സാമ്പത്തിക മാനദണ്ഡങ്ങള്‍ വെച്ച് നോക്കുമ്പോള്‍ കേരളം വളരുകയാണ്. സമ്പന്നതയുടെ ചിലരൂപങ്ങള്‍ എങ്ങും കാണാനുണ്ട്. അംബരചുംബികളായ കെട്ടിടങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, വിവിധ വലിപ്പത്തിലുള്ള ആഡംബരക്കാറുകളുടെ എണ്ണപ്പെരുപ്പം, കൊട്ടാരസമാനമായ വീടുകള്‍, കുടിച്ച് സുഖിക്കുന്നതിന് ഗ്രാമ – നഗര ഭേദമന്യേ സ്റ്റാര്‍ ഹോട്ടലുകള്‍, സമ്പന്നര്‍ക്കുവേണ്ടിയുള്ള സ്റ്റാര്‍ സ്കൂളുകള്‍, സ്റ്റാര്‍ കോളേജുകള്‍, സ്റ്റാര്‍ ഹോസ്പിറ്റലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഉപഭോഗഭ്രാന്ത് പിടിച്ച ഒരു കൂട്ടം ജനങ്ങള്‍, വിദേശത്തുനിന്നു വരുന്ന പണംകൊണ്ടാണെങ്കിലും, സ്വദേശത്തെ ബ്രോക്കര്‍ ബിസിനസ്സ് കൊണ്ടാണെങ്കിലും, സമ്പന്നതയുടെ ഒരു വിളയാട്ടം കേരത്തിലെങ്ങും കാണാം.
പക്ഷേ, ഈ ബാഹ്യവികസനം ഉള്ള് പൊള്ളയായതാണ് എന്ന് മാത്രമല്ല, മനുഷ്യന്റെ സുസ്ഥിരവും തുല്യതയാര്‍ന്നതുമായ വികസനമുന്നേറ്റങ്ങള്‍ക്ക് വിഘാതവുമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന രാഷ്ട്രീയ പ്രസ്ഥനങ്ങളും മുന്നോട്ടുവെച്ച വികസന സങ്കല്‍പങ്ങള്‍ക്ക് കടക വിരുദ്ധവുമാണിത്.
അശാസ്ത്രീയ ഭൂ ഉപയോഗം നിമിത്തം, കൃഷിയും ഭക്ഷ്യസുരക്ഷയും അപകടകരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഭൂമി ഉത്പാദനോപാധി എന്ന നിലയില്‍ നിന്നും കേവലം വില്പന ചരക്കാകുന്നു. വീട് പാര്‍ക്കാനുള്ള ഇടത്തിനപ്പുറം ഊഹക്കച്ചവടത്തിനുള്ള ഉപാധിയാകുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കൈകളിലേക്ക് ഉത്പാദനോപാധികള്‍ എത്തിച്ചേരുന്നു. പ്രകൃതി സമ്പത്തിനെ ന്യായമായ രീതിയില്‍ ഉപയോഗിക്കുന്നതിന് പകരം, അത് ഒരു കൊള്ളവസ്തുവാക്കുന്നു.
സാമൂഹ്യബോധത്തില്‍ നിന്ന് വ്യക്തിഗതബോധത്തിലേക്ക് ജനങ്ങള്‍ തരം താഴുന്നു. ഇതുമൂലം രോഗാതുരത, മലിനമായ ജീവിതസാഹചര്യങ്ങള്‍, മനുഷിക മൂല്യങ്ങളും ഭാഷയും, സംസ്കാരവും നഷ്ടപ്പെടുന്ന സാഹചര്യം, വായനയില്‍ നിന്നും യുക്തിചിന്തയില്‍ നിന്നുമുള്ള അന്യവല്‍ക്കരണം, തുടങ്ങയവയ്ക് സമൂഹത്തില്‍ മേല്‍ക്കോയ്മ ലഭിക്കുന്നു. എന്തുചെയ്തും പണം ഉണ്ടാക്കണം എന്ന ചിന്ത പ്രബലമായിരിക്കുന്നു.
മേല്‍ക്കാണുന്നത് ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന “ വേണം മറ്റൊരു കേരളം” എന്ന ക്യാമ്പയിന്റെ ലഘുലേഖയിലെ കുറിപ്പാണ്. കേരളം എന്ന നാട് മലയാളികള്‍ക്ക് പ്രിയപ്പെട്ട മണ്ണാണ്. അത്കൊണ്ടാണ് ലോകത്ത് എവിടെ പോയി താമസമുറപ്പിച്ചാലും മലയാളി സ്വന്തം നാട്ടില്‍ വീട് പണിയുന്നത്. എന്നെങ്കിലും ജനിച്ച നാട്ടില്‍ വരേണ്ടേ എന്നാണ് ഓരോ പ്രവാസി മലയാളിയും കരുതുന്നത്. ഇത്കൊണ്ടൊക്കെ ഫലത്തില്‍ , കേരളത്തില്‍ കുറേ പണം വരുന്നുണ്ട്. ആ പണം ഉപയോഗിച്ച് കണ്‍സ്ട്രക്‍ഷന്‍ മാത്രമാണ് നടക്കുന്നത്. മറ്റൊരു ജോലിക്കും ആളെ കിട്ടാനില്ല. കെട്ടിടങ്ങള്‍ കഴിഞ്ഞ് ബാക്കിയുള്ള സ്ഥലം വെറുതെ കിടക്കുകയാണ്.
കണ്‍സ്ട്രക്‍ഷന്‍ ജോലിക്ക് ബംഗാളില്‍ നിന്നും മറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്ക് ആളുകള്‍ വരുന്നുണ്ട്. മണ്ണില്‍ മറ്റ് പണികള്‍ എടുക്കാന്‍ ആരുമില്ല. അഥവാ ഒരാളെ കിട്ടിയാലും അയാള്‍ കാട്ടിക്കൂട്ടി ഒപ്പിച്ച് തോന്നിയ പോലെ കൂലി വാങ്ങും. ഞാന്‍ താമസിക്കുന്ന വീട്ടില്‍ നാലു തെങ്ങിന്റെ മൂട് തുറന്ന് വളം ഇടാന്‍ വേണ്ടി ഒരാളെ വിളിച്ചു. അയാള്‍ നാല് തെങ്ങിന്റെ ചുറ്റും ചെറുതായി മാന്തി കുഴി പോലെ ഒന്ന് ആക്കിയിട്ട് എന്നോട് 500രൂപയാണ് വാങ്ങിയത്. പിറ്റേന്ന് ഞാന്‍ തന്നെ വളമൊക്കെ ഇട്ട് കുഴി മൂടി. ഇതാണ് അവസ്ഥ. നാട്ടില്‍ എന്തെങ്കിലും പണിയെടുക്കുന്നവര്‍ എടുപ്പിക്കുന്നവരെ പിടിച്ചു പറിക്കുകയാണ്.
ഒരു ഉദാഹരണം പറയാം. പണിക്ക് ആവശ്യമായ എന്തെങ്കിലും സാധനം വാങ്ങണമെങ്കില്‍ അവരാണ് വാങ്ങിക്കൊണ്ട് വരിക. അതിന്റെ വില എം.ആര്‍.പി.യില്‍ കാണിക്കുന്നുണ്ടെങ്കില്‍ അവരത് ചുരണ്ടിക്കളയും. ഇങ്ങനെ വാങ്ങുന്ന പൈസ അത്രയും വെള്ളം കുടിച്ചു കളയാനാണ് അവര്‍ ഉപയോഗിക്കുന്നത്. ആ കാശ് കൊണ്ട് അവര്‍ക്കും പ്രയോജനമില്ല എന്നര്‍ത്ഥം. നേരിയൊരു തലകറക്കം ഉണ്ടാവുന്നു എന്നതാണ് വെള്ളം കുടിയിലെ ഒരേയൊരു എഫക്ട്. നോക്കണം, ആ തലകറക്കത്തിനാണ് കേരളത്തിലെ പണം മുഴുവന്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്.
നമ്മുടെ സാംസ്കാരിക രംഗം നോക്കൂ. എത്ര വരണ്ടുപോയി. രാഷ്ട്രീയമാണെങ്കില്‍ അധ:പതനത്തിന്റെ നെല്ലിപടിയിലാണ്. അലക്കിത്തേച്ച് വടി പോലത്തെ കുപ്പായവുമിട്ട് സുന്ദരക്കുട്ടപ്പന്മാരായി വിലസുന്ന രാഷ്ട്രീയക്കാര്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന എന്തെങ്കിലും പ്രശ്നം സംസാരിക്കുന്നുണ്ടോ? ഇവന്മാരൊക്കെ ഇങ്ങനെ വിലസി ജീവിക്കുമ്പോള്‍ സമൂഹത്തിന് തിരിച്ചു നല്‍കുന്നത് എന്ത് എന്ന് ആലോചിട്ടുണ്ടോ? പക, വിദ്വേഷം, വെറുപ്പ് ഇത്യാദി മൃഗീയഗുണങ്ങള്‍ മാത്രം. പത്രങ്ങളില്‍ അച്ചടിച്ചു വരുന്ന ഇവന്മാരുടെ വാക്കുകള്‍ക്ക് ജല്പനങ്ങള്‍ എന്നതിലപ്പുറം എന്തെങ്കിലും മൂല്യമുണ്ടോ?
ആകമാനം തകര്‍ന്ന് നാശകോശമായ സാമൂഹ്യസാഹചര്യമാണ് ഇവിടെയുള്ളത്. ആര്‍ക്കും ആരോടും സ്നേഹമോ ആത്മാര്‍ത്ഥതയോ ഇല്ല. എങ്ങനെയും എവിടെ പോയും പണം സമ്പാദിക്കണം എന്ന് മാത്രം. എന്നിട്ട് ഈ പണം കൊണ്ട് എന്താണ് ചെയ്യുന്നത്? ചുമ്മാ ധൂര്‍ത്ത്. അല്ലാതെ മറ്റെന്ത്? ജീവിതനിലവാരം കൂടിയോ? നൂറ് രൂപ ചെലവാക്കേണ്ടിടത്ത് ആയിരം രൂപ ചെലവാക്കുന്നു. കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിലേ അയയ്ക്കാന്‍ പറ്റൂ. അതും വാഹനത്തിലേ പോകാന്‍ പറ്റൂ. എന്നിട്ടെന്താ വിദ്യാഭ്യാസത്തിന്റെ നിലവാരം കൂടിയോ?
സമൂഹത്തിന്റെ നിര്‍മ്മിതിക്ക് ആവശ്യമായ ഊടും പാവും നെയ്തെടുക്കുന്ന ആ ഒരു ഡിസൈന്‍ തെറ്റിപ്പോയിരിക്കുന്നു. ഒരു തരം അരാജകത്വം. ഒരു നാട്ടില്‍ , ആ നാടിന് വേണ്ടി പണിയെടുക്കാന്‍ ആവശ്യമായ പണിക്കാര്‍ ഇല്ലെങ്കില്‍ ആ നാട് എങ്ങനെയാണ് മുന്നോട്ട് പോവുക? എന്ത് ജോലിയും പുറത്ത് പോയി മാത്രമേ എടുക്കൂ, നാട്ടില്‍ പണി എടുക്കുന്നത് അപമാനമാണ് എന്നൊരു തൊഴില്‍ സംസ്കാരം നിലനിന്നാല്‍ ആ നാടിന് എങ്ങനെയാണ് മുന്നോട്ട് പോകാന്‍ കഴിയുക? നാട് വിട്ട് പ്രവാസിയായി കുറെ പണം ഉണ്ടാക്കിയാല്‍ ആ പണം കൊണ്ട് ജീവിതമോ നഷ്ടപ്പെടുന്ന കുടുംബജീവിതത്തിന്റെ അനര്‍ഘ നിമിഷങ്ങളോ വിലയ്ക്ക് വാങ്ങാന്‍ പറ്റുമോ?
മക്കളെ എന്ത് ത്യാഗം സഹിച്ചും പഠിപ്പിച്ച് , കുടുതല്‍ പണവും സൌകര്യങ്ങളും കിട്ടാന്‍ വേണ്ടി വിദൂരങ്ങളിലേക്ക് അയക്കുന്ന രക്ഷിതാക്കള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അവിവേകമാണ് ചെയ്യുന്നത് എന്ന് തോന്നുന്നു. കഴിയുന്നതും എല്ലാവരും ഒരുമിച്ച് ജീവിച്ച് ഇല്ലായ്മയും വല്ലായ്മയും പങ്കിടുന്നതില്‍ ഒരു സാന്ത്വനവും സുഖവും ഉണ്ട് എന്നാണ് എന്റെ തോന്നല്‍. അല്ലെങ്കില്‍ വാര്‍ദ്ധക്യം അരക്ഷിതവും വേദനാജനകവുമാകും. സ്വന്തം അധ്വാനശേഷി സ്വന്തം നാട്ടില്‍ പ്രയോജനപ്പെടുത്തി അങ്ങനെ നാടും കുടുംബവും പുരോഗതി പ്രാപിക്കുന്നതാണ് ഏറ്റവും അഭിലഷണീയമായ സാമൂഹ്യസാഹചര്യം. നമ്മുടെ നാട്ടില്‍ എല്ലാ കൈത്തൊഴിലുകളും അപ്രത്യക്ഷമായി വരുന്നു. പുറമേക്ക് നോക്കുമ്പോള്‍ എല്ലാം വളരെ സുന്ദരം. പക്ഷെ ഉള്ള് പൊള്ളയായ , അനുദിനം ജീര്‍ണ്ണിച്ച് വരുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇവിടെ നാളെ മനുഷ്യര്‍ക്ക് ജീവിയ്ക്കാന്‍ പറ്റുമോ എന്നറിയില്ല.
15 comments:
നല്ല ചിന്തകള്‍, ഇത് പ്രവര്‍ത്തിയില്‍ കൊണ്ട് വരാന്‍ ആര്‍ക്കു നേരം ,
നഗരങ്ങളില്‍ മാത്രം കളിസ്ഥലങ്ങള്‍ ( കൊച്ചിയില്‍ പണ്ടാരുടെയോ നല്ല മനസ് കൊണ്ട് ഒരു സുഭാഷ് പാര്‍ക്കും രാജേന്ദ്ര മൈതാനവും മനപ്പട്ടി പറമ്പും കിട്ടി ) കൊച്ചിയുടെ ഉപഗ്രഹ നഗരമായ അരൂര്‍ തൊട്ടു തെക്കോട്ട് ഞങ്ങളുടെ നാട്ടില്‍ പോലും മണ്ണ് ഇടാന്‍ സ്ഥലം ഇല്ല , ഇതാണ് പ്ലന്നിംഗ് ,,, എന്താ ചെയ്യുക , നല്ല ഭരണാധികാരികള്‍ വരണം , അതിനു നമ്മള്‍ ശ്രമിക്കുകയും വേണം , ഈ ചെല്ല് രാഷ്ട്രീയം ഞാന്‍ ഉപേക്ഷിക്കുന്നു
അല്പം ചിന്താ ശേഷിയുള്ള ഓരോ മലയാളികളുടെയും നെടുവീര്‍പ്പുകള്‍ ആണ് താങ്കളുടെ എഴുത്തിലൂടെ പുറത്തു വന്നിരിക്കുന്നത് ...."ഇവിടെ നാളെ മനുഷ്യര്‍ക്ക് ജീവിയ്ക്കാന്‍ പറ്റുമോ എന്നറിയില്ല.?
തെങ്ങിന്റെ മൂട് വെട്ടാൻ അഞൂറുരൂപാ അയാൾ ചോദിച്ചതിൽ തെറ്റൊന്നുമില്ല. കാരണം ജീവിതച്ചെലവ് അത്രയ്ക്കും വർദ്ധിച്ചിട്ടുണ്ട്. പിന്നെ ഈ മൺ വെട്ടിപ്പണിക്കാരെയും ലോഡിംഗുകാരെയും കുറിച്ച് മാത്രം വിമർശനം ഉന്നയിക്കുന്നത് എല്ലാവർക്കും പണ്ടേ ഒരു ശീലമാണ്. ഈ ഉഡായിപ്പ് പണി എന്നത് കിളയലുകാർ മാത്രം ചെയ്യുന്നതല്ല. സർക്കാർ സർവീസിൽ ഉള്ളവർ ഇതിനേക്കാൾ ഉഡായിപ്പുകളാണ്. ചെയ്യാത്ത പണിയ്ക്ക് മാസം പണമെണ്ണി വാങ്ങുന്നവർ. കിട്ടുന്നതൊന്നും അവർക്ക് പോരാതാനും. ആദ്യം ഈ വൈറ്റ്കോളർ പണിക്കാരൊക്കെ ആത്മാർത്ഥമായി പണിയെടുത്ത് കാണിക്കട്ടെ. നിരക്ഷരരായ പാവം മറ്റു കർഷകത്തൊഴിലാളികളൊക്കെ അവരെ മാതൃകയാക്കട്ടെ. ഓഫീസ് പണിക്കാരന് കസേരയിലിരുന്ന് ഉറങ്ങാം. തെങ്ങിന്റെ മൂട് വൌരുന്നവന് പണിയിൽ കള്ളം കാണിയ്ക്കാം. പക്ഷെ സുഖമായി ഉറങ്ങാൻ കഴിയില്ല. നമ്മളെ തീറ്റിപ്പോറ്റുന്ന കർഷകത്തൊഴിലാളീകൾക്ക് ഇവിടെ റീ ഇൻപേർഴ്സ്മെന്റോ കണ്ണാടി വാങ്ങാൻ പണമോ ഉത്സവബത്തയോ ക്ഷാമബത്തയോ ഒന്നുമില്ലല്ലോ. എന്നിട്ടും പരാതി മുഴുവൻ കർഷകത്തൊഴിലാളികൾക്കും ചുമട്ടു തൊഴിലാളികൾക്കുമാണ്. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചെന്ന് പത്തുരൂപയുടെ മരുന്നിൽ തീരുന്ന രോഗത്തിന് ഒരു ലക്ഷം രൂപാ ബില്ലിട്ടാലും ഇതെന്തുകണക്കെന്ന് ചോദ്യമില്ല. പക്ഷെ ഒരു ആട്ടോക്കാരൻ മുപ്പതുരൂപാ ഓട്ടത്തിനു മുപ്പത്തഞ്ചു പറഞ്ഞാലേ മുപ്പത് കിട്ടൂ എന്നു കരുതി ചാർജ് പറഞ്ഞാൽ അവൻ കുഴപ്പക്കാരൻ. സർക്കാർ ഓഫീസിൽ പത്തുരൂപാ ചെലവുപോലുമില്ലാത്ത കാര്യം ചെയ്തിട്ട് അഞ്ഞൂറുപൂപാ കൈക്കൂലി വാങ്ങിയാൽ ഒരു പരാതിയുമില്ല. എല്ലാവരും പാവങ്ങളുടെ മെക്കിട്ടേ കയറൂ. പിന്നെ വികസനത്തിന്റെ കാര്യം. അത് സാറു പറഞ്ഞതും ശാസ്ത്രസാഹിത്യ പരിഷത്തുകാരു പറഞ്ഞതും സത്യം.കുറെ കോൺക്രീറ്റ് കെട്ടിടം കൊണ്ട് പട്ടിണിയെ മറയ്ക്കാനുള്ള വൃഥാശ്രമത്തിലാണ് നമ്മുടെ സർക്കാരുകൾ!
സ്വാര്‍ഥത കൊടികുത്തിവാഴുകയാണ് നാട്ടില്‍.
റോഡില്‍ വാഹനവുമായി ഇറങ്ങുന്നയള്‍ക്ക് ഞാന്‍ മാത്രം പോയാല്‍ മതി എന്ന ചിന്ത.വിവാഹം,വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍
പണക്കൊഴുപ്പിലൂടെയാണ് തീരുമാനിക്കപ്പെടുന്നത്.ഇതുപോലെ അത്യാര്‍ഥി മൂത്ത ജനം വേറെയുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള കുതന്ത്ര പരസ്യത്തില്‍ മലായാളി വീണുകൊണ്ടേയിരിക്കും.എത്രകൊണ്ടാലും പഠിക്കില്ല.
ഭക്തിയും ആള്‍ദൈവവിശ്വാസവും അരങ്ങുതകര്‍ക്കുയാണല്ലോ.
മാധ്യമ ദുസ്വാധീനം വികല ധാരണകള്‍ക്ക് കാരണമായിതീരുന്നു.എന്‍ഡോസല്ഫാന്‍ വിരുദ്ധവികാരം അതിന്റെ തെളിവാണ്.
"അലക്കിത്തേച്ച് വടി പോലത്തെ കുപ്പായവുമിട്ട് സുന്ദരക്കുട്ടപ്പന്മാരായി വിലസുന്ന രാഷ്ട്രീയക്കാര്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന എന്തെങ്കിലും പ്രശ്നം സംസാരിക്കുന്നുണ്ടോ?"
ഇതിന്റെ അടിയില്‍ എന്റെയും ഒരു ഒപ്പ്.
പോടാ എന്ന് വിളിച്ചു, കണ്ണിറുക്കി കാട്ടി എന്നൊക്കെ വിലപിച്ചാണ് പാര്‍ലമെന്റ് ഇലക്ഷന്‍ പോലും നീങ്ങുന്നത്!! ജനങ്ങള്‍ക്ക് തങ്ങള്‍ ഇത് നല്‍കും അല്ലെങ്കില്‍ മറ്റേ പാര്‍ട്ടി പ്രഖ്യാപിച്ച ഇന്ന പരിപാടിയില്‍ ഇന്ന പ്രശ്നങ്ങള്‍ ഉണ്ട് എന്നൊക്കെ പറഞ്ഞ് വാദ പ്രതിവാദങ്ങള്‍ നടത്തുന്ന ഒരു ഇലക്ഷന്‍ എന്നെങ്കിലും കേരളീയന്, ഇന്ത്യക്കാരന് കാണുവാന്‍ കഴിയുമോ?
അമേരിക്കയില്‍ ഇപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രസിഡന്റ് സ്ഥാനമോഹികളുടെ മത്സരം നടക്കുന്നത് നോക്കുക. പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ളവരായിട്ടും തങ്ങളുടെ വ്യത്യസ്ത ഐഡിയകള്‍ തുറന്നിട്ട് ഡിബേറ്റ് നടത്തുന്നു. സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഒരാള്‍ 9-9-9 പ്രഖ്യാപിക്കുമ്പോള്‍ മറ്റൊരാള്‍ ഫ്ലാറ്റ് റേറ്റ് ഐഡിയ പ്രഖ്യാപിക്കുന്നു. മാധ്യമങ്ങളും ജനങ്ങളും അത് ചര്‍ച്ച ചെയ്ത് അതിന്റെ നല്ല വശവും ചീത്ത വശവും മനസ്സിലാക്കുന്നു. ഇനി ഇവരില്‍ ആരെങ്കിലും ജയിച്ചിട്ടും ഇതൊന്നും നടപ്പിലാക്കിയില്ലെങ്കിലും ഇലക്ഷനില്‍ ജനങ്ങളുടെ മുന്നില്‍ തങ്ങളുടെ ഐഡീയകള്‍ മുന്നോട്ട് വെയ്ക്കുവാനും അത് ജനങ്ങള്‍ക്ക് ചര്‍ച്ച ചെയ്യുവാനുമുള്ള അവസരം കൊടുക്കുന്നു. ഇന്ത്യയിലോ? അതെല്ലാം പാര്‍ലമെന്റ് അംഗങ്ങള്‍ നടപ്പാക്കും ജനങ്ങള്‍ക്ക് അതില്‍ കാര്യമൊന്നുമില്ല എന്ന ധാര്‍ഷ്ട്യം. വോട്ടര്‍മാര്‍ ഇലക്ഷന്‍ സമയത്ത് മറ്റവന്‍ മറ്റവനെ എന്ത് വിളിച്ചു അല്ലെങ്കില്‍ അവന്‍ ഇവനെ കണ്ണുരുട്ടി കാട്ടിയത് എന്തിന് എന്നൊക്കെ ചര്‍ച്ചിച്ചാല്‍ മതി എന്ന വാശി. വേണമെങ്കില്‍ വോട്ട് ചെയ്യാന്‍ വരിക അല്ലെങ്കില്‍ വരാത്തവന്റെ പേരില്‍ വേറെ വല്ലവരും വോട്ടും ചെയ്യും!!!
@ manoos, രാഷ്ട്രീയം ഉപേക്ഷിക്കരുത്, രാഷ്ട്രീയക്കാരെ ഉപേക്ഷിക്കുക. അവര്‍ നമ്മുടെ നന്മക്കല്ല സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്, ഒരു പണിയില്‍ എത്തിപ്പെട്ടു, ആ പണികൊണ്ട് സുഖസുന്ദരമായി ജീവിയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കുക. രാഷ്ട്രീയക്കാരന്റെ ജല്പനങ്ങള്‍ കേട്ട് മറ്റ് പാര്‍ട്ടി വിശ്വാസികളെ വെറുക്കാതിരിക്കുക. എന്തെന്നാല്‍ ഇവിടെ ജനങ്ങള്‍ ഒരു വര്‍ഗ്ഗവും രാഷ്ട്രീയജോലിക്കാര്‍ മരൊരു വര്‍ഗ്ഗവുമാണ്.
@ BIG B , വായനയ്ക്ക് നന്ദി :)
@ ഇ.എ.സജിം,
500 രൂപ വാങ്ങിയത് ശരി തന്നെ എന്ന് സമ്മതിക്കുന്നു. കാരണം ഇന്നത്തെ കാലത്ത് ഒരു 500രൂപയുടെ കഴിച്ചാല്‍ മാത്രമെ തലക്ക് ഏശുകയും അല്പം തരിപ്പ് തോന്നുകയും ചെയ്യൂ. ഒന്നാമത് വിലകുറഞ്ഞ നാടന്‍ പട്ട കിട്ടാനില്ല. ബിവറേജസ് തന്നെ വേണം. സ്ഥിരമായി മദ്യപിക്കുന്നത്കൊണ്ട് ലേശം കഴിച്ചാലൊന്നും മത്ത് പിടിക്കില്ല. പിന്നെന്താ, അന്നന്ന് കിട്ടുന്ന അഞ്ഞൂറും അറുന്നൂറു അന്നന്ന് തന്നെ തീര്‍ക്കും. ഒരിക്കല്‍ വിളിച്ച എന്നെ പോലെ ഉള്ളവര്‍ പിന്നെ വിളിക്കില്ല. എന്നാല്‍ ലോ ഓഫ് പ്രോബബിലിറ്റി പ്രകാരം അവന് എവിടെയെങ്കിലും പണി കിട്ടും. അത്രയല്ലേ ആള്‍ക്കാര്‍ ഫീല്‍ഡില്‍ ഉള്ളൂ. എന്തായാലും ഇത്രയും വാങ്ങിയിട്ട് റേഷന്‍ ഷാപ്പില്‍ നിന്ന് ഒരു രൂപയ്ക്ക് അരിയും വാങ്ങി ഇവനൊന്നും രണ്ട് രൂപ മിച്ചം വെക്കുകയോ സമ്പാദിക്കുകയോ ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ മദ്യവും നല്ല സേവനമാണ് ചെയ്യുന്നത്. അല്ലെങ്കില്‍ പിന്നെ ഇവന്‍ ജോലിക്ക് പോകുമോ. തീരെ ഒന്നിനും ആളെ കിട്ടാതെ പോകില്ലേ.
എന്തായാലും കേരളം ഇങ്ങനെ തന്നെ പോട്ട് എന്ന് തന്നെയണ് എന്റെയും അഭിപ്രായം. ഞാന്‍ ഒരു പണിക്കാരനെയും ഇനി വിളിക്കില്ല. 25സെന്റ് സ്ഥലം ഒരിടത്ത് ഉണ്ട്.25 തെങ്ങും. വീഴുന്ന തേങ്ങ ആരെങ്കിലും കൊണ്ട് പോട്ട്. വീട്ടില്‍ ആവശ്യമായത് കാശ് കൊടുത്ത് വാങ്ങിക്കോളും. ഞങ്ങളുടെ വീട്ടിലും മോശമല്ലാത്ത തോതില്‍ പ്രവാസിപ്പണം എത്തുന്നുണ്ട്. കേരളത്തില്‍ എന്തെങ്കിലും മാറ്റം വരുമെന്ന പ്രതീക്ഷയോ താല്പര്യമോ എനിക്കുമില്ല്ല. എന്തെന്നാല്‍ കേരളത്തില്‍ തൊട്ടതിനും പിടിച്ചതിനും കൊടി നാട്ടി എല്ലാ തൊഴിലുകളും നശിപ്പിച്ച് ഒരു ജനതയെ മൊത്തം കൂട്ടപ്രവാസികളാക്കിയ ശക്തികള്‍ ഇപ്പോഴും വര്‍ദ്ധിത വീര്യത്തോടെ ഇവിടെയുണ്ട്. ലോകത്ത് തന്നെ അവസാനത്തെ താവളം.
അത്കൊണ്ടെന്തായി ഒരിക്കല്‍ പ്രവാസിയായാല്‍ പിന്നെ നാട്ടില്‍ വേര് പിടിപ്പിക്കാന്‍ കഴിയില്ല. തമിഴ്‌നാട്ടിലോ, കര്‍ണ്ണാടകയിലോ ഉള്ള രക്ഷിതാക്കള്‍ക്ക് മക്കളുടെ ഭാവിയെ പറ്റി ആശങ്കയില്ല. അവര്‍ വളരുമ്പോള്‍ ജോലി നാട്ടില്‍ തന്നെ കിട്ടും. മലയാളിക്ക് കുഞ്ഞ് ജനിച്ചാല്‍ ജനനസര്‍ട്ടിഫിക്കറ്റ് വാങ്ങുമ്പോള്‍ തന്നെ പാസ്‌പോര്‍ട്ടും വാങ്ങേണ്ട അവസ്ഥയാണ്.
മനോജേ, ഇന്ത്യയിലെ സ്വാതന്ത്ര്യവും ജനാധിപത്യവും കുരങ്ങന്റെ കൈയില്‍ കിട്ടിയ പൂമാല പോലെയാണ് ജനങ്ങളും രാഷ്ട്രീയക്കാരും കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസമില്ലാത്ത ഒരു ജനതക്കാണ് ഇന്ത്യയില്‍ സ്വാതന്ത്ര്യവും പാര്‍ലമെന്ററി സിസ്റ്റവും കിട്ടിയത്. വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു ജനതയാണ് അമേരിക്കയില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും നേടിയെടുത്തത്. ആ വ്യത്യാസം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.
ലേഖകന്‍ പറഞ്ഞ പോലെ ഉള്ളു പൊള്ളയായ ഒരു പുറന്തോടിനു പുറത്താണ് നാം ജീവിക്കുന്നത്. സ്വയം പര്യാപ്തതയാണ് ഏതു നാടിന്റെയും അഭിവൃതിക്കു നിധാനം. എന്തും പുറത്തു നിന്നു വാങ്ങുക എന്ന ഉപഭോക്തൃ സംസ്ക്കാരം നമ്മെ അപകടത്തിലേക്കാണ് നയിക്കുന്നത്.
സ്വന്തം നാട്ടിലെ കൃഷി ഭൂമികള്‍ മണ്ണിട്ട് നിരത്തി കഞ്ഞിക്കുള്ള അരിക്കായി ബംഗ്ലാദേശില്‍ നിന്നുള്ള ഗുഡ്സ് വാഗണ് കാത്തിരിക്കേണ്ട ഗതികേടാണ് ഇന്നു മലയാളികള്‍ക്ക്. രണ്ടു ദിവസം ലോറി സമരമായാല്‍ പച്ചക്കറി തീ വില കൊടുത്തു വാങ്ങേണ്ട അവസ്ഥ. സമരം നീണ്ടു പോയാല്‍ ഒന്നും തീരെ കിട്ടാത്ത സ്ഥിതിവിശേഷം . ഒടുവില്‍ സമരക്കാരുടെ എന്ത് ഡിമാന്റും അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി വീണ്ടും ഭാരിച്ച ജീവിതച്ചിലവ് തലയിലേറ്റി ജീവിതം ദുഷ്ക്കരമാവുന്ന ദുരവസ്ഥ.
സ്വന്തം നാട്ടില്‍ അദ്വാനിക്കാന്‍ മടിയുള്ള മലയാളികള്‍ അന്യ നാട്ടില്‍ അത്യദ്വാനം ചെയ്യുമ്പോള്‍ കേരത്തില്‍ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ തൊഴില്‍ മേഘല കയ്യടക്കുന്നു. ക്രമേണ വലിയ വേദനം കൈപറ്റുന്നു. അതിനു കാരണവും നമ്മുടെ നാട്ടിന് ആവശ്യമുള്ള 'മാന്പവര്' പുറത്തേക്ക് പോകുകയും വില കൂടിയത് നാം പുറത്തു നിന്നു വാങ്ങുകയും ചെയ്യുന്നു എന്നതാണ്.
ചുരുക്കത്തില്‍ നമുക്ക് ആവശ്യമുള്ളത് നമ്മുടെ നാട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കുകയോ നില നിര്‍ത്തുകയോ ചെയ്യാത്തിരുന്നാല്‍ എന്തും വലിയ വലിയ വില കൊടുത്ത് വാങ്ങി എത്ര കാലം മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കും എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്.
നാടിനെ കടക്കെണിയില്‍ നിന്നു രക്ഷിക്കാനായി ഈ വക കാര്യങ്ങളില്‍ ശ്രദ്ധ പതെക്കേണ്ട അധികാരികള്‍ നിയമ സഭയില്‍ പരസ്പരം പുലഭ്യം പറഞ്ഞു സമയം കളയുമ്പോള്‍ നാം വലിയ അരക്ഷിതാവസ്ഥയുടെ നടുവിലാണ് എന്നു തോന്നിപ്പോകുന്നു.
ലേഖകന്‍ അടിവരയിടുന്ന പോലെ ദുരഭിമാനത്തിന്റെ പുറംമോഡിക്ക് മുകളില്‍ നാം കെട്ടിപ്പൊക്കുന്ന ഈ ചീട്ടു കൊട്ടാരത്തിന്റെ ഉള്ളു പൊള്ളയാണ്. സംസ്ഥാനത്തിറെ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകള്‍ അടഞ്ഞാല്‍ തീര്‍ന്നു എല്ലാം.
നമ്മള്‍ കേരളീയര്‍ വിദേശത്തുപോയി അവിടത്തുകാരെ ഊറ്റുന്നു.
ആ കാശുകൊണ്ട് നമ്മളെ അയല്‍ സംസ്ഥാനക്കാര്‍ ഊട്ടുന്നു!
ഊറ്റല്‍ നിന്നാല്‍ ഊട്ടല്‍ നിലയ്ക്കും.
വളരെ നല്ല പുനര്‍ വിചിന്തനങ്ങള്‍ എന്നാണ് എനിക്ക് തോന്നിയത്. നമ്മള്‍ മനാസില്‍ കൊണ്ട് നടക്കുന്ന വേവലാതികള്‍ തന്നെ ആണ് ഈ ബ്ലോഗില്‍ കാണുന്നത് . നാട് മുടിയും എന്നാണ് തോന്നുന്നത് . അപ്പഴത്തെ കാര്യത്തിനു അമ്മയെയും കൊല്ലുക, പിന്നീടുള്ള വരും വരായ്കകള്‍ നമ്മള്‍ ചിന്തിക്കുന്നില്ല. ദീര്‍ഘ ദ്രിഷ്ട്ടിയോടുള്ള പ്രവര്‍ത്തനം ഒരു മേഘലയിലും കാണുന്നില്ല. ഭക്ഷ്യോല്‍പാദന മേഖല ആകെ സ്തംഭനതിലാണ് . തമിഴ് നാട് അന്യസംസ്ഥാ നങ്ങളോട് അടി നടത്തി വെള്ളം വാങ്ങുന്നു. മഴയില്ലാത്ത വരണ്ട പ്രതികൂല കാലാവസ്ഥയിലും അവര്‍ ഭക്ഷ്യോല്‍പാദനമ് നടത്തി അവര്‍ അയല്‍ സംസ്ഥാനങ്ങളിലെയ്ക്ക് കയറ്റി വിടുന്നു . മഴ കൊണ്ടും വെള്ളം കൊണ്ടും അനുകൂല കാലവസ്ഥയിലും അനുഗ്രഹീതരായ നമ്മള്‍ നമുക്കുള്ള ഭക്ഷണം അതിര്‍ത്തി കടന്നു വരുന്നതും കാത്തു കിടക്കണം. മണ്ണില്‍ പോന്നു വിളയിക്കുന്ന നമ്മുടെ സംസ്കാരം കോണ്‍ക്രീറ്റ് സംസ്കാരത്തിലേക്ക് ഒതുങ്ങി. നമ്മുടെ ഭാവി തലമുറ മുറയ്ക്ക് വേണ്ടി മണിമാളികകള്‍ ഒരുക്കുന്ന നമ്മള്‍ അവര്‍ എന്ത് തിന്നു ജീവിക്കും എന്ന് ചിന്തിക്കുന്നില്ല...
അതിനു നാളയെ കുറിച്ച് ആര് ചിന്തിക്കുന്നു ..? ഓരോ നിമിഷവും ആസ്വദിക്കുക എന്നല്ലേ ഇപ്പോള്‍ കോര്പോരറെ ആധ്യത്മികര്പോലും പറയുന്നത് ! അല്ല ! പിന്നെ!
പണം വരുന്നിടത്ത് പണി ചെയ്യാല്‍ ആളെ കിട്ടില്ല .. അത് കൊണ്ട് കൂടിയാണ് നമ്മളെ പണ്ട് ഗള്‍ഫിലേക്ക് വിളിച്ചത് ..ഇപ്പൊ നമ്മളില്‍ ചിലര്‍ അല്ലെങ്കില്‍ പലര്‍ മുതലാളിമാരായി..
മുതാളിമാര്‍ക്ക് വിലയുള്ള സമൂഹത്തില്‍ ( സമൂഹ വില ) തൊഴിലാളികള്‍ ആകാന്‍ ആളെ കിട്ടില എന്നല്ലേ മുതലാളിതത്തിലെ ഡിമാണ്ട് - സപ്ലൈ ലോജിക് ഒന്ന് നീട്ടി പിടിച്ചാല്‍ കിട്ടുക ..
തൊഴിലാളികള്‍ വേണം എങ്കില്‍ തൊഴിലാളിള്‍ക്ക് നാട്ടില്‍ നല്ല വില ( കൂലി അല്ല ) വേണം .. നല്ല വിലയുള്ള തൊഴിലാളിക്ക് പെണ്‍കുട്ടിയെ കെട്ടിച്ചു കൊടുക്കാമെന്നു അച്ഛനമ്മമാര്‍ സ്വപ്നം കാണണം ..അങ്ങനെ വരുമ്പോ തൊഴിലാളി ആകാന്‍ ഡിമാണ്ട് കൂടും .. അപ്പൊ തൊഴിലാളികളുടെ സപ്ലി ഉയരും ..
എന്നാല്‍ ഇവിടെ ഇപ്പോള്‍ തൊഴിലാളിക്ക് നല്ല കൂലി ഉണ്ടെകിലും പഴ വില തന്നെയേ ഉള്ളൂ.. അപ്പൊ ദിമാണ്ടും കുറയും സപ്പ്ലയും കുറയും ..അത് സമൂഹത്തിന്റെ മൂല്യ നിര്‍ണയത്തിന്റെ പ്രതേകതയാണ് ...തൊഴിലിന്റെ മാന്യത എന്നൊക്കെ ദയലോഗടിച്ചു നടക്കുന്ന സമൂഹം തരാം താണ തൊഴില്‍ ചെയ്യുന്നവനെ പുചിക്കുമ്പോള്‍ പണി ചെയ്യാന്‍ ആരാ മിനക്കെടുക ..??
അതിനു പഴയതിനെ തള്ളി പ്പറഞ്ഞു പുതിയത് സ്വീകരിക്കാന്‍ തയ്യാറാകണം ..പഴയതിലും പുരാതന - പാരമ്പര്യത്തിലും ഒട്ടി പിടിച്ചിരിക്കുന്നവര്‍ കാലക്രമത്തില്‍ 'ഔട്ടായി' പോവുകയേ ഉള്ളൂ..
-Every Society Gets whet it Deserves..!!
വളരെ പ്രസക്തമായ ഒരു വിഷയമാണ് മാഷ് ഇപ്രാവശ്യം പറഞ്ഞത്.
അതിദ്രുതമായ ഒരു നഗരവത്കരണമാണ്, കേരളത്തിന്റെ പ്രശ്നം. അതോടൊപ്പം ഊഹക്കച്ചവടമെന്ന കിനാവള്ളിയും.
ഇച്ഛാശക്തിയുള്ള ഭരണകൂടങ്ങള്‍ ഒരു പരന്ന നഗരം എന്ന കാഴ്ചപ്പാടില്‍, വ്യക്തമായ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍, കേരളം മലയാളിക്ക് അന്യമാകും.
കൃഷിയും മറ്റും, വല്ല ഫാം ടൂറിസത്തിന്റെ ഭാഗമായി നടത്തിക്കൊണ്ടുപൊകുന്നവരെ മാത്രമേ ഭാവിയില്‍ ഇവിടെ കണ്ടെത്താന്‍ കഴിയൂ.
അല്ലെങ്കില്‍, അമേരിക്കയിലും മറ്റും കണ്ടതുപോലെ ഊഹക്കച്ചവടങ്ങളുടെ (റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ)അവസാനം, യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഒരു പടിയിറക്കമുണ്ടാകണം.
അത് അനിവാര്യമാക്കുന്ന ചില സാഹചര്യങ്ങള്‍, ഇവിടെ പൊന്തിവരുന്നുമുണ്ട്.
അങ്ങനെ സംഭവിച്ചാല്‍, ഒരു ഇല കൊഴിയല്‍ കഴിഞ്ഞ് വീണ്ടും തളിര്‍ത്തേക്കാം!
പക്ഷേ, ആ ഇല കൊഴിച്ചിലില്‍, അറുപതുകളും എഴുപതുകളും വീണ്ടും നമ്മള്‍ കാണേണ്ടിയും വന്നേക്കും!
വളരെ നല്ല ചിന്ത ഓരോ കേരളീയനും ഈ നിലക്ക ചിന്തിക്കുകയും നാറിയ സമകാലിക രാഷ്ട്രീയത്തെയും വളര്‍ന്നു വരുന്ന ഉപഭോഗ സംസ്കാരത്തിന്‍റെയും വിപത്ത് തിരിച്ചറിയുകയും ചെയ്തിരുന്നെങ്കില്‍ എന്ന് കൊതിക്കുന്നു.
പക്ഷെ വായിച്ചപ്പോള്‍ ഒരു പ്രവാസി എന്ന നിലക്ക് തോന്നിയ ചെറിയ ഒരു സങ്കടം തുറന്നു പറയുന്നു. സ്വന്തം നാട്ടില്‍ പണിയെടുക്കാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഒരിക്കല്‍ എല്ലാം അവസാനിപ്പിച്ച് നാട്ടില്‍ വരികയും ജോലി തിരഞ്ഞു നടക്കുകയും ചെയ്തു. പക്ഷെ പഠിച്ച പണിയും അതില്‍നിന്നുണ്ടാകുന്ന വരുമാനവും കൊണ്ട ജീവിക്കണമെങ്കില്‍ കേരളത്തിലെ ഇന്നത്തെ വിലനിലവാരം അനുവതിക്കുന്നില്ല. ഇവിടെ സൌദിയില്‍ ൧൦൦൦ റിയാലാണ് ശമ്പളം എന്നിട്ടും വീട്ടില്‍ മാസം ൧൦൦൦൦ രൂപ കൊടുക്കാന്‍ കഴിയുന്നത് ഇവിടുത്തെ ജീവിത ചിലവിന്റെ കുരവുകരണമാണ്.
http://www.ftpayyooby.blogspot.com/
വികസനമെന്നത് കേവലമൊരു വാക്കല്ല. അടിസ്ഥാന സൌകര്യങ്ങളിന്‍മേലുള്ള ഉറപ്പാണ്.
അതുറപ്പ് വരുത്തുന്നതില്‍ നാമെത്ര കണ്ടു വിജയിച്ചിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാവണം വികസനത്തിന്റെ തോത് അളക്കേണ്ടത്.
വളരെ ഗൌരവതരമായി കൈകാര്യം ചെയ്യേണ്ടുന്ന ഒരു വിഷയത്തെ ചര്‍ച്ചക്ക് വെച്ച ബഹുമാന്യ സുഹൃത്തിന് ആദരം.
ഇരിപ്പിടം വഴിയാണ് ഈ പോസ്റ്റില്‍ എത്തുന്നത്.
വഴി കാണിച്ച ഇരിപ്പിടത്തിനും, ശ്രീ അക്ബര്‍ ചാലിയാറി നും നന്ദി.
പ്രജകള്‍ക്കൊത്ത രാജാവിനെയേ കിട്ടൂ എന്നത് പതുപോലെ നമ്മള്‍ മറന്നു പോയി.
Post a Comment