എസ്. രാമചന്ദ്രന്‍ പിള്ളയ്ക്ക് അഭിവാദനങ്ങള്‍ !

എസ്.രാമചന്ദ്രന്‍ പിള്ളയെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമോ എന്നറിയില്ല. കാരണം അദ്ദേഹം ഒരു ശാസ്ത്രസത്യം തുറന്ന് പറഞ്ഞിരിക്കുന്നു.  ഇപ്രാവശ്യത്തെ കേരള പഠന കോണ്‍ഗ്രസ്സില്‍ 'ആഗോളവത്കരണകാലത്തെ കൃഷി' എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുമ്പോള്‍ സി.പി.എമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ എസ്.ആര്‍.പി. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് അനുകൂലമായി സംസാരിച്ചിരിക്കുന്നു.  ഇപ്പോള്‍ കക്ഷിരാക്ഷ്ട്രീയഭേദമെന്യേ എല്ലാവരും  ശാസ്ത്രീയസത്യങ്ങള്‍ക്ക് എതിരാണ്. അത്കൊണ്ട്  എസ്.ആര്‍.പി. ഈ ഒറ്റ പ്രസ്ഥാവനയിലൂടെ കേരളത്തില്‍ മുഴുവന്‍ ജനങ്ങളുടെയും ശത്രു ആകേണ്ടതാണ്. ഇനി വരുംനാളുകളില്‍ അദ്ദേഹം സി.പി.എമ്മിന് ഒരു ബാധ്യതയാകുമോ എന്നറിയില്ല. കീടനാശിനികള്‍ , രാസവളം, ജി.എം.വിത്തുകള്‍  എന്നിവയ്ക്ക് കേരളം എതിരാണ്. എന്നാല്‍ ഈ മൂന്നും കൃഷിയ്ക്ക് ആവശ്യമാണ് എന്നാണ് എസ്.ആര്‍.പി. പറഞ്ഞതിന്റെ ചുരുക്കം. മാത്രമല്ല, ഇന്ന് പല തരത്തിലുള്ള പ്രചാരവേലകളും നടക്കുന്നുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നില്‍ യൂറോപ്യന്‍ യൂനിയന്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന യാഥാര്‍ഥമാണിത്. ഞാനും ഇത് തന്നെയാണ് ബ്ലോഗില്‍ കുറെ നാളുകളായി പറയുന്നത്.  ജി.എം.വിത്തുകള്‍ ആരോഗ്യത്തിന് അപകടമാണെന്ന വിശ്വാസം  അന്ധവിശ്വാസമാണെന്നും അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു.

എന്നാല്‍ അദ്ദേഹം പറഞ്ഞതിനെ നിഷേധിക്കാന്‍  കുറെ പഠനറിപ്പോര്‍ട്ടുകളുമായി ഇന്നലെ തന്നെ ആളുകള്‍ മുന്നോട്ട് വന്നിരുന്നു. സി.പി.ഐ.യിലെ കൃഷിമന്ത്രി അപ്പോള്‍ തന്നെ എസ്.ആര്‍.പി.യോട് വിയോജിച്ചു.  മുഖ്യമന്ത്രി വി.എസ്സ്.ആകട്ടെ കേരളത്തെ ഒരു ജൈവസംസ്ഥാനമാക്കാനുള്ള തിരക്കിലാണ്.  കെ.വി.തോമസ് ഒരേയൊരു പ്രസ്ഥാവനയോടെ കുരുക്കില്‍ അകപ്പെടുകയും  അസാധാരണമായ മെയ്‌വഴക്കത്തോടെ ഊരിവരികയും ചെയ്തു. ഇന്ത്യ തന്നെ ഒരു ജൈവരാജ്യം ആകണമെന്നും ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിന് 300കോടി അനുവദിച്ചിട്ടുണ്ട് എന്നും കേന്ദ്ര കൃഷി സഹമന്ത്രിയായ തോമസ് പറഞ്ഞതോടെ അദ്ദേഹം രക്ഷപ്പെട്ടു.  ഇനിയിപ്പോള്‍   സി.പി.എമ്മിന്റെ  പി.ബി.അംഗം കൂടിയായ എസ്.ആര്‍.പി.യെ ആളുകള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നോ അദ്ദേഹം മാറ്റിപ്പറയുമോ എന്നും അറിയില്ല. ആളുകളില്‍ ഒരു വിശ്വാസം രൂഢമൂലമാവുക, അതിനൊപ്പിച്ച് രാഷ്ട്രീയനേതാക്കളും പറയുക എന്നതാണ് നിലവിലെ രീതി.  രാസവളവും കീടനാശിനികളും ജി.എം.വിളകളും വിഷമാണ് എന്നാണ് പൊതുവെ കേരളത്തിലെ വിശ്വാസം.  ശാസ്ത്രീയസത്യം മറിച്ചാണെങ്കിലും ഇവിടെ ഉള്ള കാര്യം പറയാന്‍ പാടില്ല.  കൃഷി നടത്തണമെങ്കിലും ഈ മൂന്നും കൂടിയേ പറ്റൂ. വേറെ ഒരു മാര്‍ഗ്ഗവുമില്ല. എന്നാലും ഇവ വിഷമാണ് എന്ന് പറയണം. അതാണ് നടപ്പ് രീതി. ഈ സമ്പ്രദായത്തെയാണ് ഡല്‍ഹിയില്‍ നിന്ന് വന്ന എസ്.ആര്‍.പി. വെല്ലുവിളിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ ഇത്രയും ധീരത പ്രകടിപ്പിച്ച  പ്രിയപ്പെട്ട എസ്.ആര്‍.പി.ക്ക് ഞാന്‍ അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു. എന്നാലും താങ്കള്‍ ഒന്ന് മനസ്സിലാക്കുന്നത് നന്ന്. ഞാന്‍ വെറും ഒരു ബ്ലോഗര്‍ മാത്രമാണ്. എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. താങ്കള്‍ അങ്ങനെയല്ല. പലതും നഷ്ടപ്പെടാനുണ്ട്. പി.ബി.അംഗത്വം അത്ര വലുതല്ല. വി.എസ്സിന് പോലും അത് നഷ്ടപ്പെടേണ്ടി വന്നല്ലൊ. പക്ഷെ ജീവിതമെന്ന നാടകത്തില്‍ അഭിനയിച്ചു വിട വാങ്ങുമ്പോള്‍ ചുകപ്പ് പതാക പുതപ്പിക്കപ്പെടുക എന്നത് ഏതൊരു കമ്മ്യൂണിസ്റ്റ്കാരന്റെയും ഏറ്റവും വലിയ ആഗ്രഹമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.  കമ്മ്യൂണിസ്റ്റുകാരന്‍ ശാസ്ത്രസത്യങ്ങളായിരുന്നു സമൂഹത്തില്‍ പറയേണ്ടിയിരുന്നത്.  ഇവിടെ പക്ഷെ വോട്ട് കിട്ടണമല്ലോ.  വിശ്വാസങ്ങളെ എതിര്‍ത്ത്  ജനങ്ങളെ വെറുപ്പിച്ചാല്‍ വോട്ട് നഷ്ടപ്പെടും.  അത്കൊണ്ട് എന്താണോ വിശ്വാസം അതേ പറയാവൂ.  ചൈനയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഈ പ്രശ്നമില്ല. അവര്‍ കൃഷിയുടെ അഭിവൃദ്ധിക്ക് എല്ലാ ശാസ്ത്രസാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നു. അവിടെ രാസവളങ്ങളും കീടനാശിനികളും എന്‍ഡോസല്‍ഫാന്‍ ഉള്‍പ്പെടെ , ജി.എം.വിത്തുകളും ഉപയോഗിക്കുന്നു.   ഇവിടെയും ഉപയോഗപ്പെടുത്തും.  ആളുകള്‍ വിശ്വസിക്കുന്നു എന്ന് വെച്ച്  വിശ്വാസം കൊണ്ട് കൃഷി നടത്താന്‍ പറ്റുമോ?  കര്‍ഷകരല്ലല്ലോ വിശ്വസിക്കുന്നത്.

അത്കൊണ്ട്  താങ്കള്‍ പറഞ്ഞില്ലെങ്കിലും  കൃഷി ഉള്ള കാലത്തോളം രാസവളവും കീടനാശിനികളും പിന്നെ ജി.എം.വിത്തുകളും ഉപയോഗപ്പെടുത്തും. വേറെ വഴിയില്ലല്ലൊ.  ജൈവകൃഷികൊണ്ട് ലോകം മുന്നോട്ട് പോകില്ല എന്ന് താങ്കള്‍ക്കറിയാമല്ലോ.  പിന്നെ എന്തിനാ അതൊക്കെ തുറന്ന് ആളുകളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്നത്. മാത്രമല്ല, കൃഷിയുമായി ബന്ധമില്ലാത്തവരല്ലെ വിശ്വസിക്കുന്നത്. അത്കൊണ്ട് താങ്കള്‍ ഈ അപ്രിയസത്യം കേരളത്തിന്റെ മണ്ണില്‍ വെച്ചു പറയണ്ടായിരുന്നു.  പറ്റുമെങ്കില്‍ , ശാസ്ത്രീയസത്യങ്ങളോട് കൂറ് പുലര്‍ത്തണം എന്ന് നിര്‍ബന്ധമില്ലെങ്കില്‍ താങ്കളുടെ പ്രസ്ഥാവന തിരുത്തി  നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെടാതെ നോക്കണം.  

ബയോടെക്‍നോളജി എന്നത് ഇക്കാലത്തെ ഒരു വരദാനമാണ്. ഇനി ലോകത്ത് വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയെ തീറ്റിപ്പോറ്റണമെങ്കില്‍ ഈ ശാസ്ത്രസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയേ മതിയാവൂ.  ജി.എം.വിത്തുകളിലൂടെ  വലിയൊരു കാര്‍ഷികവിപ്ലവത്തിന് തയ്യാറെടുക്കുകയാണ് ലോകം.  സങ്കരയിനം വിത്തുകളുടെ കണ്ടുപിടുത്തമാണ് ഒന്നാം കാര്‍ഷികവിപ്ലവം.  ജി.എം.വിത്തുകളുടെ കണ്ടുപിടുത്തത്തോടെ രണ്ടാം വിപ്ലവത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. അതേ സമയം  കാര്‍ഷികമേഖലയില്‍ ആധിപത്യം നേടാന്‍ എസ്.ആര്‍.പി. പറഞ്ഞപോലെ അമേരിക്കയും യൂറോപ്യന്‍ യൂനിയനും കടുത്ത മത്സരത്തിലാണ്.  യൂറോപ്യന്‍ യൂനിയന്റെ പ്രചാരണവലയത്തില്‍  പല പരിസ്ഥിതിസംഘടനകളും വീണുപോയിരിക്കുന്നു. അത്തരം സംഘടനകള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ നല്ല പോലെ ഫണ്ടിംഗ് നടത്തുന്നുണ്ട്.  ഇക്കാ‍ര്യത്തില്‍ ചൈനയുടെ നിലപാടായിരുന്നു നമുക്ക് നല്ലത്.  എന്തായാലും  പ്രായോഗികതയെ തോല്‍പ്പിക്കാന്‍ പ്രചാരണങ്ങള്‍ക്ക് കഴിയില്ല.  എന്തെന്നാല്‍ നിലനില്‍പ്പിന്റെ ഒരു പ്രശ്നമുണ്ടല്ലൊ.

ചെടികള്‍ക്കും വിളകള്‍ക്കും ജനിതകമാറ്റം  വരുത്തുന്നത്കൊണ്ട് ഒരു ദൂഷ്യവും വരാനില്ല എന്ന് മാത്രമല്ല ഗുണങ്ങളും നേട്ടങ്ങളും ഒരുപാട് ഉണ്ട് താനും. ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.  താല്പര്യമുള്ളവര്‍ക്ക് ഇവിടെ നിന്ന് വായിക്കാം.  നമ്മള്‍ മാവ് , പേര,  സപ്പോട്ട മുതലായ ചെടികള്‍ ഗ്രാഫ്റ്റിങ്ങ് രീതിയില്‍ ഒട്ടിക്കാറുണ്ടല്ലൊ.  അത് തന്നെ ജനിതകമാറ്റം ചെയ്യലാണ്. ജനിതക മാറ്റം ചെയ്യാന്‍ വേണ്ടി തന്നെയാണ് അവ ഒട്ടിക്കുന്നത്.  ഗ്രാഫ്റ്റിങ്ങിനെ കുറിച്ച് ഇവിടെ വായിക്കാം. അങ്ങനെ നമ്മള്‍ ഒട്ട് രീതിയില്‍  ഗുണമേന്മയുള്ള പുതിയ ചെടികള്‍ ഉണ്ടാക്കുന്നതിന്റെ ഏറ്റവും സമ്പുഷ്ടവും  കൃത്യതയാര്‍ന്നതും ബൃഹത്തായതുമായ ആവിഷ്ക്കാരവുമാണ് ജി.എം. വിത്തുല്പാദനത്തില്‍ സംഭവിക്കുന്നത്.   വിത്തിന്റെ  ഉല്പാദനത്തിലും വിതരണത്തിലും  കുത്തക കമ്പനികളുടെ ആധിപത്യം ഉണ്ടാവും എന്നൊരു  പ്രശ്നമുണ്ട്.  അതിനിപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും?  ഏതിലാണ് കുത്തക ഇല്ലാത്തത്.  ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാവുക എന്നതല്ലേ പ്രധാനം.  ഈ രംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ മുതല്‍മുടക്ക് നടത്തണം എന്നാണ് എസ്.ആര്‍.പി. നിര്‍ദ്ദേശിക്കുന്നത്.  ഇച്ഛാശക്തിയുണ്ടെങ്കില്‍ ഇന്നത്തെ ഈ മിക്സ്ഡ് എക്കണോമി സമ്പ്രദായത്തിലും അത് സാധ്യമാണ്.

എസ്.ആര്‍.പി.  ഇന്നലെ  (1.1.11) ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ ടെലഫോണ്‍ അഭിമുഖം ഞാന്‍ റെക്കോര്‍ഡ്  ചെയ്തത് താഴെ നിന്ന് കേള്‍ക്കാം.എസ്.രാമചന്ദ്രന്‍ പിള്ള ഇന്നലെ നടത്തിയ പ്രസംഗത്തെക്കുറിച്ച്  ഇന്ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചുവടെ വായിക്കാം.


ജനിതകമാറ്റത്തെ അനുകൂലിച്ച് എസ്. ആര്‍. പി; മുല്ലക്കര എതിര്‍ത്തു.
( കടപ്പാട്:മാതൃഭൂമി/2.1.11)

അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ്സ്

തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ വിളയുടെ കൃഷിയെച്ചൊല്ലി സി.പി.എം. -സി.പി.ഐ. നിലപാടുകള്‍ മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്സില്‍ ഏറ്റുമുട്ടി. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയും കൃഷി മന്ത്രി മുല്ലക്കര രത്‌നാകരനുമാണ് പരസ്യനിലപാടുമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചത്. ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കും രാസകീടനാശിനികള്‍ക്കും അനുകൂലമായ നിലപാട് എസ്.ആര്‍.പി. സ്വീകരിച്ചപ്പോള്‍ അതിനെതിരായ സംസ്ഥാന സര്‍ക്കാര്‍ നയം മുല്ലക്കര ആവര്‍ത്തിച്ചു വിശദീകരിച്ചു.

ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കെതിരായ നിലപാടില്‍ ഇതുവരെ ഒറ്റക്കെട്ടായിരുന്ന ഇടതു കക്ഷികള്‍ക്കിടയില്‍ പ്രകടമായ ഭിന്നത കടന്നുവന്നിരിക്കുകയാണ്. അതേസമയം, എസ്.ആര്‍.പി. പറഞ്ഞത് പാര്‍ട്ടി നിലപാടാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കെതിരായ സര്‍ക്കാര്‍ നയം രൂപപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും കാര്യമായ പങ്ക് വഹിച്ചിരുന്നു. തന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ വി.എസ്. ഇതുവരെ തയ്യാറായിട്ടുമില്ല. അങ്ങനെ വരുമ്പോള്‍ ഇത് സി.പി.എം. -സി.പി.ഐ. തര്‍ക്കം എന്നതിലുപരി സി.പി.എമ്മിലെ ആഭ്യന്തര തര്‍ക്കത്തിലെപുതിയൊരു അദ്ധ്യായമായി മാറുകയാണ്.

കേരള പഠന കോണ്‍ഗ്രസ്സില്‍ 'ആഗോളവത്കരണകാലത്തെ കൃഷി' എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സി.പി.എമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് കൂടിയായ എസ്.ആര്‍.പി. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് അനുകൂലമായി സംസാരിച്ചത്. ശാസ്ത്രസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ കാര്‍ഷിക മുന്നേറ്റമുണ്ടാക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ എതിര്‍ക്കുന്നത് അന്ധവിശ്വാസമാണ്. ജനിതകമാറ്റം വരുത്തിയ വിത്തിന്റെ ഉപയോഗം കാര്‍ഷികാദായം വര്‍ധിപ്പിക്കും. സ്ത്രീകളെ ബാധിക്കുന്ന വിളര്‍ച്ചയ്ക്കും കുട്ടികളുടെ ഭാരക്കുറവിനും ഇത് പരിഹാരമായേക്കും. എന്നാല്‍ ഇത്തരം വിത്തുകളുടെ ഉപയോഗത്തിനു മുമ്പ് എല്ലാവിധ സുരക്ഷാ പരിശോധനയും നടത്തണം'' -അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ ഉല്‍പാദനക്ഷമതയും കൃഷിക്കാരുടെ അദ്ധ്വാനക്ഷമതയും ഉയര്‍ത്തുന്നതിനാവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കണം. കാര്‍ഷികോത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ആവശ്യമാണ്. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ക്കു പിന്നില്‍ മോണ്‍സാന്‍േറാ പോലുള്ള അമേരിക്കന്‍ കുത്തകകളാണെന്ന കാര്യം അംഗീകരിക്കുന്നു. എന്നാല്‍ മറുഭാഗത്ത് ജൈവഭക്ഷണത്തിനു പിന്നില്‍ യൂറോപ്യന്‍ കമ്പനികളാണ്. ഇവരുടെ പോരില്‍ നമ്മള്‍ ഒരു പക്ഷം ചേര്‍ന്നു നില്‍ക്കേണ്ട കാര്യമില്ല. ജൈവകൃഷി രീതികള്‍ എത്രമാത്രം വിജയിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. രാസകീടനാശിനികള്‍ ഒഴിവാക്കുന്നത് കാര്‍ഷികോത്പാദനത്തെ വല്ലാതെ ബാധിക്കുമെന്നും എസ്.ആര്‍.പി. ചൂണ്ടിക്കാട്ടി.

എസ്.ആര്‍.പിയോട് ബഹുമാനപൂര്‍വം വിയോജിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് മുല്ലക്കര സംസാരിച്ചു തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ജനിതക ഗവേഷണത്തിനും ജൈവസാങ്കേതികവിദ്യയ്ക്കും എതിരല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ജൈവവൈവിധ്യ കലവറ എന്ന നിലയില്‍ കേരളം ബയോഡൈവേഴ്‌സിറ്റി ഹോട്ട്‌സ്‌പോട്ടാണ്. കേരളത്തെ ജി.എം. ഫ്രീ സോണ്‍ ആക്കി നിലനിര്‍ത്തണമെന്ന് ഡോ.എം.എസ്.സ്വാമിനാഥന്‍ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ജനിതകമാറ്റം വരുത്തിയ വിളകളുടെ ബയോസേഫ്റ്റി സംബന്ധിച്ച വ്യക്തതയില്ല. ഇവയ്ക്ക് ജനിതകമലിനീകരണ സാദ്ധ്യത ഇല്ലെന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ ഒരു ശതമാനം മാത്രമാണ് കേരളമെങ്കിലും രാജ്യത്തെ സസ്യ -മത്സ്യ സമ്പത്തില്‍ 30 ശതമാനവും ഇവിടെയാണുള്ളത്. അതിനാല്‍ത്തന്നെയാണ് ഇവിടെ ജനിതകമാറ്റം വരുത്തിയ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചത്. കേരളത്തിന് താത്പര്യമില്ലെങ്കില്‍ ജനിതകമാറ്റം വരുത്തിയ വിളകളുടെ കൃഷിക്കെതിരായ നിലപാടുമായി മുന്നോട്ടു പോകാന്‍ അവകാശമുണ്ടെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശ് പാര്‍ലമെന്‍റില്‍ സമ്മതിക്കുകയും ചെയ്തു. അതിനാല്‍ത്തന്നെയാണ് കേരളത്തില്‍ ഓപ്പണ്‍ ഫീല്‍ഡ് പരീക്ഷണം അനുവദിക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്'' -മുല്ലക്കര വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ പോലൊരു വിഷയം നമുക്കു മുന്നിലുള്ളപ്പോള്‍ രാസകീടനാശിനികള്‍ വേണമെന്നു പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. തലമുറകള്‍ക്കു തന്നെ ദൂഷ്യമുണ്ടാവും എന്നു ഭയപ്പെടുന്ന കീടനാശിനികള്‍ പരീക്ഷിക്കാനുള്ള ശേഷി ഇനി കേരളത്തിനില്ല. അതിനാല്‍ത്തന്നെയാണ് രാസകീടനാശിനികളുടെ ഉപയോഗം പടിപടിയായി കുറച്ചുകൊണ്ടു വരാനുള്ള തീരുമാനമെടുത്ത് മുന്നോട്ടു പോകുന്നത്. കേരളത്തില്‍ ഓര്‍ഗാനിക് ഫാമിങ് വിജയകരമായി മുന്നേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുല്ലക്കരയുടെ വാക്കുകള്‍ കരഘോഷത്തോടെയാണ് ഹാളിലുണ്ടായിരുന്ന പ്രതിനിധികള്‍ സ്വീകരിച്ചത്.

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രൊഫസര്‍ ഡോ.വി.കെ.രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ കെ.സി.ശശിധര്‍, ആര്‍.ഹേലി, എ.വിജയരാഘവന്‍, ഡോ.കെ.പി.പ്രഭാകരന്‍ നായര്‍, ഡോ.കെ.ജെ.ജോസഫ്, ഡോ.ആര്‍.രാംകുമാര്‍, എസ്.ഉഷ തുടങ്ങിയവരും സംബന്ധിച്ചു.

20 comments:

Praveen Gopinath said...

പ്രിയപ്പെട്ട സുകുമാരേട്ട,
തങ്ങളോടു യോജിക്കുന്നു.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

രാമചന്രന്‍ പിള്ളയുടെ പാര്‍ട്ടി തന്നെ "ജനിതക മാറ്റം" വരുത്തിക്കൊണ്ടാണ്‌ മുന്നേറുന്നത്..

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രവീണ്‍ ഗോപിനാഥിന് നന്ദി. ഒരാളെങ്കിലും ഈ പോസ്റ്റിനോട് യോജിക്കുമെന്ന് കരുതിയിരുന്നു,അത് പ്രവീണായിരുന്നു.

സസ്നേഹം,

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ശ്രീജിത്തിന്റെ കമന്റ് ഒരു തമാശയായി എടുക്കാം അല്ലേ :)


എന്തായാലും, പോസ്റ്റില്‍ നല്‍കിയ ലിങ്കില്‍ നിന്നും ചില വരികള്‍ ഞാന്‍ ക്വാട്ട് ചെയ്യട്ടെ..

Genetically-modified foods have the potential to solve many of the world's hunger and malnutrition problems, and to help protect and preserve the environment by increasing yield and reducing reliance upon chemical pesticides and herbicides. Yet there are many challenges ahead for governments, especially in the areas of safety testing, regulation, international policy and food labeling. Many people feel that genetic engineering is the inevitable wave of the future and that we cannot afford to ignore a technology that has such enormous potential benefits.

MANIKANDAN [ മണികണ്ഠൻ ] said...

പല വികസിത രാജ്യങ്ങൾ പോലും ഇക്കാര്യത്തിൽ വ്യക്തമായ നിലപാടിൽ എത്താത്ത സാഹചര്യത്തിൽ നമ്മൾ ധൃതിപിടിച്ച് ഇത്തരം തീരുമാനം എടുക്കണോ എന്നതാണ് എന്റെ സംശയം.

manoj said...

Dear K.P.S.,

Definitely, biotechnology will be the science that is going to give lot of help to humanity . Biotechnology will be used in the treatment of many chronic diseases also in the near future.

But there should be a highly qualified scientific committee at national level to make sure that this science is implemented in strict scientific way to benefit people, otherwise it will be misused by commercial forces.

Subair said...

ഈ വാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ ഞാന്‍ താങ്കളെ ഓര്‍ത്തു. താങ്കള്‍ ഇതിനെ സപ്പോര്‍ട്ട് ചെയ്യും എന്ന് ഞാന്‍ ഊഹിച്ചിരുന്നു.

പ്രകൃതിയോട് കളിക്കുമ്പോള്‍ ഒന്ന് സൂക്ഷിച്ച് ആവുന്നത് നന്ന് എന്നാണ് എനിക്ക് തോന്നുന്നത്.

Chethukaran Vasu said...

യോജിക്കുന്നു .... അങ്ങനെ എങ്കിലും ഈ മരുന്നടിച്ച ഭക്ഷണം ഒഴിവാക്കപ്പെടുമെങ്ങില്‍ ..! നല്ല പച്ചക്കറി കാണുമ്പം പേടിയാ .. ഒറ്റ കീടം പോലും അടുത്തു പോയിട്ടില്ലെങ്ങില്‍ ലവന്‍ കീടനാഷിനിയില്‍ അഭിഷേകം നടത്തി വന്നതാണോന്നൊരു ശങ്ക തോന്നിപ്പോകും .അതിനെക്കാളും നല്ലത് കുറച്ചു പ്രതൊരോധ ശേഷി കൂടിയ വര്‍ഗ്ഗങ്ങള്‍ ജനിതകമായിട്ടെങ്ങിലും വികസിപ്പിച്ചു കിട്ടിയാല്‍ മതിയായിരുന്നു .

വേറൊരു കാര്യം - ജനിതക മാറ്റം വിത്തുകള്‍ക്ക് പകരം മനുഷ്യനില്‍ നടപ്പാക്കാന്‍ എത്ര നാള്‍ എടുക്കും എന്നു മാത്രമാണ് വാസുവിന്റെ ആകാംക്ഷ ..!
ചുരുങ്ങിയ പക്ഷം , പ്രകാശ സംശ്ലേഷണത്തിന്റെ ഒരു ജീന്‍ മനുഷ്യനില്‍ വച്ച് പിടിപ്പിച്ചാല്‍ വിത്തുകളെ പറ്റിയുള്ള ഈ ചര്‍ച്ച ഒക്കെ ഒഴിവാക്കാം ആയിരുന്നു :-) . ഒന്ന് വെയില്‍ കാഞ്ഞാല്‍ വിശപ്പ്‌ മാറുമെങ്കില്‍ അതല്ലേ നല്ലത് ..:-)

vasanthalathika said...

പറഞ്ഞിട്ട് കാര്യമില്ലാ ...

ente lokam said...

ഇനിയിപ്പോ S.R.P. C.P.I. യും ആയി രഹസ്യ അജണ്ട ഉണ്ടാക്കി എന്ന വിവാദം ഉണ്ടാകാതിരുന്നാല്‍ നല്ലത് .

പ്രകൃതിയെ എല്ലാം സഹിക്കാന്‍ പ്രാപ്തം ആക്കുക എന്നത് ആണോ ഈ മാറ്റങ്ങളുടെ എല്ലാം അവസാനം ? ഒരു തരം രോഗ പ്രതിരോധം പോലെ ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സുകുമാരന്‍ ചേട്ടാ

പതിവുപോലെ താങ്കളുടെ കമ്യൂണിസ്റ്റു വിരുദ്ധപ്പരിപ്പ് വേവിക്കാന്‍ പറ്റുമോ എന്നാണു നോക്കുന്നത് എന്ന മനസ്സിലായി..എന്നാല്‍ ഈ പോസ്റ്റ് എഴുതി എസ് ആര്‍ പിക്ക് അഭിവാദ്യങ്ങള്‍ നല്‍കുകയല്ല വേണ്ടത്, മറിച്ച് സി പി എമ്മിനു അഭിവാദ്യങ്ങള്‍ നല്‍കുകയാണു വേണ്ടത്...

എസ് ആര്‍ പി പറഞ്ഞത് സിപി എം നയമാണ്..അതാകട്ടെ ഇന്നലെ വൈകിട്ട് ഉണ്ടായതുമല്ല.സി.പി.എം per se ജി.എം.വിളകള്‍ക്ക് എതിരല്ല.ശാസ്ത്രീയ പുരോഗതി മനുഷ്യരാശിക്ക് ഉതകുന്ന വിധത്തില്‍ ഉപയോഗിക്കണം എന്നതാണു സി പി എം നിലപാട്.എന്നാല്‍ ഈ രംഗത്തെ കുത്തക കമ്പനികളുടെ കടന്നു വരവിനെ ആണു സി പി എം എതിര്‍ക്കുന്നത്..ബി റ്റി വഴുതനങ്ങയുടെ പ്രശ്നങ്ങളുടെ കാലത്ത് തന്നെ വളരെ വ്യക്തമായ നയം പാര്‍ട്ടി കൈ കൊണ്ടിരുന്നു..കൃത്യമായി പറഞ്ഞാല്‍ 2010 ഫെബ്രുവരിയിലെ സെന്‍‌ട്രല്‍ കമ്മിറ്റി മീറ്റിംഗില്‍.അതിനുശേഷം പുറപ്പെടുവിച്ച രേഖയില്‍ വളരെ വ്യക്തമായി അതു പറഞ്ഞിട്ടും ഉണ്ട്..അതെങ്ങനെ അത്തരം കാര്യങ്ങള്‍ ഇവിടെ ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്യില്ലല്ലോ

രേഖയിലെ ഒരു ഭാഗം ഇങ്ങനെ :
The Government has been carrying out regional consultations on the
issue of Bt Brinjal. A final decision on its commercial release is to be
taken in February 2010. The introduction of Bt Brinjal has been
opposed from various quarters, owing to the non-transparent
manner in which safety assessments were carried out and the role
played by the MNC, Monsanto. Genetically modified crops are to be
used only after adequate trials and safeguards are put in place. Our
Party is opposed to the monopolisation of biotechnology by the MNCs
and their domestic collaborators. The Government should try to
develop biotechnology through public research institutions instead of
allowing Bt Brinjal to be commercially released by the Monsanto...
(ലിങ്ക് കൊടുത്തിട്ടുണ്ട്)

( കമന്റ് തുടരുന്നു)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജനകീയസർക്കാരുകൾ ഇതിൽ ഇടപെടുകയും മോൺസാന്റോ പോലുള്ള കമ്പനികളുടെ മൊണോപ്പൊളി അവസാനിപ്പിച്ചുകൊണ്ട് ഈ സാങ്കേതികവിദ്യയെ ജനകീയമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യത്തെപ്പറ്റി സിപി എം
രാഷ്ട്രീയനേതൃത്ത്വം ബോധ്യമുള്ളവരാണെന്ന് കാണുന്നത് താങ്കള്‍ക്ക് സന്തോഷമാകാന്‍ വഴിയില്ലെന്നു മാത്രം..

വിശദമായി അറിയാന്‍ ഈ ലിങ്ക് കാണുക

ajith said...

സുകുമാരന്‍ സാര്‍, താങ്കളോട് വിയോജിക്കുന്നു.

ഗാന്ധിജി പറഞ്ഞതാണെന്റെ ആപ്തവാക്യം: ഭൂമിയിലുള്ള എല്ലാ മനുഷ്യര്‍ക്കുമുള്ള ആവശ്യം നിറവേറ്റുന്നതിന് ഈ ഭൂമിയില്‍ തന്നെയുണ്ട്. എന്നാല്‍ ഒരുവന്റെ അത്യാഗ്രഹം തീര്‍ക്കാനുള്ളത് ഇവിടെയില്ല താനും. കച്ചവടക്കണ്ണുള്ള അത്യാഗ്രഹികള്‍ പെരുകിയിരിക്കുന്നു, നൈതികത അതനുസരിച്ച് കുറയുകയും ചെയ്തു. ഇനി പ്രകൃതിയോടാണ് കളി. വിനാശകാലേ വിപരീതബുദ്ധി.

Manoj മനോജ് said...

ആദ്യമേ തന്നെ യൂ ട്യൂബില്‍ ഇട്ടതിന് നന്ദി.

അതില്‍ 2:12 മുതലുള്ളത് കേള്‍ക്കുമ്പോള്‍ തന്നെ എസ്.ആര്‍.പി.യുടെ നിലപാട് വ്യക്തമാകുന്നില്ലേ. സസ്യജാലങ്ങള്‍ക്കും ജന്തുജാലങ്ങള്‍ക്കും ദോഷമാകാത്തത്, ഗവേഷണവും വിതരണവും മറ്റും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വേണം എന്നും അദ്ദേഹം വ്യക്തമാക്കുമ്പോള്‍ അതില്‍ ഈ മാധ്യമങ്ങളും താങ്കള്‍ ഉള്‍പ്പെടെയുള്ളവരും പ്രചരിപ്പിക്കുന്ന പോലെയുള്ള അദ്ദേഹം പറഞ്ഞെന്ന് പറയുന്ന “വലിയ” കാര്യം എന്തെന്ന് വ്യക്തമാകുന്നില്ല.

[കത്തോലിക്ക സഭയുടെ സയന്റിഫിക്ക് കമറ്റിയും ഇതൊക്കെ തന്നെ സമ്മതിക്കുന്നതായി കഴിഞ്ഞ മാസം വാര്‍ത്തകളുണ്ടായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ് :) ]

ഇതൊക്കെ തന്നെയല്ലയോ പ്രധാന പ്രശ്നങ്ങള്‍. ദീര്‍ഘകാലത്തെ ജി.എം. വിളകളുടെ ഉപയോഗം കൊണ്ട് മനുഷ്യരില്‍/ജന്തുക്കളില്‍ എന്ത് ഫലമാണുണ്ടാകുക എന്ന് ആര്‍ക്കും അറിയില്ല.
ക്രോസ്സ് പോളിനേഷന്‍ വഴി നിലവിലുള്ള സസ്യങ്ങള്‍ എന്നെന്നേക്കുമായി നഷ്ടപ്പെടാം.
തങ്ങള്‍ കണ്ട് പിടിച്ചിരിക്കുന്ന ജനിതക വിത്തുകള്‍ ശേഖരിച്ച് പുനര്‍ കൃഷി ചെയ്യുവാന്‍ കര്‍ഷകരെ ഇന്ന് സ്വകാര്യ കമ്പനികള്‍ അനുവദിക്കുന്നില്ല. അതായത് വിത്തിന്റെ വില തങ്ങള്‍ നിശ്ചയിക്കും. തങ്ങള്‍ക്ക് “കപ്പം” നല്‍കാതെയാണ് ഒരു കര്‍ഷകന്‍ കൃഷി ചെയ്തതെങ്കില്‍ (അത് ചിലപ്പോള്‍ അറിയാതെ ആണെങ്കില്‍ കൂടി) അവനെതിരെ നിയമ നടപടിയെടുക്കുമെന്ന് ക്യാനഡയില്‍ മോണസാറ്റോ കമ്പനി തെളീയിച്ചതാണ്.

ചുരുക്കത്തില്‍ കമ്പനികള്‍ക്ക് കീഴടങ്ങി സമൂഹം ജീവിക്കേണ്ടി വരുമെന്ന അവസ്ഥ.

ഇതൊക്കെ ഇല്ലാതാക്കുവാനുള്ള വഴിയാണ് നോക്കേണ്ടത് എന്ന് എസ്സ്.ആര്‍.പി. പറഞ്ഞ് വെയ്ക്കുന്നു. അത് തന്നെയല്ലയോ ജി.എം.നെ എതിര്‍ക്കുന്നവരും പറയുന്നത്.

"നമ്മള്‍ മാവ് , പേര, സപ്പോട്ട മുതലായ ചെടികള്‍ ഗ്രാഫ്റ്റിങ്ങ് രീതിയില്‍ ഒട്ടിക്കാറുണ്ടല്ലൊ. അത് തന്നെ ജനിതകമാറ്റം ചെയ്യലാണ്."
ഇത് വായിച്ചപ്പോള്‍ സന്തോഷം തോന്നി കാരണം വളരെ വര്‍ഷങ്ങളായി നടക്കുന്ന ഒരു ഡിബേറ്റാണ്, ഗ്രാഫ്റ്റിങ് ജീന്‍ മാനുപ്പുലേഷന്‍ നടത്തുന്നുണ്ടോ എന്നത്. ഇത് വരെ അതിനുള്ള വ്യക്തമായ തെളിവുകള്‍ ശാസ്ത്ര ലോകം കണ്ടെത്തിയിട്ടില്ല എന്നിട്ടും താങ്കള്‍ അതിനെ അംഗീകരിക്കുന്നു. അത് പോലെ തന്നെ മറ്റ് വിഷയങ്ങളും താങ്കള്‍ പതുക്കെ അംഗീകരിക്കുമെന്ന് കരുതാം :)

ഹൈന said...

:)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

അപ്പോൾ ബുദ്ധിജീവികൾക്കും വിവരം വെച്ചുതുടങ്ങിയെന്നർത്ഥം..അല്ലേ
പിന്നെ
എന്റെ പ്രിയ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

vipin said...

സുകുമാരേട്ടാ , നിങ്ങള്‍ 'മ' പത്രങ്ങളുടെ നിലവാരത്തിലേയ്ക്ക് താഴരുത് ..എസ് ആര്‍ പി പറഞ്ഞത് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് ( ഇവിടെ നോക്കൂ ..http://www.cpim.org/documents/2010-Feb-CC-Report.pdf ) ....സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ ശേഷം ഉപയോഗിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത് .........

>>>>>ചെടികള്‍ക്കും വിളകള്‍ക്കും ജനിതകമാറ്റം വരുത്തുന്നത്കൊണ്ട് ഒരു ദൂഷ്യവും വരാനില്ല എന്ന് മാത്രമല്ല ഗുണങ്ങളും നേട്ടങ്ങളും ഒരുപാട് ഉണ്ട് താനും...
അതൊന്നും പരീക്ഷിച്ചു നോക്കാതെ പറയാന്‍ പറ്റില്ല സുകുമാരേട്ടാ ..ഒരു ജീന്‍ എന്തൊക്കെ കാര്യങ്ങളുമായിട്ടു ബന്ധമുണ്ട് എന്നു കൃത്യമായി കണ്ടു പിടിക്കുക എളുപ്പമല്ല ......ബുദ്ധി മാന്ദ്യം ഉള്ള ഒരാള്‍ ഹൈ വോള്‍ട്ടേജ് ട്രാന്‍സ്ഫോര്‍മറില്‍ കളിച്ചാല്‍ എങ്ങനിരിക്കും , അതു പോലെയുണ്ടാകും ഇതൊക്കെ നേരിട്ട് ഉപയോഗിച്ചാല്‍ !!!.

ഈ പോസ്റ്റിലെ പല പരാമര്‍ശങ്ങളും തികച്ചും അപമാനകരമാണെന്ന് പറയാതെ വയ്യ , ഇങ്ങനെ കാര്യങ്ങളെ വളച്ചൊടിച്ചു പച്ചക്കള്ളം പറയാന്‍ താങ്കള്‍ക്കു ലജ്ജയില്ലേ !!!. മാതൃഭൂമി മാത്രം നോക്കി കാര്യങ്ങള്‍ വിലയിരുത്തരുത്‌ , അതിന്‍റെ വിശ്വാസ്യത എല്ലാവര്‍ക്കും അറിയാവുന്നതാണ് ..

കാക്കര kaakkara said...

അഭിനന്ദനങ്ങൾ...

ജി. എം. വിളകളുടെ ശരിയും തെറ്റും ശാസ്ത്രലോകം ചർച്ച ചെയ്ത്‌ തീരുമാനിക്കട്ടെ... ആരോപണ പ്രത്യാരോപണങ്ങൾ ചായകോപ്പയിലെ കൊടുങ്കാറ്റ്‌ മാത്രം... ജി.എം വിളകൾ ശരിയെങ്ങിൽ നാളെ നാം സ്വീകരിക്കും...

ഒരു കാര്യത്തിൽ എസ്.ആർ. പി ഭാഗ്യം ചെയ്തവനാണ്‌...

മോൺസാന്റയുടെ ഏജന്റാണ്‌ എന്ന്‌ മാത്രം കേൾക്കേണ്ടതില്ല...

റ്റോംസ്‌ || thattakam .com said...

സുകുമാരേട്ടാ ,
വിയോജിച്ചുകൊണ്ട് യോജിക്കുന്നു.
അഭിനന്ദനങ്ങൾ.

anvar said...

സുകുമാരേട്ട,
അഭിനന്ദനങ്ങള്‍, ബ്ലോഗ്‌ കസറി
സിപിഎം വീണ്ടും വെട്ടില്‍ വീണു !!!