Links

ഇന്റര്‍നെറ്റ് കൂട്ടായ്മ കണ്ണൂരില്‍ 28-8-2010 ന് ....

ലീല ടീച്ചറെ ബ്ലോഗിലും ഇന്റര്‍നെറ്റിന്റെ ലോകത്തേക്കും ഒക്കെ എത്തിച്ചത് അവരുടെ മകന്‍ ശരത് എം. ചന്ദ്രന്‍ ആണ്. എന്നാല്‍ അതിന് മുന്‍പേ തന്നെ അവര്‍ ആകാശവാണിയില്‍ സ്വന്തമായി കഥകളും കവിതകളും അവതരിപ്പിക്കാറുണ്ടായിരുന്നു. അവരുടെ നാടകങ്ങള്‍ ആകാശവാണി പ്രക്ഷേപണം ചെയ്യാറുമുണ്ട്. പിന്നീട് പുസ്തകരചനയിലേക്ക് കടന്നു. ലൌലി ഡാഫോഡില്‍‌സ് എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ആ പുസ്തകം എനിക്ക് ബാംഗ്ലൂരിലേക്ക് അയച്ചു തന്നിരുന്നു. പിന്നെ സ്വന്തമായി ഒരു പുസ്തകപ്രസാധനശാല തുടങ്ങി. സീയെല്ലെസ്സ് ബുക്‍സ് എന്ന പേരില്‍.  സീയെല്ലെസ്സ് ബുക്‍സ് എന്ന ബ്ലോഗില്‍ ഇരുപതില്‍ അധികം ബ്ലോഗര്‍മാര്‍ അംഗങ്ങളാണ്. ബിനു ദേവസ്യയുടെ “സ്വപ്നങ്ങളിലേക്കുള്ള വഴികള്‍” എന്ന കവിത പുസ്തകമായി സീയെല്ലെസ്സ് പ്രസിദ്ധീകരിച്ചത് സൌജന്യമായിട്ടായിരുന്നു.  ഇപ്പോള്‍ സീയെല്ലെസ്സ് രണ്ട് പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിക്കുന്നു. ഈ വരുന്ന ആഗസ്റ്റ് 28നാണ് പ്രകാശനം ചെയ്യാമെന്ന് തീരുമാനിച്ചിട്ടുള്ളത്. വിശദവിവരം അപ്‌ഡേറ്റ് ചെയ്യാം.  തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ വെച്ചാണ് ചടങ്ങ് നടക്കുക.  അന്നേ ദിവസം ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മ കൂടി അവിടെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  ഇന്റര്‍നെറ്റ് മീറ്റ് എന്ന് പറയുമ്പോള്‍  അതില്‍ ബ്ലോഗേര്‍സ്, ബ്ലോഗ് റീഡേഴ്സ്,  ഓര്‍ക്കുട്ടേര്‍സ്,  മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇടപെടുന്നവര്‍, കൂട്ടം എന്ന മലയാളം കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍, ഇന്റര്‍നെറ്റ് എന്ന അത്ഭുതലോകത്തെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍ അങ്ങനെ എല്ലാവര്‍ക്കും പങ്കെടുക്കാം.  അതിരുകളില്ലാത വിവരവിനിമയവും സൌഹൃദവുമാണ് ഈ ഇന്റര്‍നെറ്റ് കൂട്ടായ്മ ഉന്നം വെക്കുന്നത്.

ചെറുപ്പത്തിലേ പിടികൂടുക എന്ന് പറയാറുണ്ടല്ലൊ.  ഇന്റര്‍നെറ്റിന്റെ സൃഷ്ടിപരവും, ആത്മസാക്ഷാല്‍ക്കാരത്തിന്റേതും, വിവരശേഖരണ-വിനിമയത്തിന്റെതുമായ  ലോകത്തേക്ക് കുട്ടികളെ ചെറുപ്പത്തില്‍ തന്നെ നയിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഈ സാങ്കേതികസാധ്യതകളെ വളരുന്ന തലമുറ പോസിറ്റീവായി പ്രയോജനപ്പെടുത്തുകയുള്ളൂ.  അല്ലെങ്കില്‍ നെറ്റിന്റെ നെഗറ്റീവ് ലോകത്തേക്ക് അവര്‍ ആനയിക്കപ്പെട്ടുപോകും.  ഇപ്പോള്‍ മിക്ക സ്കൂളുകളിലും  കമ്പ്യൂട്ടറുകള്‍ പ്രോജക്റ്ററുകള്‍ എല്ലാം ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് അവയൊക്കെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം പല മാഷ്മ്മാര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.  എല്ലാ സ്കൂളുകളിലും ഓരോ ക്ലാസിനും ബ്ലോഗ് തുടങ്ങുകയാണ് അതിന് പ്രതിവിധി.  ഓരോ ക്ലാസിനും ഓരോ ബ്ലോഗ്. ആ ബ്ലോഗിന് ക്ലാസില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അഡ്‌മിനുകള്‍.  അങ്ങനെയുള്ള ഒരു സംരഭത്തിന് അന്നേ ദിവസം മൂത്തേടത്ത് ഹൈസ്കൂളിന് ബ്ലോഗ് തുടങ്ങിക്കൊണ്ട് ആരംഭം കുറിക്കാനും ഉദ്ദേശിക്കുന്നു.  ഇതിനൊന്നും ആധികാരികമായ സമിതി ഒന്നുമില്ല. ആര്‍ക്കും സഹകരിക്കാമെന്ന് മാത്രം. തല്‍ക്കാലം ഈ പരിപാടി കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കാന്‍ വേണ്ടി സഹകരിക്കുന്നവരെ ഏകോപിപ്പിക്കാനാണ് എന്റെ ശ്രമം. ഇതിനകം ചില സ്കൂളുകളില്‍ സ്കൂളിന്റെ പേരില്‍ ബ്ലോഗ് തുടങ്ങിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. അത് പോര. ഇഷ്ടം പോലെ സ്പെയിസ് ഇന്റര്‍നെറ്റില്‍ ഉണ്ടല്ലൊ.

വിവരസാങ്കേതികവിദ്യ നമ്മള്‍ നോക്കിനില്‍ക്കെ ഓരോ സെക്കന്റിലും പുതിയ പുതിയ രൂപഭാവങ്ങളോടെ വികാസം പ്രാപിച്ച് പരിണമിക്കുന്നതാണ് നമ്മള്‍ കാണുന്നത്. ഇതിന്റെ സാധ്യതകള്‍ വളരെ കുറച്ച് മാത്രമേ നമ്മള്‍ പ്രയോജനപ്പെടുത്തുന്നുള്ളൂ.  എന്തൊക്കെ ചെയ്യാന്‍ പറ്റും.  സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലതും ചെയ്യാന്‍ പറ്റും. നമ്മളൊക്കെ ഒരു കയ്യെഴുത്ത് മാസിക തുടങ്ങാന്‍ പെട്ട പാട് എത്രയാണ്? കുട്ടികളുടെ ഇന്നത്തെ സൃഷ്ടികള്‍, ഗ്രൂപ്പ് ഫോട്ടോകള്‍, ക്ലാസിലെ അനുഭവങ്ങള്‍ അങ്ങനെ കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും ഒക്കെ ബ്ലോഗില്‍  ടെക്സ്റ്റായി എഴുതുകയും  ഫോട്ടോകളായും വീഡിയോകളായും അപ്‌ലോഡ് ചെയ്യാമല്ലൊ. പിന്നെ അവര്‍ ലോകത്ത് എവിടെ പോയാലും അതൊക്കെ പിന്നെയും പിന്നെയും കാണാമല്ലൊ. ഇന്റര്‍നെറ്റ് ഇന്നത്തെ തലമുറയ്ക്ക് ലഭിച്ച അപൂര്‍വ്വമായ വരമാണ്. അത് നമ്മുടെ സന്തോഷത്തിനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും നന്മകള്‍ പ്രചരിപ്പിക്കാനും വേണ്ടി ഉപയോഗപ്പെടുത്തണം.  ലോകം ഒരു വിരല്‍ത്തുമ്പില്‍ എന്ന വാക്ക് ഇന്നൊരു ക്ലീഷേ ആയല്ലൊ.

ഇന്ന് വീട്ടില്‍ നെറ്റ് കണക്‍ഷന്‍ എടുക്കാന്‍ ചില രക്ഷിതാക്കളെങ്കിലും  ഭയപ്പെടുന്നുണ്ട്. തെറ്റായ രീതിയില്‍ നെറ്റ് എത്രയോ കുട്ടികള്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്.  നമ്മള്‍ കുട്ടികള്‍ക്ക് നല്ല വഴി കാട്ടിക്കൊടുക്കുകയാണ് വേണ്ടത്. ശരിയായ ട്രാക്കില്‍ നടക്കാന്‍ കുട്ടികളെ പരിശീലിപ്പിച്ചാല്‍ പിന്നെ അവര്‍ വഴി തെറ്റുകയേയില്ല.  എലിയെ പേടിച്ച് ഇല്ലം ചുടുന്ന പോലെ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കുട്ടികള്‍ക്ക് നിഷേധിക്കുകയല്ല വേണ്ടത്.  നല്ല രീതിയില്‍ വിജ്ഞാനത്തിനും വിനോദത്തിനും നെറ്റ് ഉപയോഗിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ക്ലാസിലെ ബ്ലോഗ് കുട്ടികള്‍ അദ്ധ്യാപകരെയും  രക്ഷിതാക്കളെയും എല്ലാം കാണിക്കട്ടെ.  ഒരു സമാന്തരമാധ്യമമായും നെറ്റ് അനുക്രമം വളരുകയാണ്. അവനവന്‍ പ്രസാധനത്തിന്റെ അനന്തസാധ്യതകള്‍ കുട്ടികള്‍ ക്ലാസ്സ് മുറികളില്‍ നിന്ന് ശീലിച്ച് നല്ല പൌരന്മാരായി വളരട്ടെ.

ലീല ടീച്ചര്‍ ഒരു ബ്ലോഗറും കൂടിയാണ്.  പ്രൊഫൈല്‍ ഇവിടെ . അത്കൊണ്ട് 28.8.10 ശനിയാഴ്ച  എത്തിപ്പെടാന്‍ സാധിക്കുന്ന ബ്ലോഗര്‍മാരും അന്ന് തളിപ്പറമ്പില്‍ എത്തിച്ചേരുക.  വിശദമായി വീണ്ടും എഴുതാം.

സസ്നേഹം,
കെ.പി.എസ്.

15 comments:

Kalavallabhan said...

ഞാൻ നേരത്തെ ലീല എം ചന്ദ്രന്റെ ബ്ളോഗ് വിസിറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഈ പരിചയപ്പെടുത്തലുകൾ നല്ലതാണു.

vijayakumarblathur said...

സ്കൂളുകളിൽ ബ്ലോഗ് തുടങ്ങുന്നതും,മറ്റുമുള്ള കാര്യങ്ങൾ ഒരു പ്രോഗ്രാം ആക്കി കൊണ്ടുവന്നാൽ 28 ൻ അവതരിപ്പിക്കാമല്ലോ...സാധ്യതകളും..അതിന്റെ പ്രശ്നങ്ങളും..ഒക്കെ 28 ൻ നേരിൽ കാണാം

ഏറുമാടം മാസിക said...

എല്ലാ ആശംസകളും....
nazar koodali

ആളവന്‍താന്‍ said...

ആഹാ... അതൊരു നല്ല ചിന്തയാണല്ലോ മാഷേ. നടക്കട്ടെ... നന്നായി നടക്കട്ടെ. എല്ലാ ആശംസകളും.

mini//മിനി said...

വളരെ നന്നായിരിക്കുന്നു, വരാം.

എസ് കെ ജയദേവന്‍ said...

ആശംസകള്‍ നേരുന്നു....

Prasanna Raghavan said...

ok maashe, i am with you. being a teacher i appreciate any educational endevour.

ഏറനാടന്‍ said...

എല്ലാ വിധ ആശംസകളും അറബിക്കടലിന്‍ അക്കരെ നിന്നും നേരുന്നു.

സസ്നേഹം,

ഏറനാടന്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോൾ എല്ലാ പുത്തൻ കൂട്ടായ്മകളും കണ്ണൂരിലാണല്ലോ...അല്ലേ ഭായ്

comiccola / കോമിക്കോള said...

എല്ലാ ആശംസകളും....

പരമാര്‍ഥങ്ങള്‍ said...

ഇത് നല്ലതുതന്നെ. കാണാം.

കനല്‍ said...

ആശംസകള്‍!

Mohamedkutty മുഹമ്മദുകുട്ടി said...

ഇന്ന് വീട്ടില്‍ നെറ്റ് കണക്‍ഷന്‍ എടുക്കാന്‍ ചില രക്ഷിതാക്കളെങ്കിലും ഭയപ്പെടുന്നുണ്ട്. തെറ്റായ രീതിയില്‍ നെറ്റ് എത്രയോ കുട്ടികള്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്. നമ്മള്‍ കുട്ടികള്‍ക്ക് നല്ല വഴി കാട്ടിക്കൊടുക്കുകയാണ് വേണ്ടത്. ശരിയായ ട്രാക്കില്‍ നടക്കാന്‍ കുട്ടികളെ പരിശീലിപ്പിച്ചാല്‍ പിന്നെ അവര്‍ വഴി തെറ്റുകയേയില്ല. എലിയെ പേടിച്ച് ഇല്ലം ചുടുന്ന പോലെ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കുട്ടികള്‍ക്ക് നിഷേധിക്കുകയല്ല വേണ്ടത്. നല്ല രീതിയില്‍ വിജ്ഞാനത്തിനും വിനോദത്തിനും നെറ്റ് ഉപയോഗിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ക്ലാസിലെ ബ്ലോഗ് കുട്ടികള്‍ അദ്ധ്യാപകരെയും രക്ഷിതാക്കളെയും എല്ലാം കാണിക്കട്ടെ. .....
പല രക്ഷിതാക്കളും ഇക്കാര്യത്തില്‍ അശ്രദ്ധരായി കാണുന്നു. വീട്ടില്‍ പൊതുവായി കാണുന്ന സ്ഥലത്ത് കമ്പ്യൂട്ടര്‍ വെക്കാനും ശ്രദ്ധിക്കുന്നില്ല.മൊബൈല്‍ ഫോണിന്റെയും കാര്യം തഥൈവ.ഒരു പൊതു വിജ്ഞാനം ഇക്കാര്യത്തില്‍ എല്ലാ വീട്ടിലും ഉണ്ടായേ തീരൂ.രക്ഷിതാക്കളിലും computer awareness വേണം.

ശ്രീജിത് കൊണ്ടോട്ടി. said...

ഈ ഇന്റര്‍നെറ്റ് കൂട്ടായ്മക്ക് എല്ലാ ആശംസകളും, ഇതുപോലുള്ള നല്ല കൂട്ടായ്മകള്‍ എല്ലായിടത്തും വ്യാപിക്കെന്ടതായുണ്ട്‌, ഈ അബുദാബിയില്‍ ഇത്തരത്തില്‍ ഉള്ള ബ്ലോഗ്‌ സൌഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ ബ്ലോഗ്ഗര്‍മാര്‍ മുന്‍കൈയെടുക്കണം...

ഫസല്‍ ബിനാലി.. said...

എല്ലാ ഭാവുകങ്ങളും നേരുന്നു, പുസ്തക പ്രകാശനവും താത്പര്യത്തോടെ കാത്തിരിക്കുന്നു, ഞങ്ങള്‍ കുറച്ചു പേരുടെ കഥയും കവിതയും അതിലുണ്ട്. ലീവ് കിട്ടാത്തതിനാല്‍ വരാനാവില്ലല്ലോ എന്ന വേദനയും...