ഇത് ബ്ലോഗല്ല ; ഞാന്‍ ബ്ലോഗറുമല്ല !

ഇന്നലെ മുതല്‍ ബ്ലോഗ് വായന നിര്‍ത്തി . വായിക്കാന്‍ ഒന്നും കിട്ടാതിരുന്ന സമയത്ത് യാദൃച്ഛികമായാണ് ബ്ലോഗില്‍ എത്തിപ്പെട്ടത് . നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന വായന തിരിച്ചു കിട്ടിയ അനുഭവമായിരുന്നു അപ്പോള്‍ . നല്ല നല്ല പോസ്റ്റുകളും നിത്യേന ബ്ലോഗില്‍ വന്നുകൊണ്ടിരുന്നു . ഇന്ന് ബ്ലോഗിന്റെ സ്ഥിതി മാറി . ചിലര്‍ ഓഫീസിലിരുന്ന് ഒഴിവ് സമയങ്ങളില്‍ അഞ്ചും പത്തും ബിനാമി ഐഡികള്‍ ഉണ്ടാക്കി ബ്ലോഗുകള്‍ തോറും കയറി മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന വെളിമ്പറമ്പ് ആയി മാറി ബ്ലോഗ് . മാന്യമായി എഴുതാനും വായിക്കാനും പറ്റാത്ത ഒരു വിര്‍ച്ച്വല്‍ പുറമ്പോക്കാണ് ഇന്ന് മലയാളം ബ്ലോഗ് .

ഭാഗ്യവശാല്‍ ഇന്ന് നെറ്റില്‍ വായിക്കാന്‍ മലയാളത്തില്‍ ധാരാളം വെബ് സൈറ്റുകളുണ്ട് . സമയം തികയാത്തതിന്റെ കുറവേയുള്ളൂ . ഈ പേജ് എന്റെ പബ്ലിക്ക് ഡയറിയായി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു . ദിവസവും മനസ്സില്‍ തോന്നുന്നത് അല്പസമയം എന്തെങ്കിലും എഴുതിവെക്കാം . നിയമവിരുദ്ധമായത് ഒന്നും എഴുതുകയില്ലാത്തത് കൊണ്ട് ഐ.പി.അഡ്രസ്സ് കണ്ട് പിടിച്ച് ആരെങ്കിലും വരുമെന്ന ഭയമൊന്നും വേണ്ട . ആരെങ്കിലും കണ്ടന്റ് മോഷ്ടിക്കുമെന്ന പ്രശ്നവുമില്ല . കുറച്ച് സമയം എന്റെ ജിമെയില്‍ തുറന്ന് മറുമൊഴിയില്‍ നിന്ന് വരുന്ന കമന്റുകള്‍ വായിക്കാറുണ്ടായിരുന്നു . അവിടെ നിന്ന് അണ്‍‌സബ്‌സ്ക്രൈബ് ചെയ്തു . അങ്ങനെ കുറച്ച് ശുദ്ധജലം ഉണ്ടായിരുന്നെങ്കിലും കൂടവേ ഒഴുകി വന്നിരുന്ന ദുര്‍ഗ്ഗന്ധം വമിക്കുന്ന മലിനജലം മെയിലിലേക്ക് കടക്കുന്ന പഴുതും അടച്ചു .

അല്പദിവസം കഴിഞ്ഞാല്‍ ബ്ലോഗിലെ അനോണിവര്‍മ്മമാര്‍ എന്നെ മറക്കും . ഞാന്‍ ബ്ലോഗിനേയും . ബ്ലോഗിലൂടെ ലഭിച്ച സൌഹൃദങ്ങളും ഒഴിവാക്കാന്‍ തീരുമാനിച്ചു . അല്ലെങ്കിലും സൌഹൃദങ്ങള്‍ക്ക് നെറ്റില്‍ തന്നെ എത്ര വേദികളുണ്ട് . അനോണികളെ ഉല്പാദിപ്പിക്കാന്‍ വേണ്ടി മാത്രം ഉപയോഗപ്രദമായേക്കാവുന്ന ബ്ലോഗ് അക്കാദമിയുമായുള്ള ബന്ധവും വിച്ഛേദിച്ചു . സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കാനാണെങ്കില്‍ വേറെ മാന്യമായ എത്ര വേദികളുണ്ട് .

ഇനി പത്രം , മറ്റ് ഓണ്‍‌ലൈന്‍ മേഗസിനുകള്‍ നോക്കട്ടെ ....

No comments: