കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റും ....

എന്ത് തന്നെയായാലും സന്തോഷ് പണ്ഡിറ്റ് ഒരു കലാകാരനാണ് എന്ന സത്യം സമ്മതിച്ചുകൊടുത്തേ പറ്റുകയുള്ളൂ.  നിലവാരത്തിന്റെ കാര്യത്തിലാണ് തര്‍ക്കമുണ്ടാവുക. എന്താണ് ഈ നിലവാരം? നിലവാരം എന്നത് ആപേക്ഷികമാണ്.  ആര്‍ട്ട് സിനിമയുടെ ആസ്വാദകര്‍ക്ക് കമേര്‍ഷ്യല്‍ സിനിമയ്ക്ക് എന്ത് നിലവാരമാണ് ഉള്ളത്. അത്പോലെ എല്ലാ മസാലകളും ചേര്‍ത്ത്  നിര്‍മ്മിക്കപ്പെടുന്ന കമേര്‍ഷ്യല്‍ സിനിമയുടെ ആസ്വാദകര്‍ക്ക് ആര്‍ട്ട് സിനിമ കണ്ടിരിക്കാന്‍ സാധിക്കുമോ?  അവരെ സംബന്ധിച്ച് ഒട്ടും നിലവാരമില്ലാത്തതാണ് ആര്‍ട്ട് സിനിമകള്‍.  ഇങ്ങനെ നോക്കിയാല്‍ ഏത് കലാരൂ‍പങ്ങളുടെയും നിലവാ‍രം ആപേക്ഷികമാണെന്ന് കാണാം. സാഹിത്യത്തിനും ഇത് ബാധകമാണ്.

ഒരു കാര്യം തീര്‍ച്ചയല്ലേ, സന്തോഷ് പണ്ഡിറ്റിനെ തെറി പറയുന്നവരേക്കാളും കോമാളി എന്ന് പരിഹസിക്കുന്നവരേക്കാളും എത്രയോ കഴിവ് സന്തോഷ് പണ്ഡിറ്റിന് ഇല്ലേ? ഉണ്ട്. അതിന് തെളിവ് അയാളുടെ ഈ സിനിമ തന്നെയാണ്.  ഞാന്‍ കൃഷ്ണനും രാധയും എന്ന സിനിമ ടാക്കീസില്‍ പോയി കാണുമോ എന്ന് പറയാന്‍ കഴിയില്ല.  തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട് കുറെയായി.  കൃഷ്ണനും രാധയും എന്ന സിനിമയെ പറ്റിയും യൂട്യൂബില്‍ അയാളുടെ പാട്ടുകളെ പറ്റിയും നെറ്റില്‍ വായിക്കാ‍ന്‍ തുടങ്ങിയിട്ട് കുറെയായി.  വളരെ അശ്ലീലം എന്ന മുഖവുരയോടെ സില്‍‌സില എന്ന ആല്‍ബത്തിന്റെ ലിങ്കാ‍ണ് ആദ്യം ശ്രദ്ധിച്ചത്.  അത് കണ്ടപ്പോള്‍ സത്യത്തില്‍ എനിക്ക് ആഭാസമായി ഒന്നും തോന്നിയിട്ടില്ല. ആ വീഡിയോയ്ക്ക് താഴെ എഴുതപ്പെട്ട തെറി കമന്റുകള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് അതൊക്കെ എഴുതിയ ആളുകളുടെ മാനസികനില എങ്ങനെയായിരിക്കും എന്നാണ്.  ഇഷ്ടമല്ലെങ്കില്‍ അവഗണിച്ചുകൂടെ? അതിന്റെ നിര്‍മ്മാതാവിനെ തെറി പറയാന്‍ മാത്രം എന്താണ് അതില്‍ ഉണ്ടായിരുന്നത്.  ആരോ ആദ്യം തെറി എഴുതി. പിന്നെ തെറിയോ തെറി. തെറി ഒന്നും എഴുതിയില്ല്ലെങ്കില്‍ താനെന്തോ കുറഞ്ഞ്പോകും എന്ന മട്ട്.

സില്‍‌സിലക്ക് നേരെയുള്ള തെറി ഒന്ന് അടങ്ങിയപ്പോഴാണ് , ഇവനെയൊക്കെ എന്താ ചെയ്യേണ്ടത് എന്ന മുന്‍‌‌മൊഴിയോടെ കൃഷ്ണനും രാധയും എന്ന വീഡിയോയിലെ രാത്രി.. ശുഭരാത്രി... എന്ന പാ‍ട്ടിന്റെ ലിങ്ക് അയച്ചു കിട്ടുന്നത്. അതും ഞാന്‍ കണ്ടപ്പോള്‍ തെറി കമന്റ് എഴുതേണ്ട ഒന്നാണ് അത് എന്ന് എനിക്ക് തോന്നിയിട്ടില്ല. എന്തെന്നാല്‍ സില്‍‌സിലയെക്കാളും രാത്രി,ശുഭരാത്രിയെക്കാളും എത്രയോ ആഭാസമുള്ള പാട്ടുകളും വീഡിയോ ക്ലിപ്പിങ്ങുകളും നെറ്റില്‍ കാണാന്‍ കഴിയും.  സാധാരണ സിനിമകളിലും അതിനേക്കാളും ആഭാസകരമായ പാട്ടുകളും നൃത്തരംഗങ്ങളും ധാരാ‍ളമായി ഉണ്ട്. പിന്നെന്താണ് സന്തോഷ് പണ്ഡിറ്റിന് ഉള്ള പ്രശ്നം?  നിലവാരത്തിന്റെ കാര്യം ഞാന്‍ പറഞ്ഞു; അതൊക്കെ അവനവന്റെ ആസ്വാദനനിലവാരവുമായും ബന്ധപ്പെട്ടതാണ്.

കൃഷ്ണനും രാധയും എന്ന സിനിമയെ പറ്റിയുള്ള ചില നിരൂപണങ്ങള്‍ നെറ്റില്‍ വായിക്കാനായി. സിനിമ കാണാത്തത്കൊണ്ട് , അതിനെ പറ്റി എനിക്കൊന്നും പറയാന്‍ കഴിയില്ല. ഞാന്‍ പൊതുവെ ആര്‍ട്ട് സിനിമകള്‍ മാത്രം കാണാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അതൊക്കെ കുറെ സിനിമകള്‍ കണ്ട് എന്നിലെ ആസ്വാദകന്‍ പക്വത പ്രാപിച്ചതിന് ശേഷമുള്ള അവസ്ഥയാണ്. ആദ്യമൊക്കെ സിനിമാഭ്രാന്തന്‍ തന്നെയായിരുന്നു.  പിന്നെ , സെലക്ടീവായേ സിനിമ കണ്ടിട്ടുള്ളൂ.  സാഹിത്യാസ്വാദനത്തിലും അങ്ങനെ തന്നെ. ആദ്യമാദ്യം ഇ.ജെ.കാനത്തിന്റെയും മുട്ടത്ത് വര്‍ക്കിയുടെയും മോഹന്‍ ഡി കങ്ങഴയുടെയും കോട്ടയം പുഷ്പനാഥിന്റെയും ഒക്കെ നോവലുകള്‍ വായിച്ച് തള്ളിയതിന് കണക്കില്ല. പിന്നെപ്പിന്നെ തോന്നി സാഹിത്യവും കലയും ഒക്കെ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പുകള്‍ ആയിരിക്കണമെന്ന്.

സിനിമാമോഹവുമായി ഞാന്‍ കോടമ്പാക്കത്ത് കുറെക്കാ‍ലം അലഞ്ഞുനടന്നിട്ടുണ്ട്. നിര്‍മ്മാതാക്കളുടെയും നടന്മാരുടെയും വീടുകളില്‍ കയറിയിറങ്ങിയിട്ടുണ്ട്. വടപഴനിയിലെ സിനിമാസ്റ്റുഡിയോകളുടെ ഗേറ്റില്‍ കാവല്‍ നിന്നിട്ടുണ്ട്.  ചില സുഹൃത്തുക്കളുടെ സഹായത്തോടെ സ്റ്റുഡിയോക്കകത്ത് കയറാനും  സെറ്റില്‍ പോയി ഷൂട്ടിങ്ങ് കാണാനും കഴിഞ്ഞിട്ടുണ്ട്.  ഞാനും എന്നെങ്കിലും ഒരു താരമോ, സംവിധായകനോ, തിരക്കഥാകൃത്തോ ആകുമെന്ന് സ്വപ്നം കണ്ടിട്ടുണ്ട്. പിന്നെപ്പിന്നെ എനിക്ക് ഒരു യാഥാര്‍ഥ്യം മനസ്സിലാ‍യി. എനിക്ക് ഒന്നിലും ഒരു കഴിവുമില്ല എന്ന്. അത്കൊണ്ടാണ് ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ കഴിവില്‍ ഞാ‍ന്‍ അത്ഭുതപരതന്ത്രനാകുന്നത്.

മലയാള സിനിമയില്‍ ഒരു ജനാധിപത്യ വിപ്ലവമാണ് സന്തോഷ് പണ്ഡിറ്റ് നടത്തിയിരിക്കുന്നത്. അല്പം പൈസയും ഭാവനയും കഴിവും ഉണ്ടെങ്കില്‍ ആരുടെയും ഔദാര്യത്തിന് കാത്തിരിക്കാതെ ഏത് സാധാ‍രണക്കാരനും ഒരു സിനിമ നിര്‍മ്മിക്കാനും തിയേറ്ററുകളില്‍ എത്തിക്കാനും കഴിയും എന്ന് തെളിയിച്ചതാണ് ആ വിപ്ലവത്തിന്റെ ഉള്ളടക്കം.  സിനിമ എന്നത് സൂപ്പര്‍ താരങ്ങളുടെയും കോടികള്‍ മുടക്കാന്‍ കഴിവുള്ള നിര്‍മ്മാതാക്കളുടെയും ,  ഭരണഘടനയും സംഘബലവും കൊണ്ട് പുറത്തുള്ള ആരെയും അടുപ്പിക്കാത്ത സിനിമാസംഘടനക്കാരുടെയും കുത്തകയല്ലെന്നും ജനകീയസിനിമകള്‍ക്കും ഇവിടെ ഇടമുണ്ട് എന്ന് കൂടി തെളിയിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.  അക്കാര്യത്തില്‍ സന്തോഷ് പണ്ഡിറ്റിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സത്യത്തില്‍ സിനിമ എന്ന കലയെ മേല്‍പ്പറഞ്ഞ കുത്തകമൂരാച്ചികളില്‍ നിന്ന് സ്വതന്ത്രമാക്കേണ്ടത് തന്നെയാണ്.

സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത സിനിമയും ഈ ട്രെന്‍ഡ് നിലനിര്‍ത്തുമോ, ഇത്പോലെ ലളിതമായ സിനിമകള്‍ എടുത്ത് സിനിമയുടെ കുത്തക ചിലരുടെ കൈകളില്‍ അമര്‍ന്നിരിക്കുന്നത് പൊളിച്ചടുക്കാന്‍ ഉടനടി ആരെങ്കിലും മുന്നോട്ട് വരുമോ എന്നത് ഒരു വിഷയമേയല്ല.  മനസ്സ് വെച്ചാല്‍ ആര്‍ക്കും നടക്കും എന്ന് അസന്നിഗ്ദമായി സ്ഥാപിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.  സാധാരണക്കാരായ ആളുകള്‍ ടിക്കറ്റ് എടുക്കുന്ന കാശ് കൊണ്ടാണ് സിനിമ എന്ന സാമ്രാജ്യം പടുത്തുയര്‍ത്തപ്പെടുന്നത്. ആ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയാണ് സൂപ്പര്‍ താരം.  അക്കാലത്ത് തന്നെ സിനിമാസ്റ്റുഡിയോയിലെ ഫ്ലോറുകളില്‍ ഷൂട്ടിങ്ങ് കാണാന്‍ പോകുമ്പോള്‍ നായകനടന്മാരുടെ ആ ഒരു തലയെടുപ്പും മറ്റുള്ളവരുടെ ദാസ്യഭാവവും,  വിയര്‍പ്പ് ഒപ്പാനും പൌഡര്‍ ഇടാനും ധരിച്ച വസ്ത്രങ്ങള്‍ നേരെയാക്കാനും അടിമകളെ പോലെ സില്‍ബന്ധികളും ഒക്കെ കണ്ട് ഞാന്‍ അമ്പരന്നുപോയിട്ടുണ്ട്.  ഇത്രമാത്രം ഒരു ദിവ്യപ്രഭ സിനിമാനടനില്‍ ആരോപിക്കാന്‍ എന്താണ് കാരണം എന്ന് എനിക്ക് മനസ്സിലായിരുന്നില്ല.  അഭിനയസിദ്ധിയുടെ കാര്യത്തിലാണെങ്കില്‍ നാടകത്തിലെ നടന്മാര്‍ക്കാണ് കൂടുതല്‍ കഴിവ് വേണ്ടത്.

ഇപ്പോഴത്തെ സന്തോഷ് പണ്ഡിറ്റ് തരംഗമൊക്കെ താല്‍ക്കാലികമോ , ക്ഷണികമോ ആവാം.  എന്നാലും അയാളുടെ സാഹസികതയും ആ ആത്മവിശ്വാസവും ആര്‍ക്കും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. ഏറ്റവും പ്രധാനമായിട്ട് എനിക്ക് തോന്നുന്നത്,  ഇന്റര്‍നെറ്റില്‍ തെറിയോ പുലഭ്യമോ ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുന്നത് ഒരു കഴിവല്ല. ഏതെങ്കിലും ഒരു വിരുതന്‍ അഥവാ അങ്ങനെ ഒരു തെറി എഴുതിയെന്ന് വെച്ച് പിന്നാലെ വരുന്നവന്‍ അത് അനുകരിക്കണം എന്നുമില്ല. ആ സമയം , തനിക്ക് ഒരു രണ്ട് വരി പാട്ട് എഴുതാനോ അതിന് ട്യൂണ്‍ നല്‍കി ഒന്ന് മൂളാനോ കഴിയുമോ എന്ന് ആലോചിച്ച് നോക്കുക.  കഴിയുന്നില്ലെങ്കില്‍ , ഏതൊരാളിലും എന്തെങ്കിലും കഴിവ് ഉണ്ടായിരിക്കും എന്ന് മനസ്സിലാക്കി, തന്നിലെ കഴിവ് എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുക. ആ കഴിവ് സഹജീവികളുമായി പങ്ക് വയ്ക്കുക.

സന്തോഷ് പണ്ഡിറ്റിന്റെ വെബ്‌സൈറ്റ് ഇവിടെ.

23 comments:

സങ്കൽ‌പ്പങ്ങൾ said...

ജനകീയ സിനിമകൾ വിപ്ലവം സ്രിഷ്ടിക്കട്ടെ...

അലി said...

ഒറ്റയ്ക്ക് ചെറിയ ബഡ്ജറ്റിൽ സിനിമയെടുത്ത് പ്രേക്ഷകനു മുന്നിലെത്തിക്കാമെന്ന് സന്തോഷ് പണ്ടിറ്റ് തെളിയിച്ചു. എന്തായാലും ഈ ചുവടുപിടിച്ച് ഇനിയും സിനിമകൾ ഇറങ്ങാനുള്ള സാധ്യത കാണുന്നു. അതിന്റെ ഉള്ളടക്കവും നിലവാരവും അനുസരിച്ച് ജനം സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യും.

സന്തോഷ് പണ്ടിറ്റിനെ വട്ടനും കോമാളിയുമായി ചിത്രീകരിക്കുന്നവർ തന്നെ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലെത്തി ടിക്കറ്റെടുത്ത് തെറിവിളിക്കുന്നു എന്ന് കേൾക്കുമ്പോൾ അവരെ എന്തു വിളിക്കണം എന്നൊരു സംശയം.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

വിഭിന്നമായി ...നന്നായി പറഞ്ഞിരിക്കുന്നൂ.. കേട്ടൊ ഭായ്

മലയാള സിനിമയില്‍ ഒരു ജനാധിപത്യ വിപ്ലവമാണ് സന്തോഷ് പണ്ഡിറ്റ് നടത്തിയിരിക്കുന്നത്....!
അല്പം പൈസയും ഭാവനയും കഴിവും ഉണ്ടെങ്കില്‍ ആരുടെയും ഔദാര്യത്തിന് കാത്തിരിക്കാതെ ഏത് സാധാ‍രണക്കാരനും ഒരു സിനിമ നിര്‍മ്മിക്കാനും തിയേറ്ററുകളില്‍ എത്തിക്കാനും കഴിയും എന്ന് തെളിയിച്ചതാണ് ആ വിപ്ലവത്തിന്റെ ഉള്ളടക്കം...!

പ്രസിദ്ധിയായാലും,കുപ്രസിദ്ധിയായാലും ഈ പണ്ഡിതനെ ഇന്നറിയാത്തവർ ആരാണ് ഉള്ളത് അല്ലേ..

സീഡിയൻ. said...

മലയാള സിനിമയില്‍ ഒരു ജനാധിപത്യ വിപ്ലവമാണ് സന്തോഷ് പണ്ഡിറ്റ് നടത്തിയിരിക്കുന്നത്. അല്പം പൈസയും ഭാവനയും കഴിവും ഉണ്ടെങ്കില്‍ ആരുടെയും ഔദാര്യത്തിന് കാത്തിരിക്കാതെ ഏത് സാധാ‍രണക്കാരനും ഒരു സിനിമ നിര്‍മ്മിക്കാനും തിയേറ്ററുകളില്‍ എത്തിക്കാനും കഴിയും എന്ന് തെളിയിച്ചതാണ് ആ വിപ്ലവത്തിന്റെ ഉള്ളടക്കം.>>>സുകുമാരേട്ടാ..പൂർണ്ണമായി യോജിക്കുന്നു.ഇത്രയും മുടക്കുമുതലിന് ഒരു സിനിമ നിർമ്മിക്കാനും അതുകാണാൻ ആളുണ്ടാകുമെന്നത് പ്രതീക്ഷക്കു വക നൽകുന്നുണ്ട്.

Anonymous said...

///"ന്യൂയോര്‍ക്കിലിരിക്കുന്ന ഒരു സായിപ്പ് കാണുന്നത് ഇതിന്റെ ബിസിനസ് വശം മാത്രമാണ്. അയാള്‍ നോക്കുമ്പോ എന്താ, സന്തോഷ്‌ പണ്ഡിറ്റ് എന്ന് കാണുമ്പോഴേ ഇരുപത്തഞ്ചു ലക്ഷം പേര് കാണുന്നു. അയാളൊരിക്കലും ഇതിന്റെ കമന്റ് വായിക്കുന്നില്ല. വായിച്ചാലൊട്ടു മനസിലാവേം ഇല്ല. എന്റടുത്ത് പുതിയൊരു പ്രോജക്റ്റുമായി വരുന്നവരുടെ അടുത്ത് ഫസ്റ്റ് ഞാന്‍ കാണിച്ചു കൊടുക്കുന്നത് ദാ ഞാന്‍ ചെയ്ത സാധാനത്തിന്റെ റേറ്റിംഗ് നോക്ക്. അയാളതെ നോക്കൂ. ഡാ നിങ്ങളീ കുറെ ആളുകള്‍ എന്തു കമന്റ് എഴുതീന്നു ആര് നോക്കുന്ന്? ഞാന്‍ പോലും നോക്കുന്നില്ല. നിങ്ങള് പരസ്പരം ഇരുന്നു വായിക്കുന്നു. അത്രതന്നെ"///
-സന്തോഷ് പണ്ഡിറ്റ്

-ഇവനെ ഇനിയും വിഡ്ഢിയാക്കാന്‍ പറ്റുമോ നിങ്ങള്‍ക്ക്? സ്വയം വിഡ്ഢിയാവുകയല്ലാതെ..!

Anonymous said...

പറ ... ആരാ അപകടകാരികള്‍..? സന്തോഷ് പണ്ഡിറ്റോ അതോ തെറിക്കമന്റുകോമരങ്ങളോ..?

സരസ്സന്‍ said...

അതെ മലയാളത്തിലെ സൂപ്പർ താര ജാഡക്കുള്ള ഒറ്റയാൾ വിപ്ലവമാണു ക്രുഷ്ണനും രാധയും , എന്തായാലും സന്തോഷിന്റെ ധൈര്യം, ആത്മവിശ്വാസം, ശുഭാപ്തിവിശ്വാസം ഇവയൊക്കെ സമ്മതിച്ചേ പറ്റൂ. തെറി ആർക്കും പറയാം, എന്നാൽ ഒരു പുഞ്ചിരിയോടെ അതിനെയെല്ലാം തന്റെ വരുതിക്കു വരുത്തി ആരോടും പരിഭവമില്ലാതെ, തുടരൂ ഇനിയും എന്നു പറയുന്നാ ആ ആർജവം , നമ്മുക്കതിനെ എങ്ങിനെ വേണമെങ്കിലും വിശേഷിപ്പിക്കാം. എന്നാലും സന്തോഷ് തുടങ്ങിവച്ച ഈ വിപ്ലവം അതിന്റെ എല്ലാ പരിമിതികളും ഒഴിവാക്കി ഒരു നല്ല ആശയമായി ഉൾക്കോണ്ട് മലയാള സിനിമക്ക് നല്ല നല്ല സിനിമകൾ ഉണ്ടാകാൻ ഇടയാകട്ടെ, കാരണം നമ്മുടെ ഇടയിൽ ധാരാളം നല്ലകലാകാരന്മാർക്കു ഇതൊരു മാത്രുകയാവും, സിനിമയെന്നത് ആർക്കും ചെയ്യവുന്നതാണു എന്നു അസന്നിഗ്ധമായി സന്തോഷ് തെളിയിച്ചു. വേണ്ടത് പതറാത്ത വിശ്വാസവും ധൈര്യവും.

നിസ്സഹായന്‍ said...

സന്തോഷ് പണ്ഡിറ്റ്, നാളേറെയായി മൂല്യരഹിതമായി, ഇടിഞ്ഞു താഴ്ന്നു തകര്‍ന്നു കിടക്കുന്ന മലയാളസിനിമയെ അതേ തലത്തില്‍ നിന്നുകൊണ്ട് കൊണ്ട് അക്രമിക്കുകയാണു്. യഥാര്‍ത്ഥത്തില്‍ കേമന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ജയറാമും സുരേഷ് ഗോപിയും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത് ഇതിനേക്കാള്‍ നെറികെട്ട ലജ്ജാവഹങ്ങളായ അശ്ലീലങ്ങളല്ലേ ! മറ്റൊരു ഗതിയുമില്ലാതെ ഇവന്മാരുടെ അമേധ്യം നുകര്‍ന്നുകൊണ്ടിരുന്ന നമ്മുടെ യുവാക്കള്‍, സന്തോഷ് പണ്ഡിറ്റ് അറിഞ്ഞോ അറിയാതെയോ ഇവരുടെ മുഖം മൂടി പിച്ചി ചീന്തുമ്പോള്‍, പിന്തുണ പ്രഖ്യാപിച്ച് തങ്ങളുടെ പ്രതിഷേധം അബോധമായി രേഖപ്പെടുത്തുകയാണു്. സാങ്കേതികത്തികവോടെ സവര്‍ണനായകത്വവും ഫ്യൂഡല്‍ ഉച്ചിഷ്ടങ്ങളും മാംസധാരാളിതയോടെ എഴുന്നള്ളുന്ന കൂത്തിച്ചിയാട്ടവും അരോചകമായ കാഴ്ചകളായി നിറയുന്ന വര്‍ത്തമാനകാല മലയാളസിനിമയുടെയും നായക ജംബൂകന്മാരുടെയും കരണത്തടിക്കുന്നതില്‍ സന്തോഷ് വിജയിച്ചിരിക്കുന്നു. ഇതിനേക്കാള്‍ മികച്ചതായി എന്താണു് മലയാള സിനിമ നമുക്ക് നല്‍കിക്കൊണ്ടിരുന്നത് ?

അനില്‍@ബ്ലോഗ് // anil said...

http://www.facebook.com/video/video.php?v=10150434391726563

എത്ര മോശമായാണ് നികേഷ് കുമാർ സന്തോഷിനൊട് പെരുമാറുന്നതെന്ന് കാണുക.

ഇ.എ.സജിം തട്ടത്തുമല said...

ഇതേപറ്റി കൂടുതൽ ഒന്നും നേരത്തേ അറിയാൻ കഴിഞ്ഞില്ല. ഉപ്പോൾ ഈ പോസ്റ്റിൽ നിന്നും കാര്യങ്ങൾ മനസിലായി. ഇനി അദ്ദേഹത്തിന്റെ വെബ്സൈറ്റ് ഒന്നു സന്ദർശിച്ചുവരാം.

elayoden said...

"മലയാള സിനിമയില്‍ ഒരു ജനാധിപത്യ വിപ്ലവമാണ് സന്തോഷ് പണ്ഡിറ്റ് നടത്തിയിരിക്കുന്നത്. അല്പം പൈസയും ഭാവനയും കഴിവും ഉണ്ടെങ്കില്‍ ആരുടെയും ഔദാര്യത്തിന് കാത്തിരിക്കാതെ ഏത് സാധാ‍രണക്കാരനും ഒരു സിനിമ നിര്‍മ്മിക്കാനും തിയേറ്ററുകളില്‍ എത്തിക്കാനും കഴിയും എന്ന് തെളിയിച്ചതാണ് ആ വിപ്ലവത്തിന്റെ ഉള്ളടക്കം. സിനിമ എന്നത് സൂപ്പര്‍ താരങ്ങളുടെയും കോടികള്‍ മുടക്കാന്‍ കഴിവുള്ള നിര്‍മ്മാതാക്കളുടെയും , ഭരണഘടനയും സംഘബലവും കൊണ്ട് പുറത്തുള്ള ആരെയും അടുപ്പിക്കാത്ത സിനിമാസംഘടനക്കാരുടെയും കുത്തകയല്ലെന്നും ജനകീയസിനിമകള്‍ക്കും ഇവിടെ ഇടമുണ്ട് എന്ന് കൂടി തെളിയിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അക്കാര്യത്തില്‍ സന്തോഷ് പണ്ഡിറ്റിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സത്യത്തില്‍ സിനിമ എന്ന കലയെ മേല്‍പ്പറഞ്ഞ കുത്തകമൂരാച്ചികളില്‍ നിന്ന് സ്വതന്ത്രമാക്കേണ്ടത് തന്നെയാണ്."

മലയാള സിനിമയെ കുത്തകകളില്‍ നിന്നും മോചിപ്പിക്കാന്‍ ആയാല്‍ സന്തോഷ്‌ പണ്ഡിറ്റിന്റെ പുത്തന്‍ കാല്‍ വെപ്പിനായാല്‍ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു, തെറി അഭിഷേകങ്ങള്‍ അയാള്‍ക്ക്‌ കൂടുതല്‍ പ്രചോദനമാകട്ടെ..

ആശംസകളോടെ..

എന്തുകൊണ്ടും

Manoj മനോജ് said...

ഇത്രയും കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുക എന്നത് തന്നെ അതും ഒരാളുടെ അസിസ്റ്റന്റ് പോലുമാകാതെ. കുറഞ്ഞ ബഡ്ജറ്റില്‍ കൂടുതല്‍ പണം ഉണ്ടാക്കുക എന്ന സിനിമ അതികായകന്മാരുടെ നടക്കാത്ത മോഹം സന്തോഷ് നടത്തി കാട്ടി തന്നു. പടം ഇറങ്ങും മുന്‍പേ തന്നെ യൂ ട്യൂബ് വഴിയും പണം കൊയ്യാമെന്നും ട്രെന്റ് അനുസരിച്ച് ഓരോന്ന് ഇട്ട് കൊടുത്തിരുന്ന വിദ്യയില്‍ നിന്ന് തന്നെ പുള്ളിയുടെ ബുദ്ധി മനസ്സിലാക്കാവുന്നതല്ലേ!

നമ്മള്‍ തമ്മിലില്‍ ആയിരുന്നു എന്ന് തോന്നുന്നു സിത്സില ആല്‍ബം ഇടയ്ക്ക് ഡിലീറ്റിയില്ലായിരുന്നുവെങ്കില്‍ കാശ് എത്ര വാരാമായിരുന്നു എന്ന് ഒരു കക്ഷി ചോദിച്ചത്. സന്തോഷ് ആ ബുദ്ധിയാണ് ചെയ്തത്. കൂടെ ഓരോ പാട്ടും ഒന്നിന് പുറകേ ഇട്ട് ഹിറ്റ് നേടി!

നികേഷിന്റെ ഇന്റര്‍വ്യൂവില്‍ പറഞ്ഞ പോലെ ഹോളിവുഡില്‍ നിന്നും എന്തിന് ടോളിവുഡില്‍ നിന്ന് കൊണ്ട് ഇപ്പോള്‍ ഇറങ്ങുന്ന സൂപ്പര്‍ എന്ന് വിളിക്കുന്ന മലയാള സിനിമകളെ ഒന്ന് വിലയിരുത്തിയാല്‍‌!

Anonymous said...

സന്തോഷ് പണ്ഡിറ്റിനെ വിഡ്ഢിയായി കാണുന്നവരാണു വാസ്തവത്തില്‍ വിഡ്ഢികളെന്നു തോന്നുന്നു. അദ്ദേഹം തികച്ചും ഒരുതരം നെഗറ്റീവ് മാര്‍ക്കറ്റിങ് ആണു നടത്തുന്നതെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതു വിജയിക്കുകയും ചെയ്തു. എന്തായാലും അങ്ങോരുടെ അഭിമുഖം കണ്ടിരിക്കാന്‍ നല്ല രസമാണ്.
ഈ പോസ്റ്റ് പ്രസക്തമായിരിക്കുന്നു.

keraladasanunni said...

നിസ്സഹായന്‍ എഴുതിയ അഭിപ്രായത്തോട് യോജിക്കുന്നു. പേരും പെരുമയുമുള്ളവര്‍ എന്ത് കാണിച്ചാലും അതില്‍ മേന്മ കാണുക, അപ്രശസ്തര്‍ ചെയ്യുന്നതിനെ വിമര്‍ശിക്കുക. ഇതല്ലേ നടന്നു വരുന്നത്. സന്തോഷ് പണ്ഡിറ്റ് കഴിവ് തെളിയിച്ചു എന്നതാണ് വാസ്തവം 

മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) said...

ഈ പോസ്റ്റിനോട് വിയോജിക്കുന്നു...

സന്തോഷ് പണ്ഡിറ്റിനെ തെറി വിളിക്കുന്നവരോടും വിയോജിക്കുന്നു...

അപ്പോള്‍ എന്താണ് കഴിവ് എന്ന് ഒന്ന് പറഞ്ഞ് തരുമോ..?

മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) said...

Santhosh pandit is an upcoming Malayalam Film star from Kozhikode (Calicut) ,Kerala. His first movie 'KRISHNANUM RADHAYUM', that had attracted much public attention through its 8 songs uploadedon Youtube. The movie is now on theatres in which he had handled all departments except cinematography,has evoked mixed response among veteran filmmakers of the industry. The movie will also released in Hindi and Tamil very soon.

His next movie JITHU BHAI ENNA CHOCKLATE BHAI is under production which also contain 8 songs which is already super hit.

In the film history he is the one and only man who done the most work in film making including Story,Screenplay,Dialogue,Lyrics,Music,Editing,Costumes,Thrills,Re-Recording,Effects,Title Graphics,Art Direction,Production controlling,Producer and Direction.

ഇത് സന്തോഷിന്റെ സൈറ്റില്‍ നിന്ന് എടുത്തതാണ്...
ഈ വരികള്‍ തന്നെ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നില്ലേ...

മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) said...

പേരും പെരുമയുമുള്ളവര്‍ക്ക് എന്തും ചെയ്യാവുന്ന നാടാണിതെന്ന് പറഞ്ഞതിലും വ്യക്തമായ ശരികേടില്ലേ......

മോഹന്‍ലാലിന്ന് ഏറ്റവും മോശം നടനുള്ള അവാര്‍ഡ് കൊടുത്ത നാടാണിത്...

സന്തോഷ് പണ്ഡിറ്റിന്റെ ഈ മാതൃക ആരും അനുകരിക്കാതിരുന്നെങ്കില്‍ എന്ന് മാത്രം പ്രാര്‍ത്ഥിക്കുകയാണ്..

ഈ സിനിമ ആദ്യം വിവാദമായത് എന്തിന്റെ പേരിലായിരുന്നു എന്നതെല്ലാവരും മറന്ന് പോയിരിക്കുന്നു.....
നിലവാരമില്ലായ്മയുടെ പേരില്‍ പോലുമായിരുന്നില്ല...

സിനിമയില്‍ അഭിനയിക്കാന്‍ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നു എന്നതിന്റെ പേരിലായിരുന്നു...

ചെറിയ തുകക്ക് സിനിമ പിടിക്കുന്നതില്‍ എന്ത് തെറ്റ്... പക്ഷെ നല്ല കഥ.. നല്ല സന്ദേശം... ഇതെല്ലാം ഉള്‍ച്ചേരണ്ടേ....

Bindhu Unny said...

സന്തോഷ് പണ്ഡിറ്റിന്റെ വീഡിയോകളൊന്നും കണ്ടിട്ടില്ല. ഈയിടെ ഏതോ ഒരു ചാനലിൽ ഇദ്ദേഹത്തെ കണ്ടിരുന്നു. പറയുന്നതൊക്കെ കാര്യമായിട്ടാണോ തമാശയായിട്ടാണോന്ന് മനസ്സിലാകാത്തതുകൊണ്ട് മുഴുവൻ കണ്ടില്ല. സിനിമ ടീവീൽ വരുമ്പോൾ കണ്ടുനോക്കണം :)

തെച്ചിക്കോടന്‍ said...

കുറഞ്ഞ ചിലവില്‍ നല്ല സിനിമകള്‍ പിടിക്കാന്‍ ഇതൊരു പ്രചോദനമാകട്ടെ, ആ ഒരു രീതിയില്‍ സന്തോഷിന്റെ പ്രവര്‍ത്തി നല്ലകാര്യം തന്നെ.

പക്ഷെ ഇത്!!!

പണത്തിനുവേണ്ടി അയാള്‍ വിഡ്ഢിവേഷം കേട്ടുകയാണെങ്കിലും അല്ലെങ്കിലും ഇത് മറ്റൊരു സന്ദേശം കൂടി നല്‍കുന്നുണ്ട്.
നാണംകേട്ടും പണം നേടാം!!

കല്‍ക്കി said...

മലയാളി മനഃശാസ്ത്രം ഒരു പ്രഹേളിക തന്നെ. സന്തോഷ് പണ്ഡിറ്റിന്‍റെ സിനിമയുടെ വിജയം അതാണ് മനസ്സിലാക്കിത്തരുന്നത്. ഇതേ സന്തോഷ് പണ്ഡിറ്റ് പൊളിഞ്ഞ് കുത്തുപാളയെടുത്ത് അലഞ്ഞു തിരിയുമ്പോള്‍ മലയാളികള്‍ അതും അഘോഷിക്കും. നാമതു കാണാനിരിക്കുന്നു.

ഫിയൊനിക്സ് said...

സ്വന്തം ജീവിതം ആഡംബരപൂര്‍ണ്ണമാക്കാന്‍ മറ്റുള്ളവരെ കൊല്ലുകയും അവരുടെ സമ്പത്ത് കവരുകയും ചെയ്യുന്നത് ഒരു വാര്‍ത്തയല്ലാതായി മാറിയ ഇന്നത്തെ സാഹചര്യത്തില്‍ സന്തോഷ് പണ്ഡിറ്റിനെ നമ്മള്‍ ബഹുമാനിക്കണം. സ്വന്തമായി സിനിമ എങ്ങിനെ എടുത്ത് രിലീസ് ചെയ്യാം എന്ന് അയാള്‍ ലോകത്തെ കാണിക്കുന്നു. ഒന്നുമല്ലെങ്കിലും അയാള്‍ മാന്യമായ ഒരു തൊഴിലല്ലേ ചെയ്യുന്നത്. കല്ലെറിയുന്നവര്‍ ആദ്യം അതാലോചിക്കുക.സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ അയാള്‍ മറ്റൊരു മാര്‍ഗ്ഗവും തെരഞ്ഞെടുത്തില്ലല്ലോ.

Kattil Abdul Nissar said...

അയാളുടെ ചങ്കുറപ്പ് മാനിക്കണം

Vineeth Kumar said...

"പൊട്ടക്കണ്ണന്‍ ആനയെപ്പറ്റി പറയുന്നത് പോലെ ആണ് ... എന്റെ സിനിമ കാണാത്തവര്‍ അഭിപ്രായം പറയുന്നത് "
എന്നാണ് സന്തോഷ്‌ പണ്ഡിറ്റ്‌ എല്ലാ ഇന്റര്‍വ്യൂ കളിലും പറയുന്നത്....
എന്നാല്‍ ഒന്ന് കണ്ടേക്കാം എന്ന് കരുതി .....
ഇവിടെ മുകളില്‍ കമന്റ്സ് എഴുതിയവര്‍ ആരും തന്നെ സിനിമ കണ്ടിട്ടില്ലെന്ന് തോന്നുന്നു.....
എന്നാല്‍ കണ്ടതിന്റെ അനുഭവത്തില്‍ ഞാന്‍ പറയുകയാണ്‌ .....
എന്റെ കയ്യില്‍ ചിപ്സിന്റെ പാക്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു അത് സ്ക്രീന്‍ വരെ എത്തിയില്ല....
പിന്നെ മലയാളികള്‍ക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടു എന്ന് ആരാണ് പറഞ്ഞത് .. ഈ പടം കണ്ടാല്‍ മതി താനേ അത് ഉണ്ടായിക്കോളും
വളരെ മോശം സംവിധാനം , അഭിനയം, ..............................................................
പിന്നെ പറയാന്‍ കുറേയുണ്ട്.... അത് ദാഷില്‍ കിടക്കട്ടെ ....
പിന്നെ കുറഞ്ഞ ചിലവില്‍ സിനിമ പിടിച്ച കാര്യം .... അത് ഞാനും കേട്ടു...
ഇയാളുടെ ഫസ്റ്റ് ഇന്റര്‍വ്യൂവില്‍ പറഞ്ഞത് 25 ലക്ഷം എന്നായിരുന്നു... പിന്നീടത്‌ കുറഞ്ഞു കുറഞ്ഞു ഇപ്പൊ എത്രയായി എന്നറിയില്ല....
ഒരു പക്ഷെ അയാളുടെ മുടക്ക് മുതല്‍ ആയിരിക്കും ആ ഇരുപത്തി അഞ്ചു പിന്നീട് ലാഭം കുറച്ചു കുറച്ചു ആയിരിക്കും ഇപ്പോഴത്തെ അഞ്ചു ലക്ഷം ആയത്....
പിന്നെ ചിലവിന്റെ കാര്യം
പത്തു പതിനെട്ടു വിഭാഗങ്ങള്‍ സ്വയം കൈകാര്യം ചെയ്യുന്നത് കൊണ്ട് വേറെ ആര്‍ക്കും അതിന്റെ പൈസ കൊടുക്കണ്ട.... ഭാഗ്യം....
പിന്നെ ക്യാമറ അത് ഏതെങ്കിലും പരിചയത്തിന്റെ പുറത്തു കടം മേടിക്കാം.....
പിന്നെ വസ്ത്രം ... അഭിനയിക്കാന്‍ താല്പര്യമുള്ള ആളുകള്‍ സ്വന്തം വീട്ടില്‍ നിന്നും ഡ്രസ്സ്‌ കൊണ്ട് വരേണ്ടതാണ്!!!
അല്ലെ.. അത് പോരെ....??
പിന്നെ അഭിനേതാക്കള്‍ അതെല്ലാം പുതുമുഘങ്ങള്‍ ആയത് കൊണ്ട് പൈസ തിരിച്ചു ഇങ്ങോട്ട് മേടിച്ചു അഭിനയിപ്പിക്കാം....
പോരെ.... ലാഭം തന്നെ ലാഭം.....