ഫേസ് ബുക്കിലെ ചാറ്റ്ഷോയില്‍ ഒരു ചോദ്യത്തിന് കൂടി മറുപടി പറയാനുണ്ടായിരുന്നു. പ്രിയ സുഹൃത്ത് നൗഷാദ് കൂടരഞ്ഞി ആണ് ചോദ്യകര്‍ത്താവ്. എന്തായാലും എന്റെ ബ്ലോഗ് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായിരുന്നു ഈ ചാറ്റ് ഷോ. എനിക്ക് സ്വയം അനാവരണം ചെയ്യാന്‍ അവസരം നല്‍കിയ അതിന്റെ സംഘാടകരോട് എനിക്കുള്ള കടപ്പാട് നിസ്സീമമാണ്. മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലെ അംഗങ്ങള്‍ എന്നോട് വളരെ ആദരവാണ് കാണിക്കുന്നത്. എല്ലാ അംഗങ്ങള്‍ക്കും എന്റെ സ്നേഹവും നന്ദിയും അറിയിക്കാനും ഈ അവസരം വിനിയോഗിക്കട്ടെ. കഴിയുന്നതും എന്തിനെക്കുറിച്ചും മുന്‍വിധിയില്ലാതെ മനസ്സിലാക്കാന്‍ ശ്രമിക്കുക എന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മിലേക്ക് വരുന്ന വിവരങ്ങള്‍ എല്ലാം സത്യസന്ധമാകണമെന്നില്ല. വിവരമാലിന്യങ്ങളും വര്‍ത്തമാന കാലത്തിലെ ഒരു പ്രതിഭാസമാണ്. ഇനി ചോദ്യങ്ങ:ളിലേക്ക് :
പ്രിയ സര്‍, അല്പം വൈകിയതില്‍ ക്ഷമിക്കുക. താങ്കളെ പോലുള്ള ഒരാളോട് സംവദിക്കാന്‍ കഴിയുന്നതിലെ എന്റെ സന്തോഷം പങ്കു വെക്കട്ടെ...
1) എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ താങ്കളുടെ വ്യത്യസ്തമായ ലേഖനം വായിച്ചിരുന്നു..ഏറെ ബഹുമാനവും തോന്നി. യഥാര്‍ഥത്തില്‍ കൂടുതല്‍ ആളുകള്‍ പറയുന്നതാണ് ശരി എന്ന രീതിയിലല്ലേ മലയാളികള്‍ ചിന്തിക്കുന്നത്..?
എന്‍ഡോസല്‍ഫാന്‍ വിഷയത്തില്‍ സത്യത്തില്‍ എനിക്ക് ചിരിയാണ് വരുന്നത്. ആരെങ്കിലും ഒരു വിഷയം എടുത്തിടുന്നു. ഉടനെ എല്ലാവരും ഓടി വന്ന് ആ വിഷയം ഏറ്റെടുത്ത് കോറസ്സ് പോലെ പാടുന്നു. എല്ലാ കാര്യത്തിലും ഇത്പോലെ തന്നെയാണ് നടക്കുന്നത്. സ്വന്തമായി ഒന്നിനെക്കുറിച്ചും ആളുകള്‍ ചിന്തിക്കുന്നില്ല. അഥവാ ആരെങ്കിലും ഒറ്റപ്പെട്ട നിലയില്‍ ചിന്തിച്ച് അഭിപ്രായം പറഞ്ഞാല്‍ അത് എന്തോ ജനദ്രോഹമാണ് എന്ന് വരുത്തിത്തീര്‍ക്കുന്നു. അത്കൊണ്ട് സ്വന്തമായ അഭിപ്രായം പറയാന്‍ ആളുകള്‍ മടിക്കുന്നു. അത്കൊണ്ട് പൊതുജനാഭിപ്രായം എപ്പോഴും ആള്‍ക്കൂട്ടത്തിന്റെ അര്‍ത്ഥശൂന്യമായ ആരവമായി മാറുന്നു. ഞാന്‍ എന്റെ സ്വന്തം നിലയിലാണ് ചിന്തിക്കാറ്. എന്‍ഡോസല്‍ഫാന്റെ കാര്യത്തില്‍ എന്റെ നിലപാട് സുചിന്തിതമാണ്. കാസര്‍ഗോഡ് ദുരിതങ്ങള്‍ക്ക് കാരണം എന്‍ഡോസല്‍ഫാന്‍ ആണെങ്കില്‍ അത് അമിതമായി പ്രയോഗിച്ചത്കൊണ്ടാണ്. അതിന് നിരോധിക്കേണ്ട ആവശ്യം ഇല്ല. അഥവാ നിരോധിച്ചാലും പ്രശ്നം തീരുകയില്ല. കീടനാശിനികള്‍ ഇല്ലാതെ കൃഷി നടത്താന്‍ കഴിയില്ല. ജൈവവാദികള്‍ക്ക് പറഞ്ഞാല്‍ മതി. അവര്‍ക്ക് കൃഷി ചെയ്യേണ്ടല്ലൊ. കീടനാശിനി കമ്പനികളെ സഹായിക്കുകയാണെന്ന് ചിലര്‍ പറയും. കീടനാശിനികള്‍ ഉല്പാദിച്ച് വിതരണം നടത്താന്‍ പിന്നെ കമ്പനികള്‍ വേണ്ടേ? എല്ലാ സംഗതികളും അങ്ങനെയാണ്. കമ്പനികള്‍ ഇല്ലാതെ എന്തെങ്കിലും നടക്കുമോ? പുരോഗമനം , മനുഷ്യത്വം എന്നൊക്കെ പറഞ്ഞാല്‍ എല്ലാറ്റിനെയും കണ്ണും പൂട്ടി എതിര്‍ക്കുക എന്നാണ് ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്. അവനവന്‍ തന്നെ സ്വന്തമായി കാര്യങ്ങള്‍ വിശകലനം ചെയ്യുന്നവര്‍ക്ക് സംഗതികള്‍ മനസ്സിലാകും. നൗഷാദ് പറഞ്ഞത് തന്നെയാണ് ശരി. കൂടുതല്‍ ആളുകള്‍ പറയുന്നതാണ് ശരി എന്ന രീതിയിലാണ് മലയാളികള്‍ ചിന്തിക്കുന്നത്.
2) ഒരു മുന്‍ കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍...
A) പുതുതായി കമ്മ്യൂ ണിസത്തിലേക്ക് ആകൃഷ്ടരാവുന്നവരോട് എന്താണ് പറയാനുള്ളത്..?
കമ്മ്യൂണിസം ഒരു സിദ്ധാന്തം അല്ലെങ്കില്‍ പ്രായോഗിക ചിന്താപദ്ധതി എന്ന നിലയില്‍ ഇനി ആരേയും ആകര്‍ഷിക്കുകയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ തന്നെ ആളുകള്‍ കൂടുതലുള്ള പാര്‍ട്ടിയില്‍ മാത്രമേ പുതുതായി ആളുകള്‍ ചേരുകയുള്ളൂ. അത് കമ്മ്യൂണിസ്റ്റ് ആശയത്തോടുള്ള ഇഷ്ടം കൊണ്ടല്ല. എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമായി സുരക്ഷിതരാവുക എന്ന മന:ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്കൊണ്ടാണ്. സി.പി.ഐ. എന്ന പാര്‍ട്ടിയില്‍ ആരും ഇനി ചേരില്ല. എന്നാല്‍ സി.പി.എമ്മില്‍ ചേര്‍ന്നുകൊണ്ടേയിരിക്കും. എന്തെന്നാല്‍ ആ പാര്‍ട്ടിയില്‍ ആളുകള്‍ക്ക് സുരക്ഷിതത്വം കിട്ടും. അത്കൊണ്ട് സി.പി.എം. എന്ന പാര്‍ട്ടിയെ നടത്തികൊണ്ടു പോകാന്‍ ആ പാര്‍ട്ടിക്ക് ഇന്ന് കമ്മ്യൂണിസം വേണ്ട. ആള്‍ക്കൂട്ടം ചോര്‍ന്നുപോകാതെ നോക്കിയാല്‍ മതി. വലിയ ആള്‍ക്കൂട്ടം എസ്റ്റാബ്ലിഷ് ആയാല്‍ അതിലേക്ക് സദാ ആളുകള്‍ ഒഴുകി വരികയും അത് നിലനില്‍ക്കുകയും ചെയ്യും. ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് സമൂഹം ഒരു മൂവ്മെന്റ് എന്ന നിലയില്‍ സഞ്ചരിക്കാത്ത സാധാരണ അവസ്ഥയിലെ സ്ഥിതിയാണിത്. കമ്മ്യൂണിസം ഇനി ഒരു മൂവ്മെന്റ് ആയി മാറാന്‍ പോകുന്നില്ല. മാവോയിസ്റ്റുകള്‍ക്ക് ഇപ്പോഴുള്ള സ്വാധീനം ആ മേഖലയില്‍ ദാരിദ്ര്യവും അവികസിതാവസ്ഥയും ഉള്ളത്കൊണ്ടാണ്. മാവോയിസം കൊണ്ടോ കമ്മ്യുണിസം കൊണ്ടോ അതിന് പരിഹാരം കാണാന്‍ കഴിയുകയുമില്ല.
B) അതിലെ മികച്ചത്, അതേ സമയം ഒരിക്കലും നടപ്പിലാവാത്തത് എന്ന് താങ്കള്‍ കരുതുന്ന ആശയങ്ങള്‍ എന്തെല്ലാമാണ്..?
ആശയങ്ങള്‍ എന്നത് നടപ്പിലാക്കാന്‍ പറ്റുന്ന സംഗതികള്‍ അല്ല എന്ന് തോന്നുന്നു. അത്കൊണ്ടാണ് നമ്മള്‍ ആശയങ്ങള്‍ എന്ന് പറയുന്നത്. പ്രായോഗികമായത് എന്താണോ അതാണ് നടപ്പാവുകയും നടപ്പിലാക്കാന്‍ കഴിയുകയും ചെയ്യുക. പ്രായോഗികതയും ആശയങ്ങളും തമ്മില്‍ എപ്പോഴും വൈരുധ്യമുണ്ടാവും. കമ്മ്യൂണിസത്തിന്റെ പേരില്‍ നടന്നത് ചില രാജ്യങ്ങളില്‍ വിപ്ലവം എന്ന് അറിയപ്പെട്ട അധികാരം പിടിച്ചുപറ്റലാണ്. പിന്നീട് അവിടെയൊക്കെ കമ്മ്യൂണിസ്റ്റുകള്‍ സോഷ്യലിസം നടപ്പാകും എന്ന് കരുതപ്പെട്ടു. സോഷ്യലിസം എന്നത് ഒരു ആശയമാണ്. അത്കൊണ്ട് തന്നെ അത് എവിടെയും നടപ്പിലാവുകയും ചെയ്തില്ല. ചൈനയില്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടെങ്കിലും അവിടെയും സോഷ്യലിസം നടപ്പാക്കാന്‍ കഴിയില്ല. ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ മുതലാളിത്വം പ്രതിസന്ധിയില്‍ ആണെന്നും സോഷ്യലിസം വരും എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അതൊന്നും ഒരിക്കലും പ്രായോഗികമല്ല. ഇപ്പോള്‍ നോക്കുമ്പോള്‍ കമ്മ്യൂണിസത്തില്‍ മികച്ചത് എന്ന് തോന്നുന്നത് അതിലെ ആശയങ്ങള്‍ മാത്രമാണ്. നടപ്പിലാക്കാന്‍ ഒന്നുമില്ല. ആശയങ്ങള്‍ മതങ്ങളിലുമുണ്ട്. നല്ല ആശയങ്ങള്‍ ഇവിടെ നിലനില്‍ക്കട്ടെ. നമ്മള്‍ വെറും യന്ത്രങ്ങള്‍ ആയിപ്പോകാതിരിക്കാന്‍ ആശയങ്ങള്‍ നല്ലതാണ്.
C) അതിലെ ആശയങ്ങള്‍ക്ക് ഏതെല്ലാം മത ദര്‍ശനങ്ങളുമായി താങ്കള്‍ താദാത്മ്യം കാണുന്നു..?
കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മത ദര്‍ശനങ്ങളുമായി യാതൊരു താദാത്മ്യവുമില്ല. മനുഷ്യനെ കേവലം ഭൌതികസത്ത ആയിട്ടാണ് മാര്‍ക്സിസം കാണുന്നത്. മതമാകട്ടെ മനുഷ്യനെ ആത്മീയതയുടെ തലത്തില്‍ ദൈവവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. കമ്മ്യൂണിസം ഭൌതികേതരമായ ഒന്നിനെയും അംഗീകരിക്കുന്നില്ല. അത്കൊണ്ട് തന്നെ രണ്ടും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. സമ്പത്തിന്റെ വികേന്ദ്രീകരണമാണ് മാര്‍ക്സിസം മുന്നോട്ട് വെക്കുന്ന പ്രധാന സാമ്പത്തിക കാഴ്ചപ്പാട് എന്നത്കൊണ്ട് ഇസ്ലാമിസവുമായി താദാത്മ്യം ആരോപിക്കാമെങ്കിലും അത് ഉപരിപ്ലവമായ സാമ്യം മാത്രമായിരിക്കും. മാര്‍ക്സിസം ഹിംസയെ അടിസ്ഥാനപ്പെടുത്തിയ പ്രത്യയശാസ്ത്രമാണ്. അത്കൊണ്ടാണ് സ്റ്റാലിനെ പോലുള്ള ക്രൂരന്മാര്‍ അതിന്റെ നേതാക്കളാകുന്നത്.
D) യഹൂദനായിരുന്ന മാര്‍ക്സ് ഖുറാന്‍ വായിച്ചിരുന്നുവെങ്കില്‍ മത വിശ്വാസത്തിലധിഷ്ടിതമായ ഒരു പുതിയ ആശയം രൂപീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞേനെ എന്ന് നിരൂപിക്കുന്നവരുണ്ട്. താങ്കക്ക് എന്ത് തോന്നുന്നു.?
മാര്‍ക്സ് അടിസ്ഥാനപരമായി മനുഷ്യസ്നേഹിയാണ്. സമൂഹത്തില്‍ വര്‍ഗ്ഗപരമായ വിഭജനം മാത്രമാണ് അദ്ദേഹം നിരീക്ഷിച്ചത്. മതപരമായി യഹൂദന്‍ എന്നോ കൃസ്ത്യന്‍ അല്ലെങ്കില്‍ ഇസ്ലാം അങ്ങനെ വേര്‍തിരിച്ച് കാണാന്‍ മാര്‍ക്സിന് കഴിയുമായിരുന്നില്ല. അത്കൊണ്ട് ഖുര്‍ആന്‍ വായിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന് മത വിശ്വാസത്തിലധിഷ്ടിതമായ ഒരു ആശയം രൂപീകരിക്കുവാന്‍ കഴിഞ്ഞിരിക്കും എന്ന് നിരീക്ഷിക്കാനുള്ള വകുപ്പ് കാണുന്നില്ല.
E) കമ്മ്യുണിസ്റ്റ് സംഘടനാ പാടവത്തിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കോണ്ഗ്രസ് പാര്‍ടിയെ അഴിച്ചു പണിയണമെന്ന് താങ്കള്‍ക്കു തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും കിടയറ്റതാണ് കമ്മ്യൂണിസ്റ്റ് സംഘടനാ പാടവം. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ കൃത്യമായ ഇടവേളകളില്‍ സംഘടനാതെരഞ്ഞെടുപ്പ് എങ്കിലും നടന്നിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു എന്നാണാലോചിക്കുന്നത്.
F) ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരന് യഥാര്‍ത്ഥ മത വിശ്വാസിയാകുവാന്‍ സാധിക്കുമോ..?
ഒരിക്കലും സാധ്യമല്ല. യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരന് ചൂഷകനും ചൂഷിതനും എന്ന് രണ്ട് വിധത്തിലുള്ള ആളുകളെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. യഥാര്‍ഥ കമ്മ്യൂണിസം ലോകത്ത് നടപ്പാവുകയാണെങ്കില്‍ മതങ്ങള്‍ക്ക് പ്രസക്തി തന്നെ ഇല്ലാതാവും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കമ്മ്യൂണിസവും മതവിശ്വാസവും ഒരിക്കലും സഹവര്‍ത്തിക്കുകയില്ല.
3) താങ്കളുടെ ഒരു പോസ്റ്റില്‍ (മുസ്ലിം ലീഗിന് ഒരു സല്യൂട്ട്) ലീഗിന്റെ നല്ല വശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് മതേതര വാദികളുടെ പിന്തുണ നേടിയെടുക്കുന്നതില്‍ വലിയ അളവ് വിജയിച്ച മുസ്ലിം ലീഗ് എന്ത് കൊണ്ടാണ് മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവമാകാത്തത്..?
സ്വാതന്ത്ര്യസമരത്തിന്റെ നാളുകളില്‍ മുസ്ലീം ലീഗ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവമായിരുന്നുവല്ലോ. എന്നാല്‍ രാജ്യം വിഭജിക്കപ്പെടുകയും പാക്കിസ്ഥാന്‍ രൂപീകൃതമാവുകയും ചെയ്തതോടെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലീം ലീഗിന്റെ രാഷ്ട്രീയപ്രസക്തി ഇല്ലാതാവുകയായിരുന്നു എന്ന് പറയാം. പിന്നീട് പുനരുജ്ജീവിക്കപ്പെട്ട മുസ്ലീം ലീഗ്, മുന്നണി രാഷ്ട്രീയത്തിന്റെ ആനുകൂല്യം പറ്റി കേരളത്തില്‍ മാത്രം വളര്‍ന്നു എന്ന് പറയുന്നതായിരിക്കും ശരി. വിഭജനം നിമിത്തം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുസ്ലീംങ്ങള്‍ക്ക് വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ പോയി എന്നാണ് എനിക്ക് തോന്നുന്നത്. പാക്കിസ്ഥാനില്‍ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായില്ല. അവിഭക്ത ഇന്ത്യയായിരുന്നുവെങ്കില്‍ മുസ്ലീം ലീഗ് ഇന്ത്യയില്‍ നിര്‍ണ്ണായകമായ രാഷ്ട്രീയ ശക്തിയാകുമായിരുന്നു. എന്തായാലും നടന്നതും നടക്കുന്നതും നടക്കാന്‍ പോകുന്നതും നല്ലതിന് എന്ന് സമാധാനിക്കുകയാണ് ശരി. കേരളത്തില്‍ വര്‍ഗ്ഗീയവികാരം വളരാതെ ഒരു ബാലന്‍സ് ഇവിടെ നിലനിര്‍ത്തിയത് മുസ്ലീം ലീഗ് എന്ന പാര്‍ട്ടി ഒരു കോട്ട പോലെ ഇവിടെ നിലനിന്നത്കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു.