Links

പെറ്റിക്കേസുകള്‍

ത്ത് നാല്പത് കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള സംഭവമാണ്. ഞാനന്ന് മദ്രാസില്‍ കോടമ്പാക്കത്ത് താമസിക്കുന്നു. വടപളനിക്കപ്പുറത്തുള്ള വിരുഗമ്പാക്കം അന്ന് ഇന്നത്തെ പോലെ വികസനം വന്നിരുന്നില്ല. വെറും പട്ടിക്കാട്ട് ഗ്രാമം. അവിടെയുള്ള സിനിമാകൊട്ടകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് ഒരു സിനിമ ബോണസ്സായി കാണിക്കാറുണ്ടായിരുന്നു. അതായത് ഒരു ടിക്കറ്റിന് രണ്ട് സിനിമ. ബോണസ്സ് സിനിമ മിക്കവാറും മലയാളം പടങ്ങളായിരിക്കും. ഒരു ദിവസം സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ഒരു പോലീസ് വാന്‍ അടുത്ത് നിര്‍ത്തി എന്നോട് വാഹനത്തില്‍ കയറാന്‍ പറഞ്ഞു.  അന്ന് രാത്രി കുറേ പേരോടൊപ്പം ഞാനും പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍. പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം  ഞങ്ങളെ എഗ്‌മോര്‍ മജിസ്റ്റേട്ട് കോടതിയില്‍ ഹാജരാക്കി. മജിസ്റ്റേട്ടിന്റെ ചോദ്യത്തിന് ആമാ എന്ന് മാത്രം മറുപടി പറഞ്ഞാല്‍ മതി എന്ന് പോലീസ് ഞങ്ങളോട് പറഞ്ഞിരുന്നു. മജിസ്റ്റേട്ട് ചോദിച്ചതിന്റെ മലയാളം ഇതാണ്. രാത്രി സമയത്ത് നഗരത്തില്‍ ചുറ്റിത്തിരിഞ്ഞിരുന്നോ? ഇനി ആവര്‍ത്തിക്കരുത് കേട്ടോ?  ആമാം അയ്യാ ......

സംശയാസ്പദമായ രീതിയില്‍ ചുറ്റിത്തിരിയുക എന്ന വകുപ്പ് പ്രകാരമാണ് ഞാനന്ന് ലോക്കപ്പില്‍ കിടക്കേണ്ടി വന്നത്. സന്ദേഹക്കേസ് എന്നാണ് തമിഴില്‍ പറയുക. മദ്രാസ് നഗരത്തില്‍ അന്ന് എത്തിപ്പെടുന്ന മലയാളികളായിരുന്നു ഈ സന്ദേഹക്കേസിലെ ഇരകള്‍.  എന്തിനാണ് ഇരകളെ തേടി പോലീസ് രാത്രികാലങ്ങളില്‍ സ്ട്രീറ്റുകളില്‍ റോന്ത് ചുറ്റിക്കൊണ്ടിരുന്നത്? അവര്‍ക്ക് അവരുടെ ക്വാട്ട തികയ്ക്കണമായിരുന്നു. മാസാമാസം ഇത്ര പെറ്റിക്കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന് പോലീസ് സ്റ്റേഷനുകള്‍ക്ക് ക്വാട്ട നിശ്ചയിച്ച് നല്‍കുന്നു. ഒരു കാരണവശാലും കഴിഞ്ഞ മാസം റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ ഈ മാസം കുറവ് വരുത്തരുത്. കൂടാനേ പാടുള്ളൂ. കുറ്റങ്ങള്‍ നാട്ടില്‍ കൂടാനേ പാടുള്ളൂ എന്ന് പോലീസിനെ പഠിപ്പിക്കുന്ന ഈ നീയമം ഉണ്ടാ‍ക്കിയത് ആരാണ്? ബ്രിട്ടീഷുകാര്‍. ഇപ്പോഴും ഈ കിരാതമായ ഏര്‍പ്പാട് നാട്ടില്‍ തുടരുന്നു.  അതാണ് ഇപ്പോള്‍ കോടതിയുടെ വിമര്‍ശനത്തിന് ഇടയായിരിക്കുന്നത്. പെറ്റിക്കേസുകള്‍ക്ക്  ക്വാട്ട നിശ്ചയിക്കുന്നത് നിയമവിരുധമാണെന്ന് കോടതി വിധിച്ചിരിക്കുന്നു. കേരളത്തില്‍ വാഹനങ്ങളില്‍ പോകുന്നവരാണ് ഈ മുന്‍‌നിശ്ചിത പെറ്റിക്കേസുകള്‍ക്ക് ഇരയാകുന്നത്.

പെറ്റിക്കേസുകള്‍ മാത്രമല്ല വെള്ളക്കാരന്‍ ഉണ്ടാക്കിയ എത്രയോ ജനവിരുദ്ധനിയമങ്ങള്‍ ഇവിടെ ഇപ്പോഴും നിലവിലുണ്ട്.  സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ തന്നെ എല്ലാം ഒന്ന് ശുദ്ധീകരിക്കേണ്ടതായിരുന്നു. പക്ഷെ മുടിഞ്ഞ കക്ഷിരാഷ്ട്രീയം നിമിത്തം അത്തരമൊരാലോചന എവിടെയും നടന്നില്ല.  പരസ്പരം പഴി ചാരിയും ഇല്ലാത്തതും ഉള്ളതുമായ കുറ്റങ്ങള്‍ പര്‍വ്വതീകരിച്ചും എതിര്‍പാര്‍ട്ടികളെ ശത്രുക്കളായി അവതരിപ്പിച്ചും അധികാരത്തില്‍ കയറിപ്പറ്റാനാണ് കക്ഷിരാഷ്ട്രീയക്കാര്‍ മത്സരിച്ചത്. ഫലമോ നമ്മുടെ സമൂഹം ഒട്ടും ജനാധിപത്യവല്‍ക്കരിക്കപ്പെട്ടില്ല. അധികാരത്തിന് വേണ്ടിയുള്ള രാഷ്ട്രീയക്കാരന്റെ ദുരയ്ക്ക് കൂടി നമ്മള്‍ ഇരകളായി. മറ്റ് പാര്‍ട്ടികളെ കൂട്ട്കെട്ട് നോക്കിയും അപ്പപ്പോഴത്തെ അവസരവാദപരമായ നിലപാടുകള്‍ അടിസ്ഥാനമാക്കിയും അര്‍ത്ഥമറ്റ വാക്കുകളാല്‍ എതിര്‍ത്ത് പ്രസംഗിച്ച് അണികളുടെ രോമം കമ്പിത്തിരിയാക്കി മൂത്ത് മുരടിക്കുന്ന നേതാക്കളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കെയാവുന്നത്. അവരില്‍ നിന്ന് ഭാവനാപൂര്‍ണ്ണമായ നടപടികള്‍ എങ്ങനെ പ്രതീക്ഷിക്കാനാവും? തെരഞ്ഞെടുക്കപ്പെട്ട് ഒരാള്‍ ജനപ്രതിനിധിയായാല്‍ അയാള്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറം മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധിയായാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന സാമാന്യമര്യാദ പോലും ഇവിടത്തെ രാഷ്ട്രീയജന്മങ്ങള്‍ക്ക് ബാധകമല്ല.  പഞ്ചായത്തിലെ വാര്‍ഡ് മെംബര്‍ ആ‍ായാലും മുഖ്യമന്ത്രിയായാലും പാര്‍ട്ടിയാണ് തനിക്കും കുടുംബത്തിനും അന്നം തരുന്നത് എന്ന വിധേയത്വമാണ് ഓരോ നേതാവിനും. പിന്നെ എങ്ങനെയാണ് ഇവര്‍ക്കൊക്കെ നാട് നന്നാക്കാനാവുക?

കോടതികള്‍ വിധിക്കുന്ന പല വിധികളും നമ്മുടെ സമൂഹത്തെ മുന്നോട്ട് നയിക്കാനും ഒരു പരിഷ്കൃത സിവില്‍ സമൂഹത്തിന്റെ പുനര്‍സൃഷ്ടിക്കും സഹായകരമായിരുന്നു. പക്ഷെ കോടതികള്‍ക്ക് വിധി പ്രസ്ഥാവിക്കാനല്ലെ കഴിയൂ.  കക്ഷിരാഷ്ട്രീയക്കാര്‍ക്ക് ഓരോരുത്തര്‍ക്കും  വ്യത്യസ്തതാല്പര്യമുണ്ട്.  വയറ്റ്പിഴപ്പിന് വേണ്ടി അവര്‍ക്ക് വഴിവക്കില്‍ പ്രസംഗിച്ചേ മതിയാവൂ.  സ്ക്കൂള്‍ ഗ്രൌണ്ടുകളിലോ,  ഓഡിറ്റോറിയത്തിലോ പ്രസംഗം വെച്ചാല്‍ ആ‍രും വരില്ല. അത്കൊണ്ടാണ് പൊതുനിരത്തില്‍ യോഗം ചേരരുത് എന്ന കോടതി വിധിയെ എതിര്‍ക്കുന്നത്. ചുരുക്കത്തില്‍ കക്ഷിരാഷ്ട്രീയക്കാരന്‍ ചിന്തിക്കുന്നത് എല്ലായ്പ്പോഴും തന്റെ പാര്‍ട്ടിയുടെ നിലനില്പും അത് വഴി തന്റെ അധികാകാരവും  കുടുംബത്തിന്റെ ഭദ്രതയുമാണ്.  ജനങ്ങളാകട്ടെ പലതരം അണികളായി വിഭജിക്കപ്പെട്ടുമിരിക്കുന്നു. തങ്ങളുടെ പാര്‍ട്ടിയും നേതാക്കളും നന്നാവണം എന്നേ അണികള്‍ക്കുള്ളൂ. ഈ സമ്പ്രദായം രാഷ്ട്രീയമല്ല.  ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയപാര്‍ട്ടികളും കക്ഷിരാഷ്ട്രീയക്കാരോട് വിധേയത്വമില്ലാത രാഷ്ട്രബോധമുള്ള സ്വതന്ത്രമായി ചിന്തിക്കുന്ന ജനതയും അതാണ് രാഷ്ട്രീയം. അത്തരം ഒരു ജനസമൂഹം ഇവിടെ രൂപപ്പെടുന്നത് വരെ പെറ്റിക്കേസുകള്‍ എന്നല്ല വെള്ളക്കാരന്‍ ഉണ്ടാക്കി വെച്ചിട്ട് പോയ പല നിയമങ്ങളും കീഴ്വഴക്കങ്ങളും ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടേയിരിക്കും.

പൌരന്മാര്‍ കക്ഷിരാഷ്ട്രീയത്തിന്റെ അടിമത്വബോധത്തില്‍ നിന്ന് മോചിതരാകുന്നത് അരാഷ്ട്രീയമല്ല അതാണ് ശരിയായ രാഷ്ട്രീയം എന്ന് വിദ്യാഭ്യാസമുള്ളവരെങ്കിലും തിരിച്ചറിയണം. ഈ പ്രസ്ഥാവന സോ കോള്‍ഡ് ബുദ്ധിജീവികള്‍ക്ക് ബാധകമല്ല. കക്ഷിരാഷ്ട്രീയ നേതാക്കളെ വിഗ്രഹങ്ങളാക്കി പൂജിയ്ക്കാതിരിക്കുന്നതാണ് അരാഷ്ട്രീയം എന്നാണ് ബുദ്ധിജീവികള്‍ നമ്മോട് പറയുന്നത്. കക്ഷിരാഷ്ട്രീയതാല്പര്യങ്ങള്‍ക്ക് മേലെയാണ് രാഷ്ട്രത്തിന്റെ താല്പര്യം, അതാണ് ജനങ്ങളുടെ രാഷ്ട്രീയം.


( ഈ ലേഖനം ഞാന്‍  കെ.പി.സുകുമാരന്‍  ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിക്കുന്നതാണ്)