Links

അണുവൈദ്യുതി നമുക്ക് ആവശ്യമാണ്

ണുവൈദ്യുതി അല്ലെങ്കില്‍ ആണവവൈദ്യുതി നിലയം എന്നു കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ഭയം തോന്നാന്‍ കാരണം അണുബോമ്പ് എന്ന് കേട്ടപ്പോള്‍ ഉണ്ടായ ഭീതി കൊണ്ടാണെന്ന് തോന്നുന്നു.  അണുവിന്റെ ഉള്ളില്‍ അപരിമിതമായ ഊര്‍ജ്ജം ഉണ്ട് എന്ന് കണ്ടെത്തിയത് ഐന്‍സ്റ്റീന്‍ ആണല്ലൊ. ഈ ഊര്‍ജ്ജം രണ്ട് വിധത്തില്‍ ഉപയോഗിക്കാം. സര്‍വ്വനാശത്തിനും സര്‍വ്വതോമുഖമായ പുരോഗതിക്കും. ഇതില്‍ മനുഷ്യനെ നശിപ്പിക്കാനാണ് അണു ഊര്‍ജ്ജം ആറ്റംബോമ്പിന്റെ രൂപത്തില്‍ ആദ്യമായി ഉപയോഗിച്ചത്. അന്ന് മുതല്‍ അണു എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് പേടിയാണ്. ഇന്നും ലോകത്തെ മൊത്തം സംഹരിക്കാന്‍ ആവശ്യമായ അണുവായുധങ്ങള്‍ വിവിധരാജ്യങ്ങളില്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്.  ഇത് ഒരു വശം.  എന്നാല്‍ മനുഷ്യന്റെ പുരോഗതിക്കും അണു ഊര്‍ജ്ജം ഉപയോഗിക്കാം എന്ന് പറഞ്ഞല്ലോ. ഇതില്‍ പ്രധാനപ്പെട്ടത് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ആണവോര്‍ജ്ജത്തെ ഉപയോഗിക്കാമെന്നതാ‍ണ്.

അണു ഊര്‍ജ്ജവും വൈദ്യുതിയുമെല്ലാം അണു എന്ന പദാര്‍ത്ഥവുമായി ബന്ധപ്പെട്ടതാണ്.  അണു എന്നാല്‍ എന്താണ്? ഇക്കാണുന്നതെല്ലാം അണു തന്നെ. എന്താണ് വൈദ്യുതി അല്ലെങ്കില്‍ കരണ്ട് എന്ന് പറയുന്നത്. അണുവില്‍ പ്രോട്ടോണ്‍ എന്ന പോസിറ്റീവ് ചാര്‍ജ്ജ് ഉള്ള കണികയും ചാര്‍ജ്ജ് ഇല്ലാത്ത ന്യൂട്രോണ്‍ എന്ന കണികയുമുണ്ട്. ഈ രണ്ടും ചേര്‍ന്ന കേന്ദ്രഭാഗത്തെ അണുവിന്റെ ന്യൂക്ലിയസ്സ് എന്നു പറയുന്നു. ഈ ന്യൂക്ലിയസ്സിനെ ചുറ്റി നെഗറ്റീവ് ചാര്‍ജ്ജുള്ള എലക്ട്രോണുകള്‍ കറങ്ങുന്നുണ്ട്. ഇങ്ങനെ കറങ്ങുന്ന എലക്ട്രോണുകള്‍ അണുവില്‍ നിന്ന് സ്വതന്ത്രമായി ഒഴുകുന്നതിനെയാണ് നമ്മള്‍ കരണ്ട് എന്ന് പറയുന്നത്. അതായത് എലക്ട്രോണുകളുടെ പ്രവാഹമാണ് വിദ്യുച്ഛക്തി.  എലക്ട്രോണുകളെ ചലിപ്പിച്ച് വൈദ്യുതി പ്രവാഹം ഉണ്ടാക്കാന്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കണം. ജനറേറ്റര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിനോട് ബന്ധിപ്പിച്ച ടര്‍ബൈന്‍ കറങ്ങണം. ഈ ടര്‍ബൈന്‍ കറക്കാനാണ് നമുക്ക് ശക്തി അല്ലെങ്കില്‍ ഊര്‍ജ്ജം വേണ്ടി വരുന്നത്. അപ്പോള്‍ വൈദ്യുതി ഉണ്ടാക്കാന്‍ ഏതെല്ലാം മാര്‍ഗ്ഗത്തില്‍ ഊര്‍ജ്ജം കണ്ടെത്താം എന്ന് നോക്കാം.  വ്യത്യസ്തമായ രൂപത്തിലുള്ള ഊര്‍ജ്ജസ്രോതസ്സ് ഉപയോഗപ്പെടുത്തുമ്പോള്‍ അതാത് പേരിലാണ് ആ വൈദ്യുതപദ്ധതികള്‍ അറിയപ്പെടുക.

1) താപ വൈദ്യുത നിലയങ്ങള്‍ 2) ജലവൈദ്യുത നിലയങ്ങള്‍ 3) കാറ്റാടി നിലയങ്ങള്‍ 4) സൌരോര്‍ജ്ജ വൈദ്യുതനിലയങ്ങള്‍ 5) ആണവവൈദ്യുത നിലയങ്ങള്‍.

ഇത്രയും മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവുമ്പോള്‍ എന്തിനാണ് അണുവൈദ്യുതനിലയങ്ങള്‍ എന്നാണ് ചോദിക്കുന്നത്.  ഇതില്‍ ആണവവൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരിസ്ഥിതിക്ക് ഒരു ദോഷവും ഉണ്ടാക്കുന്നില്ല. ഒരു തടസ്സവുമില്ലാതെ അനുസ്യൂതമായി ഒരേ പോലെ വിദ്യുച്ഛക്തി ഉല്പാദിപ്പിക്കാന്‍ പറ്റും.  ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഏറ്റവും കുറവ് സ്ഥലം മതി.  വൈദ്യുതിയുടെ ഉല്പാദനച്ചെലവ് കുറവാണ്. അത്കൊണ്ട് തന്നെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയും.  നമുക്ക് ഓരോന്നും പരിശോധിക്കാം.

1) താപവൈദ്യുതി നിലയങ്ങള്‍ :  NTPC എന്ന പൊതുമേഖലാസ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 30.9.2011 വരെയുള്ള കണക്ക് വെച്ച് ആകെ 99,753 . 38 മെഗാവാട്ട് വൈദ്യുതിയാണ് താപനിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്നത്. (പട്ടിക ഇവിടെ നോക്കുക ). ഇത് നമ്മള്‍ ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 66 ശതമാനമാണ്. അടുത്ത വര്‍ഷവും താപനിലയങ്ങളില്‍ നിന്ന് ഇത്രയും വൈദ്യുതി ഉല്പാദിപ്പിക്കണമെങ്കില്‍ നമുക്ക് 696 ദശലക്ഷം ടണ്‍ കല്‍ക്കരി വേണം. ഇതില്‍ 554 മില്യണ്‍ ടണ്‍ കല്‍ക്കരി ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും 114 മില്യണ്‍ ടണ്‍ കല്‍ക്കരി നാം വിദേശത്ത് നിന്ന് ഇറക്ക്മതി ചെയ്യേണ്ടി വരും. (അവലംബം) കല്‍ക്കരി ക്ഷാമം നിമിത്തം നമ്മുടെ താപവൈദ്യുതനിലയങ്ങളില്‍ പൂര്‍ണ്ണമായ തോതില്‍ വൈദ്യുതോല്പാദനം നടക്കാത്ത സ്ഥിതിയുണ്ട്. ഇപ്പോള്‍ തന്നെ രണ്ടോ മൂന്നോ ആഴ്ചത്തേക്കുള്ള കല്‍ക്കരി മാത്രമേ സ്റ്റോക്ക് ഉള്ളൂ. രാജ്യത്തെ കല്‍ക്കരി നിക്ഷേപം 2040 ആകുമ്പോഴേക്കും നിശ്ശേഷം തീര്‍ന്നു പോകും എന്ന് കണക്കാക്കിയിട്ടുണ്ട്.  ഒരു ഭാഗത്ത് നമ്മുടെ വൈദ്യുതി ആവശ്യം വര്‍ദ്ധിച്ചു വരുന്നു. മറുഭാഗത്ത് കല്‍ക്കരി തീര്‍ന്നു വരുന്നു. അപ്പോള്‍ നമ്മുടെ താപനിലയങ്ങളുടെ ഭാവി എന്താകും എന്നത് ചിന്തിക്കേണ്ടതുണ്ട്. അത് കൂടാതെ ആഗോളതാപനം കുറച്ചുകൊണ്ടു വരുന്നതിന് വേണ്ടി അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാര്‍ബണ്‍ ഡൈ‌ഓക്സൈഡിന്റെ അളവും നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

2) ജലവൈദ്യുത നിലയങ്ങള്‍ :  ഇന്ത്യയില്‍ ജലവൈദ്യുതനിലയങ്ങളില്‍ നിന്ന് ആകെ 38,706 . 40 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത് എന്ന് മേലെ കൊടുത്ത പട്ടികയുടെ ലിങ്കില്‍ കാണാവുന്നതാണ്. ഇത് ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 21 ശതമാനമാണ്. എന്നാല്‍ ജലവൈദ്യുതി നിലയങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന പോലെ ഉല്പാദനം നടക്കുന്നില്ല. എന്തെന്നാല്‍ വിചാരിച്ച പോലെ മഴ ലഭിക്കുന്നില്ല.  ലോകത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തുകൊണ്ടിരുന്ന ചിറാപൂഞ്ചിയില്‍ പോലും കഴിഞ്ഞ അഞ്ച് വര്‍ഷമായി മഴ വേണ്ടത്ര ലഭിക്കുന്നില്ല.  ജലവൈദ്യുതപദ്ധതികള്‍ കാലാവസ്ഥയെ ആശ്രയിച്ചായത്കൊണ്ട് അത് വിശ്വസിച്ച് നമുക്ക് ഭാവിയിലേക്ക് ആസൂത്രണം ചെയ്യാന്‍ കഴിയില്ല.

3) കാറ്റാടി യന്ത്രങ്ങള്‍ :  കാറ്റാടിയന്ത്രങ്ങള്‍ മുഖേന വൈദ്യുതി ഉല്പാദിപ്പിക്കുമ്പോള്‍ പരിസ്ഥിതിക്ക് ഒരു ദോഷവും സംഭവിക്കുന്നില്ല എന്നത് നേരാണ്. എന്നാല്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ ഒരുപാട് സ്ഥലം വേണം. മാത്രമല്ല സ്ഥിരമായി കാറ്റ് കിട്ടുകയും വേണം. ഇന്ത്യയില്‍ ഇപ്പോള്‍ 14,550 മെഗാവാട്ട് വൈദ്യുതി ആകെ ഉല്പാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്ക്.  ഇപ്പോഴും കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചു വരുന്നുമുണ്ട്.  പക്ഷെ കാറ്റാടിയന്ത്രങ്ങളിലെ WIND TURBINE കറങ്ങി വൈദ്യുതി ഉല്പാദിപ്പിക്കണമെങ്കില്‍ 11 KM/h മുതല്‍ 19 KM/h  വരെ വേഗതയില്‍ കാറ്റ് വീശണം. വര്‍ഷത്തില്‍ മെയ് മുതല്‍ സെപ്തംബര്‍ വരെ അഞ്ച് മാസം വരെ മാത്രമേ ഈ വേഗതയില്‍ കാറ്റ് കിട്ടുന്നുള്ളൂ. ഇതിനാല്‍ സ്ഥിരമായി വൈദ്യുതി ഉല്പാദനം നടക്കുന്നില്ല.

4) സൌരോര്‍ജ്ജ നിലയങ്ങള്‍ : സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാന്‍ മറ്റൊരു ഊര്‍ജ്ജവും വേണ്ട. എന്നാല്‍ സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കാനുള്ള ചെലവ് വളരെ കൂടുതലാണ്. മാത്രമല്ല വന്‍‌കിട തൊഴില്‍‌ശാലകള്‍ക്ക് ആവശ്യമായ വൈദ്യുതി സൌരോര്‍ജ്ജം കൊണ്ട് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഇനിയും വികസിപ്പിച്ചിട്ടുമില്ല.  അന്തരീക്ഷം പുകയും പൊടിപടലങ്ങളും കൊണ്ടും മറ്റ് കാരണങ്ങളാലും സൂര്യപ്രകാശം കിട്ടാത്ത സാഹചര്യങ്ങളില്‍ വൈദ്യുതോല്പാദനം നടക്കില്ല എന്നൊരു ന്യൂനതയുമുണ്ട്. വീടുകള്‍ക്കും ചെറിയ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് ഗുജറാത്തില്‍ ആണ് ഉള്ളത് (Adani Bitta Solar Plant). അവിടെ നിന്ന് 40 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു.

5)ആണവ വൈദ്യുത നിലയങ്ങള്‍ :  ഇന്ത്യയില്‍ അണു ഊര്‍ജ്ജത്തിന്റെ പിതാവ് ഹോമി ജഹാംഗിര്‍ ഭാഭയാണ്. അദ്ദേഹമാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അണുശക്തി കമ്മീഷന്‍ ചെയര്‍മാന്‍.1956 ലാണ് അണുശക്തി പദ്ധതി ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ 20 ആണവ വൈദ്യുതനിലയങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


ഇതില്‍ നിന്ന് എല്ലാം കൂടി 4385 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. ഇത് ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 3 ശതമാനത്തിനടുത്ത് മാത്രമാണ്.  ആളുകള്‍ ചോദിക്കുന്നതും ഇത് തന്നെയാണ്. ആകെ ഉല്പാദിപ്പിക്കുന്നത് 3ശതമാ‍നമാണെങ്കില്‍ എന്തിനാണ് അണുവൈദ്യുതിയെ ആശ്രയിക്കുന്നത് എന്നാണ് ചോദ്യം. ന്യായമായ ചോദ്യമാണിത്. എന്നാല്‍ മേല്‍ക്കാണിച്ച നാലു മാര്‍ഗ്ഗങ്ങളിലും നമുക്ക് ആവശ്യമായ വൈദ്യുതി നിരന്തരമായി ഉല്പാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നു എന്നാണ് അതിനുള്ള ഉത്തരം.

ലോകത്തുള്ള വികസിതരാജ്യങ്ങള്‍ എല്ലാം തന്നെ അണുവൈദ്യുതിയെ വലിയ തോതില്‍ ഉപയോഗിച്ചു വരുന്നു എന്നതാണ് യാഥാര്‍ഥ്യം. അമേരിക്കയില്‍ മാത്രം 104 ആണവ വൈദ്യുതനിലയങ്ങളുണ്ട്. ലോകത്ത് മൊത്തം 30 രാജ്യങ്ങളിലായി 432 ആണവ നിലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.  (പട്ടിക കാണുക) 63 ആണവ നിലയങ്ങള്‍ നിര്‍മ്മാണ ദശയിലാണ്. 350 ആണവ നിലയങ്ങള്‍ പ്രൊപ്പോസ് ചെയ്യപ്പെട്ടിട്ടുണ്ട്.   ജര്‍മ്മനി  2022ല്‍  ആണവവൈദ്യുതോല്പാദനം അവസാനിപ്പിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ കാരണം അടുത്ത പോസ്റ്റില്‍ വിശദീകരിക്കാം.  സാമ്പത്തികമായി മുന്നേറിയ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ആണവ വൈദ്യുതിയുടെ ഉല്പാദനത്തില്‍ നമ്മള്‍ വളരെ പിന്നിലാണെന്ന് കാണാം. ( മറ്റൊരു പട്ടിക )

ഇന്ത്യ 2050 ആകുമ്പോഴേക്കും ആകെ ആവശ്യമായി വരുന്ന വൈദ്യുതിയുടെ 50 ശതമാനം ആണവനിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കണമെന്ന് പദ്ധതി ഇട്ടിട്ടുണ്ട്. അത് ആളുകളെ കൊന്നിട്ട് വേണോ എന്ന് ചിലര്‍ ചോദിച്ചേക്കാം. ഇക്കാര്യത്തില്‍ “ആദ്യം സുരക്ഷിതത്വം, പിന്നെ ഉല്പാദനം” എന്നൊരു നയമാണ് അണുശക്തി കമ്മീഷന്‍  പിന്തുടരുന്നത്. അണുശക്തി മേഖലയില്‍ കഴിഞ്ഞ 50 കൊല്ലത്തെ അനുഭവങ്ങളും കമ്മീഷനുണ്ട്.  നമ്മുടെ ശാസ്ത്രജ്ഞന്മാരെ വിശ്വാസിക്കാന്‍ നാം തയ്യാറാവണം.  ആണവ വൈദ്യുതനിലയങ്ങളില്‍ നിന്ന് പരിസ്ഥിതിക്ക് കേട് വരുത്തുന്ന ഒന്നും പുറത്ത് വരുന്നില്ല. ഏത് കാലാവസ്ഥയിലും 24 മണിക്കൂറും തുടര്‍ന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുക ആണവനിലയങ്ങളില്‍ നിന്ന് മാത്രമാണ്. അത്കൊണ്ടാണ് അണുവൈദ്യുതി മനുഷ്യരാശിക്ക് ലഭിച്ച വരപ്രസാദമാണെന്ന് മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാം വിശേഷിപ്പിച്ചത്.
(തുടരും)

ഫുകുഷിമാവും കൂടംകുളവും ഒരു പോലെ അല്ല.

ഭൂകമ്പവും സുനാമിയും ഒരുമിച്ച് ജപ്പാനില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഫുകുഷിമ ആണവപ്ലാന്റിലെ ഒരു റിയാക്ടര്‍ പ്ലാന്റില്‍ സ്പോടനം ഉണ്ടാവുകയും അവിടം വെളുത്ത പുകപടലം നിറയുകയും ചെയ്തത് ദൃശ്യമാധ്യമങ്ങളില്‍ കണ്ട എല്ലാവരിലും ആണവപ്ലാന്റുകളെ കുറിച്ച് ഒരു ഭീതിയുണ്ടാക്കി എന്നത് നേരാണ്. ഈ സംഭവത്തിന് ശേഷമാണ് കൂടംകുളത്ത് ആണവവൈദ്യുതനിലയത്തിനെതിരെ നാട്ടകാരുടെ സമരം ശക്തിയാര്‍ജ്ജിക്കുന്നത്.  ഫുകുഷിമാവില്‍ സംഭവിച്ചത് പോലെ കൂടംകുളത്തും സംഭവിക്കാന്‍ സാധ്യതയുണ്ട് എന്ന മട്ടിലാണ് അവിടത്തെ തദ്ദേശവാസികള്‍ ഭയപ്പെടുന്നത്. ആ ഭയം ന്യായമല്ല എന്ന് പറയാന്‍ കഴിയില്ല. ആ ഭയം നിമിത്തമാണ് അവിടെയുള്ള പാവപ്പെട്ട ഗ്രാമീണര്‍ സമരം ചെയ്യുന്നത്.  എന്നാല്‍ കൂടംകുളം സമരത്തെ പിന്തുണയ്ക്കുന്ന പരിസ്ഥിതിവാദികളുടെ ആവശ്യം ആണവപ്ലാന്റുകളേ നമുക്ക് വേണ്ട എന്നാണ്.  അതിനെ പറ്റി മറ്റൊരു പോസ്റ്റില്‍ എഴുതുന്നുണ്ട്. ഫുകുഷിമാ പോലെ ഒരു അപകടം കൂടംകുളത്ത് സംഭവിക്കാന്‍ സാധ്യതയില്ല എന്ന് വിശദീകരിക്കാനാണ് ഈ ലേഖനം എഴുതുന്നത്.

എന്താണ് ഫുകുഷിമാവില്‍ സംഭവിച്ചത് ?

2011 മാര്‍ച്ച് 11ന് റിക്ടര്‍ സ്കെയിലില്‍ 8.9 അടയാളപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഫുകുഷിമാ ആണവ റിയാക്ടറില്‍ ഘടിപ്പിച്ചിട്ടുള്ള Control Rods ( ചിത്രം കാണുക) താനാകവേ ഇറങ്ങി Nuclear chain reaction നിര്‍ത്തുകയുണ്ടായി. അപ്പോള്‍ റിയാക്ടറില്‍ ഉള്ള  Decay heat എന്ന ചൂട് തണുപ്പിക്കുന്നതിന് വേണ്ടിയുള്ള എലക്ട്രിക്ക് പമ്പ് പ്രവര്‍ത്തിച്ചില്ല. ഭൂകമ്പം നിമിത്തം വൈദുതി നിലച്ചത്കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.  ഇത്തരം ഘട്ടങ്ങളില്‍ എലക്ട്രിക്ക് പമ്പ് പ്രവര്‍ത്തിക്കുന്നതിന് ഡീസല്‍ ജനറേറ്റര്‍ ഉണ്ടാവും.  ദൌര്‍ഭാഗ്യവശാല്‍ സുനാമിയും ഒരുമിച്ച് വന്നപ്പോള്‍ ഉണ്ടായ വെള്ളപ്പെരുക്കില്‍ ഡീസല്‍ ജനറേറ്റര്‍ മുങ്ങിപ്പോയി.  ഈ സാഹചര്യത്തില്‍ ECCS എന്നു പറയുന്ന Emergency Core Cooling System പ്രവര്‍ത്തനരഹിതമായിപ്പോയി. അപ്പോള്‍ അതിചൂടുള്ള  Zircaloy എന്ന ലോഹം നീരാവി കലര്‍ന്ന് ഹൈഡ്രജന്‍ വാതകം രൂപപ്പെടാന്‍ തുടങ്ങി.  ഈ ഹൈഡ്രജന്‍ വാതകം  കൂടുതലായി ഘനീഭവിച്ച് ആണവപ്ലാന്റിന്റെ കെട്ടിടത്തിന്റെ പുറത്തേക്ക് വ്യാപിച്ചു.  ഇതാണ് ആളുകള്‍ ടെലിവിഷനില്‍ കണ്ട പുകപടലം.  ഹൈഡ്രജന്‍ വാതകത്തിന്റെ കൂടെ റിയാക്ടറില്‍ അതിന് മുന്‍പേ ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള വികിരണകണികകളും പുറത്തേക്ക് വ്യാപിച്ചിരിക്കും. 

ഇതില്‍ നിന്നും ഈ ദുരന്തം നടന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1) ഭൂകമ്പം.  2)  സുനാമി. 3) ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായത്.  4) ഒരു വിദ്യുച്ഛക്തിയും ഇല്ലാതെ റീയാക്ടര്‍ തണുപ്പിക്കുന്നതിനാവശ്യമായ സുരക്ഷാസംവിധാനം ഇല്ലാത്തത്. 5) ആണവപ്ലാന്റിന്റെ കെട്ടിടത്തിനകത്ത് രൂപം കൊണ്ട ഹൈഡ്രജന്‍ വാതകത്തെ ആഗിരണം ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇല്ലാത്തത്

കൂടംകുളം ആണവനിലയവും ഫുകുഷിമാ ആണവപ്ലാന്റും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്?  

ഭൂകമ്പം :  ജപ്പാന്‍ ഭൂകമ്പങ്ങളുടെ നാടാണ് എന്ന് എല്ലാവര്‍ക്കുമറിയാം. 7 റിക്ടര്‍ സ്കെയില്‍ അളവില്‍ വരെ ഭൂകമ്പങ്ങള്‍ അവിടെ സാധാരണയാണ്. എന്നാല്‍ കൂടംകുളം ഭൂകമ്പസാധ്യത ഇല്ലാത്ത seismic zone 2 ലാണ് ഉള്ളത്.  അതായത് കൂടംകുളത്ത് ഭൂകമ്പം ഉണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്. ഇന്ത്യയില്‍ ഭൂകമ്പ സാധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പ് താഴെ കാണുക. (കടപ്പാട്: www.mapsofindia.com) 
മാപ്പില്‍ കടും ചുകപ്പ് നിറത്തില്‍ കാണുന്ന സോണ്‍ 5ലാണ് അപായ സാധ്യത കൂടുതല്‍. കൂടംകുളം ഉള്‍പ്പെടുന്ന തിരുനെല്‍‌വേലി ജില്ല അപകടരഹിതമായ സോണ്‍ 2ല്‍ ആണെന്ന് കാണാം.

സുനാമി : സുനാമി എന്ന വാക്ക് തന്നെ ജപ്പാനിലാണ് ഉണ്ടായത് എന്ന് അറിയാമല്ലൊ. Harbour wave എന്നാണ് ജപ്പാന്‍ ഭാഷയില്‍ സുനാമിയുടെ അര്‍ത്ഥം. 14 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള തിരമാലകളാണ് ഫുകുഷിമയെ വിഴുങ്ങാന്‍ വന്നത്. 2004 ല്‍ ചെന്നൈയിലും തമിഴ്നാടിന്റെ മറ്റ് കടലോര പ്രദേശങ്ങളിലും സുനാമി അടിച്ചത്കൊണ്ട് ഫുകുഷിമയില്‍ വന്നത് പോലെഉള്ള സുനാമി കൂടംകുളത്തും വന്നുകൂടേ എന്ന് ന്യായമായും ചോദിക്കാം. സുനാമി പോലുള്ള വന്‍ തിരമാലകള്‍ രൂപംകൊള്ളുന്ന സ്ഥലങ്ങളെ  tsunamigenic fault  എന്നാണ് പറയുക. ഇങ്ങനെയുള്ള സ്ഥലത്ത് ഉടലെടുക്കുന്ന സുനാമിയുടെ തിരമാലകളുടെ ഉയരം അത് സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ദൂരം കുറയുമ്പോള്‍ തിരമാലകളുടെ ഉയരം കൂടുകയും , ദൂരം കൂടുമ്പോള്‍ ഉയരം കുറയുകയും ചെയ്യും. ജപ്പാനില്‍ ഈ സുനാമി രൂപം കൊണ്ട fault ഫുകുഷിമാവില്‍ നിന്ന്130 കി.മീ. മാത്രം അകലെയാണ്. അത്കൊണ്ടാണ് അത്രയും ഭീമാകാരമായ തിരമാലകള്‍ അവിടെ ആഞ്ഞടിച്ചത്. എന്നാല്‍  സുനാമി രൂപം കൊള്ളുന്ന fault ല്‍ നിന്ന് 1300 കി.മീ. അകലെയാണ് കൂടംകുളം സ്ഥിതി ചെയ്യുന്നത്. അതായത് കൂടംകുളത്തെ സുനാമി ആക്രമിച്ചാല്‍ തന്നെ ആ കടല്‍ത്തീരത്ത് എത്തുന്ന തിരമാലകളുടെ ഉയരം ഏറിയാല്‍ 3മീറ്റര്‍ ആയിരിക്കും.  സമുദ്രനിരപ്പില്‍ നിന്ന് 9 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കൂടംകുളം പ്ലാന്റിനെ സുനാമി ഒരു തരത്തിലും ബാ‍ധിക്കുകയില്ല എന്നു പറയുന്നത് ഇത്കൊണ്ടാണ്.
(നോക്കുക: http://www.tsunamisociety.org/272Jaiswal.pdf )

ഡീസല്‍ ജനറേറ്റര്‍ : ഫുകുഷിമാവില്‍ ഡീസല്‍ ജനറേറ്റര്‍ താഴ്ന്ന ഇടത്തില്‍ സ്ഥാപിച്ചത്കൊണ്ട് വെള്ളത്തിനടിയില്‍ മുങ്ങിപ്പോയി. എന്നാല്‍ കൂടംകുളത്ത് ഡീസല്‍ ജനറേറ്റര്‍ 9.3 മീറ്റര്‍ ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. മാത്രമല്ല കൂടംകുളത്ത് ഒരു റീയക്ടറിന് 4 ഡീസല്‍ ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. (നന്ദി:KKNPP).

വിദ്യുച്ഛക്തി ഇല്ലാതെ റീയാക്ടര്‍ തണുപ്പിക്കുന്നതിനാവശ്യമായ സുരക്ഷാസംവിധാനം : ഇത് വളരെ പ്രധാനപ്പെട്ട ഒരു സുരക്ഷാസംവിധാനമാണ്. ഫുകുഷിമാവില്‍ ഈ സംവിധാനം ഇല്ല്ലായിരുന്നു. ഒരു വേള നാല് ഡീ‍സല്‍ ജനറേറ്ററുകളും നിശ്ചലമാവുകയാണെങ്കില്‍  Passive heat removal system എന്ന അതിനൂതനമായ സുരക്ഷാസംവിധാനത്താല്‍ കൂടംകുളം പ്ലാന്റിലെ റീയാക്ടറുകള്‍ തണുപ്പിക്കും. അത്കൊണ്ട് ഒരു കാരണവശാലും ഫുകുഷിമായില്‍ സംഭവിച്ചത് പോലെ കൂടംകുളത്ത് Decay Heat എന്ന താപം തണുപ്പിക്കാതിരിക്കില്ല.

ഹൈഡ്രജന്‍ വാതകത്തെ ആഗിരണം ചെയ്യാനുള്ള ഉപകരണങ്ങള്‍ : ഹൈഡ്രജന്‍ വാതകത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പോയതാണ് ഫുകുഷിമായില്‍ ഏര്‍പ്പെട്ട നാശനഷ്ടങ്ങള്‍ക്ക് അടിസ്ഥാനമായ മുഖ്യകാരണം. എന്നാല്‍ കൂടംകുളത്ത്  Hydrogen recombiner എന്ന ഉപകരണങ്ങള്‍ നിരവധി സ്ഥാപിച്ചിട്ടുള്ളത്കൊണ്ട് അഥവാ ഹൈഡ്രജന്‍ ഉണ്ടായാല്‍ തന്നെ  ഈ ഉപകരണങ്ങള്‍ ഹൈഡ്രജനെ ഓക്സിജനുമായി സംയോജിപ്പിച്ച് നീരാവിയാക്കി മാറ്റും.

ഇത്രയും മുന്‍‌കരുതലുകള്‍ കൂടാതെ കൂടംകുളം ആണവനിലയത്തില്‍ Core  Catcher എന്നൊരു പ്രധാനപ്പെട്ട സുരക്ഷിതസംവിധാനവും ഒരുക്കിയിട്ടുണ്ട്. പൊതുവെ പറയപ്പെടുന്നത് പോലെ ആണവ റിയാക്ടറുകള്‍ പൊട്ടിത്തെറിക്കുകയില്ല. മറിച്ച് അവ ഉരുകിപ്പോകും എന്ന് പറയുന്നതാവും ശരി.  ഒരു പക്ഷെ എല്ലാ സുരക്ഷാസംവിധാനങ്ങളും പാളിപ്പോയി റിയാക്ടര്‍ ഉരുകിപ്പോയാലും അതൊന്നും പുറത്തേക്ക് പോകാതെ സംരക്ഷിക്കുന്ന ഒരു സംവിധാനമാണ് Core  Catcher എന്നത്. ഈ ഏര്‍പ്പാടും ഫുകുഷിമായില്‍ ഇല്ലായിരുന്നു.

ഇങ്ങനെ എല്ലാ വിധത്തിലും മുന്‍‌കരുതലും സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുള്ള കൂടംകുളം ആണവനിലയത്തെ 50വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഫുകുഷിമാ ആണവനിലയത്തോട് താരതമ്യപ്പെടുത്തി ഭയപ്പെടുന്നതിലോ ഭയം ജനിപ്പിക്കുന്നതിലോ യാതൊരു അര്‍ത്ഥവുമില്ല.

അവലംബം: 'The Upside Down Book Of Nuclear Power' written by  Saurav Jha

(തുടരും)

കാറ്റില്‍ നിന്ന് സസ്യങ്ങള്‍ക്ക് ജലസേചനം

ഈ വര്‍ഷത്തെ  James Dyson അവാര്‍ഡ് 10,000 ബ്രിട്ടീഷ് പൌണ്ട് ഏതാണ്ട് 7,30,000രൂപ ആസ്ത്രേലിയന്‍ വിദ്യാര്‍ത്ഥിയായ എഡ്വേര്‍ഡ് ലിനാക്രേക്ക് ലഭിച്ചത് എന്തെങ്കിലും സോഫ്റ്റ്‌വേറോ സ്മാര്‍ട്ട് ഫോണോ മറ്റ് കണ്‍സ്യൂമര്‍ ഉല്പന്നങ്ങളോ കണ്ടുപിടിച്ചതിനല്ല.മറിച്ച്  അന്തരീക്ഷത്തിലുള്ള ജലാംശം വെള്ളമാക്കി മാറ്റി സസ്യങ്ങള്‍ക്ക് ജലസേചനം നടത്താന്‍ കഴിയുന്ന ഒരു ഉപകരണം കണ്ടുപിടിച്ചതിനാണ്.  നമ്മുടെ ചുറ്റുമുള്ള അന്തരീഷത്തില്‍ ഈര്‍പ്പം അഥവാ ജലാംശം ഉണ്ടെന്ന് നമുക്കറിയാം.

അന്തരീക്ഷത്തിലെ ജലാംശം ഊറ്റിയെടുക്കുന്ന ഉപകരണങ്ങള്‍ ഇന്ത്യയിലെ തന്നെ ചില നഗരങ്ങളിലെ ഓഫീസുകളിലും മറ്റും ഉണ്ട് എന്ന് അറിയുന്നു.  അന്തരീക്ഷത്തിലെ ഈര്‍പ്പം ജലമാക്കി മാറ്റി കൃഷിക്ക് ഉപയുക്തമാക്കുന്ന ഉപകരണങ്ങള്‍ കണ്ടുപിടിക്കാന്‍ പാശ്ചാത്യരാജ്യങ്ങളില്‍ ഗവേഷണം നടന്നിട്ടുണ്ടെങ്കിലും അത്ര വിജയിച്ചിട്ടില്ല. ഇപ്പോള്‍ ലിനാക്രേ കണ്ടുപിടിച്ചിരിക്കുന്ന ഉപകരണം വിജയിച്ചാല്‍ മരുഭൂമികളിലും കൃഷി ചെയ്യാന്‍ പറ്റും. എന്തെന്നാല്‍ ജലം അന്തരീക്ഷത്തില്‍ എവിടെയുമുണ്ട്.

അന്തരീക്ഷത്തില്‍ ജലം ഉണ്ടെന്ന് നമുക്ക് എങ്ങനെ തെളിയിക്കാന്‍ പറ്റും എന്ന് നോക്കാം. ഒരു ഗ്ലാസ് ടംബ്ലര്‍ എടുത്ത് തുണി കൊണ്ട് തുടച്ച് ഡ്രൈ ആക്കുക. എന്നിട്ട് ആ ഗ്ലാസിനകത്ത് ഏതാനും ഐസ് കട്ടകള്‍ നിക്ഷേപിക്കുക. അല്പസമയം കൊണ്ട് ആ ഗ്ലാസ് ടംബ്ലറിന്റെ പുറത്ത് ജലകണികകള്‍ പറ്റിപ്പിടിക്കുന്നതും ഉരുകിയൊലിക്കുന്നതും കാണാം. എന്ത്കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഗ്ലാസില്‍ ഐസ് ഇട്ടപ്പോള്‍ അതിന്റെ പുറം ഭിത്തി തണുക്കുന്നു. ഗ്ലാസിന്റെ പുറം ഭിത്തിയുമായി സമ്പര്‍ക്കത്തിലുള്ള വായുവും തണുത്ത് , വായുവിലുള്ള നീരാവി ഘനീഭവിച്ച് ജലകണികകളായി മാറുന്നു.

വായുവിലുള്ള നീരാവി ജലമാക്കി മാറ്റിക്കൊണ്ടേയിരുന്നാലും പിന്നെയും പിന്നെയും അന്തരീക്ഷത്തില്‍ ജലാംശം വന്നുകൊണ്ടേയിരിക്കും. അങ്ങനെ വായുവിനെ നമുക്ക് വറ്റാത്ത ജലസ്രോതസ്സാ‍യി മാറ്റാന്‍ കഴിയും. ഇവിടെയാണ് എഡ്വേര്‍ഡ് ലിനാക്രേയുടെ കണ്ടുപിടുത്തത്തിന്റെ പ്രസക്തി. (ചിത്രം കാണുക). ഇവിടെ കാണുന്ന ഉപകരണം വായുവിലെ നീരാവി വലിച്ചെടുത്ത് ജലമാക്കി സസ്യങ്ങളുടെ വേരുകളിലേക്ക് പായ്ക്കുകയാണ് ചെയ്യുന്നത്.

ആഫ്രിക്കയിലെ നമീബിയ എന്ന നാട്ടില്‍ ഉള്ള മരുഭൂമിയില്‍ ഒരു തരം വണ്ട് ഉണ്ട്. Stenocara gracilipes എന്നാണത്രെ ശാസ്ത്രീയ നാമം.  മരുഭൂമിയില്‍ നിന്ന് വെള്ളം ശേഖരിക്കാനും അങ്ങനെ അതിജീവിയ്ക്കാനും ആ പ്രാണിക്ക് അത്യന്തം അതിശയകരമായ മാര്‍ഗ്ഗമാണ് പ്രകൃതി ഒരുക്കിയിട്ടുള്ളത്.  തന്റെ കണ്ടുപിടുത്തത്തിന് ഈ പ്രാണിയാണത്രെ എഡ്വേര്‍ഡ് ലിനാക്രേക്ക് പ്രചോദനമായത്.  നമീബിയയിലെ മരുഭൂമിയില്‍ അറ്റ്ലാന്റിക്ക് സമുദ്രത്തില്‍ നിന്ന് നീരാവിയുള്ള കാറ്റ് വീശിക്കൊണ്ടിരിക്കും. ഈ വണ്ടിന്റെ മുതുകില്‍ ഉള്ള സവിശേഷമായ സംവിധാനം കാറ്റിലുള്ള നീരാവിയെ ജലകണികയാക്കി മാറ്റി, മുതുക് പുറത്തുള്ള നേരിയ ചാലുകള്‍ വഴിയായി അതിന്റെ വായയില്‍ എത്തുന്നു. അങ്ങനെ ആ വണ്ട് ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ അന്തരീക്ഷത്തിലെ നീരാവിയെ ദാഹജലമാക്കി മാറ്റാനുള്ള കഴിവ് നിസ്സാ‍രമായ ആ പ്രാണിക്ക് ഉണ്ട്.

വളരെ ലളിതമായ ഉപകരണമാണ് ലിനാക്രേ കണ്ടുപിടിച്ചിട്ടുള്ളത്.  ചെലവ് കുറഞ്ഞ് നിര്‍മ്മിക്കാനും സഹായവിലയ്ക്ക് ഇത് ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് നല്‍കാനും സാധിക്കുകയാണെങ്കില്‍  ഇന്ത്യയിലെ വെള്ളത്തിന് ക്ഷാമമുള്ള ഗ്രാമങ്ങളില്‍ സസ്യങ്ങള്‍ക്കും ചെടികള്‍ക്കും ജലസേചനം നടത്താന്‍ ഈ ഉപകരണം കൊണ്ട് കഴിയും.  വെള്ളം കിട്ടാത്ത കാരണത്താല്‍ കൃഷി ചെയ്യാന്‍ കഴിയാത്ത എത്രയോ ഭൂമി നമ്മുടെ രാജ്യത്ത് ഉണ്ട്. കേരളത്തിലെ കാര്യമല്ല പറഞ്ഞത്. ഇവിടെ എന്ത് ഭൂമി, എന്ത് കൃഷി. ഉപഭോക്തൃസംസ്ഥാ‍നമായിപ്പോയില്ലേ!
ആസ്ത്രേലിയയില്‍ മര്‍‌റേ-ഡാര്‍ലിങ്ങ് എന്ന പ്രദേശത്ത് പന്ത്രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായ വരള്‍ച്ച ബാധിച്ച് കൃഷി മിക്കവാറും നശിച്ച് പോയിരുന്നു. കര്‍ഷകര്‍ ആത്മഹത്യയെ ശരണം പ്രാപിക്കുന്ന ദയനീയമായ അവസ്ഥ.  ഈയൊരു പരിതാപകരമായ സാഹചര്യത്തിലാണ് എന്തെങ്കിലും ചെയ്തേ തീരൂ എന്ന ഉള്‍‌പ്രേരണയാല്‍ എഡ്വേര്‍ഡ് ലിനാക്രേ ഈ ഉപകരണം കണ്ടുപിടിക്കുന്നത്.

ലിനാക്രേയുടെ ഈ ഉപകരണത്തില്‍ ഉള്ള ടര്‍ബൈന്‍ കറങ്ങി കാറ്റിനെ വലിച്ചെടുത്ത് കുഴലിലൂടെ മണ്ണിനടിയില്‍ കൊണ്ടുപോകുന്നു. ഈ മെയിന്‍ കുഴല്‍ മണ്ണിന്റെ അടിയിലുള്ള നേരിയ കുഴലുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. ആ കുഴലുകളില്‍ വെച്ച് കാറ്റ് തണുത്ത് അതിലുള്ള നീരാവി വെള്ളമായി മാറി ഒരു തൊട്ടിയില്‍ ശേഖരിക്കപ്പെടുന്നു.  തൊട്ടിയിലുള്ള മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോള്‍ വെള്ളം കുഴലുകളിലൂടെ ചെടികളുടെ വേരുകളിലേക്ക് പായുന്നു.  ഇങ്ങനെ ടര്‍ബൈനും മോട്ടോറും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വൈദ്യുതി സൌരോര്‍ജ്ജത്തില്‍ നിന്ന് ഉല്പാദിപ്പിക്കാനുള്ള സോളാര്‍ പാനലും ഉപകരണത്തിന്റെ ഭാഗമാണ്.

കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളുമായും കര്‍ഷകരുമായും ഓരോ ഘട്ടത്തിലും ഉപദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ലിനാക്രെ ഈ യന്ത്രത്തിന് രൂപകല്പന ചെയ്തത്.  വീട്ടിന് ചുറ്റുമുള്ള അമ്മയുടെ തോട്ടത്തിലാണ് ലിനാക്രേ ഈ ഉപകരണം ആദ്യം പരീക്ഷിച്ചു നോക്കിയത്. Airdrop Irrigation system എന്നാണ് ലിനാക്രേ ഇതിന് പേരിട്ടിരിക്കുന്നത്. ഇത് നമുക്കറിയാവുന്ന  drop Irrigation എന്ന സമ്പ്രാദായത്തേക്കാളും മികച്ചതാണ്. എന്തെന്നാല്‍ ഈ സമ്പ്രദായത്തില്‍ വെള്ളം നേരിട്ട് വേരുകളിലേക്ക് എത്തുന്നു.  സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ഈ യന്ത്രം വ്യാവസായികമായ രീതിയില്‍ ഉല്പാദിപ്പിക്കപ്പെട്ട് നമ്മുടെ രാജ്യത്തുള്ള കര്‍ഷകര്‍ക്ക് ലഭ്യമാവണമെങ്കില്‍ അത് അടുത്തൊന്നും നടക്കുന്ന കാര്യമായി തോന്നുന്നില്ല.

ലിനാക്രേ ആസ്ത്രേലിയയില്‍ മെല്‍ബേണ്‍ നഗരത്തിലെ സ്വിന്‍ ബേണ്‍ സാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയാണ്. ഇന്ത്യക്കാരായ വിദ്യാര്‍ഥികളും അവിടെ പഠിക്കുന്നുണ്ട്.  ഇംഗ്ലണ്ടിലെ കോടീശ്വരനായ ജേംസ് ഡൈസന്‍ , ഡിസൈന്‍ എഞ്ചിനിയറിങ്ങ് പഠിക്കുന്ന വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഒരു ട്രസ്റ്റ് 2002 ല്‍ സ്ഥാപിക്കുകയുണ്ടായി.  നവീനമായ ഉപകരണങ്ങള്‍ കണ്ടുപിടിക്കുന്ന ഡിസൈന്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥികള്‍ക്ക് ആ ട്രസ്റ്റ് പാരിതോഷികങ്ങള്‍ നല്‍കി വരുന്നു.  ഇക്കഴിഞ്ഞ നവമ്പര്‍ 8നാണ്  എഡ്വേര്‍ഡ് ലിനാക്രേയ്ക്ക് അവാര്‍ഡ് പ്രഖ്യാപിച്ചത്.  ലിനാക്രേയ്ക്ക് ലഭിക്കുന്ന അത്രയും തുക അവന്‍ പഠിക്കുന്ന സ്വിന്‍ ബേണ്‍ യൂനിവേഴ്സിറ്റിക്കും ലഭിക്കും. ആസ്ത്രേലിയയിലെ പ്രശസ്തമായ യൂനിവേഴ്സിറ്റ്യാണിത്.

ഈ കണ്ടുപിടുത്തത്തെ കുറിച്ച് എഡ്വേര്‍ഡ് ലിനാക്രേ പറയുന്നത് ഇവിടെ നിന്ന് കേള്‍ക്കാം.


പ്രകാശേട്ടന്റെ ബ്ലോഗും അല്പം ചില സ്വന്തം കാര്യങ്ങളും

ര്‍ക്കുട്ടില്‍ വെച്ചാണ് പ്രകാശേട്ടനെ ഞാന്‍ പരിചയപ്പെടുന്നത്. സിനിമാനടനും ചാനല്‍ അവതാരകനും (വേറിട്ട കാഴ്ചകള്‍‍) ഒക്കെയായ ശ്രീരാമന്റെ ജ്യേഷ്ടനാണ് അദ്ദേഹം. ഒരിക്കല്‍ തൃശൂരില്‍ പോയപ്പോള്‍ ഞങ്ങള്‍ തമ്മില്‍ നേരിട്ട് കാണുകയുമുണ്ടായി. തൃശൂരില്‍ ഒല്ലൂരില്‍ എന്റെ മകള്‍ക്ക് വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ടാണ് എനിക്കും മകള്‍ക്കും അവിടെ പോകേണ്ടി വന്നത്.  തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്റിന് അടുത്തുള്ള ഒരു ഫ്ലാറ്റിലാണ് ഞാനും മകളും താമസിച്ചിരുന്നത്. ഈച്ചരവാര്യരുടെ മൂത്ത മകള്‍ രമടീച്ചറുടെ ഫ്ലാറ്റായിരുന്നു അത്.  ഈച്ചരവാര്യര്‍ അവസാനകാലത്ത് മകളുടെ കൂടെ ആ ഫാറ്റിലാണ് താമസിച്ചിരുന്നത്. രമടീച്ചറുടെ മകളുടെ ഭര്‍ത്താവ് നൈജീരിയയില്‍ എന്റെ മരുമകന്റെ കൂടെയാണ് ജോലി ചെയ്യുന്നത്. അങ്ങനെയാണ് ഞങ്ങള്‍ ടീച്ചറുടെ ഫ്ലാറ്റില്‍ അതിഥിയാവുന്നത്.  അന്ന് രമടീച്ചറുടെ ഫ്ലാറ്റിലേക്ക് സ്വന്തം കാര്‍ ഓടിച്ചു വന്നാണ് പ്രകാശേട്ടനും ഞാനും നേരില്‍ കാണുന്നത്.  ശക്തന്‍ തമ്പുരാന്‍ ബസ്സ് സ്റ്റാന്റിന്റെ അടുത്ത് തന്നെയാണ് പ്രകാശേട്ടന്റെ വീട് എങ്കിലും എനിക്ക് അദ്ദേഹത്തിന്റെ വീട്ടില്‍ പോകാനോ , രണ്ടാമതൊരിക്കല്‍ കൂടി കാണാനോ കഴിഞ്ഞില്ല. ഒല്ലൂരിലാണ് ജോയ്‌ന്‍ ചെയ്തതെങ്കിലും അവിടെ ജോലി ചെയ്യാതെ തന്നെ മകള്‍ കണ്ണൂരിലേക്ക് ട്രാന്‍സ്ഫര്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇനി വീണ്ടും പ്രകാശേട്ടനെ കാണുമോ എന്നറിയില്ല. അതാണല്ലൊ ജീവിതത്തിന്റെ അനിശ്ചിതത്വം എന്നു പറയുന്നത്. ഞാനും പ്രകാശേട്ടനും ചില ആരോഗ്യപ്രശ്നങ്ങളിലാണ് എന്നതും വീണ്ടുമൊരു കൂടിക്കാഴ്ചയുടെ സാധ്യത വിരളമാക്കുന്നുണ്ട്.

പ്രകാശേട്ടന്റെ മിക്ക ബ്ലോഗ് പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളാണ് വളരെ സരളമായും വളച്ചുകെട്ടില്ലാതെയും അധികം പോസ്റ്റുകളിലും എഴുതാറുള്ളത്.  അത്കൊണ്ട് പ്രകാശേട്ടന്‍ എല്ലായ്പ്പോഴും എന്റെ ഓര്‍മ്മകളിലുണ്ട്.  ഇന്ന് രാവിലെ തന്നെ അദ്ദേഹത്തിന്റെ “ ഇവള്‍ ഇത്ര ഭയങ്കരിയാണോ?” എന്ന പോസ്റ്റ് വായിച്ചിട്ടാണ് ഞാന്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ പോകുന്നത്.  ചപ്പാത്തിയാണ് ആ പോസ്റ്റിലെ താരം.  ചപ്പാത്തി അദ്ദേഹത്തിനെന്ന പോലെ എനിക്കും ഭയങ്കര ഇഷ്ടമാണ്.  എനിക്ക് ഇന്ന് ഗോദമ്പ് ദോശയായിരുന്നു ബ്രേക്ക്ഫാസ്റ്റ്.  ചപ്പാത്തി ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. പക്ഷെ പ്രകാശേട്ടന്റെ നല്ലപാതി അദ്ദേഹത്തിന് ചപ്പാത്തി ഉണ്ടാക്കി കൊടുക്കുന്നില്ല. എനിക്കും കിട്ടുന്നില്ല.  പൊതുവെ ചപ്പാത്തി ഉണ്ടാക്കാന്‍ പെണ്ണുങ്ങള്‍ക്ക് മടിയാണെന്ന് തോന്നുന്നു. എന്തും എളുപ്പത്തില്‍ ഉണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ അടുക്കളക്കാരികളുടെ ഒരു രീതി. മിക്സി,ഗ്രൈന്‍ഡര്‍, പ്രഷര്‍കുക്കര്‍, ഗ്യാസ് അടുപ്പ് എന്നിവയൊക്കെ അടുക്കളപ്പണി അനായാസമാക്കിയപ്പോള്‍ വന്നൊരു മാറ്റമാണിത്.

പണ്ട് എന്റെ അമ്മ വയലില്‍ കൊയ്യാന്‍ പോയി, വൈകുന്നേരം കൂലിയായി കിട്ടിയ നെല്ല്ല് പുഴുങ്ങി ഉണക്കി ഉരലിലിട്ട് കുത്തി ചോറ് വെച്ച് തരുമായിരുന്നു. നെല്ല് കുത്തി പാറ്റുമ്പോള്‍ തവിട് കളയാതെ അരിച്ചെടുത്ത് തരുമായിരുന്നു. അന്നൊക്കെ മക്കളെ പോറ്റാന്‍ അമ്മമാര്‍ എന്തെന്ത് സാഹസങ്ങളാണ് ചെയ്തതും അനുഭവിച്ചതും.  അതൊക്കെ വിസ്തരിക്കാന്‍ ആരെങ്കിലും മുതിരുകയാണെങ്കില്‍ നല്ലൊരു ക്ലാസിക്ക് കൃതിയാവും അത്.  വിശപ്പ് മാറ്റാന്‍ ഞാനും ചങ്ങാതിമാരും ക്ഷണിക്കാത്ത കല്യാണവീടുകളില്‍ പോയിട്ടുണ്ട്. മുത്തശ്ശി നമ്പ്യാര്‍മാരുടെ വീടുകളില്‍ കല്യാണം നടക്കുമ്പോള്‍ പോയി സദ്യ കഴിഞ്ഞാ‍ല്‍ എച്ചിലിലകളില്‍ ശേഷിക്കുന്നവ ശേഖരിച്ച് ഒരിലയില്‍ പൊതിഞ്ഞ് കൊണ്ടുവരുമായിരുന്നു.  ഇന്നിത് വായിക്കുന്നവര്‍ക്ക് ഓക്കാനം വരും. പക്ഷെ അന്ന് ആ ചോറിന് എനിക്കെന്ത് രുചിയായിരുന്നെന്നോ.

ഇത്പോലത്തെ ഒരു സംഭവം ഞാന്‍ പിന്നീട് കാണുന്നത് മദ്രാസില്‍ വെച്ചായിരുന്നു. ജോലി തേടി മദ്രാ‍സില്‍ അലയുന്ന കൌമാരകാലം. സെന്‍‌ട്രല്‍ സ്റ്റേഷന്റെ അടുത്തുള്ള റോഡില്‍ ചില സ്ത്രീകള്‍ വട്ടമിട്ടിട്ടിരുന്നു, ടിഫിന്‍ കേരിയറില്‍ ബാക്കി വന്നിരുന്ന ഉച്ഛിഷ്ടങ്ങള്‍ എല്ലാം ഒരു പാത്രത്തിലാക്കി അത് വില്പനയ്ക്ക് വെക്കുന്നു. ചിലര്‍ അത് വാങ്ങി കഴിക്കുന്നുമുണ്ട്. പിന്നീടുള്ള ദിവസങ്ങളില്‍ ശ്രദ്ധിച്ചപ്പോള്‍ അതുമൊരു കച്ചവടമായിരുന്നു. നഗരത്തിലെ വീടുകളില്‍ നിന്ന് ടിഫിന്‍ കേരിയറില്‍ ഓഫീസുകളില്‍ ഭക്ഷണം എത്തിക്കുന്നവര്‍ അത് മടക്കി എടുത്ത് വരുമ്പോള്‍ സെന്‍‌ട്രല്‍ സ്റ്റേഷന്റെ അടുത്ത് വെച്ച് ബാക്കിയാവുന്ന ഭക്ഷണങ്ങള്‍ എല്ലാം എടുത്ത് കാലി ടിഫിന്‍കേരിയര്‍ വീടുകളില്‍ എത്തിക്കുന്നു. അവര്‍ക്ക് ചില്ലറ വരുമാനവും വിശക്കുന്നവര്‍ക്ക് ചില്ലറ നാണയത്തുട്ടുകള്‍ക്ക് വിശപ്പിന് പരിഹാരവും.  ഒട്ടിയ വയറും കാലിയായ കീശയുമായി പലവട്ടം ആ വഴി പോകുമ്പോള്‍ കൊതിയോടെ ഞാന്‍ ആ എച്ചില്‍ വില്പന നോക്കിയിട്ടുണ്ട്.  വിശപ്പിന്റെ കാഠിന്യം അനുഭവിച്ചവര്‍ക്കേ അറിയൂ.

ചപ്പാത്തിയും ഉരുളക്കിഴങ്ങ് ഫ്രൈയും ഞാന്‍ ഉണ്ടാക്കാറുണ്ടായിരുന്നു.  വീട്ടിലെ അടുക്കളപ്പണിയില്‍ എപ്പോഴും പകുതി ഭാര്യയുമായി ഞാന്‍ പങ്ക് വയ്ക്കാറുണ്ടായിരുന്നു. ചപ്പാത്തിയുടെ കൂടെ ഉരുളക്കിഴങ്ങ് ഫ്രൈ നല്ല രുചിയാണ്. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വാസനയാണ് ഉരുളക്കിഴങ്ങ് ഫ്രൈക്ക് നല്ല സ്വാദ് നല്‍കുന്നത്.  നാക്കും മൂക്കും ചേര്‍ന്നാണല്ലൊ രുചി എന്ന സംഭവം നാം അറിയുന്നത്. ഇന്ന് സൌകര്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ അടുക്കളയെ ആരും അത്ര ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. അത്കൊണ്ടല്ലെ ഹോട്ടലുകളില്‍ ഇത്ര തിരക്ക്. വാസ്തവത്തില്‍ ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങള്‍ക്ക് എന്ത് ടേസ്റ്റ് ആണ് ഉള്ളത്. അപൂര്‍വ്വം ചില ഹോട്ടലുകളില്‍ രുചിയുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ ലഭിക്കാറുണ്ട് എന്ന വസ്തുത വിസ്മരിക്കുന്നില്ല.  എന്നാലും നമ്മുടെ അടുക്കളയില്‍ വെച്ച് എന്തെന്ത് രുചികരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കാമായിരുന്നു! ആര്‍ക്കും ഒന്നിനും നേരമില്ല ഇപ്പോഴൊക്കെ.  ഷോപ്പിങ്ങും സീരിയലും ഒക്കെ കഴിഞ്ഞ് നേരം വേണ്ടേ.  രുചികരമായ, വിധം വിധങ്ങളായ ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുകയും അത് മറ്റുള്ളവര്‍ക്ക് പരിമാറുന്നതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്യുക എന്നത് ഒരു വാസനയാണ്.

പ്രകാശേട്ടനും ഞാനും ഏതാണ്ട് സമപ്രായക്കാരാണ്. അറുപത് കഴിഞ്ഞവര്‍. മക്കളൊക്കെ കല്യാണം കഴിഞ്ഞ് സെറ്റില്‍ ആയി.  വയസ്സാകുമ്പോള്‍ പല പ്രശ്നങ്ങളുമുണ്ട്. മക്കളൊക്കെ അവരുടെ പാട്ടിന് ജീവിയ്ക്കും എന്നതാണ് അംഗീകരിക്കാന്‍ പ്രയാസമുള്ള ഒരു വെല്ലുവിളി. നമ്മള്‍ ഒരു പുരുഷായുസ്സ് കൊണ്ട് ആര്‍ജ്ജിച്ച അനുഭവങ്ങളൊന്നും അവര്‍ക്ക് വേണ്ട. അവര്‍ക്ക് അവരുടേതായ രീതികളുണ്ട്. ആ രീതികളുമായി പൊരുത്തപ്പെടാന്‍ നമ്മള്‍ നിര്‍ബ്ബന്ധിതരാവുന്നു.  ഇന്ന് നല്ല പോലെ പണം സമ്പാദിക്കാന്‍ മക്കള്‍ക്ക് കഴിയുന്നുണ്ട്. അതൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ചെലവാക്കി ധൂര്‍ത്ത് ചെയ്യുകയാണ്.  മണ്ണിനോട് തീരെ സ്നേഹമില്ല. ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ കുറെ പൊരുത്തക്കേടുകള്‍ വിവരിക്കാന്‍ പറ്റും. അത്കൊണ്ടെന്ത് പ്രയോജനം.

കുറെ കാര്യങ്ങള്‍ എഴുതണമെന്നുണ്ടായിരുന്നു. അപൂര്‍ണ്ണമായി ഈ പോസ്റ്റ് ഞാന്‍ ഇവിടെ അവസാനിപ്പിക്കുകയാണ്.  അവനവന്റെ മനസ്സില്‍ തോന്നുന്നത് അപ്പടി ബ്ലോഗില്‍ പകര്‍ത്താന്‍ പ്രകാശേട്ടനുള്ള കഴിവ് ഒന്ന് വേറെ തന്നെ.  മേലെ കാണുന്ന ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ പ്രകാശേട്ടന്റെ പ്രൊഫൈലില്‍ എത്താം.  ഇമേജിന് ലിങ്ക് കൊടുക്കുന്നത് എങ്ങനെയെന്ന് അറിയാത്തവര്‍ ഉണ്ടെങ്കില്‍ പറഞ്ഞുതരാം.

സൌജന്യ വെബ്‌സൈറ്റ് / Free Website for Indians

ന്റര്‍നെറ്റ് ഇന്ന് ജീവിതത്തിന്റെ ഒരു അവിഭാജ്യഭാഗമായി മാറി എന്നു പറയാം. നമുക്ക് എന്ത് വിവരങ്ങള്‍ വേണമെങ്കിലും ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കും. അത്കൂടാതെ എന്ത് സാ‍ധനങ്ങള്‍ വേണമെങ്കിലും നമുക്ക് ഇന്റര്‍നെറ്റില്‍ നിന്ന് വാങ്ങാം. ആവശ്യമുള്ള സാധനങ്ങളെ പറ്റി മനസ്സിലാക്കി ഓര്‍ഡര്‍ ചെയ്താല്‍ കൊറിയര്‍കാരന്‍ വീട്ടില്‍ സാധനങ്ങള്‍ കൊണ്ടുവന്നു തരുമ്പോള്‍ മാത്രം അതിന്റെ പണം കൊടുത്താല്‍ മതി.  ആലങ്കാരികമായി പറഞ്ഞാല്‍ മൊട്ടുസൂചി മുതല്‍ ആഡംബരകാര്‍ വരെ ഇങ്ങനെ ഇന്റര്‍നെറ്റില്‍ നിന്ന് വാങ്ങാന്‍ കഴിയും. തട്ടിപ്പ് ആണെന്ന് പേടിക്കേണ്ടതില്ല.  സാധനം കൈപ്പറ്റുമ്പോഴാണല്ലൊ കാശ് കൊടുക്കുന്നത്. അഥവാ പായ്ക്ക് ചെയ്ത സാധനം തുറന്നു നോക്കുമ്പോള്‍ ഡ്യൂപ്ലിക്കേറ്റ് ആയിരിക്കുമോ എന്നും പേടിക്കേണ്ട. കാരണം ഇത്തരം ഓണ്‍‌ലൈന്‍ ഷോപ്പുകള്‍ക്ക് ആളുകളുടെ വിശ്വാസ്യത ആര്‍ജ്ജിച്ചെങ്കില്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ.

ഈ രീതിയില്‍ ലോകപ്രശസ്തിയും വിശ്വാസ്യതയുമുള്ള നിരവധി ഓണ്‍ലൈന്‍ ഷോപ്പുകളുണ്ട്. ഇപ്രകാരം എന്തൊക്കെ സാധനങ്ങള്‍ , എവിടെ നിന്നൊക്കെ വാങ്ങാം എന്നതില്‍ ഒരു പരിധിയുമില്ല. ലോകത്തിലെ ഏത് ഡീലറുടെ പക്കല്‍ നിന്നും നമുക്ക് പര്‍ച്ചേസ് ചെയ്യാം. നമ്മള്‍ ഇന്റര്‍നെറ്റില്‍ ഓര്‍ഡര്‍ നല്‍കുന്നു, അമേരിക്കയിലെ ഒരു ഡീലറില്‍ നിന്ന് പോലും സാധനം വീട്ടില്‍ എത്തുന്നു. അപ്പോള്‍ മാത്രം പണം കൊടുത്താല്‍ മതി. വിലയാകട്ടെ നമ്മള്‍ നേരിട്ട് വാങ്ങുന്നതിലും എന്തായാലും കുറവായിരിക്കും.  ഇങ്ങനെയുള്ള ഒട്ടേറെ ഓണ്‍‌ലൈന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉണ്ടെന്ന് പറഞ്ഞല്ലൊ. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്  eBay India.  എന്നാല്‍ ഈബേയില്‍  ഓര്‍ഡര്‍ നല്‍കുമ്പോള്‍ തന്നെ പണം അടയ്ക്കേണ്ടതുണ്ട്. അതിന് ക്രഡിറ്റ് കാര്‍ഡോ നെറ്റ്ബാങ്കിങ്ങ് അക്കൌണ്ടോ വേണം. ഇന്ന് ഏത് ബാങ്കില്‍ അക്കൌണ്ട് എടുത്താലും ATM കാര്‍ഡും നെറ്റ്ബാങ്കിങ്ങ് സൌകര്യവും തരുന്നുണ്ട്. മൊബൈല്‍ ഫോണില്‍ നിന്നും ബാങ്കിങ്ങ് ഇടപാട് നടത്താനുള്ള സൌകര്യവും വന്നിട്ടുണ്ട്. സാധനം കൈപ്പറ്റുമ്പോള്‍ കാശ് കൊടുത്താല്‍ മതി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന (Cash on Delivery) ഓണ്‍‌ലൈന്‍ ഷോപ്പുകളില്‍ ചിലത്  Rediff , Flipkart  എന്നിവയാണ്.

ഇത്രയും സൌകര്യങ്ങള്‍ നല്‍കുന്ന ഇന്റര്‍നെറ്റ് എന്നത് നമുക്ക് സൌജന്യമായാണ് ലഭിക്കുന്നത് എന്ന് പലരും ഓര്‍ക്കുന്നില്ല.  എന്തൊക്കെയാണ് ഇന്റര്‍നെറ്റില്‍ നിന്ന് സൌജന്യമായി കിട്ടുന്നത് എന്ന് വിസ്തരിക്കാന്‍ പോലും കഴിയില്ല. ഓരോ സെക്കന്റിലും അത് കൂടിക്കൂടി വരികയാണ്. അപ്പോള്‍ ചോദിക്കും, ഇന്റര്‍നെറ്റിന് നമ്മള്‍ ബില്‍ അടക്കേണ്ടേ എന്ന്.  നമ്മള്‍ ബില്‍ അടക്കുന്നത് ഇന്റര്‍നെറ്റ് നമ്മുടെ കമ്പ്യൂട്ടറില്‍ എത്തിച്ചു തരുന്ന സര്‍വ്വീസ് പ്രൊവൈഡര്‍ക്കാണ്.  അല്ലാതെ ഇന്റര്‍നെറ്റിനല്ല. വീട്ടില്‍ കമ്പ്യൂട്ടര്‍ ഇല്ലെങ്കില്‍ കഫേയില്‍ മണിക്കൂറിന് 15ഓ 20ഓ രൂപ കൊടുക്കുന്നത് ആ കഫേ ഉടമ ഒരുക്കിത്തരുന്ന സൌകര്യത്തിനാണ്.  ഇന്റര്‍നെറ്റ് തികച്ചും സൌജന്യമാണ്. ഇന്റര്‍നെറ്റിന് ഒരു മുതലാളിയോ ആസ്ഥാനമോ ഇല്ല.  അത് കാര്‍മേഘം പോലെയാണ്. എവിടെയുമുണ്ട്.

ഇന്റര്‍നെറ്റ് എന്ന് പറയുമ്പോള്‍ തന്നെ ഓര്‍ക്കുന്ന ഒരു പേരാണ് ഗൂഗിള്‍. നമുക്ക് എന്തെങ്കിലും ഒരു വിവരം അറിയണമെങ്കില്‍   അത് ചിലപ്പോള്‍ അയല്‍ക്കാരന്റെ ഫോണ്‍‌ നമ്പറാകാം, അത്ര പോലും പറയുകയാണ്, നമ്മള്‍ ഗൂഗിളിലാണ് സര്‍ച്ച് ചെയ്യുക.  ലോകത്തുള്ള എന്ത് വിവരവും ഒരു മൌസ് ക്ലിക്ക് കൊണ്ട് തല്‍‌ക്ഷണം ഗൂഗിള്‍ അത് നമ്മുടെ മോണിട്ടറില്‍ എത്തിക്കുന്നു.  ഗൂഗിള്‍ നമുക്കായി നല്‍കുന്ന സൌജന്യസേവനങ്ങള്‍ എന്തൊക്കെയാണെന്ന് പറഞ്ഞാ‍ലും തീരില്ല.  ഇപ്പോള്‍ പുതിയതായി ഒരു സൌജന്യം ഇന്ത്യക്കാര്‍ക്കായി ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നു.  ആര്‍ക്കും ഒരു സൌജന്യവെബ്‌സൈറ്റ്. ഡൊമൈന്‍ പേരും ഹോസ്റ്റിങ്ങും  അടക്കം ഒരു വര്‍ഷത്തേക്ക് ഫ്രീ. ഒരു വര്‍ഷം കഴിഞ്ഞാല്‍ മിതമായ വാടക നല്‍കേണ്ടി വരും. വേണ്ടെങ്കില്‍ ക്യാന്‍സല്‍ ചെയ്യാം.  ചെറുതും വലുതുമായ ബിസിനസ്സുകാരെയാണ് ഈ പദ്ധതിയിലൂടെ ഗൂഗിള്‍ ഉന്നം വയ്ക്കുന്നത്.  സ്വന്തം പേരിന്റെ കൂടെയോ സ്ഥാപനത്തിന്റെ പേരിന്റെ കൂടെയോ ഡോട്ട് ഇന്‍ (.in) എന്ന് ചേര്‍ത്ത ഡൊമൈനാണ് ഫ്രീയായി ഇപ്പോള്‍ ഗൂഗിള്‍ നല്‍കുന്നത്.  ഇടത്തരം ബിസിനസ്സുകാര്‍ക്ക് (നിര്‍മ്മാണം, വിതരണം, സേവനം ഇങ്ങനെ ഏത് മേഖലയിലും) ആണ് ഇത് വളരെ ഉപകാരപ്രദമാവുക.  ഡൊമൈന്‍ പേരും ഹോസ്റ്റിങ്ങ് സര്‍വ്വീസും സൌജന്യമായി ലഭിക്കുന്നു എന്ന് മാത്രമല്ല,  വെബ്‌ഡിസൈനിന്റെ സാങ്കേതിക പരിജ്ഞാനം ഒന്നുമില്ലാതെ തന്നെ ആര്‍ക്കും ഏതാനും മിനിറ്റുകള്‍ കൊണ്ട് സ്വന്തമായി വെബ്സൈറ്റ് ഉണ്ടാക്കാം എന്നതാണ്  പ്രത്യേകത.

ഇപ്പോള്‍ സൌജന്യമാണെങ്കിലും ഒരു വര്‍ഷം കഴിഞ്ഞാല്‍ കാശ് കൊടുക്കേണ്ടേ, അപ്പോള്‍ ഇത് ഗൂഗിളിന്റെ ഒരു ബിസിനസ്സ് തന്ത്രമല്ലേ എന്ന് ആരെങ്കിലും ചോദിച്ചേക്കാം.  ഒരു വര്‍ഷം വെറുതെ ലഭിക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ്.  നാം ഉണ്ടാക്കുന്ന വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യാന്‍ സര്‍വര്‍ കമ്പ്യൂട്ടറും , ആ സര്‍വറില്‍  നമുക്കായി സ്പെയിസും വേണം.  അതിനൊക്കെയാണ് ചെറിയ തോതില്‍ നാം പണം മുടക്കേണ്ടി വരിക. ഒരു വര്‍ഷം കൊണ്ട് നമ്മുടെ ബിസിനസ്സ് , അത് ഉല്പാദിപ്പിക്കുന്നതോ അല്ലെങ്കില്‍ വിതരണം ചെയ്യുന്നതോ സേവനമോ എന്തോ ആകട്ടെ, പ്രചാരം ലഭിക്കുകയാണെങ്കില്‍ പിന്നീട് കാശ് മുടക്കി സ്വന്തം വെബ്സൈറ്റ് തുടരാമല്ലൊ. അല്ല്ലെങ്കില്‍ ഒഴിവാക്കാം. വേണമെങ്കില്‍ ഞാന്‍ ആദ്യം പറഞ്ഞ പോലെ ഓണ്‍ലൈന്‍ ഷോപ്പ് തന്നെ തുടങ്ങാലോ. തുടക്കത്തില്‍ വെറും പുസ്തകങ്ങള്‍ മാത്രം  ഓണ്‍ലൈനില്‍ കസ്റ്റമേഴ്സിന് എത്തിച്ചുകൊടുത്തിരുന്ന ഫ്ലിപ്‌കാര്‍ട്ട് ഇന്ന് മിക്കവാറും എല്ലാ ഇലക്‍ട്രോണിക്ക് ഉപകരണങ്ങളും സപ്ലൈ ചെയ്യുന്നുണ്ട്.

വെബ്സൈറ്റ് തുടങ്ങാന്‍  indiagetonline.in  എന്ന സൈറ്റ് സന്ദര്‍ശിക്കുക. നിങ്ങളുടെ പേരില്‍ ഡൊമൈന്‍ ലഭിക്കാന്‍ ഇപ്പോള്‍ തന്നെ റജിസ്റ്റര്‍ ചെയ്യുക.  HostGator എന്ന സര്‍വര്‍ സ്ഥാപനവുമായി സഹകരിച്ചാണ് ഗൂഗിള്‍ നമ്മുടെ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യുന്നത്.  കൂടുതലായി മനസ്സിലാക്കാന്‍ ഗൂഗിളിന്റെ  ഒഫീഷ്യല്‍ ബ്ലോഗ്  സന്ദര്‍ശിക്കുക.

Important Note:
 
You don’t need to be a tech whiz to get started. All you need to start is your address, phone number and PAN to verify you as a business.

കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റും ....

എന്ത് തന്നെയായാലും സന്തോഷ് പണ്ഡിറ്റ് ഒരു കലാകാരനാണ് എന്ന സത്യം സമ്മതിച്ചുകൊടുത്തേ പറ്റുകയുള്ളൂ.  നിലവാരത്തിന്റെ കാര്യത്തിലാണ് തര്‍ക്കമുണ്ടാവുക. എന്താണ് ഈ നിലവാരം? നിലവാരം എന്നത് ആപേക്ഷികമാണ്.  ആര്‍ട്ട് സിനിമയുടെ ആസ്വാദകര്‍ക്ക് കമേര്‍ഷ്യല്‍ സിനിമയ്ക്ക് എന്ത് നിലവാരമാണ് ഉള്ളത്. അത്പോലെ എല്ലാ മസാലകളും ചേര്‍ത്ത്  നിര്‍മ്മിക്കപ്പെടുന്ന കമേര്‍ഷ്യല്‍ സിനിമയുടെ ആസ്വാദകര്‍ക്ക് ആര്‍ട്ട് സിനിമ കണ്ടിരിക്കാന്‍ സാധിക്കുമോ?  അവരെ സംബന്ധിച്ച് ഒട്ടും നിലവാരമില്ലാത്തതാണ് ആര്‍ട്ട് സിനിമകള്‍.  ഇങ്ങനെ നോക്കിയാല്‍ ഏത് കലാരൂ‍പങ്ങളുടെയും നിലവാ‍രം ആപേക്ഷികമാണെന്ന് കാണാം. സാഹിത്യത്തിനും ഇത് ബാധകമാണ്.

ഒരു കാര്യം തീര്‍ച്ചയല്ലേ, സന്തോഷ് പണ്ഡിറ്റിനെ തെറി പറയുന്നവരേക്കാളും കോമാളി എന്ന് പരിഹസിക്കുന്നവരേക്കാളും എത്രയോ കഴിവ് സന്തോഷ് പണ്ഡിറ്റിന് ഇല്ലേ? ഉണ്ട്. അതിന് തെളിവ് അയാളുടെ ഈ സിനിമ തന്നെയാണ്.  ഞാന്‍ കൃഷ്ണനും രാധയും എന്ന സിനിമ ടാക്കീസില്‍ പോയി കാണുമോ എന്ന് പറയാന്‍ കഴിയില്ല.  തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട് കുറെയായി.  കൃഷ്ണനും രാധയും എന്ന സിനിമയെ പറ്റിയും യൂട്യൂബില്‍ അയാളുടെ പാട്ടുകളെ പറ്റിയും നെറ്റില്‍ വായിക്കാ‍ന്‍ തുടങ്ങിയിട്ട് കുറെയായി.  വളരെ അശ്ലീലം എന്ന മുഖവുരയോടെ സില്‍‌സില എന്ന ആല്‍ബത്തിന്റെ ലിങ്കാ‍ണ് ആദ്യം ശ്രദ്ധിച്ചത്.  അത് കണ്ടപ്പോള്‍ സത്യത്തില്‍ എനിക്ക് ആഭാസമായി ഒന്നും തോന്നിയിട്ടില്ല. ആ വീഡിയോയ്ക്ക് താഴെ എഴുതപ്പെട്ട തെറി കമന്റുകള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് അതൊക്കെ എഴുതിയ ആളുകളുടെ മാനസികനില എങ്ങനെയായിരിക്കും എന്നാണ്.  ഇഷ്ടമല്ലെങ്കില്‍ അവഗണിച്ചുകൂടെ? അതിന്റെ നിര്‍മ്മാതാവിനെ തെറി പറയാന്‍ മാത്രം എന്താണ് അതില്‍ ഉണ്ടായിരുന്നത്.  ആരോ ആദ്യം തെറി എഴുതി. പിന്നെ തെറിയോ തെറി. തെറി ഒന്നും എഴുതിയില്ല്ലെങ്കില്‍ താനെന്തോ കുറഞ്ഞ്പോകും എന്ന മട്ട്.

സില്‍‌സിലക്ക് നേരെയുള്ള തെറി ഒന്ന് അടങ്ങിയപ്പോഴാണ് , ഇവനെയൊക്കെ എന്താ ചെയ്യേണ്ടത് എന്ന മുന്‍‌‌മൊഴിയോടെ കൃഷ്ണനും രാധയും എന്ന വീഡിയോയിലെ രാത്രി.. ശുഭരാത്രി... എന്ന പാ‍ട്ടിന്റെ ലിങ്ക് അയച്ചു കിട്ടുന്നത്. അതും ഞാന്‍ കണ്ടപ്പോള്‍ തെറി കമന്റ് എഴുതേണ്ട ഒന്നാണ് അത് എന്ന് എനിക്ക് തോന്നിയിട്ടില്ല. എന്തെന്നാല്‍ സില്‍‌സിലയെക്കാളും രാത്രി,ശുഭരാത്രിയെക്കാളും എത്രയോ ആഭാസമുള്ള പാട്ടുകളും വീഡിയോ ക്ലിപ്പിങ്ങുകളും നെറ്റില്‍ കാണാന്‍ കഴിയും.  സാധാരണ സിനിമകളിലും അതിനേക്കാളും ആഭാസകരമായ പാട്ടുകളും നൃത്തരംഗങ്ങളും ധാരാ‍ളമായി ഉണ്ട്. പിന്നെന്താണ് സന്തോഷ് പണ്ഡിറ്റിന് ഉള്ള പ്രശ്നം?  നിലവാരത്തിന്റെ കാര്യം ഞാന്‍ പറഞ്ഞു; അതൊക്കെ അവനവന്റെ ആസ്വാദനനിലവാരവുമായും ബന്ധപ്പെട്ടതാണ്.

കൃഷ്ണനും രാധയും എന്ന സിനിമയെ പറ്റിയുള്ള ചില നിരൂപണങ്ങള്‍ നെറ്റില്‍ വായിക്കാനായി. സിനിമ കാണാത്തത്കൊണ്ട് , അതിനെ പറ്റി എനിക്കൊന്നും പറയാന്‍ കഴിയില്ല. ഞാന്‍ പൊതുവെ ആര്‍ട്ട് സിനിമകള്‍ മാത്രം കാണാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അതൊക്കെ കുറെ സിനിമകള്‍ കണ്ട് എന്നിലെ ആസ്വാദകന്‍ പക്വത പ്രാപിച്ചതിന് ശേഷമുള്ള അവസ്ഥയാണ്. ആദ്യമൊക്കെ സിനിമാഭ്രാന്തന്‍ തന്നെയായിരുന്നു.  പിന്നെ , സെലക്ടീവായേ സിനിമ കണ്ടിട്ടുള്ളൂ.  സാഹിത്യാസ്വാദനത്തിലും അങ്ങനെ തന്നെ. ആദ്യമാദ്യം ഇ.ജെ.കാനത്തിന്റെയും മുട്ടത്ത് വര്‍ക്കിയുടെയും മോഹന്‍ ഡി കങ്ങഴയുടെയും കോട്ടയം പുഷ്പനാഥിന്റെയും ഒക്കെ നോവലുകള്‍ വായിച്ച് തള്ളിയതിന് കണക്കില്ല. പിന്നെപ്പിന്നെ തോന്നി സാഹിത്യവും കലയും ഒക്കെ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പുകള്‍ ആയിരിക്കണമെന്ന്.

സിനിമാമോഹവുമായി ഞാന്‍ കോടമ്പാക്കത്ത് കുറെക്കാ‍ലം അലഞ്ഞുനടന്നിട്ടുണ്ട്. നിര്‍മ്മാതാക്കളുടെയും നടന്മാരുടെയും വീടുകളില്‍ കയറിയിറങ്ങിയിട്ടുണ്ട്. വടപഴനിയിലെ സിനിമാസ്റ്റുഡിയോകളുടെ ഗേറ്റില്‍ കാവല്‍ നിന്നിട്ടുണ്ട്.  ചില സുഹൃത്തുക്കളുടെ സഹായത്തോടെ സ്റ്റുഡിയോക്കകത്ത് കയറാനും  സെറ്റില്‍ പോയി ഷൂട്ടിങ്ങ് കാണാനും കഴിഞ്ഞിട്ടുണ്ട്.  ഞാനും എന്നെങ്കിലും ഒരു താരമോ, സംവിധായകനോ, തിരക്കഥാകൃത്തോ ആകുമെന്ന് സ്വപ്നം കണ്ടിട്ടുണ്ട്. പിന്നെപ്പിന്നെ എനിക്ക് ഒരു യാഥാര്‍ഥ്യം മനസ്സിലാ‍യി. എനിക്ക് ഒന്നിലും ഒരു കഴിവുമില്ല എന്ന്. അത്കൊണ്ടാണ് ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ കഴിവില്‍ ഞാ‍ന്‍ അത്ഭുതപരതന്ത്രനാകുന്നത്.

മലയാള സിനിമയില്‍ ഒരു ജനാധിപത്യ വിപ്ലവമാണ് സന്തോഷ് പണ്ഡിറ്റ് നടത്തിയിരിക്കുന്നത്. അല്പം പൈസയും ഭാവനയും കഴിവും ഉണ്ടെങ്കില്‍ ആരുടെയും ഔദാര്യത്തിന് കാത്തിരിക്കാതെ ഏത് സാധാ‍രണക്കാരനും ഒരു സിനിമ നിര്‍മ്മിക്കാനും തിയേറ്ററുകളില്‍ എത്തിക്കാനും കഴിയും എന്ന് തെളിയിച്ചതാണ് ആ വിപ്ലവത്തിന്റെ ഉള്ളടക്കം.  സിനിമ എന്നത് സൂപ്പര്‍ താരങ്ങളുടെയും കോടികള്‍ മുടക്കാന്‍ കഴിവുള്ള നിര്‍മ്മാതാക്കളുടെയും ,  ഭരണഘടനയും സംഘബലവും കൊണ്ട് പുറത്തുള്ള ആരെയും അടുപ്പിക്കാത്ത സിനിമാസംഘടനക്കാരുടെയും കുത്തകയല്ലെന്നും ജനകീയസിനിമകള്‍ക്കും ഇവിടെ ഇടമുണ്ട് എന്ന് കൂടി തെളിയിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.  അക്കാര്യത്തില്‍ സന്തോഷ് പണ്ഡിറ്റിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സത്യത്തില്‍ സിനിമ എന്ന കലയെ മേല്‍പ്പറഞ്ഞ കുത്തകമൂരാച്ചികളില്‍ നിന്ന് സ്വതന്ത്രമാക്കേണ്ടത് തന്നെയാണ്.

സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത സിനിമയും ഈ ട്രെന്‍ഡ് നിലനിര്‍ത്തുമോ, ഇത്പോലെ ലളിതമായ സിനിമകള്‍ എടുത്ത് സിനിമയുടെ കുത്തക ചിലരുടെ കൈകളില്‍ അമര്‍ന്നിരിക്കുന്നത് പൊളിച്ചടുക്കാന്‍ ഉടനടി ആരെങ്കിലും മുന്നോട്ട് വരുമോ എന്നത് ഒരു വിഷയമേയല്ല.  മനസ്സ് വെച്ചാല്‍ ആര്‍ക്കും നടക്കും എന്ന് അസന്നിഗ്ദമായി സ്ഥാപിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.  സാധാരണക്കാരായ ആളുകള്‍ ടിക്കറ്റ് എടുക്കുന്ന കാശ് കൊണ്ടാണ് സിനിമ എന്ന സാമ്രാജ്യം പടുത്തുയര്‍ത്തപ്പെടുന്നത്. ആ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയാണ് സൂപ്പര്‍ താരം.  അക്കാലത്ത് തന്നെ സിനിമാസ്റ്റുഡിയോയിലെ ഫ്ലോറുകളില്‍ ഷൂട്ടിങ്ങ് കാണാന്‍ പോകുമ്പോള്‍ നായകനടന്മാരുടെ ആ ഒരു തലയെടുപ്പും മറ്റുള്ളവരുടെ ദാസ്യഭാവവും,  വിയര്‍പ്പ് ഒപ്പാനും പൌഡര്‍ ഇടാനും ധരിച്ച വസ്ത്രങ്ങള്‍ നേരെയാക്കാനും അടിമകളെ പോലെ സില്‍ബന്ധികളും ഒക്കെ കണ്ട് ഞാന്‍ അമ്പരന്നുപോയിട്ടുണ്ട്.  ഇത്രമാത്രം ഒരു ദിവ്യപ്രഭ സിനിമാനടനില്‍ ആരോപിക്കാന്‍ എന്താണ് കാരണം എന്ന് എനിക്ക് മനസ്സിലായിരുന്നില്ല.  അഭിനയസിദ്ധിയുടെ കാര്യത്തിലാണെങ്കില്‍ നാടകത്തിലെ നടന്മാര്‍ക്കാണ് കൂടുതല്‍ കഴിവ് വേണ്ടത്.

ഇപ്പോഴത്തെ സന്തോഷ് പണ്ഡിറ്റ് തരംഗമൊക്കെ താല്‍ക്കാലികമോ , ക്ഷണികമോ ആവാം.  എന്നാലും അയാളുടെ സാഹസികതയും ആ ആത്മവിശ്വാസവും ആര്‍ക്കും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. ഏറ്റവും പ്രധാനമായിട്ട് എനിക്ക് തോന്നുന്നത്,  ഇന്റര്‍നെറ്റില്‍ തെറിയോ പുലഭ്യമോ ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുന്നത് ഒരു കഴിവല്ല. ഏതെങ്കിലും ഒരു വിരുതന്‍ അഥവാ അങ്ങനെ ഒരു തെറി എഴുതിയെന്ന് വെച്ച് പിന്നാലെ വരുന്നവന്‍ അത് അനുകരിക്കണം എന്നുമില്ല. ആ സമയം , തനിക്ക് ഒരു രണ്ട് വരി പാട്ട് എഴുതാനോ അതിന് ട്യൂണ്‍ നല്‍കി ഒന്ന് മൂളാനോ കഴിയുമോ എന്ന് ആലോചിച്ച് നോക്കുക.  കഴിയുന്നില്ലെങ്കില്‍ , ഏതൊരാളിലും എന്തെങ്കിലും കഴിവ് ഉണ്ടായിരിക്കും എന്ന് മനസ്സിലാക്കി, തന്നിലെ കഴിവ് എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുക. ആ കഴിവ് സഹജീവികളുമായി പങ്ക് വയ്ക്കുക.

സന്തോഷ് പണ്ഡിറ്റിന്റെ വെബ്‌സൈറ്റ് ഇവിടെ.

എന്‍ഡോസല്‍ഫാനും കൂടം‌കുളവും

വായനക്കാരുടെ യുക്തിബോധത്തെ പ്രചോദിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ എന്റെ പരിമിതമായ അറിവും ചിന്താശേഷിയും വെച്ച് ബ്ലോഗ് എഴുതുന്നത്.  മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തത്കൊണ്ട് മനസ്സിനെ സൃഷ്ടിപരമായി നിലനിര്‍ത്തുക എന്ന ഉദ്ദേശ്യവും ബ്ലോഗെഴുത്തിന് പിന്നില്‍ ഉണ്ട്.  മറ്റുള്ളവരുടെ യുക്തിയെ തട്ടിയുണര്‍ത്തുക എന്ന ലക്ഷ്യം ഉള്ളത്കൊണ്ട് എന്റെ എഴുത്തുകള്‍ പലപ്പോഴും സമൂഹത്തില്‍ ആധിപത്യം നേടുന്ന പൊതുവിചാരങ്ങള്‍ക്ക് എതിരാവാറുണ്ട്. എന്നാലും ചില വായനക്കാര്‍ക്ക് എന്റെ യുക്തി മനസ്സിലാകുന്നത്കൊണ്ടും അവര്‍ ആ വിവരം ഇ-മെയില്‍ വഴിയും ഫോണ്‍ മുഖാന്തിരവും അറിയിക്കുന്നത്കൊണ്ടും എനിക്ക് തുടര്‍ന്നും ബ്ലോഗ് എഴുതാനുള്ള പ്രചോദനവും പ്രേരണയും ലഭിക്കുന്നു.  പലരും ബ്ലോഗ് നിര്‍ത്തി പോയിട്ടും എനിക്ക് തുടര്‍ന്ന് എഴുതാന്‍ കഴിയുന്നത് ഇത്കൊണ്ടാണ്.  എന്നെ കുറിച്ച് പറഞ്ഞപ്പോള്‍ , കേട്ടയാള്‍ ചോദിച്ചത് എന്‍ഡോസല്‍ഫാനെ അനുകൂലിക്കുന്ന ആ മാഷാണോ എന്നായിരുന്നു എന്ന് ഒരു സുഹൃത്ത് ഈയ്യിടെ എന്നോട് പറഞ്ഞു.

എന്‍ഡോസല്‍ഫാനെ കുറിച്ച് എന്റെ നിലപാട് സുവ്യക്തമാണ്.  കാസര്‍ഗോട്ടെ ദുരിതബാധിതരെ കാണുമ്പോള്‍ ആര്‍ക്കും അവരോട് കരുണ തോന്നുകയും എന്‍ഡോസല്‍ഫാനോട് വിരോധം തോന്നുകയും സ്വാഭാവികമാണ്. മനുഷ്യസ്നേഹികള്‍ക്കാണ് അങ്ങനെ എന്‍ഡോസല്‍ഫാന്‍ വിരോധം തോന്നുന്നത്.  ഞാന്‍ പക്ഷെ ഇതിലെ യുക്തിയെയാണ് തെരഞ്ഞത്.  കാസര്‍ഗോട്ടെ ദുരിതങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്‍ഡോസല്‍ഫാന്‍ നിമിത്തമാണെങ്കില്‍ അത് ഹെലികോപ്റ്ററില്‍ നിന്ന് തുടര്‍ച്ചയായി വര്‍ഷിച്ചത്കൊണ്ടായിരിക്കും എന്നാണ് എന്റെ നിഗമനം.  കഴിഞ്ഞ അമ്പത് വര്‍ഷമായി ലോകത്ത് എന്‍ഡോസല്‍ഫാന്‍ ഉപയോഗിക്കുന്നു.  എത്രയോ തൊഴിലാ‍ളികള്‍ എന്‍ഡോസല്‍ഫാന്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്നു. എത്രയോ കര്‍ഷകരും തൊഴിലാളികളും എന്‍ഡോസല്‍ഫാന്‍ എന്ന കീടനാശിനി തളിക്കുന്നു. കാസര്‍ഗോട്ട് മാത്രമാണ് ഈ മാതിരിയുള്ള ദുരിതബാധിതരെ കാണുന്നത്. അത്കൊണ്ടാണ് ഇന്ത്യയിലെ തന്നെ 24 സംസ്ഥാനങ്ങളും എന്‍ഡോസല്‍ഫാന്‍ വേണം എന്ന് വാദിച്ചത്.  അപ്പോള്‍ ഈ വസ്തുത യുക്തിയുടെ വെളിച്ചത്തില്‍ പരിശോധിക്കേണ്ടേ?

ഹെലികോപ്റ്ററില്‍ നിന്ന് കീടനാശിനികള്‍ തളിക്കുന്നത് ശരിയാണോ? എന്തിനാണ് കശുവണ്ടി തോട്ടങ്ങളില്‍ ആകാശത്ത് നിന്ന് കീടനാശിനികള്‍ വര്‍ഷിക്കുന്നത്.  സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയ്ത തെറ്റാണിത്.  തേയിലക്കൊതുകിന്റെ ശല്യം കാരണം കശുവണ്ടി ഉല്പാദനം കുറയുന്നുവെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങളാണ് ആരായേണ്ടത്.  സാധാരണ മറ്റ് കീടനാശിനികള്‍ ഉപയോഗിക്കുന്ന പോലെ എന്‍ഡോസല്‍ഫാന്‍ എന്ന കീടനാശിനിയും ഉപയോഗിച്ച എവിടെയും കാസര്‍ഗോട്ടെ പോലെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് എന്‍ഡോസല്‍ഫാന്‍ വിരോധികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  മാത്രമല്ല മറ്റ് കീടനാശിനികളെക്കാട്ടിലും , തേനീച്ചകളെ ബാധിക്കാതിരിക്കുന്നത് എന്‍ഡോസല്‍ഫാനാണെന്നും അതിന് വിലക്കുറവാണെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത് ഞാന്‍ പറയുന്നതല്ല. എന്‍ഡോസല്‍ഫാന്‍ വിരുദ്ധപ്രക്ഷോഭം കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഉയര്‍ന്നുവന്നിട്ടില്ല എന്നതും കേരളം ഏറ്റെടുത്ത ഈ സമരത്തെ കേരളത്തിന് പുറത്ത് ഒരു സംസ്ഥാനവും പിന്തുണച്ചിട്ടില്ല എന്നതും വ്യക്തമാക്കുന്നത് എന്താണ്?

പരിസ്ഥിതിവാദികളുടെ ആവശ്യം എല്ലാം ജൈവമയമാക്കുക എന്നതാണ്. അത് വേറെ പ്രശ്നമാണ്. എന്‍ഡോസല്‍ഫാനെ ഇന്ത്യയില്‍ കേരളമൊഴികെ മറ്റൊരു സംസ്ഥാ‍നവും എതിര്‍ക്കുന്നില്ലെങ്കിലും പരമോന്നത കോടതിയായ സുപ്രീം കോടതി നിരോധിച്ചല്ലോ എന്ന് ചോദിക്കാം. അതിനെ പറ്റി എന്തെങ്കിലും പരാമര്‍ശിച്ചല്‍ കോടതിയലക്ഷ്യമാകുമോ എന്നറിയില്ല. എന്നാലും ജഡ്ജിമാരും മനുഷ്യര്‍ ആണെന്നും മനുഷ്യന്റേതാ‍യ അപൂര്‍ണ്ണതകളില്‍ നിന്ന് ജഡ്ജിമാരും മുക്തരല്ല എന്നും ഞാന്‍ പറയും.  കോടതി എന്ന സ്ഥാപനത്തെയാണ് നാം ആശ്രയിക്കുന്നത്. സമൂഹത്തില്‍ നീതിന്യായനിര്‍വ്വഹണം നടത്താന്‍ കോടതിയല്ലാതെ മറ്റ് മാ‍ര്‍ഗ്ഗമില്ല. ജഡ്ജിമാര്‍ക്കും തെറ്റ് പറ്റാം. അത്കൊണ്ടാണ് മേല്‍ക്കോടതികള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഏതെങ്കിലും ഒരു പോയന്റില്‍ നിര്‍ത്തിയല്ലേ ഒക്കുകയുള്ളൂ. അത്കൊണ്ട് സുപ്രീം കോടതിയോടെ നിര്‍ത്തി.  ഒരു ഉല്പന്നം നിരോധിക്കാനുള്ള അവകാശം കോടതിക്കുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.  അഥവാ ഉണ്ടെങ്കില്‍ ആ അവകാശം കോടതിയില്‍ നിന്ന് എടുത്ത്മാറ്റണം എന്നും ഞാന്‍ പറയും.

കൂടംകുളത്ത് ആണവവൈദ്യുത നിലയത്തിനെതിരെ അവിടെ തദ്ദേശവാസികള്‍ സമരത്തിലാണ്. ചില പരിസ്ഥിതിവാദികളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ പരിസ്ഥിതിവാദികളും ആ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് യാത്രകള്‍ നടത്തുന്നുണ്ട്. കൂടംകുളത്തെ ജനങ്ങള്‍ ഭയത്തിലാണ് ഉള്ളത്. അവരില്‍ നല്ല തോതില്‍ ഭയം ജനിപ്പിക്കുന്നതില്‍ അവിടത്തെ പരിസ്ഥിതി വാദികള്‍ വിജയിച്ചിട്ടുണ്ട്. കൂടംകുളം ആണവവൈദ്യുതനിലയം പണി പൂര്‍ത്തിയായി ഈ നവംബറില്‍ വൈദ്യുതോല്പാദനം ആരംഭിക്കാനിരുന്നതാണ്.  എന്നാല്‍ അതിന്റെ പ്രവര്‍ത്തനം തുടങ്ങരുത് എന്നും അവിടെ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കരുത് എന്നുമാണ് അവിടത്തെയും ഇവിടത്തെയും പരിസ്ഥിതി നേതാക്കളുടെ ആവശ്യം.  സത്യത്തില്‍ ഇനി, കൂടംകുളത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള ആണവവൈദ്യുത നിലയത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാതിരിക്കുന്നതായിരിക്കും കൂടുതല്‍ അപകടമാവുക?  അതായത് വൈദ്യുതി ഉല്പാദനം തുടങ്ങിയാല്‍ ഉണ്ടാവും എന്ന് പറയുന്ന അപകടത്തെക്കാളും റീയലായ അപകടം ഉണ്ടാവുക പദ്ധതി ഉപേക്ഷിച്ച് സ്ഥാപിക്കപ്പെട്ടവ അവിടെ അങ്ങനെ നിലനില്‍ക്കുമ്പോഴാണ്. അതിനെന്താണ് പോംവഴി പരിസ്ഥിതി വാദികള്‍ക്ക് പറയാനുള്ളത്?

ആണവവൈദ്യുതിനിലയങ്ങള്‍ക്ക് അപകടം ഉണ്ടാകും എന്ന് പറയുന്നത് ഒരു Probability ആണ്.  ഒരു സംഭവ്യത.  അങ്ങനെയൊരു സംഭവ്യത കൂടംകുളത്ത് മാത്രമല്ല തമിഴ്നാട്ടില്‍ തന്നെയുള്ള കല്‍പ്പാക്കത്തിനുമുണ്ട്. ലോകത്ത് മറ്റെല്ലാ ആണവവൈദ്യുതിനിലയങ്ങള്‍ക്കുമുണ്ട്. ഇപ്പറയുന്നതിന് അര്‍ത്ഥം എല്ലാ ആണവനിലയങ്ങളും പൊട്ടിത്തെറിക്കും എന്നല്ല. പരമാവധി സുരക്ഷ ഓരോ ആണവനിലയത്തിനും ഒരുക്കുന്നുണ്ട്.  പണി പൂര്‍ത്തിയായ കൂടംകുളം മാത്രം വൈദ്യോതോല്പാദനം നിര്‍ത്തിവെക്കണമെന്ന് കേരളത്തിലെ പരിസ്ഥിതിവാദികളും പറയുന്നതില്‍ യുക്തിരാഹിത്യമുണ്ട്.  കൂടംകുളത്തെ നാട്ടുകാര്‍ പറയുന്നതിന്റെ പിന്നില്‍ അവരുടെ ഭീതിയാണ്. കല്‍പ്പാക്കത്ത്കാരെ പറ്റി കൂടംകുളത്തുകാര്‍ പേടിക്കേണ്ടതില്ലല്ലൊ.

ഇന്ന് ലോകത്ത് മനുഷ്യന് ജീവിയ്ക്കണമെങ്കില്‍ മണ്ണ് , വെള്ളം , വായു പോലെ തന്നെ ഒരവശ്യവസ്തുവാണ് ഇന്ധനം.  അത് ഇല്ലാതെ ഒരു മിനിറ്റ് ലോകത്തിന് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഇന്ന് സ്വര്‍ണ്ണത്തിന് എന്താ വില? ഒരു കാലത്ത് നിലവിലുള്ള എണ്ണശേഖരം കുറയുമ്പോള്‍ പെട്രോളിനും സ്വര്‍ണ്ണത്തേക്കാളും വിലയുണ്ടാ‍വും.  പെട്രോളിന് പകരം വയ്ക്കാവുന്ന ഇന്ധനം ഇനിയും കണ്ടുപിടിച്ചിട്ടില്ല.   പെട്രോളിനേക്കാളും പ്രധാനമാണ് വിദ്യുച്ഛക്തി. ലോകത്ത് ആവശ്യമായ വിദ്യുച്ഛക്തി ഇപ്പോഴും ഉല്പാദിപ്പിക്കാന്‍ കഴിയുന്നില്ല.  പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കാത്ത മാര്‍ഗ്ഗം എന്ന നിലയിലാണ് ആണവവൈദ്യുതനിലയങ്ങള്‍ പ്രചാരത്തില്‍ വന്നത്. അണുവില്‍ ഉള്ള അപരിമിതമായ ഊര്‍ജ്ജമാണ് ഇവിടെ വൈദ്യുതോല്പാദനത്തിന് ഉപയുക്തമാകുന്നത്.

ആണവവൈദ്യുതനിലയങ്ങള്‍ക്ക് അപകടം സംഭവിക്കാം. അപ്പോഴും അതൊരു പ്രോബബിലിറ്റി അഥവാ സംഭവ്യം മാത്രമാണ്. എന്നാല്‍ വിദ്യുച്ഛക്തിയുടെ ദൌര്‍ലഭ്യം ഒരു യാഥാര്‍ത്ഥ്യമാണ്. ഇക്കാലത്ത് വിദ്യുച്ഛക്തി ഇല്ലെങ്കില്‍ കൃഷി പോലും നടക്കില്ല. അപ്പോള്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും?  നമ്മുടെ വൈദ്യുതോല്പാ‍ദനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് റഷ്യയുടെ സഹകരണത്തോടെ കൂടംകുളത്ത് ആണവവൈദ്യുതി നിലയം സ്ഥാപിക്കാനുള്ള പദ്ധതി തുടങ്ങിയത്. ഇതിനകം ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ആണവവൈദ്യുതനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. (ചിത്രം കാണുക).

അത്കൊണ്ടാണ് ഒരു പരിധി വരെ നമ്മുടെ വിദ്യുച്ഛക്തി ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു പോരുന്നത്. അതൊക്കെ ഉപേക്ഷിക്കണമെന്നോ ഉല്പാദനം നിര്‍ത്തിവെക്കണമെന്നോ നമുക്ക് ആലോചിക്കാന്‍ പോലും ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമല്ല. കൂടംകുളത്ത് മാത്രമല്ല കല്പാക്കത്തും താരാപ്പൂറിലും ഒക്കെ ജനങ്ങള്‍ താമസിക്കുന്നുണ്ട്. കൂടംകുളത്തെ ഇടിന്തകരയിലെ ജനങ്ങള്‍ ഭയപ്പെടുന്നതിന് ഒരര്‍ത്ഥമുണ്ട്. കേരളത്തില്‍ നിന്ന് കൂടംകുളത്തെക്ക് ആണവവിരുദ്ധയാത്ര പോകുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.

ആണവവൈദ്യുതനിലയങ്ങള്‍ക്ക് പകരം പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ ഉണ്ടല്ലോ എന്നാണ് ആണവ വിരുദ്ധര്‍ പറയുന്നത്. കാറ്റ്, കടലിലെ തിരമാല, സൌരോര്‍ജ്ജം എന്നിവയാണ് ചൂണ്ടിക്കാട്ടുന്നത്. സംഗതി ഇത്ര എളുപ്പമായിരുന്നെങ്കില്‍ അപകടസാധ്യത ഉണ്ടെന്ന് പറയുന്ന ആണവനിലയങ്ങളുടെ പിന്നാലെ ആരെങ്കിലും പോകുമോ? മാത്രമല്ല  എന്തെല്ലാം പൊല്ലാപ്പുകളാണ് ഒരു ആണവ നിലയം സ്ഥാപിക്കാന്‍ വേണ്ടി തരണം ചെയ്യേണ്ടത്. നമ്മുടെ കൈയില്‍ സമ്പുഷ്ടയുറേനിയം ആവശ്യത്തിന് ഇല്ല. ഹെവിവാട്ടര്‍ എന്ന് പറയുന്ന ഘനജലം ഇല്ല. കൂടാതെ സാങ്കേതിക വിദ്യയും അപര്യാപ്തം. അത്കൊണ്ടാണ് റഷ്യയുടെ സഹായം തേടേണ്ടി വരുന്നതും ആണവക്കരാറില്‍ ഒപ്പ് വെക്കേണ്ടി വന്നതും.

ഇവിടെയാ‍ണെങ്കില്‍ ഇപ്പറഞ്ഞ കാറ്റും തിരമാലയും സൂര്യപ്രകാശവും സമൃദ്ധമായി ഉണ്ട് താനും.  കുഴപ്പം എവിടെയാണെന്ന് വെച്ചാല്‍ ഈ പറയുന്ന സ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ടെക്നോളജി ഇനിയും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. വികസിതരാജ്യങ്ങള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. പിന്നെയല്ലെ നമ്മുടെ കാര്യം. ആ ടെക്നോളജി റിസല്‍ട്ട് തരുന്നത് വരെ നമുക്ക് കാത്തിരിക്കാന്‍ പറ്റുമോ. ഇത്രയ്ക്കും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് നമുക്ക് വര്‍ദ്ധിപ്പിക്കാവുന്ന വൈദ്യുതിയുടെ അളവ് ആവശ്യമുള്ളതിന്റെ 10 ശതമാനം വരെയായിരിക്കും. ബാക്കിക്ക് എവിടെ പോകും? ഈ നിമിഷത്തിലും നാം വൈദ്യുതി ക്ഷാമത്തിലാണ് ഉള്ളത് എന്ന് ഓര്‍മ്മിക്കുക.

യുറോപ്പില്‍ ആണവവൈദ്യുതനിലയങ്ങളെ പറ്റി വീണ്ടുവിചാരങ്ങള്‍ ഉണ്ടെങ്കിലും ജര്‍മ്മനി മാത്രമാണ് അത് ഉപേക്ഷിക്കാന്‍ തയ്യാറാവുന്നത്.  അതില്‍ പക്ഷെ ഒരു വിരോധാഭാസമുണ്ട്. ആവശ്യമുള്ള വൈദ്യുതി ജര്‍മ്മനി ഫ്രാന്‍സില്‍ നിന്ന് വാങ്ങും. ഏറ്റവും കൂടുതല്‍ ആണവവൈദ്യുതനിലയങ്ങള്‍ ഉള്ളത് ഫ്രാന്‍സിലാണ്.  വൈദ്യുതി മാത്രമല്ല, നിലക്കരിയും പ്രകൃതിവാതകവും ഒക്കെ അയല്‍ രാജ്യങ്ങളില്‍ നിന്ന് വാങ്ങും.  ജര്‍മ്മനിയുടെ ചുറ്റും വികസിതരാജ്യങ്ങളാണ്. അവരൊക്കെ പരസ്പരം സഹായിക്കും.  നമ്മുടെ ചുറ്റും നമ്മേക്കാളും ദരിദ്രമായ രാജ്യങ്ങളാണ് ഉള്ളത്. അതും തക്കം കിട്ടിയാല്‍ ഉപദ്രവിക്കാന്‍ കാത്തിരിക്കുന്നവര്‍.

അപ്പോള്‍ ഇതാണ് നമ്മുടെ വര്‍ത്തമാ‍ന കാല അവസ്ഥ. ഇത് കണക്കിലെടുത്തിട്ട് വേണം കൂടംകുളം സമരത്തെ പറ്റി നമ്മള്‍ അഭിപ്രായം രൂപീകരിക്കേണ്ടത്. പരിസ്ഥിതിവാദികള്‍ക്ക് ചുമ്മാ പദയാത്ര നടത്തിയാല്‍ മതി. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് പോംവഴികള്‍ കണ്ടെത്തണമല്ലൊ. തമിഴ്നാട്ടില്‍ തന്നെ ഇപ്പോള്‍ കടുത്ത വൈദ്യുതിക്ഷാമമാണ്.  അവിടെ വെള്ളവും വൈദ്യുതിയും ഉണ്ടെങ്കില്‍ മാത്രമേ നാം മലയാളികള്‍ക്ക് എന്തെങ്കിലും വെച്ചു വിളമ്പി തിന്നാന്‍ ഒക്കുകയുള്ളൂ. ഇക്കാര്യവും കൂടംകുള ഐക്യദാര്‍ഢ്യയാത്രക്കാര്‍ പരിഗണിക്കണം. തമിഴ്നാട്ടിലെ കാറ്റാടിനിലയങ്ങളില്‍ നിന്ന് കാറ്റിന്റെ കുറവ് കൊണ്ട് പ്രതീക്ഷിച്ച വൈദ്യുതി ഇപ്പോള്‍ ലഭിക്കുന്നുമില്ലത്രെ.