കേരളത്തെ ഇന്നത്തെ കോലത്തില്‍ എത്തിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. എന്താണ് ഇന്നത്തെ കോലം? തീവ്രവാദത്തിന്റെ ബ്രീഡിങ്ങ് ഫാം കേരളം ആയതിലേക്ക് വരുന്നതിന് മുന്‍പ് മറ്റ് ചിലത് പരിശോധിക്കാം. എന്തെങ്കിലും ഒരു പണി ചെയ്യണമെങ്കില്‍ ഇന്ന് ആളുകള്‍ക്ക് മറുനാട്ടിലേക്ക് പോകണം. എന്തെങ്കിലും തിന്നണമെങ്കിലും സാധങ്ങള്‍ മറുനാട്ടില്‍ നിന്ന് കൊണ്ടുവരണം. തൊഴിലിനേക്കാളും സമരങ്ങള്‍ നാട്ടില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വികസിപ്പിച്ചത് കൊണ്ടാണ് ഈ ദുര്‍ഗ്ഗതി നേരിട്ടത്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളായത്കൊണ്ട് പരത്തി പറയുന്നില്ല. നാലാളുകള്‍ക്ക് പണി കിട്ടുന്ന എന്ത് തുടങ്ങിയാലും സഖാക്കള്‍ കൊടിയുമായി വരും എന്നത് നാട്ടില്‍ പരക്കെ പറഞ്ഞ് പതിഞ്ഞ ഒരു ശൈലിയാണല്ലൊ. വിലക്കയറ്റത്തിന്റെ ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍ ആണെന്നും, ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കേന്ദ്രത്തിനെതിരെ സമരം നയിക്കും എന്നുമാണ് മന്ത്രി തോമസ് ഐസക്ക് പറഞ്ഞത്. നോക്കണം, നാലു പറങ്കിമുളകിന്റെ ചെടിയെങ്കിലും ഓരോ പുരയിടത്തിലും നട്ടുവളര്‍ത്തണമെന്ന് നാപ്പിഴയായിട്ടെങ്കിലും ആ വായില്‍ നിന്ന് ഉതിര്‍ന്നില്ല. മാര്‍ക്സിസ്റ്റുകള്‍ക്ക് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാര്‍ഗ്ഗമായി ഒറ്റമൂലിയുണ്ട്, സമരം! ഒരു തൊഴിലും ഇന്ന് നാട്ടില്‍ പച്ച പിടിക്കുകയില്ല. കേരം തിങ്ങും കേരളനാട്ടില്‍ നിന്ന് ചകിരിക്ക് വേണ്ടി തമിഴന്റെ കാല് പിടിക്കേണ്ടി വരുന്നു. അവകാശങ്ങളല്ലാതെ ചെയ്യുന്ന തൊഴിലിനോട് ആര്‍ക്കും ഇന്ന് കൂറോ ആത്മാര്‍ഥതയോ ഇല്ല. തൊഴില്‍ സംസ്ക്കാരം തീര്‍ത്തും പറ്റിക്കലായി മാറി.
മാര്‍ക്സിസ്റ്റ്കാര്‍ക്ക് എങ്ങനെയും പാര്‍ട്ടി വളര്‍ത്തണം എന്നേയുള്ളൂ. അതിനപ്പുറം ഒരു ജനതാല്പര്യങ്ങള്‍ക്കും അവരെ കിട്ടില്ല. എന്തിലും പാര്‍ട്ടിക്കെന്ത് നേട്ടം എന്നതിലാണ് നോട്ടം. എന്തിനാണ് പാര്‍ട്ടി? നേതാക്കള്‍ക്ക് ആര്‍മ്മാദിക്കാന്‍ , വേറെന്തിന്? വായനശാലകളും, സാംസ്ക്കാരികസമിതികളും, പരസ്പരസഹായ സൊസൈറ്റികളും ഒക്കെ ബലം പ്രയോഗിച്ചു പിടിച്ചെടുത്ത് കൊണ്ടായിരുന്നു തുടക്കം. ഇന്ന് കോടികള്‍ വരുമാനമുള്ള ബിസിനസ്സ് ശൃംഖലകള്‍ പാര്‍ട്ടിയുടെ കീഴിലുണ്ട്. പാര്‍ട്ടി ക്ഷയിക്കുന്നു,ബിസിനസ്സ് കൊഴുക്കുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രതിദിനവരുമാനം എത്രയായിരിക്കും? എന്തായാലും നമ്മള്‍ ഊഹിക്കുന്നതിലും അധികമായിരിക്കും. അസൂയ കൊണ്ട് പറയുന്നതല്ല, ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഉദ്ദേശ്യം എന്തായിരിക്കണം? ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കലോ, സാമൂഹ്യപ്രവര്‍ത്തനം നടത്തലോ? സാമൂഹ്യപ്രവര്‍ത്തനം എന്നേ വകതിരിവുള്ളവര്‍ പറയൂ. രാഷ്ട്രീയവും ബിസിനസ്സും ഒരിക്കലും കൂട്ടിക്കെട്ടിക്കൂട. പാര്‍ട്ടി വളര്‍ത്താന്‍ എന്ത് കുതന്ത്രവും പ്രയോഗിക്കാം എന്ന ഈയെമ്മെസ്സിസമാണ്, എന്ത് ബിസിനസ്സും നടത്താം എന്ന പിണറായിയിസത്തില്‍ എത്തിനില്‍ക്കുന്നത്.
പി.ഡി.പി. ബന്ധം തെറ്റായിപ്പോയെന്ന് പാന്ഥേ പറഞ്ഞപ്പോള്‍ , അത് നേരത്തെ തന്നെ അവലോകനം ചെയ്ത് കേന്ദ്രക്കമ്മറ്റി പറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് മന്ത്രി കോടിയേരി പ്രതികരിച്ചത്. അപ്പോള്‍, കേന്ദ്രക്കമ്മറ്റി അവലോകിക്കുന്നതിന് മുന്‍പ് തന്നെ പി.ഡി.പി.ബന്ധം തെറ്റാണെന്ന് അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ടല്ലൊ അതോ? കേരളത്തില്‍ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം അബ്ദുള്‍ നാസ്സര്‍ മദനിയാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? എന്നാല്‍ പിന്നെ അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ കേന്ദ്രക്കമ്മറ്റിക്ക് അവലോകനം നടത്തി പിഡിപി ബന്ധം ഒഴിവാക്കിക്കൂടായിരുന്നോ? എല്ലായ്പ്പോഴും ഞങ്ങള്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു ചെയ്തിട്ട് അനന്തരം തിരുത്താന്‍ ശ്രമിക്കുകയേയുള്ളൂ എന്ന് എന്താണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇത്ര നിര്‍ബ്ബന്ധം? വല്ലപ്പോഴും ഒരു ശരി തത്സമയം ചെയ്തുകൂടെ സഖാക്കളേ? ഇപ്പോള്‍ തന്നെ തിരുത്തുന്നതിനുള്ള തെറ്റുകളുടെ കുടിശ്ശിഖ എത്രയായി? എപ്പോഴാണ് ഇതൊക്കെ തിരുത്തി തീര്‍ക്കുക? അപ്പോഴേക്കും പുതിയ തെറ്റുകള്‍ കൂമ്പാരമാകുമല്ലോ.
ഞാന്‍ ഒന്ന് ചോദിക്കട്ടെ, സമീപകാലമായി അച്യുതാനന്ദന്റെ ഏത് നിലപാടുകളാണ്, ഏത് പ്രസ്ഥാവനകളാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ദോഷകരമായി ഭവിക്കുമായിരുന്നത്? പിണറായിക്ക് ദോഷം സംഭവിക്കും എന്നത് ശരി തന്നെ. പിണറായി ആണോ പാര്‍ട്ടി? അതേ സമയം പിണറായിയുടെ നിലപാടുകളും, തീരുമാനങ്ങളും, ധാര്‍ഷ്ട്യം കലര്‍ന്ന പ്രസംഗങ്ങളും അടവ്നയങ്ങളുമല്ലെ പാര്‍ട്ടിയെ ഈ ഗതികേടില്‍ ഇപ്പോള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്? പാന്ഥേയുടെ പ്രസ്ഥാവനയില്‍ ഒരു കുറ്റസമ്മതമില്ലേ? വര്‍ഗ്ഗീയശക്തികളുമായി ബന്ധം പാടില്ലെന്ന അച്യുതാനന്ദന്റെ നിലപാട് ശരിയായിരുന്നു എന്നല്ലെ പാന്ഥേ പറയാതെ പറഞ്ഞത്? എന്നിട്ടും അച്യുതാനന്ദനെ എന്തേ പി.ബി.യില്‍ നിന്ന് ഒഴിവാക്കി പിണറായിയെ നിലനിര്‍ത്തി? അച്യുതാന്ദനെ മുഖ്യമന്ത്രിയായി സ്വതന്ത്രമായി ഭരിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് പ്രാമുഖ്യം ലഭിച്ചിരുന്നുവെങ്കില്‍ മാര്‍ക്സ്റ്റ് പാര്‍ട്ടിക്ക് തിളക്കം വര്‍ദ്ധിച്ചേനേ എന്ന് ആരും സമ്മതിക്കും.
പി.ബി.ക്ക് എന്ത്കൊണ്ട്, സെക്രട്ടരി സ്ഥാനത്ത് നിന്ന് പോലും ഒഴിവാക്കേണ്ടിയിരുന്ന പിണറായിയുടെ നിര്‍ബ്ബന്ധങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നു? ഉത്തരം ലളിതം. പി.ബി.എന്നാല്‍ ബംഗാള്‍ , കേരളം എന്നീ രണ്ട് കാലുകളില്‍ നടക്കുന്ന ഒരു അപൂര്‍വ്വജീവിയാണ്. പിണറായി ഇല്ലെങ്കില്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്ല. കാരണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്നാല്‍ വെറുമൊരു പാര്‍ട്ടി മാത്രമല്ല, അതിന്റെ കീഴിലുള്ള വ്യവസായസ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടവര്‍ പിണറായിയുടെ വിശ്വസ്തരാണ്. റബ്കോ തൊട്ട് തലശ്ശേരിയില്‍ ഉള്ള മുഴുവന്‍ സംരഭങ്ങളുടെയും എം.ഡി.യോ ചെയര്‍മാനോ ഇ.നാരായണനാണ്. കണ്ണൂരില്‍ ഏ.കെ.ജി.ഹോസ്പിറ്റല്‍ തൊട്ട് മറ്റെല്ലാ സ്ഥാപനങ്ങളുടെയും കൈകാര്യകര്‍ത്താക്കള്‍ പിണറായിയുടെ സ്വന്തം ആള്‍ക്കാര്‍ തന്നെ. ആഭ്യന്തരമന്ത്രിയുടെ കീഴില്‍ വെറുമൊരു മുഖ്യമന്ത്രിപണി എടുക്കുന്ന പാവം അച്യുതാന്ദന്റെ കൈയില്‍ ഒരു പ്രൈമറി സഹകരണസംഘം പോലുമില്ല. ഇത് പി.ബി.ക്കുമറിയാം.
സ്വത്ത് വാരിക്കൂട്ടുന്നതില്‍ മാത്രമൊതുങ്ങുന്നില്ല പിണറായിയിസം. ബംഗാള്‍ മോഡല്‍ സ്ഥിരം ഭരണം കേരളത്തിലും സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗിന്റെ പിറകെ കുറെ നടന്നു. കുഞ്ഞാലിക്കുട്ടിയുടെ കഷ്ടകാലം മുതലെടുത്തായിരുന്നു അത്. അച്യുതാനന്ദന്‍ അനുവദിച്ചില്ല. പിന്നെ കരുണാകരന്റെ ഡി.ഐ.സി.യെ കൂട്ടാമെന്നായി. അവിടെയും ഉടക്ക് അച്യുതാനന്ദന്റെ വക. എന്റെ വി.എസ്സേ നിങ്ങള്‍ക്ക് ഈ ഗതി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ! ഒടുവില്‍ വി.എസ്സിന്റെ ചിറകുകള്‍ ഒന്നൊന്നായി അരിഞ്ഞു വീഴ്ത്തിയപ്പോള്‍ അതാ വരുന്നു ജയിലില്‍ നിന്നും സാക്ഷാല്‍ മദനി. ആഭ്യന്തരമന്ത്രി തന്നെ സ്വീകരിച്ചാനയിച്ചു. എന്തായിരുന്നു ഘോഷം. മദനിയെ പോലൊരു വിശുദ്ധമതേതരന്‍ ഭൂമിമലയാളത്തില്‍ ഉണ്ടോ?
മദനിയാണ് കേരളത്തില്‍ മതതീവ്രവാദത്തിന്റെ വിത്തുകള്‍ പാകിയത്. മദനിയുടെ തീവ്രവാദസംഘടന ആയ ഐ.എസ്.എസ്. അല്ലെ പി.ഡി.പി.യായി പരിവര്‍ത്തിപ്പിച്ചത്. തടിയന്റവിട നസീറും കൂട്ടാളികളും ഐ.എസ്.എസ്സിന്റെ ഉല്പന്നങ്ങളല്ലെ. ഈ തീവ്രവാദവും ഒരു തരം ബിസിനസ്സ് ആണെന്ന് കാണാം. പണം വരവ് അതാണ് കാര്യം. അല്ലെങ്കില്‍ കുറെ നിരപരാധികള്‍ തെരുവുകളില്‍ കൊല്ലപ്പെട്ടിട്ട് ഈ തീവ്രവാദികള്‍ക്ക് എന്ത് കിട്ടാനാ. ഫണ്ട് റെയിസിങ്ങിന് ഉപയോഗപ്പെടുത്തുന്ന പല പല നിമിത്തങ്ങളില്‍ ഒന്നാണ് ഈ തീവ്രവാദവും എന്നെനിക്ക് തോന്നുന്നു. ആളുകള്‍ക്ക് സംഭാവന കൊടുക്കണമെങ്കില്‍ എന്തെങ്കിലും ഉപാധി വേണമല്ലൊ. മതം പറഞ്ഞാല്‍ മുസ്ലീം സഹോദരന്മാര്‍ വാരിക്കോരി കൊടുക്കുമായിരിക്കും. തമിഴ് പറഞ്ഞിട്ട് പുലിപ്രഭാകരന്‍ വാരിക്കൂട്ടിയ സമ്പത്ത് ഇന്നും കണക്കാക്കിയിട്ടില്ല. അനുയായി പത്മനാഭനുണ്ടായിരുന്നു പോലും അഞ്ച് കപ്പലും സ്വിസ് ബാങ്കില്‍ കോടികളും.
പണം സമ്പാദിക്കാനുള്ള സൂത്രപ്പണികളില്‍ നിന്നാണ് മാഫിയകള്‍ ആധുനികകാലത്ത് രൂപപ്പെടുന്നത്. ഇന്നെല്ലാം മാഫിയകളാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ന് രാഷ്ട്രീയമാഫിയയുടെ മുഖമാണ്. എല്ലാ മാഫിയകളും അത്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കേരളത്തില്‍ ഏത് മാഫിയയ്ക്കും മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ തണലിലേ ഇന്ന് വളരാന്‍ കഴിയൂ. കണ്ണൂരില്‍ ഒരു വന്‍മാഫിയ വളര്‍ന്ന് വരുന്നുണ്ട്. അതാണ് വിദ്യാഭ്യാസ മാഫിയ. എവിടെ നോക്കിയാലും കാണാം മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍. കണ്ണൂര്‍ ബസ്‌സ്റ്റാന്‍ഡിനടുത്തുള്ള മലബാര്‍ കോളേജ് എന്ന പാരലല്‍ കോളേജ് വിലയ്ക്ക് വാങ്ങിയായിരുന്നു തുടക്കം. ഇന്ന് എയിഡഡ് സ്കൂളുകള്‍ വാങ്ങിക്കൂട്ടി അത് ജൈത്രയാത്ര തുടരുന്നു. ഓരോ ഹൈസ്ക്കൂളുകള്‍ ഏറ്റെടുത്ത് അവിടെ കൂറ്റന്‍ കോണ്‍ഗ്രീറ്റ് കെട്ടിടങ്ങള്‍ ഉയരുന്ന വേഗത കണ്ട് ആളുകള്‍ മൂക്കത്ത് വിരല്‍ വെക്കുന്നു എന്നല്ലാതെ വിവാദങ്ങള്‍ ഒന്നും ഉയര്‍ന്നുവന്നിട്ടില്ല. എന്നാല്‍ ജനശക്തി യുടെ പഴയ ഒരു ലക്കത്തില്‍ ആ മാഫിയയെ പറ്റി ഒരു ലേഖനം കാണാനിടയായി. ആളുകള്‍ എല്ലാം മനസ്സിലാക്കുന്നുണ്ട് എന്നതിന് തെളിവാണത്. ആ ലേഖനത്തിന്റെ കോപ്പി താഴെ കൊടുക്കുന്നു. ഇമേജില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാനൊക്കെ ബുദ്ധിമുട്ട് കാണും. സമയവും ക്ഷമയുമുള്ളവര്‍ വായിക്കട്ടെ.
ഈ വിവിധതരം മാഫിയകളില്‍ നിന്ന് കേരളം രക്ഷപ്പെടുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.
ഇനി ജനശക്തിയുടെ ലേഖനത്തിലേക്ക്:




