Links

അക്ഷരക്കഷായത്തിനു ചികിത്സ !

ശ്രീ അശോക് കര്‍ത്തയുടെ അക്ഷരക്കഷായം എന്ന ബ്ലോഗില്‍ ഞാന്‍ ചില കമന്റുകള്‍ എഴുതിയിരുന്നു. അവസാനം അദ്ദേഹം എന്നോട് ഇങ്ങിനെ ചോദിച്ചു : “ ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിക്ക്, താങ്കളുടെ ചെറുപ്പത്തില്‍ എത്ര പേര്‍ക്ക് കാന്‍സര്‍ ഉണ്ടായിരുന്നു?ജനസംഖ്യാനുപാതികമായി അതെത്രയാണു?അന്ന് സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികള്‍ എത്ര? ഇന്ന് ആശുപ്ത്രികള്‍ ഇത്രയധികം ഉണ്ടായിട്ട് ആ സംഖ്യ എത്ര വരും. രോഗികളുടെ എണ്ണം ന്യായമായും കുറയേണ്ടതല്ലെ? “ . ഇതിനു ഞാന്‍ ഇന്നു മറുപടിയായി എഴുതിയ കമന്റ് ഇവിടെയും പോസ്റ്റ് ചെയ്യുന്നു. വിശദമായി പിന്നീട് എഴുതാം.

“ സര്‍, വളരെ നല്ല ഒരു ചോദ്യമാണു താങ്കള്‍ എന്നോട് ചോദിച്ചിരിക്കുന്നത് ? തിരിച്ച് ഒരു മറുചോദ്യം ഞാന്‍ താങ്കളോട് ചോദിക്കട്ടെ. താങ്കളുടെ ചെറുപ്പകാലത്ത് എത്രപേര്‍ വസൂരി വന്ന് മരിക്കുമായിരുന്നു ? ചില പ്രദേശങ്ങളില്‍ വസൂരി പടര്‍ന്ന് പിടിച്ചാല്‍ ശവശരീരം സംസ്കരിക്കാന്‍ ആളെ കിട്ടാതെ ചീഞ്ഞു നാറിയിരുന്ന ഒരവസ്ഥ എനിക്കോര്‍മ്മയുണ്ട്. ഇന്നോ ? ചൊറിയും,ചിരങ്ങും,മൂക്കൊലിപ്പും ഇല്ലാത്ത ഏതെങ്കിലും കുട്ടികളെ കാണാന്‍ കഴിയുമായിരുന്നോ ? ഇന്നോ ? മനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം അന്നെത്രയായിരുന്നു ,ഇന്നെത്രയാണു ? ചികിത്സിച്ച് ചികിത്സിച്ച് രോഗമേയില്ലാത്ത ഒരു ലോകം സൃഷ്ടിച്ചെടുക്കണമെന്നാണെന്ന് തോന്നുന്നു താങ്കളുടെ ആഗ്രഹം. നല്ലത് തന്നെ. പക്ഷെ എങ്ങിനെ ? വസൂരി നമ്മള്‍ തീര്‍ത്തും നിര്‍മ്മാര്‍ജ്ജനം ചെയ്തു,പോളിയോയും ഏറെക്കുറെ അങ്ങിനെ തന്നെ . താങ്കള്‍ കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. നമ്മുടെ ദൃഷ്ടിക്ക് ഗോചരമായ ജീവജാലങ്ങള്‍ ഭൂമിയില്‍ എത്രയുണ്ടോ അതിന്റെ എത്രയോ ഇരട്ടി , ദൃഷ്ടിക്ക് അഗോചരമായ സൂക്ഷ്മജീവികളും ഇവിടെ ജീവിയ്ക്കുകയും പെറ്റുപെരുകുകയും ചെയ്യുന്നുണ്ട്. ഇവയില്‍ ബഹുഭൂരിപക്ഷവും മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണു,ചിലത് രോഗകാരികളും. ഭൂമിയില്‍ ജീവനുള്ള കാലത്തോളം ഈ സൂക്ഷ്മജീവികളും നമ്മോടൊപ്പം സഹവസിക്കും.അത്കൊണ്ട് ഡോക്റ്റര്‍മാരും,മരുന്നും,ചികിത്സയും ലോകാവസാനം വരെയുണ്ടാവും. പിന്നെ അഴിമതിയുടെയും,കോഴയുടെയും കാര്യമാണു. ഇന്നേത് മേഖലയിലാണു ഇതില്ലാത്തത്? ഇതില്‍ ആരാണു കുറ്റവാളി ? സമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളും ഇന്ന് അഴിമതിപൂരിതമായി, മാത്രമല്ല കൂടുതല്‍ കൂടുതല്‍ കച്ചവടവല്‍ക്കരിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. ജനങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ പോകാത്തായതോടെയല്ലേ സ്വകാര്യ ആസ്പത്രികള്‍ പെരുകിയതും ആരോഗ്യരംഗം ഒരു വ്യവസായമായി മാറിയതും. എല്ലാ തിന്മകളും , അഴിമതികളും,അധര്‍മ്മങ്ങളും നിലനിര്‍ത്തുന്നത് നമ്മള്‍ ജനങ്ങളാണു സര്‍ ! ജനങ്ങള്‍ !! ജനങ്ങളാണു സര്‍ മാറേണ്ടത് ! ജനങ്ങളെ ആരു മാറ്റും ? അതായത് പൂച്ചക്ക് ആരു മണി കെട്ടും ? അതിനല്ലേ ഇക്കണ്ട രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം പെടാപ്പാട് പെടുന്നത്. എന്നാല്‍ വേലി തന്നെയാണു ഇപ്പോള്‍ വിളവ് തിന്നുന്നത്. അതായത് സകല അഴിമതിയും തുടങ്ങുന്നത് മുകള്‍ത്തട്ടില്‍ നിന്നാണു, രാഷ്ട്രീയത്തില്‍ നിന്ന്. ഇക്കാര്യം തല്‍ക്കാലം മാറ്റി വെച്ച് ചികിത്സയിലേക്ക് തിരിച്ചു വരാം. ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കാം. ഒട്ടനവധി ചികിത്സാരീതികള്‍ ഇന്ന് ലോകത്ത് നിലവിലുണ്ട്.അതിന്റെ ഫലപ്രാപ്തിയെക്കുറിച്ചൊന്നും പറയാന്‍ ഞാന്‍ ആളല്ല.എന്നാല്‍ ഈ ചികിത്സാരീതികളില്‍ ഒന്നു പോലും ഒരിക്കലും സ്വീകരിക്കാതെ വെറും മോഡേണ്‍ മെഡിസിന്റെ സഹായത്തോടെ എനിക്ക് ജീവിയ്ക്കാന്‍ പറ്റും. അതേപോലെ മോഡേണ്‍ മെഡിസിന്റെ സഹായം ഇല്ലാതെ ജീവിയ്ക്കാന്‍ പറ്റും എന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ ? ഇന്ന് മോഡേണ്‍ മെഡിസിന്‍ ചില ഡോക്റ്റര്‍മാരും , രോഗികളും ദുരുപയോഗം ചെയ്യുന്നുണ്ട്. അതൊക്കെ ഞാന്‍ നടേ പറഞ്ഞ സാമൂഹ്യജീര്‍ണ്ണതയുടെ ഭാഗമാണു. മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിനു അനിവാര്യമായ ഒരു സിസ്റ്റം അതെന്തായാലും ,അതിനു തകരാറ് പറ്റിയാല്‍ ആ തകരാറ് പരിഹരിക്കുകയാണു വേണ്ടത്. അല്ലാതെ ആ സിസ്റ്റം വേണ്ടെന്നു വെക്കുകയല്ല. താങ്കള്‍ ഒരു പക്ഷേ ഇതൊന്നും അംഗീകരിച്ചെന്നു വരില്ല. കാരണം ഇന്ന് ഉറക്കം നടിക്കുന്നവരാണു കൂടുതലും !


വാല്‍ക്കഷണം;
സയന്‍സിന്റെ സംഭാവനകളായ ആധുനീകോപകരണങ്ങള്‍ മിക്കതും വാങ്ങാനുള്ള ക്രയശേഷി ആധുനിക മനുഷ്യന്‍ ആര്‍ജ്ജിച്ചു !

സയന്‍സിന്റെ കണ്ടെത്തലുകള്‍ നല്‍കിയ പുതിയ അറിവുകള്‍ സ്വീകരിക്കാനുള്ള മാനസീകമായ ഗ്രാഹ്യശേഷി ഇന്നത്തെ മനുഷ്യര്‍ക്ക് ആര്‍ജ്ജിക്കാന്‍ കഴിയാതെയും പോയി !!

6 comments:

Unknown said...

ഇന്ന് മോഡേണ്‍ മെഡിസിന് ചില ഡോക്റ്റര്‍മാരും , രോഗികളും ദുരുപയോഗം ചെയ്യുന്നുണ്ട്. അതൊക്കെ ഞാന്‍ നടേ പറഞ്ഞ സാമൂഹ്യജീര്‍ണ്ണതയുടെ ഭാഗമാണു. മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിനു അനിവാര്യമായ ഒരു സിസ്റ്റം അതെന്തായാലും ,അതിനു തകരാറ് പറ്റിയാല്‍ ആ തകരാറ് പരിഹരിക്കുകയാണു വേണ്ടത്. അല്ലാതെ ആ സിസ്റ്റം വേണ്ടെന്നു വെക്കുകയല്ല. താങ്കള്‍ ഒരു പക്ഷേ ഇതൊന്നും അംഗീകരിച്ചെന്നു വരില്ല. കാരണം ഇന്ന് ഉറക്കം നടിക്കുന്നവരാണു കൂടുതലും !

G.MANU said...

a relevant article , as usual

viky said...

ഇന്ന് ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും മോഡേണ്‍ മെഡിസിന്‍ രംഗത്താണു നടക്കുന്നത്. മനുഷ്യ്നു വിദൂരതയില്‍ എന്‍ഗിലും ഇന്നു നിലവില്‍ ഉള്ള അസുഖങ്ങള്‍ക്കു പരിഹാരം കാണാന്‍ വേറെ ഒരു സിസ്റ്റത്തിനും കഴിയില്ല.
ഞാന്‍ താങ്കളുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നു.
Cheers

മിന്നാമിനുങ്ങുകള്‍ //സജി.!! said...
This comment has been removed by a blog administrator.
കുറുമാന്‍ said...

സുകുമാരേട്ടാ, വളരെ നല്ല ലേഖനം.

Joseph Antony said...

പ്രിയ സുകുമാരന്‍ മാഷ്‌,
ഒരിക്കല്‍ ഒരു ചങ്ങാതി പറഞ്ഞു; ആര്‍ക്കും കൊയ്യാന്‍ പാകത്തില്‍ വിളഞ്ഞു കിടക്കുന്ന പാടം പോലെയാണ്‌ കേരളത്തിന്റെ ആരോഗ്യരംഗം എന്ന്‌. ശാസ്‌ത്രത്തിന്റെ യാതൊരു പിന്‍ബലമില്ലാതെ, യുക്തിക്കു പോലും നിരക്കാത്ത, എന്തും കേരളത്തിലെ ആരോഗ്യരംഗത്ത്‌ ചെലവാകും. കാന്തക്കിടക്കായാലും, ഹോമിയോപ്പതിയായാലും, പ്രകൃതിചികിത്സയായാലും, മോഹമരുന്നകളായാലും എന്തും...അവയുടെ വില്‍പ്പന കണ്ട്‌ കണ്ണഞ്ചുന്നവര്‍ ആദ്യം ആക്രമിക്കുന്നത്‌ മോഡേണ്‍ മെഡിസിനെയും. സ്വന്തം ബുദ്ധിയും യുക്തിയുമാണ്‌ പണയത്തിലാകുന്നതെന്ന്‌ പക്ഷേ, ഇത്തരക്കാര്‍ അംഗീകരിക്കില്ല.
പലപ്പോഴും വിളിച്ചു പറയണമെന്ന്‌ എനിക്കു തോന്നിയിട്ടുള്ള കാര്യങ്ങളാണ്‌, ശക്തമായ, അങ്ങേയറ്റം ലളിതമായ രീതിയില്‍ താങ്കള്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്‌. അഭിനന്ദനങ്ങള്‍