നമുക്ക് മറ്റുള്ളവരുടെ കഥ കേൾക്കാൻ ഇഷ്ടമാണ്. നമ്മുടെ സംസാരം ഉണ്ടാകുന്നത് അതുകൊണ്ടാണ്. നമ്മൾ സാഹിത്യം വായിക്കുന്നതും സിനിമകൾ കാണുന്നതും ഒക്കെ ഈ ഇഷ്ടം കൊണ്ടാണ്. യഥാർത്ഥ ജീവിതം പറയുന്ന സാഹിത്യവും സിനിമയും ആണല്ലോ എല്ലാവരും ഇഷ്ടപ്പെടുന്നതും കാലത്തെ അതിജീവിക്കുന്നതും. മനുഷ്യർക്ക് മൂന്ന് തരം വിശപ്പ് ഉണ്ട്. ഒന്നാമത്തെ വിശപ്പ് ഭക്ഷണത്തിനാണ്. രണ്ടാമത്തെ വിശപ്പ് നിങ്ങൾ എല്ലാവർക്കും അറിയാം. തീഷ്ണമായ ഈ രണ്ട് വിശപ്പും മനുഷ്യനും മറ്റെല്ലാ ജന്തുക്കൾക്കും ഉള്ളതാണ്. എന്നാൽ മൂന്നാമത്തെ വിശപ്പ് മനുഷ്യർക്ക് മാത്രമേയുള്ളൂ. അത് അംഗീകാരത്തിന് വേണ്ടിയുള്ള വിശപ്പാണ്. ഏറ്റക്കുറച്ചിലോടെ ഈ വിശപ്പ് ഇല്ലാത്തവർ ആരുമില്ല. ചെറിയൊരു അംഗീകാരം പോലും നമ്മെ സന്തോഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്.
നമ്മെ ജീവിതത്തിൻ്റെ പോരാട്ടക്കളത്തിലേക്ക് ഉന്തിവിടൂന്നത് ഈ മൂന്ന് വിശപ്പുകളാണ്. അല്ലായിരുന്നെങ്കിൽ നമ്മളാരും ഇരുന്നിടത്ത് നിന്ന് അനങ്ങില്ലായിരുന്നു. സാഹിത്യവും കലയും രചിക്കുന്നതും നാടകം സിനിമ അഭിനയിക്കുന്നതും ഒക്കെ അംഗീകാരത്തിന് വേണ്ടിയുള്ള വിശപ്പിനെ തൃപ്തിപ്പെടുത്താനാണ്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള പ്രചോദനവും അംഗീകാരമാണ്. ഫേസ്ബുക്കിൽ എഴുതുന്നത് പോലും അംഗീകാരത്തിനാണ്. പുറത്തിറങ്ങുമ്പോൾ അണിഞ്ഞൊരുങ്ങുന്നതും മറ്റുള്ളവരുടെ അംഗീകാരം കിട്ടാൻ വേണ്ടിയാണ്. ചുരുക്കി പറഞ്ഞാൽ നമ്മുടെ അസ്തിത്വം പോലും മറ്റുള്ളവർ നമ്മെ അംഗീകരിക്കുമ്പോഴാണ്. ആരും അംഗീകരിക്കുന്നില്ലെങ്കിൽ നമ്മൾ ആരും അല്ലാതായിപ്പോകും. ഇതൊന്നും അങ്ങനെ ആരും ആഴത്തിൽ ചിന്തിക്കുന്നില്ലെങ്കിലും അംഗീകാരത്തിന് വേണ്ടിയുള്ള ത്വര എല്ലാവരിലും എപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
മദ്രാസിൽ കോടംബാക്കാത്ത് ജീവിയ്ക്കുമ്പോൾ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് കണ്ണാടിക്ക് മുൻപിൽ നിന്നുകൊണ്ട് എന്തെങ്കിലും അഭിനയിക്കുക, ഡയലോഗുകൾ പറയുക എൻ്റെ ശീലമായിരുന്നു. പക്ഷെ അവിടെയും ഒരപകർഷതാ ബോധം എന്നെ വേട്ടയാടിയിരുന്നു. മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു എൻ്റേത്. സിനിമയിൽ അഭിനയിക്കാൻ നല്ല തടി വേണം എന്ന് ചിന്തിക്കാൻ ഒരു കാരണമുണ്ടായി. ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറുടെ സഹായി എൻ്റെ ഫ്രണ്ട് ആയിരുന്നു. അത്കൊണ്ട് എനിക്ക് ഏത് സ്റ്റുഡിയോയിലും ഏത് ഷൂട്ടിങ്ങ് ഫ്ലോറിലും പോകാമായിരുന്നു. അന്നൊക്കെ ഔട്ട് ഡോർ ഷൂട്ടിങ്ങ് അപൂർവ്വമായിരുന്നു, സ്റ്റുഡിയോ ഫ്ലോറുകളിൽ ഇൻഡോർ ഷൂട്ടിങ്ങ് ആയിരുന്നു സാധാരണം. സ്റ്റുഡിയോ ഫ്ലോറിൽ സെറ്റ് ഇട്ടിട്ടാണ് ഷൂട്ടിങ്ങ്.
ഒരിക്കൽ ഉമ്മാച്ചു എന്ന സിനിമയുടെ ഷൂൂട്ടിങ്ങ് സെറ്റിൽ പോയി. മധുവും ബഹദൂറും ഒക്കെ അഭിനയിക്കുന്നു. സംവിധാനം പി.ഭാസ്കരനാണ്. ഷൂട്ടിങ്ങിൻ്റെ ഇടവേളയിൽ മധുവിൻ്റെ അടുത്ത് എന്നെ നിർത്തി സ്റ്റിൽ ഫോട്ടോ ഗ്രാഫർ ഒരു ഫോട്ടോ എടുത്തു. എന്നിട്ട് അവൻ്റെ ഫോട്ടോ സ്റ്റുഡിയോയുടെ ഡാർക്ക് റൂമിൽ വെച്ച് അതിൻ്റെ പോസിറ്റീവ് പ്രിൻ്റ് എടുക്കുന്നത് ഞാനും നോക്കി നിന്നു. ഫോട്ടോ നോക്കുമ്പോൾ മധുവിൻ്റെ അടുത്ത് ഞാൻ ആനയും അണ്ണാനും പോലെ. ആ ഫോട്ടോ ഞാൻ നാട്ടിലേക്ക് അയച്ച് അത് ജ്യേഷ്ടൻ ഫ്രെയിം ചെയ്ത് ചുവരിൽ തൂക്കി അയൽപ്പക്കക്കാരെ കാണിച്ച് അവൻ സിനിമയിലൊക്കെയാ എന്ന് പൊങ്ങച്ചം പറഞ്ഞിരുന്നു. എന്തായാലും മെലിഞ്ഞ ഞാൻ സിനിമക്ക് പറ്റില്ല എന്ന അപകർഷത മനസ്സിൽ പേറി നടന്ന എന്നെ അത്ഭുതപ്പെടുത്തിയത് ഇന്നത്തെ കുഞ്ചൻ എന്ന നടനെ അന്ന് ആദ്യമായി സ്ക്രീനിൽ കണ്ടപ്പോഴാണ്. കെ.പി.കൊട്ടാരക്കരയുടെ സിനിമ ആയിരുന്നു അത്. പേര് ഓർക്കുന്നില്ല.
ഞാൻ താമസിക്കുന്ന വെസ്റ്റ് അവന്യു റോഡിൽ നിന്ന് കോടംബാക്കം സ്റ്റേഷനിലേക്ക് തിരിയുന്ന കോർണറിൽ ഒരു മലയാളിയുടെ വീട് ഉണ്ടായിരുന്നു. ഗേറ്റിലെ നെയിം ബോർഡിൽ പ്രഫ: വിദ്യാധരൻ എന്ന് എഴുതിയിരുന്നു എന്ന് നേരിയ ഓർമ്മ. ആ വീടീൻ്റെ ഉമ്മറത്ത് ഒരു പയ്യൻ ഇരിക്കുന്നത് കാണാം. മെലിഞ്ഞ ശരീരം. മുഖത്തിന് ഒരു ഷെയിപ്പും ഇല്ലായിരുന്നു. അവനെയാണ് ഞാൻ ഏതോ തിയേറ്ററിൽ വെച്ച് വെള്ളിത്തിരയിൽ കാണുന്നത്. മോഹൻ എന്നായിരുന്നു അവൻ്റെ പേര്. പിന്നെയും ഒന്ന് രണ്ട് സിനിമയിൽ മോഹൻ എന്ന പേരിൽ കൊമേഡിയൻ ആയി അഭിനയിച്ച അവൻ്റെ പേര് കുഞ്ചൻ എന്നാക്കിയത് തിക്കുറിശ്ശി ആണെന്ന് വായിച്ചിട്ടുണ്ട്. കാരണം മറ്റൊരു മോഹൻ അന്ന് നായകനായി തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. ആ മോഹൻ എന്ന നടനെ എനിക്ക് വളരെ ഇഷ്ടം ആയിരുന്നു. ചട്ടക്കാരി, ജീവിയ്ക്കാൻ മറന്നു പോയ സ്ത്രീയിൽ ഒക്കെ എന്തൊരു മനോഹരമായ അഭിനയമായിരുന്നു. ഈ കുഞ്ചൻ താമസിച്ച ആ വീട്ടിൽ സുന്ദരനായ ഒരു നടൻ ഇടക്കിടെ വന്ന് പോകുന്നത് കണ്ടിരുന്നു, അത് സുധീർ ആയിരുന്നു, ചിലപ്പോൾ ഖദീജ എന്ന നടിയെ പിന്നിൽ ഇരുത്തി സുധീർ കോടംബാക്കത്ത് കറങ്ങുന്നതും ശ്രദ്ധിച്ചിരുന്നു.
അന്നത്തെ ടെലിഫോൺ ഡയരക്ടറി നോക്കി വിലാസം കണ്ടുപിടിച്ച് സിനിമ നടന്മാരുടെയും സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഒക്കെ വീടുകളിൽ ഞാൻ നടന്ന് പോകുമായിരുന്നു. അങ്ങനെ മദ്രാസിലെ അധിക തെരുവുകളിലൂടെയും ഞാൻ നടന്നിട്ടുണ്ട്. എനിക്ക് അറിയാത്ത റോഡുകൾ അന്ന് മദ്രാസിൽ ഇല്ലായിരുന്നു. മൗണ്ട് റോഡിൽ നിന്ന് തിരിയുന്ന വുഡ്സ് റോഡിലെ സ്വാമീസ് ലോഡ്ജിൽ ആയിരുന്നു സത്യൻ താമസിച്ചിരുന്നത്. അതേ റോഡിൽ അവരുടെ തന്നെ സ്വാമീസ് കഫേയിൽ ഞാൻ സപ്ലൈയറായി ജോലി ചെയ്തിരുന്നു. അപകർഷതാ ബോധം നിമിത്തം ആ ലോഡ്ജിൽ പോയി സത്യനെ നേരിൽ കാണാതിരുന്നതിൽ ഞാൻ പിന്നീട് വളരെ ഖേദിച്ചിരുന്നു. മിക്ക നടീനടന്മാരെയും നേരിൽ കണ്ട എനിക്ക് ഞാൻ ആരാധിച്ചിരുന്ന സത്യനെ മാത്രം നേരിൽ കണ്ടിട്ടില്ല.
ഒരു ദിവസം രാവിലെ ഫോൺ ഡയരക്ടറി നോക്കി വിലാസം കണ്ടുപിടിച്ച് കോടംബാക്കത്തെ റൂമിൽ നിന്ന് റോയപ്പേട്ട വരെ നടന്നു. പ്രേം നസീറിൻ്റെ വീട് ആയിരുന്നു ലക്ഷ്യം, വീട്ട് നമ്പർ മനസ്സിൽ കുറിച്ചിരുന്നു, പ്രേം നസീറും മുത്തയ്യയും ഒന്നിച്ച് താമസിച്ചിരുന്ന വാടക വീട് ആയിരുന്നു അത്. ചെല്ലുമ്പോൾ ഗേറ്റിൽ സെക്യൂരിറ്റി ആരുമില്ല. ഞാൻ ഉമ്മറത്ത് പോയിരുന്നു. ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ആരും എന്നെ ശ്രദ്ധിക്കുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ നസീർ അകത്ത് നിന്ന് ഉമ്മറത്തേക്ക് വന്നു. കുറ്റി മുടിയുള്ള മേക്കപ്പ് ഇല്ലാത്ത മുഖം. ഞാൻ അദ്ദേഹത്തെ നോക്കി, അദ്ദേഹം എന്നെയും. എന്താ എന്നൊരു ചോദ്യം. എൻ്റെ മനസ്സ് ശൂന്യമായിരുന്നു. സാർ ഒരു ജോലി എന്ന് ഞാൻ വിക്കി വിക്കി പറഞ്ഞു. ശരി ശരി ഇപ്പോൾ തന്നെ ഷൂട്ടിങ്ങിന് വൈകി പിന്നെ വരൂ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കാറിനടുത്തേക്ക് നടന്നു.
അപ്പോൾ ഗേറ്റ് കടന്ന് ഒരു സ്ത്രീ കുഞ്ഞിനെ ഒക്കത്തെടുത്ത് കൊണ്ട് അകത്തേക്ക് നടന്നു വരുന്നു. ആ സ്ത്രീയെ കണ്ട നസീർ അവരോട് പറയുന്നു നിങ്ങൾ ഇങ്ങനെ കൂടെക്കൂടെ വന്നാൽ എങ്ങനാ.. എന്നിട്ട് തിരിഞ്ഞ് വീടിൻ്റെ അകത്തേക്ക് നോക്കി പറഞ്ഞു കുറുപ്പേ ഒരു നൂറ് രൂപ ഇവർക്ക് കൊടുക്കൂ. നൂറ് രൂപ അന്ന് വലിയൊരു തൂകയായിരുന്നു, ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്ത് നസീർ പോയി. ഞാനും ഇറങ്ങി നടന്നു. ആര് വീട്ടിൽ വന്ന് പൈസ ചോദിച്ചാലും നസീർ വെറും കൈയ്യോടെ മടക്കി അയക്കാറില്ല എന്ന് ഞാൻ കേട്ടിരുന്നു. എനിക്ക് അന്ന് ഒരു രൂപ കിട്ടിയിരുന്നെങ്കിൽ അന്നത്തെ പ്രാതലും ഉച്ചഭക്ഷണവും രാത്രി അത്താഴവും കഴിക്കാമായിരുന്നു. പക്ഷെ എനിക്ക് ആരോടും പൈസ ചോദിക്കാൻ കഴിയില്ലായിരുന്നു. നടന്നു പോകുന്ന ഇടവഴിയിൽ കശുവണ്ടി കണ്ടാൽ അതെടുത്ത് ഉടമസ്ഥൻ്റെ പറമ്പിലേക്ക് ഇടുന്നതാണ് ശീലം. അങ്ങനെയാണ് അച്ഛൻ പഠിപ്പിച്ചിരുന്നത്.
ഒരിക്കൽ രാജശ്രീ പിക്ചേഴ്സ് ഉടമ ആർ.കെ.നായരുടെ വീട്ടിൽ രാവിലെ പോയി കോളിങ്ങ് ബെൽ അമർത്തി. അദ്ദേഹത്തിൻ്റെ ഫോട്ടോ സിനിമ മാസികയിൽ കണ്ട് പരിചയം ഉണ്ടായിരുന്നു. അദ്ദേഹം തന്നെയാണ് വാതിൽ തുറന്നത്. ങും എന്താ? സർ ഒരു ജോലി... ജോലി ചോദിച്ച് വീട്ടിലാണോ വരുന്നത് എന്ന് ക്ഷുഭിതനായ അദ്ദേഹം എന്നോട് പൊട്ടിത്തെറിച്ചുകൊണ്ട് വാതിൽ കൊട്ടിയടച്ചു. ഞാൻ ആകെയങ്ങ് ഇല്ലാണ്ടായി പോയി. കോടംബാക്കത്തേക്ക് തിരിച്ചു പോയി പരിചയമുള്ള സൈക്കിൾ കടയിൽ നിന്ന് ഒരു സൈക്കിൾ വാടകക്കെടുത്ത് ഒരൊറ്റ യാത്രയാണ്. ഇന്ത്യയുടെ ഒരു റോഡ് മാപ്പ് കൈയിൽ കരുതിയിരുന്നു. കോടംബാക്കം മുതൽ ഹിമാലയം വരെ സൈക്കിളിൽ ഒരു സാഹസിക യാത്ര. അപ്പോൾ അത് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. വഴിയിൽ ആരൊക്കെയോ പൈസ തന്നു, ആഹാരം തന്നു, രാത്രിയിൽ ഉറങ്ങാൻ കിടക്കയും വിരിപ്പും തന്നു. പക്ഷെ ഹൈദരാബാദ് വഴി പോകാൻ ഉദ്ദേശിച്ച ഞാൻ ആന്ധ്രയിലെ കടപ്പയിലാണ് എത്തിയത്. ഉഷ്ണകാലമായിരുന്നു. കടപ്പ എത്തിയപ്പോൾ ചൂട് താങ്ങാൻ കഴിഞ്ഞില്ല. ഒരടി മുന്നോട്ട് സൈക്കിൾ ചവിട്ടാൻ കഴിയാത്ത അവസ്ഥ. അവിടെയും ഞാൻ പരാജയപ്പെടുകയായിരുന്നു. വാടക സൈക്കിൾ കടപ്പ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് അടുത്ത വണ്ടിക്ക് മദ്രാസിലേക്ക് മടങ്ങി.
No comments:
Post a Comment