ഓണ്‍‌ലൈന്‍ ഷോപ്പിങ്ങ് ശീലമാക്കുക

ഇ-കോമേഴ്സിന്റെ ഭാഗമായ ഓണ്‍‌ലൈന്‍ ഷോപ്പ് എന്ന സമ്പ്രദായം ഇപ്പോള്‍ ആളുകളുടെ വിശ്വാസ്യത ആര്‍ജ്ജിച്ചു വരുന്നുണ്ട്. EBAY , AMAZON എന്നിവപ്രശസ്തമായ വെര്‍ച്വല്‍ ഷോപ്പുകളാണ്.  മൊബൈല്‍ ഫോണുകളോ വാച്ചുകളോ മറ്റെന്ത് ഇലക്‍ട്രോണിക്ക് സാധനങ്ങളായാലും ഇപ്പോള്‍ ഓണ്‍‌ലൈന്‍ ഷോപ്പിങ്ങിലൂടെ വാങ്ങുന്ന ശീലം വ്യാപിച്ചുവരുന്നുണ്ട്.  നമ്മുടെ പര്‍ച്ചേസിങ്ങ് ശീലം എന്നത് കടകളിലോ അല്ലെങ്കില്‍ സൂപ്പര്‍ മാര്‍ക്കറ്റിലോ പോയി സാധനം കണ്ട് , തൊട്ടും തിരിച്ചും മറിച്ചും നോക്കിയും സെലക്റ്റ് ചെയ്യുക എന്ന ഒരു തരം പരമ്പരാഗത രീതിയാണ്.

ഇപ്പോഴൊക്കെ സാധനം വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന രീതി തികച്ചും മാറിപ്പോയി.  വില പേശുക എന്ന സമ്പ്രദായം തീരെ ഇല്ലാതായി. MRP എന്നൊരു സംഗതിയുണ്ട്.  പരമാവധി വില എന്നാണ് ഉദ്ദേശിക്കുന്നതെങ്കിലും കുറച്ചു തരുമോ എന്ന് ആരും ചോദിക്കുന്നുമില്ല, കടക്കാരന്‍ ഒട്ടും കുറക്കുന്നുമില്ല.  ഫലത്തില്‍ എം‌ആര്‍‌പി എന്നത് ഇപ്പോള്‍ ഫിക്സ്ഡ് വില തന്നെയാണ്.  സാധനം ഉല്പാദിപ്പിക്കുന്നവര്‍ റീടെയില്‍ വ്യാപാരികള്‍ക്ക് പ്രോത്സാഹനമായിക്കോട്ടെ എന്ന് വെച്ച് വില്‍ക്കാവുന്ന വിലയുടെ എത്രയോ ഇരട്ടിയാണ് MRP ആയി ലേബലില്‍ കാണിക്കുന്നത്. അത്രയും തുകയ്ക്ക് തന്നെ ഉപഭോക്താവ് ഉല്പന്നം വാങ്ങേണ്ടി വരുന്നു. ഇക്കാര്യത്തില്‍ ഒരു ചോദ്യവും പറച്ചിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നോ ഉണ്ടാകുന്നില്ല.

ഇതിന്റെയൊരു ദോഷം എന്താണെന്ന് വെച്ചാല്‍ ക്വാളിറ്റിയും വിലയും കര്‍ശനമായി പാലിക്കുന്ന ബ്രാന്റഡ് കമ്പനികളുടെ ഉല്പന്നങ്ങള്‍ പല സൂപ്പര്‍ മാര്‍ക്കറ്റുകളിലോ ഷോപ്പിങ്ങ് മാളുകളിലോ ലഭിക്കുന്നില്ല എന്നതാണ്.  തങ്ങള്‍ക്ക് അമിത ലാഭം കൊയ്യാന്‍ കഴിയുന്ന മൂന്നാംകിട കമ്പനികളുടെ ചവറ് ഉല്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് മിക്ക കടകളും.  ഒരു പ്രത്യേക കമ്പനിയുടെ സാധനങ്ങള്‍ മാത്രമേ വാങ്ങൂ എന്ന് നിഷ്കര്‍ഷയുള്ള ഒരു ഉപഭോക്താവിന് ആ  സാധനം കടകളില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. അവിടെയുള്ളത് വാങ്ങേണ്ടി വരുന്നു.

ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ വളരെ കൂടുതല്‍ ലാഭം ഈടാക്കി സ്വദേശി വ്യാപാരികള്‍ നമ്മെ കൊള്ളയടിക്കുകയാണ്.  സൂപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ്ങ് മാളുകളും അവര്‍ തന്നെ തോന്നിയ പോലെ വില രേഖപ്പെടുത്തിയ സ്റ്റിക്കര്‍ സാധനങ്ങളില്‍ ഒട്ടിച്ച് വില്‍ക്കുന്ന സമ്പ്രദായവും ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്.  മുന്‍പൊക്കെ കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാന്‍ വില കുറച്ച് , അതായത് ലാഭത്തില്‍ കുറവ് വരുത്തിയിട്ട് വില്‍ക്കുക എന്നൊരു രീതി കച്ചവടക്കാര്‍ക്കിടയെ ഉണ്ടായിരുന്നു. അത്തരമൊരു മത്സരമായിരുന്നു കമ്പോളത്തില്‍ വിലസ്ഥിരതയും വിലക്കുറവും നിലനിര്‍ത്തിയിരുന്നത്.  മാത്രമല്ല വില പേശാനും സ്വാതന്ത്ര്യമുണ്ടാ‍യിരുന്നു.  എന്തായാലും തങ്ങള്‍ക്ക് ഇത്ര ലാഭം കിട്ടുമല്ലൊ അത്കൊണ്ട് ചോദിച്ച വിലയ്ക്ക് കൊടുക്കാം എന്നൊരു മനോഭാവം വ്യാപാരികള്‍ക്ക് ഉണ്ടായിരുന്നു. ഇന്ന് വ്യാപാരികള്‍ സംഘടിതരായി. ഉപഭോക്താക്കള്‍ അസംഘടിതരും.

നമ്മുടെ വിപണി എന്നു പറയുന്നത് വ്യാപാരികള്‍ക്ക് ഉപഭോക്താക്കളെ കണ്ടമാനം കൊള്ളയടിക്കാനുള്ള ചൂഷണകേന്ദ്രങ്ങളാണ് ഇപ്പോള്‍.  സര്‍ക്കാരുകളാകട്ടെ ഇങ്ങനെയൊരു പ്രതിഭാസം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.  രാഷ്ട്രീയക്കാരാകട്ടെ വ്യാപാരികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിലക്കയറ്റത്തിന് സര്‍ക്കാരാണ് ഉത്തരവാദി എന്നാണവര്‍ പറയുന്നത്. പെട്രോളിന് ലിറ്ററിന് ചില്ലറ രൂപ വര്‍ദ്ധിപ്പിച്ചാല്‍ ഉടനെ എല്ലാ വിഭാഗം വ്യാപാരികളും തോന്നിയ പോലെ വില കയറ്റാനുള്ള പ്രചാരണം അവര്‍ തന്നെ നടത്തിക്കോളും. അങ്ങനെ പെട്രോളിന് ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിച്ചാല്‍ ഹോട്ടല്‍കാരന്‍ പോലും ഒരു ഊണിന് രണ്ട് രൂപയില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യമാണിന്ന്. സാധനങ്ങള്‍ക്ക് ഗുണനിലവാരവും വിലനിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ പ്രാഥമികകര്‍ത്തവ്യമാണ്. പക്ഷെ ആരോട് പറയാന്‍!

പറഞ്ഞ് വന്നത് ഓണ്‍‌ലൈന്‍ ഷോപ്പിങ്ങിനെ പറ്റിയാ‍ണല്ലൊ. തുടക്കത്തില്‍ പരാമര്‍ശിച്ച ഈബേയും  ആമസോണും അന്താരാഷ്ട്ര കമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍‌ലൈന്‍ ഷോപ്പ് ഏതെന്ന് ചോദിച്ചാല്‍ ഫ്ലിപ്‌കാര്‍ട്ട്  ആണെന്ന് ഇന്ന് നിസ്സംശയം പറയാന്‍ കഴിയും. ഒട്ടേറെ ഇന്ത്യന്‍ ഓണ്‍‌ലൈന്‍ ഷോപ്പുകള്‍ ഇന്ത്യയില്‍ വിശ്വസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വസ്തുത വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്.  ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രത്യേകത , സാധനങ്ങള്‍  നമുക്ക് തെരഞ്ഞെടുക്കാനും മറ്റുള്ള കമ്പനികള്‍ വിക്കുന്ന വിലയുമായും മാര്‍ക്കറ്റിലെ വിലയുമായും താരതമ്യം ചെയ്യാനുള്ള അവസരമാണ്.  മറ്റൊരു പ്രത്യേകത സാധനങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താമെന്നതാണ്.

ഉദാഹരണമായി നമുക്കൊരു വാക്വം ക്ലീനര്‍ വേണമെന്നിരിക്കട്ടെ,  ഗൂഗിളില്‍ വാക്വം ക്ലീനര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ഏതൊക്കെ കമ്പനികളുടെ വാക്വം ക്ലീനര്‍ എവിടെ കിട്ടുമെന്നും വില എത്രയെന്നും ഒക്കെയുള്ള അനേകം ലിങ്കുകള്‍ നമുക്ക് ലഭിക്കുന്നു.  ഓരോ വാ‍ക്വം ക്ലീനറും പരിശോധിച്ച് വില മനസ്സിലാക്കി അപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.  ഓര്‍ഡര്‍ ചെയ്യുമ്പോള്‍ തന്നെ അതിന്റെ വില ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖാന്തിരം നമ്മള്‍ പേ ചെയ്യേണ്ടതുണ്ട്.  അങ്ങനെ പേ ചെയ്താല്‍ നമ്മുടെ കാശ് പോകുമോ, തട്ടിപ്പായിരിക്കുമോ എന്ന് സംശയിക്കുകയോ ഭയപ്പെടുകയോ വേണ്ട. അങ്ങനെ തട്ടിപ്പ് നടത്തുന്നവര്‍ക്ക് ഇ-കോമേഴ്സ് രംഗത്ത് നിലയുറപ്പിക്കാന്‍ കഴിയില്ല.

കടയില്‍നിന്നു നേരിട്ടു വാങ്ങുന്നതിനെ അപേക്ഷിച്ച് ആകര്‍ഷകമായ വിലക്കുറവാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറ്റൊരു നേട്ടം. 10-20 ശതമാനം വരെ വിലക്കുറവ് സാധാരണമാണ്. ഇടനിലക്കാര്‍ക്കായി കമ്മീഷന്‍ ചോര്‍ന്നു പോകാത്തതിനാല്‍ നിര്‍മ്മാതാക്കള്‍ക്കും ലാഭം.  സാധനങ്ങള്‍ നമ്മുടെ താമസസ്ഥലത്ത് എത്തിക്കുന്നതിനുള്ള ഷിപ്പിങ്ങ് ചാര്‍ജ്ജ് ഫ്രീയാണ്.  24 മണിക്കൂറും കസ്റ്റമര്‍ സര്‍വ്വീസും ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ര്‍നെറ്റ് ലഭ്യത ഉയര്‍ന്നതും കംപ്യൂട്ടര്‍ ഉപയോക്താക്കളുടെ എണ്ണം ഉയര്‍ന്നതും ഓണ്‍ലൈന്‍ ഷോപ്പിങ് വ്യാപനത്തിന് അനുകൂല ഘടകമാണ്. വേഗതയേറിയ ഇന്‍ര്‍നെറ്റ് ലഭ്യത ഓണ്‍‌ലൈന്‍ പര്‍ച്ചെയിസിങ്ങ്  എളുപ്പമാക്കുന്നു. ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഓണ്‍ലൈന്‍ വ്യാപാരം ചെലവു കുറയ്ക്കുന്നു. ത്രീജി ഇന്റര്‍നെറ്റ് സൌകര്യം വര്‍ദ്ധിക്കുന്ന മുറയ്ക്ക് ഓണ്‍‌ലൈന്‍ ഷോപ്പിങ്ങിന്റെ പ്രചാരം ഇനിയും വര്‍ദ്ധിക്കുകയേയുള്ളൂ.  ലോകത്തിന്റെ ഏത് മൂലയിലുമുള്ള നിര്‍മ്മാതാവില്‍ നിന്നും നമുക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയും എന്നതും , ലോകത്ത് എവിടെയും വിപണി വ്യാപിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയും എന്നതും  ഇ-കോമേഴിസിന്റെ പ്രത്യേകത തന്നെ.

ഫ്ലിപ്കാര്‍ട്ടിന്റെ പ്രത്യേകത നമ്മള്‍ സാധനത്തിന് ഓര്‍ഡര്‍ നല്‍കിയാല്‍ കേഷ് ഓണ്‍ ഡലിവറി  എന്നൊരു സൌകര്യം ഉണ്ട് എന്നതാണ്.  സാധനം വീട്ടില്‍ എത്തുമ്പോള്‍ കൊറിയര്‍കാരന്റെ അടുത്ത് ബില്‍ തുക കൊടുത്താല്‍ മതി.  നമ്മുടെ വിലാസവും ഫോണ്‍ നമ്പറും കൊടുത്ത് ഓര്‍ഡര്‍ ചെയ്താല്‍ അവരുടെ ഓഫീസില്‍ നിന്ന് നമുക്ക് ഫോണ്‍ കോള്‍ വരും. ഓര്‍ഡര്‍ കണ്‍ഫോം ചെയ്യാനാണത്.  പുസ്തകങ്ങള്‍ മുതല്‍  അടുക്കള ഉപകരണങ്ങള്‍ വരെ ഇങ്ങനെ ഓര്‍ഡര്‍ ചെയ്യാം.

IIT  ബിരുദധാരികളായ രണ്ട് ചെറുപ്പക്കാരാണ് ബാംഗ്ലൂരില്‍ ഫ്ലിപ്കാര്‍ട്ട് തുടങ്ങിയത്.  തുടക്കത്തില്‍ പുസ്തകങ്ങളാണ് അവര്‍ ഓണ്‍‌ലൈനില്‍ കൂടി വിതരണം ചെയ്തത്.  അവരെ പറ്റി കൂടുതലായി മനസ്സിലാക്കാന്‍ ഇവിടെ  വായിക്കുക.  കച്ചവട രീതികളും സങ്കേതങ്ങളും ശീലങ്ങളും ഒക്കെ ഇപ്പോള്‍ പല രീതിയിലും  പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്.  അക്കൂട്ടത്തില്‍ കുറെക്കൂടി എളുപ്പവും വിശ്വസനീയവുമായ ഒരു സങ്കേതമാണ് ഓണ്‍‌ലൈന്‍ ഷോപ്പിങ്ങ് എന്ന് പറയാനാണ് ഇത് ഞാന്‍ എഴുതുന്നത്.

എം എല്‍ എം അഥവാ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് എന്നൊരു സമ്പ്രദായം നിലവിലുണ്ട്. ആംവേ ഉദാഹരണം. ആംവേയെ പിന്‍‌പറ്റി എത്രയോ മള്‍ട്ടിലവല്‍ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ കേരളത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും തട്ടിപ്പ് നടത്തുന്നുണ്ട്. ശുദ്ധഗതിക്കാരായ ആളുകളെ വിശ്വസിപ്പിച്ചും കബളിപ്പിച്ചും അവരുടെ കീശയിലെ പണം തട്ടിപ്പറിക്കുകയാണ് എം‌എല്‍‌എം‌കാര്‍ ചെയ്യുന്നത്.  എളുപ്പത്തില്‍ പണം സമ്പാദിക്കാം എന്ന വ്യാമോഹവും പ്രലോഭനങ്ങളുമാണ് ആളുകള്‍ മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ്ങ് തട്ടിപ്പുകള്‍ക്ക് ഇരയാകാന്‍ കാരണം.  ജീവിതത്തിന്റെ ഉദ്ദേശ്യമോ ലക്ഷ്യമോ പണം സമ്പാദിക്കലല്ല. ജീവിതം അക്ഷരാര്‍ത്ഥത്തില്‍ അനുഭവിക്കുകയാണ് വേണ്ടത്.  അതിന് പണം വേണം എന്നത് നേരാണ്. പക്ഷെ ആ പണം നേരായ മാര്‍ഗ്ഗത്തില്‍ കൂടി മാത്രമേ സമ്പാദിക്കാനും ചെലവാക്കാനും പാടുള്ളൂ.

15 comments:

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

>>എളുപ്പത്തില്‍ പണം സമ്പാദിക്കാം എന്ന വ്യാമോഹവും പ്രലോഭനങ്ങളുമാണ് ആളുകള്‍ മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ്ങ് തട്ടിപ്പുകള്‍ക്ക് ഇരയാകാന്‍ കാരണം. ജീവിതത്തിന്റെ ഉദ്ദേശ്യമോ ലക്ഷ്യമോ പണം സമ്പാദിക്കലല്ല. ജീവിതം അക്ഷരാര്‍ത്ഥത്തില്‍ അനുഭവിക്കുകയാണ് വേണ്ടത്. അതിന് പണം വേണം എന്നത് നേരാണ്. പക്ഷെ ആ പണം നേരായ മാര്‍ഗ്ഗത്തില്‍ കൂടി മാത്രമേ സമ്പാദിക്കാനും ചെലവാക്കാനും പാടുള്ളൂ. <<


ഈ വരികള്‍ പകര്‍ത്തിയെഴുതുന്നു..


വിവരങ്ങള്‍ക്ക് നന്ദി

sherriff kottarakara said...

>>>നമ്മുടെ വിപണി എന്നു പറയുന്നത് വ്യാപാരികള്‍ക്ക് ഉപഭോക്താക്കളെ കണ്ടമാനം കൊള്ളയടിക്കാനുള്ള ചൂഷണകേന്ദ്രങ്ങളാണ് ഇപ്പോള്‍.<<< നൂറു തവണ ശരിവെക്കുന്നു.

ഭൂമിപുത്രി said...

നന്ദി സർ.ഫ്ലിപ്പ്ക്കാർട്ട് ബുക്ക്മാർക്ക് ചെയ്തു.
മൾട്ടിനാഷണൽ കമ്പനികളിലുള്ള പലതും നമുക്കിവിടെ ഇനിയുമെത്തിയിട്ടില്ലെന്ന് തോന്നുന്നു.
ഉദാഹരണത്തിന് ‘ബുക്ക് ഹോൾഡർ’.തിരഞ്ഞപ്പോൾ
ശൂന്യമായിരുന്നു റിസൽട്ട്

ഭൂമിപുത്രി said...

ട്രാ‍ക്ക്...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തങ്ങള്‍ക്ക് അമിത ലാഭം കൊയ്യാന്‍ കഴിയുന്ന മൂന്നാംകിട കമ്പനികളുടെ ചവറ് ഉല്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് മിക്ക കടകളും.
എല്ലാം വളരെ വസ്തുനിഷ്ടമായ വിലയിരുത്തലുകള്‍ .

ChethuVasu said...

ആദ്യം കമ്പ്യുടരില്‍ ഏറ്റവും പുതിയ വേര്‍ഷന്‍ വൈറസ് സ്കാന്‍ ഇന്സ്ടാല്‍ ചെയ്തിട്ട് മതി കേട്ടോ മറ്റെല്ലാം..
കൂടാതെ ഇടയ്ക്കിടയ്ക്ക് നെറ്റ് ബാങ്കിംഗ് ഉസാര്‍ നെയില്‍ പാസ് വേര്‍ഡ് എന്നിവ മാറ്റ് ക്കൊണ്ടിരിക്കുക . മറ്റൊന്ന് അമിതമായി ക്രെഡിറ്റ്‌ ലിമിറ്റ് ക്രെഡിറ്റ് കാര്‍ഡില്‍ വക്കരുത് ചെറിയ ക്രെഡിറ്റ്‌ ലിമിറ്റ് ഉള്ള കാര്ടുകളെ ഇന്റര്‍നെറ്റ്‌ ബാങ്കിങ്ങില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ ..കാരണം ആര്‍ക്കെങ്കിലും നമ്മുടെ കോഡ് കിട്ടിയാല്‍ തന്നെ അവര്‍ക്ക് മാക്സിമം അത്രയേ ഉപയോഗിക്കാന്‍ പറ്റൂ.. മറക്കരുത് !..ഇതൊക്കെ എവിടെ എങ്കിലും എഴുതി വക്കൂ.. !! :)

ChethuVasu said...

വിര്ച്ചുഅല്‍ കീ ബോര്‍ഡ് ഉപയോഗിച്ച മാത്രമേ കരട് അകൌന്റ്റ് വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ പാടുള്ളൂ.. കേട്ടോ ..പ്രിയരേ ..! ബെറ്റര്‍ ബി സേഫ് !

ഫിയൊനിക്സ് said...

ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ ശീലിക്കുന്നതോടൊപ്പം തന്നെ കമ്പ്യൂട്ടറില്‍ വേണ്ട സെക്യൂരിറ്റി മുന്‍കരുതലുകള്‍ എടുക്കേണ്ടത്ആയിട്ടുണ്ട്.

K.P. Sukumaran said...

വെര്‍ച്വല്‍ കീ ഉപയോഗിച്ച് മാത്രമേ കരണ്ട് അക്കൌണ്ട് വിവരങ്ങള്‍ എന്റര്‍ ചെയ്യാവൂ എന്നതും അക്കൌണ്ടിന്റെ പാസ്സ്‌വേഡ് ഇടക്കിടെ മാറ്റണമെന്നും വാസു പറഞ്ഞത് നല്ല മുന്‍‌കരുതലുകളാണ്. നെറ്റ് ബാങ്കിങ്ങില്‍ ബന്ധപ്പെട്ട ബാങ്കുകളും പരമാവധി സെക്യൂരിറ്റി ഉറപ്പാക്കുന്നുണ്ട്. എന്നിരുന്നാലും ഓണ്‍‌ലൈന്‍ ഇടപാട് നടത്താനായി കുറഞ്ഞ തുക അക്കൌണ്ടിലുള്ള ഡെബിറ്റ് കാര്‍ഡോ കുറഞ്ഞ തുക ക്രഡിറ്റ് ലിമിറ്റ് ഉള്ള ക്രഡിറ്റ് കാര്‍ഡോ കരുതുന്നത് മനസമാധാ‍നത്തിന് നല്ലതാണ്.

K.P. Sukumaran said...

പിന്നെ, ഞാന്‍ ഈ പോസ്റ്റ് എഴുതാന്‍ തന്നെ കാരണം ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡോ നെറ്റ് ബാങ്കിങ്ങ് സൌകര്യമോ ഇല്ലാത്ത ആര്‍ക്കും ഫ്ലിപ്‌കാര്‍ട്ടില്‍ നിന്നും ഓണ്‍ലൈന്‍ ബുക്ക് ചെയ്ത് Cash on Delivery വ്യവസ്ഥയില്‍ സാധനങ്ങളും ഉപകരണങ്ങളും പുസ്തകങ്ങളും ഒക്കെ വാങ്ങാം എന്ന് പറയാന്‍ വേണ്ടി ആയിരുന്നു. ഈ ബ്ലോഗില്‍ ഉള്ള ഫ്ലിപ്കാര്‍ട്ടിന്റെ ലിങ്കില്‍ നിന്ന് ഓര്‍ഡര്‍ ചെയ്താല്‍ എനിക്ക് എന്തെങ്കിലും ഗിഫ്റ്റ് കിട്ടാനുള്ള വകുപ്പുമുണ്ട് :)

Deepthi Marathayil said...

I save lot of money by doing online shopping..If I go to shop I will be tempted to by lot many things which is not necessary for me. But by applying online I select thing that I really needed and it will be deliver to my door on the day and time I choose. I buy vegetables, meat, groceries, cleaning materials, gifts every thing online. Save petrol money and above all my time.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

http://computric.blogspot.com/2011/11/blog-post_27.html
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട്..

മുഹമ്മദ് ഖാന്‍(യുക്തി) said...

വ്യാപാരികളെ കുറിച് പറഞ്ഞത് പൂര്‍ണ്ണമായും ശരിയല്ല.റീട്ടൈല്‍ വ്യാപാര രംഗത്ത് നല്ല മത്സരമുണ്ട്.അതിനാല്‍ വില കുറയ്ക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാകുന്നു.എന്നാല്‍ കമ്പനികള്‍ അമിത വില പലതിനും ഈടാക്കുന്നുണ്ട്.അവിടെയും മത്സരം ഉപഭോക്താവിന്റെ രക്ഷയ്ക്ക് എത്തുന്നുണ്ട്.എന്തായാലും “വില നിചയ അതോരിട്ടി” അനിവാര്യമാണ്.കുത്തകപ്രീണനയം ഉള്ളൊടത്തോളം കാലം നസ്രേത്തില്‍ നന്മ പ്രതീക്ഷിക്കേണ്ട.

K.P. Sukumaran said...

@ ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur , കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട് എന്ന് പറഞ്ഞ് ലിങ്ക് പതിപ്പിച്ചു പോകുന്നത് ആരോഗ്യകരമായ കമന്റിങ്ങ് രീതിയല്ല. കുറച്ച് എഴുതിയിട്ട് കൂടുതല്‍ അപ്പുറത്ത് ഉണ്ട് എന്ന് പറഞ്ഞിരുന്നെങ്കില്‍ അതിനൊരു ചെതമുണ്ട്. ഇവിടെ ലിങ്കും പിന്നെ കൂടുതല്‍ ഇവിടെ എന്നും. അപ്പോള്‍ ഈ കൂടുതല്‍ എന്നതിന്റെ അര്‍ത്ഥം എന്താണ്?

@ മുഹമ്മദ് ഖാന്‍(യുക്തി) , കുത്തകപ്രീണനനയം എന്ന് പറയുമ്പോള്‍ എന്താണ് ഉദ്ദേശിക്കുന്നത്? എന്താണ് പ്രീണനം? മുതലാളിമാരും കുത്തകയും തൊഴിലാളികളും പാവപ്പെട്ടവരും ധനികരും മൂലധനവും പണി എടുക്കുന്നവനും എടുപ്പിക്കുന്നവനും എല്ലാം കൂടിച്ചേര്‍ന്നതാണ് സമൂഹം. ഈ ഒരു സന്തുലനം മാറ്റിക്കൊണ്ടുവരാന്‍ ഇവിടെ ആരും ഉദ്ദേശിക്കുന്നില്ല. അത് പ്രീണനമാണെങ്കില്‍ പ്രീണനം തന്നെ. ഈ സിസ്റ്റത്തോട് ആര്‍ക്കെങ്കിലും യോജിപ്പില്ലെങ്കില്‍ അത് അവരുടെ മാനസികപ്രശ്നം മാത്രം. ആര്‍ക്കും ഒന്നും ചെയ്യാ‍ന്‍ കഴിയില്ല. ചൈനയ്ക്കേ കഴിയുന്നില്ല. പിന്നെയാണോ മറ്റുള്ള രാജ്യങ്ങള്‍ക്ക് കഴിയുക?

പിന്നെ, വ്യാപാരികളെ സംബന്ധിച്ച്. മത്സരം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രസക്തമായത്, ഇന്ന് വ്യാപാരികള്‍ ഉപഭോക്താക്കളുടെ ചോര ഊറ്റിക്കുടിക്കുകയാണ്. ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്ന ആരും വ്യാപാരിക്ക് വേണ്ടി പറയില്ല. ഓരോ സാധനവും ഇടനിലക്കാരുടെ കൈക്ക് കൈമാറി ഉപഭോക്താവിന് കിട്ടുമ്പോഴേക്കും എത്രയോ ശതമാനം ലാഭമാണ് ഇടത്തട്ട് വ്യാപാരികള്‍ കൈക്കലാക്കുന്നത്. ഉപഭോക്താവ് നേരിട്ട് സമീപിക്കുന്ന വ്യാപാരിയാകട്ടെ ഉപഭോക്താവിനോട് ഒരു കരുണയും കാട്ടുന്നില്ല. വേണെങ്കില്‍ മേടിച്ചോ എന്ന ധാര്‍ഷ്ട്യത്തിന് മുന്നില്‍ നിസ്സഹായനായി പകച്ചു നില്‍ക്കുകയാണ് ഉപഭോക്താവ്. ബാക്കി അടുത്ത പോസ്റ്റില്‍ എഴുതാം.

Ape said...

ഞാന്‍ 10,000 കൊടുത്തു ഒരു സോണി കേമര മേടിച്ചു. പിറ്റേ ദിവസം ഓഫീസില്‍ കാണിക്കാന്‍ കൊണ്ട് പോയപ്പോള്‍ ഒരു സുഹൃത്ത്‌ അതെ സാധനം e-bay യില്‍ കാണിച്ചു. 1500 കുറവ്. :(