Links

അമൃതാനന്ദമയിക്ക് ആദരവോടെ ...



“വഴിവക്കില്‍ മൂത്രമൊഴിക്കുന്നതും നിരത്തിലും പാതകളിലും തുപ്പുന്നതും നമ്മുടെ നാട്ടുകാരുടെ ശീലമാണ്. ചപ്പും ചവറും അവശിഷ്ടങ്ങളും ചവറ്റുകുട്ടകളില്‍ നിക്ഷേപിക്കാറില്ല. പരിസരശുചിത്വം വികാസത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്.”



നമ്മുടെ നാട്ടില്‍  പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ തൊട്ട് മേല്‍പ്പോട്ട് മുഖ്യമന്ത്രി വരെ പതിനായിരക്കണക്കിന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുണ്ട്.  ജനങ്ങളുടെ ക്ഷേമവും സൌകര്യങ്ങളും ഒക്കെ നോക്കി യഥാവിധി വേണ്ടത് ചെയ്യാന്‍ ബാധ്യതപ്പെട്ടവരാണ് ഇവരൊക്കെ. ഇങ്ങനെ ചെയ്യുന്നത് ചുമ്മാ ഓസിനല്ല. വാര്‍ഡ് മെമ്പര്‍ക്കും ശമ്പളവും പെന്‍ഷനും എല്ലാം ഉണ്ട്.  പൌരന്മാര്‍ക്ക് അതൊക്കെ ചെയ്ത് കിട്ടുന്നതും സക്കാത്തായല്ല.  വില്ലേജ് ആഫീസ് തൊട്ട് പഞ്ചായത്ത് മുതല്‍ സംസ്ഥാനം വരെ (കേന്ദ്രത്തിന്റെ ഇവിടെ വിടുന്നു, തല്‍ക്കാലം സ്റ്റേറ്റിന്റെ മാത്രം) വേണ്ടുവോളം നികുതി ഓരോ പൌരനും കൊടുക്കുന്നുണ്ട്.  നമ്മള്‍ മിക്ക നികുതികളും പരോക്ഷമായി കൊടുക്കുന്നത് കൊണ്ട് ഒരാള്‍ ഓരോ ദിവസവും കൊടുക്കുന്ന നികുതി എത്രയാണെന്ന് ആരും ചിന്തിക്കുന്നില്ല.  എന്നിട്ടും  പൌരന്മാര്‍ക്ക്  ഈ ഭരണസ്ഥാപനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും തിരിച്ചു കിട്ടുന്നത് എന്താണ്?  ഇത്തരം ഭരണസ്ഥാപനങ്ങളെ താങ്ങി നിര്‍ത്തുന്നതും  ജനപ്രതിനിധികള്‍ക്ക് ചെലവിന് കൊടുക്കുന്നതും ജനങ്ങളാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.

എല്ലാം പോട്ടെ ,  നാട്ടില്‍  ഓരോ മൂത്രപ്പുരയെങ്കിലും വേണം എന്ന് മുഖ്യമന്ത്രി തൊട്ട് താഴെ തട്ടിലുള്ള വാര്‍ഡ് മെമ്പര്‍ വരെ ഇക്കാലമത്രയായിട്ടും ചിന്തിച്ചോ?  നഗരത്തില്‍  കുടുംബസമേതം എത്തിപ്പെടുന്നവര്‍ എത്ര വിഷമിക്കുന്നുണ്ടെന്ന് ഇവരാരെങ്കിലും കണക്കിലെടുത്തോ?  ഇന്നത്തെ പത്രത്തില്‍  രാജ്യത്തെ സ്കൂളുകളുടെയും പൊതുസ്ഥലങ്ങളുടെയും ശുചീകരണം ഏറ്റെടുക്കാന്‍ മാതാ അമൃതാനന്ദമയി മഠം തയാറാണെന്ന്  മാതാ അമൃതാനന്ദമയി പ്രസ്ഥാവിച്ചതായി കാണുന്നു.  ഈ കാര്യം ഏറ്റെടുക്കാന്‍ തയ്യാറാവുന്ന അമൃതാനന്ദമയിക്ക് ഞാന്‍ ആദരവോടെ പ്രണാമം അര്‍പ്പിക്കുന്നു. പത്ര വാര്‍ത്ത താഴെ :

കൊല്ലം:  സമൂഹ സേവന മേഖലകളിലെ പുതിയ കാല്‍വയ്പുമായി 57ആം പിറന്നാളിനു മുന്നോടിയായി മാതാ അമൃതാനന്ദമയി വീണ്ടും ലോക സേവനത്തിന്. രാജ്യത്തെ സ്കൂളുകളുടെയും പൊതുസ്ഥലങ്ങളുടെയും ശുചീകരണം ഏറ്റെടുക്കാന്‍ മാതാ അമൃതാനന്ദമയി മഠം തയാറാണെന്ന് അമ്മ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരുകളുടെയും മറ്റു സംഘടനകളുടെയും സഹകരണത്തോടെയാണിത്. കേരളത്തില്‍ തുടക്കമിടുന്ന പദ്ധതി ക്രമേണ മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കും.  പരിസരവൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും നൂറ്റാണ്ടുകള്‍ പിറകിലാണെന്ന് അമൃതാനന്ദമയി അഭിപ്രായപ്പെട്ടു. വിദേശരാജ്യങ്ങളില്‍ റോഡുകളും പൊതുസ്ഥലങ്ങളും പൊതു കുളിമുറികളും ടോയ്ലറ്റുകളുമൊക്കെ പരമാവധി വൃത്തിയായാണു സൂക്ഷിക്കുന്നത്.

വഴിവക്കില്‍ മൂത്രമൊഴിക്കുന്നതും നിരത്തിലും പാതകളിലും തുപ്പുന്നതും നമ്മുടെ നാട്ടുകാരുടെ ശീലമാണ്. ചപ്പും ചവറും അവശിഷ്ടങ്ങളും ചവറ്റുകുട്ടകളില്‍ നിക്ഷേപിക്കാറില്ല. പരിസരശുചിത്വം വികാസത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ഇതു നടപ്പാക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യണം - അമ്മ നിര്‍ദേശിച്ചു.  അമൃതപുരിയില്‍ 27നു നടക്കുന്ന പിറന്നാള്‍ ആഘോഷം പുലര്‍ച്ചെ അഞ്ചിനാണു തുടങ്ങുക. 11നു പിറന്നാള്‍ സമ്മേളനത്തില്‍ അമൃത സ്വാശ്രയ സംഘങ്ങളുടെ ഇന്‍ഷുറന്‍സ് പദ്ധതിക്കു തുടക്കമിടും.

അമൃതനിധി പെന്‍ഷന്‍ പദ്ധതിയിലെ പുതിയ അംഗങ്ങള്‍ക്ക് ആദ്യ ഗഡു വിതരണം, വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ് വിതരണം, സമൂഹവിവാഹം തുടങ്ങിയവയും നടത്തും. ഒന്‍പതു ഭാരതീയ ഭാഷകളില്‍ തയാറാക്കിയ മഠത്തിന്റെ വെബ് സൈറ്റ് ഉദ്ഘാടനവും നടക്കും. കാല്‍ ലക്ഷം സ്ത്രീകള്‍ക്കാണു വസ്ത്രം ദാനം ചെയ്യുക. സമൂഹവിവാഹത്തിനു വസ്ത്രം, ഭക്ഷണം, ആഭരണങ്ങള്‍ എന്നിവ സൌജന്യമായി നല്‍കുന്നതിനൊപ്പം ധനസഹായവും നല്‍കും. അമ്മയുടെ കാര്‍മികത്വത്തിലാണു വിവാഹം നടത്തുക. അമ്മയുടെ ജീവചരിത്രം ഇംഗിഷില്‍ തയാറാക്കിയതു ചടങ്ങില്‍ പ്രകാശനം ചെയ്യും.

അമേരിക്കന്‍ റാപ് ഗായകന്‍ ഡഗ് ഇ ഫ്രെഷിന്റെ സാന്നിധ്യമാണ് ഇത്തവണത്തെ പിറന്നാള്‍ ആഘോഷത്തിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ജന്‍മദിനാഘോഷ വേളയില്‍ അദ്ദേഹം സംഗീതവിരുന്നൊരുക്കും. രാജ്യത്ത് ആദ്യമായെത്തുന്ന ഈ നാല്‍പത്തിനാലുകാരന്‍ അമൃത വിശ്വവിദ്യാപീഠം അങ്കണത്തിലെ പ്രത്യേക വേദിയില്‍ അമ്മയ്ക്കായി സംഗീതാര്‍ച്ചന സമര്‍പ്പിക്കും.

(വാര്‍ത്തയ്ക്കും ചിത്രത്തിനും കടപ്പാട്: മലയാള മനോരമ)

15 comments:

Unknown said...

വഴിവക്കില്‍ മൂത്രമൊഴിക്കുന്നതും നിരത്തിലും പാതകളിലും തുപ്പുന്നതും നമ്മുടെ നാട്ടുകാരുടെ ശീലമാണ്. ചപ്പും ചവറും അവശിഷ്ടങ്ങളും ചവറ്റുകുട്ടകളില്‍ നിക്ഷേപിക്കാറില്ല. പരിസരശുചിത്വം വികാസത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്.

ChethuVasu said...

തീര്‍ച്ചയായും നല്ല കാര്യം തന്നെ . ശുചിത്വമുന്ടെന്നു സ്വയം അഭിമാനിച്ചു ഞെളിയുന്ന മലയാളി , തന്റെ പരിസരവും പൊതു സ്ഥലവും കുപ്പത്തോട്ടിയാക്കുന്നതില്‍ മറ്റെല്ലാവരെക്കളും മുന്നില്‍ ആണ് . അത് കൊണ്ടു തന്നെ ഇതൊക്കെ മറ്റാരെങ്കിലും ചെയ്തു തരുന്നത് വരെ അവന്‍ ആ നാറിയ ഇടത്ത് തന്നെ ജീവിച്ചു കൊണ്ടെ ഇരിക്കും .അതിനു സന്മാന്സസ്സു കാണിച്ച അമ്രുതാനന്ത മയിയും അനുയായികളും പ്രശംസഅര്‍ഹിക്കുന്നു

പിന്നെ , മലയാളികളുടെ ഈ മാനസിക ഈ സ്ഥിതി മാറണമെങ്കില്‍ , ഒരു ഒറ്റത്തവണ വിപ്ലവം കൊണ്ടു നടക്കില്ല . ആദ്യം പൌരബോധം എന്നുള്ള സാധനം അവനെക്കൊണ്ടു നിര്‍ബന്ധിച്ചു കഴിപ്പിക്കണം. സ്വയമേവ അവന്‍ അത് സമ്മതിക്കാന്‍ സാധ്യത ഇല്ലാത്ത നിലക്ക് വല്ല ബ്രാണ്ടിയിലോ ചേര്‍ത്ത് കൊടുക്കുന്നതാവും ബുദ്ധി .അതാകുമ്പോള്‍ കണ്ണടിച്ചു വലിച്ചടിചോളും.. അല്ല പിന്നെ ..

പിന്നെ ഈ ദൌത്യം നല്ലത് തന്നെ . അത് നേരിട്ട് ചെയ്യാന അമൃത ഭക്തന്മാര്‍ മുന്നിട്ടിരങ്ങുമെന്നു പ്രതീക്ഷിക്കാം . അതായത് ഇവിടങ്ങള്‍ സ്വയം ശുചിയാക്കി സാമൂഹ്യ സേവനം നടത്താന്‍ അവര്‍ ,മത്സരിക്കുമെന്ന് കരുതാം..അതല്ല ഈ വൃത്തികെട്ട സ്ഥലങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കാന്‍ ചില ജാതിയില്‍ പെട്ട ആള്‍ക്കാരെ മാത്രം അന്വേഷിച്ചു നടക്കുകയില്ലെന്നും കരുതാം !!

അവര്‍ക്ക് ആശംസകള്‍ നേരുന്നു

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ.....................
കലക്കി !!! ആദരിക്കല്‍.
ശുചിത്വ കേരളത്തിനായി കോടികള്‍ ചാനലുകളില്‍ ഒഴുക്കിക്കളയുന്ന മലബാര്‍ ഗോള്‍ഡിനും അവരുടെ മോഡല്‍ മോഹന്‍ലാലിനും കൂടി ആദരമറിയിക്കല്‍ പോസ്റ്റിനു സ്കോപ്പുണ്ട്.
ഒരു പതിനഞ്ചു കൊല്ലങ്ങള്‍ക്കു മുന്‍പ് ഇതുപോലുള്ള
ആദരവര്‍ഹിക്കുന്ന ബിസിനസ്സ് തന്ത്രം ചിത്രകാരനും പത്രമാധ്യമങ്ങളിലൂടെ പയറ്റിയിട്ടുണ്ട്.
ഏതാനും ലക്ഷം രൂപകള്‍ ചിലവഴിച്ച്, ഒരു കച്ചവടക്കാരന്‍ ഒരു ബിസിനസ്സ് സാമ്രാജ്യമുണ്ടാക്കി എന്നല്ലാതെ ... നാടൊന്നും നന്നായില്ല :)

വിഢികളായ ജനത്തിന്റെ ആസനത്തില്‍ വളര്‍ന്നു വലുതാകുന്ന ആല്‍മരങ്ങള്‍ എന്നേ പറയാനാകുന്നുള്ളു.

കാളിയമ്പി said...

ചിത്രകാരന്‍ പറഞ്ഞതിനു കീഴെ ഒരൊപ്പ്.

മഠം ബിസിനസ് സാമ്രാജ്യവും പൈസയുണ്ടാക്കലുമെല്ലാം നല്ലത്. അതിനു ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടാവരുതെന്ന് മാത്രം. അല്ല ആയാലും ഒന്നും ചെയ്യാനില്ല. ജനം പൊടിയിട്ടോളൂ പൊടിയിട്ടോളൂ എന്നു പറഞ്ഞ് പിറകേ
നടന്നാല്‍ ആരും ചെയ്തുപോകും.

പെന്‍ഷന്‍, വസ്ത്രദാനം, സമൂഹ വിവാഹം, ഒക്കെ നടത്തും. കൂടെ വെബ്സൈറ്റ് ഉത്ഘാടനം, അമൃതാനന്ദമയിയുടേ ജീവിത ചരിത്രം പ്രകാശനം. ജീവിതചരിത്രവും വെബ്സൈറ്റും വായിച്ച് നോക്കുമ്പോളറിയാം യേശുകൃസ്തു മോഡല്‍ മരിപ്പിച്ച് ജീവിപ്പിച്ചതിന്റേയും വെള്ളം പാലാക്കിയതിന്റേയും കഥകള്‍.മനസ്സുകളിലേയ്ക്ക് അസത്യത്തിന്റെ വിസര്‍ജ്ജനം. ജനം വഴിയരികില്‍ പെടുത്തോ തൂറിയോ തുപ്പിയോ വച്ചാല്‍ അതവിടെക്കിടന്ന് ജീര്‍ണ്ണിച്ചോളും.

ജന മനസ്സുകളിലേയ്ക്ക് മാതാവും മക്കളും ഈ കൊണ്ടുതള്ളുന്ന വിസര്‍ജ്ജ്യങ്ങള്‍ ഇനിയെത്ര കുരിശുയുദ്ധങ്ങളുണ്ടാക്കുമെന്ന് ചിരിച്ച് നോക്കി നില്‍ക്കാം.

അതിനൊക്കെ ആദരാഞ്ജലികളര്‍പ്പിയ്ക്കാന്‍ എന്താണ് സുകുമാരന്‍ ചേട്ടാ അങ്ങേയ്ക്ക് അത്രയ്ക്ക് പ്രായമായോ?

Unknown said...

ഹ ഹ ചിത്രകാരനോടും അമ്പിയോടും, ശുചിത്വവും പരിസരമലിനീകരണവും എല്ലാം നമ്മുടെ നാടിന്റെ നീറുന്ന പ്രശ്നമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പൌരന്മാര്‍ക്ക് മൂത്രമൊഴിക്കാനുള്ള സൌകര്യം. ആളുകള്‍ റോഡ് വക്കില്‍ മൂത്രമൊഴിക്കുന്നുണ്ട്. എന്നാല്‍ അതിന് പോലും നിവൃത്തിയില്ല നഗരങ്ങളില്‍.വല്ലാത്തൊരവസ്ഥയാണിത്. താഴെത്തട്ട് മുതല്‍ മേലെത്തട്ട് വരെയുള്ള ഭരണക്കാര്‍ ഇതിനെ പറ്റി ആലോചിക്കാത്തതും പൌരന്മാര്‍ ഇതിന് വേണ്ടി ആവശ്യപ്പെടാത്തതും കഷ്ടമാണ്.

ഈ സ്ഥിതിയിലാണ് അമൃതാനന്ദമയി ഇത്തരത്തില്‍ ഒരു ശുചീകരണയജ്ഞം നടത്താന്‍ പോകുന്നു എന്ന് പത്രത്തില്‍ കാണുന്നത്. ഏതൊരാളിലും ഏത് പ്രസ്ഥാനത്തിലും ലേശം നന്മയുണ്ടാവാം. അത് പുറത്ത് കാണിക്കുമ്പോള്‍ നമ്മള്‍ അതിനെ ആദരിക്കണം. ഒരാളോട് അല്ലെങ്കില്‍ ഒരു പ്രസ്ഥാനത്തോട് വിയോജിപ്പ് ഉണ്ടാകാം. എന്നാല്‍ അവരിലെ നന്മ സമൂഹത്തിന് ഗുണകരമാവുമ്പോള്‍ അത് അംഗീകരിക്കാനുള്ള മനസ്സ് നമുക്ക് വേണം. എതിര്‍ക്കേണ്ടതിനെ എതിര്‍ക്കുകയും ചെയ്യാമല്ലൊ. അമൃതാനന്ദമയി ചില സാമൂഹ്യസേവനങ്ങള്‍ ചെയ്യുന്നുണ്ട്. അത്കൊണ്ട് ഇപ്പോള്‍ പറഞ്ഞ കാര്യം നടപ്പില്‍ വരുത്തുമെന്ന് ഞാന്‍ കരുതുന്നു.

മറ്റൊന്ന് നാടൊട്ടാകെ മൂത്രപ്പുരകള്‍ സ്ഥാപിക്കുക അടിയന്തിരമായ ആവശ്യമാണെന്ന എന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഞാന്‍ ഈ പോസ്റ്റ് ഉപയോഗപ്പെടുത്തുകയായിരുന്നു. അതല്ലാതെ ആള്‍ദൈവങ്ങള്‍ ബിസിനസ്സ് നടത്തുന്നതിനോട് തത്വത്തില്‍ എനിക്ക് യോജിപ്പില്ല. എന്ന് വെച്ച് ഇക്കാര്യത്തില്‍ അവരെ ആദരിക്കാനും എനിക്ക് മുന്‍‌വിധികള്‍ തടസ്സമാവുന്നില്ല :)

Anoopkumar said...

അമൃതാനന്ദമയി ഒരിക്കലും ആദരിക്കപ്പെടേണ്ടവര്‍ അല്ല...
തെറ്റായ വഴിക്ക് സമ്പാതിച്ച പണം ഇന്ന് പ്രശസ്തിക്ക് വേണ്ടി ഉപയൊഗിക്കുന്നു. ഇതാണോ ആദരിക്കേണ്ടത്. ഇന്ന് അവര്‍ അവരെതന്നെ "അമ്മ" എന്ന് വിശേഷിപ്പിക്കുന്നു. ഇത് ശരിയാണൊ? ആര്‍ക്കും പിടിക്കാന്‍ പറ്റാത്തത്രയാണ് അവരുടെ വളര്‍ച്ച.
എപ്പോഴും A/Cയില്‍, വിലക്കൂടിയ വാഹനങ്ങലില്‍.. ഇങ്ങനെ ഒരു ആടമ്പര ജീവിതം നയക്കുന്നവരെ സ്വാമിനിയായി അങ്ങീകരിക്കാന്‍ കഴിയില്ല.

ഞാന്‍ ആദ്യമായാണ് ബ്ലോഗില്‍ എഴുതുന്നത്. അക്ഷര തെറ്റുകള്‍ കണ്ടേക്കാം.

(മാഷിനോട് ഒത്തിരി പറയാനുണ്ട് മാഷിന്‍റെ പല ബ്ലോഗിനേപറ്റിയും, മാഷിനെ നിഷ്പക്ഷമായി ബ്ലോഗുകളില്‍ കാണാനാണ് എനിക്ക് ഇഷ്ടം)

സുരേഷ് ബാബു വവ്വാക്കാവ് said...

കെ.പി.എസ്.മാഷേ തമാശതന്നെ

ബി.എം. said...

ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടും , കച്ചവടം നടത്തിയും ഉണ്ടാക്കിയിടുത്ത സമ്പത്തിന്‍റെ ഒരു ഭാഗം,ജനങ്ങളുടെ സ്വീകാര്യതയ്ക്കു വേണ്ടി , സമൂഹ്യ സേവനത്തിന് ചിലവഴിച്ചാല്‍ തന്‍റെ പാദാരവിന്ദങ്ങളില്‍ ആദരവോടെ പ്രണമിക്കാന്‍,തങ്ങളെ പാടി പുകഴ്ത്താന്‍ ഇങ്ങനെ ഒരുപാട് സുകുമാരന്‍മാര്‍ ഉണ്ടാകും എന്നതാണ് ആള്‍ദൈവങ്ങളുടെ വിജയം, അവരുടെ കച്ചവട തന്ത്രങ്ങളുടെ വിജയം.

Mohamed Rafeeque parackoden said...

സംഗതി നല്ല കാര്യം തന്നെ എന്ന് നമുക്ക് തോന്നാം സത്യത്തില്‍ ഇതൊക്കെ ഒരു പുകമറയാണ് ഇന്ത്യയിലും വിദേശത്തുമായി അമ്മയുടെ പേരിലുള്ള സ്ഥാപങ്ങള്‍ക്ക് ഒരു കയ്യും കണക്കുമില്ല.അമ്മയെ മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്നും കോടികള്‍ പലവഴിക്കും ഉണ്ടാക്കുന്ന ഒരു വന്‍ റാക്കറ്റ് തന്നെയുണ്ട്‌ ഇവരുടെ വരുമാനമാര്‍ഗം അന്വേഷിക്കാന്‍ ഗവര്‍മെന്റ് തയ്യാറല്ല. ഒരു ഉറുംബിനെ പോലും സൃഷ്ടടിക്കുവാന്‍ കഴിവില്ലാത്തവരാണു ഈ ആള്‍ദൈവങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം പൊതുജനം മനസ്സിലാക്കാത്ത കാലത്തോളം ഇനിയും പലതും കാണിച്ചു ജനത്തെ കബളിപ്പിക്കുന്ന ട്രസ്റ്റുകളും ഉയര്‍ന്നു വരും എന്നുറപ്പാണ്

aneel kumar said...

അതിശയമില്ല.

അങ്കിള്‍ said...

ഒരാള്‍ എങ്ങനെയെല്ലാം പണം ഉണ്ടാക്കുന്നു എന്നത് പോലെ ഉണ്ടാക്കുന്ന പണം എങ്ങനെ ചെലവിടുന്നു എന്നാ കാര്യവും പ്രാധാന്യം അര്‍ഹിക്കുന്നില്ലേ. എങ്ങനെ ആയാലും, ചൂതാട്ടതിലുടെ പണം ഉണ്ടാക്കുന്നു എന്നാരും പറഞ്ഞു കേട്ടില്ല.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ചിത്രകാരന്‍ പറഞ്ഞതിനു ഒരു അടിക്കുറിപ്പു കൂടി...

സേവനം അറിയണമെങ്കില്‍ ആശുപത്രിയില്‍ ചെല്ലണം...എത്ര സൌജന്യമാ ചികിത്സാ എന്ന് അപ്പോ മനസ്സിലാവും...ജോലി ചെയ്യുന്ന നേഴ്സുമാര്‍ക്ക് ജീവിക്കാനുള്ള ശമ്പളം പോലും കൊടുക്കുന്നില്ല....അവര്‍ നടത്തുന്ന കോഴുകളും അപ്പടി തന്നെ !

എന്തെങ്കിലും കേട്ടാലുടന്‍ പ്രണാമവുമായി വരാന്‍ മാത്രം വില കുറഞ്ഞു പോയോ സുകുമാരന്‍ ചേട്ടാ?

സുനാമിക്കാലത്ത് പണിതുകൊടുത്ത വീടുകളുടെ അവസ്ഥ അറിയുമോ?

ഷൈജൻ കാക്കര said...

മൂത്രപുരകൾ അത്യവശ്യം തന്നെ, അതിനാൽ ആരു പണിതാലും നല്ല കാര്യം...

അതിന്‌ ഉപയോഗിക്കുന്ന പണത്തിന്റെ ഉറവിടവും ചിലവാക്കുന്ന തുകയും സുതാര്യവും സത്യസന്ധവും ആയിരിക്കണം...

Rational books said...

ഞാൻ താങ്കൾക്ക് ഒരു പത്തു രൂപ തന്നെന്നിരിക്കട്ടെ. അതിൽ നിന്ന് ഒരു രൂപ ഭിക്ഷയാചിച്ചു വരുന്ന ഒരാൾക്ക് താങ്കൾ കൊടുക്കുന്നു. ഇതു കണ്ടിട്ട് താങ്കളെ ദാനശീലൻ എന്നു വിളിക്കാൻ പറ്റുമൊ? ഇതു തന്നെയല്ലേ അമ്രതാനന്ദമയിയും ചെയ്യുന്നത്. എത്രയോ പബ്ലിക് ടോയ്ല്റ്റുകൾ സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിർമ്മിച്ചിട്ടുണ്ട്. അതുപോലെ തന്നെ ലക്ഷങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ നിന്ന് സൌജന്യ ശുശ്രൂഷയും ലഭിക്കുന്നു. ഇതിനൊന്നും ആദരവില്ലേ?

iqbal periyappadam said...

രാത്രിയില്‍ നടന്നു മോഷ്ടിക്കുകയും പകല്‍ മൊഷ്ടിക്കപ്പെട്ടവന്‍ടെ വീട്ടില്‍ ചെന്നു കട്ടതില്‍ നിന്നു ഒരു അംശം കൊടുത്തു ആശ്വസിപ്പിക്കുകയും ചെയ്യുന്ന ,നാട്ടുകരുടെ കണ്ണിലുണ്ണിയായ ഒരു കള്ളന്‍ടെ കതയുന്‍ടു. ആ കള്ളന്‍ടെ റോളിലാണു ഇന്നു "ആമ്മ" എന്നു ആര്‍ക്കാണു അറിയാത്തതു മാഷെ.....