Links

ഞാനും ബ്ലോഗും ജീവിതവും ..... (രണ്ടാം ഭാഗം)

[8-en-2cf9427efa6f535c8ac52937f57f6aba.jpg]
കൊമ്പന്‍ മൂസ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന ബ്ലോഗറാണ്  അടുത്ത ചോദ്യം ചോദിച്ചത്.


ചോദ്യം : ഒരു പത്ര പ്രവര്‍ത്തകനും ബ്ലോഗറുമായ താങ്കള്‍, കാലിക വ്യാവസായിക പത്ര പ്രവര്‍ത്തനെത്തെ (പത്ര ധര്‍മ്മം ) എങ്ങനെ നോക്കിക്കാണുന്നു ?

ഉത്തരം:

ഞാനൊരു പത്രപ്രവര്‍ത്തകനല്ല എന്ന് ആദ്യമേ പറഞ്ഞല്ലൊ. പത്ര പ്രവര്‍ത്തനം കാലികമായി വ്യാവസായിക പ്രവര്‍ത്തനമാണെന്ന് മൂസ തന്നെ ചോദ്യത്തില്‍ സൂചിപ്പിച്ചുവല്ലൊ. പത്ര പ്രവര്‍ത്തനം എന്നത് വ്യവസായത്തിന്റെ ഭാഗമാവുമ്പോള്‍ അതിലെ ധര്‍മ്മം ചോര്‍ന്നുപോകും. അത് തന്നെയാണ് നമുക്ക് സംഭവിച്ചതും.  ബിസിനസ്സില്‍ പിടിച്ചു നില്‍ക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി വാര്‍ത്തകള്‍ സെന്‍ഷേഷനലാക്കി വിപണിയില്‍ എത്തിക്കുക എന്നതാണ് ഇന്ന് കാണുന്നത്. അത്കൊണ്ട് സകല ചവറുകളും  ഇന്ന് പത്രങ്ങളില്‍ അടിഞ്ഞുകൂടുന്നു.  എന്നാല്‍ തന്നെയും  നമുക്കറിയേണ്ട സംഗതികള്‍ സുതാര്യമായി പത്രങ്ങള്‍ നമ്മിലേക്ക് എത്തിക്കുന്നുണ്ട് എന്ന പോസിറ്റീവായ അംശവുമുണ്ട്.  പല സത്യങ്ങളും പത്രങ്ങളാണ് നമ്മെ അറിയിക്കുന്നത്. പത്രങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ഇരുട്ടില്‍ തപ്പുമായിരുന്നു.  ചില സത്യങ്ങള്‍ ചിലര്‍ക്ക് അപ്രിയമാവുമ്പോള്‍ ജനങ്ങള്‍ അത് അറിഞ്ഞു പോകുമല്ലോ എന്ന ജാ‍ള്യത്തില്‍ മാധ്യമങ്ങളെ അടച്ചാക്ഷേപിക്കുന്ന പ്രവണത ഇന്ന് കൂടുതലാണ്. ഇത് പത്രപ്രവര്‍ത്തനത്തിന്റെ മൂല്യച്യുതി പോലെ തന്നെ മോശമാണ്. മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊളിക്കാന്‍ ശ്രമിക്കുന്ന പോലെയാണത്. സ്വന്തം മുഖം വികൃതമാകാതെ നോക്കുന്നതിന് പത്രങ്ങള്‍ സഹായിക്കുകയാണ് ഇത് മൂലം നടക്കുന്നത്.

പത്രങ്ങള്‍ സത്യങ്ങള്‍ പുറത്ത് കൊണ്ടുവരുന്നില്ലായിരുന്നുവെങ്കില്‍ പൊതുജീവിതം ഇതിനേക്കാളും  ചീഞ്ഞുനാറി ബീഭത്സമായേനേ.  മൂല്യങ്ങളില്‍ വ്യതിയാനം വന്നിട്ടുണ്ടെങ്കിലും പത്രങ്ങള്‍ അതിന്റെ ധര്‍മ്മം  സമൂഹത്തില്‍ നിര്‍വ്വഹിക്കുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നു. പത്രപ്രവര്‍ത്തനം തന്നെ ഇന്ന് റിസ്ക് ഉള്ള ഒരു ജോലിയായിട്ടുണ്ട്. ഏത് പത്രപ്രവര്‍ത്തകനാണ് തല്ല് കിട്ടുകയെന്നും ക്യാമറ എപ്പോഴാണ് പിടിച്ചുപറിക്കപ്പെടുക എന്നും നിശ്ചയമില്ലാത്ത അവസ്ഥ നിലവിലുണ്ട്. സമൂഹത്തില്‍ പൊതുവെ ജീര്‍ണ്ണതയും അസഹിഷ്ണുതയും വ്യാപിക്കുന്നുണ്ട്. ഇത് കാണാതെ പത്രത്തിന്റെ ജീര്‍ണ്ണതയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. തങ്ങള്‍ക്ക് ഹിതകരമായതേ എഴുതാവൂ , അഹിതമായത് എഴുതരുത് എന്ന അസഹിഷ്ണുതയില്‍ നിന്നാണ്  പത്രങ്ങളോട് വെറുപ്പും മാധ്യമ സിണ്ടിക്കേറ്റ് പോലുള്ള പ്രയോഗങ്ങളും വരുന്നത്. ആളുകള്‍ക്ക് മുമ്പത്തേക്കാളും ത്യാജ്യഗ്രാഹ്യബുദ്ധി ഇന്ന് കൂടുതലുണ്ട്. അത്കൊണ്ട് പത്രങ്ങളില്‍ എന്ത് ചവറ് വന്നാലും വായനക്കാര്‍ക്ക് തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും കഴിയും.  ഒരു പത്രവായനക്കാരന്‍ എന്ന നിലയില്‍ ഇതാണ് എനിക്ക് പറയാനുള്ളത് ..

***************************************************************


ഷാനവാസ് ഇളയോടന്‍  എന്ന ബ്ലോഗറുടേതാണ് അടുത്ത ചോദ്യം.


തിരക്കുകള്‍ക്കിടയിലും ഇതൊരു മറ്റൊരു തിരക്കാക്കി കണ്ടു ഇവിടെ എത്തിയതിനു നന്ദി.

1) സാറിനെ പോലുള്ള വലിയ ഒരാള്‍ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ചാറ്റ് ഷോയുക്ക് വേണ്ടി സമയം കണ്ടെത്തുവാനുള്ള സാഹചര്യം?

2) ഈ ഗ്രൂപ്പിന് താങ്കള്‍ക്ക് നല്‍കുവാനുള്ള ഉപദേശം എന്താകുന്നു?

3) താങ്കളുടെ മിക്ക എഴുത്തിലും കമ്മ്യൂനിസത്തിന് ഭാവിയില്ല എന്ന് കാണുന്നു. കാരണം? ഇന്ത്യയില്‍ എന്നെങ്കിലും CPM അധികാരത്തില്‍ വരുമോ?

ഉത്തരം:

1) ഒന്നാമത്തെ കാര്യം ഞാന്‍ തിരക്കുള്ള ആളല്ല എന്നതാണ്.  ബ്ലോഗും  ഓണ്‍‌ലൈന്‍ ഇന്ററാക്‍ഷന്‍സുമാണ് എന്റെ ദിവസങ്ങളെ സജീവമാക്കുന്നത്.  ഇതൊക്കെ ഒരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്.  മലയാളം ബ്ലോഗേര്‍സ് ഗ്രൂ‍പ്പിലെ അംഗങ്ങളുമായി ഇങ്ങനെ സംവദിക്കാന്‍ കഴിയുന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു.  സമയം കണ്ടെത്തുകയല്ല ,  ഉള്ള സമയം  വിനിയോഗിക്കാന്‍  കഴിയുന്ന സാഹചര്യം എന്നെ തേടിയെത്തുകയായിരുന്നു എന്ന് പറയാം.  അത്കൊണ്ട് എനിക്ക് ഈ ഗ്രൂപ്പിനോട് കടപ്പാടാണ് ഉള്ളത്.

2)  സുതാര്യമായും  സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ടും  ഗ്രൂപ്പിലെ ചര്‍ച്ചകള്‍ അര്‍ത്ഥവത്തും  രസകരവും ആക്കുക എന്നാണ് എനിക്ക് ആദ്യമായി നല്‍കാനുള്ള  ഉപദേശം. എതിരഭിപ്രായങ്ങളോട്  സഹിഷ്ണുത കാണിക്കുക, സംവാദങ്ങളില്‍ പരസ്പരബഹുമാനം പുലര്‍ത്തുക പിന്നെ വല്ലപ്പോഴും കൂടിച്ചേര്‍ന്ന്  അനുഭവങ്ങളും അറിവുകളും  പങ്ക് വയ്ക്കുക അങ്ങനെ ഈ ഗ്രൂപ്പിനെ നല്ലൊരു സ്നേഹക്കൂട്ടായ്മയായി വികസിപ്പിക്കാന്‍ ശ്രമിക്കുക എന്നും  ഉപദേശിക്കാന്‍ ആഗ്രഹിക്കുന്നു.

3)  കമ്മ്യൂണിസത്തിന് ഭാവിയില്ല എന്ന് തെളിയിച്ചത് കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബ്ലോഗില്‍ അതിനെ പറ്റി ഞാന്‍ കുറെ എഴുതിയത്കൊണ്ട് ഇവിടെ വിശദീകരിക്കുന്നില്ല. കാരണം ചുരുക്കിപ്പറഞ്ഞാല്‍ കമ്മ്യൂണിസം എന്നത് ഒരു ആദര്‍ശമാണ്.  ആദര്‍ശം നടപ്പാക്കാന്‍ മനുഷ്യനെ കിട്ടുകയില്ല എന്നതാണ് ലളിതമായ സത്യം.  എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരാജയപ്പെടാനുള്ള കാരണം ആ പാര്‍ട്ടി ആന്തരീകമായും ബാഹ്യമായും ജനാധിപത്യം പുലര്‍ത്തുന്നില്ല എന്നാണ് എന്റെ നിരീക്ഷണം.  പേരിന് ജനാധിപത്യവികേന്ദ്രീകരണം പറയുമെങ്കിലും ഫലത്തില്‍ ഉന്നത നേതാവില്‍ അധികാരം കേന്ദ്രീകരിക്കുന്ന സെറ്റപ്പാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലുള്ളത്.  തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ആശയത്തില്‍ കെട്ടിപ്പടുത്തത്കൊണ്ടും  പാര്‍ലമെന്ററി സംസ്ക്കാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്കൊണ്ടുമാണത്.  കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളിലെ നേതാക്കള്‍ ഏകാധിപതികള്‍ ആയിപ്പോകുന്നത് അത്കൊണ്ടാണ്.

വര്‍ഗ്ഗസമരം. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നിങ്ങനെയുള്ള വരട്ടു സിദ്ധാങ്ങള്‍ ഉപേക്ഷിച്ച് ബഹുകക്ഷിസമ്പ്രദായത്തിന്റെ അടിസ്ഥാ‍നത്തില്‍ പാര്‍ട്ടി ഭരണഘടന മാറ്റിയാല്‍ സി.പി.ഐ(എം)ക്ക് രാഷ്ട്രീയപ്രസക്തിയുണ്ടാവും.  ഇന്ത്യയില്‍ എന്നെങ്കിലും സി.പി.എം. അധികാരത്തില്‍ വരുമോ എന്നത് നമ്മുടെ ഭാഗത്തു നിന്ന് വരുന്ന ചോദ്യമാണ്.  അവരുടെ ലക്ഷ്യം ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തിയാക്കലാണ്. അത് ഒരിക്കലും നടക്കില്ല. അത്കൊണ്ട് അവര്‍ അക്ഷരാര്‍ത്ഥത്തില്‍ പാര്‍ലമെന്ററി സമ്പ്രദായം അഗീകരിക്കലും  അങ്ങനെ അധികാരത്തില്‍ എത്തുന്നതും  ഇന്നത്തെ നിലയില്‍ ചിന്തിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല.

(തുടരും)

6 comments:

Ismail Chemmad said...

ആശംസകള്‍ സാര്‍

കൊമ്പന്‍ said...

best of luck

Unknown said...

വായിച്ചു :)

ajith said...

"ബിസിനസ്സില്‍ പിടിച്ചു നില്‍ക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി വാര്‍ത്തകള്‍ സെന്‍ഷേഷനലാക്കി വിപണിയില്‍ എത്തിക്കുക എന്നതാണ് ഇന്ന് കാണുന്നത്. അത്കൊണ്ട് സകല ചവറുകളും ഇന്ന് പത്രങ്ങളില്‍ അടിഞ്ഞുകൂടുന്നു"

ഈ കുത്തൊഴുക്കിനിടയിലും പിടിച്ചുനില്‍ക്കുന്ന ഒരു പത്രമെന്ന് ചൂണ്ടിക്കാണിക്കാന്‍ എനിക്കൊരു മടിയുമില്ലാത്ത ഒരു പത്രമാണ് ഗള്‍ഫ് മാദ്ധ്യമം. ഒത്തിരി മുന്‍ വിധിയോടെ കുറെക്കാലം മാറ്റി വിച്ചുവെങ്കിലും പിന്നെ ഹൃദയത്തില്‍ വന്നു കുടി പാര്‍ത്ത ഈ പത്രം എന്റെ വീക്ഷണത്തില്‍ എന്നും ഒതുക്കപ്പെട്ടവരുടെയും ഇരകളുടെയും ഭാഗത്താണ്. ലോട്ടറിയുടെ പരസ്യമില്ലാത്ത, സിനിമാ നോട്ടീസില്ലാത്ത ഇക്കിളിപ്പെടുത്തുന്ന പെണ്‍ശരീരങ്ങളുടെ പടമില്ലാത്ത, ഉന്നതങ്ങളിലെ ഗോസിപ്പ് ഫീച്ചറായി വരാത്ത, എതിരഭിപ്രായക്കരുടെയും ഇന്റര്‍വ്യൂ ഒരു മടിയുമില്ലാതെ പ്രസിദ്ധീകരിക്കുന്ന ഒരു പത്രം. ഒരിക്കല്‍ പിണറായി പറഞ്ഞു, പരസ്യമില്ലാതെ ഈ പത്രം നിലനില്‍ക്കുന്നത് പുറത്തുനിന്നുള്ള വരുമാനം കൊണ്ടാണെന്ന്. ലാഭമല്ല ഈ പത്രത്തിന്റെലക്ഷ്യം എന്ന് പ്രസാധകര്‍ പലതവണയായി പറഞ്ഞിട്ടുള്ളത് ഞാന്‍ സര്‍വാത്മനാ വിശ്വസിക്കുന്നതു കൊണ്ട് പിണറായിയുടെ ആ പ്രസ്താവന എനിക്ക് വളരെ വേഗം തള്ളാന്‍ കഴിഞ്ഞു. ഒരു രാഷ്ട്രീയത്തിന്റെയും ഭാഗമല്ലാത്ത, നീതിയും ദയയും സഹജീവിസ്നേഹവും മനസ്സിലുള്ള ഏതൊരു മനുഷ്യനും മുന്‍ വിധികള്‍ ഉപേക്ഷിക്കാന്‍ തയാറാകുമെങ്കില്‍ ഇതേ വീക്ഷണത്തിലെത്തുമെന്നാണ് എന്റെ അഭിപ്രായം.

"കാരണം ചുരുക്കിപ്പറഞ്ഞാല്‍ കമ്മ്യൂണിസം എന്നത് ഒരു ആദര്‍ശമാണ്. ആദര്‍ശം നടപ്പാക്കാന്‍ മനുഷ്യനെ കിട്ടുകയില്ല എന്നതാണ് ലളിതമായ സത്യം."

പൂര്‍ണ്ണമായും യോജിക്കുന്നു. കമ്യൂണിസം ആദര്‍ശവും സ്വപ്നവും ആയി അവശേഷിക്കുന്നു. അതെന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. കമ്യൂണിസ്റ്റ് റഷ്യയില്‍ എല്ലാം സമമായിരുന്നുവെന്ന് പറയാന്‍ മന്ദബുദ്ധികള്‍ക്ക് മാത്രമേ കഴിയു. ഒരു ഫാക്ടറിയുടെ മാനേജര്‍ക്ക് ഉള്ള താമസ സൌകര്യവും യാത്രാസൌകര്യവും അല്ലായിരുന്നു അവിടത്തെ പ്യൂണിനുള്ളത്. മന്ത്രിക്കുള്ള അനുഭവങ്ങളോ സുഖജീവനമോ അല്ല ശിപായിക്കുള്ളത്. എവിടെയാണ് സമം? ആദര്‍ശം നടപ്പാക്കാനിറങ്ങിയാല്‍ കൂടെ ഒരാ‍ള്‍ പോലും അവശേഷിക്കില്ലെന്ന് വി.എസിനോട് ചോദിച്ചാല്‍ അദ്ദേഹം ഒരു മടിയുമില്ലാതെ പറയുമല്ലോ.

Mohamedkutty മുഹമ്മദുകുട്ടി said...

അധികം താമസിയാതെ തന്നെ കെ.പി എസ്സിന്റെ ഈ ബ്ലോഗില്‍ ലൈവ് സ്റ്റ്ട്രീമിങ്ങ് വന്നു കൂടായ്കയില്ലെന്നെനിക്കു തോന്നുന്നു. അങ്ങിനെ ലോകത്താകമാനമുള്ള സകലമാന ജനങ്ങളോടും നേരിട്ട് സംവദിക്കാനുള്ള ഒരവസരം!.സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല. ആശംസകള്‍ നേര്‍ന്നു കൊണ്ട്.

K.P.Sukumaran said...

@ ismail chemmad,നന്ദി..!

@ ayyopavam, നന്ദി!

@ SONY.M.M. നന്ദി..

@ ajith, ശരിയായി പറഞ്ഞു, നന്ദി.

മുഹമ്മദ്കുട്ടി മാഷേ, ലൈവ് സ്ട്രീമിങ്ങ് എളുപ്പമാണ്.