ശാന്ത ടീച്ചര്‍ ബ്ലോഗ് എഴുതുകയാണ് .....

രു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഇതാണ് ശാന്ത ടീച്ചര്‍. ശാന്ത കാവുമ്പായി എന്ന ബ്ലോഗര്‍. ബ്ലോഗില്‍ എല്ലാവര്‍ക്കും ശാന്ത കാവുമ്പായിയെ അറിയാം. അറിയാത്തവര്‍ മേലെ കാണുന്ന ഇമേജില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കുക. ആ റിപ്പോര്‍ട്ട് എല്ലാം പറഞ്ഞു തരും.  ടീച്ചര്‍ ബ്ലോഗില്‍ എഴുതിയ കവിതകള്‍ സമാഹരിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നു. ആഗസ്റ്റ് 14 ന് ശനിയാഴ്ച 3മണിക്കാണ് മോഹപ്പക്ഷി എന്ന ആ കവിതാസമാഹാരത്തിന്റെ പ്രകാശനം കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ വെച്ച് നടക്കുന്നത്. ബ്ലോഗ് എഴുതാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ടീച്ചറുടെ സഹപ്രവര്‍ത്തകര്‍ ആരും അത് ഗൌനിച്ചതേയില്ല. ഇപ്പോള്‍ ഒന്‍പതാം ക്ലാസിലെ പാഠഭാഗത്തില്‍ ബ്ലോഗിനെ പറ്റി പഠിപ്പിക്കേണ്ടതുണ്ട്. മറ്റ് അദ്ധ്യാപകരും ഇപ്പോള്‍ ടീച്ചറുടെ ആ ക്രാന്തദര്‍ശിത്വത്തെ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആത്മസാക്ഷാല്‍ക്കാരത്തിന്റെ അപൂര്‍വ്വാവസരമാണ് മറ്റനേകം പേര്‍ക്കെന്ന പോലെ ബ്ലോഗ് ടീച്ചര്‍ക്കും നല്‍കിയത്.  വിധി എന്നൊന്ന് ഉണ്ടെങ്കില്‍ ആ വിധിയോടുള്ള വെല്ലുവിളിയാണ് ടീച്ചറുടെ പുസ്തകത്തിന്റെ  ഈ പ്രകാശനകര്‍മ്മം.  പുസ്തകപ്രകാശനത്തോടൊപ്പം ചെറിയ തോതില്‍ ഒരു ബ്ലോഗ് സംഗമം കൂടി സംഘടിപ്പിച്ചാലോ എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചപ്പോള്‍ ടീച്ചര്‍ ആ നിര്‍ദ്ദേശം സഹര്‍ഷം സ്വാഗതം ചെയ്യുകയായിരുന്നു.

എന്നാല്‍ കണ്ണൂരില്‍ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുക എളുപ്പമല്ല.  ഒന്നാമത് കണ്ണൂരില്‍ അത്രയധികം ബ്ലോഗര്‍മാരൊന്നുമില്ല. ഉള്ളവര്‍ തന്നെ അത്ര ആക്ടീവുമല്ല, ഇത് വരെയിലും പരസ്പരം ആരും പരിചയപ്പെട്ടിട്ടുമില്ല. ബ്ലോഗ് അക്കാദമിയുടെ ആദ്യ ശില്പശാല കണ്ണൂരിലാണ് നടന്നത്. ആ ശില്പശാലയില്‍ ക്ലാസ്സ് എടുത്ത സീനിയര്‍ ബ്ലോഗ്ഗര്‍ കണ്ണുരാനെ ഇപ്പോള്‍ കാണുന്നേയില്ല. എങ്ങനെ ബ്ലോഗ് എഴുതാം എന്ന പേരില്‍ കണ്ണൂരാന്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ച വിവരം ബ്ലോഗര്‍മാര്‍ അറിഞ്ഞുകാണുമോ എന്തോ. ഈയ്യിടെയായി ബ്ലോഗില്‍ കണ്ണൂരാന്‍ എന്ന ബ്ലോഗ് നാമത്തില്‍ മറ്റൊരു ബ്ലോഗര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എനിക്കത് കണ്ടപ്പോള്‍ സങ്കടമായി.  ആ ബ്ലോഗര്‍ക്ക് മറ്റൊരു പേര് സ്വീകരിക്കാമായിരുന്നു. അപ്പോള്‍ പറഞ്ഞു വന്നത് ബ്ലോഗ് മീറ്റിനെ കുറിച്ചാണല്ലൊ.  പ്രശസ്ത ബ്ലോഗ് കഥാകാരന്‍ കുമാരന്‍ കണ്ണൂരില്‍ തന്നെയാണ്. മറ്റൊരു ബ്ലോഗര്‍ യരലവ നാട്ടില്‍ ഉണ്ടെന്നാണ് വിവരം. ചിത്രകാരനും കണ്ണൂരില്‍ തന്നെയാണല്ലൊ. പിന്നെ മിനി ടീച്ചര്‍, അങ്ങനെ നോക്കിയാല്‍ ഇനിയും കുറച്ചു പേര്‍ കാണും.  ഔപചാരികമായി ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. നമ്മുടെ ഹരീഷ് തൊടുപുഴയെ സഹായത്തിന് വിളിക്കേണ്ടി വരും.  ഏതായാലും ബ്ലോഗ് അക്കാദമിയുടെ ബ്ലോഗില്‍ ഈ വിവരം ഒന്ന് പോസ്റ്റ് ചെയ്യണം എന്ന് ചിത്രകാരനോട് പറഞ്ഞിട്ടുണ്ട്.

ചെറുപ്പത്തില്‍  വായനാശീലം കുറച്ചധികമുള്ളത്കൊണ്ട് ഒരു സാഹിത്യകാരനാകണമെന്നായിരുന്നു എന്റെയും ആഗ്രഹം. എന്നാല്‍ ഒന്നും എഴുതാന്‍ കഴിയില്ല എന്നൊരു മുന്‍‌വിധി എങ്ങനെയോ എന്റെ മനസ്സില്‍ രൂഢമൂലമായിപോയിരുന്നു. എഴുതുന്നതൊന്നും മുഴുമിപ്പിക്കുന്ന വിദ്യ മാത്രം എനിക്ക് വഴങ്ങിയില്ല. അങ്ങനെ പത്രമാപ്പീസില്‍ നിന്ന് തിരിച്ചയക്കുന്ന സൃഷ്ടികള്‍ കൈപ്പറ്റാനുള്ള ഭാഗ്യം പോലും എനിക്ക് കിട്ടിയില്ല. എത്രയോ കഥാപാത്രങ്ങള്‍ ഒടുവില്‍ എന്നോട് കലഹിച്ച് ഇറങ്ങിപ്പോയിട്ടുണ്ട്. ആ കഥാപാത്രങ്ങള്‍ക്കൊന്നും ശാപമോക്ഷം കൊടുക്കാനുള്ള കഴിവില്ലായ്മയില്‍ ഞാന്‍ ഖേദിച്ചിട്ടുണ്ട്. അല്ലെങ്കിലും  ജീവിതത്തില്‍ ഖേദങ്ങള്‍ ആര്‍ക്കാണ് ബാക്കിയില്ലാത്തത്? ഇപ്പോള്‍ ബ്ലോഗ് എഴുതാന്‍ തുടങ്ങിയപ്പോള്‍ തോന്നുന്നു, ഒരു പക്ഷെ എഴുതിയിരുന്നെങ്കില്‍ , മടക്കത്തപ്പാലില്‍ കുറെ സൃഷ്ടികള്‍ ഏറ്റുവാങ്ങിയിരുന്നുവെങ്കില്‍ എനിക്കും ഒരിടം കിട്ടാതിരിക്കുമായിരുന്നില്ല എന്ന്.

വിശാലമനസ്ക്കന്റെ കൊടകരപുരാണമാണല്ലൊ ബ്ലോഗില്‍ നിന്ന് ആദ്യമായി അച്ചടിച്ച് പുറത്തിറങ്ങിയ കൃതി. പിന്നീട് കുറെ പുസ്തകങ്ങള്‍ ബ്ലോഗില്‍ നിന്നും ഉണ്ടായിട്ടുണ്ട്.  കഥകളും കവിതകളും മാത്രമേ പുസ്തകമായി പ്രസിദ്ധീകരിച്ചുകൂടൂ എന്നില്ലല്ലൊ. എന്റെ ശിഥിലചിന്തകള്‍ പുസ്തകമാക്കിയാലെന്ത് എന്ന് ഞാ‍ന്‍ ആലോചിക്കാതിരുന്നില്ല. എന്റെ നാട്ടുകാരനായ സുഹൃത്ത് കുറച്ചു മുന്‍പ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ധര്‍മ്മപട്ടണത്തിലെ കോലച്ചുവടുകള്‍ എന്നാണ് നോവലിന്റെ പേര്. എനിക്ക് കോമ്പ്ലിമെന്ററിയായി ഒരു കോപ്പി തന്നു. നന്നായിരുന്നു എഴുത്ത്.  ശിഥിലചിന്തകളില്‍ ഞാന്‍ എഴുതിയ പോസ്റ്റുകളും മറ്റ് കമന്റുകളും എഡിറ്റ് ചെയ്ത് ഒരു ബുക്ക് പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞപ്പോള്‍ ആ സുഹൃത്ത് എല്ലാ സഹായങ്ങളും വാഗ്ദ്ധാനം ചെയ്യുകയും ചെയ്തു.  ബുക്കിന്റെ പേര് മനസ്സില്‍ ഉറപ്പിച്ചു, ഒരു ബ്ലോഗറുടെ ശിഥിലചിന്തകള്‍.  എനിക്കൊരു ദോഷമുണ്ട്, ഐഡിയകള്‍ നൂറ് നൂറ് പെട്ടെന്ന് കിട്ടും. പക്ഷെ പ്രയോഗത്തില്‍ വരുത്താന്‍ കഴിയാറില്ല. മറ്റൊരു സുഹൃത്തിനോട് ചോദിച്ചപ്പോള്‍ എന്റെ ആവേശമെല്ലാം കെട്ടടങ്ങി. പുസ്തകപ്രസാധനരംഗം തട്ടിപ്പിന്റെ വേദിയാണെന്നാണ് അവന്‍ പറഞ്ഞത്. അതിനെ പറ്റി പിന്നീട് എഴുതാം.  മറ്റുള്ളവരുടെ അഭിപ്രായവും കേള്‍ക്കണമല്ലൊ.

ഏതായാലും ആഗസ്റ്റ് പതിനാലാം തീയ്യതിയിലെ ശാന്ത ടീച്ചറുടെ പുസ്തകപ്രകാശന ചടങ്ങില്‍ ഞാനും പങ്കെടുക്കുന്നുണ്ട്.  ബ്ലോഗ് എഴുതുന്നവരുടെയും വായിക്കുന്നവരുടേയും  ഒരു കൂട്ടായ്മ കൂടി അന്നേ ദിവസം സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നു. എല്ലാവര്‍ക്കും ഒന്ന് പരിചയപ്പെടാമല്ലൊ.

© ഈ പോസ്റ്റ് കെ.പി.സുകുമാരന്‍  എന്ന ഞാന്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തുന്നതാണ്.