അയ്യപ്പജീവിതം

ജോലി സമ്പാദിക്കുക , പിന്നെ കല്യാണം കഴിക്കുക ,  ഭാര്യ   മക്കള്‍ , സ്വത്ത് വീട്  പണം  ഇങ്ങനെയൊക്കെയാണ് ജീവിയ്ക്കേണ്ടതെന്ന് നമ്മോടാരാണ് പറഞ്ഞുതന്നത്? ആരും പറഞ്ഞിട്ടല്ല , മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് നമ്മള്‍  അനുകരിക്കുന്നു എന്നേയുള്ളൂ.  നമുക്ക് സുരക്ഷിതത്വം വേണം. അതാണ് പ്രശ്നം.  വ്യവസ്ഥാപിതമായ രീതിയില്‍ ജീവിയ്ക്കുമ്പോള്‍ നമ്മള്‍ വാര്‍ദ്ധക്യം വരെ സുരക്ഷിതമാക്കി വയ്ക്കുന്നു.  മക്കള്‍ ഉണ്ടല്ലോ എന്ന സുരക്ഷിതബോധം.  മക്കള്‍ ഉണ്ടായാലും അവര്‍ നോക്കിയില്ലെങ്കിലോ എന്ന് ചിലര്‍ വ്യാകുലപ്പെടാറുണ്ട്. എന്നാല്‍  മക്കള്‍ എല്ലാവര്‍ക്കും ഒരു ബലം തന്നെ.  ഇങ്ങനെയൊക്കെയാണെങ്കിലും ചിലര്‍ ഈ വ്യവസ്ഥാപിതമായ ജീവിതത്തിന്റെ കള്ളികളില്‍ ഒതുങ്ങാറില്ല.  അവര്‍ സദാ ജീവിതത്തോട് കലഹിച്ചുകൊണ്ടിരിക്കും.  നമ്മള്‍ അവരെ അരാജകവാദികള്‍ എന്ന് വിളിക്കും.  ഈ അരാജകത്വമാണ് യഥാര്‍ത്ഥ ജീവിതം,  അല്ലെങ്കില്‍  ജീവിതത്തിന്റെ സൌന്ദര്യം അരാജകത്വമാണ് എന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു.  അരാജകവാദിക്ക് തന്റെ ജീവിതം  തനിക്ക് ഇഷ്ടപ്പെടുന്ന പോലെ ജീവിയ്ക്കാന്‍ കഴിയും. അത് തന്നെയല്ലേ ജീവിതം.  മനുഷ്യന്‍ ഒഴികെയുള്ള ജീവജാലങ്ങള്‍ എല്ലാം ഇങ്ങനെയാണ് ജീവിയ്ക്കുന്നത്.  അവയൊന്നും നാളെയെ പറ്റി വേവലാതിപ്പെടുന്നില്ല. തികച്ചും നൈസര്‍ഗ്ഗികമായി അവയെല്ലാം പ്രകൃതിയുടെ താളത്തിനൊപ്പിച്ചു ജീവിയ്ക്കുന്നു.

മനുഷ്യന്‍ മാത്രം ജീവിയ്ക്കുന്ന പോലെ അങ്ങനെ  ജീവിയ്ക്കുന്നു.  ജീവിയ്ക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ജീവിയ്ക്കുന്നു എന്ന് മാത്രം.  ജീവിക്കുന്ന പോലെ സംതൃപ്തി ഒട്ടില്ല്ല താനും.  സമൂഹത്തിന്റെ നിലനില്‍പ്പിന്  ഇങ്ങനെ ജീവിച്ചാലേ മതിയാകൂ എന്ന് നമുക്കറിയാം. അങ്ങനെ സമൂഹത്തിന്റെ നിലനില്പിന് വേണ്ടി കൃത്രിമമായ ഒരു ജീവിതശൈലി രൂപപ്പെടുത്തുന്നു. അതാകട്ടെ  ചക്ക്കാളകെളെ പോലെ എന്നും ഒരേ വൃത്തില്‍ തന്നെ.  എന്നാലും കുറെ സ്വാതന്ത്ര്യം മനുഷ്യന് എടുക്കാമായിരുന്നു.  പക്ഷെ സ്വാതന്ത്ര്യം പൊതുവെ മനുഷ്യന്‍ ഭയപ്പെടുകയാണെന്ന് തോന്നുന്നു.  അരാജകജീവിതത്തിന്  നിര്‍വ്വചനം എന്താണെന്ന് ചോദിച്ചാല്‍ നമുക്ക് കവി അയ്യപ്പനെ ചൂണ്ടിക്കാട്ടാന്‍ കഴിയുന്നു.  അത്കൊണ്ട് അയ്യപ്പജീവിതം സുന്ദരജീവിതം  എന്ന് ഞാന്‍ പതുക്കെ ആരും കേള്‍ക്കാതെ പറയുകയാണ് ....


20 comments:

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

അരാജകജീവിതം...അജ്ഞാതമായ മടക്കം...

ആദരാഞ്ജലികള്‍.....

CKLatheef said...

അന്തരിച്ച ധിഷണാശാലിയായ കവിയോടുള്ള അദരാജ്ഞലികള്‍ അര്‍പിക്കുന്നു. കവി എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു.

@kps

താങ്കളിവിടെ പ്രകാശിപ്പിച്ച അയ്യപ്പന്റെ ജീവിത വീക്ഷണം മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു മാതൃകയല്ല എന്നും അനുകരണീയമല്ല എന്നും വ്യക്തമാക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുന്നു. അഥവാ പോസ്റ്റ് നല്‍കുന്ന സന്ദേശത്തോട് വിയോജിക്കുന്നു. അങ്ങനെ ചിന്തിക്കാനും അത് ഉറക്കെ പറയാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ പരമാവധി മാനിക്കുന്നതോടൊപ്പം തന്നെ.

CKLatheef said...

>>> ജോലി സമ്പാദിക്കുക , പിന്നെ കല്യാണം കഴിക്കുക , ഭാര്യ മക്കള്‍ , സ്വത്ത് വീട് പണം ഇങ്ങനെയൊക്കെയാണ് ജീവിയ്ക്കേണ്ടതെന്ന് നമ്മോടാരാണ് പറഞ്ഞുതന്നത്? ആരും പറഞ്ഞിട്ടല്ല , മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് നമ്മള്‍ അനുകരിക്കുന്നു എന്നേയുള്ളൂ.<<<

വിയോജിപ്പ് ആദ്യ വാചകത്തില്‍നിന്നുതന്നെ ആരംഭിക്കുന്നു. ജോലി സമ്പാദിക്കാനും പ്രത്യുല്‍പാദനത്തിനും പാര്‍പ്പിടവും ആഹാരവും കരസ്ഥമാക്കാനും അവ സൂക്ഷിച്ച് വെച്ച് ആവശ്യാനുസരണം ഉപയോഗപ്പെടുത്താനും കഴിയുന്ന വിധത്തിലാണ് മനുഷ്യനുള്ളത് എന്ന് ആര്‍ക്കെങ്കിലും നിഷേധിക്കാനാകുമോ. ഇവ ഉപയോഗപ്പെടുത്താനല്ലെങ്കില്‍ എന്തിനാണീ ജീവിതം. ഇപ്രകാരം ചെയ്തിട്ടില്ലെങ്കില്‍ ഇത് ചിന്തിക്കാന്‍ തന്നെ ആളുണ്ടാവുമോ.

ഇനി ചിന്തിക്കാം ഇതില്‍ അനിവാര്യമായ പലതും മനുഷ്യനല്ലാത്ത ഇതര ജീവികള്‍ ജന്മവാസനയനുസരിച്ചു തന്നെ നിര്‍വഹിക്കുന്നതാണ്. മനുഷ്യന് നല്‍കപ്പെട്ട വിശേഷബുദ്ധി അതിന് ഒരു വ്യവസ്ഥയും ക്രമവും തേടുന്നുണ്ട്. അങ്ങനെയാണ് പ്രത്യുല്‍പാദനത്തിന് വിവാഹവും. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് കുടുംബവുമൊക്കെ പ്രസക്തമാകുന്നത്. ഇതാരെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചാല്‍ പറഞ്ഞിട്ടുതന്നെ എന്ന് എനിക്ക് ഉത്തരമുണ്ടെങ്കിലും. ഏതൊരു മനുഷ്യന്റെയും മനസാക്ഷിതന്നെ അവനോടിത് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് എന്ന കാര്യം മറക്കാന്‍ കഴിയുമോ?.

കെ.പി.സുകുമാരന്‍ said...

ലത്തീഫ്, ജീവിതത്തിന് ദാര്‍ശനികമായും മതപരമായും ചിന്താപരവുമായി ഒട്ടേറെ നിര്‍വ്വചനങ്ങള്‍ ഇതിനകം നല്‍കപ്പെട്ടിട്ടുണ്ട്. ലോകം ഒരു അരങ്ങാണെന്നും മനുഷ്യര്‍ അതിലെ അഭിനേതാക്കളുമാണെന്ന ഷേക്സ്പീയറിന്റെ വാക്യം പ്രസിദ്ധമാണ്. ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ജീവിതത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും എല്ലാവരും എല്ലായ്പോഴും തേടിക്കൊണ്ടിരിക്കുന്നു എന്നെനിക്ക് തോന്നുന്നു. നിര്‍വ്വചനങ്ങള്‍ക്കനുസരിച്ചല്ല മനുഷ്യര്‍ ഓരോരുത്തരും ജീവിതത്തെ സമീപിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് മനുഷ്യന് വേണ്ടത് എന്ന ചോദ്യം എന്നെ അമ്പരപ്പിക്കാറുണ്ട്. ഒന്നിലും തൃപ്തി കണ്ടെത്താതെ പിന്നെയും പിന്നെയും അലയുന്നു. ഇതിനെ പറ്റിയൊക്കെ ബ്ലോഗില്‍ ചര്‍ച്ച നടത്താന്‍ പറ്റുമോ എന്ന് എനിക്കറിയില്ല. ലത്തീഫിന്റെ വീക്ഷണം പറയൂ. നമുക്ക് സംസാരിക്കാമല്ലോ :)

CKLatheef said...

നമ്മുടെ ജീവിതം നാം ആഗ്രിക്കാതെ നമുക്ക് ലഭിച്ചതാണ്. കുറഞ്ഞ കാലത്തിന് ശേഷം അതാരോ തട്ടിപ്പറിക്കുകയും ചെയ്യും. അതിനിടക്ക് അത് എങ്ങനെ ഉപയോഗപ്പെടുത്തണം എന്നും എങ്ങനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാം എന്നും ചിന്തിക്കാത്തവര്‍ മനുഷ്യന്റെ ചിന്താ സ്വാതന്ത്ര്യത്തെ അവഗണിച്ചവരാണ്. ഞാന്‍ തന്നെ വിശദീകരിച്ച് ബോറാക്കുന്നില്ല. കുറച്ച് എനിക്കും കേള്‍ക്കണം. അതിനാല്‍ പിന്നീടാകാം.

Abdulkader kodungallur said...

ശ്രീ . കെ.പി .സുകുമാരന്റെ "ഋതു " അഭിപ്രായത്തില്‍ സാത്വികത്വവും , മാന്യതയും ,വ്യക്തിത്വവും വിളങ്ങി നില്‍ക്കുന്നു . ഒരു മോശമായ പരാമര്‍ശത്തിന്റെ പേരില്‍ താങ്കളെപ്പോലെ ഒരു വ്യക്തിയുടെ മുമ്പില്‍ ചെറുതാകേണ്ടി വന്നതിന്റെ ജാള്യത ഞാന്‍ മറച്ചു വെക്കുന്നില്ല .വായിച്ച അഭിപ്രായങ്ങളില്‍ ഏറ്റവും പക്വമായ താങ്കളുടെ നിര്‍ദ്ദേശത്തിനും , ഉപദേശത്തിനും വില കല്‍പ്പിച്ചുകൊണ്ട് എന്‍റെ ഭാഗത്ത് നിന്നുമുണ്ടായ മോശമായ പരാമര്‍ശം താങ്കള്‍ വായിക്കാനിടയായതില്‍ ഞാന്‍ താങ്കളോട് മാപ്പ് ചോദിക്കുന്നു.
അങ്ങിനെ മ്ലെച്ഹമായ വാക്കുകള്‍ ഉപയോഗിക്കുന്ന ആളല്ല ഞാന്‍ .പ്രകോപനവും സാഹചര്യവും ,ലക്ഷ്യവും താങ്കള്‍ക്കു നന്നായി അറിയാമല്ലോ . വളരേ നന്ദി . ഇത്തരം വിലയേറിയ സഹകരണങ്ങളാണ് ബ്ലോഗിലും ജീവിതത്തിലും നാം പങ്കുവെക്കേണ്ടത് .
നന്മകള്‍ നേരുന്നു .

Abdulkader kodungallur said...

അയ്യപ്പ ജീവിതത്തില്‍ താങ്കളുടെ കാഴ്ചപ്പാടുകളില്‍ കാതലില്ലെന്നു പറയുന്നില്ല . പക്ഷേ അതിനോട് പൂര്‍ണ്ണമായും യോജിക്കാനും കഴിയില്ല . മനുഷ്യ ജീവിതം എന്തായിരിക്കണം ,എങ്ങിനെയായിരിക്കണം , എന്തിന്നു വേണ്ടിയായിരിക്കണം എന്നൊക്കെ വേദ ഗ്രന്ഥങ്ങളും, മഹത് ഗ്രന്ഥങ്ങളും വ്യക്തമായ രൂപരേഖയും , മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നു .പ്രവാചകന്മാരും ,മഹാത്മാക്കളും മാതൃകകള്‍ നല്‍കുന്നു . ആ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ജീവിതം ശ്രേഷ്ടമാകുന്നു . തലമുറകള്‍ക്ക് സന്ദേശമാകുന്നു .ജീവിതത്തിന്റെ ,ജന്മത്തിന്റെ അര്‍ത്ഥം കൈവരിക്കാന്‍ കഴിയുന്നു . ജീവജാലങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായതാണല്ലോ മനുഷ്യന്‍ .അതുകൊണ്ടു തന്നെ
അവന്റെ ഉത്തരവാദിത്തങ്ങളും വലുതാണ്‌ .
അയ്യപ്പനെപ്പോലെയും ജീവിക്കാം . അയ്യപ്പന്‍ എന്ന വ്യക്തി ജീവിതത്തെ വെല്ലു വിളിക്കുകയായിരുന്നു .ജീവിതത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുവാന്‍ തയ്യാറായില്ല. സാരഗര്‍ഭങ്ങളായ കുറച്ചു കവിതകളല്ലാതെ സമൂഹത്തിനു എന്ത് കൊടുത്തു . സ്വന്തം ജീവിതത്തോടു നീതി പുലര്‍ത്താന്‍ കഴിഞ്ഞോ.. അങ്ങിനെ ആയിഅരമായിരം ചോദ്യങ്ങള്‍ . മനുഷ്യന് അവന്റെതായ വഴി തിരഞ്ഞെടുക്കുവാനുള്ള
സ്വാതന്ത്ര്യ മുണ്ട് . അതുകൊണ്ട് ഒരു പക്ഷെ അയ്യപ്പന്റെ കാഴപ്പാടില്‍ അതും ഒരു ശരിയായിരുന്നിരിക്കാം . ചിന്തകള്‍ ശിഥിലങ്ങ ളാകുന്നു
ആ മഹാ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

കാക്കര kaakkara said...

കവി അയ്യപ്പന്‌ ആദരാഞ്ജലികൾ...

വ്യവസ്ഥാപിത ജീവിതത്തിന്റെ കള്ളികളിൽ ഒതുങ്ങാതെ ജീവിതത്തോട്‌ “കവിതയിലൂടെ” കലഹിച്ചു എന്നതല്ലേ കൂടുതൽ ശരി... പക്ഷെ അദ്ദേഹം “ജീവിതത്തോട്‌ കലഹിച്ചു” (ജീവിതം കൊണ്ട്) എന്ന്‌ കാക്കര കരുതുന്നില്ല...

നവാബ്‌ രാജേന്ദ്രൻ സ്വന്തം ജീവിതം കൊണ്ട്‌ സമൂഹത്തിന്‌ വേണ്ടി കലഹിച്ച വ്യക്തിയാണ്‌... അങ്ങനെയൊരു സാമ്യം അയ്യപ്പന്റെ ജീവിതത്തിലുണ്ടോ?

കെ.പി.സുകുമാരന്‍ said...

@ അബ്ദുള്‍ കാദര്‍ , നല്ല വാക്കുകള്‍ക്ക് നന്ദി. തീര്‍ച്ചയായും ഇത്തരം വിലയേറിയ സഹകരണങ്ങള്‍ തന്നെയാണു ബ്ലോഗിലും ജീവിതത്തിലും നാം പങ്കുവെക്കേണ്ടത് .

ജീവിതത്തിന്റെ മഹാപ്രലോഭനങ്ങളില്‍ പെട്ട് വഴിതെറ്റുന്ന മാനവരാശിക്ക് നേര്‍വഴി കാട്ടാന്‍ തന്നെയാണ് പ്രവാചകന്മാരും മഹാത്മാക്കളും ചിന്തകന്മാരും മാര്‍ഗ്ഗദര്‍ശനം നല്‍കിയിട്ടുള്ളത്. ഇന്ന് ഇക്കാണുന്ന നന്മകള്‍ നമ്മളില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ആ മാര്‍ഗ്ഗദര്‍ശനങ്ങള്‍ തന്നെയാണ്. കവി അയ്യപ്പന്റേത് മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന ജീവിതമല്ല തന്നെ. എന്നാലും ആ ജീവിതത്തില്‍ എന്തോ ഒരു സൌന്ദര്യം നിഗൂഢമായി ഞാന്‍ കാണുന്നു. അത് ഈ പോസ്റ്റില്‍ പറഞ്ഞു എന്നേയുള്ളൂ :)

കെ.പി.സുകുമാരന്‍ said...

@ കാക്കര , അയ്യപ്പന്‍ ജീവിതം കൊണ്ട് സ്വന്തം ജീവിതത്തോടും വ്യവസ്ഥാപിതരീതികളോടും കലഹിച്ചു. നവാബ് രാജേന്ദ്രന്‍ സമൂഹത്തോട് കലഹിച്ചു. രണ്ടും രണ്ട് വ്യക്തിത്വങ്ങളല്ലേ ....

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

നവാബ് രാജേന്ദ്രന്‍ സാമൂഹിക,രാഷ്ട്രീയ തിന്മകള്‍ക്കെതിരെ കലഹിച്ചു!

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ശ്രീജിത്തിന്റെ തിരുത്ത് ശരിവയ്ക്കുന്നു.

റ്റോംസ് കോനുമഠം said...

കവി എ. അയ്യപ്പന് ആദരാഞ്ജലികള്‍
ഇത് കൂടി വായിക്കുക.
ഒരേ ഒരയ്യപ്പന്‍, ബിംബകല്‍പ്പനകളുടെ ഗ്രീഷ്മവും കണ്ണീരും സമ്മാനിച്ച കവി..ഇത് ഞങ്ങളുടെ അയ്യപ്പണ്ണന്‍.

കാക്കര kaakkara said...

കെ.പി.എസ്... അതാണ്‌ ഞാൻ പറഞ്ഞത്‌... നവാബ്‌ സ്വന്തം ജീവിതം കൊണ്ട്‌ “സമുഹത്തിനുവേണ്ടി” കലഹിച്ചു... ആ മേഖലകളാണ്‌ ശ്രീജിത്ത്‌ പറഞ്ഞതും താങ്കൾ ശരി വെച്ചതും... കവിതകൾ മാറ്റിവെച്ചാൽ അങ്ങനെയൊരു ഉന്നതി സ്വന്തം ജീവിതം കൊണ്ട്‌ അയ്യപ്പൻ കാഴ്ച്ചവെച്ചിട്ടില്ല...

നവാബിനെ പറ്റിയുള്ള എന്റെ ഒരു പോസ്റ്റിന്റെ ലിങ്ക് ഇവിടെ പതിക്കട്ടെ...

http://georos.blogspot.com/2010/04/blog-post_21.html

MKERALAM said...

മാഷേ
ഞാനിവിടൊരു കമന്റിടാന്‍ വന്നതാ

അപ്പൊഴാണ് ഒപ്പെന്‍ ഐഡി. എങ്ങനെ ഉപയോഗിക്കാം എന്നൊന്നു നോക്കിയത്. മാഷ് യു.അര്‍.എല്‍ ഒപ്പ്ഷന്‍ കൊടുത്തീട്ടില്ലല്ലോ.

അതുകൊണ്ട് ഒന്നു ടെസ്റ്റു ചെയ്തു ക്ഷമിക്കുമല്ലൊ.

ഇനി മാഷിന്റെ പോസ്റ്റു വിഷയം.അതെ അയ്യപ്പന്‍ കവിയെക്കുറിച്ച എനിക്കൊന്നു മറിഞ്ഞുകൂടായിരുന്നു മാഷേ. എന്നാല്‍ മരണശേഷം പത്രങ്ങള്‍ വായിച്ച് കുറച്ചൊക്കെ അറിയാന്‍ കഴിഞ്ഞു.
താഴെക്കൊടുത്തിരിക്കുന്ന സൂരജിന്റെ ഒരു പോസ്റ്റില്‍ നിന്നാണ് ഞാന്‍ കവിയെ ക്കുറിച്ച് ശരിക്കും അറിഞ്ഞത്.

ഇവിടെ

അവിടെ ഞന്‍ എഴുതിയത് ഇവിടെയും പോസ്റ്റു ചെയ്യുന്നു.

MKERALAM said...

സത്യ സന്ധമായി പറയട്ടെ, അയ്യപ്പനെന്ന കവിയെക്കുറിച്ച് ഞാന്‍ കേട്ടിട്ടേയില്ല. എന്റെ പ്രവാസ ജീവിതത്തിന്റ് ഒരു പോരായ്മയായി അങ്ങനെ പലതും എനിക്കറിയാതെ വന്നിട്ടുണ്ട്.

ഇപ്പോള്‍ മരിച്ചപ്പോള്‍, അദ്ദേഹത്തെക്കുറിച്ചു വായിച്ചു. അയ്യപ്പന്റെ മരണം ലോകത്തു മുഴുവന്‍ ഞെട്ടലുണ്ടാക്കി എന്നും വായിച്ചു. അയ്യപ്പനെന്ന പരേതനായ കവിയുടെ ഭൌതികവിവരണങ്ങള്‍ ഒക്കെ വാര്‍ത്തകള്‍ വഴി അറിഞ്ഞു. എന്നിട്ടും എനിക്കു മനസിലായില്ല അയ്യപ്പന്‍ ആരായിരുന്നു എന്ന്, സൂരജിന്റെ ഈ പോസ്റ്റു വായിക്കുന്നിടം വരെ.

ഒരു വ്യക്തിയുടെ ബാല്യവും ബാഹ്യലോകവും അയാളുടെ ചിന്തകളേയും സ്വഭാവത്തേയു, ബുദ്ധിയേയും എങ്ങനെ കരുപ്പിടിപ്പിടിപ്പിക്കുന്നു എന്നു മന്‍സിലാക്കുന്ന ഒരദ്ധ്യാപിക എന്ന നിലക്ക് അയ്യപ്പന്‍ ഇന്നെനിക്കൊരു പഠനവിഷയമായിരിക്കുന്നു.

ഈ വഴികാട്ടലിന് സൂരജിനോടു വളരെ കടപ്പെട്ടിരിക്കുന്നു.

കവിതയിലൂടെ, സ്വന്തം ജീവിതത്തിലൂടെ അയ്യപ്പന്‍ കേരളത്തിന്റ് മനസാക്ഷിയൊടെ അപേക്ഷിക്കുകയായിരുന്നില്ലേ, തന്നെ മനസിലാക്കാന്‍, തങ്ങളുടെ മക്കളെ,സമൂഹത്തെ മനസിലാക്കാന്‍?

പ്രിയപ്പെട്ട കവി ഇന്നു ഭൌതികമായി മരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാഞലികള്‍ അര്‍പ്പിക്കുന്നു.
കലാലയ ജീവിതത്തിന്റെ ഭാഗമായി ശക്തമായ സ്വതാന്വേഷണങ്ങളും നടന്നിരുന്നുവല്ലോ:)

മാഗസീൻ എഡിറ്റർ, ഡോ: അഭിലാഷ് കെ.സി; ലേ ഔട്ട്, മധു എം വി, പയ്യന്നൂർ; ചിത്രങ്ങൾ ഡോ: ആശ്ലേഷ് ഓ.പി എന്നിവര്‍ക്കും,പരിയാരം മെഡിക്കല്‍ കോളേജിനും അഭിനന്ദനങ്ങള്‍ !

കെ.പി.സുകുമാരന്‍ said...

@ മാവേലികേരളം , വായനയ്ക്കും ലിങ്കിനും നന്ദി :)

CKLatheef said...

കവി അയ്യപ്പന്റെ വാര്‍ദ്ധക്യകാലത്തെ ജീവിതം മാത്രം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജീവിതത്തെ വിലയിരുത്തുന്നത് ശരിയാവുകയില്ല. സംഭവബഹുലമായ ഒരു ജീവിതം നാം അദ്ദേഹത്തില്‍ കാണുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം മറ്റുസാഹിത്യ പ്രതിഭകള്‍ നയിക്കാത്ത ഒരു അരാജക ജീവിതം നയിച്ചിരുന്നോ എന്നും ആലോചിക്കേണ്ടതുണ്ട്. വാര്‍ദ്ധക്യകാലത്തെ ഈ ഒറ്റപ്പെടലിന് കാരണം വിവാഹം വേണ്ടന്നെ തീരുമാനിച്ചതിന്റ സ്വാഭാവിക ഫലമാണ്. 'ഒരു വിവാഹിതന്‍ തെണ്ടിയായി ജീവിച്ച് രാജാവിനെ പോലെ മരിക്കുന്നു. എന്നാല്‍ ഒരു അവിവാഹിതന്‍ രാജാവായി ജീവിച്ച് തെണ്ടിയെ പോലെ മരിക്കുന്നു.' എന്ന് ആരോ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ.

CKLatheef said...

കുട്ടിക്കാലത്ത് അഛനും അമ്മയും മരിച്ച ആ കൊച്ചു പ്രതിഭയുടെ ആദ്യകഥാസമാഹാരം പുറത്തിറങ്ങിയത് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. തുടര്‍ന്ന് അദ്ദേഹത്തിന്റെതായി പുറത്ത് വന്ന കൃതികള്‍ കാണുക.

മില്‍ഓ ദി ഫ്ളോസ് എന്ന കൃതി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ബലിക്കുറിപ്പുകള്‍(1982), ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍(1985), പ്രവാസിയുടെ ഗീതം(1989), ബുദ്ധനും ആട്ടിന്‍കുട്ടിയും(1990), മാളമില്ലാത്ത പാമ്പ്(1992), കറുപ്പ്(1995), വെയില്‍ തിന്നുന്ന പക്ഷി (1997), ജയില്‍ മുറ്റത്തെ പൂക്കള്‍(1998), കണ്ണ് (1999), ഗ്രീഷ്മവും കണ്ണീരും( 2000), മുക്ത ഛന്ദസ്സ് (2000) എന്നിവയാണ് മുഖ്യ കൃതികള്‍. 1992ല്‍ പ്രവാസിയുടെ ഗീതത്തിന് കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ് ലഭിച്ചു. ആശാന്‍ പ്രൈസ് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

CKLatheef said...

1949 ഒക്ടോബര്‍ 27 ന് ജനിച്ച അയ്യപ്പന്‍ ഊരുചുറ്റാനിറങ്ങുന്നത് 1972 ലാണ് എന്നോര്‍ക്കണം. അതിനിടയില്‍ അദ്ദേഹം ഒരു അരാജകവാദിയുടെ ലക്കുകെട്ട ജീവിതമാണോ നയിച്ചത് എന്ന് നാം പഠിക്കേണ്ടതുണ്ട്.

ഒന്‍പതാം ക്ളാസു വരെ നെടുമങ്ങാട് ഹൈസ്കൂളില്‍ പഠിച്ചു. അതിനു ശേഷം നേമം ഹൈസ്കൂളിലും. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മൂന്ന് വര്‍ഷം തമിഴ്നാട്ടിലായിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകനായി. പ്രഭാത് ബുക്ക് ഹൌസില്‍ പ്രൂഫ് റുഡറും എഡിറ്ററും അയി. അഞ്ച് വര്‍ഷക്കാലം അത് തുടര്‍ന്നു. പിന്നീട് സി പി ഐ സ്റ്റേറ്റ് കൌസിലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന നവയുഗം പ്രസില്‍ പ്രൂഫ് റീഡറായി. അയ്യപ്പന്റെ ബുദ്ധിമുട്ടു കണ്ട് നേമം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന വേലായുധന്‍ നായരാണ് അയ്യപ്പനെ നവയുഗത്തില്‍ എത്തിച്ചത്.
അക്കാലത്താണ് ആര്‍ സുഗതനുമായി അയ്യപ്പന്‍ പരിചയപ്പെടുന്നത്. ലേഖനങ്ങള്‍ പകര്‍ത്തിയെഴുതാന്‍ അയ്യപ്പന്‍ സുഗതന്‍ സാറിനെ സഹായിക്കുമായിരുന്നു. പിന്നീട് സി പി ഐ നവയുഗം പ്രസ് ടി കെ വര്‍ഗ്ഗീസ് വൈദ്യനു കൈമാറിയപ്പോള്‍ അയ്യപ്പന്‍ പ്രസിന്റെ മാനേജരായി. പ്രസിന്റെ പേര് കല്‍പ്പക എന്ന് മാറ്റിയിരുന്നു. അന്ന് ഇരുപത്തഞ്ചു വയസ്സായിരുന്നു അയ്യപ്പന്. പിന്നീട് 'അക്ഷരം' മാസികയുടെ പ്രസാധകനും പത്രാധിപരുമായി. കല്‍പ്പകയില്‍ നിന്നായിരുന്നു 'അക്ഷരം' പ്രസിദ്ധീകരിച്ചത്. ചൈനീസ് യുദ്ധത്തിന്റെ കാലമായിരുന്നു അത്. ഒരിക്കല്‍ ലോറിയില്‍ വന്ന കപ്പ തടഞ്ഞു നിര്‍ത്തി ആളുകള്‍ക്ക് കൊടുത്തതിന് അയ്യപ്പനെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നീട് 'അക്ഷരം' നിന്നു. പ്രസ്സും പൂട്ടി. 1972ല്‍ ആയിരുന്നു അത്. പ്രസില്‍ നിന്നും കിട്ടിയ ആനുകല്യങ്ങളും വാങ്ങി പിന്നീടുള്ള നാളുകളില്‍ അയ്യപ്പന്‍ ഊരു ചുറ്റി. 'ബോംബേ വേദി' എന്ന പ്രസിദ്ധീകരണത്തിന്റെ ലേഖകനായും പ്രവര്‍ത്തിച്ചിച്ചുണ്ട്.