Links

സാം പിട്രോഡ - 2

ന്ത്യയില്‍ വാര്‍ത്താവിനിമയ സാങ്കേതിക വിദ്യ നവീകരിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ഒരു കത്ത് സാം ഷിക്കാഗോ നഗരത്തില്‍ നിന്ന് ഇന്ത്യന്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പ് മേധാവിക്ക് അയച്ചെങ്കിലും ഒരു മറുപടിയും അദ്ദേഹത്തിന് ലഭിച്ചില്ല. വീണ്ടും ദീര്‍ഘമായ മറ്റൊരു കത്ത് എഴുതിയെങ്കിലും നിഷ്പലം. മറുപടിയില്ല. എന്നിട്ടും നിരാശനാകാതെ പിന്നെയും എഴുതിയപ്പോള്‍ ദല്‍ഹിയില്‍ വന്ന് തന്നെ കാണാന്‍ ആവശ്യപ്പെട്ടുകൊണ്ട് മേധാവിയില്‍ നിന്നും മറുപടി കിട്ടി. താമസിയാതെ സാം ദല്‍ഹിയിലെത്തി തന്റെ പദ്ധതികള്‍ DOT മേധാവിക്ക് വിശദീകരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം ഞെട്ടി. അത്ഭുതകരമായ പദ്ധതി. പക്ഷെ പണം എങ്ങനെ കണ്ടെത്തും? മാത്രമല്ല നയപരമായ മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. അതിന് എനിക്കെന്നല്ല വകുപ്പ് മന്ത്രിക്ക് പോലും അധികാരമില്ല. അങ്ങനെയെന്നാല്‍ ആര്‍ക്കാണധികാരം എന്ന ചോദ്യത്തിന് പ്രൈം മിനിസ്റ്റര്‍ എന്നായിരുന്നു ഉത്തരം. ശ്രീമതി. ഇന്ദിരാഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി.

എനിക്ക് അടിയന്തിരമായി പ്രൈം മിനിസ്റ്ററെ കാണണം. ഏര്‍പ്പാട് ചെയ്യാമോ എന്നായി സാമിന്റെ ചോദ്യം. അത് കേട്ട് ഒന്ന് അമ്പരന്നെങ്കിലും സാമിന്റെ വ്യക്തിഗതനേട്ടങ്ങളും ദൃഢനിശ്ചയവും മനസ്സിലാക്കിയ മേധാവി, ഏര്‍പ്പാട് ചെയ്യാം പക്ഷെ അല്പം കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞു. ഒരു മാസത്തെ താമസം പ്ലാന്‍ ചെയ്തിട്ടാണ് താന്‍ വന്നിട്ടുള്ളത്. അത് വരെ കാത്തിരിക്കാമെന്ന് സാമും അറിയിച്ചു. ഡോട്ട് മേധാവി തന്റെ സ്വാധീനം ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ആഫീസുമായി ബന്ധപ്പെട്ട് രണ്ടാഴ്ചക്കുള്ളില്‍ പത്ത് മിനിട്ട് സാമിന് ഇന്ദിരാഗാന്ധിയുമായി അപ്പോയ്‌മെന്റ് ശരിയാക്കി. എന്നാല്‍ പത്ത് മിനിട്ട് കൊണ്ട് തനിക്ക് ഒന്നും വിശദീകരിക്കാന്‍ കഴിയില്ലെന്നും ഒരു മണിക്കൂറെങ്കിലും വേണമെന്ന് സാം പറഞ്ഞു. വീണ്ടും പ്രധാനമന്ത്രിയുടെ ആഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു മണിക്കൂര്‍ സമയം അനുവദിക്കാനാവില്ല എന്നായിരുന്നു മറുപടി.  പ്രധാനമന്ത്രിക്ക് ഒരു മണിക്കൂര്‍ സമയം തരാന്‍ കഴിയുമ്പോള്‍ എന്നെ അറിയിക്കണമെന്നും അപ്പോള്‍ താന്‍ വീണ്ടും വരാമെന്നും നന്ദിയും പറഞ്ഞ് സാം ഷിക്കാഗോവിലേക്ക് തിരിച്ചുപോയി.

അനുവദിക്കപ്പെട്ട പത്ത് നിമിഷം സമയം നിരസിച്ചുപോയ സാമിന്റെ ആര്‍ജ്ജവവും ഇച്ഛാശക്തിയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മേധാവിയെ ആകര്‍ഷിക്കുക തന്നെ ചെയ്തു. അപ്പോള്‍ രാജീവ് ഗാന്ധി വൈമാനികനായി ജോലി നോക്കുകയാണെങ്കിലും നവീനസാങ്കേതികവിദ്യകളില്‍ ആ‍ഭിമുഖ്യവും താല്പര്യവുമുണ്ടായിരുന്നു. ചില സുഹൃത്തുക്കളുടെ സഹായത്തോടെ സാം പിട്രോഡയെ പറ്റിയുള്ള വിവരങ്ങള്‍ ആ മേധാവി രാജീവ് ഗാന്ധിക്ക് എത്തിച്ചുകൊടുത്തു. രാജീവ് ഗാന്ധി അമേരിക്കയിലെ അംബാസിഡറുമായി ബന്ധപ്പെട്ട് പിട്രോഡയെ പറ്റി വിശദമായ വിവരങ്ങള്‍ (Background and Security checks)  ശേഖരിക്കാന്‍ ആവശ്യപ്പെട്ടു.

ഷിക്കാഗോയില്‍ തിരിച്ചെത്തി ആറ് മാസമായിട്ടും ഡോട്ടില്‍ നിന്ന് ഒരു വിവരവും ലഭിക്കാത്തത് കണ്ട് സാം റോക്ക് വെല്‍ (Rockwell)  സ്ഥാപനത്തില്‍ വൈസ് ചെയര്‍മാനായി ജോലിയില്‍ മുഴുകി. അങ്ങനെയിരിക്കെ 1984 ആദ്യത്തില്‍ ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ചക്ക് ഒരു മണിക്കൂര്‍ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ആഫീസില്‍ നിന്ന് സാമിന് അറിയിപ്പ് ലഭിക്കുന്നു. ഉടനെ തന്നെ താന്‍ ഡല്‍ഹിയില്‍ എത്തുന്ന കാര്യം കണ്‍ഫോം ചെയ്ത് അറിയിച്ചിട്ട് പ്രധാനമന്ത്രിയെ കാണുമ്പോള്‍ സമര്‍പ്പിക്കാന്‍ പദ്ധതി സംബന്ധമായ രേഖകളും പ്രസന്റേഷനുകളും തയ്യാറാക്കുന്നതില്‍ വ്യാപൃതനായി. ഡല്‍ഹിയില്‍ എത്തിയ അദ്ദേഹത്തിന് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ദിരാഗാന്ധിയെ കൂടാതെ രാജീവ് ഗാന്ധി ചില കേബിനറ്റ് മന്ത്രിമാര്‍ എന്നിവരെ അഭിമുഖീകരിച്ച് തന്നെ പറ്റിയും തന്റെ പദ്ധതികളെ പറ്റിയും വിശദീകരിക്കാനുള്ള അവസരമാണ് കിട്ടിയത്.  ഇന്ത്യന്‍ വാര്‍ത്താവിനിമയ ശൃംഖല ആധുനീകരിക്കേണ്ടതിന്റെ ആവശ്യകതയും ദൂരവ്യാപകമായ പ്രവര്‍ത്തനപദ്ധതിയും സാം അവരുടെ മുന്നില്‍ അവതരിപ്പിച്ചു. മന്ത്രിമാരുടെ നിശിതമായ സംശയങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരം പറഞ്ഞു.

അദ്ദേഹത്തിന്റെ പദ്ധതിയുടെ പ്രധാനപ്പെട്ട അംശങ്ങള്‍ ഇവയായിരുന്നു.

1) ഇന്ത്യയിലെ ഗ്രാമങ്ങളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തദ്ദേശീയമായ സാങ്കേതികവിദ്യ വികസിപ്പിച്ച് ഡിജിറ്റല്‍ സ്വിച്ച് (Digital Switches) നിര്‍മ്മിക്കണം.

2) ടെലിക്കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കാലഹരണപ്പെട്ട മെക്കാനിക്കല്‍ സ്വിച്ചുകള്‍ (Mechanical Switches) ഇനി മേലില്‍ വാങ്ങാന്‍ പാടില്ല.

3) ഇന്ത്യ സ്വന്തമായി സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്നത് വരെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യന്‍ നഗരങ്ങള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ സ്വിച്ചുകള്‍ വില എത്രയായാലും കണക്കിലെടുക്കാതെ വിദേശരാജ്യങ്ങളില്‍ നിന്ന് വാങ്ങണം.

യോഗം ഒരു മണിക്കൂറിലും അധികം നീണ്ടുപോയി. അവസാനിച്ചപ്പോള്‍ രാജീവ് ഗാന്ധി എഴുന്നേറ്റ് വന്ന് സാം പിട്രോഡയുടെ കൈപിടിച്ചു ആശംസകള്‍ അറിയിച്ചു. ഞാനാണ് ഈ യോഗം ഏര്‍പ്പാട് ചെയ്തതെന്ന് പറഞ്ഞ് രാജീവ് ഗാന്ധി സാമിനെ ആശ്ലേഷിക്കുകയും ചെയ്തു. സാം തന്നേക്കാളും രണ്ട് വയസ്സ് ഇളയവനായ രാജീവ് ഗാന്ധിയെ നന്ദിയോടെ നോക്കി. ഗാഢമായ ഒരു സൌഹൃദബന്ധം അവര്‍ക്കിടയില്‍ മുള പൊട്ടിയ അപൂര്‍വ്വ നിമിഷം!

(തുടരും)

* ഫോട്ടോവിനും വിവരങ്ങള്‍ക്കും കടപ്പാട് പതിവ് പോലെ ഗൂഗിളിന്.

7 comments:

ചാക്കോച്ചി said...

really intresting, waiting for the next post.

ചിന്തകന്‍ said...

അതെ വായിച്ചു... ഇനി അടുത്തതിനായി കാക്കുന്നു.

ഒരു നുറുങ്ങ് said...

അണിയറയിലുരുത്തിരിഞ്ഞ കഥക്ക്പിന്നിലെ
കഥയും,അതിലെ കാര്യവും സവിസ്തരം വിവരിക്കുന്ന
ഈ പോസ്റ്റ് വളരെ ഗുണപ്രദമാവുന്നു.
തുടരട്ടെ..അഭിനന്ദനങ്ങള്‍.

OpenThoughts said...

വയനാട്ടിലുള്ള അവസാന ഇലക്ട്രോ മെക്കാനിക്കല്‍ ടെലെഫോണ്‍ എക്സ്ചെന്ജും ഡിജിറ്റലിലേക്ക് മാറ്റിയിട്ടും ഒന്ന് രണ്ടു കൊല്ലം സാങ്കേതിക വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റം തന്നെയാണ് പഠിപ്പിച്ചിരുന്നത്. സാം പിട്രോഡ യുടെ വേഗത്തില്‍ ഞങ്ങളുടെ കേരള സിലബസ്‌ മാറിയില്ല. കരിക്കുലം കമ്മിറ്റി ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ കുറച്ച സമയമെടുത്തു.

Unknown said...

ചാക്കോച്ചിക്ക് നന്ദി..

ചിന്തകനും ഹാരൂണ്‍ക്കക്കും തുടര്‍വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി..

@ ഓപ്പന്‍ തോട്ട്സ്, ഇപ്പോഴും നമ്മുടെ കരിക്കുലം കമ്മറ്റി കാലത്തിന് പിറകില്‍ തന്നെയാണോ :)

Princi said...

OpenThoughts, കെ പി എസ്,ലോകത്ത് നടക്കുന്ന സാങ്കേതിക വിപ്ലവങ്ങളെല്ലാം അതേ വേഗതയിൽ സിലബസ്സിൽ പ്രതിഫലിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. എഞ്ചിനീയറിംഗ് വിദ്യാ‍ഭ്യാസത്തെ സമബന്ധിച്ചാണെങ്കിൽ, നാലു വർഷത്തിലൊരിക്കൽ മാത്രമേ സിലബസ് പരിഷ്കരണം സാധ്യമാവൂ. സിലബസ് പരിഷകരിക്കണമെങ്കിൽ പഠിപ്പിക്കാനാവശ്യമായ റിസോഴ്സുകൾ  (നിലവാരമുള്ള പുസ്തകങ്ങൾ, പ്രയോഗിക പരിജ്ഞാനത്തിനുള്ള ഉപകരണങ്ങൾ എന്നിവ)വേണം.അതല്ലാതെ സിലബസ് മാത്രം പരിഷ്കരിച്ചിട്ട് കാര്യമില്ല.പിന്നെ ഇലക്ട്രോമെക്കാനിക്കൽ എക്സ്ചേഞ്ച് പഠിച്ചതുകൊണ്ട് കുഴപ്പമൊന്നും പറ്റാനില്ലല്ലോ.പുതിയ സാങ്കേതിക വിദ്യകൾ പഠിക്കാനാഗ്രഹിക്കുന്ന കുട്ടികൾക്ക് ലൈബ്രറിയും ഇന്റർനെറ്റുമൊക്കെ ഉണ്ടല്ലോ. അതിനു സിലബസ് വേണമെന്ന് തോന്നുന്നുമില്ല.

OpenThoughts said...

@Princi
അതേ, ആ പ്രായോഗിക ബുദ്ധിമുട്ടിനെ അറിഞ്ഞു കൊണ്ട് തന്നെയാണ് ഇത് സൂച്പ്പിച്ചത്.
സത്യത്തില്‍ പിട്രോഡ നടത്തിയ ഡിജിറ്റല്‍ വിപ്ലവം, റിലെറ്റിവ് ആയി സിലബസുകളിലും
വരേണ്ടിയിരുന്നമാറ്റങ്ങള്‍ക്കു നാല് വര്‍ഷമെന്ന മാനദണ്ഡം ഒരു പ്രത്യേക സാഹചര്യത്തില്‍
ഒഴിവാക്കി പെട്ടെന്ന് ആക്കാമായിരുന്നു എന്നാണ് പറഞ്ഞത്. പ്രത്യേകിച്ച് കമ്മ്യൂണിക്കേശന്‍
സബ്ജെക്ടുകളില്‍ ‍...