Links

ഫുകുഷിമാവും കൂടംകുളവും ഒരു പോലെ അല്ല.

ഭൂകമ്പവും സുനാമിയും ഒരുമിച്ച് ജപ്പാനില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഫുകുഷിമ ആണവപ്ലാന്റിലെ ഒരു റിയാക്ടര്‍ പ്ലാന്റില്‍ സ്പോടനം ഉണ്ടാവുകയും അവിടം വെളുത്ത പുകപടലം നിറയുകയും ചെയ്തത് ദൃശ്യമാധ്യമങ്ങളില്‍ കണ്ട എല്ലാവരിലും ആണവപ്ലാന്റുകളെ കുറിച്ച് ഒരു ഭീതിയുണ്ടാക്കി എന്നത് നേരാണ്. ഈ സംഭവത്തിന് ശേഷമാണ് കൂടംകുളത്ത് ആണവവൈദ്യുതനിലയത്തിനെതിരെ നാട്ടകാരുടെ സമരം ശക്തിയാര്‍ജ്ജിക്കുന്നത്.  ഫുകുഷിമാവില്‍ സംഭവിച്ചത് പോലെ കൂടംകുളത്തും സംഭവിക്കാന്‍ സാധ്യതയുണ്ട് എന്ന മട്ടിലാണ് അവിടത്തെ തദ്ദേശവാസികള്‍ ഭയപ്പെടുന്നത്. ആ ഭയം ന്യായമല്ല എന്ന് പറയാന്‍ കഴിയില്ല. ആ ഭയം നിമിത്തമാണ് അവിടെയുള്ള പാവപ്പെട്ട ഗ്രാമീണര്‍ സമരം ചെയ്യുന്നത്.  എന്നാല്‍ കൂടംകുളം സമരത്തെ പിന്തുണയ്ക്കുന്ന പരിസ്ഥിതിവാദികളുടെ ആവശ്യം ആണവപ്ലാന്റുകളേ നമുക്ക് വേണ്ട എന്നാണ്.  അതിനെ പറ്റി മറ്റൊരു പോസ്റ്റില്‍ എഴുതുന്നുണ്ട്. ഫുകുഷിമാ പോലെ ഒരു അപകടം കൂടംകുളത്ത് സംഭവിക്കാന്‍ സാധ്യതയില്ല എന്ന് വിശദീകരിക്കാനാണ് ഈ ലേഖനം എഴുതുന്നത്.

എന്താണ് ഫുകുഷിമാവില്‍ സംഭവിച്ചത് ?

2011 മാര്‍ച്ച് 11ന് റിക്ടര്‍ സ്കെയിലില്‍ 8.9 അടയാളപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഫുകുഷിമാ ആണവ റിയാക്ടറില്‍ ഘടിപ്പിച്ചിട്ടുള്ള Control Rods ( ചിത്രം കാണുക) താനാകവേ ഇറങ്ങി Nuclear chain reaction നിര്‍ത്തുകയുണ്ടായി. അപ്പോള്‍ റിയാക്ടറില്‍ ഉള്ള  Decay heat എന്ന ചൂട് തണുപ്പിക്കുന്നതിന് വേണ്ടിയുള്ള എലക്ട്രിക്ക് പമ്പ് പ്രവര്‍ത്തിച്ചില്ല. ഭൂകമ്പം നിമിത്തം വൈദുതി നിലച്ചത്കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.  ഇത്തരം ഘട്ടങ്ങളില്‍ എലക്ട്രിക്ക് പമ്പ് പ്രവര്‍ത്തിക്കുന്നതിന് ഡീസല്‍ ജനറേറ്റര്‍ ഉണ്ടാവും.  ദൌര്‍ഭാഗ്യവശാല്‍ സുനാമിയും ഒരുമിച്ച് വന്നപ്പോള്‍ ഉണ്ടായ വെള്ളപ്പെരുക്കില്‍ ഡീസല്‍ ജനറേറ്റര്‍ മുങ്ങിപ്പോയി.  ഈ സാഹചര്യത്തില്‍ ECCS എന്നു പറയുന്ന Emergency Core Cooling System പ്രവര്‍ത്തനരഹിതമായിപ്പോയി. അപ്പോള്‍ അതിചൂടുള്ള  Zircaloy എന്ന ലോഹം നീരാവി കലര്‍ന്ന് ഹൈഡ്രജന്‍ വാതകം രൂപപ്പെടാന്‍ തുടങ്ങി.  ഈ ഹൈഡ്രജന്‍ വാതകം  കൂടുതലായി ഘനീഭവിച്ച് ആണവപ്ലാന്റിന്റെ കെട്ടിടത്തിന്റെ പുറത്തേക്ക് വ്യാപിച്ചു.  ഇതാണ് ആളുകള്‍ ടെലിവിഷനില്‍ കണ്ട പുകപടലം.  ഹൈഡ്രജന്‍ വാതകത്തിന്റെ കൂടെ റിയാക്ടറില്‍ അതിന് മുന്‍പേ ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള വികിരണകണികകളും പുറത്തേക്ക് വ്യാപിച്ചിരിക്കും. 

ഇതില്‍ നിന്നും ഈ ദുരന്തം നടന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1) ഭൂകമ്പം.  2)  സുനാമി. 3) ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായത്.  4) ഒരു വിദ്യുച്ഛക്തിയും ഇല്ലാതെ റീയാക്ടര്‍ തണുപ്പിക്കുന്നതിനാവശ്യമായ സുരക്ഷാസംവിധാനം ഇല്ലാത്തത്. 5) ആണവപ്ലാന്റിന്റെ കെട്ടിടത്തിനകത്ത് രൂപം കൊണ്ട ഹൈഡ്രജന്‍ വാതകത്തെ ആഗിരണം ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇല്ലാത്തത്

കൂടംകുളം ആണവനിലയവും ഫുകുഷിമാ ആണവപ്ലാന്റും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്?  

ഭൂകമ്പം :  ജപ്പാന്‍ ഭൂകമ്പങ്ങളുടെ നാടാണ് എന്ന് എല്ലാവര്‍ക്കുമറിയാം. 7 റിക്ടര്‍ സ്കെയില്‍ അളവില്‍ വരെ ഭൂകമ്പങ്ങള്‍ അവിടെ സാധാരണയാണ്. എന്നാല്‍ കൂടംകുളം ഭൂകമ്പസാധ്യത ഇല്ലാത്ത seismic zone 2 ലാണ് ഉള്ളത്.  അതായത് കൂടംകുളത്ത് ഭൂകമ്പം ഉണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്. ഇന്ത്യയില്‍ ഭൂകമ്പ സാധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പ് താഴെ കാണുക. (കടപ്പാട്: www.mapsofindia.com) 
മാപ്പില്‍ കടും ചുകപ്പ് നിറത്തില്‍ കാണുന്ന സോണ്‍ 5ലാണ് അപായ സാധ്യത കൂടുതല്‍. കൂടംകുളം ഉള്‍പ്പെടുന്ന തിരുനെല്‍‌വേലി ജില്ല അപകടരഹിതമായ സോണ്‍ 2ല്‍ ആണെന്ന് കാണാം.

സുനാമി : സുനാമി എന്ന വാക്ക് തന്നെ ജപ്പാനിലാണ് ഉണ്ടായത് എന്ന് അറിയാമല്ലൊ. Harbour wave എന്നാണ് ജപ്പാന്‍ ഭാഷയില്‍ സുനാമിയുടെ അര്‍ത്ഥം. 14 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള തിരമാലകളാണ് ഫുകുഷിമയെ വിഴുങ്ങാന്‍ വന്നത്. 2004 ല്‍ ചെന്നൈയിലും തമിഴ്നാടിന്റെ മറ്റ് കടലോര പ്രദേശങ്ങളിലും സുനാമി അടിച്ചത്കൊണ്ട് ഫുകുഷിമയില്‍ വന്നത് പോലെഉള്ള സുനാമി കൂടംകുളത്തും വന്നുകൂടേ എന്ന് ന്യായമായും ചോദിക്കാം. സുനാമി പോലുള്ള വന്‍ തിരമാലകള്‍ രൂപംകൊള്ളുന്ന സ്ഥലങ്ങളെ  tsunamigenic fault  എന്നാണ് പറയുക. ഇങ്ങനെയുള്ള സ്ഥലത്ത് ഉടലെടുക്കുന്ന സുനാമിയുടെ തിരമാലകളുടെ ഉയരം അത് സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ദൂരം കുറയുമ്പോള്‍ തിരമാലകളുടെ ഉയരം കൂടുകയും , ദൂരം കൂടുമ്പോള്‍ ഉയരം കുറയുകയും ചെയ്യും. ജപ്പാനില്‍ ഈ സുനാമി രൂപം കൊണ്ട fault ഫുകുഷിമാവില്‍ നിന്ന്130 കി.മീ. മാത്രം അകലെയാണ്. അത്കൊണ്ടാണ് അത്രയും ഭീമാകാരമായ തിരമാലകള്‍ അവിടെ ആഞ്ഞടിച്ചത്. എന്നാല്‍  സുനാമി രൂപം കൊള്ളുന്ന fault ല്‍ നിന്ന് 1300 കി.മീ. അകലെയാണ് കൂടംകുളം സ്ഥിതി ചെയ്യുന്നത്. അതായത് കൂടംകുളത്തെ സുനാമി ആക്രമിച്ചാല്‍ തന്നെ ആ കടല്‍ത്തീരത്ത് എത്തുന്ന തിരമാലകളുടെ ഉയരം ഏറിയാല്‍ 3മീറ്റര്‍ ആയിരിക്കും.  സമുദ്രനിരപ്പില്‍ നിന്ന് 9 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കൂടംകുളം പ്ലാന്റിനെ സുനാമി ഒരു തരത്തിലും ബാ‍ധിക്കുകയില്ല എന്നു പറയുന്നത് ഇത്കൊണ്ടാണ്.
(നോക്കുക: http://www.tsunamisociety.org/272Jaiswal.pdf )

ഡീസല്‍ ജനറേറ്റര്‍ : ഫുകുഷിമാവില്‍ ഡീസല്‍ ജനറേറ്റര്‍ താഴ്ന്ന ഇടത്തില്‍ സ്ഥാപിച്ചത്കൊണ്ട് വെള്ളത്തിനടിയില്‍ മുങ്ങിപ്പോയി. എന്നാല്‍ കൂടംകുളത്ത് ഡീസല്‍ ജനറേറ്റര്‍ 9.3 മീറ്റര്‍ ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. മാത്രമല്ല കൂടംകുളത്ത് ഒരു റീയക്ടറിന് 4 ഡീസല്‍ ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. (നന്ദി:KKNPP).

വിദ്യുച്ഛക്തി ഇല്ലാതെ റീയാക്ടര്‍ തണുപ്പിക്കുന്നതിനാവശ്യമായ സുരക്ഷാസംവിധാനം : ഇത് വളരെ പ്രധാനപ്പെട്ട ഒരു സുരക്ഷാസംവിധാനമാണ്. ഫുകുഷിമാവില്‍ ഈ സംവിധാനം ഇല്ല്ലായിരുന്നു. ഒരു വേള നാല് ഡീ‍സല്‍ ജനറേറ്ററുകളും നിശ്ചലമാവുകയാണെങ്കില്‍  Passive heat removal system എന്ന അതിനൂതനമായ സുരക്ഷാസംവിധാനത്താല്‍ കൂടംകുളം പ്ലാന്റിലെ റീയാക്ടറുകള്‍ തണുപ്പിക്കും. അത്കൊണ്ട് ഒരു കാരണവശാലും ഫുകുഷിമായില്‍ സംഭവിച്ചത് പോലെ കൂടംകുളത്ത് Decay Heat എന്ന താപം തണുപ്പിക്കാതിരിക്കില്ല.

ഹൈഡ്രജന്‍ വാതകത്തെ ആഗിരണം ചെയ്യാനുള്ള ഉപകരണങ്ങള്‍ : ഹൈഡ്രജന്‍ വാതകത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പോയതാണ് ഫുകുഷിമായില്‍ ഏര്‍പ്പെട്ട നാശനഷ്ടങ്ങള്‍ക്ക് അടിസ്ഥാനമായ മുഖ്യകാരണം. എന്നാല്‍ കൂടംകുളത്ത്  Hydrogen recombiner എന്ന ഉപകരണങ്ങള്‍ നിരവധി സ്ഥാപിച്ചിട്ടുള്ളത്കൊണ്ട് അഥവാ ഹൈഡ്രജന്‍ ഉണ്ടായാല്‍ തന്നെ  ഈ ഉപകരണങ്ങള്‍ ഹൈഡ്രജനെ ഓക്സിജനുമായി സംയോജിപ്പിച്ച് നീരാവിയാക്കി മാറ്റും.

ഇത്രയും മുന്‍‌കരുതലുകള്‍ കൂടാതെ കൂടംകുളം ആണവനിലയത്തില്‍ Core  Catcher എന്നൊരു പ്രധാനപ്പെട്ട സുരക്ഷിതസംവിധാനവും ഒരുക്കിയിട്ടുണ്ട്. പൊതുവെ പറയപ്പെടുന്നത് പോലെ ആണവ റിയാക്ടറുകള്‍ പൊട്ടിത്തെറിക്കുകയില്ല. മറിച്ച് അവ ഉരുകിപ്പോകും എന്ന് പറയുന്നതാവും ശരി.  ഒരു പക്ഷെ എല്ലാ സുരക്ഷാസംവിധാനങ്ങളും പാളിപ്പോയി റിയാക്ടര്‍ ഉരുകിപ്പോയാലും അതൊന്നും പുറത്തേക്ക് പോകാതെ സംരക്ഷിക്കുന്ന ഒരു സംവിധാനമാണ് Core  Catcher എന്നത്. ഈ ഏര്‍പ്പാടും ഫുകുഷിമായില്‍ ഇല്ലായിരുന്നു.

ഇങ്ങനെ എല്ലാ വിധത്തിലും മുന്‍‌കരുതലും സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുള്ള കൂടംകുളം ആണവനിലയത്തെ 50വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഫുകുഷിമാ ആണവനിലയത്തോട് താരതമ്യപ്പെടുത്തി ഭയപ്പെടുന്നതിലോ ഭയം ജനിപ്പിക്കുന്നതിലോ യാതൊരു അര്‍ത്ഥവുമില്ല.

അവലംബം: 'The Upside Down Book Of Nuclear Power' written by  Saurav Jha

(തുടരും)

21 comments:

Manoj മനോജ് said...

ആണവ റിയാക്റ്റര്‍ തകരുമെന്നതല്ല മറിച്ച് ആണവ വേയ്സ്റ്റ് എന്ത് ചെയ്യുമെന്നതാണ് പ്രശ്നം. ഇതിനെ സുരക്ഷിതമാക്കി വെയ്ക്കുവാന്‍ വന്‍ തുകയാണ് ചെലവ് വരുന്നത്. സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുന്ന ഈ സമയത്ത് വികസിത രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റ് മൂന്നാം ലോക രാജ്യങ്ങളിലും ആണവ വേയ്സ്റ്റ് നിക്ഷേപിക്കുവാനുള്ള വഴികള്‍ തെരഞ്ഞ് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. കൂടാതെ തീവ്രവാദികള്‍ മറ്റൊരു വശത്ത് തുറിച്ച് നോക്കുന്നു.

സൂക്ഷിക്കേണ്ട വര്‍ഷങ്ങള്‍ നൂറ്റാണ്ടുകളല്ല ആയിരവും പതിനായിരവും ലക്ഷങ്ങളും ആണെന്നത് ഗൌരവമേറിയത് തന്നെയല്ലേ!

കേരളം എതിര്‍ത്ത് തോല്പിച്ചത് പോലെ കൂടംകുളം പദ്ധതി എതിര്‍ക്കപ്പെടേണ്ടിയിരുന്നത് തുടക്കത്തില്‍ തന്നെയായിരുന്നു. ഇതിപ്പോള്‍ പദ്ധതി കോടികള്‍ മുതല്‍ മുടക്കി ഇത്രയും ആയ സ്ഥിതിക്ക് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി നടപ്പില്‍ വരുത്തുമെന്നത് ഉറപ്പാണ്.

മറ്റൊന്ന് 1993ലെ ലാത്തൂര്‍ അത് വരെയുള്ള കണക്ക് കൂട്ടലുകള്‍ തകിടം മറിച്ചത് മറക്കരുത്. ഭൂചലനം പ്രതീക്ഷിക്കാതിരുന്ന കേരളം 3ലേയ്ക്ക് ഉയര്‍ത്തപ്പെട്ടിട്ട് കാലം അധികമായിട്ടില്ലല്ലോ.

K.P.Sukumaran said...

@ മനോജ്, ആണവവേസ്റ്റ് എന്ന് പറയുന്നത് റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയം235 തീര്‍ന്ന് ശേഷിക്കുന്ന പ്ലൂട്ടോണിയം239 ആണ്. നമ്മുടെ ആണവപ്ലാന്റുകള്‍ 3സ്റ്റേജ് പദ്ധതിയായിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതില്‍ ഫസ്റ്റ് സ്റ്റേജ് പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്നത്. സെക്കന്റ് സ്റ്റേജില്‍ സ്പെന്റ് ഫ്യൂവല്‍ അഥവാ വേസ്റ്റ് എന്നു പറയുന്ന പ്ലൂട്ടോനിയവും നമ്മുടെ കടല്‍ത്തീരത്ത് സുലഭമായ തോറിയവും കൂടി പുന:സസ്കരണം നടത്തി ആണവ ഇന്ധനമായി ഉപയോഗിക്കും. അതിനുള്ള സാങ്കേതിക വിദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചിട്ടുണ്ട്. മൂന്നാമത്തെ സ്റ്റേജില്‍ തോറിയം കൊണ്ട് തന്നെ നമ്മുടെ ആണവപ്ലാന്റുകള്‍ പ്രവര്‍ത്തിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ തോറിയം നിക്ഷേപം ഇന്ത്യയിലാണെന്ന് അറിയുക. അപ്പോള്‍ ആണവപ്ലാന്റുകളും ആണവ ഇന്ധനമായ തോറിയവും മറ്റ് രാജ്യങ്ങള്‍ക്ക് കയറ്റുമതി ചെയ്യാന്‍ നമുക്ക് കഴിയും.

ഇത് വെറും വാക്കല്ല. ഹോമി ബാബ തുടങ്ങിയേടത്ത് നിന്ന് ഇത്രയും എത്തിയില്ലേ. നമ്മുടെ ആണവഗവേഷണവും ടാര്‍ജറ്റുകളും വിദൂരലക്ഷ്യങ്ങള്‍ ഉന്നം വെച്ചുള്ളതാണ്. വിമര്‍ശിക്കുന്നവര്‍ക്ക് അതല്ലേ വേണ്ടൂ. എന്നാല്‍ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും ശാസ്ത്രസമൂഹത്തിനും ഭാവി മുന്നില്‍ കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് എന്റെ പോസ്റ്റുകള്‍ വായിക്കുക :)

Manoj മനോജ് said...

:) കേരളത്തില്‍ ഈ പദ്ധതി വരണമെന്ന് അന്ന് ആണവ ശാസ്ത്രജ്ഞര്‍ വാദിച്ചതും ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ്. മറ്റൊന്ന് കൂടിയുള്ളത് നമ്മള്‍ മണല്‍ വിദേശത്തേയ്ക്ക് കയറ്റി അഴച്ച് അവരില്‍ നിന്നും ശുദ്ധമാക്കിയത് വില കൂടുതല്‍ നല്‍കി വാങ്ങുന്നു. എന്നാല്‍ ബാര്‍ക്കിലെ ശാസ്തജ്ഞരുടെ നേതൃത്വത്തില്‍ പുതിയ ടെക്നോളജി ഉപയോഗിച്ച് ശുദ്ധീകരിക്കുന്നതിനുള്ള മാര്‍ഗ്ഗം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളം ഇത് മൈന്റ് ചെയ്യുന്നില്ല. സി.പി.യുടെ കാലത്ത് തോറിയം വേര്‍തിരിച്ചെടുക്കുവാനുള്ള പദ്ധതി നടപ്പാക്കുവാന്‍ തീരുമാനിച്ചിരുന്നു എന്ന് ഓര്‍ക്കുക!! എന്നാല്‍ ഇന്ന് ഐ.ആര്‍‌.ഇ.യുടെയും മറ്റും സ്ഥിതി എന്തെന്ന് കാണുക.

ഞാന്‍ ആണവ വേയ്സ്റ്റിനെ കുറിച്ച് ചൂണ്ടികാട്ടിയവ വിശദമായി താങ്കളുടെ പോസ്റ്റുകള്‍ക്ക് ശേഷം കമന്റാം :)

അരുണ് said...

Interesting post sir,i really loved it,thanx for this great share

faisu madeena said...

ചര്‍ച്ചകള്‍ നടക്കട്ടെ ...വായിക്കുന്നുണ്ട് ...

Unknown said...

എന്തിനെയും കണ്ണടച്ച് എതിര്‍ക്കുക എന്ന ചിലരുടെ നയം മാത്രമാണു ഇവിടെ നടക്കുന്നതു, അത് കൊണ്ട് മാത്രമാണു ചിലര്‍ ഇതിന്‍റെ ഗുണത്തെകള്‍ ദോഷം മാത്രം പറഞ്ഞു സമരങ്ങള്‍ പോലും ചെയുന്നത്.

ഇന്ദ്യയുടെ വളര്‍ച്ചയ്ക് ഇത് എത്ര ആവശ്യാമ് എന്നു അവാര് അറിയുന്നില്ല

സാമൂസ് കൊട്ടാരക്കര said...

ആണവ നിലയങ്ങളുടെ വിശ്വാസ്യത തര്കര്‍ന്നു കഴിഞ്ഞു . നന്ടികളില്‍ പുതിയ ജലവൈദ്യുത പദ്ധതികള്‍ നപ്പിലാക്കുവാന്‍ താമസവും ഉണ്ടാക്കുന്ന്ട്ഇന്ത്യയിലെ അതിനാല്‍ തല്‍കാലംആണവ നിലയങ്ങള്‍ ഉടന്‍ പൂട്ടുക എന്നുള്ള നയം ശരി അല്ല . പുതിയവ ഒഴുവാക്കാം.
സോളാര്‍ പനലുകള്‍ക്കും കാറ്റാടി യന്ത്രങ്ങള്‍ക്കും കുടുതല്‍ സബ്സിഡികള്‍ നല്‍കി അവ പ്രോല്സാഹിപ്പികട്ടെ ..
ജര്‍മ്മനിയും ജപ്പാനും പോലുള്ള വികസിത രാജ്യങ്ങള്‍ തങ്ങളുടെ കൈവശമുള്ള ആണവ നിലയങ്ങള്‍ ഓരോന്നായി അടയ്‌ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോളാണു നമ്മള്‍ അമേരിക്കയുടെ കൈയ്യില്‍ നിന്നും മറ്റും പഴയ ഒരോ നിലയങ്ങള്‍ വങ്ങി ഇവിടെ പുതുതായി പടുത്തുയര്‍ത്തുന്നതു .പാശ്ചാത്ത്യ രാജ്യങ്ങള്‍ തള്ളികളയുന്ന ഉപയോഗശുന്യമായ സാധനങ്ങള്‍ സ്വീകരിക്കുവാനുള്ള ഒരു ചവറ്റുകൊട്ടയല്ല നമ്മുടെ രാജ്യമെന്നു നാം മറക്കരുതു, അതു സംസ്‌കാരത്തിന്റെയോ ആണവ നിലയങ്ങളുടെയോ രൂപത്തിലായാലും എതിര്‍ക്കപ്പെടേണ്ടുന്നതു എതിര്‍പ്പെടണം .വേറെ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഊര്‍ജ്യ ലഭ്യതായ്‌ക്കായി കണ്ടെത്തിയിട്ടു ഭീതി പരത്തുന്ന ഈ മാര്‍ഗ്ഗം ഉപേക്ഷിക്കുന്നതിനേക്കുറിച്ചു നമ്മള്‍ ചിന്തിക്കേണ്ടുന്നതാണു .ആദ്യം മനുഷ്യ ജീവനാണു വില നല്‍കേണ്ടതു. മനുഷ്യനുണ്ടങ്കിലല്ലേ വികസനത്തിന്റെ ആവശ്യം വരുന്നുള്ളു.

Unknown said...

.ആദ്യം മനുഷ്യ ജീവനാണു വില നല്‍കേണ്ടതു. മനുഷ്യനുണ്ടങ്കിലല്ലേ വികസനത്തിന്റെ ആവശ്യം വരുന്നുള്ളു. >> അതേ അതുതന്നെയാണ് വിഷയം.
ആണവോർജത്തോട് ഒരുശതമാനം പോലും യോജിക്കാത്ത പാമരൻ.

Sandeep said...

രാജിവ് മല്‍ഹോത്ര - അരവിന്തന്‍ നീലകണ്ട്ന്‍ എഴുതിയ 'ബ്രെകിംഗ് ഇന്ത്യ' എന്ന പുസ്തകത്തില്‍ ഈ 'പ്രതിഭാസം' വിവരിച്ചിട്ടുണ്ട്.

V.B.Rajan said...

തെറ്റുകളില്‍ നിന്നും വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് അവ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍‌കരുതല്‍ കൈക്കൊണ്ടുകൊണ്ടാണ് ശാസ്ത്രം മുന്നേറുന്നത്. ഒരു ആണവ റിയാക്ടര്‍ തകര്‍ന്നു എന്നതുകൊണ്ട് ഇനി നമുക്ക് അത് ആവശ്യമില്ല എന്ന കടും‌പിടുത്തം അശാസ്ത്രിയവും അപക്വവുമാണ്. ചെലവുകുറഞ്ഞതും പ്രകൃതിക്കിണങ്ങുന്നതുമായ ഊര്‍ജ്ജ സ്രോതസ് ഇന്ന് ആണവ ശക്തി മാത്രമാണ്. സുരക്ഷാ ക്രമീകരണങ്ങളിലും, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും ഇന്ന് ആണവ പദ്ധതികള്‍ വളരെയധികം പുരോഗതി നേടിയിട്ടുണ്ട്. അതിനാല്‍ കൂടം‌കുളം പദ്ധതിയെ എതിര്‍ക്കുന്നതിനോട് അനുകൂലിക്കാന്‍ സാധ്യമല്ല. എതിര്‍പ്പ് സുരക്ഷാക്രമീകരണങ്ങളീല്‍ കൂടുതല്‍ ശ്രദ്ധവയ്ക്കാന്‍ ശാസ്ത്രജ്ഞരെ നിര്‍ബന്ധിതരാക്കിയല്‍ നല്ല കാര്യം.

സാമൂസ് കൊട്ടാരക്കര said...

ജപ്പാനിലുണ്ടായപോലെ ഒരു ഭൂകമ്പമോ മറ്റോ വന്നാൽ കൂടംകുളത്തെ ആണവശാല തകരുകയും ജനനാശമുണ്ടാവുകയും ചെയ്യുമെന്നാണല്ലോ അതിനെ എതിർക്കുന്ന തമിഴരുടെ വാദങ്ങളിലൊന്ന്. എന്നാൽ ഒരു ഭൂചലനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ ജനലക്ഷങ്ങളുടെ ജീവനാശം ഉണ്ടാവുമെന്ന കേരളീയരുടെ വാദം അവർ അംഗീകരിക്കുന്നുമില്ല. സത്യത്തിൽ കൂടംകുളത്തിനേക്കാൾ ഭൂകമ്പസാധ്യതയേറിയ സ്ഥലമാണ് മുല്ലപ്പെരിയാറെന്ന് കണ്ടെത്തപ്പെട്ടിട്ടുമുണ്ട്. ആണവം മൂലം ആയാലും ജലം മൂലം ആയാലും മരണം മരണം തന്നെയാണ്.

Puthenveeden said...

Vrey interesting post.thnkyou for valueble infos.waiting more details.

K.P.Sukumaran said...

@ അരുണ്‍ , വായനയ്ക്ക് നന്ദി. പോസ്റ്റ് ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം തോന്നുന്നതോടൊപ്പം തുടര്‍ന്നും എഴുതാന്‍ പ്രചോദനം നല്‍കുന്നു.

@ faisu madeena , നന്ദി...

@ mottamanoj , ശാസ്ത്രീയമായ അറിവിന്റെ കാര്യത്തില്‍ നമ്മുടെ നാട്ടില്‍ അഭ്യസ്തവിദ്യരായവര്‍ പോലും നിരക്ഷരരെ പോലെയാണ് ചിന്തിക്കുന്നത് എന്നതാണ് അതിശയം.

@ സാമൂസ് -Samus , മനുഷ്യരെ കൊല്ലാനല്ല നമ്മുടെ സര്‍ക്കാരും ശാസ്ത്രസമൂഹവും ശ്രമിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സര്‍ക്കാരും രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധമാണ്. എല്ലാറ്റിനെയും അവിശ്വസിച്ച് ആര്‍ക്കും മുന്നോട്ട് പോകാനാവില്ല.

@ സീഡിയൻ , നന്ദി.

@ Sandeep , നന്ദി .

K.P.Sukumaran said...

@ V.B.Rajan , കമന്റിന് നന്ദി. ഉപയോഗിച്ച ആണവ ഇന്ധനത്തില്‍ നിന്ന് ശേഷിക്കുന്ന സ്പെന്റ് ഫ്യൂവല്‍ 75 ശതമാനവും റീസൈക്കിള്‍ ചെയ്ത് വീണ്ടും ഇന്ധനമാക്കി മാറ്റാനുള്ള സാങ്കേതികസൌകര്യം കൂടംകുളത്ത് ഉണ്ട്. ബാക്കി വരുന്ന 25 ശതമാനം സുരക്ഷിതമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളുമുണ്ട്. മാലിന്യ‘നിര്‍മ്മാര്‍ജ്ജനം’ എന്ന വാക്ക് ഇക്കാര്യത്തില്‍ ചേരുകയില്ല.

കാരണം നിര്‍മ്മാര്‍ജ്ജനം എന്നാല്‍ ഒഴിവാക്കുക എന്നാണല്ലൊ അര്‍ത്ഥമാക്കുക. ആണവവേസ്റ്റ് എന്നത് എവിടെയും കൊണ്ടുപോയി കളയാന്‍ സാധ്യമല്ല. സുരക്ഷിതമായ അറ നിര്‍മ്മിച്ച് സൂക്ഷിക്കുകയാണല്ലൊ ചെയ്യുക :)

@ Puthenveeden , വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി :)

Manoj മനോജ് said...

മാഷേ, ഇതൊന്ന് വായിച്ചേ http://www.frontline.in/stories/20111202282403300.htm

The spent fuel reprocessing set-up is not in Kudankulam. There is no plan for such a thing to be built there.

Kudankulam is only for reactors. Who is thinking of a reprocessing plant there? Reprocessing plants [will] come up in other places and they also do not create waste.

എന്ന്

Srikumar Banerjee, Chairman, Atomic Energy Commission, and Secretary, Department of Atomic Energy

പറയുന്നു.

ഏതാണ് ശരി????????

K.P.Sukumaran said...

മനോജ് ആ ലേഖനം മുഴുവന്‍ വായിച്ചു അല്ലേ? നന്നായി. ഒരു വകപ്പെട്ട സംശയങ്ങളെല്ലാം ആ ലേഖനം തീര്‍ത്തുതരുന്നുണ്ടല്ലോ. പിന്നെന്താ പ്രശ്നം? ഓരോ റീയാക്ടറിലും spent fuel reprocessing set-up ഉണ്ടാക്കും എന്ന് ആരാ പറഞ്ഞത്. അത് അസാധ്യമെന്ന് മാത്രമല്ല ആവശ്യവുമില്ല.

ആണവ പ്ലാന്റുകളില്‍ നിന്ന് ഉണ്ടാവുന്ന ന്യൂക്ലിയര്‍ വെയിസ്റ്റിലെ പ്ലൂട്ടോണിയം തോറിയവുമായി കലര്‍ത്തി വീണ്ടും ഇന്ധനമാക്കി മാറ്റുന്ന reprocessing set-up മൂന്നാമത്തെ സ്റ്റേജില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് പരിപാടി. തോറിയം തുടര്‍ച്ചയായ ചെയിന്‍ റീയാക്‍ഷന്‍ ഉണ്ടാക്കുകയില്ല. അത്കൊണ്ടാണ് ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. അത് ഫലവത്തായാല്‍ പിന്നെ നമുക്ക് സമ്പുഷ്ട യുറേനിയം U235 ഇറക്കുമതി ചെയ്യേണ്ടി വരില്ല. നാം ആ‍ണവ ഇന്ധനത്തിന്റെ കാര്യത്തില്‍ സ്വയമ്പര്യാപ്തമാകും. ലോകത്തുള്ള തോറിയം നിക്ഷേപത്തിന്റെ മൂന്നില്‍ ഒന്ന് ഇന്ത്യയില്‍ ആണ് ഉള്ളത്;

കൂടംകുളത്ത് ഭൂമിക്കടിയില്‍ 20 അടി താഴ്ചയില്‍ Spent Fuel Storage Pond (SFSP) നിര്‍മ്മിച്ചിട്ടുണ്ട്. അതിലാണ് അവിടത്തെ ആണവവേസ്റ്റ് സൂക്ഷിക്കുക.

മനോജ് ആ ഖണ്ഡിക മുഴുവന്‍ ക്വോട്ട് ചെയ്യാത്തതെന്ത്?

How do you manage the nuclear waste from the reactors?

In our case, the high-level waste [HLW] is in the spent fuel. In the Indian system, spent fuel is never just stored. It is reprocessed to get plutonium, and that plutonium is used in fast reactors. So we produce much less waste compared with countries that have a once-through fuel cycle. The spent fuel reprocessing set-up is not in Kudankulam. There is no plan for such a thing to be built there.

Kudankulam is only for reactors. Who is thinking of a reprocessing plant there? Reprocessing plants [will] come up in other places and they also do not create waste. We try to see that we get plutonium out of reprocessing and that plutonium is pushed into fast reactors.

Ultimately, there is a very small quantity of HLW. Since the quantity is very small, it can be converted into vitrified form – glass form – and it can be stored for a long time in a suitable geological repository. For short-term or intermediate storage, it can be kept in an underground vault, which is air cooled. This is how it is being maintained at Tarapur.

Manoj മനോജ് said...

<>


:)))))))))))))))))) മാഷ് പറഞ്ഞത് മാഷ് തന്നെ തൊട്ടടുത്ത കമന്റില്‍ തന്നെ നിഷേധിച്ചു.


<>


:))))))))))))))))))))))))))))) എന്താ മാഷേ ഇത്???????


അതിനാണ് ലിങ്ക് ഇട്ടത്. അല്ലെങ്കില്‍ വെറുതെ പറഞ്ഞ് പോയാല്‍ പോരയോ ;) ആ പാരഗ്രാഫ് മുഴുവന്‍ ഇട്ടിട്ടും എന്തായി? റീപ്രൊസസിങ്ങ് കഴിഞ്ഞാലാണ് HLW ഗ്ലാസ്സ് ആക്കി മാറ്റുവാന്‍ കഴിയുക. താരാപൂറില്‍ റീപ്രൊസസിങ് സംവിധാനം ഉണ്ട്. കൂടംകുളത്ത് അതില്ല. അപ്പോള്‍ കൂടംകുളത്ത് ശേഖരിക്കുന്നത് സ്പെന്റ് ഫ്യുവല്‍ വേയ്സ്റ്റ് ആണ്. അതിനെ 2-3 കൊല്ലം വെള്ളത്തിലിട്ട് “തണുപ്പിച്ച്” പിന്നീട് കല്‍പ്പാക്കത്തേയ്ക്കോ, താരാപൂരിലേയ്ക്കോ അഴച്ച് റീപ്രൊസസിങ് ചെയ്യണം.

എന്റെ വിഷയം കൂടംകുളത്ത് മാഷ് പ്രസ്താവിച്ച പോലെ റീപ്രൊസസിങ് സൌകര്യം ഇല്ല എന്നതായിരുന്നു.

Manoj മനോജ് said...

അത് എന്ത് സംഭവിച്ചു? ക്വോട്ട് ചെയ്തത് വന്നില്ല :(
മാഷ് ആദ്യം പറഞ്ഞു കൂടംകുളത്ത് പ്രൊസസിങ്ങ് ഉണ്ടെന്ന്. എനിക്ക്മറുപറ്റി തന്നപ്പോള്‍ പറയുന്നു എന്തിനാണ് ആവശ്യമെന്ന്? എന്തോന്നിത് മാഷേ???

കുസുമം ആര്‍ പുന്നപ്ര said...

കൂടം കുളത്ത് എന്തെങ്കിലും സംഭവിച്ചാല്‍ അവിടെ തമിഴ് നാട്ടില്‍ മാത്രമല്ല . ഇവിടെ തിരുവനന്തപുരം കഴിഞ്ഞും അതിന്‍റ വികിരണം വരും എന്നാണു മനസ്സിലാക്കാന്‍ സാധിച്ചത്. പിന്നെ പ്രകൃതിയുടെ വികൃതി. അത് പ്രവചനാതീതമാണല്ലോ മാഷേ.. നമ്മള്‍ വിചാരിക്കുന്നപോലെയൊന്നുമല്ല സംഭവിക്കുന്നത്. പിന്നെ ഇത്രയും ആയ സ്ഥിതിക്ക് കൂടം കുളം പദ്ധതി നടപ്പാകുക തന്നെ ചെയ്യും. അതു വേരൊരു സത്യം.

Mahesh V said...

കുറച്ച് സംശയങ്ങൾ.

1. 3 സ്റ്റേജ് പദ്ധതിയാണ് ആണവപ്ലാന്റുകൾ എന്നു പറഞ്ഞുവല്ലൊ, ഇതിൽ രണ്ടാം സ്റ്റേജ് കൂടംകുളത്ത് ഇപ്പോൾ ഇമ്പ്ലിമെന്റ് ചെയ്യുമോ ? ഇല്ലെങ്കിൽ ആ സ്റ്റേജ് ഇമ്പിമെന്റ് ചെയ്യാൻ നമ്മൾ സാങ്കേതികമായി റെഡിയാകുംബോൾ പോരെ കൂടംകുളം നിലയം പ്രവർത്തനം ആരംഭിക്കുന്നത്

2. മുകളിൽ സൂചിപ്പിച്ച പുന:സംസ്കരണ പ്രക്രിയ ഇന്ത്യക്ക് മാത്രം സ്വന്തമായ ടെക്നോളജിയാണോ ? അമേരിക്ക എന്തിനണ് 1970 കളിനു ശേഷം പുതിയ റിയാക്ടറുകൾ ആരംഭിക്കത്തത് ? (ഫ്രാൻസ് തുടങ്ങീയ രാജ്യങ്ങളിൽ ഉണ്ട് എന്ന് വിസ്മരിക്കുന്നില്ല)

varghese said...

------------------
ലോകത്ത് ഏറ്റവും കൂടുതല്‍ തോറിയം നിക്ഷേപം ഇന്ത്യയിലാണെന്ന് അറിയുക.
------------------------
അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഇപ്പോഴേ തോറിയം ഇന്തനമായി ഉപയോഗിക്കുന്ന റിയാക്ടര്‍ തുടങ്ങാന്‍ ആലോചിക്കുന്നില്ല. എന്തിനു വിദേശത്തുനിന്നു യുരനിയം ഇറക്കുമതി ചെയ്യുന്നു