സംസ്കാരച്ചടങ്ങ് മാറ്റിവച്ചത് തെറ്റ്

വി എ.അയ്യപ്പന്റെ  ജീവിതവും  മരണവും  എല്ലാം അസാധാരണമെങ്കില്‍ , അദ്ദേഹത്തിന്റെ  ശവസംസ്കാരച്ചടങ്ങും  അസാധാരണമായിരിക്കുന്നു.  വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ തമ്പാനൂരില്‍ ശ്രീകുമാര്‍ തിയേറ്ററിനടുത്ത് വീണുകിടന്നിരുന്ന കവിയെ പോലീസാണ് ജനറല്‍ ആസ്​പത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും  അദ്ദേഹം  മരണപ്പെട്ടിരുന്നു. ആളറിയാതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പത്തിനാണ് മൃതദേഹം കവിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.   പിന്നെ വേണ്ടത് എത്രയും പെട്ടെന്ന്  മാന്യമായ രീതിയില്‍  ഭൌതികദേഹം  സംസ്കരിക്കുക എന്നതാണ്.  ഇപ്പോഴൊക്കെ പ്രശസ്തര്‍ മരണപ്പെട്ടാല്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുക എന്നത് ഒരു നടപ്പ്ശീലമായിട്ടുണ്ട്.  അതില്‍ തെറ്റ് പറയാനും കഴിയില്ല.  ഞായര്‍ അവധിയായതിനാലാവണം ശവസംസ്കാ‍രച്ചടങ്ങ് തിങ്കളാഴ്ച എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.  ഇത് ശരിയായ നടപടിയാണെന്ന് എനിക്ക് തോന്നുന്നില്ല.

സര്‍ക്കാരിന്റെ സാങ്കേതികത അയ്യപ്പനെ പോലെയുള്ള ഒരു കവിയുടെ സംസ്കാരച്ചടങ്ങുമായി ബന്ധിപ്പിക്കുന്നത് തന്നെ തെറ്റാണ്.  വ്യാഴാഴ്ച മരിച്ച അദ്ദേഹത്തിന്റെ  മൃതദേഹം ഞാ‍യറാഴ്ച തന്നെ ദഹിപ്പിക്കുന്നതില്‍ എന്തായിരുന്നു കുഴപ്പം.   സുകുമാര്‍ അഴീക്കോട് പറയുന്നത് ശ്രദ്ധിക്കുക : ഒരു വ്യക്തി മരിച്ചാല്‍ ആ വ്യക്തിയോടുചെയ്യുന്ന ഏറ്റവും വലിയ ബഹുമാനം മൃതശരീരം എത്രയും വേഗം സംസ്‌ക്കരിക്കുകയെന്നതാണ്. അടുത്ത ബന്ധുക്കള്‍ നാട്ടിലില്ലെങ്കില്‍പോലും അവര്‍ക്കുവേണ്ടി കാത്തിരിക്കുന്നതിന് അതിരുണ്ട്.  ശരി പോകട്ടെ, തിങ്കളാഴ്ചയെന്നതില്‍ ആരും അതൃപ്തി രേഖപ്പെടുത്തിയിട്ടുമില്ല.  എന്നാലിപ്പോള്‍  സര്‍ക്കാരിന്റെ സൌകര്യം പരിഗണിച്ച് സംസ്കാരം ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നു.

ഈ നടപടി സാംസ്‌ക്കാരിക വകുപ്പിന്റെ ധിക്കാരമാണെന്നാണ്  സുകുമാര്‍ അഴീക്കോട് പറഞ്ഞത്.  ഇത് ധിക്കാരം മാത്രമല്ല സാംസ്കാരികവകുപ്പിന്റെ അത്യന്തം സംസ്കാരശൂന്യമായ നടപടിയാണെന്നാണ് എന്റെ അഭിപ്രായം.  ഇങ്ങനെയാണെങ്കില്‍  ഏതെങ്കിലും വിധേന നാലാളാല്‍ അറിയപ്പെട്ട്  പ്രശസ്തരാകുന്ന ഏതൊരാളും  മരണാനന്തരം എന്നെ ഔദ്യോഗികമായി ബഹുമാനിച്ചുകളയല്ലേ എന്ന് ഒസ്യത്ത് എഴുതിവെക്കേണ്ടി വരും.  സത്യം പറഞ്ഞാല്‍  ജീവിതത്തിന്റെ വ്യവസ്ഥാപിതശൈലികളോട്   ആഭിമുഖ്യം ലേശം പോലും കാണിക്കാതെ അരാജകജീവിതം നയിച്ച അദ്ദേഹത്തോട്  ആദരവ് പ്രകടിപ്പിക്കേണ്ടത്  അനൌദ്യോഗികമായി  സംസ്കാരം നടത്തിക്കൊണ്ടായിരുന്നു.

മരണം വരെ അദ്ദേഹം സ്വന്തം ഇഷ്ടം പോലെ ജീവിച്ചു. ഇപ്പോള്‍ തന്റെ ഭൌതികദേഹം  സംസ്കരിക്കുന്നതിന് സര്‍ക്കാരിന്റെ സൌകര്യവും കാത്ത് മോര്‍ച്ചറിയില്‍ കിടക്കേണ്ടി വന്നത് അദ്ദേഹം ഒരിക്കലും മുന്‍‌കൂട്ടി കണ്ടിരിക്കാന്‍ ഇടയില്ല. ഇതൊരു വൃത്തിയില്ല്ലാത്ത കീഴ്വഴക്കമായിപ്പോയി.  ഇതിനെതിരെ  സുകുമാര്‍ അഴീക്കോട് മാത്രമാണ് പ്രതികരിച്ചു കണ്ടത്.  അത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ നമ്മുടെ സാംസ്കാരിക മന്ത്രി ഡല്‍ഹിയില്‍ നിന്ന്  പറയുന്നത് , ശവസംസ്‌കാര ചടങ്ങ് മാറ്റിവച്ചത് അയ്യപ്പന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണെന്നാണത്രെ.  തിങ്കളാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് പലരും ബുദ്ധിമുട്ട് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കുടുംബാംഗങ്ങളുമായി ശവസംസ്‌കാരം മാറ്റിവെക്കുന്നതിനെക്കുറിച്ച് സംസാരിച്ചതെന്നും മന്ത്രി പറയുന്നു.

ഇതെന്തൊരു ഏര്‍പ്പാടാണ്.  കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയനേതാവ് മരണപ്പെട്ടാല്‍  ഇതേ പോലെ പങ്കെടുക്കുന്നവരുടെ ബുദ്ധിമുട്ട് പരിഗണിച്ച്  സംസ്കാരം മാ‍റ്റി വെക്കുമോ? ഇതൊരു കീഴ്വഴക്കമായി അംഗീകരിക്കുമോ? അയ്യപ്പന്‍ അനാഥനാണെന്ന് കരുതേണ്ടതില്ല എന്നും അഴീക്കോട് പറഞ്ഞിട്ടുണ്ട്.  പങ്കെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പങ്കെടുക്കേണ്ട എന്നല്ലേയുള്ളൂ.  ഇതൊരു വിവാദമാക്കാന്‍ എനിക്കുദ്ദേശ്യമില്ല. എന്നാല്‍ ഈ  മാറ്റിവെക്കല്‍ തീരുമാനം  സംസ്കാരരഹിത നടപടിയാണെന്ന് എനിക്കഭിപ്രായമുണ്ട്. ഇക്കാര്യത്തില്‍ എന്റെ ശക്തമായ എതിര്‍പ്പ് ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

39 comments:

shajiqatar said...

ഇതെന്തു കേരളം!!എന്തൊക്കെയാണ് നടക്കുന്നത് മനസ്സിലാകുന്നില്ല!!

കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഒരു അഭ്യര്‍ത്ഥന ,ലേബല്‍ കവിത എന്നാണു. ഒസ്യത്ത്‌ ആണോ എന്നുറപ്പില്ല.

http://balachandranchullikkad.blogspot.com/2010/10/blog-post_24.html

ആചാര്യന്‍ .... said...

ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു കെ പി എസ്സേ ..ഇതും വായിച്ചാലും


അയ്യപ്പന്‍റെ  ശവവും  അനാഥം ..!!!!

കുസുമം ആര്‍ പുന്നപ്ര said...

മാഷേ ഞാനും ഇതില്‍ ശക്തമായി പ്രതിഷേധിയ്ക്കുന്നു

Manoj മനോജ് said...

ജീവിച്ചിരിക്കുമ്പോള്‍ സന്തം ഇഷ്ടത്തിന് നടന്ന ഒരാള്‍ക്ക് മരണ ശേഷം സര്‍ക്കാരിന്റെയും സാംസ്കാരിക ലോകത്തിന്റെയും കരുണയ്ക്കായി കാത്ത് കിടക്കേണ്ടി വരുന്ന ദുരവസ്ഥ!

ജനാര്‍ദ്ദനന്‍.സി.എം said...

എല്ലാം മാറ്റിവെക്കാം.മരണമൊഴിച്ച്

Mohamedkutty മുഹമ്മദുകുട്ടി said...

ഏതൊരാള്‍ മരണപ്പെട്ടാലും എത്രയും വേഗം സംസ്കാരം നടത്തണം.ഒഴിച്ചു കൂടാന്‍ പറ്റാത്ത സാഹ ചര്യത്തില്‍ മാത്രമേ സൂക്ഷിച്ചു വെക്കാവൂ.കവി അയ്യപ്പനെപ്പോലെ ജീവിച്ച ഒരാളെ മരണ ശേഷം ഇങ്ങനെ കഷ്ടപ്പെടുത്തുന്നതു ഒട്ടും ശരിയല്ല!. ഞാനും പ്രതിഷേധിക്കുന്നു.

കെ.പി.സുകുമാരന്‍ said...

ലിങ്ക് നല്‍കിയ ഷാജിക്ക് നന്ദി ..

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികള്‍ താഴെ പേസ്റ്റ് ചെയ്യുന്നു.


പ്രിയ സുഹൃത്തുക്കളേ,
ഞാൻ ചത്താൽ ശവം ഉടൻ മെഡിക്കൽ കോളെജിനു കൊടുക്കണം.
എന്റെ ശവം പൊതുദർശനത്തിനു വെയ്ക്കരുത്.
ചാനലുകളിൽ ശവപ്രദർശനം നടത്തരുത്.
ശവത്തിൽ പൂക്കൾ വെച്ച് പൂക്കളെ അപമാനിക്കരുത്.
സർക്കാർബഹുമതിയും ആചാരവെടിയും ഒരിക്കലും അനുവദിക്കരുത്.
ദയവായി ആരും അനുശോചിക്കരുത്.സ്തുതിക്കരുത്.
എന്നെക്കാൾ നന്നായി കവിതയെഴുതുന്ന
ആയിരക്കണക്കിനു പുതു കവികൾ ഉണ്ട്.
അതിനാൽ എന്റെ മരണം തീരാനഷ്ടമാണെന്നു പച്ചക്കള്ളം പറഞ്ഞ്
എന്റെ ഓർമ്മയെ അപമാനിക്കരുത്.

എന്റെ ഭാര്യയയുടെ ദുഃഖത്തിൽ മറ്റാരും പങ്കുചേരരുത്.
അത് അവൾക്കുള്ള എന്റെ തിരുശേഷിപ്പാണ്.

എന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തരുത്.
സാഹിത്യ അക്കാദമിയുടെ ചുമരിൽ എന്റെ പടം തൂക്കരുത്.
എനിക്ക് സ്മാരകം ഉണ്ടാക്കരുത്.


എന്റെ കവിതയ്ക്ക്
എന്റെ സ്മരണ നിലനിർത്താൻ കഴിയില്ലെങ്കിൽ
എന്നേക്കുമായി എല്ലാവരാലും
വിസ്മരിക്കപ്പെടുന്നതാണ് എനിക്കു സന്തോഷം.

Arjun.B.R said...

എന്തൊരു നീതികേടാണ് ഇത്...............

ജോഷി പുലിക്കൂട്ടില്‍ . said...

annyaayam thanne

ﺎലക്ഷ്മി~ said...

അനാഥമായ ജീവിതവും, അനാഥമായ മരണവും.

റ്റോംസ് കോനുമഠം said...

കവി എ. അയ്യപ്പന് ആദരാഞ്ജലികള്‍
ഇത് കൂടി വായിക്കുക.
ഒരേ ഒരയ്യപ്പന്‍, ബിംബകല്‍പ്പനകളുടെ ഗ്രീഷ്മവും കണ്ണീരും സമ്മാനിച്ച കവി..ഇത് ഞങ്ങളുടെ അയ്യപ്പണ്ണന്‍.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ അയ്യപ്പന്റെ ബാല്യത്തിലെക്ക് ഒന്ന് പോയിനോക്കിയാൽ കാണാം..അയ്യപ്പൻ ഇങ്ങിനെയൊക്കെ ആകാനുള്ള കാരണങ്ങൾ...!

ഇനി ആ സംസ്കാരച്ചടങ്ങ് കൂടി സാംസ്കാരികമാക്കട്ടെ ബഹുകേരളം...അല്ലേ

Anonymous said...

സാംസ്കാരിക വകുപ്പിന്റെ ഈ അശ്ലീലത്തിനെതിരെ ഇന്നതെ ഏഷ്യാനെറ്റ് ന്യൂസില്‍ സക്കറിയയും സിവിക് ചന്ദ്രനും അതി ശക്തമായിത്തന്നെ പ്രതികരിക്കുന്നതു കണ്ടു. സിപിഎം കാരനായ വി കെ ജോസഫ് സര്‍ക്കാരിനെ പാടുപെട്ട് ന്യായീകരിക്കുന്നുമുണ്ടായിരുന്നു.

കാഴ്ചകൾ said...

താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.

ഒരു നുറുങ്ങ് said...

ജീവനുള്ള മനുഷ്യനെക്കാള്‍,ജീവനില്ലാത്ത
മനുഷ്യനെ ബഹുമാനിക്കണം.പക്ഷേ,നാലഞ്ച്
നാളുകളിങ്ങനെ കെട്ടിപ്പൂട്ടിവെക്കുന്ന ഏര്‍പ്പാട്
അപമാനമാണ്‍ !
ശക്തമായി പ്രതിഷേധിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

സര്‍ക്കാരിന്റെ രഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി
എ.അയ്യപ്പന്റെ ശവസംസ്ക്കാരം മാറ്റിവച്ച നടപടിക്കെതിരെ ചിത്രകാരനും പ്രതിഷേധിക്കുന്നു.സര്‍ക്കാരിന്റെ ഒര് ശവസംസ്ക്കാര വകുപ്പ് !!!

അനസ് മാള said...

വളരെ നിരുത്തരവാദപരമായ സമീപനം.

ഷെബു said...

അയ്യപ്പന്റെ മയ്യിത്ത് സംസ്കരണം വൈകിച്ചത് ശരിയായില്ല്ല. അതൊരു തിരുത്തപ്പെടേണ്ട അനാദരവ് തന്നെ!

യൂസുഫ്പ said...

അല്ലെങ്കിലും സർക്കാരിന് എന്ത് അയ്യപ്പൻ..?. സർക്കാര് കാര്യം മുറപോലെ..

Anonymous said...

ഇതിനൊക്കെ കാരണം ഈ പറഞ്ഞ നമ്മളെല്ലാം കൂടി അല്ലെ, കുറെ പോലീസ്‌ വന്നു മുകളിലോട്ട്‌ വെടിവച്ചില്ലേല്‍ സര്‍ക്കാര്‍ അനാദരിച്ചു എന്നു വിമര്‍ശനം

വീ കേ എന്‍ മാത്രമാണു രക്ഷപെട്ടത്‌ അദ്ദേഹത്തിണോട്‌ എല്‍ ഡി എഫിനും യു ഡി എഫിനും വലിയ പഥ്യം ഇല്ലായിരുന്നു, ഇന്നിപ്പോള്‍ ഏതു നാടകനടനോ ബാലെക്കാരനോ ആരായാലും കലാകാരന്‍ സര്‍ക്കാര്‍ ആദരിച്ച്ചില്ലേല്‍ ചാനലില്‍ മുഴുനീള ചര്‍ച്ച പോട്ടെ പൊല്ലാപ്പെന്നു കരുതി നാലു പോലീസുകര്‍ ചെന്നു മേലോട്ട്‌ വെടിവച്ചെക്കാന്‍ പറയും , സന്തോഷം എല്ലാവറ്‍ക്കും അന്തരിച്ച പ്രതിഭയെ സര്‍ക്കാര്‍ ആദരിച്ചു.

ഓണത്തിണ്റ്റെ ഇടയിലാ പുട്ടു കച്ചവടം പഞ്ചായത്‌ ഇലക്ഷണ്റ്റെ ഇടയില്‍ മരിക്കാന്‍ അയ്യപ്പനോട്‌ ആരു പറഞ്ഞു?

അഴീക്കോട്‌ സാസ്കാരിക വകുപ്പിനെതിരേ പ്രതികരിച്ചോ? അപ്പോള്‍ അടുത്ത ഭരണം മാറുമെന്നു അയാള്‍ മുന്‍ കൂട്ടി കണ്ടെന്നു മനസ്സിലാക്കണം

ധിഷണാ ശാലി

പരമാര്‍ഥങ്ങള്‍ said...

ഞാന്‍ ശക്തമായി പ്രധിഷേധിക്കുന്നു

പരമാര്‍ഥങ്ങള്‍ said...

ഇത് കേരളത്തെ നാണം കെടുത്തിയ പരിപാടി

കാക്കര kaakkara said...

വ്യാഴാർച്ച മരിച്ച കവിയുടെ സംസ്കാരം എന്തുകൊണ്ട്‌ ഞായഴാർച്ച നടത്തിയില്ല...

പിന്നെ പൊതു അവധിദിനത്തിൽ സംസ്കാരമോ... പോ കാക്കരെ...

MyDreams said...

പാവം ഒരു തെണ്ടിയായി ജീവിച്ചാലും ഒരു കവിയായി ജീവികരുത് ...

സ്മിത മീനാക്ഷി said...

നമ്മുടെ രാഷ്ട്രീയ നേതൃത്ത്വത്തിന്റെ ചിന്താശൂന്യതയ്ക്കു കവിയോടു മലയാളികള്‍ മാപ്പു ചോദിക്കുന്നു.
കെ പി എസ് സാര്‍ , പറഞ്ഞതൊക്കെ സത്യം.

sherriff kottarakara said...

ദാണ്ടെ, അങ്ങു വടക്കു കണ്ണൂരു പത്തു വെടി പൊട്ടിക്കാന്‍ ഉണ്ട തികയാതെ കിടക്കുമ്പോഴാ ഈ തിണ്ണേല്‍ കിടന്നു മരിക്കുന്നവനു നാലു ആചാര വെടിക്കു വേണ്ടി കോപ്പു കണ്ടെത്തുന്നതു. അവിടെ കിടക്കട്ടെ കുറച്ചു ദിവസം.എഴുന്നേറ്റു ഓടുകയൊന്നുമില്ലല്ലോ എന്നാണു ഞങ്ങളുടെ സര്‍ക്കാരു കരുതുന്നതു. പ്രതികരിക്കാന്‍ ശക്തരായ ബന്ധു ജനങ്ങള്‍ ഇല്ലെങ്കില്‍ എന്തു കോപ്രായവും ആര്‍ക്കും കാണിക്കാം.അയ്യപ്പന്റെ മൃതദേഹത്തിനു നേരെയുള്ള ഈ അനാദരവിനെ (
ഈ തിന്മക്കെതിരെ)കേരളം ശക്തി ആയി പ്രതികരിക്കുക.

കെ.പി.സുകുമാരന്‍ said...

വരികളില്‍ അഗ്നി പടര്‍ത്തി കവിത രചിച്ച കവി എ.അയ്യപ്പന്റെ സംസ്കാരം ചൊവ്വാഴ്ചത്തേക്ക് മാറ്റി വെച്ച സാംസ്കാരികശൂന്യവകുപ്പിന്റെ നടപടിയില്‍ സാംസ്കാരികപ്രവര്‍ത്തകനും നാടകകലാകാരനുമായ മധുമാസ്റ്റര്‍ കോഴിക്കോട് സര്‍ക്കാ‍ര്‍ ജീപ്പ് ജപ്തി ചെയ്തുകൊണ്ട് പ്രതിഷേധിച്ചു. വാര്‍ത്ത ഇവിടെ .

Bindhu Unny said...

ഇത്ര വിവരംകെട്ടവരാണല്ലോ നമ്മെ ഭരിക്കുന്നത്.

രാമൊഴി said...

..എനിക്ക് തോന്നുന്നു, ആത്മാവെന്നൊന്നുണ്ടെങ്കില്‍ അയ്യപ്പന്‍ ഇതെല്ലാം കണ്ട്‌ എവിടെയെങ്കിലുമിരുന്നു സ്വതസിദ്ധമായ ശൈലിയില്‍ ഊറിച്ചിരിക്കുന്നുണ്ടാവുമെന്ന്‍..ഞാന്‍ മനസിലാക്കുന്ന അയ്യപ്പന് തന്റെ ദേഹം ഇന്ന് സംസ്കരിച്ചോ നാളെ സംസ്കരിച്ചോ എന്നത് ഒരു വിഷയമേ ആവില്ല..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

കവി അയ്യപ്പന്‍റെ മൃത ശരീരത്തോടുള്ള സര്‍ക്കാരിന്റെ അവഗണനക്കെതിരെ ഞാനും പ്രധിഷേധിക്കുന്നു...

കെ.പി.സുകുമാരന്‍ said...

@ രാമൊഴി, ശരിയാണ്. മരണപ്പെടുന്ന ആര്‍ക്കും തന്റെ ദേഹം എന്ത് ചെയ്യുന്നു എന്നത് പ്രശ്നമേയല്ല. എന്നാല്‍ മരണപ്പെടുന്ന ആളിന്റെ ദേഹം സംസ്കരിക്കുക എന്നത് ജീവിയ്ക്കുന്ന ആളുകളുടെ സംസ്കാരത്തിന്റെ ഭാഗമാണ്. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ട സുഹൃത്തുക്കള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ അവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ചടങ്ങ് മാറ്റിവച്ചത് എന്നാണ് മന്ത്രിബേബി പറയുന്നത്. ഔദ്യോഗിമായി സംസ്കരിച്ചത്കൊണ്ട് സര്‍ക്കാരിന് നേട്ടമോ അങ്ങനെ സംസ്കരിച്ചില്ലെങ്കില്‍ കോട്ടമോ ഇല്ലെന്നും മന്ത്രി പറയുന്നുണ്ട്. കേരളത്തില്‍ മാത്രമേ ഇങ്ങനെയൊരു മന്ത്രിയുണ്ടാകൂ. അഴിക്കോടിനെ വിളിച്ച് എല്ലാം ശരിയാക്കിയിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചിലര്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടത്കൊണ്ട് , കവി എന്നതോ പോകട്ടെ ഒരു മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുക എന്ന് പറയുന്ന ഏര്‍പ്പാട് മരണപ്പെട്ട ആളോട് ചെയ്യാവുന്ന ഏറ്റവും നികൃഷ്ടമായ അനാദരവാണ്. ആരൊക്കെയാണ് അ വി.ഐ.പി. സുഹൃത്തുക്കള്‍ എന്ന് നമ്മോട് പറയേണ്ട ബാധ്യത മന്ത്രിക്കുണ്ട്. അല്ലെങ്കില്‍ തന്റെ മാത്രം സൌകര്യം നോക്കി , മന്ത്രി കള്ളം പറയുകയാണെന്ന് നാം കരുതേണ്ടി വരും. ഒരു കാര്യം ഉറപ്പ്, ഇങ്ങനെയൊരു മന്ത്രിയും സംസ്കാരം മാറ്റി വെക്കലും എവിടെയും ഉണ്ടാകില്ല.

ബിന്‍ഷേഖ് said...

പൊള്ളുന്ന വാക്കുകളാല്‍
വ്യവസ്ഥാപിത സങ്കല്പങ്ങളോട്
നിരന്തരം കലഹിച്ച്
തെരുവിനെ പ്രണയിച്ചു മതിയാവാതെ
ഹൃദയത്തില്‍ ഒരു പൂവുമായി
തെരുവില്‍ തന്നെ വാടിവീണ
പ്രിയ കവിക്ക്‌
ആദരാഞ്ജലികള്‍
ഒപ്പം
അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ട്
തമാശ കളിക്കുന്ന അധികൃതര്‍ക്കും

manojmaani.com said...

'സംസ്കാര' വകുപ്

പാര്‍ത്ഥന്‍ said...

പാവം അയ്യപ്പൻ.
സാംസ്കാരികവകുപ്പിന്റെ ഈ അന്യായ നയത്തിനെതിരെ ഞാനും പ്രധിഷേധം അറിയിക്കുന്നു.

ഈ ഉണ്ടയില്ലാ വെടി വേണ്ടെന്ന് പറയണമെങ്കിൽ എന്തെല്ലാം അംഗീകാരങ്ങൾ കിട്ടിയ വ്യക്തികളെയാണ് സർക്കാർ ആദരിക്കുന്നതെന്ന് ഒരു തീരുമാനം വേണം. ചില ന്യൂനപക്ഷ സോപ്പിടൽ പോലും ഇങ്ങനെ സാധിച്ചെടുക്കുന്നുണ്ട്.

രാമൊഴി said...

ഞാന്‍ തീര്‍ത്തും യോജിക്കുന്നു..ഇങ്ങനെയൊരവസരത്തില്‍ അയ്യപ്പന്‍ എന്താവും ചിന്തിക്കുക എന്ന് വെറുതെ ആലോചിച്ചു എന്ന് മാത്രം..

സിദ്ധീക്ക് തൊഴിയൂര്‍ said...

ബലവാന്മാരുടെ പക്കല്‍നിന്നും നീതി ഇരന്നുവാങ്ങേണ്ട ഗതികേടിലേക്ക് നാം വഴുതി വഴുതി പോവുകയാണ് ...
എന്‍റെ ആത്മരോഷത്തിന്റെ വീതം കൂടി ..

സലാഹ് said...

പ്രതിഷേധിക്കുന്നു, ശക്തമായിത്തന്നെ

കലാം said...

ഞാനും  പ്രതിഷേധിക്കുന്നു.

പ്രവാസം..ഷാജി രഘുവരന്‍ said...

ചുള്ളികാട്‌ ഇന്നു പറഞ്ഞത്
അയ്യപ്പന് ഇന്നലെ പറയാന്‍ തോന്നിയില്ല .....
അമ്മയെ തല്ലിയാല്‍ ഉണ്ടാകും 2 ഭാഗം എന്ന്‌ കേട്ടിടുണ്ട് ...
കഴിഞ്ഞ ദിവസം എഴുത്തുകാരന്‍ സക്കറിയ പറഞ്ഞത് കേള്‍ക്കാന്‍ ഇടയ്യായി
സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് ...എന്നിട്ട് പറയുന്നു ഇവിടത്തെ എഴുത്തുകാരെല്ലാം
കുടി 100 രൂപ വച്ച് എടുത്താല്‍ വളരെ നല്ല രീതിയില്‍ ഒരു സംസ്കാരം നടത്താമായിരുന്നു
എന്ന്‌..എന്നിട്ട് അതിനു താനടക്കം ഉള്ളവര്‍ മുന്നോട്ടു വനില്ല എന്നും.........
എഴുത്തുകാര്‍ പലരും കവിയെ കണ്ടാല്‍ മുഖം തിരിച്ചു നടന്നിരുന്നവര്‍
ആണ് ...ഇവരാണ് പ്രതികരിക്കുന്നത് ...സാംസ്ക്കാരിക നയത്തെ പുചിക്കുന്നത്
സര്‍ക്കാര്‍ ചെയ്തത് ശരിയാണെന്ന് സ്ഥാപിക്കുകയല്ല ..വേഗത്തില്‍ തന്നെ കര്‍മ്മങ്ങള്‍
നടതെണ്ടിയിരുന്നു ....എന്നാല്‍ സവര്‍ണ്ണ കവിയല്ല എന്ന്‌ പറഞ്ഞു ധീരതയോടെ
ജീവിതത്തെ നേരിട്ട ആ മഹാ പ്രതിഭയ്ക്ക് സംസ്ഥാനം അര്‍ഹിക്കുന്ന വിധത്തില്‍ തന്നെ
ആദരിക്കേണ്ടതുണ്ട്