അത്കൊണ്ട് ഈ മത്സരത്തെ പറ്റി പിന്നീട് ഞാന്‍ ഒന്നും ശ്രദ്ധിക്കാന്‍ പോയതുമില്ല. ആരെങ്കിലും എന്റെ ബ്ലോഗ് നോമിനേഷന്‍ കൊടുത്ത് എനിക്ക് വോട്ടും നല്‍കി തെരഞ്ഞെടുത്ത് എന്നെ അപമാനിക്കും എന്ന ആശങ്ക ഒട്ടുമില്ലാത്തതിനാല്‍ അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല എന്ന് പറയുന്നതാവും ശരി. അവാര്‍ഡ് മത്സരത്തെ അധികമാരും എതിര്‍ത്തിട്ടില്ല എന്ന് തോന്നുന്നു. എതിര്‍ത്താല്‍ അവാര്‍ഡ് കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ കൊതിക്കെറുവ് കൊണ്ട് എതിര്‍ക്കുന്നു എന്ന ആക്ഷേപത്തിന് ഇരയായാലോ എന്ന് ഭയന്ന് ആരെങ്കിലും എതിര്‍ക്കാന്‍ സാധ്യത കുറവാണ്. ഞാന്‍ തന്നെ ശ്രദ്ധിച്ചിട്ടാണ് ആ കമന്റ് എഴുതിയിരുന്നത്. ഇന്ന് ഒന്ന് രണ്ട് ബ്ലോഗുകളില്‍ ആ മത്സരത്തെ പറ്റി ചില പരാമര്‍ശങ്ങള്‍ കാണാനിടയായി. ബ്രൈറ്റ് എന്ന ബ്ലോഗര്‍ ഒരു വണ്‍മാന്‍ ഷോ ആയാണ് ഈ മത്സരം ഏര്‍പ്പാടാക്കിയത് എന്നും ഒരാള്‍ ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്തിട്ടുണ്ട് എന്നും അവാര്‍ഡ് ലഭിക്കാന്‍ സാധ്യതയുള്ള ഒരു ബ്ലോഗ്ഗര്‍ എനിക്ക് അവാര്‍ഡ് നല്‍കുന്നതില്‍ നിന്ന് എന്നെ ഒഴിവാക്കണം എന്നും മറ്റും വായിക്കാന്‍ ഇടയായി. എന്തായാലും വോട്ടെടുപ്പ് തുടരുമെന്നും അറിയിപ്പ് കണ്ടു. അത് നടക്കട്ടെ, ഇങ്ങനെയൊക്കെയെ നമുക്ക് കഴിയൂ!
ഞാന്‍ നാട്ടില്‍ എപ്പോഴൊക്കെ വരുന്നുവോ അപ്പോഴൊക്കെ നാട്ടില്‍ അപ്രതീക്ഷിതബന്ദും പതിവായിരുന്നു. ഇപ്രാവശ്യവും പതിവ് തെറ്റിയില്ല. നാളെ (29-12-09) ബന്ദാണ്. പേര് ഹര്‍ത്താല്‍, പേരില്‍ എന്തിരിക്കുന്നു സംഗതി ബന്ദ് തന്നെ. ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞു, കോംഗ്രസ്സുകാരുടെ ഹര്‍ത്താലാണെങ്കില്‍ പേടിയില്ല ഞങ്ങള്‍ വണ്ടി എടുക്കാറുണ്ട്. ഇത് ബി.ജെ.പി.യുടേതാണ്. എന്തായാലും നാളെ സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനജീവിതം സ്തംഭിക്കുകയില്ല. ഒരു ഹര്‍ത്താല്‍ അല്ലെങ്കില്‍ ബന്ദ് കേരളത്തില്‍ വിജയിപ്പിക്കണമെങ്കില്‍ അതിന് വലിയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യണമെന്നൊന്നുമില്ല. പത്ത് സാമൂഹ്യവിരുദ്ധര്‍ നാളെ ഹര്‍ത്താല്‍ എന്നൊന്ന് പറഞ്ഞാല്‍ മതി, ചാനലുകാര്‍ അത് ലോകം മൊത്തം വിളംബരം ചെയ്ത് ജനങ്ങളെ ബന്ദികളാക്കി വീട്ടില്‍ ഇരുത്തിത്തരും. വിലക്കയറ്റമാണ് ബി.ജെ.പി. യെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ പ്രേരിപ്പിച്ചതത്രെ. വിലക്കയറ്റം കേന്ദ്രസൃഷ്ടിയാണെന്നാണ് സംസ്ഥാനഭരണക്കാര്‍ പറയുന്നത്. സംസ്ഥാനങ്ങളാണ് വില നിയന്ത്രിക്കേണ്ടതെന്ന് കേന്ദ്രനും പറയുന്നു. എനിക്കിതിന്റെ ലോജിക്ക് മനസ്സിലാകുന്നില്ല. സാധനങ്ങളുടെ ലഭ്യത കുറയുമ്പോഴാണ് വില കയറുന്നത്. ഈ അവസരം രണ്ട് സംഗതികള്‍ നടക്കുന്നു, വില കയറുമ്പോള്‍ കച്ചവടക്കാര്‍ തോന്നിയ പോലെയാണ് സാധനങ്ങള്‍ക്ക് വില ഈടാക്കുന്നത്. അടുത്തടുത്തുള്ള കടകളില്‍ പോലും വിലകളില്‍ വലിയ അന്തരം കാണാം. വിലക്കയറ്റം എന്ന് ആരെങ്കിലും ഉച്ചരിച്ചാല്‍ മതി കൊള്ളലാഭം കൊയ്യാനുള്ള പ്രവണത കച്ചവടക്കാരില്‍ കാണുന്നു. മറ്റൊന്ന് വില കൂടുന്ന സാധനങ്ങള്‍ക്ക് ഉപഭോഗാസക്തിയും കൂടുന്നു. നേന്ത്രപ്പഴത്തിന് കിലോ 36 രൂപയായപ്പോള്‍ ഒരു കിലോ വാങ്ങുന്നവന്‍ രണ്ട് കിലോ ആണ് വാങ്ങുന്നത്. ഇതില്‍ കേന്ദ്രനും സ്റ്റെയിറ്റനും പരസ്പരം പഴി ചാരി കൊള്ളക്കച്ചവടക്കാര്‍ക്ക് അനുകൂലസാഹചര്യം ഒരുക്കുന്നു. കച്ചവടക്കാരെ നിയന്ത്രിക്കാന്‍ സംവിധാനവുമില്ല, ഉപഭോക്താക്കള്‍ സ്വയംശിക്ഷിതരുമല്ല.
ദിവാകരന്‍ മന്ത്രി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. വിലക്കയറ്റം ആളുകള്‍ക്ക് ഒരു പ്രശ്നമേയല്ല. ആളുകളുടെ കൈയ്യില്‍ ഇഷ്ടം പോലെ കാശുണ്ട്. പഴം-പച്ചക്കറി വാങ്ങാനും മീന്‍ മാര്‍ക്കറ്റില്‍ വരുന്നവരുമൊക്കെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായാണ് വരുന്നത്. വില ചോദിക്കുന്നത് പോലുമില്ല. കടക്കാരന്‍ കൊടുക്കുന്ന ബാക്കിയുമായി പോകുന്നു. എന്ത് ജോലിക്ക് പോയാലും സുഭിക്ഷമായ ഭക്ഷണവും കഴിഞ്ഞ് മുന്നൂറോ നാനൂറോ രൂപ ഇന്ന് കൂലി കിട്ടും. ചെറുപ്പക്കാര്‍ വെള്ളമടിച്ചും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്തുമാണ് ഈ കാശൊക്കെ തീര്‍ക്കുന്നത്. ബി.ജെ.പി.യുടെ ബന്ദ് നടക്കട്ടെ. കുറച്ച് പേര്‍ക്ക് വിഷമം നേരിടും. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതിയാല്‍ മതി. ഹര്‍ത്താല്‍ കൂടിയാലേ മദ്യവില്പന കൂടൂ, മദ്യവില്പന കുടിയാലേ സര്‍ക്കാര്‍ നിലനില്‍ക്കൂ.
ലോണ്‍ എടുത്ത് നിര്‍മ്മിച്ച നാട്ടിലെ വീട് പൂട്ടിയിട്ടിട്ടാണ് ഞങ്ങള്‍ ബാംഗ്ലൂരില്‍ താമസിക്കുനത്. ഇങ്ങനെ നാട്ടില്‍ ആള്‍ത്താമസം ഇല്ലാത്ത വീടുകള്‍ നിരവധിയുണ്ട്. എന്നിട്ടും പുതിയ പുതിയ വീടുകളുടെ നിര്‍മ്മാണം നാട്ടില്‍ നിര്‍ബ്ബാധം നടക്കുന്നു. പണിക്കാരെ കിട്ടാനില്ല, മണലിനാണെങ്കില്‍ പൊന്നിന്റെ വില. സാമ്പത്തിക മാന്ദ്യം വേറെ. ഇതൊന്നും നാട്ടിലെ കണ്‍സ്ട്രക്‍ഷന്‍ മേഖലയെ ബാധിച്ചിട്ടില്ല. വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന കോടിക്കണക്കിന് രൂപ ഇവിടെ മണിമന്ദിരങ്ങളായി മാറുന്നു. ഭീമമായ ഈ സംഖ്യ ഒരു പ്രത്യുല്പാദന മേഖലയിലും നിക്ഷേപിക്കപ്പെടുന്നില്ല എന്നര്‍ത്ഥം. കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്കരണത്തിന്റെ ഇന്നത്തെ ബാക്കിപത്രം ഇതാണ്, തുണ്ട് തുണ്ട് ഭുമികളും അതില്‍ കൊട്ടാരസദൃശമായ ബംഗ്ലാവുകളും. ഉള്ള മുഴുവന്‍ സ്ഥലത്തും വീട് പരത്തിപ്പണിയാനുള്ള പ്രവണതയാണ് കാണുന്നത്. ഗേറ്റ് വരെ സിമന്റ് കട്ടകള്‍ നിരത്തുകയും ചെയ്യുന്നു. ഒരിറ്റ് മഴ വെള്ളം പോലും ഭൂമിയില്‍ ഇറങ്ങിപ്പോകരുത് എന്ന് നിര്‍ബ്ബന്ധമുള്ള പോലെ.
ബാംഗ്ലൂരില്‍ നിന്ന് വരുമ്പോള്‍ ഇനി രണ്ടാഴ്ചത്തേക്ക് ബ്ലോഗ് എഴുതേണ്ട എന്ന് കരുതിയതാണ്. നോക്കുമ്പോള്‍ ഇവിടെ നല്ല സ്പീഡ് ഉള്ള നെറ്റ് കണക്‍ഷനുണ്ട്. ആരോടാണ് വര്‍ത്തമാനം പറയേണ്ടത്. എല്ലാവര്‍ക്കും സ്വന്തം കാര്യമേയുള്ളൂ. ഒരു കാര്യവുമില്ലെങ്കില്‍ ഒരു കുശലം പറയാന്‍ പോലും ആര്‍ക്കും കൌതുകമില്ല. അത്കൊണ്ട് മനസ്സിലുള്ളത് ബ്ലോഗോട് പറയാം എന്ന് കരുതി ഇരുന്നതാണ്. പക്ഷെ ടൈപ്പ് ചെയ്ത് വന്നപ്പോള്‍ എന്തൊക്കെയോ ആയിപ്പോയി. ഇനിയിത് ഇവിടെ കിടക്കട്ടെ. ചേതമൊന്നുമില്ലല്ലൊ.
4 comments:
ടൈപ്പ് ചെയ്ത് വന്നപ്പോള്‍ എന്തൊക്കെയോ ആയിപ്പോയി!!!
ടൈപ്പ് ചെയ്ത് വന്നപ്പോള്‍ എന്തൊക്കെയോ ആയിപ്പോയി.
"ഒരിറ്റ് മഴ വെള്ളം പോലും ഭൂമിയില്‍ ഇറങ്ങിപ്പോകരുത് എന്ന് നിര്‍ബ്ബന്ധമുള്ള പോലെ"
ടൈപ്പ് ചെയ്‌ത് എന്തായിപോയാലും, ഈ വരികൾ ഞാൻ ശ്രദ്ധിച്ചു.
വരണ്ട വയൽ നികത്തി ചെയ്യുന്ന കൃഷി വെട്ടിനിരത്തുന്നവർ ഇതു കാണൂകയില്ല!
ആളുകളുടെ കൈയ്യില്‍ ഇഷ്ടം പോലെ കാശുണ്ട്.
പഴം-പച്ചക്കറി വാങ്ങാനും മീന്‍ മാര്‍ക്കറ്റില്‍ വരുന്നവരുമൊക്കെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായാണ് വരുന്നത്. വില ചോദിക്കുന്നത് പോലുമില്ല. കടക്കാരന്‍ കൊടുക്കുന്ന ബാക്കിയുമായി പോകുന്നു. എന്ത് ജോലിക്ക് പോയാലും സുഭിക്ഷമായ ഭക്ഷണവും കഴിഞ്ഞ് മുന്നൂറോ നാനൂറോ രൂപ ഇന്ന് കൂലി കിട്ടും. ചെറുപ്പക്കാര്‍ വെള്ളമടിച്ചും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്തുമാണ് ഈ കാശൊക്കെ തീര്‍ക്കുന്നത്.
ഈ പറഞ്ഞത് വാസ്ഥവം ഏറ്റവും നല്ല കണ്‍സ്യൂമര്‍ സമൂഹം കേരളത്തില്‍ ആണെന്നു തോന്നി
ഏതുകടയിലും തിരക്ക്.തകൃതി ആയ കച്ചവടം. പണ്ടത്തെ പോലല്ല പണം ചിലവാക്കാന്‍ ഇന്നത്തെ മലയാളിക്ക് മടിയില്ല. ലോകത്തിലെ തന്നെ മുന്തിയ ജീവിതസൗഭാഗ്യങ്ങള്‍ മലയാളി അനുഭവിക്കുന്നു. അതെല്ലാ തുറയിലും കാണാം. അത്ര പാവപ്പെട്ടവന്‍ ഇന്ന് കേരളത്തില്‍ ഇല്ലതന്നെ. ഇത് ലോകത്തിന്റെ മുന്നില്‍ എടുത്ത് കാട്ടാവുന്ന ഒരു മഹിമയാണ്.
നിലത്ത് കാല്‍ കുത്താതെ പരക്കം പായുന്ന മലയാളിക്ക് വല്ലപ്പോഴും ഒരു ബന്ദ് നല്ലതാ.
വീട്ടില്‍ ഇരിക്കാനും വീട്ടുകാരോടും അയല്‍കാരോടും മനസ്സ് തുറക്കാനും ബന്ദ് ദിനം ഉപയോഗിക്കാം.
പുതുവല്‍സരാശംസകള്‍ നേരുന്നു
Post a Comment