Links
Pages
വിജയന്‍ മാഷിന്റെ മരണവും , വിവാദങ്ങളും !
സുകുമാര്‍ അഴീക്കോട് ആണ് അദ്യത്തെ വെടി പൊട്ടിച്ചത് . ആ പത്രസമ്മേളനം അനവസരത്തിലായിരുന്നു , അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മരണം ഒഴിവാക്കാമായിരുന്നു എന്നുമാണ് അഴീക്കോട് പറഞ്ഞതിന്റെ സാരം . അദ്ദേഹത്തിന്റെ ചുവട് പിടിച്ച് എം.മുകുന്ദനും ചുള്ളിക്കാടും പറഞ്ഞതിന്റെ അര്‍ത്ഥവും ഏതാണ്ട് ഇതേപോലെ തന്നെ . ഇവരെല്ലാവരും ഇങ്ങിനെ വിവാദങ്ങള്‍ ഉണ്ടാക്കിയതാണ് അനവസരത്തില്‍ എന്ന ഗണത്തില്‍ പെടുത്താവുന്നവ എന്നും വിജയന്‍ മാഷിന്റെ ആയുസ്സ് കുറച്ചു കൂടി നീട്ടിക്കിട്ടിയാല്‍ നന്നായിരുന്നു എന്ന സദുദ്ധേശത്തിലല്ല ഈ പ്രസ്താവനകള്‍ വന്നത് എന്നും പകല്‍ പോലെ വ്യക്തം . ആരെയൊക്കെയോ തൃപ്തിപ്പെടുത്താനോ സന്തോഷിപ്പിക്കാനോ ആണ് ഇങ്ങിനെയൊരു വിവാദത്തിന് തിരി കൊളുത്തിയത് എന്നതും കൊച്ചുകുട്ടികള്‍ക്ക് പോലും മനസ്സിലാവും . ഇങ്ങിനെയുള്ളവരെയാണ് നമ്മള്‍ സാംസ്കാരീകനായകന്മാര്‍ എന്ന പട്ടം ചാര്‍ത്തിക്കൊടുത്ത് ബഹുമാനിക്കുന്നത് എന്നത് സമകാലിക കേരളത്തിന്റെ ജീര്‍ണ്ണതയുടെ മറ്റൊരു വികൃതമുഖം .
അഴീക്കോട് ഒരു ഉച്ചഭാഷിണി പ്രിയന്‍ ആണെന്നും മൈക്ക് കിട്ടിയാല്‍ അദ്ദേഹം അത് നല്‍കിയവരെ പുകഴ്ത്താനും പ്രതിയോഗികളെ ഇകഴ്ത്താനും ഏതറ്റം വരെ പോകുമെന്നും അതിന് വേണ്ടി ഭാഷയെ ഉപയോഗിക്കുന്നതില്‍ അദ്ദേഹം അഗ്രഗണ്യനാണെന്നും എല്ലാവര്‍ക്കുമറിയാം . എത്ര അവശനായാലും പ്രസംഗിക്കാന്‍ ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണിതം അദ്ദേഹം നിരസിക്കാന്‍ സാദ്ധ്യതയില്ല . മരണം എത് നിമിഷത്തിലാണ് കടന്ന് വരികയെന്ന് ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ലല്ലോ . മരിക്കുമെന്ന് കരുതി ആരും തന്നെ എന്തെങ്കിലും ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാറുമില്ല . ഒരു പ്രസംഗവേദിയില്‍ വെച്ചാണ് അഴീക്കോട് മരണപ്പെടുന്നതെങ്കില്‍ ആ മരണത്തിന്റെ ഉത്തരാവാദിത്വം പ്രസംഗിക്കാന്‍ ക്ഷണിച്ചവരില്‍ ആരോപിക്കുന്നത് ഉചിതമായിരിക്കുകയില്ല തന്നെ .
സത്യത്തില്‍ ഒരു കാവ്യാത്മകമായ മരണമായിരുന്നു വിജയന്‍ മാഷിന്റേത് . മരണത്തിന് സൌന്ദര്യമുണ്ടെങ്കില്‍ അങ്ങേയറ്റം സുന്ദരമായിരുന്നു അദ്ദേഹത്തിന്റെ മരണം . മാത്രമല്ല അത് അസൂയാവഹം കൂടിയായിരുന്നു . മരിക്കുന്നെങ്കില്‍ ഇങ്ങിനെ മരിക്കണമെന്ന് മാലോകരെക്കൊണ്ട് പറയിപ്പിക്കുന്ന മഹത്തായ മരണം . ആ മരണത്തെ വിവാദമാക്കുന്നവര്‍ നാളെ എങ്ങിനെ മരിക്കുമെന്ന് പറയാന്‍ കഴിയില്ല . എല്ലാ മരണവും ഇങ്ങിനെ അനായാസമാകണമെന്നില്ലല്ലോ . വിജയന്‍ മാഷിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് വിലപിക്കുന്ന എം.മുകുന്ദനെപ്പോലെയുള്ളവര്‍ , അദ്ദേഹം എപ്പോള്‍ എങ്ങിനെ മരിക്കണമെന്നായിരുന്നു താല്‍പ്പര്യപ്പെടുന്നത് എന്നറിയുന്നത് കൌതുകകരമായിരിക്കും . സത്യത്തില്‍ ഇതിന്റെയെല്ലാം അടിയില്‍ നിലനില്‍ക്കുന്നത് വൃത്തികെട്ട കക്ഷിരാഷ്ട്രീയത്തിന്റെ മലീമസമായ അടിയൊഴുക്കുകളാണെന്നതാണ് പരമാര്‍ത്ഥം . തന്റെ സ്ഥാനം , തന്റെ പദവി , തന്റെ സമ്പാദ്യം , തന്റെ കീര്‍ത്തി , തന്റെ നിലനില്‍പ്പ് എന്നതില്‍ തീരുന്നു ഇന്നത്തെ രാക്ഷ്ട്രീയം ! കേഴുക മമ നാടേ എന്നല്ലാതെ എന്ത് പറയാന്‍ !!
ബന്ദിനും ഹര്‍ത്താലിനുമെതിരെ ജനകീയ പ്രതിരോധ മുന്നണി വേണം !

ഇന്ന് ( 1.10.07) സേതുസമുദ്രം പദ്ധതി വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്ടില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന ഭരണമുന്നണി നടത്താനിരുന്ന ബന്ദ് സുപ്രീം കോടതി തടഞ്ഞിരിക്കുന്നു. ബന്ദിന് പകരമായി നിരാഹാരമിരിക്കാന്‍ കരുണാനിധി തീരുമാനിച്ചിരിക്കുന്നു . പ്രതിപക്ഷ കക്ഷിയായ AIADMK ബന്ദിനെതിരെ നല്‍കിയ ഹരജിയിലാണ് കോടതി ഇങ്ങിനെ ബന്ദ് തടഞ്ഞ് കൊണ്ട് വിധി പ്രസ്ഥാവിച്ചത് . ഹരജിയുടെ വിചാരണ വേളയില്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പൌരബോധമുള്ള ചുരുക്കം ചിലരുടെയെങ്കിലും കണ്ണ് തുറപ്പിക്കേണ്ടതാണ് .
അതായത് 1998ല്‍ തന്നെ ബന്ദും ഹര്‍ത്താലും നിരോധിച്ചുകൊണ്ട് കേരള ഹൈക്കോടതി വിധി പ്രസ്ഥാവിച്ചതാണ് . പിന്നീട് ആ വിധി രാജ്യത്താകമാനം ബാധകമാണെന്ന് സുപ്രീം കോടതി ശരി വെച്ചതുമാണ് . എന്നിട്ടും എന്തേ ബന്ദും ഹര്‍ത്താലും അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ആരും തന്നെ കോടതിയലക്ഷ്യത്തിന് കേസ്സ് എടുക്കാന്‍ കോടതിയെ സമീപിക്കാത്തത് എന്നാണ് സുപ്രീം കോടതി ചോദിക്കുന്നത് . ഈ ഒരു സാധ്യത നിലനില്‍ക്കവെയാണ് നമ്മള്‍ ഇപ്പോഴും സംഘടിതരായ ഒരു ചെറിയ ന്യൂനപക്ഷത്തെ ഭയന്ന് ബന്ദ്,ഹര്‍ത്താല്‍ ദിനങ്ങളില്‍ സ്വയം തടവിലകപ്പെട്ട് കഴിയുന്നത് .
ബന്ദിനെതിരെ ഇപ്പോള്‍ ഹരജി നല്‍കിയെങ്കിലും അവരുടെ ആവശ്യം വരുമ്പോള്‍ AIADMK ഇനിയെപ്പോഴെങ്കിലും ബന്ദിന് ആഹ്വാനം നല്‍കിക്കൂടെന്നില്ല . അതാണ് രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പ് . മുന്‍പ് ഹര്‍ത്താലിനെതിരെ എം.എം.ഹസ്സനെപ്പോലുള്ളവര്‍ ഉപവാസം ഇരുന്നെങ്കിലും, പിന്നീട് അവരുടെ ആവശ്യത്തിന് ഹര്‍ത്താല്‍ നടത്തി വിജയിപ്പിച്ചിട്ടുണ്ട് . ബന്ദ് വിജയിപ്പിക്കാന്‍ ഇന്ന് ഒരു പാര്‍ട്ടി തന്നെ ആവശ്യമില്ല . ഒരജ്ഞാതന്‍ എതെങ്കിലും ഒരു ചാനലിലേക്ക് ഫോണ്‍ വിളിച്ച് നാളെ പണിമുടക്കാണെന്ന് പറഞ്ഞാലും നാട് അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിക്കും . അതാണിന്നത്തെ അവസ്ഥ. ബന്ദിനും ഹര്‍ത്താലിനും എതിരെ ശക്തമായി പ്രതികരിക്കുകയും , ഇനി ഹര്‍ത്താലിന് തങ്ങള്‍ കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത വ്യാപാരി-വ്യവസായി ഏകോപനസമിതി തന്നെ നിസ്സാര കാരണങ്ങളുടെ പേരില്‍ പല തവണ ഹര്‍ത്താല്‍ നടത്തിയിട്ടുണ്ട് .
ജനങ്ങളുടെ പ്രതിക്ഷേധം അറിയിക്കാനുള്ള പൌരാവകാശമാണ് പൊതുപണിമുടക്ക് , ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ സമരമുറകളെന്നും ഗാന്ധിജി നമുക്ക് തന്ന ഉദാത്തമായ സമര മാതൃകയാണിതെന്നും ഈ സമരമുറ വേണ്ടെന്ന് വയ്ക്കുന്നത് ഗാന്ധിജിയോടുള്ള അനാദരവാണെന്ന് പോലും രാഷ്ട്രീയക്കാര്‍ പറഞ്ഞ് കേള്‍ക്കാറുണ്ട് . പക്ഷെ ഗാന്ധിജി സമരങ്ങള്‍ നടത്തിയത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരോടായിരുന്നുവെന്നും ഇന്ന് ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ജനാധിപത്യഭരണസമ്പ്രദായമാണ് ഇവിടെ നിലവിലുള്ളതെന്നുമുള്ള സത്യം ഇക്കൂട്ടര്‍ സൌകര്യപൂര്‍വ്വം മറച്ചു വയ്ക്കുന്നു. അതായത് ഗാന്ധിജി സമരം നടത്തിയത് കൊളോണിയല്‍ ഭരണകൂടത്തോടാണെങ്കില്‍, ഇവിടെ നടക്കുന്നത് ഒരു ചെറിയ വിഭാഗം ആള്‍ക്കാര്‍ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്കെതിരെയാണ് . എങ്ങിനെയെല്ലാം ഈ സമരമുറ ആഭാസമാകാം എന്നതിന്റെ ഒരു നല്ല തെളിവായിരുന്നു തമിഴ് നാട്ടിലെ ഭരണമുന്നണിയുടെ ബന്ദാഹ്വാനം . സേതുസമുദ്രം പദ്ധതി വേഗം നടപ്പിലാക്കണമെന്നായിരുന്നു ബന്ദിന്റെ ആവശ്യം . ഈ സമരം ആര്‍ക്കെതിരെയാണെന്ന് ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിക്കുകയുണ്ടായി . രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ഒട്ടും തന്നെ വിവേകമോ ജനാധിപത്യബോധമോ ഇല്ലെന്നാണ് ഇത്തരം സമരാഹ്വാനങ്ങള്‍ തെളിയിക്കുന്നത് . ബന്ദ് , പൊതുപണിമുടക്ക് പോലുള്ള സമരങ്ങള്‍ പൊതുജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കോടതികള്‍ പലതവണ വ്യക്തമാക്കിയിട്ടും ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ ബന്ദും പണിമുടക്കും സ്പോണ്‍സര്‍ ചെയ്യുന്നത് നമ്മുടെ പൌരബോധത്തോടുള്ള വെല്ലുവിളിയാണ് . മാത്രമല്ല നമ്മുടെ പൌരാവകാശങ്ങള്‍ ഈ രാഷ്ട്രീയക്കാരുടെ കൈകളില്‍ സുരക്ഷിതമല്ല എന്ന ആപത്തും ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട് .
ജനങ്ങളുടെ പ്രതിക്ഷേധം അറിയിക്കാനാണ് ബന്ദും ഹര്‍ത്താലും ആഹ്വാനം ചെയ്യുന്നത് എന്നാണല്ലോ നേതാക്കന്മാര്‍ അവകാശപ്പെടുന്നത് . ആരാണീ ജനങ്ങള്‍ ? മുഴുവന്‍ ജനങ്ങളുടെയും പ്രാതിനിധ്യം അവകാശപ്പെടാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയും ഇവിടെയില്ല . അപ്പോള്‍ പൊതുപണിമുടക്ക് എന്ന പ്രയോഗം തന്നെ അസംബന്ധമാണെന്ന് കാണാം . പ്രതിക്ഷേധമുള്ളവര്‍ സ്വന്തം നിലയില്‍ പ്രധിക്ഷേധിക്കട്ടെ . ആര്‍ക്കൊക്കെയാണോ പ്രതിക്ഷേധമുള്ളത് അവര്‍ ഒറ്റക്കെട്ടായി പണിമുടക്കട്ടെ . അവര്‍ പുറത്തെവിടെയും സഞ്ചരിക്കാതെ വീട്ടിനുള്ളില്‍ കഴിയട്ടെ . മറ്റുള്ളവരുടെ പ്രതിക്ഷേധിക്കാതിരിക്കാനുള്ള അവകാശവും , പ്രതിഷേധക്കാരുടെ അവകാശങ്ങളേക്കാളും ഒട്ടും കുറവല്ല . മൊത്തം ജനങ്ങള്‍ക്കും പ്രധിഷേധിക്കാനുള്ള ഒരു ഇഷ്യൂ ആഭ്യന്തര്യമായി ഉണ്ടാവാനുള്ള സാധ്യതയില്ല തന്നെ . ചുരുക്കത്തില്‍ ബന്ദ് , ഹര്‍ത്താല്‍ , പൊതുപണിമുടക്ക് എന്നൊക്കെ പറയുന്നത് അതിന്റെ യഥര്‍ത്ഥ അര്‍ത്ഥത്തില്‍ ഒരു വിഭാഗം ആള്‍ക്കൂട്ടം മറ്റ് ജനവിഭാഗങ്ങളുടെപൌരാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കാട്ടാളത്തമാണ് .
തങ്ങളുടെ ജനാധിപത്യവിരുദ്ധമായ കടന്നുകയറ്റങ്ങള്‍ സാദ്ധ്യമാവുകയില്ല എന്ന് വന്നാല്‍ ഏത് നേതാവിനും ഏത് പ്രായത്തിലും വിവേകം ഉദിയ്ക്കാം എന്നതിന്റെ തെളിവാണ് കരുണാനിധിയുടെ സത്യാഗ്രഹ സമര പ്രഖ്യാപനം ! അങ്ങിനെയും പ്രധിക്ഷേധിക്കാമല്ലോ ? തങ്ങള്‍ക്ക് , ജനങ്ങള്‍ക്കില്ലാത്ത സവിശേഷമായ ചില അധികാരങ്ങള്‍ ജന്മനാ ലഭിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയനേതാക്കള്‍ ധരിച്ചു വച്ചിട്ടുള്ളത് . എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അധികാരങ്ങള്‍ക്ക് മേലെയാണ് പൊതുജനങ്ങളുടെ അധികാരം എന്ന് കോടതികള്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട് . പൊതുജനങ്ങളുടെ ആയാലും ഒരു വ്യക്തിയുടെ ആയാലും മൌലീകാവകാശങ്ങള്‍ക്ക് നിയമപരമായ പരിരക്ഷയുണ്ട് .
ബന്ദ് , പണിമുടക്ക് , ഹര്‍ത്താല്‍ എന്ന പേരിലുള്ള ഏതെങ്കിലും ഒരു ആഹ്വാനത്തിന്റെ പേരില്‍ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന നഷ്ടകഷ്ടങ്ങള്‍ക്ക് പോലും പരിഹാരം ലഭിക്കാന്‍ കോടതിയെ സമീപിക്കാവുന്നതാണ് . ഇങ്ങിനെ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്യുമ്പോള്‍ ആഹ്വാനം ചെയ്ത സംഘടനയുടെ നേതാവിനെ മാത്രമല്ല , ആ ആഹ്വാനം വാര്‍ത്തയായി പ്രസിദ്ധീകരിച്ച പത്രങ്ങളെയും വാര്‍ത്ത പ്രക്ഷേപണം ചെയ്ത ചാനലുകളേയും , തന്റെ മൌലീകാവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ സര്‍ക്കാറിനെയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്താവുന്നതാണ് . ഇങ്ങിനെ കുറെ കേസ്സുകള്‍ വന്നാല്‍ പിന്നീട് കരുണാനിധിയുടെ മാതൃക പിന്തുടരാന്‍ മറ്റ് നേതാക്കളും നിര്‍ബ്ബന്ധിതരാകും .
മറ്റനേകം സാമൂഹ്യ തിന്മകള്‍ക്കെതിരെയന്ന പോലെ ഈ ബന്ദ് എന്ന രാക്ഷസീയകൃത്യത്തിനെതിരെയും സമൂഹ മന:സാക്ഷി ഉണരേണ്ടതുണ്ട് . ഇങ്ങിനെ ഒരുപാട് സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നതിന് ജനങ്ങളോട് മാത്രം പ്രതിബദ്ധതയുള്ള ഒരു കൂട്ടായ്മ വളര്‍ന്ന് വരണം . എന്താണ് സാമൂഹ്യ പ്രവര്‍ത്തനം എന്ന് ഒരു നിര്‍വ്വചനം ആവശ്യമാണ് . നമ്മള്‍ നമ്മുടെ ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നത് . എന്നാല്‍ നമുക്ക് ജീവിയ്ക്കണമെങ്കില്‍ ഒരു നല്ല സാമൂഹ്യപരിതോവസ്ഥയും അത്യന്താപേക്ഷിതമാണ് . അങ്ങിനെ സമൂഹപരിസരം വൃത്തിയാക്കാനും അല്പസമയം നീക്കി വെക്കേണ്ടതുണ്ട് . കാരണം നമ്മുടെ ആരോഗ്യകരമായ നിലനില്‍പ്പിന് ആരോഗ്യകരമായ ഒരു ചുറ്റുപാടും കൂടിയേ തീരൂ . ഇത് മനസ്സിലാക്കിയാലും ഒരു വ്യക്തിക്ക് സ്വന്തം നിലയില്‍ എന്തെങ്കിലും ചെയ്യാന്‍ പരിമിതികളുണ്ട് . അത് കൊണ്ടാണ് ഒരു സാംസ്ക്കാരീകക്കൂട്ടായ്മയുടെ ആവശ്യകത നേരിടുന്നത് !
ഒരു ഇടയലേഖനവും ചില ദാര്‍ശനിക ചിന്തകളും !
ജീവിതത്തിന്റെ ദു:ഖങ്ങളും ദുരിതങ്ങളും ഏറ്റുവാങ്ങാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കട്ടെ എന്ന് ഞാന്‍ കരുതുന്നു. ഭൂമിയില്‍ മനുഷ്യന് മനുഷ്യക്കുഞ്ഞുങ്ങള്‍ മാത്രമാണ് പിറക്കുന്നത് .( മനുഷ്യരാശിക്ക് പൊതുവായ വായുവും വെള്ളവും ആഹാരവും മറ്റ് വിഭവങ്ങളും ഉപയൊഗപ്പെടുത്തിക്കൊണ്ടാണ് അവര്‍ വളരുന്നത് . ) ഒരു മതക്കുഞ്ഞോ സമുദായക്കുഞ്ഞോ ജാതിക്കുഞ്ഞോ പിറക്കാറുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടില്ല . ഇക്കണ്ട മതങ്ങളും ജാതികളും സമുദായങ്ങളും പ്രവാചകന്മാരും ഒക്കെ ഉണ്ടാവുന്നതിന് മുന്‍പേ മനുഷ്യക്കുഞ്ഞുങ്ങളാണ് ഭൂമിയില്‍ ജനിച്ചുകൊണ്ടിരുന്നത് . അതിന് എന്നെങ്കിലും മാറ്റം വന്നതായി ചരിത്രരേഖകളില്ല.ഇന്ന് ജീവിതത്തിന്റെ പ്രയാസങ്ങളും മത്സരങ്ങളും സംഘര്‍ഷങ്ങളും ഒക്കെ കാണുമ്പോള്‍ മരണപ്പെട്ടവരും ജനിക്കാതെ പോയവരും എത്ര ഭാഗ്യവാന്മാര്‍ എന്നെനിക്ക് തോന്നുന്നു .
ഇവിടെ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ , അങ്ങിനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സന്തോഷത്തോടും സമാധാനത്തോടും ഇവിടെ ജീവിയ്ക്കാന്‍ എന്ത് ഭൌതീക സാഹചര്യങ്ങള്‍ ഒരുക്കിയിട്ടാണ് അങ്ങിനെ ആഹ്വാനം ചെയ്യുന്നത് ? എന്ത് അഹ്വാനവും ആര്‍ക്കും ചെയ്യാം . അടുത്ത നൂറ്റാണ്ടിലെ ജനങ്ങള്‍ക്കായി ഞാന്‍ ഒരു ആഹ്വാനം ചെയ്യുന്നു. പ്രിയപ്പെട്ടവരേ , നിങ്ങള്‍ വിവാഹം കഴിക്കുക ! എന്നാല്‍ ദയവായി കുഞ്ഞുങ്ങളെ ജനിപ്പിക്കാതിരിക്കുക . നിങ്ങളോ ജനിച്ചു പോയി , അത് കൊണ്ട് ഒരു പങ്കാളിയെ കണ്ടെത്തി ഉള്ള സന്തോഷത്തോടെ ജീവിതം ജീവിച്ചു തീര്‍ക്കുക ! ശപിക്കപ്പെട്ട ഈ ഭൂമിയില്‍ ഇനി കുഞ്ഞുങ്ങള്‍ ജനിയ്ക്കാതിരിക്കട്ടെ !
NB: ഇത് 22ആം നൂറ്റാണ്ടിലെ ജനങ്ങളോടുള്ള ആഹ്വാനം മാത്രമാണ് . അവര്‍ മനസ്സുണ്ടെങ്കില്‍ അനുസരിക്കട്ടെ !
(മേലെ ബ്രായ്ക്കറ്റില്‍ ഉള്ള ഒരു വരി ഞാന്‍ ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തതാണ്)
ആ ഇടയലേഖനം വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ചില ദാര്‍ശനീക ചിന്തകള്‍ ഇവിടെ കുറിച്ചിടട്ടെ . എന്തിനാണ് മനുഷ്യന്‍ ഭൂമിയില്‍ ജനിയ്ക്കുന്നത് ? ജീവിതത്തിന്റെ ഉദ്ധേശ്യം തന്നെ എന്താണ് ? ദൈവത്തിന്റെ ഒരു വിനോദമാണോ ഇത് ? മനുഷ്യനെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ , മനുഷ്യന് വേണ്ടി മറ്റെന്ത് സൌകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത് . ഇക്കാണുന്നതെല്ലം മനുഷ്യന്റെ അധ്വാനത്തിന്റെ ഫലമാണ് ! മനുഷ്യന്‍ ഭൂമിയില്‍ ആവിര്‍ഭവിച്ചിട്ട് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി . അന്നൊന്നും മനുഷ്യന് ആശയവിനിമയം നടത്താന്‍ ഭാഷയില്ലായിരുന്നു. ഭാഷയില്ലാതെ ദൈവവും പ്രവാചകനും ഒന്നും ഇല്ലല്ലോ ? ലക്ഷക്കണക്കിന് വര്‍ഷങ്ങളോളം പ്രകൃത മനുഷ്യന്‍ പരസ്പരം സംസാരിക്കാന്‍ ആംഗ്യഭാഷയാണ് ഉപയോഗിച്ചത് . ഇന്നത്തെ ആധുനികമനുഷ്യനും ആംഗ്യം കൂടാതെ ഒരു വാക്ക് പോലും ഉച്ഛരിക്കാന്‍ കഴിയില്ല എന്നത് ആംഗ്യഭാഷ നമ്മുടെ ജീനുകളുടെ തന്നെ ഭാഗമായി കലര്‍ന്നതിന്റെ തെളിവാണ് . വാമൊഴി പ്രചാരത്തില്‍ വന്നിട്ട് ഏകദേശം ഒരു പതിനായിരം വര്‍ഷമേ ആയിട്ടുള്ളൂ . വരമൊഴി രൂപം കൊണ്ടത് പിന്നെയും ചില ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് . ഭാഷയുടെ കണ്ടുപിടുത്തമാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം . അങ്ങിനെ മനുഷ്യന്‍ എല്ലാറ്റിനും ഓരോ പേരുകള്‍ കണ്ടുപിടിക്കാന്‍ തുടങ്ങി . ദൈവത്തിന്റെ രംഗപ്രവേശം പിന്നീടാണ് . കാരണം ദൈവം എന്നോ ഗോഡ് എന്നോ ആരെങ്കിലും പറയുമ്പോഴല്ലേ ദൈവം ഉണ്ടാകുന്നുള്ളു . ഒരു മൂവായിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ തൊട്ടിങ്ങോട്ടാണ് പ്രവാചകന്മാരുടെ വരവുകളും തുടങ്ങിയത് . അതിലും ഹിന്ദുക്കളുടെ ഒരവതാരം ഇനിയും വരാനുണ്ട് താനും . പത്താമത്തെ അവതാരമായ സാക്ഷാല്‍ കല്‍ക്കിയാണത് . അത് പച്ചക്കുതിരയായിട്ടാണ് വരിക ! കുതിരപ്പുറത്ത് ഒരു വാളേ നമ്മള്‍ കാണൂ . കല്‍ക്കി വരില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഹിന്ദുക്കളുടെ വികാരം വൃണപ്പെടും . ലങ്കയിലേക്ക് പാലം നിര്‍മ്മിച്ചതിന് തെളിവില്ലെന്നും രാമന്‍ ചരിത്രപുരുഷന്‍ അല്ലെന്നും പറഞ്ഞു പോയതിന്റെ പുകില്‍ കണ്ടില്ലേ . പത്ത് തലയുള്ള രാവണന് സീതയെ കട്ട് കൊണ്ട് പോകാന്‍ എല്ലാ സജ്ജീകരണങ്ങളുമുള്ള പുഷ്പകവിമാനവും പയലറ്റും ഉണ്ടായിരുന്നു. ( വിമാനം കണ്ടു പിടിച്ചത് റൈറ്റ് സഹോദരന്മാരാണ് എന്ന് ചില മൂഢന്മാര്‍ കരുതുന്നുണ്ട് . എല്ലാ കണ്ടുപിടുത്തങ്ങളും നടത്തിയത് ആര്‍ഷ ഭാരതത്തിലെ വനങ്ങളില്‍ താമസിച്ചിരുന്ന ഋഷിമാരായിരുന്നു. ) ഹനുമാന് നിഷ്പ്രയാസം ലങ്കയിലെക്ക് പറക്കാനും കഴിഞ്ഞിരുന്നു . പക്ഷേ പാവം രാമന് ഒരു പാലം നിര്‍മ്മിക്കേണ്ടി വന്നു . അത് നിര്‍മ്മിച്ചു കൊടുത്തത് കുറേ ഊച്ചാളി കുരങ്ങന്മാരും കൂട്ടത്തില്‍ ഒരണ്ണാരക്കണ്ണനും കൂടിയായിരുന്നു . ഇതൊക്കെ ചരിത്ര വസ്തുതകളാണ് . ഇത് ഉത്തരവാദപ്പെട്ട ആരെങ്കിലും നിഷേധിക്കുകയാണെങ്കില്‍ ഹിന്ദുക്കളുടെ വികാരം വൃണപ്പെടും . നാട് കത്തിയെരിയും . ബി.ജെ.പി.ക്ക് സീറ്റുകള്‍ അഞ്ഞൂറ് കവിയും .
പറഞ്ഞ് വന്നത് കുഞ്ഞുങ്ങളെ കൂടുതല്‍ ജനിപ്പിക്കണമെന്ന ഇടയലേഖനത്തെപ്പറ്റിയായിരുന്നു. വെറും കുഞ്ഞുങ്ങള്‍ പോര ! അവര്‍ക്ക് കൃസ്ത്യാനി കുഞ്ഞുങ്ങള്‍ തന്നെ വേണം . കാരണം അവരുടെ ജനസംഖ്യ കുറഞ്ഞു പോകുമത്രെ ! ഇന്‍ഡ്യയില്‍ ലക്ഷക്കണക്കിന് ബാലന്മാര്‍ ജീവിയ്കാന്‍ വഴിയില്ലാതെ കൂലി വേല ചെയ്യുന്നു . തെരുവുകളില്‍ അന്തിയുറങ്ങുന്നു. ഇന്‍ഡ്യയിലങ്ങോളമിങ്ങോളം യാചകവൃത്തിയ്ക്ക് ഉപയോഗപ്പെടുത്തപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ് . കുഞ്ഞുങ്ങളുടെ അംഗങ്ങള്‍ക്ക് വൈകല്യം വരുത്തിയിട്ടാണ് യാചകാവശ്യത്തിന് ഉപയോഗിക്കുന്നത് . ഇതിലൊന്നും ദൈവത്തിനോ മതത്തിനോ സഭയ്ക്കോ ഒരു ഉല്‍ക്കണ്ഠയുമില്ല. സമുദായത്തിലെ ജനസംഖ്യ കൂടിയാല്‍ എന്താണ് നേട്ടം ? അഥവാ അല്പം കുറഞ്ഞു പോയാല്‍ എന്താണ് ചേതം ? അങ്ങിനെ കൂടുന്ന ജനം ഈ രാജ്യത്തിലുള്ള പൊതു വിഭവങ്ങളും ഊര്‍ജവും സ്രോതസുകളുമല്ലേ ഉപയോഗിക്കുക ? അപ്പോള്‍ ആ വര്‍ധന ഒരു ദേശീയ പ്രശ്നമല്ലേ ? ജനസംഖ്യാ വര്‍ധനയാണ് ഭാരതത്തിന്റെ എക്കാലത്തുമുള്ള പ്രശ്നം . അതല്ല അങ്ങിനെ കൂടുന്ന ജനത്തിന് സഭ തന്നെ എല്ലാ സൌകര്യങ്ങളും ഒരുക്കിക്കൊടുക്കുമോ ? ഇനി കുറേ കുഞ്ഞുങ്ങള്‍ അധികമായി ജനിച്ചു എന്ന് തന്നെ വയ്ക്കാം . ആ ജന്മം കൊണ്ടും ജീവിതം കൊണ്ടും അവര്‍ക്ക് എന്താണ് പ്രയോജനം ? ഇതൊരു ദാര്‍ശനീക ചോദ്യമാണ് . നമ്മള്‍ എല്ലാം നാം ആവശ്യപ്പെടാതെ ജനിച്ചു പോയതാണ് . ഇവിടെ ഇനിയും ജനിയ്ക്കാത്തവരുടെ ജനനം ആവശ്യപ്പെടുമ്പോള്‍ ആ ജനനത്തിന്റെ ആവശ്യകത എന്താണ് ? സമുദായത്തിലെ അംഗസംഖ്യ കൂട്ടാനോ ? കൂടിയ അംഗബലത്തില്‍ സമുദായ നേതാക്കള്‍ക്ക് അഹങ്കരിക്കാനോ ? അംഗബലത്തിന്റെ പേരില്‍ വില പേശാനോ ?
മനുഷ്യന്‍ പൊതുവേ പാപികളായിട്ടാണ് ജനിയ്ക്കുന്നതെന്നാണ് കൃസ്തുമത പൌരോഹിത്യം കാണുന്നതെന്ന് തോന്നുന്നു . എനിക്ക് ആ മതത്തെക്കുറിച്ച് ഒന്നുമറിയില്ല . ഞാന്‍ മനുഷ്യനെ അടുത്തറിയാനേ ശ്രമിച്ചിട്ടുള്ളൂ . അത് കൊണ്ട് ഏതൊരു മനുഷ്യന്റെയും പ്രശ്നങ്ങള്‍ മനുഷ്യത്വപരവും സാമൂഹീകപരമെന്നും മാത്രമാണെന്നേ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളൂ . അതായത് മനുഷ്യന്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളുടേയും മൂല കാരണം അവന്‍ ഒരു സാമൂഹ്യ ജീവിയായത് കൊണ്ടാണ് . അവന്റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതും സമൂഹത്തില്‍ വെച്ചാണ് . സമൂഹമെന്നാല്‍ അസംഖ്യം കോശങ്ങളുള്ള ഒരു ശരീരം പോലെയാണ് . ഓരോ കോശത്തിന്റെയും ക്ഷേമവും സുസ്ഥിതിയും അരോഗദൃഢമായ ശരീരത്തെ ആശ്രയിച്ചിരിക്കുന്നു . ശരീരത്തിന്റെ ക്ഷേമവും സുസ്ഥിതിയും മുഴുവന്‍ കോശങ്ങളുടെയും ആരോഗ്യത്തേയും ആശ്രയിച്ചിരിക്കുന്നു . ഞാന്‍ ചിലപ്പോള്‍ ടി.വി.യില്‍ ഈ സുവിശേഷ പരിപാടികള്‍ ശ്രദ്ധിയ്ക്കാറുണ്ട് . സുവിശേഷ പ്രഭാഷകന്‍ തന്റെ പ്രസംഗത്തില്‍ ഏറ്റവും കൂടുതല്‍ തവണ പറയുന്ന പദം പാപി .. പാപി... എന്നാണ് . അത് കേള്‍ക്കുന്തോറും ശ്രോതാക്കള്‍ പൊട്ടിപ്പൊട്ടിക്കരയുന്നതും കാണാം . ചിരിയ്ക്കുന്ന ഒരു മുഖവും ഞാനിത് വരെ സുവിശേഷ പരിപാടികളില്‍ കണ്ടിട്ടില്ല . ഇങ്ങിനെ പാപികളായി കരയാനാണോ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിയ്ക്കേണ്ടത് ?
നാട്ടിന്‍പുറത്തിന്റെ നന്മകളിലേക്ക് ഒരു മടക്കയാത്ര !
ജബ്ബാര്‍ മാഷും സ്നേഹസംവാദവും !
" സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മന്‍ഷ്യസ്നേഹി. "
ഇത് വായിച്ചപ്പോള്‍ അദ്ധേഹത്തെ പറ്റി ആ ബ്ലോഗില്‍ രണ്ട് വരി കമന്റ് എഴുതണമെന്ന് തോന്നി . എഴുതിവന്നപ്പോള്‍ അല്‍പ്പം നീണ്ടുപോയി . എന്നാല്‍ പിന്നെ ആ കമന്റ് ഇവിടെ ഒരു പോസ്റ്റായി ചേര്‍ക്കാമെന്നും തോന്നി .
ജബ്ബാര്‍ മാഷേ
താങ്കള്‍ , താങ്കളെക്കുറിച്ച് പ്രൊഫൈലില്‍ സ്വയം പരിചയപ്പെടുത്തിയ വാക്കുകള്‍ താങ്കളുടെ മഹത്വം വെളിവാക്കുന്നു. ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യന്‍, സൂക്ഷ്മവിശകലനത്തില്‍ അവനവനെത്തന്നെയാണ് സ്നേഹിക്കുന്നത് . മതത്തോടും ദൈവത്തോടും ഒരാള്‍ എത്രകണ്ട് അടുക്കുന്നുവോ അത്രകണ്ട് അയാള്‍ മറ്റ് മനുഷ്യരില്‍ നിന്ന് അകലുന്നു. തന്റെയും തന്നെപ്പോലെയുള്ള മറ്റ് സഹജീവികളുടെയും ജീവിതത്തിന്റെ നിസ്സാരതയും നിസ്സഹായതയും അയാള്‍ തിരിച്ചറിയുന്നില്ല . കാരണം ഒരു സര്‍വ്വശക്തന്‍ തന്നെ രക്ഷിക്കുമെന്ന് അയാള്‍ കരുതുന്നു. എന്നാല്‍ ആകസ്മികമായതും, അന്തിമമായി അനിവാര്യമായതുമായ ദുരന്തങ്ങള്‍ക്ക് അയാള്‍ കീഴടങ്ങുക തന്നെ ചെയ്യുന്നു.
മനുഷ്യന്‍ ഇവിടെ അനാഥനും നിസ്സാരനും നിസ്സഹായനും ആണെന്നതാണ് യാഥാര്‍ത്ഥ്യം . അത്കൊണ്ട് അയാള്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു . തന്റെയും മറ്റ് മനുഷ്യരുടെയും നിജസ്തിതി അയാള്‍ക്ക് മനസ്സിലായിരുന്നുവെങ്കില്‍ അയാള്‍ സമൂഹവുമായി കൂടുതല്‍ താദാത്മ്യപ്പെടുമായിരുന്നു.
അമ്പലങ്ങളിലും ,പള്ളികളിലും , ചര്‍ച്ചുകളിലും ഒരു വലിയ ജനസമൂഹത്തെ നാം കാണുന്നുണ്ട് . തങ്ങളുടെ രക്ഷ ഉറപ്പ് വരുത്താനാണ് അവര്‍ അവിടെ എത്തുന്നത് . അവര്‍ അരോഗദൃഢഗാത്രരാണ് . അവര്‍ സ്വയം സമാധാനപ്പെടുത്തിക്കൊണ്ട് അവിടെ നിന്ന് പിരിയുന്നു. എന്നാല്‍ അങ്ങിനെയുള്ള ആരാധാനാലയങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാത്ത അനേകം അവശന്മാരും നിരാലംബരുമുണ്ട് . അവര്‍ക്ക് രക്ഷ ആര്‍ നല്‍കും. ഇന്ന് രക്ഷ ഉറപ്പാക്കിപ്പോയവര്‍ക്കും ആ രക്ഷ ശാശ്വതമെന്ന് പറയാന്‍ കഴിയില്ല . അപ്പോള്‍ പരലോകത്തെ രക്ഷയ്ക്ക് വേണ്ടിയാണെന്ന് പറയും . മനുഷ്യന് മരണത്തെ ഭയമാണ് . അത് കൊണ്ടാണ് പരലോകവിശ്വാസത്തില്‍ അഭയം കണ്ടെത്തുന്നത് . നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞോളൂ , എനിക്ക് എന്റെ വിശ്വാസമാണ് വലുത് എന്ന ധാരണയുടെ മന:ശാസ്ത്ര പരമായ അടിസ്ഥാനം പരീക്ഷണവിധേയമാക്കേണ്ടതാണ് .
സത്യത്തില്‍ ഈ ഭൂമിയില്‍ അധിവസിക്കുന്ന ജീവികള്‍ തുല്യരാണ് . ഒരു ജീവിയ്ക്കും പ്രത്യേക അവകാശമോ , അധികാരമോ , പ്രാമാണ്യമോ പ്രാധാന്യമോ ഇല്ല തന്നെ . കഴിവുകള്‍ വ്യത്യസ്തമായിരിക്കും , കുതിരയെപ്പോലെ മനുഷ്യന് ഓടാന്‍ കഴിയില്ല ,എന്തിന് ഒരു ചിലന്തിയെപ്പോലെ വല നെയ്യാനും കഴിയില്ല . അങ്ങിനെ ഓരോ ജീവിയ്ക്കും വ്യത്യസ്ത കഴിവുകളാണുള്ളത് . എല്ലാ ജീവികളും, ജനനവും ജീവിതവും മരണവുമെന്ന യാഥാര്‍ത്ഥ്യം പങ്ക് വെക്കുന്നു. ബുദ്ധിശക്തി കൂടുതലുള്ള മനുഷ്യന്‍ ഒരു സമാന്തര പ്രകൃതി സൃഷ്ടിച്ച് കൂടുതല്‍ സുഖസൌകര്യങ്ങളോടെ മരണം വരെ ജീവിയ്ക്കുന്നു എന്ന് മാത്രം . ഈ പ്രകൃതിയുടെ അവിഭാജ്യഭാഗമാണ് ഓരോ ജീവിയും ,ഓരോ മണ്‍തരിയും . ഇതില്‍ ,തന്നെ മാത്രം രക്ഷിക്കാന്‍ ഒരു സര്‍വ്വശക്തന്‍ ഉണ്ടെന്ന വിശ്വാസം ഒരു സോദ്ധേശചിന്ത (wishful thinking)മാത്രമാണെന്നേ പറയാന്‍ കഴിയൂ.
എല്ലാ ജീവികളും പരസ്പരബന്ധത്തിലും പരസ്പാരാശ്രിതത്വത്തിലുമാണ് കഴിഞ്ഞ്കൂടുന്നത് എന്ന വസ്തുത നിലനില്‍ക്കേ , മനുഷ്യരുടെയിടയിലുള്ള വിഭാഗീയതയും വിഭജനവും എന്ത് മാത്രം ക്രൂരവും അപലപനീയവുമാണ്, അതും ഒരു ദൈവത്തിന്റെ പേരില്‍ ! ശരി , ദൈവത്തിന്റെ പേരിലാണെങ്കില്‍ അങ്ങിനെയെങ്കിലും മനുഷ്യന് ഐക്യപ്പെട്ടുകൂടേ ?
ഇതില്‍ ഒരു തമാശ എന്താണെന്ന് വെച്ചാല്‍ ദൈവത്തിനേ ആര്‍ക്കും വേണ്ട എന്നതാണത് . ദൈവം ഇല്ല എന്ന് നമുക്ക് എവിടെ വെച്ചും പറയാം. (അതാണ് സത്യം എന്നത് വേറെ കാര്യം ) ആരും ഉപദ്രവിക്കാന്‍ വരില്ല . എന്നാല്‍ പ്രവാചകന്മാരെയോ അവരുടെ ഗ്രന്ഥങ്ങളെയോ പറ്റി പറഞ്ഞു നോക്കൂ . അതാത് വിശ്വാസികള്‍ കൈയില്‍ കിട്ടുന്ന ആയുധങ്ങളുമായി കൊല ചെയ്യാന്‍ വരും . ഇങ്ങിനെ കൊല ചെയ്യാന്‍ വിശ്വാസികള്‍ക്ക് എങ്ങിനെ തോന്നുന്നു , അതിന്റെ ചേതോവികാരം എന്ത്, എന്ത് കൊണ്ട് അവര്‍ക്ക് സഹിഷ്ണുത ഉണ്ടാവുന്നില്ല എന്നതും മന:ശാസ്ത്രപരീക്ഷണവിഷയമാണ് . മനുഷ്യനെ കൊല്ലുന്നത് ഇന്ന് മതങ്ങളുടെ ഒരു ഫാഷനായിട്ടുണ്ട്. കൊല്ലുക എന്നത് ഒന്നിനും ഒരു പോംവഴിയല്ല എന്ന് എന്തേ ഇവര്‍ തിരിച്ചറിയുന്നില്ല . കണ്ടില്ലേ , രാമന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണെന്ന് പറഞ്ഞതിന് തമിഴ് നാട് മുഖ്യമന്ത്രി കരുണാനിധിയുടെ തല അറുക്കാന്‍ ഫത്‌വ പുറപ്പെടുവിച്ചിരിക്കുകയാണ് ഒരു എക്സ്. ബി.ജെ.പി MP . ചോദിച്ചപ്പോള്‍ പറയുന്നു , ഞാന്‍ ഭാഗവതത്തില്‍ ഉള്ളത് പറഞ്ഞതാണെന്ന് . ഇങ്ങിനെ ചോദ്യം ചെയ്യുന്നവരെ കൊന്നൊടുക്കിയാല്‍ ഇക്കുട്ടരുടെ ദൈവവും പ്രവാചകന്മാരും രക്ഷപ്പെടുമോ ? ഞാന്‍ പറഞ്ഞു വന്നത് ദൈവത്തേക്കാളും പ്രാധന്യം അവതാരങ്ങള്‍ക്കും പ്രവാചകാന്മാര്‍ക്കും കൊടുക്കാനും അവര്‍ക്ക് വേണ്ടി ചാവാനും കൊല്ലാനും ഈ വിശ്വാസികള്‍ എന്ത്കൊണ്ട് തയാറാവുന്നു എന്നാണ് . ഓ, വിശ്വാസത്തില്‍ ചോദ്യമില്ല അല്ലേ ? ഒന്ന് വിശ്വസിക്കണം പിന്നെ അത് മുറുകെപ്പിടിക്കണം അത്ര തന്നെ !
മാഷേ , കുറേ എഴുതിപ്പോയി . ദൈവസ്നേഹം എന്നത് സ്വസ്നേഹം മാത്രമാണെന്നും ; അതില്ലാത്തവര്‍ക്കേ മനുഷ്യസ്നേഹം ഉണ്ടാവൂ എന്നും താങ്കളുടെ പ്രൊഫൈല്‍ കണ്ടപ്പോള്‍ പറയാന്‍ വന്നതാണ് . എഴുതി വന്നപ്പോള്‍ ഇങ്ങിനെ നീണ്ടുപോയതാണ് ......
അപ്പുവിന് ഒരു മറുപടി !
നമ്മുടെ നാട്ടില്‍ ധാരാളം പാര്‍ട്ടികളും സംഘടനകളും ഉണ്ട് , അത്രതന്നെ പ്രശ്നങ്ങളും ഉണ്ട് . എല്ലാ പാര്‍ട്ടികളും സംഘടനകളും അവരവരുടെ നിലനില്‍പ്പിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതും നിലനില്‍ക്കുന്നതും ! അത് കൊണ്ട് അതാത് സംഘടനകളുടെ നേതാക്കള്‍ മോശമല്ലാത്ത രീതിയില്‍ കഴിഞ്ഞു പോകുന്നു. എന്നാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഒന്നും തന്നെ പരിഹരിക്കപ്പെടുന്നില്ല . നികുതിദായകരായ പൌരജനങ്ങളാണ് ഈ നേതാക്കളെയും ഉദ്യോഗസ്ഥ പ്രഭൃതികളെയും എല്ലാം തീറ്റിപ്പോറ്റുന്നത്. ജനങ്ങള്‍ക്ക് തിരിച്ചു കിട്ടുന്നത് പ്രസംഗങ്ങളും , പ്രസ്ഥാവനകളും , വാഗ്ദാനങ്ങളും മാത്രം . ഇന്നും ഒരു സര്‍ക്കരാപ്പീസില്‍ സാധാരണ പൌരന്‍ പോയാല്‍ ഒരു കാര്യവും സാധിച്ചു കിട്ടില്ല . പോലീസ് സ്റ്റേഷനില്‍ അടുക്കാന്‍ കഴിയില്ല . ഒരു പരാതി പിവലിക്കാന്‍ പോലും കൈക്കൂലി കൊടുക്കണം . ജീവിതം അസാധ്യമാക്കുന്ന ആചാരങ്ങളാണ് പെരുകി വരുന്നത് . സ്ത്രീധനം നിമിത്തം പെണ്‍മക്കളെ കെട്ടിച്ചയച്ച് കിടപ്പാടം വിറ്റ് നിരാലംബരായ രക്ഷിതാക്കള്‍ എത്രയോ ... സര്‍ക്കാറാശുപത്രികളിലെ മരുന്നുകളെല്ലാം പുറത്ത് മറിച്ചു വില്‍ക്കുകയാണ് . ഒരു പാരാസിറ്റാമോള്‍ ഗുളിക പോലും ആര്‍ക്കും സൌജന്യമായി അവിടെ നിന്ന് കിട്ടുന്നില്ല .
ചുരുക്കത്തില്‍ സാധാരണക്കാരന്റെ ദൈനംദിന പ്രശ്നങ്ങള്‍ അപരിഹാര്യമായി തുടരുന്നു . നേതാക്കള്‍ സാധാരണക്കാര്‍ക്ക് ഒരു ബന്ധവുമില്ലാത കാര്യങ്ങളാണ് അവരോട് പ്രസംഗിക്കുന്നത് .. ആഗോളവല്‍ക്കരണം , സാമ്രാജ്യത്വം , അധിനിവേശം ഇത്യാദി .. ഇതൊക്കെ കേട്ട് വായും പൊളിച്ച് അവര്‍ ഇരുന്നു കൊടുക്കും , അത് വേറൊരു കാര്യം . പിന്നെ ജനങ്ങളുടെ ചിന്തകളിലും പെരുമാറ്റങ്ങളിലും കുറെ മാറ്റങ്ങള്‍ വരാനുണ്ട് . കുട്ടികളെ എങ്ങിനെ വളര്‍ത്തണം എന്ന് അറിയാവുന്ന രക്ഷിതാക്കള്‍ വിരളം .. മുക്കിന് മുക്കിന് ജ്യോത്സ്യന്മാരുണ്ട് . ശരിക്ക് പറഞ്ഞാല്‍ നമുക്ക് ഫേമിലി കൌണ്‍സിലര്‍മാര്‍ ആയിരുന്നു വേണ്ടിയിരുന്നത് .. പിന്നെ കുറെ ആത്മീയക്കാരുണ്ട് , അവര്‍ക്ക് പിന്നെ സാമൂഹ്യകാര്യങ്ങളോ ,രാഷ്ട്രീയകാര്യങ്ങളോ പഥ്യമല്ലല്ലോ . അവനവന്റെ ഉള്ളില്‍ ഇറങ്ങി പരബ്രഹ്മത്തെ കണ്ട് സായൂജ്യമടയാനാണ് ഒര്‍ജിനലും വ്യാജനുമായ എല്ലാ ആത്മീയക്കാരും ഉല്‍ബോധിപ്പിക്കുന്നത് .
അപ്പോള്‍ പൊതുജനങ്ങളുടെ , പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ ഒരു പൊതുവേദിയില്ല . അത് കൊണ്ടാണ് ഒരു ജനാധിപത്യ സാംസ്ക്കാരിക ഐക്യമുന്നണി എന്ന ആശയം ഞാന്‍ മുന്നോട്ട് വെക്കുന്നത് . ശരിക്ക് പറഞ്ഞാല്‍ സുകുമാര്‍ അഴീക്കോടോ അത് പോലെയുള്ള നായകന്മാര്‍ക്കാണ് ഇത്തരം നിര്‍ദ്ധേശങ്ങള്‍ വെക്കാനുള്ള അവകാശം . ഈ മുന്നണിയില്‍ എല്ലാവരും പങ്കെടുക്കട്ടെ . പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ . സ്ത്രീധനം , വിവാഹാര്‍ഭാടങ്ങള്‍ , ജാതി ചിന്ത , കൈക്കൂലി , മദ്യപാനം തുടങ്ങിയ തിന്മകള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് ബോധവല്‍ക്കരണം നടത്തട്ടെ . അങ്ങിനെയും കുറച്ചു നല്ല കാര്യങ്ങള്‍ ചെയ്യാമല്ലോ . ജനങ്ങളുടെ ഉപ്പും ചോറും തിന്നിട്ട് ദന്തഗോപുരങ്ങളിലിരുന്ന് പ്രസ്താവനകളും ഉല്‍ഘാടനങ്ങളും നടത്തുന്നതിനിടയില്‍ വല്ലപ്പോഴും ഇങ്ങിനെ വെയില്‍ കൊണ്ട് ഉപകാരപ്രദമായ നല്ല കാര്യങ്ങളും നാക്ക് കൊണ്ട് പറയാമല്ലോ .
ഇന്ന് നാലാള്‍ കൂടണമെങ്കില്‍ തരക്കേടില്ലാത്ത ഒരു നേതാവോ നായകനോ വേണമല്ലോ .. ഇനി അഥവാ ഇങ്ങിനെ ഒന്നും നടന്നില്ലെങ്കിലും എനിക്ക് ഒരു ചുക്കുമില്ല അപ്പൂ .. ഞാന്‍ പറഞ്ഞു വെക്കുന്നു എന്ന് മാത്രം . ആരെങ്കിലും നാലു പേരുണ്ടെങ്കില്‍ എനിക്ക് കഴിയുന്നത് ചെയ്യുന്നതിന് ഞാനും തയ്യാറാണ് . അതല്ലാതെ ഉരിയാടിയില്ലേ എന്നാല്‍ പോയി പ്ലാവില എടുത്ത് വാ എന്ന് പറയുകയാണെങ്കില്‍ എനിക്ക് ഒരു നിര്‍ബ്ബന്ധവുമില്ല .
അപ്പുവിന്റെ നാട്ടില്‍ കുടുംബശ്രീ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയാന്‍ സന്തോഷമുണ്ട് . ഞങ്ങളുടെ നാട്ടില്‍ അതിലും രാഷ്ട്രീയമാണ് . നേതാക്കള്‍ക്ക് അധികാരവും പണവും ബക്കറ്റ് പിരിവെടുത്ത് നല്‍കി അവരെ തടിപ്പിച്ച് കൊഴുപ്പിച്ച് സായൂജ്യം അടയുന്നവരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുകയാണ് കുടുംബങ്ങള്‍ ! ശ്രീയെല്ലാം നേതാക്കള്‍ക്ക് , ഞങ്ങള്‍ക്ക് കള്ളും വിദേശനും പിന്നെ ലോട്ടറിടിക്കറ്റും പോരേ .......
അഭിമുഖം അവസാന ഭാഗം !
ഞാന്‍ : കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് സ:ഇ.എം.എസ്സിന്റെ ഒരു ശൈലിയാണ് ഓര്‍മ്മ വരുന്നത് . വണ്ടിക്ക് പിറകില്‍ കുതിരയെ കെട്ടുക എന്നത് . എല്ലാ രംഗങ്ങളിലും കേരളം തകര്‍ച്ചയിലാണ് . ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു .... എന്ന മാനസികാവസ്ഥയിലാണ് കേരളീയര്‍ . വെറും പൊങ്ങച്ചം മാത്രം . ഉള്ള് വെറും പൊള്ള ! പിന്നെ , പ്രവാസികള്‍ കഷ്ടപ്പെട്ട് അധ്വാനിച്ചു നാട്ടിലേക്ക് അയക്കുന്ന കുറെ പണമുണ്ട് . അത് കൊണ്ട് അങ്ങിനെ ആര്‍മ്മാദിച്ചും ദൂര്‍ത്തടിച്ചും കഴിഞ്ഞു പോകുന്നു ..അത്രതന്നെ ! മലയാളി മേലനങ്ങി പണിയെടുക്കുന്നത് ഗള്‍ഫില്‍ പോയാലാണ് . അറബിക്കഥ കണ്ടല്ലോ ? നാട്ടില്‍ ഒരു പണിക്കും ആളെ കിട്ടാനില്ല . പിന്നെ കുറെ തമിഴന്മാരും , ഇപ്പോള്‍ ബംഗാളികളും ഒറീസ്സക്കാരും മറ്റും കടന്നു വരുന്നത് കൊണ്ട് കെട്ടിടനിര്‍മ്മാണങ്ങള്‍ അങ്ങിനെ നടന്നു പോകുന്നു ... കെട്ടിട നിര്‍മ്മാണം മാത്രമാണല്ലോ നാട്ടില്‍ ഒരേയൊരു തൊഴില്‍ മേഖല ...
അഭി : ഇ.എം.എസ്സിനെ കുറിച്ച് എന്താണഭിപ്രായം ?
ഞാന്‍ : അദ്ധേഹത്തെ പറ്റി എനിക്ക് അത്ര നല്ല അഭിപ്രായമല്ല ഉള്ളത് . അദ്ധേഹം തന്റെ സമ്പാദ്യം മുഴുവന്‍ പാര്‍ട്ടിക്ക് സംഭാവന ചെയ്ത ആളാണെന്നൊക്കെ പറയാറുണ്ടായിരുന്നു. പക്ഷേ അതിനേക്കാളുപരി അദ്ധേഹം തന്റെ പേരില്‍ നിന്ന് ആ വാല് മുറിച്ചു കളഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി അദ്ധേഹം ആദരിക്കപ്പെടുമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ പേരിന്റെ കൂടെ ജാതിപ്പേര്‍ ചേര്‍ക്കാന്‍ ഒരിക്കലും പാടില്ലായിരുന്നു. കാരണം ചില ജാതികള്‍ മറ്റുള്ള ജാതികളേക്കാളും ഉയര്‍ന്നതാണെന്നും , ഉയര്‍ന്ന ജാതിയെന്നു കരുതപ്പെടുന്നവര്‍ തങ്ങളുടെ ജാതിപ്പേരുകള്‍ പരസ്യപ്പെടുത്തിയാല്‍ സമൂഹത്തില്‍ തങ്ങളുടെ അന്തസ്സ് ഉയരുമെന്നുമുള്ള ധാരണയിലാണ് അങ്ങിനെ ചെയ്യുന്നത് . അതുകൊണ്ടാണല്ലോ താഴ്ന്ന ജാതി എന്ന് കരുതപ്പെടുന്ന ജാതികളില്‍ പെടുന്നവര്‍ തങ്ങളുടെ പേരിന്റെ കൂടെ ജാതിയടയാളം ചേര്‍ക്കാത്തത് . ഉദാഹരണത്തിന് അച്യുതാനന്ദന്‍ ഈഴവന്‍ , കുട്ടപ്പന്‍ ദളിതന്‍ എന്നൊന്നും പേര്‍ പറയാറില്ലല്ലോ . മനുഷ്യര്‍ ജന്മനാ സമന്മാരാണെന്നും , ജാതിയോ മതമോ , അതു പോലെ മറ്റു പണമോ പദവിയോ ഒന്നും തന്നെ ഒരാളെ മറ്റൊരാളില്‍ നിന്ന് ഉയര്‍ന്നവനാക്കുന്നില്ലെന്ന സാമാന്യതത്വം കമ്മ്യൂണിസ്റ്റുകാരെങ്കിലും മനസ്സിലാക്കണമായിരുന്നു .
അഭി : താങ്കള്‍ എന്തെങ്കിലും സംഘടന രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ടോ ? അങ്ങിനെയൊരു ശ്രുതി കേള്‍ക്കുന്നുണ്ടല്ലോ . ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നുവെന്ന് മുന്‍പ് ഒരു പോസ്റ്റ് താങ്കളുടെ ബ്ലോഗില്‍ വായിച്ചതായി ഓര്‍ക്കുന്നു . ഒരു പുതിയ സംഘടന രൂപീകരിച്ചാല്‍ അതും കാലക്രമേണ ദുഷിച്ചു പോവുകയില്ലേ ?
ഞാന്‍ : കേരളത്തില്‍ ഒരു പുതിയ ജനാധിപത്യ-സാംസ്കാരീക മുന്നണി കെട്ടിപ്പടുക്കണം എന്ന് എനിക്ക് താല്‍പ്പര്യമുണ്ട് . എന്നാല്‍ അതിന്റെ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ എനിക്ക് പരിമിതികളുണ്ട് . ഈ ഒരു ആവശ്യം മനുഷ്യ സ്നേഹികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് . പുതിയ പാര്‍ട്ടി എന്ന പോസ്റ്റ് , ഒരു പാര്‍ട്ടി എങ്ങിനെ ആയിരിക്കണം എന്ന എന്റെ സങ്കല്‍പ്പം വിശദീകരിക്കാന്‍ വേണ്ടി എഴുതിയതാണ് . നിലവിലുള്ള പാര്‍ട്ടികള്‍ ഇങ്ങിനെ അധ:പതിക്കാന്‍ കാരണം ജനങ്ങളുടെ സാംസ്കാരീക നിലവാരം ഉയരാത്തത് കൊണ്ടാണ് . അതു കൊണ്ട് ഒരു സാംസ്കാരീക മുന്നേറ്റമാണ് ഇന്നത്തെ ആവശ്യം . പിന്നെ പുതിയത് ഒന്ന് തുടങ്ങിയാല്‍ അതും ദുഷിച്ചു പോവുകയില്ലേ എന്ന ചോദ്യത്തിന് , ദുഷിക്കട്ടെ എന്നേ പറയാന്‍ കഴിയൂ . അപ്പോള്‍ പുതിയ വേറൊന്ന് തുടങ്ങാമല്ലോ . സമൂഹം അനവരതം നവീകരിക്കപ്പെടേണ്ടതുണ്ട് . ഒന്നു ദുഷിക്കുമ്പോള്‍ മറ്റൊന്ന് ഉയര്‍ന്ന് വരും . അങ്ങിനെയാണ് നവീകരിക്കപ്പെടുക . അല്ലാതെ ഒരു സംഘടന ഉദയം ചെയ്താല്‍ അത് പ്രളയം വരെ നിലനില്‍ക്കണം എന്ന് പ്രതീക്ഷിക്കരുതല്ലോ ?
അഭി : എന്താണ് ജനാധിപത്യ-സാംസ്കാരീക മുന്നണി എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് ?
ഞാന്‍ : എല്ലാ മത ജാതികളിലും , പാര്‍ട്ടികളിലും മറ്റു സംഘടനകളിലും പെടുന്ന എത്രയോ ആളുകള്‍ ഇന്നത്തെ ഈ ജീര്‍ണ്ണതയില്‍ അസ്വസ്ഥരാണ് . എന്നാല്‍ ഇവരൊക്കെ വ്യത്യസ്ഥ ആശയക്കാരും ചിന്താഗതിക്കാരുമാണ് . എന്നാല്‍ എല്ലാവര്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാവുന്ന മേഖലയാണ് സാംസ്കാരീകരംഗം . അവിടെ ഒരു നിരീശ്വരവാദിക്കും , തികഞ്ഞ ഒരു ഭക്തനും ഒന്നിച്ചു പ്രവത്തിക്കാം . സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണമാണ് പ്രധാനം .പൌരാവകാശങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും, അതേ പോലെ നമ്മുടെ കടമകളെ കുറിച്ചും സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട് . ഇന്ന് ഒരു തരം അരാഷ്ട്രീയ വാദം വളര്‍ന്ന് വരുന്നുണ്ട് . അതും അപകടമാണ് . രാഷ്ട്രീയമെന്നാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേര്‍ന്ന് ആ പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ബലി കഴിക്കലല്ല . മറിച്ചു നമ്മുടെ നാടിന്റെ പ്രശ്നങ്ങളില്‍ സക്രിയമായി ഇടപെടുക എന്നതാണ് . ഇന്ന് മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അധ:പതിച്ചു കഴിഞ്ഞു . ഇതിന്റെ ഒരു പ്രധാന കാരണം വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തില്‍ ഇടപെടാത്തതാണ് . നമ്മുടെ സാംസ്കാരിക രംഗം ഏറ്റവും അപടകരാംവണ്ണം ജീര്‍ണ്ണുച്ചു പോയി . യുവ തലമുറ മദ്യത്തിന്റെ പിന്നാലെയാണ് . യാതൊരു ധാര്‍മ്മിക ബോധമില്ലാതെയാണ് അവര്‍ വളരുന്നത് . എല്ലാ മതങ്ങളിലും അനാചാരങ്ങളും അസഹിഷ്ണുതയും വളര്‍ന്നു വരുന്നു . ഇങ്ങിനെ പോയാല്‍ നാളെ ഇവിടെ മനുഷ്യ ജീവിതം ദു:സാധ്യമായിപ്പോകും . ഒറ്റക്കും കൂട്ടായും സമൂഹത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കാന്‍ ഇന്ന് പലരും ശ്രമിക്കുന്നുണ്ട് . എന്നാല്‍ ഒന്നും ഏശുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം . സമൂഹത്തില്‍ സാംസ്ക്കാരിക മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ഏത് വ്യക്തിക്കും , അയാള്‍ ഏത് മതത്തില്‍ , പാര്‍ട്ടിയില്‍ , സംഘടനയില്‍ പെട്ട ആളായാലും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സാംസ്കാരിക ഐക്യമുന്നണിയാണ് ഞാന്‍ വിഭാവനം ചെയ്യുന്നത് . ഉദാഹരണത്തിന് മദ്യപാനത്തിന്റെ കാര്യമെടുക്കാം . ഇന്ന് 15 വയസ്സ് കഴിഞ്ഞ മിക്കവാറും ബാലന്മാര്‍ മദ്യപാനം ശീലിച്ചു വരുന്നുണ്ട് . അത് കൂടാതെ മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് കേരളത്തിലാണ് . ഈ ദുശ്ശീലങ്ങള്‍ക്കെതിരെ മദ്യവിരുദ്ധസമിതി മാത്രം പ്രചരണം നടത്തിയാല്‍ അതാരുംശ്രദ്ധിക്കുകയില്ല . എന്നാല്‍ ഒരു സ്ഥലത്ത് , മാര്‍ക്സിസ്റ്റുകാരനും കോണ്‍ഗ്രസ്സുകാരനും ബി.ജെ.പിക്കാരനും , ഹിന്ദു മുസ്ലീം കൃസ്ത്യന്‍ ആദി മതങ്ങളില്‍ പെട്ടവരും ; യുക്തിവാദി സംഘം, പരിഷത്ത് , തുടങ്ങി എല്ലാ സംഘടനകളില്‍ പെട്ടവരും ചേര്‍ന്ന് ഒരു പ്രചരണം നടത്തിയാല്‍ തീര്‍ച്ചയായും മദ്യത്തിന്റെ വിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ കഴിയുമെന്നുറപ്പാണ് .അങ്ങിനെ കൂട്ടായ പ്രവര്‍ത്തനവും ബോധവല്‍ക്കരണവും ആവശ്യമായ ഒട്ടേറെ മേഖലകളുണ്ട്. ഇന്ന് അങ്ങിനെ സമൂഹത്തിന്റെ അപചയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും പോംവഴി നിര്‍ദ്ധേശിക്കാനും ഒരു പൊതുവേദിയില്ല . താന്താങ്ങളുടെ വിയോജിപ്പുകള്‍ മാറ്റിവെച്ചു , യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി സമൂഹത്തിന്റെ സാംസ്കാരികവളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ജനാധിപത്യ സാംസ്കാരിക ഐക്യമുന്നണി എന്ന ആശയം ഞാന്‍ ചിന്തിക്കുന്ന എല്ലാ മലയാളികളുടെയും മുന്‍പാകെ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു .
അഭി : ശരി സുകുമാരേട്ടാ .... ഇനിയും ഒരു പാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് .. നമുക്ക് വീണ്ടും കാണാം .. നന്ദി !
ഞാന്‍ : ഓക്കെ , വീണ്ടും കാണാം നന്ദി !!!