Links

അനുഭവങ്ങൾ പാളിച്ചകൾ - 4

 ഒരു മാഷ് ആകാൻ എനിക്ക് ഏറെ കൊതിയുണ്ടായിരുന്നു. എന്നും പഠിക്കുക , പഠിപ്പിക്കുക അതെന്തൊരു രസമുള്ള സംഗതിയാണ്. എന്തെല്ലാം പഠിക്കാനുണ്ട്, അതിൽ കുറേ കാര്യങ്ങൾ പഠിച്ച് അത് മറ്റുള്ളവർക്ക് സരളമായി പറഞ്ഞുകൊടുക്കുമ്പോൾ കിട്ടുന്ന നിർവൃതി ഏറ്റവും വലുതാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പഠിത്തം ഒരിക്കലും തീരുന്നില്ല, എന്തെന്നാൽ എത്ര ആയുസ്സ് പഠിച്ചാലും തീരാത്തത്ര ബൃഹത്തായ വിജ്ഞാനശേഖരം ആണ് നമ്മുടെ മുന്നിലുള്ളത്. ഒരു അദ്ധ്യാപകൻ എന്നും ഒരു വിദ്ധ്യാർത്ഥി കൂടി ആയിരിക്കണം. എനിക്കത് കഴിയുമായിരുന്നു. പക്ഷെ അച്ഛൻ എന്നെ ഹൈസ്കൂളിലേക്ക് അയച്ചില്ല. ചെറുപ്പം മുതലുള്ള വിക്ക് കാരണം കലശലായ അപകർഷതാ ബോധം എന്നെ വേട്ടയാടിയിരുന്നു. യു.പി.സ്കൂളിൽ അവസാനവർഷം ഞാനായിരുന്നു സാഹിത്യസമാജം സെക്രട്ടരി. വെള്ളിയാഴ്ച ചേരുന്ന സാഹിത്യസമാജത്തിൽ ബ ബ ബ ബഹുമാനപ്പെട്ട അ് അ് അദ്ധ്യക്ഷനും എന്ന് ഞാൻ റിപ്പോർട്ട് വായന തുടങ്ങുമ്പോഴേക്കും പെൺകുട്ടികൾ അടക്കി ചിരിക്കും. എനിക്കത് വല്ലാത്ത നാണക്കേടായിരുന്നു. അതുകാരണം ഹൈസ്കൂളിൽ ചേരാൻ ഞാൻ ശാഠ്യം പിടിച്ചില്ല. പിന്നെ ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരണപ്പെടുകയും ചെയ്തു.

ഹൈസ്കൂളിൽ ചേർന്നില്ലെങ്കിലും പഠിക്കാനുള്ള ത്വരയും അറിവുകൾ നേടാനുള്ള അടങ്ങാത്ത ജിജ്ഞാസയും അച്ഛൻ്റെ മരണവും ദാരിദ്ര്യവും എല്ലാം കൊണ്ടാണ് ഞാൻ നാട് വിടുന്നത്. അങ്ങനെ മദ്രാസ് കോടമ്പാക്കത്ത് എത്തി. കോടമ്പാക്കത്ത് ആർക്കാട് റോഡ് തുടങ്ങുന്ന മേൽപ്പാലത്തിൻ്റെ അടിയിൽ വെസ്റ്റ് അവന്യു റോഡിലെ 13 ആം നമ്പർ വീടിൻ്റെ ഔട്ട് ഹൗസ് എനിക്ക് താമസിക്കാനായി വെറുതെ കിട്ടി. ആ കൊച്ചു മുറിയിലാണ് ഞാൻ ഒൻപത് വർഷത്തോളം (1967-1976) താമസിച്ചത്. കോടമ്പാക്കം, ആരും കൊതിക്കുന്ന കോളിവുഡ് അന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ തലസ്ഥാനം ആയിരുന്നു. ആർക്കാട് റോഡിലൂടെ നേരെ പോയാൽ കോടമ്പാക്കം കഴിഞ്ഞ് വടപളനി എത്തിയാൽ റോഡിനിരുവശവും സിനിമ സ്റ്റുഡിയോകളാണ്. വിജയവാഹിനി, ഏ.വി.എം. തൊട്ട് കർപ്പകം ഭരണി അങ്ങനെ എത്രയോ സ്റ്റുഡിയോകൾ. വടപഴനി കഴിഞ്ഞാൽ സാലിഗ്രാമം അന്നൊരു ചേരി പ്രദേശം ആയിരുന്നു. അവിടെയുള്ള ചേരികളിലായിരുന്നു എക്സ്ട്രാ നടന്മാരുടെയും നഭികളുടെയും താവളം.
മദ്രാസിൽ വിശപ്പ് നന്നെ സഹിക്കാൻ കഴിയാത്തപ്പോൾ എനിക്ക് അഭയം ഇടത്തരം ഹോട്ടലുകൾ ആയിരുന്നു. ഹോട്ടലിൽ പോയി മാനേജരോട് സപ്ലൈയർ വേണോ എന്ന് ചോദിക്കും. വേണമല്ലോ പോയി നാസ്ത കഴിച്ചിട്ട് വാ എന്ന് പറയും. ഞാൻ കിച്ചണിൽ പോയി പൊങ്കൽ , ഇഡ്ഡലി, പൂരി മസാല അങ്ങനെ വയറ് നിറയെ കഴിച്ചിട്ട് ഡ്യൂട്ടിക്ക് ഹാജരാകും. ആ എട്ട് സീറ്റ് നോക്കിക്കോ എന്ന് മാനേജർ പറയും. എട്ട് മണിക്കൂർ ജോലി. ഇടയിൽ നാല് മണിക്കൂർ കഴിഞ്ഞാൽ രണ്ട് മണിക്കൂർ റെസ്റ്റ്. വയറ് നിറയെ ഇഷ്ടമുള്ള ആഹാരം, സ്വീറ്റ്സ് കൂൾ ഡ്രിങ്ക്സ് അങ്ങനെ എന്തും എടുത്ത് കഴിക്കാം. സപ്ലൈയർക്ക് മാത്രമേ ഇങ്ങനെ എടുത്തു കഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. എട്ട് സീറ്റിലും കസ്റ്റമർ വന്ന് ഇരുന്നാൽ മാത്രമേ ഓർഡർ എടുക്കാൻ ഞാൻ അടുത്ത് പോകൂ. പിന്നെ ഇടത്തേ കൈയിൽ എട്ട് പ്ലേറ്റുകളിൽ പലാഹരങ്ങളും വലത്തേ കൈയിൽ ആറ് ടംബ്ലർ വെള്ളവുമായി ഞാനൊരു വരവാണ്. സർവർ സുന്ദരം എന്ന സിനിമയിൽ നാഗേഷ് ഇതൊക്കെ കാണിക്കുന്നുണ്ട്. കസ്റ്റമർ എനിക്ക് ടിപ്സ് തരും. ഒരിക്കൽ പാരീസ് കോർണറിലെ ഹരി നിവാസ് ഹോട്ടലിൽ വന്ന നടൻ ജോസ് പ്രകാശ് എനിക്ക് രണ്ട് രൂപ ടിപ്സ് തന്നിരുന്നു. രണ്ട് രൂപ അന്ന് വലിയ തുകയാണ്.
ഞാൻ പക്ഷെ ഏത് ഹോട്ടലിലും ഏറിയാൽ രണ്ടാഴ്ച മാത്രമേ ജോലി ചെയ്യൂ. പിന്നത്തെ രണ്ടാഴ്ച എഗ് മോറിലെ കന്നിമാറ ലൈബ്രറിയിലാണ്. വിശാലമായ ഹാൾ, അലമാരകളിൽ തമിഴ്, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ. ഇരിക്കാൻ നല്ല ചാരുബെഞ്ചുകൾ, മുകളിൽ ഫാൻ. ഇരുന്ന് വായിച്ചാൽ സമയം പോകുന്നത് അറിയില്ല. കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ചരിത്രം, ഫിലോസഫി, സാഹിത്യം അങ്ങനെ വായിച്ചാൽ തീരാത്തത്ര പുസ്തകങ്ങൾ പിന്നെ എല്ലാ പത്രങ്ങളും വാരികകളും മാസികകളും. രാവിലെ പോയി ഇരുന്നാൽ സന്ധ്യയോടെ മടക്കം. അങ്ങനെ കൈയിലുള്ള കാശും തീർന്ന് പിന്നെയും രണ്ട് നാൾ പട്ടിണി കിടന്ന് വിശപ്പ് സഹിക്കാതാവുമ്പോഴാണ് മറ്റൊരു ഹോട്ടൽ തേടി പോകുന്നത്. ഡീസൻ്റ് കസ്റ്റമേഴ്സ് വരുന്ന ഹോട്ടലിൽ മാത്രമേ ജോലി ചെയ്യൂ. ഇതിനിടയിൽ വണ്ണാർപ്പേട്ടയിൽ ഒരു പെട്ടിക്കട വെച്ചു. സിഗരറ്റും മുറുക്കാനും മിട്ടായികളും വാഴപ്പഴവും ആയിരുന്നു സാധനങ്ങൾ. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കൊത്തവാൽ ചാവടിയിൽ പോയി പഴക്കൂലയും വെറ്റിലയും പാക്കും പുകയിലയും മറ്റും വാങ്ങണം. അന്ന് നഗരത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആയിരുന്നു സായിപ്പ് സ്ഥാപിച്ച കൊത്തവാൽ ചാവടി. ആ മാർക്കറ്റാണ് ജയലളിത മുഖ്യമന്ത്രി ആയപ്പോൾ കോയമ്പേടിലേക്ക് മാറ്റിയത്.
ഒടുവിൽ ഞാനൊരു മലയാളം സർക്യുലേറ്റിങ്ങ് ലൈബ്രറി നടത്തി. പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കുക. അന്ന് വീട്ടമ്മമാർക്ക് റേഡിയോ അല്ലാതെ മറ്റൊരു വിനോദോപാധിയും ഇല്ലായിരുന്നു. മാത്രമല്ല എല്ലാവരും പുസ്തകപ്രേമികളുമായിരുന്നു. മാസം രണ്ട് രൂപ വരിസംഖ്യ മേടിച്ച് ആഴ്ചയിൽ രണ്ട് പുസ്തകം ഞാൻ വീടുകളിൽ എത്തിക്കും. അതെൻ്റെ ജീവിതത്തിലെ ഒരു സുവർണ്ണകാലമായിരുന്നു. മറക്കാൻ കഴിയാത്ത അനുഭവങ്ങൾ. അതിൽ ഇന്നും ഓർക്കുന്നത്, നടി വിജയശ്രീ ആത്മഹത്യ ചെയ്തിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവരുടെ അമ്മയായ വിജയമ്മ എന്ന സ്ത്രീയുടെ അഡയാറിലുള്ള വീട്ടിൽ വരിസംഖ്യ ചേർക്കാൻ പോയതാണ്. അവർ വിജയശ്രീയുടെ അമ്മയാണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എല്ലാ സിനിമ പ്രേമികളെയും ദു:ഖത്തിലാഴ്ത്തിയ സംഭവം ആയിരുന്നു വിജയശ്രീയുടെ ആത്മഹത്യ. സംഭാഷണ മധ്യേ അവരാണ് പറഞ്ഞത് എൻ്റെ മകളാണ് വിജയശ്രീ എന്ന്. കുറച്ച് നേരം അവരുമായി സംസാരിച്ചിരുന്നു. അവർക്ക് രണ്ട് പുസ്തകങ്ങൾ കൊടുത്ത് ഇറങ്ങാൻ നോക്കുമ്പോൾ അവർ പറഞ്ഞു എൻ്റെ കൈയിലുള്ള കുറച്ച് പുസ്തകങ്ങൾ എടുത്തോളൂ എന്ന്. അതിൽ ഒന്ന് യു.എ.ഖാദർ എഴുതിയ, സ്വന്തം കൈപ്പടയിൽ സ്നേഹപൂർവ്വം എന്നെഴുതി ഒപ്പിട്ട് വിജയശ്രീക്ക് കൊടുത്ത ഖുറൈശ്ശിക്കൂട്ടം എന്ന നോവൽ ആയിരുന്നു.
ഇതിനിടയിൽ ഞാൻ എൻ്റെ വിക്ക് ഏകദേശം മാറ്റിയെടുത്ത് സ്വാഭാവികമായി സംസാരിക്കാൻ ശീലിച്ചിരുന്നു. മുറിയിൽ വെച്ച് ശിവാജി ഗണേശൻ അഭിനയിച്ച പരാശക്തി, വീരപാണ്ഡ്യ കട്ടബൊമ്മൻ എന്നീ സിനിമകളുടെ തിരക്കഥാ പുസ്തകങ്ങളിലെ ഡയലോഗുകൾ കണ്ണാടിക്ക് മുൻപിൽ നിന്ന് ശിവാജിയെ അനുകരിച്ച് കുറേ നാൾ പറഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം വർദ്ധിച്ചു. രണ്ട് വർഷത്തോളം ലൈബ്രറി നടത്തി പിന്നെയത് നടത്തിക്കൊണ്ട് പോകാൻ കഴിയാത്തപ്പോൾ അടിയന്തിരാവസ്ഥയുടെ മൂർദ്ധന്യത്തിൽ 1976 മാർച്ചിൽ, ഒരുപാട് അനുഭവങ്ങളും എനിക്ക് ഒരു പോറ്റമ്മയെ പോലെ അഭയം നൽകിയ മദ്രാസ് നഗരവും പുസ്തകങ്ങളും എൻ്റെ മുറിയും ചങ്ങാതിമാരെയും ഒക്കെ ഉപേക്ഷിച്ച് ഒരു തകരപ്പെട്ടിയിൽ രണ്ട് ജോഡി പാൻ്റും കുപ്പായവുമായി നാട്ടിലേക്ക് പോന്നു.
നാട്ടിൽ എനിക്ക് ഒരു ജോലിയും അറിയില്ലായിരുന്നു. വന്ന ഏതാനും ദിവസങ്ങളിൽ ഞാൻ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ സജീവമായി. സുഹൃത്തുക്കൾ ഇല്ലാതെയും ആരെങ്കിലുമായി സംസാരിക്കാതെയും എനിക്ക് ജീവിയ്ക്കാൻ കഴിയില്ലായിരുന്നു. അടിയന്തിരാവസ്ഥയാണ് , ജന്മം കൊണ്ട് കോൺഗ്രസ്സുകാരൻ ആയിരുന്ന ഞാൻ മദ്രാസിലെ വായനയിൽ കമ്മ്യൂണിസ്റ്റ് ആശയത്തിൽ ആകൃഷ്ടനായിരുന്നു. അങ്ങനെ സി.പി.ഐ.യുടെ അനുഭാവിയായി, നാട്ടിൽ യുവകലാസാഹിതി യൂനിറ്റ് രൂപീകരിച്ചു എന്നെ സെക്രട്ടരിയാക്കി. ഇതിനിടയിൽ വീടിനടുത്ത വായനശാലയുടെ പത്താം വാർഷികോത്സവത്തിൽ എന്നെ കൺ വീനർ ആക്കുകയും ആദ്യമായി മൈക്കിലൂടെ സ്വാഗത പ്രസംഗം വിക്ക് ഇല്ലാതെ നടത്തുകയും ചെയ്തു. കേരള യുക്തിവാദി സംഘത്തിൻ്റെ കണ്ണൂർ ജില്ലാക്കമ്മറ്റിയിൽ അംഗമായി കാസർക്കോട് മുതൽ തലശ്ശേരി വരെ പദയാത്ര നടത്തി വഴിവക്കുകളിൽ നൽകപ്പെട്ട സ്വീകരണ യോഗങ്ങളിൽ ഗംഗൻ അഴീക്കോട്, എം.ബി.കെ എന്നിവരോടൊപ്പം ഞാനും പ്രസംഗിച്ചു.
അടിയന്തിരാവസ്ഥ പിൻ വലിച്ച് 1977 ലെ തെരഞ്ഞെടുപ്പിൽ തലേന്ന് സി.പി.ഐ.ക്കാരനായ ഞാൻ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വേണ്ടി ചുവരെഴുത്ത് എഴുതി പിറ്റേന്ന് നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്ന് അന്ന് തന്നെ മൈക്ക് പ്രചരണത്തിൽ പങ്കെടുത്ത് നാട്ടിലെ മുക്കിലും മൂലയിലും പ്രസംഗിച്ചു. പ്രിയ നാട്ടുകാരേ കുറച്ച് നേരത്തേക്ക് നിങ്ങളുടെ കാതുകൾ എനിക്ക് കടം തരൂ എന്ന് തുടങ്ങുന്ന എൻ്റെ പ്രസംഗങ്ങൾ എല്ലാവരെയും ആകർഷിച്ചു. എനിക്ക് ധാരാളം ശ്രോതാക്കളെ കിട്ടി. ഞാൻ പെട്ടെന്ന് എല്ലാവർക്കും പരിചിതനായി. തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോൺഗ്രസ്സ് തകർന്നടിഞ്ഞു. ഫലം വരുന്നതിന് മുൻപേ ഏ.കെ.ജി. മരണപ്പെട്ടത് നാട്ടിൽ മ്ലാനത പരത്തി. ഇതിനിടയിൽ ഒരു വരുമാനത്തിന് വേണ്ടി ഞാൻ ബീഡി തെറുപ്പ് ശീലിച്ചു. 1977 ഒക്ടോബർ 31ന് പിണറായിയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് വിവാഹം നടന്നു. പാണ്ട്യാല ഗോപാലൻ മാഷ് ആയിരുന്നു മാല എടുത്ത് തന്നത്. താലിയൊന്നും ഇല്ല. ഒരുപാട് പേർ ആശംസാപ്രസംഗം നടത്തി. കാസർക്കോട് മുതൽ തലശ്ശേരി വരെയുള്ള എൻ്റെ സുഹൃത്തുക്കൾ പങ്കെടുത്തു.
അങ്ങനെ ഞാൻ കുടുംബജീവിതം ആരംഭിക്കുകയായിരുന്നു. മദ്രാസിലെ പഠനം മക്കളെ പഠിപ്പിക്കുന്നതിന് സഹായിച്ചു. പ്രാസംഗികൻ ആകാൻ ആഗ്രഹിച്ചെങ്കിലും മൈക്കിന് പിന്നാലെ തിക്കിത്തിരക്കി പോയില്ല. ഏത് സംഘടനയിലും മൈക്കിന് പിടിവലിയാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ അകത്തെ സംഘടനാസംവിധാനവും അവരുടെ ആക്രമണപരതയും കുതന്ത്രങ്ങളും കുരുട്ട് വാദങ്ങളും ലോക്കൽ നേതാക്കളുടെ തലക്കനവും എതിരാളികളെ കൊല്ലലും ഒന്നും എനിക്ക് ദഹിക്കുന്നത് ആയിരുന്നില്ല. അതൊന്നുമല്ല ഞാൻ കമ്മ്യൂണിസ്റ്റ് കൃതികളിൽ വായിച്ചിരുന്നത്. അതുകൊണ്ട് സി.പി.എമ്മിനോടുള്ള അനുഭാവം ഉപേക്ഷിച്ച് ആ കറ മായ്ക്കാൻ വേണ്ടി ജനതാപാർട്ടിയിൽ ചേർന്നിരുന്നു. അത് വിട്ട് വീണ്ടും കോൺഗ്രസ്സ് ആയതൊക്കെ ഒരു കഥയാണ്. ഇപ്പോൾ ബി.ജെ.പി.അനുഭാവി ആയത് ചിന്താപരമായ പരിണാമത്തിൻ്റെ മറ്റൊരു കഥ.
ബാംഗ്ലൂരിൽ താമസം തുടങ്ങി ഇൻ്റർനെറ്റ് മുഖാന്തിരം ഓർക്കുട്ടിലും ബ്ലോഗിലും എഴുത്ത് തുടങ്ങിയപ്പോൾ എനിക്ക് ധാരാളം ഓൺലൈൻ സുഹൃത്തുക്കളെ കിട്ടി. ബ്ലോഗിൽ നിന്ന് ഫേസ്ബുക്കിൽ എത്തിയപ്പോൾ നിരവധി വായനക്കാരും ഫോളോവേഴ്സുമായി. ആ ഒരു ഐഡി ബ്ലോക്ക് ആയിപ്പോയെങ്കിലും ഇന്നും ദിവസേന ഫ്രണ്ട് റിക്വസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ കൈരളി ടിവിയുടെ ഒരു ചർച്ചയിൽ പങ്കെടുത്തു. മൈദ വിഷം ആണോ എന്നതായിരുന്നു വിഷയം. വിഷം ആണെന്ന് വാദിക്കാൻ മോഹനൻ വൈദ്യർ, വിഷം അല്ല എന്ന് വാദിച്ചുകൊണ്ട് മൈദയുടെ സയൻസ് ഞാൻ വിശദീകരിച്ചു. ചർച്ചയുടെ മോഡറേറ്റർ അരുൺ കുമാർ ആയിരുന്നു. സി. രവിചന്ദ്രൻ ക്ഷണിച്ചത് അനുസരിച്ച് തിരുവന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ആർ.വി.ജി.മേനോനുമായി ഏറ്റുമുട്ടി. കൂടംകുളം ആണവോർജ്ജനിലയം വേണമോ എന്നതായിരുന്നു വിഷയം. മേനോൻ സാർ കൂടംകുളം പാടില്ല എന്ന് വാദിച്ചു. കൂടംകുളം പദ്ധതി കൂടിയേ തീരൂ എന്ന് ഞാൻ വാദിച്ചു. ഈ രണ്ട് പരിപാടിയുടെയും വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. ലിങ്കുകൾ എൻ്റെ ബ്ലോഗിലും.
ഈ പോസ്റ്റ് നീണ്ടുപോയോ, തൽക്കാലം ഇവിടെ നിർത്താം അല്ലേ.. വിക്ക് മൂലമുള്ള അപകർഷതാബോധത്തെ മറികടക്കാനുള്ള പോരാട്ടം ആയിരുന്നു സംസാരിക്കാനും പ്രസംഗിക്കാനുമുള്ള എൻ്റെ ശ്രമങ്ങൾ. ജന്മനായുള്ള ക്യൂരിയോസിറ്റി കൊണ്ടാണ് ഇപ്പോഴും ദിവസേന ഒരോ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ വായിച്ചാൽ മനസ്സിലാകുന്നത് ഒരനുഗ്രഹം ആയി. ഇപ്പോൾ പഠിക്കാൻ എന്തെളുപ്പമാണ്. ചാറ്റ് ജി.പി.ടി.യിൽ എന്തും ചോദിക്കാം. ഉത്തരം ലളിതമായ ഇംഗ്ലീഷിൽ അപ്പോൾ തന്നെ കിട്ടും. അറിവുകൾ നമ്മുടെ മുന്നിൽ വിശാലമായ ഒരു ലോകമാണ് തുറന്ന് തരുന്നത്. ആ ലോകത്തേക്ക് തലമുറകളെ നയിക്കുന്നവരാകണം അദ്ധ്യാപകർ. എന്നോട് ചിലർ ചോദിക്കാറുണ്ട് താങ്കൾ മാഷ് ആയിരുന്നോ എന്ന്. അല്ല എന്ന് പറയുമ്പോൾ എനിക്ക് വല്ലാത്ത നിരാശയാണ്....

No comments: