ഹരീഷിന്റെ ബ്ലോഗ് വായിച്ച് അവിടെ നിന്ന് "വെറുതെ ഒരു സ്വപ്നം" എന്ന ബ്ലോഗില്‍ എത്തി. അവിടെ എഴുതിയ ഒരു കമന്റ് ഇവിടെയും പേസ്റ്റ് ചെയ്യുന്നു. നാട്ടിലെ ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായം എന്റെയൊരു സ്വകാര്യദു:ഖമാണ്. മഞ്ജു മനോജിന്റെ ബ്ലോഗ് വായിച്ചപ്പോള്‍ ആശ്വാസം തോന്നി. അതാണ് ആ കമന്റ് ഇവിടെയും പബ്ലിഷ് ചെയ്യുന്നത്. കുറച്ചു കൂടി ഇവിടെ എഴുതാമായിരുന്നു, ഒരു പോസ്റ്റ് എന്ന നിലയ്ക്ക്. പക്ഷെ എത്ര എഴുതിയിട്ടെന്ത് കാര്യം !
"മഞ്ജുവിന്റെ കുട്ടികള്‍ ഇന്ത്യന്‍ സിലബസില്‍ പഠിക്കാത്തത് ഒരിക്കലും നിര്‍ഭാഗ്യമല്ല. എന്നാല്‍ പോസ്റ്റ് വായിച്ചപ്പോള്‍ കുട്ടികള്‍ക്ക് അവിടെ പഠിക്കാന്‍ കഴിയുന്നത് ഭാഗ്യമായെന്നും പറയാന്‍ തോന്നുന്നു. കേരളത്തിലെ കുട്ടികളാണ് ശരിക്കും നിര്‍ഭാഗ്യവാന്മാര്‍ എന്ന് പറയട്ടെ. അവര്‍ക്ക് ബാല്യവുമില്ല, ശരിയായ വിദ്യാഭ്യാസവും കിട്ടുന്നില്ല എന്നതാണ് അവസ്ഥ. ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമാണ്. പരമാവധി ആളുകളുമായി ആശയവിനിമയം സാധ്യമാക്കുന്ന തരത്തില്‍ ഒരു ലോകഭാഷയായി ഇംഗ്ലീഷ് വികസിച്ചു വന്നത് നല്ലത് തന്നെ. ആ നിലയ്ക്ക് ഇംഗ്ലീഷിന് പ്രാധാന്യവുമുണ്ട്. കുട്ടികള്‍ ഒരു സംസാരഭാഷയായി ഇംഗ്ലീഷ് അഭ്യസിക്കേണ്ടതുമാണ്. എന്ന് വെച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിച്ചാലേ അത് സാധ്യമാകൂ എന്നുണ്ടോ? ഇംഗ്ലീഷ് ഒരു ഭാഷയായി മാത്രം പഠിച്ചാല്‍ പോരേ? സബ്‌ജക്റ്റ് ഏത് ഭാഷയില്‍ പഠിച്ചാല്‍ എന്താ? അറിവിന് ഭാഷയില്ല. അറിവ് വേറേ, ഭാഷ വേറെ. ഭാഷയ്ക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്, അറിവിനാണ്. ഭാഷ ഏത് പ്രായത്തിലും സ്വായത്തമാക്കാന്‍ കഴിയും. അറിവ് അങ്ങനെയല്ല. അറിവ് ആര്‍ജ്ജിക്കാനുള്ള വാസന കുട്ടിക്കാലത്ത് ഇല്ലാതെ പോയാല്‍ പിന്നെ അറിവിനോട് ആഭിമുഖ്യം ഒരിക്കലും ഉണ്ടാവില്ല. ഈ വാസന കുട്ടികളില്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഔപചാരിക വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യം നാട്ടില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഭാഷയ്ക്കാണ് പ്രാമുഖ്യം കല്‍പ്പിക്കപ്പെടുന്നത്. അറിവ് മക്കള്‍ക്ക് വേണം എന്ന് പോലും രക്ഷിതാക്കള്‍ ചിന്തിക്കുന്നില്ല. മാര്‍ക്ക്, ഗ്രേഡ്, എന്‍ട്രന്‍സ് പരീക്ഷ അങ്ങനെ പോകുന്നു അവരുടെ ആകുലതകള്‍ .
പണം ഉണ്ടാക്കുന്ന യന്ത്രങ്ങളായാണ് മക്കളെ വളര്‍ത്താന്‍ താല്പര്യപ്പെടുന്നത്. അത്കൊണ്ട് മക്കള്‍ക്ക് നഷ്ടപ്പെടുന്ന ബാല്യത്തെക്കുറിച്ച് , അവരുടെ നൈസര്‍ഗ്ഗികമായ വാസനകളെക്കുറിച്ച് ആരും വേവലാതിപ്പെടുന്നില്ല. മൂന്ന് വയസ്സ് മുതല്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്നത് ശരിക്കും പറഞ്ഞാല്‍ ബാലപീഢനമാണ്. സ്കൂള്‍ വാനുകളിലോ സ്വന്തം വാഹനങ്ങളിലോ മാത്രമാണ് യാത്ര. ഇതൊക്കെ ചെയ്യുന്നത് വെറും ഇംഗ്ലീഷിന് വേണ്ടി. എന്നിട്ടോ കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്നുണ്ടോ? മിക്ക ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മലയാളത്തിലാണ് ഇംഗ്ലീഷ് തന്നെ പഠിപ്പിക്കുന്നത്. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്ന ടീച്ചര്‍മാര്‍ കേരളത്തില്‍ കുറവാണ്. അങ്ങനെ ഫലത്തില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷുമില്ല, അറിവുമില്ല, ഭാവിയില്‍ അയവിറക്കാന്‍ ബാല്യകാലസ്മരണകളുമുണ്ടാവില്ല എന്നതാണ് സ്ഥിതി. സബ്ജക്റ്റുകള്‍ മാതൃഭാഷയില്‍ പഠിച്ചാല്‍ മതിയായിരുന്നു. സംസാരഭാഷയായി ഇംഗ്ലീഷ് ഒന്നാം ക്ലാസ്സ് മുതല്‍ പഠിക്കാനുള്ള ഏര്‍പ്പാട് ചെയ്യാമായിരുന്നു. ഇപ്പോള്‍ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുക എന്നത് രക്ഷിതാക്കളുടെ അഭിമാനപ്രശ്നവുമായി മാറി. പൊങ്ങച്ചത്തിനപ്പുറമൊന്നുമില്ല, എന്ത് ചെയ്യും?
ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്, മഞ്ജുവിന്റെ മക്കള്‍ എത്ര ഭാഗ്യവാന്മാരാണ്. ഇങ്ങനെയൊരു അമ്മയെ കിട്ടിയല്ലൊ. "