിന്നില്‍ ഉണ്ട്. ചോറില്‍ ഒരു പോഷകവുമില്ല എന്ന് ചിലര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ശ്വാസം കഴിക്കാന്‍ പോലും അന്നജം കൂടിയേ തീരൂ എന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല. 

മൈദ പ്രമേഹം ഉണ്ടാക്കും എന്നാണ് മറ്റൊരു കള്ള പ്രചാരണം. എന്താണ് പ്രമേഹം? വിസ്തരിക്കാന്‍ കഴിയില്ല. ചുരുക്കി പറയാം.  ആഹാരത്തിലെ പ്രധാനഘടകം, ഓര്‍ക്കുക ചോറിലും പറോട്ടയിലും ചപ്പാത്തിയിലും ഒക്കെ ഉള്ള അന്നജം ചെറുകുടലില്‍ വെച്ച് എന്‍സൈമുകളുടെ സാന്നിധ്യത്തില്‍ ദഹിച്ച് അതായത് വിഘടിച്ച് ഗ്ലൂക്കോസ് തന്മാത്രകളായി രക്തത്തില്‍ പ്രവേശിക്കുന്നു.  ഇങ്ങനെ ഗ്ലൂക്കോസ് രക്തത്തില്‍ പ്രവേശിക്കുമ്പോള്‍, രക്തത്തില്‍ ഇത്ര അളവ് ഗ്ലൂക്കോസ് മാത്രമേ പാടുള്ളൂ എന്ന് ഒരു കണക്കുണ്ട്. പ്രകൃതി നിശ്ചയിച്ചതാണ്,ഞാനല്ല.  അധികം വന്നുചേരുന്ന ഗ്ലൂക്കോസ് , രക്തത്തില്‍ വെച്ച് ഗ്ലൈക്കോജന്‍ എന്ന തന്മാത്രയായി മാറ്റപ്പെട്ട് കരളില്‍ ശേഖരിക്കപ്പെടുന്നു. ഇപ്രകാരം ഗ്ലൂക്കോസ് ഗ്ലൈക്കോജന്‍ ആയി മാറണമെങ്കില്‍ പാന്‍‌ക്രിയാസ് ഗ്രന്ഥി ഇന്‍സുലിന്‍ എന്ന എന്‍സൈം രക്തത്തിലേക്ക് നേരിട്ട് സ്രവിക്കണം. രക്തത്തിലേക്ക് നേരിട്ട് സ്രവിക്കുന്ന എന്‍സൈമുകളെയാണ് ഹോര്‍മോണ്‍ എന്നു പറയുക. ഇങ്ങനെ പാന്‍‌ക്രിയാസ് ഗ്രന്ഥിക്ക് ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കാനുള്ള ശേഷിക്കുറവ് ആണ് പ്രമേഹം എന്ന അവസ്ഥ. അപ്പോള്‍ രക്തത്തില്‍ അധികമായി എത്തുന്ന ഗ്ലൂക്കോസ് , ഗ്ലൈക്കോജന്‍ ആയി മാറ്റപ്പെടാതെ മൂത്രത്തിലൂടെ പുറം‌തള്ളപ്പെടുന്നു. ഓര്‍ക്കുക മൂത്രത്തിലൂടെ പോകുന്നത് ഗ്ലൂക്കോസാണ്, പഞ്ചസാരയല്ല.


ഇപ്പോള്‍ പറയൂ, മൈദ മാത്രം എങ്ങനെ പ്രമേഹം ഉണ്ടാക്കും? ശരീരത്തെ സംബന്ധിച്ച് അന്നജത്തില്‍ നിന്ന് രൂപാന്തരം ചെയ്യപ്പെട്ട ഗ്ലൂക്കോസ് മാത്രമാണ് സ്വീകരിക്കുന്നത്. ധാന്യങ്ങള്‍ , കിഴങ്ങുകള്‍ , പഴങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ഗ്ലൂക്കോസ് ശരീരം സ്വീകരിക്കുന്നു. അന്നജം ഗ്ലൂക്കോസായും , ഗ്ലൂക്കോസ് ഊര്‍ജ്ജമായും മാറുന്നു എന്നു പറഞ്ഞു. ഊര്‍ജ്ജത്തെ കലോറി അളവിലാണ് നാം കണക്ക് കൂട്ടുന്നത്. മദ്യം പതിവായി കഴിക്കുന്ന ഒരാള്‍ക്ക് കൂടുതല്‍ കലോറി ലഭിക്കുന്നത് മദ്യത്തില്‍ നിന്നാണ്. എന്നിട്ടാണ് കേരളത്തില്‍ പ്രമേഹം വര്‍ധിക്കാന്‍ കാരണം മൈദയാണെന്ന് പറയുന്നത്.  മദ്യത്തിന് നാട്ടില്‍ എന്തൊരു മാന്യതയാണ്!  മദ്യം മനുഷ്യന് ദോഷമേ ചെയ്യുന്നുള്ളൂ. മൈദയാകട്ടെ ദോഷം ഒന്നും ഉണ്ടാക്കുന്നുമില്ല. പിന്നെ, അധികമായാല്‍ അമൃതും വിഷം എന്നുമുണ്ട്.

പ്രമേഹത്തെ പറ്റി പരാമര്‍ശിച്ചത് കൊണ്ട് , ആ രോഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഒരു അന്ധവിശ്വാസത്തെ പറ്റിയും പറയാ‍തിരിക്കാന്‍ തരമില്ല. പ്രമേഹം ഉണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ പിന്നെ ആളുകള്‍ വിത്തൌട്ട് ചായ മാത്രമേ കുടിക്കൂ.  ചാ‍യയില്‍ പഞ്ചസാര കലര്‍ത്തിയാല്‍ എന്താണ് പ്രശ്നം? മൂത്രത്തിലൂടെ പഞ്ചസാര അഥവാ ഷുഗര്‍ പോകുന്നു എന്നു പറയുന്നത്കൊണ്ടാണ് ഇങ്ങനെയൊരു അന്ധവിശ്വാസം പരന്നത്.  പഞ്ചസാര അഥവാ ഷുഗര്‍ എന്നത് പൊതുവായ ഒരു പേരാണ്. പ്രത്യേകിച്ച് ഒരു പദാര്‍ത്ഥത്തെയല്ല ആ പേരു സൂചിപ്പിക്കുന്നത്. ചോറും പറോട്ടയും നേന്ത്രപ്പഴവും എല്ലാം അന്നജമാണെന്ന് പറയുന്ന പോലെ ചായയില്‍ ഇടുന്ന പഞ്ചസാര സൂക്രോസ് എന്ന പദാര്‍ത്ഥമാണ്.  സൂക്രോസും അന്നജം പോലെ തന്നെ ഗ്ലൂക്കോസ് ആയി മാറിയതിന് ശേഷം മാത്രമേ രക്തത്തിലേക്ക് പ്രവേശിക്കൂ. അപ്പോള്‍ ഒരു സ്പൂണ്‍ പഞ്ചസാര അഥവാ സൂക്രോസ് ഒഴിവാക്കുന്നതിലെ യുക്തി എന്താണ്?  പ്രമേഹം പാരമ്പര്യമായോ ജീവിതശൈലി കൊണ്ടോ ഉണ്ടാകുന്ന രോഗമാണ്.


വിസ്താര ഭയത്താല്‍ ഈ പോസ്റ്റ് ഇവിടെ ഉപസംഹരിക്കുന്നു!

*(ചിത്രങ്ങള്‍ നെറ്റില്‍ നിന്ന്. ഉടമസ്ഥരോട് കടപ്പാട്)

ആര്‍. ശെല്‍‌വരാജിനും ചിലത് പറയാനുണ്ട്...

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വഞ്ചകലിസ്റ്റില്‍ ഒരാള്‍ കൂടി ചേര്‍ന്നിരിക്കുന്നു. നെയ്യാറ്റിന്‍‌കരയില്‍ നിന്ന് എം.എല്‍.ഏ. സ്ഥാനം രാജിവെച്ച ആര്‍.ശെല്‍‌വരാജ് ആണത്.  പണം വാങ്ങി പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തി എന്ന് പറഞ്ഞാണ് മാര്‍ക്സിസ്റ്റുകാര്‍ ഈ രാജിയെ പ്രതിരോധിക്കാന്‍ പാട് പെടുന്നത്. വളരെ ദുര്‍ബ്ബലമായ ഒരു പ്രതിരോധമാണിത് എന്ന് മാര്‍ക്സിസ്റ്റുകാര്‍ക്ക് തന്നെ അറിയാം. എന്നാല്‍ പിടിച്ചുനില്‍ക്കാന്‍ എന്തെങ്കിലും വേണ്ടേ. അത്കൊണ്ട് നട്ടാല്‍ കുരുക്കാത്ത നുണകളുമായി ഇറങ്ങിയിരിക്കുകയാണ് സി.പി.എം. നേതൃത്വം. ആ വെപ്രാളത്തിനിടയിലാണ് അമിതാവേശത്തില്‍ അച്യുതാനന്ദന്‍ സഖാവിന്റെ വായയില്‍ നിന്ന് അഭിസാരിക പ്രയോഗം തെറിച്ചുവീണത്.  എന്തിനെയും ഞഞ്ഞാമിഞ്ഞ പറഞ്ഞ് ന്യായീകരിക്കുന്ന ശീലം കൊണ്ടാണ് ഇങ്ങനെയൊക്കെ പറഞ്ഞുപോകുന്നത്. എന്നാല്‍ ആ പറച്ചിലുകളൊക്കെ സാംസ്കാരിക കേരളത്തിന്റെ മുഖത്ത് നോക്കിയുള്ള കൊഞ്ഞനം കുത്തലുകളാണ്. പൊതുവെ മാര്‍ക്സിസ്റ്റ് നേതാക്കളുടെ വായയില്‍ നിന്നാണ് ഇമ്മാതിരി പ്രയോഗങ്ങള്‍ ഉണ്ടാകാറുള്ളത് എന്ന് എല്ലാവര്‍ക്കും അറിയാം.

ശെല്‍‌വരാജിന്റെ രാജി അനിവാര്യമായ ഒരു നടപടി ആയിരുന്നു. മാത്രമല്ല, അനേകം പേര്‍ ആ പാര്‍ട്ടിയില്‍ നിന്ന് ഇത് പോലെ ഇനിയും രാജി വെച്ചു പുറത്ത് വരാനുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വ്യക്തമായ ഒരു ജനപക്ഷരാഷ്ട്രീയമുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുകയും ആ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കാന്‍ വിസമ്മതിക്കുകയും പ്രലോഭനങ്ങള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്ന സഖാക്കളായിരിക്കും ഇങ്ങനെ പുറത്ത് വരിക. അങ്ങനെ ഓരോരുത്തരായി പോകുമ്പോള്‍ അവരൊക്കെ വഞ്ചകരായി ചിത്രീകരിക്കപ്പെടുകയും ചെയ്യും. അതേ സമയം യഥാര്‍ത്ഥ വഞ്ചകര്‍ മാത്രം പാര്‍ട്ടിയില്‍ അവശേഷിക്കുകയും ചെയ്യും എന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്.  രാഷ്ട്രീയപ്രവര്‍ത്തനം എന്നത് പണം സ്വരൂപിക്കാനുള്ള കുറുക്കുവഴിയാക്കി മാറ്റി എന്നതാണ് മാര്‍ക്സിസ്റ്റ് നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന. ഒരു തരം രാഷ്ട്രീയ വ്യഭിചാരമാണിത്.  ഒരു പാര്‍ട്ടിയില്‍ പെട്ടവര്‍ അഴിമതി നടത്തി പണം സമ്പാദിക്കുന്ന പോലെയല്ല ഇത്. അക്കാര്യത്തില്‍ വ്യക്തികളാണ് ദുഷിക്കുന്നത്. സി.പി.എമ്മിന്റെ കാര്യത്തില്‍ പാര്‍ട്ടി തന്നെ വാണിജ്യസ്ഥാപനമായി മാറുകയാണ്.

വാഴുന്നവര്‍ക്ക് വഴിപെടുക എന്ന മാനസികാവസ്ഥയുള്ളവര്‍ക്ക് മാത്രമേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അണികളായും അനുഭാവികളായും തുടരാന്‍ പറ്റൂ. അത്കൊണ്ട് നേതൃത്വം എന്ത് പറയുന്നുവോ അതവര്‍ കണ്ണുമടച്ച് വിശ്വസിക്കും. അത്കൊണ്ടാണ് ഇത്രയും കാലം സുതാര്യവും ലളിതവുമായ ജീവിതം നയിച്ച്, പാര്‍ട്ടിയുടെ ജീര്‍ണ്ണതകളുമായി പൊരുത്തപ്പെടാനാവാതെ രാജി വെച്ച ശെല്‍‌വരാജ് അവര്‍ക്ക് വര്‍ഗ്ഗവഞ്ചകനാകുന്നത്.  വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് ഇടത്പക്ഷമൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് ആഗ്രഹിച്ച ഒരുപാട് പേര്‍ ഇടത് വിശ്വാസികളില്‍ ഉണ്ടായിരുന്നു.

വി.എസ്സിനോട് കൂറ് പുലര്‍ത്തിയ എത്രയോ പേരെ പാര്‍ട്ടി ഔദ്യോഗിക വിഭാ‍ഗം വെട്ടിനിരത്തിയപ്പോള്‍ അദ്ദേഹം ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്ന തന്ത്രത്തിലൂന്നി സ്വന്തം നിലനില്‍പ്പ് ഭദ്രമാക്കുകയായിരുന്നു.  ആദര്‍ശമോ ആത്മാഭിമാനമോ അല്ല സ്വന്തം സ്ഥാനമാനങ്ങളും പദവിയുമാണ് വി.എസ്സ്. വലുതായി കണ്ടത്. അത്കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ ശരിയായ ഇടത് മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവര്‍ അനാഥരായി. ആ ഒരു അവസ്ഥ ഉള്ളത്കൊണ്ടാണ് ശെല്‍‌വരാജിനെയും കോണ്‍ഗ്രസ്സ്,  സിന്ദു ജോയിയെ അഭിസാരികയെ ഉപയോഗിക്കുന്ന പോലെ ഉപയോഗിച്ച് ഒഴിവാക്കിയ പോലെ ഒഴിവാക്കുമെന്ന് വി.എസ്സ്. ഉപരിപ്ലവമായി പറഞ്ഞത്.

ശെല്‍‌വരാജിന്റെ രാജി ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് സി.പി.എം.  വേഗം തന്നെ നോര്‍മല്‍ സ്ഥിതിയിലേക്ക് എത്തുമായിരിക്കും.  എന്നാല്‍ ആ രാജി ഒരു ലക്ഷണമാണ്. സി.പി.എം. എന്ത് മാത്രം രോഗാതുരമാണ് എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുന്ന ലക്ഷണം കൂടിയാണത്.  വി.എസ്സ്. പാര്‍ട്ടിയില്‍ എന്ത് അപമാനം സഹിച്ചും രാജി വയ്ക്കാതെയിരുന്നപ്പോള്‍ എം.എന്‍.വിജയന്‍ മാഷ് പറഞ്ഞത് രാജി വെക്കാതിരിക്കുന്നതും ഒരു രാഷ്ട്രീയമാണ് എന്നാണ്. എന്നാല്‍ ശെല്‍‌വരാജിന്റെ രാജിയില്‍ യഥാര്‍ത്ഥരാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം കൊണ്ട് ഗുണപരമായ എന്തെങ്കിലും മാറ്റം സംഭവിക്കും എന്നല്ല. പുരോഗമനത്തിന്റെ കുത്തക അവകാശപ്പെട്ടുകൊണ്ട് , യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും പുരോഗമനം ഉണ്ടാകുന്നതിന് ഏറ്റവും വലിയ വിലങ്ങ്തടി കേരളത്തില്‍ സി.പി.എം. ആണ്. ഒരു പക്ഷെ യഥാര്‍ത്ഥ ഇടത്പക്ഷം കേരളത്തില്‍ ഉയര്‍ന്നുവരികയാണെങ്കില്‍ അതിനെ തകര്‍ക്കുന്ന പ്രതിലോമ ശക്തി സി.പി.എം. തന്നെയായിരിക്കും. അത് ജനങ്ങളെ നന്നായി ബോധ്യപ്പെടുത്തുന്നതാണ് ശെല്‍‌വരാജിന്റെ രാജിയും ആ രാജിയിലെ രാഷ്ട്രീയവും.

ശെല്‍‌വരാജ് അഞ്ച് കോടി പണം വാങ്ങിയിട്ടാണ് രാജി വെച്ച് പാര്‍ട്ടിയെ വഞ്ചിച്ചത് എന്ന് മാര്‍ക്സിസ്റ്റ് നേതൃത്വവും അണികളും ഒന്നടങ്കം ആരോപിക്കുമ്പോള്‍ ശെല്‍‌വരാജിനും ചിലത് പറയാനുണ്ട്. ഒന്നും പറഞ്ഞിട്ടില്ലെങ്കില്‍ ആ ആരോപണം അദ്ദേഹം തന്നെ ശരി വെക്കുന്നതിന് തുല്യമാവുമല്ലൊ.  ഇന്നത്ത പത്രങ്ങളില്‍ (12-3-12) എനിക്കും ചിലത് പറയാനുണ്ട്  എന്ന പേരില്‍ അദേഹം ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്.  വായിക്കാത്തവര്‍ക്കായി അതിന്റെ പകര്‍പ്പ് താഴെ കൊടുക്കുന്നു. ക്ലിക്ക് ചെയ്ത് വായിക്കാം.

RS


പൊന്ന് ഉരുക്കിന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം? (തെരഞ്ഞെടുപ്പ് വിശകലനം)

പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്ന പോലെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടത്പക്ഷക്കാരുടെ അവസ്ഥ ഇന്ന്. ഇക്കഴിഞ്ഞ അഞ്ച് നിയമസഭാതെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ ഇടത്കാര്‍ക്ക് ഒരു റോളും ഇല്ല. കോണ്‍ഗ്രസ്സിന് നേട്ടം ഉണ്ടായില്ലല്ലോ എന്ന് സമാധാനിച്ചുകൊണ്ട് അവര്‍ക്ക് രാഷ്ട്രീയതിരശ്ശീലയ്ക്ക് പിന്നിലേക്ക് പോകാം. എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക്; എലിക്കാഷ്ടം ഉണങ്ങിയിട്ട് കാര്യമില്ലല്ലൊ.

ഇന്ത്യയിലെ വോട്ടര്‍മാരെ അനേകം പ്രാദേശികപാര്‍ട്ടികള്‍ ഇന്ന് പങ്ക് വെച്ചിരിക്കുന്നു. പ്രാദേശികനേതാക്കളുടെ വാക്ചാതുര്യവും ഇഷ്യൂകളെ വക്രമായി അവതരിപ്പിക്കലുമൊക്കെയാണ് ശരാശരി വോട്ടര്‍മാരെ ഇന്നും ആകര്‍ഷിക്കുന്നത്. അതിനപ്പുറം  രാഷ്ട്രീയനയങ്ങളോ ദേശീയ താല്പര്യങ്ങളോ ഒന്നും രാജ്യത്തെ ഗ്രാമീണവോട്ടര്‍മാരെ സ്വാധീനിക്കുന്നില്ല. പാര്‍ട്ടി സംഘടന ഉണ്ടാക്കാ‍നും നിലനിര്‍ത്താനും അണികളെ സമാഹരിക്കാനും വോട്ട്ബാങ്ക് ഉണ്ടാക്കാനും പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിരവധി സൌകര്യങ്ങളുണ്ട്. ആ ആനുകൂല്യവും സൌകര്യങ്ങളും ദേശീയപാര്‍ട്ടികള്‍ക്ക് ഇല്ല.  ഒരു ഇഷ്യു വരുമ്പോള്‍ ദേശീയപാര്‍ട്ടികള്‍ക്ക് പ്രാദേശികതാല്പര്യത്തിനൊത്ത് സങ്കുചിതമായ നിലപാ‍ട് സ്വീകരിക്കാന്‍ കഴിയില്ല്ല.

നേതൃമോഹികള്‍ക്ക് എളുപ്പത്തില്‍ രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പ്രാദേശികരാഷ്ട്രീയം കൊണ്ട് സാധിക്കുന്നുണ്ട്. പല പ്രാദേശികപാര്‍ട്ടി നേതാക്കള്‍ക്കും നേതാവായി വിലസുക, അധികാരവും പ്രശസ്തിയും കൈവരിക്കുക എന്ന മിനിമം ലക്ഷ്യമേയുള്ളൂ.  വെറും കൈയ്യോടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് കോടീശ്വരന്മാരായ എത്രയോ പ്രാദേശിക നേതാക്കളെ കാണാന്‍ കഴിയും. ചുരുക്കി പറഞ്ഞാല്‍ പ്രാദേശിക രാഷ്ട്രീയക്കാര്‍ക്ക് വളരെ അനുകൂലമാണ് അപക്വമായ ഇന്ത്യന്‍ രാഷ്ട്രീയമനസ്സ്.  അത്കൊണ്ട് ദേശീയരാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വളരെ പ്രതികൂലമായ രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളത്. ഇടത്പക്ഷരാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ത്യയില്‍ പച്ച പിടിക്കാതെ പോയതിനും കാരണം ഇത് തന്നെയാണ്. പക്ഷെ ഇന്ത്യയിലെ ഇടത്പക്ഷക്കാര്‍ക്ക് അതിലൊന്നും വേവലാതിയില്ല. കോണ്‍ഗ്രസ്സ് ഇല്ലാതാവണം എന്നല്ലാതെ ഇടത്പക്ഷക്കാര്‍ക്ക് മറ്റൊരു രാഷ്ട്രീയവും ഇല്ല. മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര് കാണണം എന്ന മട്ടിലൊരു കുനുഷ്ട് രാഷ്ട്രീയമാണ് ഇടത് പക്ഷക്കാരുടേത്.

സ്വാതന്ത്ര്യം ലഭിച്ച ആദ്യത്തെ രണ്ട് ദശകങ്ങള്‍ വരെ ചോദ്യം ചെയ്യപ്പെടാത്ത ഭരണകക്ഷി കോണ്‍ഗ്രസ്സും മുഖ്യപ്രതിപക്ഷം ഇടത് പക്ഷങ്ങളുമായിരുന്നു. പിന്നീട് പ്രാ‍ദേശിക രാഷ്ട്രീയത്തിന് പ്രാമുഖ്യം ലഭിച്ചതോടെ കോണ്‍ഗ്രസ്സ് ശിഥിലമാവാന്‍ തുടങ്ങി.  ഇടതപക്ഷങ്ങളാണെങ്കില്‍ പടവലങ്ങ മോഡലില്‍ കുത്തോട്ട് വളരുമ്പോഴും മൂന്നാം മുന്നണി എന്നൊക്കെ പറഞ്ഞ് ചില തരികിട രാഷ്ട്രീയം കളിച്ചുനോക്കി. ആരാണോ പ്രാദേശികമായി മുന്നിലേക്ക് വരുന്ന നേതാവ് , പാഞ്ഞെത്തി  ആ നേതാവിനെ ശരണം പ്രാപിക്കുക എന്നതായിരുന്നു ആ തരികിട ഏര്‍പ്പാട്.  പ്രകാശ് കാരാട്ട് ചന്ദ്രബാബു നായുഡുവിനെ കണ്ട് ഉടനെ ജയലളിതയെ കാണാന്‍ പോയിസ് ഗാര്‍ഡനിലെത്തി അവിടെ നിന്ന് യു.പി.യിലേക്ക് വിമാനം കയറി മായാവതിയെ കണ്ട് , ഹോ എന്താ ഒരു സ്പീഡ്! ഇപ്പോള്‍ ഇടത്പക്ഷക്കാര്‍ക്ക് ഡല്‍ഹിയില്‍ വിശേഷിച്ച് പണി ഒന്നുമില്ല.  കേരളത്തില്‍ പിണറായി സഖാവ് കുറെ വ്യവസായ സംരംഭങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റുകളായി പടുത്തുയര്‍ത്തിയത്കൊണ്ട് കേന്ദ്രഘടകത്തിന് നിലനിന്നു പോകാം. അത്ര തന്നെ.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വ്യക്തമാവുന്നത് ദേശീയരാഷ്ട്രീയം രണ്ട് മുന്നണികളിലായി ധ്രുവീകരിക്കപ്പെടുന്നു എന്നതാണ്.  ശക്തിയില്ലാത്ത രണ്ട് ദേശീയപാര്‍ട്ടികള്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും  ശക്തരായ പ്രാദേശിക പാര്‍ട്ടികളെ കൂടെ കൂട്ടിക്കൊണ്ട് രണ്ട് മുന്നണികള്‍ക്ക് നേതൃത്വം നല്‍കുക എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.  പ്രാദേശികപാര്‍ട്ടികള്‍ ഏതെങ്കിലും ഒരു മുന്നണിയില്‍ ഉറച്ചുനില്‍ക്കുകയില്ല. ഏത് മുന്നണിക്കാണോ സാധ്യത ആ മുന്നണിയില്‍ ചേക്കേറുക എന്ന അവസരവാദപരമായ രാഷ്ട്രീയമായിരിക്കും പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങള്‍ സ്വീകരിക്കുക. അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ജയലളിതയും മമത ബാനര്‍ജിയും  ഏത് മുന്നണിയില്‍ നില്‍ക്കും എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല.  മൂന്നാം മുന്നണിക്ക് ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തി ഇല്ല എന്ന പോലെ ഇടത്പക്ഷങ്ങള്‍ക്കും ഇനി പ്രസക്തിയില്ല. പ്രാദേശികമായോ ദേശീയമായോ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയില്ല എന്നതാണ് ഇടത്പക്ഷത്തിന്റെ ഗതികേട്.

യു.പി.യില്‍ രാഹുല്‍ ഗാന്ധി കഠിനമായി പണി എടുത്തിട്ടുണ്ട്.  പക്ഷെ ഒരു വ്യക്തിയുടെ കരിഷ്മ കൊണ്ട് മാത്രം പ്രാദേശിക രാഷ്ട്രീയത്തില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയില്ല.  സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തണമെങ്കില്‍ പാര്‍ട്ടിയൂനിറ്റുകള്‍ ഗ്രാസ്സ്‌റൂട്ട് ലവലില്‍ ചലനാത്മകമാവണം.  അതിന് കൃത്യമായി സംഘടന തെരഞ്ഞെടുപ്പ് നടത്തണം. പ്രവര്‍ത്തകര്‍ക്ക് ലക്ഷ്യബോധം നല്‍കണം.  കോണ്‍ഗ്രസ്സിന് മഹത്തായ പാരമ്പര്യവും ഏത് ഇന്ത്യക്കാ‍രനും യോജിക്കാന്‍ കഴിയുന്ന രാഷ്ട്രീയ കാഴചപ്പാടും ഉണ്ട്. രാജ്യസ്നേഹവും മതേതര-ജനാധിപത്യ ആശയങ്ങളും കോണ്‍ഗ്രസ്സിനെക്കാളും മറ്റേത് പാര്‍ട്ടിക്കാണ് ഇന്ത്യയില്‍ ഉള്ളത്?  എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി നിലകൊള്ളാനും സംസാരിക്കാനും കഴിയുക കോണ്‍ഗ്രസ്സുകാരന് മാത്രമായിരിക്കും.  ബി.എസ്.എന്‍.എല്‍ പോലെയാണ് രാജ്യത്ത് കോണ്‍ഗ്രസ്സിന്റെ അവസ്ഥ ഇന്ന്. ബി.എസ്.എന്‍.എല്ലിന് രാജ്യത്ത് എവിടെയും ടവറുകളും ഇന്‍ഫ്രാ സ്ട്രക്‍ചറുകളുമുണ്ട്. എന്നിട്ടും അതിനെ നന്നാക്കാന്‍  ബി.എസ്.എന്‍.എല്ലുകാര്‍ ശ്രമിക്കുന്നില്ല. എന്ന പോലെ രാജ്യത്ത് ഏത് മുക്കിലും മൂലയിലും കോണ്‍ഗ്രസ്സുകാര്‍ ഉണ്ടാവും. എന്നിട്ടും കോണ്‍ഗ്രസ്സിനെ നന്നാക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല.

പിന്നോക്കസമുദായത്തില്‍ നിന്നോ ദളിതരുടെയിടയില്‍ നിന്നോ ഒരു നേതാവ് ഉദിച്ചുയര്‍ന്ന് അധികാരത്തിന്റെ ഉയര്‍ന്ന ശ്രേണിയില്‍ എത്തിപ്പെട്ടാല്‍ പിന്നോക്കക്കാരും ദളിതരും രക്ഷപ്പെടും എന്നും സാമൂഹ്യനീതി കൈവരിക്കാന്‍ ആ അധികാരപ്രാപ്തി സഹായകരമാവും എന്നും കരുതുന്നത് എത്ര പമ്പരവിഢിത്തമാണ് എന്ന് മായാവതി തെളിയിച്ചിരിക്കുന്നു.  എന്തൊക്കെയാണ് അവര്‍ ഉത്തര്‍പ്രദേശില്‍ കാട്ടിക്കൂട്ടിയത്?  ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും എന്താണ് അവര്‍ അവിടെ ചെയ്തത്?  തന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെ പ്രതിമകള്‍ കോടിക്കണക്കിന് രൂപ ചെലവാക്കി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഥാപിക്കാന്‍ അവരെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ്?  ദളിതരും പാവപ്പെട്ടവരും ഏത് തരം സാഹചര്യങ്ങളിലാണ് ഇപ്പോഴും ജീവിയ്ക്കുന്നത് എന്ന് ആ ദളിത് നേതാവ് അധികാരം കിട്ടിയപ്പോള്‍ ഓര്‍ത്തോ?  മായാവതിയുടെ സര്‍ക്കാര്‍ ഇന്ന് രാജി വെക്കുമ്പോള്‍ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പോസിറ്റിവായ ഔട്ട്കം അത് തന്നെയാണ്.

ഈ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ ചാനല്‍ സ്റ്റുഡിയോകളില്‍ ഇടത് വിശകലന വിശാരദന്മാരും പങ്കെടുക്കുന്നുണ്ട്.  അവര്‍ പതിവ് പല്ലവിയില്‍ യാന്ത്രികമായി എന്തൊക്കെയോ പറയുന്നുമുണ്ട്.  റെഡിമെയിഡ് ആയിട്ടുള്ള മറുപടികളും പ്രസ്താവനകളും മാത്രമേ നടത്താവൂ എന്നൊരു അലിഖിത വിലക്ക് അവര്‍ക്കൊക്കെ ഉണ്ട്.  തങ്ങള്‍ പറയുന്നത് പരമ്പരാഗത കാഴ്ചപ്പാടിനും സാമ്പ്രദായികമായ മുന്‍‌വിധികള്‍ക്കും എതിരായിപ്പോകരുത് എന്ന സ്റ്റാന്റില്‍ നിന്നുകൊണ്ട് സ്വന്തം മനസ്സ് തുറക്കാതെ യാന്ത്രികമായാണ് എന്തും ഇടത്പക്ഷക്കാര്‍ അവതരിപ്പിക്കുക.  അത്കൊണ്ടൊക്കെ അവര്‍ കേരളം എന്ന ഇട്ടവട്ടത്തില്‍ ഒതുക്കപ്പെടുകയും ചെയ്തു.  മൌലികമായി ചിന്തിക്കാത്ത ഏത് പ്രസ്ഥാനത്തിനും കാലത്തിന് മുന്നെ സഞ്ചരിക്കാന്‍ കഴിയില്ല.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന് നേട്ടം കൈവരിക്കാന്‍ കഴിയാതെ പോയത് രാഹുല്‍ ഗാന്ധിയുടെ പരാജയമാണെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ 22 വര്‍ഷത്തോളം അധികാരത്തിന് പുറത്ത് നില്‍ക്കുകയും സംഘടന സംവിധാനം തീര്‍ത്തും ദുര്‍ബ്ബലമാവുകയും ചെയ്ത ഒരു വലിയ സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ ഒറ്റയടിക്ക് പുനരുജ്ജീവിക്കാനോ അധികാരത്തില്‍ എത്തിക്കാനോ രാഹുല്‍ ഗാന്ധിയുടെ കൈയ്യില്‍ മാന്ത്രിക വടി ഒന്നുമില്ലായിരുന്നു.  തനിക്ക് കഴിയാവുന്നത് പരമാവധി ആ ചെറുപ്പക്കാരന്‍ ഓടിച്ചാടി ചെയ്തിട്ടുണ്ട്. അല്ലാതെ ഇടത് നേതാക്കളെ പോലെ കേരളവും ബംഗാളും കഴിഞ്ഞാ‍ല്‍ ഡല്‍ഹിയും ഡല്‍ഹിയിലെ ചാനല്‍ ക്യാമറകളും എന്നതായിരുന്നില്ല രാഹുല്‍ ഗാന്ധിയുടെ ശൈലി.  ആര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 2014 ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ ഗാന്ധി. രണ്ടാമത്തെ സ്ഥാനാര്‍ത്ഥി മിക്കവാറും നരേന്ദ്രമോഡിയായിരിക്കും.  മൂന്നാമതൊരു സ്ഥാനാര്‍ത്ഥി എന്തായാലും രംഗത്ത് ഉണ്ടാവില്ല. അത്കൊണ്ട് കൂടിയാണ് ഞാന്‍ ഇടത്പക്ഷക്കാരോട് ചോദിക്കുന്നത്, പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം?


ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ എന്നാല്‍ എന്ത് ?

മൊബൈല്‍ ഫോണിന്റെ പ്രചാരം നമ്മുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു എന്ന് പറയാം. മൊബൈല്‍ ഫോണ്‍ ഇല്ലാതെ ഒരു ദിവസം ആര്‍ക്കും ഇന്ന് മുന്നോട്ട് പോകാന്‍ കഴിയില്ല. മൊബൈല്‍ ഫോണ്‍ കൈയ്യില്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ ബാഹ്യലോകവുമായി 24 മണിക്കൂറും സമ്പര്‍ക്കത്തിലാണ്.  അതിന്റെ അര്‍ത്ഥം നമ്മള്‍ മുമ്പത്തെക്കാളും ഇന്ന് സുരക്ഷിതബോധം അനുഭവിക്കുന്നു എന്നാണ്.  എന്ത് പറ്റിയാലും ഉടന്‍ തന്നെ ആരെയെങ്കിലും വിവരം അറിയിക്കാന്‍ നമുക്ക് സാധിക്കുന്നു. എന്നാല്‍ ഇന്ന് മൊബൈല്‍ എന്നാല്‍ ഫോണ്‍ ചെയ്യാന്‍ മാത്രമുള്ള ഉപകരണമല്ല. പോക്കറ്റില്‍ കൊണ്ടുനടക്കുന്ന ഒരു മിനി കമ്പ്യൂട്ടര്‍ തന്നെയാണ് ഇന്ന് മൊബൈല്‍ ഫോണുകള്‍.

അത്കൊണ്ട് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ഇന്ന് ഏറെ ചിന്തിക്കാനുണ്ട്.  ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണ് വേണ്ടത് എന്നാണ് തീരുമാനിക്കാനുള്ളത്.  എന്താണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം (OS) എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്?

ഹാര്‍ഡ്‌വേര്‍ - സോഫ്റ്റ്‌വേര്‍  എന്ന് കേള്‍ക്കാത്ത ആളുകള്‍ ചുരുക്കമായിരിക്കും.  ഹാര്‍ഡ്‌വേര്‍ എന്നാല്‍ നമ്മള്‍ കാണുന്ന ഉപകരണത്തിന്റെ എല്ലാ ഭാഗങ്ങളും ചേര്‍ന്നതാണ്. ഉദാഹരണത്തിന് കമ്പ്യൂട്ടറിന്റെ മോണിട്ടര്‍ , സി.പി.യു., കീബോര്‍ഡ്, മൌസ് , മദര്‍ബോര്‍ഡ് പിന്നെ അതിന്റെ ഉള്ളിലുള്ള എല്ലാ സാധനങ്ങളും ചേര്‍ന്നതാണ് ഹാര്‍ഡ്‌വേര്‍. നമുക്ക് അവ സ്പര്‍ശിക്കാന്‍ കഴിയും. എന്നാല്‍ സോഫ്റ്റ്‌വേര്‍ നമുക്ക് സ്പര്‍ശിക്കാന്‍ കഴിയില്ല.

സോഫ്റ്റ്‌വേര്‍ എന്നാല്‍ പ്രോഗ്രാമുകളാണ്. ഒരു കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണിലുള്ള ഒരു ആപ്ലിക്കേഷന്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് നിര്‍ദ്ദേശം കൊടുക്കുന്നത് പ്രോഗ്രാമുകള്‍ ആയിട്ടാണ്. എന്നാല്‍ കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിനും ഒരു പ്രോഗ്രാം വേണം. ആ പ്രോഗ്രാമാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. ഓ.എസ്സ്. എന്നു ചുരുക്കി പറയും. വിന്‍ഡോസ് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. ഓപ്പറേറ്റിങ്ങ് സിസ്റ്റവും പ്രോഗ്രാം ആണ്. ഓയെസ്സിനെ പ്ലാറ്റ്ഫോം എന്നും പറയാറുണ്ട്.  സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍മാര്‍ എഴുതിയുണ്ടാക്കുന്നതാണ് പ്രോഗ്രാമുകള്‍.

ഇത്രയും പറഞ്ഞതില്‍ നിന്ന് എന്താണ് മനസ്സിലായത്?  ഒരു കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതില്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന പ്രോഗ്രാം വേണം. മറ്റ് പ്രോഗ്രാമുകള്‍ അഥവാ സോഫ്റ്റ്വേറുകള്‍ ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  എന്ന പോലെ മൊബൈലിലും ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം വേണം.  നോകിയ ഫോണ്‍ അവരുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ സിംബ്യന്‍ (Symbian) എന്ന പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ അവര്‍ വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലേക്ക് മാറുകയാണ്. ബ്ലാക്ക്ബെറിക്ക് അവരുടെ സ്വന്തം ഓയെസ്സ് ഉണ്ട്.  ആപ്പിള്‍ കമ്പനിയുടെ ഐഫോണിന് അവരുടെ ഓയെസ്സ് ( iOS) ഉണ്ട്.  ഈ പറഞ്ഞ ഓപ്പറേറ്റിങ്ങ് സിസ്റ്റം എല്ലാം സ്വകാര്യ പ്രോഗ്രാമുകള്‍ ആണ്.

എന്നാല്‍ ആന്‍ഡ്രോയ്ഡ് സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ആണ്.  ഓപ്പന്‍ സോഫ്റ്റ്‌വേര്‍ എന്ന് പറയും. ആ സോഫ്റ്റ്വേറിന്റെ സോഴ്സ് കോഡ് ആര്‍ക്കും ലഭ്യമാണ്. ആര്‍ക്കും വികസിപ്പിക്കാവുന്നതും പരിഷ്ക്കരിക്കാവുന്നതുമായ പ്രോഗ്രാമുകളെയാണ് ഓപ്പന്‍ സോഫ്റ്റ്വേര്‍ എന്ന് പറയുന്നത്.  ആന്‍ഡ്രോയ്ഡും സ്വകാര്യ സോഫ്റ്റ്വേര്‍ ആയിരുന്നു. 2003 ല്‍ Android Incorporation എന്ന അമേരിക്കന്‍ കമ്പനിയാണ് ഈ സോഫ്റ്റ്വേര്‍ വികസിപ്പിച്ചത്. പിന്നീട് 2005ല്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് കമ്പനിയെ വിലക്ക് വാങ്ങി.  ഗൂഗിള്‍ എന്നാല്‍ തികച്ചും ഒരു സോഫ്റ്റ്വേര്‍ അധിഷ്ഠിത കമ്പനിയാണ്.  അവര്‍ ഹാര്‍ഡ്‌വേര്‍ ഒന്നും നിര്‍മ്മിക്കുന്നില്ല. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിച്ചുകൊണ്ട് ഗൂഗിള്‍ നെക്സസ് എന്ന പേരില്‍ മൊബൈല്‍ ഫോണ്‍ പുറത്തിറക്കി.  ആ ഫോണ്‍ പക്ഷെ നിര്‍മ്മിച്ചത് ഗൂഗിളിന് വേണ്ടി HTC എന്ന കമ്പനിയാണ്.  ആന്‍ഡ്രോയ്ഡ് കമ്പനിയെ  വാങ്ങിയെങ്കിലും ആ സോഫ്റ്റ്‌വേര്‍ ഗൂഗിള്‍ പബ്ലിക്ക് ലൈസന്‍സ് പ്രകാരം ആര്‍ക്കും ഉപയോഗിക്കാന്‍ അനുവദിക്കുകയായിരുന്നു. അതിന്റെ ഫലമായി എത്രയോ കമ്പനികള്‍ ഇന്ന് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മ്മിക്കുന്നു.

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ജാവ പ്രോഗ്രാം ഉപയോഗിച്ച് പല തരത്തിലുള്ള ആപ്ലിക്കേഷനുകളും ഗെയിമുകളും രൂപകല്പന ചെയ്യാന്‍ പറ്റും. അങ്ങനെ ഇന്ന് ലക്ഷക്കണക്കിന് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഉണ്ട്.  ആന്‍ഡ്രോയ്ഡ് ഫോണ്‍ കൈവശമുള്ള ആള്‍ക്ക് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ചില ആപ്ലിക്കേഷനുകള്‍ക്ക് നാമമാത്രമായ വില കൊടുക്കേണ്ടി വരും എന്ന് മാത്രം. ഗൂഗിള്‍ ആക്കൌണ്ട് ഉള്ള ആര്‍ക്കും ഇങ്ങനെ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആപ്പ്സ് ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. അത് കൂടാതെ നിരവധി തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഫ്രീയായി ലഭിക്കും.  ഐഫോണിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ന് വിപണി കൈയ്യടക്കൊണ്ടിരിക്കുകയാണ്.

ആന്‍ഡ്രോയ്ഡ് ഫോണിന്റെ ഒരു പോരായ്മ എന്ന് പറയുന്നത് ബാറ്ററി ചാര്‍ജ്ജ് വേഗം തീര്‍ന്നുപോകും എന്നതാണ്. കുറെ ആപ്ലിക്കേഷന്‍സ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്കൊണ്ടാണിത്. എന്നാല്‍ നെറ്റ് ബ്രൌസ് ചെയ്യാനും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ തുറക്കാനുമൊക്കെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ മികച്ചതാണ്.  ഐഫോണിന്റെ സൌകര്യങ്ങള്‍ എല്ലാം ഉള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ന് വളരെ വിലക്കുറവില്‍ ലഭ്യമാണ്.  നമ്മുടെ ആവശ്യത്തിനും അഭിരുചിക്കും ഇണങ്ങുന്ന ആപ്ലിക്കേഷന്‍സ് ഇന്‍സ്റ്റാള്‍ ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നമുക്ക് കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കും.  ആന്‍ഡ്രോയ്ഡ് കൈവശം ഇല്ലാത്ത ഒരാള്‍ കാലഗണന അനുസരിച്ച് വളരെ പിന്നിലാണ് എന്ന് പറയേണ്ടി വരും.

ആന്‍ഡ്രോയ്ഡ് ഫോണ്‍ വാങ്ങണം എന്ന് താല്പര്യപ്പെടുന്നവരോട് അത് ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ വാങ്ങുക എന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.  Flipkart , Letsbuy തുടങ്ങിയ കമ്പനികള്‍ ക്യാഷ് ഓണ്‍ ഡെലിവറി എന്ന സമ്പ്രദായത്തില്‍ ഫോണ്‍ അഡ്രസ്സില്‍ എത്തിച്ചു തരും. അവരുടെ സൈറ്റില്‍ നിന്ന് ഏത് ഫോണ്‍ ആണ് വേണ്ടത് എന്ന് സാവകാശം സെലക്റ്റ് ചെയ്യാന്‍ സാധിക്കും. പുറത്ത് മൊബൈല്‍ സ്റ്റോറുകളില്‍ MRP-യില്‍ ഒരു ഇളവും കിട്ടുകയില്ല. എന്നാല്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ യഥാര്‍ത്ഥ MRP വിലയും അവര്‍ ഈടാക്കുന്ന വിലയും കാണിച്ചിരിക്കും.