പ്രേംനസീറിനെ ഓർക്കുമ്പോൾ ..

പ്രേം നസീറിനെ പോലെ സുന്ദരനായ ഒരു നടൻ മലയാളത്തിൽ അന്നും ഇന്നും വേറെയില്ല. അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുന്നു. വിശ്വസിക്കാൻ കഴിയുന്നില്ല. വർഷങ്ങൾ എത്ര വേഗമാണു കൊഴിഞ്ഞുപോകുന്നത്. അദ്ദേഹത്തിനെ പറ്റി മകൻ ഷാനവാസിന്റെ അനുസ്മരണക്കുറിപ്പിൽ നിന്ന് ഏതാനും വരികൾ ഇങ്ങനെയാണു:

"ആര് സഹായം അഭ്യർത്ഥിച്ച് വന്നാലും അച്ഛൻ നോ പറയില്ല. എന്നും രാവിലെ ഗേറ്റിന് മുന്നിൽ പതിനഞ്ച് പേരെങ്കിലും കാണും. നാട്ടിൽ നിന്ന് ഇന്നലെ വന്നതാണ് പെട്ടി മോഷണം പോയി, പോക്കറ്റടിച്ചു എന്നിങ്ങനെയുള്ള പരിദേവനങ്ങളമായിട്ടാണ് വരവ്. ചിലത് സത്യമായിരിക്കും. ചിലത് കള്ളമായിരിക്കും. ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകാൻ കാറിൽ കയറാൻ നിൽക്കുമ്പോഴായിരിക്കും ഇത്. അപ്പോൾ പോക്കറ്റിൽ എത്രയുണ്ടോ അതെടുത്ത് കൊടുക്കും. അത് എത്രയായാലും. അല്ലെങ്കിൽ അമ്മയെ വിളിച്ച് ഇവർക്കെല്ലാം പണം കൊടുക്കാൻ പറയും. വെറും കയ്യോടെ, ആരെയും വിടില്ല."

കേരളകൗമുദിയുടെ എഫ്‌ബി പേജിൽ ഈ കുറിപ്പ് വായിക്കുമ്പോൾ പ്രേംനസീറിന്റെ ദാനശീലത്തിനു ഞാനും ഒരു പ്രാവശ്യം സാക്ഷിയായിരുന്നല്ലോ എന്നോർത്തുപോയി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്ത ഞാൻ കള്ളവണ്ടി കയറി എത്തിയത് മദിരാശിയിൽ. ദക്ഷിണേന്ത്യൻ സിനിമയുടെ തലസ്ഥാനമായിരുന്ന കോടമ്പാക്കത്ത് ഒരു കുടുസ്സ് മുറി താമസിക്കാൻ കിട്ടിയിരുന്നു. സിനിമാനടന്മാരുടെ വീടുകൾ തേടിപ്പിടിച്ച്, അവരുടെ വീടുകളിൽ പോവുക അന്ന് പതിവായിരുന്നു. പാണ്ടിബജാറിലെ ബോഗ് റോഡിൽ ശിവാജി ഗണേശന്റെ വീട്ടിൽ കൂടെക്കൂടെ പോകും. ഗെയിറ്റ് വരെ മാത്രമേ പോകാൻ പറ്റൂ. വാച്ച്മാൻ ഉണ്ടാകും.

മൗണ്ട് റോഡിൽ നിന്ന് (ആയിരംവിളക്ക്) തിരിയുന്നിടത്ത് വുഡ്‌സ് റോഡിൽ സ്വാമീസ് ലോഡ്ജിൽ ആയിരുന്നു സത്യൻ താമസിച്ചിരുന്നത്. അക്കാലത്ത് മലയാളം നടീനടന്മാർക്ക് മദിരാശിയിൽ സ്വന്തം വീടുകൾ ഇല്ലായിരുന്നു. 1970ന്റെ തുടക്കത്തിലാണു. പല കുറി സ്വാമീസ് ലോഡ്ജിന്റെ അടുത്തുകൂടി പോയിട്ടും സത്യനെ കാണണമെന്ന് തോന്നിയില്ല. ധൈര്യം പോരാഞ്ഞിട്ടാണു. റോയ്പേട്ടയിൽ ഒരു വാടകവീട്ടിൽ പ്രേം നസീറും മുത്തയ്യയും ഒരുമിച്ചാണു താമസം. നസീറിന്റെയും മുത്തയ്യയുടെയും സൗഹൃദബന്ധം പ്രശസ്തമായിരുന്നു. ഞാനന്ന് രാവിലെ നസീറിന്റെ വീട്ടിലെത്തി. ഗെയിറ്റിൽ വാച്ച്മാൻ ഇല്ല. ഞാൻ അകത്ത് കടന്നു. കോലായി വരെയെത്തി. മുറ്റത്ത് ആരെല്ലാമോ ഓരോന്ന് ചെയ്യുന്നു. ആരും എന്നെ തടുക്കുന്നില്ല. എന്താണു വന്നതെന്ന് ചോദിക്കുന്നില്ല. അകത്തും ആരൊക്കെയോ എന്തൊക്കെയോ തിരക്കിലാണു. അകത്തേക്ക് കണ്ണും നട്ട് ഞാൻ കുറെ നേരം വാതിലനരികെ നിന്നു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ പ്രേംനസീർ പുറത്തേക്ക് വരുന്നു. സിനിമയിൽ കാണുന്ന പോലെ തന്നെ. പക്ഷെ മുടി കുറ്റിയാണു. സിനിമയിൽ നമ്മൾ കാണുന്നത് വിഗ് ആണല്ലൊ. വരാന്തയിൽ നിൽക്കുന്ന എന്നെ കണ്ടു. എന്ത് വേണം എന്ന മട്ടിൽ എന്നോട് ഒന്ന് മൂളി. അപ്പോഴാണു ശരിക്കും എന്താണു എനിക്ക് വേണ്ടത് എന്ന് ഞാൻ ആലോചിച്ചത്. നാട് വിട്ട് കോടമ്പാക്കത്ത് എത്തിപ്പെടുന്ന എല്ലാവർക്കും എന്ന പോലെ എനിക്കും സിനിമാമോഹമുണ്ട്. പക്ഷെ ശോഷിച്ച ഒരു പയ്യനായ ഞാൻ സിനിമയിൽ എന്ത് ചാൻസ് ചോദിക്കാനാണു. കാശിന്റെ ആവശ്യം തീർച്ചയായും ഉണ്ട്. പക്ഷെ ആരോടും പൈസ ചോദിച്ച് എനിക്ക് ശീലമില്ല. ഒടുവിൽ, കള്ളവണ്ടി കയറി അക്കാലത്ത് മദ്രാസിൽ എത്തുന്ന എല്ലാ പയ്യന്മാരും ചോദിക്കുന്ന ചോദ്യം ഞാനും നസീറിനോട് ചോദിച്ചു: സാർ ഒരു ജോലി ....

ഷൂട്ടിങ്ങിനു സമയമായി , എനിക്ക് തിരക്കുണ്ട് എന്ന് നടന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്റെ ചോദ്യം പിശകായിരുന്നു. അദ്ദേഹം എന്ത് ജോലി തരാനാണു. മലയാളമനോരമയുടെ വക MM റബ്ബർ കമ്പനിയും മദിരാശിയിലുണ്ടായിരുന്നു. അതിന്റെ മുതലാളിയുടെ വീട്ടിൽ പോയിട്ട് -പേരു ഓർക്കുന്നില്ല- അവർ ജോലി തന്നോ. ഇല്ലല്ലൊ. എനിക്ക് പക്ഷെ മറ്റൊന്നും ചോദിക്കാൻ അപ്പോൾ സാവകാശം കിട്ടിയില്ല. സഹായികളുമൊത്ത് അദ്ദേഹം മുറ്റത്തിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോൾ ഗെയിറ്റും കടന്ന് ഒരു സ്ത്രീയും കുട്ടിയും അകത്ത് പ്രവേശിക്കുന്നു. നസീർ അവരെ കണ്ടു. സ്ത്രീയുടെ മുഖത്ത് ദയനീയത. നിങ്ങളിങ്ങനെ അടിക്കടി വന്നാൽ എങ്ങനെയാ എന്ന് ചോദിച്ചുകൊണ്ട് അകത്തേക്ക് നോക്കി പറഞ്ഞു: കുറുപ്പേ ഇവർക്ക് ഒരു നൂറു രൂപ കൊടുക്കൂ. കുറുപ്പ് അദ്ദേഹത്തിന്റെ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സഹായിയാരിക്കും. എനിക്ക് ഒരു പത്ത് രൂപയെങ്കിലും കിട്ടിയിരുന്നെങ്കിൽ അന്ന് വലിയ കാര്യമായിരുന്നു. പക്ഷെ പൈസ ചോദിക്കാത്തതിന്റെ പേരിൽ അന്ന് എനിക്ക് നിരാശ തോന്നിയിരുന്നില്ല.

പ്രേംനസീറിന്റെ എത്ര സിനിമകൾ കണ്ടിട്ടുണ്ട് എന്നോർമ്മയില്ല. ഏതാണു ഏറ്റവും ഇഷ്ടപ്പെട്ട പടം എന്ന് ചോദിച്ചാലും ഉത്തരം പറയാൻ കഴിയില്ല. എല്ലാം കാണുമ്പോൾ ആസ്വദിചിരുന്നുവല്ലൊ. സത്യനും ശിവാജി ഗണേശനും, നസീറും ജമിനിഗണേശനും പത്മിനിയും രാഗിണിയും സാവിത്രിയും അന്നത്തെ ബ്ലായ്ക്ക് ആൻഡ് വൈറ്റ് സിനിമകളും പിന്നെ ടൂറിങ്ങ് ടാക്കീസിലെ തറ , ബെഞ്ച് ടിക്കറ്റുകളും പാട്ടുപുസ്തകങ്ങളും അച്ചടിമണമുള്ള നോട്ടീസുകളും ....

(1975 ജൂൺ 25 നു അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഞാൻ മദിരാശിയിലുണ്ട്. 76ൽ ഞാൻ എന്റെ പ്രവാസം മതിയാക്കി നാട്ടിലെത്തി. എത്രയെത്ര സംഭവങ്ങൾക്കാണു ഞാൻ സാക്ഷ്യം വഹിച്ചത്. DMKയിൽ നിന്ന് എം.ജി.ആറിനെ പുറത്താക്കുന്നതും അന്ന് എം.ജി.ആറിന്റെ ആരാധകർ തെരുവിലിറങ്ങുന്നതും പിറ്റേന്ന് തന്നെ തമിഴ്‌നാടിന്റെ ഓരോ വാർഡുകളിലുമുള്ള എം.ജി.ആർ.രസികർ മൻട്രങ്ങൾ അണ്ണാ ദ്രാവിഡ മുന്നേറ്റക്കഴകത്തിന്റെ യൂനിറ്റുകൾ ആകുന്നതും അങ്ങനെയങ്ങനെ.. )

4 comments:

ali pm said...

ഓര്‍മ്മപ്പൂക്കള്‍

ajith said...

നിത്യഹരിതം

Manoj മനോജ് said...

പഴയ കാലത്തേയ്ക്ക് ഒരു തിരിഞ്ഞ് നോട്ടം :)

ഷെരീഫ് കൊട്ടാരക്കര said...

സമാനമായ ഒരു അനുഭവം നസീർ സാറിൽ നിന്നും എനിക്കുണ്ടായത് "ശ്മശാനത്തിലെ രാത്രി" എന്ന പേരിൽ ഞാൻ ബ്ലോഗിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വളരെ നാളുകൾക്ക് മുമ്പ് ഉൾക്കൊള്ളിച്ചിരുന്നു. പക്ഷേ അന്ന് എനിക്ക് അദ്ദേഹത്തിൽ നിന്നും ചോദിക്കാതെ തന്നെ സാമ്പത്തിക സഹായം ലഭിച്ചു. സിനിമയിൽ അഭിനയിക്കാൻ പഠനം ഉപേക്ഷിച്ച് മദിരാശിയിലെത്തിയ എന്നെ അഞ്ച് രൂപായുടെ അഞ്ച് നോട്ടുകൾ (ആകെ 25 രൂപാ) തന്ന് ഉടൻ നാട്ടിൽ പോയി പഠനം തുടരുക എന്നും പറഞ്ഞ് മദിരാശിയിൽ നിന്നും തിരിച്ചയച്ചു . ആ തിരിച്ച് വരവ് എന്റെ ജീവിതത്തെ മാറ്റി മറിച്ചു. ഇല്ലായിരുന്നെങ്കിൽ ക്യാമറാ കെട്ടി വലി ജോലി ലഭിച്ചിരുന്ന ഞാൻ സിനിമാ രംഗത്ത് തന്നെ തുടർന്ന് ആരോരുമറിയാതെ നശിച്ചേനെ. ആ അഞ്ച് നോട്ടുകളിൽ ഒരെണ്ണം അവശേഷിച്ചത് അടുത്ത കാലത്താണ് പഴയ ഡയറി താളുകൾക്കൊപ്പം പഴക്കത്താലും പ്രാണി ശല്യത്താലും ജീർണിച്ച് പോയത്.