Links

കെണികള്‍

പലതരം കെണികളുണ്ട്. നമ്മളെല്ലാം ഏതെങ്കിലും ഒരു കെണിയില്‍ തീര്‍ച്ചയായും അകപ്പെട്ടിരിക്കും. മുഖ്യമന്ത്രി പറഞ്ഞത് കേട്ടില്ലെ, ആഡംബരവീടുകള്‍ നിര്‍മ്മിക്കുന്നത് മൂലമാണ് ആളുകള്‍ കടക്കെണിയില്‍ ആകുന്നതെന്ന്. അതൊരു വല്ലാത്ത കെണിയാണ്. അകപ്പെട്ടാല്‍ പിന്നെ മോചനമില്ല. ആഡംബരം വീടുനിര്‍മ്മാണത്തില്‍ മാത്രമല്ല. ആഡംബരം ഇന്ന് മലയാളിയുടെ മുഖമുദ്രയാണ്. നൂറ് വേണ്ടിടത്ത് ആയിരം ചെലവാക്കുക. അതാണ് ജീവിതശൈലി. അപ്പോള്‍ അ(നാ)വശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ആളുകള്‍ക്ക് കടല്‍ കടക്കേണ്ടി വരുന്നു. അതാണ് മറ്റൊരു കെണി. വിദേശത്ത് ജോലിയ്ക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും നാട്ടില്‍ തിരിച്ച് എന്തെങ്കിലും ഏര്‍പ്പാട് ആക്കി കുടുംബജീവിതം നയിക്കാന്‍ കഴിയില്ല. അപ്പോഴേക്കും ഭാര്യയും മക്കളും പ്രവാസിമലയാളിയുടെ ഭാര്യയും മക്കളുമായി ജീവിതം കരുപ്പിടിപ്പിച്ചിട്ടുണ്ടാവും. നാടന്‍ ജീവിതം പിന്നെയവര്‍ക്ക് കഴിയുകയില്ല. ഇപ്പോഴൊക്കെ വീടുകളേ വേണ്ടൂ. അതിന്റെ ആഡംബരങ്ങള്‍ക്ക് പരിധിയില്ല. കടക്കെണിയില്‍ നിന്ന് ആയുഷ്ക്കാലത്തിനിടയില്‍ രക്ഷപ്പെടരുത് എന്നേ നോട്ടമുള്ളൂ.

മണ്ണില്‍ നട്ട് നനച്ചു ഒന്നും ഉണ്ടാക്കി കഴിക്കരുത് എന്ന് മിക്കവര്‍ക്കും നിര്‍ബ്ബന്ധമുണ്ട്. അതാണ് മറ്റൊരു കെണി. എല്ലാം മാര്‍ക്കറ്റില്‍ പോയി വില കൊടുത്ത് വാങ്ങണം. പുരയിടത്തിലെ പ്ലാവില്‍ ചക്കയോ മറ്റോ ഉണ്ടായി അത് പഴുത്ത് വീണാലും തിരിഞ്ഞ് നോക്കരുത്. ചക്കച്ചുള മാത്രമാണ് ഇന്ന് കേരളത്തില്‍ ചില്ലറയായി വില്പനയ്ക്ക് വയ്ക്കാത്തത്. ബാംഗ്ലൂരില്‍ ഒരു മുഴുവന്‍ പഴുത്ത വരിക്കച്ചക്കയ്ക്ക് നൂറ് രുപയോളം വിലയുണ്ട്. കേരളീയര്‍ക്ക് നാട്ടിലെ പ്ലാവുകള്‍ മുഴുവന്‍ നശിച്ചാലേ ചക്കച്ചുളകള്‍ വില കൊടുത്ത് വാങ്ങിത്തിന്നാനുള്ള ഭാഗ്യമുണ്ടാവൂ. കണ്‍‌സ്യൂമര്‍ സൊസൈറ്റിയിലെ അംഗങ്ങളാണ് തങ്ങള്‍ എന്ന് എല്ലാവര്‍ക്കും ഇന്ന് പരമാവധി ബോധമുണ്ട്. അത് കൊണ്ട് മണ്ണില്‍ കൈ കുത്തുക എന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലും വയ്യ.

ആരോഗ്യമുള്ള കാലത്ത് മക്കളെ വളര്‍ത്തി ഉദ്യോഗമോ ജോലിയോ സമ്പാദിച്ചു കൊടുത്ത് വീടും നിര്‍മ്മിച്ച് പ്രായമാകുന്നവരെ കാത്തിരിക്കുന്ന കെണിയാണ് ഏകാന്തത. മക്കള്‍ക്ക് ഒരിക്കലും നാട്ടില്‍ ജീവിയ്ക്കാന്‍ കഴിയില്ല. അങ്ങനെ പ്രായമായ ദമ്പതികള്‍ ഏകാന്തത എന്ന ഈ കെണിയില്‍ പെട്ടവര്‍ ധാരാളം. മുന്‍പത്തെ പോലെ ചായപ്പീടികയിലോ, മറ്റ് പീടികകളിലോ പോയി സൊറ പറയുന്ന പതിവും ഇപ്പോഴില്ല. ഇങ്ങനെ കെണികള്‍ പലവിധം!

7 comments:

പാവത്താൻ said...

വളരെ ശരി. പൂര്‍ണ്ണമായും അംഗീകരിക്കുന്നു.

ചിന്തകന്‍ said...

വളരെ ശരിയാണ് മാഷെ.

വീടു ഒട്ടുമിക്കയാളുകള്‍ക്കും സ്വപ്നമാണ്. സ്വപ്നത്തിലെ വീടിനായി കടമെടുക്കുന്നു...പിന്നെയങ്ങോട്ട് മാഷ് പറഞ്ഞപൊലെ എല്ലാം ഒരു കെണിയാണ്.

പിന്നെ ഈ കെണിയില്‍ നിന്ന് രക്ഷപെടാന്‍ മരണം തന്നെ വേണം..

അത്യാഗ്രഹങ്ങളെ ആവശ്യമാക്കി മാറ്റുന്ന ഉപപോഗസംസ്കാരം മാറിയാല്‍ മാത്രമേ മനുഷ്യന് സ്വസ്തമായൊന്നിരിക്കാനും പ്രായം ചെന്ന തന്റെ മാതാപിതാക്കളെ പരിചരിക്കാനുമൊക്കെ സമയമുണ്ടാവുകയുള്ളൂ...

വേണു venu said...

ഈ കെണി സ്വയം നിര്‍മ്മിച്ച് നമ്മള്‍ അതില്‍ സ്വയം ചാടുന്നതാണോ. അതൊ ആരെങ്കിലും അതൊരുക്കി വച്ച് ചാടിക്കുന്നതാണോ.?
പഴയ തലമുറ പണിഞ്ഞു വച്ച ഒരു കെണിയാണോ ഇത്.

Unknown said...

ഹ ഹ.. വേണൂ, കെണിയില്‍ നമ്മള്‍ അകപ്പെട്ടു പോകുന്നു എന്നേ എനിക്കറിയാവൂ.

പാവത്താനും, ചിന്തകനും നന്ദി!

good@heart said...

കഴിഞ്ഞ ആഴ്ച 120 കിലോമീറ്റര്‍ സഞ്ചരിച്ച് ഞാന്‍ ഒരു പാറക്കെട്ട് കാണാന്‍ പോയി.4 മണിക്കൂര്‍ നീണ്ട യാത്ര... വഴിയില്‍ പല തരത്തിലുള്ള മനുഷ്യര്‍, ജീവജാലങ്ങള്‍,പ്രകൃതി ദൃശ്യങ്ങള്‍ എല്ലാം ആസ്വദിച്ച് കൊണ്ട് ആ പാറക്കെട്ടും അതിന്റെ മുകളിലൂടെ ഒഴുകി വരുന്ന അരുവി ശാഖകളും കാണാന്‍ ത്രില്‍ഡ് ആയ മനസ്സുമായി ആ യാത്ര..വണ്ടിയില്‍ നിന്നിറങ്ങി പാറക്കെട്ടിനടുത്തേക്ക് നടന്നു, ഒരു കിലൊമീറ്റര്‍...എത്ര ഭംഗിയാണു ആ പ്രകൃതിശില്പങ്ങള്‍ക്ക്..പക്ഷെ 5 മിനുട്ട് കഴിഞ്ഞപ്പോള്‍ ഒരു ശൂന്യത..! ഇത്രയെയുള്ളൂ? എന്നൊരു തോന്നല്‍...ഞങ്ങള്‍ തിരിച്ചു.. രാത്രിയായിരുന്നു.. പോകുമ്പോള്‍ ചിരിച്ചുല്ലസിച്ചിരുന്ന എല്ലാവരും ഉറങ്ങി...ഞാന്‍ എന്റെ മനസ്സിനെ തൃപ്തനാക്കി.. I enjoyed 4 hours of journey and the destination ...യാത്ര ആസ്വദിച്ചില്ലായിരുന്നെങ്കില്‍ നഷ്ടബോധം തോന്നിയേനെ....ജീവിതവും അതുപോലെ തന്നെയല്ലേ...live for the journey.Not the destination..destination might make us to feel empty...

" I'm not advocating being irresponsible. I'm not suggesting living today with no thought of what the consequences will be tomorrow.

What I am advocating is enjoying the trip of life. Find work that you like to do and that you find satisfying today - not just work that may reward you in the future. Love your kids for what they are today - not just for what they may become years from now. Celebrate personal relationships today - not just at anniversaries."

Unknown said...

Good words.. thanks ceekay!

sunil said...

ചക്കച്ചുളയും ഇപ്പോള്‍ ചന്തയില്‍ കിട്ടും