ശാന്തി ഭൂഷണ്‍ , താങ്കള്‍ ഞങ്ങള്‍ക്ക് വേണ്ടി ജയിലില്‍ പോകൂ പ്ലീസ്!

അങ്ങനെ നമ്മുടെ രാജ്യം എല്ലാംകൊണ്ടും അഴിമതിയില്‍ മുങ്ങിത്താണ്കൊണ്ടിരിക്കുകയാണ്.  ഇനി ഈ രാജ്യത്തെ ഈ അഴിമതിയില്‍ നിന്ന് രക്ഷിക്കാന്‍ സാക്ഷാല്‍ ദൈവത്തിന് പോലും കഴിയില്ല.  ജ്യൂഡിഷ്യറി പോലും അഴിമതിവിമുക്തമല്ല എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് നമ്മളിപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്.  നമ്മള്‍ സാധാരണക്കാര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും? നമ്മുടെ കൈയില്‍ എന്താണ് ഉള്ളത്. ഇടക്കിടെ കിട്ടുന്ന ബാലറ്റ് പേപ്പര്‍ മാത്രം. അത്കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്.  രാഷ്ട്രീയക്കാരല്ലേ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്.  നമുക്കിഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികളെ ലഭിക്കാന്‍ നമുക്ക് സാധിക്കുകയില്ലല്ലൊ.  സ്ഥാനാര്‍ത്ഥികളും ദുഷിച്ച് നാറിയ ഇന്നത്തെ സിസ്റ്റത്തിന്റെ ഉല്പന്നങ്ങളല്ലേ. അവറ്റകളും ഈ സിസ്റ്റം  കാത്ത് സൂക്ഷിക്കുകയല്ലെ ചെയ്യുക.

അഴിമതിക്കെതിരെ ദുര്‍ബ്ബലമായ ചെറുത്ത്നില്പുകള്‍ അങ്ങിങ്ങ് നടക്കുന്നുണ്ടെങ്കിലും  അത്തരം ചെറുത്ത് നില്‍പ്പുകളെ രാഷ്ട്രീയവര്‍ഗ്ഗം ഒറ്റക്കെട്ടായി പരാജയപ്പെടുത്തുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് കര്‍ണ്ണാടകയിലെ ലോക്പാല്‍ സന്തോഷ് ഹെഗ്ഡേ.  അവിടെ അഴിമതിക്കെതിരെ ഒറ്റയാള്‍ പട്ടാളമാണ് സന്തോഷ് ഹെഗ്ഡേ.  അഴിമതിയുടെ ദക്ഷിണേന്ത്യന്‍ തലസ്ഥാനമാണ് കര്‍ണ്ണാടക.  ബി.ജെ.പി.യാണ് അവിടെ ഭരിക്കുന്നത്. ആ ബി.ജെ.പി.കേന്ദ്രത്തില്‍  അഴിമതി വിരുദ്ധത്തിന്റെ നേതൃത്വവും വഹിക്കുന്നു.  അഴിമതി ഇവിടെ വളര്‍ത്തുന്നതും നിലനിര്‍ത്തുന്നതും അതിന്റെ ഗുണം അനുഭവിക്കുന്നതും അതേ സമയം അഴിമതിക്കെതിരെ സംസാരിക്കുന്നതും രാഷ്ട്രീയക്കാര്‍ ആണെന്നതാണ് നമ്മുടെ ദേശീയദുരന്തം. അഴിമതിക്കെതിരെ സംസാരിക്കാനുള്ള അവകാശം ഇടത്പക്ഷങ്ങള്‍ക്കുമില്ല.  ഇപ്പോഴത്തെ വിവാദത്തില്‍ ലാവലിന്‍ കേസും പൊന്തി വരുന്നു.  പണത്തിന് മീതെ ഇടത്പക്ഷവും പറക്കില്ല എന്ന് പാര്‍ട്ടി പത്രത്തിന് വേണ്ടി ലോട്ടറിത്തട്ടിപ്പ് വീരന്‍ സാന്തിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടി വാങ്ങിയതില്‍ നിന്ന്  വ്യക്തമാകുന്നുണ്ട്. വാങ്ങിയത് മടക്കിക്കൊടുത്തോ എന്നത് വിഷയമല്ല.  സമ്പത്തിനോടുള്ള അടങ്ങാത്ത ആര്‍ത്തിയില്‍ നിന്നാണ് അഴിമതി ജനിക്കുന്നത്. ആ ആര്‍ത്തിയില്‍ നിന്ന് ഇടത്പക്ഷവും  മുക്തമല്ല എന്ന് അവരുടെ ഇടപാടുകളും തെളിയിക്കുന്നു.

ഈ അടുത്ത കാലത്തെല്ലാം വെച്ച് എനിക്ക് ഏറ്റവും രോമാഞ്ചമുണ്ടായ വാക്കുകള്‍ കേട്ടത് ശ്രീ. ശാന്തിഭൂഷണില്‍ നിന്നാണ്.  മുന്‍ ചീഫ് ജസ്റ്റിസ്മാരില്‍ അഴിമതിക്കാര്‍ ഉണ്ടെന്നും  അങ്ങനെ പറഞ്ഞതിന് മാപ്പ് പറയില്ലെന്നും വേണ്ടി വന്നാല്‍ അതിന്റെ പേരില്‍ ജയില്‍ പോകാനും തയ്യാറാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.  ഇങ്ങനെ എത്ര പേര്‍ക്ക് ഇക്കാലത്ത് പറയാന്‍ കഴിയും?  തങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് വേണ്ടി മൂട് താങ്ങുന്ന സകലമാന ആളുകളും ഈ വാക്കുകള്‍ കേട്ട് ലജ്ജിക്കണം. പ്രത്യേകിച്ചും യുവതലമുറ, ശാന്തിഭൂഷന്റെ പ്രായത്തെ പരിഗണിക്കുമ്പോള്‍.  മാപ്പ് പറയാത്തതിന്റെ പേരില്‍ സുപ്രീം കോടതി ശാന്തിഭൂഷനെതിരെ കോടതിയലക്ഷ്യക്കേസുമായി മുന്നോട്ട് പോകുമെന്നാണ് പത്രങ്ങളില്‍ കണ്ടത്. അങ്ങനെയെങ്കില്‍  അത് ജ്യൂഡിഷ്യറി പാതാളത്തോളം താഴുന്നതിന് തുല്യമാണെന്ന് ഞാന്‍ പറയില്ല. എന്തെന്നാല്‍ എനിക്ക് ജയിലില്‍ പോകാനോ കോടതിയലക്ഷ്യക്കേസ് നടത്താനോ ഉള്ള ആര്‍ജ്ജവം ഇന്നില്ല.  പക്ഷെ ഒന്ന് എനിക്ക് ഉറപ്പുണ്ട്.  ശ്രീ. ശാന്തിഭൂഷണ്‍ ഈ കോടതിയലക്ഷ്യത്തിന്റെ പേരില്‍ ജയിലില്‍  പോവുകയാണെങ്കില്‍ ഇവിടെ വീണ്ടും ഒരു സ്വാതന്ത്ര്യസമരം നടക്കും.  എത്ര കാലമാണ് ജനങ്ങള്‍ എല്ലാം സഹിക്കുക.

എല്ലാവരും ഒരു സത്യം ഇനിയും മനസ്സിലാക്കണം.  ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ കുറുക്കന്മാരാണ്. രാജ്യം എന്ന കോഴിയെ പോറ്റാന്‍ നമ്മള്‍ ഏല്‍പ്പിച്ചിട്ടുള്ളത് ഈ കുറുക്കന്മാരെയാണ്.  ഈ രാഷ്ട്രീയക്കാര്‍ പരസ്പരം ചെളി വാരിയെറിയുന്നത് നമ്മളെ പറ്റിക്കാനാണ്.  ഇത് വരെയിലും രാഷ്ട്രീയക്കാരും  മുതലാളിമാരും ഉദ്യോഗസ്ഥന്മാരും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഉണ്ടായിരുന്നതെങ്കില്‍  ഇപ്പോള്‍ ആ കൂട്ടുകെട്ടിലേക്ക്  മാധ്യമങ്ങളും ജ്യൂഡീഷ്യറിയും ചേരുന്നു എന്നതാണ് അവസ്ഥ. ഈ കൂടിച്ചേരല്‍ നമ്മള്‍ ജനങ്ങളെ സേവിക്കാനല്ല. നാട് നന്നാക്കാനല്ല. നമ്മളെ ചുരണ്ടാനാണ്. നാം കൊടുക്കുന്ന നികുതിപ്പണം കൊണ്ട് ഇവരൊക്കെ വിദേശത്ത് സന്ദര്‍ശനത്തിന് പോകുന്നത് എന്തിനാണ്? ആലോചിക്കണം.  സ്വിസ്സ് ബാങ്കിലെ നിക്ഷേപം ഇരട്ടിപ്പിക്കാനല്ലേ പോകുന്നത്. അല്ലാതെ നാട്ടിനോ നമ്മള്‍ക്കോ എന്ത് ഗുണം.  അവിഹിതമായി സമ്പാദിക്കാനുള്ള സാഹചര്യം ഒത്ത് വരുന്ന ഓരോരുത്തന്റെയും ദുര ഇന്ന് ആസുരമാണ്.  ഒരുത്തനും ആര്‍ത്തി തീരുന്നില്ല.  എന്റെ മക്കള്‍ക്കും പേരമക്കള്‍ക്കും അതും പോര ലോകാവസാനം വരെയിലും എന്റെ തലമുറയ്ക്ക് എന്നാണ് ഓരോരുത്തനും ചിന്തിക്കുന്നത്.  ഇവന്റെയൊക്കെ ഒടുക്കത്തെ ദുരാശയോ ദൈവമേ എന്നാണ് എനിക്ക് ചിന്തിക്കാന്‍ തോന്നുന്നത്.  രാഷ്ട്രീയക്കാര്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ഈ അഴിമതി എന്ന ദുര്‍ഭൂതത്തെ കുപ്പിയിലാക്കാന്‍ കഴിയും.  പക്ഷെ അവനാണ് ഇന്ന് ഏറ്റവും ദുര. അവനാണ് ഇന്ന് ഏറ്റവും അനുകൂലമായ സാഹചര്യവുമുള്ളത്.

അത്കൊണ്ട് ബഹുമാനപ്പെട്ട ശാന്തിഭൂഷണ്‍ ,  താങ്കള്‍ ഞങ്ങള്‍ക്ക് വേണ്ടി ജയില്‍ പോകണം എന്ന് ഞാന്‍ അങ്ങയോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. മഹാത്മാ ഗാന്ധിജി ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നു. ആ സ്വാതന്ത്ര്യം കുരങ്ങനെ കൈയില്‍ കിട്ടിയ പൂമാല പോലെയായി. ഇപ്പോള്‍ ഞങ്ങള്‍ സ്വന്തം നാട്ടിലെ അഴിമതിക്കാരുടെ അടിമകളാണ്. ഈ അടിമത്വത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കാനുള്ള ദൌത്യമാണ് അങ്ങ് ജയില്‍ പോകുന്നതോടെ നിറവേറ്റപ്പെടുക.

ഇന്നത്തെ മാധ്യമം പത്രത്തിലെ ഒരു റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ചിന്തകളാണ് മേലെ എഴുതിയത്.  സംഗതി കോടതിയലക്ഷ്യമാവുമോ എന്തോ? റിപ്പോര്‍ട്ട് താഴെ :


ന്യൂദല്‍ഹി: കോടികള്‍ കോഴ വാങ്ങി ഉത്തരവുകള്‍ അനുകൂലമാക്കുന്ന പ്രവണതയില്‍ നിന്ന് സുപ്രീം കോടതി മുക്തമല്ലെന്ന് രാജ്യത്തെ പ്രമുഖ നിമജ്ഞനും മുന്‍ കേന്ദ്ര നിയമന്ത്രിയുമായ  ശാന്തിഭൂഷണ്‍. അഴിമതിക്കാരായ ജഡ്ജിമാരെ തുറന്നു കാട്ടുമ്പോള്‍ ആരും പരിഭ്രമിച്ചിട്ടു കാര്യമില്ലെന്നും അതിന്റെ പേരില്‍ ഏതറ്റം വരെ പോകാന്‍ താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.  കെ.ജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജിയായിരിക്കെ ദുബൈ കേന്ദ്രീകരിച്ച് നടന്ന പല ഇടപാടുകളെ കുറിച്ചും സമഗ്ര അന്വേഷണം ആവശ്യമാണെന്നും  'മാധ്യമം 'ആഴ്ചപ്പതിപ്പിന് അനുവദിച്ച സുദീര്‍ഘ അഭിമുഖത്തില്‍ ശാന്തിഭൂഷണ്‍ തുറന്നടിച്ചു. ജഡ്ജിമാരെ പ്രലോഭിപ്പിച്ച് വിധികള്‍ അനുകൂലമാക്കാന്‍ കോര്‍പറേറ്റുകള്‍ സജീവമാണ്. കോടികളാണ് ഇതിനായി മറിയുന്നത്. ജഡ്ജിമാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുടമിടയില്‍ കച്ചവടം ഉറപ്പിക്കാന്‍ ജുഡീഷ്യറിയില്‍ നിരവധി  ഇടനിലക്കാരുണ്ട്.  ഇന്ത്യയില്‍ ഇടക്കാലത്തുണ്ടായ പല ജനവിരുദ്ധ ഉത്തരവുകളുടെയും പിന്നില്‍ അമ്പരപ്പിക്കുന്ന പിന്നാമ്പുറമുണ്ട്.

സുപ്രീം കോടതിയിലെ അഴിമതി ജഡ്ജിമാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ അവര്‍ക്കെതിരെ ഒരു നടപടിയും കൈക്കൊള്ളില്ല.-അഭിമുഖത്തില്‍ ശാന്തി ഭൂഷണ്‍ വെളിപ്പെടുത്തുന്നു.
സ്വിറ്റ്‌സര്‍ലാന്റിലും ദുബൈയിലും സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ ഉന്നത ജഡ്ജിമാര്‍ താല്‍പര്യമെടുക്കുന്നത് സംശയാസ്‌പദമാണ്.ഇന്ത്യ സമ്മര്‍ദം ചെലുത്തി  സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ രഹസ്യ അക്കൗണ്ട് വിവരം പുറത്തു കൊണ്ടുവന്നാല്‍  ജുഡീഷ്യറി മൊത്തം കുലുങ്ങും.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളും ശാന്തിഭൂഷണ്‍ ഉന്നയിച്ചു. നിര്‍ണായകമായ ഒരു കേസ് സുപ്രീം കോടതി പരിഗണിക്കവെ, കെ.ജി.ബിയുടെ മരുമരുമകന്‍ ഏഴു തവണ ദുബൈയില്‍ സന്ദര്‍ശനം നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണം. ദുബൈയിലാണ് പല ഡീലുകളും ആ ഘട്ടത്തില്‍ നടന്നത്.  ബാലകൃഷ്ണനായിരുന്നു ഇന്നും സുപ്രീം ചീഫ് ജസ്റ്റിസെങ്കില്‍ 2ജി സ്‌പെക്ട്രം അഴിമതിയുടെ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടാകുമായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ബാലകൃഷ്ണനോട് കാണിക്കുന്നത് ഉപകാര സ്മരണയാണ്. കെ.ജി.ബിക്കെതിരായ വിമര്‍ശം ദലിത് വിരുദ്ധമാണെന്ന വാദം വിലപ്പോകില്ല.

ജഡ്ജിമാര്‍ മാത്രമല്ല രാജ്യത്തെ ഭൂരിഭാഗം അഭിഭാഷകരും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്.ബാര്‍ കൗണ്‍സിലുകള്‍ പട്ടികളുടെ  ഇരിപ്പിടം മാത്രമാണ്. ജഡ്ജിമാര്‍ക്കെതിരെ അഴിമതി അന്വേഷണം നടത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി വേണമെന്ന ഉത്തരവ് ചവറ്റുകൊട്ടയില്‍ തള്ളേണ്ട സമയം അതിക്രമിച്ചു. സര്‍ക്കാര്‍ കൊണ്ടു വരുന്ന ലോക്പാല്‍ ബില്‍ പൊള്ളയാണെന്നും സന്തോഷ് ഹെഗ്‌ഡെ സമര്‍പ്പിച്ച ബദല്‍ ബില്‍ അംഗീകരിക്കാതെ അഴിമതി തുടച്ചു നീക്കാനുള്ള നീക്കം വിജയിക്കില്ലെന്നും    ശാന്തി ഭൂഷണ്‍ മുന്നറിയിപ്പ് നല്‍കുന്നു. ജുഡീഷ്യറിയില്‍ നടക്കുന്ന ഞെട്ടിക്കുന്ന അഴിമതി വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ശാന്തിഭൂഷന്റെ  അഭിമുഖം ഉള്‍പ്പെടുന്ന 'മാധ്യമം' ആഴ്ചപ്പതിപ്പ് തിങ്കളാഴ്ച പുറത്തിറങ്ങും.

7 comments:

m t said...

പ്രിയ സുകുവേട്ടാ.....
അരാഷ്ട്രീയ വാദങ്ങളും സ്വാര്‍ത്ഥതയും ദേശ സ്നേഹവും മൂല്യങ്ങളും നശിച്ചു തകര്‍ന്ന ഒരു
യുവ തലമുറ ഉള്ള നമ്മുടെ രാജ്യം ഇത് പോലെ
ആയില്ല എങ്കില്‍ മാത്രമേ അത്ഭുത പെടെണ്ടത് ഉള്ളൂ...
വളരെ ചുരുക്കി പറഞ്ഞാല്‍.....അമിതമായ ജനാധിപത്യം .....അത് മാത്രമാണ് നമ്മുടെ രാജ്യത്തെ നശിപ്പിച്ചത്.....എല്ലാവരും ആര്‍ത്തി മൂത്ത് വാരി ക്കൂട്ടട്ടെ ....ഇപ്പോള്‍ ദൈവങ്ങള്‍ വരെ വനവാസത്തില്‍ ഉള്ള കാലമാണ്...ഒരു രക്ഷകന്‍ വരുമെന്ന് പ്രതീക്ഷിക്കാം.......വീണ്ടും മൂര്‍ച്ച ഏറിയ എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.......ഭാവുകങ്ങള്‍.....!!

സത്യാന്വേഷി said...

>>>സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളും ശാന്തിഭൂഷണ്‍ ഉന്നയിച്ചു. നിര്‍ണായകമായ ഒരു കേസ് സുപ്രീം കോടതി പരിഗണിക്കവെ, കെ.ജി.ബിയുടെ മരുമരുമകന്‍ ഏഴു തവണ ദുബൈയില്‍ സന്ദര്‍ശനം നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണം. ദുബൈയിലാണ് പല ഡീലുകളും ആ ഘട്ടത്തില്‍ നടന്നത്. ബാലകൃഷ്ണനായിരുന്നു ഇന്നും സുപ്രീം ചീഫ് ജസ്റ്റിസെങ്കില്‍ 2ജി സ്‌പെക്ട്രം അഴിമതിയുടെ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടാകുമായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ബാലകൃഷ്ണനോട് കാണിക്കുന്നത് ഉപകാര സ്മരണയാണ്. കെ.ജി.ബിക്കെതിരായ വിമര്‍ശം ദലിത് വിരുദ്ധമാണെന്ന വാദം വിലപ്പോകില്ല<<<<
ശാന്തിഭൂഷന്റെ പോരാട്ടത്തിന് അഭിവാദനം. എന്നാല്‍ അന്വേഷണം ദലിതനായ ബാലകൃഷ്ണനില്‍ മാത്രം ഒതുങ്ങുന്നതിനെപ്പറ്റിയും അദ്ദേഹം പ്രതികരിക്കണം.
ഈ പോസ്റ്റുകള്‍ കാണുക.
കെ ജി ബാലകൃഷ്ണന്‍ എങ്ങനെ പ്രതിയാകും?
ദലിതനല്ലേ…കല്ലെറിഞ്ഞുകൊല്ലാം.
കെ ജി ബാലകൃഷ്ണനും പി ജെ തോമസും.

Chethukaran Vasu said...

യഥാര്‍ത്ഥത്തില്‍ ശാന്തിഭൂഷനില്‍ എനിക്കും ഒരുപാടു പ്രതീക്ഷയുണ്ട് ... ഒരു പക്ഷെ ഈ സിസ്ടത്തെ തിരുത്താനുള്ള അവസാനത്തെ ശ്രമം ആയിരിക്കും അത് ..

ഞാന്‍ എപ്പോഴും ചര്‍ച്ചകളില്‍ പറയുന്ന ഒരു അഭിപ്രയാമുണ്ട് , യഥാര്‍ത്ഥത്തില്‍ ഇടയാക്കു സ്വാതത്ര്യം ലഭിച്ചു എന്ന് കരുതുന്നത് സാങ്കേതികാര്‍ത്ഥത്തില്‍ മാത്രമാണ് . ഇന്ത്യക്കാരന് സ്വാതത്ര്യം ലിഭിച്ചോ എന്നതാണ് ശരിയായ ചോദ്യം . ബ്രിട്റെശുകാരില്‍ നിന്ന് ഇന്ത്യയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ടെന്നെ ഉള്ളൂ . ഇന്ത്യന്‍ സ്വാതത്ര്യ സമരം ബ്രിടിശുകര്‍ക്കെതിരെ മാത്രമായ ഒരു സമരമായി ചുരുങ്ങിപ്പോയി , അതോടപ്പം ഇന്ത്യക്ക് സ്വയം തിരുത്താനുള്ള ഒരവസരം നഷ്ടപ്പെടുകയും ചെയ്തു . external ആയ ഒരു ശത്രുവിനെ മാത്രം കേന്ദ്രികരിച്ച് നടത്തുന്ന ഏതു പ്രക്ഷോഭവും internal ആയ അപചയങ്ങള്‍ മൂടി വയ്ക്കാനാണ് സാധ്യത . അങ്ങനെയാകുമ്പോള്‍ അനുകൂല സാഹചര്യത്തില്‍ ആ ഇന്റെര്‍ണല്‍ ഇലെമെന്റ്സ് പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയെ ഉള്ളൂ ..അതാണിപ്പോള്‍ കാണുന്നത് .ഉടച്ചു വാര്‍ക്കാനുള്ള ഒരു അവസരമാണ് ഇന്ത്യന്‍ സ്വാതത്ര്യ സമരത്തില്‍ നമുക്ക് നഷ്ടപ്പെട്ടത് .. അതിന്റെ കാരണം ഉടച്ച് വാര്‍ക്കുന്നത്‌ അന്ന് ആര്‍ക്കൊക്കെയോ ഇഷ്ടമില്ലാതെ ഇരുന്നത് ആകാം ..

ഇന്ത്യയുടെ അധികാരം ബ്രിട്ടീശുകാരനില്‍ നിന്നും ഇന്ദ്യക്കരനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ , തീര്‍ച്ചയായുമത് ബ്രിടീശുകാര്‍ക്ക് മുമ്പുണ്ടായിരുന്ന ഇന്ത്യയിലേക്ക്‌ മടങ്ങിപ്പോകാന്‍ ഉള്ള ഒരു ഇലാസ്ടിസിടി കാണിക്കും . ( വലീചു നീട്ടിയ ഒരു റബ്ബര്‍ ബാന്‍ഡ് സങ്കല്‍പ്പിക്കുക ). അങ്ങനെ ആകാതിരിക്കനമെങ്ങില്‍ റബ്ബര്‍ ബാന്‍ഡ് എന്നാ സിസ്ടത്തിന്റെ (സ്വഭാവം ) പ്രോപര്‍ട്ടി മാരെണ്ടാതുണ്ടായിരുന്നു . റബ്ബര്‍ ബാന്‍ഡ് ഒരു തെര്‍മോ സെറ്റിംഗ് പ്ലാസ്ടികിന്റെ സ്വഭാവം കാണിച്ചിരുന്നെങ്കില്‍ പുതിയ രൂപം സ്വീകരിക്കാന്‍ അതിനു സാധിക്കുമായിരുന്നു .പക്ഷെ റബ്ബര്‍ baandu ഇപ്പോഴും റബ്ബര ബാന്‍ഡും ഇന്ത്യക്കാരന്‍ ഇപ്പോഴും പഴയ ഇന്ത്യക്കാരന്‍ ആയി ഇരിക്കുന്നിടത്തോളം കാലം ഇന്ത്യന്‍ മൂല്യങ്ങള്‍ രാജാ ഭരണത്തില്‍ ഉണ്ടായിരുന്ന നിലയില്‍ തന്നെ നില നില്‍ക്കും .

പള്ളിക്കരയില്‍ said...

കക്ഷിരാഷ്ട്രീയത്തിന്റെ ലഹരിയിൽ നിന്നു മുക്തമായി സ്വതന്ത്രമായി ചിന്തിക്കുന്ന യുവത ഉണ്ടായി വരുവോളം രക്ഷയില്ല. ബോധവത്കരണത്തിനുള്ള ഇത്തരം ശ്രമങ്ങൾ അഭിനാന്ദനാർഹം. നന്ദി.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ഒട്ടും അശ്വാസകരമല്ലാത്ത നാള്‍വഴികളിലൂടെയാണ്..... വര്‍ത്തമാന ഇന്ത്യ കടന്നുപോകുന്നത്. അഴിമതിയും സ്വജനപക്ഷവാദവും ഇവിടെ അരങ്ങുതകര്‍ക്കുന്നു. നീതിന്യായ സംവിധാനങ്ങളും സംശയത്തിന്റെ നിഴലില്‍.... എല്ലാത്തിനുമെതിരെ ജനങ്ങളെ സംഘടിപ്പിക്കേണ്ട മാധ്യ്മങ്ങള്‍ അഴിമതിക്കാരുടെ ബ്രാന്‍ഡ് അമ്പാസഡര്‍മരായി വാഴുന്നു.
ഇവിടെ തെറ്റു ചൈതവര്‍ ശിക്ഷിക്കപ്പെടുന്നുണ്ടൊ?
1000 രൂപ കൈകൂലി വാങ്ങിയ മൂന്നാംകിട ഉദ്ധ്യോഗസ്ഥനെ (പാര്‍ട്ടി ബന്ധങ്ങളൊന്നുമില്ലാത്ത) നമ്മുടെ നിയമവും സംവിധാനവും ഓടിച്ചിട്ടുപിടിക്കുന്നു. അതെ സമയം കോടികള്‍ നഷ്ടമുണ്ടാക്കിയ മന്ത്രിമാരേയും കോര്‍പ്പറേറ്റുകളേയും കുറ്റക്കാരായി കാണാനൊ കണ്ടെത്തിയവരെ മത്രകപരമായി ശിക്ഷിക്കപ്പെടാനൊ നമ്മുടെ നിയമ-നീതിന്യായ സംവിധാനങ്ങള്‍ക്ക് കഴിയുന്നുണ്ടൊ?

ചിന്താര്‍ഹമായ ലേഖനം

ആശംസകള്‍!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

അഭിവാദ്യങ്ങള്‍...

ajith said...

സുകുമാരന്‍ സാറെ, “രാഷ്ട്രീയക്കാര്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ഈ അഴിമതി എന്ന ദുര്‍ഭൂതത്തെ കുപ്പിയിലാക്കാന്‍ കഴിയും.” സാര്‍ പറഞ്ഞ ഇതേ കാര്യം തന്നെയാണ് ഇന്ന് ഞാനും ചിന്തിച്ചത്. ഭാരതത്തിലെ ജനങ്ങളോട് സ്നേഹമുള്ള ഒരു ഭരണാധികാരി വരുമോ? എന്റെ ജനങ്ങള്‍ കഷ്ടപ്പെടുന്നു, അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് കരുതുന്ന ഒരു മനുഷ്യന്‍ നേതൃസ്ഥാനത്തെത്തുമോ? ഇത്തിരി പ്രതീക്ഷ തരുന്ന എന്തെങ്കിലുമുണ്ടോ സാറിന്റെ അറിവില്‍?