Links

എന്‍ഡോസല്‍ഫാനും കൂടം‌കുളവും

വായനക്കാരുടെ യുക്തിബോധത്തെ പ്രചോദിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ എന്റെ പരിമിതമായ അറിവും ചിന്താശേഷിയും വെച്ച് ബ്ലോഗ് എഴുതുന്നത്.  മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തത്കൊണ്ട് മനസ്സിനെ സൃഷ്ടിപരമായി നിലനിര്‍ത്തുക എന്ന ഉദ്ദേശ്യവും ബ്ലോഗെഴുത്തിന് പിന്നില്‍ ഉണ്ട്.  മറ്റുള്ളവരുടെ യുക്തിയെ തട്ടിയുണര്‍ത്തുക എന്ന ലക്ഷ്യം ഉള്ളത്കൊണ്ട് എന്റെ എഴുത്തുകള്‍ പലപ്പോഴും സമൂഹത്തില്‍ ആധിപത്യം നേടുന്ന പൊതുവിചാരങ്ങള്‍ക്ക് എതിരാവാറുണ്ട്. എന്നാലും ചില വായനക്കാര്‍ക്ക് എന്റെ യുക്തി മനസ്സിലാകുന്നത്കൊണ്ടും അവര്‍ ആ വിവരം ഇ-മെയില്‍ വഴിയും ഫോണ്‍ മുഖാന്തിരവും അറിയിക്കുന്നത്കൊണ്ടും എനിക്ക് തുടര്‍ന്നും ബ്ലോഗ് എഴുതാനുള്ള പ്രചോദനവും പ്രേരണയും ലഭിക്കുന്നു.  പലരും ബ്ലോഗ് നിര്‍ത്തി പോയിട്ടും എനിക്ക് തുടര്‍ന്ന് എഴുതാന്‍ കഴിയുന്നത് ഇത്കൊണ്ടാണ്.  എന്നെ കുറിച്ച് പറഞ്ഞപ്പോള്‍ , കേട്ടയാള്‍ ചോദിച്ചത് എന്‍ഡോസല്‍ഫാനെ അനുകൂലിക്കുന്ന ആ മാഷാണോ എന്നായിരുന്നു എന്ന് ഒരു സുഹൃത്ത് ഈയ്യിടെ എന്നോട് പറഞ്ഞു.

എന്‍ഡോസല്‍ഫാനെ കുറിച്ച് എന്റെ നിലപാട് സുവ്യക്തമാണ്.  കാസര്‍ഗോട്ടെ ദുരിതബാധിതരെ കാണുമ്പോള്‍ ആര്‍ക്കും അവരോട് കരുണ തോന്നുകയും എന്‍ഡോസല്‍ഫാനോട് വിരോധം തോന്നുകയും സ്വാഭാവികമാണ്. മനുഷ്യസ്നേഹികള്‍ക്കാണ് അങ്ങനെ എന്‍ഡോസല്‍ഫാന്‍ വിരോധം തോന്നുന്നത്.  ഞാന്‍ പക്ഷെ ഇതിലെ യുക്തിയെയാണ് തെരഞ്ഞത്.  കാസര്‍ഗോട്ടെ ദുരിതങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്‍ഡോസല്‍ഫാന്‍ നിമിത്തമാണെങ്കില്‍ അത് ഹെലികോപ്റ്ററില്‍ നിന്ന് തുടര്‍ച്ചയായി വര്‍ഷിച്ചത്കൊണ്ടായിരിക്കും എന്നാണ് എന്റെ നിഗമനം.  കഴിഞ്ഞ അമ്പത് വര്‍ഷമായി ലോകത്ത് എന്‍ഡോസല്‍ഫാന്‍ ഉപയോഗിക്കുന്നു.  എത്രയോ തൊഴിലാ‍ളികള്‍ എന്‍ഡോസല്‍ഫാന്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്നു. എത്രയോ കര്‍ഷകരും തൊഴിലാളികളും എന്‍ഡോസല്‍ഫാന്‍ എന്ന കീടനാശിനി തളിക്കുന്നു. കാസര്‍ഗോട്ട് മാത്രമാണ് ഈ മാതിരിയുള്ള ദുരിതബാധിതരെ കാണുന്നത്. അത്കൊണ്ടാണ് ഇന്ത്യയിലെ തന്നെ 24 സംസ്ഥാനങ്ങളും എന്‍ഡോസല്‍ഫാന്‍ വേണം എന്ന് വാദിച്ചത്.  അപ്പോള്‍ ഈ വസ്തുത യുക്തിയുടെ വെളിച്ചത്തില്‍ പരിശോധിക്കേണ്ടേ?

ഹെലികോപ്റ്ററില്‍ നിന്ന് കീടനാശിനികള്‍ തളിക്കുന്നത് ശരിയാണോ? എന്തിനാണ് കശുവണ്ടി തോട്ടങ്ങളില്‍ ആകാശത്ത് നിന്ന് കീടനാശിനികള്‍ വര്‍ഷിക്കുന്നത്.  സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയ്ത തെറ്റാണിത്.  തേയിലക്കൊതുകിന്റെ ശല്യം കാരണം കശുവണ്ടി ഉല്പാദനം കുറയുന്നുവെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങളാണ് ആരായേണ്ടത്.  സാധാരണ മറ്റ് കീടനാശിനികള്‍ ഉപയോഗിക്കുന്ന പോലെ എന്‍ഡോസല്‍ഫാന്‍ എന്ന കീടനാശിനിയും ഉപയോഗിച്ച എവിടെയും കാസര്‍ഗോട്ടെ പോലെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് എന്‍ഡോസല്‍ഫാന്‍ വിരോധികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  മാത്രമല്ല മറ്റ് കീടനാശിനികളെക്കാട്ടിലും , തേനീച്ചകളെ ബാധിക്കാതിരിക്കുന്നത് എന്‍ഡോസല്‍ഫാനാണെന്നും അതിന് വിലക്കുറവാണെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത് ഞാന്‍ പറയുന്നതല്ല. എന്‍ഡോസല്‍ഫാന്‍ വിരുദ്ധപ്രക്ഷോഭം കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഉയര്‍ന്നുവന്നിട്ടില്ല എന്നതും കേരളം ഏറ്റെടുത്ത ഈ സമരത്തെ കേരളത്തിന് പുറത്ത് ഒരു സംസ്ഥാനവും പിന്തുണച്ചിട്ടില്ല എന്നതും വ്യക്തമാക്കുന്നത് എന്താണ്?

പരിസ്ഥിതിവാദികളുടെ ആവശ്യം എല്ലാം ജൈവമയമാക്കുക എന്നതാണ്. അത് വേറെ പ്രശ്നമാണ്. എന്‍ഡോസല്‍ഫാനെ ഇന്ത്യയില്‍ കേരളമൊഴികെ മറ്റൊരു സംസ്ഥാ‍നവും എതിര്‍ക്കുന്നില്ലെങ്കിലും പരമോന്നത കോടതിയായ സുപ്രീം കോടതി നിരോധിച്ചല്ലോ എന്ന് ചോദിക്കാം. അതിനെ പറ്റി എന്തെങ്കിലും പരാമര്‍ശിച്ചല്‍ കോടതിയലക്ഷ്യമാകുമോ എന്നറിയില്ല. എന്നാലും ജഡ്ജിമാരും മനുഷ്യര്‍ ആണെന്നും മനുഷ്യന്റേതാ‍യ അപൂര്‍ണ്ണതകളില്‍ നിന്ന് ജഡ്ജിമാരും മുക്തരല്ല എന്നും ഞാന്‍ പറയും.  കോടതി എന്ന സ്ഥാപനത്തെയാണ് നാം ആശ്രയിക്കുന്നത്. സമൂഹത്തില്‍ നീതിന്യായനിര്‍വ്വഹണം നടത്താന്‍ കോടതിയല്ലാതെ മറ്റ് മാ‍ര്‍ഗ്ഗമില്ല. ജഡ്ജിമാര്‍ക്കും തെറ്റ് പറ്റാം. അത്കൊണ്ടാണ് മേല്‍ക്കോടതികള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഏതെങ്കിലും ഒരു പോയന്റില്‍ നിര്‍ത്തിയല്ലേ ഒക്കുകയുള്ളൂ. അത്കൊണ്ട് സുപ്രീം കോടതിയോടെ നിര്‍ത്തി.  ഒരു ഉല്പന്നം നിരോധിക്കാനുള്ള അവകാശം കോടതിക്കുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.  അഥവാ ഉണ്ടെങ്കില്‍ ആ അവകാശം കോടതിയില്‍ നിന്ന് എടുത്ത്മാറ്റണം എന്നും ഞാന്‍ പറയും.

കൂടംകുളത്ത് ആണവവൈദ്യുത നിലയത്തിനെതിരെ അവിടെ തദ്ദേശവാസികള്‍ സമരത്തിലാണ്. ചില പരിസ്ഥിതിവാദികളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ പരിസ്ഥിതിവാദികളും ആ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് യാത്രകള്‍ നടത്തുന്നുണ്ട്. കൂടംകുളത്തെ ജനങ്ങള്‍ ഭയത്തിലാണ് ഉള്ളത്. അവരില്‍ നല്ല തോതില്‍ ഭയം ജനിപ്പിക്കുന്നതില്‍ അവിടത്തെ പരിസ്ഥിതി വാദികള്‍ വിജയിച്ചിട്ടുണ്ട്. കൂടംകുളം ആണവവൈദ്യുതനിലയം പണി പൂര്‍ത്തിയായി ഈ നവംബറില്‍ വൈദ്യുതോല്പാദനം ആരംഭിക്കാനിരുന്നതാണ്.  എന്നാല്‍ അതിന്റെ പ്രവര്‍ത്തനം തുടങ്ങരുത് എന്നും അവിടെ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കരുത് എന്നുമാണ് അവിടത്തെയും ഇവിടത്തെയും പരിസ്ഥിതി നേതാക്കളുടെ ആവശ്യം.  സത്യത്തില്‍ ഇനി, കൂടംകുളത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള ആണവവൈദ്യുത നിലയത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാതിരിക്കുന്നതായിരിക്കും കൂടുതല്‍ അപകടമാവുക?  അതായത് വൈദ്യുതി ഉല്പാദനം തുടങ്ങിയാല്‍ ഉണ്ടാവും എന്ന് പറയുന്ന അപകടത്തെക്കാളും റീയലായ അപകടം ഉണ്ടാവുക പദ്ധതി ഉപേക്ഷിച്ച് സ്ഥാപിക്കപ്പെട്ടവ അവിടെ അങ്ങനെ നിലനില്‍ക്കുമ്പോഴാണ്. അതിനെന്താണ് പോംവഴി പരിസ്ഥിതി വാദികള്‍ക്ക് പറയാനുള്ളത്?

ആണവവൈദ്യുതിനിലയങ്ങള്‍ക്ക് അപകടം ഉണ്ടാകും എന്ന് പറയുന്നത് ഒരു Probability ആണ്.  ഒരു സംഭവ്യത.  അങ്ങനെയൊരു സംഭവ്യത കൂടംകുളത്ത് മാത്രമല്ല തമിഴ്നാട്ടില്‍ തന്നെയുള്ള കല്‍പ്പാക്കത്തിനുമുണ്ട്. ലോകത്ത് മറ്റെല്ലാ ആണവവൈദ്യുതിനിലയങ്ങള്‍ക്കുമുണ്ട്. ഇപ്പറയുന്നതിന് അര്‍ത്ഥം എല്ലാ ആണവനിലയങ്ങളും പൊട്ടിത്തെറിക്കും എന്നല്ല. പരമാവധി സുരക്ഷ ഓരോ ആണവനിലയത്തിനും ഒരുക്കുന്നുണ്ട്.  പണി പൂര്‍ത്തിയായ കൂടംകുളം മാത്രം വൈദ്യോതോല്പാദനം നിര്‍ത്തിവെക്കണമെന്ന് കേരളത്തിലെ പരിസ്ഥിതിവാദികളും പറയുന്നതില്‍ യുക്തിരാഹിത്യമുണ്ട്.  കൂടംകുളത്തെ നാട്ടുകാര്‍ പറയുന്നതിന്റെ പിന്നില്‍ അവരുടെ ഭീതിയാണ്. കല്‍പ്പാക്കത്ത്കാരെ പറ്റി കൂടംകുളത്തുകാര്‍ പേടിക്കേണ്ടതില്ലല്ലൊ.

ഇന്ന് ലോകത്ത് മനുഷ്യന് ജീവിയ്ക്കണമെങ്കില്‍ മണ്ണ് , വെള്ളം , വായു പോലെ തന്നെ ഒരവശ്യവസ്തുവാണ് ഇന്ധനം.  അത് ഇല്ലാതെ ഒരു മിനിറ്റ് ലോകത്തിന് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഇന്ന് സ്വര്‍ണ്ണത്തിന് എന്താ വില? ഒരു കാലത്ത് നിലവിലുള്ള എണ്ണശേഖരം കുറയുമ്പോള്‍ പെട്രോളിനും സ്വര്‍ണ്ണത്തേക്കാളും വിലയുണ്ടാ‍വും.  പെട്രോളിന് പകരം വയ്ക്കാവുന്ന ഇന്ധനം ഇനിയും കണ്ടുപിടിച്ചിട്ടില്ല.   പെട്രോളിനേക്കാളും പ്രധാനമാണ് വിദ്യുച്ഛക്തി. ലോകത്ത് ആവശ്യമായ വിദ്യുച്ഛക്തി ഇപ്പോഴും ഉല്പാദിപ്പിക്കാന്‍ കഴിയുന്നില്ല.  പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കാത്ത മാര്‍ഗ്ഗം എന്ന നിലയിലാണ് ആണവവൈദ്യുതനിലയങ്ങള്‍ പ്രചാരത്തില്‍ വന്നത്. അണുവില്‍ ഉള്ള അപരിമിതമായ ഊര്‍ജ്ജമാണ് ഇവിടെ വൈദ്യുതോല്പാദനത്തിന് ഉപയുക്തമാകുന്നത്.

ആണവവൈദ്യുതനിലയങ്ങള്‍ക്ക് അപകടം സംഭവിക്കാം. അപ്പോഴും അതൊരു പ്രോബബിലിറ്റി അഥവാ സംഭവ്യം മാത്രമാണ്. എന്നാല്‍ വിദ്യുച്ഛക്തിയുടെ ദൌര്‍ലഭ്യം ഒരു യാഥാര്‍ത്ഥ്യമാണ്. ഇക്കാലത്ത് വിദ്യുച്ഛക്തി ഇല്ലെങ്കില്‍ കൃഷി പോലും നടക്കില്ല. അപ്പോള്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും?  നമ്മുടെ വൈദ്യുതോല്പാ‍ദനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് റഷ്യയുടെ സഹകരണത്തോടെ കൂടംകുളത്ത് ആണവവൈദ്യുതി നിലയം സ്ഥാപിക്കാനുള്ള പദ്ധതി തുടങ്ങിയത്. ഇതിനകം ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ആണവവൈദ്യുതനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. (ചിത്രം കാണുക).

അത്കൊണ്ടാണ് ഒരു പരിധി വരെ നമ്മുടെ വിദ്യുച്ഛക്തി ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു പോരുന്നത്. അതൊക്കെ ഉപേക്ഷിക്കണമെന്നോ ഉല്പാദനം നിര്‍ത്തിവെക്കണമെന്നോ നമുക്ക് ആലോചിക്കാന്‍ പോലും ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമല്ല. കൂടംകുളത്ത് മാത്രമല്ല കല്പാക്കത്തും താരാപ്പൂറിലും ഒക്കെ ജനങ്ങള്‍ താമസിക്കുന്നുണ്ട്. കൂടംകുളത്തെ ഇടിന്തകരയിലെ ജനങ്ങള്‍ ഭയപ്പെടുന്നതിന് ഒരര്‍ത്ഥമുണ്ട്. കേരളത്തില്‍ നിന്ന് കൂടംകുളത്തെക്ക് ആണവവിരുദ്ധയാത്ര പോകുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.

ആണവവൈദ്യുതനിലയങ്ങള്‍ക്ക് പകരം പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ ഉണ്ടല്ലോ എന്നാണ് ആണവ വിരുദ്ധര്‍ പറയുന്നത്. കാറ്റ്, കടലിലെ തിരമാല, സൌരോര്‍ജ്ജം എന്നിവയാണ് ചൂണ്ടിക്കാട്ടുന്നത്. സംഗതി ഇത്ര എളുപ്പമായിരുന്നെങ്കില്‍ അപകടസാധ്യത ഉണ്ടെന്ന് പറയുന്ന ആണവനിലയങ്ങളുടെ പിന്നാലെ ആരെങ്കിലും പോകുമോ? മാത്രമല്ല  എന്തെല്ലാം പൊല്ലാപ്പുകളാണ് ഒരു ആണവ നിലയം സ്ഥാപിക്കാന്‍ വേണ്ടി തരണം ചെയ്യേണ്ടത്. നമ്മുടെ കൈയില്‍ സമ്പുഷ്ടയുറേനിയം ആവശ്യത്തിന് ഇല്ല. ഹെവിവാട്ടര്‍ എന്ന് പറയുന്ന ഘനജലം ഇല്ല. കൂടാതെ സാങ്കേതിക വിദ്യയും അപര്യാപ്തം. അത്കൊണ്ടാണ് റഷ്യയുടെ സഹായം തേടേണ്ടി വരുന്നതും ആണവക്കരാറില്‍ ഒപ്പ് വെക്കേണ്ടി വന്നതും.

ഇവിടെയാ‍ണെങ്കില്‍ ഇപ്പറഞ്ഞ കാറ്റും തിരമാലയും സൂര്യപ്രകാശവും സമൃദ്ധമായി ഉണ്ട് താനും.  കുഴപ്പം എവിടെയാണെന്ന് വെച്ചാല്‍ ഈ പറയുന്ന സ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ടെക്നോളജി ഇനിയും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. വികസിതരാജ്യങ്ങള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. പിന്നെയല്ലെ നമ്മുടെ കാര്യം. ആ ടെക്നോളജി റിസല്‍ട്ട് തരുന്നത് വരെ നമുക്ക് കാത്തിരിക്കാന്‍ പറ്റുമോ. ഇത്രയ്ക്കും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് നമുക്ക് വര്‍ദ്ധിപ്പിക്കാവുന്ന വൈദ്യുതിയുടെ അളവ് ആവശ്യമുള്ളതിന്റെ 10 ശതമാനം വരെയായിരിക്കും. ബാക്കിക്ക് എവിടെ പോകും? ഈ നിമിഷത്തിലും നാം വൈദ്യുതി ക്ഷാമത്തിലാണ് ഉള്ളത് എന്ന് ഓര്‍മ്മിക്കുക.

യുറോപ്പില്‍ ആണവവൈദ്യുതനിലയങ്ങളെ പറ്റി വീണ്ടുവിചാരങ്ങള്‍ ഉണ്ടെങ്കിലും ജര്‍മ്മനി മാത്രമാണ് അത് ഉപേക്ഷിക്കാന്‍ തയ്യാറാവുന്നത്.  അതില്‍ പക്ഷെ ഒരു വിരോധാഭാസമുണ്ട്. ആവശ്യമുള്ള വൈദ്യുതി ജര്‍മ്മനി ഫ്രാന്‍സില്‍ നിന്ന് വാങ്ങും. ഏറ്റവും കൂടുതല്‍ ആണവവൈദ്യുതനിലയങ്ങള്‍ ഉള്ളത് ഫ്രാന്‍സിലാണ്.  വൈദ്യുതി മാത്രമല്ല, നിലക്കരിയും പ്രകൃതിവാതകവും ഒക്കെ അയല്‍ രാജ്യങ്ങളില്‍ നിന്ന് വാങ്ങും.  ജര്‍മ്മനിയുടെ ചുറ്റും വികസിതരാജ്യങ്ങളാണ്. അവരൊക്കെ പരസ്പരം സഹായിക്കും.  നമ്മുടെ ചുറ്റും നമ്മേക്കാളും ദരിദ്രമായ രാജ്യങ്ങളാണ് ഉള്ളത്. അതും തക്കം കിട്ടിയാല്‍ ഉപദ്രവിക്കാന്‍ കാത്തിരിക്കുന്നവര്‍.

അപ്പോള്‍ ഇതാണ് നമ്മുടെ വര്‍ത്തമാ‍ന കാല അവസ്ഥ. ഇത് കണക്കിലെടുത്തിട്ട് വേണം കൂടംകുളം സമരത്തെ പറ്റി നമ്മള്‍ അഭിപ്രായം രൂപീകരിക്കേണ്ടത്. പരിസ്ഥിതിവാദികള്‍ക്ക് ചുമ്മാ പദയാത്ര നടത്തിയാല്‍ മതി. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് പോംവഴികള്‍ കണ്ടെത്തണമല്ലൊ. തമിഴ്നാട്ടില്‍ തന്നെ ഇപ്പോള്‍ കടുത്ത വൈദ്യുതിക്ഷാമമാണ്.  അവിടെ വെള്ളവും വൈദ്യുതിയും ഉണ്ടെങ്കില്‍ മാത്രമേ നാം മലയാളികള്‍ക്ക് എന്തെങ്കിലും വെച്ചു വിളമ്പി തിന്നാന്‍ ഒക്കുകയുള്ളൂ. ഇക്കാര്യവും കൂടംകുള ഐക്യദാര്‍ഢ്യയാത്രക്കാര്‍ പരിഗണിക്കണം. തമിഴ്നാട്ടിലെ കാറ്റാടിനിലയങ്ങളില്‍ നിന്ന് കാറ്റിന്റെ കുറവ് കൊണ്ട് പ്രതീക്ഷിച്ച വൈദ്യുതി ഇപ്പോള്‍ ലഭിക്കുന്നുമില്ലത്രെ. 


നാടിന്റെ പോക്ക് എങ്ങോട്ട് ?

സാമ്പത്തിക മാനദണ്ഡങ്ങള്‍ വെച്ച് നോക്കുമ്പോള്‍ കേരളം വളരുകയാണ്. സമ്പന്നതയുടെ ചിലരൂപങ്ങള്‍ എങ്ങും കാണാനുണ്ട്. അംബരചുംബികളായ കെട്ടിടങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, വിവിധ വലിപ്പത്തിലുള്ള ആഡംബരക്കാറുകളുടെ എണ്ണപ്പെരുപ്പം, കൊട്ടാരസമാനമായ വീടുകള്‍, കുടിച്ച് സുഖിക്കുന്നതിന് ഗ്രാമ – നഗര ഭേദമന്യേ സ്റ്റാര്‍ ഹോട്ടലുകള്‍, സമ്പന്നര്‍ക്കുവേണ്ടിയുള്ള സ്റ്റാര്‍ സ്കൂളുകള്‍, സ്റ്റാര്‍ കോളേജുകള്‍, സ്റ്റാര്‍ ഹോസ്പിറ്റലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഉപഭോഗഭ്രാന്ത് പിടിച്ച ഒരു കൂട്ടം ജനങ്ങള്‍, വിദേശത്തുനിന്നു വരുന്ന പണംകൊണ്ടാണെങ്കിലും, സ്വദേശത്തെ ബ്രോക്കര്‍ ബിസിനസ്സ് കൊണ്ടാണെങ്കിലും, സമ്പന്നതയുടെ ഒരു വിളയാട്ടം കേരത്തിലെങ്ങും കാണാം.

പക്ഷേ, ഈ ബാഹ്യവികസനം ഉള്ള് പൊള്ളയായതാണ് എന്ന് മാത്രമല്ല, മനുഷ്യന്റെ സുസ്ഥിരവും തുല്യതയാര്‍ന്നതുമായ വികസനമുന്നേറ്റങ്ങള്‍ക്ക് വിഘാതവുമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന രാഷ്ട്രീയ പ്രസ്ഥനങ്ങളും മുന്നോട്ടുവെച്ച വികസന സങ്കല്‍പങ്ങള്‍ക്ക് കടക വിരുദ്ധവുമാണിത്.

അശാസ്ത്രീയ ഭൂ ഉപയോഗം നിമിത്തം, കൃഷിയും ഭക്ഷ്യസുരക്ഷയും അപകടകരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.  ഭൂമി ഉത്പാദനോപാധി എന്ന നിലയില്‍ നിന്നും കേവലം വില്പന ചരക്കാകുന്നു. വീട് പാര്‍ക്കാനുള്ള ഇടത്തിനപ്പുറം ഊഹക്കച്ചവടത്തിനുള്ള ഉപാധിയാകുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കൈകളിലേക്ക് ഉത്പാദനോപാധികള്‍ എത്തിച്ചേരുന്നു. പ്രകൃതി സമ്പത്തിനെ ന്യായമായ രീതിയില്‍ ഉപയോഗിക്കുന്നതിന് പകരം, അത് ഒരു കൊള്ളവസ്തുവാക്കുന്നു.

സാമൂഹ്യബോധത്തില്‍ നിന്ന് വ്യക്തിഗതബോധത്തിലേക്ക് ജനങ്ങള്‍ തരം താഴുന്നു. ഇതുമൂലം രോഗാതുരത, മലിനമായ ജീവിതസാഹചര്യങ്ങള്‍, മനുഷിക മൂല്യങ്ങളും ഭാഷയും, സംസ്കാരവും നഷ്ടപ്പെടുന്ന സാഹചര്യം, വായനയില്‍ നിന്നും യുക്തിചിന്തയില്‍ നിന്നുമുള്ള അന്യവല്‍ക്കരണം, തുടങ്ങയവയ്ക് സമൂഹത്തില്‍ മേല്‍ക്കോയ്മ ലഭിക്കുന്നു. എന്തുചെയ്തും പണം ഉണ്ടാക്കണം എന്ന ചിന്ത പ്രബലമായിരിക്കുന്നു.

മേല്‍ക്കാണുന്നത് ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന “ വേണം മറ്റൊരു കേരളം” എന്ന ക്യാമ്പയിന്റെ ലഘുലേഖയിലെ കുറിപ്പാണ്.  കേരളം എന്ന നാട് മലയാളികള്‍ക്ക് പ്രിയപ്പെട്ട മണ്ണാണ്. അത്കൊണ്ടാണ് ലോകത്ത് എവിടെ പോയി താമസമുറപ്പിച്ചാലും മലയാളി സ്വന്തം നാട്ടില്‍ വീട് പണിയുന്നത്. എന്നെങ്കിലും ജനിച്ച നാട്ടില്‍ വരേണ്ടേ എന്നാണ് ഓരോ പ്രവാസി മലയാളിയും കരുതുന്നത്.  ഇത്കൊണ്ടൊക്കെ ഫലത്തില്‍ , കേരളത്തില്‍ കുറേ പണം വരുന്നുണ്ട്. ആ പണം ഉപയോഗിച്ച് കണ്‍സ്ട്രക്‍ഷന്‍ മാത്രമാണ് നടക്കുന്നത്. മറ്റൊരു ജോലിക്കും ആളെ കിട്ടാനില്ല. കെട്ടിടങ്ങള്‍ കഴിഞ്ഞ് ബാക്കിയുള്ള സ്ഥലം വെറുതെ കിടക്കുകയാണ്.

കണ്‍സ്ട്രക്‍ഷന്‍ ജോലിക്ക് ബംഗാളില്‍ നിന്നും മറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്ക് ആളുകള്‍ വരുന്നുണ്ട്. മണ്ണില്‍ മറ്റ് പണികള്‍ എടുക്കാന്‍ ആരുമില്ല.  അഥവാ ഒരാളെ കിട്ടിയാലും അയാള്‍ കാട്ടിക്കൂട്ടി ഒപ്പിച്ച് തോന്നിയ പോലെ കൂലി വാങ്ങും.  ഞാന്‍ താമസിക്കുന്ന വീട്ടില്‍ നാലു തെങ്ങിന്റെ മൂട് തുറന്ന് വളം ഇടാന്‍ വേണ്ടി ഒരാളെ വിളിച്ചു. അയാള്‍ നാല് തെങ്ങിന്റെ ചുറ്റും ചെറുതായി മാന്തി കുഴി പോലെ ഒന്ന് ആക്കിയിട്ട് എന്നോട് 500രൂപയാണ് വാങ്ങിയത്.  പിറ്റേന്ന് ഞാന്‍ തന്നെ വളമൊക്കെ ഇട്ട് കുഴി മൂടി. ഇതാണ് അവസ്ഥ.  നാട്ടില്‍ എന്തെങ്കിലും പണിയെടുക്കുന്നവര്‍ എടുപ്പിക്കുന്നവരെ പിടിച്ചു പറിക്കുകയാണ്.

ഒരു ഉദാഹരണം പറയാം. പണിക്ക് ആവശ്യമായ എന്തെങ്കിലും സാധനം വാങ്ങണമെങ്കില്‍ അവരാണ് വാങ്ങിക്കൊണ്ട് വരിക. അതിന്റെ വില എം.ആര്‍.പി.യില്‍ കാണിക്കുന്നുണ്ടെങ്കില്‍ അവരത് ചുരണ്ടിക്കളയും. ഇങ്ങനെ വാങ്ങുന്ന പൈസ അത്രയും വെള്ളം കുടിച്ചു കളയാനാണ് അവര്‍ ഉപയോഗിക്കുന്നത്.  ആ കാശ് കൊണ്ട് അവര്‍ക്കും പ്രയോജനമില്ല എന്നര്‍ത്ഥം.  നേരിയൊരു തലകറക്കം ഉണ്ടാവുന്നു എന്നതാണ് വെള്ളം കുടിയിലെ ഒരേയൊരു എഫക്ട്. നോക്കണം, ആ തലകറക്കത്തിനാണ് കേരളത്തിലെ പണം മുഴുവന്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്.

നമ്മുടെ സാംസ്കാരിക രംഗം നോക്കൂ. എത്ര വരണ്ടുപോയി.  രാഷ്ട്രീയമാണെങ്കില്‍ അധ:പതനത്തിന്റെ നെല്ലിപടിയിലാണ്.  അലക്കിത്തേച്ച് വടി പോലത്തെ കുപ്പായവുമിട്ട് സുന്ദരക്കുട്ടപ്പന്മാരായി വിലസുന്ന രാഷ്ട്രീയക്കാര്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന എന്തെങ്കിലും പ്രശ്നം സംസാരിക്കുന്നുണ്ടോ?  ഇവന്മാരൊക്കെ ഇങ്ങനെ വിലസി ജീവിക്കുമ്പോള്‍ സമൂഹത്തിന് തിരിച്ചു നല്‍കുന്നത് എന്ത് എന്ന് ആലോചിട്ടുണ്ടോ? പക, വിദ്വേഷം, വെറുപ്പ് ഇത്യാദി മൃഗീയഗുണങ്ങള്‍ മാത്രം.  പത്രങ്ങളില്‍ അച്ചടിച്ചു വരുന്ന ഇവന്മാരുടെ വാക്കുകള്‍ക്ക് ജല്പനങ്ങള്‍ എന്നതിലപ്പുറം എന്തെങ്കിലും മൂല്യമുണ്ടോ?

ആകമാനം തകര്‍ന്ന് നാശകോശമായ സാമൂഹ്യസാഹചര്യമാണ് ഇവിടെയുള്ളത്. ആര്‍ക്കും ആരോടും സ്നേഹമോ ആത്മാര്‍ത്ഥതയോ ഇല്ല. എങ്ങനെയും എവിടെ പോയും പണം സമ്പാദിക്കണം എന്ന് മാത്രം. എന്നിട്ട് ഈ പണം കൊണ്ട് എന്താണ് ചെയ്യുന്നത്?  ചുമ്മാ ധൂര്‍ത്ത്. അല്ലാതെ മറ്റെന്ത്? ജീവിതനിലവാരം കൂടിയോ? നൂറ് രൂപ ചെലവാക്കേണ്ടിടത്ത് ആയിരം രൂപ ചെലവാക്കുന്നു.  കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിലേ അയയ്ക്കാന്‍ പറ്റൂ. അതും വാഹനത്തിലേ പോകാന്‍ പറ്റൂ. എന്നിട്ടെന്താ വിദ്യാഭ്യാസത്തിന്റെ നിലവാരം കൂടിയോ?

സമൂഹത്തിന്റെ നിര്‍മ്മിതിക്ക് ആവശ്യമായ ഊടും പാവും നെയ്തെടുക്കുന്ന ആ ഒരു ഡിസൈന്‍ തെറ്റിപ്പോയിരിക്കുന്നു. ഒരു തരം അരാജകത്വം.  ഒരു നാട്ടില്‍ , ആ നാടിന് വേണ്ടി പണിയെടുക്കാന്‍ ആവശ്യമായ പണിക്കാര്‍ ഇല്ലെങ്കില്‍ ആ നാട് എങ്ങനെയാണ് മുന്നോട്ട് പോവുക?  എന്ത് ജോലിയും പുറത്ത് പോയി മാത്രമേ എടുക്കൂ, നാട്ടില്‍ പണി എടുക്കുന്നത് അപമാനമാണ് എന്നൊരു തൊഴില്‍ സംസ്കാരം നിലനിന്നാല്‍ ആ നാടിന് എങ്ങനെയാണ് മുന്നോട്ട് പോകാന്‍ കഴിയുക?  നാട് വിട്ട് പ്രവാസിയായി കുറെ പണം ഉണ്ടാക്കിയാല്‍ ആ പണം കൊണ്ട് ജീവിതമോ നഷ്ടപ്പെടുന്ന കുടുംബജീവിതത്തിന്റെ അനര്‍ഘ നിമിഷങ്ങളോ വിലയ്ക്ക് വാങ്ങാന്‍ പറ്റുമോ?

മക്കളെ എന്ത് ത്യാഗം സഹിച്ചും പഠിപ്പിച്ച് ,  കുടുതല്‍ പണവും സൌകര്യങ്ങളും കിട്ടാന്‍ വേണ്ടി വിദൂരങ്ങളിലേക്ക് അയക്കുന്ന രക്ഷിതാക്കള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അവിവേകമാണ് ചെയ്യുന്നത് എന്ന് തോന്നുന്നു.  കഴിയുന്നതും  എല്ലാവരും ഒരുമിച്ച് ജീവിച്ച് ഇല്ലായ്മയും വല്ലായ്മയും പങ്കിടുന്നതില്‍ ഒരു സാന്ത്വനവും സുഖവും ഉണ്ട് എന്നാണ് എന്റെ തോന്നല്‍.  അല്ലെങ്കില്‍ വാര്‍ദ്ധക്യം അരക്ഷിതവും വേദനാജനകവുമാകും.  സ്വന്തം അധ്വാനശേഷി സ്വന്തം നാട്ടില്‍ പ്രയോജനപ്പെടുത്തി അങ്ങനെ നാടും കുടുംബവും പുരോഗതി പ്രാപിക്കുന്നതാണ് ഏറ്റവും അഭിലഷണീയമായ സാമൂഹ്യസാഹചര്യം.  നമ്മുടെ നാട്ടില്‍ എല്ലാ കൈത്തൊഴിലുകളും അപ്രത്യക്ഷമായി വരുന്നു. പുറമേക്ക് നോക്കുമ്പോള്‍ എല്ലാം വളരെ സുന്ദരം. പക്ഷെ ഉള്ള് പൊള്ളയായ , അനുദിനം ജീര്‍ണ്ണിച്ച് വരുന്ന ഒരു സമൂഹമാണ് നമ്മുടേത്.  ഇവിടെ നാളെ മനുഷ്യര്‍ക്ക് ജീവിയ്ക്കാന്‍ പറ്റുമോ എന്നറിയില്ല.

ഹോമിയോപ്പതി ഒരു വട്ട് സിദ്ധാന്തം

ഹോമിയോപ്പതിയെ എതിര്‍ത്താല്‍ കോടതിയലക്ഷ്യമാകുമോ എന്നറിയില്ല.  ആളുകളുടെ തെറി വാങ്ങിക്കൂട്ടേണ്ടി വരും എന്ന് ഉറപ്പ്. ഇന്ന് ഹോമിയോപ്പതിയില്‍ വിശ്വസിക്കാത്ത ആരും കേരളത്തില്‍ ഇല്ല. അത്കൊണ്ട് തന്നെ ഹോമിയോപ്പതിയെ എതിര്‍ക്കുമ്പോള്‍ അത് വ്യക്തിപരമായാണ് എടുക്കുക. ഇന്ന് എല്ലാ വിശ്വാസങ്ങളുടെയും അവസ്ഥ അതാണ്. ഒരു വിശ്വാസിക്ക് അയാളുടെ വിശ്വാസം സ്വന്തം ജീവനെ പോലെയാണ്. ആ വിശ്വാസത്തെ ആര് എതിര്‍ക്കുന്നുവോ ആ എതിര്‍ക്കുന്നയാളെ തന്റെ ശത്രുവായിക്കാണും.  ആളുകളില്‍ വിവേകം നശിക്കുകയും വിശ്വാസത്തിന് ബലം കൂടുകയും ചെയ്ത ഈ കാലത്തിന്റെ പ്രത്യേകതയാണിത്. എതിര്‍വിശ്വാസങ്ങളെ താങ്ങാനുള്ള കെല്പ് ആളുകള്‍ക്ക് ഇല്ല. ഒന്നും കഴിഞ്ഞില്ലെങ്കില്‍ നാല് തെറിയെങ്കിലും പറഞ്ഞേ അടങ്ങൂ.  കേരളത്തില്‍ ഹോമിയോപ്പതിയെ എതിര്‍ക്കണമെങ്കില്‍ അസാമാന്യമായ ധൈര്യം വേണം. അത്രയ്ക്കാണ് ഹോമിയോ വിശ്വാസത്തിന്റെ കടുപ്പം.

എന്താണ് ഹോമിയോപ്പതി ചികിത്സയുടെ അടിസ്ഥാനം.  എന്തെങ്കിലും ഒരു രോഗവുമായി ഒരു രോഗി ഹോമിയോപ്പതി ഭിഷഗ്വരനെ സമീപിക്കുന്നു. തന്റെ മുന്‍പില്‍ ഇരിക്കുന്ന രോഗിയോട് എന്തെല്ലാമാണ് ലക്ഷണങ്ങള്‍ എന്ന് ഭിഷഗ്വരന്‍ ചോദിക്കുന്നു.  തന്റെ പ്രയാസങ്ങള്‍ എല്ലാം രോഗി വിവരിക്കുന്നു.  ആ ലക്ഷണങ്ങളെല്ലാം മനസ്സിലാക്കി , അതേ ലക്ഷണങ്ങള്‍ ആ രോഗിയില്‍ വീണ്ടും ഉണ്ടാക്കാന്‍ വേണ്ടി ഹോമിയോ മരുന്നു കൊടുക്കുന്നു.  ആ മരുന്നു കഴിച്ചു കഴിയുമ്പോള്‍ ആ രോഗിക്ക് സ്വതവേ ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ വീണ്ടും ഉണ്ടാവുകയും അങ്ങനെ മരുന്നിനാല്‍ ഉണ്ടാക്കപ്പെട്ട ലക്ഷണങ്ങള്‍ ആദ്യത്തെ ലക്ഷണങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. ഇതിനാണ് സമാനമായത് സമാനമായതിനെ നശിപ്പിക്കും എന്നു പറയുക പോലും. ഇതാണ് ഹോമിയോപ്പതിയുടെ സിദ്ധാന്തം.  അത്കൊണ്ടാണ് ഈ സിദ്ധാന്തത്തിന് ഹോമിയോപതി എന്ന് ശാമുവല്‍ ഹാനിമാന്‍ പേരിട്ടത്.  ഇതാണ് ശരിയായ ചികിത്സാശാസ്ത്രം എന്നും ഹാനിമാന്‍ പറയുന്നു.  ഹോമിയോപ്പതിക്ക് എതിരായ, തെറ്റായ ചികിത്സക്ക് അദ്ദേഹം ഇട്ട പേരാണ് അലോപ്പതി എന്ന്.  മോഡേണ്‍‌മെഡിസിനെ അലോപ്പതി എന്ന് പലരും പറയുന്നത് ഈ വസ്തുത അറിയാതെയാണ്. തന്റെ ചികിത്സാക്രമത്തിന് ഹോമിയോപ്പതി എന്ന് പേരിട്ടതും തന്റേതിന് എതിരായ ചികിത്സയ്ക്ക് അലോപ്പതി എന്ന് പേര്‍ വിളിച്ചതും ഹാനിമാന്‍ തന്നെ.

ലോകത്തുള്ള എല്ലാ രോഗങ്ങള്‍ക്കും മരുന്ന് ഹോമിയോപ്പതിയില്‍ ഉണ്ട് എന്ന് ഹോമിയോപ്പതി ഭിഷഗ്വരന്മാര്‍ അവകാശപ്പെടാനുള്ള കാരണം, രോഗിക്ക് രോഗലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുക എന്നും അതേ ലക്ഷണം തങ്ങള്‍ കൊടുക്കുന്ന മരുന്ന് കൊണ്ട് രോഗിയില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും  ഒരു ലക്ഷണത്തെ അതേ ലക്ഷണം ഇല്ലാതാക്കും എന്ന് വിശ്വസിക്കുന്നത്കൊണ്ടാണ്. ആര് എന്ത് തെറി പറഞ്ഞാലും ഈ വിശ്വാസത്തെ വട്ട് എന്നേ ഞാന്‍ പറയൂ. അത്കൊണ്ടാണ് ഹോമിയോപ്പതി ഒരു വട്ട് സിദ്ധാന്തം എന്ന് ഞാന്‍ പറയുന്നത്. സര്‍വ്വരോഗങ്ങളും മാറ്റാന്‍ എന്ത് എളുപ്പമാണ് ഹോമിയോപ്പതി ഭിഷഗ്വരന്മാര്‍ക്ക്.  ആകെ വേണ്ടത് ഗ്ലൂക്കോസ് ഗുളിക. ആ ഗുളികയില്‍ രോഗിയുടെ ലക്ഷണങ്ങള്‍ക്കൊത്ത പോട്ടന്‍ഷ്യല്‍ ക്രമീകരിച്ച മദര്‍ ടിങ്ചര്‍ കലര്‍ത്തിക്കൊടുക്കുക. രോഗം എന്തായാലും ക്ലോസ്. ഇന്നത്തെ കാ‍ലത്ത് ഈ രോഗലക്ഷണങ്ങള്‍ വിശകലനം ചെയ്യാനും ഹോമിയോ മദര്‍ ടിങ്ചറിന്റെ പോട്ടന്‍ഷ്യല്‍ നിര്‍ണ്ണയിക്കാനും ഹോമിയോപ്പതിക്കാര്‍ സോഫ്റ്റ്‌വേറും തയ്യാറാക്കിയിട്ടുണ്ട്.  ഒരു ലാപ്‌ടോപ്പും കുറെ ഗ്ലൂക്കോസ് ഗുളികകളും മദര്‍ ടിങ്ചറുമുണ്ടായാല്‍ എല്ലാ രോഗങ്ങളും മാറ്റാം. മദര്‍ടിങ്ചര്‍ എന്നു പറയുമ്പോള്‍ പ്രകൃതിദത്തമായ അസംസ്ക്കൃതപദാര്‍ത്ഥങ്ങളില്‍ നിന്ന് 3000ത്തോളം മരുന്നുകള്‍ തങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട് എന്ന് ഹോമിയോക്കാര്‍ അവകാശപ്പെടുന്നുണ്ട്.

അതെന്തോ ആകട്ടെ, അക്കണ്ട മരുന്നുകളൊക്കെ രോഗിയില്‍ സമാനലക്ഷണങ്ങള്‍ ഉണ്ടാക്കാനല്ലേ? രോഗാണുക്കളായ ബാക്റ്റീരിയകള്‍ , വൈറസ്സുകള്‍ മുതലായ സൂക്ഷ്മജീവികള്‍ ഉണ്ടെന്നും ആ അണുക്കളാണ് രോഗങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് ഇന്ന് നമുക്ക് അറിയാം. ഇക്കാര്യം ഇന്നത്തെ ഹോമിയോ ഭിഷഗ്വരന്മാര്‍ക്കും അറിയാം. പക്ഷെ ഹാനിമാന്റെ തീയറി പ്രകാരം , ആ രോഗാണുക്കളെ നശിപ്പിക്കാനുള്ള ആന്റി ബയോട്ടിക്ക് മരുന്നുകള്‍ ഹോമിയോപ്പതിയില്‍ കൊടുക്കാന്‍ പാടില്ല. രോഗാണുക്കളാണ് രോഗങ്ങള്‍ക്ക് കാരണം എന്ന് അംഗീകരിക്കലായി പോകും അത്. അങ്ങനെ അംഗീകരിച്ചാല്‍ ഹോമിയോപ്പതിക്ക് എന്ത് പ്രസക്തി?  അത്കൊണ്ട് സമര്‍ത്ഥരായ ഹോമിയോപ്പതിക്കാര്‍ ഞങ്ങളുടെ കൈയില്‍ പ്രതിരോധമരുന്നുകള്‍ ഉണ്ടെന്നാണ് പറയുക. അതും ഇപ്പറഞ്ഞ പഞ്ചാ‍രഗുളികയും മദര്‍ടിങ്ചറും തന്നെയാണ്.

പ്രതിരോധ ശേഷി നശിക്കുന്നത്കൊണ്ടാണ് രോഗങ്ങള്‍ ഉണ്ടാകുന്നത് എന്നും അത്കൊണ്ട് പ്രതിരോധശേഷി വീണ്ടെടുത്താല്‍ രോഗങ്ങള്‍ മാറുമെന്നും ,  പ്രതിരോധശേഷിക്കാണ് ഞങ്ങളുടെ മരുന്ന് എന്നും ഇക്കാലത്തെ ഹോമിയോ ഭിഷഗ്വരന്മാര്‍ അവകാശപ്പെടുന്നു. അതായത് രോഗം എത്ര മൂര്‍ച്ഛിച്ചാലും അവരുടെ കൈയിലുള്ള വിദ്യകള്‍ രണ്ടാണ്. ഒന്ന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കി മാറ്റുക , മറ്റേത് പ്രതിരോധശേഷി വീണ്ടെടുത്ത് മാറ്റുക. രണ്ടിനും ഗ്ലൂക്കോസ് ഗുളികയും മദര്‍‌ടിങ്ചറും മാത്രം. ഇതില്‍ ഗ്ലൂക്കോസ് ഗുളികയുടെ ആവശ്യം വരുന്നത് ഏതാണ്ട് സ്പിരിറ്റിന്റെ ഒരു മാതിരി ഗന്ധം വരുന്ന മദര്‍ ടിങ്ചര്‍ നേരിട്ട് അകത്താക്കാന്‍ വിഷമമായത്കൊണ്ടായിരിക്കും. അല്ലാതെ ഗ്ഗ്ലൂക്കോസ് ഗുളിക മരുന്നായി അവര്‍ കാണുന്നില്ല. ചുരുക്കത്തില്‍ മദര്‍ ടിങ്ചറില്‍ ക്രമീകരിച്ചിരിക്കുന്ന പോട്ടന്‍ഷ്യല്‍ ആണ് സര്‍വ്വരോഗസംഹാരി.  ഒരു പാ‍ര്‍ശ്വഫലവും ഇല്ല എന്നാണ് പറയുന്നത്. ഏത് ഫലവും ഉണ്ടാക്കുന്ന ഒന്ന് തീര്‍ച്ചയാ‍യും പാര്‍ശ്വഫലവും ഉണ്ടാക്കും. ഇതൊരു സിമ്പിള്‍ ലോജിക്കാണ്. ഫലം ഉപകാരവും പാര്‍ശ്വഫലം നിരുപദ്രവവുമാകാമല്ലൊ.  പാര്‍ശ്വഫലം ഒന്നും ഉണ്ടാക്കാത്ത ഒന്ന് യാതൊരു ഫലവും ഉണ്ടാക്കുകയില്ല എന്ന് ആലോചിച്ചാല്‍ മനസ്സിലാകും.

മോഡേണ്‍ മെഡിസിന്‍ തിയറി പ്രകാരം രോഗങ്ങള്‍ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് വസ്തുനിഷ്ടമായി കണ്ടുപിടിക്കുന്നു. അസംഖ്യം രോഗാണുക്കള്‍ കൊണ്ട് രോഗങ്ങള്‍ ഉണ്ടാകാം. ജന്മനാ ഉള്ള വൈകല്യങ്ങള്‍ കൊണ്ടാകാം. ഇങ്ങനെ നിരവധി കാരണങ്ങളാല്‍ രോഗങ്ങള്‍ ഉണ്ടാകാം. ഒരുവകപ്പെട്ട രോഗാ‍ണുക്കളെയെല്ലാം നശിപ്പിക്കാന്‍ പര്യാപ്തമായ ആന്റിബയോട്ടിക്ക് മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ആന്റിബയോട്ടിക്ക് മരുന്നുകളുടെ കണ്ടുപിടുത്തത്തോടെയാണ് ഇന്ന് കാണുന്ന ആരോഗ്യകരമായ അവസ്ഥ ഉണ്ടായത്. ശരീരത്തില്‍ പ്രവേശിച്ച് അനുനിമിഷം പെറ്റുപെരുകുന്ന രോഗാണുക്കളെ നശിപ്പിക്കുകയാണ് ആന്റിബയോട്ടിക്ക് മരുന്നുകള്‍ ചെയ്യുന്ന ഫലം. അതിനോടനുബന്ധിച്ച് ഉണ്ടാകുമെന്ന് പറയുന്ന പാര്‍ശ്വഫലം ആര്‍ക്കാണ് ദോഷം വരുത്തുന്നത്?  എവിടെയെങ്കിലും ഒറ്റപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിരിക്കാം. എന്നാലും ഇക്കണ്ട രോഗികള്‍ ഒക്കെ ആന്റിബയോട്ടിക്ക് മരുന്നുകള്‍ കൊണ്ട് രോഗവിമുക്തി പ്രാപിച്ചില്ലേ? പാര്‍ശ്വഫലങ്ങളെ ഭയന്ന് ആന്റി ബയോട്ടിക്ക് മരുന്നുകള്‍ ഉപേക്ഷിച്ചാല്‍ രോഗാണുക്കള്‍ രോഗിയെ വെറുതെ വിടുമോ? ഹോമിയോക്കാരന് പ്രതിരോധശേഷി വീണ്ടെടുത്ത്കൊടുക്കാന്‍ കഴിയുമോ?

ഇത്രയും ബഹുലമായ സജ്ജീകരണങ്ങളും,  ഉപകരണങ്ങളും ,  പരിശോധനാ മാര്‍ഗ്ഗങ്ങളും , മരുന്നുകളും, പ്രതിരോധ വാകിസിനേഷനുകളും ലോകമെങ്ങും  അനുസ്യൂതം നടക്കുന്ന നിരന്തര ഗവേഷണങ്ങളും ഒക്കെ അലോപ്പതിയാണ്,  അത് തെറ്റാണ്, ശരി എന്നത് ജര്‍മ്മനിക്കാരന്‍ ശാമുവല്‍ ഹാനിമാന്‍ എന്ന ഒറ്റ വ്യക്തി കണ്ടുപിടിച്ച ഹോമിയോപ്പതിയാണ് എന്ന് ഈ കാലത്തും ആളുകള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനാവൂ.  പക്ഷെ ആളുകള്‍ ഇതൊന്നും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം.  ചിന്തിക്കുക എന്ന പരിപാടിയേ ഇപ്പോള്‍ ഇല്ല എന്ന് തോന്നുന്നു. ഹോമിയോപ്പതിയുടെ ഈ അടിസ്ഥാനപരമായ വസ്തുത അധികമാളുകള്‍ക്കുമറിയില്ല.  ലേശമെങ്കിലും ചിന്തിക്കുമായിരുന്നെങ്കില്‍ ഗ്ലൂക്കോസ് ഗുളികയില്‍ കലര്‍ത്തി തരുന്ന ആ‍ ദ്രാവകം കൊണ്ട് സര്‍വ്വരോഗങ്ങളും മാറുമോ എന്ന് സംശയിക്കുകയില്ലായിരുന്നോ?  എന്തിനധികം പറയുന്നു, സമാനമായ ലക്ഷണങ്ങളെ സമാനമായ ലക്ഷണങ്ങള്‍ ഇല്ലാതാക്കും എന്നാണ് ഹോമിയോപ്പതിയുടെ അര്‍ത്ഥവും തിയറിയും എന്ന് എത്ര പേര്‍ക്ക് അറിയാം.  കോളറ ബാധിച്ച ഒരു രോഗിയില്‍ , എന്ത് സമാനമായ ലക്ഷണമാണ് ഒരു ഹോമിയോ ഭിഷഗ്വരന് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ലക്ഷണനിര്‍ണ്ണയം നടത്തി ഉണ്ടാക്കാന്‍ പറ്റുക.  മോഡേണ്‍ മെഡിസിന്‍ തെറ്റാണ് അത്കൊണ്ട് അത് അലോപ്പതിയാണ് , ശരി ഇതാ ഞാന്‍ കണ്ടുപിടിച്ചിരിക്കുന്നു , അതാണ് ഹോമിയോപ്പതി എന്ന ശാമുവല്‍ ഹാനിമാന്റെ അവകാശവാദത്തെ ഞാന്‍ പുച്ഛിച്ച് തള്ളുന്നു. മോഡേണ്‍ മെഡിസിന്‍ ഇല്ലാതെ ലോകത്തിന് ഒരു ദിവസം അതിജീവിയ്ക്കാന്‍ കഴിയില്ല എന്നും ഞാന്‍ തറപ്പിച്ചു പറയുന്നു.

നിര്‍മല്‍ മാധവും നമ്മുടെ മന:സാക്ഷിയും !


നിര്‍മല്‍ മാധവിന് സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് സര്‍ക്കാര്‍ കോളേജിലേക്ക് അഡ്മിഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് നടന്ന സമരവും അക്രമങ്ങളും ആരുടെയും മന:സാക്ഷിക്കോ മാനുഷികബോധത്തിനോ നിരക്കുന്നതല്ല. ഒരു വിദ്യാര്‍ത്ഥിയുടെ പഠനം മുടക്കാന്‍ മാത്രമായി ഒരു പ്രസ്ഥാനം അല്ലെങ്കില്‍ ഒരു സംഘടന ഇത്രയും തീഷ്ണമായി സമരത്തില്‍ ഇറങ്ങണോ ഇത്രയും ആക്രമണോത്സുകരാകണോ എന്ന് മന:സാക്ഷി പണയം വെച്ചിട്ടില്ലാത്തവര്‍ ചിന്തിക്കേണ്ടതുണ്ട്. വെറും ഒരു വിദ്യാര്‍ത്ഥി ഒരു വശത്തും ഒരു പ്രസ്ഥാനം മറുവശത്തും എന്നതാണ് ഈ സമരത്തിന്റെ പ്രത്യേകതയും അസാംഗത്യവും.  എന്തോ ആയിക്കോട്ടെ നിര്‍മല്‍ മാധവ് അവിടെ പഠിച്ച് ജീവിച്ച് പോയ്ക്കോട്ടെ എന്നൊരു മാനുഷികപരിഗണന എന്തേ ഈ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക് ഇല്ലാതെ പോകുന്നു? സമൂഹത്തെയോ ജനങ്ങളെയോ ബാധിക്കുന്ന ഒരു പ്രശ്നവും ഈ സമരത്തില്‍ ഇല്ലല്ലൊ.

കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിര്‍മല്‍ മാധവനെ കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലേക്ക് മാറ്റിയതിനെച്ചൊല്ലിയാണല്ലൊ ഇപ്പോഴത്തെ ആക്രമാസക്തമായ സമരം.  അങ്ങനെയെങ്കില്‍ ഈ സംഭവത്തിലെ മാനുഷികവശവും സമാനമായ സംഭവം ഇതിന് മുന്‍പ് നടന്നപ്പോള്‍ ആരും സമരം ചെയ്തില്ല എന്ന ഇരട്ടത്താപ്പും പ്രബുദ്ധകേരളം ഉറക്കെ ചര്‍ച്ച ചെയ്യേണ്ടതല്ലേ? കുറ്റിപ്പുറം എം.ഇ.എസ്. സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ.നേതാവുമായിരുന്ന വംശി,  എം.എസ്.എഫുമായി ഏറ്റുമുട്ടലുണ്ടായപ്പോള്‍ കത്തിക്കുത്തുകേസില്‍ പ്രതിയായി. തുടര്‍ന്ന് ആ കോളേജില്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് മന്ത്രിയായിരുന്ന എം.എ. ബേബിക്ക് അപേക്ഷ നല്‍കുകയും ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം നല്‍കുകയും ചെയ്തിട്ടുണ്ട്.

മാനുഷിക പരിഗണനയുടെ പേരില്‍ ഇതേ രീതിയില്‍ മറ്റ് ചില വിദ്യാര്‍ത്ഥികള്‍ക്കും മുന്‍‌കാലങ്ങളില്‍ ഇങ്ങനെ പ്രവേശനം നല്‍കിയിട്ടുണ്ട്. ഇന്നത്തെ സമരക്കാര്‍ക്ക് അന്നോ ഇന്നോ അതില്‍ അധാര്‍മ്മികതയോ നിയമലംഘനമോ കാണാന്‍ കഴിയുന്നില്ലല്ലൊ.  അപ്പോള്‍ സമരത്തിന് ആധാരമായ കാരണം തങ്ങള്‍ക്ക് അനഭിമതനായ നിര്‍മല്‍ മാധവനെ പഠിക്കാന്‍ അനുവിദിക്കില്ല എന്നതും ഇപ്പോള്‍ യു.ഡി.എഫ്.ആണ് ഭരിക്കുന്നത് എന്നും മാത്രമാണ്.  ഒരു വിദ്യാര്‍ത്ഥിയുടെ പ്രശ്നത്തില്‍ അതും പഠിക്കാനുള്ള അവകാശത്തിന് വേണ്ടിയല്ലാതെ പഠിപ്പ് മുടക്കാന്‍ നടത്തിയ ഈ സമരം , സമരങ്ങള്‍ക്ക് പേര്ദോഷം ഉണ്ടാക്കുന്നതാണ്. ഇങ്ങനെയും ഒരു സമരമോ എന്ന് വിവേകമുള്ളവര്‍ മൂക്കത്ത് വിരല്‍ വെച്ചുപോകും.

നിര്‍മല്‍ മാധവ് കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ ചേരുമ്പോള്‍ എസ്.എഫ്.ഐക്കാരന്‍ തന്നെയായിരുന്നു.  പിന്നെയാണ് നിര്‍മലിന്റെ കാലക്കേട് ആരംഭിക്കുന്നതും ഒന്നാം തരം വര്‍ഗ്ഗശത്രു ആകുന്നതും. ജീവിതത്തിന്റെ ഓരോ കുഴമറിച്ചല്‍ എന്നല്ലാതെ എന്ത് പറയാന്‍ !

തുടക്കം ഇങ്ങനെയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു :

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മാധവമന്ദിരത്തില്‍ എം. തങ്കച്ചന്റെയും ചന്ദ്രിയുടെയും മകന്‍ നിര്‍മല്‍ 2009ല്‍ പ്ലസ്ടുവിന് 75% മാര്‍ക്ക് നേടി ജയിച്ചു. കൊപ്രാ കച്ചവടക്കാരനായിരുന്ന തങ്കച്ചന്‍ ബൈക്ക്‌ അപകടത്തെ തുടര്‍ന്നുണ്ടായ പരിക്ക് മൂലം കച്ചവടം നിര്‍ത്തി. മങ്കലം ഹൈസ്‌കൂളില്‍ കായിക അധ്യാപികയാണ് ചന്ദ്രി. നിര്‍മലിന് എന്‍ജിനീയറിങ് പഠനത്തിന് പ്രവേശനം കിട്ടിയത് കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ ക്യാംപസില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജായ ഐഇടിയില്‍. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഏതെങ്കിലും എന്‍ജിനീയറിങ് കോളജിലേക്കു മാറ്റം കിട്ടുന്നതിനായി നോക്കിയിരുന്ന നിര്‍മലിനെ സഹായിക്കാമെന്ന വാഗ്‌ദാനവുമായി ഒരു പ്രമുഖ എസ്എഫ്‌ഐ നേതാവ് മുന്നോട്ടുവന്നു. ട്രാന്‍സ്ഫര്‍ കാര്യം ശരിയാക്കാം എന്ന ഉറപ്പില്‍ ഇടയ്ക്ക് പണം കടമായും ഷര്‍ട്ട്, ബാഗ് തുടങ്ങിയവ് ഉപയോഗിക്കാനായും വാങ്ങിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.

രണ്ടാം സെമസ്റ്റര്‍ തുടങ്ങിയപ്പോള്‍, ഇന്റര്‍ കോളജ് ട്രാന്‍സ്‌ഫര്‍ നടക്കില്ലെന്ന് നിര്‍മലിന് ഉറപ്പായതോടെ, കടം നല്‍കിയ പണം നേതാവിനോട് തിരിച്ച് ചോദിച്ചു. പണം തിരിച്ച് ചോദിച്ചാല്‍ ഇവിടെ പഠിക്കേണ്ടിവരില്ലെന്ന ഭീഷണി അപ്പോള്‍ത്തന്നെ ഉയര്‍ന്നു. മാത്രവുമല്ല, ഒരു കാരണം കിട്ടിയാല്‍ നിര്‍മലിനിട്ടു തല്ല് കൊടുക്കാന്‍ അനുയായികള്‍ക്ക് നേതാവ്‌ നിര്‍ദേശം നല്‍കുകയും ചെയ്തു. ആവശ്യത്തിനും അനാവശ്യത്തിനും കാമ്പസില്‍ നിര്‍മലിനു നേരേ ശാരീരികമായ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ നിര്‍മലിന്റെ പിതാവ് തങ്കച്ചന്‍ ഇടപെട്ടു. കടം നല്‍കിയ പണം തിരിച്ചു കിട്ടിയില്ലെങ്കിലും മകനെ പഠിക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് അദ്ദേഹത്തിന്റെ അപേക്ഷയോടെ കുറച്ച് സമാധാനമായി.

എന്നാല്‍ എസ്എഫ്‌ഐ, സമരത്തിന് ആഹ്വാനം ചെയ്ത ഒരു ദിവസം രാവിലെ വീട്ടില്‍നിന്നെത്തിയ നിര്‍മല്‍ നേരെ ക്ലാസിലേക്കു പോയി. കൂടെ പഠിക്കുന്ന കുറേ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഉണ്ടായിരുന്നതിനാല്‍ സമരം ആണെന്നുപോലും അറിയാതെ ക്ലാസില്‍ കയറി. അന്ന് ക്ലാസിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ക്യാംപസില്‍ ഒറ്റയ്ക്ക് എവിടെ നിന്നാലും തല്ലുമെന്ന സ്ഥിതിയായി. കന്റീനില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ വന്നു മുഖത്തേക്കു ചായ ഒഴിക്കുന്നതും ചൂടുവെള്ളം ഒഴിക്കുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി. ക്യാംപസില്‍ എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും നിര്‍മലിനു തല്ലു കിട്ടിയിരിക്കുമെന്ന അവസ്ഥയായി. നിര്‍മലിനോട് മറ്റു കുട്ടികള്‍ മിണ്ടരുത് എന്നുള്ള കല്പന നേതാക്കന്മാര്‍ പുറത്തിറക്കി.

ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ രണ്ടുതവണ തല്ലിയോടിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് പലപ്പോഴും ആക്രമണം. ക്ലാസില്‍ പോകാന്‍ പറ്റാതായതോടെ നഗരത്തില്‍ ട്യൂഷനു പോയി പഠനം തുടര്‍ന്നു. എന്നാല്‍ അവിടെയും പിന്തുടര്‍ന്നു. കോഴിക്കോട് നഗരത്തിലെത്തി ട്യൂഷന്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ രാമനാട്ടുകരയില്‍നിന്ന് കയറിയ ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബസില്‍വച്ചു തല്ലി. ക്ലാസില്‍വച്ച് അടികിട്ടിയ അന്നേ വകുപ്പുമേധാവിക്കു പരാതി നല്‍കിയതാണ്. എന്നാല്‍ അന്നത്തെ വകുപ്പുമേധാവി അതു സ്വീകരിക്കാന്‍ വിസമ്മതിച്ചു. മാത്രവുമല്ല, പരാതിയുമായൊന്നും മുന്നോട്ടു പോകേണ്ട, മര്യാദയ്ക്ക് അവര്‍ പറയുന്നതു കേട്ടു പഠിച്ചുപോകാന്‍ നോക്ക് എന്ന്‌ ഉപദേശിക്കുകയും ചെയ്തു.

ഒരു ദിവസം ക്യാംപസില്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ നിര്‍മലിന് അടി ഉറപ്പായതോടെ വകുപ്പുമേധാവിയുടെ അടുത്ത് അഭയം തേടി. ഒന്നും പേടിക്കേണ്ട എന്നുപറഞ്ഞ് നിര്‍മലിനെ തിരികെ ക്ലാസിലേക്കു മേധാവി കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹം പുറത്തിറങ്ങിയ നിമിഷം തുടങ്ങിയ അടി സഹിക്കാന്‍ കെല്‍പ്പില്ലാതെ നിര്‍മല്‍ ഓടിക്കയറിയത് പ്രിന്‍സിപ്പലിന്റെ മുറിയില്‍. അപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കു പിന്നീട് ഇതുമായി ബന്ധപ്പെട്ട കേസില്‍ മറ്റൊരു സാക്ഷിയെ അന്വേഷിക്കേണ്ടിവന്നില്ല. ഇതോടെ ക്യാംപസില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു.

രണ്ടുതവണ ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ നിര്‍മലിനെ അവര്‍ അടിച്ചോടിച്ചു. പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാനും അനുവദിക്കാതെ അടിച്ചോടിച്ചു. ഇതിനിടെ നിര്‍മല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കുകയും ഹാള്‍ടിക്കറ്റ് കൈപ്പറ്റുകയും ചെയ്തു. ആ ദിവസങ്ങളില്‍ സര്‍വകലാശാലയുടെ സമീപം കോഹിനൂര്‍ ജംക്ഷനില്‍ ഇരുപതോളം വരുന്ന എസ്എഫ്‌ഐ സംഘം നിര്‍മലിനെ തടഞ്ഞുനിര്‍ത്തി തല്ലിച്ചതച്ചത്. കല്ലും കുറുവടിയുമൊക്കെ ഉപയോഗിച്ചുണ്ടായ അക്രമത്തില്‍ അതീവഗുരുതരമായ പരുക്കുകളാണ് ഉണ്ടായത്.

പരീക്ഷ എഴുതാന്‍പോലും ആകില്ലെന്ന് ഉറപ്പായ നിര്‍മല്‍ നിരാശയുടെ പടുകുഴിയിലേക്കും കൂപ്പുകുത്തി. കഷ്ടപ്പെട്ടു പഠിപ്പിക്കാന്‍ വിട്ട അച്ഛനുമമ്മയ്ക്കും കത്തെഴുതിവച്ച് എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് അതിനു പിറ്റേന്നാണ്. 2010 ഒക്‌ടോബര്‍ 27നു രാത്രി എട്ടുമണിക്ക്. വിദ്യാര്‍ഥികളില്‍ ചിലരുടെ സമയോചിതമായ ഇടപെടല്‍ നിര്‍മലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അച്ഛനും അമ്മയ്ക്കുമായി എഴുതിയ കത്തില്‍ പീഡനത്തിനും റാഗിങ്ങിനുമൊക്കെ നേതൃത്വം നല്‍കിയവര്‍ ഏഴുപേരുണ്ട്. ഏഴുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മകന്‍ ക്രൂരമായ റാഗിങ്ങിനു വിധേയമായാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു കാണിച്ചു പിതാവ് തങ്കച്ചന്‍ കോളജ് അധികൃതര്‍ക്കും പരാതി നല്‍കി. അറസ്റ്റുണ്ടായത് 2011 ഫെബ്രുവരി 13നു മാത്രം. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രിന്‍സിപ്പല്‍ രാജിവച്ചു പോകുകയും പുതിയ പ്രിന്‍സിപ്പലായി ചാര്‍ജെടുത്ത വകുപ്പുമേധാവി ഇവരെ തിരിച്ചെടുക്കുകയും ചെയ്യാന്‍ അധിക ദിവസങ്ങള്‍ വേണ്ടിവന്നില്ല. കേസില്‍ ഉള്‍പ്പെട്ട എസ്എഫ്‌ഐ നേതാക്കള്‍ കേസ് പിന്‍വലിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയും ഭീഷണിപ്പെടുത്തി. പക്ഷേ കേസ് തുടരുന്നു. കാലിക്കറ്റ് സര്‍വകലാശാലാ വളപ്പിന്റെ ഒരുഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഇടി. സര്‍ക്കാര്‍ പണം ഉപയോഗിച്ചു തുടങ്ങിയ സ്വാശ്രയകോളജ്. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ക്കു തത്തുല്യമായ 'പദവിയാണ് സര്‍വകലാശാലയില്‍ ഈ പ്രദേശത്തിന്. സര്‍വകലാശാലയിലെ ജീവനക്കാര്‍പോലും പലരും ഈ സെക്ഷനില്‍ ജോലിചെയ്യാന്‍ മടിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജിവച്ചു പോയതു രണ്ടു പ്രിന്‍സിപ്പല്‍മാര്‍. ഒടുവില്‍ ആശുപത്രിയില്‍ നിന്നും നിര്‍മല്‍ നാട്ടിലേക്കു വണ്ടി കയറി.

വിഷയത്തിന്റെ സത്യസന്ധത ബോധ്യപ്പെട്ട് പുന്നപ്ര കേപ് കോളജ് അധികൃതര്‍ തുടര്‍ന്നു പഠിക്കാന്‍ അനുമതിയും നല്‍കി. പക്ഷേ വേണ്ടിയിരുന്നത് ആദ്യ സെമസ്റ്ററുകള്‍ ഐഇടിയില്‍ പൂര്‍ത്തിയാക്കി എന്നുള്ള സര്‍ട്ടിഫിക്കറ്റ്. കേരള സര്‍വകലാശാലയില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിക്കു മുമ്പേ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ടിയിരുന്നു. ഇടതുഭരണത്തില്‍ അമര്‍ന്ന സര്‍വകലാശാലയില്‍ ഇതിനുള്ള തീരുമാനം അനന്തമായി നീണ്ടു. ഒപ്പം ക്ലാസില്‍ പോലും കയറാന്‍ പറ്റാതായതിനാല്‍ മൂന്നാം സെമസ്റ്ററില്‍ ഹാജര്‍ ഇളവു നല്‍കുന്നതിനു നല്‍കിയ അപേക്ഷയും അവിടെ കറങ്ങി നടന്നു. അതോടെ പരീക്ഷ എഴുത്തും മുടങ്ങി. നിര്‍മലിനെ കേരളത്തിലെ മറ്റേതെങ്കിലും കോളജില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിക്കും അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു. മാനുഷിക പരിഗണന ഉണ്ടാകണമെന്ന് അന്നത്തെ മുഖ്യമന്ത്രി നിര്‍ദേശിച്ച അപേക്ഷയില്‍ ഉണ്ടായ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ എസ്എഫ്‌ഐ സമരം.

തുടര്‍ച്ചയായ സമരങ്ങള്‍ക്കൊപ്പം നിര്‍മലിനെ ഭീഷണിപ്പെടുത്തുകയും, കോളജില്‍ ഒറ്റപ്പെടുത്തുകയും ചെയ്യാറുണ്ട് കുട്ടിസഖാക്കള്‍. ഒന്നുകില്‍ കേസ് പിന്‍വലിക്കണം. അല്ലെങ്കില്‍ കോടതിയില്‍ മൊഴി മാറ്റിപ്പറയണം എന്ന ആവശ്യം മാത്രം. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എടുത്ത കേസ് എങ്ങനെയാണ് നിര്‍മലിന് പിന്‍വലിക്കാന്‍ ആവില്ല എന്നുള്ളത് അവര്‍ക്കറിയേണ്ടതില്ല. സ്വാശ്രയ കോളജില്‍ അഡ്മിഷന്‍ വാങ്ങിയ വിദ്യാര്‍ഥിയെ സര്‍ക്കാര്‍ കോളജില്‍ പഠിക്കാന്‍ അനുവദിക്കില്ല എന്നതാണു സമരത്തിനു കാരണമായി പറയുന്നത്. മൂന്നാം വര്‍ഷം ഒഴിവുള്ള, മറ്റാരെയും അഡ്മിറ്റ് ചെയ്യാന്‍ പറ്റാത്ത രണ്ടു സീറ്റുകളില്‍ ഒന്നിലാണ് നിര്‍മലിന് പ്രവേശനം നല്‍കിയത്.

2011 മെയ് 30 ന് നിര്‍മല്‍ മാധവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ പരാതിയുടെ പുറത്താണ്, കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഒഴിവുള്ള മെക്കാനിക്കല്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായി നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് അഞ്ചിന് അഞ്ചാം സെമസ്റ്ററില്‍ സര്‍വകലാശാല പ്രവേശനം നല്‍കുകയും ചെയ്തു.

മേല്‍ക്കാണുന്നത് ഒരു ഓണ്‍‌ലൈന്‍ എഡിഷനില്‍ നിന്ന് കോപ്പി ചെയ്തതാണ്.  

നിര്‍മല്‍ മാധവിന്റെ പഠിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ മറ്റേതെങ്കിലും സ്വാശ്രയകോളേജിലേക്ക് ആ വിദ്യാര്‍ത്ഥിയെ മാറ്റുമായിരിക്കും. എന്നാലും  മുന്‍ സര്‍ക്കാര്‍ ചെയ്യുമ്പോള്‍ മിണ്ടാതിരിക്കുകയും  തങ്ങളുടേതല്ലാതത് എന്ന് കരുതി ഈ സര്‍ക്കാര്‍ ചെയ്യുമ്പോള്‍ സമരത്തിന് ഇറങ്ങുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ സോ കോള്‍ഡ് ഇടത്പക്ഷം എന്ന സങ്കല്പം വികലവും വികൃതവുമാവുകയാണ് എന്ന് സമരക്കാരും അതിന്റെ നേതാക്കളും മനസ്സിലാക്കാത്തത് വിചിത്രമാണ്. ഒരു വിദ്യാര്‍ത്ഥിയോട് ഇത്രയും ക്രൂരതയാകാമോ എന്ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ചോദിച്ചത് നമ്മുടെ മന:സാക്ഷിയോടും കൂടി തന്നെയാണ് ...

കണ്ണൂര്‍ സൈബര്‍ മീറ്റിനെ പറ്റി തന്നെ .......

ക്കഴിഞ്ഞ സെപ്തംബര്‍ 11ന് കണ്ണൂരില്‍ ഒരു സൈബര്‍ മീറ്റ് നടക്കുകയും , ആ മീറ്റില്‍ പങ്കെടുക്കുകയും അന്ന് രാത്രി തന്നെ ഞാന്‍ പ്രസ്തുത മീറ്റിനെ പറ്റി ഒരു പോസ്റ്റ് എഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ആ പോസ്റ്റ് പബ്ലിഷ് ആയി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഞാന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും രണ്ട് മൂന്ന് ദിവസത്തേക്ക് എന്റെ ബ്ലോഗ് പൂട്ടിയിടുകയും ചെയ്തിരുന്നു.  ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ ബ്ലോഗ് വായിക്കാന്‍ കഴിയൂ എന്ന് കണ്ട ചിലര്‍ ബ്ലോഗ് വായിക്കാന്‍ ക്ഷണിക്കണം എന്ന് കാണിച്ച് എനിക്ക് മെയില്‍ അയച്ചിരുന്നു.  എന്താണ് സംഭവിച്ചത് എന്ന് പലര്‍ക്കും പിടികിട്ടിയില്ല. ഞാനാകട്ടെ രണ്ട് മൂന്ന് ദിവസം ബ്ലോഗും പൂട്ടി, ഓണ്‍ലൈനില്‍ വന്നതേയില്ല.  എന്റെ പോസ്റ്റ് ചിലരെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കിയാ‍ണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.  ഞാന്‍ എഴുതിയത്, സൈബര്‍ മീറ്റിന്റെ വിജയത്തിനാ‍യി പ്രയത്നിച്ച സംഘാടകരില്‍ ചിലര്‍ക്ക് മനോവിഷമം ഉണ്ടാക്കിയല്ലൊ എന്ന പ്രയാസത്തിലായിരുന്നു ഞാന്‍.  സത്യത്തില്‍ ഞാന്‍ ആരേയും കുറ്റപ്പെടുത്തിയിരുന്നില്ല. നല്ലൊരു സൈബര്‍ സമ്മേളനം ആശിക്കുകയും അങ്ങനെ നടക്കാത്തതില്‍ ഉണ്ടായ നിരാശയില്‍ എഴുതിയ പോസ്റ്റ് ആയിരുന്നു അത്.  എന്നോട് ചോദിച്ചാല്‍ ഈ മീറ്റ് ഒരു പരാജയമാണെന്ന് ഞാന്‍ പറയും എന്നൊരു പ്രയോഗം ആ പോസ്റ്റില്‍ കടന്നുകൂടിയിരുന്നു. മീറ്റ് പരാജയമാണെന്ന് ആ പ്രയോഗത്തില്‍ വിവക്ഷയില്ല. എന്നോട് ചോദിച്ചാല്‍ എന്നാണ് എഴുതിയിരുന്നത്. ആ പ്രയോഗമാണ് തെറ്റിദ്ധരിക്കപ്പെട്ടത് എന്ന് തോന്നുന്നു. മീറ്റിന് വേണ്ടി വളരെ അധ്വാനിച്ച സംഘാടകരുണ്ട്.  ആ സംഘാടകരുടെ മനസ്സ് വേദനിപ്പിക്കരുതായിരുന്നു. തിടുക്കത്തില്‍ അനവധാനത നിമിത്തം സംഭവിച്ചതാണത്.

എന്നോട് ആ സൈബര്‍ മീറ്റിനെ കുറിച്ച് ഇപ്പോള്‍ ചോദിച്ചാലും പരാജയമാണെന്ന് മാത്രമേ പറയൂ. പ്രതീക്ഷിച്ച പോലെ ഒരു സൈബര്‍ മീറ്റാക്കി മാറ്റാന്‍ കഴിഞ്ഞില്ല എന്നേ ഇപ്പറയുന്നതിന് അര്‍ത്ഥമുള്ളൂ.  വെറും ബ്ലോഗേര്‍സ് മീറ്റ് മാത്രമായിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നില്ല. അങ്ങനെയല്ല പരിപാടി ഉദ്ദേശിക്കപ്പെട്ടത് എന്നായിരുന്നു ഞാന്‍ ധരിച്ചുവെച്ചിരുന്നത്.  വിശാലമായ അര്‍ത്ഥത്തില്‍ ഒരു സൈബര്‍ സംഗമം നടക്കും എന്നൊരു ധാരണ മീറ്റിനെ പറ്റി എനിക്ക് ആദ്യമേ ഉണ്ടായിരുന്നു. നന്നായി ആസൂത്രണം ചെയ്യാന്‍ ധാരാളം സമയവുമുണ്ടായിരുന്നു.  എന്നിട്ടും ഏതാനും ബ്ലോഗര്‍മാരുടെ മീറ്റും സദ്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ബ്ലോഗ് ശിബിരം എന്നൊരു പരിപാടിക്ക് ചില്ല്ലറ പഠിതാക്കള്‍ മാത്രം എത്തിച്ചേര്‍ന്നു.  കണ്ണൂരില്‍ ഇതിന് മുന്‍പ് രണ്ട് പ്രാവശ്യം ബ്ലോഗ് ശില്പശാല സംഘടിപ്പിച്ചിരുന്നു.  നല്ല രീതിയില്‍ പങ്കാളിത്തവുമുണ്ടായിരുന്നു. ഇതൊക്കെ പറയുന്നത് ആരെയെങ്കിലും ആക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ ആണെന്ന് ധരിക്കുകയാണെങ്കില്‍ കഷ്ടമാണ്.

വ്യത്യസ്തമായ വീക്ഷണകോണില്‍ നിന്നാണ് ഈ മീറ്റിനെ പലരും വീക്ഷിക്കുക. എത്തിച്ചേര്‍ന്ന ബ്ലോഗര്‍മാര്‍ക്ക് സംതൃപ്തിയായിരിക്കും. എന്തെന്നാല്‍ അവര്‍ മറ്റ് ബ്ലോഗര്‍മാരെ കാണാനും പരിചയപ്പെടാനുമാണ് വരുന്നത്. അവരെ സംബന്ധിച്ച് ഈ മീറ്റ് വിജയം തന്നെ. മീറ്റിനെ കുറിച്ച്  നെറ്റില്‍ വായിക്കുന്നവര്‍ക്കും വിജയമായിരിക്കും. എന്തെന്നാല്‍ ബ്ലോഗ് മീറ്റ് എന്ന് മാത്രമേ അവര്‍ കാണുന്നുള്ളൂ.  എന്നെ സംബന്ധിച്ച് ,  കണ്ണൂരില്‍ ഉള്ള ഒരു പത്ത് പേരെ സൈബര്‍ ലോകവുമായി അടുപ്പിക്കാന്‍ ഈ സൈബര്‍ സംഗമത്തിന് കഴിഞ്ഞില്ലല്ലൊ എന്ന ഖേദമാണെനിക്ക്.  ആ രീതിയില്‍ വിശാലമായ അടിസ്ഥാനത്തില്‍ ഒരു സൈബര്‍ സംഗമം പ്ലാന്‍ ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് പ്രതീക്ഷിച്ചാല്‍ എന്താണ് തെറ്റ്?

മാത്രമല്ല, ക്രിയാത്മകമായ ഒരു സൈബര്‍ ചര്‍ച്ചയും നടത്താന്‍ കഴിഞ്ഞില്ല.  പങ്കെടുത്തവര്‍ സ്വയം പരിചയപ്പെടുത്തുമ്പോഴേക്കും ഉച്ചയായി. പിന്നെ സദ്യ. ഉച്ചയ്ക്ക് ശേഷം ക്ലാസ്.  ക്ലാസിന് പകരം  കണ്ണൂരിലെ ചെറുപ്പക്കാര്‍ ചേര്‍ന്ന് ഇന്റര്‍നെറ്റും സമൂഹവും എന്ന വിഷയത്തെക്കുറിച്ച് എന്തെങ്കിലും ചര്‍ച്ച സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അതൊരു ഗുണപരമായ കാര്യമാവുമായിരുന്നു.  ഇങ്ങനെയൊക്കെ എഴുതുന്നത് ഒരു തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഞാന്‍ ആരെയെങ്കിലും കുറ്റപ്പെടുത്തുകയോ ആരുടെയെങ്കിലും പ്രവര്‍ത്തനത്തെ കുറച്ചു കാണുകയോ ചെയ്യുന്നില്ല.    വിശാലമായ അര്‍ത്ഥത്തില്‍ ഒരു സൈബര്‍ മീറ്റ് സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല എന്ന അഭിപ്രായം പറയുന്നു എന്ന് മാത്രം.  ബ്ലോഗേര്‍സ് മീറ്റ് വേറെ, സൈബര്‍ മീറ്റ് വേറെ.  വെറുമൊരു ബ്ലോഗേര്‍സ് മീറ്റാണ് കണ്ണൂരില്‍ ഉദ്ദേശിക്കപ്പെട്ടിരുന്നതെങ്കില്‍ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.

എന്തായാലും കണ്ണൂരില്‍ ഒരു സൈബര്‍ മീറ്റ് കഴിഞ്ഞു.  എനിക്കതില്‍ പങ്കെടുക്കാനും കഴിഞ്ഞു. കുറെ ബ്ലോഗര്‍മാരെ നേരില്‍ കാണാനും കഴിഞ്ഞു.  വിശാലമായ അര്‍ത്ഥത്തില്‍ സൈബര്‍ മീറ്റുകള്‍ക്ക് പ്രസക്തി ഏറി വരുന്ന കാലമാണിത് എന്നാണെനിക്ക് തോന്നുന്നത്. ബ്ലോഗേര്‍സ് മീറ്റ് വേറെ. അത് ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടാനുള്ള വേദി മാത്രമാണ്. എന്നാല്‍ കഴിയുന്നത്ര സാധാരണക്കാരെ കമ്പ്യൂട്ടറുമായും ഇന്റര്‍നെറ്റുമായി അടുപ്പിക്കാനുള്ള സൈബര്‍ വളണ്ടിയര്‍മാരെ വര്‍ത്തമാനകാലം ആവശ്യപ്പെടുന്നുണ്ട്.  ഇന്റര്‍നെറ്റ് ഇന്നത്തെ കാലത്ത് സാമൂഹ്യപുരോഗതിക്ക് ഉപയോഗിക്കാന്‍ പറ്റിയ നല്ലൊരു ഉപകരണമാണ്. ആ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സന്മനസ്സുള്ള സന്നദ്ധപ്രവര്‍ത്തകരെയാണ് സൈബര്‍ വളണ്ടിയര്‍ എന്ന് ഞാന്‍ ഉദ്ദേശിക്കുന്നത്. അത്തരം പ്രവര്‍ത്തകരെ കണ്ടെത്താനും ജനങ്ങളില്‍ ഈ ആധുനികോപകരണത്തെ പറ്റിയും ആശയവിനിമയ സാധ്യതകളെ പറ്റിയും  അവബോധം സൃഷ്ടിക്കാനുമാണ് സൈബര്‍ മീറ്റുകള്‍ ഉന്നം വയ്ക്കേണ്ടത് എന്ന് ഞാന്‍ കരുതുന്നു.

ഈ വിഷയത്തെ പറ്റി , ഇതിന് മുന്‍പ് ഞാന്‍ എഴുതുകയും ഡിലീറ്റ് ചെയ്യുകയും  ചെയ്ത ആ പോസ്റ്റ് ആരെങ്കിലും വായിക്കുകയും ,  മന:പ്രയാസത്തിന് ഇടവരികയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ഉദ്ദേശശുദ്ധിയുടെ പേരില്‍ എന്നോട് പൊറുക്കട്ടെ. ഇന്റര്‍നെറ്റ് എന്ന ഈ മാധ്യമം ഉപയോഗിച്ച് ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്താ‍നോ അധിക്ഷേപിക്കാനോ വ്യക്തിവൈരാഗ്യം തീര്‍ക്കാനോ എനിക്ക് ഉദ്ദേശമില്ല. എന്നാല്‍ എന്റെ ചിന്തകളും കാഴ്ചപ്പാടുകളും എന്റേതായ ഭാഷയില്‍ ശക്തമായി തന്നെ ഈ സൈബര്‍സ്പേസില്‍ എനിക്ക് അടയാളപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ കുറെ മിത്രങ്ങളും ശത്രുക്കളും ഉണ്ടാവുക സ്വാഭാവികമാണ്.  എന്റെ ശത്രുക്കളെ എനിക്ക് അശേഷം ഭയമില്ല.  അങ്ങനെ ഭയമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇത്രയും കാ‍ലം എഴുതുകയില്ലായിരുന്നുവല്ലോ.  എഴുതുക എന്നത് എന്റെ ജന്മാവകാശമാണ്. അത് തടയാന്‍ എന്നേക്കാളും ശക്തന്‍ ആരെങ്കിലുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.  മറ്റുള്ളവരുടെ തെറി ഭയന്ന് ബ്ലോഗെഴുത്ത് നിര്‍ത്തിയ ചിലരെ എനിക്കറിയാം.   എന്നാല്‍ എന്റെ മിത്രങ്ങളെ ഞാന്‍ അഗാധമായി സ്നേഹിക്കുന്നു. മറ്റൊന്നും അവര്‍ക്ക് തിരിച്ചു നല്‍കാന്‍ ഇല്ലല്ലൊ എന്നതാണ് എന്റെ അമ്പരപ്പ്.

തീര്‍ച്ചയായും എവിടെയെങ്കിലുമുള്ള നാലു സുഹൃത്തുക്കളെ കണ്ടെത്താന്‍ വേണ്ടി തന്നെയാണ് ഞാന്‍ ബ്ലോഗിലും മറ്റും നിത്യേന എന്തെങ്കിലുമായി എഴുതിക്കൊണ്ടിരിക്കുന്നത്. സുഖിപ്പിക്കാനാ‍യി എഴുതാന്‍ അറിയാത്തതിനാലും പല വിഷയങ്ങളിലും സമൂഹത്തിലെ പൊതുധാരണകള്‍ക്ക് വിരുദ്ധമായ ചേരിയില്‍ നിന്ന് കാര്യങ്ങളെ വിലയിരുത്തുന്നതിനാലും സുഹൃത്തുക്കളെ കണ്ടെത്തുക എന്നത് എനിക്ക് എളുപ്പമല്ല. എന്നാല്‍ തന്നെയും എന്റെ ബ്ലോഗും ആ‍ളുകള്‍ ഫോളോ ചെയ്യുന്നുണ്ട്. ഗൂഗിള്‍ പ്ലസ്സില്‍ ആരൊക്കെയോ സര്‍ക്കിളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഫേസ്‌ബുക്കില്‍ ആഡ് റിക്വസ്റ്റുകള്‍ വരുന്നുണ്ട്. ഇതൊക്കെ ദിവസേന സംഭവിക്കുന്നുണ്ട്. എനിക്കിതില്‍ അനല്പമായ സന്തോഷവും ചാരിതാര്‍ത്ഥ്യവും തുടര്‍ന്ന് എഴുതാനുള്ള പ്രേരണയായും തോന്നുണ്ട്.  അങ്ങനെയുള്ള എല്ലാ സുഹൃത്തുക്കളോടും എനിക്കുള്ള നിസ്സീമമായ നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തട്ടെ !

രാഷ്ട്രീയവും അരാഷ്ട്രീയവും

ഇന്ന് രാവിലെ തന്നെ ഫെയിസ് ബുക്കില്‍ എഴുതിയ ഒരു കമന്റ് :


എന്താണ് രാഷ്ട്രീയം?  ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ വിശ്വസിച്ച് , സ്വന്തം ചിന്താശക്തി പാര്‍ട്ടി നേതൃത്വത്തിന് അടിയറ വെച്ച് ആ പാര്‍ട്ടിയുടെ നേതാവ് എന്താണോ പറയുന്നത് അത് സ്വന്തം അഭിപ്രായമാക്കുകയും ആ പാര്‍ട്ടിക്കും ആ പാര്‍ട്ടി ഉള്‍പ്പെടുന്ന മുന്നണിക്കും എതിര്‍പക്ഷത്തുള്ള പാര്‍ട്ടികളും മുന്നണിയും മുന്നോട്ട് വെക്കുന്ന എന്തിനെയും എതിര്‍ക്കുക. താന്‍ വിശ്വസിക്കുന്ന പാര്‍ട്ടി പറയുന്നതിനപ്പുറം ഒരു കാഴ്ചപ്പാടും ഇല്ലാതിരിക്കുക അഥവാ ഉണ്ടെങ്കില്‍ തന്നെ പാര്‍ട്ടിക്ക് വേണ്ടി അത് പുറത്ത് പ്രകടിപ്പിക്കാതിരിക്കുക. ചുരുക്കത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് മാനസികമായി അടിമയാവുക. ഇതാണോ രാഷ്ട്രീയം?

എന്താണ് അരാഷ്ട്രീയം? ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അനുഭാവിയല്ലാതിരിക്കുക. തെറ്റും ശരിയും നോക്കി നിലപാട് സ്വീകരിക്കുക. ഏത് പാര്‍ട്ടിയുടെയും ശരിയായ നിലപാടുകളെ അംഗീകരിക്കുക. തെറ്റുകളെ വിമര്‍ശിക്കുക. പാര്‍ട്ടി വിധേയത്വത്തിന് അപ്പുറം കാര്യങ്ങളെ സ്വന്തമായി വിലയിരുത്തുക. മുന്‍‌വിധിയില്ലാതെ രാജ്യകാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും നിലപാടുകളില്‍ എത്തുകയും ചെയ്യുക. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുക. തന്റെ വോട്ട് തനിക്ക് സ്വതന്ത്രമായി വിനിയോഗിക്കാന്‍ ഉള്ളതാണെന്നും മറ്റേതെങ്കിലും പാര്‍ട്ടിക്ക് വില പേശാനുള്ളതല്ലെന്നും കരുതുക. ചുരുക്കത്തില്‍ എല്ലാ കാര്യത്തിലും സ്വന്തമായി അഭിപ്രായവും പൌരബോധവും ഉണ്ടാവുക. അങ്ങനെ ഒരു പാര്‍ട്ടിയിലും വിശ്വസിക്കാതിരിക്കുക. എന്നാല്‍ പ്രശ്നാധിഷ്ഠിതമായി അവസരത്തിനൊത്ത് പാര്‍ട്ടികള്‍ക്ക്  ധാര്‍മ്മികമായി പിന്തുണ നല്‍കുക. പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തകര്‍ മതി വിശ്വാസികളും വോട്ട് ബാങ്കും വേണ്ട എന്നും കരുതുക. ഇതാണോ അരാഷ്ട്രീയം?

രണ്ടിനും അതെ എന്നാണ് ഉത്തരമെങ്കില്‍ അതാണ് അരാഷ്ട്രീയം എന്ന് ഞാന്‍ പറയും. രാഷ്ട്രീയം എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിക്ക് സ്വന്തം വ്യക്തിത്വം പണയം വെക്കലല്ല.  രാഷ്ട്രത്തിന്റെ കാര്യങ്ങളില്‍ സ്വതന്ത്രമായി അഭിപ്രായം ഉണ്ടാകലാണ്. നമ്മുടെ രാജ്യത്തിന്റെ ശാപം തന്നെ പാര്‍ട്ടി വിധേയത്വമോ അടിമത്വമോ ആണ്. ഇത് പക്ഷെ പാര്‍ട്ടി അടിമകള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല. അവര്‍ മറ്റ് പാര്‍ട്ടിക്കാര്‍ക്കെതിരെ അകാരണമായി കലഹിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പുറത്തുള്ളവരെ ഒന്നിച്ച് അരാഷ്ട്രീയവാദി എന്ന് മുദ്രകുത്തും. അങ്ങനെ സ്വന്തം അഭിപ്രായമുള്ള പൌരസമൂഹത്തെ എതിര്‍ക്കുക എന്ന ഒറ്റക്കാര്യത്തില്‍ മാത്രം എല്ലാ പാര്‍ട്ടിക്കാരും ഐക്യപ്പെടും. മറ്റെല്ലാ സമയങ്ങളിലും അവര്‍ പരസ്പരം ശത്രുക്കളായിരിക്കും. എന്ത്കൊണ്ട് ഈ ശത്രുത എന്ന് പോലും ചിന്തിക്കാന്‍ അറിയാതെ .........

പത്രപാരായണം

ഞാന്‍ മിഷ്യന്‍ സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സാഹിത്യസമാജം സെക്രട്ടരിയായിരുന്നു.  ആദ്യത്തെ സാഹിത്യസമാജത്തില്‍ അവതരിപ്പിക്കപ്പെട്ട വിഷയം പത്രപാരായണം എന്നതായിരുന്നു.  ഇന്ന് ഇങ്ങനെയാണ് ഞാന്‍ പത്രങ്ങള്‍ വായിക്കുന്നത്. ഇക്കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്തെന്ത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങളാണ് സംഭവിച്ചത് !