ഡെങ്ങ് ചൈനയുടെ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ഒറ്റയടിക്ക് നടപ്പാക്കുകയല്ല ചെയ്തതത്. പടിപ്പടിയായി തുറന്ന് കൊടുക്കുകയായിരുന്നു.നിര്‍വ്വാഹത്തില്‍ കഴിവും പ്രാപ്തിയും തെളിയിച്ച ഉദ്യോഗസ്ഥരെ നിര്‍ണ്ണായകസ്ഥാനങ്ങളില്‍ അവരോധിച്ചും തന്റെ ഉദാരനയങ്ങളെ പിന്തുണക്കുന്നവരെ മുന്നില്‍ നിര്‍ത്തിയും ഒരു നിയന്ത്രിത സാമ്പത്തിക (Controlled Economy) നയമാണ് നടപ്പാക്കിക്കൊണ്ടിരുന്നത്.
ആദ്യമായി പ്രത്യേക സാമ്പത്തിക മേഖല (Special Economic Zone) എന്നൊരു പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പ്രത്യേക മേഖലയില്‍ വിദേശ കമ്പനികള്‍ക്ക് ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് സര്‍വ്വവിധമായ സൌകര്യങ്ങളും ചെയ്തുകൊടുക്കുകയും നികുതിയിളവുകള്‍ നല്‍കുകയും ചെയ്തു. അത്കൊണ്ട് നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ ഈ SEZ മേഖലയില്‍ തൊഴില്‍ ശാലകള്‍ തുടങ്ങുകയും അങ്ങനെ വിദേശമൂലധനം ചൈനയിലേക്ക് ഒഴുകാനും തുടങ്ങി.
ചൈനയുടെ തെക്ക് ഭാഗത്ത് ഹോങ്കോങ്ങിന്റെ സമീപത്തുള്ള ഷെന്‍സന്‍ (Shenzhen) എന്ന ചെറിയൊരു മീന്‍ പിടുത്ത ഗ്രാമത്തിലാണ് ആദ്യത്തെ സ്പെഷ്യല്‍ എക്കണോമിക്ക് സോണ്‍ തുടങ്ങിയത്. ഇന്ന് ഒരു കോടിയലധികം ജനങ്ങള്‍ പാര്‍ക്കുന്ന വലിയൊരു നഗരമാണത്. അതിന്റെ വാര്‍ഷികം ഈയ്യിടെ ആഘോഷിക്കപ്പെട്ടതിന്റെ റിപ്പോര്‍ട്ട് ഇവിടെ കാണുക. ഇന്ന് ചൈനയുടെ കിഴക്കന്‍ കടലോര മേഖലയില്‍ മാത്രം പതിനാല് പ്രത്യേകസാമ്പത്തിക മേഖലകളുണ്ട്. ചൈനയുടെ ഈ പുരോഗതി കണ്ടിട്ടാണ് ഇന്ത്യയിലും ബ്രസീലിലും ഒക്കെ പ്രത്യേക സാമ്പത്തിക മേഖലകള്‍ ആരംഭിക്കാന്‍ കാരണം. കഴിഞ്ഞ 30 വര്‍ഷങ്ങളായി പത്ത് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ചൈന കൈവരിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് തന്നെ ഒരു രാജ്യം തുടര്‍ച്ചയായി ഇങ്ങനെ സാമ്പത്തിക വളര്‍ച്ച നേടുന്നത് ഇതാദ്യമാണ്. അമേരിക്കയും ജപ്പാനും കഴിഞ്ഞാല്‍ ലോകത്ത് മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ന് ചൈന. 2009ല്‍ ചൈനയുടെ ആസ്തി ഡോളര്‍ കണക്കില്‍ 4.99 Trillion ആണ്. 2.44 Trillion ഡോളര്‍ വിദേശനാണ്യ കരുതല്‍ ശേഖരം ചൈനയ്ക്കുണ്ട്. ചുരുങ്ങിയ വര്‍ഷം കൊണ്ട് ചൈന അമേരിക്കയെ പിന്തള്ളും എന്ന് സൂചിപ്പിക്കുന്ന ഈ കണക്ക് നെറ്റില്‍ കണ്ടതാണ്. ഇത് ശരി വയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പത്രങ്ങളിലും വായിക്കാന്‍ കഴിയുന്നു.
കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ ചൈനയില്‍ കോടിക്കണക്കിന് ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ എത്തിയിട്ടുണ്ട്. ചൈനയുടെ ഔദ്യോഗിക കണക്ക് പ്രകാരം 1981ല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഷ്ടപ്പെടുനവര്‍ ജനസംഖ്യയുടെ 53 ശതമാനമാണെങ്കില്‍ 2005ല്‍ അത് വെറും 2.5 ശതമാനം മാത്രമായിരുന്നത്രെ. ചൈനയിലെ റോഡുകള്‍ , റെയില്‍വേ , വിമാനത്താവളങ്ങള്‍ , തുറമുഖങ്ങള്‍ തുടങ്ങിയ ഗതാഗത സൌകര്യങ്ങള്‍ എല്ലാം ഇപ്പോള്‍ വികസിതരാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. ചൈനയിലെ ഷാങ്ങ്ഹായ് നഗരം ന്യൂയോര്‍ക്ക് നഗരത്തേക്കാളും മെച്ചപ്പെട്ട രീതിയിലാണെന്ന് അവിടെ സന്ദര്‍ശിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു. 2008ല്‍ ബീജിങ്ങില്‍ ഒളിമ്പിക്സ് മത്സരങ്ങള്‍ വിജയകരമായി നടത്തി തങ്ങളുടെ സാമ്പത്തിക പ്രൌഢി ചൈന ലോകത്തിന് കാണിച്ചുകൊടുത്തിട്ടുണ്ട്. ഷാങ്ങ്ഹായ് പ്രവിശ്യയിലെ ഹൂയാങ്പു (Huang Pu) നദിക്കരയില്‍ അഞ്ച് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പുതിയൊരു നഗരം നിര്‍മ്മിച്ച് Expo-2010 വേള്‍ഡ് ട്രേഡ് ഫെയര്‍ എക്സിബിഷന്‍ ഇക്കഴിഞ്ഞ മെയ് ഒന്ന് മുതല്‍ ആരംഭിച്ച് വിജയകരമായി നടന്നു വരുന്നു. ഒക്ടോബര്‍ 31 വരെ അത് നീളും.
ഏകദേശം ഒരു ട്രില്ല്യന്‍ ഡോളര്‍ മതിപ്പുള്ള അമേരിക്കന്‍ ട്രഷറി കടപ്പത്രം (Treasury Bills) ചൈന വാങ്ങി വെച്ചിട്ടുണ്ട്. അമേരിക്കയുമായി നടത്തുന്ന വ്യാപാര-വാണിജ്യ ചര്‍ച്ചകളില്‍ അമേരിക്കയെ സമ്മര്‍ദ്ധത്തിലാക്കാന്‍ ഇത് ചൈനയെ സഹായിക്കുന്നു. കൈവശമുള്ള അപരിമിതമായ വിദേശനാണ്യം ഉപയോഗിച്ചുകൊണ്ട് ചൈന പലനാടുകളിലുള്ള പ്രകൃതി വിഭവങ്ങള്‍ മുഖ്യമായി എണ്ണപ്പാടങ്ങള്‍ (Oil Fields) വാങ്ങിക്കൂട്ടുന്നുണ്ട്. ദൂരക്കാഴ്ചയോടുകൂടി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുള്ള പല രാജ്യങ്ങളിലും നിലങ്ങളും വാങ്ങി വെക്കുന്നു. ഭാവിയില്‍ ചൈനയില്‍ ഭക്ഷ്യക്ഷാമം നേരിടുകയാണെങ്കില്‍ അവിടങ്ങളില്‍ കൃഷി ചെയ്യാന്‍ സാധിക്കും. ലോകജനതയ്ക്ക് ആവശ്യമായ പല സാധനങ്ങളും ഇന്ന് ചൈനയിലാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. ഏറ്റവും കുറഞ്ഞ ഉല്പാദനച്ചെലവ് നിമിത്തം ചൈന അങ്ങനെ ലോകത്തിന്റെ തന്നെ തൊഴില്‍ശാലയായി മാറിയിരിക്കുന്നു. ഇങ്ങനെ ചൈനയുടെ പുരോഗതി വര്‍ണ്ണിച്ചു കൊണ്ടേ പോകാം. എന്തൊക്കെയാണ് ഇന്നത്തെ ചൈനയുടെ പ്രശ്നങ്ങള്‍ , വെല്ലുവിളികള്‍ എന്ന് നോക്കാം അടുത്ത പോസ്റ്റില്‍ ....
(ഫോട്ടോ ഷാങ്ഹായ് റെയില്‍വേ സ്റ്റേഷന്‍ )
(തുടരും)
1 comment:
കുറച്ചു തിരക്കായതിനാല്‍ യുക്തിവാദത്തെയും കമ്മുനിസത്തെയും പറ്റിയുള്ള ചര്‍ച്ചകളില്‍ ഒന്നും സജീവമാകാന്‍ കഴിഞ്ഞില്ല.. ഈ പോസ്റ്റുകളെ കുറിച്ചുള്ള എന്റെ അഭിപ്രായവും മറുപടിയും
മറ്റൊരു പോസ്ടായി തന്നെ ഇടാന്‍ ശ്രമിക്കുന്നതാണ്!
സുകുമാരന്‍ സാറിനു എല്ലാ നന്മകളും!!
Post a Comment