Links

എന്‍ഡോസല്‍ഫാനും കൂടം‌കുളവും

വായനക്കാരുടെ യുക്തിബോധത്തെ പ്രചോദിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ എന്റെ പരിമിതമായ അറിവും ചിന്താശേഷിയും വെച്ച് ബ്ലോഗ് എഴുതുന്നത്.  മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തത്കൊണ്ട് മനസ്സിനെ സൃഷ്ടിപരമായി നിലനിര്‍ത്തുക എന്ന ഉദ്ദേശ്യവും ബ്ലോഗെഴുത്തിന് പിന്നില്‍ ഉണ്ട്.  മറ്റുള്ളവരുടെ യുക്തിയെ തട്ടിയുണര്‍ത്തുക എന്ന ലക്ഷ്യം ഉള്ളത്കൊണ്ട് എന്റെ എഴുത്തുകള്‍ പലപ്പോഴും സമൂഹത്തില്‍ ആധിപത്യം നേടുന്ന പൊതുവിചാരങ്ങള്‍ക്ക് എതിരാവാറുണ്ട്. എന്നാലും ചില വായനക്കാര്‍ക്ക് എന്റെ യുക്തി മനസ്സിലാകുന്നത്കൊണ്ടും അവര്‍ ആ വിവരം ഇ-മെയില്‍ വഴിയും ഫോണ്‍ മുഖാന്തിരവും അറിയിക്കുന്നത്കൊണ്ടും എനിക്ക് തുടര്‍ന്നും ബ്ലോഗ് എഴുതാനുള്ള പ്രചോദനവും പ്രേരണയും ലഭിക്കുന്നു.  പലരും ബ്ലോഗ് നിര്‍ത്തി പോയിട്ടും എനിക്ക് തുടര്‍ന്ന് എഴുതാന്‍ കഴിയുന്നത് ഇത്കൊണ്ടാണ്.  എന്നെ കുറിച്ച് പറഞ്ഞപ്പോള്‍ , കേട്ടയാള്‍ ചോദിച്ചത് എന്‍ഡോസല്‍ഫാനെ അനുകൂലിക്കുന്ന ആ മാഷാണോ എന്നായിരുന്നു എന്ന് ഒരു സുഹൃത്ത് ഈയ്യിടെ എന്നോട് പറഞ്ഞു.

എന്‍ഡോസല്‍ഫാനെ കുറിച്ച് എന്റെ നിലപാട് സുവ്യക്തമാണ്.  കാസര്‍ഗോട്ടെ ദുരിതബാധിതരെ കാണുമ്പോള്‍ ആര്‍ക്കും അവരോട് കരുണ തോന്നുകയും എന്‍ഡോസല്‍ഫാനോട് വിരോധം തോന്നുകയും സ്വാഭാവികമാണ്. മനുഷ്യസ്നേഹികള്‍ക്കാണ് അങ്ങനെ എന്‍ഡോസല്‍ഫാന്‍ വിരോധം തോന്നുന്നത്.  ഞാന്‍ പക്ഷെ ഇതിലെ യുക്തിയെയാണ് തെരഞ്ഞത്.  കാസര്‍ഗോട്ടെ ദുരിതങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്‍ഡോസല്‍ഫാന്‍ നിമിത്തമാണെങ്കില്‍ അത് ഹെലികോപ്റ്ററില്‍ നിന്ന് തുടര്‍ച്ചയായി വര്‍ഷിച്ചത്കൊണ്ടായിരിക്കും എന്നാണ് എന്റെ നിഗമനം.  കഴിഞ്ഞ അമ്പത് വര്‍ഷമായി ലോകത്ത് എന്‍ഡോസല്‍ഫാന്‍ ഉപയോഗിക്കുന്നു.  എത്രയോ തൊഴിലാ‍ളികള്‍ എന്‍ഡോസല്‍ഫാന്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്നു. എത്രയോ കര്‍ഷകരും തൊഴിലാളികളും എന്‍ഡോസല്‍ഫാന്‍ എന്ന കീടനാശിനി തളിക്കുന്നു. കാസര്‍ഗോട്ട് മാത്രമാണ് ഈ മാതിരിയുള്ള ദുരിതബാധിതരെ കാണുന്നത്. അത്കൊണ്ടാണ് ഇന്ത്യയിലെ തന്നെ 24 സംസ്ഥാനങ്ങളും എന്‍ഡോസല്‍ഫാന്‍ വേണം എന്ന് വാദിച്ചത്.  അപ്പോള്‍ ഈ വസ്തുത യുക്തിയുടെ വെളിച്ചത്തില്‍ പരിശോധിക്കേണ്ടേ?

ഹെലികോപ്റ്ററില്‍ നിന്ന് കീടനാശിനികള്‍ തളിക്കുന്നത് ശരിയാണോ? എന്തിനാണ് കശുവണ്ടി തോട്ടങ്ങളില്‍ ആകാശത്ത് നിന്ന് കീടനാശിനികള്‍ വര്‍ഷിക്കുന്നത്.  സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയ്ത തെറ്റാണിത്.  തേയിലക്കൊതുകിന്റെ ശല്യം കാരണം കശുവണ്ടി ഉല്പാദനം കുറയുന്നുവെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങളാണ് ആരായേണ്ടത്.  സാധാരണ മറ്റ് കീടനാശിനികള്‍ ഉപയോഗിക്കുന്ന പോലെ എന്‍ഡോസല്‍ഫാന്‍ എന്ന കീടനാശിനിയും ഉപയോഗിച്ച എവിടെയും കാസര്‍ഗോട്ടെ പോലെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് എന്‍ഡോസല്‍ഫാന്‍ വിരോധികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  മാത്രമല്ല മറ്റ് കീടനാശിനികളെക്കാട്ടിലും , തേനീച്ചകളെ ബാധിക്കാതിരിക്കുന്നത് എന്‍ഡോസല്‍ഫാനാണെന്നും അതിന് വിലക്കുറവാണെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത് ഞാന്‍ പറയുന്നതല്ല. എന്‍ഡോസല്‍ഫാന്‍ വിരുദ്ധപ്രക്ഷോഭം കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഉയര്‍ന്നുവന്നിട്ടില്ല എന്നതും കേരളം ഏറ്റെടുത്ത ഈ സമരത്തെ കേരളത്തിന് പുറത്ത് ഒരു സംസ്ഥാനവും പിന്തുണച്ചിട്ടില്ല എന്നതും വ്യക്തമാക്കുന്നത് എന്താണ്?

പരിസ്ഥിതിവാദികളുടെ ആവശ്യം എല്ലാം ജൈവമയമാക്കുക എന്നതാണ്. അത് വേറെ പ്രശ്നമാണ്. എന്‍ഡോസല്‍ഫാനെ ഇന്ത്യയില്‍ കേരളമൊഴികെ മറ്റൊരു സംസ്ഥാ‍നവും എതിര്‍ക്കുന്നില്ലെങ്കിലും പരമോന്നത കോടതിയായ സുപ്രീം കോടതി നിരോധിച്ചല്ലോ എന്ന് ചോദിക്കാം. അതിനെ പറ്റി എന്തെങ്കിലും പരാമര്‍ശിച്ചല്‍ കോടതിയലക്ഷ്യമാകുമോ എന്നറിയില്ല. എന്നാലും ജഡ്ജിമാരും മനുഷ്യര്‍ ആണെന്നും മനുഷ്യന്റേതാ‍യ അപൂര്‍ണ്ണതകളില്‍ നിന്ന് ജഡ്ജിമാരും മുക്തരല്ല എന്നും ഞാന്‍ പറയും.  കോടതി എന്ന സ്ഥാപനത്തെയാണ് നാം ആശ്രയിക്കുന്നത്. സമൂഹത്തില്‍ നീതിന്യായനിര്‍വ്വഹണം നടത്താന്‍ കോടതിയല്ലാതെ മറ്റ് മാ‍ര്‍ഗ്ഗമില്ല. ജഡ്ജിമാര്‍ക്കും തെറ്റ് പറ്റാം. അത്കൊണ്ടാണ് മേല്‍ക്കോടതികള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഏതെങ്കിലും ഒരു പോയന്റില്‍ നിര്‍ത്തിയല്ലേ ഒക്കുകയുള്ളൂ. അത്കൊണ്ട് സുപ്രീം കോടതിയോടെ നിര്‍ത്തി.  ഒരു ഉല്പന്നം നിരോധിക്കാനുള്ള അവകാശം കോടതിക്കുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.  അഥവാ ഉണ്ടെങ്കില്‍ ആ അവകാശം കോടതിയില്‍ നിന്ന് എടുത്ത്മാറ്റണം എന്നും ഞാന്‍ പറയും.

കൂടംകുളത്ത് ആണവവൈദ്യുത നിലയത്തിനെതിരെ അവിടെ തദ്ദേശവാസികള്‍ സമരത്തിലാണ്. ചില പരിസ്ഥിതിവാദികളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ പരിസ്ഥിതിവാദികളും ആ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് യാത്രകള്‍ നടത്തുന്നുണ്ട്. കൂടംകുളത്തെ ജനങ്ങള്‍ ഭയത്തിലാണ് ഉള്ളത്. അവരില്‍ നല്ല തോതില്‍ ഭയം ജനിപ്പിക്കുന്നതില്‍ അവിടത്തെ പരിസ്ഥിതി വാദികള്‍ വിജയിച്ചിട്ടുണ്ട്. കൂടംകുളം ആണവവൈദ്യുതനിലയം പണി പൂര്‍ത്തിയായി ഈ നവംബറില്‍ വൈദ്യുതോല്പാദനം ആരംഭിക്കാനിരുന്നതാണ്.  എന്നാല്‍ അതിന്റെ പ്രവര്‍ത്തനം തുടങ്ങരുത് എന്നും അവിടെ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കരുത് എന്നുമാണ് അവിടത്തെയും ഇവിടത്തെയും പരിസ്ഥിതി നേതാക്കളുടെ ആവശ്യം.  സത്യത്തില്‍ ഇനി, കൂടംകുളത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള ആണവവൈദ്യുത നിലയത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാതിരിക്കുന്നതായിരിക്കും കൂടുതല്‍ അപകടമാവുക?  അതായത് വൈദ്യുതി ഉല്പാദനം തുടങ്ങിയാല്‍ ഉണ്ടാവും എന്ന് പറയുന്ന അപകടത്തെക്കാളും റീയലായ അപകടം ഉണ്ടാവുക പദ്ധതി ഉപേക്ഷിച്ച് സ്ഥാപിക്കപ്പെട്ടവ അവിടെ അങ്ങനെ നിലനില്‍ക്കുമ്പോഴാണ്. അതിനെന്താണ് പോംവഴി പരിസ്ഥിതി വാദികള്‍ക്ക് പറയാനുള്ളത്?

ആണവവൈദ്യുതിനിലയങ്ങള്‍ക്ക് അപകടം ഉണ്ടാകും എന്ന് പറയുന്നത് ഒരു Probability ആണ്.  ഒരു സംഭവ്യത.  അങ്ങനെയൊരു സംഭവ്യത കൂടംകുളത്ത് മാത്രമല്ല തമിഴ്നാട്ടില്‍ തന്നെയുള്ള കല്‍പ്പാക്കത്തിനുമുണ്ട്. ലോകത്ത് മറ്റെല്ലാ ആണവവൈദ്യുതിനിലയങ്ങള്‍ക്കുമുണ്ട്. ഇപ്പറയുന്നതിന് അര്‍ത്ഥം എല്ലാ ആണവനിലയങ്ങളും പൊട്ടിത്തെറിക്കും എന്നല്ല. പരമാവധി സുരക്ഷ ഓരോ ആണവനിലയത്തിനും ഒരുക്കുന്നുണ്ട്.  പണി പൂര്‍ത്തിയായ കൂടംകുളം മാത്രം വൈദ്യോതോല്പാദനം നിര്‍ത്തിവെക്കണമെന്ന് കേരളത്തിലെ പരിസ്ഥിതിവാദികളും പറയുന്നതില്‍ യുക്തിരാഹിത്യമുണ്ട്.  കൂടംകുളത്തെ നാട്ടുകാര്‍ പറയുന്നതിന്റെ പിന്നില്‍ അവരുടെ ഭീതിയാണ്. കല്‍പ്പാക്കത്ത്കാരെ പറ്റി കൂടംകുളത്തുകാര്‍ പേടിക്കേണ്ടതില്ലല്ലൊ.

ഇന്ന് ലോകത്ത് മനുഷ്യന് ജീവിയ്ക്കണമെങ്കില്‍ മണ്ണ് , വെള്ളം , വായു പോലെ തന്നെ ഒരവശ്യവസ്തുവാണ് ഇന്ധനം.  അത് ഇല്ലാതെ ഒരു മിനിറ്റ് ലോകത്തിന് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഇന്ന് സ്വര്‍ണ്ണത്തിന് എന്താ വില? ഒരു കാലത്ത് നിലവിലുള്ള എണ്ണശേഖരം കുറയുമ്പോള്‍ പെട്രോളിനും സ്വര്‍ണ്ണത്തേക്കാളും വിലയുണ്ടാ‍വും.  പെട്രോളിന് പകരം വയ്ക്കാവുന്ന ഇന്ധനം ഇനിയും കണ്ടുപിടിച്ചിട്ടില്ല.   പെട്രോളിനേക്കാളും പ്രധാനമാണ് വിദ്യുച്ഛക്തി. ലോകത്ത് ആവശ്യമായ വിദ്യുച്ഛക്തി ഇപ്പോഴും ഉല്പാദിപ്പിക്കാന്‍ കഴിയുന്നില്ല.  പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കാത്ത മാര്‍ഗ്ഗം എന്ന നിലയിലാണ് ആണവവൈദ്യുതനിലയങ്ങള്‍ പ്രചാരത്തില്‍ വന്നത്. അണുവില്‍ ഉള്ള അപരിമിതമായ ഊര്‍ജ്ജമാണ് ഇവിടെ വൈദ്യുതോല്പാദനത്തിന് ഉപയുക്തമാകുന്നത്.

ആണവവൈദ്യുതനിലയങ്ങള്‍ക്ക് അപകടം സംഭവിക്കാം. അപ്പോഴും അതൊരു പ്രോബബിലിറ്റി അഥവാ സംഭവ്യം മാത്രമാണ്. എന്നാല്‍ വിദ്യുച്ഛക്തിയുടെ ദൌര്‍ലഭ്യം ഒരു യാഥാര്‍ത്ഥ്യമാണ്. ഇക്കാലത്ത് വിദ്യുച്ഛക്തി ഇല്ലെങ്കില്‍ കൃഷി പോലും നടക്കില്ല. അപ്പോള്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും?  നമ്മുടെ വൈദ്യുതോല്പാ‍ദനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് റഷ്യയുടെ സഹകരണത്തോടെ കൂടംകുളത്ത് ആണവവൈദ്യുതി നിലയം സ്ഥാപിക്കാനുള്ള പദ്ധതി തുടങ്ങിയത്. ഇതിനകം ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ആണവവൈദ്യുതനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. (ചിത്രം കാണുക).

അത്കൊണ്ടാണ് ഒരു പരിധി വരെ നമ്മുടെ വിദ്യുച്ഛക്തി ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു പോരുന്നത്. അതൊക്കെ ഉപേക്ഷിക്കണമെന്നോ ഉല്പാദനം നിര്‍ത്തിവെക്കണമെന്നോ നമുക്ക് ആലോചിക്കാന്‍ പോലും ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമല്ല. കൂടംകുളത്ത് മാത്രമല്ല കല്പാക്കത്തും താരാപ്പൂറിലും ഒക്കെ ജനങ്ങള്‍ താമസിക്കുന്നുണ്ട്. കൂടംകുളത്തെ ഇടിന്തകരയിലെ ജനങ്ങള്‍ ഭയപ്പെടുന്നതിന് ഒരര്‍ത്ഥമുണ്ട്. കേരളത്തില്‍ നിന്ന് കൂടംകുളത്തെക്ക് ആണവവിരുദ്ധയാത്ര പോകുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.

ആണവവൈദ്യുതനിലയങ്ങള്‍ക്ക് പകരം പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ ഉണ്ടല്ലോ എന്നാണ് ആണവ വിരുദ്ധര്‍ പറയുന്നത്. കാറ്റ്, കടലിലെ തിരമാല, സൌരോര്‍ജ്ജം എന്നിവയാണ് ചൂണ്ടിക്കാട്ടുന്നത്. സംഗതി ഇത്ര എളുപ്പമായിരുന്നെങ്കില്‍ അപകടസാധ്യത ഉണ്ടെന്ന് പറയുന്ന ആണവനിലയങ്ങളുടെ പിന്നാലെ ആരെങ്കിലും പോകുമോ? മാത്രമല്ല  എന്തെല്ലാം പൊല്ലാപ്പുകളാണ് ഒരു ആണവ നിലയം സ്ഥാപിക്കാന്‍ വേണ്ടി തരണം ചെയ്യേണ്ടത്. നമ്മുടെ കൈയില്‍ സമ്പുഷ്ടയുറേനിയം ആവശ്യത്തിന് ഇല്ല. ഹെവിവാട്ടര്‍ എന്ന് പറയുന്ന ഘനജലം ഇല്ല. കൂടാതെ സാങ്കേതിക വിദ്യയും അപര്യാപ്തം. അത്കൊണ്ടാണ് റഷ്യയുടെ സഹായം തേടേണ്ടി വരുന്നതും ആണവക്കരാറില്‍ ഒപ്പ് വെക്കേണ്ടി വന്നതും.

ഇവിടെയാ‍ണെങ്കില്‍ ഇപ്പറഞ്ഞ കാറ്റും തിരമാലയും സൂര്യപ്രകാശവും സമൃദ്ധമായി ഉണ്ട് താനും.  കുഴപ്പം എവിടെയാണെന്ന് വെച്ചാല്‍ ഈ പറയുന്ന സ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ടെക്നോളജി ഇനിയും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. വികസിതരാജ്യങ്ങള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. പിന്നെയല്ലെ നമ്മുടെ കാര്യം. ആ ടെക്നോളജി റിസല്‍ട്ട് തരുന്നത് വരെ നമുക്ക് കാത്തിരിക്കാന്‍ പറ്റുമോ. ഇത്രയ്ക്കും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് നമുക്ക് വര്‍ദ്ധിപ്പിക്കാവുന്ന വൈദ്യുതിയുടെ അളവ് ആവശ്യമുള്ളതിന്റെ 10 ശതമാനം വരെയായിരിക്കും. ബാക്കിക്ക് എവിടെ പോകും? ഈ നിമിഷത്തിലും നാം വൈദ്യുതി ക്ഷാമത്തിലാണ് ഉള്ളത് എന്ന് ഓര്‍മ്മിക്കുക.

യുറോപ്പില്‍ ആണവവൈദ്യുതനിലയങ്ങളെ പറ്റി വീണ്ടുവിചാരങ്ങള്‍ ഉണ്ടെങ്കിലും ജര്‍മ്മനി മാത്രമാണ് അത് ഉപേക്ഷിക്കാന്‍ തയ്യാറാവുന്നത്.  അതില്‍ പക്ഷെ ഒരു വിരോധാഭാസമുണ്ട്. ആവശ്യമുള്ള വൈദ്യുതി ജര്‍മ്മനി ഫ്രാന്‍സില്‍ നിന്ന് വാങ്ങും. ഏറ്റവും കൂടുതല്‍ ആണവവൈദ്യുതനിലയങ്ങള്‍ ഉള്ളത് ഫ്രാന്‍സിലാണ്.  വൈദ്യുതി മാത്രമല്ല, നിലക്കരിയും പ്രകൃതിവാതകവും ഒക്കെ അയല്‍ രാജ്യങ്ങളില്‍ നിന്ന് വാങ്ങും.  ജര്‍മ്മനിയുടെ ചുറ്റും വികസിതരാജ്യങ്ങളാണ്. അവരൊക്കെ പരസ്പരം സഹായിക്കും.  നമ്മുടെ ചുറ്റും നമ്മേക്കാളും ദരിദ്രമായ രാജ്യങ്ങളാണ് ഉള്ളത്. അതും തക്കം കിട്ടിയാല്‍ ഉപദ്രവിക്കാന്‍ കാത്തിരിക്കുന്നവര്‍.

അപ്പോള്‍ ഇതാണ് നമ്മുടെ വര്‍ത്തമാ‍ന കാല അവസ്ഥ. ഇത് കണക്കിലെടുത്തിട്ട് വേണം കൂടംകുളം സമരത്തെ പറ്റി നമ്മള്‍ അഭിപ്രായം രൂപീകരിക്കേണ്ടത്. പരിസ്ഥിതിവാദികള്‍ക്ക് ചുമ്മാ പദയാത്ര നടത്തിയാല്‍ മതി. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് പോംവഴികള്‍ കണ്ടെത്തണമല്ലൊ. തമിഴ്നാട്ടില്‍ തന്നെ ഇപ്പോള്‍ കടുത്ത വൈദ്യുതിക്ഷാമമാണ്.  അവിടെ വെള്ളവും വൈദ്യുതിയും ഉണ്ടെങ്കില്‍ മാത്രമേ നാം മലയാളികള്‍ക്ക് എന്തെങ്കിലും വെച്ചു വിളമ്പി തിന്നാന്‍ ഒക്കുകയുള്ളൂ. ഇക്കാര്യവും കൂടംകുള ഐക്യദാര്‍ഢ്യയാത്രക്കാര്‍ പരിഗണിക്കണം. തമിഴ്നാട്ടിലെ കാറ്റാടിനിലയങ്ങളില്‍ നിന്ന് കാറ്റിന്റെ കുറവ് കൊണ്ട് പ്രതീക്ഷിച്ച വൈദ്യുതി ഇപ്പോള്‍ ലഭിക്കുന്നുമില്ലത്രെ. 


9 comments:

Manoj മനോജ് said...

"അത്കൊണ്ടാണ് ഇന്ത്യയിലെ തന്നെ 24 സംസ്ഥാനങ്ങളും എന്‍ഡോസല്‍ഫാന്‍ വേണം എന്ന് വാദിച്ചത്."

"കേരളം ഏറ്റെടുത്ത ഈ സമരത്തെ കേരളത്തിന് പുറത്ത് ഒരു സംസ്ഥാനവും പിന്തുണച്ചിട്ടില്ല :

:) ഒരു സംസ്ഥാനവും പിന്തുണച്ചില്ലെങ്കില്‍ പിന്നെ 24 എന്നത് ശരിയാകുമോ?

കൂടംകുളം തമിഴ്നാടിന് കിട്ടുന്നതിന് മുന്‍പ് കേരളത്തിനായിരുന്നു നെറുക്ക് വീണത്. റഷ്യ സഹായിക്കുമെന്നതിനാല്‍ ഇടത് പ്രശ്നമുണ്ടാക്കില്ല എന്നത് മാത്രമല്ല രാജ്യസൈനിക താല്പര്യങ്ങളും അതിന് പിന്നില്‍ ഉണ്ടായിരുന്നു. കൊച്ചിക്ക് ആണ് ആദ്യ നെറുക്ക് കിട്ടിയത്. കേട്ടപാടേ പരിസരവാസികള്‍ സമരവുമായി ഇറങ്ങി. ഭരണം മാറി ഇടത് വന്നു. അപ്പോള്‍ കണ്ണൂരിന് നെറുക്ക് വീണു. അക്കാലത്ത് അവിടെ വോള്‍ട്ടേജ് ക്ഷാമം രൂക്ഷം. ഈ നിലയം വന്നാലെ രക്ഷപ്പെടൂ എന്ന സര്‍ക്കാര്‍ വാദം പക്ഷേ അവിടെയുള്ള ജനങ്ങള്‍ തള്ളി കളഞ്ഞു. ഒടുവില്‍ കൂടംകുളത്തിന് നെറുക്ക് കിട്ടി. ഈ നിലയം ഇല്ലാതെ തന്നെ കണ്ണൂരും അതിന് സമീപമുള്ള ജില്ലകളും ഇപ്പോള്‍ വൈദ്യുതിക്ക് കുഴപ്പമില്ലാതെ നീങ്ങുന്നു!! അപ്പോള്‍ കൂടുതല്‍ നിലയമല്ല, ഉള്ളത് നല്ലവണ്ണം ഉപയോഗപ്പെടുത്തുക എന്നതല്ലേ കണ്ണൂര്‍ നല്‍കുന്ന സന്തേശം!!

ഇനി തമിഴ്നാട്ടില്‍ നിലയത്തിന്റെ പണി ഇത്രയാകുന്നത് വരെ പരിസരവാസികളും, പ്രകൃതി സ്നേഹികളും കൊച്ചിയിലെ പോലെയോ, കണ്ണൂരിലെ പോലെയോ പ്രശ്നം ഉന്നയിച്ചില്ല! എന്നാല്‍ കോടികള്‍ മുടക്കി പണി തീരാറായപ്പോഴാണ് പ്രശ്നവുമായി പ്രകൃതിസ്നേഹികള്‍ ഇറങ്ങിയിരിക്കുന്നത്. ഇവര്‍ ഇത്രയും വര്‍ഷം എവിടെയായിരുന്നു? കുംഭകര്‍ണ്ണ സേവയൊക്കെ കഴിഞ്ഞ് പതിവ് പോലെ നര്‍മ്മദയിലും മറ്റും കാട്ടിയത് പോലെ ഒരു പ്രകടനം നടത്തും പദ്ധതി ഇത്രയും ആയതിനാല്‍ അത് നടപ്പാകും. തങ്ങള്‍ എതിര്‍ത്തിട്ടും നടപ്പിലാക്കി എന്ന് പറഞ്ഞ് അടുത്ത ഇരകളെ തേടി അഭിനവ പ്രകൃതിസ്നേഹികള്‍ നീങ്ങും!

കൊച്ചിയിലെയും കണ്ണൂരിലെയും ജനങ്ങള്‍ പണി തുടങ്ങും മുന്‍പേ പദ്ധതിയെ അടിച്ച് പുറത്താക്കിയതിനാല്‍ സാമ്പത്തിക നഷ്ടം വരുത്തി വെച്ചില്ല എന്നതിന് അവരെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു ;)

ആണവ വേയ്സ്റ്റ് എന്ത് ചെയ്യുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമോഹികളുടെ ഡിബേറ്റില്‍ ഒരു പ്രധാന ചര്‍ച്ച എന്നത് ശ്രദ്ധിക്കുക. അതായത് 1979ലെ ത്രീ മൈല്‍ ഐലന്റ് ട്രാജഡിക്ക് ശേഷം ഇത് വരെ പുതിയതായി ഒരു ആണവ നിലയവും കമ്മീഷന്‍ ചെയ്യാത്ത അമേരിക്ക ഇപ്പോള്‍ ഉള്ള ആണവ നിലയങ്ങളിലെ വേയ്സ്റ്റ് എവിടെ തള്ളും എന്ന് ചര്‍ച്ച ചെയ്യുന്നു!!! 30 വര്‍ഷത്തിന് മുകളില്‍ ഇപ്പോഴും ത്രീ മൈല്‍ ഐലന്റിലെ “ക്ലീനിങ്ങ്” പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു. അതിനായി മാറ്റി വെയ്ക്കപ്പെടുന്നത് മില്ല്യണ്‍ കണക്കിന് ഡോളറുകളാണ്!

പറഞ്ഞ് വന്നത് തകരുമെന്നത് ഒരു സാങ്കല്പികമായിരിക്കാം എന്നാല്‍ ആണവ വേയ്സ്റ്റ് എന്നത് യാഥാര്‍ത്ഥ്യമാണ്. അത് സുരക്ഷിതമായി നശിപ്പിക്കുവാന്‍/സൂക്ഷിക്കുവാന്‍ വികസിത രാജ്യങ്ങള്‍ പോലും ക്ഷ വരയ്ക്കുന്നു. അപ്പോഴാണ് മനുഷ്യ ജീവന് ഒരു വിലയും കല്പിക്കാത്ത ഇന്ത്യയുടെ കാര്യം!!! പക്ഷേ ആണവ വേയ്സ്റ്റ് ഇന്നുള്ള മനുഷ്യരെ മാത്രമല്ല ബാധിക്കുക ജീവജാലങ്ങളുടെ വരും തലമുറയുടെ നിലനില്‍പ്പിനെയാണ് ചോദ്യം ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ളവ എതിര്‍ക്കപ്പെടേണ്ടതും :)

sm sadique said...

ജഡ്ജിമാരും മനുഷ്യര്‍ ആണെന്നും മനുഷ്യന്റേതാ‍യ അപൂര്‍ണ്ണതകളില്‍ നിന്ന് ജഡ്ജിമാരും മുക്തരല്ല എന്നും ഞാന്‍ പറയും.“ എന്താ പറയുക മാഷേ, ജഡ്ജിമാർ പോലും അപൂർണ്ണരാവുമ്പോൾ....?”

N.J Joju said...

എൻഡൊസൾഫാനെതിരെയുള്ള ചില വാദങ്ങൾ രസകരമായിരുന്നു. എൻഡൊസൾഫാൻ ഏതോ ആന്തരാവയവത്തിനു കേടുവരുത്തും എന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. തമാശ തന്നെ. എൻഡോസൾഫാൻ വിഷമല്ല എന്നു ചിലർ വാദിക്കുന്നുണ്ടെന്നു തോന്നും ചിലരുടെ പ്രതികരണങ്ങൾ കണ്ടാൽ.

എൻഡൊസൾഫാനല്ല മറ്റേതൊരു കീടനാശിനിയും ഹെലികൊപ്റ്ററിൽ തളിച്ചാൽ അത് ജനവാസകേന്ദങ്ങളിലാണെങ്കിൽ സമാനമായ പ്രശ്നങ്ങൾ ഉണ്ടാക്കുകതന്നെ ചെയ്യും എന്നാണ് എന്റെ വിശ്വാസം . കേരളത്തിലേതുപോലെ ജലസമ്പന്നമായ ഒരു സംസ്ഥാനത്ത് കീടനാശിനി ജലത്തിൽ കലരാനുള്ള സാധ്യത വളരെകൂടുതലാണ് ഹെലികൊപ്ടറിൽ തളിയ്ക്കുമ്പോൾ.

"1979ലെ ത്രീ മൈല്‍ ഐലന്റ് ട്രാജഡിക്ക് ശേഷം ഇത് വരെ പുതിയതായി ഒരു ആണവ നിലയവും കമ്മീഷന്‍ ചെയ്യാത്ത അമേരിക്ക"
ഇതും തമാശതന്നെ. അമേരിയ്ക ആണവപദ്ധതികൾ ഉപേക്ഷിച്ചു എന്നു തോന്നും ഇതു വായിച്ചാൽ. മനോജേ വെറുതേ അമേരിയ്ക്ക എന്നും ന്യൂക്ലിയാർ എന്നുമൊക്കെ സേർച്ചു ചെയ്തുനോക്ക് ഏതൊക്കെ പ്ലാന്റ് എന്നു കമ്മീഷൻ ചെയ്തെന്നും, ഇനി എന്നു കമ്മീഷൻ ചെയ്യുമെന്നുമൊക്കെ.

TPShukooR said...

വ്യത്യസ്തമായ അഭിപ്രായം സ്വാഗതം ചെയ്യുന്നു. എന്തൊക്കെ പറഞ്ഞാലും ജപ്പാനിലെ യുകുഷിമ ആണവനിലയ ദുരന്തം ഉണ്ടായതോട് കൂടി എല്ലാവരുടെ ഉള്ളിലും നല്ല പേടി ഉണ്ടായിട്ടുണ്ട്. പരിസ്ഥിതി വാദികള്‍ മുന്‍കാല അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണല്ലോ സമരം ചെയ്യുന്നത്. അല്ലാതെ വെറുതെ കൊടിയും പിടിച്ചു പോവുകയല്ലല്ലോ. പിന്നെ അയല്‍ നാട്ടില്‍ വെള്ളവും വൈദ്യുതിയും വേണം നമ്മുടെ ഉപജീവനത്തിന് എന്ന വാദം ശരി തന്നെ. അതോടൊപ്പം അവിടെ മനുഷ്യരും വേണം. കാന്‍സര്‍ ബാധിച്ച കുറെ പേക്കോലങ്ങള്‍ ഉണ്ടായിട്ടു നമുക്കെന്തു കാര്യം. എന്നാണു എന്‍റെ വിനീതമായ അഭിപ്രായം.

Manoj മനോജ് said...

1979ന് ശേഷം അമേരിക്കയില്‍ പുതിയ ന്യൂക്ലിയര്‍ പ്ലാന്റ് പണിത് കമ്മീഷന്‍ ചെയ്തിട്ടുണ്ട് എന്ന് പറയുന്നതല്ലേ വലിയ തമാശ ;)

ത്രീ മൈല്‍ സംഭവത്തിന് മുന്‍പ് പണിത് കൊണ്ടിരുന്നത് പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചിലത് ഡീകമ്മീഷന്‍ ചെയ്തിട്ടും ഉണ്ട്. അതിന്റെ മൊത്തം ചെലവ് പക്ഷേ അവിടെയുള്ള ജനങ്ങളില്‍ നിന്ന് ഈടാക്കി കൊണ്ടിരിക്കുന്നുണ്ട്.

ഗ്രീന്‍ എനര്‍ജിയുടെ പേരില്‍ ഒബാമ വീണ്ടും ആണവ പ്ലാന്റ് നിര്‍മ്മാണം സജീവമാക്കിയിട്ടുണ്ട്.

http://roomfordebate.blogs.nytimes.com/2010/02/16/a-comeback-for-nuclear-power/

പക്ഷേ ജപ്പാന്‍ ദുരന്തത്തിന് പുറകെ കഴിഞ്ഞ മാസങ്ങളില്‍ അമേരിക്കയിലെ പ്രകൃതി ക്ഷോഭം ഉണ്ടാക്കിയ അനിശ്ചിതത്വം
http://www.nytimes.com/2011/09/08/science/earth/08nuclear.html?_r=1&pagewanted=all

http://www.reuters.com/article/2011/08/28/storm-irene-energy-idUSN1E77R00K20110828

ഇപ്പോള്‍ അമേരിക്കയില്‍ നടക്കുന്ന പബ്ലിക്ക് മീറ്റിങ്ങുകളില്‍ http://www.nrc.gov/public-involve/public-meetings/notes.html നിറഞ്ഞ് നില്‍ക്കുന്നു.

അതെല്ലാം പറയാനെങ്കില്‍ പോസ്റ്റിനേക്കാള്‍ വലുതാകും :)

കൂടിയ അളവില്‍ മാത്രമല്ല ചില രാസവസ്തുക്കള്‍ ദീര്‍ഘകാലം കുറഞ്ഞ അളവില്‍ ശരീരത്തില്‍ പ്രവേശിച്ചാലും പ്രശ്നമുണ്ടാകും. ഇപ്പോള്‍ തന്നെ മറ്റൊരു മേഖല ചൂടു പിടിച്ച് വരുന്നുണ്ട്. കുടി വെള്ളത്തില്‍ കലര്‍ന്നിരിക്കുന്ന മരുന്നുകളുടെ പ്രശ്നം. [Drinking water in some metropolitan areas contains concentrations of pharmaceuticals, raising concerns about their potential impact on human health..... http://www.gao.gov/products/GAO-11-346

http://www.sciencedirect.com/science/article/pii/S1438463911000757

Anonymous said...

കൂടംകുളത്തെ ആണവനിലയം പണിയാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായില്ലേ? എതിര്‍പ്പ് തുടക്കത്തിലായിരുന്നെങ്കില്‍ ഇത്രയധികം സമ്പത്ത് ചെലവഴിച്ചതു പാഴാകില്ലായിരുന്നല്ലോ.! ഇതിപ്പോള്‍ കമ്മീഷന്‍ ചെയ്യാതിരിക്കുന്നതു കൂടുതല്‍ കുഴപ്പമാകുമെന്നാണു തോന്നുന്നത്. പിന്നെ താങ്കളുടെ വാദങ്ങളോടു മൊത്തത്തില്‍ യോജിപ്പാണെങ്കിലും ഒരു കാര്യം പറയാതെ വയ്യ. ജപ്പാന്‍ പോലെ , ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഭരണകൂടങ്ങളല്ല ഇവിടത്തേത്.അതുകൊണ്ട് എന്തെങ്കിലും അപകടം ഉണ്ടായാല്‍ ജനങ്ങള്‍ ഒന്നടങ്കം അതിന്റെ ദുരന്തം അനുഭവിക്കേണ്ടിവരും . ഒരു ഡിസോസ്റ്റര്‍ മാനേജ്മെന്റ് സംവിധാനവും ഇവിടില്ല, ഉണ്ടാവാനും സാധ്യതയില്ല. അതുകൊണ്ട് വികസിത രാജ്യങ്ങളെപ്പോലെ ഇവിടെയും ആണവനിലയങ്ങള്‍ സ്വീകരിക്കാമോ എന്ന് ആശങ്കയുണ്ട്.

Ape said...

ഈ പറഞ്ഞതു ഒരു വശം മാത്രം ആണ്. മനുഷ്യ ജീവന് വൈദ്യുതിയേക്കാള്‍ വില ഇല്ലേ? തലമുറകളുടെ ജീവന്‍ ആകുമ്പോള്‍ അതിനേക്കാള്‍ വില ഇല്ലേ? നമ്മുടെ കണ്ണൂരില്‍ ആണ് ഇത് വന്നതെങ്ങില്‍ നമ്മള്‍ സമ്മതിക്കുമോ? ന്യുക്ലയാര്‍ എനര്‍ജി ദോഷം ആണ്. കറന്റ് വേണം അത് പക്ഷെ പിള്ളേരെ നശിപ്പിച്ചു കൊണ്ട് ആകരുത്. വികസിത രാജ്യം ആയ ജെര്‍മനി അത് നിഷേധിക്കുന്നത് അവരുടെ ജനങ്ങളുദ് ക്ഷേമത്തിന് അവര്‍ വില കല്പിക്കുന്നത് കൊണ്ട. നമുക്ക് പണ്ടേ മനുഷ്യ ജീവന് വില ഇട്ടു ശീലമില്ലല്ലോ.

Kadalass said...

കാര്യങ്ങളെ കക്ഷി രാഷ്ട്രീയ ചിന്തകൾക്കപ്പുറത്ത് ഉൾകൊള്ളാനും മനസിലാക്കാനും നമുക്ക് കഴിയേണ്ടിയിരിക്കുന്നു.......

Kattil Abdul Nissar said...

ഈ ലേഖനം ഒരു തരത്തിലും പ്രസക്തമല്ല
ആശംസകള്‍