ബീജിങ്ങ് കോമ എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്താല്‍ ഇത് പോലെ നിരവധി ലിങ്കുകള്‍ കാണാന്‍ കഴിയും. സ്വയം നാട് കടത്തപ്പെട്ട് ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന, ചൈനയുടെ സോള്‍ഷെനിറ്റ്സണ്‍ (ഗുലാഗ് ആര്‍ക്കിപെലാഗോ'യിലൂടെ സോള്‍ഷെനിറ്റ്സണ്‍ സോവ്യറ്റ് ജയിലുകളിലെ ക്രൂരതയുടെ കഥകള്‍ പുറം ലോകത്തെ അറിയിച്ചു)എന്നറിയപ്പെടുന്ന മാ ജിയാന്‍ എഴുതിയ നോവല്‍ ആണ് “ബീജിങ്ങ് കോമ”. ചൈനീസ് ഭാഷയില്‍ എഴുതപ്പെട്ട മൂലകൃതി ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തത് മാ ജിയാന്റെ ജീവിതപങ്കാളിയും പരിഭാഷകയുമായ ഫ്ലോറ ഡ്രൂ ആണ്. ഞാന്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ ഒന്നും വായിക്കാറില്ല. ഒരാവേശത്തിന് മുന്‍പൊക്കെ കുറെ പുസ്തകങ്ങള്‍ വായിച്ചു തള്ളി. അതൊന്നും ഇപ്പോള്‍ ഓര്‍മ്മയുമില്ല. ഈ പുസ്തകത്തെ പറ്റി ഞാന്‍ മനസ്സിലാക്കുന്നത് ഒരു തമിഴ് ബ്ലോഗില്‍ നിന്നാണ്. മലയാളത്തിലെ ബുജികളൊന്നും ഇത്തരം കൃതികള്‍ വായിക്കുകയില്ല. ആ ബ്ലോഗില്‍ ഇത് സംബന്ധിച്ച് എഴുതപ്പെട്ട രണ്ട് പോസ്റ്റുകളും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അല്പം ബുദ്ധിപരവും അംഗുലീപരവുമായ ശ്രമം ആവശ്യമായത് കൊണ്ട് തല്‍ക്കാലം ആ ബ്ലോഗില്‍ നിന്ന് പ്രസക്തമായ വിവരങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയാണ്.ടിയാനന്‍മെന്‍ പ്രക്ഷോഭത്തിലേക്ക് ചൈനീസ് വിദ്യാര്‍ത്ഥികളെ നയിച്ച സംഭവങ്ങളുടെ തുടക്കം ഇന്ന് അധികമാരും ഓര്‍ക്കാനിടയില്ല. ചൈനയില്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് വേഗത കൂട്ടിയ നേതാവ് ഹൂ യാബങ്ങ് 1989 ഏപ്രില്‍ 15ന് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വേണ്ടി ഒത്തുകൂടിയ ചെറു ചെറു സംഘങ്ങള്‍ , ഘോഷയാത്രകള്‍ ഒടുവില്‍ ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. സത്യാഗ്രഹം, നിരാഹാരം, ചെറിയ ഉരസലുകള്‍ , തുടങ്ങി പ്രക്ഷോഭം ആളിപ്പടര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഈ സമരത്തെ എങ്ങനെ നേരിടും എന്ന ആശങ്ക സാര്‍വ്വത്രികമായ അവസരത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടരിയായിരുന്ന ഴാവോ സിയാങ്ങ് വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ നേരിട്ട് സമരമുഖത്ത് എത്തി. ചൈനയില്‍ എന്താണ് നടക്കുന്നത്, എന്ത് മാറ്റങ്ങളാണ് അവിടെ സംഭവിക്കാന്‍ പോകുന്നത് എന്ന് ലോകം ഉറ്റുനോക്കിയിരിക്കെ ടിയാന്‍മെന്‍ സ്ക്വയറിലേക്ക് പട്ടാളം ഇരച്ചുകയറുകയായിരുന്നു. വിദ്യാര്‍ത്ഥികളോട് മൃദുസമീപനം സ്വീകരിച്ച ഴാവോ സിയാങ്ങ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടരി സ്ഥാനത്ത് നിന്ന് നീക്കപ്പെടുകയും വീട്ടു തടങ്കലിലാവുകയും ചെയ്തു. 15 വര്‍ഷത്തോളം അങ്ങനെ കാവലില്‍ കഴിഞ്ഞ അദ്ദേഹം 2005 ല്‍ ഹൃദയസ്തംഭനത്താല്‍ മരണപ്പെടുന്നതിന് മുന്‍പ് തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിവെച്ചിരുന്നു. അത് കഴിഞ്ഞ വര്‍ഷം Prisoner of the State: The Secret Journal of Premier Zhao Ziyang എന്ന പേരില്‍ ഹോങ്കോങ്ങില്‍ പ്രസിദ്ദീകരിക്കപ്പെട്ടിരുന്നു.

ബീജിങ്ങ് കോമ എന്ന് നോവലിന് ഇംഗ്ലീഷ് തലക്കെട്ട് നല്‍കിയത് പരിഭാഷകയാണ്. മാംസം പുരണ്ട മണ്ണ് എന്നോ മറ്റോ അര്‍ത്ഥം

ചുരുക്കത്തില്‍ ചൈനയിലെ ഇന്നത്തെ യുവതലമുറയില്‍ പലര്‍ക്കും ടിയാനന്‍മെന്‍ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ല. പട്ടാള ടാങ്കുകള്‍ ഇരച്ചു വന്നപ്പോള്‍ മുന്നില്‍ നിന്ന ചെറുപ്പക്കാരന്റെ ഈ സുപ്രസിദ്ധ ചിത്രം പലരും കണ്ടിരിക്കാനേ ഇടയില്ല. ചൈനയില്‍ ഇന്ന് ഉയര്‍ന്ന് വന്ന നവ സമ്പന്ന വര്‍ഗ്ഗം ആ സംഭവത്തെ പറ്റി വ്യാകുലപ്പെടാനിടയില്ലെന്ന് മാ ജിയാന്‍ നോവലില്‍ മനോഹരമായി അവതരിപ്പിച്ചതായി പറയുന്ന ബ്ലോഗ്ഗറും താമസം ലണ്ടനില്‍ തന്നെയാണ്. ബീജിങ്ങ് കോമ എന്ന നോവലിന്റെ കഥാസാരം ആ ബ്ലോഗില്‍ നിന്ന് ഞാനിവിടെ പരിഭാഷപ്പെടുത്താന്‍ മെനക്കെടുന്നില്ല. താല്പര്യമുള്ളവര്‍ക്ക് റിവ്യൂകള്‍ നെറ്റില്‍ നിന്ന് വായിക്കുകയോ, പുസ്തകം ഓണ്‍ലൈനില്‍ നിന്ന് വാങ്ങുകയോ ചെയ്യാം. പ്രസ്തുത പുസ്തകത്തെ മലയാളം ബ്ലോഗ് വായനക്കാര്‍ക്ക് ചൂണ്ടിക്കാട്ടുക മാത്രമാണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
