സി.പി.(ഐ)എം. ; രാഷ്ട്രീയകൊള്ളക്കാരുടെ പിടിയില്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)യുടെ ഇന്നത്തെ അവസ്ഥ എന്താണ്? അതിന്റെ ലക്ഷക്കണക്കിന് അണികള്‍ക്കും അതിനെ ന്യായീകരിക്കുന്ന ബ്ലോഗിലടക്കമുള്ള ബുദ്ധുജീവികള്‍ക്കും ലവലേശം സംശയമില്ല. ഇന്ത്യയിലെ മഹത്തായ ഇടത്പക്ഷം! മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് പറയുന്ന ഈ ഇടത്പക്ഷം ഇന്ത്യയില്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ രാജ്യം അമേരിക്കയ്ക്ക് പണയം വെച്ച് കുട്ടിച്ചോറാകുമെന്ന് ഈ ബുദ്ധിജീവികള്‍ പറയുന്നു. മാത്രമല്ല സി.പി.എമ്മിനെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം രാപ്പകല്‍ ഗൂഢാലോചന മെനയുന്നു എന്നും ഇക്കൂട്ടര്‍ മുറവിളി കൂട്ടുന്നു. ജബ്ബാര്‍ മാഷിന്റെ ഒരു കമന്റ് വായിക്കാനിടയായി. തൃശൂര്‍ പൂരത്തിന് ആന വെയില് കൊണ്ട് വിരണ്ടാല്‍ അതും അമേരിക്കന്‍ സാമ്രാജ്യത്വം ചെയ്തതാണെന്ന് പ്രചരിപ്പിക്കുന്ന കുറെ ബുദ്ധിജീവികളുണ്ട് ഇവിടെ. അവരാണ് ഈ നാടിന്റെ ശാപം. ജബ്ബാര്‍ മാഷ് ഇങ്ങനെയാണ് പറഞ്ഞതെങ്കില്‍ നമ്മുടെ എം.കെ.ഹരികുമാര്‍ പറഞ്ഞത് ശ്രദ്ധിക്കുക:  “ബുദ്ധിജീവികളുടെ ചര്‍ച്ചയാണ് ഇന്ന് പരിസരമലിനീകരണമുണ്ടാക്കുന്ന പ്രധാനവസ്തു. വ്യക്തിജീവിതത്തില്‍ പാലിക്കാത്ത ആശയങ്ങള്‍, ചിന്തകള്‍ എന്നിവ ദിവസം മുഴുവന്‍ പുറത്തേക്ക് തള്ളിക്കൊണ്ടിരിക്കുന്ന ഫാക്ടറിയാണ് ബുദ്ധിജീവി.”

ഇടത് ബുദ്ധിജീവികളുടെ എഴുത്തും ചര്‍ച്ചകളും ശ്രദ്ധിച്ചാല്‍ നമുക്ക് ബോധ്യമാവും അതൊന്നും ജീവിതയാഥാര്‍ഥ്യങ്ങളുമായി യാതൊരു തരത്തിലും ബന്ധമുള്ളതല്ല.  പണ്ടൊക്കെ ഒരു ധാരണ ഉണ്ടായിരുന്നു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികന്‍ ആയാലേ പുരോഗമനക്കാരനും മനുഷ്യസ്നേഹിയും ബുദ്ധിജീവിയും കലാകാരനും ഒക്കെയാവൂ എന്ന്.  അങ്ങനെയാണ് ഏതെങ്കിലും വിധത്തില്‍ സര്‍ഗ്ഗവാസനയുള്ളവരൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിന്നില്‍ അണിനിരന്നത്.  കെ.പി.ഏ.സി.യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം കളിക്കാത്ത ഒരു പ്രദേശവും കേരളത്തിലില്ല. ആ നാടകവും മറ്റനേകം കലാകാരന്മാരുടെ പ്രചരണവും ഒക്കെ കൊണ്ടാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വേരുറച്ചത്.  കലാകാരന്മാര്‍, കവികള്‍, സാഹിത്യകാരന്മാര്‍ (അന്നൊന്നും സാംസ്ക്കാരികനായകര്‍ എന്ന വര്‍ഗ്ഗം ഉടലെടുത്തിരുന്നില്ല) തുടങ്ങിയ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം അണി ചേര്‍ന്നപ്പോള്‍ സാമാന്യജനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതാകാവാഹകരായി. അത്മാര്‍ത്ഥതയുള്ള നേതാക്കളും പ്രവര്‍ത്തകരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനപ്രിയതയ്ക്ക് ഹേതുവായി.

എന്നാല്‍ ഇന്നോ?  ഇന്ന് ഇവിടെ കമ്മ്യൂനിസ്റ്റ് പാര്‍ട്ടി, ഇടത്പക്ഷം എന്നൊക്കെ പറഞ്ഞാല്‍ അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെന്നാണ് വയ്പ്പ്. ആ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ന്യായീകരിക്കാ‍നും വെള്ള പൂശാനും പ്രതിരോധിക്കാനും ബ്ലോഗിലായാലും എവിടെയായാലും ബുദ്ധിജീവികള്‍ തയ്യാറാവുന്നുണ്ടെങ്കില്‍ നമുക്ക് നിസ്സംശയം പറയാം ആ ബുദ്ധിജീവികള്‍ മന:സാക്ഷിയില്ലാത്തവരും ധാര്‍മ്മികത തൊട്ട് തീണ്ടിയില്ലാത്തവരുമാണ്. കാരണം മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്ന് ഒരു പിടി രാഷ്ട്രീയകൊള്ളക്കാരുടെ പാര്‍ട്ടിയായി മാറിയിരിക്കുന്നു. ഇത് ഞാന്‍ പറയുന്നതല്ല. ഒരു കാലത്ത് പാര്‍ലമെന്റിലെ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്ന സോമനാഥ ചാറ്റര്‍ജി പറയുന്നതാണ്.  ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറയുന്നു,  പെറ്റി ബൂര്‍ഷ്വകളാല്‍ നയിക്കപ്പെടുന്ന റീയല്‍ എസ്റ്റേറ്റ് പാര്‍ട്ടിയാണിന്ന് സി.പി.എം. എന്ന്.  പത്രം വായിക്കുന്നവര്‍ക്ക് അറിയാം, എവിടെ അനധികൃതമായ ഭൂമികൈയ്യേറ്റവും  നിയമവിരുദ്ധമായ ഇടപാടുകളും ഉണ്ടോ അവിടെയൊക്കെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റീയല്‍ എസ്റ്റേറ്റ്- മൂലധന മാഫിയകള്‍ക്ക് ഒത്താശ ചെയ്തുകൊണ്ട് മാര്‍ക്സിസ്റ്റ് നേതാക്കള്‍ കേരളത്തെ കൊള്ളയടിക്കുന്ന കാഴ്ചയാണ് ഈ അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് കാണാന്‍ കഴിയുന്നത്. എന്നിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പാവങ്ങളുടെ പാര്‍ട്ടിയാണെന്നും ഇടത് പുരോഗമനമാണെന്നും പറയുന്ന ബുദ്ധിജീവിയുടെ തലച്ചോറ് എവിടെ ആര് പരിശോധിക്കും?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഈ മാഫിയാവല്‍ക്കരണം  പെട്ടെന്ന് തുടങ്ങിയതല്ല. അത് പണ്ടേ അങ്ങനെ തന്നെയാണ്. നാട്ടിലെ മുഴുവന്‍ പേരും ചേര്‍ന്ന് പടുത്തുയര്‍ത്തിക്കൊണ്ട് വന്ന വായനശാലകള്‍ , സാംസ്ക്കാരിക കേന്ദ്രങ്ങള്‍ , സഹകരണ സംഘങ്ങള്‍ എന്നിവയൊക്കെ കയ്യൂക്ക് കൊണ്ട് പിടിച്ചെടുത്താണ് തുടക്കം. പിന്നെ അധികാരത്തിന്റെ ബലവുമായി. സാഹിത്യപ്രവര്‍ത്തകസഹകരണ സംഘമൊക്കെ പിടിച്ചെടുത്തത് അധികാരബലത്തിന്റെ ഉദാഹരണം. ഈ വെട്ടിപ്പിടിക്കലിന്റെ പുത്തന്‍ പതിപ്പാണ് ചാ‍രിറ്റബിള്‍ സൊസൈറ്റികള്‍ക്ക് രൂപം നല്‍കിക്കൊണ്ടുള്ള ഏര്‍പ്പാട്. സി.പി.എം.നേതാവുണ്ട് എന്നറിഞ്ഞാല്‍ അത് പാര്‍ട്ടിസ്വത്ത് ആണെന്നാണ് അണികള്‍ കരുതുന്നത്. പാര്‍ട്ടിയുടേതാകണമെങ്കില്‍ പാര്‍ട്ടിയുടെ വകയോ പാര്‍ട്ടി ഭാരവാഹികളുടെ പേരിലോ ആകണ്ടേ. വ്യക്തികള്‍ ചേര്‍ന്നാണ് ചാരിറ്റബിള്‍ സൊസൈറ്റികള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. അതിലെ അംഗങ്ങള്‍ മാര്‍ക്സിസ്റ്റ് നേതാക്കളും സ്ഥലത്തെ വ്യവസായിയും ചേര്‍ന്നായിരിക്കും. ആരൊക്കെയാണ് ഇത്തരം സൊസൈറ്റികളിലെ അംഗങ്ങള്‍ എന്ന് പരസ്യപ്പെടുത്താറില്ല. നേതാവിനെ ഭയപ്പെടുക എന്നതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ശൈലി. അത്കൊണ്ട് അണികള്‍ ചോദിക്കുകയുമില്ല. വ്യവസായികള്‍ കൂട്ടിനില്ലാത്ത ഒരു ഇടപാടും ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കില്ല. സംരഭങ്ങള്‍ക്ക് പെട്ടെന്ന് മൂലധനം വേണ്ടേ? കണ്ടില്ലേ, പാപ്പിനിശ്ശേരി കണ്ടല്‍ പാര്‍ക്കിന് പെട്ടെന്ന് രണ്ട് കോടി മുതലിറക്കിയത്.

കേരളത്തിലെ സര്‍ക്കാര്‍ മാഫിയകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പണക്കാര്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരിക്കുന്നു.  ആ വിമര്‍ശനത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേസ് കൊടുക്കുമായിരിക്കും. പക്ഷെ കോടതി പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് മലയാളികള്‍ക്കെല്ലാം അറിയാം. സംസ്ഥാനത്ത് ക്രമസമാധാനം തകരാറിലാണെന്ന് അന്ന് കോടതി നിരീക്ഷിച്ചതും  അന്നത്തെ അവസ്ഥയുടെ പ്രതിഫലനമായിരുന്നു. സര്‍ക്കാരിനെ ആരോ പിന്നില്‍ നിന്ന് നിയന്ത്രിക്കുന്നുണ്ടെന്ന് സംശയം തോന്നാമെന്നും കോടതി പറഞ്ഞിട്ടുണ്ട്.  സംശയമല്ല , ഒരു അദൃശ്യഹസ്തം സര്‍ക്കാരിനെ നിയന്ത്രിക്കുന്നുണ്ടെന്ന് പേരെടുത്ത് പറയാതെ തന്നെ അന്നം തിന്നുന്ന എല്ലാ മലയാളികള്‍ക്കുമറിയാം. സാമര്‍ത്ഥ്യം പോലെ എന്തോ ആയിക്കോട്ടെ,  പക്ഷെ എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക്, എലിക്കാഷ്ടം ഉണങ്ങുന്നത് എന്തിനെന്ന പോലെ ഉളുപ്പില്ലാ‍ത്ത ഈ ബുദ്ധിജീവിക്കൂട്ടം നിയന്ത്രണാധികാരമുള്ള ആ നേതാവിനെ താങ്ങുന്നതിന് എന്താണ് പേര് പറയുക?  ഈ ബുദ്ധിജീവികള്‍ പെരുമയോടെ പറയുന്ന ഇടത്പക്ഷത്തിന്റെ മൂല്യം  ആ നേതാവിന്റെയും സില്‍ബന്ധികളുടെയും ദുര നിമിത്തം പാതാളത്തോളം താഴുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇവനൊക്കെ എന്ത് ബുദ്ധിജീവിയാ?  ഭാഷയിലെ വാക്കുകള്‍ എടുത്ത് അമ്മാനമാടാനുള്ള കഴിവ് ആര്‍ജ്ജിച്ചാല്‍ ബുദ്ധിജീവിയാവില്ല, രാഷ്ട്രീയകൊള്ളക്കാരുടെ മൂട്താങ്ങികള്‍ ആവാനേ കഴിയൂ എന്ന് സമകാല ചര്‍ച്ചകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

ഈ ആഴ്ചയിലെ മലയാളം വാരികയില്‍ “ കണ്ടല്‍ വിപ്ലവം തലശ്ശേരി മുതല്‍ പാപ്പിനിശ്ശേരി വരെ ” എന്നൊരു ലേഖനമുണ്ട്.  താല്പര്യമുള്ളവര്‍ക്ക് വായിക്കാന്‍ ഞാന്‍ * ഗൂഗിള്‍ ഡോക്സില്‍  സേവ് ചെയ്തിട്ടുണ്ട്. പാപ്പിനിശ്ശേരിയിലെ കണ്ടല്‍ പാര്‍ക്കിനെ പറ്റി ഇതിനകം എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. ആ പാര്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം റജിസ്റ്റര്‍ ചെയ്തതാണ്. 42 ഓഹരിയുടമകള്‍ ഉണ്ടെന്നും അഞ്ച് കോടിയുടെ പ്രൊജക്റ്റ് ആണെന്നും ഇതിനകം രണ്ട് കോടി മുതലിറക്കി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയെന്നും പത്രസമ്മേളനം വിളിച്ച് മാലോകരെ അറിയിച്ചത് സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ട് ആയിരുന്നു. ഇപ്പോള്‍ ആ സൊസൈറ്റിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ പബ്ലിക്ക് ആയിരിക്കുന്നു.(വിവരാവകാശനിയമപ്രകാരം ആര്‍ക്കും ലഭിക്കാവുന്നതേയുള്ളൂ) സൊസൈറ്റിയുടെ അഡ്വൈസര്‍ സഖാവ് ഇ.പി.ജയരാജന്‍ ആണ് പോലും!  അപ്പോള്‍ ജില്ലാ സെക്രട്ടരി പാര്‍ക്കിന് വേണ്ടി രംഗത്ത് വന്നതും  അവിടെ പാര്‍ക്കേ ഇല്ല, കണ്ടല്‍ ചെടി നട്ടു വളര്‍ത്തുകയാണെന്നും കാണാന്‍ വരുന്നവരില്‍ നിന്ന് പത്ത് രൂപ സംഭാവന പിരിക്കുന്നതേയുള്ളൂവെന്നും ഭണ്ഡാരം വെച്ചാല്‍ ഇതിലും കൂടുതല്‍ കിട്ടുമായിരുന്നു എന്നും മറ്റും പറഞ്ഞ് മലക്കം മറിഞ്ഞതിന്റെ പൊരുള്‍ പിടി കിട്ടിയല്ലൊ. എന്നാലും ഈ മാധ്യമസിണ്ടിക്കേറ്റിന്റെ ഒരു കാര്യം, രാഷ്ട്രീയക്കാര്‍ എന്ത് നട്ടാല്‍ കുരുക്കാത്ത നുണകള്‍ മൊഴിഞ്ഞാലും  ഉളുപ്പില്ലാതെ ലോകവാര്‍ത്തയാക്കിക്കളയും.

പാപ്പിനിശ്ശേരി കണ്ടല്പാര്‍ക്കിനെ ന്യായീകരിച്ച് പാര്‍ട്ടി വാറോലയില്‍ അച്ചടിമഷി പുരണ്ട ഒരു ലേഖനം ഒരു പാര്‍ട്ടി ബ്ലോഗിലും വായിക്കാനിടയായി. അവിടെ ഒരു ബുദ്ധിജീവിയുടെ കമന്റ് ഭേഷായിരുന്നു. ഞാന്‍ പാപ്പിനിശ്ശേരിയില്‍ പോയത് പാര്‍ക്ക് കാണാന്‍ മാത്രമല്ല പാര്‍ക്കിനെ പറ്റി നാട്ടുകാരുടെ അഭിപ്രായം അറിയാന്‍ കൂടിയായിരുന്നു. പാര്‍ക്ക് വന്നതില്‍ പിന്നെ അവിടെ ഉണ്ടായ ഗുണപരമായ മാറ്റങ്ങളെ കുറിച്ച് നാട്ടുകാര്‍ വാചാലരായി എന്നാണ് ആ കമന്റര്‍ സാഷ്യപ്പെടുത്തിയത്. അതാണ് ബുദ്ധിജീവിലക്ഷണം. എന്തൊക്കെയാണ് അവിടെ സംഭവിച്ച ഗുണപരമായ മാറ്റങ്ങള്‍ എന്ന് മേലെയുള്ള *ലിങ്കില്‍ ക്ലിക്കിയോ , ജൂലായ് 30 ന്റെ മലയാളം വാരിക വാങ്ങിയോ മന:സാക്ഷി ഇനിയും മരവിച്ചിട്ടില്ലാത്തവര്‍ വായിക്കട്ടെ....

( ഈ ലേഖനം കെ.പി.സുകുമാരന്‍ എന്ന ഞാന്‍  ക്രിയേറ്റീവ് കോമണ്‍സ്  ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തുന്നതാണ്)