Links

സി.പി.(ഐ)എം. ; രാഷ്ട്രീയകൊള്ളക്കാരുടെ പിടിയില്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)യുടെ ഇന്നത്തെ അവസ്ഥ എന്താണ്? അതിന്റെ ലക്ഷക്കണക്കിന് അണികള്‍ക്കും അതിനെ ന്യായീകരിക്കുന്ന ബ്ലോഗിലടക്കമുള്ള ബുദ്ധുജീവികള്‍ക്കും ലവലേശം സംശയമില്ല. ഇന്ത്യയിലെ മഹത്തായ ഇടത്പക്ഷം! മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് പറയുന്ന ഈ ഇടത്പക്ഷം ഇന്ത്യയില്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ രാജ്യം അമേരിക്കയ്ക്ക് പണയം വെച്ച് കുട്ടിച്ചോറാകുമെന്ന് ഈ ബുദ്ധിജീവികള്‍ പറയുന്നു. മാത്രമല്ല സി.പി.എമ്മിനെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം രാപ്പകല്‍ ഗൂഢാലോചന മെനയുന്നു എന്നും ഇക്കൂട്ടര്‍ മുറവിളി കൂട്ടുന്നു. ജബ്ബാര്‍ മാഷിന്റെ ഒരു കമന്റ് വായിക്കാനിടയായി. തൃശൂര്‍ പൂരത്തിന് ആന വെയില് കൊണ്ട് വിരണ്ടാല്‍ അതും അമേരിക്കന്‍ സാമ്രാജ്യത്വം ചെയ്തതാണെന്ന് പ്രചരിപ്പിക്കുന്ന കുറെ ബുദ്ധിജീവികളുണ്ട് ഇവിടെ. അവരാണ് ഈ നാടിന്റെ ശാപം. ജബ്ബാര്‍ മാഷ് ഇങ്ങനെയാണ് പറഞ്ഞതെങ്കില്‍ നമ്മുടെ എം.കെ.ഹരികുമാര്‍ പറഞ്ഞത് ശ്രദ്ധിക്കുക:  “ബുദ്ധിജീവികളുടെ ചര്‍ച്ചയാണ് ഇന്ന് പരിസരമലിനീകരണമുണ്ടാക്കുന്ന പ്രധാനവസ്തു. വ്യക്തിജീവിതത്തില്‍ പാലിക്കാത്ത ആശയങ്ങള്‍, ചിന്തകള്‍ എന്നിവ ദിവസം മുഴുവന്‍ പുറത്തേക്ക് തള്ളിക്കൊണ്ടിരിക്കുന്ന ഫാക്ടറിയാണ് ബുദ്ധിജീവി.”

ഇടത് ബുദ്ധിജീവികളുടെ എഴുത്തും ചര്‍ച്ചകളും ശ്രദ്ധിച്ചാല്‍ നമുക്ക് ബോധ്യമാവും അതൊന്നും ജീവിതയാഥാര്‍ഥ്യങ്ങളുമായി യാതൊരു തരത്തിലും ബന്ധമുള്ളതല്ല.  പണ്ടൊക്കെ ഒരു ധാരണ ഉണ്ടായിരുന്നു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികന്‍ ആയാലേ പുരോഗമനക്കാരനും മനുഷ്യസ്നേഹിയും ബുദ്ധിജീവിയും കലാകാരനും ഒക്കെയാവൂ എന്ന്.  അങ്ങനെയാണ് ഏതെങ്കിലും വിധത്തില്‍ സര്‍ഗ്ഗവാസനയുള്ളവരൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിന്നില്‍ അണിനിരന്നത്.  കെ.പി.ഏ.സി.യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കളിക്കാത്ത ഒരു പ്രദേശവും കേരളത്തിലില്ല. ആ നാടകവും മറ്റനേകം കലാകാരന്മാരുടെ പ്രചരണവും ഒക്കെ കൊണ്ടാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വേരുറച്ചത്.  കലാകാരന്മാര്‍, കവികള്‍, സാഹിത്യകാരന്മാര്‍ (അന്നൊന്നും സാംസ്ക്കാരികനായകര്‍ എന്ന വര്‍ഗ്ഗം ഉടലെടുത്തിരുന്നില്ല) തുടങ്ങിയ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം അണി ചേര്‍ന്നപ്പോള്‍ സാമാന്യജനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതാകാവാഹകരായി. അത്മാര്‍ത്ഥതയുള്ള നേതാക്കളും പ്രവര്‍ത്തകരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനപ്രിയതയ്ക്ക് ഹേതുവായി.

എന്നാല്‍ ഇന്നോ?  ഇന്ന് ഇവിടെ കമ്മ്യൂനിസ്റ്റ് പാര്‍ട്ടി, ഇടത്പക്ഷം എന്നൊക്കെ പറഞ്ഞാല്‍ അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെന്നാണ് വയ്പ്പ്. ആ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ന്യായീകരിക്കാ‍നും വെള്ള പൂശാനും പ്രതിരോധിക്കാനും ബ്ലോഗിലായാലും എവിടെയായാലും ബുദ്ധിജീവികള്‍ തയ്യാറാവുന്നുണ്ടെങ്കില്‍ നമുക്ക് നിസ്സംശയം പറയാം ആ ബുദ്ധിജീവികള്‍ മന:സാക്ഷിയില്ലാത്തവരും ധാര്‍മ്മികത തൊട്ട് തീണ്ടിയില്ലാത്തവരുമാണ്. കാരണം മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്ന് ഒരു പിടി രാഷ്ട്രീയകൊള്ളക്കാരുടെ പാര്‍ട്ടിയായി മാറിയിരിക്കുന്നു. ഇത് ഞാന്‍ പറയുന്നതല്ല. ഒരു കാലത്ത് പാര്‍ലമെന്റിലെ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്ന സോമനാഥ ചാറ്റര്‍ജി പറയുന്നതാണ്.  ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറയുന്നു,  പെറ്റി ബൂര്‍ഷ്വകളാല്‍ നയിക്കപ്പെടുന്ന റീയല്‍ എസ്റ്റേറ്റ് പാര്‍ട്ടിയാണിന്ന് സി.പി.എം. എന്ന്.  പത്രം വായിക്കുന്നവര്‍ക്ക് അറിയാം, എവിടെ അനധികൃതമായ ഭൂമികൈയ്യേറ്റവും  നിയമവിരുദ്ധമായ ഇടപാടുകളും ഉണ്ടോ അവിടെയൊക്കെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റീയല്‍ എസ്റ്റേറ്റ്- മൂലധന മാഫിയകള്‍ക്ക് ഒത്താശ ചെയ്തുകൊണ്ട് മാര്‍ക്സിസ്റ്റ് നേതാക്കള്‍ കേരളത്തെ കൊള്ളയടിക്കുന്ന കാഴ്ചയാണ് ഈ അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് കാണാന്‍ കഴിയുന്നത്. എന്നിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പാവങ്ങളുടെ പാര്‍ട്ടിയാണെന്നും ഇടത് പുരോഗമനമാണെന്നും പറയുന്ന ബുദ്ധിജീവിയുടെ തലച്ചോറ് എവിടെ ആര് പരിശോധിക്കും?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഈ മാഫിയാവല്‍ക്കരണം  പെട്ടെന്ന് തുടങ്ങിയതല്ല. അത് പണ്ടേ അങ്ങനെ തന്നെയാണ്. നാട്ടിലെ മുഴുവന്‍ പേരും ചേര്‍ന്ന് പടുത്തുയര്‍ത്തിക്കൊണ്ട് വന്ന വായനശാലകള്‍ , സാംസ്ക്കാരിക കേന്ദ്രങ്ങള്‍ , സഹകരണ സംഘങ്ങള്‍ എന്നിവയൊക്കെ കയ്യൂക്ക് കൊണ്ട് പിടിച്ചെടുത്താണ് തുടക്കം. പിന്നെ അധികാരത്തിന്റെ ബലവുമായി. സാഹിത്യപ്രവര്‍ത്തകസഹകരണ സംഘമൊക്കെ പിടിച്ചെടുത്തത് അധികാരബലത്തിന്റെ ഉദാഹരണം. ഈ വെട്ടിപ്പിടിക്കലിന്റെ പുത്തന്‍ പതിപ്പാണ് ചാ‍രിറ്റബിള്‍ സൊസൈറ്റികള്‍ക്ക് രൂപം നല്‍കിക്കൊണ്ടുള്ള ഏര്‍പ്പാട്. സി.പി.എം.നേതാവുണ്ട് എന്നറിഞ്ഞാല്‍ അത് പാര്‍ട്ടിസ്വത്ത് ആണെന്നാണ് അണികള്‍ കരുതുന്നത്. പാര്‍ട്ടിയുടേതാകണമെങ്കില്‍ പാര്‍ട്ടിയുടെ വകയോ പാര്‍ട്ടി ഭാരവാഹികളുടെ പേരിലോ ആകണ്ടേ. വ്യക്തികള്‍ ചേര്‍ന്നാണ് ചാരിറ്റബിള്‍ സൊസൈറ്റികള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. അതിലെ അംഗങ്ങള്‍ മാര്‍ക്സിസ്റ്റ് നേതാക്കളും സ്ഥലത്തെ വ്യവസായിയും ചേര്‍ന്നായിരിക്കും. ആരൊക്കെയാണ് ഇത്തരം സൊസൈറ്റികളിലെ അംഗങ്ങള്‍ എന്ന് പരസ്യപ്പെടുത്താറില്ല. നേതാവിനെ ഭയപ്പെടുക എന്നതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ശൈലി. അത്കൊണ്ട് അണികള്‍ ചോദിക്കുകയുമില്ല. വ്യവസായികള്‍ കൂട്ടിനില്ലാത്ത ഒരു ഇടപാടും ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കില്ല. സംരഭങ്ങള്‍ക്ക് പെട്ടെന്ന് മൂലധനം വേണ്ടേ? കണ്ടില്ലേ, പാപ്പിനിശ്ശേരി കണ്ടല്‍ പാര്‍ക്കിന് പെട്ടെന്ന് രണ്ട് കോടി മുതലിറക്കിയത്.

കേരളത്തിലെ സര്‍ക്കാര്‍ മാഫിയകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പണക്കാര്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരിക്കുന്നു.  ആ വിമര്‍ശനത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേസ് കൊടുക്കുമായിരിക്കും. പക്ഷെ കോടതി പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് മലയാളികള്‍ക്കെല്ലാം അറിയാം. സംസ്ഥാനത്ത് ക്രമസമാധാനം തകരാറിലാണെന്ന് അന്ന് കോടതി നിരീക്ഷിച്ചതും  അന്നത്തെ അവസ്ഥയുടെ പ്രതിഫലനമായിരുന്നു. സര്‍ക്കാരിനെ ആരോ പിന്നില്‍ നിന്ന് നിയന്ത്രിക്കുന്നുണ്ടെന്ന് സംശയം തോന്നാമെന്നും കോടതി പറഞ്ഞിട്ടുണ്ട്.  സംശയമല്ല , ഒരു അദൃശ്യഹസ്തം സര്‍ക്കാരിനെ നിയന്ത്രിക്കുന്നുണ്ടെന്ന് പേരെടുത്ത് പറയാതെ തന്നെ അന്നം തിന്നുന്ന എല്ലാ മലയാളികള്‍ക്കുമറിയാം. സാമര്‍ത്ഥ്യം പോലെ എന്തോ ആയിക്കോട്ടെ,  പക്ഷെ എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക്, എലിക്കാഷ്ടം ഉണങ്ങുന്നത് എന്തിനെന്ന പോലെ ഉളുപ്പില്ലാ‍ത്ത ഈ ബുദ്ധിജീവിക്കൂട്ടം നിയന്ത്രണാധികാരമുള്ള ആ നേതാവിനെ താങ്ങുന്നതിന് എന്താണ് പേര് പറയുക?  ഈ ബുദ്ധിജീവികള്‍ പെരുമയോടെ പറയുന്ന ഇടത്പക്ഷത്തിന്റെ മൂല്യം  ആ നേതാവിന്റെയും സില്‍ബന്ധികളുടെയും ദുര നിമിത്തം പാതാളത്തോളം താഴുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇവനൊക്കെ എന്ത് ബുദ്ധിജീവിയാ?  ഭാഷയിലെ വാക്കുകള്‍ എടുത്ത് അമ്മാനമാടാനുള്ള കഴിവ് ആര്‍ജ്ജിച്ചാല്‍ ബുദ്ധിജീവിയാവില്ല, രാഷ്ട്രീയകൊള്ളക്കാരുടെ മൂട്താങ്ങികള്‍ ആവാനേ കഴിയൂ എന്ന് സമകാല ചര്‍ച്ചകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

ഈ ആഴ്ചയിലെ മലയാളം വാരികയില്‍ “ കണ്ടല്‍ വിപ്ലവം തലശ്ശേരി മുതല്‍ പാപ്പിനിശ്ശേരി വരെ ” എന്നൊരു ലേഖനമുണ്ട്.  താല്പര്യമുള്ളവര്‍ക്ക് വായിക്കാന്‍ ഞാന്‍ * ഗൂഗിള്‍ ഡോക്സില്‍  സേവ് ചെയ്തിട്ടുണ്ട്. പാപ്പിനിശ്ശേരിയിലെ കണ്ടല്‍ പാര്‍ക്കിനെ പറ്റി ഇതിനകം എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. ആ പാര്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം റജിസ്റ്റര്‍ ചെയ്തതാണ്. 42 ഓഹരിയുടമകള്‍ ഉണ്ടെന്നും അഞ്ച് കോടിയുടെ പ്രൊജക്റ്റ് ആണെന്നും ഇതിനകം രണ്ട് കോടി മുതലിറക്കി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയെന്നും പത്രസമ്മേളനം വിളിച്ച് മാലോകരെ അറിയിച്ചത് സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ട് ആയിരുന്നു. ഇപ്പോള്‍ ആ സൊസൈറ്റിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ പബ്ലിക്ക് ആയിരിക്കുന്നു.(വിവരാവകാശനിയമപ്രകാരം ആര്‍ക്കും ലഭിക്കാവുന്നതേയുള്ളൂ) സൊസൈറ്റിയുടെ അഡ്വൈസര്‍ സഖാവ് ഇ.പി.ജയരാജന്‍ ആണ് പോലും!  അപ്പോള്‍ ജില്ലാ സെക്രട്ടരി പാര്‍ക്കിന് വേണ്ടി രംഗത്ത് വന്നതും  അവിടെ പാര്‍ക്കേ ഇല്ല, കണ്ടല്‍ ചെടി നട്ടു വളര്‍ത്തുകയാണെന്നും കാണാന്‍ വരുന്നവരില്‍ നിന്ന് പത്ത് രൂപ സംഭാവന പിരിക്കുന്നതേയുള്ളൂവെന്നും ഭണ്ഡാരം വെച്ചാല്‍ ഇതിലും കൂടുതല്‍ കിട്ടുമായിരുന്നു എന്നും മറ്റും പറഞ്ഞ് മലക്കം മറിഞ്ഞതിന്റെ പൊരുള്‍ പിടി കിട്ടിയല്ലൊ. എന്നാലും ഈ മാധ്യമസിണ്ടിക്കേറ്റിന്റെ ഒരു കാര്യം, രാഷ്ട്രീയക്കാര്‍ എന്ത് നട്ടാല്‍ കുരുക്കാത്ത നുണകള്‍ മൊഴിഞ്ഞാലും  ഉളുപ്പില്ലാതെ ലോകവാര്‍ത്തയാക്കിക്കളയും.

പാപ്പിനിശ്ശേരി കണ്ടല്പാര്‍ക്കിനെ ന്യായീകരിച്ച് പാര്‍ട്ടി വാറോലയില്‍ അച്ചടിമഷി പുരണ്ട ഒരു ലേഖനം ഒരു പാര്‍ട്ടി ബ്ലോഗിലും വായിക്കാനിടയായി. അവിടെ ഒരു ബുദ്ധിജീവിയുടെ കമന്റ് ഭേഷായിരുന്നു. ഞാന്‍ പാപ്പിനിശ്ശേരിയില്‍ പോയത് പാര്‍ക്ക് കാണാന്‍ മാത്രമല്ല പാര്‍ക്കിനെ പറ്റി നാട്ടുകാരുടെ അഭിപ്രായം അറിയാന്‍ കൂടിയായിരുന്നു. പാര്‍ക്ക് വന്നതില്‍ പിന്നെ അവിടെ ഉണ്ടായ ഗുണപരമായ മാറ്റങ്ങളെ കുറിച്ച് നാട്ടുകാര്‍ വാചാലരായി എന്നാണ് ആ കമന്റര്‍ സാഷ്യപ്പെടുത്തിയത്. അതാണ് ബുദ്ധിജീവിലക്ഷണം. എന്തൊക്കെയാണ് അവിടെ സംഭവിച്ച ഗുണപരമായ മാറ്റങ്ങള്‍ എന്ന് മേലെയുള്ള *ലിങ്കില്‍ ക്ലിക്കിയോ , ജൂലായ് 30 ന്റെ മലയാളം വാരിക വാങ്ങിയോ മന:സാക്ഷി ഇനിയും മരവിച്ചിട്ടില്ലാത്തവര്‍ വായിക്കട്ടെ....

( ഈ ലേഖനം കെ.പി.സുകുമാരന്‍ എന്ന ഞാന്‍  ക്രിയേറ്റീവ് കോമണ്‍സ്  ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തുന്നതാണ്)

പെറ്റിക്കേസുകള്‍

ത്ത് നാല്പത് കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള സംഭവമാണ്. ഞാനന്ന് മദ്രാസില്‍ കോടമ്പാക്കത്ത് താമസിക്കുന്നു. വടപളനിക്കപ്പുറത്തുള്ള വിരുഗമ്പാക്കം അന്ന് ഇന്നത്തെ പോലെ വികസനം വന്നിരുന്നില്ല. വെറും പട്ടിക്കാട്ട് ഗ്രാമം. അവിടെയുള്ള സിനിമാകൊട്ടകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് ഒരു സിനിമ ബോണസ്സായി കാണിക്കാറുണ്ടായിരുന്നു. അതായത് ഒരു ടിക്കറ്റിന് രണ്ട് സിനിമ. ബോണസ്സ് സിനിമ മിക്കവാറും മലയാളം പടങ്ങളായിരിക്കും. ഒരു ദിവസം സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ഒരു പോലീസ് വാന്‍ അടുത്ത് നിര്‍ത്തി എന്നോട് വാഹനത്തില്‍ കയറാന്‍ പറഞ്ഞു.  അന്ന് രാത്രി കുറേ പേരോടൊപ്പം ഞാനും പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍. പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം  ഞങ്ങളെ എഗ്‌മോര്‍ മജിസ്റ്റേട്ട് കോടതിയില്‍ ഹാജരാക്കി. മജിസ്റ്റേട്ടിന്റെ ചോദ്യത്തിന് ആമാ എന്ന് മാത്രം മറുപടി പറഞ്ഞാല്‍ മതി എന്ന് പോലീസ് ഞങ്ങളോട് പറഞ്ഞിരുന്നു. മജിസ്റ്റേട്ട് ചോദിച്ചതിന്റെ മലയാളം ഇതാണ്. രാത്രി സമയത്ത് നഗരത്തില്‍ ചുറ്റിത്തിരിഞ്ഞിരുന്നോ? ഇനി ആവര്‍ത്തിക്കരുത് കേട്ടോ?  ആമാം അയ്യാ ......

സംശയാസ്പദമായ രീതിയില്‍ ചുറ്റിത്തിരിയുക എന്ന വകുപ്പ് പ്രകാരമാണ് ഞാനന്ന് ലോക്കപ്പില്‍ കിടക്കേണ്ടി വന്നത്. സന്ദേഹക്കേസ് എന്നാണ് തമിഴില്‍ പറയുക. മദ്രാസ് നഗരത്തില്‍ അന്ന് എത്തിപ്പെടുന്ന മലയാളികളായിരുന്നു ഈ സന്ദേഹക്കേസിലെ ഇരകള്‍.  എന്തിനാണ് ഇരകളെ തേടി പോലീസ് രാത്രികാലങ്ങളില്‍ സ്ട്രീറ്റുകളില്‍ റോന്ത് ചുറ്റിക്കൊണ്ടിരുന്നത്? അവര്‍ക്ക് അവരുടെ ക്വാട്ട തികയ്ക്കണമായിരുന്നു. മാസാമാസം ഇത്ര പെറ്റിക്കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന് പോലീസ് സ്റ്റേഷനുകള്‍ക്ക് ക്വാട്ട നിശ്ചയിച്ച് നല്‍കുന്നു. ഒരു കാരണവശാലും കഴിഞ്ഞ മാസം റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ ഈ മാസം കുറവ് വരുത്തരുത്. കൂടാനേ പാടുള്ളൂ. കുറ്റങ്ങള്‍ നാട്ടില്‍ കൂടാനേ പാടുള്ളൂ എന്ന് പോലീസിനെ പഠിപ്പിക്കുന്ന ഈ നീയമം ഉണ്ടാ‍ക്കിയത് ആരാണ്? ബ്രിട്ടീഷുകാര്‍. ഇപ്പോഴും ഈ കിരാതമായ ഏര്‍പ്പാട് നാട്ടില്‍ തുടരുന്നു.  അതാണ് ഇപ്പോള്‍ കോടതിയുടെ വിമര്‍ശനത്തിന് ഇടയായിരിക്കുന്നത്. പെറ്റിക്കേസുകള്‍ക്ക്  ക്വാട്ട നിശ്ചയിക്കുന്നത് നിയമവിരുധമാണെന്ന് കോടതി വിധിച്ചിരിക്കുന്നു. കേരളത്തില്‍ വാഹനങ്ങളില്‍ പോകുന്നവരാണ് ഈ മുന്‍‌നിശ്ചിത പെറ്റിക്കേസുകള്‍ക്ക് ഇരയാകുന്നത്.

പെറ്റിക്കേസുകള്‍ മാത്രമല്ല വെള്ളക്കാരന്‍ ഉണ്ടാക്കിയ എത്രയോ ജനവിരുദ്ധനിയമങ്ങള്‍ ഇവിടെ ഇപ്പോഴും നിലവിലുണ്ട്.  സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ തന്നെ എല്ലാം ഒന്ന് ശുദ്ധീകരിക്കേണ്ടതായിരുന്നു. പക്ഷെ മുടിഞ്ഞ കക്ഷിരാഷ്ട്രീയം നിമിത്തം അത്തരമൊരാലോചന എവിടെയും നടന്നില്ല.  പരസ്പരം പഴി ചാരിയും ഇല്ലാത്തതും ഉള്ളതുമായ കുറ്റങ്ങള്‍ പര്‍വ്വതീകരിച്ചും എതിര്‍പാര്‍ട്ടികളെ ശത്രുക്കളായി അവതരിപ്പിച്ചും അധികാരത്തില്‍ കയറിപ്പറ്റാനാണ് കക്ഷിരാഷ്ട്രീയക്കാര്‍ മത്സരിച്ചത്. ഫലമോ നമ്മുടെ സമൂഹം ഒട്ടും ജനാധിപത്യവല്‍ക്കരിക്കപ്പെട്ടില്ല. അധികാരത്തിന് വേണ്ടിയുള്ള രാഷ്ട്രീയക്കാരന്റെ ദുരയ്ക്ക് കൂടി നമ്മള്‍ ഇരകളായി. മറ്റ് പാര്‍ട്ടികളെ കൂട്ട്കെട്ട് നോക്കിയും അപ്പപ്പോഴത്തെ അവസരവാദപരമായ നിലപാടുകള്‍ അടിസ്ഥാനമാക്കിയും അര്‍ത്ഥമറ്റ വാക്കുകളാല്‍ എതിര്‍ത്ത് പ്രസംഗിച്ച് അണികളുടെ രോമം കമ്പിത്തിരിയാക്കി മൂത്ത് മുരടിക്കുന്ന നേതാക്കളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കെയാവുന്നത്. അവരില്‍ നിന്ന് ഭാവനാപൂര്‍ണ്ണമായ നടപടികള്‍ എങ്ങനെ പ്രതീക്ഷിക്കാനാവും? തെരഞ്ഞെടുക്കപ്പെട്ട് ഒരാള്‍ ജനപ്രതിനിധിയായാല്‍ അയാള്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറം മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധിയായാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന സാമാന്യമര്യാദ പോലും ഇവിടത്തെ രാഷ്ട്രീയജന്മങ്ങള്‍ക്ക് ബാധകമല്ല.  പഞ്ചായത്തിലെ വാര്‍ഡ് മെംബര്‍ ആ‍ായാലും മുഖ്യമന്ത്രിയായാലും പാര്‍ട്ടിയാണ് തനിക്കും കുടുംബത്തിനും അന്നം തരുന്നത് എന്ന വിധേയത്വമാണ് ഓരോ നേതാവിനും. പിന്നെ എങ്ങനെയാണ് ഇവര്‍ക്കൊക്കെ നാട് നന്നാക്കാനാവുക?

കോടതികള്‍ വിധിക്കുന്ന പല വിധികളും നമ്മുടെ സമൂഹത്തെ മുന്നോട്ട് നയിക്കാനും ഒരു പരിഷ്കൃത സിവില്‍ സമൂഹത്തിന്റെ പുനര്‍സൃഷ്ടിക്കും സഹായകരമായിരുന്നു. പക്ഷെ കോടതികള്‍ക്ക് വിധി പ്രസ്ഥാവിക്കാനല്ലെ കഴിയൂ.  കക്ഷിരാഷ്ട്രീയക്കാര്‍ക്ക് ഓരോരുത്തര്‍ക്കും  വ്യത്യസ്തതാല്പര്യമുണ്ട്.  വയറ്റ്പിഴപ്പിന് വേണ്ടി അവര്‍ക്ക് വഴിവക്കില്‍ പ്രസംഗിച്ചേ മതിയാവൂ.  സ്ക്കൂള്‍ ഗ്രൌണ്ടുകളിലോ,  ഓഡിറ്റോറിയത്തിലോ പ്രസംഗം വെച്ചാല്‍ ആ‍രും വരില്ല. അത്കൊണ്ടാണ് പൊതുനിരത്തില്‍ യോഗം ചേരരുത് എന്ന കോടതി വിധിയെ എതിര്‍ക്കുന്നത്. ചുരുക്കത്തില്‍ കക്ഷിരാഷ്ട്രീയക്കാരന്‍ ചിന്തിക്കുന്നത് എല്ലായ്പ്പോഴും തന്റെ പാര്‍ട്ടിയുടെ നിലനില്പും അത് വഴി തന്റെ അധികാകാരവും  കുടുംബത്തിന്റെ ഭദ്രതയുമാണ്.  ജനങ്ങളാകട്ടെ പലതരം അണികളായി വിഭജിക്കപ്പെട്ടുമിരിക്കുന്നു. തങ്ങളുടെ പാര്‍ട്ടിയും നേതാക്കളും നന്നാവണം എന്നേ അണികള്‍ക്കുള്ളൂ. ഈ സമ്പ്രദായം രാഷ്ട്രീയമല്ല.  ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയപാര്‍ട്ടികളും കക്ഷിരാഷ്ട്രീയക്കാരോട് വിധേയത്വമില്ലാത രാഷ്ട്രബോധമുള്ള സ്വതന്ത്രമായി ചിന്തിക്കുന്ന ജനതയും അതാണ് രാഷ്ട്രീയം. അത്തരം ഒരു ജനസമൂഹം ഇവിടെ രൂപപ്പെടുന്നത് വരെ പെറ്റിക്കേസുകള്‍ എന്നല്ല വെള്ളക്കാരന്‍ ഉണ്ടാക്കി വെച്ചിട്ട് പോയ പല നിയമങ്ങളും കീഴ്വഴക്കങ്ങളും ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടേയിരിക്കും.

പൌരന്മാര്‍ കക്ഷിരാഷ്ട്രീയത്തിന്റെ അടിമത്വബോധത്തില്‍ നിന്ന് മോചിതരാകുന്നത് അരാഷ്ട്രീയമല്ല അതാണ് ശരിയായ രാഷ്ട്രീയം എന്ന് വിദ്യാഭ്യാസമുള്ളവരെങ്കിലും തിരിച്ചറിയണം. ഈ പ്രസ്ഥാവന സോ കോള്‍ഡ് ബുദ്ധിജീവികള്‍ക്ക് ബാധകമല്ല. കക്ഷിരാഷ്ട്രീയ നേതാക്കളെ വിഗ്രഹങ്ങളാക്കി പൂജിയ്ക്കാതിരിക്കുന്നതാണ് അരാഷ്ട്രീയം എന്നാണ് ബുദ്ധിജീവികള്‍ നമ്മോട് പറയുന്നത്. കക്ഷിരാഷ്ട്രീയതാല്പര്യങ്ങള്‍ക്ക് മേലെയാണ് രാഷ്ട്രത്തിന്റെ താല്പര്യം, അതാണ് ജനങ്ങളുടെ രാഷ്ട്രീയം.


( ഈ ലേഖനം ഞാന്‍  കെ.പി.സുകുമാരന്‍  ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിക്കുന്നതാണ്)

ഇ-മെയിലുകള്‍ അയയ്ക്കുമ്പോള്‍

മ്മുടെ പ്രിയ ബ്ലോഗര്‍ നിരക്ഷരന്റെ ഈ  ബസ്സ്  വായിച്ചപ്പോഴാണ് എനിക്ക് കാര്യത്തിന്റെ ഗൌരവം പിടി കിട്ടിയത്. നമ്മളില്‍ പലരും കമ്പ്യൂട്ടറിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയവരല്ല. ശരിക്ക് പറഞ്ഞാല്‍ നമ്മളോരുത്തരും വിദ്യാര്‍ത്ഥികളാണ്. കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ മാത്രമല്ല. എല്ലാറ്റിലും. എന്ത് മാത്രം വിവരങ്ങളാണ് ലോകത്ത് ശേഖരിക്കപ്പെട്ടിട്ടുള്ളത്.  എന്റെ ജിമെയില്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ രണ്ടായിരത്തിലധികം അഡ്രസ്സുകളുണ്ട്. നിത്യേന എനിക്ക് കുറെ ഫോര്‍വേഡ് മെയിലുകള്‍ വരും. പ്രസക്തമെന്ന് തോന്നുന്നത് വായിക്കും.  അപൂര്‍വ്വമായേ ഞാന്‍ ഫോര്‍വേഡ് ചെയ്യാറുള്ളൂ.  അങ്ങനെ ഫോര്‍വേഡ് ചെയ്താല്‍ അപ്പോള്‍ തന്നെ ഒരു ചില റിപ്ലൈ വരും.  എന്നെ കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്ന് റിമൂവ് ചെയ്യണമെന്ന്. എനിക്കതിന്റെ സംഗതി പിടികിട്ടിയിരുന്നില്ല. ഞാന്‍ വിചാരിക്കും. അവന് അത് അവഗണിച്ചുകൂടെ. അല്ലെങ്കില്‍ ഡിലീറ്റ് ചെയ്തുകൂടെ? കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്ന് റിമൂവ് ചെയ്യാനും ഞാന്‍ അടുത്താണ് പഠിച്ചത് എന്നത് വേറെ കാര്യം. ശ്രദ്ധിച്ചിരുന്നില്ല, അത്കൊണ്ടാണ്.  ഫോര്‍വേഡ് ചെയ്യുമ്പോഴും എനിക്ക് പ്രശ്നം.  പരമാവധി അഞ്ഞൂറ് പേര്‍ക്ക് മാത്രമേ ഒരു പ്രാവശ്യം മെയില്‍ അയയ്ക്കാന്‍ പറ്റൂ.  ആര്‍ക്കൊക്കെയാണ് അയക്കേണ്ടതെന്ന് ലിസ്റ്റില്‍ നിന്ന് സെലക്റ്റ് ചെയ്യാനും പ്രയാസം. ഈ അടുത്താണ് അതിന് പോംവഴി മനസ്സിലാക്കിയത്.  ഫ്രണ്ട്സിനെ  മൈ ഫ്രണ്ട്സ് എന്ന് ഒന്ന് രണ്ട് യഥാക്രമം അഞ്ച് ഗ്രൂപ്പുകളാക്കി.  അപ്പോള്‍ സെന്റ് ചെയ്യാന്‍ ഒരു ഗ്രൂപ്പിനെ സെലക്റ്റ് ചെയ്താല്‍ മതിയല്ലൊ. എന്നിട്ടും ഞാന്‍ രണ്ടോ മൂന്നോ ഫോര്‍വേഡുകള്‍ മാത്രമെ അയച്ചിട്ടുള്ളൂ. അതും മൈ ഫ്രണ്ട്സ്-1 ന് മാത്രം. പക്ഷെ അപ്പോഴും ഞാന്‍ ചെയ്ത തെറ്റ് ഞാന്‍ മനസ്സിലാക്കിയില്ല.

ഞാനെന്നല്ല മിക്കവരും ചെയ്തുകൊണ്ടിരിക്കുന്ന ഗുരുതരമായ തെറ്റ്. അതാണ് നിരക്ഷരന്റെ ബസ്സില്‍ നിന്ന് മനസ്സിലാക്കിയത്. എനിക്ക് വരുന്ന ഫോര്‍വേഡ് മെയിലുകളില്‍ നൂറ് കണക്കിന് മെയില്‍ ഐഡികള്‍ കാണാം. അതാണതിലെ തെറ്റ്. മറ്റൊരാളുടെ ഐഡി ഞാന്‍ എന്തിന് കാണണം. അല്ലെങ്കില്‍ എന്റെ ഐഡി എന്തിന് മറ്റു പലരും കാണണം. മെയിലുകള്‍ അയക്കുന്നതിന്റെ പ്രാഥമികപാഠം അറിയാത്തതിന്റെ കുഴപ്പമാണിത്.

നമ്മള്‍ മെയില്‍ അയയ്ക്കുന്നത് (ഫോര്‍വേഡ് ആയാലും) ഒരാള്‍ക്കായാലും പലര്‍ക്കായാലും അഡ്രസ്സ് ചെയ്യുമ്പോള്‍ To , Bcc, Cc എന്നതിന്റെ ഉപയോഗം മനസ്സിലാക്കണം.  To എന്ന കോളത്തില്‍ ഒരു ഐഡി മാത്രമേ പാടുള്ളൂ.  നമ്മള്‍ ഫോര്‍വേഡ് ഓള്‍ എന്ന് സെലക്റ്റ് ചെയ്യുമ്പോള്‍ അനാവശ്യമായി പലരുടെയും ഐഡികള്‍ പലരിലേക്കും വ്യാപിക്കുകയാണ്. ഇത് തെറ്റായ രീതിയാണ്.  To കോളത്തില്‍ ഒന്നില്‍ കൂടുതല്‍ അഡ്രസ്സുകളോ അല്ലെങ്കില്‍ ഫ്രണ്ട്സ് ഗ്രൂപ്പോ ഒരിക്കലും ചേര്‍ക്കാന്‍ പാടില്ല. അതിനാണ് Bcc . അതായത് Blind carbon copy. Bcc യില്‍ എത്ര അഡ്രസ്സും ചേര്‍ക്കാം. പരമാവധി അഞ്ഞൂറ് മാത്രമേ ജിമെയില്‍ സ്വീകരിക്കൂ എന്ന് പറഞ്ഞല്ലൊ. അപ്പോള്‍ മെയില്‍ കിട്ടുന്ന ആള്‍ക്ക് മറ്റാരുടെയും ഐഡി കാണാന്‍ കഴിയില്ല. അതാണ് ബ്ലൈന്‍ഡ് കാര്‍ബണ്‍ കോപ്പി എന്ന് പറയുന്നത്. Cc എന്നാല്‍ Carbon copy. Cc യില്‍ അഡ്രസ്സ് ചേര്‍ത്താല്‍ എല്ലാവരും മെസ്സേജും എല്ലാവരുടെ ഐഡികളും കാണും.  അപ്പോള്‍ ഗ്രൂപ്പ് മെയിലുകള്‍ അയയ്ക്കുമ്പോള്‍ Bcc ഒരനുഗ്രഹമാണെന്ന് പറയേണ്ടതില്ലല്ലൊ. ഇങ്ങനെ വരുന്ന മെയിലുകള്‍ ആര്‍ക്കും ഒരു ശല്യമായി തോന്നുകയില്ല. നമ്മുടെ മെയില്‍ ഐഡി അനാവശ്യമായി നെറ്റില്‍ പരക്കുന്നത് ആരും ഇഷ്ടപ്പെടില്ലല്ലൊ. മാത്രമല്ല അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ സുഹൃത്തുക്കളുടെ സ്വകാര്യതയല്ല്ലെ നമ്മള്‍ നിയമവിരുദ്ധമായി പരസ്യപ്പെടുത്തുന്നത്.  അത് കൊണ്ട് ഈ തെറ്റ് ആവര്‍ത്തിക്കരുതെന്ന് എല്ലാവരോടും പറയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. To കോളത്തില്‍ ഒരു അഡ്രസ്സ് മാത്രമെ ടൈപ്പ് ചെയ്യാവൂ. ഗ്രൂപ്പ് മെയിലാണെങ്കില്‍ അവിടെ സെല്‍ഫ് ഐഡി ചേര്‍ത്താലും മതി. ഒന്നില്‍ കൂടുതല്‍ ഐഡികള്‍ Bcc യില്‍ മാത്രമേ ചേര്‍ക്കാവൂ. മെയില്‍ അയക്കുന്നവര്‍ക്ക് ഈ ഒരു ബോധവല്‍ക്കരണം നമ്മള്‍ നടത്തേണ്ടതുണ്ട്.

സംഗതി ഒന്ന് കൂടി ലളിതമായി പറയാം. നിങ്ങള്‍ക്ക് കുറെ പേര്‍ക്ക് ഒരുമിച്ച് മെയില്‍ അയക്കണമെങ്കില്‍ മുഴുവന്‍ അഡ്രസ്സും Bcc യില്‍ ആക്കി Send ക്ലിക്ക് ചെയ്താല്‍ മതി. To യിലും  Cc യിലും ഒരു അഡ്രസ്സും വേണ്ട. മെയില്‍ കിട്ടുന്ന ആള്‍ക്ക് മറ്റൊരു ഐഡിയും ലഭിക്കുകയില്ല.  ഫോര്‍വേഡ് ഓള്‍ അടിക്കുമ്പോള്‍ എല്ലാ അഡ്രസ്സുകളും Cc യില്‍ ആണ് സ്വാഭാവികമായി വരുക. അവിടെ നിന്ന് അഡ്രസ്സുകള്‍ Cut ചെയ്ത് മുഴുവന്‍ അഡ്രസ്സും Bcc യില്‍ പേസ്റ്റ് ചെയ്ത്  Send ചെയ്യുക.


ജിമെയില്‍ ടിപ്സ്


വാല്‍ക്കഷണം: ജിമെയിലില്‍ നമ്മള്‍ സിഗ്നേച്ചര്‍ ചേര്‍ക്കുന്നുണ്ടല്ലൊ. നമ്മുടെ വിലാസം,ബ്ലോഗ്  യു ആ‍ര്‍ എല്‍ ഫോണ്‍ നമ്പര്‍ ഒക്കെ. സിഗ്നേചര്‍ ചേര്‍ക്കുന്നതിന് ഇപ്പോള്‍ റിച്ച് എഡിറ്റര്‍ സൌകര്യമുണ്ട്. നമ്മുടെ ഫോട്ടോ , ലിങ്ക് ഒക്കെ അവിടെ ചേര്‍ക്കാം.


* ( ഈ ലേഖനം ഞാന്‍ കെ.പി.സുകുമാരന്‍   ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ്   പ്രകാരം പ്രസിദ്ധീകരിക്കുന്നതാണ്)

മുസ്ലീം ലീഗിന് ഒരു സല്യൂട്ട് !

തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം മുസ്ലീം സമൂഹത്തിന് ചീത്തപ്പേരുണ്ടാക്കാന്‍ കാരണമായെന്നും ഇത്തരം സംഘടനകള്‍ക്കെതിരെ പോരാടണമെന്നും മുസ്ലീം ലീഗ് സംസ്ഥാന കൌണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നു.  ഇത്തരം ഒരു ആഹാനമാണ് ലീഗില്‍ നിന്നോ മറ്റ് മുസ്ലീം സമുദായനേതാക്കളില്‍ നിന്നോ കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചിരുന്നത്.  ഈ കാലഘട്ടത്തിന്റെ  ആവശ്യം മനസ്സിലാക്കി ഇപ്പോഴെങ്കിലും ഇത്തരം ഒരു പ്രമേയം അംഗീകരിച്ചതില്‍ ഞാന്‍ മുസ്ലീം ലീഗിനെ സല്യൂട്ട് ചെയ്യുന്നു.  അത് മാത്രമല്ല , ആയുധം ഒരു ബാധ്യതയാണെന്നും ആയുധമേന്തുന്ന തീവ്രവാദസംഘടനകളുടെ വോട്ട് ഞങ്ങള്‍ക്ക് വേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരിക്കുന്നു. മുന്‍പ് മുനീര്‍ ഇത് പറഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടി അത് അംഗീകരിച്ചിരുന്നില്ല. ഇന്നും ഉമ്മന്‍ ചാണ്ടി ഈ നിലപാട് സ്വീകരിച്ചിട്ടില്ല എന്ന് വരുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് എന്റെ മനസ്സ് നിറഞ്ഞ നന്ദി.  മറ്റ് എല്ലാ മുസ്ലീം സംഘടനകളും ലീഗിന്റെ നിലപാട് പിന്തുടര്‍ന്നാല്‍ തീവ്രവാദികള്‍ ഒറ്റപ്പെടുകയും  മുസ്ലീം സമുദായത്തിനുണ്ടായ ചീത്തപ്പേര് മായുകയും ചെയ്യും. വേറെ കുറുക്ക് വഴിയില്ല. തങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തുന്നേ എന്ന് പരിഭവിച്ചിട്ട് കാര്യമില്ല.  നമുക്കെല്ലാം മതേതര പരിസരത്ത് മാത്രമേ സ്വൈര്യജീവിതം  സാധ്യമാകൂ. അതാരും വിസ്മരിക്കരുത്.

ബാബറി മസ്ജിദ്  പൊളിച്ചപ്പോള്‍  കോണ്‍ഗ്രസ്സിന്റെ കൂടെ നില്‍ക്കുന്നു എന്നതിന്റെ പേരില്‍ മുസ്ലീം ലീഗ് കേട്ട പഴിക്ക് കണക്കില്ല.  ലീഗ് സമുദായത്തെ വഞ്ചിക്കുന്നു എന്ന് പറഞ്ഞാണ് ഐ.എന്‍‌.എല്‍‌ ഉണ്ടാക്കിയത്.  കോണ്‍ഗ്രസ്സ് പള്ളി പൊളിച്ച പോലെയാണ് പലരും സംസാരിച്ചത്. കോണ്‍ഗ്രസ്സിനെയാണ് കുറ്റപ്പെടുത്തിയത്.  അക്കാലത്ത് സാങ്കേതികമായി കോണ്‍ഗ്രസ്സ് കേന്ദ്രഭരണം കൈയാളിയിരുന്നു എന്നതായിരുന്നു അതിനുള്ള കാരണം. ഇതിനൊക്കെ ചില നടപടി ക്രമങ്ങളുണ്ട്.  ക്രമസമാധാനം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്.  ബാബറി മസ്ജിദിന് സംരക്ഷണം ഉറപ്പ് വരുത്തുമെന്ന്  അന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കേന്ദ്രത്തിന് രേഖാമൂലം ഉറപ്പ് കൊടുത്തതാണ്. ആ ഉറപ്പ് മുഖവിലയ്ക്കെടുക്കാന്‍ കേന്ദ്രത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ആ ഉറപ്പ് കണക്കിലെടുക്കാതെ പള്ളി പൊളിക്കും എന്ന് മുന്‍‌കൂട്ടി കണ്ട് സംസ്ഥാന പോലീസ് സേനയെ അവഗണിച്ച് കേന്ദ്രത്തിന്റെ സേനാവിഭാഗത്തെ അവിടെ വ്യനിസിക്കാന്‍ കഴിയുമായിരുന്നില്ല എന്ന് സാരം. പള്ളി പൊളിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബി.ജെ.പി.ക്കും അന്നത്തെ യു.പി.സര്‍ക്കാരിനും മാത്രമായിരുന്നു. എന്നിട്ടും  കുറ്റം കോണ്‍ഗ്രസ്സിന്റെ മേല്‍ ചാരാന്‍ നടത്തിയ വൃഥാശ്രമം ബി.ജെ.പി.യെയും യു.പി.സര്‍ക്കാരിനെയും രക്ഷിക്കാനേ സഹായിച്ചിട്ടുള്ളൂ.  പള്ളി പൊളിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെ ഒറ്റപ്പെടുത്തി, അങ്ങനെ കോണ്‍ഗ്രസ്സ് ക്ഷയിച്ചാല്‍ ഇവിടത്തെ മുസ്ലീം സമുദായത്തിന് രക്ഷ കിട്ടുമായിരുന്നോ എന്ന് അന്ന് കുറ്റപ്പെടുത്തിയവര്‍ ഇന്ന് ശാന്തമായി ആലോചിക്കണം. ലീഗിന്റെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. എന്തിനായിരുന്നു ഇന്ത്യന്‍ നേഷനല്‍ ലീഗ് രൂപീകരിച്ചത്? പൊളിറ്റിക്കല്‍ വേസ്റ്റ്. കുറെക്കാലം സി.പി.എമ്മിനെ സേവിച്ചത് മിച്ചം. ഇടത്പക്ഷമുണ്ടെങ്കിലേ മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയുണ്ടാവൂ എന്ന സി.പി.എമ്മിന്റെ വാദം രാഷ്ട്രീയത്തട്ടിപ്പാണ്. ചൈനയില്‍ പോയി നോക്കണം കമ്മ്യൂണിസ്റ്റുകാരുടെ തനിനിറം മനസ്സിലാക്കാന്‍ . കോണ്‍ഗ്രസ്സാണ് ഇന്ത്യയില്‍ എല്ലാവര്‍ക്കും രക്ഷ എന്ന് തിരിച്ചറിയണം. കോണ്‍ഗ്രസ്സിനെ ക്ഷയിപ്പിക്കുന്ന നടപടി ന്യൂനപക്ഷങ്ങള്‍ക്കെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെയാണ്.

കേരളത്തില്‍ തീവ്രവാദികള്‍ ശക്തി പ്രാപിച്ചു വരുന്നു എന്ന് ഇപ്പോള്‍ എല്ലാവരും പറയുന്നു.  അങ്ങനെയെങ്കില്‍ മുസ്ലീം ലീഗ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ ഇല്ലായിരുന്നെങ്കില്‍ എന്തായിരുന്നിരിക്കും ഇന്നത്തെ അവസ്ഥ എന്ന് മദനിയെപ്പോലെയുള്ളവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ ആത്മപരിശോധന നടത്തണം.  ഇന്ന് ചിലര്‍ ആലങ്കാരികമായി പറയുന്നുണ്ടല്ലൊ കേരളം താലിബാനായി എന്ന്.  ആ അവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ സംഭവിക്കുമായിരുന്നില്ലേ ഇവിടെ ഒരു കോട്ട പോലെ ലീഗ് എന്ന പ്രസ്ഥാനമില്ലായിരുന്നുവെങ്കില്‍?  അന്ന് ലീഗ് ക്ഷയിച്ച് ഐ.എന്‍‌. എല്‍  ശക്തിപ്പെട്ടിരുന്നുവെങ്കിലും സ്ഥിതി ഇന്നത്തേക്കാള്‍ ഗുരുതരമാവുമായിരുന്നു. മുസ്ലീം ചെറുപ്പക്കാരെ എളുപ്പത്തില്‍ തീവ്രവാദികളാക്കാന്‍ കഴിയുന്നൊരു വ്യാഖ്യാനം ഇസ്ലാം തത്വസംഹിതയ്ക്ക് നല്‍കാന്‍ തല്പരകക്ഷികള്‍ക്ക്  സാധിക്കും. അതിനെയാണ് ലീഗ് എന്ന പാര്‍ട്ടി പ്രതിരോധിച്ചത്.  കേരളത്തില്‍ കോണ്‍ഗ്രസ്സും ലീഗും ഉള്‍പ്പെടുന്നൊരു മുന്നണി ശക്തമായി നിലനില്‍ക്കുന്നത്കൊണ്ടാണ് ഒരു സോഷ്യല്‍ ബാലന്‍സ് ഇവിടെ സാധ്യമാകുന്നത് എന്നും എല്ലാവരും തിരിച്ചറിയണം.  കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുക എന്നത് മാത്രമാണ് സി.പി.എമ്മിന്റെ എക്കാലത്തെയും തന്ത്രം. പാര്‍ട്ടിക്ക് ഗുണകരമായതേ അവര്‍ ചെയ്യൂ. അതിന് വേണ്ടി നാട് കുട്ടിച്ചോറായാലും അവര്‍ക്ക് പ്രശ്നമില്ല. നാട് എല്ലാവരുടെയുമല്ലേ. പാര്‍ട്ടി അവരുടെ മാത്രം സ്വന്തവും. ഈ വികാരമാണ് ഓരോ മാര്‍ക്സിസ്റ്റ്കാരനെയും നയിക്കുന്നത്. മറ്റേത് പാര്‍ട്ടിക്കാരും അങ്ങനെയല്ല.  നമുക്ക് നാടാണ് ചുമര്, ചിത്രം വരയ്ക്കണമെങ്കില്‍.

പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും വേണ്ടി പോരാടണമെങ്കില്‍ ആയുധത്തിന്റെ ആവശ്യമില്ലെന്ന് കൂടി കുഞ്ഞാലിക്കുട്ടി പറഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള പോസിറ്റീവായ വാക്കുകള്‍ ഏതെങ്കിലും മാര്‍ക്സിസ്റ്റ് നേതാവിന്റെ വായില്‍ നിന്ന് എന്നെങ്കിലും പുറത്തേക്ക് വരുമോ?  സ്ഥിരഭരണം കേരളത്തില്‍ ഉട്ടിയുറപ്പിക്കാന്‍ വോട്ട് രാഷ്ട്രീയത്തില്‍ സകല അടവുകളും പയറ്റുന്ന സി.പി.എം. കുറെക്കാലം ലീഗിന്റെ പിന്നാലെ നടന്നു. കിട്ടാതെ വന്നപ്പോള്‍ ലീഗിനെ എതിര്‍ക്കുന്ന മുസ്ലീം സമുദായത്തിലെ സകല സംഘടനകളെയും ചാക്കിലാക്കാന്‍ നോക്കി. തീവ്രവാദസ്വഭാവമുള്ള ചിലതാണ് എളുപ്പത്തില്‍ ചാക്കില്‍ കയറിയത്. ഇവിടെ തീവ്രവാദത്തിന് ഇത്രയും വേരോട്ടമുണ്ടാകാന്‍ കാരണം സി.പി.എമ്മിന്റെ ഈ ദുഷ്ടസമീപനമാണ്.  ഇത്രയേ ഇവിടെ തീവ്രവാദത്തിന് വേരുറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് സമാധാനിക്കാന്‍ കഴിഞ്ഞത് മുസ്ലീം ലീഗിന്റെ സാന്നിദ്ധ്യമാണ്. കഴിഞ്ഞ നാല് കൊല്ലത്തെ ആഭ്യന്തര വകുപ്പിന്റെ മൃദുനിലപാടാണ് ഇത്രയെങ്കിലും തീവ്രവാദം ഇവിടെ ശക്തിപ്പെടാന്‍ കാരണം  എന്ന സത്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. തച്ചങ്കിരി ബാംഗ്ലൂരിലേക്ക് തിരക്കിട്ട് ഓടിപ്പോയതിന്റെ കാരണം ഒന്ന് മാത്രം മതി അത് വ്യക്തമാകാന്‍.  എന്ത് തന്നെയായാലും യു.ഡി.എഫിന്റെ ഭരണം തന്നെയാണ് കേരളത്തിന്റെ സുസ്ഥിരവികസനത്തിനും സമാധാനത്തിനും നല്ലത്.  മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആവശ്യത്തിലധികം തടിച്ചു കൊഴുത്തു. അതിന്റെ നേതാക്കള്‍ അതൊക്കെ അനുഭവിച്ച് സസുഖം വാഴട്ടെ. യു.ഡി.എഫ്. കേരളം ഭരിക്കട്ടെ, കൂടുതല്‍ മെച്ചപ്പെട്ട ഒരു സംവിധാനം വരുന്നത്‌വരെ.

കുഞ്ഞാലിക്കുട്ടിക്കും മുസ്ലീം ലീഗിനും ഒരിക്കല്‍ കൂടി സല്യൂട്ട് !

പാക്കിസ്ഥാനും ചൈനയും

മ്മള്‍ എന്തിനാണ്  ഇങ്ങനെ ചര്‍ച്ചയ്ക്കെന്നും  പറഞ്ഞ് പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും അവരുടെ പിന്നാലെ നാണം കെട്ട് പോയിക്കൊണ്ടിരിക്കുന്നത്.  നമ്മുടെ ഭൂപ്രദേശമാണ് ഈ രണ്ട് രാജ്യങ്ങളും അനധികൃതമായി കൈവശം വെച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.  ചൈന നമ്മുടെ കുറെ പ്രദേശം കൈവശപ്പെടുത്തി. ഇപ്പോഴും തരം കിട്ടുമ്പോഴെല്ലാം നമ്മുടെ സ്ഥലം ചുരണ്ടിക്കൊണ്ടിരിക്കുന്നുണ്ടാവണം.  അതൊന്നും തിരിച്ചുപിടിക്കാനുള്ള ആണത്തം നമ്മള്‍ക്കില്ല. എന്നാല്‍ പിന്നെ അതൊക്കെ അവര്‍ക്ക് വിട്ട് കൊടുത്ത്കൊണ്ട് നമുക്ക് നിങ്ങളുമായി ഒരു പ്രശ്നവുമില്ല എന്ന് പറഞ്ഞ് മിണ്ടാതിരുന്നുകൂടേ?  ഇതിപ്പോ അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്ന പോലെ നമ്മുടെ ഭൂമിയും കൈവശം വെച്ചിട്ട് പിന്നെയും പ്രശ്നം പ്രശ്നം എന്ന് പറഞ്ഞ് ഈ രണ്ട് രാജ്യങ്ങളും നമ്മുടെ പിന്നാലെയാണ്. ഞങ്ങള്‍ ആരുടെയും ഒരിഞ്ച് ഭൂമി പോലും ആരില്‍ നിന്നും കവര്‍ന്നെടുത്തിട്ടില്ല. അത്കൊണ്ട് പ്രശ്നം എന്ന് പറഞ്ഞ് ഇങ്ങോട്ട് വരരുത് എന്ന് പാക്കിസ്ഥാനോടും ചൈനയോടും പറയാനുള്ള ത്രാണിയും നമുക്കില്ല. അതും പോട്ടെ. എന്നാല്‍ ഈ ചര്‍ച്ചയ്ക്ക് പോവുക എന്ന നാണവും മാനവുമില്ലാത്ത പരിപാടി ഇന്ത്യന്‍ സര്‍ക്കാരിന് ഒഴിവാക്കിക്കൂടേ?  നമുക്ക് ഈ പാക്കിസ്ഥാനെയും ചൈനയെയും പേടിക്കേണ്ട ആവശ്യം എന്താണ്?  കാഷ്മീരിനെ കുറിച്ച് പാക്കിസ്ഥാന്‍ പറയുന്നത് നമ്മുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടലല്ലെ. അത്തരം ഒരു ഇടപെടല്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ പാക്കിസ്ഥാനോ ചൈനയോ സഹിക്കുമോ? പറയുന്ന ന്യായം കേട്ടില്ലേ? നമ്മുടെ അയല്‍ക്കാരല്ലേ, അയല്‍ക്കാരായാല്‍ മിണ്ടാതിരിക്കാന്‍ പറ്റുമോ എന്ന്. ത്ഫൂ .. ഒരാലക്കം.

അവര്‍ നല്ല ബന്ധത്തിലാണ്. ആര്? ചൈനയും പാക്കിസ്ഥാനും.  നമ്മുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത പ്രദേശത്തില്‍ നിന്ന് പാക്കിസ്ഥാന്‍ കുറെ ഭാഗം ചൈനയ്ക്ക് കാഴ്ച വെയ്ക്കുന്നു.  ചൈന റോഡുകളും റെയില്‍ പാതകളും പണിയുന്നു.  എന്താ അവരുടെ ഒരു ഒരുമ! നമ്മള്‍ പുരോഗതിയിലേക്ക് നീങ്ങുന്നതില്‍ അസൂയയുള്ള അയല്‍ക്കാരാണ് ഇപ്പറഞ്ഞ രണ്ട് രാജ്യങ്ങളും. പരമാവധി നമുക്കെതിരെ തൊരപ്പന്‍ പണി എടുക്കുന്നവരാണ് ഇക്കൂട്ടര്‍ .  എന്നിട്ടും അവരുമായി ചര്‍ച്ചയ്ക്ക് പോകുന്ന നമ്മുടെ വിദേശനയം ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുന്ന പോലെയാണ്. ഒരു രാജ്യമായാല്‍ ഇത്രയും ശുദ്ധവും ദുര്‍ബ്ബലവും ആകരുത്. കുറഞ്ഞ പക്ഷം പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ അത്രയെങ്കിലും ഗട്ട്സ് നമ്മുടെ രാജ്യത്തിന് വേണ്ടേ? പ്രശ്നം എന്ന് പറഞ്ഞ് നമ്മളെ എന്നും അനാവശ്യമായി പ്രതിരോധത്തില്‍ തളച്ചിടുകയാണ് ഈ രണ്ട് രാജ്യങ്ങളും ചെയ്യുന്നത്. നമുക്കിതിന്റെ വല്ല ആ‍വശ്യവുമുണ്ടോ?

തമാശയെന്തെന്ന് വെച്ചാല്‍ ഈ പാക്കിസ്ഥാനും ചൈനയും അമേരിക്കയുമായി നല്ല ബന്ധത്തിലാണ്. അവിടെയും നമുക്ക് രക്ഷയില്ല. അമേരിക്കയോട് നമ്മള്‍ അടുക്കാമെന്ന് വെച്ചാല്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ അനുവദിക്കില്ല. എന്നാലും നമ്മളുടെ ഒരു ഗതികേട്.  ഈ ചീള് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പോലും നമുക്ക് പേടിക്കേണ്ട അവസ്ഥ.  പാക്കിസ്ഥാനും ചൈനയ്ക്കും ആവാമെങ്കില്‍ നമുക്കും അമേരിക്കയുമായി ബന്ധപ്പെട്ടുകൂടേ എന്ന് കമ്മ്യൂണിസ്റ്റുകളോട് ചോദിക്കാന്‍ നമ്മുടെ സര്‍ക്കാരിന് ധൈര്യമില്ല.  കമ്മ്യൂണിസ്റ്റുകള്‍ സാമ്രാജ്യത്തമെന്ന ഉമ്മാക്കി കാട്ടി ഇന്ത്യയെ പേടിപ്പിച്ച് വിറപ്പിക്കുകയാണ്.  കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇങ്ങനെ ചില പദാവലികളുണ്ട്. സാമ്രാജ്യത്വം, ആഗോളീകരണം, കുത്തകമുതലാളിത്തം , ബൂര്‍ഷ്വാസി ഇങ്ങനെ പലതും. കാലം മാറുന്നത് കമ്മ്യൂണിസ്റ്റുകള്‍ക്ക് ബാധകമല്ല. മൂലധനസമാഹരണം ഇന്ന് നടക്കുന്നത് ഓഹരികളായിട്ടാണ്. കുത്തകമുതലാളി എന്നത് ലോകത്ത് അപ്രത്യക്ഷമായി എന്ന് ചുരുക്കം.  അങ്ങനെ കാലഹരണപ്പെട്ട ചില കമ്മ്യൂണിസ്റ്റ് പദാവലികള്‍ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ കമ്മ്യൂണിസ്റ്റുകള്‍ ഉരുവിടുമ്പോള്‍ അതൊക്കെ അങ്ങ് പള്ളിയില്‍ പറഞ്ഞാ മതി , ഇവിടെ അതൊന്നും നടപ്പില്ല എന്നും പറയാനുള്ള ചങ്കൂറ്റം ഇവിടെ മറ്റ് പാര്‍ട്ടികള്‍ക്കുമില്ല.

എസ്.എം. കൃഷ്ണയെ പറ്റി എനിക്ക് നല്ല മതിപ്പായിരുന്നു. ബാംഗ്ലൂരിനെ ഇന്ത്യയുടെ ഐ.ടി.തലസ്ഥാനമാക്കിയ മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം.  ഇപ്പോള്‍ പൂച്ചയെ പോലെ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയെ പേടിച്ച് ഞാന്‍ ഒന്നും പറയുന്നില്ലേ എന്ന് പതുങ്ങിക്കഴിയുന്നു.  നമ്മള്‍ ഇങ്ങനെ നാണം കെടാന്‍ എന്ത് തെറ്റാണ് ചെയ്യുന്നത്? ആരോടും അങ്ങോട്ട് യുദ്ധത്തിന് പോകുന്നില്ല.  ആരുടെയും അതിര് മാന്തുന്നില്ല. ആരുടെയും ആഭ്യന്തരകാര്യത്തില്‍ ഇടപെടുന്നില്ല.  അതിര്‍ത്തിക്കപ്പുറത്തേക്ക് തീവ്രവാദികളെ അയക്കുന്നില്ല.  ഒരു രാജ്യത്തിനെതിരെയും പാര പണിയുന്നില്ല.  എന്നിട്ടും  അകത്തും പുറത്തും നമുക്ക് ശത്രുക്കള്‍ , എന്ത് ചെയ്യും?

പാക്കിസ്ഥാനെയും ചൈനയെയും അവഗണിച്ച് അമേരിക്കയുമായി എല്ലാ അര്‍ത്ഥത്തിലും നയതന്ത്ര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണ് നമുക്ക് നല്ലത്.  ചൈന തിബത്തില്‍ നാവികത്താവളം പണിയുന്നു. പാക്കിസ്ഥാനെ ആണവരാഷ്ട്രമാക്കുന്നു. ഇവിടത്തെ കമ്മ്യൂണിസ്റ്റുകളെ പേടിച്ച് അമേരിക്കയുമായി നല്ല ബന്ധം ഉണ്ടാക്കിയില്ലെങ്കില്‍ നാളെ ചൈന നമ്മെ ആക്രമിക്കുമ്പോള്‍ പാക്കിസ്ഥാനും അവരോട് ചേരുമ്പോള്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ പണ്ടത്തെ ഈയെമ്മെസ്സിന്റെ ന്യായമാണ് പറയുക.  അത്കൊണ്ട് ഞാന്‍ ഇന്ത്യാ ഗവണ്മേണ്ടിനോട് ആവശ്യപ്പെടുന്നു,  ഈ മഹാശുദ്ധന്റെ നിലപാട് ഉപേക്ഷിക്കണം. പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും ചര്‍ച്ചയ്ക്ക് പോകരുത്.  അവര്‍ വേണമെങ്കില്‍ ഇങ്ങോട്ട് വരട്ടെ.  അമേരിക്കയുമായി സുദൃഢ ബന്ധം സ്ഥാപിക്കുക. അമേരിക്കയോട് അടുക്കരുത് എന്ന് ഇവിടെ ആരെങ്കിലും പറയുന്നെങ്കില്‍ അവരുടെ താല്പര്യം വേറെയാണ്. സൌദി അറേബ്യ പോലും അമേരിക്കയുമായി നല്ല ബന്ധത്തിലാണ്.

എസ്.എം.കൃഷ്ണയുടെ പാക്കിസ്ഥാനിലേക്കുള്ള പോക്കും വരവും ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ എന്റെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചിരിക്കുന്നു. ഇനി ഇതാവര്‍ത്തിക്കരുത്, ജാഗ്രത !

അറിവ് വേറെ ; ഭാഷ വേറെ

രീഷിന്റെ ബ്ലോഗ് വായിച്ച്  അവിടെ നിന്ന്  "വെറുതെ ഒരു സ്വപ്നം" എന്ന ബ്ലോഗില്‍ എത്തി. അവിടെ എഴുതിയ ഒരു കമന്റ് ഇവിടെയും പേസ്റ്റ് ചെയ്യുന്നു. നാട്ടിലെ ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായം എന്റെയൊരു സ്വകാര്യദു:ഖമാണ്.  മഞ്ജു മനോജിന്റെ ബ്ലോഗ് വായിച്ചപ്പോള്‍ ആശ്വാസം തോന്നി. അതാണ് ആ കമന്റ് ഇവിടെയും പബ്ലിഷ് ചെയ്യുന്നത്. കുറച്ചു കൂടി ഇവിടെ എഴുതാമായിരുന്നു, ഒരു പോസ്റ്റ് എന്ന നിലയ്ക്ക്.  പക്ഷെ എത്ര എഴുതിയിട്ടെന്ത് കാര്യം !

"മഞ്ജുവിന്റെ കുട്ടികള്‍ ഇന്ത്യന്‍ സിലബസില്‍ പഠിക്കാത്തത് ഒരിക്കലും നിര്‍ഭാഗ്യമല്ല. എന്നാല്‍ പോസ്റ്റ് വായിച്ചപ്പോള്‍ കുട്ടികള്‍ക്ക് അവിടെ പഠിക്കാന്‍ കഴിയുന്നത് ഭാഗ്യമായെന്നും പറയാന്‍ തോന്നുന്നു.  കേരളത്തിലെ കുട്ടികളാണ് ശരിക്കും നിര്‍ഭാഗ്യവാന്മാര്‍ എന്ന് പറയട്ടെ. അവര്‍ക്ക് ബാല്യവുമില്ല, ശരിയായ വിദ്യാഭ്യാസവും കിട്ടുന്നില്ല എന്നതാണ് അവസ്ഥ.  ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമാണ്. പരമാവധി ആളുകളുമായി ആശയവിനിമയം സാധ്യമാക്കുന്ന തരത്തില്‍ ഒരു ലോകഭാഷയായി ഇംഗ്ലീഷ് വികസിച്ചു വന്നത് നല്ലത് തന്നെ. ആ നിലയ്ക്ക് ഇംഗ്ലീഷിന് പ്രാധാന്യവുമുണ്ട്. കുട്ടികള്‍ ഒരു സംസാരഭാഷയായി ഇംഗ്ലീഷ് അഭ്യസിക്കേണ്ടതുമാണ്. എന്ന് വെച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിച്ചാലേ അത് സാധ്യമാകൂ എന്നുണ്ടോ?  ഇംഗ്ലീഷ് ഒരു ഭാഷയായി മാത്രം പഠിച്ചാല്‍ പോരേ? സബ്‌ജക്റ്റ് ഏത് ഭാഷയില്‍ പഠിച്ചാല്‍ എന്താ? അറിവിന് ഭാഷയില്ല. അറിവ് വേറേ, ഭാഷ വേറെ.  ഭാഷയ്ക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്, അറിവിനാണ്. ഭാഷ ഏത് പ്രായത്തിലും സ്വായത്തമാക്കാന്‍ കഴിയും. അറിവ് അങ്ങനെയല്ല. അറിവ് ആര്‍ജ്ജിക്കാനുള്ള വാസന കുട്ടിക്കാലത്ത് ഇല്ലാതെ പോയാല്‍ പിന്നെ അറിവിനോട് ആഭിമുഖ്യം ഒരിക്കലും ഉണ്ടാവില്ല. ഈ വാസന കുട്ടികളില്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഔപചാരിക വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യം നാട്ടില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഭാഷയ്ക്കാണ് പ്രാമുഖ്യം കല്‍പ്പിക്കപ്പെടുന്നത്. അറിവ് മക്കള്‍ക്ക് വേണം എന്ന് പോലും രക്ഷിതാക്കള്‍ ചിന്തിക്കുന്നില്ല. മാര്‍ക്ക്, ഗ്രേഡ്, എന്‍‌ട്രന്‍സ് പരീക്ഷ അങ്ങനെ പോകുന്നു അവരുടെ ആകുലതകള്‍ .

പണം ഉണ്ടാക്കുന്ന യന്ത്രങ്ങളായാണ് മക്കളെ വളര്‍ത്താന്‍ താല്പര്യപ്പെടുന്നത്. അത്കൊണ്ട് മക്കള്‍ക്ക് നഷ്ടപ്പെടുന്ന ബാല്യത്തെക്കുറിച്ച് , അവരുടെ നൈസര്‍ഗ്ഗികമായ വാസനകളെക്കുറിച്ച് ആരും വേവലാതിപ്പെടുന്നില്ല. മൂന്ന് വയസ്സ് മുതല്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്നത് ശരിക്കും പറഞ്ഞാല്‍ ബാലപീഢനമാണ്.  സ്കൂള്‍ വാനുകളിലോ സ്വന്തം വാഹനങ്ങളിലോ മാത്രമാണ് യാത്ര. ഇതൊക്കെ ചെയ്യുന്നത് വെറും ഇംഗ്ലീഷിന് വേണ്ടി.  എന്നിട്ടോ കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്നുണ്ടോ?  മിക്ക ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മലയാളത്തിലാണ് ഇംഗ്ലീഷ് തന്നെ പഠിപ്പിക്കുന്നത്. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്ന ടീച്ചര്‍മാര്‍ കേരളത്തില്‍ കുറവാണ്. അങ്ങനെ ഫലത്തില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷുമില്ല, അറിവുമില്ല, ഭാവിയില്‍ അയവിറക്കാന്‍ ബാല്യകാലസ്മരണകളുമുണ്ടാവില്ല എന്നതാണ് സ്ഥിതി.  സബ്ജക്റ്റുകള്‍ മാതൃഭാഷയില്‍ പഠിച്ചാല്‍ മതിയായിരുന്നു. സംസാരഭാഷയായി ഇംഗ്ലീഷ് ഒന്നാം ക്ലാസ്സ് മുതല്‍ പഠിക്കാനുള്ള ഏര്‍പ്പാട് ചെയ്യാമായിരുന്നു.  ഇപ്പോള്‍ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുക എന്നത് രക്ഷിതാക്കളുടെ അഭിമാനപ്രശ്നവുമായി മാറി. പൊങ്ങച്ചത്തിനപ്പുറമൊന്നുമില്ല, എന്ത് ചെയ്യും?

ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്, മഞ്ജുവിന്റെ മക്കള്‍ എത്ര ഭാഗ്യവാന്മാരാണ്. ഇങ്ങനെയൊരു അമ്മയെ കിട്ടിയല്ലൊ. "