Links

ബാബറിമസ്ജിദും വിശ്വാസവും രാഷ്ട്രീയവും

റ്റന്നാള്‍ (24.9.10)  ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് വിധി പറയും.  ഈ വിധി എന്തായാലും പ്രശ്നവും തര്‍ക്കവും അതോടെ തീരും എന്ന് ആരും കരുതുന്നില്ല. 70 ലധികം ഏക്കര്‍ സ്ഥലത്തെ സംബന്ധിച്ച് നാലോളം കേസുകളാണ് ഉണ്ടായിരുന്നത്.  ചില വ്യക്തികളും സംഘടനകളും ആണെന്ന് തോന്നുന്നു ഹിന്ദു വിശ്വാസികളെ  പ്രതിനിധീകരിച്ച്. മറുഭാഗത്ത് വഖഫ് ബോര്‍ഡ് ആണെന്ന് തോന്നുന്നു.  കോടതി വിധി രാജ്യം ഉറ്റുനോക്കുകയാണ്. വിധി എന്തായാലും ഇരുപക്ഷവും അത് അംഗീകരിച്ച് ശാശ്വതസമാധാനത്തിന് വഴിതുറക്കുമെങ്കില്‍ അതിനെ പറ്റി ആര്‍ക്കും ഒന്നും പറയാനുണ്ടാവില്ല.  എന്നാല്‍ തര്‍ക്കം നീണ്ടുപോകേണ്ടത്  ചില എസ്റ്റാബ്ലിഷ്മെന്റ് താല്പര്യങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.  അത്കൊണ്ട് ഈ വിധി നിയമപരമായ ഒരു താല്‍ക്കാലിക നടപടി ക്രമം മാത്രമായി പരിമിതപ്പെട്ട് , തര്‍ക്കങ്ങളും  നിയമയുദ്ധങ്ങളും ഭാവിതലമുറകളെയും അലോസരപ്പെടുത്താനാണ് സാധ്യത.  എസ്റ്റാബ്ലിഷ്മെന്റുകളുടെ നിക്ഷിപ്തതാല്പര്യം ഇല്ലെങ്കില്‍  ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്നമേയുള്ളൂ ഇതില്‍ .  വിശ്വാസവും ആരാധനയുമല്ലേ പ്രശ്നം. അപ്പോള്‍ പപ്പാതി സ്ഥലം വീതിച്ചെടുത്ത് പകുതി സ്ഥലത്ത് അമ്പലവും മറുപകുതി സ്ഥലത്ത് പള്ളിയും  പണിത് ആരാധന നടത്താമല്ലൊ.  തോന സ്ഥലം ഉണ്ടല്ലൊ.  ഇഷ്ടം പോലെ പണിയാ‍മല്ലൊ. പിന്നെന്താ? തര്‍ക്കത്തില്‍  മുന്നാം കക്ഷിയില്ലാത്തത്  പരിഹാരം സങ്കീര്‍ണ്ണമാക്കാതെ എളുപ്പമാക്കുകയും  ചെയ്യും.  എന്നാല്‍  അതങ്ങനെ തീരാന്‍  എസ്റ്റാബ്ലിഷ്മെന്റ് തലപ്പത്തുള്ളവര്‍ സമ്മതിക്കുകയില്ല.  എസ്റ്റാബ്ലിഷ്മെന്റ് എന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത് മത-രാഷ്ട്രീയ സംഘടനകളെ കുറിച്ചാണ്.

ഒരു പ്രശ്നം തീരാതെ നില നിര്‍ത്തപ്പെടേണ്ടത് എന്തിന്റെയും തലപ്പത്തുള്ളവരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.  തര്‍ക്കങ്ങളും പ്രശ്നങ്ങളും ഇല്ലെങ്കില്‍ പിന്നെ തലപ്പത്തുള്ളവര്‍ എന്ത് ചെയ്യും? അവര്‍ക്ക് പിന്നെ എന്താ പണി?  ഈ പ്രശ്നം  തീര്‍ക്കാന്‍ സാധാ‍രണക്കാരായ  ഹിന്ദു - മുസ്ലീം സഹോദരന്മാരെ ഏല്‍പ്പിച്ചു നോക്കൂ , ഒറ്റ ദിവസം കൊണ്ട് അവര്‍ പ്രശ്നം പരിഹരിച്ച്  അമ്പലവും  പള്ളിയും പണിത്  അങ്ങോട്ടും ഇങ്ങോട്ടും പോയി  പ്രാര്‍ത്ഥിച്ചെന്നുമിരിക്കും.  കാരണം സാധാരണക്കാര്‍ക്ക് നിക്ഷിപ്തതാല്പര്യങ്ങളില്ല. അവരുടെ ജീവിതം  തുലോം ചെറുതാ‍ണ്.  അന്നന്നത്തെ ആവശ്യങ്ങള്‍ ,  കുറച്ചു ബന്ധങ്ങള്‍  ആവശ്യത്തിന് വിശ്വാസം  ഭക്തി അങ്ങനെയങ്ങനെ വലിയ വലിയ മോഹങ്ങളൊന്നുമില്ലാത്ത  കുഞ്ഞ് ജീവിതം.  എന്നാല്‍ തലപ്പത്തുള്ളവരുടെ ജീവിതവും അവരുടെ ആവശ്യങ്ങളും ഭീമാകാരങ്ങളാണ്.  അവര്‍ക്ക് ഒന്നും പോര.  പ്രശസ്തി പോര, പദവി പോര,  അനുയായികള്‍ പോര, ഫണ്ട് പോര,  സ്ഥാനമാനങ്ങള്‍ പോര  അങ്ങനെ ഇനിയുമിനിയും പോരട്ടേ എല്ലാം എന്നൊരവസ്ഥയിലാണ് അവര്‍ .  സാധാരണജനങ്ങളുടെ കൊച്ചുകൊച്ചു ആവശ്യങ്ങളും പ്രശ്നങ്ങളുമാണ്  തലപ്പത്തുള്ളവരുടെ സ്രോതസ്സ്.  അത് മുട്ടിപ്പോകാതിരിക്കാന്‍ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ നീണ്ടുപോകണം. ആ ഒറ്റക്കാരണം കൊണ്ട് തന്നെ  ബാബറി മസ്ജിദ് തര്‍ക്കവും ഈ വിധിക്ക് ശേഷവും നീണ്ട് പോകും.  

അമ്പലവും പള്ളിയും  ആരാധിക്കാനുള്ള കേന്ദ്രങ്ങളാണ്.  അത്തരം കേന്ദ്രങ്ങളില്‍ പോയി തന്നെ ആരാധിക്കണം എന്നത് ഒരു വിശ്വാസത്തിന്റെ പ്രശ്നമാണ്.   ഒരു പ്രദേശത്തുള്ളവര്‍ക്ക് ആരാധിക്കാന്‍ വേണ്ടിയാണ് അമ്പലമോ പള്ളിയോ പണിയുന്നത്. എല്ലാ പ്രദേശത്തും അമ്പലവും പള്ളിയും പണിയാമല്ലൊ. അങ്ങനെ പണിഞ്ഞിട്ടും പണിയുന്നുമുണ്ട്.  ആരാധനാലയങ്ങള്‍ ഇല്ലാതെ ആരും വലയുന്നില്ല എന്ന് ചുരുക്കം.  പിന്നെയെങ്ങനെയാണ്  ബാബറി മസ്ജിദ് തര്‍ക്കം  ഉത്തര്‍പ്രദേശവും കടന്ന് ഇന്ത്യയിലുള്ള പ്രബലമായ രണ്ട് മതവിഭാഗങ്ങളുടെ മൊത്തം പ്രശ്നമാകുന്നത്?  ഈ തര്‍ക്കത്തില്‍   ദൈവമോ വിശ്വാസമോ ആരാധനയോ  കക്ഷിയല്ല. പിന്നെ ആരാണ് കക്ഷി?  ഈഗോ !  അതെ  ബാബറി മസ്ജിദ് , പ്രശ്നമാണ് എന്ന് ചിന്തിക്കുന്ന ഓരോരുത്തരുടെയും ഈഗോയാണ് ഈ തര്‍ക്കത്തില്‍ കക്ഷി.  ആ  ഈഗോ മാ‍റ്റി വെച്ചാല്‍ ആ നിമിഷം  തര്‍ക്കം തീരും.  പക്ഷെ ആരുടെയും ഈഗോ ഇറക്കി വെക്കാന്‍ തലപ്പത്തുള്ളവര്‍  സമ്മതിക്കുകയില്ല.   

ദൈവവിശ്വാസവും  ഭക്തിയും ഉള്ളവരെല്ലാം  ലേശം തത്വജ്ഞാനികള്‍ കൂടിയാകേണ്ടതാണ്.  ആ തത്വജ്ഞാനം അവരിലെ ഈഗോയെ ഇല്ലാതാക്കേണ്ടതായിരുന്നു.  അമ്പലവും പള്ളിയും  സ്ഥലവും  ഭൂമിയും ഒക്കെ ആര്‍ക്കാണ് സ്വന്തം?  അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രം പൊളിച്ച് ബാബര്‍ പള്ളി നിര്‍മ്മിച്ചു എന്ന് പറയുന്നു. ആയിക്കോട്ടെ. എന്നിട്ട് ആ ബാബര്‍ ഇന്നെവിടെ?  പതിനെട്ട് വര്‍ഷം മുന്‍പ് ആ പള്ളി പൊളിച്ചവര്‍ക്കും  ഇന്ന് തര്‍ക്കിക്കുന്ന നമ്മള്‍ക്കും  അഞ്ഞൂറ് വര്‍ഷം കഴിഞ്ഞാല്‍ എന്ത് തെളിവാണ് ഉണ്ടാവുക?  വ്യക്തികളുടെ സ്വന്തം ജീവിതത്തില്‍ ഇത്തരം തത്വജ്ഞാനം  പ്രായോഗികമാക്കുന്നത് അസാധ്യമാണെന്ന് സമ്മതിക്കുന്നു.  ഇത് പക്ഷെ പൊതുസ്വത്ത് അല്ലെ? ആര്‍ക്കും ഒറ്റയ്ക്കൊറ്റയ്ക്ക്  ഒന്നും കിട്ടാനില്ലല്ലൊ. തലപ്പത്തുള്ളവര്‍ക്ക് എന്തും ചക്കരക്കുടമാക്കാനുള്ള വൈഭവമുണ്ട്. അതിനാണല്ലൊ അവര്‍ തലപ്പത്ത് വലിഞ്ഞുകയറുന്നത്.


ബാബറിമസ്ജിദ് ഒരു പ്രതീകമായി നിലനിര്‍ത്താനാണ് തല്പരക്ഷികള്‍ ആഗ്രഹിക്കുന്നത്.
ബാബറിമസ്ജിദ് എന്നൊരു തര്‍ക്കം ഇല്ലായിരുന്നെങ്കില്‍  ബി.ജെ.പി. എന്ന പാര്‍ട്ടിക്ക് ഒരിക്കലും ഇന്ത്യയില്‍ അധികാരത്തില്‍ എത്താന്‍ കഴിയില്ലായിരുന്നു.  പള്ളി ഇന്ന് പൊളിക്കും നാളെ പൊളിക്കും എന്നൊരു വികാരതരംഗം സൃഷ്ടിച്ചാണ് അവര്‍ വളര്‍ന്നത്. ഒടുവില്‍ അവര്‍ക്ക് പള്ളിപൊളിക്കാതെ വയ്യെന്നായി. പൊളിച്ചപ്പോഴോ  ബി.ജെ.പി. കാറ്റ് പോയ ബലൂണ്‍ പോലെയുമായി. ജനസംഘം എന്നൊരു പാര്‍ട്ടി രൂപീകരിച്ച് ആഞ്ഞ് ശ്രമിച്ചിട്ടും ക്ലച്ച് പിടിച്ചില്ല.  കോണ്‍ഗ്രസ്സില്‍ നിന്ന് തെറിച്ചു പോയി ഗതി പിടിക്കാത പാര്‍ട്ടികള്‍ വേറെയുമുണ്ടായിരുന്നു.  സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രണ്ട് ദേശീയകക്ഷികളേ ഉണ്ടായിരുന്നുള്ളൂ.  ഒന്ന് കോണ്‍ഗ്രസ്സ് മറ്റേത് കമ്മ്യൂണിസ്റ്റ്.  ബാക്കിയെല്ലാം കോണ്‍ഗ്രസ്സ് എന്ന വന്‍‌വൃക്ഷത്തില്‍ നിന്ന് അടര്‍ന്ന് വീണ ചുള്ളിക്കമ്പുകളായിരുന്നു.  ഇതില്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്ക്  ട്യൂഷന്‍ അങ്ങ് റഷ്യയില്‍ നിന്ന് കിട്ടണമായിരുന്നു. അത്കൊണ്ട് ആ പാര്‍ട്ടിക്ക് ഇന്ത്യക്കാരന്റെ പാര്‍ട്ടിയാകാന്‍ കഴിയാതെ അതും ശുഷ്ക്കിച്ചു പോയിരുന്നു. 

അങ്ങനെ ഗതിയില്ലാത്ത എല്ലാ പാര്‍ട്ടിക്കാര്‍ക്കും  ലോട്ടറി അടിച്ച പോലെയായി അടിയന്തിരാവസ്ഥ.  ജനത പാര്‍ട്ടി അധികാരം പിടിച്ചടക്കി. ഏച്ചുകെട്ടിയ ആ സഖ്യം രണ്ട് കൊല്ലം എത്തും മുന്‍പേ തമ്മില്‍ തല്ലി നാനാവിധമായി. ജനസംഘം പുനരുജ്ജീവിപ്പിച്ച് ഉണ്ടാക്കിയ ബി.ജെ.പിക്ക്  ബാബറിമസ്ജിദ്  നല്ലൊരു അക്ഷയപാത്രമായിരുന്നു. അത് തല്ലിപ്പൊളിച്ചപ്പോള്‍ അവരും ഇപ്പോള്‍ ഗതി മുട്ടി നില്‍ക്കുകയാണ്.  കോണ്‍ഗ്രസ്സിന്റെ കാര്യവും ഇപ്പോള്‍ പരിതാപകരമാണ്.  മതേതരത്വത്തിന്റെ ഏക ആശ്രയം എന്ന നിലയില്‍ അഖിലേന്ത്യാ ലവലില്‍ പിടിച്ചു നില്‍ക്കുന്നു. ഒരു മുന്നണിക്ക് നേതൃത്വം നല്‍കാന്‍ കഴിയുന്നു എന്നതാണ് കോണ്‍ഗ്രസ്സിന്റെ ഒരേയൊരു പ്രസക്തി.  വില പേശി കാര്യം ഉണ്ടാക്കുന്നത് പ്രാദേശിക-ജാതി പാര്‍ട്ടികളും. ഇതൊക്കെയാണ് ഇന്നത്തെ രാഷ്ട്രീയനിലവാരം.

ബാബറിമസ്ജിദ്  സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചത് അത്കൊണ്ട് ആ സ്ഥലം രാമജന്മഭൂമിയാണ് എന്ന് പറഞ്ഞാല്‍  അത് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള അവകാശവാദമാണെന്ന് ഹിന്ദുക്കളില്‍ തന്നെ അധികം പേരും കരുതുകയില്ല.  കാരണം  വിശ്വാസവും മിത്തും ഒക്കെ ഉള്‍‌ച്ചേര്‍ന്നതാണ് ഹിന്ദുവിന്റെ ഭക്തി. രാമായണം എന്ന ഇതിഹാസകൃതി ഉള്ളത്കൊണ്ടാണ് ശ്രീരാമന്‍ പ്രാധാന്യത്തോടെ ഓര്‍മ്മിക്കപ്പെടുന്നത്. അല്ലെങ്കില്‍ ദശാവതാരത്തില്‍ മത്സ്യമോ കൂര്‍മ്മമോ വരാഹഹമോ പോലെ  ഒരു അവതാ‍രം മാത്രമാണ് ശ്രീരാമന്‍ .  അവതാരങ്ങളുടെ കാലവും സ്ഥലവും ആരും അത്ര ഗൌരവമായി കാണുന്നുണ്ടെന്ന് തോന്നുന്നില്ല.  മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീരാമന്‍ എന്ന് ചിന്തിക്കുമ്പോള്‍  മഹാവിഷ്ണു എവിടെയും തര്‍ക്കത്തില്‍ പെടുന്നുമില്ല.

ഇത്തരം തര്‍ക്കങ്ങള്‍ ബാലിശമാണെന്നാണ് എന്റെ അഭിപ്രായം.  രാമന്റെ പേരില്‍ ഉണ്ടായിരുന്ന ക്ഷേത്രം അഞ്ഞൂറ് കൊല്ലം മുന്‍പ് പൊളിച്ച് ബാബര്‍ പള്ളി നിര്‍മ്മിച്ചു എന്നായിരുന്നു ആക്ഷേപം.  ഒരു നൂറ്  കൊല്ലം മുന്‍പ് വരെ തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെ  അവിടെ മുസ്ലീങ്ങളും  ഹിന്ദുക്കളും ആരാധന നടത്തിയിരുന്നു എന്നും പറയപ്പെടുന്നു.  ആ പള്ളിയാണ് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊളിച്ചത്.   ഇതൊക്കെ ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ എന്ന് കരുതി മറക്കാനും പൊറുക്കാനുമുള്ള ഹൃദയവിശാലതയാണ് എല്ലാവര്‍ക്കും വേണ്ടത്. അല്ലാതെ  എരിതീയില്‍ എണ്ണ കോരിയൊഴിച്ചിട്ട് ആര്‍ക്കെന്ത് നേട്ടം. അത്രയ്ക്കൊന്നുമില്ല ഈ ജീവിതം എന്ന് കൂടി  എല്ലാ‍വര്‍ക്കും ഓര്‍ക്കാവുന്നതേയുള്ളൂ .

അപ്ഡേറ്റ് : നാളത്തെ വിധിക്ക് ഒരാഴ്ച സ്റ്റേ.

31 comments:

ചിന്തകന്‍ said...

മാഷ് പറഞ്ഞതിൽ ഒരു പാട് സത്യങ്ങൾ അടങ്ങിയിരിക്കുന്നു.

എന്റെ അഭിപ്രായത്തിൽ കോടതി വിധി അതെന്തായാലും അത് നടക്കട്ടെ.

വിധി മുസ്ലീങ്ങൾക്ക് അനുകൂലമാണെങ്കിൽ മാഷ് സൂചിപ്പിച്ച പോലെ ഈ സ്ഥലം പകുതി ഹിന്ദുക്കളുടെ വികാരം മാനിച്ച് ഒരു ക്ഷേത്രം നിർമ്മിക്കാൻ അവർക്ക് വിട്ടുകൊടുക്കണം.

ഇനി കോടതി വിധി മുസ്ലീങ്ങൾക്ക് പ്രതികൂലമാണെങ്കിൽ ഭൂമി മുഴുവൻ ക്ഷേത്രമുണ്ടാക്കാനായി തന്നെ ഉപയോഗിക്കട്ടെ. മുസ്ലീങ്ങൾ അതിൻ മേലുള്ള അവകാശ വാദം ഉപേക്ഷിക്കുകയും ചെയ്യട്ടെ.

നമ്മുടെ നാടിന്റെ ശാന്തിയും സമാധാനവുമല്ലേ നമുക്കേറ്റവും വലുത്.

Unknown said...

ആദ്യത്തെ വായനയ്ക്കും ഉദാരമനസ്സോടെയുള്ള ആ അഭിപ്രായത്തിനും ചിന്തകന് ആയിരം നന്ദി. ഇനി കോടതി വിധി മുസ്ലീങ്ങൾക്ക് പ്രതികൂലമാണെങ്കിൽ പകുതി ഭൂമി പള്ളി നിര്‍മ്മിക്കാന്‍ മുസ്ലീംങ്ങള്‍ക്ക് വിട്ടുകൊടുക്കണം എന്ന് പറയാനുള്ള ഹൃദയവിശാലത ഹിന്ദുക്കളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ നമ്മള്‍ തര്‍ക്കം വേണ്ട :)

deepak said...

താങ്കളുടെ ആത്മാര്‍ഥതയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, പപ്പാതി വീതിച്ചു എടുക്കുന്നതെങ്ങനെ ഒരു നല്ല പരിഹാരം ആകും എന്ന് മാത്രം മനസ്സിലാകുന്നില്ല.നമുക്ക് മറ്റൊരു ഉദാഹരണം എടുക്കാം. ഒരു ക്ഷേത്രം ചില ഗൂണ്ടകള്‍ തകര്‍ത്തു എന്നിരിക്കട്ടെ; എന്നിട്ട് അവിടെ ഒരു പള്ളി ഉണ്ടായിരുന്നു എന്ന് പറഞ്ഞു എന്നും സങ്കല്‍പ്പിക്കാം.കൊറേ നാളത്തെ വിചാരണക്ക് ശേഷം കോടതി ആ ക്ഷേത്രത്തിന്റെ പകുതി ഭാഗം പള്ളിയാക്കാന്‍ അനുവദിക്കുന്നു എന്നും കരുതുക. ഇങ്ങനെ വിധികള്‍ ഉണ്ടാവുകയാണെങ്കില്‍, അത് ആ ഗൂണ്ടകളുടെ ക്ഷേത്രം പൊളിക്കല്‍ പ്രവൃത്തിയെ സാധൂകരിക്കല്‍ ആവില്ലേ. അങ്ങനെ ഒരു വിധി കൊണ്ട് നേട്ടം ഗൂണ്ടാകല്‍ക്കല്ലേ? അവര്‍ക്കെന്തു ന്യായം പറയാന്‍ ഉണ്ടെങ്കിലും? അത് തന്നെയല്ലേ, ഇവിടെ പപ്പാതി വീതിചാലും സംഭവിക്കുക?

ഈ പപ്പാതി വിധി ഉണ്ടായാല്‍ അത് നല്‍കുന്ന സന്ദേശം, "ഏതു ആരാധനാലയവും നിങ്ങള്‍ തകര്‍ത്തു കൊള്ളൂ, അവസാനം നിങ്ങള്ക്ക് തകര്‍ത്ത ആരാധനാലയത്തിന്റെ പകുതി ലഭിക്കും" എന്നല്ലേ?

ഒരു യാത്രികന്‍ said...

സുമാരേട്ടന്‍ സൂചിപ്പിച്ചത് പോലെ ഒരു നയം ഹിന്ദുവും മുസല്‍മാനും എടുത്തിരുന്നെങ്കില്‍....അതുമല്ലെങ്കില്‍ രണ്ടു പേരും ചേര്‍ന്ന് ഒരു പൊതു പ്രാര്‍ത്ഥനാലയം അവിടെ പടുത്തെങ്കില്‍...വ്യാമോഹവും അതിമോഹവും ആണിതെന്നറിയാം...എങ്കിലും ആഗ്രഹിച്ചുപോവുന്നു......സസ്നേഹം

Anonymous said...

സ്റ്റാറ്റസ്കോ മെയിണ്റ്റയിന്‍ ചെയ്യാനായിരിക്കും വിധി വരുക അതായത്‌ മുസ്ളീങ്ങള്‍ക്കു പള്ളി പുനരുധരിക്കാം അങ്ങിനെ ആയാല്‍ ഉടന്‍ അപ്പീല്‍ പോകും ഇപ്പോള്‍ പതിനെട്ട്‌ വര്‍ഷം എടുത്ത്‌ ഹൈക്കോടതി വിധി വരാന്‍ സുപ്രീം കോടതിയും അത്രയും എടുക്കും സമാധാനമായി ഇരിക്കാം

അതുവരെ മഥുരയില്‍ ഇതുപോലെ ഒരു അമ്പലം ഉണ്ട്‌, ഞാനും ഭാര്യയും അവിടെ പോയി പള്ളിയില്‍ നമാസ്‌ ഇല്ല വെള്ളിയാഴ്ച പക്ഷെ തുറന്നു കൊടുക്കും അമ്പലത്തില്‍ കയറിയാല്‍ മനസ്സിലാകുന്ന ഒരു കാര്യം പള്ളിയുടെ അടിയിലേക്കു കുറെ തുരന്നു കയറ്റിയിട്ടുണ്ട്‌ അമ്പലം എന്നതാണു അതായത്‌ നമ്മള്‍ ഒരു അണ്ടര്‍ ഗ്രൌണ്ടില്‍ വിഗ്രഹങ്ങള്‍ ഒക്കെ കാണുന്നു പക്ഷെ ആ ഭാഗം യഥാര്‍ഥ്മായി പള്ളിയുടെ കീഴില്‍ ആണു,

എണ്റ്റെ ഭാര്യ അവരോട്‌ (ഗൈഡ്‌) പള്ളിയില്‍ നമാസ്‌ നടക്കുന്നുണ്ടോ എന്നു ചോദിച്ചു അതോടെ കാവിധാരികള്‍ ഹിന്ദിയില്‍ കല്ലന്‍ തെറി തുടങ്ങി നിങ്ങള്‍ ഒരു ഹിന്ദു സ്ത്രീ ആണു നിങ്ങള്‍ക്ക്‌ പള്ളിയില്‍ നമാസ്സ്‌ ഉണ്ടോ എന്നതാണൊ കാര്യം എന്നൊക്കെ പറഞ്ഞു ,

സെക്യൂരിറ്റി വലിയ റിസ്കാണു ഇവിടെ മലയാളി പട്ടാളക്കാരും സീ ആര്‍ പിയും എല്ലാം ഉടനെ ഓടിവന്നു ഞങ്ങളെ വളഞ്ഞു കാര്യം മനസ്സിലാക്കിയപ്പോള്‍ മലയാളി പട്ടാളക്കാര്‍ എണ്റ്റെ ഭാര്യക്കു നല്ല തെറിയും കൊടുത്തു, ഈ മാതിരി മത ഭ്രാന്തന്‍മാരോട്‌ എന്തിനു ഇത്തരം ഡൌട്ട്‌ ചോദിച്ചു

ഇതു ക്റിഷ്ണ ജന്‍മഭൂമി സ്ഥലം എന്നു പറയും, അയോധ്യ കഴിഞ്ഞ്‌ ഇതായിരുന്നു ആറ്‍ എസ്‌ എസ്‌ അജണ്ട ,

നരസിംഹ റാവു ആ സ്ഥ്ളം മൊത്തം ഇടിച്ചു നിരത്തി ഒരു നല്ല ആശുപത്റി കെട്ടിയിരുന്നെങ്കില്‍ ഇന്ത്യാക്കാറ്‍ക്കു നല്ലതായിരുന്നു

Akshay S Dinesh said...

ആഹാ!! എത്ര മനോഹരമായ നടക്കാത്ത സ്വപ്നം...

Anonymous said...

http://ahambhaaratheeya.blogspot.com/

Unknown said...

ഇതെന്താ തഥാഗതാ ഒരു ലിങ്ക് മാത്രം? ഇത് ശരിയായ ഒരു കമന്റിങ്ങ് രീതിയല്ല കെട്ടോ. കമന്റ് പേജില്‍ കമന്റ് എഴുതുക അതല്ലെ അതിന്റെ ഒരു ശരി. ഏതായാലും പോസ്റ്റ് വായിച്ചു.

നൂറ്റാണ്ടുകളുടെ കണക്ക് തീര്‍ക്കാന്‍ നിസ്സാരനായ മനുഷ്യന് സാധ്യമല്ല എന്നാണെന്റെ അഭിപ്രായം. വിട്ടുവീഴ്ച ഇരുവിഭാ‍ഗവും ചെയ്ത് സമാധാനത്തോടെ ജീവിയ്ക്കാന്‍ എല്ലാവരേയും അനുവദിക്കുന്നതല്ലേ നല്ലത്. മെക്ക പോലെയും ജെറുസലേം പോലെയും ഹിന്ദുക്കളുടെ ഏക ആത്മീയകേന്ദ്രമാണോ അയോധ്യ? തര്‍ക്കം ഏര്‍പ്പെട്ടത്കൊണ്ട് ഒത്ത്തീര്‍പ്പിന്റെ പാതയല്ലേ നല്ലത് എന്ന് ശാന്തമായി ആലോചിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യന്‍ said...

നമ്മുടെ നീതിന്യായവ്യവസ്ഥ ഒരു കേസ്‌ തീര്‍പ്പാക്കാന്‍ ഇത്രയും വര്ഷം എടുക്കുന്നത് ഈ പ്രശ്നം വഷളാക്കാന്‍ താല്പരകക്ഷികള്‍ക്ക്‌ അവസരം ഒരുക്കുന്നു. യഥാര്‍ഥത്തില്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ ചിലര്‍ നടത്തിയ ശ്രമം ഇല്ലായിരുന്നെങ്കില്‍ ഈ പ്രശ്നം എന്നോ പരിഹരിക്കപ്പെട്ടെനെ. പള്ളിയോ ക്ഷേത്രമോ എന്തുമാവട്ടെ കോടതി കണ്ട്ത്തുന്നത് അവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ടാവും. ഇപ്പോഴും മതവിശ്വാസികള്‍ കുഴപ്പം ഉണ്ടാക്കും എന്ന് തോന്നുന്നില്ല. പക്ഷെ മത വികാരം ചൂഷണം ചെയ്തു കാര്യം നേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെയാണ് പേടിക്കേണ്ടത്. 90കളിലെ പ്രത്യക്ഷ വര്‍ഗ്ഗീയതയും വികാരപ്രകടനങ്ങളും ഇപ്പോള്‍ ഉണ്ടാവില്ല എന്ന് കരുതാം. ഇന്ത്യന്‍ ജനത രാഷ്ട്രീയക്കാരെ കുറെയൊക്കെ തിരിച്ചറിഞ്ഞല്ലോ

സുശീല്‍ കുമാര്‍ said...

കെ പി എസ്സിന്റെ ഈ പോസ്റ്റിന്റെ ഉള്ളടക്കത്തോട് നൂറ് ശതമാനം യോജിക്കുന്നു. ചിന്തകന്റെ കമന്റിന്റെ ആത്മാര്‍ത്ഥതയോടും. ബാബരി മസ്ജിദ് എന്ന ഒരു പിടിവള്ളി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ബിജെപി എന്ന വര്‍ഗ്ഗീയ പാര്‍ടി 'ഗതികിട്ടാപ്രേതമായി' അലഞ്ഞേനെ. ബാബരി മസ്ജിദ് ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി നില നില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്‌ ഇവിടുത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയരാഷ്ട്രീയ കക്ഷികള്‍. കാരണം അവര്‍ ആ മുറിവില്‍ നിന്നുള്ള രക്തമൂറ്റിക്കുടിച്ച് വളരുന്ന കീടങ്ങളാണ്.

ബാബരിമസ്ജിദിനു വേണ്ടി സംഘപരിവാര്‍ അവകാശവാദമുന്നയിച്ച് പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചപ്പോഴേ അവരുടെ ലക്ഷ്യം രാമന്‌ വെറുമൊരു ക്ഷേത്രമല്ല, മറിച്ച് ഇന്ത്യയിലെ ഹിന്ദുവികാരത്തെ ഉണര്‍ത്തുകയാണ്‌ എന്ന് വിവേകമുള്ളവര്‍ ഒക്കെ തിരിച്ചറിഞ്ഞിരുന്നു. അന്ന് കുറെകൂടി വിശാല മനസ്ക്ത കാട്ടി 'അത് നിങ്ങള്‍ക്ക് വേണമെങ്കില്‍ എടുത്തോളൂ, ഞങ്ങള്‍ വേറെ ഒരു മസ്ജിദ് നിര്‍മിച്ചോളാം' എന്ന് പറയാനുള്ള വിശാല മനസ്കത ഇന്ത്യയിലെ‍ മുസ്ലിം നേതൃത്വം കാണിച്ചിരുന്നുവെങ്കില്‍ ബിജെപി അന്നേ കാറ്റുപോയ ബലൂണ്‍ ആയേനെ. അത് ഒരിക്കലും ഒരു ദൗര്‍ബല്യമായി എണ്ണപ്പെടുകയില്ലായിരുന്നു; മറിച്ച് വിവേകമുള്ളവന്റെ ധീരതയയായി ഇന്ത്യന്‍ ജനത എണ്ണുമായിരുന്നു.

ചിന്തകന്‍ പറഞ്ഞതുപോലെയുള്ള ഒരു മഹാമനസ്കത (അത്തരമൊരു സാഹചര്യം വന്നാല്‍) മുസ്ലിം സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ എന്ന് വെറുതെയെങ്കിലും ചിന്തിച്ചുപോകുന്നു. മറുഭാഗത്തുനിന്ന് അത് നമ്മള്‍ പ്രതീക്ഷിക്കരുത്, കാരണം അവര്‍ക്ക് വേണ്ടത് ഇനിയും മുഴുവനായി കിട്ടിക്കഴിഞ്ഞിട്ടല്ല.

manoj kumar said...

മുന്‍ കഴിഞ്ഞ സര്‍ക്കാറുകള്‍ അക്ഷന്ത്യവ്യാമായ് തെറ്റുകള്‍ ബാബരി മസ്ജിദ് പ്രശ്നത്തില്‍ സംഭവിച്ചു.. മാഷ് പറഞ്ഞതു പോലെരാഷ്ട്രീയ പാര്‍ട്ടികള്‍ രാമക്ഷേത്രം ബാബരി മസ്ജിദ് എന്ന് പറഞ്ഞ് കാര്യങ്ങള്‍ വഷളാക്കുകയാണ് ചെയ്തത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി ഒരു പുരാവസ്തുവായിരുന്നു.സര്‍ക്കാറിന് ആ പള്ളി ഏറ്റെടുത്ത് മ്യൂസിയമോ മറ്റോ ആക്കി ഇരു കൂട്ടര്‍ക്കും നല്‍കാതെ ഏറ്റെടുക്കാമായിരുന്നു. പക്ഷെ കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ അടക്കം ഇതില്‍ മത വര്‍ഗ്ഗീയ തന്ത്രങ്ങളാണ് പയറ്റിയത്. ഇവിടെ ആരൊക്കെയോ അഭിപ്രായപ്പെട്ട പോലെ ഒരു സമവായം ഇക്കാര്യത്തില്‍ ഉണ്ടാകുമോ എന്നകാര്യത്തില്‍ സംശയമാണ്. മുസ്ലിംഗള്‍ വിധി എന്തായാലും അംഗീകരിക്കും എന്ന് പറഞ്ഞിട്ടുണ്ട് എന്നാല്‍ സംഘപരിവാര്‍ നേതാക്കള്‍ ഇക്കാര്യത്തില്‍ കോടതി വിധി സ്വീകാര്യമല്ല എന്നാണ് അഭിപ്രായപ്പെട്ടത്. ബാബരി മസ്ജിദ് വിഷയത്തില്‍ നടന്നതൊക്കെയും വന്‍ ചതികളാണ്.കൂടാതെ ഇന്ത്യയെ തന്നെ നാണം കെടുത്തി ചിലര്‍ അത് പൊളീച്ചു കളയുകയും ചെയ്തു. എന്നിട്ടൂം വിധി സ്വീകാര്യമല്ല എന്ന് പറയുന്നതിലെ സാംഗത്യം മനസ്സിലാകുന്നുമില്ല.

ബാബരി മസ്ജിദിനു ശേഷം പ്രശ്നങ്ങള്‍ അവസാനിക്കും എന്ന് കരുതാന്‍ ന്യായമില്ല.അടുത്ത ലക്ഷ്യം മധുരയിലെ പള്ളിയാണെന്ന് പറയപ്പെടുന്നു.അതും ഇങ്ങനെ കുറെ കാലം കത്തിനില്‍ക്കും എന്നുള്ളതാണ്.സംയമനം എന്നൊക്കെ പറയാന്‍ എളുപ്പമാണ് എന്നല്ലാതെ മുന്‍ പിന്‍ നോക്കാന്‍ ചിന്താ ശേഷിയില്ലാത്ത ഒരു ആള്‍ക്കൂട്ടത്തിനെ നിയന്ത്രിക്കാനും സ്വാധീനിക്കാനും വിശ്വാസത്തിലെടുക്കാനും ഭരണ കൂടത്തിനാണ് സാധിക്കേണ്ടത്.

ഇത്തരം കേസുകളില്‍ വിധി വരുന്നതിലുള്ള താമസം എന്റെ അഭിപ്രായത്തില്‍ ഒരു അനുഗ്രഹമാണ്. കാരണം ചില ആവേശങ്ങള്‍ കെട്ടടങ്ങാന്‍ അതുപകരിക്കും. ഇന്ത്യയുടെ സാമൂഹ്യാന്തരീക്ഷം തന്നെ മാറ്റിയ ബാബരി മസ്ജിദ് പ്രശ്നം പോലെ മറ്റൊന്നുണ്ടാകാതിരിക്കട്ടെ എന്ന് മാത്രം പ്രാര്‍ഥന.

manoj kumar said...

സുശീല്‍,

താങ്കള്‍ പറഞ്ഞത് പൂര്‍ണമായ അബദ്ധവും അസാധ്യവുമായ ഒരു കാര്യമാണെന്ന് പറഞ്ഞാല്‍ പരിഭവം തോന്നരുത്.ഒരു യുക്തിവാദി എന്ന നിലയില്‍ വിശ്വാസികളുടെ നിലവാരത്തിലും,ഈ പ്രശനത്തിന്റെ രാഷ്ട്രീയ പരവൂമായിട്ടുള്ള വശങ്ങള്‍ പഠിച്ച ശേഷമായിരിക്കണം ഇങ്ങനെ ഒരു നിലപാടെടുക്കേണ്ടത്.ഹിന്ദു വികാരം മുതലെടുക്കുക എന്ന് ലക്ഷ്യത്തോടെ സജീവമായി മുമ്പെപ്പോഴൊക്കെയോ തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങള്‍ക്കു മുകളിലാണ്‍ ഇപ്പോള്‍ പള്ളികള്‍ നില്‍ക്കുന്നത് എന്ന് സംഘപരിവാര്‍ ബാ‍ബരി മസ്ജിദ് പ്രശ്നം തുടങ്ങിയ കാലം മുതല്‍ പറയുന്ന കാര്യമാണ്. ഇനിയുമൊട്ടേറെ പള്ളികള്‍ ലിസ്റ്റിലുണ്ട് എന്നും പറയുന്നു. സത്യമാണോ എന്നറ്രിയില്ല.പക്ഷെ ബാബരി മസ്ജിദ് നിന്ന സ്ഥലം ഹിന്ദുക്കള്‍ വിട്ട് നല്‍കിയാല്‍ മറ്റ് പള്ളികളില്‍ മെലുള്ള അവകാശം ഒഴിവാക്കാന്‍ തയ്യാറല്ല എന്നു കൂടി സംഘപരിവാര്‍ പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ താങ്കള്‍ പറഞ്ഞ സംയമനം പ്രായോഗികമായ ഒന്നല്ല. നിരവധി വിഭാഗങ്ങള്‍ ഉള്ള ഇന്ത്യന്‍ മുസ്ലിംഗള്‍ക്കിടയില്‍ ഇത്തരം കാര്യങ്ങള്‍ നടപ്പാകുകയുമില്ല. ഇക്കാര്യത്തില്‍ ഇരു വിഭാഗങ്ങള്‍ക്കുമല്ല സര്‍ക്കാറുകള്‍ക്കാണ് പലതും ചെയ്യാന്‍ സാധിക്കുക. ഇപ്പോള്‍ തന്നെ പൊതു സ്ഥലങ്ങള്‍ കൈയേറി നിര്‍മിക്കുന്ന ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കും എന്ന് സര്‍ക്കാര്‍ നിലപാട് ഇതിന് ഉദാഹരണമാണ്. നിയമപരമായ ഇടപെടലകുകള്‍ നീതി പൂര്‍വ്വവും പക്വമായതുമായ സര്‍ക്കാര്‍ നിലപാടുകള്‍ എല്ലാ വിഭാഗം ജനങ്ങളും സ്വീകരീക്കാന്‍ തയ്യാറാകും.തര്‍ക്കമുള്ള എല്ലാ ഇത്തരം പള്ളികളും സ്ഥാപനങ്ങളും ഇരു കൂട്ടര്‍ക്കും നല്‍കാതെ സര്‍ക്കാര്‍ ഏറ്റെടുത്ത് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണം എന്നാണെന്റെ പക്ഷം.

ബാബരി മസ്ജിദ് സംഭവ്വത്തിന് ശേഷം നഷ്ടങ്ങളത്രയും ഉണ്ട്റ്റ്യിട്ടൂള്ളത് മുസ്ലിം സമുദായത്തിന് തന്നെയാണ്. മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം നടന്ന കലാപങ്ങളില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട്റ്റതടക്കം.പിന്നീട് സംജാതമായ വര്‍ഗ്ഗീയ ധ്രുവീകരണം മുതലെടുത്ത് ഇപ്പോഴും തുടരുന്ന വര്‍ഗ്ഗീയ വാദം തുടങ്ങിയവ അടക്കം എല്ലാം മുസ്ലിംഗള്‍ക്ക് എതിരായിരുന്നു. പക്ഷെ ഇതെല്ലാം വിസ്മരിച്ചുള്ള താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്യത്തോട് നിരക്കുന്നതല്ല എന്ന് മാത്രം പറയട്ടെ.

Political Mallu said...

Dear Sukumaretan,
The option of permitting both temple and mosque in the disputed land is a good option and it should be welcomed by all and indeed it is the one and only realistic option in the sight.
But Muslim side was not ready for it when it was proposed by the other parties. You may read some inputs in this regard from Rajinder Sachhars'(the Sachhar committee fame) recent article in Madhyamam and an english publishing. http://bit.ly/9TqKyl

It is not as simple as an issue of going for prayer in one temple or another or one mosque or another.
For Hindus it is a matter of regaining or reinstating their lost pride, which was ran over by Islamic invaders including Baber. That is why common people of India whole heartedly welcomed BJP –a transformations from 2 Parliament seats in 1984 to 184 seats in 1999- when it offered to them the temple in Ayodhya.
When the Babari mosque was demolished the Nobel award winner Naipaul had a praise for Hindu Nationalists for "reclaiming India's Hindu heritage". He said that the destruction of Babri mosque was an act of historical balancing and the repatriation of the Ramjanmabhoomi was a "welcome sign that Hindu pride was re-asserting itself.
You are wrong to say that before 100 years ago there was no dispute in this matter. It was under the rule of Akbar (around 400+ yr back) that the special places for worship for Hindus were built (Ram Chabootar and Sita-ki-Rasoi) in the disputed land to calm the protesting Hindus. Thanks to the aspiration of Akbar to be a liberal towards the end of his regime.
Think more before you present it as just a tool in the hands of Hindu organizations. It was a bone of contention during the Mughal and colonial era. Even before 1980 and 1957 when BJP and JanaSangh foremd. It is very much true that BJP came to power because of this issue. But why it happened?. It is because the Hindus- including the neutral secularists Hindus (excluding the so called pseudo secularists) wished to see to it that at least one of their lost pride is rebuilt for them. But BJP was unable to fulfill that dream due to whatever reason it may be and hence people of India had branded them too just like any other political parties.
Doesn’t matter people from other parts of the country (or world) would go to Ramjanmabhumi temple or not. Geographical measurement is simply nothing when it is a matter of Religion involved. Otherwise a false news of burning Quran in a far distant land of America wouldn’t have cost 14 live in Kashmir. So religion is indeed ‘opium for the masses’ as Karl Marx had said. And that is the reason why this issue is not settled around a table.
And who said there is not a 3rd party in this issue. You are the representative of the so called 3rd entity who can be termed as atheists, neutral, true secularists whatever it is. That is why you said Sree Raman is a myth for the Hindus. You cannot be the spokesperson of the whole Hindus just because you carry a Hindu name. You can indeed be the mouth piece of the 3rd front as I mentioned.
Lets hope for a verdict acceptable for both Hindu’s and Muslim’s. May it be both the Temple and Mosque built in the disputed land.

ബഷീർ said...

നല്ല പോസ്റ്റ് ..സംയമനത്തിന്റെയും സമചിത്തതയുടെയും വഴി സ്വീകരിക്കാൻ ഏവരും തയ്യാറാകട്ടെ

1992 ഡിസംബർ 6 നാനാത്വത്തിലെ ഏകത്വത്തിന്റെ താഴികക്കുടങ്ങൾ വർഗീയതയുടെ ദണ്ഡുകളാൽ തല്ലിതകർത്ത ദിനം. 18 വർഷങ്ങൾക്ക് ശേഷവും അതിന്റെ പ്രകമ്പനങ്ങൾ രാജ്യത്തങ്ങുമിങ്ങും മുഴങ്ങുന്നു. ഇതിനിടയ്ക്ക് എത്രയെത്ര രാഷ്ടീയ കരണം മറിച്ചിലുകൾ.. !!
രാഷ്ടീയക്കാർ മതവിശ്വാ‍സത്തെ ഹൈജാക്ക് ചെയ്തതിന്റെ പരിണിത ഫലം ഭാരതമക്കൾ അനുഭവിച്ച് കഴിഞ്ഞു. ഇനിയൊരു വിധിയിലൂടെ ഉണക്കാനാവാത്ത വിധം വലിയ മുറിവുകളുണ്ടാക്കി കസേരകളികൾ ഏറെ നടന്നു... നാളെ വിധി വരാനിരിക്കുമ്പോൾ .സമാധാന ജീവിതമാഗ്രഹിക്കുന്ന എല്ലാ മതവിശ്വാസികളും അല്ലാത്തവരും, ജനാധിപത്യ വിശ്വാസികളും ..ആശങ്കയോടെ ,പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. എല്ലാം സമാധാനപൂർണ്ണമായിരിക്കണേ... ഇനിയും വർഗീയതയ്ക്ക് പത്തി വിടർത്താൻ അവസരമുണ്ടാവരുതേ .. ആത്മ സംയമനവും സമചിത്തതയും ജനങ്ങൾക്കുണ്ടാവട്ടെ.. ആ ഡിസംബറിന്റെ ഓർമ്മ ഇവിടെ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സുകുമാര്‍ ജി യുടെ ഉദ്ദേശശുദ്ധി നല്ലത്‌ ആശംസകള്‍

പക്ഷെ ഇവിടെ ഹിന്ദുവും മുസ്ലിമും ആണൊ പ്രശ്നക്കാര്‍?

കുട്ടിക്കുരങ്ങിനെ കൊണ്ട്‌ ചൂടു ചോര്‍ വാരിച്ച്‌ അതു നക്കിത്തിന്നുന്ന വല്ല്യ കുരങ്ങുകളല്ലെ യഥാര്‍ത്ഥകാരണക്കാര്‍

അയോദ്ധ്യയില്‍ ചെന്നു നോക്കൂ അവിടെ ഉള്ള ഒറ്റ ഹിന്ദുവിനും മുസ്ലിമിനും ഇതിലൊന്നും താല്‍പര്യം ഇല്ല

കൂടുതല്‍ എഴുതുന്നില്ല

ANGER said...

ഒരിക്കലും നടക്കാത്ത കാര്യമാനെകിലും മാഷിന്റെ അഭിപ്രായങ്ങളോട് ഞാന്‍ യോജിക്കുന്നു. ഹിന്ദു ആണെങ്കിലും മുസ്ലിം ആണെങ്കിലും വിട്ടുവീഴ്ചക്ക് തയ്യാറാവില്ലെന്ന് മാത്രമല്ല മതസ്നേഹം കാണിക്കുവാന്‍ അന്യമതസ്ഥരുടെ വികാരവും ജീവനും ഹനിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോഴാതെ മതവടികളുടെ സമീപനം
അല്ലെങ്കില്‍ മുസ്ലിംകളുടെ പള്ളി പൊളിച്ചാല്‍ അവര്‍ സ്വീകരിക്കേണ്ട സമീപനം എന്തായിരുന്നു എന്ന് മനസ്സിലാക്കുവാന്‍ ഖുരനിലെ 'അല ഫീല്‍' എന്നാ സൂറത്തും അതിന്റെ ചരിത്രവും പഠിച്ചാല്‍ മതി.
മുഹമ്മദ്‌ നബിയുടെ ജനനത്തിനു ഒരു കൊല്ലം മുന്‍പ് നബിയുടെ മൂത്താപ്പ അബ്ദുല്‍ മുത്തലിബിന്റെ കാലഘട്ടം അബ്രഹത് എന്നാ രാജാവ്‌ അനപ്പടയുമായി ലോകമുസ്ലിംകള്‍ ഹജ്ജിനു പോകുന്ന 'കഅബ' പൊളിക്കാനായി വന്നു ആദ്യപടിയായി അവര്‍ അബ്ദുല്‍ മുത്തലിബിന്റെ ഒട്ടകങ്ങളെ പിടിച്ചു കൊണ്ട്പോയി.ഒട്ടകങ്ങളെ തിരിച്ചു വാങ്ങാനായി അബ്ദുല്‍ മുത്തലിബ് അബ്രഹത് രാജാവിന്റെ അടുക്കല്‍ ചെന്നപ്പോള്‍ ഞങ്ങള്‍ 'കഅബ' പൊളിക്കാന്‍ വന്നതാണ്‌ എന്ന് അബ്രഹത് വ്യക്തമാക്കി.അന്ന് അബ്ദുല്‍ മുത്തലിബ് പറഞ്ഞ മറുപടി
ഇന്ന് ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് മാതൃകയാണ്."'കഅബ' അല്ലാഹുവിന്റെ ഭവനമാണ് അത് സംരക്ഷിക്കാനും അവനു കഴിയും എന്നാല്‍ താങ്കള്‍ പിടിച്ചു കൊണ്ട് പോയ ഒട്ടകങ്ങള്‍ എന്റെതാണ് അത് തിരിച്ചു വാങ്ങാന്‍ വേണ്ടിയാണു ഞാന്‍ വന്നിരിക്കുന്നത്". അബ്രഹതിനെയും അനപ്പടയെയും അള്ളാഹു തീ കനലുംയുള്ള പക്ഷികളെ അയച്ചു നശിപ്പിച്ചു എന്നതാണ് ചരിത്രം. അത് പോലെ തന്നെ ഹുദൈബിയ സന്ധിയുടെ സമയത്ത് സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ പ്രവാചകന്‍ സ്വീകരിച്ച നടപടി ഇന്ത്യന്‍ മുസ്ലിംകള്‍ അറിഞ്ഞിരിക്കേണ്ടതാണ്.എല്ലാം കൊണ്ടും മുസ്ലിംകള്‍ക്ക് എതിരായിരുന്ന കരാര്‍ ഒപ്പിടുകയും അത് പാലിക്കുവാന്‍ വളരെ കൈപ്പു നിറഞ്ഞ അനുഭവങ്ങള്‍ വേദനയോടെ സഹിക്കുകയും ചെയ്ത പ്രവാചന്‍ ഭൂമിയിലല്ല പള്ളി കെട്ടാന്‍ ശ്രമിച്ചത് മനുഷ്യ മനസ്സുകളിലാണ്.ഭൂമി മുഴുവന്‍ നമസ്കാരയോഗ്യമക്കി തന്ന അല്ലാഹുവിനോ അവന്റെ പ്രവാചകനോ വേണ്ടി ഇന്ത്യന്‍ മുസ്ലിംകള്‍ ബാബറിമസ്ജിദ് തിരിച്ചു പിടിക്കെണ്ടാതില്ലെന്നും വിട്ടുവീഴ്ച്ചയുടെ മഹാത്മ്യം മനസ്സിലാക്കി ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടു കൊടുക്കാനുള്ള ഉദാത്തമായ മനസ്സ് കനിക്കനമെന്നുമാണ് എനിക്ക് മുസ്ലിംകളോട് പറയാനുള്ളത്.

അതുപോലെ തന്നെ ഹിന്ദുക്കള്‍ കുരുക്ഷേത്ര യുദ്ധത്തിന്റെയും മഹാഭാരതയുധതിന്റെയും പേരില്‍ ഊറ്റം കൊള്ളുമ്പോള്‍
പനിനാല് വര്‍ഷം അച്ഛന്റെ വാക്ക് മാനിച്ചു കൊട്ടാരവും രാജപദവിയും ഉപേക്ഷിച്ചു വനവാസത്തിനു പോയ ശ്രീരാമന്റെ വിശാലമനസ്സിനെയും,സ്വപ്രയന്തതല്‍ ഏകലവ്യന്‍ സ്വായത്തമാക്കിയ അമ്ബെയ്ത് കല , ഗുരുവായി മനസ്സില്‍ സങ്കല്പിച്ചു എന്ന ഒറ്റ കാരണത്താല്‍ ഗുരു ദക്ഷിണയായി തന്റെ തള്ളവിരല്‍ ചോദിച്ച ദ്രോണര്‍ക്കു വിരല്‍ മുറിച്ചു കൊടുത്ത ത്യാഗത്തിന്റെയും, ആരെന്തു ചോദിച്ചാലും ദാനം കൊടുത്തു ശീലിച്ച കരണന് തന്റെ ജീവന്‍ അപകടപ്പെന്നുരപ്പുണ്ടയിട്ടും
തന്നെ സംരക്ഷിക്കുന്ന കവചകുണ്ഡലം ദേവേന്ദ്രന് ഭിക്ഷയായി കൊടുത്ത ദാനശീലത്തെയും വിസ്മരിച്ചു കൂടാ.എന്തിനധികം പറയണം
മൂന്നടി സ്ഥലം കൊടുക്കാമെന്നു പറഞ്ഞ മഹാബലി തമ്പുരാന്‍' രണ്ടയില്‍ എല്ലാ ലോകങ്ങളും അളന്ന വാമനന്, മൂന്നാമത്തെ ചവിട്ടു വെക്കാന്‍ തന്റെ തലയില്‍ ഇടംകൊടുത്ത ത്യാഗത്തിന്റെ പേരില്‍,അദ്ദേഹത്തിന് പ്രജകളെ കാണാന്‍ ഒരുദിവസം ഓണമായി ആഘോഷിക്കുന്ന മലയാളിക്കും മഹാബലിയുടെ നാട്ടില്‍ ഇത്തിരി പോന്ന ബാബാരിയുടെയും യോദ്യയുടെയും പേരില്‍ ഹര്‍ത്താലുകളും കലാപങ്ങളും നടത്താന്‍ കഴിഞ്ഞു . വിട്ടു കൊടുക്കാലിന്റെയും സഹനത്തിന്റെയും കഥകല്‍ ഹിന്ദു ഇതിഹാസ ഗ്രന്ഥങ്ങളില്‍ അങ്ങോളമിങ്ങോളം കാണാം.
ഈ കഥകളില്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ വേണ്ടിയല്ലാതെ എന്തെങ്കിലും ഉള്‍കൊള്ളാന്‍ ഹിന്ദുക്കള്‍ ശീലിക്കണം.

കലാപങ്ങളും കൊലവിളികളും നടത്തി നിങ്ങള്‍ പിടിച്ചടക്കാന്‍ ഉദ്ദേശിക്കുന്ന ബാബരി/രാമജന്മാഭുമി ആരാധനാ കര്‍മങ്ങള്‍ നടത്തി സ്വര്‍ഗരജ്യതെക്ക് പോകനനെങ്കില്‍,ഭൂമിയില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയാത്ത നിങ്ങള്ക്ക്
എന്ത് യോഗ്യതായണ് ശാന്തിയുടെയും സമാധാനത്തിന്റെയും ഇടമായ സ്വര്‍ഗത്തില്‍ കടക്കാന്‍ ഉള്ളത് എന്നേ എനിക്ക് ചോദിക്കാനുള്ളു

സുശീല്‍ കുമാര്‍ said...

മനോജ് കുമാര്‍,

താങ്കള്‍ പറഞ്ഞതിനോട് യോജിപ്പാണുള്ളത്. എന്റെ മുന്‍ കമന്റിലും ഞാന്‍ അബദ്ധം പറഞ്ഞു എന്ന് തോന്നുന്നില്ല, പക്ഷേ അസാധ്യം എന്ന് പറഞ്ഞത് ശരിയായിരിക്കാം. സംഘപരിവാര്‍ ഉന്നയിക്കുന്ന പ്രശ്നം പല പള്ളികളും ക്ഷേത്രങ്ങള്‍ തകര്‍ത്ത് നിര്‍മ്മിച്ചതാണെന്നും അത് ഹിന്ദുക്കള്‍ക്ക് തിരികെ ലഭിക്കണമെന്നുമാണ്‌. ഭൂതകാലത്തിലെപ്പോഴോ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും അവിടെ പള്ളികള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കാം. പക്ഷേ അതിലുമേറെ ബുദ്ധവിഹാരങ്ങള്‍ ഹിന്ദു ക്ഷേത്രങ്ങളാക്കി രൂപമാറ്റം വരുത്തിയിരിക്കുന്നു. അതൊന്നും തിരിച്ചേല്പ്പിക്കണമെന്നതോ അവിടെ പ്രാര്‍ത്ഥിച്ച് ആത്മസായൂജ്യമടയണമെന്നതോ ഒന്നുമല്ല സംഘപരിവാറിന്റെ ലക്ഷ്യം. അത് ഹിന്ദുവികാരം ആളിക്കത്തിക്കുകയെന്നതുതന്നെയാണ്‌. അന്തിമ ലക്ഷ്യം ഹിന്ദുരാഷ്ട്ര സ്ഥാപനവും. ആ ലക്ഷ്യത്തിലേക്കെത്താന്‍ അവര്‍ കണ്ടെത്തിയ വഴിയാണ്‌ മുസ്ലിം വര്‍ഗീയത ഊതിക്കത്തിക്കുകയെന്നത്. ഇവ രണ്ടും പരസ്പരം വളര്‍ത്തുന്നവയാണ്‌. ഒന്നില്ലാതെ മറ്റൊന്നിന്‌ നിലനില്പ്പില്ല. ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷമാണ്‌ ഇന്ത്യയില്‍ വര്‍ഗീയധ്രുവീകരണം ശക്തമായത്‌. കലാപങ്ങളില്‍ ജീവന്‍ മാത്രമല്ല, ജീവിക്കാനുള്ള സാഹചര്യം നഷ്ടപ്പെട്ടവിലേറെയും മുസ്ലിംകള്‍ തന്നെയായിരുന്നു. അതെല്ലാം വിസ്മരിക്കാന്‍ മാത്രം ഞാന്‍ അന്ധനല്ല. അത് മറന്നുകൊടുള്ള ഒരഭിപ്രായവും ഞാന്‍ മുന്‍ കമന്റില്‍ പറഞ്ഞിട്ടുമില്ല. ഒരു പക്ഷേ താങ്കള്‍ മുന്‍ വിധിയുമായി എന്റെ കമന്റിനെ സമീപിച്ചപ്പോഴുണ്ടായ പ്രശ്നമാകാം. കെ പി എസും ചിന്തകനും പറഞ്ഞതിലേറെയൊന്നും അര്‍ത്ഥവ്യാപ്തിയോടെ എന്റെ പരാമര്‍ശങ്ങളെ എടുക്കേണ്ടതില്ല മനോജ്.

Anonymous said...

ഇവിടെ കണക്കു തീര്‍ക്കല്‍ അല്ല സുകുമാരന്‍ പ്രശ്നം. ഇന്ത്യയെ ആക്രമിച്ച ഒരു വിദേശ ആക്രമിയുടെ പേരില്‍ ഇവിടെ പള്ളി വേണോ എന്നാണു. ആക്രമണം നടത്തിയ ബാബര്‍ മനുഷ്യന്‍ ആയിരുന്നല്ലോ..? ബാബര്‍ മുസ്ലിം ആയതു കൊണ്ട് എതിര്‍ക്കാന്‍ പാടില്ല എന്ന്നാണോ?

ഇന്ത്യയുടെ സമ്പത്ത് മാത്രമല്ല, ബാബറിന്റെ ഉദ്ദേശം എന്ന്നു ഈ വരികള്‍ , ബാബര്‍ നാമയില്‍ എഴുതിയതില്‍ നിന്നും മനസിലാക്കാം.

“For Islam’s sake, I wandered in the wilds,
Prepared for war with Pagans and Hindus,
Resolved myself to meet the martyr’s death,
Thanks be to God! a Ghazi I became.”

അപ്പോള്‍ മനുഷ്യന്റെ തെറ്റുകള്‍ മനുഷ്യന്‍ തന്നെ തീര്‍ക്കണം. അല്ലാതെ പിന്നെ ദൈവം തീര്‍ക്കും എന്ന് താങ്കള്‍ക്കു പറയാന്‍ പറ്റില്ലല്ലോ. യുക്തി വാദിയല്ലെ. ?

പിന്നെ, രണ്ടാമത്തെ ചോദ്യം. ഹിന്ദുക്കളുടെ ഏക ആത്മീയ കേന്ദ്രമാണോ അയോധ്യ? അല്ല പക്ഷെ രാമന്‍ ജനിച്ച സ്ഥലം ഒന്നാണെന്ന് ഇവിടുത്തെ ഹിന്ദു വിശ്വാസികള്‍ വിശ്വസിക്കുന്നു. അവരുടെ വിശ്വാസത്തെ സ്ഥാപിക്കുന്ന പല തെളിവുകളും ഉണ്ട്.

രാമായണത്തില്‍ പരാമര്‍ശിക്കുന്ന വിവിധ സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ 1975-80 കാലത്ത് നടന്ന പുരാവസ്തു പഠനത്തിന്റെ ഭാഗമായി ബാബറി നിര്‍മിതിക്കടുത്ത് രണ്ട് കുഴികളെടുത്തിരുന്നു. ഇതുവഴി തകര്‍ക്കപ്പെട്ട ക്ഷേത്രത്തിന്റെ തൂണുകളുടെ അടിഭാഗം കണ്ടെത്തി. ഇത്തരം 14 കസൗട്ടി ശിലകളുടെ തൂണുകള്‍ ബാബറി നിര്‍മിതിയ്ക്ക് ഉപയോഗിച്ചിട്ടുണ്ട് . പന്ത്രണ്ടാം നൂറ്റാണ്ടിലെ വ്യത്യസ്തമായ ഹിന്ദു കൊത്തുവേലകള്‍ ഉള്ളതാണ് ബാബറി നിര്‍മിതിയിലെ ഈ തൂണുകള്‍. ക്ഷേത്രം തകര്‍ത്താണ് ബാബറി നിര്‍മിതി ഉണ്ടാക്കിയിട്ടുള്ളതെന്ന് കാണിക്കാന്‍വേണ്ടിയാണ് ഈ തൂണുകള്‍ ഉപയോഗിച്ചത് . മറ്റനവധി ക്ഷേത്രധ്വംസനങ്ങളില്‍ കാണുന്ന ഈ രീതി ലോകമെമ്പാടുമുള്ള ഇസ്ലാമിക ഭരണാധികാരികള്‍ അനുവര്‍ത്തിച്ചിട്ടുള്ളതാണ് .

ഹിന്ദുക്കള്‍ക്ക് അധികാരമില്ലാതിരുന്ന ക്കാലത്ത് നിയമപരമായി രാമജന്മഭൂമി വീണ്ടെടുക്കാനുള്ള വഴിമാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. 1885 ല്‍ ഇതിനായി ഒരു കേസ് കൊടുത്തു. 1886ല്‍ ഇതിലുണ്ടായ വിധിയുടെ സുപ്രധാന ഭാഗമിതാണ് . "ഹിന്ദുക്കള്‍ പുണ്യഭൂമിയായി കരുതുന്നിടത്ത് മസ്ജിദ് നിര്‍മിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ് . എന്നാല്‍ സംഭവം നടന്നത് 356 വര്‍ഷം മുമ്പായതിനാല്‍ ആവലാതി പരിഹരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. തല്‍സ്ഥിതി നിലനിര്‍ത്താന്‍ മാത്രമാണ് ഇപ്പോള്‍ കഴിയുക. ഇതുപോലുള്ള കേസില്‍ ഏതെങ്കിലും തരത്തിലുള്ള നവീകരണം നടത്തുന്നത് ഗുണത്തെക്കാള്‍ വേദനയും കുഴപ്പങ്ങളുമാണുണ്ടാക്കുക."

1949 ഡിസംബറില്‍ ബാബറി നിര്‍മിതിയ്ക്കകത്ത് രാമവിഗ്രഹം പ്രത്യക്ഷപ്പെട്ടതിനുശേഷം തുടര്‍ച്ചയായി പൂജ നടത്താന്‍ കോടതി ഹിന്ദുക്കള്‍ക്ക് അനുവാദം നല്‍കി. വിഗ്രഹം എടുത്തുമാറ്റരുതെന്ന് നിഷ്കര്‍ഷിച്ച കേടതി വിഗ്രഹത്തിന്റെ 200 അടി ചുറ്റളവില്‍ മുസ്ലീങ്ങള്‍ പ്രവേശിക്കുന്നത് നിരോധിക്കുകയും ചെയ്തു.

താങ്കള്‍ അതിന്നെ പറ്റി പഠിക്കൂ.

Anonymous said...

ഇപ്പോള്‍ പലരും ഞാന്‍ സംഘപരിവാര്‍ കാരനാണെന്ന് പറഞ്ഞു വരും. ഞാന്‍ ഒരു പരിവാരിലും പെട്ട ആളല്ല. വെറും ഒരു ഇന്ത്യന്‍. ഒരു മതത്തെയും ചെറുതാക്കി കാണുന്നുമില്ല. എന്താണ് ഇന്ത്യയെ കുറിച്ച് പറയാന്‍ അവര്‍ക്ക് ആരെങ്കിലും തീറെഴുതി കൊടുത്തിട്ടുണ്ടോ.. പിന്നെ ഇപ്പോള്‍ ചിലക്കുന്ന ബി ജ പ അധികാരത്തില്‍ വന്നപ്പോള്‍ എന്ത് ചെയ്തു എന്ന് എല്ലാരും കണ്ടതാണ്.

പിന്നെ മുസ്ലിം സഹോദരങ്ങല്ല്കുള്ള ഏക ആത്മീയ സ്ഥലം ആണോ അയോധ്യ? പള്ളി മാറ്റി പണിതു കൂടെ? എന്തെ അങ്ങനെ തിരിച്ചു ചോദിക്കാതെ.? ആ നട്ടെല്ല് നിങ്ങളെ പോലുള്ളവര്‍ (വിവരവും വായനയും ഉള്ള) കാനിക്കതതിന്നു ഒരു പാട് വിഷമം ഉണ്ട് സുകുമാരന്‍. അത് കൊണ്ട് എന്നെ പോലെയുള്ളവര്‍ക്ക് ചോദിക്കേണ്ടി വരുന്നു.

തറവാടി said...

ചിന്തകന്റെ കമന്റിനൊരു 'ലൈക്'
സമാന ചിന്തകള്‍ കാണുമ്പോള്‍ സന്തോഷം തോന്നും :)

http://tinyurl.com/38zynzn

ഇവിടെ ഏകദേശം സമാനമായ ഒരു കമന്റിട്ടതെയുള്ളു

CKLatheef said...

സുകുമാരേട്ടന്റെ ഈ ബ്ലോഗ് പോസ്റ്റും ഇവിടെ നല്‍കപ്പെട്ട കമന്റുകളും ശ്രദ്ധാപൂര്‍വം വായിച്ചു. പൊതുവികാരം മതരാഷ്ട്രീയ ചൂഷണത്തിനും അക്രമത്തിനും അശാന്തിക്കും എതിരെയാണെന്നത് വലിയ ആശ്വാസമായി കാണുന്നു. എന്റെ അഭിപ്രായം കൂടി പങ്കുവെക്കട്ടെ.

മുസ്ലിംകള്‍ നാല് നൂറ്റാണ്ടിലധികം പ്രാര്‍ഥന നിര്‍വഹിച്ച് വന്ന ഒരു പള്ളിയായിരുന്നു ബാബരി മസ്ജിദ്. അത് ബാബറെ ആരാധിക്കാന്‍ നിര്‍മിച്ചതല്ല. നാട്ടില്‍ അറബികള്‍ പണം കൊടുത്തുണ്ടാക്കുന്ന ചില പള്ളികളില്‍ അവരുടെ പേര്‍ വെക്കാറുണ്ട് എന്ന പോലെ ബാബര്‍ നിര്‍മിച്ച പള്ളി എന്ന അര്‍ഥത്തില്‍ ബാബരി മസ്ജിദ് എന്ന പേര്‍ വന്നതാകണം. ആ പേരിനോട് ആര്‍ക്കും ഒരു പ്രതിപത്തിയുമില്ല എന്ന് മാത്രമല്ല അത് മാറ്റണം എന്നാണെങ്കില്‍ സര്‍വാത്മനാ അത് സ്വാഗതം ചെയ്യപ്പെടുമായിരുന്നു. അദ്ദേഹം അവിടെ പള്ളി നിര്‍മിക്കുന്നതിന് മുമ്പ് ക്ഷേത്രമുണ്ടായിരുന്നെന്നും അത് തകര്‍ത്താണ് അവിടെ പള്ളി നിര്‍മിച്ചതെന്നുമാണ് മുഖ്യ ആരോപണം. ഇന്ത്യക്കാരെ മതപരമായി വിഭജിപ്പിക്കുക എന്ന മുഖ്യ അജണ്ടയുള്ള ബ്രിട്ടീഷുകാരില്‍ ഒരാളുടെ പുസ്തകത്തില്‍ മാത്രമാണ് അത്തരമൊരു പരാമര്‍ശമുള്ളത് എന്നാണ് വായിച്ച ഓര്‍മ. അവിടം മുതലാണ് പ്രശ്‌നത്തിന്റെ തുടക്കം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. 1885 ല്‍ നല്‍കപ്പെട്ട കേസും അതില്‍ കോടതി വിധിയും കുറേകൂടി പക്വതയുള്ളതായി തോന്നുന്നു.

1949 ല്‍ പള്ളിയില്‍ നമസ്‌കാരത്തിനെത്തിയവര്‍ പള്ളിക്കുള്ളില്‍ ഏതാനും വിഗ്രങ്ങള്‍ കണ്ടു. ഇത് കണ്ട ഉടനെ അവര്‍ പോലീസില്‍ പരാതി പെടുകയാണ് ചെയ്ത്. ഇന്നായിരുന്നെങ്കില്‍ അത് വലിച്ചെറിഞ്ഞ് പോര്‍ വിളിക്കുകയായിരിക്കുമോ എന്ന് ശങ്കിച്ച് പോകുന്നു. ഏതായാലും കോടതി ആ വിഗ്രഹങ്ങള്‍ സ്വയംഭൂ ആയതാണ് എന്ന വാദം മുഖവിലക്കെടുത്ത് പള്ളി പൂട്ടിയിടാനാണ് കല്‍പിച്ചത്. (മുകളില്‍ മറ്റൊരു അഭിപ്രായം കാണുന്നു ഏതാണ് ശരി എന്നത് പഠിക്കേണ്ടിയിരിക്കുന്നു.) ഇവിടെ നിന്ന് തുടങ്ങുന്നു ഇക്കാര്യത്തില്‍ നീതി പീഢത്തിന്റെ എല്ലാ വിധ രോഗാതുരതയോടും കൂടിയ ഇടപെടല്‍. പിന്നീട് നടന്നതൊക്കെ നമ്മുടെ കണ്‍മുന്നിലാണ് എന്നതിനാല്‍ അഭിപ്രായം പറയുന്നില്ല. ശിലാന്യാസം അനുമതിയോടെയായിരുന്നെങ്കില്‍ (അനുമതി നല്‍കിയിടത്തല്ല അത് നടന്നത്)
തകര്‍ത്തത് അക്രമപരമായിരുന്നു. അതില്‍ പങ്കെടുത്തവരെല്ലാം നീതിപീഢത്തിന്റെ മുന്നില്‍ കുറ്റക്കാരും അക്രമികളും തന്നെയാണ്. അവരില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു എന്നത് വേറെ കാര്യം.

എല്ലാ വാദവും കേട്ട ശേഷം ഇക്കാര്യത്തില്‍ കോടതി വിധി വരാന്‍ പോകുകയാണ്. ഭരണകൂടവും നാട്ടിലെ സമാധാന കാംക്ഷികളും ഈ പ്രശ്‌നത്തില്‍ എന്ത് മാര്‍ഗം സ്വീകരിക്കണം എന്നതിന് ഒരു ഉത്തരമേ എനിക്ക് തോന്നുന്നുള്ളൂ. കോടതി വിധി എന്തായാലും അതിനെ മാനിക്കുക. (cont.)

CKLatheef said...

എന്നാല്‍ വിശ്വാസ കാര്യത്തില്‍ കോടതി വിധിയെ മാനിക്കാന്‍ കഴിയില്ല എന്ന ഏറ്റവും നിഷേധാത്മകമായ നിലപാട് ഇവിടെ കണിഷമായ വിചാരണക്ക് വിധേയമാക്കേണ്ടതായിരുന്നു. യുക്തിവാദികളെ അതിന്റെ മുന്നില്‍ പ്രതീക്ഷിക്കുന്നു. എങ്കില് അതിനോട് സകല മതത്തിലേയും സമാധാന കാംക്ഷികള്‍ക്ക് യോജിക്കാമായിരുന്നു. എന്നാല്‍ അവരും പപ്പാതി വീതിക്കുന്നു. ആ ഫോര്‍മുലയില്‍ അഭിരമിക്കേണ്ട സമയമിതല്ല എന്നതാണ് എന്റെ അഭിപ്രയം. അതിന് ബന്ധപ്പെട്ട കക്ഷികള്‍ ഒരുമിച്ചിരുന്ന് ശ്രമിക്കാനുള്ള അവസരം മുമ്പ് ഉപയോഗപ്പെടുത്താമായിരുന്നു. അന്നരൊക്കില്‍ മാധ്യമം എഡിറ്റോറിയലില്‍ സമാനമായ ഒരു പരാമര്‍ശം വന്നത് മുസ്‌ലിം സംഘടകള്‍ മാധ്യമം പത്രത്തെ ആക്രമിക്കാനുള്ള വടിയായി കൊണ്ടുനടക്കുകയായിരുന്നു.

എന്നെ അത്ഭുതപ്പെടുത്തുന്നത്. വിധി വരുന്നതിന് മുമ്പേ അതിന്റെ തീരുമാനം അറിഞ്ഞ പോലെയാണ് ചിലര്‍ ഇടപെടുന്നത്. അതിനര്‍ഥം കണിഷമായ ഒരു വിചാരണയില്‍ തങ്ങളുടെ വാദങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് പള്ളിതകര്‍ത്തവര്‍ക്ക് അറിയാം എന്നതല്ലേ. മുസ്ലിം സംഘടനകളില്‍ ഒരു വിഭാഗവും ഇക്കാര്യത്തില്‍ കോടതി വിധി എന്ത് തന്നെയായാലും അത് സ്വീകരിക്കാം എന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അതിന് കാരണം 400 വര്‍ഷം മുമ്പ് എന്താണ് സംഭവിച്ചതെന്ന് അവര്‍ക്കറിയില്ല. വല്ല കാരണവശാലും അത് തങ്ങള്‍ക്കവകാശപ്പെട്ടതല്ല എന്ന് സ്ഥാപിക്കപ്പെട്ടാല്‍ അവിടെ നമസ്‌കാരം നിര്‍വഹിക്കുന്നത് സാധുവാകുകയില്ല എന്നതുകൊണ്ടുകൂടിയാണ്. അതുകൊണ്ട് ബാബരി നിന്ന സ്ഥലം മുസ്ലിംകള്‍ക്ക് അവകാശപ്പെട്ടതല്ല എന്ന് കോടതി വിധിക്കുന്ന പക്ഷം അത് അംഗീകരിക്കാന്‍ അവര്‍ക്ക് പ്രയാസമില്ല.

മുകളില്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കപ്പെട്ടതായി കാണുന്നു. പലതും നമ്മുക്ക് ഭംഗിക്ക് വേണ്ടി പറയാമെന്നല്ലാതെ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാണ് അഭിപ്രായപ്പെട്ടവര്‍ പോലും തുടരുന്നത്. തര്‍ക്ക സ്ഥലം ഗവണ്‍മെന്റ് പിടിച്ചെടുത്ത് ആശുപത്രി/മ്യൂസിയം/പുന്തോട്ടം എന്നിവയിലേതെങ്കിലുമൊന്ന് നിര്‍മിക്കുക. അല്ലെങ്കില്‍ അന്ന് ഇ.എം.എസ് പറഞ്ഞ പോലെ രണ്ട് തട്ടിലൊരു ദേവാലയം പണിത് താഴെ ഒരു വിഭാഗത്തിനും മുകളില്‍ ഒരു വിഭാഗത്തിനും നല്‍കുക തുടങ്ങിയവയൊക്കെ നമ്മുക്ക് സൗകര്യം പോലെ സ്വപ്‌നം കാണാം.ഇതിലൊക്കെ ദീപക് സൂചിപ്പിച്ച നീചമായ ഒരു സന്ദേശം ഒളിഞ്ഞിരിപ്പുണ്ട്. ചിലര്‍ അത് അറിഞ്ഞും ചിലര്‍ അറിയാതെയുമാണ് അത്തരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത്.

ഇത്തരം പ്രശ്‌നത്തില്‍ നമ്മുടെ ഭരണഘടനയെയും നീതിപീഢത്തെയും അംഗീകരിക്കുക എന്നത് മാത്രമാണ് പരിഹാരം. അതില്‍ നീതിയുണ്ടെങ്കിലും അനീതിയുണ്ടെങ്കിലും. അതനുസരിച്ച് ഇതുവരെയുള്ള അരാധനാലയങ്ങള്‍ക്ക് ഒരു സ്റ്റാറ്റസ്‌കോയുണ്ട് അത് പാലിക്കപ്പെടണം. അതിനപ്പുറമുള്ളത് കടന്ന് കയറ്റമായും അക്രമമായും കണ്ട് നടപടി സ്വീകരിക്കണം. അതില്‍ മതപരമായ വിവേചനം ആവശ്യമില്ല. ഇതുതന്നെയല്ലേ ഇന്ത്യന്‍ മതേതരത്വം കൊണ്ടുദ്ദേശിക്കുന്നതും. അതിനുള്ള ഇഛാശക്തി ഭരിക്കുന്നവര്‍ക്കുണ്ടോ എന്നതാണ് പ്രശ്‌നം.

CKLatheef said...

മുകളില്‍ ഞാന്‍ നല്‍കിയ കമന്റില്‍ നീതിപീഠത്തിന് നീതിപീഢം എന്ന് തെറ്റായിട്ടാണ് നല്‍കിയിട്ടുള്ളത്. ഈ ഭാഷയോടുള്ള ഈ പീഢനം ക്ഷമിക്കുമെന്ന് കരുതുന്നു. :)

CKLatheef said...

ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതിയോളം ദാരിദ്ര്യരേഖത്ത് താഴെ അധിവസിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട പാവങ്ങള്‍ ഒരു വശത്ത് നിലനില്‍ക്കേ, രാജ്യസമ്പത്തിന്റെ വമ്പിച്ച ഒരു വിഹിതമാണ് ഇത്തരം പ്രശ്‌നങ്ങള്‍ അപഹരിക്കുന്നത്. ഒട്ടേറെ ഭരണകൂടങ്ങളുടെ ഉദ്ധാനപതനങ്ങള്‍ക്ക് ഒരു മസ്ജിദ് കാരണമായിഎന്നത് ഇന്ത്യന്‍ ജനതക്ക് അഭിമാനിക്കാവുന്ന കാര്യമല്ല.

ഇതിന് കാരണം മതമാണ് എന്ന് ഞാന്‍ കരുതുന്നില്ല മതവിശ്വാസികളെ രാഷ്ട്രീയക്കാര്‍ ഉപയോഗപ്പെടുത്തുന്നതും അവര്‍ക്ക് ഉപയോഗപ്പെടുത്താവുന്നവിധം ദുര്‍ബലമായ മതവികാരം കൊണ്ടുനടക്കുന്നതുമാണ് യഥാര്‍ഥ പ്രശ്‌നം. മനുഷ്യസ്‌നേഹികളുടെ അടിയന്തിര ശ്രദ്ധ ഭാവിയിലെങ്കിലും ഇക്കാര്യത്തില്‍ വേണ്ടതുണ്ട്. ചില അന്ധമായ വിശ്വാസങ്ങളില്‍ അഭിരമിക്കുന്നതിന് പകരം ജനോപകാരമായ വിധത്തില്‍ മതത്തിലെ മൂല്യങ്ങളെ പരിഗണിക്കേണ്ടതുണ്ട്. 'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചടാത്തൊരു തത്വശാസ്ത്രത്തെയും' എന്ന് നമ്മുക്ക് ഉള്‍കൊണ്ട് പറയാന്‍ കഴിയണം. അന്നേ യഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടൂ. ഇത്തരം ചിന്തകള്‍ക്ക് പ്രചോദകമായ ഈ പോസ്റ്റിട്ട കെ.പി.എസിന് അഭിനന്ദനങ്ങള്‍..

Unknown said...

പ്രിയ ലത്തീഫ് , ഇന്ന് കോടതി വിധി വരും എന്ന ധാരണയിലും വിധിക്ക് ശേഷം സമാധാനം ഉണ്ടാവണം എന്ന ആഗ്രഹത്താലും എഴുതിയ പോസ്റ്റായിരുന്നു ഇത്. ഇക്കാര്യത്തില്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെക്കാന്‍ ഇനി ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല. പപ്പാതി സ്ഥലം പങ്കിട്ടെടുക്കുക എന്ന് ഞാന്‍ പറഞ്ഞത് ഒരു നിര്‍ദ്ദേശമല്ല വിഷ്ഫുള്‍ തിങ്കിങ്ങ് മാത്രമാണ്. ചിന്തകന്റെ കമന്റിലും അത്രയേ പ്രതിഫലിക്കുന്നുള്ളൂ. എന്നാല്‍ ഇത്തരം വിഷ്ഫുള്‍ തിങ്കിങ്ങ് ഉള്ളവര്‍ ധാരാളം ഉണ്ടാവും. നാട്ടില്‍ മതസാഹോദര്യം പുലരണം എന്ന ആഗ്രഹം മാത്രമാണ് ആ ശുഭകാമനയില്‍ ഉള്ളതെന്ന് അറിയാമല്ലൊ.

കോടതി വിധി എല്ലാവരും അംഗീകരിക്കുക, അല്ലെങ്കില്‍ നിയമവാഴ്ച ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ കോടതി വിധി എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കാന്‍ നടപടി എടുക്കുക എന്നതേ ഇനി സാധ്യമായിട്ടുള്ളൂ. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള മധ്യസ്ഥശ്രമവുമായി കാഞ്ചി ശങ്കരാചാര്യര്‍ ഇപ്പോഴും മുന്നോട്ട് വന്നെങ്കിലും അത് വിജയിക്കാന്‍ സാധ്യത കാണുന്നില്ല. വിധി പറയുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തെങ്കിലും ഇനിയും വിധി അനന്തമായി നീട്ടിക്കൊണ്ടു പോകാനും കഴിയില്ല.

ഏതായാലും 1992ല്‍ പള്ളി പൊളിക്കപ്പെട്ട അന്നത്തെ സാഹചര്യമല്ല ഇന്ന് ഇവിടെ നിലവിലുള്ളത്. അത്കൊണ്ട് വലിയൊരു സംഘര്‍ഷം ഒന്നും പൊട്ടിപ്പുറപ്പെടുമെന്ന് ഭയക്കേണ്ടതില്ല എന്നാണെനിക്ക് തോന്നുന്നത്. പള്ളി പൊളിച്ചത് ഒരു ക്രിമിനല്‍ കുറ്റമായിരുന്നു എന്ന് കരുതുന്നവരാണ് ഇന്ന് ഏറെ എന്ന് എനിക്ക് തോന്നുന്നു. അന്നാണെങ്കില്‍ പള്ളി പൊളിച്ചേ തീരൂ എന്നൊരു വികാരം ആളിക്കത്തിക്കാന്‍ സാധിച്ചിരുന്നു. അന്നത്തേതില്‍ നിന്ന് വളരെ പക്വമായിട്ടുണ്ട് ഇന്ന് ഇന്ത്യന്‍ മതേതര മനസ്സ്.

500 വര്‍ഷം പഴക്കമുള്ളതാണ് ആ മസ്ജിദ്. ഇതിനിടയില്‍ ഒരു കേസ് ഉത്ഭവിക്കുന്നതും വിധി വരുന്നതും 1885 ആ കാലഘട്ടത്തിലും. അന്നത്തെ വിധിയിലും അതിന്റെ ഉടമാവകാശം മുസ്ലീമിങ്ങള്‍ക്ക് അനുകൂലമായിരുന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ നിലവിലുള്ള ആരാധനാലയങ്ങള്‍ കൈവശമുള്ളവര്‍ക്ക് അവകാശം ലഭിക്കുന്ന സ്റ്റാറ്റസ്കോ ആണ് അംഗീകരിക്കപ്പെട്ടത്. എന്നാല്‍ ബാബറിമസ്ജിദ് മാത്രം അതില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നീട് 1949ല്‍ മസ്ജിദില്‍ വിഗ്രഹം പ്രത്യക്ഷപ്പെട്ടതാണല്ലൊ പ്രശ്നങ്ങളുടെ തുടക്കം. അങ്ങനെ ഒരു വിഗ്രഹം ആരും കൊണ്ടു വെക്കാതെ സ്വയംഭൂവായി ഉയര്‍ന്നു വരും എന്ന് ഇക്കാലത്ത് എത്ര പേര്‍ വിശ്വസിക്കുമെന്ന് അറിയില്ല. എന്തായാലും വിശ്വാസമല്ലെ വിശ്വസിക്കട്ടെ എന്നേ പറയാന്‍ പറ്റൂ. അങ്ങനെയാണ് മസ്ജിദിന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാന്‍ വേണ്ടി മുസ്ലീങ്ങളുടെ ഭാഗത്ത് നിന്ന് കേസ് കൊടുക്കപ്പെടുന്നത്. 61 വര്‍ഷമായി നടക്കുന്ന കേസാണ് ഇപ്പോള്‍ വിധി പറയാന്‍ മാറ്റി വെച്ചിരിക്കുന്നത്.

ഇതില്‍ ഹിന്ദുക്കളുടെ ഭാഗത്ത് നിന്ന് പറയപ്പെടുന്ന തര്‍ക്കങ്ങളില്‍ ബാബര്‍ ക്ഷേത്രം പൊളിച്ച് പള്ളി പണിതു എന്ന കാര്യത്തില്‍ മാത്രമേ എന്തെങ്കിലും സത്യമുണ്ടാവാന്‍ സാധ്യതയുള്ളൂ എന്നാണെന്റെ അഭിപ്രായം. പിന്നെ ശ്രീരാമന്‍ ജനിച്ച സ്ഥലം എന്നത്, ഏത് യുഗത്തിലാണ് എവിടെയാണ് ശ്രീരാമന്‍ ജനിച്ചത് എന്നൊക്കെ വിശ്വസിക്കാനേ പറ്റൂ കോടതികളില്‍ അപ്പീല്‍ പോയാലൊന്നും തെളിയിക്കാന്‍ പറ്റുന്ന സംഗതിയല്ല. അക്കാര്യത്തിലൊക്കെ 1885 ലെ അന്നത്തെ വിധി ഇന്നും പ്രസക്തമാണ്.

അഞ്ഞൂ‍റ് വര്‍ഷം മുന്‍പ് ഇന്നത്തെ പോലെ ഇന്ത്യ ഒരു രാജ്യമല്ല. എത്രയോ രാജ്യങ്ങള്‍ ചേര്‍ന്ന ഒരു ഉപഭൂഖണ്ഡമായിരുന്നു. ആക്രമിക്കലും വെട്ടിപ്പിടിക്കലും സാമ്രാജ്യങ്ങള്‍ സ്ഥാപിക്കലുമെല്ലാം അന്നത്തെ രീതികളാണ്. അതൊക്കെ ഇന്ന് പറയുന്നതില്‍ എന്ത് സാംഗത്യമാണുള്ളത്. കൈയ്യൂക്ക് ആയിരുന്നു അന്ന് രാജ്യങ്ങളുടെ അതിര്‍ത്തി നിശ്ചയിച്ചിരുന്നത്. അതൊക്കെ ഇന്ന് എണ്ണിയെണ്ണി പറഞ്ഞ് തര്‍ക്കിക്കാന്‍ നിന്നാല്‍ പരിഹരിക്കാന്‍ കഴിയാത്ത സംഗതികളാണ്. നമ്മെ സംബന്ധിച്ച ഇന്ത്യ എന്നത് സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള റിപ്പബ്ലിക്കാണ്. നാളെ ആരെങ്കിലും പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമായിരുന്നു എന്ന് പറഞ്ഞാല്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?

അത്കൊണ്ട് എന്ത് തര്‍ക്കമുണ്ടെങ്കിലും ആധുനിക ഇന്ത്യയെ സംബന്ധിച്ചു പറഞ്ഞാല്‍ നിലവിലുണ്ടായിരുന്ന മസ്ജിദ് തകര്‍ക്കപ്പെട്ടത് തന്നെയാണ് ഏറ്റവും വലിയ ക്രിമിനല്‍ കുറ്റം. ബാബര്‍ ചെയ്തതിനെ മസ്ജിദ് തകര്‍ത്ത്കൊണ്ട് ഒരു കാരണവശാ‍ലും ന്യായീകരിക്കാന്‍ കഴിയില്ല. ആയതിനാല്‍ കോടതി വിധി അത് എന്നായാലും അപ്പീ‍ല്‍ നല്‍കി പിന്നെയും താമസിച്ചാലും അന്തിമ വിധി അംഗീകരിക്കുകയെന്നല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ആരുടെ മുന്നിലും ഇല്ല. വിഗ്രഹം സ്വയംഭൂവായി വന്ന പോലെ വിധിയോ പരിഹാരമോ സ്വയംഭൂവായി വരാനും പോകുന്നില്ല. രാഷ്ട്രീയക്കാര്‍ ഇടപെട്ട് വീണ്ടും എന്തെങ്കിലും കുത്തിപ്പൊക്കന്‍ ശ്രമിച്ചാല്‍ 92 ലെ പോലെ പല്ലിന്റെ ശൌര്യം ഫലിക്കാന്‍ പോകുന്നില്ല എന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കിയേ പറ്റൂ. കാരണം സമാധാനമാണ് ഇന്ന് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത്.

CKLatheef said...

>>> പപ്പാതി സ്ഥലം പങ്കിട്ടെടുക്കുക എന്ന് ഞാന്‍ പറഞ്ഞത് ഒരു നിര്‍ദ്ദേശമല്ല വിഷ്ഫുള്‍ തിങ്കിങ്ങ് മാത്രമാണ്. ചിന്തകന്റെ കമന്റിലും അത്രയേ പ്രതിഫലിക്കുന്നുള്ളൂ. എന്നാല്‍ ഇത്തരം വിഷ്ഫുള്‍ തിങ്കിങ്ങ് ഉള്ളവര്‍ ധാരാളം ഉണ്ടാവും. <<<

ആ നിലക്ക് അത് അംഗീകരിക്കുക മാത്രമല്ല. അതോടൊപ്പം പങ്കുചേരുക കൂടി ചെയ്യുന്നു. വിട്ടുവീഴ്ച എന്നത് മഹത്തായ ഒരു ഗുണമാണ്. എന്നാല്‍ അതിനെ ചൂഷണം ചെയ്ത തങ്ങളുടെ അക്രമത്തിന് മറയാക്കി മാറ്റുന്നവരെ കാണാതിരുന്നു കൂടാ. തീര്‍ചയായും നാം ശുഭാപ്തി വിശ്വാസം കൈകൊള്ളുക. അശുഭാപ്തിയും സമ്മര്‍ദ്ദവും നിലവിലെ സാമൂഹ്യ സാഹചര്യത്തില്‍ ഒരു പ്രയോജനവും ചെയ്യില്ല. പോസ്റ്റില്‍ അനുഭവപ്പെട്ട അവ്യക്തത കമന്റില്‍ പരിഹരിച്ചിരിക്കുന്നു. നന്ദി.

Unknown said...

യു.കെ.യില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളി ഓണ്‍ലൈനില്‍ ഈ പോസ്റ്റ് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്: http://nrimalayalee.co.uk/index.php

ശ്രീജിത് കൊണ്ടോട്ടി. said...

അയോധ്യയില്‍ തകര്‍ക്കപ്പെട്ട പള്ളി പുനസ്ഥാപിക്കണം എന്നാണു എന്റെ വ്യക്തിപരാമായ അഭിപ്രായം...

സുകുമാരന്‍ സാറിന്റെ സമാധാനം ആഗ്രഹിക്കുന്ന സന്മനസ്സിന് എല്ലാ ആശംസകളും!!

CKLatheef said...

ബാബരി മസ്ജിദ്: കോടതിവിധി മാനിക്കണം -ടി.ആരിഫലി
കോഴിക്കോട്: ബാബരി മസ്ജിദ് ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ കോടതിവിധി മാനിക്കാന്‍ പ്രശ്‌നത്തിലെ ഇരുകക്ഷികളും സന്നദ്ധമാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു. ദീര്‍ഘകാലമായി തൃപ്തികരമായ പരിഹാരം കണ്ടെത്താതെ നിലനില്‍ക്കുന്ന വിഷയമാണിത്. കോടതിവിധി അംഗീകരിച്ച് പ്രശ്‌നപരിഹാരത്തിനുള്ള സന്നദ്ധത മുസ്‌ലിം സമൂഹം നേരത്തെ പ്രഖ്യാപിച്ച കാര്യം അദ്ദേഹം ഓര്‍മപ്പെടുത്തി. ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹവും ഇത് ആഗ്രഹിക്കുന്നവരാണ്. ഹിന്ദു, മുസ്‌ലിം സമൂഹങ്ങളിലെ നേതാക്കളും സാമാന്യ ജനങ്ങളും കോടതി മുഖേന നീതിപൂര്‍വകമായൊരു പരിഹാരം പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ മറിച്ചുചിന്തിക്കുന്ന വളരെ ചെറിയൊരു ന്യൂനപക്ഷം ഇരുസമുദായങ്ങളിലുമുണ്ടാവാം. മൊത്തം സമൂഹ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും സമാധാനപരമായ അന്തരീക്ഷത്തിന് സഹായകമല്ലാത്തതുമായ ഏതുതരം നീക്കങ്ങളെയും ജനങ്ങള്‍ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് ആരിഫലി പറഞ്ഞു.

കോടതിവിധിയോട് ഒരുതരം വൈകാരിക പ്രതികരണവും ഉണ്ടാകാതിരിക്കാന്‍ സംഘടനകളും സമുദായങ്ങളും ശ്രദ്ധിക്കണം. ആഹ്ലാദപ്രകടനങ്ങള്‍ക്കോ, പ്രതിഷേധ പരിപാടികള്‍ക്കോ അനുവാദം നല്‍കാതെ പൊലീസും ബന്ധപ്പെട്ട ഭരണകൂടങ്ങളും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അമീര്‍ ആവശ്യപ്പെട്ടു. ഇനിയൊരു സംഘര്‍ഷ സാധ്യതയില്ലാത്തവിധം പ്രശ്‌നപരിഹാരത്തിന് കൂട്ടായ ശ്രമങ്ങളുണ്ടാവണം. നമ്മുടെ ജനാധിപത്യബോധവും സമാധാന താല്‍പര്യങ്ങളും അതിന് സഹായകമാവുമെന്ന് ആരിഫലി പ്രത്യാശ പ്രകടിപ്പിച്ചു

നിസ്സഹായന്‍ said...

@ തഥാഗതന്‍,
"1949 ഡിസംബറില്‍ ബാബറി നിര്‍മിതിയ്ക്കകത്ത് രാമവിഗ്രഹം പ്രത്യക്ഷപ്പെട്ടതിനുശേഷം തുടര്‍ച്ചയായി പൂജ നടത്താന്‍ കോടതി ഹിന്ദുക്കള്‍ക്ക് അനുവാദം നല്‍കി."

എന്തൊരത്ഭുതം രാമന്‍ ദൈവത്തിന്റെ അപാരശക്തിനോക്കണേ 1949 ഡിസംബറില്‍ പള്ളിയില്‍ പ്രത്യക്ഷപ്പെടുക!!!!!!!

ഈ വിഗ്രഹം തന്നെ പ്രത്യക്ഷപ്പെട്ടതോ ഹിന്ദുഭ്രാന്തന്മാര്‍ കൊണ്ടുവെച്ചതോ തഥാഗതന്‍ സാറെ ? ഈ വിഗ്രഹത്തിന്റെ പ്രത്യക്ഷപ്പെടലിന്റെ മാനദണ്ഡത്തില്‍ തുടര്‍ച്ചയായി പൂജനടത്താന്‍ അനുവാദം കൊടുത്തു കോടതി. കോടതിയെക്കുറിച്ച് നമുക്കൊന്നും പറയാന്‍ അവകാശമില്ലല്ലോ , അകത്താകും ! നാണമില്ലേ ഹിന്ദുക്കളുടെ ഈ നാറിയ കളിയെ പിന്തുണക്കുന്ന സംഘപറിവാരിയല്ലാത്ത തഥാഗതന്‍സാറിന്റെ മനഃസാക്ഷിക്ക് ?

Sheetal Shaffiq said...

ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ടയും

Good thoughts and progressive

http://munkai.blogspot.com/2010/10/blog-post_12.html