മുഖ്യധാര മാധ്യമങ്ങളേ ഇതിലേ , ഇതിലേ ...


ഫേസ്‌ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ ആം ആദ്മികളായ എത്രയോ എഴുത്തുകാർ വളരെ ഗഹനമായ കാര്യങ്ങൾ എഴുതുകയും ആഴത്തിലുള്ള ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്ന് സമൂഹത്തിന്റെ സ്പന്ദനങ്ങൾ വളരെ കൃത്യതയോടെ തുടിക്കുന്നത് ഇത്തരം നവമാധ്യമങ്ങളിലൂടെയാണു എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. യാഥാർഥ്യം തന്നെയാണു. എന്നാൽ ഈ സമകാലിക യാഥാർഥ്യത്തെ വളരെ കൗശലപൂർവ്വം തമസ്ക്കരിക്കുന്ന മുഖ്യധാര മാധ്യമങ്ങൾ , സെലിബ്രിറ്റികൾ ബ്ലോഗിലോ എഫ്‌ബിയിലോ ട്വിറ്ററിലോ എന്തെഴുതിയാലും അതൊക്കെ ഭയങ്കരവെളിപ്പെടുത്തൽ പോലെ വാർത്താഘോഷമാക്കുന്നു. 

ഇത് വായിക്കുന്ന സാധാരണവായനക്കാർക്ക് തോന്നുക സോഷ്യൽ മീഡിയ എന്നാൽ മഹാതാരങ്ങൾ മാത്രം ആത്മാവിഷ്ക്കാരത്തിനു ഉപയോഗിക്കുന്ന, നമുക്കൊക്കെ അപ്രാപ്യമായ വെർച്വൽ പ്രസാധന മേഖലയാണു എന്നായിരിക്കും. മോഹൻലാൽ ബ്ലോഗ് എഴുതിയാൽ, പിണറായി വിജയൻ ഫേസ്‌ബുക്ക്‌പേജ് ഉണ്ടാക്കിയാൽ അതൊക്കെ ലോകം മുഴുവൻ പെരുമ്പറ മുഴക്കി അറിയിക്കുന്ന മുഖ്യധാര മാധ്യമങ്ങൾക്കിടയിൽ, വ്യത്യസ്തമാവുകയാണു മാധ്യമം ദിനപത്രം. മാധ്യമത്തിന്റെ എഡിറ്റ് പേജിൽ തന്നെ "സാമൂഹിക മാധ്യമം" എന്നൊരു പംക്തി ആരംഭിച്ചിരിക്കുന്നു. ഇതിനെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. മറ്റ് മാധ്യമങ്ങൾ ഇതിനെ മാതൃകയാക്കും എന്ന് പറഞ്ഞുകൂട. സോഷ്യൽ മീഡിയ എന്ന ഇംഗ്ലീഷ് പദത്തിനു സാമൂഹികമാധ്യമം എന്നൊരു മനോഹരമായ മലയാളം പദം ഉണ്ടല്ലോ എന്ന് ഞാൻ ആലോചിച്ചത് തന്നെ മാധ്യമത്തിന്റെ ഈ പംക്തി കണ്ടപ്പോഴാണു.


ഇന്നത്തെ മാധ്യമത്തിലെ പ്രസ്തുത പംക്തിയിൽ എന്റെ ഒരു എഫ്‌ബി പോസ്റ്റും കിരൺബേദിയുടെ ഒരു ട്വീറ്റിന്റെ മലയാളം പരിഭാഷയും ആണുള്ളത്. കിരൺ‌ബേദിയുടെ ട്വിറ്റർ ട്വീറ്റിൽ, ഒബാമ ആദ്യ നാലുവർഷത്തിനുള്ളിൽ 79 ക്ലിന്റൺ 133 സീനിയർ ബുഷ് 143 എന്നിങ്ങനെ വാർത്താ സമ്മേളനങ്ങൾ നടത്തി. എന്നാൽ ഒൻപത് വർഷത്തിനുള്ളിൽ നമ്മുടെ പ്രധാനമന്ത്രി നടത്തിയത് വെറും മൂന്ന് സമ്മേളനങ്ങൾ മാത്രമാണു. ഇത് വാർത്താവിനിമയ തളർച്ചയോ ചികിത്സിക്കാവുന്നതാണോ എന്നാണു കിരൺ ബേദി പരിഹസിക്കുന്നത്. 


ഇതിനെ പറ്റി ഇന്ന് എഴുതാൻ വിചാരിച്ചതാണു. നമ്മുടെ പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസ്സ് മീറ്റ് എത്ര മാത്രം നിർജ്ജീവവും വിരസവും യാന്ത്രികവും ആയിരുന്നു. ഒൻപത് കൊല്ലം പ്രധാനമന്ത്രിയായിട്ടും അദ്ദേഹത്തിന്റെ ശരീരഭാഷയും പ്രസന്റേഷനും ഒരു ബ്യൂറോക്രാറ്റിന്റേതിൽ നിന്നും ഒരു ജനനേതാവിന്റേതായി മാറിയില്ലല്ലൊ എന്ന് ദു:ഖം തോന്നി. ഇന്നലെ അദ്ദേഹം പറഞ്ഞതിൽ നമുക്ക് ആവേശവും ഉണർവ്വും പ്രതീക്ഷയും തരുന്ന ഒരു കാര്യവും ഇല്ലായിരുന്നു. നരസിംഹറാവുവിന്റെ ചെലവിൽ പ്രധാനമന്ത്രിയായ ഒരാൾ എന്നായിരിക്കും പ്രിയപ്പെട്ട മൻമോഹൻസിങ്ങ്ജീ താങ്കളെ ചരിത്രം വിലയിരുത്തുക. 


ഇന്നത്തെ മാധ്യമത്തിന്റെ എഡിറ്റ് പേജ് ഇതാ : : http://goo.gl/hNiyLA

2 comments:

കിനാവള്ളി said...

ഈ അടുത്ത കാലം വരെ വാര്ത്താ സമ്മേളനങ്ങൾ തത്സമയ സംപ്രേക്ഷണം നടത്തിയിരുന്നില്ല . ടെലിവിഷൻ കാമറ മുന്നില് നമ്മുടെ തല മുതിർന്ന നേതാക്കൾക്ക് പ്രസംഗിക്കാൻ വിഷമം ഉണ്ടാവും . പ്രധാന മന്ത്രിയുടെ മീഡിയ മാനേജ്മെന്റ് ടീം യു പി എ 2 ഇൽ മോശം ആയിരുന്നു. സഞ്ജയ്‌ ബാറുവിനെ പോലെ ഒരാളെ കിട്ടാത്തത് കൊണ്ട് . പിന്നെ പത്രക്കാർ എന്ത് ചോദിക്കുന്നു എന്ന് അനുസരിച്ചിരിക്കും മറുപടി. ആകപ്പാടെ അറിയണ്ടത് രാഹുൽ എപ്പ വരും എന്നൊക്കെ ആണെങ്കിൽ ഇത്രയൊക്കെ പ്രതിക്ഷിച്ച്ചാൽ മതി.

ajith said...

കേപ്പിയെസ്സ് കാങ്കിരസ് വിട്ട് ആപ് ആയോ?