Links

സി.പി.എം. സൂപ്പര്‍ കോടതി അല്ല

സി.പി.എം.പാര്‍ട്ടിയില്‍ തെറ്റ് തിരുത്തലും സ്വത്വവിശകലനങ്ങളും ഒക്കെ ഭംഗിയായി കഴിഞ്ഞു. ഒരുവിധപ്പെട്ട തെറ്റുകളൊക്കെ തിരുത്തിക്കഴിഞ്ഞതായാണ് മനസ്സിലാകുന്നത്. പക്ഷെ തിരുത്താന്‍ തെറ്റുകള്‍ ഇല്ലെങ്കില്‍ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. അതിനാല്‍ തിരുത്തലും തെറ്റുകള്‍ അനവരതം ആവര്‍ത്തിക്കലും ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ മുറുകെ പിടിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. പൊളിഞ്ഞ് പാപ്പര്‍സൂട്ടായ ലെനിനിസ്റ്റ് തത്വങ്ങള്‍ തന്നെ ഈ ആധുനികകാലത്തും മുറുകെ പിടിക്കണോ സഖാവേ എന്നൊന്നും ചോദിക്കരുത്. വേറൊന്നും പഠിച്ചിട്ടില്ല അതാ. മാത്രമല്ല ആ തത്വം ഉള്ളത്കൊണ്ടല്ലെ അടിമകളായ എത്രയോ അണികളെ കിട്ടുന്നത്. ആ അണികള്‍ ഉള്ളത്കൊണ്ടല്ലെ ഇത്രയും തലക്കനത്തോടെ സംസാരിക്കാന്‍ കഴിയുന്നത്. ഡല്‍ഹിയില്‍ എത്തിയ പാര്‍ട്ടി സെക്രട്ടരി പറഞ്ഞത് കേട്ടില്ലേ? തെറ്റായ വിധിക്കെതിരെ ജനാഭിപ്രായം രൂപപ്പെടുന്നത് ആര്‍ക്കും തടയാനാവില്ലെന്ന്. അഹന്ത തലയ്ക്ക് പിടിച്ചാല്‍ ഇങ്ങനെയൊക്കെ തോന്നും. എന്ന് വെച്ച് അണികള്‍ ഇതൊക്കെ കേട്ട് ആവേശം കൊള്ളരുത്. കോടതി വിധികള്‍ നടപ്പാക്കാനുള്ള സംവിധാനമൊക്കെ ഇന്ത്യാമഹാരാജ്യത്തുണ്ട്. നിങ്ങളുടെ കൈയില്‍ എന്താ ഉള്ളത്? സൈക്കിള്‍ ചെയിന്‍ , വടിവാള്‍ , നാടന്‍ ബോംബ് ഇത്യാദി ചില്ലറ നിസ്സാരപ്പെട്ട ആയുധങ്ങള്‍ . പോരാത്തതിന് ഇന്ത്യാരാജ്യത്ത് വെറുമൊരു കിളുന്ത് പാര്‍ട്ടിയാണ് നിങ്ങള്‍ . അതും മറക്കണ്ട. അത്ര അജയ്യരൊന്നുമല്ല നിങ്ങള്‍ . ബംഗാളില്‍ അടുത്ത മുഖ്യമന്ത്രി ആരെന്ന് അറിയാമല്ലൊ, മമത ബാനര്‍ജി.

ജനം എന്ന് പറഞ്ഞാല്‍ മാര്‍ക്സിസ്റ്റുകള്‍ മാത്രമല്ല. ജനങ്ങളിലെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് മാര്‍ക്സിസ്റ്റുകള്‍ . കോടതി വിധി തെറ്റെന്ന് വിധിക്കാന്‍ സി.പി.എമ്മിനെ ആരും സൂപ്പര്‍ കോടതിയായി നിയമിച്ചിട്ടില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്ക് ഒരംഗീകൃതരീതിയുണ്ട്. കീഴ്ക്കോടതി വിധി തെറ്റെന്ന് തോന്നിയാല്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ കൊടുക്കും. അങ്ങനെ സുപ്രീം കോടതി വരെ പോകും. സുപ്രീം കോടതി വിധി അംഗീകരിക്കും. അല്ലാതെ നിങ്ങളെ പോലെ തെരുവിലേക്കിഴക്കില്ല, പുലഭ്യം വിളിച്ചുകൂവില്ല. അതൊക്കെ നിങ്ങളുടെ സംസ്ക്കാരം. നിങ്ങള്‍ക്ക് തെറ്റെന്ന് തോന്നുന്ന വിധികള്‍ക്കെതിരെ ജനങ്ങളിലെ മാര്‍ക്സിസ്റ്റ്കാരെ തെരുവിലേക്ക് ഇളക്കിവിട്ടാല്‍ ആ ജനത്തെ പുഷ്പം പോലെ കൈകാര്യം ചെയ്യപ്പെടുമെന്നതില്‍ ജയരാജന്മാര്‍ക്ക് പോലും സംശയമുണ്ടാവില്ല. മാര്‍ക്സിസ്റ്റ് നേതൃശ്രേണിയില്‍ ഏറ്റവും താഴെത്തട്ടിലുള്ള എസ്‌എഫ്‌ഐ നേതാവാണ് ഏറ്റവും കടുപ്പപ്പെട്ട വാക്കുകള്‍ ഉപയോഗിച്ചത്. അതങ്ങനെ വേണമല്ലൊ. നാളത്തെ നേതാവല്ലെ. മറ്റുള്ളവരെ പോലെ മാന്യമായി പ്രസംഗിച്ചാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നേതാവാകാന്‍ കഴിയില്ല എന്ന് കുട്ടിസഖാക്കള്‍ക്കറിയാം. മാര്‍ക്സിസ്റ്റുകള്‍ വ്യത്യസ്തരാകുന്നത് അങ്ങനെയാണ്.

അടുത്ത വര്‍ഷം സി.പി.എം. രണ്ട് സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടാന്‍ പോവുകയാണ്. അപ്പോള്‍ തെരുവുകള്‍ കലാപഭൂമിയാക്കണം. നാട്ടില്‍ കൊലക്കളങ്ങള്‍ തീര്‍ക്കണം. അതിനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോഴത്തെ കോടതി വിരുദ്ധ ഉറഞ്ഞുതുള്ളലുകള്‍ . കോടതിവിധികൊണ്ടൊന്നും ലോകം അവസാനിക്കില്ല എന്നും സെക്രട്ടരി പറഞ്ഞിട്ടുണ്ട്. ലോകം എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി. അല്ലാതെ നാം ജീവിയ്ക്കുന്ന ഈ ലോകമല്ല. മാര്‍ക്സിസ്റ്റുകള്‍ക്ക് പാര്‍ട്ടിയാണ് ലോകം. പാര്‍ട്ടിക്കപ്പുറത്ത് ലോകമില്ല. എന്നാല്‍ ഇങ്ങനെ കരുതുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണ്. എല്ലാ അണികളെയും എന്നും വിഡ്ഡികളാക്കാന്‍ കഴിയില്ല. ആ സത്യമാണ് ബംഗാളില്‍ പ്രതിഫലിച്ചുകാണുന്നത്. കേരളത്തിലെ അണികള്‍ പക്ഷെ ഒരു പ്രത്യേകതരക്കാരാണ്. നേതാക്കന്മാര്‍ സ്വത്ത് സമ്പാദിച്ച് അങ്ങനെ സുഖിയന്മാരായി വിലസണം എന്നേ അണികള്‍ക്കുള്ളൂ. അതില്‍ ഒരു തരം നിര്‍വൃതി. ലിമിറ്റഡ് കമ്പനികളും ചാരിറ്റബിള്‍ സൊസൈറ്റികളും രൂപീകരിച്ചാണ് സംരഭങ്ങള്‍ തുടങ്ങുന്നത്. അതിലൊക്കെ ആരാണ് അംഗങ്ങള്‍ എന്ന് പോലും സി.പി.എം. വ്യക്തമാക്കാറില്ല. ട്രസ്റ്റുകളും ലിമിറ്റഡ് കമ്പനികളും സ്വകാര്യസ്വത്തുക്കളാണ്. പാര്‍ട്ടിയുടേതായിരിക്കും എന്നായിരിക്കും അണികള്‍ കരുതുക. ഇങ്ങനെ സ്വത്ത് സമ്പാദിക്കാന്‍ ഏത് നിയമവിരുദ്ധമാര്‍ഗ്ഗങ്ങളും അവലംബിക്കും. സിങ്കപ്പൂരില്‍ നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കടത്തിയത് ഉദാഹരണം. ഒരു ഐ.ജി.യുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് പലതും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ.

സൂര്യന് താഴെയുള്ള സകലതിനെയും വിമര്‍ശിക്കാറുള്ള സി.പി.എം. സത്യത്തില്‍ കാട്ടിക്കൂട്ടുന്നത് എന്തൊക്കെയാണ്. കോടതി തെറ്റ് തിരുത്തണം എന്നാണ് സെക്രട്ടരി ആവശ്യപ്പെടുന്നത്. ഒന്നാമത്തെ കാര്യം തെറ്റ് എന്ന് സെക്രട്ടരി അങ്ങ് തീരുമാനിച്ചാല്‍ മതിയോ? പിന്നത്തെ കാര്യം അഥവാ കോടതിയ്ക്ക് തെറ്റ് പറ്റിയാല്‍ തന്നെ അത് തിരുത്തണം എന്ന് മാധ്യമങ്ങളോട് പറഞ്ഞാല്‍ മതിയോ? എല്ലാം മാര്‍ക്സിസ്റ്റ് പാര്‍ട്ടി അങ്ങ് തീരുമാനിക്കുമെങ്കില്‍ ഈ സംവിധാനങ്ങളൊക്കെ എന്തിനാ. എല്ലാം സി.പി.എമ്മിനെ ഏല്‍പ്പിച്ചാല്‍ പോരേ? റോഡുകളുടെ കാര്യത്തില്‍ സഞ്ചാരമാണ് പ്രധാനം. യോഗം ചേരല്‍ പിന്നെ. സഞ്ചാരം മുടങ്ങിയാലും തങ്ങള്‍ക്ക് പ്രസംഗിക്കണം എന്നാണ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ ആക്രോശിക്കുന്നത്. മനസ്സിലാകാത്ത കാര്യം റോഡില്‍ സഞ്ചാരം മുടക്കി ചെയ്യുന്ന പ്രസംഗം കേട്ടാല്‍ മാത്രമേ ഈ ജനത്തിന് സായൂജ്യം ലഭിക്കൂ എന്നുണ്ടോ. സഞ്ചാരം മുടങ്ങാത്ത ചില സ്ഥലങ്ങള്‍ കണ്ടെത്തി നോട്ടിഫൈ ചെയ്താല്‍ അവിടെ പോയി നിന്നാല്‍ പ്രസംഗം കേള്‍ക്കത്തില്ലെ?

ഇപ്പോഴത്തെ കോടതി വിധി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വീണുകിട്ടിയ ഒരു നിമിത്തമാണ്. കഴിഞ്ഞ നാലുകൊല്ലക്കാലം നിര്‍ജ്ജീവമായ പാര്‍ട്ടി മെഷിനറിയെ ഉത്തേജിപ്പിക്കാന്‍ നിനച്ചിരിക്കാതെ ലഭിച്ച അവസരം. ജനങ്ങളുടെ ശ്രദ്ധ വരാനിരിക്കുന്ന പഞ്ചായത്ത് - അസംബ്ലി തെരഞ്ഞെടുപ്പ് വരെ ഈ കോടതി വിരുദ്ധ പ്രഹസനങ്ങളില്‍ തളച്ചിടാന്‍ കഴിഞ്ഞാല്‍ എന്തെങ്കിലും നേട്ടം കൊയ്യാനാകുമോ എന്ന കൌശലം. പക്ഷെ മാധ്യമസിണ്ടിക്കേറ്റ് അത് വിടുമെന്ന് തോന്നുന്നില്ല. കേസുകള്‍ ഒന്നിന് പിറകെ ഒന്നായി മുറുകുകയും ചെയ്യുന്നു.