Links

ലോട്ടസ് ടെമ്പിള്‍

ഹായ് വിശ്വാസികള്‍ ഡല്‍ഹിയില്‍ നിര്‍മ്മിച്ച ലോട്ടസ് ടെമ്പിള്‍  പ്രസിദ്ധമാണ്. 1986 ലാണ് ഇതിന്റെ പണി പൂര്‍ത്തിയായത്.  ഇന്ത്യയില്‍ തന്നെ ഏറ്റവും വലുതും ശില്പചാരുതയില്‍ മികവേറിയതുമാണ് ഈ ആരാധനാലയം. ബഹായികളാണ് ഇത് നിര്‍മ്മിച്ചതെങ്കിലും എല്ലാ ജാതി മതസ്ഥര്‍ക്കും  തങ്ങളുടെ വിശ്വാസത്തിനനുസരിച്ച്  പ്രാര്‍ത്ഥന നടത്താന്‍ വേണ്ടിയാണ് ഇത് പണി കഴിപ്പിച്ചിട്ടുള്ളത്.  അത് പോലെ തന്നെ നാനാജാതിമതസ്ഥര്‍ നിത്യേന ഇവിടെ സന്ദര്‍ശിക്കുന്നുമുണ്ട്.  താമരപ്പൂവിന്റെ ആകൃതിയിലുള്ള ഈ ക്ഷേത്രത്തിന് ഒമ്പത് കവാടങ്ങളും വെണ്ണക്കല്ലില്‍ പൊതിയപ്പെട്ട 27 ദളങ്ങളുമുണ്ട്. ഇത് രൂപകല്പന ചെയ്ത ശില്പി  ഫരിബോസ് സാബ ഇറാന്‍‌കാരനാണ്. ഇപ്പോള്‍ കാനഡയില്‍ താമസിക്കുന്നു. ഇതിന്റെ ശില്പചാതുര്യത്തിന് ഒട്ടേറെ പുരസ്കാരങ്ങള്‍ കിട്ടിയിട്ടുണ്ട്.

ഡല്‍ഹിയുടെ പ്രാന്തത്തില്‍ ബഹാപൂര്‍ ഗ്രാമത്തില്‍ 26 ഏക്കര്‍ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  നടുത്തളത്തിലേക്ക് തുറക്കുന്ന ഒമ്പത് വാതിലുകളിലൂടെ അകത്ത് പ്രവേശിച്ചാല്‍ നടുത്തളത്തില്‍ 2500ഓളം ആളുകള്‍ക്ക് ഇരിക്കാം. 40 മീറ്ററിലധികം ഉയരമുള്ള നടുത്തളത്തിന്റെ തറ വെള്ള മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിതമാണ്. ലോകത്തിലെ ഏറ്റവും ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. ഡല്‍ഹിയില്‍ എത്തുന്ന മിക്കവരും ലോട്ടസ് ടെമ്പിള്‍ സന്ദര്‍ശിക്കാറുണ്ട്.  ബഹായികളുടെ ദേശീയ ആത്മീയ സഭ ( നേഷനല്‍ സ്പിരിച്വല്‍ അസംബ്ലി) പ്രവര്‍ത്തിക്കുന്നത് ഇവിടെ തന്നെയാണ്. പ്രാദേശിക ആത്മീയ സഭകളും ദേശീയ ആത്മീയ സഭയുമാണ് ബഹായികള്‍ക്കുള്ളത്.  ലോകത്ത് എല്ലാ രാജ്യങ്ങളിലും ബഹായികള്‍ക്ക് ആത്മീയസഭകളുണ്ട്.  സോവിയറ്റ് യൂനിയനില്‍ മതങ്ങള്‍ക്ക് വിലക്കുണ്ടായിരുന്ന അക്കാലത്ത് ബഹായികള്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

ലോകത്ത്  എന്തെല്ലാം സ്ഥലങ്ങളുണ്ട് കാണാനായിട്ട്. നമ്മളൊക്കെ വളരെ കുറച്ചു സ്ഥലങ്ങളേ കാണുന്നുള്ളൂ.  ചിലര്‍ക്ക് ലോകസഞ്ചാരം തന്നെ ജീവിതം.  സഞ്ചാരത്തിന്റെ കാര്യത്തിലും  സോഷ്യലിസം തീരെയില്ല.  സഞ്ചരിക്കുക എന്നത് ഏറ്റവും ആനന്ദകരമായ അനുഭവം തന്നെ. എന്നാല്‍ എത്രയോ പേര്‍ സഞ്ചരിക്കുന്നേയില്ല. ഏറിയാല്‍ ചില അമ്പലങ്ങളില്‍ പോകും എന്ന് മാത്രം. യാത്രയില്‍ ആനന്ദം കണ്ടെത്തുന്നത് ചിലര്‍ മാത്രമാണെന്ന് തോന്നുന്നു. ഞാന്‍ ചെറുപ്പത്തില്‍ കുറച്ചു കാലം അവധൂതനെ പോലെ നടന്നിട്ടുണ്ട്. ആ യാത്രയില്‍ കല്‍ക്കത്ത വരെ എത്തിയിരുന്നു. ഒരുപാട് സ്ഥലങ്ങള്‍ കല്‍ക്കത്തയില്‍ കാണാനുണ്ടായിരുന്നു. അന്നും തിരക്ക് പിടിച്ച വൃത്തിയില്ലാത്ത നഗരമായിരുന്നു കല്‍ക്കത്ത. കാളിക്ഷേത്രത്തില്‍ എന്നും വന്‍ തിരക്കായിരുന്നു. കല്‍ക്കത്തയില്‍ വെച്ചാണ് ഞാന്‍ ട്രാം കണ്ടിരുന്നത്. ഹുഗ്ലി നദിക്കരയിലെ ബേലൂര്‍ ശാരദാദേവി മഠത്തിലെ ശാന്തി ഒന്ന് വേറെ തന്നെയായിരുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ അകത്ത് പ്രവേശിച്ച് മറ്റൊരു ഗെയിറ്റിലൂടെ പുറത്ത് കടന്നപ്പോള്‍ സ്ഥലം തന്നെ മാറിപ്പോയി വഴിയറിയാതെ വിഷമിച്ചത് ഓര്‍ക്കുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ തലസ്ഥാനമായിരുന്നു കല്‍ക്കത്ത. അതിന്റെ പ്രൌഢി അന്നും കാണാനുണ്ടായിരുന്നു.

ഡല്‍ഹിയും ബോംബേയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഇനി ചിത്രങ്ങള്‍ കണ്ട് തൃപ്തിപ്പെടുകയേ നിര്‍വ്വാഹമുള്ളൂ.  ചിത്രങ്ങള്‍ എന്ന് പറയുമ്പോള്‍ 360 ഡിഗ്രിയിലുള്ള പനോരാമിക്ക് ചിത്രങ്ങള്‍ക്ക് എന്ത് മനോഹാരിതയാണ്. നേരില്‍ കാണുന്ന പ്രതീതി തന്നെ.  ലോട്ടസ് ടെമ്പിളിന്റെ പനോരാമിക്ക്  ചിത്രം ഇതാ ഇവിടെ നിങ്ങളും കണ്ടു നോക്കൂ ...

* പനോരാമിക്ക് ചിത്രം പുതിയ ജാലകത്തില്‍ തുറന്നുവന്നാല്‍ മൂവ് ആകുന്നില്ലെങ്കില്‍ താഴെ ഇടത് ഭാഗത്ത് മൌസ് കൊണ്ടുപോയാല്‍ Start/Stop Autorotation എന്ന് കാണാം. അവിടെ ക്ലിക്ക് ചെയ്യുക. മൌസ് കൊണ്ട് സൌകര്യം പോലെ ചലിപ്പിക്കുകയും ചെയ്യാം. 

9 comments:

Akshay S Dinesh said...

bahai matham thanne "open to all" aanu... bahai rocks

നനവ് said...

നന്നായി..കേട്ടിട്ടുണ്ട് കണ്ടത് ഇപ്പോഴാണ്..പനോരാമിക് ചിത്രങ്ങൾ ശരിക്കും നേരിട്ട് കാണുന്നതു പോലെ തന്നെ....

Dr.Jishnu Chandran said...

പനോരാമിക്ക് ചിത്രങ്ങള്‍ കലക്കി......

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പുതിയ അറിവ് പകര്‍ന്നുതന്നതിന് വളരെ നന്ദി.പനോരമിക്‌ ചിത്രം കിടിലന്‍! ഇത് എങ്ങനെയാണ് നിര്‍മ്മിക്കുകയെന്നു കൂടി വിവരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ.

poor-me/പാവം-ഞാന്‍ said...

വര്‍ഷങള്‍ക്ക് മുന്‍പ് കണ്ടിട്ടുണ്ട് നന്ദി...

yousufpa said...

ബഹായി എന്നു തന്നെ ആദ്യം കേൾക്കുകയാണ്. പരിചയപ്പെടുത്തിയതിന് നന്ദി.

Anonymous said...

Thank you for the panorama link. Awesome :)

Unknown said...

wow excellent

Mohamed Salahudheen said...

നന്ദി, അറിവിനും അവതരണത്തിനും