Links

സാം പിട്രോഡ - 5

1989 നവംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി പരാജയപ്പെട്ടു. വി.പി.സിങ്ങിന്റെ മന്ത്രിസഭയില്‍ കെ.പി.ഉണ്ണികൃഷന്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ മന്ത്രിയായി. സാം Scientific Advisor to Prime Minister എന്ന പദവി രാജിവെച്ചു. എന്നാല്‍ ടെലികോം കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചില്ല. കാരണം അതൊരു സര്‍ക്കാര്‍ പദവിയാണ്. നോണ്‍ പൊളിറ്റിക്കല്‍ അപ്പോയ്‌മെന്റ്. തുടങ്ങി വെച്ച ദൌത്യം പൂര്‍ത്തിയാക്കണം എന്ന താല്പര്യത്തിലാണ് അത് രാജി വെക്കാതിരുന്നത്. പക്ഷെ രാജീവ് ഗാന്ധിയുടെ സുഹൃത്താണ് സാം എന്ന കാരണത്താല്‍ ഉണ്ണികൃഷ്ണന്‍ അദ്ദേഹത്തിന് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. പക്ഷെ സാം അതൊന്നും ഗൌനിക്കാതെ തന്റെ കടമ നിര്‍വ്വഹിക്കുന്നതില്‍ പൂര്‍ണ്ണമായി മുഴുകി. ഇങ്ങനെ മാസങ്ങളോളം തൊന്തരവ് കൊടുത്തിട്ടും ഉദ്ദേശിച്ചപോലെ സാം രാജി വെച്ചൊഴിയാത്തതില്‍ കുപിതനായ മന്ത്രി അദ്ദേഹത്തിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് വിചാരണ നടത്താന്‍ അന്വേഷണക്കമ്മീഷനെയും നിശ്ചയിച്ചു. ഇത് സാം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അമേരിക്കയില്‍ കോടിക്കണക്കിന് സമ്പാദിക്കാന്‍ കഴിയുന്ന ജോലിയും അവിടത്തെ പൌരത്വവും ഉപേക്ഷിച്ച് ഇന്ത്യയില്‍ തിരിച്ചു വന്ന് ഒരു രൂപ ശമ്പളത്തില്‍ രാപ്പകല്‍ വിശ്രമമില്ലാതെ മാതൃരാജ്യത്തിന് വേണ്ടി പ്രയത്നിക്കുന്ന തനിക്കെതിരെ അഴിമതിയാരോപിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത് അദ്ദേഹത്തിന് താങ്ങാനായില്ല. ആ മാനസികാഘാതം നിമിത്തമാണ് അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായത്. അപ്പോള്‍ അദ്ദേഹത്തിന് 48 വയസ്സ്.

സാമിന് നാല് ബൈപാസ് സര്‍ജറി ചെയ്യേണ്ടി വന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ശാസ്ത്രജ്ഞന്മാര്‍ , അക്കാദമീഷ്യന്മാര്‍ , ടെലികോം എഞ്ചിനീയര്‍മാര്‍ അങ്ങനെ പലരും സര്‍ക്കാരിനെതിരെ പ്രതിഷേധസമരവുമായി രംഗത്തിറങ്ങി. സാമിന്റെ മേല്‍ ആരോപിക്കപ്പെട്ട അഴിമതിക്കുറ്റങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ മന്ത്രിയെ കുറിച്ചു അതൃപ്തിയും രേഖപ്പെടുത്തി. അതേ വര്‍ഷം 1990 ല്‍ വി.പി.സിങ്ങ് മന്ത്രിസഭ രാജി വെക്കേണ്ടി വന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായി. ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് കുറെ മാസങ്ങള്‍ വിശ്രമിച്ച ശേഷം സാം 1991 തുടക്കത്തില്‍ വീണ്ടും ടെലികോം കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. പക്ഷെ അതേ വര്‍ഷം മെയ് മാസത്തില്‍ രാജിവ് ഗാന്ധി കൊല്ലപ്പെട്ടത് സാമിന് വീണ്ടും ഇരുട്ടടിയായി. താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ആ ദുരന്തം ഏല്‍പ്പിച്ച ആഘാതം. അന്നത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ തിരിച്ചെത്തി നരസിംഹറാവു പ്രധാനമന്തിയായി.  റാവു മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന രാജേഷ് പൈലറ്റിനെ ചുമതലകളെല്ലാം ഏല്‍പ്പിച്ച് 1991 അവസാനം സാം കുടുംബസമേതം ഷിക്കാഗോയിലേക്ക് മടങ്ങിപ്പോയി.

ഷിക്കാഗോയില്‍ തിരിച്ചെത്തി കുറച്ച് കാലം വിശ്രമം എടുത്ത ശേഷം അവിടെ C - SAM Inc. എന്നൊരു കമ്പനി ആരംഭിച്ചു. ആ കമ്പനി ഇപ്പോഴും വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2004ല്‍ ഡോ. മന്‍‌മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായപ്പോള്‍ ദേശീയ വിജ്ഞാന കമ്മീഷന്‍ (National Knowledge Commission) എന്നൊരു സ്ഥാപനം രൂപീകരിക്കുകയും സാം പിട്രോഡയെ അതിന്റെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു. 2009 വരെ ആ സ്ഥാനത്തിരുന്നുകൊണ്ട് സാം മുന്നൂറിലധികം ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. 2009 നവമ്പര്‍ മാസം മുതല്‍ ഇപ്പോഴും ഡോ. മന്‍‌മോഹന്‍ സിങ്ങിന്റെ Scientific Advisor to Prime Minister ആയി തുടരുകയാണ് സാം പിട്രോഡ. 2009 ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കി സാമിനെ രാജ്യം ആദരിച്ചു.

( ഈ പരമ്പര അവസാനിക്കുന്നു.)

ചില ലിങ്കുകള്‍ :
http://en.wikipedia.org/wiki/Sam_Pitroda
http://www.cdot.in/
http://www.knowledgecommission.gov.in/default.asp

9 comments:

Dious said...

http://www.youtube.com/watch?v=I3kL1zI4Jc8&NR=1

ഷെരീഫ് കൊട്ടാരക്കര said...

പ്രശംസിക്കുന്നവന്റെ മുഖത്തു മണ്ണു വാരി ഇടാന്‍ പ്രവാചകന്‍ പറഞ്ഞു.അതു അനവസരത്തില്‍ പ്രശംസ ചൊരിയുന്നവരെ ആണെന്ന വിശ്വാസത്തോടെ ഞാന്‍ ആത്മാര്‍ത്ഥാതയോടെ ഇവിടെ താങ്കളെ പ്രശംസിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.ബ്ലോഗ് എന്തിനാണെന്നു സുകുമാരന്‍ സാര്‍ കാണിച്ചു തന്നിരിക്കുന്നു. ഈ ലേഖനങ്ങള്‍ ഞാന്‍ പഠിച്ചു വരുകയായിരുന്നു.മനുഷ്യ ജീവിതത്തില്‍ ലഭ്യമാകുന്ന അറിവുകള്‍ കരസ്ഥമാക്കാന്‍ മനുഷ്യന്‍ പരിശ്രമിക്കണം.സാം പിട്രോടയെ സംബന്ധിച്ച ഈ ലേഖനങ്ങള്‍ ഇന്ത്യന്‍ വാര്‍ത്താ വിനിമയ വളര്‍ച്ച എങ്ങിനെയായിരുന്നു എന്നു മനസിലാക്കാന്‍ സാധിച്ചു. ട്രങ്ക് കാളും ബുക്ക് ചെയ്തു മണിക്കൂറുകള്‍ കാത്തിരുന്നിരുന്ന ആ കാലഘട്ടത്തില്‍ നിന്നും നാം തന്നെ നേരിട്ടു ഇന്ത്യയിലെവിടെയും ലോകത്തു എവിടെയും ടെലഫോണില്‍ വിളിക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്കുള്ള കുതിച്ചു ചാട്ടത്തിന്റെ പൂര്‍ണമായ ചരിത്രം പഠിക്കാന്‍ കഴിഞ്ഞതില്‍ സാറിനോടു നന്ദി പറയുന്നു.

ഒരു നുറുങ്ങ് said...

“അമേരിക്കയില്‍ കോടിക്കണക്കിന് സമ്പാദിക്കാന്‍ കഴിയുന്ന ജോലിയും അവിടത്തെ പൌരത്വവും ഉപേക്ഷിച്ച് ഇന്ത്യയില്‍ തിരിച്ചു വന്ന് ഒരു രൂപ ശമ്പളത്തില്‍ രാപ്പകല്‍ വിശ്രമമില്ലാതെ മാതൃരാജ്യത്തിന് വേണ്ടി പ്രയത്നിക്കുന്ന തനിക്കെതിരെ അഴിമതിയാരോപിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത് അദ്ദേഹത്തിന് താങ്ങാനായില്ല.”

“(പഴയ കണക്ക് വെച്ചാണെങ്കില്‍ സാമിന്റെ മാസശമ്പളം ഒന്നേകാല്‍ അണയും കാശും. (16 അണ ഒരു രൂപ).)”

ജനാധിപത്യവും,രാഷ്ട്രീയാധികാരങ്ങളും
പലപ്പോഴും യഥാര്‍ത്ഥ്യബോധമന്യെ
എതിര്‍ വീക്ഷണക്കാര്‍ക്കെതിരെ പകവീട്ടാനുള്ള
രംഗവേദിയായി മാറുന്നതെങ്ങിനെയെന്ന്
മനസ്സിലാക്കിത്തരുന്ന സൂചനകള്‍..
കോടികളുടെ അഴിമതികള്‍ തുടര്‍ക്കഥയാവുന്ന
നാട്ടില്‍ സത്യസന്ധരായവരെ കുടുക്കാനുള്ള
കുറുക്കുവഴികള്‍ എമ്പാടുമുണ്ട് എന്നത് നമ്മുടെ
ജനാധിപത്യരീതിയിലെ ദൌര്‍ബല്യങ്ങളാണെന്ന്
ആരെങ്കിലും ചിന്തിച്ചുപോയാല്‍ അവരെ
കുറ്റപ്പെടുത്തിക്കൂടാ..

വളരേ പഠനാര്‍ഹമായ വിവരണങ്ങളാണ്‍ പ്രിയ
കെ.പി.എസ്,താങ്കള്‍ ഈ പോസ്റ്റിലൂടെ
കാഴ്ച വെച്ചിരിക്കുന്നത്.സാം പിട്രോഡയെ
നമുക്ക് പ്രശംസിക്കാതിരിക്കാനാവില്ല..!

ഏറെ നന്ദിയോടെ ആശംസകള്‍.

ഇന്ത്യന്‍ said...

പ്രിയ കെ പി എസ്

ഇത്തരം ഒരു പോസ്റ്റിനു നന്ദി പറയട്ടെ. അനാവശ്യമായ തര്‍ക്ക വിതര്‍ക്കങ്ങള്‍ കൊണ്ട് മുഖരിതമാണ് പല മലയാള ബ്ലോഗുകളും. പഠനം അല്ല, എവിടോന്നോക്കെയോ കിട്ടുന്ന ഉദ്ധരണികള്‍ പൊറുക്കി കൊണ്ട് വന്നു മറ്റുള്ളവരെ കുതര്‍ക്കം ഉയര്‍ത്തി അവഹേളിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുക മാത്രമാണ് പലരും ചെയ്യുന്നത്. ഒരു ഉദ്ധരണി മതിയാവും ഒരു വിഭാഗത്തെ രാക്ഷസവല്ക്കരിക്കാന്‍. മറിച്ച് ആ തെറ്റിധാരണ മാറ്റാന്‍ ഒരു പാടു ശ്രമം വേണ്ടിയും വരും. അങ്ങിനെ അനാരോഗ്യകരമായ വാദപ്രതിവാദങ്ങളില്‍ അഭിരമിക്കുന്ന പലരും ഇത്തരം ഉദ്യമങ്ങള്‍ കണ്ടു എന്ന് തന്നെ വരില്ല.

Unknown said...

@ Dious, ലിങ്കിന് നന്ദി...

പ്രിയ ഷെരീഫ്, താങ്കളുടെ ആത്മാര്‍ത്ഥമായ അഭിപ്രായപ്രകടനത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയട്ടെ...

@ ഒരു നുറുങ്ങ് (ഹാരൂണ്‍ക്ക) ഷെരീഫ് മാഷോട് പറഞ്ഞത് തന്നെയാണ് താങ്കളോടും പറയാനുള്ളത്.. നന്ദി,സ്നേഹം..

@ പ്രിയ ഇന്ത്യന്‍, മലയാളം ബ്ലോഗ് അങ്ങനെയൊരു “ഠ” വട്ടത്തില്‍ കറങ്ങുകയാണ്. വെറുതെ കമന്റ് യുദ്ധത്തില്‍ അഭിരമിക്കുക എന്നതിനപ്പുറം മറ്റൊരു വായനയും , കൊടുക്കുകയും കൊള്ളുകയും ചെയ്യുന്നൊരു സംവാദവും നടക്കുന്നില്ല. എനിക്കതില്‍ മടുപ്പ് വന്നു. ഇനി അത്തരം ശൈലിയിലേക്കില്ല. കാലം കഴിഞ്ഞാലും ആരെങ്കിലും വായിച്ച് എന്തെങ്കിലും മനസ്സിലാക്കാന്‍ ഉതകുന്ന വിവരങ്ങളേ ഇനി ബ്ലോഗില്‍ എഴുതുകയുള്ളൂ. കമന്റ് പ്രശ്നമാക്കുന്നില്ല. അര്‍ത്ഥശൂന്യമായ ചര്‍ച്ചകളില്‍ പോയി കമന്റുകള്‍ എഴുതി സമയം പാഴാക്കാനും ഇനി ഉദ്ദേശിക്കുന്നില്ല. വായനയ്ക്കും പിന്നെ എനിക്കിവിടെ നയം വ്യക്തമാക്കാന്‍ കഴിയുമാറ് കമന്റ് എഴുതിയതിനും ഒരുപാട് നന്ദി..

IndianSatan said...

വായിക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരുകാര്യം വളരേ നല്ലരീതിയില്‍ പറഞ്ഞു തന്നതിന് നന്ദി. ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

ചിന്തകന്‍ said...

സാമിനെ പോലെ നിസ്വാര്‍ത്ഥമതികളാ‍യ ആളുകള്‍ നമ്മുടെ സമൂഹത്തിനായി ഇനിയും ഉയിര്‍ക്കൊള്ളട്ടെ എന്ന് നമുക്കാശിക്കാം...

വളരെ ലളിതമായി ഈ പരമ്പര ഇവിടെ അവതരിപ്പിച്ച കെപീഎസ് മാഷിന് ഹൃദ്യമായ അഭിനന്ദനങ്ങള്‍.

muralidharan said...

very informative..good.. went through all articles...all the best...

ഞാന്‍ രാവണന്‍ said...

Good Work ....+++++++Kp S ...