ഫേസ് ബുക്കിലെ ചാറ്റ്ഷോയില്‍ ഒരു ചോദ്യത്തിന് കൂടി മറുപടി പറയാനുണ്ടായിരുന്നു. പ്രിയ സുഹൃത്ത് നൗഷാദ് കൂടരഞ്ഞി ആണ് ചോദ്യകര്‍ത്താവ്. എന്തായാലും എന്റെ ബ്ലോഗ് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായിരുന്നു ഈ ചാറ്റ് ഷോ. എനിക്ക് സ്വയം അനാവരണം ചെയ്യാന്‍ അവസരം നല്‍കിയ അതിന്റെ സംഘാടകരോട് എനിക്കുള്ള കടപ്പാട് നിസ്സീമമാണ്. മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലെ അംഗങ്ങള്‍ എന്നോട് വളരെ ആദരവാണ് കാണിക്കുന്നത്. എല്ലാ അംഗങ്ങള്‍ക്കും എന്റെ സ്നേഹവും നന്ദിയും അറിയിക്കാനും ഈ അവസരം വിനിയോഗിക്കട്ടെ. കഴിയുന്നതും എന്തിനെക്കുറിച്ചും മുന്‍വിധിയില്ലാതെ മനസ്സിലാക്കാന്‍ ശ്രമിക്കുക എന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മിലേക്ക് വരുന്ന വിവരങ്ങള്‍ എല്ലാം സത്യസന്ധമാകണമെന്നില്ല. വിവരമാലിന്യങ്ങളും വര്‍ത്തമാന കാലത്തിലെ ഒരു പ്രതിഭാസമാണ്. ഇനി ചോദ്യങ്ങ:ളിലേക്ക് :
പ്രിയ സര്‍, അല്പം വൈകിയതില്‍ ക്ഷമിക്കുക. താങ്കളെ പോലുള്ള ഒരാളോട് സംവദിക്കാന്‍ കഴിയുന്നതിലെ എന്റെ സന്തോഷം പങ്കു വെക്കട്ടെ...
1) എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ താങ്കളുടെ വ്യത്യസ്തമായ ലേഖനം വായിച്ചിരുന്നു..ഏറെ ബഹുമാനവും തോന്നി. യഥാര്‍ഥത്തില്‍ കൂടുതല്‍ ആളുകള്‍ പറയുന്നതാണ് ശരി എന്ന രീതിയിലല്ലേ മലയാളികള്‍ ചിന്തിക്കുന്നത്..?
എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ സത്യത്തില്‍ എനിക്ക് ചിരിയാണ് വരുന്നത്. ആരെങ്കിലും ഒരു വിഷയം എടുത്തിടുന്നു. ഉടനെ എല്ലാവരും ഓടി വന്ന് ആ വിഷയം ഏറ്റെടുത്ത് കോറസ്സ് പോലെ പാടുന്നു. എല്ലാ കാര്യത്തിലും ഇത്പോലെ തന്നെയാണ് നടക്കുന്നത്. സ്വന്തമായി ഒന്നിനെക്കുറിച്ചും ആളുകള്‍ ചിന്തിക്കുന്നില്ല. അഥവാ ആരെങ്കിലും ഒറ്റപ്പെട്ട നിലയില്‍ ചിന്തിച്ച് അഭിപ്രായം പറഞ്ഞാല്‍ അത് എന്തോ ജനദ്രോഹമാണ് എന്ന് വരുത്തിത്തീര്‍ക്കുന്നു. അത്കൊണ്ട് സ്വന്തമായ അഭിപ്രായം പറയാന്‍ ആളുകള്‍ മടിക്കുന്നു. അത്കൊണ്ട് പൊതുജനാഭിപ്രായം എപ്പോഴും ആള്‍ക്കൂട്ടത്തിന്റെ അര്‍ത്ഥശൂന്യമായ ആരവമായി മാറുന്നു. ഞാന്‍ എന്റെ സ്വന്തം നിലയിലാണ് ചിന്തിക്കാറ്. എന്‍ഡോസല്‍ഫാന്റെ കാര്യത്തില്‍ എന്റെ നിലപാട് സുചിന്തിതമാണ്. കാസര്‍ഗോഡ് ദുരിതങ്ങള്‍ക്ക് കാരണം എന്‍ഡോസല്‍ഫാന്‍ ആണെങ്കില്‍ അത് അമിതമായി പ്രയോഗിച്ചത്കൊണ്ടാണ്. അതിന് നിരോധിക്കേണ്ട ആവശ്യം ഇല്ല. അഥവാ നിരോധിച്ചാലും പ്രശ്നം തീരുകയില്ല. കീടനാശിനികള്‍ ഇല്ലാതെ കൃഷി നടത്താന്‍ കഴിയില്ല. ജൈവവാദികള്‍ക്ക് പറഞ്ഞാല്‍ മതി. അവര്‍ക്ക് കൃഷി ചെയ്യേണ്ടല്ലൊ. കീടനാശിനി കമ്പനികളെ സഹായിക്കുകയാണെന്ന് ചിലര്‍ പറയും. കീടനാശിനികള്‍ ഉല്പാദിച്ച് വിതരണം നടത്താന്‍ പിന്നെ കമ്പനികള്‍ വേണ്ടേ? എല്ലാ സംഗതികളും അങ്ങനെയാണ്. കമ്പനികള്‍ ഇല്ലാതെ എന്തെങ്കിലും നടക്കുമോ? പുരോഗമനം , മനുഷ്യത്വം എന്നൊക്കെ പറഞ്ഞാല്‍ എല്ലാറ്റിനെയും കണ്ണും പൂട്ടി എതിര്‍ക്കുക എന്നാണ് ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്. അവനവന്‍ തന്നെ സ്വന്തമായി കാര്യങ്ങള്‍ വിശകലനം ചെയ്യുന്നവര്‍ക്ക് സംഗതികള്‍ മനസ്സിലാകും. നൗഷാദ് പറഞ്ഞത് തന്നെയാണ് ശരി. കൂടുതല്‍ ആളുകള്‍ പറയുന്നതാണ് ശരി എന്ന രീതിയിലാണ് മലയാളികള്‍ ചിന്തിക്കുന്നത്.
2) ഒരു മുന്‍ കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍...
A) പുതുതായി കമ്മ്യൂ ണിസത്തിലേക്ക് ആകൃഷ്ടരാവുന്നവരോട് എന്താണ് പറയാനുള്ളത്..?
കമ്മ്യൂണിസം ഒരു സിദ്ധാന്തം അല്ലെങ്കില്‍ പ്രായോഗിക ചിന്താപദ്ധതി എന്ന നിലയില്‍ ഇനി ആരേയും ആകര്‍ഷിക്കുകയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ തന്നെ ആളുകള്‍ കൂടുതലുള്ള പാര്‍ട്ടിയില്‍ മാത്രമേ പുതുതായി ആളുകള്‍ ചേരുകയുള്ളൂ. അത് കമ്മ്യൂണിസ്റ്റ് ആശയത്തോടുള്ള ഇഷ്ടം കൊണ്ടല്ല. എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമായി സുരക്ഷിതരാവുക എന്ന മന:ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്കൊണ്ടാണ്. സി.പി.ഐ. എന്ന പാര്‍ട്ടിയില്‍ ആരും ഇനി ചേരില്ല. എന്നാല്‍ സി.പി.എമ്മില്‍ ചേര്‍ന്നുകൊണ്ടേയിരിക്കും. എന്തെന്നാല്‍ ആ പാര്‍ട്ടിയില്‍ ആളുകള്‍ക്ക് സുരക്ഷിതത്വം കിട്ടും. അത്കൊണ്ട് സി.പി.എം. എന്ന പാര്‍ട്ടിയെ നടത്തികൊണ്ടു പോകാന്‍ ആ പാര്‍ട്ടിക്ക് ഇന്ന് കമ്മ്യൂണിസം വേണ്ട. ആള്‍ക്കൂട്ടം ചോര്‍ന്നുപോകാതെ നോക്കിയാല്‍ മതി. വലിയ ആള്‍ക്കൂട്ടം എസ്റ്റാബ്ലിഷ് ആയാല്‍ അതിലേക്ക് സദാ ആളുകള്‍ ഒഴുകി വരികയും അത് നിലനില്‍ക്കുകയും ചെയ്യും. ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് സമൂഹം ഒരു മൂവ്മെന്റ് എന്ന നിലയില്‍ സഞ്ചരിക്കാത്ത സാധാരണ അവസ്ഥയിലെ സ്ഥിതിയാണിത്. കമ്മ്യൂണിസം ഇനി ഒരു മൂവ്മെന്റ് ആയി മാറാന്‍ പോകുന്നില്ല. മാവോയിസ്റ്റുകള്‍ക്ക് ഇപ്പോഴുള്ള സ്വാധീനം ആ മേഖലയില്‍ ദാരിദ്ര്യവും അവികസിതാവസ്ഥയും ഉള്ളത്കൊണ്ടാണ്. മാവോയിസം കൊണ്ടോ കമ്മ്യുണിസം കൊണ്ടോ അതിന് പരിഹാരം കാണാന്‍ കഴിയുകയുമില്ല.
B) അതിലെ മികച്ചത്, അതേ സമയം ഒരിക്കലും നടപ്പിലാവാത്തത് എന്ന് താങ്കള്‍ കരുതുന്ന ആശയങ്ങള്‍ എന്തെല്ലാമാണ്..?
ആശയങ്ങള്‍ എന്നത് നടപ്പിലാക്കാന്‍ പറ്റുന്ന സംഗതികള്‍ അല്ല എന്ന് തോന്നുന്നു. അത്കൊണ്ടാണ് നമ്മള്‍ ആശയങ്ങള്‍ എന്ന് പറയുന്നത്. പ്രായോഗികമായത് എന്താണോ അതാണ് നടപ്പാവുകയും നടപ്പിലാക്കാന്‍ കഴിയുകയും ചെയ്യുക. പ്രായോഗികതയും ആശയങ്ങളും തമ്മില്‍ എപ്പോഴും വൈരുധ്യമുണ്ടാവും. കമ്മ്യൂണിസത്തിന്റെ പേരില്‍ നടന്നത് ചില രാജ്യങ്ങളില്‍ വിപ്ലവം എന്ന് അറിയപ്പെട്ട അധികാരം പിടിച്ചുപറ്റലാണ്. പിന്നീട് അവിടെയൊക്കെ കമ്മ്യൂണിസ്റ്റുകള്‍ സോഷ്യലിസം നടപ്പാകും എന്ന് കരുതപ്പെട്ടു. സോഷ്യലിസം എന്നത് ഒരു ആശയമാണ്. അത്കൊണ്ട് തന്നെ അത് എവിടെയും നടപ്പിലാവുകയും ചെയ്തില്ല. ചൈനയില്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടെങ്കിലും അവിടെയും സോഷ്യലിസം നടപ്പാക്കാന്‍ കഴിയില്ല. ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ മുതലാളിത്വം പ്രതിസന്ധിയില്‍ ആണെന്നും സോഷ്യലിസം വരും എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അതൊന്നും ഒരിക്കലും പ്രായോഗികമല്ല. ഇപ്പോള്‍ നോക്കുമ്പോള്‍ കമ്മ്യൂണിസത്തില്‍ മികച്ചത് എന്ന് തോന്നുന്നത് അതിലെ ആശയങ്ങള്‍ മാത്രമാണ്. നടപ്പിലാക്കാന്‍ ഒന്നുമില്ല. ആശയങ്ങള്‍ മതങ്ങളിലുമുണ്ട്. നല്ല ആശയങ്ങള്‍ ഇവിടെ നിലനില്‍ക്കട്ടെ. നമ്മള്‍ വെറും യന്ത്രങ്ങള്‍ ആയിപ്പോകാതിരിക്കാന്‍ ആശയങ്ങള്‍ നല്ലതാണ്.
C) അതിലെ ആശയങ്ങള്‍ക്ക് ഏതെല്ലാം മത ദര്‍ശനങ്ങളുമായി താങ്കള്‍ താദാത്മ്യം കാണുന്നു..?
കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മത ദര്‍ശനങ്ങളുമായി യാതൊരു താദാത്മ്യവുമില്ല. മനുഷ്യനെ കേവലം ഭൌതികസത്ത ആയിട്ടാണ് മാര്‍ക്സിസം കാണുന്നത്. മതമാകട്ടെ മനുഷ്യനെ ആത്മീയതയുടെ തലത്തില്‍ ദൈവവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. കമ്മ്യൂണിസം ഭൌതികേതരമായ ഒന്നിനെയും അംഗീകരിക്കുന്നില്ല. അത്കൊണ്ട് തന്നെ രണ്ടും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. സമ്പത്തിന്റെ വികേന്ദ്രീകരണമാണ് മാര്‍ക്സിസം മുന്നോട്ട് വെക്കുന്ന പ്രധാന സാമ്പത്തിക കാഴ്ചപ്പാട് എന്നത്കൊണ്ട് ഇസ്ലാമിസവുമായി താദാത്മ്യം ആരോപിക്കാമെങ്കിലും അത് ഉപരിപ്ലവമായ സാമ്യം മാത്രമായിരിക്കും. മാര്‍ക്സിസം ഹിംസയെ അടിസ്ഥാനപ്പെടുത്തിയ പ്രത്യയശാസ്ത്രമാണ്. അത്കൊണ്ടാണ് സ്റ്റാലിനെ പോലുള്ള ക്രൂരന്മാര്‍ അതിന്റെ നേതാക്കളാകുന്നത്.
D) യഹൂദനായിരുന്ന മാര്‍ക്സ് ഖുറാന്‍ വായിച്ചിരുന്നുവെങ്കില്‍ മത വിശ്വാസത്തിലധിഷ്ടിതമായ ഒരു പുതിയ ആശയം രൂപീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞേനെ എന്ന് നിരൂപിക്കുന്നവരുണ്ട്. താങ്കക്ക് എന്ത് തോന്നുന്നു.?
മാര്‍ക്സ് അടിസ്ഥാനപരമായി മനുഷ്യസ്നേഹിയാണ്. സമൂഹത്തില്‍ വര്‍ഗ്ഗപരമായ വിഭജനം മാത്രമാണ് അദ്ദേഹം നിരീക്ഷിച്ചത്. മതപരമായി യഹൂദന്‍ എന്നോ കൃസ്ത്യന്‍ അല്ലെങ്കില്‍ ഇസ്ലാം അങ്ങനെ വേര്‍തിരിച്ച് കാണാന്‍ മാര്‍ക്സിന് കഴിയുമായിരുന്നില്ല. അത്കൊണ്ട് ഖുര്‍ആന്‍ വായിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന് മത വിശ്വാസത്തിലധിഷ്ടിതമായ ഒരു ആശയം രൂപീകരിക്കുവാന്‍ കഴിഞ്ഞിരിക്കും എന്ന് നിരീക്ഷിക്കാനുള്ള വകുപ്പ് കാണുന്നില്ല.
E) കമ്മ്യുണിസ്റ്റ് സംഘടനാ പാടവത്തിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കോണ്ഗ്രസ് പാര്‍ടിയെ അഴിച്ചു പണിയണമെന്ന് താങ്കള്‍ക്കു തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും കിടയറ്റതാണ് കമ്മ്യൂണിസ്റ്റ് സംഘടനാ പാടവം. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ കൃത്യമായ ഇടവേളകളില്‍ സംഘടനാതെരഞ്ഞെടുപ്പ് എങ്കിലും നടന്നിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു എന്നാണാലോചിക്കുന്നത്.
F) ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരന് യഥാര്‍ത്ഥ മത വിശ്വാസിയാകുവാന്‍ സാധിക്കുമോ..?
ഒരിക്കലും സാധ്യമല്ല. യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരന് ചൂഷകനും ചൂഷിതനും എന്ന് രണ്ട് വിധത്തിലുള്ള ആളുകളെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. യഥാര്‍ഥ കമ്മ്യൂണിസം ലോകത്ത് നടപ്പാവുകയാണെങ്കില്‍ മതങ്ങള്‍ക്ക് പ്രസക്തി തന്നെ ഇല്ലാതാവും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കമ്മ്യൂണിസവും മതവിശ്വാസവും ഒരിക്കലും സഹവര്‍ത്തിക്കുകയില്ല.
3) താങ്കളുടെ ഒരു പോസ്റ്റില്‍ (മുസ്ലിം ലീഗിന് ഒരു സല്യൂട്ട്) ലീഗിന്റെ നല്ല വശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് മതേതര വാദികളുടെ പിന്തുണ നേടിയെടുക്കുന്നതില്‍ വലിയ അളവ് വിജയിച്ച മുസ്ലിം ലീഗ് എന്ത് കൊണ്ടാണ് മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവമാകാത്തത്..?
സ്വാതന്ത്ര്യസമരത്തിന്റെ നാളുകളില്‍ മുസ്ലീം ലീഗ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവമായിരുന്നുവല്ലോ. എന്നാല്‍ രാജ്യം വിഭജിക്കപ്പെടുകയും പാക്കിസ്ഥാന്‍ രൂപീകൃതമാവുകയും ചെയ്തതോടെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലീം ലീഗിന്റെ രാഷ്ട്രീയപ്രസക്തി ഇല്ലാതാവുകയായിരുന്നു എന്ന് പറയാം. പിന്നീട് പുനരുജ്ജീവിക്കപ്പെട്ട മുസ്ലീം ലീഗ്, മുന്നണി രാഷ്ട്രീയത്തിന്റെ ആനുകൂല്യം പറ്റി കേരളത്തില്‍ മാത്രം വളര്‍ന്നു എന്ന് പറയുന്നതായിരിക്കും ശരി. വിഭജനം നിമിത്തം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുസ്ലീംങ്ങള്‍ക്ക് വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ പോയി എന്നാണ് എനിക്ക് തോന്നുന്നത്. പാക്കിസ്ഥാനില്‍ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായില്ല. അവിഭക്ത ഇന്ത്യയായിരുന്നുവെങ്കില്‍ മുസ്ലീം ലീഗ് ഇന്ത്യയില്‍ നിര്‍ണ്ണായകമായ രാഷ്ട്രീയ ശക്തിയാകുമായിരുന്നു. എന്തായാലും നടന്നതും നടക്കുന്നതും നടക്കാന്‍ പോകുന്നതും നല്ലതിന് എന്ന് സമാധാനിക്കുകയാണ് ശരി. കേരളത്തില്‍ വര്‍ഗ്ഗീയവികാരം വളരാതെ ഒരു ബാലന്‍സ് ഇവിടെ നിലനിര്‍ത്തിയത് മുസ്ലീം ലീഗ് എന്ന പാര്‍ട്ടി ഒരു കോട്ട പോലെ ഇവിടെ നിലനിന്നത്കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു.
19 comments:
പോസ്റ്റ് വായിച്ചു,ഒരു ചെറിയ കമന്റ് എഴുതിക്കോട്ടെ,സ്വന്തമായി ഒന്നിനേക്കുറിച്ചും ആളുകള്‍ ചിന്തിക്കുന്നില്ല എന്നു പറയുന്നതത്ര ശരിയാണോ?കാസറഗോടെ പ്രശ്നം എന്റോസള്‍ഫാന്‍ അമിതമായി ഉപയോഗിച്ചതു തന്നെയാണ്.പക്ഷെ അതുപേക്ഷിക്കണം എന്നു പറയുന്നത്, ഇപ്പോഴും ആഴത്തില്‍ മണ്ണില്‍ അതിന്റെ അംശങ്ങള്‍ ഉണ്ട് എന്നതുകൊണ്ടാണ്(അമിതമായ ഉപയോഗം മൂലമാണതിനു കാരണം.).തല്‍ക്കാലം അതിന്റെ ഉപയോഗം നിറുത്തിവച്ചാല്‍ കാലക്രമേണ ആ മണ്ണ് രക്ഷപെട്ടേക്കാം.അല്ലാതെ കീടനാശിനികളും രാസവളങ്ങളും മുഴുവനായി നിറുത്താന്‍ തലക്ക് ബോധമുള്ളവര്‍ മാത്രമേ പറയൂ.ബാക്കിയുള്ള മണ്ടത്തരങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയാന്‍ കഴിയില്ല.
ഈ അഭിമുഖവും ശ്രദ്ധയോടെ വായിച്ചു.എന്‍ഡോസല്‍ഫാനൊഴികെ സാറിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.
എന്‍ഡോസള്‍ഫാന്റെ കെടുതികള്‍ക്ക് ഇരയായവരില്‍ “എനിക്കും എന്റെ കെട്ട്യോനും അയലക്കത്തെ തട്ടാനും” ഒന്നും പറ്റിയിട്ടില്ല, അതിനാല്‍ കെ പി എസിന്റെ അഭിപ്രായത്തോടൊപ്പം ഞാനും നിന്നോണ്ട് അതിനടീല്‍ ഒരു കനപ്പെട്ട ഒപ്പ്. ഒരു കാര്യം ശരിയാണ്, എല്ലാരും അതിന് പിറകേ ഓടുന്നുവെന്നല്ലാതെ വേറൊന്നും സംഭവിക്കുന്നില്ല!
ആരെങ്കിലും ഒരു വിഷയം എടുത്തിടുന്നു. ഉടനെ എല്ലാവരും ഓടി വന്ന് ആ വിഷയം ഏറ്റെടുത്ത് കോറസ്സ് പോലെ പാടുന്നു.
ശരിയാണ്, ഈയിടെയുണ്ടായ ഒരു വിഷയമാണല്ലോ കണ്ടല്‍ക്കാടും കണ്ണൂര്‍ പാര്‍ക്കും.
കൊഞ്ചിനും മത്സ്യത്തിന്നും മാത്രം നന്മയെന്ന് കരുതിയിട്ടോ ആവോ കോടതികളും ഗൂഗിള്‍ ബസ് ,ബ്ലോഗ് പുണ്യവാളചരിത്രകാര-കാരികള്‍ കണ്ടല്‍ക്കാടിന്നെതിരെ, അതിന്ന് എ ആറിന്റെ അവാര്‍ഡ് ഗാനം പാടാനും സാറേ, മാഷേ, റ്റീച്ചറേ എന്ന് വിളിക്കാനും സ്തുതിപാഠാനും ആള്‍ക്കാര്‍, എന്തെ അവരൊന്നും മനുഷ്യര്‍ ഹിരോഷിമ-നാഗസാക്കി ജന്മം കാസറഗോഡില്‍ അനുഭവിക്കുന്നത് കാണാത്തെ? എന്തിന്ന് അവരെ പറയണം അല്ലെ-മനുഷ്യനല്ലേ മറ്റൊരു മനുഷ്യനെ തിരിച്ചറിയാന്‍ കഴിയൂ.
സോറി, ഈ മണ്ടത്തരവിഷയങ്ങളില്‍ എനിക്കും ചിരി വരുന്നുണ്ട് ഇപ്പോള്‍!!
"മാര്‍ക്സിസം ഹിംസയെ അടിസ്ഥാനപ്പെടുത്തിയ പ്രത്യയശാസ്ത്രമാണ്. അത്കൊണ്ടാണ് സ്റ്റാലിനെ പോലുള്ള ക്രൂരന്മാര്‍ അതിന്റെ നേതാക്കളാകുന്നത്"
സുകുമാരന്‍ സാര്‍ ഒരൊറ്റ ചോദ്യം മാത്രം..?
ഒരു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുകയും, അതിനെ പിന്‍പറ്റി ജീവിക്കുകയും ചെയ്യുന്ന ആളുകള്‍ ചെയ്യുന്ന എല്ലാ ക്രൂരതകളും, മനുഷ്യക്കുരുതികളും ആ പ്രത്യയശാസ്ത്രത്തെ തന്നെ "ഹിംസാത്മകം" ആയ ഒന്നാക്കും എന്നല്ലേ സാര്‍ പറയുന്നത്. അപ്പോള്‍ സ്റ്റാലിനേപ്പോലെയോ അല്ലെങ്കില്‍ അദ്ദേഹത്തിനെക്കാള്‍ പതിന്‍മടങ്ങോ ക്രൂരതകള്‍ ചെയ്ത / ചരിത്രം രക്തദാഹികള്‍ ആയി കുറിച്ചിട്ട വ്യക്തികളെയും, അവര്‍ അടിയുറച്ചു വിശ്വസിക്കുന്ന അവരുടെ പ്രത്യയ ശാസ്ത്രത്തെയും(?) സാര്‍ "ഹിംസാത്മകം" എന്ന് വിളിക്കുമോ? അങ്ങനെ വിളിക്കേണ്ടേ സാര്‍ ?
ellaaashamsakalum
താങ്കളുടെ ധൈഷണികമായ കാഴ്ചപ്പാടുകള്‍, സത്യസന്ധമായ നിലപാടുകള്‍, അന്യ ആശയങ്ങളെ ആദരിക്കുവാനുള്ള വിശാല മനസ്കത, എല്ലാം താങ്കളെ വ്യതസ്തനാക്കുന്നു. അവാര്‍ഡ് വാങ്ങുന്ന ആള്‍കൂട്ട ബ്ലോഗുകളില്‍ പോലും വ്യര്‍ഥമായ കാര്യങ്ങളാണ് പങ്കുവെക്കപ്പെടുന്നത്. കേവലം ആള്‍ കൂട്ടങ്ങളിലാണ് ജനം പ്രതീക്ഷയര്പ്പിക്കുന്നത് എന്നതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പരാജയം.!
knhappuvinte asamsakal ....
>>> മാര്‍ക്സ് അടിസ്ഥാനപരമായി മനുഷ്യസ്നേഹിയാണ്. സമൂഹത്തില്‍ വര്‍ഗ്ഗപരമായ വിഭജനം മാത്രമാണ് അദ്ദേഹം നിരീക്ഷിച്ചത്. മതപരമായി യഹൂദന്‍ എന്നോ കൃസ്ത്യന്‍ അല്ലെങ്കില്‍ ഇസ്ലാം അങ്ങനെ വേര്‍തിരിച്ച് കാണാന്‍ മാര്‍ക്സിന് കഴിയുമായിരുന്നില്ല. അത്കൊണ്ട് ഖുര്‍ആന്‍ വായിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന് മത വിശ്വാസത്തിലധിഷ്ടിതമായ ഒരു ആശയം രൂപീകരിക്കുവാന്‍ കഴിഞ്ഞിരിക്കും എന്ന് നിരീക്ഷിക്കാനുള്ള വകുപ്പ് കാണുന്നില്ല. <<<
മാര്‍ക്‌സ് അടിസ്ഥാനപരമായി മനുഷ്യസ്‌നേഹിയാണ് എന്ന് അംഗീകരിക്കുന്നത് കൊണ്ടും അദ്ദേഹം ചുഷണമുക്തമായ ഒരു സാമൂഹ്യക്രമത്തിന് ദാഹിച്ച ഒരു ദാര്‍ശനികനായിരുന്നുവെന്നതുകൊണ്ടുമാണ് ചിലര്‍ അദ്ദേഹത്തിന് ഖുര്‍ആന്‍ വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നത്. താങ്കള്‍ക്ക് മറ്റുമതങ്ങളില്‍നിന്ന് എങ്ങനെയാണ് ഇസ്ലാം വ്യത്യസ്ത പുലര്‍ത്തുന്നത് എന്നിടത്തോളം വായനയെത്താത്തതുകൊണ്ടാണ് ഈ ചോദ്യം വേണ്ടവിധം ഉള്‍കൊള്ളാന്‍ കഴിയാതെ പോയത്.
എന്റെ നീരീക്ഷണമാണ്. തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലോ..
@ ശ്രീജിത്, മാര്‍ക്സിസം ഹിംസയെ അടിസ്ഥാനപ്പെടുത്തിയ സിദ്ധാന്തമാണെന്ന് പറയാന്‍ കാരണം, മനുഷ്യരാശിയെ മാര്‍ക്സിസം രണ്ട് വര്‍ഗ്ഗങ്ങളായാണ് കാണുന്നത്. ഈ രണ്ട് വര്‍ഗ്ഗങ്ങളും പരസ്പരം ശത്രുതയിലാണെന്ന് മാര്‍ക്സിസം വിവക്ഷിക്കുന്നു. അത്കൊണ്ട് ശത്രു വര്‍ഗ്ഗമായ ബൂര്‍ഷ്വവര്‍ഗ്ഗത്തെ ഉന്മൂലനം ചെയ്യുക എന്നത് ചൂഷിതവര്‍ഗ്ഗത്തിന്റെ കടമയായി മാര്‍ക്സിസം ചൂണ്ടിക്കാട്ടുന്നു. സോവിയറ്റ് വിപ്ലവാനന്തരം ശരിക്കും ഉന്മൂലനമാണ് അവിടെ നടന്നത്. നിക്കോളസ് ചക്രവര്‍ത്തിയെയും കുടുംബത്തെയും ഉന്മൂലനം ചെയ്തു. കെരന്‍സ്കിയെയും മറ്റുള്ളവരെയും കൊന്നു. രാജ്യത്തെ മുഴുവന്‍ ജന്മികളെയും കൊന്നിട്ടാണ് കൃഷിഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യം സ്ഥാപിച്ച് ശത്രുവര്‍ഗ്ഗത്തെ ഉന്മൂലനം ചെയ്തുകഴിഞ്ഞപ്പോള്‍ പിന്നെ എതിരാളികള്‍ ഉണ്ടാകുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെയാണ്. പ്രതിവിപ്ലവകാരികള്‍ എന്ന ഓമനപ്പേരിലാണ് ഇക്കൂട്ടര്‍ അറിയപ്പെടുക. നേതൃത്വത്തിന്റെ സര്‍വ്വാധികാരപ്രവണതകളെ ചോദ്യം ചെയ്യുന്നവര്‍ക്കാണ് ഇമ്മാതിരി പ്രതിവിപ്ലവകാരി പട്ടം ചാര്‍ത്തിക്കിട്ടുക. അവരെ ഒന്നുകില്‍ ഉന്മൂലനം ചെയ്യും അല്ലെങ്കില്‍ ലേബര്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ച് ജീവപര്യന്തം പീഠിപ്പിക്കും.
ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവരുടെ ഹിംസാത്മകതയെ ശമിപ്പിക്കാന്‍ ഇരകള്‍ എന്നും വേണം. ഇവിടെ വി.എസ്.അച്യുതാനന്ദന്‍ ജീവിച്ചുപോകുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ബലം കൊണ്ടാണ്. മറ്റ് പ്രത്യയശാസ്ത്രം പിന്‍പറ്റുന്നവരില്‍ ഹിംസിക്കാനുള്ള പ്രവണത ഉണ്ടാവാം. എന്നാല്‍ ആ പ്രത്യയശാസ്ത്രങ്ങള്‍ ഒന്നും ഹിംസയെ ഉപാധിയാക്കുന്നില്ല. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന് ഉല്‍ബോധിപ്പിക്കുന്നില്ല.
>>> അപ്പോള്‍ സ്റ്റാലിനേപ്പോലെയോ അല്ലെങ്കില്‍ അദ്ദേഹത്തിനെക്കാള്‍ പതിന്‍മടങ്ങോ ക്രൂരതകള്‍ ചെയ്ത / ചരിത്രം രക്തദാഹികള്‍ ആയി കുറിച്ചിട്ട വ്യക്തികളെയും, അവര്‍ അടിയുറച്ചു വിശ്വസിക്കുന്ന അവരുടെ പ്രത്യയ ശാസ്ത്രത്തെയും(?) സാര്‍ "ഹിംസാത്മകം" എന്ന് വിളിക്കുമോ? അങ്ങനെ വിളിക്കേണ്ടേ സാര്‍ ? <<<
സ്റ്റാലിന്‍ ക്രൂരതയില്‍ ഒന്നാം സ്ഥാനത്ത് വന്നതുകൊണ്ടോ അതല്ല രണ്ടാം സ്ഥാനത്തോ പത്താം സ്ഥാനത്തോ ആയതുകൊണ്ടാണ് കമ്മ്യൂണിസത്തെ ഹിംസാത്മകം എന്ന് വാദിച്ചാല്‍ മാത്രമേ ഈ ചോദ്യത്തിന് പ്രസക്തിയുള്ളൂ എന്ന തോന്നുന്നു. കമ്മ്യൂണിസത്തെക്കുറിച്ച് കുറേകൂടി വ്യക്തതയുള്ള ഒരു ലേഖനം അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിക്കുന്നു.
പ്രിയ കെപിഎസ്,
മേല്‍ കമന്റിടുമ്പോള്‍ നിങ്ങളുടെ വിശദീകരണം കണ്ടിരുന്നില്ല. എന്റെ സംശയത്തിന് അത് നിവാരണമായി.
@ ലത്തീഫ്, കമ്മ്യൂണിസത്തിന്റെ ഹിംസകള്‍ എത്രയോ വാള്യങ്ങളായി എഴുതപ്പെട്ടുകിടക്കുന്നുണ്ട്.നൊബേല്‍ പ്രൈസ് കിട്ടിയ സോള്‍ഷെനിറ്റ്സന്റെ ഗുലാഗ് ആര്ക്കിപെലാഗോ എന്ന കൃതി അത്തരമൊരു ഇതിഹാസമാണ്. വെറുതെയല്ല കമ്മ്യൂണിസം ലോകത്ത് നിന്ന് അപ്രത്യക്ഷമാകാന്‍ പോകുന്നത്. അതിലെ ഹിംസാത്മകതയുടെ ഫലമാണ്.ഈ കൊച്ചു കേരളത്തില്‍ പോലും ആളുകള്‍ സി.പി.എമ്മിനെ ഭയപ്പെടേണ്ടി വരുന്നത്കൊണ്ടല്ലേ ആ പാര്‍ട്ടിക്ക് ജനസമ്മതി വര്‍ദ്ധിക്കാത്തത്.
(മേലെ എന്റെ കമന്റില്‍ പീഠിപ്പിക്കും എന്നത് പീഢിപ്പിക്കും എന്ന് തിരുത്തി വായിക്കേണ്ടതാണ്.)
പ്രിയ കെ.പി.എസ്
അവസാനം താങ്കള്‍ സൂചിപ്പിച്ച കാര്യത്തോട് എനിക്ക് ചെറിയ വിയോജിപ്പുണ്ട്. കേരളത്തില്‍ മതേതരത്വം നിലനിര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് എന്നാണ് എന്റെ പക്ഷം. കേരളത്തില്‍ അവര്‍ മതവിരുദ്ധതയിലോ ഹിംസാത്മകതയിലോ ഊന്നുന്നുവെന്ന് എനിക്ക് അഭിപ്രായമില്ല. അതുകൊണ്ടു തന്നെ കേരളത്തില്‍ ദീര്‍ഘകാലം ഇനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിലനില്‍ക്കും. കണ്ണൂരിനെ ഞാന്‍ ഈ പൊതു പരാമര്‍ശത്തില്‍നിന്നൊഴിവാക്കുന്നു. ലോകത്തെ സംബന്ധിച്ച് നോക്കുമ്പോള്‍ താങ്കളുടെ വീക്ഷണം തെറ്റാണെന്ന് പറയാന്‍ എനിക്ക് ധൈര്യം പോരാ. പക്ഷെ കേരളത്തില്‍ അവരുടെ സാന്നിദ്ധ്യം ഇന്നിന്റെ ഒരു ആവശ്യമാണ്. ഇതെന്റെ വ്യക്തിപരമായ അഭിപ്രായം.
പ്രിയ സുകുമാരന്‍ സാര്‍.. എന്‍റെ ചോദ്യത്തിന് സാര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. സാര്‍ എല്ലായിടത്തും പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രം ആണ് ചെയ്തത്. മാര്‍ക്സിസം എന്നത് "ഹിംസാത്മകമായ" വെറും ഒരു പ്രത്യയശാസ്ത്രം ആണ് എന്നാണ് അങ്ങ് പറയുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കും, മുന്നേറ്റങ്ങള്‍ക്കും ലോകക്രമത്തില്‍ ഗുണാത്മക ആയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ആയിട്ടില്ല എന്നും ആണ് താങ്കള്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നതും. അതിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നില്ല. അതിനായി അങ്ങ് നിരത്തുന്നത് അമേരിക്കന്‍, യൂറോപ്യന്‍ നോബല്‍ സമ്മാന ജേതാക്കളുടെ ഇതിഹാസങ്ങളും (??) വേദഗ്രന്ഥങ്ങളും ആണ്. അമേരിക്കക്കും, യൂറോപ്പിനും താല്പര്യമുള്ളവര്‍ക്ക് മാത്രം അവര്‍ വര്‍ഷാവര്‍ഷം നല്‍കുന്ന "ഇഷ്ടദാനം" ആണ് നോബല്‍ സമ്മാനം എന്ന് അതിന്‍റെയൊക്കെ ചരിത്രം പഠിച്ചാല്‍ മനസ്സിലാകും. അതെന്തോ ആകട്ടെ. കമ്മ്യൂണിസം എന്നല്ല എല്ലാ മാനവിക ആശയങ്ങളും ചൂഷണക്കാരെ ശത്രുക്കള്‍ ആയി തന്നെ കാണും എന്ന് തീര്‍ച്ചയാണ്. അല്ലാതെ ഇരകളുടെ (ഇരകള്‍ എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്, നമുക്ക് തമാശയായി തോന്നിയാലും>>!) അവസാന തുള്ളി ചോരയും കുടിക്കാന്‍ നാക്ക് നീട്ടുന്ന ചൂഷകരെ മനുഷ്യത്വം തെല്ലവശേഷിക്കുന്ന ആര്‍ക്കാണ് മിത്രങ്ങള്‍ ആണ് കാണാന്‍ കഴിയുക. ഇന്ന് സമൂഹം ചൂഷണവും, ഇരവല്‍ക്കരണവും കൊണ്ട് പൊറുതിമുട്ടുന്നില്ലേ.? നമ്മളെപ്പോലുള്ളവര്‍ക്ക് ചിലപ്പോള്‍ അതൊന്നും കാണാന്‍ കഴിയുന്നുണ്ടാവില്ല>!
ചൂഷിതവര്‍ഗം/ചൂഷണ വര്‍ഗം എന്ന വര്‍ഗീകരണം അയഥാര്‍ത്ഥമായ ഒന്നാണോ? റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാരുടെ പൈശാചികവും മനുഷ്യത്വ വിരുദ്ധവും ആയ മത പൌരോഹിത്യ രാജഭരണത്തെകൂടത്തിനെതിരെയുള്ള സായുധമായ സംഘടിക്കല്‍ അവിടെയുള്ള ബഹുഭൂരിപക്ഷം സാധാരക്കാര്‍ ആയ ചൂഷിതരുടെ ജീവിതാവശ്യം ആയിരുന്നു. നിക്കോളാസ് രണ്ടാമനെയും, രാസ്പുട്ടിന്‍ എന്ന പുരോഹിതനെയും എല്ലാം ചരിത്രത്തിന്റെ കറുത്ത ഏടുകളില്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജാധികാരവും, മത പൌരാഹിത്യവും ചേര്‍ന്ന് അടിമകള്‍ ആയ പ്രജകളുടെ മേല്‍ നടത്തിയ ഭീകരവാഴ്ചക്കെതിരെയുള്ള ഒരു ചെറുത്തുനില്‍പ്പും പ്രധിഷേധവും ആയിരുന്നു റഷ്യന്‍ വിപ്ലവം. അതില്‍ രാജാധിപത്യ,പൌരാഹിത്യ വര്‍ഗങ്ങളെ ഒരുപാട് ഉന്മൂലനം ചെയ്തിട്ടുണ്ടാകും. അത് മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഉള്ള ചെറുത്തുനില്‍പ്പിന്റെ ഭാഗമാണ്. അടിമത്തത്തെ ആഘോഷിക്കാന്‍ അവര്‍ക്കായിടുണ്ടാവില്ല. സാര്‍ വായിച്ച ഒരു അമേരിക്കന്‍/യൂറോപ്യന്‍ ഇതിഹാസങ്ങളിലും സാര്‍ ചക്രവര്‍ത്തിമാരുടെ സ്വേച്ഛാധിപത്യ ദുര്‍ഭരണത്തിന്റെ ഹിംസകള്‍ വാള്യങ്ങള്‍ ആയി പ്രസിദ്ധീകരിക്കില്ല. അങ്ങനെ പ്രസിദ്ധീകരിച്ചതോന്നും സാര്‍ വായിചിരിക്കാനും ഇടയില്ല. ഓരോ വിപ്ലവങ്ങള്‍ക്കും അതിന്റേതായ ശക്തമായ സാമൂഹിക കാരണങ്ങള്‍ ഉണ്ടായിരുന്നു. ചരിത്ത്രത്തെ മുന്‍വിധിയോടല്ലാതെ സമീപിച്ചാല്‍ അത് മനസ്സിലാകാന്‍ ആകും. ചൈനയിലെ ചിയാന്ഗ് കൈഷക്കിന്റെയോ, ഫ്രാന്‍സിലെ ലൂയി രാജാക്കന്മാരുടെയോ, റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാരുടെയോ ഹിംസാത്മക ഭീകരതയെ വെള്ളപൂശി, അവര്‍ക്കെതിരായി നടന്ന നടന്ന വിപ്ലവങ്ങളെ എതിര്‍ക്കുന്നത് "തികഞ്ഞ "കമ്മ്യൂണിസ്റ്റ് വിരോധം" കൊണ്ട് മാത്രം ആണ് എന്ന് പറയാതെ വയ്യ.. :)
"മറ്റ് പ്രത്യയശാസ്ത്രം പിന്‍പറ്റുന്നവരില്‍ ഹിംസിക്കാനുള്ള പ്രവണത ഉണ്ടാവാം. എന്നാല്‍ ആ പ്രത്യയശാസ്ത്രങ്ങള്‍ ഒന്നും ഹിംസയെ ഉപാധിയാക്കുന്നില്ല. "
ലോകത്ത് രക്തം ചിന്തിയ പ്രത്യയശാസ്ത്രം കമ്മ്യൂണിസം ആണോ? മാര്‍ക്സിസത്തില്‍ ചൂഷണ വര്‍ഗത്തെ ഹിംസിക്കാന്‍ ആണ് പറയുന്നത് എന്നും അങ്ങ് പറഞ്ഞു. ഇതിലും രക്ത രൂക്ഷിതം ആയ ആഹ്വാനങ്ങളും യുദ്ധങ്ങളും അല്ലെ മതങ്ങളും, മത ഗ്രന്ഥങ്ങളും, മാതാനുയായികളും പുറത്തുവിടുന്നത്. മഹാഭാരത യുദ്ധത്തില്‍ സ്വന്തം സഹോദരന്മാരെ കൊല്ലാന്‍ മടിച്ചു നില്ല അര്‍ജുനനെ യുദ്ധം ചെയ്യാന്‍ ഊര്‍ജ്ജം നല്‍കിയതും, യുദ്ധത്തെ ന്യായീകരിക്കാന്‍ "ഗീതോപദേശം" നല്‍കിയതും ദൈവം തന്നെ അല്ലെ. "നിഷ്കാമകര്‍മ്മം" പറയുന്ന ദൈവം അര്‍ജുനനോടു പറയുന്നത് നീ നിന്റെ എതിരാളികളെ (സഹോദരന്മാരെ) കൊന്നൊടുക്കി ജയം നേടിയാല്‍ നിനക്ക് ലഭിക്കുന്നത് രാജ്യവും നീ യുദ്ധത്തില്‍ അഥവാ മരണപ്പെട്ടാല്‍ നിനക്ക് ലഭിക്കുന്നത് വീര സ്വര്‍ഗ്ഗവും എന്നാണ്. ഇത്തരം ദൈവീക വചനങ്ങള്‍ പിന്തുടരുന്ന വിശ്വാസികള്‍ക്ക് എങ്ങനെയാണ് അഹിംസയിലൂടെ മുന്നേറാന്‍ ആവുക. ഇങ്ങനെ ഒരുപാട് ഹിംസാത്മക ആഹ്വാങ്ങള്‍ (എല്ലാ മതങ്ങളിലും!!!) നല്‍കുന്ന മതങ്ങളും " ഹിംസാത്മകതയില്‍ ചിട്ടപ്പെടുത്തിയ ആദര്‍ശങ്ങള്‍ അല്ലെ" . അന്യമതക്കാരെ, അല്ലെങ്കില്‍ സ്വന്തം മതത്തില്‍ വിശ്വസിക്കാത്തവരെ ഹിംസിക്കാന്‍ പറയുന്ന മത ആശയങ്ങളും തികച്ചും ഹിമ്സാത്മകം അല്ലെ. മത നിഷേധികളെയും അന്യമതക്കരെയും ശത്രുക്കളായി കാണാന്‍ പറയുന്ന ആശയങ്ങള്‍ അഹിംസയില്‍ ഊന്നിയതാണോ?
മറ്റൊരു ആദര്‍ശങ്ങളിലും "ഹിംസാത്മകത" കാണാത്തത് അവയൊന്നും ശരിക്ക് വായിക്കാത്തതിനാല്‍ ആയിരിക്കും എന്ന് തോന്നുന്നു. ഹിമ്സാത്മകത ഉത്ഘോഷിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഞാന്‍ വായിച്ച മതഗ്രന്ഥങ്ങളില്‍ ഉണ്ട്. എന്നാല്‍ അവക്കെല്ലാം മതവിശ്വാസികള്‍ ന്യായീകരണവും നല്‍കുന്നുണ്ട്. അതവരുടെ കടമയും ആണല്ലോ>! ലക്ഷക്കണക്കിന് നിരപരാധികള്‍ ആയ മനുഷ്യരെ കൊന്നൊടുക്കിയ കുരിശുയുദ്ധത്തിന്റെ പേരില്‍ ആ "മത ദര്‍ശനം" എങ്ങനെ ഹിമ്സാത്മകം ആകുന്നില്ല. ? മതാന്ധനും അന്യമത വിദ്വേഷിയും ആയ ഹിറ്റ്ലര്‍ നടത്തിയ ലക്ഷക്കണക്കിന് വരുന്ന ജൂത വംശഹത്യയുടെ പേരില്‍ അദ്ദേഹത്തിനെ മത ആദര്‍ശത്തെ എന്തുകൊണ്ട് ഹിമ്സാത്മകം എന്ന് വിളിക്കുന്നില്ല. ഷാ ഭരണ കൂടത്തിനെതിരെ ആത്മീയ ആചാര്യന്‍ അയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തില്‍ നടന്ന മഹത്തായ മത വിപ്ലവത്തില്‍ മരണപ്പെട്ട ആയിരങ്ങള്‍, നാടുകടത്തപ്പെട്ട പതിനായിരങ്ങള്‍.. നരേന്ദ്രമോഡി മുതല്‍ അസിമാനന്ദ സ്വാമി വരെയുള്ളവയുടെ മത ആദര്‍ശം സമാധാനപരമായ ഒന്നാണോ? ലോക ചരിത്രത്തില്‍ തന്നെ കൊടും ക്രൂരന്‍ ആയി അറിയപ്പെടുന്ന ഈദി അമീന്‍ നടത്തിയ ഹിംസകളെ എങ്ങെനെ ന്യായീകരിക്കും. ലക്ഷക്കണക്കിന് കുര്‍ദുകളെ വംശഹത്യ നടത്തിയ സദാം ഹുസൈന്‍ എങ്ങനെ വീരപുരുഷന്‍ ആകും. മുഗള്‍ രാജാക്കന്മാരും സുല്‍ത്താന്മാരും തുടങ്ങി ബിന്‍ലാദന്‍ വരെ ഉള്ളവര്‍ നടത്തിയ ആക്രമണങ്ങളെയും രക്തരൂക്ഷിത യുദ്ധങ്ങളുടെയും പേരില്‍ അവരുടെ മത ആദര്‍ശങ്ങളെ എങ്ങനെ അഹിംസയില്‍ ഊന്നിയ ഒന്നായി കാണാന്‍ ആകും.
മേല്‍പറഞ്ഞ രക്തരൂക്ഷിത യുദ്ധങ്ങള്‍ക്കും, വംശ ഹത്യകള്‍ക്കും എല്ലാം മതങ്ങള്‍ക്കും വിശ്വാസികള്‍ക്കും ന്യായീകരണങ്ങള്‍ ഉണ്ടാകും. അതില്‍ ദൈവീകാമോ, ആദ്ധ്യാത്മികമോ ആയ പരിവേഷങ്ങളും ചാര്‍ത്തപ്പെടും. ദൈവീക കാര്‍മ്മികത്വത്തില്‍ നടന്നവയാണ് എന്ന കാരണത്താല്‍ ഹിംസകള്‍, യുദ്ധങ്ങള്‍ - ഒന്നും അഹിംസകള്‍ ആകുകയില്ലല്ലോ?
ഈജിപ്തിലെ ഹോസ്നി മുബാറക്കിന്റെ ദുര്‍ഭരണത്തില്‍ പ്രധിഷേധിച്ചു സമരം നടത്തുന്ന വിപ്ലവകാരികളെയും, മത തീവ്രവാദ ഗ്രൂപ്പുകളെയും എതിര്‍ക്കുന്നതില്‍ ന്യായമുണ്ടോ? അതോ ഹോസ്നി മുബാരക്കിന്‍റെ ദുര്‍ഭരണം സഹിച്ചു ജനങ്ങള്‍ ജീവിക്കട്ടെ എന്നോ? എല്ലാ വിപ്ലവങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും അതിന്റേതായ കാരണങ്ങള്‍ ഉണ്ട് എന്നിരിക്കെ കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളെ മാത്രം ഹിംസാത്മകമായി ചിത്രീകരിക്കുന്നത് എന്തിനാണ്. നോബല്‍സമ്മാന ഇതിഹാസങ്ങള്‍ വായിച്ചു മാര്‍ക്സിയന്‍ ആദര്‍ശം ഹിംസാത്മകം ആണെന്ന് വാദിക്കുന്ന അങ്ങ് ദയവായി മറ്റ് ഇതിഹാസ/വേദ ഗ്രന്ഥങ്ങളും കൂടി ഒന്ന് വായിച്ചു നോക്കണം എന്നാണ് എനിക്ക് വിനീതമായി അഭ്യര്‍ഥിക്കാന്‍ ഉള്ളത്.. (സാര്‍ കമ്മ്യൂണിസത്തെ ചര്‍ച്ചക്ക് വക്കുമ്പോള്‍ മതങ്ങളെ ആണ് കൂടെ താരതമ്യം ചെയ്യുന്നത്. അതിനാല്‍ ആണ് ഞാനും അങ്ങനെ തന്നെ താരതമ്യം ചെയ്തതും...! )
ഞാന്‍ ഈ വിഷയത്തെ കുറിച്ച് ഇതേ പോസ്റ്റില്‍ ഇനി കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. നിര്‍ത്തുന്നു... ആശംസകള്‍...
സുചിന്തിതമായ ഒരു നിലപാട് എല്ലാവര്ക്കും സാധിക്കാത്ത ഒന്നാണ്. അത് കൊണ്ടായിരിക്കും നിലപാടുകളുടെ മലവെള്ളപ്പാചിലുകളില്‍ ഏറ്റവും ശക്തിയോടെ കൊണ്ട് പോവാന്‍ കേള്പ്പുള്ള ചിലര്‍ക്ക് വൈയക്തികമായി അത് സാധിക്കുന്നത്. താങ്കള്‍ പറഞ്ഞ സി.പി.എം., സി.പി.ഐ. ഉദാഹരണം നല്ലൊരു വിലയിരുത്തലാണ്. ആശയവും പ്രയോഗിഗതയും തമ്മിലുള്ള അന്തരം വിലയിരുത്തിയതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.
എണ്ടോ സുല്ഫാന്‍ വിഷയത്തില്‍ താങ്കള്‍ പറഞ്ഞത് പ്രായോഗികമായി ശരിയാണെങ്കിലും ഇലയുടെ പക്ഷത്തു നില കൊള്ളുന്നത് കൊണ്ട് മുള്ളിനു ഒരു പോറലും എല്ക്കില്ല എന്നാ സത്യം നിലനില്‍ക്കുന്നു താങ്കളുടെ അവതരണ മികവ് ചോദ്യോത്തരങ്ങളുടെ പരിപാടിയുടെ നിലവാരം ഉയര്‍ത്തി...ആശംസകള്‍. !
Post a Comment