Links

അഭിമുഖം തുടരുന്നു ......... ( 2 )

അഭിമുഖന്‍ : താങ്കള്‍ എല്ലാറ്റിനെയും കണ്ണുമടച്ചു എതിര്‍ക്കുകയാണെന്ന് ഒരു പരാതിയുണ്ട് . താങ്കളുടെതായ ഒരു " ഇസം"
ലോകത്തിന് സംഭാവന ചെയ്യാനുള്ള ശ്രമമാണോ ?

ഞാന്‍ : ഞാന്‍ എല്ലാറ്റിനെയും എതിര്‍ക്കുന്നില്ലല്ലോ . നിലവിലുള്ള വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു എന്നേയുള്ളൂ . ഞാനായിട്ട് ഒരു പുതിയ ഇസമൊന്നും സൃഷ്ടിക്കാന്‍ പരിപാടിയില്ല . ഇസങ്ങള്‍ക്ക് അസഹിഷ്ണുക്കളായ അനുയായികളെ ഉണ്ടാക്കാനേ കഴിഞ്ഞിട്ടുള്ളൂ . നല്ല ഇസങ്ങള്‍ക്ക് നല്ല മനുഷ്യരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല . കണ്‍ഫ്യൂഷനിസം മുതല്‍ ബുദ്ധിസം ,ജൈനിസം , കൃസ്ത്യനിസം, ഇസ്ലാമിസം , മാര്‍ക്സിസം ,ഗാന്ധിസം തൊട്ട് ബഹായിയിസം വരെ എത്ര ഇസങ്ങള്‍ നമുക്കുണ്ട് . എന്നിട്ടും മനുഷ്യന്‍ നന്നായോ ? മനുഷ്യന്‍ നന്നാക്കപ്പെടുകയേയുള്ളൂ . അതിന് നിയമവാഴ്ച്ച അഭംഗുരം പുലരണം . മാത്രമല്ല സമൂഹത്തെ ഒരു വിപ്ലവത്തിലൂടെ അടിമുടി മാറ്റിയെടുക്കാനും കഴിയില്ല . അതൊരു നീണ്ട പ്രോസ്സസ്സിങ്ങ് ആണ് . നമ്മുടേ സ്വാതന്ത്ര്യ സമരം അതിനൊരുദാഹരണമാണ് . സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളോടൊപ്പം നിരവധി സാമൂഹ്യ തിന്മകള്‍ക്കെതിരെയും അന്ന് പോരാട്ടങ്ങള്‍ നടന്നിരുന്നു . അന്ന് ദൂരീകരിക്കപ്പെട്ട മദ്യപാനം പോലെയുള്ള തിന്മകള്‍ വീണ്ടും സമൂഹ ഗാത്രത്തില്‍ അര്‍ബ്ബുദം പോലെ വളരുന്നു .

അഭി : ഇതിനൊക്ക എന്ത് പ്രതിവിധിയാണ് താങ്കള്‍ക്ക് നിര്‍ദ്ധേശിക്കാനുള്ളത് ?

ഞാന്‍ : എന്റെ കൈയില്‍ ഒറ്റമൂലിയൊന്നുമില്ല . ചിന്തിക്കുന്നവരും മനുഷ്യസ്നേഹികളും ഒരു കൂട്ടായ്മ ഉണ്ടാക്കി ജനമധ്യത്തില്‍ ഇറങ്ങി പ്രത്യേകിച്ച് കോളേജുകളിലും മറ്റും ബോധവല്‍ക്കരണം നടത്തിയാല്‍ അതൊരു മൂവ്മെന്റായി വളര്‍ന്ന് മാറ്റത്തിനും സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനും തുടക്കം കുറിച്ചേക്കാം .

അഭി : അപ്പോള്‍ നിലവിലിവിടെ ജനാധിപത്യം ഇല്ലെന്നാണോ ?

ഞാന്‍ : ജനാധിപത്യമെന്നാല്‍ വെറും വോട്ട് ചെയ്യലല്ല . അത് ഒരു ജനത തങ്ങളുടെ രാഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കുന്ന മഹത്തായ സൃഷ്ടിപ്രക്രിയയാണ് .

അഭി : ഒന്ന് വിശദീകരിക്കാമോ ?

ഞാന്‍ : സമയം അനുവദിക്കുന്നില്ല . മാത്രമല്ല അത് വിശാലാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കപ്പെടേണ്ടതാണ് .

അഭി : ഇവിടെ സര്‍ക്കാറിന്റെ നയങ്ങളല്ലെ ദുരിതങ്ങള്‍ ഉണ്ടാക്കുന്നത് ?

ഞാന്‍ : ആര് പറഞ്ഞു ? സര്‍ക്കാര്‍ എന്നാല്‍ എന്താണ് ? ആത്യന്തികവും ശരിയായതുമായ വിശകലനത്തില്‍ സര്‍ക്കാര്‍ എന്നാല്‍ പാര്‍ലമെന്റും , ബ്യൂറോക്രസിയും , ജനങ്ങളും എല്ലാം കൂടിച്ചേര്‍ന്നതാണ് . സര്‍ക്കാറിന് പുറത്തല്ല ജനങ്ങള്‍ . ഇവിടെ സര്‍ക്കാറും ജനങ്ങളും രണ്ടും രണ്ടാണെന്നും , എല്ലാം ചെയ്യേണ്ടത് സര്‍ക്കാറാണെന്നും ജനങ്ങള്‍ക്ക് ഉത്തരവാദിത്തങ്ങളോ കടമകളോ ഒന്നുമില്ലെന്ന അര്‍ത്ഥത്തിലാണ് ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നത് .

അഭി : ഒന്നു കൂടി ലളിതമാക്കാമോ ?

ഞാന്‍ : ഇത്തരം ഒരഭിമുഖത്തില്‍ എങ്ങിനെയാണ് ഇതിനേക്കാളും ലളിതമായി പറയാന്‍ കഴിയുക ? എന്നാലും ഞാന്‍ ഒരു ഉദാഹരണം പറയാം . വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൊടിമരം സ്വര്‍ണ്ണം പൂശുന്ന സമയത്ത് കേരള യുക്തിവാദി സംഘം അതിനെതിരെ , ക്ഷേത്രനടയില്‍ ഒരു ധര്‍ണ്ണ നടത്താന്‍ പരിപാടിയിട്ടു.“ നിന്റെയൊക്കെ തറവാട്ടില്‍ നിന്നെടുത്ത സ്വര്‍ണ്ണം കൊണ്ടല്ലടാ ഇവിടെ പൂശുന്നത് , ഭക്തന്മാര്‍ ഭഗവാന് കാണിക്കയിട്ട സ്വര്‍ണ്ണം കൊണ്ടാ .... " എന്നാക്രോശിച്ചു കൊണ്ട് ഭക്തന്മാരും പോലീസും ചേര്‍ന്ന് യുക്തിവാദികളെ തല്ലിയോടിച്ചു . പ്രത്യക്ഷത്തില്‍ ഇത് ശരിയല്ലേ എന്നു തോന്നിപ്പോകും . എന്നാല്‍ യുക്തിവാദികളുടെ സമരപരിപാടി ഒരു പ്രതീകാത്മകമായിരുന്നു . സ്വര്‍ണ്ണം എന്നാല്‍ ധനമാണ് . ധനം ഉല്‍പ്പാദന പ്രക്രിയയുടെ വികസനത്തിന് ഉപയോഗിക്കുമ്പോള്‍ അത് മൂലധനമാകുന്നു . നമ്മുടെ രാഷ്ട്രപുരോഗതിക്ക് തടസ്സമായിട്ടുള്ളത് ഊര്‍ജ്ജത്തിന്റെയും മൂലധനത്തിന്റെയും അപര്യാപ്തതയാണ് . ഇന്നും അത് തന്നെയാണ് സ്ഥിതി . കൊടിമരം സ്വര്‍ണ്ണം പൂശുമ്പോള്‍ വികസനത്തിനുപയോഗിക്കേണ്ട മൂലധനം നിഷ്ക്രിയമാവുകയാണ് ചെയ്യുന്നത് . ഭഗവാന് എന്തിനാണ് സ്വര്‍ണ്ണക്കൊടിമരം എന്ന യുക്തിവാദികളുടെ ചോദ്യം ഭക്തന്മാരെ വിറളി പിടിപ്പിക്കുക തന്നെ ചെയ്തു . ഇന്ന് ടണ്‍ കണക്കിന് സ്വര്‍ണ്ണം ബാങ്ക് ലോക്കറുകളില്‍ കെട്ടിക്കിടക്കുന്നു . ഇന്ത്യയിലെ പോലെ സ്വര്‍ണ്ണം ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന രാജ്യം വേറെ ഇല്ല . ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളിലും കാണും ഇത് പോലെ ധാരാളം സ്വര്‍ണ്ണസൂക്ഷിപ്പുകള്‍ . ഈ സ്വര്‍ണ്ണം മുഴുവനും പ്രതിഫലം വാങ്ങി സര്‍ക്കാറിലേല്‍പ്പിക്കുകയും , സര്‍ക്കാര്‍ അത് വില്‍ക്കുകയും ചെയ്താല്‍ ആ പണം കൊണ്ട് വിദേശക്കടം മുഴുവന്‍ തീര്‍ക്കാമെന്ന് മാത്രമല്ല ബാക്കി തുക കൊണ്ട് മൂലധനനിക്ഷേപം നടത്തി നമ്മുടെ തൊഴിലില്ലായ്മ പരിഹരിക്കുകയും ചെയ്യാം . കോടാനുകോടി രൂപക്ക് തുല്യമായ സ്വര്‍ണ്ണം നിഷ്ക്രിയമൂലധനമാക്കി ഒരു പ്രയോജനമില്ലാതെ വെച്ചിട്ടാണ് നമ്മള്‍ ഒരു റോഡ് ടാറിടാനുള്ള പണത്തിനു പോലും വായ്പക്കായി ഏ.ഡി.ബി.യെ സമീപിക്കുന്നത് . അപ്പോള്‍ നാട് വിദേശശക്തികള്‍ക്ക് പണയപ്പെടുത്തുന്നേ എന്ന മുറവിളി വേറെയും . രാജ്യത്തെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താനും , നാട്ടിലെ ഉല്‍പ്പാദനശക്തികളെ കെട്ടഴിച്ചു വിടുന്നതിനാവശ്യമായ മൂലധനം സ്വരൂപിക്കാനും വേണ്ടി , ആഭരണ ഭ്രമം നമ്മള്‍ ഉപേക്ഷിക്കുമോ ? എന്നിട്ടോ തൊഴിലില്ലായ്മ പരിഹരിക്കലും ദാരിദ്ര്യരേഖ മായ്ക്കലും സര്‍ക്കാര്‍ ചെയ്യുകയും വേണം .

അഭി : താങ്കള്‍ ഊര്‍ജ്ജത്തെ പറ്റി പറഞ്ഞല്ലോ ? ഇപ്പോള്‍ വിവാദമായ ആണവക്കരാറിനെ പറ്റി എന്താണഭിപ്രായം ?

ഞാന്‍ : നമ്മുടെ രാജ്യത്തിന്റെ ഭാവിയ്ക്കുവേണ്ടിയും , നിലവിലുള്ള ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പദ്ധതികളും കരാറുകളും എല്ലാം തന്നെ ചിന്തിക്കുന്നതും പോംവഴികള്‍ കണ്ടെത്തുന്നതുമെല്ലാം അതത് തലത്തിലുള്ള വിദഗ്ദന്മാരാണ് . മന്ത്രിമാര്‍ക്ക് അതിന് നേതൃത്വം കൊടുക്കുന്ന ജോലിയേയുള്ളൂ . ഇത്തരം കാര്യങ്ങളൊന്നും പഠിക്കാന്‍ രാഷ്ട്രീയക്കാര്‍ പൊതുവെ മിനക്കെടാറില്ല. അവര്‍ക്കതിനുള്ള നേരവുമില്ല. നമ്മുടെ പ്രധാനമന്ത്രി ഒരു ലോകപ്രശസ്ത സാമ്പത്തീക ശാസ്ത്രജ്ഞന്‍ കൂടിയാണ് . വിവിധ തട്ടുകളിലുള്ള വിദഗ്ദന്മാരും ശാസ്ത്രജ്ഞന്മാരും ചേര്‍ന്ന് രണ്ട് വര്‍ഷത്തോളം ചര്‍ച്ച ചെയ്ത് രൂപം നല്‍കിയ ഈ കരാറിനെ സംശയിക്കേണ്ടതില്ല എന്നാണെന്റെ അഭിപ്രായം . ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ഗതികേട് കൊണ്ടാണ് ഇപ്പോള്‍ ഇതൊരു വിവാദമായത് .സര്‍ക്കാരിന് സ്വന്തം നിലയില്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല. അത് ഭരണത്തിന് നേതൃത്വം കോണ്‍ഗ്രസ്സിന്റെ ഗതികേട് . തങ്ങളുടെ ആജന്മശത്രുവായ അമേരിക്ക ഇന്ത്യയുമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നയതന്ത്ര ബന്ധത്തെ ചെറുക്കാന്‍ കഴിയാത്തത് ഇടത് പക്ഷം എന്നവകാശപ്പെടുന്നവരുടെ ഗതികേട് . ഇടത് പക്ഷത്തെ കൂട്ട് പിടിച്ച് ഭരണത്തെ അട്ടിമറിച്ച് , പുതിയ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താമെന്ന മോഹം പൂവണിയാത്തത് ബി.ജെ.പി.യുടെ ഗതികേട് . ഈ ഗതികേടുകള്‍ക്കിടയില്‍ വീര്‍പ്പ് മുട്ടുന്നത് ഇന്ത്യയുടെ വികസന മോഹങ്ങളും ആണ് .
കരാരിനെ എതിര്‍ത്ത് ബി.ജെ.പി.യും , ഇടത് പക്ഷവും ഉന്നയിക്കുന്ന വാദമുഖങ്ങള്‍ ബാലിശമാണ് . ബി.ജെ.പി. പ്രധാനമായും പറയുന്നത് തങ്ങള്‍ അമേരിക്കക്കെതിരല്ലെന്നും എന്നാല്‍ വിദേശരാജ്യങ്ങളുമായി ഉണ്ടാക്കുന്ന എല്ലാ കരാറുകളും പാര്‍ലമെന്റിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന് നിര്‍ബ്ബന്ധമാക്കുന്ന തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നാണ് . എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ അങ്ങിനെയൊരു ഭരണഘടനാഭേദഗതിക്ക് ഒരു സര്‍ക്കാരും മുതിരുകയില്ല എന്ന് ബി.ജെ.പി.ക്ക് നന്നായി അറിയാം . 1998ന് മുന്‍പ് ഇതേ ആവശ്യം ഉന്നയിക്കാറുണ്ടായിരുന്ന അവര്‍ 2004 വരെ അധികാരം കൈയാളുമ്പോള്‍ ഇതിനെ പറ്റി മൌനം പാലിച്ചു . മാത്രമല്ല അവര്‍ ഒരു പടികൂടി കടന്ന് ഞങ്ങള്‍ അധികാരത്തിയാല്‍ ആറ് മാസത്തിന് ശേഷം ഗാട്ട് കരാറില്‍ നിന്ന് പിന്‍‌മാറുമെന്നും അപ്പോള്‍ പറഞ്ഞിരുന്നു. പിന്നീട് നടന്നത് നമുക്കറിയാമല്ലോ .
ഇനി ഇടത് പക്ഷത്തിന്റെ പ്രധാന പരാതി നമ്മുടെ വിദേശനയം അമേരിക്കക്ക് പണയം വെക്കുന്നു എന്നാണ് . ഇത് അവര്‍ ഇപ്പോഴും 1990 ന് മുന്‍പുള്ള മാനസികാവസ്ഥയിലാണ് ജീവിയ്ക്കുന്നത് എന്നതിന്റെ തെളിവാണ് . രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം രണ്ട് ശാക്തീകച്ചേരികളായി മാറി . ഇതില്‍ ഏതെങ്കിലും ഒരു ചേരിയുടെ കൂടെ നിലയുറപ്പിക്കാന്‍ അവികസിത രാജ്യങ്ങള്‍ നിര്‍ബ്ബന്ധിതമായി . ഈ അവസരത്തിലാണ് യൂഗോസ്ലാവ്യന്‍ പ്രസിഡണ്ടായിരുന്ന മാര്‍ഷല്‍ ടീറ്റോയുടേയും , നമ്മുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാലിന്റെയും നേതൃത്വത്തില്‍ ഒരു ചേരി ചേരാ പ്രസ്ഥാനം രൂപം കൊള്ളുന്നത് . ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായിരുന്ന യൂഗോസ്ലാവ്യ, സോവിയറ്റ് ചേരിയില്‍ ചേരാതിരുന്നതിനാല്‍ അന്ന് ടീറ്റോ ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാരുടെ വിരോധത്തിന് പാത്രമായിരുന്നു. ഇന്ത്യ സോവിയറ്റ് ചേരിയില്‍ നിലയുറപ്പിക്കണമെന്നായിരുന്നു അന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വാഭാവികമായും വാദിച്ചത് . എന്നാല്‍ സോവിയറ്റ് യൂനിയനിലും മറ്റ് കി.യൂറോപ്യന്‍ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ നിലം‌പരിശായതോടെ ലോകത്ത് ശാക്തീകച്ചേരി എന്നൊന്ന് ഇല്ലാത്താവുകയും ചേരിചേരാപ്രസ്ഥാനം അപ്രസക്തമാവുകയും ചെയ്തു . യഥാര്‍ത്ഥത്തില്‍ ഇന്ന് ലോകത്ത് എല്ലാ രാജ്യങ്ങള്‍ക്കും സ്വദേശനയവും സ്വന്തം താല്‍പ്പര്യങ്ങളും മാത്രമേയുള്ളൂ . വിദേശനയം എന്ന ഒന്നുണ്ടെങ്കില്‍ അത് സ്വന്തം താല്‍പ്പര്യങ്ങളെ മുന്‍‌നിര്‍ത്തിയാണെന്ന് സാരം . ഇതിന് ഏറ്റവും നല്ല ഉദാഹരണം ചൈന തന്നെയാണ് . അമേരിക്കന്‍ മൂലധനത്തിന്റെ തണലിലാണ് ചൈന മുന്നോട്ട് കുതിക്കുന്നത് . ഇന്ന് ലോകം കുറെക്കൂടുതല്‍ ജനാധിപത്യവല്‍ക്കൃതമാണ് . രാജ്യങ്ങളെ വെട്ടിപ്പിടിച്ച് സാമ്രാജ്യം വികസിപ്പിക്കലോ കോളനി സ്ഥാപിക്കലോ ഇനി നടക്കില്ല . അത്കൊണ്ട് ഒരു സാങ്കല്‍പ്പികഭയത്തിന്റെ പുറത്ത് കരാറില്‍ നിന്ന് പിന്‍‌മാറി , പ്രധാനമന്ത്രി പറഞ്ഞപോലെ നമ്മള്‍ വികസനത്തിന്റെ അവസാനത്തെ ബസ്സ് മിസ്സ് ചെയ്യേണ്ടതില്ല .

( ബാക്കി ഭാഗം നാളെ )

ചരിത്രപ്രാധാന്യമുള്ള ഒരു അഭിമുഖം !

ഇന്നലെ ഒരു സുഹൃത്ത് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു ഞാന്‍ താങ്കളുമായി ഒരു അഭിമുഖം ആഗ്രഹിക്കുന്നു എന്ന് . ഞാന്‍ ഉടനെ സമ്മതിച്ചു . ജീവിതത്തില്‍ ആദ്യമായാണ് എന്നോട് ഒരാള്‍ ഇങ്ങിനെ ഒരഭിമുഖം ആവശ്യപ്പെടുന്നത് . അത്കൊണ്ട് ഈ അഭിമുഖം എന്നെ സംബന്ധിച്ച് ചരിത്രപ്രാധാന്യമുള്ളതായതിനാല്‍ റെക്കോഡ് ചെയ്യുകയും ഇവിടെ ഒരു പോസ്റ്റായി പബ്ലിഷ് ചെയ്യുകയും ചെയ്യുന്നു .

അഭിമുഖന്‍ : ഞാന്‍ താങ്കളുടെ ബ്ലോഗ്ഗ് സ്ഥിരമായി വായിക്കുന്ന ഒരാളാണ് . താങ്കള്‍ ഒരു നിരീശ്വര വാദിയാണോ ?

ഞാന്‍ : അല്ല. ദൈവം ഒരു സങ്കല്‍പ്പമോ വിശ്വാസമോ ആണ് . ഞാന്‍ അങ്ങിനെ സങ്കല്‍പ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല .

അഭി : ദൈവം ഇല്ലെന്ന് താങ്കള്‍ക്ക് തെളിയിക്കാന്‍ കഴിയുമോ ?

ഞാന്‍ : ഉണ്ട് എന്ന് പറയുന്നവര്‍ക്കാണ് തെളിയിക്കാനുള്ള ബാധ്യത . ഇല്ല എന്ന് എങ്ങിനെ തെളിയിക്കും !

അഭി : ദൈവ വിശ്വാസത്തെ താങ്കള്‍ എന്ത് കൊണ്ടാണ് എതിര്‍ക്കുന്നത് ?

ഞാന്‍ : ദൈവത്തെ വിശ്വസിക്കരുത് എന്ന് ഞാന്‍ ആരോടും പറയാറില്ല . എന്നാല്‍ വിശസിക്കാന്‍ മാത്രം ശീലിക്കുന്ന മനുഷ്യര്‍ ഒരു അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളും വെച്ചു പുലര്‍ത്തുന്നു. യുക്തിസഹമായി ചിന്തിക്കാന്‍ ശീലിക്കുക എന്ന് മാത്രമാണ് ഞാന്‍ പറയുന്നത് .

അഭി : ഏതൊരു നിരീശ്വര വാദിയും വയസ്സാവുമ്പോള്‍ ദൈവ വിശ്വാസത്തില്‍ അഭയം കണ്ടെത്തുന്നു എന്ന് പറയുന്നുണ്ടല്ലോ . അതിനെ പറ്റി എന്ത് പറയുന്നു ?

ഞാന്‍ : അങ്ങിനെയുള്ളവര്‍ ധാരാളമുണ്ടാകാം . അത് അവര്‍ക്ക് ഒരു ശാസ്ത്രീയ വീക്ഷണം ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണ് . എത്രയോ ആളുകള്‍ 90 വയസ്സിനപ്പുറവും നിരീശ്വരവാദം പ്രചരിപ്പിച്ചുകൊണ്ട് ജീവിച്ചിട്ടുണ്ട് . തമിഴ് നാട്ടിലെ പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ “ കടവുള്‍ ഇല്ലൈ , ഇല്ലവേ ഇല്ലൈ , കടവുളൈ നമ്പുകിറവന്‍ മുട്ടാള്‍ “ എന്ന് അന്ത്യശ്വാസം വരെ വിളിച്ചു പറഞ്ഞിട്ടുണ്ട് . ഏ.ടി . കോവൂര്‍ മറ്റൊരു ഉദാഹരണം . ഇന്നും എത്രയോ പേരുണ്ട് . ചിലര്‍ നിരീശ്വരവാദവും വിപ്ലവവും ഒക്കെ പ്രസംഗിച്ചിട്ട് പില്‍ക്കാലത്ത് വിശ്വാസങ്ങളില്‍ അഭയം തേടുന്നുണ്ടാകാം . അത് അവരുടെ വ്യക്തിപരമായ ദൌര്‍ബ്ബല്യങ്ങളുടെ പ്രശ്നമാണ് . അവരെ ഉദാഹരണം കാട്ടി ദൈവം ഉണ്ടെന്ന് സമര്‍ത്ഥിക്കുന്നത് ശരിയല്ലല്ലോ . ദൈവം ഉണ്ട് എന്ന് പറയുന്നവര്‍ അത് സ്വന്തം നിലയില്‍ ബോധ്യപ്പെടുകയും , ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്.

അഭി : താങ്കള്‍ ഒരു ഇടത് പക്ഷക്കാരനാണോ ? കമ്മ്യൂണിസ്റ്റുകാരനാണോ ?

ഞാന്‍ : ഞാന്‍ ഒരു മനുഷ്യപക്ഷക്കാരന്‍ മാത്രമാണ് . ഇടത് പക്ഷം എന്ന ഒരു വാക്ക് എങ്ങിനെയോ ഭാഷയില്‍ കടന്നു കയറി . ആ വാക്ക് ഇപ്പോഴും ഉപയോഗിക്കുന്നു എന്ന് മാത്രം . ഇന്ന് ആ വാക്കിന് യാതൊരു അര്‍ത്ഥമോ പ്രസക്തിയോ ഇല്ല . മാര്‍ക്സിസം ഞാന്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട് . അത്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു . എന്നാല്‍ എനിക്ക് ആ പാര്‍ട്ടിയില്‍ തുടരാന്‍ കഴിഞ്ഞിട്ടില്ല . അതിന്റെ ഒരു പ്രധാന കാരണം അവരുടെ ആക്രമണോത്സുകതയായിരുന്നു . അതിനു ശേഷം ഞാന്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചും , അതിന്റെ ഏകാധിപത്യ പ്രവണതകളെ കുറിച്ചും വിശദമായി പഠിച്ചപ്പോള്‍ ലെനിനിസം , മാര്‍ക്സിസത്തിന്റെ തന്നെ വിപരീതമായ ഒരു പുനരാവിഷ്ക്കാരമാണെന്ന് മനസ്സിലാക്കി . ലെനിനെ എതിര്‍ത്തവരെയെല്ലാം റിവിഷനിസ്റ്റുകള്‍ എന്ന് മുദ്രകുത്തി നിര്‍ദ്ദയം കൊന്നൊടുക്കി . അത്തരത്തില്‍ നാട് കടത്തപ്പെട്ടിട്ടും പിന്‍‌തുടര്‍ന്ന് വധിക്കപ്പെട്ട മഹാനായ ഒരു കമ്മ്യൂണിസ്റ്റായിരുന്നു ട്രോട്സ്കി . ലെനിന്‍ തുടങ്ങി വെച്ച് സ്റ്റാലിന്‍ വികസിപ്പിച്ച വികൃതവും ഭീകരവുമായ ഒരു തിയറിയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ പിന്തുടര്‍ന്നത് . ആദ്യകാലത്ത് കമ്മ്യൂണിസം സര്‍വ്വരാലും ആകര്‍ഷിക്കപ്പെട്ടിരുന്നു. ജവഹര്‍ലാല്‍ , ജയപ്രകാശ് നാരായണന്‍ , ലോഹ്യ തുടങ്ങി നിരവധി നേതാക്കള്‍ . എന്നാല്‍ ലെനിനിസത്തിന്റെ അക്രമണപരതയും , സര്‍വ്വാധികാര ശൈലിയും അവരെയെല്ലാം കമ്മ്യൂണിസത്തില്‍ നിന്ന് അകറ്റി . ഇന്ന് ലെനിനിസം കാലഹരണപ്പെട്ടു . ആ സിദ്ധാന്തം ഇനി ആരാലും ആകര്‍ഷിക്കപ്പെടുകയില്ലെന്ന് മാത്രമല്ല , ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയപരിപാടികളില്‍ പറയുന്ന പോലെയുള്ള ഒരു സോഷ്യലിസ്റ്റ് വിപ്ലവം ഇനി ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും സംഭവിക്കുകയുമില്ല . ഞാന്‍ മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ അവസ്ഥയില്‍ ആ പാര്‍ട്ടികളെ വെറുക്കുകയും ചെയ്യുന്നു .

അഭി : അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഭാവിയില്ല എന്നാണോ പറയുന്നത് ?

ഞാന്‍ : ശോഭനമായ ഭാവിയുണ്ട് , എന്ന് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യവുമുണ്ട് . പക്ഷെ അവര്‍ അവരുടെ ഭരണഘടനയും നയവും പരിപാടിയും എല്ലാം പൊളിച്ചെഴുതണം . മുന്‍‌വിധികള്‍ ഉപേക്ഷിക്കണം , സങ്കുചിതമായ കാഴ്ച്ചപ്പാടുകള്‍ മാറ്റിവെക്കണം , മാറി വരുന്ന ലോക പരിസ്ഥിതികള്‍ക്കനുസൃതമായി ഏകലോക വീക്ഷണവും ജനാധിപത്യശൈലിയും അംഗീകരിക്കണം . അതിന് ഇന്നുള്ള നേതാക്കള്‍ക്ക് കഴിയില്ല . റഷ്യയിലും മറ്റു കി.യൂറോപ്പുകളിലുമുള്ള കമ്മ്യു:പാര്‍ട്ടികള്‍ക്ക് , ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് മാറിവാരാനുള്ള നിര്‍ബ്ബന്ധിത സാഹചര്യം ഉണ്ടായ പോലെ ഇന്ത്യയിലുണ്ടാവുകയില്ല. സ്വമേധയാ മാറാന്‍ ഒരു സംഘടനക്കും കഴിയുകയുമില്ല . അത്കൊണ്ട് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തി ഇനിയും ഇല്ലാത്താവാനുള്ള സാധ്യതയാണ് ഞാന്‍ കാണുന്നത് .

അഭി : അപ്പോള്‍ താങ്കള്‍ ഒരു കോണ്‍ഗ്രസ്സുകാരനാണോ ?

ഞാന്‍ : ഒരാള്‍ ഒരു പാര്‍ട്ടിക്കാരനായേ പറ്റൂ എന്ന മുന്‍‌വിധിയില്‍ നിന്നാണ് ഈ ചോദ്യം ഉയരുന്നത് . ഇന്ത്യയുടെ ആത്മാവ് ആവാഹിച്ചെടുത്ത ഒരു മഹാപ്രസ്ഥാനമായിരുന്നു ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സ് എന്ന് ആലങ്കാരിക ശൈലിയില്‍ പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ . ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മാതൃപേടകമാണ് കോണ്‍ഗ്രസ്സ് . ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ തെറ്റി പിരിഞ്ഞ് പലരും പല പാര്‍ട്ടികളുണ്ടാക്കി . കോണ്‍ഗ്രസ്സിനെ മുഖ്യശത്രു സ്ഥാനത്ത് നിര്‍ത്തിയാണ് എല്ലാ പാര്‍ട്ടികളും ഇവിടെ വളര്‍ന്നത് . എന്നാല്‍ ഇന്ത്യയില്‍ ഇന്ന് കാണുന്ന ഈ ജനാധിപത്യ സ്വാതന്ത്ര്യവും , പുരോഗതിയുമുണ്ടാവാന്‍ കോണ്‍ഗ്രസ്സാണ് കാരണം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു . സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു ഇന്ത്യയില്‍ മുന്‍‌തൂക്കമെങ്കില്‍ ഇന്ത്യ ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായേനേ . ജനസംഘത്തിനാണ് മുന്‍‌തൂക്കമായിരുന്നെങ്കില്‍ ഒരു ഹിന്ദു രാഷ്ട്രമായി ഇന്നത്തെ പാകിസ്ഥാനേക്കാള്‍ മോശമായേനേ . അല്ല , ഇന്നുള്ള പോലെ പ്രാദേശിക കക്ഷികള്‍ക്കായിരുന്നു മുന്‍‌തൂക്കമെങ്കില്‍ ഇന്ത്യ ഛിന്നഭിന്നമായി കൊച്ചു കൊച്ചു രാജ്യങ്ങളായി ചിതറിത്തെറിച്ചേനേ ! എന്നാല്‍ ഇന്ദിരാ ഗാന്ധിയുടെ ചില നടപകളിലൂടെ അതായത് മുഴുവന്‍ അധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിക്കാനുള്ള കുത്സിതശ്രമങ്ങളിലൂടെ കോണ്‍ഗ്രസ്സ് ഒരു സ്തുതിപാഠക വൃന്ദമായി അധ:പതിച്ചു . എന്നാലും കോണ്‍ഗ്രസ്സ് എത്ര ദുഷിച്ചാലും , കോണ്‍ഗ്രസ്സിനേക്കാളും മേന്മ അവകാശപ്പെടാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയും ഇന്ന് ഇന്ത്യയിലില്ല എന്ന് ഞാന്‍ കരുതുന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും ഞാന്‍ എന്തിന് ഒരു കോണ്‍ഗ്രസ്സുകാരനാവണം ? നിലവില്‍ വിശ്വപൌരത്വം കൊതിക്കുന്ന ഒരു ഇന്‍ഡ്യന്‍ പൌരന്‍ മാത്രമാണ് ഞാന്‍ . തെരഞ്ഞെടുപ്പ് വരുമ്പോള്‍ സാഹചര്യം വിലയിരുത്തി വോട്ട് ചെയ്യുന്നു . ഒരു നല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദയം ചെയ്തെങ്കില്‍ എന്ന് വൃഥാ ആഗ്രഹിക്കുകയും ചെയ്യുന്നു . കാരണം ഞാന്‍ ഒരു ഭൌതീക വാദിയാണെന്നത് തന്നെ !

(ഈ അഭിമുഖത്തിന്റെ ബാക്കി ഭാഗങ്ങള്‍ നാളെ )

പുതിയ രാഷ്ട്രീയ നേതൃത്വം വേണം !

മന്ദാരം എന്ന ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയില്‍ ഞാനുമായി ഒരു അഭിമുഖം നടന്നു വരികയാണ് . ആ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഒരു ബ്ലോഗ്കാസ്റ്റായി പോസ്റ്റ് ചെയ്തിരുന്നത് . ഇന്നത്തെ അഭിമുഖത്തിലെ ചോദ്യവും ഉത്തരവും ഇവിടെ പോസ്റ്റ് ചെയ്യുന്നു .

അഡ്വ.അനില്‍ ഐക്കര : വളരെ നന്ദി സുകുമാരേട്ടാ, സെകുലര്‍ ഹ്യൂമനിസം വളരെ നല്ല ഒരു ആശയം തന്നെ.
പഠിക്കുവാന്‍ ലിങ്കുകള്‍ നല്‍കിയതു വളരെ ഉപകരിച്ചു.?(യഥാര്‍ത്ഥത്തില്‍ ഈ ദര്‍ശനത്തിന്റെ വിത്തുകള്‍ നമ്മുടെ ഉപനിഷത്തുകളില്‍ ഉണ്ട്‌ കേട്ടോ.)

ഹ്യൂമനിസത്തെ നമുക്ക്‌ മാനവികത എനു വിളിക്കാമല്ലോ?ഒരു തരം വിശ്വ മാനവ വാദം തന്നെയല്ലേ ഇത്‌? നമുക്കിതിനെ മാനവദര്‍ശനം എന്നു വിളിക്കരുതോ?
സര്‍വ്വ മാനവ ദര്‍ശനം എന്നാണോ നല്ലത്‌?ഗാന്ധിസവും ഉപനിഷത്‌ ദര്‍ശനങ്ങളും,മാര്‍ക്സിസവും ചേര്‍ത്ത്‌ നമുക്കൊരു പുതിയ ദര്‍ശനം ലോകത്തിനു നല്‍കിക്കൂടെ?

ഞാന്‍ :
അനില്‍ .. വേദങ്ങള്‍ , ഉപനിഷത്തുക്കള്‍ തുടങ്ങി ബൈബിള്‍ ഖുറാന്‍ മുതലുള്ള എല്ലാ ഗ്രന്ഥങ്ങളുടെയും സാരോപദേശങ്ങള്‍ മനുഷ്യനന്മയെയും , മാനവീക മൂല്യങ്ങളെയും അടിസ്ഥാനപ്പെടുത്തി തന്നെയാണ് . ദര്‍ശനങ്ങള്‍ക്കൊന്നും നിലവില്‍ പഞ്ഞമില്ല . എന്നാല്‍ മാര്‍കിസസവും , സെക്യുലര്‍ ഹ്യുമാനിസവും മറ്റും ഭൌതീക വാദത്തെ ആധാരമാക്കിയുള്ളതാണ് . ഭൌതീകേതരമായ ഒരു സൂപ്പര്‍ പവ്വര്‍ ആ ദര്‍ശനങ്ങള്‍ അംഗീകരിക്കുന്നില്ല . മനുഷ്യന്‍ അവന്റെ ജീവിതം സ്വയം തീരുമാനിക്കുന്നു എന്നതാണ് ഭൌതീക വാദത്തിന്റെ കാതല്‍ . ഇത് മത ദര്‍ശനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണല്ലോ . മതത്തിന്റെ വീക്ഷണകോണില്‍ നോക്കുമ്പോള്‍ മനുഷ്യന് അവനവന്റെ കാര്യത്തില്‍ പോലും റോള്‍ ഒന്നുമില്ല. എല്ലാം മുന്‍‌കൂട്ടി തീര്‍ച്ചപ്പെടുത്തപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ എല്ലാം ഒരു ശക്തി നിയന്ത്രിക്കുന്നു . മനുഷ്യന്‍ അവന്റെയും സമൂഹത്തിന്റെയും, വര്‍ത്തമാനവും ഭാവിയും സ്വയമായും കൂട്ടായും ചിന്തിച്ചു രൂപപ്പെടുത്തണമെന്ന് ഭൌതീക വാദികള്‍ വിചാരിക്കുന്നു.

നമുക്ക് വര്‍ത്തമാന കാല സമൂഹ്യ-സാമ്പത്തീക-രാഷ്ട്രീയ യാഥര്‍ത്ഥ്യങ്ങള്‍ വസ്തു നിഷ്ടമായി വിശകലനം ചെയ്യാം . ഇന്‍ഡ്യ എന്തുകൊണ്ടും പുരോഗതിയുടെ പാതയിലാണ് . ഒരു വന്‍ സാമ്പത്തീക ശക്തിയായി മുന്നോട്ട് കുതിക്കുന്നു, ശാസ്ത്ര-സാങ്കേതിക രംഗം അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൊയ്യുന്നു . അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ ഇന്‍ഡ്യ തിളങ്ങിയേനേ ! എന്നാല്‍ അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന ഉദ്യോഗസ്ഥവൃന്ദവും , ജീര്‍ണ്ണിച്ച് ജരാനര ബാധിച്ച രാഷ്ട്രീയ നേതൃത്വങ്ങളും , ലാഭക്കൊതി മാത്രമുള്ള മുതലാളിത്തവും , പൌരബോധം തൊട്ടു തെറിപ്പിച്ചിട്ടില്ലാത്ത ജനതയും ഇന്‍ഡ്യയുടെ സമകാല ശാപമായി ഈ തിളക്കങ്ങള്‍ കെടുത്തുന്നു . അതുകൊണ്ട് ആര്‍ജ്ജവമുള്ള ഒരു പുത്തന്‍ രാഷ്ട്രീയ നേതൃത്വമാണ് നമ്മുടെ അടിയന്തിരമായ ആവശ്യം !

ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയാണ് ഇന്ന് ചിന്തിക്കുന്നവരുടെ മുന്നിലുള്ള ചരിത്രപരമായ കടമ ! നിലവിലുള്ള സകലമാന നേതാക്കളെയും നിരാകരിച്ചു കൊണ്ട് ; ആത്മാര്‍തയും , സ്ഥാന മോഹമില്ലായമയും , അര്‍പ്പണ ബോധവും , സേവനസന്നദ്ധതയും , കാര്യപ്രാപ്തിയും , വിദ്ധ്യാഭ്യാസവും , ശാസ്ത്രീയമായ ലോക വീക്ഷണവുമുള്ള യുവതലമുറയാണ് ഇതിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടത് . പ്രായമായവര്‍ ഇവര്‍ക്ക് വഴികാട്ടുകയും വേണം ! വേറെ ഒരു വഴി ഞാന്‍ കാണുന്നില്ല .

വിവാഹത്തിന് ജാതകപ്പൊരുത്തം നോക്കുന്നത് ഹിമാലയന്‍ വിഡ്ഡിത്തം !

കല്യാണം കഴിക്കുകയെന്നത് ഇപ്പോള്‍ വളരെ ദുഷ്ക്കരമായ ഒരേര്‍പ്പാടാണ് . കൃസ്ത്യന്‍-മുസ്ലീമാദി ഹൈന്ദവേതര സമുദായങ്ങളില്‍ പെട്ടവര്‍ക്ക് ഒരു പ്രയാസവുമില്ല. ചെറുക്കന്റെ വീട്ടുകാര്‍ പെണ്ണ് കാണുകയും പരസ്പരം ഇഷ്ടപ്പെടുകയും ചെയ്താല്‍ ഒരു തടസ്സവുമില്ലാതെ വിവാഹം നടക്കും. എന്നാല്‍ ഹിന്ദുക്കളുടെ കാര്യം അത്യന്തം ശോചനീയമാണ് ഇപ്പോള്‍ . ഏത് ദിക്കില്‍ പോയി പെണ്ണ് കാണണം എന്നു തുടങ്ങി താലി കെട്ടുന്നത് വരെയുള്ള സര്‍വ്വ സംഗതികളും നിയന്ത്രിക്കുന്നത് ജ്യോത്സ്യന്മാരാണ്. മറ്റൊന്നുമില്ലെങ്കിലും ഉണ്ടെങ്കിലും ജാതകപ്പൊരുത്തം എന്നത് എല്ലാവര്‍ക്കും ഇന്ന് വളരെ നിര്‍ബ്ബന്ധമാണ്. എന്താണ് ഈ ജാതകപ്പൊരുത്തം കൊണ്ട് ഉദ്ദേശിക്കുന്നത് ? ഈ പൊരുത്തം മാത്രം പൂര്‍ണ്ണമായാല്‍ ബാക്കിയെല്ലാം ശുഭമായോ ? ഇങ്ങിനെ ജാതകപ്പൊരുത്തം ഉറപ്പാക്കിയിട്ട് വിവാഹം കഴിഞ്ഞാല്‍ പിന്നെ യാതൊരു പ്രശ്നങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നില്ലേ ? അഥവാ എന്തെല്ലാം പ്രശ്നങ്ങളിലാണ് ജാതകപ്പൊരുത്തം അവര്‍ക്ക് പരിരക്ഷ നല്‍കുന്നത് ? ജാതകം നോക്കാതേയും ഇക്കാലത്ത് ചുരുക്കം ചില ഹിന്ദുക്കളെങ്കിലും വിവാഹിതരാവുന്നുണ്ടല്ലോ. അങ്ങിനെയുള്ളവര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നില്ലേ ? ജനനസമയത്ത് വിരലിലെണ്ണാവുന്ന ചില ഗ്രഹങ്ങളുടെയും ഏതാനും നക്ഷത്രങ്ങളുടെയും സ്ഥാനം നോക്കിയാണല്ലോ ജാതകം നിര്‍ണ്ണയിക്കുന്നത് . ഈ ഗ്രഹങ്ങളും നക്ഷത്രങ്ങളും എന്തുകൊണ്ടാണ് , ലോകജനസംഖ്യയില്‍ താരതമ്യേന ന്യൂനപക്ഷമായ ഹിന്ദുക്കളെ മാത്രം സ്വാധീനിക്കുന്നത് ?

പെണ്ണ് കാണാന്‍ തുടങ്ങി വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ജാതകപ്പൊരുത്തമുള്ള പെണ്ണിനെ കിട്ടാതെ നട്ടം തിരിയുന്നവര്‍ നാട്ടില്‍ ധാരാളം . പ്രവാസികളായ മലയാളി യുവാക്കളുടെ കാര്യമാണ് ഏറെ പരിതാപകരം . രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് ഏതാനും മാസത്തെ അവധിക്ക് വിവാഹ സ്വപ്നവുമായി
നാട്ടില്‍ വരുന്ന പലരും പൊരുത്തം കാണാതെ പൊരിയുന്നു . ഒരു പെണ്ണിനെ കാണിച്ചു കൊടുക്കാന്‍ പണ്ടത്തെ പോലെ ഇപ്പോള്‍ ആരും തയ്യാറാവുന്നില്ല . കാരണം എത്ര കാണിച്ചു കൊടുത്താലാണ് ഒന്ന് പൊരുന്തുക എന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നില്ല. അത് കൊണ്ട് ബ്രോക്കര്‍മാര്‍ ഇപ്പോള്‍ മുക്കിലും മൂലയിലുമുണ്ട്. കല്യാണത്തിന് കരുതിവെച്ച കാശ് മുഴുവന്‍ പെണ്ണ് കാണലില്‍ തുലച്ചവര്‍ എത്രയോ . യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു മൂഡ്ഡ വിശ്വാസത്തിന്റെ പുറത്ത് ആളുകള്‍ ഇങ്ങിനെ വെപ്രാളപ്പെടുന്നത് കാണുമ്പോള്‍ സങ്കടവും പരിഹാസവും തോന്നുന്നു.

എന്റെ അയല്‍ക്കാരനായ ഒരു യുവാവ് ദുബൈയില്‍ നിന്ന് വന്നപ്പോള്‍ കല്യാണാലോചന തുടങ്ങി . ആ വരവിന് തന്നെ എങ്ങിനെയെങ്കിലും ഒരു കല്യാണം തരപ്പെടുത്തണമെന്ന് അവന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. ഒരു പെണ്ണിനെ കണ്ടു . എല്ലാവര്‍ക്കും അന്യോന്യം ഇഷ്ടപ്പെട്ടു. രണ്ടു വീട്ടുകാരും ചേര്‍ന്ന് ജ്യോത്സ്യന്റെ അടുത്തെത്തി. ജാതകക്കുറിപ്പുകള്‍ പരിശോധിച്ച ജ്യോത്സ്യന്‍ പൊരുത്തം തീര്‍ത്തും നഹിയെന്ന് വിധിച്ചു . വല്ല രക്ഷയുമുണ്ടോ എന്ന് ബന്ധുക്കള്‍ ആരാഞ്ഞപ്പോള്‍ ഈ ജാതകങ്ങള്‍ തമ്മില്‍ കൂട്ടിക്കെട്ടാന്‍ ഞാന്‍ ഒരിക്കലും സമ്മതിക്കുകയില്ലെന്ന് ജ്യോത്സ്യന്റെ ഉഗ്രശാസന ! (ജാതകം കൂട്ടിക്കെട്ടലാണ് മലബാര്‍ ഭാഗത്ത് ഏറ്റവും പ്രാധാന്യമേറിയ ചടങ്ങ്) പിന്നീട് എങ്ങിനെയോ പൊരുത്തമുള്ള ഒരു ജതകം കണ്ടെത്തി. അവധി തീരുന്നതിന് മുന്‍പ് വിവാഹം നടന്നു. ദുബായിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങുന്നതിനടയില്‍ ഒരു നാള്‍ ഞാനവനെ കണ്ടു. സുകുമാരേട്ടാ ...... ഞാന്‍ ആദ്യം കണ്ട പെണ്‍കുട്ടിയുടെ ചിത്രം എന്റെ മനസ്സില്‍ കൊത്തിവെച്ചത് പോലെയുണ്ട്. എത്ര ശ്രമിച്ചിട്ടും മറക്കാന്‍ കഴിയുന്നില്ല. ഒരു ജാതകത്തിനെയാണ് ഞാന്‍ ഇപ്പോള്‍ കല്യാണം കഴിച്ചത്. അല്ലാതെ എന്റെ സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിയെയല്ല ................... ഇത് പറയുമ്പോള്‍ അവന്റെ മനസ്സില്‍ നുരയുന്ന അസംതൃപ്തിയും നൈരാശ്യവും അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ എനിക്ക് കഴിഞ്ഞു. ഇങ്ങിനെയുള്ള നിരാശകള്‍ പലരുടെയും പില്‍ക്കാല ദാമ്പത്യ ജീവിതത്തെ കരി പുരണ്ടതാക്കുന്നുണ്ടാവാം .

എന്റെ വീട്ടിന്റെ അടുത്ത് നടന്ന മറ്റൊരു സംഭവം. സുമുഖനും സുശീലനുമായ ഒരു യുവാവ് . വീട്ടില്‍ കല്യാണാലോചന വന്നു. ഉടനെ ജ്യോത്സ്യന്റെ അടുത്ത്. കൃത്യം ആറ് മാസം കഴിഞ്ഞതിന് ശേഷം മാത്രമേ മനസ്സില്‍ കല്യാണമെന്ന് നിരൂപിക്കാന്‍ പോലും പാടുള്ളൂ. അവര്‍ ഒരു വര്‍ഷം കാത്തു . ജ്യോത്സ്യന്റെ അനുവാദപ്രകാരം പെണ്ണ് കാണല്‍ യജ്ഞം തുടങ്ങി. പൊരുത്തങ്ങളില്‍ മൊത്തം ഉത്തമമായിരിക്കണമെന്ന് ചെക്കന്റെ അമ്മക്ക് നിര്‍ബ്ബന്ധം. രണ്ട് വര്‍ഷത്തോളമുള്ള അലച്ചിലിനൊടുവില്‍ സര്‍വ്വ പൊരുത്തങ്ങളും ഒത്തിണങ്ങിയ ഒരു ജാതകം കണ്ടു. മതി , പെണ്ണിനെ കാണുന്നത് പിന്നെ ഒരു ചടങ്ങിന് മാത്രം . വിസ്തരിച്ചു കണ്ട് ഇഷ്ടപ്പെടാതെ പോയാല്‍ പിന്നെയെപ്പോഴാണ് ഇതുപോലൊരു പൊരുത്തജാതകം കണികാണാനെങ്കിലും കിട്ടുക. പിന്നീട് അങ്ങോട്ട് ഓരോ ഘട്ടങ്ങളിലും ജ്യോത്സ്യന്റെ വിദഗ്ദ്ധോപദേശം തേടി. ഓരോ വിവാഹപൂര്‍വ്വ ചടങ്ങുകള്‍ക്കും മുഹൂര്‍ത്ഥം, തെറ്റാതെ ഗണിച്ചു കിട്ടി. ഒടുവില്‍ വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഒരു രാത്രി അവന് പാമ്പ് കടിയേറ്റു. ആസ്പത്രിയില്‍ എത്തുന്നതിന് മുന്‍പേ മരണപ്പെട്ടു. മാരക വിഷമുള്ള പാമ്പായിരുന്നതിനാലും അവന്‍ വളരെ പരിഭ്രമിച്ച് അവശനായിപ്പോയതിനാലും മരണം വേഗത്തില്‍ കീഴ്പ്പെടുത്തുകായായിരുന്നു. ഗ്രാമം മുഴുവന്‍ മരണവീട്ടില്‍ വന്ന് ഗദ്ഗദത്തോടെ തേങ്ങി. പക്ഷെ അപ്പോള്‍ പോലും ഒരാളും ജ്യോത്സ്യനെയോ ജ്യോത്സ്യത്തെയോ പഴിക്കുന്നത് കണ്ടില്ല. മറ്റൊരിടത്ത് ഇതിന് സമാനമായ എല്ലാ വിവാഹപൂര്‍വ്വ ഉപാധികളും ഒരുക്കിയിട്ടും കല്യാണത്തലേന്ന് രാത്രി പ്രതിശ്രുത വരന്‍ കെട്ടിത്തൂങ്ങിമരിച്ചു. എന്റെ സ്വന്തം ജ്യേഷ്ഠന്‍ തന്നെ ഒരു കടുത്ത ജ്യോതിഷ വിശ്വാസിയായിരുന്നു. എത്രയോ ജാതകക്കുറിപ്പുകള്‍ അലസി ആരാഞ്ഞതിന് ശേഷമാണ് അദ്ദെഹം തന്റെ മൂത്ത മകള്‍ക്ക് ഒരു ഭര്‍ത്താവിനെ കണ്ടെത്തിയത്. കല്യാണം കഴിഞ്ഞ് രണ്ടാമത്തെ ആഴ്ച അദ്ധേഹം സാമ്പത്തിക ബാധ്യത നിമിത്തം ആത്മഹത്യ ചെയ്തു. ഇങ്ങിനെ എത്രയോ സംഭവങ്ങള്‍ നടക്കുന്നു. ഇത്തരം ആകസ്മിതകളെ മുന്‍‌കൂട്ടി കാണാനോ തടയാനോ കഴിയുകയില്ല. പിന്നെ ഈ ജാതകപ്പൊരുത്തം എന്ത് വ്യത്യസ്തതയാണ് , മറ്റ് സമുദായങ്ങളെയോ മറ്റ് രാജ്യങ്ങളിലെ ജനങ്ങളെയോ അപേക്ഷിച്ച് ഇന്ത്യക്കാരായ ഹിന്ദുക്കള്‍ക്ക് മാത്രം നല്‍കുന്നത് ? ജാതകം കാരണം വിവാഹം മുടങ്ങിപ്പോയ എത്രയോ പേര്‍ നാട്ടിലുണ്ട്. ഇതിലും വിചിത്രമാണ് ചൊവ്വാദോഷം ! എത്രയോ കാതം അകലെയുള്ള ഒരു ഗ്രഹം ചിലരെ മാത്രം തേടിപ്പിടിച്ച് ദോഷം ഉണ്ടാക്കുമോ ?

എന്റെ ഒരു സ്നേഹിതന്റെ മകന് വയസ്സ് 38 കഴിഞ്ഞു . പല പല കാരണങ്ങളാല്‍ കല്യാണം നീണ്ടു നീണ്ടു പോയി . ഇപ്പോള്‍ വീണ്ടും ഒന്ന് ശ്രമിച്ചു നോക്കി . പ്രായം കടന്നതിനാല്‍ യോജിച്ച ഒരു വധുവിനെ കണ്ടെത്തേണ്ടേ . 35 വയസ്സ് ഉള്ള അവിവാഹിതയായ ഒരു വിവാഹാര്‍ത്ഥിനിയെ കണ്ടെത്തി. രണ്ട് വീട്ടുകാര്‍ക്കും ആശ്വാസം ! പക്ഷെ ജ്യോത്സ്യനെ കണ്ടപ്പോഴാണ് ഞെട്ടിക്കുന്ന ആ യാഥാര്‍ത്ഥ്യം ആണ്‍‌വീട്ടുകര്‍ തിരിച്ചറിഞ്ഞത് . പെണ്ണിന്റെ ജാതകത്തില്‍ വൈധവ്യയോഗം !! അങ്ങിനെ ആ ആലോചനയും അലസി . സ്നേഹിതനോട് ഞാന്‍ പറഞ്ഞു : മിക്കവാറും എല്ലാ പുരുഷന്മാരും തന്നേക്കാളും പ്രായം കുറഞ്ഞ സ്ത്രീകളെയാണ് കല്യാണം കഴിക്കുന്നത്. അപ്പോള്‍ സ്വാഭാവിക മരണമാണ് സംഭവിക്കുന്നതെങ്കില്‍ വൈധവ്യദു:ഖം അനുഭവിക്കാനിട വരാനിടയില്ലാത്ത ഏത് വിവാഹിതകളാണ് ലോകത്ത് ഉള്ളത് ? “ ജാതകം നോക്കിയത് കൊണ്ടാണ് കുഴപ്പം വന്നത്.... മനസ്സില്‍ ഒരു അജ്ഞാനം ... ഇല്ലെങ്കില്‍ നടത്താമായിരുന്നു...." സ്നേഹിതന്റെ ഉച്ചത്തിലുള്ള ആത്മഗതം !

ഞാന്‍ ആദ്യം പരാമര്‍ശിച്ച , പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്റെ സഹോദരീ ഭര്‍ത്താവിനെ പിന്നെയൊരിക്കല്‍ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. ഇത്ര കൃത്യമായി ജ്യോത്സ്യന്റെ വാക്കുകള്‍ പാലിച്ചിട്ടും , പലവട്ടം ജാതകം ഗണിച്ചിട്ടും ഒരു സൂചന പോലും തരാന്‍ ജ്യോത്സ്യന് കഴിയാതിരുന്നതിന്റെ കാരണം തിരക്കണ്ടേ . അവന്റെ മറുപടി ഇങ്ങിനെ : ജനിച്ച സമയം നമ്മള്‍ ജ്യോത്സ്യനോട് പറഞ്ഞുകൊടുക്കുമ്പോള്‍ തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. അത് കാരണം പ്രവചനം പലപ്പോഴും തെറ്റാമെന്നാണ് ജ്യോത്സ്യന്മാര്‍ പറയുന്നത് പോലും ! അത് ശരി , അപ്പോള്‍ ഏതാണ് ശരിയായ ജനന സമയം ? ഏത് വാച്ചിലാണ് ആ സമയം ഒളിഞ്ഞിരിക്കുന്നത് ? ഇങ്ങിനെ ശരിയായ സമയം തിട്ടപ്പെടുത്തി ഗണിച്ചെടുത്ത ജാതകം ആരുടെയെങ്കിലും കൈയ്യില്‍ ഉണ്ടോ ? ഒരേ സമയം ആസ്പത്രികളിലെ ലേബര്‍ റൂമുകളില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരൊറ്റ ജാതകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ മതിയാവുമോ ? പ്രബുദ്ധ കേരളം ചിന്തിക്കുമോ ?

അനുബന്ധം :

ഈ ലേഖനം വായിച്ച എന്റെ ഒരു പ്രിയ സുഹൃത്ത് അനീഷ് എന്റെ സ്ക്രാപ്പ് ബുക്കില്‍ ഇങ്ങിനെ എഴുതി : “ മാഷേ നന്നായിരിക്കുന്നു. പക്ഷേ ഇതില്‍ ഒരു മറു വശം ഉള്ളത് എന്താണെന്നു വച്ചാല്‍ മനസ്സില്‍ പതിഞ്ഞ് പോയ വിശ്വാസങ്ങളില്‍ നിന്ന് അത്ര വേഗം പോരാന്‍ പറ്റില്ല. ഈ ഞാനും അതിന്റെ ഒരു ഇര തന്നെയാണ്. എന്റെ വിശ്വാസങ്ങള്‍ക്ക് ഉപരി ഞാന്‍ എന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനും, വിശ്വാസത്തിനും പ്രാധാന്യം കൊടുക്കുന്നു. അത്ര മാത്രം."
ഈ ഒരു മനോഭാവമാണ്, ഈ മൂഡ്ഡ വിശ്വാസം വര്‍ത്തമാനകാല സമൂഹത്തില്‍ നിലനില്‍ക്കാനും ആധിപത്യം ചെലുത്താനും കാരണമാകുന്ന മന:ശാസ്ത്രപരമായ അടിത്തറ. യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം വരുന്ന യുവ തലമുറ ജ്യോതിഷത്തിലോ മറ്റ് അനുബന്ധ അനാചാരങ്ങളിലോ വിശ്വസിക്കുന്നില്ല. എന്നാല്‍ അച്ഛനുമമ്മയും മറ്റു പ്രായമായ ബന്ധുക്കളും വിശ്വസിക്കുന്നു. അവരുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ട് എങ്ങിനെ മറിച്ചൊരു തീരുമാനമെടുക്കും ? ഇതാണു പലരും പറയുന്നത്. ശരിയാണു , അവരുടെ മനസ്സിനെ വേദനിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ കാര്യങ്ങള്‍ അനായാസമായും വിഘാതങ്ങള്‍ ഇല്ലാതെയും നടന്നുപോകുന്നെങ്കില്‍ സാരമില്ലായിരുന്നു. ഇവിടെ ഈ വിശ്വാസം ഒരു ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയും പലര്‍ക്കും ജീവിതം തന്നെ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയോ പറ്റുന്നില്ലെങ്കില്‍ ധിക്കരിക്കുകയോ ചെയ്യുകയാണ് വേണ്ടത്. കുറച്ചു നാള്‍ വേദനിക്കട്ടെ.പിന്നീട് ബോദ്ധ്യപ്പെട്ടുകൊള്ളും. പിന്നെ ഒരു കാര്യം ഇന്നത്തെ പ്രായമായവരില്‍, അവര്‍ കല്യാണം കഴിക്കുന്ന കാലത്ത് ജാതകപ്പൊരുത്തം നോക്കിയവര്‍ അധികമുണ്ടാവില്ല,തീര്‍ച്ച ! എന്നിട്ട് അവര്‍ ഇത്രയും കാലം തട്ടും മുട്ടും ഒന്നുമില്ലാതെ ജീവിച്ചില്ലെ ? ദുരന്തങ്ങള്‍ നേരിടേണ്ടി വന്നവരെ ജാതകമോ , മന്ത്രവാദമോ, മറ്റു വിശ്വാസങ്ങളോ ഒന്നും രക്ഷിച്ചതുമില്ല...

ജ്യോതിഷം ഒരു ശാസ്ത്രാഭാസമാണെന്ന് സ്ഥപിക്കുന്ന വസ്തുതകള്‍ ഇവിടെ വായിക്കുക !



പുതിയ രാഷ്ട്രപതിയെ സ്വാഗതം ചെയ്യാം !


ഇന്ത്യയില്‍ ജനങ്ങള്‍ നേരിട്ടല്ല തങ്ങളുടെ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത്. മാത്രമല്ല ഒരു ഔപചാരിക പദവി എന്നതില്‍ കവിഞ്ഞ് ആ സ്ഥാനത്തിന് വലിയ പ്രാധാന്യമൊന്നും നമ്മുടെ ഭരണഘടന നല്‍കുന്നുമില്ല. ജനാധിപത്യ സമ്പ്രദായത്തിന്റെ മഹത്തായ സ്പിരിറ്റ് ഉള്‍ക്കൊണ്ട് , പുതിയ രാഷ്ട്രപതിയെ നമുക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യാം !
തന്റെ മുന്‍ഗാമിയുടെ പാത പിന്‍‌തുടരാന്‍ ശ്രീമതി പ്രതിഭാ പാട്ടീലിന് കഴിയട്ടെ ! തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മാത്സര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് എല്ലാവരും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പ്രത്യാശിക്കാം !

നമ്മുടെ രാഷ്ട്രപതി വിട വാങ്ങുന്നു !


ഭാരതം കണ്ട എക്കാലത്തെയും മഹാനായ രാഷ്ട്രപതിക്ക്
അഭിവാദനങ്ങള്‍ !