Links

പിണറായിയും പി.ഡി.പി.യും പിന്നെ ലാവലിനും

അങ്ങനെ ഒടുവില്‍ പിണറായി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. താന്‍ അഴിമതിക്കേസില്‍ ഒരു പ്രതിയാണെന്നെങ്കിലും സമ്മതിക്കുകയായിരുന്നു അദ്ദേഹം ഈ നടപടിയിലൂടെ. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കോടതി ഒരാളെ കുറ്റവാളി എന്നു വിധിക്കുന്നത് വരെ പ്രതിപ്പട്ടികയിലുള്ള ഏതൊരാളും നിരപരാധിയാണ്. എന്നാല്‍ ഈ കേസില്‍ നിന്ന് തടി തപ്പാന്‍ പിണറായി ഇത് വരെ നടത്തിയിട്ടുള്ള വഴി വിട്ട ശ്രമങ്ങള്‍ വീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാകുന്ന കാര്യം അദ്ദേഹം നിരപരാധിയല്ലെന്നാണ്. നിരപരാധി ആയിരുന്നെങ്കില്‍ ധൈര്യപൂര്‍വ്വം എത്രയും വേഗം നിയമനടപടികളുമായി സഹകരിച്ചു തന്റെ നിരപരാധിത്വം തെളിയിക്കാനായിരിക്കും അദ്ദേഹം ശ്രമിച്ചിരിക്കുക. ഇപ്പോള്‍ കേസ് എങ്ങനെ അനന്തമായി നീട്ടിക്കൊണ്ടുപോകാമെന്നാണ് കൌശലപൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ അദ്ദേഹം പറയുന്നത് ലാവലിന്‍ ഗൂഢാലോചന ആന്റണി സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയായിരുന്നു എന്നാണ്. ഈ പ്രസ്ഥാവനയോടെ ശരിക്കും വെട്ടില്‍ വീണിരിക്കുന്നത് ആരാണ്, ആന്റണിയോ അതോ പിണറായി തന്നെയോ? ഒന്നാമത്, ലാവലിനുമായ ഇടപാടില്‍ ഗൂഢാലോചന ഉണ്ടായിരുന്നു എന്ന് അദ്ദേഹം സമ്മതിക്കുന്നു. അങ്ങനെ ഒരു ഗൂഢാലോചന നടന്നിരുന്നു എന്ന് മനസ്സിലാ‍യെങ്കില്‍ ആ കരാര്‍ റദ്ധാക്കി ആന്റണിയെയും കാര്‍ത്തികേയനെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയായിരുന്നില്ലേ കമ്മ്യൂണിസ്റ്റുകാരനായ പിണറായി ചെയ്യേണ്ടിയിരുന്നത്. അപ്രകാരം ചെയ്യാതെ, ഗൂഢാലോചന പൂര്‍ത്തിയായ ഒരു കരാറുമായി മുന്നോട്ട് പോവുകയും, ഇപ്പോള്‍ ആന്റണിയെയും കാര്‍ത്തികേയനെയും കൂട്ടുപ്രതികളാക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന പിണറായി, താനും കുറ്റവാളി തന്നെയാണെന്ന് സമ്മതിക്കുകയല്ലെ ചെയ്യുന്നത്. അപ്പോള്‍ ഗൂഢാലോചന പൂര്‍ത്തിയായ ഒരു കരാറില്‍ സ്വാഭാവികമായും അഴിമതി നടന്നിട്ടുണ്ടാവുമല്ലൊ. ആ അഴിമതിയുടെ പങ്ക് പറ്റാന്‍ തന്നെയായിരിക്കുമല്ലൊ പിണറായിയും കരാറുമായി മുന്നോട്ട് പോയിരിക്കുക. എത്ര നല്ല അവസരമാണ് പിണറായി നഷ്ടപ്പെടുത്തിയത്? ആ ഗൂഢാലോചന അന്ന് വെളിപ്പെടുത്തിയിരുന്നുവെങ്കില്‍ ഇന്ന് ആന്റണിക്ക് കേന്ദ്രത്തില്‍ പ്രതിരോധമന്ത്രിയായിരിക്കാന്‍ കഴിയുമായിരുന്നോ?

ആന്റണി സര്‍ക്കാര്‍ ഗൂഢാലോചോന പൂര്‍ത്തീകരിച്ചതിന്റെയും അത് പിന്നീട് പിണറായി സാക്ഷാല്‍ക്കരിച്ചതിന്റെയും ഒരു സാമ്പിള്‍ ഇതാ: കാര്‍ത്തികേയന്‍ മന്ത്രിയായിരിക്കെ ഉണ്ടാക്കിയ കണ്‍‌സല്‍ട്ടന്‍സി കരാറില്‍ കെ.എസ്.ഇ.ബി. 1948ലെ ഇലക്‍ട്രിസിറ്റി സപ്ലൈ ആക്റ്റ് പ്രകാരം രൂപവല്‍ക്കരിക്കപ്പെട്ട സ്ഥാപനമാണ്. എന്നാല്‍ പിണറായിയുമായുണ്ടാക്കിയ സപ്ലൈ കരാറില്‍ കെ.എസ്.ഇ.ബി. എന്നത് 1965ലെ കമ്പനി ആക്റ്റ് പ്രകാരം രൂപവല്‍ക്കരിച്ച ഒരു കമ്പനിയാണ്. എന്തിനാണ് പിണറായി കെ.എസ്.ഇ.ബിയെ ഇല്ലാത്ത കമ്പനിയാക്കിയത്? പൂര്‍ത്തീ‍കൃതമായ ഗൂഢാലോചന സാക്ഷാല്‍ക്കരിക്കാനല്ലെങ്കില്‍ മറ്റെന്തിന്?

ആന്റണിയെയും സാക്ഷിയായി വിസ്തരിക്കണം എന്ന പിണറായിയുടെ ഹരജി, സി.ബി.ഐ.യുടെ സത്യവാങ്‌മൂലപ്രകാരം കോടതി തള്ളിയാല്‍ പിന്നെ പിണറായി, ഗൂഢാലോചന പൂര്‍ത്തിയാക്കിയവരെ കൂട്ടാളികളായി ലഭിക്കാതെ എത്രയോ കാലം കോടതി വരാന്ത കയറിയിറങ്ങണം. അത്രയും കാലത്തോളം അദ്ദേഹത്തിന് പാര്‍ട്ടി സെക്രട്ടരി സ്ഥാനത്ത് തുടരാന്‍ കഴിയുമെങ്കില്‍ സാരമില്ല. സില്‍ബന്ധികള്‍ കാര്യങ്ങള്‍ നോക്കിക്കൊള്ളുമല്ലൊ. ഒരു കാര്യം പൊതുസമൂഹത്തിന് വ്യക്തമായി. ലാവലിന്‍ കരാര്‍ സുതാര്യമല്ല. അതില്‍ ഗൂഢാലോചനയുണ്ട്. അപ്പോള്‍ അതില്‍ അഴിമതിയും ഉണ്ട് എന്ന് ന്യായമായും ഉറപ്പിക്കാം. ആ ഗൂഢാലോചന തക്ക സമയത്ത് പുറത്ത് കൊണ്ടുവരാതെ ആ കരാറുമായി മുന്നോട്ട് പോയത് പിണറായിക്കും അഴിമതിയില്‍ പങ്ക് പറ്റാന്‍ വേണ്ടി തന്നെയാണെന്ന്, ആളുകള്‍ ഉറപ്പിച്ചാല്‍ അത് തെറ്റെന്ന് പറയാന്‍ പറ്റില്ല.

അഴിമതിക്കേസ് കെട്ടുമായി ഇങ്ങനെ കോടതി കയറിയിറങ്ങുന്ന ഒരാളെ പാര്‍ട്ടി സെക്രട്ടരി സ്ഥാനത്തും പി.ബി.അംഗമായും എത്ര കാലം സി.പി.എമ്മിന് കൊണ്ടുനടക്കാന്‍ പറ്റും? പിണറായി നിരപരാധിയാണെന്നും അദ്ദേഹം വേട്ടയാടപ്പെടുകായെണെന്നും ഒരു കുട്ടി പോലും ഇന്ന് കരുതുകയില്ല. ലാവലിന്‍ ഇടപാടില്‍ ഗൂഢാലോചന ആന്റണി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി എന്ന പ്രസ്ഥാവനയോടെ, താനും ആ ഗൂഢാലോചനയുടെ പിന്‍‌തുടര്‍ച്ചാവകാശിയാണെന്ന് പിണറായി അസന്നിഗ്ദ്ധമായി സമ്മതിച്ചല്ലൊ. തീര്‍ച്ചയായും ആ‍ കരാറില്‍ കാര്‍ത്തികേയന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ ആ കരാര്‍ ഒഴിവാക്കി, സുതാര്യമായ മറ്റൊരു കരാറില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടി മന്ത്രിയെയായിരിക്കും മാര്‍ക്സിസ്റ്റുകാര്‍ അംഗീകരിക്കുക. ആ കരാറില്‍ നിന്ന് പിന്മാറാന്‍ പിണറായിക്ക് കഴിയുമായിരുന്നില്ല എന്നൊക്കെ ചില പിണറായി ഭക്ത്ന്മാര്‍ മുന്‍പ് തര്‍ക്കിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയായിരുന്നാല്‍ പോലും ഒരവിഹിത കരാറുമായി ശുദ്ധനാണെങ്കില്‍ പിണറായിക്ക് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയും? ചുരുക്കത്തില്‍, തെളിവുണ്ടെങ്കിലേ കോടതി പിണറായിയെ ശിക്ഷിക്കുകയുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ കൈകള്‍ ശുദ്ധമല്ല എന്ന് തന്റെ പ്രസ്ഥാവനകളിലൂടെയും, കേസിനെ നേരിടുന്ന രീതികളിലൂടെയും തെളിയിച്ചിരിക്കുന്നു. ഇത്തരം ഒരു കേസില്‍ അകപ്പെട്ട ആളെ, കേസ് കഴിയുന്ന വരെ പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്ന് മാറി നില്‍ക്കണം എന്ന് ആവശ്യപ്പെടാന്‍ കഴിയുന്നില്ല എന്നത്, മറ്റൊരു പാ‍ര്‍ട്ടിക്കും ഇത്ര വലിയൊരു ഗതികേട് ഇല്ല എന്നതിന്റെ തെളിവാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എത്ര മാറിപ്പോയി അല്ലേ?

പി.ഡി.പി.യുമായി വേദി പങ്കിട്ടത് തെറ്റായിപ്പോയെന്നും, അത്തരം തെറ്റുകള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും എം.കെ.പാന്ഥേ ഡല്‍ഹിയില്‍ പറഞ്ഞപ്പോള്‍ കോടിയേരി പ്രതികരിച്ചത് എന്താണ്? പാന്ഥേ പറഞ്ഞതില്‍ പുതുമയൊന്നുമില്ല എന്ന്. ഇരുവരും പി.ബി.അംഗങ്ങളാണ്. ഇപ്പോള്‍ പി.ഡി.പി. ബന്ധത്തെ കുറിച്ച് അതിലപ്പുറമോ പുതുതായോ അച്യുതാനന്ദന്‍ ഒന്നും പറഞ്ഞിട്ടില്ല. പി.ഡി.പി.യുമായി ഭാവിയില്‍ സഹകരിക്കുമോ ഇല്ലയോ എന്ന് പിണറായി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കാത്തത് കൊണ്ട്, അച്യുതാനന്ദന്‍ ഇനി ഒരിക്കലും പിഡിപിയുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടാകില്ല എന്ന് വ്യക്തമാക്കിയെന്നേയുള്ളൂ. അതാകട്ടെ പാന്ഥേ പറഞ്ഞതിന്റെ ബലത്തില്‍ അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു എന്ന് മാത്രം. ഭാവിയിലെ കാര്യങ്ങള്‍ പറയുന്നത് സംഘടനാശൈലിക്ക് നിരക്കുന്നതല്ല എന്നാണ് പാര്‍ട്ടി ഔദ്യോഗികപക്ഷം ഇപ്പോള്‍ പറയുന്നത്. പിണറായി ഒഴികെ മറ്റാരും ഇപ്പോള്‍ കേരള സി.പി.എമ്മില്‍ അഭിപ്രായം പറഞ്ഞുകൂട എന്നാണോ അവസ്ഥ? പി.ഡി.പി.യുമായി സി.പി.എമ്മിനുള്ള കെട്ടുപാടും ബാധ്യതയും സംശയിക്കേണ്ട അവസ്ഥയാണിപ്പോള്‍.

ജയിലില്‍ നിന്ന് വന്ന മദനി തീര്‍ത്തും മാറി എന്ന് സ്ഥാപിക്കാന്‍ സി.പി.എം. ഔദ്യോഗികവിഭാഗം കാണിക്കുന്ന വെപ്രാളം അരോചകമാണ്. താന്‍ മാറി എന്ന് വാക്കാല്‍ പറഞ്ഞാല്‍ മായുന്നതാണോ മദനിയുടെ ഭൂതകാല പ്രവര്‍ത്തനങ്ങള്‍? നിഗൂഢതകള്‍ ഇന്നും മദനിയെ ചുറ്റിപ്പറ്റിയുണ്ട്. കേരളത്തിലെ തീവ്രവാദ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി തുടരന്വേഷണം നടത്തുമ്പോള്‍ ഒരു പക്ഷെ മദനി വീണ്ടും പ്രതിയായിക്കൂടെന്നില്ല. അപ്പോള്‍ താന്‍ മാറിയെന്നും ആത്മീയ പാത സ്വീകരിച്ചെന്നും തന്റെ കാല് നഷ്ടപ്പെടുത്തിയവര്‍ക്ക് കോടതിയില്‍ പോയി മാപ്പ് കൊടുത്തെന്നും പറഞ്ഞാല്‍ മദനിയെ അവര്‍ ഒഴിവാക്കുമോ? മദനി മാപ്പ് കൊടുത്തത്കൊണ്ടല്ല ആ കേസിലെ പ്രതികള്‍ വെറുതെ വിടപ്പെട്ടത്. അങ്ങനെയൊരു കീഴ്വഴക്കമില്ല. കുറ്റം ആരോപിക്കപ്പെട്ട പ്രതികള്‍ക്കെതിരെ ഒരു തെളിവും ഇല്ലായിരുന്നു. എങ്ങനെയാണ് തന്റെ ഒരു കാല്‍ നഷ്ടപ്പെട്ടതെന്ന സത്യം മദനിക്കേ അറിയൂ. ചില ആളുകളുടെ പേരു പറഞ്ഞുകൊടുത്തു, പോലീസ് അവരെ പ്രതിയാക്കി കേസ് ചാര്‍ജ്ജ് ചെയ്തു, പ്രോസിക്യൂഷന് തെളിയിക്കാനാകാതെ പ്രതികളെ വെറുതെ വിട്ടു.

തടിയന്റവിട നസീര്‍ പിടിയിലായത് മുതല്‍ മദനിയുടെ നീക്കങ്ങള്‍ ദുരൂഹമായിരുന്നു. ചികിത്സയിലായിരുന്ന മദനി ഒളിച്ചു പോയത് അന്‍‌വാര്‍‌ശ്ശേരിയിലെ യത്തീംഖാനയിലേക്കാണ്. മൂന്ന് നാല് ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആ യത്തീംഖാനയുടെ ചുറ്റുമതില്‍ ഏത് സെന്‍‌ട്രല്‍ ജയിലിന്റെ മതിലിന്റേതിനേക്കാളും ഉയരം കൂടിയതാണ്. മദനി അവിടെ എത്തിയത് മുതല്‍ മണി എന്ന യൂസഫ് മട്ടനൂര്‍ കോടതിയില്‍ പി.ഡി.പി. നേതാക്കള്‍ക്കൊപ്പം കീഴടങ്ങിയത് വരെ എന്തെല്ലാം കാര്യങ്ങളാണ് സംഭവിച്ചത്. ഈ മദനിയെയും പി.ഡി.പി.യെയും തള്ളിപ്പറയുകയല്ലെ യഥാര്‍ഥത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത്. പി.ഡി.പി.എന്നത് മദനിയുടെ ഒരു രക്ഷാകവചം മാത്രമാണ്. മദനിയുടെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവാണ് പൂന്തുറ സിറാജ്. ആ സിറാജിന്റെ ബന്ധുവാണ് കൊല്ലം ജില്ലാ പ്രസിഡണ്ട് മൈലക്കാട് ഷാ എന്നയാള്‍. മദനിയെ രക്ഷിക്കാന്‍ നോക്കുക എന്നതല്ലാതെ എന്ത് രാഷ്ട്രീയ ദൌത്യമാണ് പി.ഡി.പി. എന്ന പാര്‍ട്ടിക്ക് കേരളത്തില്‍ നിര്‍വ്വഹിക്കാനുള്ളത്? പി.ഡി.പി.യെ സി.പി.എം. ഔദ്യോഗികപക്ഷം തള്ളാത്തതിന്റെ കാരണം വോട്ട് മാത്രമാകാന്‍ വഴിയില്ല. കാരണം ആ ബന്ധം ഉപേക്ഷിച്ചാലാണ് ഇടത് കക്ഷികള്‍ക്ക് മതേതരവോട്ടുകള്‍ കൂടുതല്‍ ലഭിക്കുക എന്ന് സുബോധമുള്ള ആരും പറയും.

പിണറായിയെയും പി.ഡി.പി.യെയും താങ്ങിക്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇനി എത്ര നാള്‍ മുന്നോട്ട് പോകാന്‍ കഴിയും എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കാലത്തിന് മാത്രമേ കഴിയൂ. കാരണം ഇവിടെ ഒരസാധരണ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. സാധാരണഗതിയിലാണെങ്കില്‍ പിണറായിയോട് തല്‍ക്കാലം മാറി നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് പാര്‍ട്ടിക്ക് ഈ പാപഭാരത്തില്‍ നിന്ന് മാറി നില്‍ക്കാം. എന്നിട്ട് പാര്‍ട്ടിക്ക് അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാം. ഇന്നത്തെ സാഹചര്യത്തില്‍ പിണറായിയോട് മാറി നില്‍ക്കാന്‍ പറയുന്നതിനെ കുറിച്ച് ദേശീയ നേതൃത്വത്തിന് ആലോചിക്കാന്‍ പോലും കഴിയില്ല. എന്തെന്നാല്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം പിണറായിയുടെ പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ്. നിഷ്കളങ്കരായ അണികള്‍ക്ക് പിന്നെ സ്ഥാനം അലങ്കരിക്കുന്ന നേതാക്കളെ ന്യായീകരിക്കുക എന്ന സംഗതിയേ അറിയാവൂ. ഇതൊക്കെ നോക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് കൂട്ടായ രാഷ്ട്രീയപ്രവര്‍ത്തനമോ അതോ കൂട്ടുകച്ചവടമോ? കളങ്കിതമായ ധനം നേതാക്കളെ നിയന്ത്രിക്കുന്നു എന്ന് നമുക്ക് നിസ്സംശയം പറയാന്‍ കഴിയും.

ബൂലോകം ഓണ്‍ലൈന്‍ അവാര്‍ഡും ചില്ലറക്കാര്യങ്ങളും

ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗ് പത്രം ഒരു ബ്ലോഗ് മത്സരം നടത്തുന്നതായി അറിഞ്ഞിരുന്നു. കൂടുതല്‍ അങ്ങോട്ട് ശ്രദ്ധിച്ചിരുന്നില്ല. ഒന്നാമത് അതില്‍ താല്പര്യം ഉണ്ടായിരുന്നില്ല. ഏറ്റവും നല്ല ബ്ലോഗിനെ എങ്ങനെയാണ് തെരഞ്ഞെടുക്കുക? ഇനി അഥവാ അങ്ങനെ തെരഞ്ഞെടുത്താലും, തെരഞ്ഞെടുക്കപ്പെട്ട ആ ബ്ലോഗ് ഏറ്റവും നല്ല ബ്ലോഗ് ആണെന്ന് എങ്ങനെയാണ് പറയുക? വായിച്ചു പോകുന്ന കൂട്ടത്തില്‍ ആ മത്സരത്തെ പറ്റി ഞാന്‍ ബൂലോകം ഓണ്‍ലൈനില്‍ ഒരു കമന്റ് എഴുതിയിരിന്നു ഇങ്ങനെ: ഏറ്റവും നല്ല ബ്ലോഗ് എന്ന് ബ്ലോഗിനെ തെരഞ്ഞെടുക്കുന്ന രീതി അശാസ്ത്രീയമാണെന്ന് പറയാതെ വയ്യ. ഓരോ വര്‍ഷവും വിവിധ വിഭാഗങ്ങളില്‍ ഏറ്റവും നല്ല ബ്ലോഗ് പോസ്റ്റുകളെ തെരഞ്ഞെടുക്കാം. തമിഴ്‌മണം എന്ന തമിഴ് അഗ്രഗേറ്റര്‍ എത്ര വൃത്തിയായി ഈ വര്‍ഷത്തെ ബ്ലോഗ് അവാര്‍ഡ് മത്സരം നടത്തുന്നു എന്ന് നോക്കുക. ഞാന്‍ എന്നിട്ട് ആ മത്സരത്തിന്റെ ലിങ്കും കൊടുത്തിരുന്നു. എന്റെ കമന്റ് ബൂലോകം ഓണ്‍ലൈന്‍ ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല. ഇനി ശ്രദ്ധയില്‍ പെട്ടാലും കാര്യമില്ല. കാ‍രണം അത്ര ഡീസന്റായി, കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഭൂരിപക്ഷം ബ്ലോഗര്‍മാരുടെ പങ്കാളിത്തത്തോടെ അത്തരം ഒരു മത്സരം നടത്താനോ മികച്ച പോസ്റ്റുകളെ ഓരോ വിഭാഗത്തിലും കണ്ടെത്തി അതാത് ബ്ലോഗര്‍മാരെ സമ്മാനം നല്‍കി ആദരിക്കാനോ മലയാളത്തില്‍ ഒരു കാരണവശാലും കഴിയില്ല.

അത്കൊണ്ട് ഈ മത്സരത്തെ പറ്റി പിന്നീട് ഞാന്‍ ഒന്നും ശ്രദ്ധിക്കാന്‍ പോയതുമില്ല. ആരെങ്കിലും എന്റെ ബ്ലോഗ് നോമിനേഷന്‍ കൊടുത്ത് എനിക്ക് വോട്ടും നല്‍കി തെരഞ്ഞെടുത്ത് എന്നെ അപമാനിക്കും എന്ന ആശങ്ക ഒട്ടുമില്ലാത്തതിനാല്‍ അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല എന്ന് പറയുന്നതാവും ശരി. അവാര്‍ഡ് മത്സരത്തെ അധികമാരും എതിര്‍ത്തിട്ടില്ല എന്ന് തോന്നുന്നു. എതിര്‍ത്താല്‍ അവാര്‍ഡ് കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ കൊതിക്കെറുവ് കൊണ്ട് എതിര്‍ക്കുന്നു എന്ന ആക്ഷേപത്തിന് ഇരയായാലോ എന്ന് ഭയന്ന് ആരെങ്കിലും എതിര്‍ക്കാന്‍ സാധ്യത കുറവാണ്. ഞാന്‍ തന്നെ ശ്രദ്ധിച്ചിട്ടാണ് ആ കമന്റ് എഴുതിയിരുന്നത്. ഇന്ന് ഒന്ന് രണ്ട് ബ്ലോഗുകളില്‍ ആ മത്സരത്തെ പറ്റി ചില പരാമര്‍ശങ്ങള്‍ കാണാനിടയായി. ബ്രൈറ്റ് എന്ന ബ്ലോഗര്‍ ഒരു വണ്‍‌മാന്‍ ഷോ ആയാണ് ഈ മത്സരം ഏര്‍പ്പാടാക്കിയത് എന്നും ഒരാള്‍ ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്തിട്ടുണ്ട് എന്നും അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുള്ള ഒരു ബ്ലോഗ്ഗര്‍ എനിക്ക് അവാര്‍ഡ് നല്‍കുന്നതില്‍ നിന്ന് എന്നെ ഒഴിവാക്കണം എന്നും മറ്റും വായിക്കാന്‍ ഇടയായി. എന്തായാലും വോട്ടെടുപ്പ് തുടരുമെന്നും അറിയിപ്പ് കണ്ടു. അത് നടക്കട്ടെ, ഇങ്ങനെയൊക്കെയെ നമുക്ക് കഴിയൂ!

ഞാന്‍ നാട്ടില്‍ എപ്പോഴൊക്കെ വരുന്നുവോ അപ്പോഴൊക്കെ നാട്ടില്‍ അപ്രതീക്ഷിതബന്ദും പതിവായിരുന്നു. ഇപ്രാവശ്യവും പതിവ് തെറ്റിയില്ല. നാളെ (29-12-09) ബന്ദാണ്. പേര് ഹര്‍ത്താല്‍, പേരില്‍ എന്തിരിക്കുന്നു സംഗതി ബന്ദ് തന്നെ. ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞു, കോംഗ്രസ്സുകാരുടെ ഹര്‍ത്താലാണെങ്കില്‍ പേടിയില്ല ഞങ്ങള്‍ വണ്ടി എടുക്കാറുണ്ട്. ഇത് ബി.ജെ.പി.യുടേതാണ്. എന്തായാലും നാളെ സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനജീവിതം സ്തംഭിക്കുകയില്ല. ഒരു ഹര്‍ത്താല്‍ അല്ലെങ്കില്‍ ബന്ദ് കേരളത്തില്‍ വിജയിപ്പിക്കണമെങ്കില്‍ അതിന് വലിയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യണമെന്നൊന്നുമില്ല. പത്ത് സാമൂഹ്യവിരുദ്ധര്‍ നാളെ ഹര്‍ത്താല്‍ എന്നൊന്ന് പറഞ്ഞാല്‍ മതി, ചാനലുകാര്‍ അത് ലോകം മൊത്തം വിളംബരം ചെയ്ത് ജനങ്ങളെ ബന്ദികളാക്കി വീട്ടില്‍ ഇരുത്തിത്തരും. വിലക്കയറ്റമാണ് ബി.ജെ.പി. യെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ പ്രേരിപ്പിച്ചതത്രെ. വിലക്കയറ്റം കേന്ദ്രസൃഷ്ടിയാണെന്നാണ് സംസ്ഥാനഭരണക്കാര്‍ പറയുന്നത്. സംസ്ഥാനങ്ങളാണ് വില നിയന്ത്രിക്കേണ്ടതെന്ന് കേന്ദ്രനും പറയുന്നു. എനിക്കിതിന്റെ ലോജിക്ക് മനസ്സിലാകുന്നില്ല. സാധനങ്ങളുടെ ലഭ്യത കുറയുമ്പോഴാണ് വില കയറുന്നത്. ഈ അവസരം രണ്ട് സംഗതികള്‍ നടക്കുന്നു, വില കയറുമ്പോള്‍ കച്ചവടക്കാര്‍ തോന്നിയ പോലെയാണ് സാധനങ്ങള്‍ക്ക് വില ഈടാക്കുന്നത്. അടുത്തടുത്തുള്ള കടകളില്‍ പോലും വിലകളില്‍ വലിയ അന്തരം കാണാം. വിലക്കയറ്റം എന്ന് ആരെങ്കിലും ഉച്ചരിച്ചാല്‍ മതി കൊള്ളലാഭം കൊയ്യാനുള്ള പ്രവണത കച്ചവടക്കാരില്‍ കാണുന്നു. മറ്റൊന്ന് വില കൂടുന്ന സാധനങ്ങള്‍ക്ക് ഉപഭോഗാസക്തിയും കൂടുന്നു. നേന്ത്രപ്പഴത്തിന് കിലോ 36 രൂപയായപ്പോള്‍ ഒരു കിലോ വാങ്ങുന്നവന്‍ രണ്ട് കിലോ ആണ് വാങ്ങുന്നത്. ഇതില്‍ കേന്ദ്രനും സ്റ്റെയിറ്റനും പരസ്പരം പഴി ചാരി കൊള്ളക്കച്ചവടക്കാര്‍ക്ക് അനുകൂലസാഹചര്യം ഒരുക്കുന്നു. കച്ചവടക്കാരെ നിയന്ത്രിക്കാന്‍ സംവിധാനവുമില്ല, ഉപഭോക്താക്കള്‍ സ്വയംശിക്ഷിതരുമല്ല.

ദിവാകരന്‍ മന്ത്രി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. വിലക്കയറ്റം ആളുകള്‍ക്ക് ഒരു പ്രശ്നമേയല്ല. ആളുകളുടെ കൈയ്യില്‍ ഇഷ്ടം പോലെ കാശുണ്ട്. പഴം-പച്ചക്കറി വാങ്ങാനും മീന്‍ മാര്‍ക്കറ്റില്‍ വരുന്നവരുമൊക്കെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായാണ് വരുന്നത്. വില ചോദിക്കുന്നത് പോലുമില്ല. കടക്കാരന്‍ കൊടുക്കുന്ന ബാക്കിയുമായി പോകുന്നു. എന്ത് ജോലിക്ക് പോയാലും സുഭിക്ഷമാ‍യ ഭക്ഷണവും കഴിഞ്ഞ് മുന്നൂറോ നാനൂറോ രൂപ ഇന്ന് കൂലി കിട്ടും. ചെറുപ്പക്കാര്‍ വെള്ളമടിച്ചും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്തുമാണ് ഈ കാശൊക്കെ തീര്‍ക്കുന്നത്. ബി.ജെ.പി.യുടെ ബന്ദ് നടക്കട്ടെ. കുറച്ച് പേര്‍ക്ക് വിഷമം നേരിടും. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതിയാല്‍ മതി. ഹര്‍ത്താല്‍ കൂടിയാലേ മദ്യവില്പന കൂടൂ, മദ്യവില്പന കുടിയാലേ സര്‍ക്കാര്‍ നിലനില്‍ക്കൂ.

ലോണ്‍ എടുത്ത് നിര്‍മ്മിച്ച നാട്ടിലെ വീട് പൂട്ടിയിട്ടിട്ടാണ് ഞങ്ങള്‍ ബാംഗ്ലൂരില്‍ താമസിക്കുനത്. ഇങ്ങനെ നാട്ടില്‍ ആള്‍ത്താമസം ഇല്ലാത്ത വീടുകള്‍ നിരവധിയുണ്ട്. എന്നിട്ടും പുതിയ പുതിയ വീടുകളുടെ നിര്‍മ്മാണം നാട്ടില്‍ നിര്‍ബ്ബാധം നടക്കുന്നു. പണിക്കാരെ കിട്ടാനില്ല, മണലിനാണെങ്കില്‍ പൊന്നിന്റെ വില. സാമ്പത്തിക മാന്ദ്യം വേറെ. ഇതൊന്നും നാട്ടിലെ കണ്‍സ്ട്രക്‍ഷന്‍ മേഖലയെ ബാധിച്ചിട്ടില്ല. വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന കോടിക്കണക്കിന് രൂപ ഇവിടെ മണിമന്ദിരങ്ങളായി മാറുന്നു. ഭീമമായ ഈ സംഖ്യ ഒരു പ്രത്യുല്പാദന മേഖലയിലും നിക്ഷേപിക്കപ്പെടുന്നില്ല എന്നര്‍ത്ഥം. കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്കരണത്തിന്റെ ഇന്നത്തെ ബാക്കിപത്രം ഇതാണ്, തുണ്ട് തുണ്ട് ഭുമികളും അതില്‍ കൊട്ടാരസദൃശമായ ബംഗ്ലാവുകളും. ഉള്ള മുഴുവന്‍ സ്ഥലത്തും വീട് പരത്തിപ്പണിയാനുള്ള പ്രവണതയാണ് കാണുന്നത്. ഗേറ്റ് വരെ സിമന്റ് കട്ടകള്‍ നിരത്തുകയും ചെയ്യുന്നു. ഒരിറ്റ് മഴ വെള്ളം പോലും ഭൂമിയില്‍ ഇറങ്ങിപ്പോകരുത് എന്ന് നിര്‍ബ്ബന്ധമുള്ള പോലെ.

ബാംഗ്ലൂരില്‍ നിന്ന് വരുമ്പോള്‍ ഇനി രണ്ടാഴ്ചത്തേക്ക് ബ്ലോഗ് എഴുതേണ്ട എന്ന് കരുതിയതാണ്. നോക്കുമ്പോള്‍ ഇവിടെ നല്ല സ്പീഡ് ഉള്ള നെറ്റ് കണക്‍ഷനുണ്ട്. ആരോടാണ് വര്‍ത്തമാനം പറയേണ്ടത്. എല്ലാവര്‍ക്കും സ്വന്തം കാര്യമേയുള്ളൂ. ഒരു കാര്യവുമില്ലെങ്കില്‍ ഒരു കുശലം പറയാന്‍ പോലും ആര്‍ക്കും കൌതുകമില്ല. അത്കൊണ്ട് മനസ്സിലുള്ളത് ബ്ലോഗോട് പറയാം എന്ന് കരുതി ഇരുന്നതാണ്. പക്ഷെ ടൈപ്പ് ചെയ്ത് വന്നപ്പോള്‍ എന്തൊക്കെയോ ആയിപ്പോയി. ഇനിയിത് ഇവിടെ കിടക്കട്ടെ. ചേതമൊന്നുമില്ലല്ലൊ.

പുതുവര്‍ഷവും വിസ്മയ പാര്‍ക്കും !


എല്ലാ
ബ്ലോഗ്ഗര്‍മാര്‍ക്കും, ബ്ലോഗ് വായനക്കാര്‍ക്കും ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ പുതുവത്സരാശംസകള്‍ നേരുന്നു! യാദൃച്ഛികമായാണ് ബ്ലോഗില്‍ എത്തിപ്പെട്ടത്. എന്തൊക്കെയോ എഴുതിക്കൂട്ടി. ഞാന്‍ എഴുതിത്തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നവരില്‍ വിരലില്‍ എണ്ണാന്‍ കഴിയുന്നവര്‍ മാത്രമെ ഇപ്പോള്‍ ബ്ലോഗില്‍ ഉള്ളൂ. എനിക്ക് പക്ഷെ ബ്ലോഗ് ഇതിനകം ഒരു നല്ല ചങ്ങാതിയായി കഴിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ ബ്ലോഗിനെ ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. നാട്ടിലേക്ക് പോകുന്നത്കൊണ്ട് രണ്ടാഴ്ചക്കാലം അവധി എടുക്കുകയാണ്.



ഞാന്‍ നിങ്ങളേവരെയും കണ്ണൂരിലെ വിസ്മയ പാര്‍ക്കിലേക്ക് ക്ഷണിക്കുന്നു. ഇതാ ഇവിടെ ഒരു വെര്‍ച്വല്‍ ടൂര്‍ !

അടുത്ത പോസ്റ്റ്: കമ്മ്യൂണിസം അപകടകരമാണ്!

റിച്ച്മാന്‍ പൂവ്വര്‍മാന്‍



ഇന്ന് ഞാന്‍ ഒരു കഥ പറയുകയാണ്. ബ്ലോഗ് എഴുതുന്നതിനിടയില്‍ ചിലപ്പോഴൊക്കെ ഇങ്ങനെ പോഡ്‌കാസ്റ്റ് ചെയ്യുന്നത് നല്ലതാണ്. നമ്മുടെ ശബ്ദം മറ്റുള്ളവരെ കേള്‍പ്പിക്കാമല്ലൊ. ഇപ്പോഴൊക്കെ പോഡ്‌കാസ്റ്റ് ചെയ്യുന്നത് ഒരു സംഭവമേയല്ല. എങ്ങനെയാണ് പോഡ്‌കാസ്റ്റ് ചെയ്യേണ്ടതെന്ന് മുള്ളൂക്കാരന്റെയും മറ്റും ബ്ലോഗില്‍ സരളമായി വിവരിച്ചിട്ടുണ്ട്. എന്നാലും ഞാന്‍ എങ്ങനെയാണ് ഈ പോഡ് കാസ്റ്റ് ചെയ്യുന്നത് എന്ന് ഇവിടെ വിവരിക്കട്ടെ. ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടെങ്കിലോ!

പോഡ്‌കാസ്റ്റ് ചെയ്യാന്‍ ആദ്യമായി വേണ്ടത് ഒരു നല്ല മൈക്രോഫോണ്‍ ആണ്. ഞാന്‍ സോണിയുടെ ഒരു മൈക്രോഫോണ്‍ വാങ്ങിയിരുന്നു. ഇപ്പോഴൊക്കെ വെബ്‌ക്യാമില്‍ മൈക്രോഫോണ്‍ ഇന്‍‌ബില്‍ട്ടായി ഉള്ളത്കൊണ്ട്, അതുള്ളവര്‍ക്ക് മൈക്രോഫോണ്‍ വാങ്ങേണ്ടതില്ല. പിന്നെ വേണ്ടത് നമ്മുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഒരു സോഫ്റ്റ്‌വേര്‍ ആ‍ണ്. സൌജന്യമായി ഡൌണ്‍‌ലോഡ് ചെയ്യാന്‍ കഴിയുന്ന ഓഡാസിറ്റി എന്ന സോഫ്റ്റ്‌വേര്‍ ആണ് നല്ലത്. ഓഡാസിറ്റി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതിന്റെ കൂടെ LAME MP3 encoder എന്ന സോഫ്റ്റ്‌വേര്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മറക്കരുത്. അങ്ങനെ നാം സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് നമുക്ക് mp3 ഫയല്‍ ആയി ഡെസ്ക്ക്ടോപ്പില്‍ സേവ് ചെയ്യാം. അതിന് ശേഷം നമ്മുടെ പ്രഭാഷണം പോഡ്‌കാസ്റ്റ് ചെയ്യാന്‍ ഒരു സര്‍വര്‍ അഥവാ ഒരു ഹോസ്റ്റ് ആണ് വേണ്ടത്. സൌജന്യമായി ഈ സേവനം നല്‍കുന്ന സൈറ്റുകളാണ് clickcaster , podbean എന്നിവ. പക്ഷെ പരിമിതമായ സ്പേസ് മാത്രമേ നമുക്ക് ഈ സൈറ്റുകള്‍ അനുവദിച്ചു തരുന്നുള്ളൂ. ഇന്റര്‍നെറ്റ് ആര്‍ക്കൈവ് എന്ന സൈറ്റില്‍ നമുക്ക് പരിധിയില്ലാതെ ഫയലുകള്‍ അപ്‌ലോഡ് ചെയ്യാം. അത്തരം സൈറ്റുകളില്‍ നിന്ന് നിന്ന് നമ്മുടെ പോഡ്കാസ്റ്റിന്റെ പ്ലേയര്‍ എംബഡ്കോഡ് കോപ്പി ചെയ്ത് നമ്മുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്താല്‍ പോഡ്‌കാസ്റ്റ് ആയി.

ഞാന്‍ പക്ഷെ ഇവിടെ ഉപയോഗിച്ചിട്ടുള്ളത് യാഹൂ പ്ലേയര്‍ ആണ്. നമ്മുടെ എല്ലാ പോഡ്‌കാസ്റ്റുകളും ഒരു പ്ലേ ലിസ്റ്റ് ആയി ബ്ലോഗില്‍ ലഭ്യമാക്കാം എന്നതാണ് യാഹൂ പ്ലേയറിന്റെ പ്രത്യേകത. നമ്മള്‍ അപ്‌ലോഡ് ചെയ്ത സൈറ്റില്‍ നിന്ന് നമ്മുടെ പോഡ്‌കാസ്റ്റിന്റെ URL ലിങ്ക് മാത്രം എടുത്താല്‍ മതി. ഇത്രയും കാര്യങ്ങള്‍ ഞാന്‍ സ്വയം നെറ്റില്‍ നിന്ന് തപ്പി കണ്ടുപിടിച്ചതാണ്. താല്പര്യമുള്ളവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സൂചന നല്‍കുന്നു എന്ന് മാത്രം. സംശയമുള്ളവര്‍ക്ക് കൂടുതലായി വിശദീകരിച്ചു തരാന്‍ സന്തോഷമേയുള്ളൂ.

ഇനി എന്റെ കഥ റിച്ച്മാന്‍ പൂവ്വര്‍മാന്‍ കേള്‍ക്കാന്‍ നിങ്ങളെ ക്ഷണിക്കുന്നു.

ജീവിതരേഖകള്‍

ഞാന്‍ ഇന്ന് കണ്ട ഒരു വീഡിയോ ആണിത്. നിങ്ങളും കാണണമെന്ന് ആഗ്രഹം തോന്നിയതിനാല്‍ അത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. Passing afternoon എന്ന പേര് മലയാളീകരിച്ചു പോസ്റ്റിന് തലക്കെട്ടായി കൊടുക്കാമെന്ന് കരുതിയപ്പോള്‍ ഉചിതമായ വാചകം കണ്ടെത്താന്‍ കഴിഞ്ഞില്ല. നെറ്റില്‍ നിന്ന് വീഡിയോ കാണുമ്പോള്‍ ലോഡ് ആയി വരാന്‍ താമസം നേരിടുന്നത് ദൃശ്യസുഖം അസാധ്യമാക്കുന്നു. അതിന് ഞാന്‍ ചെയ്യുന്നത് , എന്റെ സിസ്റ്റത്തില്‍ Real Player ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. വീഡിയോ പ്ലേ ചെയ്യുമ്പോള്‍ റീയല്‍ പ്ലേയര്‍ അത് ഡൌണ്‍‌ലോഡ് ചെയ്തോളും. വിന്‍ഡോ മിനിമൈസ് ചെയ്തിട്ട് ഞാന്‍ വേറെ എന്തെങ്കിലും വായിക്കും. ഇന്‍സ്റ്റാള്‍ ആ‍യിക്കഴിഞ്ഞാല്‍ റീയല്‍ പ്ലേയറില്‍ സുന്ദരമായി കാണാം. RealPlayer ന്റെ ബേസിക് പ്ലേയര്‍ ഡൌണ്‍‌ലോഡ് ചെയ്താല്‍ മതി.


Passing Afternoon from Matthew McGlennen on Vimeo.

നരേന്ദ്രമോഡിക്ക് അഭിനന്ദനങ്ങള്‍ !

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നത് നിര്‍ബ്ബന്ധമാക്കിക്കൊണ്ട് ഗുജറാത്ത് അസംബ്ലി നിയമം പാസ്സാക്കിയിരിക്കുന്നു. ജനാധിപത്യം ഉറപ്പാക്കുന്നതിന് വേണ്ടി രാജ്യത്ത് നടപ്പാക്കുന്ന ആദ്യത്തെ കാല്‍‌വെപ്പ് എന്ന നിലയില്‍ ഈ നിയമനിര്‍മ്മാണത്തിന് മുന്‍‌കൈ എടുത്ത മുഖ്യമന്ത്രി ശ്രീ.നരേന്ദ്ര മോഡിയെ ഞാന്‍ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസ്സിന്റെ കടുത്ത എതിര്‍പ്പിനിടയിലാണത്രെ ഈ നിയമം അവിടെ പാസ്സാക്കിയെടുത്തത്. അപ്രായോഗികം എന്നാണ് കോണ്‍ഗ്രസ്സിന്റെ ആക്ഷേപം. നിര്‍ബ്ബന്ധവോട്ടിങ്ങ് ഒരു സ്വകാര്യബില്‍ ആയി മുന്‍പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും അപ്രായോഗികം എന്ന് കണ്ട് പിന്‍‌വലിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണത്രെ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ഗുജറാത്ത് നിയമസഭയില്‍ ഈ ബില്ലിനെ എതിര്‍ത്തത്. ഇപ്പോള്‍ വെറും 25 ശതമാനം വോട്ടര്‍മാരുടെ പിന്‍‌തുണ നേടിക്കൊണ്ടാണ് സര്‍ക്കാറുകള്‍ ഭരിക്കുന്നതും, ജനപ്രതിനിധികള്‍ ദീര്‍ഘകാലം ഭൂരിപക്ഷത്തിന്റെ പ്രതിനിധികള്‍ ആയി തുടരുന്നതും. വലിയ വിഭാഗം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നതേയില്ല. ഇത് ജനാധിപത്യത്തെ വെറും പ്രഹസനമാക്കുന്നുണ്ട്. ഇപ്പോള്‍ 32 രാജ്യങ്ങളില്‍ നിര്‍ബ്ബന്ധ വോട്ടിങ്ങ് സമ്പ്രദായം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന മോഡി, തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ പൌരന്മാര്‍ക്ക് ഒരു അര മണിക്കൂര്‍ ചെലവാക്കിക്കൂടേ എന്ന് ചോദിക്കുന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ പോകുന്നവര്‍ ഒരു മാസത്തിനുള്ളില്‍ അതിനുള്ള കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിക്കണം. രോഗം, സ്ഥലത്തില്ലാതിരിക്കുക എന്നീ കാരണങ്ങള്‍ക്കാണ് ഇളവ്. ഇല്ലങ്കില്‍ ശിക്ഷാര്‍ഹരാണ്.

ഇത് ജനാധിപത്യവിരുദ്ധമല്ലേ എന്ന് ചിലര്‍ ചോദിച്ചേക്കാം. വോട്ട് ചെയ്യുന്നില്ലെങ്കില്‍ പിന്നെന്ത് ജനാധിപത്യം? ജനാധിപത്യം ജന്മസിദ്ധമായ ഒന്നല്ല. അത് പൌരജനങ്ങള്‍ സ്വീകരിക്കുന്ന ഒരു സമ്പ്രദായമാണ്. വോട്ട് ചെയ്യുക എന്നത് ആ സമ്പ്രദായം സ്വീകരിക്കുന്നതിന്റെ മുന്നുപാധിയാണ്. മറ്റുള്ളവര്‍ വോട്ട് ചെയ്ത് എനിക്ക് ജനാധിപത്യം ഒരുക്കിത്തരണം എന്ന് ഒരു പൌരനും പറയാന്‍ കഴിയില്ല. ആരും വോട്ട് ചെയ്യാത്ത നാട്ടില്‍ ജനാധിപത്യം ഇല്ലല്ലൊ. അപ്പോള്‍ പ്രായപൂര്‍ത്തി വോട്ടവകാശം എല്ലാവരും വിനിയോഗിക്കുന്ന ഒരു സമ്പ്രദായത്തെയാണ് നാം ജനാധിപത്യം എന്ന് പറയുന്നത്. പോളിങ്ങ് ബൂത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന മുഴുവന്‍ പേരും വോട്ട് ചെയ്തിരിക്കണം എന്ന് നിയമം മൂലം ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനാണ് സ്വാതന്ത്ര്യം ലഭിച്ച് ഇത്രകാലത്തിന് ശേഷം നരേന്ദ്രമോഡി തുടക്കം കുറിച്ചിരിക്കുന്നത്. ക്രമേണ രാജ്യത്ത് എല്ലാ സംസ്ഥാന അസംബ്ലികളിലേക്കും, പാര്‍ലമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ ഈ നിയമം നടപ്പാക്കപ്പെടുകതന്നെ ചെയ്യും.

ഞാന്‍ ഈ വിഷയം മുന്‍പും ബ്ലോഗില്‍ എഴുതിയിരുന്നു. എന്നാല്‍ നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ ഇതിനു തുനിയുമെന്ന് കരുതിയിരുന്നില്ല. കാരണം ഇന്ന് തങ്ങള്‍ക്ക് ജന്മാവകാശം പോലെ പതിച്ചു കിട്ടിയിട്ടുള്ള വോട്ട്ബാങ്കിന്റെ പിന്‍‌ബലത്തില്‍ വില പേശി സീറ്റുകളും സ്ഥാനമാനങ്ങളും കരസ്ഥമാക്കി കുട്ടിരാജാക്കന്മാരെ പോലെ വാണരുളുകയാണ് രാഷ്ട്രീയക്കാരെല്ലാം. എല്ലാവരും വോട്ട് ചെയ്യണം എന്ന നിയമം പ്രാബല്യത്തിലായാല്‍ വന്നാല്‍ പല നേതാക്കളുടെയും ജാതകം മാറ്റിയെഴുതേണ്ടി വരും. കാരണം വോട്ട് ചെയ്യാതെ മാറി നില്‍ക്കുന്ന വോട്ടര്‍മാര്‍ നിര്‍ബന്ധവോട്ടിങ്ങ് നിമിത്തം പോളിങ്ങ് ബൂത്തിലെത്തിയാല്‍ ആര്‍ക്കാണ് അവര്‍ വോട്ട് ചെയ്യുക എന്ന് മുന്‍‌കൂട്ടി നിശ്ചയിക്കാന്‍ കഴിയില്ലല്ലൊ. മാത്രമല്ല, വോട്ട്ബാങ്ക് നിലനിര്‍ത്തുന്നത് പോലെ എളുപ്പമല്ല പുറത്തുള്ള വോട്ടര്‍മാരെ സ്വാധീനിക്കല്‍ . അതിന് കുറച്ചു വിയര്‍പ്പ് ഒഴുക്കേണ്ടി വരും. രാഷ്ട്രീയം തൊഴിലായി സ്വീകരിക്കുകയും ഉപജീവനത്തിന് മറ്റൊരു ജോലിയും അറിയാത്ത കുറെ പേര്‍ വഴിയാധാരമായി പോകാനും സാധ്യതയുണ്ട്. ഗുജറാത്ത് അസംബ്ലിയില്‍ കേട്ട പ്രതിപക്ഷ വിയോജിപ്പ് ഇതിന്റെ തെളിവാണ്. ഒരു തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങളും രാഷ്ട്രീയക്കാര്‍ പൊതുവെ ഇഷ്ടപ്പെടുന്നില്ല. തങ്ങളുടെ നിലനില്‍പ്പ് അപകടപ്പെടുത്തിക്കൊണ്ട് ജനാധിപത്യം ബലപ്പെടുത്തണം എന്ന് ആരെങ്കിലും ആഗ്രഹിക്കുമോ? നരേന്ദ്രമോഡി രാഷ്ട്രീയലാഭത്തിന് വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നതെന്ന് ഇതിനകം വിമര്‍ശനം ഉയര്‍ന്ന് വന്നിട്ടുണ്ട്. മോഡിക്ക് ലാഭം കിട്ടുന്നെങ്കില്‍ കിട്ടട്ടെ. ഈ നിയമം ഭാവിയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങള്‍ക്ക് മുന്നോടിയായിരിക്കും എന്നത് കൊണ്ട് മോഡി സ്മരിക്കപ്പെടും എന്നതായിരിക്കും അദ്ദേഹത്തിന് ലഭിക്കാവുന്ന നേട്ടം എന്ന് ഞാന്‍ കരുതുന്നു.

മദനിയെ എന്തിന് ചുമക്കണം ?



ഒരാള്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യാന്‍ പോകുന്നു എന്നും തനിക്ക് മുന്‍‌കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കുക. അടിയന്തിരമായി പരിഗണിക്കണമെന്നും അപേക്ഷിക്കുക. അടിയന്തിരഹരജി കോടതി പരിഗണിച്ച് വിചാരണ ഡിസംബര്‍ 14ന് മാറ്റി വെക്കുക. അന്നേ ദിവസം ഹരജിക്കാരന്‍ തന്നെ വിചാരണ നീട്ടിവെക്കണമെന്ന് അപേക്ഷിക്കുക. ഇത് മുന്‍‌കൂര്‍ ജാമ്യഹരജിയുമായി ബന്ധപ്പെട്ട് കേട്ടുകേള്‍വിയില്ലാത്തതാണ്. മുന്‍‌കൂര്‍ ജാമ്യഹരജി നല്‍കിയാല്‍ ഏറ്റവും വേഗത്തില്‍ തീര്‍പ്പ് ഉണ്ടാകാനല്ലെ ഹരജിക്കാരന്‍ താല്പര്യപ്പെടുക. ഇവിടെ ഹരജിക്കാരന്‍ തന്നെ വിചാരണ നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടത് എന്ത്കൊണ്ട്? സൂഫിയമദനിയുടെ കാര്യമാണ് പറയുന്നത്. ബാംഗ്ലൂര്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി തിരിച്ചു പോകുന്നത് വരെ സൂഫിയമദനിയെ ഭദ്രമായി സംരക്ഷിക്കുക എന്ന ആഭ്യന്തരവകുപ്പിന്റെ ഒത്തുകളിയാണിതെന്ന് പകല്‍ പോലെ വ്യക്തം. ഹരജി മാറ്റി വെച്ചു എന്ന റിപ്പോര്‍ട്ട് വന്ന ഉടനെ അന്‍വാര്‍‌ശ്ശേരിയില്‍ വെച്ചു മദനി ചാനല്‍കാരോട് നെടുനെടുങ്കന്‍ പ്രസംഗം നടത്തി. ഇന്ന് തീര്‍പ്പ് വരും എന്ന് കരുതിയതാണ്,ഇനി കോടതിയിലേ തങ്ങള്‍ക്ക് വിശ്വാസമുള്ളൂ എന്ന ആമുഖത്തോടെ തുടങ്ങിയ മദനി കത്തിക്കാളുകയായിരുന്നു. കോടതി അറസ്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ആ നിമിഷം അറസ്റ്റിന് വഴങ്ങും എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ മദനി പറയാതെ പറഞ്ഞത് പോലീസ് അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ ഭവിഷ്യത്ത് ഭയങ്കരമായിരിക്കും എന്നാണ്. അങ്ങനെയുണ്ടോ ആര്‍ക്കെങ്കിലും ഒരു സൌജന്യം? കോടതി പറഞ്ഞാലേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്ന് പറയാന്‍ ഈ മദനിയും സൂഫിയമദനിയും ആരാണ്?

മദനിയുടെ ഭാവഹാവാദികള്‍ ടിവിയില്‍ വീക്ഷിച്ച ആര്‍ക്കും തോന്നുക മദനി ഇപ്പോഴും ഭീകരവാദിയെ ഉള്ളില്‍ സൂക്ഷിക്കുന്ന അപകടകാരി എന്ന് തന്നെയാണ്. മുസ്ലീം സമുദായത്തിന് ഇത്രയും സ്വാധീനമുള്ള സംസ്ഥാനത്ത് തന്നെയും കുടുംബത്തെയും നാടുകടത്താന്‍ ആര്‍ക്കാണ് ധൈര്യം എന്ന വെല്ലുവിളിയും അയാള്‍ സമര്‍ത്ഥമായി നടത്തിയത് കാണികള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞിരിക്കും. തന്നെ വിമര്‍ശിക്കുന്നവരെ മുസ്ലീം വിരുദ്ധന്‍ എന്ന് വിശേഷിപ്പിക്കാനും മദനി തുനിഞ്ഞു. അപ്പോള്‍ ഒരു സംശയം മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് പറഞ്ഞാല്‍ പിണറായി ആണെന്ന് പറയുമ്പോലെ, മുസ്ലീം സമുദായം എന്ന് പറഞ്ഞാല്‍ മദനിയാണോ? മദനി ചെയര്‍മാന്‍ ആയ പി.ഡി.പി.എന്ന പാര്‍ട്ടി ദലിത്-പിന്നാക്കക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ-മതേതരപ്രസ്ഥാനമാണ് പോലും. അങ്ങനെയെങ്കില്‍ മദനി ഇപ്പോള്‍ മുസ്ലീം സമുദായത്തെ ഒരു കവചമാക്കാന്‍ ശ്രമിക്കുന്നത് എന്ത്കൊണ്ട്?

കാര്യങ്ങളുടെ കിടപ്പ് ഇതൊന്നുമല്ല. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് മദനിയെയും സൂഫിയമദനിയെയും സംരക്ഷിക്കാന്‍ നടത്തുന്ന അന്തര്‍നാടകങ്ങളാണ് എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന സംഗതി. എന്താണ് മദനിയെ രക്ഷിക്കാന്‍ ഇത്രയും വ്യഗ്രത? അത് മദനിയും സൂഫിയമദനിയും ഒരു തരത്തിലും കളമശ്ശേരി ബസ്സ് കത്തിക്കലും,ബാംഗ്ലൂര്‍ സ്പോടനവുമായി ബന്ധപ്പെട്ടിട്ടില്ല എന്നത്കൊണ്ടല്ല. മറിച്ചു ബന്ധപ്പെട്ടിട്ടുണ്ട് എന്നത്കൊണ്ടൂം അവരുടെ പങ്ക് ഒരിക്കലും പുറത്ത് വരരുത് എന്ന് ആര്‍ക്കൊക്കെയോ നിഷിപ്തതാല്പര്യമുള്ളത്കൊണ്ടുമാണെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ബാംഗ്ലൂരില്‍ പോലീസിന്റെ കൈയില്‍ തടിയന്റവിട നസീറിനെ കിട്ടുന്നതിന് പകരം കേരളാ പോലീസിന്റെ കൈയിലായിരുന്നു ആദ്യം കിട്ടിയിരുന്നതെങ്കില്‍ നടക്കുമായിരുന്നത് ഊഹിക്കാന്‍ കഴിയുന്നുണ്ട്. ഇതൊക്കെ കേവലം നാലു വോട്ടിന്റെ കാര്യത്തിനപ്പുറം സാമ്പത്തികമായ ഇടപാടുകള്‍ നിമിത്തമായിരിക്കും എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ? പണമാണല്ലൊ ഇന്ന് എല്ലാം നിര്‍ണ്ണയിക്കുന്നത്. എല്ലാ അടിയൊഴുക്കുകളും പുറത്ത് വരണമെന്നില്ല.

ഒരു കാര്യം വ്യക്തമാണ് എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. മദനിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗവും തമ്മിലുള്ള ബാന്ധവം ലജ്ജാകരമാണെന്ന് മാത്രമല്ല കേരളത്തിന് അപകടം കൂടിയാണ്. മദനിയുടെ ടിവിയിലെ പ്രകടനം അതാണ് സൂചിപ്പിക്കുന്നത്. പിണറായി അങ്ങനെ ആര്‍ക്കും വഴങ്ങുന്ന ആളല്ല എന്ന് മദനിക്ക് ആധികാരികമായി പറയാന്‍ കഴിയുന്നത് എന്ത്കൊണ്ട്? പിണറായും പത്രസമ്മേളനത്തില്‍ മദനിയെ തള്ളിപ്പറയുന്നതിന് പകരം ഇപ്പോള്‍ മതേതരനാണ് താനെന്ന മദനിയുടെ വാക്കുകള്‍ മുഖവിലക്കെടുത്ത് ന്യായീകരിക്കാനാണ് ശ്രമിച്ചത്.

ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ ഇടത് പക്ഷത്തിന്റെ കുത്തക അവകാശപ്പെടുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വികൃതമായ പിണറായിമുഖമാണ് ചാനലുകളില്‍ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സാംസ്ക്കാരികനായകരും ബുദ്ധിജീവികളും ഒക്കെ ഇപ്പോള്‍ ഉറക്കത്തിലാണ്. ബ്ലോഗിലും അനക്കമൊന്നും കാണുന്നില്ല. പിണറായിയെ മാത്രമല്ല മദനിയെയും ചുമക്കണമല്ലൊ എന്ന വൈക്ലബ്യം കൊണ്ടായിരിക്കും ആരും ഒന്നും മിണ്ടാത്തത്. മദനിയെ താങ്ങാന്‍ വരുന്നവര്‍ ഒന്നോര്‍ത്താല്‍ മതി, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം ജനത മദനിയെ അംഗീകരിക്കുന്നില്ല. പിന്നെ നിങ്ങള്‍ ഇടത്കാര്‍ എന്തിന് മദനിയെ ചുമക്കണം? പി.ഡി.പി.യുടെ നാലു വോട്ടിന് വേണ്ടിയാണെങ്കില്‍ അത്കൊണ്ട് പ്രയോജനമില്ല എന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചില്ലെ?

പി.ഡി.പി.യുമായി ഭാവിയില്‍ ഒരു ബന്ധവും ഇല്ലാതിരിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് എം.കെ.പാന്ഥേ ഡല്‍ഹിയില്‍ പറഞ്ഞത്. എന്നാല്‍ പിണറായിയോ? പി.ഡി.പി.യുമായി ഭാവിയില്‍ ബന്ധം ഉണ്ടാകുമോ എന്ന പത്രലേഖകരുടെ ചോദ്യത്തിന്, രാഷ്ട്രീയത്തില്‍ ഭാവിയിലെ കാര്യങ്ങള്‍ പ്രവചിക്കാന്‍ സാധ്യമല്ലെന്നും അപ്പോഴത്തെ അടവ്നയങ്ങള്‍ക്കനുസരിച്ചു തീരുമാനിക്കുമെന്നുമാണ് പിണറായി പറഞ്ഞത്. ഈ ദുസ്സാമര്‍ത്ഥ്യം, ഉളുപ്പില്ലായ്മ ഇടത്പക്ഷക്കാര്‍ തിരിച്ചറിയണം. ഒടുക്കത്തെ ഈ അടവ്നയമാണ് പാര്‍ട്ടിയെ കുളിപ്പിച്ചു കിടത്തുന്നത് എന്ന് വിവേകമുള്ള മാര്‍ക്സിസ്റ്റുകാര്‍ മനസ്സിലാക്കണം. അടവുനയം,ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ എന്നീ പദങ്ങള്‍ പിണറായി പ്രയോഗിക്കുന്നത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്ന് മാര്‍ക്സിസ്റ്റുകാര്‍ക്ക് മനസ്സിലാകേണ്ടതാണ്.