പലപ്പോഴും നമുക്ക് ജീവന്‍ രക്ഷിക്കാന്‍ രക്തം ആവശ്യമായി വരാറുണ്ട് . രക്തം സ്വീകരിക്കാനും, ദാനം ചെയ്ത് സഹജീവികളെ രക്ഷിക്കാനും കഴിയുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഒരു വരദാനമാണ് . വില്യം ഹാര്‍വി എന്ന ശാസ്ത്രജ്ഞനാണ് രക്തചംക്രമണവ്യൂഹം കണ്ടെത്തിയത് . അതിന് മുന്‍പ് രക്തചംക്രമണത്തിന്റെ പൂര്‍ണ്ണമായ ഫിസിയോളജിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.
നമ്മുടെ പരിസരത്ത് തന്നെ രക്തം ദാനം ചെയ്യാന്‍ തയ്യാറുള്ള ഒരു രക്തദാതാവിനെ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു വെബ് സൈറ്റ് ഉണ്ട് അതാണ് http://www.bharatbloodbank.com/ . വേറെയും ചില സൈറ്റുകള്‍ ഉണ്ടെങ്കിലും പ്രാദേശികമായിത്തന്നെ രക്തദാതാവിനെ കണ്ടെത്താന്‍ ഈ സൈറ്റ് സഹായിക്കുന്നു . പ്രസ്തുത സൈറ്റില്‍ പേര്‍ റജിസ്റ്റര്‍ ചെയ്ത് രക്തം ദാനം ചെയ്യാന്‍ എല്ലാവരും തയ്യാറാവുകയാണെങ്കില്‍ രക്തം കിട്ടാതെ ആരും വിഷമിക്കേണ്ടി വരികയില്ല . രക്തം ദാനം ചെയ്യുന്നത് കൊണ്ട് ശരീരത്തിന് ഒരു ദോഷവും വരാനില്ല എന്ന് മാത്രമല്ല , പുതിയ രക്തം ശരീരത്തില്‍ ഉണ്ടാകുന്നതിന് അത് ഉത്തേജനമാവുകയും ചെയ്യും . രക്തത്തെക്കുറിച്ച് ഇന്നും പല അന്ധവിശ്വാസങ്ങളും നിലവിലുണ്ട് . അത്കൊണ്ടാണ് പലരും രക്തം ദാനം ചെയ്യാന്‍ മടിക്കുന്നത് .
ഒരു വ്യക്തിക്കു മറ്റൊരാള്‍ക്കു നല്കാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് രക്തം. രക്തത്തിന്റെ ലഭ്യത ഏതൊരു വൈദ്യശാസ്ത്രത്തെ സംബന്ധിച്ചും അമൂല്യമാണ്. രക്തത്തിനു പകരം മറ്റൊരു സ്രോതസ് ഇല്ല. ഒരു ഫാക്ടറിയില്‍നിന്നോ ജന്തുവില്‍നിന്നോ രക്തം ലഭ്യമല്ല. രക്തത്തിന്റെ ലഭ്യത അതിന്റെ ആവശ്യകതയുമായി ഒത്തുപോകുന്നില്ല. ജന്മദിനത്തിലും മറ്റു വിശേഷങ്ങളിലും രക്തം ദാനം ചെയ്തു സമൂഹത്തെ സേവിക്കാം. വിവാഹ വാര്‍ഷികത്തില്‍ ഭാര്യയും ഭര്‍ത്താവും വന്നു രക്തം ദാനം ചെയ്യാം. ഒരു സമൂഹത്തിന്റെ ആവശ്യം നിറവേറ്റണമെങ്കില്‍ ആ സമൂഹത്തിന്റെ ഒരു ശതമാനം സ്വമേധയാ രക്തം നല്കാന്‍ തയാറാകണം. മൂന്നു കോടി ജനസംഖ്യയുള്ള നമ്മുടെ സംസ്ഥാനത്തു മൂന്നു ലക്ഷം ആളുകള്‍ രക്തദാനം ചെയ്യണം.
ആര്‍ക്കൊക്കെ രക്തം ദാനം ചെയ്യാം?
45 കിലോഗ്രാമില്‍ അധികം ഭാരം, 18 വയസ് കഴിയണം 60 വയസില്‍ താഴെ, നല്ല ആരോഗ്യം, 12.5 ഗ്രാം% ഹീമോഗ്ളോബിന്‍, രോഗങ്ങള്‍ പാടില്ല
ആര്‍ക്കൊക്കെ രക്തദാനം പാടില്ല?
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍, സ്ഥിരമായി മദ്യപിക്കുന്നവര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍. മഞ്ഞപ്പിത്തം, മലമ്പനി മുതലായ രോഗമുള്ളവര്‍. സ്ത്രീകളില്‍നിന്നു ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും ആര്‍ത്തവകാലത്തും രക്തം സ്വീകരിക്കില്ല. സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍, ആന്റിബയോട്ടിക് ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നിവരും രക്തം ദാനം ചെയ്യരുത്. അസുഖം വന്നു ഭേദമാകുമ്പോഴും നിശ്ചിതസമയം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാവൂ എന്നു നിയമമുണ്ട്.
എത്ര പ്രാവശ്യം രക്തദാനം?
പുരുഷന്മാര്‍ക്കു മൂന്ന് മാസത്തില്‍ ഒരിക്കലും സ്ത്രീകള്‍ക്കു നാലു മാസത്തില്‍ ഒരിക്കലും രക്തം ദാനം ചെയ്യാം.
എടുക്കുന്ന രക്തത്തിന്റെ അളവ്?
ആരോഗ്യമുള്ള ഒരു മനുഷ്യശരീരത്തില്‍ നാലു മുതല്‍ ആറു വരെ ലിറ്റര്‍ രക്തമുണ്ടാകും. അതില്‍ 350 മി.ലി രക്തം മാത്രമേ ഒരു തവണ എടുക്കൂ. ഈ രക്തം 35 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം. നാലു ഡിഗ്രി സെല്‍ഷ്യസില്‍ പ്രത്യേക സംവിധാനമുള്ള ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്. പണ്ടു രക്തം എടുത്തിരുന്നതു കുപ്പിയിലാണ്. ഇന്ന് ബ്ളഡ് ബാഗ് ഉണ്ട്. ഒരു ബ്ളഡ് ബാഗില്‍ 350 മില്ലീലിറ്റര്‍ രക്തം മാത്രമേ ശേഖരിക്കുകയുള്ളൂ. 350 മില്ലിലിറ്റര്‍ രക്തം കട്ടപിടിക്കാതെയും കേടുകൂടാതെയും ഇരിക്കാനുള്ള ലായനിയാണ് ഒരു ബാഗില്‍ ഉള്ളത് എന്നതുകൊണ്ട് ഒരാളില്‍നിന്ന് ഒരു പ്രാവശ്യം 350 മില്ലീലിറ്ററില്‍ കൂടുതലോ, കുറവോ എടുത്താല്‍ അത് ഉപയോഗശൂന്യമാകുന്നു. രക്തം അതിന്റെ ഘടകങ്ങളാക്കി (പ്ളേറ്റ്ലറ്റ്സ്, പ്ളാസ്മ മുതലായവ) സൂക്ഷിക്കാനുള്ള സംവിധാനം ഇന്നു നിലവിലുണ്ട്. ഇങ്ങനെ ചെയ്താല്‍ ഒറ്റ ബാഗില്‍നിന്നു പല ഘടകങ്ങളാക്കി സൂക്ഷിക്കാന്‍ സാധിക്കും. ഇതു രോഗികള്‍ക്കു പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന് 300 മില്ലിലിറ്റര്‍ രക്തം കൊടുക്കുന്നതിനു പകരം ഒരാള്‍ക്ക് 30 മില്ലിലിറ്റര്‍ പ്ളേറ്റ്ലറ്റ്സ് കൊടുത്താല്‍ മതിയാകും. രക്തം ഘടകങ്ങളായി സൂക്ഷിക്കുകയാണെങ്കില്‍ ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാം. ഒരു ബാഗിലെ രക്തം ഒരാള്‍ക്ക് മാത്രമേ കൊടുക്കുകയുള്ളൂ.
അംഗീകൃത ബ്ളഡ് ബാങ്ക് ഉള്ള ആശുപത്രികള്‍ക്കു മാത്രമേ രക്തം ശേഖരിക്കാന്‍ അധികാരമുള്ളൂ. കേരളത്തില്‍ രക്ത ബാങ്ക് ഉള്ള 144 ആശുപത്രികള്‍ ഉണ്ട്. അതില്‍ 44 എണ്ണം സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
എല്ലാ ശസ്ത്രക്രിയയ്ക്കും ഫ്രഷ് ബ്ളഡ് വേണോ?
വേണ്ട. കാര്‍ഡിയാക് ഹാര്‍ട്ട് സര്‍ജറിക്ക് നിര്‍ബന്ധമായും ഫ്രഷ് ബ്ളഡ് വേണം.
രക്തം ലഭിക്കണമെങ്കില്‍?
അംഗീകൃത രക്തബാങ്കുകളില്‍ രക്തത്തിനു പണം ഈടാക്കുന്നില്ല. പക്ഷേ, പല ടെസ്റുകള്‍ നടത്തിയതിനുശേഷമാണ് (ഉദാ. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി.സി.) രക്തം രോഗിക്കു കൊടുക്കുന്നത്. അതിനു ചെലവു വരും. ഒരു യൂണിറ്റ് രക്തം നാലഞ്ചു ടെസ്റ്റുകള്‍ക്കു വിധേയമാകുമ്പോഴേക്കും 650 രൂപ ചെലവാകും.
രക്തദാനം രണ്ടു വിധം
1. സന്നദ്ധ രക്തദാനം (വോളണ്ടറി ബ്ളഡ് ഡൊണേഷന്‍)
2. റീപ്ളേസ്മെന്റ് രക്തദാനം
എ) സന്നദ്ധരക്തദാനം
ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ ബ്ളഡ് ബാങ്കില്‍ പോയി രക്തം നല്കുന്ന സംവിധാനമാണ് സന്നദ്ധരക്തദാനം. സന്നദ്ധരക്തദാനമാണ് ഏറ്റവും സുരക്ഷിതമായ രക്തദാനം, നിര്‍ഭാഗ്യവശാല്‍, സന്നദ്ധരക്തദാനം ചെയ്യുന്നവര്‍ കേരളത്തില്‍ കുറവാണ്. സന്നദ്ധ രക്തദാനം ചെയ്യുന്നവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം പശ്ചിമബംഗാളാണ്.
ബി) റീപ്ളേസ്മെന്റ് ബ്ളഡ് ഡൊണേഷന്‍
അത്യാവശ്യ ഘട്ടത്തില്‍ രക്തം ആവശ്യം വരുമ്പോള്‍ കൊടുക്കുന്ന സംവിധാനമാണ് റിപ്ളേസ്മെന്റ് ബ്ളഡ് ഡൊണേഷന്‍. നമ്മള്‍ കൊടുക്കുന്ന രക്തം ഏതു ഗ്രൂപ്പില്‍പ്പെട്ടതാണെങ്കിലും നമ്മള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പിലുള്ള രക്തം ബ്ളഡ്ബാങ്കില്‍നിന്നു ലഭിക്കുന്ന സംവിധാനം. ആകെയുള്ള രക്തദാനത്തിന്റെ 27% മാത്രമേ സന്നദ്ധ രക്തദാനം ഉള്ളൂ. അതു 60% ആക്കണം.
സന്നദ്ധ രക്തദാനത്തിന്റെ ഗുണങ്ങള്‍
1. സന്നദ്ധ രക്തദാതാവ് അവര്‍ക്ക് ആരോഗ്യവാനാണെന്നു പൂര്‍ണബോധ്യമുണ്െടങ്കില്‍ മാത്രമേ രക്തം ദാനം ചെയ്യുകയുള്ളൂ.
2. ആവശ്യമുള്ള സമയത്ത് സുരക്ഷിത രക്തത്തിന്റെ ലഭ്യത രക്തബാങ്കുകളില്‍ ഉറപ്പാകുന്നു.
3. അത്യാവശ്യഘട്ടത്തില്‍ രക്തത്തിനായി നെട്ടോട്ടമോടുന്ന സാഹചര്യം ഇല്ലാതാകുന്നു.
4. പ്രതിഫലം വാങ്ങി രക്തം കൊടുക്കുന്ന സ്ഥിതി വിശേഷം ഇല്ലാതാകുന്നു.
തെറ്റായ ധാരണകള്‍
എ) ജോലിചെയ്ത് ജീവിക്കുന്നവരില്‍നിന്നു രക്തം എടുക്കരുത്
ബി) സ്ത്രീകളില്‍നിന്നു രക്തം എടുക്കരുത്
സി) രക്തദാനം ചെയ്താല്‍ ശരീരം ക്ഷീണിക്കും
ആരോഗ്യപരവും ധാര്‍മികവുമായ നേട്ടങ്ങള്‍
വിവേചനം കൂടാതെ സഹജീവികളെ സഹായിക്കാനുള്ള മനസ് ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താം. സന്നദ്ധ രക്തദാതാവിന്റെ ജീവിതത്തില്‍ ഒരു നിയന്ത്രണമുണ്ട്. രക്തദാനം വഴി നമ്മുടെ മജ്ജയെ ഉത്തേജിപ്പിക്കാന്‍ കഴിയും. രക്തദാനം ചെയ്യുന്നവരില്‍ ഹൃദ്രോഗം കുറഞ്ഞു കാണുന്നതായും അവരുടെ ആയുസും ആരോഗ്യവും വര്‍ധിക്കുന്നതായും കണക്കുകള്‍ പറയുന്നു. സഹോദര ജീവിക്കു പുനര്‍ജന്മം നല്കുക വഴി ആത്മസംതൃപ്തി ഉണ്ടാകുന്നു.
രക്തദാനത്തിനു മുമ്പ് ശ്രദ്ധിക്കേണ്ടവ
1. തലേദിവസം ഉറക്കം കിട്ടിയിരിക്കണം
2. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം
ദാനം ചെയ്യുന്ന രക്തം പിന്നീട് ഉണ്ടാകുമോ?
ആരോഗ്യവാനായ ഒരു പുരുഷന്റെ ഹീമോഗ്ളോബിന്‍ ശരാശരി 14-15 ഗ്രാം ശതമാനം മാത്രമാണ്. ഒരു സ്ത്രീക്ക് 12-13 ഗ്രാം ശതമാനം ആയിരിക്കും ഒരു പ്രാവശ്യം രക്തദാനം ചെയ്യുമ്പോള്‍ ഇതില്‍ ഒരു ഗ്രാം മാത്രമാണ് കുറയുന്നത്. ഇങ്ങനെ കുറയുന്നത് രണ്ടുമാസം കൊണ്ടു നേരത്തെയുള്ള അളവിലോ അതിലധികമോ ആകുന്നു. കാരണം കൊടുക്കുന്തോറും അളവിലും ഘടനയിലും ഗുണനിലവാരം കൂടുതലുള്ള രക്തം ഉണ്ടാകുന്നു. ഒരു സ്ത്രീക്ക് ആര്‍ത്തവ സമയത്തു നഷ്ടപ്പെടുന്ന രക്തം വച്ചു താരതമ്യപ്പെടുത്തിയാല്‍ ഒരു പുരുഷന്റെ ശരീരത്തില്‍നിന്നു മൂന്നു മാസത്തിലൊരിക്കല്‍ 350 മില്ലീലിറ്റര്‍ നഷ്ടപ്പെടുന്നതു വെറും നിസാരം.
രക്തദാനത്തിലൂടെ പകരുന്ന രോഗങ്ങള്‍
1) സിഫിലസ്
2) ഹെപറ്റൈറ്റിസ് ബി ആന്‍ഡ് സി
3) എച്ച്.ഐ.വി. 1 ആന്‍ഡ് 2
4) മലേറിയ
രക്തദാനം ചെയ്യേണ്ട സാഹചര്യങ്ങള്‍
സര്‍ജറി കേസ്: അപകടങ്ങള്‍, മേജര്‍ ഓപറേഷനുകള്‍, തൈറോയിഡ് ഓപ്പറേഷന്‍, കിഡ്നി മാറ്റം, ഹൃദയശസ്ത്രക്രിയ മുതലായവ.
മെഡിക്കല്‍ കേസ്: അനീമിയ, കിഡ്നി സംബന്ധമായ രോഗങ്ങള്‍, ലുക്കീമിയ മുതലായവ.
ഗൈനക്കോളജിക്കല്‍ കേസ്: പ്രസവത്തിനു മുന്‍പ്, പ്രസവ സമയത്ത്, പ്രസവത്തിനു ശേഷം. സാധാരണ ഒരു പ്രസവത്തില്‍ 400-500 മില്ലീലിറ്റര്‍ രക്തം നഷ്ടമാകും.
രക്തഗ്രൂപ്പുകള്‍
ഒ പോസിറ്റീവ് ആന്‍ഡ് ഒ നെഗറ്റീവ് -42%
എ പോസിറ്റീവ് ആന്‍ഡ് എ നെഗറ്റീവ് -25%
ബി പോസിറ്റീവ് ആന്‍ഡ് ബി നെഗറ്റീവ് -27%
എബി പോസിറ്റീവ് ആന്‍ഡ് എബി നെഗറ്റീവ് -6%
ജനസംഖ്യയുടെ 7% നെഗറ്റീവ് ഗ്രൂപ്പ് ആകുന്നു.
ഏറ്റവും കൂടുതല്‍ ഒ പോസിറ്റീവ്
ഏറ്റവും കുറവ് എബി നെഗറ്റീവ്
രക്തദാനത്തെക്കുറിച്ച് എഴുതപ്പെട്ട ചില ബ്ലോഗുകളും , ഓണ്‍ലൈന്‍ ലേഖനങ്ങളും :
1) ബൂലോഗക്ലബ്ബ്
2) ഷിബുവിന്റെ ബ്ലോഗ്
2) രക്തദാനം മാനവധര്‍മ്മം
6 comments:
രക്തം ദാനം ചെയ്യാന്‍ എല്ലാവരും തയ്യാറാവുകയാണെങ്കില്‍ രക്തം കിട്ടാതെ ആരും വിഷമിക്കേണ്ടി വരികയില്ല . രക്തം ദാനം ചെയ്യുന്നത് കൊണ്ട് ശരീരത്തിന് ഒരു ദോഷവും വരാനില്ല എന്ന് മാത്രമല്ല , പുതിയ രക്തം ശരീരത്തില്‍ ഉണ്ടാകുന്നതിന് അത് ഉത്തേജനമാവുകയും ചെയ്യും . രക്തത്തെക്കുറിച്ച് ഇന്നും പല അന്ധവിശ്വാസങ്ങളും നിലവിലുണ്ട് . അത്കൊണ്ടാണ് പലരും രക്തം ദാനം ചെയ്യാന്‍ മടിക്കുന്നത് .
പ്രിയ സുകു മാഷ്,
രക്തദാനത്തെ കുറിച്ച് താങ്കള്‍ നടത്തിയ ഈ ഓര്‍മ്മപ്പെടുത്തല്‍ വളരെ ഉചിതമായി. ഇതേക്കുറിച്ചുള്ള തെറ്റിദ്ധാരണകളും മറ്റും സംഗ്രഹിച്ച് ഒരു പോസ്റ്റാക്കാന്‍ പ്ലാനുണ്ട്. ആ ആശയത്തിനു മാഷിനു സ്പെഷ്യല്‍ നന്ദി.
ചെറിയൊരു അഭിപ്രായം - അഭിപ്രായം മാത്രമാണേ:)
‘വില്യം ഹാര്‍വിക്കു മുന്‍പ് രക്തം എങ്ങിനെയാണ് ശരീരത്തില്‍ ഒഴുകുന്നത് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു‘ എന്നത് വസ്തുതാപരമായി കൃത്യമാണെന്ന് തോന്നുന്നില്ല. പരസ്പരവിരുദ്ധമായ ഒരുപാടു കാര്യങ്ങളുണ്ടെങ്കിലും ഇന്ത്യയിലേതടക്കം ചില പ്രാചീന ടെക്സ്റ്റുകളില്‍ രക്തയോട്ടത്തെക്കുറിച്ചും ഹൃദയത്തിന്റെ പ്രവര്‍ത്തിയെക്കുറിചും വളരെ നല്ല നിരീക്ഷണങ്ങള്‍ ഉണ്ട്.എന്നാല്‍ അവ അപൂര്‍ണ്ണവും, പലതരം പ്രാദേശിക അന്ധവിശ്വാസങ്ങളും കൂടിക്കലര്‍ന്നവയായിരുന്നു എന്നതു നേര്.
വാചകം “വില്യം ഹാര്‍വി എന്ന ശാസ്ത്രജ്ഞനാണ് രക്തചംക്രമണവ്യൂഹം കണ്ടെത്തിയത് . അതിന് മുന്‍പ് രക്തചംക്രമണത്തിന്റെ പൂര്‍ണ്ണമായ ഫിസിയോളജിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.“ എന്നോ മറ്റോ ആക്കിയാല്‍ കുറേക്കൂടി വസ്തുനിഷ്ടമാകുമെന്ന് ഒരു തോന്നല്‍.
സൂരജ് , തിരുത്തിയിട്ടുണ്ട് . സൂരജിന്റെ പോസ്റ്റിന് പ്രതീക്ഷിക്കുന്നു . പക്ഷെ സൂരജ് , ബഹുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ആരോഗ്യരംഗത്ത് ഒരു ജനകീയ ആരോഗ്യശാസ്ത്രവേദി ആവശ്യമായിരുന്നു . സൂരജ് പറഞ്ഞ പീപ്പിള്‍സ് ഡോക്റ്റേഴ്സ് ഫോറം എന്ന സംഘടനയ്ക്ക് മാതൃകാപരമായ കാര്യങ്ങള്‍ പലതും ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നു .
കുറച്ച് രക്തദാനം നടത്തനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. (ഞാനൊരു ബി നെഗറ്റീവാണ്.ജീവിതത്തിലല്ല, രക്തത്തില്‍ മാത്രം.)അതിനെപ്പറ്റി ഒരു പോസ്റ്റ് ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മാഷിന്റെ ഈ പോസ്റ്റ് കണ്ടത്. എനിക്കുപകാരപ്പെടുന്ന ചില കാര്യങ്ങള്‍ മനസ്സിലാക്കിത്തന്നതിന് നന്ദി.
ഏറെ ഫലപ്രദം ഈ വിവരണം.
ഇന്നലെ 0- രക്തം കിട്ടാന്‍ കുറെ
സുഹൃത്തുക്കളെ ബന്ധപ്പെടേണ്ടി വന്നു.
ഒടുവില്‍,ലീവിനു വന്ന ഒരു പ്രവാസിയെലഭിച്ചു.
നാല്‍ മാസം മുന്നെ അദ്ദേഹം ഗള്‍ഫില്‍ വെച്ച്
തന്‍റെ രക്തം ഡൊണേറ്റ് ചെയ്തിരുന്നു.
മറ്റൊരു അത്യാവശ്യക്കാരന്‍/രിക്ക് തന്‍റെ
രക്തം ദാനം ചെയ്യാനവസരം കാത്ത്കഴിയുന്ന
ഒരു ചെറുപ്പക്കാരനാണ് അദ്ദേഹമെന്നറിഞ്ഞ്
ഞാന്‍ മനസ്സാ പ്രാര്‍ഥിച്ചുപോയി..
നല്ല ലേഖനം.ഇതിനെപറ്റി ചില ആളുകളുടെ ഇടയില്‍ വളരെയധികം തെറ്റിദ്ദാരണകള്‍ ഉണ്ട്. സ്വന്തം രക്ത ഗ്രൂപ്പ് പോലും അറിയാത്തവര്‍ ഉണ്ട്,രക്ത നിര്‍ണയ ക്യാമ്പിന്റെ പരിസരത്ത് പോലും പേടിച്ചു ഇവര്‍ പോകില്ല.ഗ്രൂപ്പ് അറിഞ്ഞാല്‍ ആളുകള്‍ അന്വേഷിച്ചു വരുമല്ലോ!
ഞാന്‍ ഇടയ്ക്കിടയ്ക്ക് രക്ത ദാനം ചെയ്യാറുണ്ടായിരുന്നു ,ഓ നെഗറ്റീവ് ആണ് ഗ്രൂപ്പ്.
Post a Comment