കൂത്ത് , ബ്ലോഗ് , പ്രവാസി ......

കൂത്ത്

കൂത്ത് കലാകാരനായ ഗോവിന്ദന്‍ തന്റെ മകന്‍ കതിരിനെയും കൂട്ടി രാവിലെ തന്നെ ചെന്നൈ നഗരത്തിലെത്തുന്നു. പത്ത് മണിക്ക് ഒരു സ്കൂളില്‍ ഫങ്ഷനോടനുബന്ധിച്ച് അന്ന് കൂത്ത് ഏര്‍പ്പാട് ചെയ്തിരുന്നു.  കര്‍ണ്ണന്‍ ആയിരുന്നു കഥ. പരിപാടി തുടങ്ങാന്‍ താമസിച്ചു പോകേണ്ട എന്ന് കരുതി വഴിയിലൊരു മൈതാനത്തിരുന്നു കര്‍ണ്ണന്റെ മേക്കപ്പ് ചെയ്തിട്ടാണ് വഴി ചോദിച്ച് മനസ്സിലാക്കി ഗോവിന്ദന്‍ സ്കൂളില്‍ എത്തുന്നത്.  കൂത്ത് കഴിഞ്ഞ് കിട്ടുന്ന പ്രതിഫലത്തില്‍ നിന്ന്  ഒരു ക്രിക്കറ്റ് ബാറ്റും ബോളും വാങ്ങിത്തരാമെന്ന് വഴിയില്‍ വെച്ചു തന്നെ മകനോട് വാഗ്ദ്ധാനവും ചെയ്തിരുന്നു. ഗ്രാമത്തില്‍ നിന്നും 50 രൂപയും കൊണ്ടാണ് ഗോവിന്ദന്‍ പട്ടണത്തില്‍ എത്തിയിരുന്നത്.  സ്കൂളില്‍ എത്തിയപ്പോള്‍ അവിടെ വിജനം.  ഏതോ വി.ഐ.പി.യുടെ മരണം നിമിത്തം സ്കൂളിന് അന്ന് അവധിയായിരുന്നു. ഫങ്ഷന്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടിരുന്നു.  മുട്ടുക്കാട്ടില്‍ ടൂര്‍ പോയിരുന്ന സ്കൂള്‍ പ്രിന്‍സിപ്പളിനെ ഫോണില്‍ വിളിച്ചു ഗോവിന്ദന്‍ പറയുന്നു, നാട്ടില്‍ നിന്ന് അമ്പത് രൂപയുമായിട്ടാണ് വന്നത്, സഹായിക്കണം.  രാത്രി ഏഴു മണിക്ക് ഞാന്‍ തിരിച്ചു വീട്ടില്‍ വരും എന്നെ കാത്തിരിക്കാമോ എന്ന് പ്രിന്‍സിപ്പള്‍ ചോദിക്കുന്നു.  ശരി, ഗോവിന്ദന്റെ മുന്നില്‍ വേറെ വഴി ഇല്ലായിരുന്നു.  ഗോവിന്ദന്റെ അന്നത്തെ ദിവസമാണ്  "കര്‍ണ്ണമോക്ഷം" എന്ന ഹ്രസ്വചിത്രം. തമിഴാണ്. നേഷനല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.  എനിക്കത് നന്നെ ഇഷ്ടപ്പെട്ടു.  അതിന്റെ തിരക്കഥ മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഇവിടെ പോസ്റ്റ് ചെയ്യണം.  രണ്ട് ഭാഗങ്ങളുള്ള വീഡിയോ താഴെ കാണാം.

ബ്ലോഗ്


 ഒരു  വിഷയത്തില്‍ സ്പെഷ്യലൈസ്  ചെയ്ത പോലെയാണ് ആളുകള്‍ ബ്ലോഗ് എഴുതുന്നത്.  രാഷ്ട്രീയം എഴുതുന്നവര്‍ രാഷ്ട്രീയം മാത്രം.  സ്വന്തം പാര്‍ട്ടിയെ പ്രതിരോധിക്കാ‍നും ന്യായീകരിക്കാനും മാത്രമേ കമന്റ് പോലും എഴുതുകയുള്ളൂ.  യുക്തിവാദം എഴുതുന്നവര്‍ യുക്തിവാദം മാത്രം.  കഥയും  കവിതയും  എല്ലാം അങ്ങനെ തന്നെ. അത്കൊണ്ട് കുറെ കഴിയുമ്പോള്‍ ആളുകള്‍ക്ക് വിഷയദാരിദ്ര്യം അനുഭവപ്പെടുന്നുണ്ടാവണം. അത്കൊണ്ടാണല്ലൊ ബ്ലോഗര്‍മാരെ ബൂലോഗത്ത് കണ്ട് കണ്ട് കാണാത്താവുന്നത്.  ബ്ലോഗെഴുത്തുകാരന്  ഫ്ലെക്സിബിലിറ്റി വേണം എന്നെനിക്ക് തോന്നുന്നു. അപ്പോള്‍ മാത്രമേ ബ്ലോഗിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും  പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ.  ഇപ്പോള്‍ ഈ നിമിഷം  എന്താണ് ചിന്തിക്കുന്നത് അല്ലെങ്കില്‍ കാണുന്നത് അത് ബ്ലോഗില്‍ അടയാളപ്പെടുത്തി വെക്കാലോ.  കുറെ കഴിഞ്ഞ് , അന്ന് ഞാന്‍ അങ്ങനെ ചിന്തിച്ചിരുന്നു അല്ലെങ്കില്‍ അനുഭവിച്ചിരുന്നു എന്ന് വീണ്ടും ബ്ലോഗില്‍ വന്ന് ഓര്‍മ്മ പുതുക്കാലോ അല്ലേ.

പ്രവാസി


അയലത്തെ ഉണ്ണി അങ്ങനെ വീണ്ടും  ഗള്‍ഫിലേക്ക് തിരിച്ചു പോയി.  അറിഞ്ഞപ്പോള്‍ എനിക്ക് നേരിയ ദു:ഖം തോന്നി.  എല്ലാം മതിയാക്കി വന്നതായിരുന്നു അവന്‍ , ഇനിയുള്ള കാലം നാട്ടില്‍ ജീവിയ്ക്കാന്‍ വേണ്ടി.  നാലഞ്ച് മാസം പിടിച്ചുനിന്നു.  നാട്ടില്‍ ജീവിയ്ക്കാന്‍ ദിവസേന ഏറ്റവും കുറഞ്ഞത് മുന്നൂറ് രൂപയെങ്കിലും വേണം.  കല്യാണക്ഷണിതങ്ങള്‍ വേറെ. ഗള്‍ഫ്കാരനല്ലെ.  എന്തെങ്കിലും കുറയ്ക്കാന്‍ പറ്റുമോ.  ഉള്ള കാശ് എന്തിലാണ് മുടക്കുക. അല്ലെങ്കില്‍  നാട്ടില്‍ എന്ത് പണിയെടുക്കും.  ഇനിയും നിന്നാല്‍  എല്ലാം തീര്‍ന്ന് പെരുവഴിയിലാകും.  കുടുംബത്തെ കരയ്ക്കടുപ്പിക്കണ്ടെ.  പാതിവഴി ഇനിയും താണ്ടാനുണ്ട്.  പുതിയ വിസ തരപ്പെടുത്തി ഉണ്ണി വീണ്ടും  വിമാനം കയറി.

ഇന്നലെ  ബന്ധു കൂടിയായ മനുവിനെ ഫോണില്‍ വിളിച്ചു.  സൌദിയില്‍ നിന്ന് അവധിക്ക് വന്നതായിരുന്നു.  ഇനി പോയിട്ട് വേഗം തിരിച്ചു വന്ന് ബോംബേയില്‍  സെറ്റില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അവിടെ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.  ചെറുപ്പത്തില്‍ ബോംബെയ്ക്ക് നാടുവിട്ടുപോയ അവന്‍ അവിടെ നിന്നാണ് സൌദിയിലേക്ക് പോയതും  ജീവിതപങ്കാളിയെ കണ്ടെത്തിയതുമെല്ലാം.  ഒറ്റ മോനേ ഉള്ളൂ.  നാട്ടില്‍ വീട് പുതുക്കി പണിതിരുന്നു, ചില്ലറ സ്ഥലവും വാങ്ങിയിട്ടുമുണ്ട്.  രണ്ട് കുട്ടികളും പഠിക്കുന്നത് നാട്ടില്‍ തന്നെ. അവന് പ്രവാസം മതിയായി.  ഇവിടെ എന്ത് ചെയ്യാനാ, ബോംബേയില്‍ എങ്ങനെയും ജീവിയ്ക്കാം. അവന്‍ പറഞ്ഞു. അപ്പോള്‍ അച്ഛനും  അമ്മയും (രണ്ടാനമ്മയാണ്) എന്ത് ചെയ്യും? കുട്ടികളുടെ വിദ്യാഭ്യാസം? ഞാന്‍ ചോദിച്ചു. അവരും വരട്ടെ,  മറ്റിപ്പൊ എന്താ ചെയ്യുക .. അവന്റെ നിസ്സഹായത.  എനിക്ക് നേരിയ ആധി.  എന്റെ മരുമകനും പ്രവാസിയാണ്.  പ്രവാസം ഒരു കെണിയാണോ?  പ്രവാസികള്‍ക്ക് നാട് നഷ്ടപ്പെടുകയാണോ?13 comments:

പ്രതികരണന്‍ said...

പ്രവാസം ഒരു കെണിയാണോ? പ്രവാസികൾക്ക് നാടിനെപറ്റിയുള്ള സങ്കല്പങ്ങൾങ്ങൾ തകരാനധിക സമയം വേണ്ട. മറുനാടുകൾ തന്നെ ഭേദമെന്ന് അവർക്കു തോന്നിയാൽ കുറ്റം പറയാമോ? പണ്ടു ജീവിച്ച നാടിനെക്കുറിച്ച് ബ്ലോഗെഴുതുന്നവനാണു ഞാനെങ്കിലും .

ജോണ്‍ ചാക്കോ, പൂങ്കാവ് said...

കര്‍ണ്ണ മോക്ഷം പരിചയപ്പെടുത്തിയതിനു നന്ദി.

ഒരു യാത്രികന്‍ said...

സുകുമാരേട്ടാ....പ്രവാസിക്ക് നാട് നഷ്ടപ്പെടുകയോ??!!! പ്രവാസിയെപ്പോലെ നാടിനെ സ്നേഹിക്കുന്നവര്‍ ആരുണ്ട്‌??....സസ്നേഹം

mayflowers said...

പ്രവാസം ഒരു നോവുന്ന അനുഭവമാണ്.

ഒരു നുറുങ്ങ് said...

"കര്‍ണ്ണമോക്ഷം"തിരക്കഥ മലയാളം
വിവര്‍ത്തനം ഉടന്‍ പ്രതീക്ഷിക്കുന്നു..

ബ്ളോഗിലെ പഴയവിഭവങ്ങള്‍ ചിക്കിത്തിരഞ്ഞ് വായിക്കല് എനിക്കൊരു ഹോബിയാണ്‍..

പ്രവാസം ഒരിക്കലുമാര്‍ക്കും കെണിയാവില്ല..!
നിര്‍ബന്ധിതനായി,വിശ്രമജീവിതം നയിക്കുന്ന
എനിക്കെന്നും പ്രവാസം ഒരു ലഹരിയായിരുന്നു.
ഇനിയുമൊരു ബാല്യമുണ്ടെങ്കില്‍ ഒന്നു
കറങ്ങിയടിച്ച് വരണമെന്നുണ്ട്...!

യരല‌വ said...

പ്രവാസം ഒരു എലിക്കെണിയാണ്. എങ്കിലും ഉണക്കമീനെങ്കില്‍, ഉണക്കമീന്‍ എന്ന രീതിയില്‍ കെണിയില്‍ ചാടുന്നതിലാണ് ഇപ്പോഴത്തെ ട്രെന്റ്; ഇവിടെ നിന്നു തോന്നും എല്ലാം ഇട്ടെറിഞ്ഞു നാട്ടില്‍ സെറ്റ്‌ല്‍ ആവണമെന്ന്; നാട്ടില്‍ ചെന്നാല്‍ നേരെ തിരിച്ചും. ഈ എലികള്‍ക്ക് എങ്ങിനെ മണികെട്ടും. (അബൂദാബിയില്‍ നിന്നും നല്ലപാതിയോടൊപ്പം ബയാന്‍)

കാവലാന്‍ said...

പ്രവാസം ഒരു ത്വരയാണ്,ചിലര്‍ക്കെങ്കിലും ഒരു തലവരയും.
അതൊരു രക്ഷിക്കലും രക്ഷപെടലും, പെട്ടുപോവലുംകൂടിയാണ്.

OpenThoughts said...

"പ്രവാസ ജീവതം തനിക്കു നല്‍കിയ എല്ലാ ഐശ്വര്യത്തിലും നന്ദിയുള്ളതോടൊപ്പം തന്നെ, എന്‍റെ അടുത്ത തലമുറയില്‍ പെട്ടവരെങ്കിലും പ്രവാസിയാകരുതെ എന്നാണ് എന്‍റെ പ്രാര്‍ത്ഥന," പ്രവാസികളുടെ ഡയറി ക്കുറിപ്പുകളില്‍ ബബു ഭരദ്വാജ് പറഞ്ഞതാണിത് ... എന്നാലും അടുത്ത തലമുറയില്‍ പെട്ടവരും പ്രവാസിയാകുന്നു.

ഞാനും പറയുന്നു, നിങ്ങളെന്നെ പ്രവാസിയാക്കി ...

ഞാനിന്നു ഗള്‍ഫില്‍ പണിയെടുക്കുന്നത്, വീ. എസ് വരെ പ്രമോട്ട് ചെയ്ത സ്വതന്ത്ര സോഫ്റ്റ്‌ വെയറുകള്‍ ഉപയോഗിച്ച്. ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ഉപജ്ഞാതാവ് റിച്ചാര്‍ഡ്‌ സ്റ്റാള്‍മാന്‍ പറയാറുണ്ട്, ഇന്ത്യയില്‍ സ്വതന്ത്ര സോഫ്റ്റ്‌ വെയറുകളുടെ സാധ്യതകളെ കുറിച്ച് ... പക്ഷെ ബില്‍ ഗേറ്റ് കൊടുക്കുന്ന ഓഫറുകള്‍ ഒന്നും സ്റ്റാള്‍മാനു കൊടുക്കാന്‍ പറ്റില്ല...കേരളത്തില്‍ വരെ ലിനുക്സും മറ്റും ക്ലച് പിടിച്ചില്ല ...!!!

NB: പെരുന്നളിന്നു കേരളത്തില്‍ ചിലവായ കള്ളിന്റെ കണക്കു പ്രസിദ്ധീകരിച്ചോ ?

സസേഹം,
ഓപണ്‍ തോട്സ്

Kalavallabhan said...

"നാട്ടില്‍ നിന്ന് അമ്പത് രൂപയുമായിട്ടാണ് വന്നത്, സഹായിക്കണം."
ഇത്തരം ഒരു സംഭവം അടുത്തിടെ എറണാകുളത്തു നിന്നും കേട്ടിരുന്നു.
വയനാട്ടിലെവിടെയോ നിന്ന് കരകൗശല വസ്തുക്കളുമായി എത്തിയപ്പോഴാണറിയുന്നത് പരിപാടിയിലെ മാറ്റം. തിരിച്ചുപോവാൻ ഗതിയില്ലതെ......

വേണു venu said...

കര്‍ണ്ണമോക്ഷം പരിചയപ്പെടുത്തിയതിനു നന്ദി.

കെ.പി.സുകുമാരന്‍ said...

@പ്രതികരണന്‍ , പ്രവാസികളുടെ ധര്‍മ്മസങ്കടങ്ങള്‍ ഒരു പോസ്റ്റിലോ ഒരു നോവലിലോ ഒതുക്കാവുന്നതല്ല..

@ജോണ്‍ ചാക്കോ, നന്ദി. കര്‍ണ്ണമോക്ഷത്തിന്റെ കഥ മനസ്സിലായോ? അതിലെ ഡയലോഗിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിഞ്ഞാലേ കഥ ശരിക്കും ആസ്വദിക്കാന്‍ കഴിയൂ..

ഒരു യാത്രികാ, പ്രവാസികളേ നാട്ടിനെ വികാരപരമായി സ്നേഹിക്കുന്നുള്ളൂ. ഇവിടെയുള്ളവര്‍ ഇവിടെ തന്നെയുള്ളത്കൊണ്ട് നാടിനെ ഓര്‍ക്കേണ്ടതില്ലല്ലോ :)

@ mayflowers, പ്രവാസികള്‍ക്കേ അറിയൂ പ്രവാസം എത്ര നോവുന്ന അനുഭവമാണെന്ന്..

@ ഒരു നുറുങ്ങ്, നന്ദി ഹാരൂണ്‍ക്ക .. പ്രവാസം ബാല്യത്തില്‍ ആര്‍ക്കും ലഹരി തന്നെ. ഇനിയും ഒരു ബാല്യം തിരിച്ചു കിട്ടിയെങ്കില്‍ എന്ന് നമുക്ക് വെറുതെ മോഹിക്കാമല്ലൊ അല്ലേ :)

@ യരലവ, ബയാനും നല്ലപാതിക്കും നാടിന്റെ നന്മകള്‍ ആസ്വദിച്ചും കഴിയാന്‍ അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു ...

അതെ കാവലാന്‍,പ്രവാസം അങ്ങനെയൊക്കെ തന്നെയാണ്. ജീവിതം വിറ്റ് ജീവിതം വാങ്ങുന്ന ഒരു നഷ്ടക്കച്ചവടമാണോ പ്രവാസം എന്ന എന്റെ സംശയം പ്രവാസികള്‍ പൊറുക്കട്ടെ..

@ ഓപ്പന്‍ തോട്ട്സ്, ഓണവും വിഷുവും പോലെ തന്നെ കേരളത്തിന്റെ ആഘോഷമാണ് പെരുന്നാളും ക്രിസ്മസ്സും ഒക്കെ. എന്നാല്‍ പെരുന്നളിന് കേരളത്തില്‍ ചിലവായ കള്ളിന്റെ കണക്കു പ്രസിദ്ധീകരിച്ചതായി എവിടെയും കണ്ടില്ല :)

@ കലാവല്ലഭന്‍ , ജീവിതത്തിന് ഇങ്ങനെയെത്രയെത്ര മുഖങ്ങള്‍ !!

@ വേണു, നന്ദി ....

CKLatheef said...

പ്രവാസം വലിച്ചെറിഞ്ഞ് നാട്ടില്‍ പോന്നതാണ്. യാത്രയയപ്പു വേണ്ട എന്ന് വാശിപിടിച്ചിരുന്നു. തിരിച്ചുപോകേണ്ടിവരികയാണെങ്കിലുള്ള ജാള്യത ഒഴിവാക്കാന്‍. വേരുറച്ചു എന്ന് ഇപ്പോഴും പറയാനാവില്ല. ചില കരിമ്പൂതങ്ങള്‍ തുറിച്ച് നോക്കുന്നു. അവഗണിക്കാനാവുന്ന പ്രശ്‌നങ്ങള്‍. ഏതായാലും കുറച്ചുകൂടി കഴിഞ്ഞിട്ട് പറയാം തീരുമാനം.

jayanEvoor said...

കർണമോക്ഷം ഞാനും കാത്തിരിക്കുന്നു.

പ്രവാസം എന്നാൽ ഗൾഫ് വാസം എന്നാണ് എല്ലാവരും പൊതുവേ കരുതുന്നത്.

എന്നാൽ അതിന് ദൂരദേശവാസം എന്നേ അർത്ഥമുള്ളു.

ആ അർത്ഥത്തിൽ നാട്ടിൽ നിന്നകന്ന് താമസിക്കുന്ന എല്ലാവരും പ്രവാസികൾ ആണ്.

ഇന്നു മുതൽ ഞാനും പ്രവാസിയായി.
തൃപ്പൂണിത്തുറയ്ക്ക് ട്രാൻസ്ഫർ!