കമ്മ്യൂണിസ്റ്റ് ചൈന - 1

ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്ന് ചൈനയിലാണ്. അവിടത്തെ വന്‍‌മതില്‍. സത്യത്തില്‍ ചൈന തന്നെയും അത്ഭുതമാണ് അന്നും ഇന്നും. വളരെ പ്രാചീനകാലത്ത് തന്നെ നാഗരീകത ചൈനയില്‍ പുലര്‍ന്നിരുന്നു. ഇന്നത്തെ യൂറോപ്പും അമേരിക്കയും ഒക്കെ അപരിഷ്കൃതരായ ആദിവാസികളുടെ നാടായിരുന്നപ്പോള്‍ ചൈന സാംസ്ക്കാരികമായി വളരെ മുന്നിലായിരുന്നു. കടലാസും അച്ചടിയും ഒക്കെ കണ്ടുപിടിച്ചവര്‍ ചൈനക്കാരാണ്. ഭക്ഷണം കഴിക്കാന്‍ തീന്‍‌മേശയും കൈകൊണ്ട് തൊടാതെ തിന്നാന്‍ ഒരു തരം കമ്പും അവര്‍ പണ്ടേ ഉപയോഗിച്ചുവന്നിരുന്നു. സഹസ്രാബ്ദങ്ങളായി ഇന്ത്യയും ചൈനയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. വാണിജ്യബന്ധം മാത്രമല്ല സാംസ്ക്കാരികമായും. ചൈനീസ് സഞ്ചാരികള്‍ ഇന്ത്യ സന്ദര്‍ശിച്ച് നിരവധി യാത്രാവിവരണങ്ങള്‍ എഴുതിയിട്ടുണ്ട്. ആധുനിക ചൈനയ്ക്ക് അടിത്തറ പാകിയത് സണ്‍‌യാറ്റ്സെന്നും ചിയാങ്ങ് കൈഷേക്കും ഒക്കെ ആണെങ്കിലും ഇന്നത്തെ ചൈനയുടെ പിതാവ് ചെയര്‍മാന്‍ മാവോസേതൂങ്ങ് ആണ്. 1962ല്‍ ചൈന നമ്മെ
ആക്രമിക്കുന്നത് വരെ ഇന്ത്യയും ചൈനയും തമ്മില്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. അതിന് ശേഷം ഇന്ന് വരെ ചൈനയെ നമുക്ക് സംശയത്തോടെ മാത്രമേ നോക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. എന്നിരുന്നാലും മാവോവിന്റെ ഇന്നത്തെ ചൈനയെ നിഷ്പക്ഷമായി ഒന്ന് പഠിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.

രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ പിടിയില്‍ പെട്ട് ചൈന നേരിട്ട ദുരിതങ്ങള്‍ക്ക് കണക്കില്ല. സാമ്പത്തികസ്ഥിതി താറുമാറായി. അതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തരകലാപത്തിന്റെ ഒടുവില്‍ ലോംഗ് മാര്‍ച്ചിന്റെ പര്യവസാനമായി 1949 ഒക്ടോബര്‍ ഒന്നാം തീയ്യതി ടിയാനന്‍‌മെന്‍ ചത്വരത്തില്‍   (Gate of Heavenly Peace) വെച്ചു മാവോ സേ തൂങ്ങ് ചൈനയെ ജനകീയ റിപ്പബ്ലിക്ക് (People’s Republic of China)  ആയി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ചൈനയെ കെട്ടിപ്പടുക്കാന്‍ ശ്രമിച്ച മാവോസെ തൂങ്ങ് സോവിയറ്റ് യൂനിയനെ മാതൃകയാക്കിയില്ല. കമ്മ്യൂണിസത്തെ ചൈനയുടെ പ്രത്യേകതകള്‍ക്കനുസരിച്ച് പ്രയോഗവല്‍ക്കരിക്കാനാണ് അദ്ദേഹം സ്വന്തമായി ഒരു തീയറി വികസിപ്പിച്ചത്. മാവോയിസം എന്ന പേരില്‍ അത് അറിയപ്പെടുന്നു. എന്നാല്‍ മാവോസേ തൂങ്ങിന്റെ കാലത്ത് ചൈന കാര്യമായ പുരോഗതി പ്രാപിച്ചില്ല എന്ന് പില്‍ക്കാല ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മുന്നോട്ടേക്കുള്ള മഹത്തായ കുതിച്ചുചാട്ടം(The Great Leap Forward) , സാംസ്ക്കാരികവിപ്ലവം (Cultural Revolution) തുടങ്ങിയ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും പരിപാടികളും വാഴ്ത്തപ്പെട്ടെങ്കിലും അതൊക്കെ പരാജയപ്പെടുകയായിരുന്നു.

1976ല്‍ ചെയര്‍മാന്‍ മാവോ അന്തരിച്ചപ്പോള്‍ അധികാരത്തിന് വേണ്ടിയുള്ള മാവോ സിദ്ധാന്തങ്ങളെ അനുകൂലിക്കുന്നവരും സാംസ്ക്കാരികവിപ്ലവത്തെ എതിര്‍ക്കുന്നവരും തമ്മിലുള്ള മത്സരത്തില്‍ സാംസ്ക്കാരികവിപ്ലവകാലത്ത് പീഢിപ്പിക്കപ്പെട്ട നേതാവ് ഡെങ്ങ് സിയാവോപിങ്ങ് (Deng Xiaoping) അധികാരം കൈപ്പറ്റി. 1978ല്‍ ഡെങ്ങ് ചൈനീസ് പ്രസിഡണ്ടായി. യാഥാസ്ഥിക കമ്മ്യൂണിസം കൊണ്ട് ചൈന രക്ഷപ്പെടുകയില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം വിദേശമൂലധനം ആകര്‍ഷിക്കാനും വിപണി ലോകരാഷ്ട്രങ്ങള്‍ക്ക് തുറന്ന് കൊടുക്കാനുമുള്ള Open Economy ചൈനയുടെ നയമായി സ്വീകരിച്ചു. 1949ല്‍ മാവോ പുറത്താക്കിയ കൊക്കോകോള (Coca-Cola) തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളെ ചൈനയിലേക്ക് സ്വാഗതം ചെയ്തു. ശാരീരികമായി ഉയരം കുറഞ്ഞ ആളാണെങ്കിലും ദീര്‍ഘവീഷണത്തിന്റെ കാര്യത്തില്‍ മറ്റാരേക്കാളും ഉയരത്തിലായിരുന്ന ഡെങ്ങ്സിയാവോപിങ്ങ് ആണ് പുതിയ ചൈനയുടെ ശില്പി (Architect of Modern China) എന്ന് അറിയപ്പെടുന്നത്. ഡെങ്ങ് തന്റെ ലിബറല്‍ സാമ്പത്തികനയങ്ങളിലൂടെ, ഉല്പാദനം മുരടിച്ച സോഷ്യലിസ്റ്റ് സമ്പ്രദായത്തില്‍ നിന്ന് ക്യാപിറ്റലിസ്റ്റ് സമ്പ്രദായത്തിലേക്ക് ചൈനയെ പരിവര്‍ത്തിപ്പിച്ചപ്പോള്‍ അസുരവേഗത്തിലാണ് ചൈന മുന്നേറാന്‍ തുടങ്ങിയത്. ഇന്നിപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ചൈന സോഷ്യലിസത്തില്‍ അടിയുറച്ചു നിന്നിരുന്നുവെങ്കില്‍ കഞ്ഞിക്ക് വകയില്ലാത്ത ഒരു പട്ടിണിരാജ്യമായി അത് നിലനില്‍പ്പ് തന്നെ ഭീഷണിയിലാവുന്ന അവസ്ഥയിലായിരിക്കും എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവുകയില്ല.

ഡെങ്ങിന് ശേഷം അധികാരത്തില്‍ വന്ന ജിയാങ്ങ്സെമിനും (Jiang Zemin), ഇപ്പോഴത്തെ പ്രസിഡണ്ട് ഹ്യൂജിന്റാവോയും (Hu Jintao) ഡെങ്ങ്സിയാവോ പിങ്ങിന്റെ തുറന്ന സാമ്പത്തിക നയം പിന്തുടരുന്നതിന്റെ ഫലമായി കഴിഞ്ഞ് 30 വര്‍ഷം കൊണ്ട് അതിലും ഇക്കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ അവിശ്വസനീയമായ പുരോഗതിയാണ് ചൈന കൈവരിച്ചത്. അടുത്ത ഭാവിയില്‍ അമേരിക്കയെ കടത്തിവെട്ടി ലോകത്തിലെ ഒന്നാമത്തെ സാമ്പത്തികശക്തി എന്ന പദവിയിലേക്ക് കുതിക്കുകയാണ് ചൈന. ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. ദാരിദ്ര്യം പങ്ക് വയ്ക്കുന്ന സോഷ്യലിസമാണോ അതോ പുരോഗതിയിലേക്ക് നയിക്കുന്ന ക്യാപിറ്റലിസമാണോ അഭികാമ്യം? ചൈനീസ് നേതാക്കള്‍ക്ക് സംശയമുണ്ടാകില്ല, ക്യാപിറ്റലിസം തന്നെ. എന്തൊക്കെയാണ് ചൈനയുടെ പുരോഗതികള്‍ എന്ന് നോക്കാം..

(തുടരും)

5 comments:

ഒരു നുറുങ്ങ് said...

വരട്ടെ ചീനാ പുരാണം..
ചീനയില്‍ പോയി വിദ്യ
അഭ്യസിക്കണമെന്നല്ലേ വെപ്പ്..!

ഫസല്‍ ബിനാലി.. said...

oru mixed economy aanu kazhinja irupathiyanjuvarshathilereyaayi china pinthudarunnathu ennathu maathramalla oru communist bharanakoodathinte adakkivaazhal thanthravum chinayude vijayathinu kaaranamaanu

nalla parambara, aashamsakal.

shajiqatar said...

വായിക്കുന്നു,ആശംസകള്‍ .

ചിന്തകന്‍ said...

പുതിയ പരമ്പരക്ക് എല്ലാവിധ ആശംസകളും...

ചൈനീസ് എക്കോണമി ഒരു കുതിച്ചു ചാട്ടത്തില്‍ തന്നെയാണ്. സംശയമില്ല. സമൂഹത്തിലെ എല്ലാതരം ക്ലാസുകള്‍ക്കും ആവശ്യമായ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലിറക്കുന്നു എന്നതാണ് ചൈന ഇത്രക്ക് ലോകവിപണിയെ കീഴടക്കാന്‍ കാരണം എന്നാണ് എനിക്ക് തോന്നുന്നത്.

എന്നാല്‍ ഈ കൊക്കോക്കോള കമ്പനി ചൈനീസ് എക്കോണമിയുടെ പുരോഗതിക്ക് എന്ത് ഗുണം ചെയ്തു എന്ന് മാത്രം മനസ്സിലായില്ല. കുറച്ച് പേര്‍ക്ക് തൊഴില്‍ കിട്ടും എന്നല്ലാതെ :)തൊഴിലൊക്കെ നമ്മുടെ നാട്ടിലും അവര്‍ കൊടുക്കുന്നുണ്ടല്ലോ?

Cartoonist Gireesh vengara said...
This comment has been removed by the author.